സമഗ്രാധിപത്യ കമ്യൂണിസ്റ്റ് ഭരണ മാതൃകയിലുള്ള സോഷ്യലിസത്തെ അവരിഷ്ടപ്പെടുന്നില്ല

സമഗ്രമാധിപത്യ കമ്യൂണിസ്റ്റ് ഭരണ മാതൃകയിലുള്ള സോഷ്യലിസത്തെ അവരിഷ്ടപ്പെടുന്നില്ല
സമഗ്രാധിപത്യ കമ്യൂണിസ്റ്റ് ഭരണ മാതൃകയിലുള്ള സോഷ്യലിസത്തെ അവരിഷ്ടപ്പെടുന്നില്ല

ഇക്കഴിഞ്ഞ ഏപ്രില്‍ എട്ട് സമീപകാല അമേരിക്കന്‍ ചരിത്രത്തിലെ കറുത്തദിനമായി ചിലരിലെങ്കിലും അടയാളപ്പെടുത്തപ്പെടും. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വ മത്സരത്തില്‍നിന്നു ബേണീ സാന്‍ഡേഴ്സ് പിന്‍മാറിയ ദിവസമാണത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം തനിക്കു ലഭിക്കില്ലെന്നുറപ്പായപ്പോഴാണ് പ്രൈമറികളില്‍ തന്നേക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന ജോ ബൈഡനുവേണ്ടി അദ്ദേഹം പിന്‍വലിഞ്ഞത്. 2016-ലും സാന്‍ഡേഴ്സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിച്ചിരുന്നുവെങ്കിലും ഹിലരി ക്ലിന്റനെ മറികടക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല.

ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, അമേരിക്കയിലെ ഇടതുപക്ഷത്തിന്റെ മുഖമാണ് എഴുപത്തിയെട്ടുകാരനായ ബേണി സാന്‍ഡേഴ്സ്. 'ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്' എന്നു സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം സാമ്പത്തിക അസമത്വം നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിക്കുന്ന നവലിബറലിസത്തിന്റെ നിശിത വിമര്‍ശകനാണ്. 'ദരിദ്ര അമേരിക്ക'യും 'ധനിക അമേരിക്ക'യും തമ്മിലുള്ള ഭയനാക വിടവിലേയ്ക്ക് ജനശ്രദ്ധ ക്ഷണിക്കുന്നതില്‍ മറ്റാരേക്കാളും ഔത്സുക്യം അദ്ദേഹം കാണിച്ചു പോന്നിട്ടുണ്ട്. മധുവിധു ആഘോഷിക്കുന്നതിന് സോവിയറ്റ് യൂണിയന്‍ തെരഞ്ഞെടുത്ത ഒരേയൊരു അമേരിക്കന്‍ രാഷ്ട്രീയക്കാരനാണ് സാന്‍ഡേഴ്സ്. ക്യൂബയില്‍ കമ്യൂണിസ്റ്റ് ഭരണാധികാരി ഫിഡല്‍ കാസ്‌ട്രോ പിന്തുടര്‍ന്ന വിദ്യാഭ്യാസ നയത്തേയും നികരാഗ്വയിലെ കമ്യൂണിസ്റ്റ് സാന്‍ഡിനിസ്റ്റ പ്രസ്ഥാനത്തേയും പ്രശംസിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്.

ലോകത്തിലെ അതിസമ്പന്ന രാഷ്ട്രമാണ് അമേരിക്കയെങ്കിലും അവിടെ സാധാരണക്കാരുടെ ജീവിതം അത്ര നിറപ്പൊലിമയുള്ളതല്ല. ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ അപ്രാപ്യമാണ് മിക്കവര്‍ക്കും. അതുകൊണ്ടുതന്നെ ബേണി സാന്‍ഡേഴ്സ് മുന്‍പെന്നപോലെ ഇപ്പോഴും തന്റെ പ്രചാരണവേളകളില്‍ ഉയര്‍ത്തിപ്പിടിച്ച ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യങ്ങളിലൊന്ന് 'എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ' എന്നതത്രേ. സൗജന്യ കോളേജ് വിദ്യാഭ്യാസവും വിദ്യാഭ്യാസ വായ്പാഭാരത്തില്‍നിന്നുള്ള മോചനവും എന്നതാണ് മറ്റൊന്ന്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള ധീരമായ നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടു വെക്കുകയുണ്ടായി. യുദ്ധങ്ങളും പടക്കോപ്പ് വ്യവസായവും ഒഴിവാക്കപ്പെടണമെന്നും ആരോഗ്യകരമായ നയതന്ത്രമാണ് വിദേശനയത്തിന്റെ നട്ടെല്ലാകേണ്ടതെന്നുമുള്ള ആശയം സാന്‍ഡേഴ്സിനെ മറ്റു പല യു.എസ് രാഷ്ട്രീയക്കാരില്‍നിന്നും വേറിട്ടു നിര്‍ത്തുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വന്‍ധനികരില്‍നിന്നും കോര്‍പ്പറേറ്റോക്രസിയില്‍നിന്നും അതിഭീമമായ തുക പിരിച്ചെടുക്കുന്ന അധാര്‍മ്മികതയുടെ വിമര്‍ശകന്‍ കൂടിയാണ് ജൂതസമുദായാംഗമായ ഈ ഡോമോക്രാറ്റിക് സോഷ്യലിസ്റ്റ്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നേടാന്‍ മൂന്നു മേഖലകളില്‍ മുന്നിട്ട് നില്‍ക്കേണ്ടതുണ്ട് - തലമുറകളോടുള്ള സംവാദത്തിലും പ്രത്യയശാസ്ത്ര സംവാദത്തിലും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത(electability)യുടെ കാര്യത്തിലും. പല നിരീക്ഷകരും ചൂണ്ടിക്കാണിച്ചതുപോലെ, ആദ്യം പറഞ്ഞ രണ്ടു മേഖലകളിലും മേല്‍ക്കൈ ഉള്ളത് സാന്‍ഡേഴ്സിനാണ്. മുപ്പത് വയസ്സിനു താഴെയുള്ള, യുവതലമുറയില്‍പ്പെടുന്ന വോട്ടര്‍മാരില്‍ വലിയ വിഭാഗത്തിനാഭിമുഖ്യം ജോ ബൈഡനുള്‍പ്പെടെയുള്ള മറ്റു ഡിമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വ മോഹികളേക്കാള്‍ സാന്‍ഡേഴ്സിനോടായിരുന്നു. അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് ചിന്താഗതിയും തദടിസ്ഥാനത്തിലുള്ള നയ-കര്‍മ്മരേഖയും യുവത്വത്തെ കാര്യമായി സ്വാധീനിച്ചിരുന്നു. സാമ്പത്തികനീതി, സാമൂഹികനീതി, വംശീയനീതി, പാരിസ്ഥിതികനീതി എന്നീ സാന്‍ഡേഴ്സിയന്‍ മുദ്രാവാക്യങ്ങള്‍ കലാലയ വിദ്യാര്‍ത്ഥികളടക്കമുള്ള യുവതയെ ആകര്‍ഷിച്ചു.

സാന്‍ഡേഴ്സിയന്‍ സോഷ്യലിസം

രണ്ടാംമേഖലയായ പ്രത്യയശാസ്ത്ര സംവാദത്തിലും മികച്ചുനിന്നത് സാന്‍ഡേഴ്സ് തന്നെ. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ മാത്രമല്ല, ഡെമോക്രാറ്റിക് പാര്‍ട്ടിയെ യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്ന യാഥാസ്ഥിതിക വിഭാഗവും മധ്യവലതുപക്ഷ നിലപാടുകാരാണ്. സോഷ്യലിസ്റ്റ് ചായ്വോ ഇടതുപക്ഷ സമീപനങ്ങളോ പൊറുപ്പിക്കാത്തവരാണ് ഇരുപാര്‍ട്ടികളുടേയും കടിഞ്ഞാണ്‍ പിടിക്കുന്നവര്‍. അവര്‍ പിന്തടരുന്ന വലതുപക്ഷ പ്രത്യയശാസ്ത്രവും സാമ്പത്തിക പരിപാടികളും മുതലാളിത്ത, നവലിബറല്‍ മൂല്യങ്ങളിലധിഷ്ഠിതമാണെന്നു സമര്‍ത്ഥിക്കാന്‍ ബേണി സാന്‍ഡേഴ്സിനു ഏറെ ആയാസപ്പെടേണ്ടതുണ്ടായിരുന്നില്ല. കേപിറ്റലിസ്റ്റ് അമേരിക്കയുടെ സ്ഥാനത്ത് ഒരു സോഷ്യലിസ്റ്റ് അമേരിക്കയുടെ ചിത്രം വരച്ചിടാന്‍ അദ്ദേഹത്തിനു സാധിച്ചു. എന്നുവെച്ചാല്‍, പ്രത്യയശാസ്ത്ര സംവാദത്തില്‍ അദ്ദേഹം പ്രതിയോഗികളെ നിഷ്പ്രഭരാക്കി.

മൂന്നാം മേഖലയായ 'ഇലക്റ്റബിലിറ്റി'യില്‍ പ്രശോഭിക്കുക സാന്‍ഡേഴ്സിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. സാമ്പത്തികവും സാമൂഹികവും വംശീയവുമായ നീതി എന്ന അദ്ദേഹത്തിന്റെ പ്രകൃഷ്ടാശയങ്ങളെ നെഞ്ചേറ്റുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ദീര്‍ഘകാലം വംശീയ വിവേചനത്തിന്റെ നെരിപ്പോടിലൂടെ കടന്നുപോയ  ആഫ്രോ-അമേരിക്കന്‍ വംശജര്‍. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക തുല്യതയ്ക്ക് വേണ്ടി നിരന്തരം ശബ്ദിക്കുന്നവരാണവര്‍. അവരുടെ സമ്പൂര്‍ണ്ണ പിന്തുണ ലഭിക്കാന്‍ എന്തുകൊണ്ടും അര്‍ഹനായ രാഷ്ട്രീയനേതാവാണ് സാന്‍ഡേഴ്സ്. സ്വയം എളിമയില്‍നിന്നുയര്‍ന്നുവന്ന, സാധാരണക്കാരുടെ ദുരിതങ്ങളെക്കുറിച്ച് അനുഭവജ്ഞാനമുള്ള രാഷ്ട്രീയക്കാരന്‍ എന്ന പ്രതിച്ഛായയും അദ്ദേഹത്തിനുണ്ട്. പക്ഷേ, അതൊന്നും വേണ്ടത്ര ഫലിച്ചില്ല എന്നത്രേ അമേരിക്കന്‍ രാഷ്ട്രീയത്തെ സൂക്ഷ്മമായി വിലയിരുത്തുന്ന നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത് ആഫ്രോ-അമേരിക്കന്‍ വംശജരിലെ മുതിര്‍ന്ന തലമുറ സന്ദേഹത്തിന്റെ പിടിയില്‍നിന്നു മോചിതമായില്ല എന്നവര്‍ അഭിപ്രായപ്പെടുന്നു ഡെമോക്രാറ്റുകള്‍ പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണെന്ന ചിന്താഗതിക്ക് അവര്‍ കീഴ്പ്പെട്ടു. അതിനാല്‍ത്തന്നെ ബേണീ സാന്‍ഡേഴ്സ് എന്ന സോഷ്യലിസ്റ്റിന്റെ 'വിപ്ലാവാത്മക സാമൂഹികമാറ്റം' എന്ന വാഗ്ദാനം അവരില്‍ മിക്കവരും മുഖവിലക്കെടുക്കാതിരുന്നു.

 സാന്‍ഡേഴ്സിയന്‍ സോഷ്യലിസ്റ്റ് ആശയങ്ങളുടെ സ്വാധീനം ഏറെ പ്രകടമായത് യുവതലമുറയിലാണ്. ബേണി അതിരൂക്ഷ വിമര്‍ശനത്തിനു വിധേയമാക്കിയ മുഖ്യവിഷയങ്ങളിലൊന്നു നവ ഉദാര സാമ്പത്തികനയവും അതുല്പാദിപ്പിക്കുന്ന കടുത്ത സാമ്പത്തിക അസമത്വവുമായിരുന്നു. അവിടെനിന്നുവേണം ചികിത്സ തുടങ്ങാന്‍ എന്ന അദ്ദേഹത്തിന്റെ ഉറച്ച നിലപാടിനോട് ചെറുപ്പക്കാര്‍ ഐക്യപ്പെട്ടുവെങ്കിലും കോക്കസുകളിലും പ്രൈമറികളിലും ഉദ്ദേശിച്ചവിധം അവരുടെ സാന്നിധ്യമുണ്ടായില്ല. സാന്‍ഡേഴ്സ് മുന്നോട്ടുവെച്ച ആശയങ്ങളോടുള്ള തങ്ങളുടെ പ്രതിപത്തിക്കനുസൃതമായി പ്രൈമറികളില്‍ പങ്കെടുക്കുന്നതില്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യുവതലമുറ ശുഷ്‌കാന്തി കാണിക്കാതെ പോയി.

ഇലക്റ്റബിലിറ്റിയില്‍ സാന്‍ഡേഴ്സിനെ പ്രതികൂലമായി ബാധിച്ച മൂന്നാമത്തെ ഘടകം 'കൂടുതല്‍ ഇടതുപക്ഷക്കാരന്‍' (too left) എന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായയാണെന്നു ചൂണ്ടിക്കാട്ടുന്നു നിരീക്ഷകരില്‍ പലരും. ഡമോക്രാറ്റിക് പാര്‍ട്ടിക്കകത്തുള്ള വലതുപക്ഷം മാത്രമല്ല, ആ പാര്‍ട്ടിയില്‍പ്പെട്ട അല്ലാത്തവരും ബേണിയുടെ 'ഇടതു തീവ്രത'യെ ഭയന്നു. അദ്ദേഹം പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയാകുന്നത് മിതവാദികളെ അകറ്റുമെന്നും ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാമൂഴത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നുള്ള ആശങ്ക അവരെ പിടികൂടി. ഇടതു പ്രതിച്ഛായയില്ലാത്ത ജോ ബൈഡനാകുമ്പോള്‍ ആ പ്രശ്‌നമില്ല. ട്രംപിനെ നേരിടാന്‍ മിതവാദിയും മുന്‍ വൈസ് പ്രസിഡന്റുമായ ബൈഡനാണ് സാന്‍ഡേഴ്സിനേക്കാള്‍ നന്നാവുകയെന്ന വിലയിരുത്തലിലേക്ക് അവര്‍ നീങ്ങി.

എല്ലാറ്റിനും പുറമെ, ആഫ്രോ-അമേരിക്കന്‍ വംശജരെപ്പോലെത്തന്നെ ബേണി സാന്‍ഡേഴ്സിനോട് ആഭിമുഖ്യം പുലര്‍ത്തുമെന്നു കരുതപ്പെടുന്നവരാണ്  ലാറ്റിനോകള്‍. ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളില്‍നിന്നു കുടിയേറ്റിയവരുടെ പിന്‍മുറക്കാരാണവര്‍. അമേരിക്കയില്‍ കടുത്ത വിവേചനം നേരിടുന്നവരില്‍ അവരുമുള്‍പ്പെടും. അതുകൊണ്ടുതന്നെ സാന്‍ഡേഴ്സ് അവതരിപ്പിച്ച സാമൂഹിക, സാമ്പത്തിക, വംശീയ സമത്വത്തിലൂന്നിയ ആശയങ്ങളും നയപരിപാടികളും അവര്‍ക്ക് സ്വീകാര്യവുമാണ്. വംശഭേദമെന്യേ എല്ലാവരേയും തുല്യരായി കാണുന്ന അമേരിക്ക തന്നെയാണ് അവരുടേയും സ്വപ്നം. എന്നിട്ടും പ്രൈമറികളില്‍ ലാറ്റിനോകളില്‍നിന്നു പ്രതീക്ഷിച്ച അളവില്‍ പിന്തുണ സാന്‍ഡേഴ്സിനു ലഭിച്ചില്ല.

എന്തുകൊണ്ട്? ഇവിടെ പ്രശ്‌നം സൃഷ്ടിച്ചത് ബേണി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫിഡല്‍ കാസ്‌ട്രോയുടെ വിദ്യാഭ്യാസനയത്തെ പ്രകീര്‍ത്തിച്ചതും  നികരാഗ്വയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനമായ സാന്‍ഡിനിസ്റ്റയെ പ്രശംസിച്ചതുമാണ്. പ്രൈമറികള്‍ തുടങ്ങാനിരക്കേ ഒരു ടെലിവിഷന്‍ ചാനലിന് സാന്‍ഡേഴ്സ് നല്‍കിയ അഭിമുഖത്തില്‍ തന്റെ പഴയ നിരീക്ഷണങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചു ലാറ്റിനോകളില്‍ ഗണ്യമായ ഒരു വിഭാഗത്തെ ബേണിയില്‍നിന്നു അകറ്റുന്നതിലാണ് അതു കലാശിച്ചത്. അതിനര്‍ത്ഥം സോഷ്യലിസത്തെ അവര്‍ ഇഷ്ടപ്പെടുന്നില്ല എന്നല്ല. മറിച്ച്  അഭിപ്രായ സ്വാതന്ത്ര്യ നിഷേധപരവും സമഗ്രമാധിപത്യപരവുമായ കമ്യൂണിസ്റ്റ് ഭരണമാതൃകയില്‍ അധിഷ്ഠിതമായ സോഷ്യലിസത്തെ അവരിഷ്ടപ്പെടുന്നില്ല എന്നാണ്. കമ്യൂണിസ്റ്റ് ഭരണമാതൃകയെ മൈനസ് ചെയ്ത സോഷ്യലിസത്തിനേ അമേരിക്കയിലെ പീഡിത വിഭാഗങ്ങളെപ്പോലും ആകര്‍ഷിക്കാനാവൂ എന്നതാണ് സാന്‍ഡേഴ്സിയന്‍ അനുഭവം നല്‍കുന്ന പാഠം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com