പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മത സമ്മേളനങ്ങളും ശാസ്ത്ര കോണ്‍ഫറന്‍സുകളും നിര്‍ത്തലാക്കണം

അതുകൊണ്ട് ബാക്ടീരിയകളെയും വൈറസുകളെയും നാം കുറെയൊക്കെ ബഹുമാനിച്ചേ മതിയാവൂ! ...എന്ന (ഏപ്രില്‍-6) ലേഖനത്തിന്റെ തുടര്‍ച്ച
സ്കോട്ലൻഡിലെ ​ഗ്ലാസ്​ഗോയിൽ കോവിഡ് പ്രമേയമാക്കി വരച്ചിരിക്കുന്ന ചുവർചിത്രത്തിനു മുന്നിലൂടെ നടന്നു പോകുന്ന ആൾ
സ്കോട്ലൻഡിലെ ​ഗ്ലാസ്​ഗോയിൽ കോവിഡ് പ്രമേയമാക്കി വരച്ചിരിക്കുന്ന ചുവർചിത്രത്തിനു മുന്നിലൂടെ നടന്നു പോകുന്ന ആൾ

പാഠച്ചുരുക്കം 

* അദൃശ്യമായ ഒരു അതിസൂക്ഷ്മജീവിക്ക് മനുഷ്യരാശിയുടെ ജീവനെ ഒന്നടങ്കം എപ്പോള്‍ വേണമെങ്കിലും ജീവഭയത്തിന്റെ മുള്‍മുനയില്‍ ആകസ്മികമായി നിര്‍ത്താം എന്നു നാം തിരിച്ചറിയുന്നു.

* നാം ഉണ്ടാക്കിവച്ച ഭീമമായ ആയുധശേഖരമോ സൈനിക സന്നാഹങ്ങളോ ഒന്നും ഇപ്പോള്‍ പ്രയോജനപ്പെടുന്നില്ല.

* എല്ലാ മനുഷ്യരും ഇപ്പോള്‍ ആശങ്കപ്പെടുന്ന പ്രധാന കാര്യം തങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷണവും ചികിത്സയും ലഭിക്കുമോ എന്നാണ്. ഇതു രണ്ടും ദീര്‍ഘകാലയളവില്‍ ഏതാണ്ട് പൂര്‍ണ്ണമായ അനിശ്ചിതത്വത്തിലാണ് എന്നു നാം തിരിച്ചറിയുന്നു. 

* രാഷ്ട്രീയ ഭരണകൂടങ്ങളും മതവ്യവസ്ഥകളും സാമൂഹികഘടകങ്ങളും സൃഷ്ടിച്ച അധികാരശ്രേണികളും പദവികളും അവയില്‍നിന്നുല്‍ഭവിച്ച അസമത്വങ്ങളും ഒറ്റയടിക്ക് തകരുകയും ജീവന്‍ മാത്രം കിട്ടിയാല്‍മതി എന്ന ചിന്തയില്‍ എത്തി എല്ലാവരും സമന്മാരായി തീരുന്നു എന്നു നാം തിരിച്ചറിയുന്നു.

* ലോകത്തില്‍ എന്തു ദുരന്തം ഉണ്ടായാലും അയല്‍ക്കാര്‍ക്കോ അയല്‍രാജ്യങ്ങള്‍ക്കോ രക്ഷക്കെത്താം എന്ന അറിവ് ഇപ്പോള്‍ മിഥ്യയാണ്. ഒരാള്‍ക്ക് മറ്റൊരാളെ തൊടാനോ ഒരു രാജ്യത്തിനു മറ്റൊരു രാജ്യത്തെ സഹായിക്കാനോ സാധിക്കാതെ ആഗോള തീണ്ടലും സമ്പൂര്‍ണ്ണ നിസ്സഹായതയും നിലവില്‍ വന്നു എന്നു നാം തിരിച്ചറിയുന്നു.

* ആഗോളതലത്തില്‍ അതിവേഗസഞ്ചാര സൗകര്യം, സ്വാതന്ത്ര്യം എന്നിവ മനുഷ്യചരിത്രത്തില്‍ ഉച്ചകോടിയിലെത്തിയത് നമ്മുടെ ഈ കാലഘട്ടത്തിലാണ്. അതേ സൗകര്യം ഉപയോഗിച്ചാണ് 'കോവിദന്‍ വൈറസേന്ദ്രന്‍' പരക്കെ പറന്ന് 'സകലത്തിന്മേലും ആവാസിതമായതും' സകല മനുഷ്യചലനത്തേയും നിശ്ചലമാക്കിയതും (നിന്നിടത്തുതന്നെ നിന്നുകൊള്ളുക എന്ന കല്പന ഓര്‍ക്കുക).

* മനുഷ്യര്‍ അവരുടെ എല്ലാ യാത്രകളും പ്രവര്‍ത്തികളും നിര്‍ത്തിവച്ചപ്പോള്‍ ഭൗമാന്തരീക്ഷം അതീവ ശുദ്ധമാകുകയും മൃഗങ്ങളും പക്ഷികളും ചെടികളും ഉല്ലസിക്കുകയും ചെയ്യുന്നത് നാം നേരില്‍ കണ്ട് തിരിച്ചറിയുന്നു.

* സര്‍വ്വംസഹയെന്നു നാം വിളിക്കുന്ന ഭൂമിയുടെ സഹനശേഷിക്ക് അതിരുണ്ടെന്നു വിവേകമുള്ളവര്‍ പറഞ്ഞപ്പോള്‍ അവരെ സ്വപ്നാടരെന്നു വിളിച്ചവര്‍ ഇപ്പോള്‍ തിരിച്ചു ചിന്തിച്ചു തുടങ്ങിയെന്നും നാം അറിയുന്നു.

* അനന്തകോടി വൈറസുകളുടെ മഹാപ്രപഞ്ചത്തിനുള്ളില്‍ കഴിയുന്ന മനുഷ്യരെ മുഴുവന്‍ ഇതിലും മാരകമായ ഒരു വൈറസ് വന്ന് ഒറ്റയടിക്ക് നിര്‍മ്മൂലമാക്കാം എന്നു നാം തിരിച്ചറിയുന്നു.

* മനുഷ്യാസ്തിത്വത്തിന്റെ അര്‍ത്ഥത്തേയും അര്‍ത്ഥശൂന്യതയേയും കുറിച്ച് പൗരാണികമായ ആദ്ധ്യാത്മദര്‍ശനങ്ങളും മനുഷ്യകുലത്തിന്റെ പാരമ്പര്യജ്ഞാനവും നല്‍കുന്ന ഉള്‍കാഴ്ചകളിലേയ്ക്ക് പലരും തിരിയുന്നു. എന്നാല്‍, വ്യവസ്ഥാപിത മതങ്ങളും രാഷ്ട്രീയ ഭരണകര്‍ത്താക്കളും അവയെ വേണ്ടത്ര പരിഗണിക്കുന്നില്ല എന്നു നാം തിരിച്ചറിയുന്നു.

* വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യസ്വത്ത്, അതിര്‍ത്തിഭിത്തികള്‍ എന്നിവയെല്ലാം അലംഘനീയമായ മനുഷ്യാവകാശങ്ങളാണ് എന്നു നാം വിചാരിച്ചു കൊണ്ടിരിക്കെ നമ്മുടെ എല്ലാ വ്യക്തി സ്വാതന്ത്ര്യവും അടിയറവെക്കാനും പൊതുനന്മയ്ക്കുവേണ്ടി ത്യാഗം ചെയ്യാനും നാം നിര്‍ബ്ബന്ധിതരായിത്തീരുന്നു എന്നു നാം തിരിച്ചറിയുന്നു.

തെരുവുകൾ ശൂന്യമായ ഇറ്റലി
തെരുവുകൾ ശൂന്യമായ ഇറ്റലി

അതുകൊണ്ട് അനന്തരം 

* ശാസ്ത്രീയ തെളിവുകളൊന്നും ആവശ്യമില്ലാത്ത നമ്മുടെ പ്രത്യക്ഷമായ അനുഭവജ്ഞാനത്തിന്റെ ചുരുക്കമാണ്. അതുകൊണ്ട് അവശേഷിക്കുന്ന മനുഷ്യരാശി ഇനി എന്തുമാര്‍ഗ്ഗം അവലംബിക്കണം എന്നതിനെക്കുറിച്ചു നാം അതിഗൗരവമായി കൂടിയാലോചിക്കണം. ചില എളിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചക്കുവേണ്ടി സമര്‍പ്പിക്കട്ടെ:

* മനുഷ്യന്റെ പ്രഥമമായ ആവശ്യം ഭക്ഷണമായതുകൊണ്ട് എല്ലാവരും ആഗോളതലത്തില്‍ നിര്‍ബ്ബന്ധമായും കൃഷിയിലേയ്ക്ക് തിരിയണം. ചെടിച്ചട്ടിയില്‍ വളര്‍ത്തുന്ന ഒരു പയര്‍ചെടി മുതല്‍ വിശാലമായ സമൂഹകൃഷിവരെയുള്ള പ്രവര്‍ത്തനം മൂലം ഓരോ പ്രദേശവും ഭക്ഷണകാര്യങ്ങള്‍ സ്വയം പര്യാപ്തമാകണം. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് തുടങ്ങിയ ആശയങ്ങള്‍ നമുക്കോര്‍ക്കാം. ഒന്‍പതാം ക്ലാസ്സ് മുതല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാഠ്യപദ്ധതിയുടെ ഭാഗമായി ആഴ്ചയിലൊരു ദിവസം വീതമെങ്കിലും നിര്‍ബ്ബന്ധിത കൃഷി പരിശീലനം നല്‍കണം. ഒരു പ്രദേശത്തുള്ള എല്ലാ മതങ്ങളും പൗരസംഘടനകളും പ്രാദേശിക ഭരണസമിതികളും ചേര്‍ന്നു മാതൃകാ കൃഷിതോട്ടങ്ങള്‍ ഉണ്ടാക്കണം. ഇവിടെ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതിയെ ഹിംസിക്കാതെ സകല ജീവജാലങ്ങളും അടങ്ങുന്ന ജീവന്റെ ചങ്ങലയെക്കുറിച്ചു പഠിക്കാനും പുതിയ ജീവിതശൈലി പരിശീലിക്കാനും അവസരം ഉണ്ടാകണം.

* ഹയര്‍സെക്കണ്ടറി കഴിഞ്ഞാല്‍ ആരോഗ്യമുള്ള എല്ലാ വിദ്യാര്‍ത്ഥികളും ഒരു വര്‍ഷം നിര്‍ബ്ബന്ധിതമായി സാമൂഹിക സേവനം നടത്തണം. സമൂഹകൃഷി, വനവല്‍ക്കരണം, നദീശുചീകരണം, ആശുപത്രികള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍ സന്നദ്ധസേവനം എന്നിങ്ങനെ നിരവധി മേഖലകളിലേക്ക് വിദ്യാര്‍ത്ഥികളെ നിയോഗിക്കണം. അവരുടെ പിന്നീടുള്ള പ്രൊഫണല്‍ കോഴ്സുകളില്‍ ഈ സാമൂഹ്യസേവനത്തിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധിതമാക്കുകയും അതിന് ക്രെഡിറ്റ് പോയിന്റ് കൊടുക്കുകയും ചെയ്യണം.

* ടൂറിസം വ്യവസായമാകാതേയും ആതിഥ്യം (Hospitality) ഒരു കച്ചവടമാകാതേയും മനുഷ്യവര്‍ഗ്ഗത്തിന്റെ പരമ്പരാഗതമായ ആതിഥ്യനന്മ (Virtue of hospitality) വീണ്ടെടുക്കണം. വെറുതെ അടിച്ചുപൊളിച്ചു വിനോദിക്കാന്‍ മാത്രം വരുന്നവര്‍ക്ക് ഒരു രാജ്യവും വിസാ കൊടുക്കരുത്. ഒരാള്‍ മറ്റൊരു രാജ്യത്ത് അതിഥിയായി എത്തിയാല്‍ അയാളുടെ സമയത്തിന്റെ 10 ശതമാനം എങ്കിലും അവിടുത്തെ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലോ, ശാരീരികമായി അധ്വാനിക്കാന്‍ കഴിവുള്ളവര്‍ക്ക് അങ്ങനെയോ അവസരം കൊടുക്കണം. തദ്ദേശീയ സംസ്‌കാരങ്ങളെ ആദരിച്ച് അവര്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണം. വിജ്ഞാനം, സംസ്‌കാരം, സൗഹൃദം എന്നിവ ആയിരിക്കണം അന്താരാഷ്ട്രാ ആതിഥ്യമൂല്യത്തിന്റെ അടിസ്ഥാനം. ചരിത്രത്തില്‍ ഹ്യൂയാന്‍സാങിനെപ്പോലെയോ മാര്‍കോപോളോയെ പോലെയുള്ളവര്‍ ആഴമായ സാംസ്‌കാരിക വിനിമയം നടത്തിയവരാണ്. ആ രീതിയിലുള്ള ഗൗരവമായ ടൂറിസം ആയിരിക്കണം ലോകത്തിനു വേണ്ടത്.

* ഇനിമേല്‍ എല്ലാ വിമാന സര്‍വ്വീസുകളും മറ്റു വാഹനങ്ങളും പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തിലേക്കു തിരിയണം. 20,000 വിമാനങ്ങള്‍ ഒരേ സമയം നമ്മുടെ അന്തരീക്ഷത്തില്‍ പറക്കുമ്പോള്‍ ഭൂമിക്കുണ്ടാകുന്ന നാശം അതിഭീമമാണ്. അതുകൊണ്ട് ഇനിമേല്‍ ചരക്കു നീക്കങ്ങള്‍ക്കും വളരെ അടിയന്തരമായ യാത്രകള്‍ക്കും മാത്രമായി വിമാനയാത്ര ചുരുക്കണം. മിക്കവാറും എല്ലാ അന്താരാഷ്ട്ര സമ്മേളനങ്ങളും സര്‍ക്കാര്‍ തലത്തിലുള്ള ചര്‍ച്ചകളും എല്ലാം തന്നെ വീഡിയോ കോണ്‍ഫറസിങ്ങിലൂടെ നമുക്ക് നടത്താവുന്നതാണ്. അതുപോലെതന്നെ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മത സമ്മേളനങ്ങളും ശാസ്ത്ര കോണ്‍ഫറന്‍സുകളും നിര്‍ത്തലാക്കുകയും കാര്‍ബണ്‍ ഫുട് പ്രിന്റ് (Carbon Footprint) ഭൂമിക്ക് സഹിക്കാവുന്ന തോതിലേക്ക് ചുരുക്കുകയും വേണം.

* ന്യൂക്ലിയര്‍ ഉള്‍പ്പെടെയുള്ള ആയുധനിര്‍മ്മാണം, ആയുധകച്ചവടം എന്നിവ പൂര്‍ണ്ണമായും നിര്‍ത്തലാക്കി അതിനുവേണ്ടി രാജ്യങ്ങള്‍ ചെലവാക്കുന്ന അതിഭീമമായ സമ്പത്ത് സൗരോര്‍ജ്ജ ഗവേഷണം, വനവല്‍ക്കരണം, പരിസ്ഥിതി സൗഹൃദ കൃഷി, ദാരിദ്ര്യ ഉച്ചാടനം, പ്രാഥമിക ആരോഗ്യ പരിരക്ഷണം തുടങ്ങിയ സമാധാനപൂര്‍ണ്ണമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കണം. 

* നമ്മുടെ ഭൂമിക്ക് വലിയ ഭാരമായിത്തീര്‍ന്നിരിക്കുന്ന സ്വകാര്യകാറുകള്‍ ക്രമേണ ഇല്ലാതാക്കുകയും കുറഞ്ഞ ചിലവില്‍ സൗരോര്‍ജ്ജം കൊണ്ടു പ്രവര്‍ത്തിക്കുന്ന പൊതുവാഹനങ്ങളും ടാക്‌സികളും എല്ലാവര്‍ക്കും എവിടെയും ലഭ്യമാക്കുകയും ചെയ്യണം.

* ഇപ്പോള്‍ ഭൂമിക്കു ചുറ്റും ഭ്രമണം നടത്തുന്ന ആയിരക്കണക്കിനു സാറ്റലൈറ്റുകള്‍ ഭൂമിയിലെ എല്ലാ ജീവനും താമസിയാതെ കനത്ത ഭീഷണിയാകും. അതുകൊണ്ട് മത്സരബുദ്ധികൂടാതെ എല്ലാ രാജ്യങ്ങളും ചേര്‍ന്നു ബഹിരാകാശ ഗവേഷണം, വാര്‍ത്താവിനിമയം, വൈദ്യശാസ്ത്ര ഗവേഷണം തുടങ്ങി മനുഷ്യവംശത്തിനു പൊതുവായ നന്മ വരുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഏക അന്താരാഷ്ട്ര ഏജന്‍സിയുടെ കീഴില്‍ കൊണ്ടുവരണം. അതതുരാജ്യത്ത് ഗവേഷണങ്ങള്‍ നടത്താമെങ്കിലും മനുഷ്യവര്‍ഗത്തിനു വലിയ നഷ്ടവും യുദ്ധത്തിലേക്കു നയിക്കുന്ന മത്സരവും ഒഴിവാക്കേണ്ടത് ആവശ്യമാണ്.

* മനുഷ്യരുടെ ഉപഭോഗാസക്തി വീണ്ടും വീണ്ടും വര്‍ദ്ധിപ്പിച്ചെങ്കിലേ സമ്പദ്ഘടനയും തൊഴില്‍ സാധ്യതകളും വികസിക്കുകയുള്ളൂ എന്ന ബലമായ ധാരണ ഈ വൈറസ് ആക്രമണത്തിലൂടെ നാം മാറ്റുകയും മനുഷ്യര്‍ക്ക് എന്താണ് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളത് എന്നും ഏതു പരിധിവരെ നമ്മുടെ ഉപഭോഗം വര്‍ധിപ്പിക്കാം എന്നും നാം വ്യക്തമാക്കണം. എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, വിനോദം ഇവയെല്ലാം ആവശ്യമായിരിക്കെ ലളിതമായ ജീവിത സന്തോഷങ്ങളിലേക്കു മടങ്ങാന്‍ എല്ലാ മനുഷ്യരേയും സഹായിക്കുന്ന നിയമങ്ങള്‍ ഉണ്ടാകണം. നിയമത്തിന്റേയും ഉത്തരവാദിത്വത്തിന്റേയും നിര്‍ബ്ബന്ധമില്ലെങ്കില്‍ മനുഷ്യസ്വാതന്ത്ര്യം എപ്പോഴും കൈവിട്ടുപോകും. അതിന്റെ തിക്തഫലമാണ് ഈ ദുരന്തത്തില്‍ നാം കാണുന്നത്. അതുകൊണ്ട് സര്‍ഗ്ഗാത്മകമായ വ്യക്തിസ്വാതന്ത്ര്യം, അപരനോടുള്ള ഉത്തരവാദിത്വം, സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടിയുള്ള നിയമം - ഇവ മൂന്നും സന്തുലിതമായി നിലനിര്‍ത്തുന്ന ഒരു വ്യവസ്ഥിതി ആയിരിക്കണം പുതിയ ലോകക്രമവും ജീവിതശൈലിയും.

* മനുഷ്യര്‍ സാമൂഹ്യജീവി ആയതുകൊണ്ട് ഒരുമിച്ചു കൂടാനും ആഘോഷങ്ങള്‍ നടത്താനും കളികളിലേര്‍പ്പെടാനും കലാസാഹിത്യ സാംസ്‌കാരിക മേഖലകളില്‍ ഒന്നിച്ചു ചേരാനുമുള്ള അവസരങ്ങള്‍ ധാരാളം സൃഷ്ടിക്കണം. എന്നാല്‍, ഇവിടേയും മേല്‍പറഞ്ഞ മൂന്നു തത്വങ്ങള്‍ നിയാമകമായിരിക്കണം. മതപരമോ, സാമൂഹികമോ, രാഷ്ട്രീയമോ ആയ എന്തു സംഭവമാണെങ്കിലും തുടര്‍ച്ചയായി ആളുകള്‍ തടിച്ചു കൂടുന്നത് അതതു പ്രദേശത്തിന്റെ സംവഹനശേഷിയും പാരിസ്ഥിതികമായ സഹിഷ്ണുതാശേഷിയും കണക്കിലെടുത്തുകൊണ്ട് ശക്തിയായി നിയന്ത്രിക്കപ്പെടണം.

* വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവും ആത്മീയവുമായ പോഷണം അതീവ ഗൗരവമായി എടുത്ത് അവരുടെ ശൈശവ-ബാല്യങ്ങളുടെ വിശുദ്ധിയും സാരള്യവും നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രകൃതിക്ക് ഇണങ്ങുന്ന സാങ്കേതിക വിദ്യകളും (ഇന്റര്‍നെറ്റടക്കം) മാത്രമേ അവര്‍ക്കു നല്‍കാവൂ. പൂമൊട്ട് വിടരുന്നതിനു വളരെ മുന്‍പുതന്നെ അതിന്റെ ദളങ്ങളില്‍ നഖം ഇറക്കി അതിനെ കൃത്രിമമായി വിടര്‍ത്താന്‍ ശ്രമിക്കുന്നതുപോലെയാണ് ബാല്യത്തിന്റെ തെളിമയിലേയ്ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വയലന്‍സും സെക്‌സും തുറന്നുവിടുന്നത്. പ്രകൃതിയോട് നാം കാണിക്കുന്ന ക്രൂരമായ ചൂഷണത്വരയും ആക്രമണ മനോഭാവവുമാണ് സ്ത്രീകളോടും കുഞ്ഞുങ്ങളോടും പുരുഷാധിപത്യമുള്ള സമൂഹം ഇപ്പോള്‍ അവലംബിക്കുന്നത്. അതുപൂര്‍ണ്ണമായും നിര്‍ത്തലാക്കണം.

* നീതിയിലും സമത്വത്തിലും പരിസ്ഥിതി സൗഹൃദത്തിലും അടിയുറച്ച ഒരു ലോകവ്യവസ്ഥയും ജീവിതക്രമവും തദ്ദേശീയമായ ശൈലികളില്‍ ഉണ്ടാകണമെങ്കില്‍ ഒരു പുതിയ ലോകഘടന ഉണ്ടാകണം. രണ്ടു ലോകയുദ്ധങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇനിമേല്‍ യുദ്ധം ഉണ്ടാകരുത് എന്ന ഏക ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസംഘടന രൂപം കൊണ്ടത്. എന്നാല്‍, ഇപ്പോള്‍ മനുഷ്യര്‍ ഉണ്ടാക്കുന്ന ആയുധങ്ങളോ അവര്‍ നടത്തുന്ന യുദ്ധങ്ങളോ അല്ല ഭാവിയുടെ ഭീഷണി. മനുഷ്യന്റെ ആര്‍ത്തിയേറിയ പ്രവര്‍ത്തനങ്ങള്‍ മൂലം ഏതാണ്ട് 500 വര്‍ഷമായി അധീശത്വം പുലര്‍ത്തുന്ന ആഗോളവ്യവസ്ഥ (Global Paradigm) നമ്മുടെ ജൈവമണ്ഡലത്തെ അസന്തുലിതവും അസ്വസ്ഥവുമാക്കി. അതുകൊണ്ട് ഇനിയും നമ്മള്‍ ഭയപ്പെടേണ്ടത് അദൃശ്യവും സൂക്ഷ്മവുമായ വൈറല്‍ പ്രപഞ്ചത്തെയാണ്. എന്നാല്‍, ഭയം മാറ്റിവച്ച്, മറ്റു ജീവജാലങ്ങളോട് സൗഹൃദം പുലര്‍ത്തി, ഈ കൊച്ചുഭൂമിയില്‍ മനുഷ്യര്‍ക്കും അല്പം ഇടം എങ്ങനെ സൃഷ്ടിക്കാമെന്ന് വളരെ പാരിസ്ഥിതികമായ വിനയത്തോടെ (ecological humility) നാം ഒരുമിച്ച് ചിന്തിക്കണം. അതിനു സഹായിക്കുന്നവിധം ഒരു ഏക ജീവസംരക്ഷണ സംഘടന (United One Life Organisation) ഐക്യരാഷ്ട്രസംഘടനയുടെ ചുവട് പിടിച്ച്, എല്ലാ രാജ്യങ്ങളും മതങ്ങളും സാംസ്‌കാരിക മേഖലകളും ഒരുമിച്ചു ചേര്‍ന്നു സൃഷ്ടിക്കണം. ഇതൊരു സ്വപ്നമാണ്. പക്ഷേ, സ്വപ്നം കാണാതെ യാഥാര്‍ത്ഥ്യം ഉരുത്തിരിയുകയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com