കുടിക്കാന്‍ വെള്ളമില്ലാത്തവര്‍ക്ക് മുന്നില്‍ കൈ സോപ്പിട്ട് കഴുകണമെന്ന് പറയേണ്ടി വരുന്ന അവസ്ഥ...

ജീവിതത്തിനും മരണത്തിനുമിടയിലെ ഒരു കാലഘട്ടത്തിന്റെ ഇരുണ്ട ശ്വാസം സ്പന്ദിപ്പിക്കുന്ന വന്‍കരകളില്‍ നിന്നുള്ള വാര്‍ത്തകള്‍
അമേരിക്കയിലെ ഫ്ലോറിഡയിൽ കോവിഡ് രോ​ഗത്തേയും പ്രതിരോധത്തേയും ഓർമിപ്പിക്കാൻ വൈക്കോൽ കൂന ഉപയോ​ഗിച്ചിരിക്കുന്നു
അമേരിക്കയിലെ ഫ്ലോറിഡയിൽ കോവിഡ് രോ​ഗത്തേയും പ്രതിരോധത്തേയും ഓർമിപ്പിക്കാൻ വൈക്കോൽ കൂന ഉപയോ​ഗിച്ചിരിക്കുന്നു

കൊറോണ വൈറസ് വ്യാപനത്തെ നേരിടാനുള്ള നിയന്ത്രണനടപടികളിലാണ് ലോകരാജ്യങ്ങളെങ്ങും. ലോകത്തെ മൂന്നിലൊന്ന് ജനതയ്ക്ക് ഇപ്പോഴും സഞ്ചാരനിയന്ത്രണങ്ങളുണ്ട്. എഴുപതോളം രാജ്യങ്ങളിലായി 300 കോടിയിലധികം ജനങ്ങളോടാണ് വീടുകളില്‍ തുടരാന്‍ ഭരണകൂടങ്ങള്‍ ആവശ്യപ്പെട്ടത്. 134 കോടി ജനസംഖ്യയുള്ള ഇന്ത്യയടക്കം 21 ദിവസത്തേക്ക് അടിയന്തര പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കിക്കഴിഞ്ഞു. മൂന്നുമാസത്തെ നിയന്ത്രണങ്ങള്‍ ചൈന നീക്കിയെങ്കിലും വുഹാന്‍ ഇനിയും പൂര്‍ണമായും സ്വതന്ത്രമായിട്ടില്ല. 1.1 കോടി ജനങ്ങള്‍ താമസിക്കുന്ന വുഹാനൊപ്പം 15 നഗരങ്ങളെ ചൈന പൂര്‍ണമായും ഒറ്റപ്പെടുത്തിയിരുന്നു. യൂറോപ്പിനു ശേഷം അമേരിക്കയായി കൊറോണയുടെ അടുത്ത ഹോട്ട്സ്പോട്ട്. ചൈനയിലുള്ളതിനേക്കാള്‍ 55 മടങ്ങ് കൂടുതലായിരുന്നു യു.എസിലെ മരണനിരക്ക്. ആറരക്കോടി ജനസംഖ്യയുള്ള ഫ്രാന്‍സും ഇറ്റലിയും തുടങ്ങി 48 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലന്‍ഡ് വരെ നിയന്ത്രണങ്ങളിലാണ്. നിയന്ത്രണലംഘനത്തിന് ഏഴുവര്‍ഷം വരെ തടവുശിക്ഷയാണ് റഷ്യ നല്‍കുന്നത്. മൂന്നാഴ്ചത്തേക്കാണ് പോളണ്ടും ബ്രിട്ടനും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. എന്താണ് അടച്ചിടലിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍? 

ലോകരാജ്യങ്ങള്‍ അടച്ചിടുമ്പോള്‍ ആരോഗ്യപ്രതിസന്ധിക്കൊപ്പം സാമ്പത്തികദുരന്തം കൂടി നേരിടേണ്ടി വരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ ഈ കാലത്തും പറയേണ്ട ചില സാമ്പത്തികകാര്യങ്ങളും. പ്രവചാനാതീതമായ ഒരു മാന്ദ്യത്തിലേക്ക് ലോകം കടന്നെന്ന് വ്യക്തമാക്കുന്ന അന്തരാഷ്ട്ര നാണയനിധി അത് മറികടക്കാന്‍ പദ്ധതി തയ്യാറാക്കിയെന്ന് പറയുന്നുണ്ട്. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുമില്ല. തുടക്കത്തില്‍, പല രാജ്യങ്ങളും ജനങ്ങളുടെ സഞ്ചാരനിയന്ത്രണത്തില്‍ വിട്ടുവീഴ്ചകള്‍ കാട്ടിയിരുന്നു. യൂറോപ്പിലാകമാനം രോഗബാധ വ്യാപകമാകാന്‍ കാരണം ആവശ്യമായ കരുതലും ജാഗ്രതയും ഇല്ലാത്തതായിരുന്നു. ലോക്ക്ഡൗണ്‍ എന്ന അവസാന ആയുധം സാമ്പത്തികമായും രാഷ്ട്രീയമായും വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നതിനാല്‍ മിക്കരാജ്യങ്ങളും പ്രഖ്യാപിക്കാന്‍ മടി കാണിച്ചു. എന്നാല്‍,  മറ്റു ഗതിയില്ലാതെ ഓരോ രാജ്യങ്ങളായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് നിര്‍ബ്ബന്ധിതമായി തീര്‍ത്ത മതിലുകള്‍ക്കകത്താണ് മിക്ക രാജ്യങ്ങളും. ആദ്യ നാളുകളില്‍ ഈ തന്ത്രം പയറ്റിയ ചൈനയുടെ മാതൃകയാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ചത്. മിക്ക സമൂഹങ്ങളും ഒറ്റപ്പെട്ടു. നഗരങ്ങളെല്ലാം വിജനമായി. കൊറോണയ്ക്കു മുന്‍പും ശേഷവും എന്ന രീതിയില്‍ ജീവിതം നിര്‍ണയിക്കപ്പെട്ടു. നഷ്ടം കണക്കുകൂട്ടാനാകില്ല, ഊഹക്കണക്കുകള്‍ മാത്രമാണ്.

സിയാറ്റിലിൽ സൈന്യം താത്കാലികമായി സജ്ജീകരിച്ച കോവിഡ് ആശുപത്രി
സിയാറ്റിലിൽ സൈന്യം താത്കാലികമായി സജ്ജീകരിച്ച കോവിഡ് ആശുപത്രി

യു.എസ് അധീശത്വം വീഴുമ്പോള്‍

കൊറോണയും ട്രംപുമാണ് യു.എസ് നേരിടുന്ന വലിയ രണ്ടു പ്രതിസന്ധികള്‍. ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് അവകാശപ്പെടുന്ന യു.എസ് വൈറസ് ബാധയെ പ്രതിരോധിക്കാനാവാതെ അടിപതറുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. രണ്ടാംലോകയുദ്ധത്തിനു ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ പ്രതിസന്ധി നേരിടാന്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം ഘടനാപരമായി സജ്ജരല്ല. ഇച്ഛാശക്തിയുടെയും ബുദ്ധിയുടെയും അടിസ്ഥാന മത്സരക്ഷമതയുടെയും അഭാവം ട്രംപ് ഭരണകൂടത്തെ ഇന്നും വേട്ടയാടുന്നു. അസ്ഥിരതയും ആകുലതയും സംഘര്‍ഷങ്ങളും നിറഞ്ഞ നാളുകളാവും ഇനി വരാനിരിക്കുന്നതെന്ന ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറിസ് നല്‍കിയ മുന്നറിയിപ്പുകള്‍ ശരിവയ്ക്കുന്ന രീതിയിലേക്കാണ് ഇപ്പോഴത്തെ ലോക സമ്പദ്വ്യവസ്ഥയുടെ സഞ്ചാരം. സാമ്പത്തികവിദഗ്ദ്ധനായ പോള്‍ ക്രൂഗ്മാന്റെ വിലയിരുത്തല്‍ പ്രകാരം  വലിയൊരു സാമ്പത്തികമാന്ദ്യത്തിലേക്കാണ് നമ്മുടെ പോക്ക്. തിരിച്ചുവരവിന്റെ പ്രത്യാശ ഉടനെങ്ങും കാണുന്നതുമില്ല. 

വാണിജ്യയുദ്ധങ്ങള്‍ക്കും സ്വപക്ഷവാദങ്ങള്‍ക്കൊടുവില്‍ ഈ പടക്കപ്പല്‍ ഒരുഘട്ടത്തില്‍ മുങ്ങുമെന്ന അദ്ദേഹത്തിന്റെ താക്കീത് യു.എസ് പ്രസിഡന്റ് അങ്ങേയറ്റം പരിഹാസത്തോടെയാണ് തിരസ്‌കരിച്ചത്. എന്നാല്‍, ക്രൂഗ്മാനെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച നാശത്തിന്റെ പ്രവാചകന്‍ എന്ന പരിഹാസപദം അന്വര്‍ത്ഥമായത് യു.എസ് കൊറോണബാധിതമായപ്പോഴാണ്. പിടിപ്പുകേടും പുച്ഛവും തന്‍പ്രമാണിത്വവും കൊണ്ട് ട്രംപ് ഒരു വികസിത രാജ്യത്തെ മുഴുവന്‍ ആരോഗ്യ-സാമ്പത്തിക പ്രതിസന്ധിയിലാക്കുകയായിരുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗ ബാധിതരുള്ളത് അമേരിക്കയിലാണ്. ചൈനയേയും ഇറ്റലിയേയും മറികടന്നാണ് രോഗികളുടെ എണ്ണം അമേരിക്കയില്‍ കുതിച്ചുമുന്നേറിയത്. അമേരിക്കയില്‍ സ്ഥിതി ഗതികള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണ് ആരോഗ്യ രംഗത്തെ ചില സംഘടനകളും വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കുന്നത്. വൈറസ് വ്യാപനത്തിലെ നിരീക്ഷണത്തില്‍ തുടക്കത്തില്‍ വരുത്തിയ വീഴ്ചയ്ക്ക് കണക്കുപറയുകയാണ് ഇപ്പോള്‍ അമേരിക്കന്‍ ഭരണകൂടം. കാര്യങ്ങള്‍ നിയന്ത്രണാതീതമാകുന്നുവെന്ന തിരിച്ചറിവ് വന്നതോടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. 

മനുഷ്യജീവിതത്തിന്റെ കാര്യത്തില്‍ ഡോളര്‍ കണക്കില്ലെന്നാണ് ന്യൂയോര്‍ക്ക് മേയര്‍ ആന്‍ഡ്രൂ ക്യൂമോ പറഞ്ഞത്. എന്നാല്‍, രോഗബാധയുടെ സാമ്പത്തികാഘാതം വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞയാഴ്ച പുറത്തുവന്ന ചില കണക്കുകള്‍. തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സിനു വേണ്ടി 66 ലക്ഷം പേര്‍ അപേക്ഷ നല്‍കിയെന്നായിരുന്നു തൊഴില്‍വകുപ്പ് പുറത്തുവിട്ട രേഖ. 1982-ലുണ്ടായ മുന്‍ റെക്കോഡിനേക്കാള്‍ അഞ്ചുമടങ്ങ് കൂടുതലാണ് ഇത്. ഏറ്റവും കുറഞ്ഞത് ഒന്നരക്കോടിയിലധികം പേര്‍ക്ക് ഇതിനകം തൊഴില്‍ നഷ്ടമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 2008-ലെ സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളില്‍ 90 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. 1933-ലെ പ്രതിസന്ധിയില്‍ അമേരിക്കയിലെ 25 ശതമാനം പേര്‍ തൊഴില്‍ രഹിതരായിരുന്നു. അതിനേക്കാള്‍ മാരകമാകും ഇത്തവണത്തെ പ്രതിസന്ധി. 

ആരോഗ്യപ്രതിസന്ധിയുടെ തുടര്‍ച്ചയായി സാമ്പത്തികരംഗവും മാന്ദ്യത്തിലാകുമെന്നത് പ്രശ്‌നം ഗുരുതരമാക്കുമെന്ന് പറയുന്നു വിദഗ്ദ്ധര്‍. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ ഭയാനകമാകും അത്. നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ പ്രതിസന്ധികള്‍ എങ്ങനെയാവും ജനവിധിയെ സ്വാധീനിക്കുമെന്നതും നിര്‍ണായകമാണ്. ഇത്ര ഗുരുതരമായ വീഴ്ചയുണ്ടായിട്ടും അഭിപ്രായസര്‍വ്വേകളില്‍ ജനപ്രീതിയില്‍ ട്രംപിന് ഇടിവുണ്ടായിട്ടില്ലെന്നതാണ് വിരോധാഭാസം. ഗാലപ് സര്‍വേയില്‍ 60 ശതമാനം അമേരിക്കക്കാരും കൊറോണ വ്യാപനത്തെ നിയന്ത്രിക്കാന്‍ ട്രംപിന് കഴിയുമെന്ന് വിശ്വസിക്കുന്നു.

ആദ്യഘട്ടത്തിലെ അവഗണനയും എന്തും നേരിടുമെന്ന വിശ്വാസവുമാണ് യു.എസിന് തിരിച്ചടിയായത്. സ്വയം സൃഷ്ടിക്കാത്ത പ്രതിസന്ധിയായിരുന്നു ട്രംപിന് കൊറോണ ബാധ. ആദ്യഘട്ടത്തില്‍ തന്റെ ഭരണത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമായിട്ടാണ് അദ്ദേഹം ഇതിനെ കണ്ടത്. ഡെമോക്രാറ്റുകളുടെ വ്യാജപ്രചരണമാണ് വിദേശ വൈറസെന്നായിരുന്നു ആദ്യ പ്രതികരണങ്ങളൊന്ന്. സെനോഫോബിയ നിറഞ്ഞ നടപടികള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇതാദ്യമല്ല. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മാണത്തിന് അനുമതി കൊടുത്ത ട്രംപ് ചൈനയെ കുറ്റപ്പെടുത്താനാണ് സമയം കണ്ടെത്തിയത്. രോഗവ്യാപനത്തെ നിസാരമായി കണ്ടുവെന്നതാണ് ട്രംപിനെതിരേ ഇപ്പോള്‍ ഉയരുന്ന പ്രധാനവിമര്‍ശനങ്ങളിലൊന്ന്. രോഗബാധയുടെ വ്യാപനത്തിന്റെ തുടക്കം മുതല്‍ ചൈനയെ പഴിച്ച ട്രംപ് ഒടുവില്‍ നിലപാട് മാറ്റുകയും ചെയ്തു. 

പുതുവര്‍ഷത്തുടക്കത്തിലാണ് ചൈനയില്‍ കൊറോണ വ്യാപകമായത്. തുടക്കം മുതല്‍ അലസതയോടെയായിരുന്നു അമേരിക്കന്‍ ഭരണകൂടത്തിന്റെ നടപടികള്‍. പല മുന്നറിയിപ്പുകളും ട്രംപ് അവഗണിച്ചു. ജാഗ്രതയിലെ ഈ പിഴവ് ജനങ്ങളും ഏറ്റെടുത്തു. വുഹാനിലേക്ക് യാത്ര ചെയ്തയാള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത് 20 ദിവസങ്ങള്‍ക്ക് ശേഷം. ജനുവരി 30-ന് ലോകാരോഗ്യസംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമാണ് ചൈനയിലേക്കുള്ള യാത്ര പോലും ട്രംപ് ഭരണകൂടം നിയന്ത്രിച്ചത്. അപ്പോഴേക്കും ലോകത്താകമാനം 9,800 പേര്‍ രോഗബാധിതരായിക്കഴിഞ്ഞു. 213 പേര്‍ മരിക്കുകയും ചെയ്തു. ഫെബ്രുവരി 24-ന് 34 കേസുകളായതോടെ വൈറസിനെ നേരിടാന്‍ 125 കോടി ഡോളര്‍ അനുവദിക്കണമെന്ന് വൈറ്റ്ഹൗസ് കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടു. നാലു ദിവസത്തിനു ശേഷം ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പിന്നീടങ്ങോട്ട് രോഗബാധയും മരിക്കുന്നവരുടെ എണ്ണവും നിയന്ത്രണാതീതമായി. ഇതോടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ വരുത്താന്‍ ട്രംപ് തയ്യാറായത്. രണ്ടരലക്ഷം പേര്‍ വരെ അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിക്കുമെന്നാണ് ട്രംപിന്റെ തന്നെ പ്രഖ്യാപനം. 

മുന്‍ ലേബര്‍ സെക്രട്ടറിയും കാലിഫോര്‍ണിയ സര്‍വകലാശാല പ്രൊഫസറുമായ റോബര്‍ട്ട് റീക്ക് പറയുന്നത് അനുസരിച്ച് ഏറ്റവും ശേഷിയുള്ള പ്രസിഡന്റായിരുന്നാലും ഈ സംവിധാനം പാതി വഴിയില്‍ പരാജയപ്പെടുമെന്നാണ്. 2008-ലെ സാമ്പത്തികമാന്ദ്യം മുതല്‍ അമേരിക്കയിലെ ആരോഗ്യസംരക്ഷണം അടക്കമുള്ള മേഖലകളില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ക്ക് കഴിയുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതായത് അമേരിക്ക ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായുള്ള നയസമീപനങ്ങളുടെതാണെന്നാണ് അദ്ദേഹം പറയുന്നത്. ആരോഗ്യമെന്നത് സ്വകാര്യമേഖല ലാഭത്തിനുവേണ്ടി നടത്തുന്ന സംരംഭമെന്ന രീതിയിലാണ് രാഷ്ട്രീയ നേതൃത്വം കണക്കാക്കിയതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. വ്യക്തികളുടെ താല്പര്യത്തിനപ്പുറം പൊതു ആവശ്യങ്ങള്‍ ഇവിടെ പരിഗണിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറയുന്നു. കൊവിഡ് 19-ന്റെ പരിശോധന സൗജന്യമായി നടത്താനുള്ള സംവിധാനം പോലും ശരിയായ രീതിയിലല്ലെന്നാണ് ആക്ഷേപം. 

ഇപ്പോഴത്തെ തോത് വെച്ച് അമേരിക്കയില്‍ 29 ലക്ഷം ആളുകള്‍ക്ക് ചിലപ്പോള്‍ വെന്റിലേറ്റര്‍ സഹായം ആവശ്യമായി വരും എന്നാണ് കണക്കാപ്പെടുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 45000 പേര്‍ക്ക് ഈ സഹായം എത്തിക്കാന്‍ മാത്രമാണ് കഴിയുക. മൂന്ന് കോടിയോളം അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സില്ല. രോഗബാധ ഏറ്റവും കുടുതല്‍ വ്യാപകമായ ന്യൂയോര്‍ക്കിലെ ഗവര്‍ണര്‍ പറയുന്നത് പുതുതായി വരുന്ന രോഗികളില്‍ വലിയ വിഭാഗത്തെയും ഉള്‍കൊള്ളാന്‍ കഴിയില്ലെന്നാണ്. ഇതിന് പുറമെയാണ് പലര്‍ക്കും സ്വകാര്യ ആശുപത്രികളിലെ ചെലവ് താങ്ങാന്‍ കഴിയാത്ത സാഹചര്യം. അമേരിക്കയിലെ ആകെ തൊഴില്‍ ശേഷിയുടെ 30 ശതമാനം പേര്‍ക്കും രോഗം ബാധിച്ചാല്‍ ശമ്പളത്തോട് കൂടി ലീവ് കിട്ടുന്ന സാഹചര്യമില്ല. സ്വയം തൊഴില്‍ ചെയ്യുന്നവരുടെ കാര്യം പറയാനുമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപാക്കേജാണ് അമേരിക്ക പ്രഖ്യാപിച്ചത്. തൊഴിലാളികളെയും കുടുംബങ്ങളെയും ചെറുകിട വ്യാപാരങ്ങളെയും വിമാനക്കമ്പനികളെയും വരെ സഹായിക്കാന്‍ ലക്ഷ്യമിടുന്ന പാക്കേജ് എത്രത്തോളം പ്രായോഗികമാകുമെന്നതാണ് സംശയം. സ്വയം തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് നാലു മാസത്തെ തൊഴിലില്ലായ്മ ആനുകൂല്യങ്ങളടക്കം നല്‍കുമെന്നാണ് പ്രഖ്യാപനം. ചെറുകിട വ്യാപാരം നടത്തുന്നവര്‍ക്ക് വായ്പകളും ലഭ്യമാക്കുമെന്നും പറയുന്നു. ഇതൊക്കെ പ്രായോഗികമായാല്‍ പോലും മാന്ദ്യത്തില്‍ നിന്ന് മാറിനില്‍ക്കാനാവില്ലെന്ന് പറയുന്നു വിദഗ്ദ്ധര്‍. വ്യാപാരം പുനരാരംഭിക്കണമെന്നും അമേരിക്കയിലേക്ക് എല്ലാവരും മടങ്ങി വരണമെന്നും ആഴ്ചകള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ട്രംപ് രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഒളിച്ചോടുകയാണെന്ന വിമര്‍ശനം എല്ലാകാലത്തേക്കും നേരിടേണ്ടി വരുമെന്ന് ചുരുക്കം.  

പ്രതികൂലഘടകങ്ങള്‍

1000 ഡോളറില്‍ താഴെയാണ് മിക്കവരുടെ സമ്പാദ്യവും. മൂന്നുകോടി ജനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ല. 71 ശതമാനം യു.എസ് പൗരന്‍മാരും ജീവിതകാലം മുഴുവന്‍ കടത്തില്‍ ജീവിക്കുന്നു.

ഇറ്റലിയിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക ആളൊഴിഞ്ഞ നിലയിൽ. വിശുദ്ധവാര കാലം തീർത്ഥാടകർ വന്നു നിറയുന്ന പള്ളിയങ്കണമാണിത്
ഇറ്റലിയിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക ആളൊഴിഞ്ഞ നിലയിൽ. വിശുദ്ധവാര കാലം തീർത്ഥാടകർ വന്നു നിറയുന്ന പള്ളിയങ്കണമാണിത്

ഇറ്റലി ചരിത്രത്തിലെ ശ്മശാനമൂകത

റോം ശൂന്യമായ നഗരമാണ്. ഏകാന്തതയുടെ നീളമളക്കുന്ന തെരുവുകള്‍. ഒഴിഞ്ഞ ഇരിപ്പടങ്ങള്‍ നിറഞ്ഞ നഗരമാകെ നിശ്ശബ്ദം. ഭയത്തില്‍ ജീവിക്കുന്ന ജനത. വിദേശ സഞ്ചാരികളുടെ പറുദീസയായിരുന്നു റോം. ഇറ്റലിയില്‍ ആദ്യം കൊറോണ സ്ഥിരീകരിക്കുന്നത് ഈ പുരാതന നഗരത്തിലാണ്. രോഗബാധിതരായ ചൈനീസ് ദമ്പതികള്‍ സുഖംപ്രാപിച്ചെങ്കിലും അതുകൊണ്ട് ആശ്വാസമായില്ല. യൂറോപ്പില്‍ ഏറ്റവുമധികം മുതിര്‍ന്നവരുള്ള രാജ്യം ഇറ്റലിയാണ്. അതാണ് മരണസംഖ്യ കൂടാന്‍ ഒരു കാരണവും. രണ്ടാം ലോകയുദ്ധത്തിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത് പ്രധാനമന്ത്രി ജുസാപേ കോന്‍ഡെ പറഞ്ഞത്. മരണഭയത്തോടെ ഓരോ മണിക്കൂറും തള്ളി നീക്കുന്ന ഇറ്റലിയില്‍ ശ്മശാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. മോര്‍ച്ചറികളില്‍ മൃതശരീരങ്ങള്‍ കൂടിക്കിടക്കുന്നു. സെമിത്തേരികളില്‍ ഊഴം കാത്തിരിക്കുന്ന ശവപ്പെട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. ലൊംബാര്‍ഡിയിലാണ് സ്ഥിതി രൂക്ഷം.

വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പുലര്‍ത്തിയ നിസംഗതയാണ് ഇറ്റലിയില്‍ സ്ഥിതി രൂക്ഷമാക്കിയത്. 650 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും 17 പേര്‍ മരിക്കുകയും ചെയ്ത സമയത്താണ് ഇറ്റാലിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നിക്കോള സിംഗെരെ രാജ്യം മുഴുവന്‍ സഞ്ചരിച്ചത്. പതിനൊന്ന് നഗരങ്ങള്‍ ഈ സമയം ലോക്ക്ഡൗണിലായിരുന്നു. ആള്‍ക്കൂട്ട ആഘോഷങ്ങളിലെല്ലാം പങ്കെടുത്ത സിംഗെരെ പറഞ്ഞ വാക്കുകള്‍ ഇന്നും വേട്ടയാടുന്നു. ഭയപ്പെട്ട് ശീലങ്ങള്‍ മാറ്റേണ്ടതില്ല, ഇറ്റാലിയന്‍ സമ്പദ്വ്യവസ്ഥ ശക്തമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. സ്ഥിതിഗതിയുടെ ഗൗരവം ഉള്‍ക്കൊള്ളാതെയാണ് ഭരണപക്ഷത്തുള്ള അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്. അദ്ദേഹം പിന്നീട് രോഗബാധിതനായി. അപ്പോഴേക്കും ഇറ്റലിയിലെ മരണം 200 കടന്നിരുന്നു. സിംഗെരെ മാത്രമല്ല മിലാന്‍ മേയര്‍ ബെപ്പെ സാല സാമൂഹ്യമാധ്യമങ്ങളിലൂടെ തങ്ങളുടെ ശീലങ്ങള്‍ മാറ്റേണ്ടതില്ലെന്ന് ക്യാംപയിന്‍ വരെ നടത്തി. മിലാന്‍ ഡെസ് നോട്ട് സ്റ്റോപ്പ് എന്ന പേരില്‍ നടത്തിയ ഈ ക്യാംപയിന്‍ വിപരീതഫലങ്ങളാണ് ഉണ്ടാക്കിയത്. 

മാര്‍ച്ച് 21-നാണ് ഇറ്റലി പൂര്‍ണമായും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അപ്പോഴേക്കും 4800-ലധികം പേര്‍ രാജ്യത്ത് മരിച്ചിരുന്നു. അത്യാവശ്യമല്ലാത്ത എല്ലാ ഫാക്ടറികളും അടയ്ക്കാന്‍ പ്രധാനമന്ത്രി ടെലിവിഷനിലൂടെ നിര്‍ദ്ദേശിച്ചു. എന്നാല്‍, യാഥാര്‍ത്ഥ്യബോധത്തോടെയല്ല ഇറ്റാലിയന്‍ ജനത ഈ നീക്കത്തെ കണ്ടത്. സാമൂഹ്യവ്യാപനമായിരുന്നു ഫലം. മിലാനിലും ലൊംബാര്‍ഡിയിലും ആയിരങ്ങള്‍ രോഗവാഹകരായി. ചൈനയിലെ വുഹാന്‍ നഗരത്തിന്റെ അവസ്ഥയേക്കാളും മാരകമായി വടക്കന്‍ ഇറ്റലിയിലെ അവസ്ഥ. പട്ടാളവും പൊലീസുമാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞതോടെ മുതിര്‍ന്നവരെ രക്ഷിക്കേണ്ടതില്ലെന്ന് ആരോഗ്യരക്ഷാപ്രവര്‍ത്തകര്‍ക്ക് തീരുമാനിക്കേണ്ടി വന്നു. മരണത്തിന് അവരെ വിട്ടുകൊടുത്ത് ചെറുപ്പക്കാരെ രക്ഷിക്കാന്‍ അവര്‍ പൊരുതി. ജര്‍മനിയിലെ ഒഴിവുള്ള ആശുപത്രികളിലേക്ക് രോഗികളെ മാറ്റാനും ധാരണയായി. 

മാര്‍ച്ച് ആദ്യവാരം രോഗബാധ അതിരൂക്ഷമായപ്പോഴും വെനീസില്‍ ബാറുകളും റസ്റ്റോറന്റുകളും നിയന്ത്രണങ്ങളില്ലാതെ തന്നെ പ്രവര്‍ത്തിച്ചിരുന്നു. ബാറില്‍ ആളെ കൂട്ടാന്‍ പലരും സൗജന്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. വിദേശസഞ്ചാരികള്‍ ഇറ്റലിയില്‍നിന്ന് കൂട്ടമായി പിന്‍വാങ്ങുമ്പോള്‍ തങ്ങളുടെ കച്ചവടം കുറഞ്ഞു പോയെന്ന് പരിഭവം പറയുകയായിരുന്നു വ്യാപാരികള്‍. മാര്‍ച്ച് 8 വരെ ജനജീവിതം സാധാരണ നിലയിലായിരുന്നു. മാര്‍ച്ച് 8ന് ക്വാറന്റീന്‍ ചെയ്യാനുള്ള ഔദ്യോഗിക നിര്‍ദ്ദേശം വരുന്നതിനു തൊട്ടുമുന്‍പേ വാര്‍ത്ത പുറത്തായത് പ്രശ്നം രൂക്ഷമാക്കി. ലൊംബാര്‍ഡി പ്രവിശ്യയില്‍നിന്നും മിലാനില്‍നിന്നും വന്‍തോതില്‍ കൂട്ട പലയാനം ഉണ്ടായി. നിര്‍ദ്ദേശം വന്ന് രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ബാറുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പൂട്ടുവീണത്. 

 മരണം തുടര്‍ക്കഥയായതോടെ ആളുകള്‍ നഗരങ്ങളില്‍നിന്ന് സ്വയം പിന്‍വാങ്ങാന്‍ തുടങ്ങി. ചുംബനവും ആലിംഗനവും നിരോധിക്കപ്പെട്ടു. സാമൂഹികമായ അകല്‍ച്ച വന്‍തോതില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു. സമ്പര്‍ക്ക വിലക്ക് നിലവില്‍ വന്നിട്ടും വീണു കിട്ടിയ അവധി ദിനങ്ങള്‍ ഒത്തുച്ചേരലിനുള്ള അവസരമായി കണ്ടവരും നിരവധിയായിരുന്നു. ക്വാറന്റീന്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടപ്പോള്‍ നിര്‍ദ്ദേശം ലംഘിച്ചതിന് 40000 പേരെയായിരുന്നു ഇറ്റാലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ടീയക്കാരുടെ ഭാഷ മാറാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നു. വീട്ടിലിരിക്കണമെന്നും രോഗവാഹകരാകരുതെന്നും നേതാക്കള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ അത് അനുസരിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായി. രോഗവ്യാപനം തടയാനായി ഇറ്റലിയില്‍ അനാവശ്യ യാത്രകള്‍ എല്ലാം തന്നെ നിരോധിച്ചു. ഒരു നഗരത്തില്‍നിന്ന് മറ്റൊന്നിലേക്കു യാത്ര ചെയ്യുന്നതിനും നിരോധനമുണ്ട്. വസ്ത്രവ്യാപാരം, ഫര്‍ണിച്ചര്‍ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള എല്ലാവിധ ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടി കഴിഞ്ഞു.

രോഗബാധ സൃഷ്ടിച്ച പ്രതിസന്ധി ഇറ്റലിക്ക് ഇരട്ടപ്രഹരമാണ്. സാമ്പത്തികദുരന്തത്തെ നേരിടാനുള്ള ആശാവഹമായ വഴികളൊന്നും ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന് മുന്നിലുമില്ല. കൊറോണവ്യാപനത്തിന് മുന്‍പു തന്നെ ഇറ്റാലിയന്‍ സമ്പദ്വ്യവസ്ഥ രോഗാതുരമാണ്. യൂറോപ്പില്‍ ഏറ്റവുമധികം പൊതുകടമുള്ള രാജ്യമാണ് ഇറ്റലി. ലോകത്തെ ഏറ്റവും വലിയ ബാധ്യതയുള്ള മൂന്നാമത്തെ രാജ്യവും. ചുരുക്കിപ്പറഞ്ഞാല്‍, ഈ പ്രതിസന്ധിഘട്ടത്തില്‍ കൂടുതല്‍ പണം കണ്ടെത്തേണ്ടി വരുന്നത് ഇറ്റലിക്ക് ആലോചിക്കാന്‍ പോലുമാകില്ല. കൊറോണ ബോണ്ടുകള്‍ ഇറക്കുക വഴി പണം കണ്ടെത്താമെന്ന യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശത്തെ ജര്‍മനിയും നെതര്‍ലാന്‍ഡും എതിര്‍ത്തിട്ടുണ്ട്. ഇനി, ഇത് ഇറ്റലിയുടെ മാത്രം പ്രശ്നമായി കാണാനുമാകില്ല, യൂറോസോണിന്റെ ഒരു പ്രധാന അംഗരാജ്യം പ്രശ്നത്തിലായാല്‍ ഗ്രീസ് പ്രതിസന്ധിയേക്കാള്‍ ഭയാനകമാകും കാര്യങ്ങള്‍. യൂറോസോണ്‍ സാമ്പത്തിക വിപണിയിലെ അസ്ഥിരതയും അതിന്റെ നിയമസാധുതയ്ക്കുള്ള വെല്ലുവിളികളും മുന്‍പത്തേക്കാള്‍ വലിയ തോതില്‍ അനുഭവിക്കാന്‍ തുടങ്ങും. ഇതിനൊപ്പം യു.എസ് സമ്പദ്വ്യവസ്ഥ മാന്ദ്യം നേരിടുന്നതോടെ അതിന്റെ പ്രത്യാഘാതങ്ങള്‍ യൂറോപ്പിലുമുണ്ടാകും.

ഇറ്റലിയുടെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഭാഗങ്ങള്‍ വ്യാവസായിക വടക്ക് ഭാഗത്താണ്. അതാകട്ടെ ഇറ്റലിയുടെ സാമ്പത്തിക ശക്തികേന്ദ്രവും. പകര്‍ച്ചവ്യാധി തടയാന്‍ രാജ്യം പൂട്ടിയിരിക്കുമ്പോള്‍, സാമ്പത്തിക വളര്‍ച്ച ഇനിയും കുറഞ്ഞു, അതേസമയം ഇറ്റലി സര്‍ക്കാരിനോടുള്ള ആവശ്യങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചു. ആശുപത്രികള്‍ തുടങ്ങാനും വായ്പകള്‍ എഴുതിത്തള്ളാനും എന്നിവയില്‍ സര്‍ക്കാരിന് പണം കൂടുതല്‍ ആവശ്യമായി വന്നു. സര്‍ക്കാരിന് കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുമ്പോള്‍ സ്വാഭാവികമായും കടബാധ്യത വര്‍ദ്ധിക്കും. കടം തിരിച്ചടയ്ക്കാനും വായ്പ തിരിച്ചടയ്ക്കാനുമുള്ള ഇറ്റലിയുടെ കഴിവിനെക്കുറിച്ച് വിപണികള്‍ സംശയിക്കുന്ന ഘട്ടത്തില്‍ മറ്റു പോംവഴികളെക്കുറിച്ച് ചിന്തിക്കേണ്ടി വരും. ഈ പ്രതിസന്ധി ഇറ്റലിയില്‍ അവസാനിക്കാത്തതിനാല്‍ യൂറോസോണിലെ പൊതുവായ ആത്മവിശ്വാസം നഷ്ടപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഒരുപക്ഷേ, അതിന്റെ തകര്‍ച്ച പോലുമുണ്ടായേക്കാം. ഗ്രീക്ക് പ്രതിസന്ധി നേരിട്ടപ്പോള്‍, യൂറോപ്യന്‍ നേതാക്കള്‍ക്ക് അത് നേരിടാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം ഗ്രീക്ക് സമ്പദ്വ്യവസ്ഥ യൂറോസോണിന്റെ ഒരു ചെറിയ ഭാഗം മാത്രമായിരുന്നു. എന്നാല്‍ ഇറ്റലി അങ്ങനെയല്ല. 

യൂറോസോണിലുള്ള വിശ്വാസവും ഇറ്റലിക്കാര്‍ക്ക് കുറയുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്ന് രണ്ടു ദശാബ്ദത്തിന് ശേഷമുള്ള സ്ഥിതി അത്ര ശുഭകരമല്ല. രോഗവ്യപാനത്തിന് മുന്‍പ്, മൂന്നിലൊന്ന് ഇറ്റലിക്കാര്‍ യൂറോപ്യന്‍ യൂണിയനില്‍ ആത്മവിശ്വാസമര്‍പ്പിച്ചപ്പോള്‍ പ്രതിസന്ധിക്ക് ശേഷം അതും ഇല്ലാതായി. മെഡിക്കല്‍ ഉപകരണങ്ങളും മാസ്‌കുകളും കയറ്റുമതി ചെയ്യുന്നത് ജര്‍മനി തടഞ്ഞപ്പോള്‍ വലിയ രോഷപ്രകടനം തന്നെയുണ്ടായി. ഇതിന് പുറമേ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലെഗാര്‍ഡയുടെ കൈയൊഴിലും കൂടിയായപ്പോള്‍ അവിശ്വാസം രൂക്ഷമാക്കി. ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരിവിപണി ഇടിവാണ് പിന്നെ ഇറ്റലിയിലുണ്ടായത്. ഇതോടെ യൂറോപ്യന്‍ യൂണിയനെ എതിര്‍ക്കുന്ന പോപ്പുലിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജം ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ അധികാരത്തില്‍ നിന്നിറങ്ങിയ ഫൈവ് സ്റ്റാര്‍-നോര്‍ത്തേണ്‍ ലീഗ് സഖ്യം തിരിച്ചുവരവിന്റെ പാതയിലാണ്. യൂറോപ്യന്‍ യൂണിയന്റെ നടപടികളെ ലീഗ് നേതാവ് മാറ്റിയോ സാല്‍വനി പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ ദിശാമാറ്റം ഇറ്റലിയില്‍ സാധ്യമായാല്‍ അത് യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധമാകുമെന്ന് എകദേശം ഉറപ്പായിട്ടുണ്ട്.  

സ്പെയിനിലെ മാഡ്രിഡിൽ ശവപ്പെട്ടി നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ. കോവിഡ് മരണ സംഖ്യയിൽ വളരെ മുൻപിലാണ് സ്പെയിൻ
സ്പെയിനിലെ മാഡ്രിഡിൽ ശവപ്പെട്ടി നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ. കോവിഡ് മരണ സംഖ്യയിൽ വളരെ മുൻപിലാണ് സ്പെയിൻ

സ്പാനിഷ് പ്രതിസന്ധിയുടെ രോഗാതുരത

ശ്വാസമെടുക്കുമ്പോള്‍ പോലും മരണഗന്ധം. അങ്ങനെയാണ് സ്പെയിനിലെ നിലവിലെ അവസ്ഥയെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്. ആരോരുമില്ലാതെ കിടക്കയില്‍ തന്നെ മരിച്ചുവീഴുന്നവരെക്കുറിച്ച് പ്രതിരോധമന്ത്രി വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ലോകം കേട്ടത്. പല വീടുകളിലും മുതിര്‍ന്നവര്‍ രോഗക്കിടക്കയിലാണ്. പരിചരിക്കാന്‍ പോയിട്ട് ഭക്ഷണം കൊടുക്കാന്‍ പോലും ആളില്ലാത്ത അവസ്ഥ. വല്ലപ്പോഴും എത്തുന്ന സൈനികരാണ് ആകെ ആശ്വാസം. 2004-ല്‍ മാഡ്രിഡില്‍ നടന്ന ഭീകരാക്രമണത്തേക്കാള്‍ ഭയാനകമാണ് ഇപ്പോഴത്തെ സ്ഥിതിയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. മാസ്‌കുകളോ ഗ്ലൗസുകളോ കിട്ടാനില്ല. എന്നിട്ടും സ്വന്തം ജീവന്‍ പണയപ്പെടുത്തി നേഴ്സുമാര്‍ രോഗികളെ പരിചരിക്കുന്നു. പ്രതീക്ഷയുടെ തിരിനാളം അവരുടെ മനസ്സിലില്ല. നിരാശയില്‍നിന്നുയര്‍ന്ന നെടുവീര്‍പ്പുകള്‍ മാത്രം. സ്പെയിനിലെ ആരോഗ്യസംവിധാനം വ്യാപനപ്രതിസന്ധിയെ നേരിടാന്‍ പ്രാപ്തമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എബോളയുടെ വ്യാപനസമയത്തും ഈ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

പൊതുവില്‍ സാമൂഹ്യജീവിതം നയിക്കുന്ന സ്പെയിനില്‍ രോഗവ്യാപനം തടയുന്നതിന് രണ്ടാഴ്ച മുന്‍പാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഹോട്ടലുകളും റസ്റ്റോറന്റുകളും ടൂറിസ്റ്റുകള്‍ക്കുള്ള താമസകേന്ദ്രങ്ങളും അടച്ചിട്ടു. യൂറോപ്പില്‍ ഏറ്റവുമധികം വിനോദസഞ്ചാരികള്‍ എത്തുന്ന രാജ്യങ്ങളിലൊന്നാണ് സ്പെയിന്‍. മാര്‍ച്ച് എട്ടിനു ശേഷമാണ് കാര്യങ്ങള്‍ നിയന്ത്രണാതീതമായത്. ലോക വനിതാദിനമായ അന്ന് ആയിരക്കണക്കിനു പേര്‍ പങ്കെടുത്ത വലിയ പ്രകടനം നഗരങ്ങളില്‍ നടന്നിരുന്നു. അതൊഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. അതേസമയം രോഗവ്യാപന സൂചനകളെ തുടര്‍ന്നു പിറ്റേന്നു മാഡ്രിഡിലെ സ്‌കൂളുകള്‍ അടച്ചു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മറ്റും സമീപപ്രദേശങ്ങളിലെ സ്വവസതികളിലേക്കു യാത്ര തിരിച്ചു. ഈ രണ്ടു സംഭവങ്ങളും കൂടിയായതോടെ രോഗം പലയിടത്തേക്കു പടര്‍ന്നു. ബാര്‍സിലോന, മഡ്രിഡ്, വലന്‍സിയ നഗരങ്ങളെയാണ് കാര്യമായി ബാധിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. പൊലീസും പട്ടാളവും നിയന്ത്രണമേറ്റെടുത്തു.

220 ബില്യണ്‍ ഡോളറിന്റെ രക്ഷാപാക്കേജാണ് സ്പാനിഷ് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചത്. എന്നാല്‍ വിനോദസഞ്ചാരമേഖലയെ ആശ്രയിച്ചു മുന്നോട്ടുപോകുന്ന സമ്പദ്വ്യവസ്ഥയ്ക്ക് ഇത് പര്യാപ്തമല്ല. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ പതിനഞ്ചു ശതമാനമാണ് വിനോദസഞ്ചാരമേഖലയുടെ പങ്ക്. ഉടനടി ഒരു തിരിച്ചുവരവ് ഈ മേഖലയില്‍ ഉണ്ടാകുമെന്ന് കരുതുന്നുമില്ല. പ്രത്യാഘാതങ്ങള്‍ വലുതാണ്. വലിയ തോതിലുള്ള തൊഴില്‍നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പല ചെറുകിട വ്യാപാരങ്ങളും പൂട്ടി. ഇതൊക്കെ മറികടക്കാന്‍ പാക്കേജ് കൊണ്ട് മാത്രം കഴിയില്ലെന്ന് പറയുന്നു എല്‍ക്കാനോ റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ സീനിയര്‍ അനലിസ്റ്റായ കാര്‍മന്‍ ഗോണ്‍സാലസ്. സ്പെയിനിലെ അസാധാരണമായ ഈ സാഹചര്യം 2019-ല്‍ രണ്ട് ദേശീയ തെരഞ്ഞെടുപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ച രാജ്യത്തിന് രാഷ്ട്രീയ ഐക്യബോധം സൃഷ്ടിച്ചുവെന്നു മാത്രമാണ് ശുഭകരമായ ഒരു കാര്യം. എന്നാല്‍, രാഷ്ട്രീയമായ അസ്ഥിരത നിലനില്‍ക്കുന്ന സ്പെയിനില്‍ ഇപ്പോഴുണ്ടായ പ്രതിസന്ധി വലിയ രാഷ്ട്രീയമാറ്റങ്ങള്‍ക്ക് വഴിതെളിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ഇറ്റലിയിലും ജര്‍മനിയിലും ഓസ്ട്രിയയിലും പോലെ സ്പെയിനിലും അടുത്തകാലത്തായി തീവ്ര വലതുപക്ഷ ചിന്താഗതിക്കാരും സങ്കുചിത ദേശീയവാദികളും ശക്തിപ്പെട്ടുവന്നിരുന്നു. ഇറ്റലിയിലും ഓസ്ട്രിയയിലും അവര്‍ക്കു അധികാരത്തില്‍ പങ്കാളികളാകാനും കഴിഞ്ഞു. യൂറോപ്പിലെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായ ലിബറലിസത്തിനും മറ്റു പുരോഗമനാശയങ്ങള്‍ക്കും നേരെ വെല്ലുവിളി ഉയരുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍. അതിന് ഊര്‍ജം പകരുന്നതാകും ഇപ്പോഴത്തെ പ്രതിസന്ധി.  
കാറ്റിലോണിയയുടെ സാമ്പത്തികപ്രഖ്യാപനത്തിന് ശേഷം സ്പെയിന്‍ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. തൊഴിലില്ലായ്മ കുറഞ്ഞു. നിലവില്‍ 13.8 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. സ്വകാര്യമേഖലയിലെ തൊഴില്‍ ലഭ്യത കൂടി. എന്നാല്‍, ഈ മുന്നേറ്റത്തിന് വലിയ ആയുസുണ്ടായിരുന്നില്ല. ഇതിനു പുറമേയാണ് പൊതുകടത്തിന്റെ ബാധ്യത. നിലവില്‍ ജി.ഡി.പിയുടെ 100 ശതമാനത്തിനടുത്താണ് പൊതുകടം. ഈ പ്രതിസന്ധിയോടെ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നവരുടെ മുന്നേറ്റങ്ങള്‍ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

മൂന്നര പതിറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായി ഒരു തീവ്രവലതുപക്ഷ കക്ഷി സ്പെയിനിലെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ സ്ഥാനമുറപ്പിച്ചത് കഴിഞ്ഞവര്‍ഷമായിരുന്നു. സമീപകാലത്തുമാത്രം സ്ഥാപിതമായ വോക്സ് എന്ന തീവ്ര വലതു കക്ഷി പത്തു ശതമാനം വോട്ടുകളും 24 സീറ്റുകളും നേടിയിരുന്നു. നേരത്തെ ഇവര്‍ ആന്‍ഡലൂസിയ പ്രവിശ്യാ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ വിജയം നേടുകയും പ്രവിശ്യാഗവണ്‍മെന്റില്‍ പങ്കാളിയാവുകയും ചെയ്തിരുന്നു. 36 വര്‍ഷം നീണ്ടുനിന്നതും 1975-ല്‍ അവസാനിച്ചതുമായ ജനറല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ ഏകാധിപത്യത്തിനുശേഷം ഇത്തരമൊരു കക്ഷി സ്പെയിനില്‍ സാന്നിധ്യം ഉറപ്പിച്ചത് ഇതാദ്യമായിരുന്നു.
കൊറോണ വൈറസിനെ നേരിടുന്ന സ്പെയിന്‍ അതിന്റെ സമ്പദ്വ്യവസ്ഥയെ പൂര്‍ണ്ണമായും മറന്നു. സ്പാനിഷ് സമ്പദ്വ്യവസ്ഥയിലും പകര്‍ച്ചാവ്യാധിയുടെ സാധ്യതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിലയിരുത്തല്‍. ന്യൂനപക്ഷ സര്‍ക്കാരിനെ നയിക്കുന്ന പെട്രോ സാന്‍ഷെസിന് ദുര്‍ബലനാണെന്ന് കൊറോണ പ്രതിസന്ധി തെളിയിച്ചുകഴിഞ്ഞു. വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനുള്ള രാഷ്ട്രീയതീരുമാനം അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. പ്രധാനമന്ത്രിയുടെ ഭാര്യ ബെഗോന ഗോമസിന് രോഗബാധയുണ്ടായപ്പോഴാണ് ഭരണകൂടം ഉറക്കം വിട്ട് എണീറ്റത്. 

ലണ്ടനിൽ കൊറോണ വൈറസ് ബാധിതനായി മരണമടഞ്ഞ പതിമൂന്ന് വയസുകാരൻ മുഹമ്മദ് അബ്ദുൽ വഹാബിന്റെ മൃ‌തദേഹം സംസ്കരിക്കുന്നു
ലണ്ടനിൽ കൊറോണ വൈറസ് ബാധിതനായി മരണമടഞ്ഞ പതിമൂന്ന് വയസുകാരൻ മുഹമ്മദ് അബ്ദുൽ വഹാബിന്റെ മൃ‌തദേഹം സംസ്കരിക്കുന്നു

ഗ്രേറ്റ് ബ്രിട്ടന്‍ രോഗസാമ്രാജ്യം

സ്വന്തം ഫോണില്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ താന്‍ കൊവിഡ് ബാധിതനാണെന്ന് അറിയിച്ചത്. പകര്‍ച്ചാവ്യാധി കൈകാര്യം ചെയ്യുന്നതിലെ ഏഴുദിവസത്തെ അവസാന അടയാളപ്പെടുത്തലായിരുന്നു ഈ വീഡിയോ. മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിലേക്ക് പോയപ്പോള്‍ ബോറിസ് അതിനു തയ്യാറായിരുന്നില്ല. ആരോഗ്യപ്രതിസന്ധിയേക്കാള്‍ പ്രത്യാഘാതം സാമ്പത്തികദുരന്തത്തിനാണെന്ന് അദ്ദേഹം കണക്കുകൂട്ടി. ഒടുവില്‍ മറ്റു വഴിയില്ലാതെ വന്നപ്പോഴാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇറ്റലിക്ക് സമാനമായി രോഗബാധയും മരണനിരക്കും കുതിച്ചിട്ടും നിയന്ത്രണങ്ങള്‍ വരുത്താന്‍ അദ്ദേഹം തയ്യാറായില്ല. ജനജീവിതത്തിന് സമ്പൂര്‍ണ്ണ നിയന്ത്രണം വന്നത് വൈകിയാണ്. എന്നാല്‍ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിച്ചെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇപ്പോള്‍ രണ്ടുപേരില്‍ കൂടുതല്‍ പൊതുസ്ഥലങ്ങളില്‍ ഒരുമിച്ച് ചേരാന്‍ പാടില്ല. അത്യാവശ്യസന്ദര്‍ഭങ്ങളില്‍ മാത്രമാണ് പുറത്തുപോകാന്‍ അനുമതി. അടിയന്തരഘട്ടം മുന്‍നിര്‍ത്തി കൊവിഡ് ഫീല്‍ഡ് ആശുപത്രികളുടെ നിര്‍മാണത്തിന് സൈന്യം തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍, ബ്രെക്സിറ്റിനു ശേഷം അസ്തിത്വം കണ്ടെത്താന്‍ ശ്രമിക്കുന്ന ബ്രിട്ടന് വലിയ പ്രതിസന്ധിയാണ് കൊവിഡ് രോഗബാധ നല്‍കിയത്. തൊഴില്‍നഷ്ടവും വ്യവസായനഷ്ടവും വ്യാപകമാകുന്നതോടെ സമീപഭാവിയില്‍ ബ്രിട്ടണ്‍ മാന്ദ്യത്തിലേക്ക് വഴുതി വീണേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നു. 325 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇപ്പോള്‍. എന്നിട്ടും നടപടികള്‍ ഫലം കാണുന്നതില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പ്രതീക്ഷയില്ല. 1930-കളിലെ സാമ്പത്തിക ദുരന്തത്തിലും വലുതെന്തോ വരാനിരിക്കുന്നതായി അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടണില്‍ മാത്രം 60 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്, അതായത് മൊത്തം തൊഴിലാളികളുടെ 21 ശതമാനം. ഇതൊരു ഊഹക്കണക്ക് മാത്രമാണ്. പ്രത്യക്ഷമായും പരോക്ഷമായുമുള്ള തൊഴില്‍ നഷ്ടം ഇതിന്റെ പതിന്മടങ്ങാകുമെന്നും ഡേവിഡ് ബ്ലാഞ്ച്ഫ്‌ളവറിനെപ്പോലെയുള്ള സാമ്പത്തികവിദഗ്ദ്ധര്‍ പറയുന്നു. യു.എസിലെ തൊഴിലില്ലായ്മയുടെ കണക്കുകള്‍ വിലയിരുത്തുമ്പോള്‍ അറ്റ്ലാന്റിക്കിലെമ്പാടും 52 ദശലക്ഷം പേര്‍ക്ക് ജോലി നഷ്ടമായേക്കാം. അതായത് മൊത്തം തൊഴിലാളികളുടെ 32 ശതമാനം വരും ഇത്. ആരോഗ്യപ്രതിസന്ധി നേരിടുന്ന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ കൂടി ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഭയനാകമായ സാമ്പത്തികദുരന്തമാകും വരുന്നതെന്ന് പറയുന്നു അദ്ദേഹം. 2008-ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് 15.4 ശതമാനം പേര്‍ക്കാണ് ബ്രിട്ടണില്‍ തൊഴിലില്ലാതായത്.  

റഷ്യയിലെ ഏറ്റവും തിരക്കേറിയ ക്രെംലിൻ കൊട്ടാരത്തിന്റെ പരിസരം കോവിഡ് ഭീതിയിൽ ആളൊഴിഞ്ഞ നിലയിൽ
റഷ്യയിലെ ഏറ്റവും തിരക്കേറിയ ക്രെംലിൻ കൊട്ടാരത്തിന്റെ പരിസരം കോവിഡ് ഭീതിയിൽ ആളൊഴിഞ്ഞ നിലയിൽ

പുടിന്റെ റഷ്യ കണക്കുകളിലെ കളി

വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യവും ജനസംഖ്യകൊണ്ട് ലോകത്ത് ഒന്‍പതാമത്തേതുമാണ് റഷ്യ. ചൈനയും ഉത്തരകൊറിയയുമാണ് അതിര്‍ത്തി രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലൊക്കെ വൈറസ് ബാധ നിയന്ത്രണാതീതമായപ്പോഴും റഷ്യയ്ക്ക് കുലുക്കമുണ്ടായിരുന്നില്ല. കൊവിഡ് 19 മൂലം ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അവകാശവാദവുമായാണ് റഷ്യ ആദ്യം രംഗത്ത് വരുന്നത്. ചൈനയില്‍നിന്ന് ഏറെയകലെയായ ഇറ്റലിയില്‍ പോലും രോഗബാധ നിയന്ത്രണാതീതമായതോടെ പുടിന്റെ ഈ അവകാശവാദത്തില്‍ പലര്‍ക്കും സംശയം തോന്നിത്തുടങ്ങി. മാര്‍ച്ച് 10 വരെ 10 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നീടങ്ങോട്ട് വ്യാപനം രൂക്ഷമാകുകയായിരുന്നു. രോഗം സ്ഥിരീകരിച്ച മൂന്നില്‍ രണ്ടുപേരും മോസ്‌കോയില്‍ നിന്നുള്ളവരായിരുന്നു. ഇതേത്തുടര്‍ന്നാണ് സാമൂഹ്യവ്യാപന സാധ്യത കണക്കിലെടുത്ത് റഷ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ശമ്പളത്തോടെ അവധി നല്‍കുമെന്ന് പറഞ്ഞ പുടിന്‍ ഏപ്രില്‍ അഞ്ച് വരെ ജനങ്ങളുടെ സഞ്ചാരത്തിനടക്കം പല നിയന്ത്രണങ്ങളും കൊണ്ടുവന്നു. സ്‌കൂളുകളും ഹോട്ടലുകളും കളിസ്ഥലങ്ങളും പൂട്ടി. പൊതുഗതാഗതം അവസാനിപ്പിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. വിമാനയാത്ര വിലക്കി. അധികാരം ഉറപ്പിക്കാനായി പുടിന്‍ നടത്തിയ ഭരണഘടനാഭേദഗതി വോട്ടിനിടുന്നതു പോലും മാറ്റിവച്ചു. അതേസമയം ലോക്ക്ഡൗണ്‍ വലിയ പ്രതിസന്ധിയാകും റഷ്യക്ക് സമ്മാനിക്കുക. നിലവില്‍ എണ്ണക്കയറ്റുമതിയാണ് റഷ്യയുടെ പ്രധാന വരുമാനമാര്‍ഗം. എന്നാല്‍, രാജ്യാന്തരവിപണിയില്‍ ക്രൂഡ് വില കുറഞ്ഞത് റഷ്യയ്ക്ക് ഇരട്ടപ്രഹരമാകും. ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക നീക്കിവയ്ക്കുകയും വരുമാന നഷ്ടം ഉണ്ടാകുകയും ചെയ്യുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ അപകടത്തിലാകും. ഇതിന്റെ സൂചനയെന്നവണ്ണം റഷ്യന്‍ കറന്‍സിയുടെ മൂല്യനഷ്ടം തുടരുന്നു. ഒപെക് രാജ്യങ്ങളുമായുള്ള കരാറില്‍നിന്ന് റഷ്യ പിന്‍മാറുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ ക്രൂഡ് വിലയിടിവ് തടയാന്‍ ഒപെക് രാജ്യങ്ങളുമായി റഷ്യ ചര്‍ച്ച പുനരാരംഭിക്കുമെന്നാണ് ഏറ്റവും ഒടുവിലെത്തിയ റിപ്പോര്‍ട്ട്. മുന്‍പ്, ക്രൂഡ് വില പിടിച്ചു നിര്‍ത്താന്‍ ഉല്പാദനം കുറയ്ക്കാനുള്ള നിര്‍ദ്ദേശം റഷ്യ തള്ളിക്കളഞ്ഞിരുന്നു. റഷ്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ കുറയുമെന്നാണ് കണക്കുകൂട്ടുന്നത്. തൊഴിലില്ലായ്മ നിരക്ക് 4.6 ശതമാനത്തില്‍നിന്ന് 15 ശതമാനമാകുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. 50 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധനായ ആന്റണ്‍ തബാക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇതാണ് അവസ്ഥയെങ്കിലും മറ്റു രാജ്യങ്ങളേ അപേക്ഷിച്ച് പ്രതിസന്ധി മറികടക്കാനാകും. പൊതുകടം കുറവായതും സമ്പദ്വ്യവസ്ഥയുടെ പത്തു ശതമാനം ദേശീയ ഫണ്ടുള്ളതും പുടിന് ആശ്വാസം നല്‍കുന്നു. ലേ ഓഫിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ക്രെംലിന്‍ സത്വരനടപടികളും തുടങ്ങിയിരുന്നു. എന്നാല്‍, പൊതുമേഖലാ കമ്പനികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രതിസന്ധിയുണ്ടാകില്ലായിരിക്കാം. എന്നാല്‍, ദിവസവേതനക്കാര്‍ക്കും സ്വകാര്യകമ്പനി ജീവനക്കാരും ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് പ്രതിപക്ഷ നേതാവായ അലക്സി നവാലിനി പറഞ്ഞത്. 

ജർമനിയിലെ ബർലിനിൽ തിരക്കേറിയ ഇടമായിരുന്ന അലക്സാണ്ടർ സ്ക്വയർ ഇന്ന്
ജർമനിയിലെ ബർലിനിൽ തിരക്കേറിയ ഇടമായിരുന്ന അലക്സാണ്ടർ സ്ക്വയർ ഇന്ന്

മരണക്കിടക്കയിലെ ജര്‍മനിയുടെ ആശ്വാസം

രോഗബാധയും മരണനിരക്കും പിടിച്ചുനിര്‍ത്താന്‍ ജര്‍മനിക്ക് എങ്ങനെ കഴിയുന്നെന്നായിരുന്നു രണ്ടാഴ്ച മുന്‍പ് വൈറോളജിസ്റ്റുകളുടെ സംശയം. ഇറ്റാലിയന്‍ ജനതയില്‍ 9.5 ശതമാനം രോഗബാധിതരായപ്പോള്‍ ജര്‍മനിയില്‍ അത് 0.4 ശതമാനം മാത്രമായിരുന്നു. നേരത്തേ തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണെന്നാണ് പലരും അന്ന് അഭിപ്രായപ്പെട്ടത്. പക്ഷേ മാര്‍ച്ച് 29 ആയപ്പോഴേക്കും ആകെ രോഗികളുടെ എണ്ണം 50,000 കടന്നു. മരണം 325 ആയി. അന്ന് മാത്രം രോഗികളായത് 6000 പേരാണ്. ഇതോടെ വാഴ്ത്തപ്പെട്ട ജര്‍മനിയുടെ പോരാട്ടത്തിനു മേല്‍ കരിനിഴല്‍വീണു. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ഏപ്രില്‍ ആറിന് തീരും. എന്നാല്‍, വ്യാപനത്തിന്റെ തോത് അനുസരിച്ച് നിയന്ത്രണങ്ങള്‍ നീട്ടാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ ഏകീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം പോകുമെന്നാണ് മുന്നറിയിപ്പ്. ബിസിനസ് ക്ലൈമറ്റ് ഇന്‍ഡക്സ് മാര്‍ച്ചില്‍ 86.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക കാലാവസ്ഥയുടെ കണക്കുകളാണ് ഈ സൂചിക രേഖപ്പെടുത്തുക. 2005-നു ശേഷം സേവനമേഖലയില്‍ ഇത്രയും വലിയ ഇടിവുണ്ടാകുന്നത് ഇതാദ്യമാണ്. മാനുഫാക്ചറിങ് മേഖലയില്‍ 2009 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണുണ്ടായത്. കയറ്റുമതിയെ ആശ്രയിക്കുന്ന ജര്‍മനി 750 ബില്യണ്‍ യൂറോയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രശ്നങ്ങള്‍ ഇതുകൊണ്ട് പരിഹരിക്കാനാകില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കൂടുതല്‍ വായ്പ എടുക്കേണ്ടി വരും. സ്വാഭാവികമായും യൂറോസോണിലുള്ള മാന്ദ്യം അംഗരാജ്യങ്ങളിലെ ഏകസാമ്പത്തികശക്തിയായ ജര്‍മനിയെയും ബാധിക്കും. സാമ്പത്തികവളര്‍ച്ച അഞ്ചു ശതമാനം വരെ കുറയുമെന്ന് ധനകാര്യമന്ത്രി പീറ്റര്‍ ആള്‍ട്ട്മെയര്‍ പറഞ്ഞുകഴിഞ്ഞു. അതായത് പത്തുവര്‍ഷത്തെ തിരിച്ചുവരവ് അപ്രസക്തമാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. 2500 കമ്പനികള്‍ 1066 കോടി യൂറോയുടെ രക്ഷാപാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാങ്കായ കെ.എഫ്.ഡബ്ല്യുവിനെ സമീപിച്ചുകഴിഞ്ഞു. 

കോവിഡ് ഭീതിയിൽ ആളൊഴിഞ്ഞ പാരിസിലെ ട്രൊക്കാദറോ പ്ലാസ. പിന്നിൽ ലോകത്താകമാനം എത്തുന്ന ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രം ഈഫൽ ടവർ
കോവിഡ് ഭീതിയിൽ ആളൊഴിഞ്ഞ പാരിസിലെ ട്രൊക്കാദറോ പ്ലാസ. പിന്നിൽ ലോകത്താകമാനം എത്തുന്ന ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രം ഈഫൽ ടവർ

ഈ നൂറ്റാണ്ടിലെ ഫ്രെഞ്ച് യുദ്ധം 

കൊറോണയുമായി 'യുദ്ധ'ത്തിലാണെന്ന് പലതവണ പ്രഖ്യാപിച്ചാണ് രാജ്യത്തെ മക്രോണ്‍ അഭിസംബോധന ചെയ്തത്. പൊതുജനാരോഗ്യത്തിനും സാമ്പത്തികരംഗത്തിനും സമൂഹത്തിനും വേണ്ടിയുള്ള യുദ്ധമാണിതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍, ഒരേ സമയം രോഗത്തിനും സാമ്പത്തിക പ്രതിസന്ധിക്കുമെതിരേ യുദ്ധം ചെയ്യേണ്ട അവസ്ഥയിലാണ് മാക്രോണ്‍. രോഗത്തിന്റെ വ്യാപനം  ചെറുക്കാന്‍ ശക്തമായ നടപടികളാണ് ഫ്രാന്‍സ് സ്വീകരിച്ചത്. കുറഞ്ഞത് 15  ദിവസമെങ്കിലും ജനം വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്ന് പറഞ്ഞ മാക്രോണ്‍ പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ മാറ്റി. ഫ്രാന്‍സുമായുള്ള അതിര്‍ത്തി ഒരു മാസത്തേക്ക് അടച്ചിട്ടു. സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനും തൊഴില്‍നഷ്ടം ഒഴിവാക്കാനും ഇരുപത്തിയഞ്ചിന പരിപാടികളാണ് ഫ്രാന്‍സ് പ്രഖ്യാപിച്ചത്. എങ്കിലും മാന്ദ്യം ഒഴിവാക്കാനാകില്ലെന്നാണ് ധനമന്ത്രി ബ്രൂണോ ലീ മെയറും തൊഴില്‍വകുപ്പ് മന്ത്രി മ്യൂറല്‍ പെനികാഡും പറയുന്നത്. ലേഓഫ് ഒഴിവാക്കാനായി വിവരങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ലക്ഷം കമ്പനികളിലെ പത്തു ലക്ഷം ജീവനക്കാരാണ് ആനുകൂല്യങ്ങള്‍ കൈപ്പറ്റാനായി സര്‍ക്കാരിനെ സമീപിച്ചത്. മാനദണ്ഡങ്ങളനുസരിച്ച് ഈ തൊഴിലാളികള്‍ക്ക് ശമ്പളത്തിന്റെ 84 ശതമാനം നല്‍കാനാണ് തീരുമാനം. എന്നാല്‍, ഇത് പ്രായോഗികമായി നടക്കില്ലെന്നും പറയുന്നവരുണ്ട്. 

മാര്‍ച്ച് 26-ന് സ്റ്റാര്‍സ്ബര്‍ഗിലെ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബുള്ളറ്റ് ട്രെയിനിലെ 20 യാത്രക്കാരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കിഴക്കന്‍ ഫ്രാന്‍സിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവര്‍. വെന്റിലേറ്റര്‍ ഉള്‍പ്പെടെ ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോഴേക്കും രോഗബാധിതരുടെ എണ്ണം നൂറ് തികച്ചു. ചരിത്രത്തിലാദ്യമായിട്ടാണ് ഫ്രാന്‍സ് അതിവേഗ ട്രെയിനുകളില്‍ ചികിത്സാസൗകര്യം ഏര്‍പ്പെടുത്തിയത്. രോഗബാധിതരാല്‍ ആശുപത്രികള്‍ നിറഞ്ഞപ്പോള്‍ ഫ്രാന്‍സിന് മറ്റു മാര്‍ഗ്ഗങ്ങളില്ലാതെയാകുകയായിരുന്നു. ഏപ്രില്‍ ഒന്നിന് 57,763 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 4,043 പേര്‍ മരിക്കുകയും ചെയ്തു. ഇറ്റലിയേക്കാളും സ്പെയിനിനേക്കാളും മരണനിരക്ക് കുറവാണെങ്കിലും ജര്‍മനിയിലേതിനേക്കാള്‍ വ്യാപനനിരക്കും മരണനിരക്കും കൂടുകയാണ് ഫ്രാന്‍സില്‍. മികച്ച ഭരണസംവിധാനമുള്ള, ഭരണപാരമ്പര്യമുള്ള നെപ്പോളിയന്റെ കാലം ഓര്‍മിപ്പിക്കും വിധമാണ് ഇപ്പോഴത്തെ അടിയന്തരപ്രവര്‍ത്തനങ്ങള്‍. മള്‍ഹൗസിലെ ഒരു മതചടങ്ങില്‍നിന്ന് രോഗബാധ വ്യാപകമായതോടെയാണ് മാര്‍ച്ച് 17-ന് മാക്രോണ്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഫ്രെഞ്ച് സൈന്യത്തിന്റെ അധീനതയിലാണ് രാജ്യത്തെ സഞ്ചാരനിയന്ത്രണം. ബ്രിട്ടനിയിലും മാര്‍സെല്ലെയിലും വ്യോമസേനയാണ് രോഗികളെ ആശുപത്രിയിലാക്കുന്നത്. കൃത്യമായ ചിട്ടവട്ടങ്ങളോടെ പദ്ധതികളോടെ പ്രവര്‍ത്തിക്കുന്നെങ്കിലും രോഗബാധ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 2012-ലെ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 140 കോടി മെഡിക്കല്‍ മാസ്‌കുകളായിരുന്നു ഫ്രാന്‍സിന്റെ കൈവശമുണ്ടായിരുന്നത്. പ്രതിസന്ധി വന്നതോടെ ഇത് 1.4 കോടിയായി കുറഞ്ഞു. ചൈനയില്‍നിന്ന് ഇറക്കുമതിയും കൂടി ഇല്ലാതായതോടെ ക്ഷാമം രൂക്ഷമാകുകയും ചെയ്തു. പരിശോധനകളിലും ജര്‍മനിയേക്കാള്‍ പിറകിലാണ് ഫ്രാന്‍സ്. 

സൗത്ത് ആഫ്രിക്കയുടെ തലസ്ഥാനമായ ജൊഹന്നാസ്ബർ​ഗിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ റോന്തു ചുറ്റുന്ന പൊലീസുകാരും ദേശീയ സുരക്ഷാ സൈന്യവും
സൗത്ത് ആഫ്രിക്കയുടെ തലസ്ഥാനമായ ജൊഹന്നാസ്ബർ​ഗിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ റോന്തു ചുറ്റുന്ന പൊലീസുകാരും ദേശീയ സുരക്ഷാ സൈന്യവും

സമ്പന്നര്‍ക്ക് ആരോഗ്യദാരിദ്ര്യം ആഫ്രിക്കയുടെ ഭീതി

താരതമ്യേന സമ്പന്നമായ പാശ്ചാത്യരാജ്യങ്ങളേക്കാള്‍ ഭീതിയും മുന്‍കരുതലും കൂടുതലാണ് ദരിദ്രരാജ്യങ്ങള്‍ക്കും വികസിതരാജ്യങ്ങള്‍ക്കും. പ്രഖ്യാപിക്കാന്‍ സാമ്പത്തിക പാക്കേജുകളും സഹായങ്ങളും ഇല്ലാത്ത ഈ രാജ്യങ്ങള്‍ക്ക് രോഗനിയന്ത്രണ നടപടികള്‍ ജീവശ്വാസം പോലെയാണ്. മുന്‍കാല അനുഭവങ്ങള്‍ അതിനവരെ പ്രേരിപ്പിക്കുന്നു. ആറുവര്‍ഷം മുന്‍പ് പൊട്ടിപ്പുറപ്പെട്ട എബോള പതിനായിരക്കണക്കിന് ജീവനുകളാണെടുത്തത്. ഒരു രോഗബാധയുടെ അനന്തരഫലം അതിദാരിദ്ര്യവും എണ്ണമറ്റാത്ത കെടുതികളുമാണെന്ന അനുഭവങ്ങളിലൂടെ തിരിച്ചറിയുന്നു. പകര്‍ച്ചാവ്യാധികള്‍ അസാധാരണമല്ലാത്ത ഈ രാജ്യങ്ങളില്‍ വ്യാപനത്തോത് ഇപ്പോള്‍ കുറവാണ്. എന്നാല്‍, അസാധാരണമായി എന്തെങ്കിലും സംഭവിച്ചാല്‍ അത് നിയന്ത്രിക്കാന്‍ ഈ രാജ്യങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല. യൂറോപ്പിനെയും അമേരിക്കന്‍ വന്‍കരയെയും അപേക്ഷിച്ച് ആഫ്രിക്ക പലവിധ ആരോഗ്യപ്രശ്നങ്ങളെ ഒരേഘട്ടത്തില്‍ നേരിടുന്നു. ഉയര്‍ന്ന ജനസംഖ്യ തന്നെയാണ് ആദ്യ പ്രശ്നം. വേണ്ടത്ര കാര്യക്ഷമമല്ലാത്ത ആരോഗ്യസംവിധാനങ്ങളില്ലാത്തത് മറ്റൊരു വെല്ലുവിളി. പോഷകാഹാരക്കുറവും സാമൂഹ്യജീവിതവും ന്യൂനതകളാണ്. കുടിവെള്ളമടക്കം അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെ ലഭ്യവുമല്ല. കുടിക്കാന്‍ വെള്ളമില്ലാത്തവര്‍ക്ക് മുന്നില്‍ കൈ സോപ്പിട്ട് കഴുകണമെന്ന് പറയേണ്ടി വരുന്ന അവസ്ഥ. വികസ്വരരാജ്യങ്ങളുടെയും അവസ്ഥ വേറിട്ടുനില്‍ക്കുന്നില്ല. നൂറുകൊല്ലം മുന്‍പുണ്ടായ സ്പാനിഷ് ഫ്ളൂ ഏറ്റവുമധികം തകര്‍ത്തത് ദരിദ്രരാജ്യങ്ങളെയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com