അര്‍ജ്ജുന സംഗീതത്തിന്റെ കോട്ടയം കാലങ്ങള്‍

തൊട്ടുതലോടി കടന്നുപോകുന്ന ഇളംകാറ്റുപോലെ പതിഞ്ഞ ഈണത്തിലുള്ള ആ വാക്കുകളും ഇനി ഓര്‍മ്മ 
അര്‍ജ്ജുന സംഗീതത്തിന്റെ കോട്ടയം കാലങ്ങള്‍

ത്രദൃശ്യ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ എം.കെ. അര്‍ജ്ജുനനെക്കുറിച്ചു പങ്കുവെയ്ക്കപ്പെട്ട ഓര്‍മ്മകളിലേറെയും കൊടിയ ദാരിദ്ര്യവും അനാഥത്വവും നിറഞ്ഞ ബാല്യകൗമാരങ്ങളുടെ പടുകുഴിയില്‍നിന്നു പല തലമുറകളുടെ പ്രിയങ്കരനായ സംഗീതകാരന്‍ എന്ന പദവിയിലേക്കു ഉയര്‍ന്ന അകളങ്കമായ വിനയത്തേയും എളിമയേയും സഹജീവികളോടുള്ള സ്‌നേഹത്തേയും കുറിച്ചും ആ സംഗീതം കേള്‍വിയില്‍ തീര്‍ത്ത ആഘോഷാരവങ്ങളെക്കുറിച്ചും പലപ്പോഴും പറഞ്ഞിട്ടുള്ളവ തന്നെയായിരുന്നു. അളന്ന സംഗീതദൂരങ്ങള്‍ വീണ്ടുമളക്കുന്നവയായിരുന്നു അവയില്‍ ചിലതെങ്കിലും. എം.കെ. അര്‍ജ്ജുനന്‍ സംഗീതം നല്‍കിയ സിനിമ-നാടക ഗാനങ്ങള്‍ക്ക് ഈണം പിറന്ന നിമിഷങ്ങളുടെ ഓര്‍മ്മകളും അദ്ദേഹത്തിന്റെ ജീവിതവുമാണ് 'പാടാത്ത വീണയും പാടും' എന്ന ജീവചരിത്ര ഗ്രന്ഥത്തിലും പറയുന്നത്.

എന്നാല്‍, കോട്ടയത്തുകാര്‍ക്ക് എം.കെ. അര്‍ജ്ജുനനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാഷിന്റെ അനന്യ സംഗീതത്തോടൊപ്പം ആ സൗമ്യസാന്നിധ്യം പകര്‍ന്ന സ്‌നേഹക്കരുതലിലൂടെയുള്ള സാര്‍ത്ഥക സഞ്ചാരങ്ങള്‍ കൂടിയാണ്. അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്കാകട്ടെ ഈ കോട്ടയം കൂട്ടങ്ങള്‍ അഞ്ചു പതിറ്റാണ്ടു നീണ്ട തന്റെ സംഗീതവഴികളില്‍ താന്‍ കണ്ടെത്തിയ പാട്ടിന്റേയും കൂട്ടിന്റേയും മനസ്സിനിണങ്ങിയ ഇടത്താവളങ്ങളായിരുന്നു.

ആർട്ടിസ്റ്റ് സുജാതനൊപ്പം 
ആർട്ടിസ്റ്റ് സുജാതനൊപ്പം 

സജീവവും സമ്പന്നവുമായ അരങ്ങുകള്‍ 

എം.കെ. അര്‍ജ്ജുനന്റെ സിനിമയിലും നാടകത്തിലുമായി പരന്നുകിടക്കുന്ന അതിസമ്പന്നമായ സംഗീതജീവിതത്തിലെ സുപ്രധാന കാലഘട്ടമായിരുന്നു 1960-കളില്‍ തുടങ്ങുന്ന നാടകകാലങ്ങള്‍. അന്ന് കോട്ടയത്തെ നാടകസമിതികള്‍ സജീവവും അരങ്ങുകള്‍ സമ്പന്നവുമായിരുന്നു. കേരളത്തിലെ പ്രൊഫഷണല്‍ നാടകഭൂമികയില്‍ കോട്ടയത്തിന്റെ വിശ്വകേരള കലാസമിതിയും ചങ്ങനാശ്ശേരി ഗീഥാ ആര്‍ട്സ് ക്ലബ്ബും നാഷണല്‍ തീയേറ്റേഴ്‌സും പോലെ മികച്ച നിരവധി സമിതികള്‍. നാടകങ്ങളൊരുക്കാന്‍ എന്‍.എന്‍. പിള്ളയേയും പൊന്‍കുന്നം വര്‍ക്കിയേയും പി.ആര്‍. ചന്ദ്രനേയുംപോലെയുള്ള പ്രതിഭകള്‍. എസ്.പി. പിള്ളയേയും കോട്ടയം ചെല്ലപ്പനേയും ചങ്ങനാശ്ശേരി നടരാജനേയും തിലകനേയും കാലാക്കല്‍ കുമാരനേയും ടി.കെ. ജോണിനേയും അച്ചന്‍കുഞ്ഞിനേയും പോലെയുള്ള നടന്മാര്‍. ജി ഓമനയേയും പാലാ തങ്കത്തേയും പി.കെ. കമലാക്ഷിയേയുംപോലുള്ള നടികള്‍. രംഗവേദിയൊരുക്കാന്‍ ആര്‍ട്ടിസ്റ്റ് കേശവനും ആര്‍ട്ടിസ്റ്റ് സുജാതനും. ശബ്ദവും വെളിച്ചവും ക്രമപ്പെടുത്താന്‍ കോട്ടയം ശങ്കുണ്ണി. മറ്റു ജില്ലകളില്‍നിന്നെത്തി അരങ്ങിലെ അനുഭവങ്ങളെ വിസ്മയമാക്കിയ സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, പി.ജെ. ആന്റണി, കെ.പി.എ.സി സുലോചന, പങ്കജവല്ലി അടക്കമുള്ള പ്രതിഭാധനര്‍. (പട്ടികയിലുള്ളവരേക്കാള്‍ പ്രതിനിധാനങ്ങളാകേണ്ടവര്‍  വിട്ടുപോയിട്ടുണ്ടാകാം. ക്ഷമിക്കുക)

ആ കാലഘട്ടത്തിലെ ഗാനങ്ങളൊരുക്കിയത് ഒ.എന്‍.വിയും പൂച്ചാക്കല്‍ ഷാഹുലും അടക്കമുള്ള പ്രതിഭാധനര്‍ ആയിരുന്നെങ്കില്‍ എല്‍.പി.ആര്‍. വര്‍മ്മയും ദേവരാജന്‍ മാസ്റ്ററും മാസ്റ്ററുടെ ശിഷ്യപരമ്പരയുമായിരുന്നു മുഖ്യമായും മികച്ച ഈണങ്ങളാല്‍ അവയെ ജനപ്രിയമാക്കിയത്. ദേവരാജ ശിഷ്യശൃംഖലയിലെ ആദ്യകണ്ണിയായിരുന്നു എം.കെ. അര്‍ജ്ജുനന്‍. കുമരകം രാജപ്പന്‍ ആ സമ്പന്നമായ സംഗീത പാരമ്പര്യത്തിന്റെ സാര്‍ത്ഥകമായ തുടര്‍ച്ചയും.

ഈ കാലഘട്ടങ്ങളിലെ നാടകക്യാമ്പുകളെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ തന്റെ സൗമ്യ സംഗീതസാന്നിധ്യംകൊണ്ട് വ്യത്യസ്തമാക്കി. കോട്ടയത്തെ ക്യാമ്പുകളിലേക്കുള്ള യാത്രകളില്‍ മാസ്റ്റര്‍ പാട്ടിന്റേയും കൂട്ടിന്റേയും ചില്ലകള്‍ തീര്‍ത്തു. സംഗീത ജീവിതത്തിന്റെ ഇടവേളകളില്‍ ഈ ചില്ലകളില്‍ പതിഞ്ഞുപാടുന്ന പാട്ടുപക്ഷിയെപ്പോലെ പറന്നിറങ്ങി.

ടികെ ജോൺ, ആർട്ടിസ്റ്റ് കേശവൻ
ടികെ ജോൺ, ആർട്ടിസ്റ്റ് കേശവൻ

ഒരു സംഗീതപ്രേമിയുടെ സ്‌നേഹവീട് 

കൊച്ചായനെന്നും മാത്തച്ചനെന്നും വിളിച്ചിരുന്ന പി.സി. മാത്യു എന്ന കലാസ്‌നേഹിയേയും എസ്.എച്ച്. മൗണ്ടിലെ പള്ളിയറ തുണ്ടത്തില്‍ വീടും പറയാതെ മാസ്റ്ററുടെ കോട്ടയം കാലത്തെ അടയാളപ്പെടുത്താനാവില്ല.

ജി. ദേവരാജന്‍ മാസ്റ്ററും അര്‍ജ്ജുനന്‍ മാസ്റ്ററുമടക്കം കോട്ടയത്തെത്തിയ മിക്ക കലാകാരന്മാരും ആ വീട്ടിലെ സ്‌നേഹക്കൂട്ടായ്മകളില്‍ പങ്കെടുത്തിട്ടുള്ളവരാണ്. മാസ്റ്ററും കൂട്ടുകാരും വീട്ടിലെത്തിയാല്‍ പിന്നെ പാട്ടുകൂട്ടങ്ങള്‍ സജീവമാകും. ആടാതെ തളരുന്ന മണിച്ചിലങ്ക... ഞാന്‍ ആണയിട്ടാല്‍... ഇവയൊക്കെ പാടുന്ന ചില പാട്ടുകള്‍. ഇപ്പോള്‍ സംഗീതാധ്യാപികയായ മകള്‍ സിബില്‍ ആ പാട്ടുകാലത്തെ ഇങ്ങനെ ഓര്‍ക്കുന്നു.

കൊച്ചായന്‍ മുണ്ടക്കയത്ത് ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടി (ടി ആര്‍ & ടി) എസ്റ്റേറ്റില്‍ മനേജരായിക്കുമ്പോഴാണ് അര്‍ജ്ജുനന്‍ മാസ്റ്റര്‍ അടക്കം കോട്ടയത്തുനിന്നും വലിയൊരു സംഘത്തെ ഹൈറേഞ്ചില്‍ കൊണ്ടുപോകുന്നതും അവിടത്തെ പ്ലാന്റേഷന്‍ ആര്‍ട്ട്സ് ക്ലബുമായി (എം.പി.എ.സി) ബന്ധപ്പെടുത്തുന്നതും. കുമരകം രാജപ്പന്‍, കുമരകം ബോസ്, കരിക്കണ്ടം വാസു, നടിമാരായ മാധുരിയും തങ്കമ്മയും അടക്കം നിരവധി കലാകാരന്മാര്‍ ഇങ്ങനെ ഹൈറേഞ്ചിലെ കലാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഇക്കാലത്ത് അര്‍ജ്ജുനന്‍ മാസ്റ്ററും ഹൈറേഞ്ച് മേഖലയില്‍ സംഗീതപരിപാടികളുമായി വന്നിരുന്നെന്നാണ് അക്കാലത്ത് തോട്ടം തൊഴിലാളികള്‍ക്കിടയില്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കലാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത സ്വാമിനാഥനെ ഉദ്ധരിച്ച് സി.പി.ഐ (എം) നേതാവ് കെ.ജെ. തോമസും പറഞ്ഞത്.

എംകെ അർജ്ജുനൻ, കുമരകം രാജപ്പൻ, ജി ദേവരാജൻ, ജോൺസൺ
എംകെ അർജ്ജുനൻ, കുമരകം രാജപ്പൻ, ജി ദേവരാജൻ, ജോൺസൺ

എറണാകുളത്ത് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിയായതോടെയാണ് കോട്ടയം പി.സി. മാത്യുവിന്റെ കലാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായാത്. 1970-കളുടെ തുടക്കത്തില്‍ രണ്ടു വര്‍ഷക്കാലം തുടര്‍ച്ചയായി കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ തക്ഷശിലയുടെ ബാനറില്‍ സംഘടിപ്പിച്ച സംഗീതപരിപാടിയുടെ സംഘാടനത്തിലും ഓര്‍ക്കസ്ട്രേഷനിലും അര്‍ജുനന്‍ മാസ്റ്ററും ഉണ്ടായിരുന്നു. പങ്കെടുത്തവരില്‍ ഏറെയും കോട്ടയത്തെ കലാകാരന്മാര്‍. മുപ്പത്തോളം ഓര്‍ക്കസ്ട്രാക്കാര്‍ പങ്കെടുത്ത അക്കാലത്തെ വലിയ പരിപാടി. അനിയന്‍ അപ്പച്ചനായിരുന്നു എല്ലാ പരിപാടികള്‍ക്കും കൊച്ചായന് കൂട്ട്.

അനിതര സാധാരണമായ ആകാരംപോലെയും അണിയുന്ന വസ്ത്രംപോലെയും തിളക്കമുള്ളതായിരുന്നു പി.സി. മാത്യു എന്ന അതുല്യ വ്യക്തിത്വം... ഇതു നടനും സംഘാടകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഹരിലാല്‍ വാക്കുകളില്‍ വരച്ചിടുന്ന ഓര്‍മ്മചിത്രം. 2005 ഒക്ടോബര്‍ 31-നായിരുന്നു കൊച്ചായന്റെ മരണം. രോഗാവസ്ഥയില്‍ നിരവധി തവണ അന്വേഷിച്ചെത്തുമായിരുന്ന മാസ്റ്റര്‍ സംസ്‌കാര ചടങ്ങുകളിലും പങ്കെടുത്തു.

കുമരകത്തിന്റെ രാജപ്പന്‍ 

എങ്ങനെയാണ് അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്ക് കുമരകം രാജപ്പനുമായി ആഴത്തിലുള്ള അടുപ്പത്തെ അടയാളപ്പെടുത്തുക. അര്‍ജ്ജുനന്‍ മാസ്റ്ററുടെ സിനിമാസംഗീത ജീവിതത്തല്‍ ആര്‍.കെ. ശേഖര്‍ക്കുള്ള സ്ഥാനമായിരുന്നു നാടകരംഗത്ത് കുമരകം രാജപ്പനുള്ളത്. കൃത്യമായി വിലയിരുത്തിയാല്‍ വ്യക്തിബന്ധത്തിലും വാത്സല്യത്തിലും രാജപ്പനുമായുള്ള ബന്ധമായിരുന്നു ഇത്തിരി മുന്നിട്ടുനിന്നത്.

സംഗീത വഴിയില്‍ കോട്ടയത്തിന്റെ ചുറ്റുവട്ടങ്ങളില്‍ ഗാനമേളകളിലും നാടകങ്ങളിലും ചെറിയ കലാപരിപാടികളിലും പെട്ടി വായിച്ചു നടന്ന കാലത്താണ് അര്‍ജ്ജുനന്‍ മാസ്റ്റര്‍ രാജപ്പനെ കണ്ടെത്തുന്നതും കൂടെകൂട്ടുന്നതും. ഇക്കഥ രാജപ്പന്റെ പിതൃസഹോദരപുത്രനും സന്തത സഹചാരിയുമായ വി.ജി. ശിവദാസ് എന്ന കലാക്ഷേത്ര ശിവദാസ് വിവരിച്ചതാണ്.

കുമരകം കലാക്ഷേത്രം അക്കാലത്ത് രാജപ്പന്റെ വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കലാസംഘടന ആയിരുന്നു. പരിപാടികളില്‍ രാജപ്പനാണ് ഹാര്‍മോണിയം വായിക്കുക. മാസ്റ്റര്‍ രാജപ്പനെത്തേടി വീട്ടില്‍ വന്നത് ശിവദാസിന്റെ ഓര്‍മ്മയില്‍ ഇപ്പോഴുമുണ്ട്. മാസ്റ്റര്‍ അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. ''പതിനഞ്ചു ദിവസം മകനെ നാടക ക്യാമ്പിലേക്ക് വിട്ടുതരണം. അതു കഴിഞ്ഞാല്‍ മകനു വരുമാനവും ഒക്കെയാവും...'' അച്ഛന്‍ ആളുവിട്ട് രാജപ്പനേയും ശിവദാസിനേയും ശിവദാസിന്റെ വീട്ടില്‍നിന്നു വിളിപ്പിക്കുകയായിരുന്നു. പുരാണങ്ങളിലെ അര്‍ജുനനെ മനസ്സില്‍ക്കണ്ടു വീട്ടില്‍ ചെല്ലുമ്പോള്‍ ശബ്ദം താഴ്ത്തി വളരെ സൗമ്യമായി സംസാരിക്കുന്ന ഒരു കുറിയ മനുഷ്യനെയാണ് കണ്ടത്. പിടിച്ച പിടിയാലെ കൊണ്ടുപോകുകയായിരുന്നു. അന്ന് രാജപ്പന് 21 വയസ്സ്.

1965-ല്‍ ആബേലച്ചന്റെ നേതൃത്വത്തില്‍ എറണാകുളത്ത് ഒരു നാടകസംഘം രൂപീകരിച്ച് 'അലറുന്ന ആകാശം' എന്ന നാടകത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാലം. അര്‍ജുനന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ 60 പേരുടെ പശ്ചാത്തല സംഗീതമാണ് അച്ചന്‍ നാടകത്തിനായി വിഭാവനം ചെയ്തത്. അതിലേക്ക് ആളെ തേടിയാണ് അര്‍ജ്ജുനന്‍ മാസ്റ്റര്‍ വീട്ടിലെത്തിയതും രാജപ്പനെ കൊണ്ടുപോയതും. കോട്ടയം ശ്രീനിയുടെ മരീചിക നാടകക്യാമ്പ് കോട്ടയത്ത് 16 ചിറയില്‍ നടക്കുമ്പോള്‍ അര്‍ജ്ജുനന്‍ മാസ്റ്റര്‍ രാജപ്പന്റെ ഹാര്‍മോണിയം വായന കണ്ടറിഞ്ഞിട്ടുള്ളതായിരുന്നു.

പിസി മാത്യു, ബി രമണി, കരിക്കണ്ടം വാസു
പിസി മാത്യു, ബി രമണി, കരിക്കണ്ടം വാസു

കോട്ടയത്തുനിന്ന് സ്വരാജ് ബസ്സില്‍ എറണാകുളത്ത് പോയതും രാജേന്ദ്ര മൈതാനിയില്‍ കെട്ടിയുയര്‍ത്തിയ വേദിക്കരികില്‍ രാജപ്പനേയും പിന്നെ വേദിയില്‍ അവതരിപ്പിച്ച 'അലറുന്ന ആകാശം' എന്ന വിസ്മയിപ്പിക്കുന്ന ബൈബിള്‍ നാടകം കണ്ടതും ഇന്നും ശിവദാസ് ഓര്‍ക്കുന്നു. പച്ചിലകൊണ്ടു നാണം മറച്ച ആദവും ഹവ്വയും മറ്റു പഴയനിയമ കാഴ്ചകളും ഇന്നും അത്ഭുതത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.

അവിടെനിന്ന് രാജപ്പന്റെ സംഗീതജീവിതം ആരംഭിക്കുകയായിരുന്നു. 

ആദ്യം റിഹേഴ്സല്‍ ക്യാമ്പുകളിലെ അര്‍ജ്ജുനന്‍ മാസ്റ്ററുടെ നിഴലായി. അസ്സലായി പെട്ടി വായിക്കുമായിരുന്ന രാജപ്പന്‍ പിന്നെ ഹാര്‍മ്മോണിസ്റ്റായി. മാസ്റ്റര്‍ക്ക് സിനിമാരംഗത്ത് തിരക്കുകള്‍ കൂടിയപ്പോള്‍ ആ പ്രിയശിഷ്യന്‍ നാടകരംഗത്തെ കാര്യങ്ങള്‍ നോക്കി. മാസ്റ്റര്‍ സംഗീത സംവിധായകനായി സിനിമയിലേക്കു മാറിയപ്പോള്‍ അനുമതിയോടും അനുഗ്രഹത്തോടും സംഗീത സംവിധായകനുമായി.

നാടകമൊക്കെ കഴിഞ്ഞു പള്ളുരുത്തിയിലെ വീട്ടിലേക്കു രാജപ്പനും ഒന്നിച്ചാവും മാസ്റ്ററുടെ മടക്കം. വീടിന്റെ പുറത്തെ കയറ്റുകട്ടിലിലാവും രാജപ്പന്റെ ഉറക്കം. പുതിയ വീടുവച്ചശേഷം പഴയ വീട് ഔട്ട് ഹൗസായപ്പോള്‍ റിഹേഴ്‌സലും രാജപ്പന്റെ രാത്രിയുറക്കവും അവിടെയായി. ലളിതയുമായുള്ള വിവാഹം നടത്താന്‍ മുന്നില്‍നിന്നതും മാഷായിരുന്നു.

2002 ഒക്ടോബര്‍ 10-നു രാജപ്പന്‍ മരിച്ചപ്പോള്‍ തിരുവനന്തപുരത്ത് ആശുപത്രി വളപ്പില്‍ ജഡം കൈപ്പറ്റാന്‍ പട്ടണക്കാട് പുരുഷോത്തമനൊപ്പം മാഷുമുണ്ടായിരുന്നു. നാടകത്തിന്റേയും സിനിമയുടേയും ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവന്ന മാസ്റ്റര്‍ തന്നെയായിരുന്നു ജീവനില്ലാത്ത ആ ശരീരത്തെ വീട്ടിലെത്തിച്ചതും.

കുമരകം രാജപ്പൻ, പൂച്ചാക്കൽ ഷാഹുൽ എന്നിവർക്കൊപ്പം
കുമരകം രാജപ്പൻ, പൂച്ചാക്കൽ ഷാഹുൽ എന്നിവർക്കൊപ്പം

കുമരകവുമായുള്ള ബന്ധം 

രാജപ്പനുമായ ബന്ധത്തോടൊപ്പം വളര്‍ന്നതാണ് മാസ്റ്ററുടെ കുമരകം ബന്ധവും. ആ ആത്മബന്ധത്തിന്റെ തുടര്‍കണ്ണിയാണ് കുമരകം രാജപ്പന്‍ സ്മൃതികേന്ദ്രം സെക്രട്ടറിയായ ശിവദാസ്. കുമരകത്ത് നിരന്തരം വന്നുകൊണ്ടിരുന്ന മാസ്റ്ററുടെ വരവ് ആരോഗ്യം മോശമായതോടെ നിലച്ചപ്പോള്‍ പള്ളുരുത്തിയിലെ പര്‍വ്വതീമന്ദിരത്തിലേക്കുള്ള ശിവദാസ് എന്ന കുഞ്ഞുമോന്റെ യാത്രകള്‍ കൂടിക്കൊണ്ടിരുന്നു.

സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ മാസ്റ്ററെ കുമരകം പഞ്ചായത്ത് ആദരിച്ചു. 1992-ല്‍ ഇതേ അവാര്‍ഡ് കുമരകം രാജപ്പന്‍ നേടിയപ്പോള്‍ നടന്ന മഹാസമ്മേളനത്തില്‍ നാടകാചാര്യന്‍ എന്‍.എന്‍. പിള്ളയോടൊപ്പം മാസ്റ്ററും പങ്കെടുത്തു. കുമരകം വ്യാസ കലാകേന്ദ്രത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ഉദ്ഘാടകനായ ദേവരാജന്‍ മാസ്റ്ററോടൊപ്പം പങ്കെടുത്ത അര്‍ജുനന്‍ മാസ്റ്റര്‍ കുമരകം കലാക്ഷേത്രയിലെ മുടങ്ങാത്ത സന്ദര്‍ശകനുമായിരുന്നു.

കേരളത്തില്‍ തെരഞ്ഞെടുപ്പുകളില്‍ പാട്ടുപ്രചാരണത്തിന്റെ തുടക്കകാലത്ത് 1987-ല്‍ ടി.കെ. രാമകൃഷ്ണന്‍ കോട്ടയത്ത് മത്സരിക്കുമ്പോള്‍ കുമരകത്ത് മുഴങ്ങിയ പാട്ടുകള്‍ക്ക് സംഗീതം പകര്‍ന്നത് എം.കെ. അര്‍ജ്ജുനനും കുമരകം രാജപ്പനും ആയിരുന്നു. ആ തെരഞ്ഞെടുപ്പുകാലത്ത് കോട്ടയത്തെ നിരവധി സാംസ്‌കാരിക പരിപാടികളില്‍ മാസ്റ്റര്‍ പങ്കെടുക്കുകയും ചെയ്തു. 2004-ല്‍ സുരേഷ് കുറുപ്പിനും 2006-ല്‍ വി.എന്‍. വാസവനും വേണ്ടി തയ്യാറാക്കിയ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ക്കു ഈണമിട്ടവര്‍ക്കൊപ്പം അര്‍ജ്ജുനന്‍ മാസ്റ്ററും ഉണ്ടായിരുന്നു.

രംഗശില്പികളുടെ വീട് 

1960-കളുടെ തുടക്കത്തില്‍ കൊല്ലം കാളിദാസ കലാകേന്ദ്രത്തോടൊപ്പം തുടങ്ങുന്നു അവിടെ ഹാര്‍മോണിയം വായിക്കാനെത്തിയ എം.കെ. അര്‍ജ്ജുനനു രംഗകലാചാര്യന്‍ ആര്‍ട്ടിസ്റ്റ് കേശവനുമായുള്ള അടുത്ത ബന്ധവും. അന്ന് കാളിദാസ കലാകേന്ദ്രത്തില്‍ നിരവധി കോട്ടയത്തുകാര്‍ ഉണ്ടായിരുന്നു. പാട്ടുപാടുന്ന ചവിട്ടുവേലിക്കാരന്‍ കെ.ഇ. ശ്രീധരന്‍, അയാളുടെ സഹോദരന്‍ തബലവാദകന്‍ ജനാര്‍ദ്ദനന്‍, ശബ്ദവും വെളിച്ചവും ഒരുക്കുന്ന കോട്ടയം ശങ്കുണ്ണിയും. ഇനിയുമുണ്ടാകും ഇങ്ങനെ പലരും.

അച്ഛനെ കാണാന്‍ വീട്ടിലെത്തുമ്പോള്‍ അകലെനിന്നു മാത്രം കണ്ടിരുന്ന അര്‍ജ്ജുനന്‍ മാസ്റ്ററെ സുജാതന്‍ അടുത്തു കാണുന്നതും അറിയുന്നതും അച്ഛനോടൊപ്പം നാടക ക്യാമ്പുകളില്‍ എത്തിയതോടെയാണ്. പതിയെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ അര്‍ജ്ജുനന്‍ ചേട്ടനായി മാറി.

1964-ല്‍ ദേവരാജന്‍ മാസ്റ്ററേയും ആര്‍.കെ. ശേഖറേയും അര്‍ജുനന്‍ ചേട്ടനേയും കുമരകം രാജപ്പനേയും സുജാതന്‍ ആദ്യം കണ്ടത് അവര്‍ കാരപ്പുഴ പതിനാറില്‍ ചിറയിലെ കോട്ടയം ശ്രീനിയുടെ നാടക ക്യാമ്പില്‍ പാട്ടൊരുക്കാന്‍ വന്നപ്പോഴായിരുന്നു. മറ്റുള്ളവര്‍ ചായ കുടിച്ചപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ കുടിച്ചത് പാലാണ്. 13-ാം വയസ്സില്‍ കണ്ട ദേവരാജന്‍ മാസ്റ്ററുടെ ആ രൂപം മാഞ്ഞുപോകാത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രംപോലെ സുജാതന്റെ ഓര്‍മ്മയിലുണ്ട്.

നാടക രചയിതാവ് സികെ ശശിക്കൊപ്പം
നാടക രചയിതാവ് സികെ ശശിക്കൊപ്പം

1980-1981 കാലത്ത് ഒരു ദിവസം അച്ഛന്‍ രോഗബാധിതനായി കഴയുന്ന കാലത്ത് മാസ്റ്റര്‍ ഒരു കൂട്ടം കലാസ്‌നേഹികള്‍ക്കൊപ്പം വീട്ടിലെത്തിയതാണ് സുജാതന്റെ മറ്റൊരു വികാരതീവ്രമായ അനുഭവം.

''പകല്‍ പതിനൊന്നു മണിയോടെയാണ് അവര്‍ വീട്ടിലെത്തിയത്. അര്‍ജ്ജുനന്‍ ചേട്ടനെ കൂടാതെ കുമരകം രാജപ്പന്‍. ഇന്‍ഷുറന്‍സിലെ മാത്യു സാര്‍. ആദ്ദേഹത്തിന്റെ ബന്ധു തോമസ് കൊപ്പഴ. ഒപ്പം കലാകാരന്മാരുടെ ചെറുതല്ലാത്ത സംഘവും. 

ഐ.ഒ.ബി ഉദ്യോഗസ്ഥനായ തോമസ് കൊപ്പഴ ജോസ് പ്രകാശിന്റെ നാടകങ്ങളില്‍ പാടിയിട്ടുള്ള നല്ല സ്റ്റേജ് ഗായകനാണ്. അര്‍ജ്ജുനന്‍ ചേട്ടന്‍ കോട്ടയത്തെത്തിയാല്‍ നിഴല്‍പോലെ കൂടെയുണ്ടാകും. 

കൂടെയുള്ള കലാകാരന്മാര്‍ ഓര്‍ക്കസ്ട്ര ഒരുക്കി. പിന്നീട് വൈകുന്നേരംവരെ അവര്‍ പാട്ടുകള്‍ പാടി. അച്ഛന്‍ നന്നായി ഫ്‌ലൂട്ട് വായിക്കും. അത് അര്‍ജുനന്‍ മാസ്റ്റര്‍ക്കും അറിയാം. ആവശ്യപ്പെട്ടപ്പോള്‍ ഇഷ്ടഗാനമായ കായലിനക്കരെ പോകാനെനിക്കൊരു കളിവള്ളമുണ്ടായിരുന്നു അച്ഛന്‍ ഫ്‌ളൂട്ടില്‍ വായിച്ചു.

പാടിയതിലേറെയും പഴയ പാട്ടുകള്‍ ആയിരുന്നു. കൂടുതലും നാടകഗാനങ്ങള്‍. റെക്കോര്‍ഡ് ചെയ്യപ്പെടാത്തതും ആളുകള്‍ കേട്ടിട്ടില്ലാത്തതുമായ ഗാനങ്ങളും അവിടെ പാടി. നമ്മളൊന്നാണ് പോലെയുള്ള പാട്ടിന്റെ 36 വരികളും രാജപ്പന്‍ ചേട്ടന്‍ ഓര്‍മ്മയില്‍നിന്നാണ് പാടിയത്.

അര്‍ജുനന്‍ ചേട്ടന്‍ ചലച്ചിത്ര ഗാനരംഗത്ത് ഏറ്റവും തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു എന്നോര്‍ക്കുക...''

സം​ഗീത നൽകിയ നാടകത്തിന്റെ പോസ്റ്റർ
സം​ഗീത നൽകിയ നാടകത്തിന്റെ പോസ്റ്റർ

കോട്ടയം നാടക ക്യാമ്പുകള്‍ 

പതിനാറില്‍ ചിറയിലെ ശകുന്തളാ തീയേറ്റേഴ്സ് മുതല്‍ ചങ്ങനാശ്ശേരി ഗീഥായും വൈക്കം മാളവികയുംവരെ പതിറ്റാണ്ടുകള്‍ നീണ്ടതായിരുന്നു അര്‍ജ്ജുനന്‍ മാസ്റ്ററുടെ സാന്നിധ്യം പ്രസാദാത്മകമാക്കിയ നാടകക്യാമ്പുകളുടെ ചരിത്രം. അവിടെ നാടക മുതലാളിമാര്‍ക്കു മുതല്‍ കര്‍ട്ടന്‍ കെട്ടുന്ന തൊഴിലാളികള്‍ക്കുവരെ  മാസ്റ്റര്‍ സ്‌നേഹസംഗീതം പകര്‍ന്നു.

1962-1963 കാലഘട്ടത്തില്‍ തങ്ങളുടെ വീടിനടുത്തു ആലപ്പുഴക്കുള്ള ബോട്ടു ജലപാതയുടെ ഓരത്ത് പതിനാറില്‍ ചിറയിലെ കോട്ടയം ശ്രീനിയുടെ ശകുന്തളാ തീയേറ്റേഴ്സിന്റെ നാടക ക്യാമ്പില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്താനെത്തിയ അര്‍ജ്ജുനന്‍ ചേട്ടന്‍ ഇന്നെന്നപോലെ ആര്‍ട്ടിസ്റ്റ് സുജാതന്റെ ഓര്‍മ്മയിലുണ്ട്. വഴി തീരുന്നിടത്തുനിന്നുള്ള ഒറ്റയടിപ്പാതയിലൂടെ മുന്നോട്ടു ചെല്ലുമ്പോള്‍ അവിടെയുള്ള പൂഴിക്കാട് തറവാട്ടുവീട്ടിലെ നാടകക്യാമ്പിലെത്തും. ഈ തറവാട്ടുകാരുടേതായിരുന്നു പൂഴിക്കാടന്‍ എന്ന മത്സര കളിവള്ളം. കോട്ടപ്പറമ്പനും പൂഴിക്കാടനും ആ കാലത്തെ മത്സരവള്ളംകളിയിലെ പ്രധാന എതിരാളികള്‍ ആയിരുന്നു. ആ നാടകങ്ങളിലെ ദേവരാജന്‍ മാസ്റ്ററുടേയും അര്‍ജ്ജുനന്‍ മാസ്റ്ററുടേയും ആര്‍.കെ. ശേഖറുടേയും പാട്ടുകള്‍ പിറന്നത് ഈ വീട്ടിലായിരുന്നു. ആര്‍ട്ടിസ്റ്റ് കേശവന്റെ വീട്ടില്‍നിന്നു നടന്നാണ് എല്ലാവരും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ താഴെമാത്രം ദൂരത്തുള്ള നാടകക്യാമ്പിലെത്തുക.

ശ്രീരേഖയുടെ നിശാഗന്ധിയും എന്‍.എന്‍. പിള്ളയുടെ മരീചികയുമാണ് ശകുന്തളാ തീയേറ്റേഴ്‌സിന്റെ രണ്ടു നാടകങ്ങള്‍. നിശാഗന്ധിയില്‍ ഒ.എന്‍.വി. എഴുതിയ അഞ്ചു പാട്ടുകള്‍. ദേവരാജന്‍ മാസ്റ്ററും ആര്‍.കെ. ശേഖറും ഈ രണ്ടു പാട്ടുകള്‍ക്കും അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഒരു പാട്ടിനും ഈണമിട്ടു. സ്വര്‍ണ്ണചിറകുള്ള മാലാഖമാരെ എന്നിനി രക്ഷകന്‍ വന്നീടും... എന്ന മികച്ച ഫീമെയില്‍ സോങ്ങ് ഈ നാടകത്തിലെയാണ്. എന്‍.എന്‍. പിള്ള 1968-ല്‍ രചിച്ച മരീചിക എന്ന നാടകത്തിലെ ഒ.എന്‍.വിയുടെ നാല് പാട്ടുകള്‍ക്കും സംഗീതം ഒരുക്കിയത് അര്‍ജുനന്‍ മാസ്റ്ററായിരുന്നു. നീറുമെന്‍ മനസ്സ് ഒരു മരുഭൂമി അതില്‍ നീയോ വെറുമൊരു മരീചിക... എന്ന ഗാനം ഈ നാടകത്തിലേതാണ്. കണ്ടവരുണ്ടോ, കണ്ടവരുണ്ടോ, മനുഷ്യരെ കണ്ടവരുണ്ടോ... എന്ന കോമഡി പാട്ടാണ് മറ്റൊരു ഗാനം.

1968-ല്‍ കോട്ടയത്ത് നാഷണല്‍ തീയേറ്റേഴ്സ് 'രാഗം' എന്ന നാടകം  മുതലാണ് സുജാതന്‍ നാടക ക്യാമ്പുകളില്‍ സജീവമായി അച്ഛനോടൊപ്പം എത്തുന്നതും നാടകാഭിനയവും ഗാനങ്ങളുടെ ലൈവ് റെക്കാര്‍ഡിംഗുമൊക്കെ അടുത്തു കാണുന്നതും. സംഗീത പ്രധാനമായ നാടകമായിരുന്നു രാഗം. പി.ജെ. ആന്റണി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ നാടകത്തിലെ ഒ.എന്‍.വി. എഴുതിയ ഏഴു പാട്ടുകള്‍ക്കു സംഗീതം നല്‍കിയത് അര്‍ജുനന്‍ മാസ്റ്റര്‍ ആയിരുന്നു. അക്കാലത്താണ് അര്‍ജ്ജുനന്‍ ചേട്ടനും രാജപ്പന്‍ ചേട്ടനുമായി സുജാതന്റെ ബന്ധം കൂടുതല്‍ സുദൃഢമാകുന്നത്. കോട്ടയം ചെല്ലപ്പന്‍, കെ.പി.എ.സി സുലോചന, ഡി. ഫിലിപ്പ്, മണവാളന്‍ ജോസഫ്, കെ.പി.എ.സി ഖാന്‍ തുടങ്ങി അക്കാലത്തെ മികച്ച അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമായിരുന്നു നാടകത്തിന്റെ കരുത്ത്. നാടകത്തിലെ നാലു പാട്ടുകള്‍ പാടുന്നത് അയിരൂര്‍ സദാശിവന്‍. ഒരു ഗാനരംഗത്ത് അദ്ദേഹം ഭാഗവതരായി രംഗത്തെത്തുന്നുമുണ്ട്. മൂന്നു പാട്ടുകള്‍ കെ.പി.എ.സി സുലോചന പാടി അവതരിപ്പിക്കുന്നു.

രം​ഗ ​ഗീതങ്ങളുടെ പ്രകാശനം
രം​ഗ ​ഗീതങ്ങളുടെ പ്രകാശനം

ദേവരാജന്‍ മാസ്റ്റര്‍ ചലച്ചിത്രരംഗത്ത് സജീവമായപ്പോള്‍ അര്‍ജുനന്‍ മാസ്റ്റര്‍ കാളിദാസ കലാകേന്ദ്രത്തിന്റെ സംഗീത സംവിധായകനായി. ഇതിനിടയില്‍ മാസ്റ്ററുടെ അനുമതിയോടെ കുമരകം രാജപ്പന്‍ ഒരു നാടകത്തിനു സംഗീതം പകര്‍ന്നു. ശേഷിച്ച കാളിദാസ കലാകേന്ദ്ര നാടകങ്ങള്‍ക്കെല്ലാം സംഗീതം പകര്‍ന്നത് അര്‍ജുനന്‍ മാസ്റ്റര്‍ ആയിരുന്നു. എഴുപതുകളുടെ തുടക്കംമുതലാണ് കാളിദാസ കലാകേന്ദ്രത്തിന്റെ രംഗപടമൊരുക്കാന്‍ ആര്‍ട്ടിസ്റ്റ് സുജാതന്‍ എത്തുന്നത്.

അര്‍ജ്ജുനന്‍ മാസ്റ്ററായിരുന്നു ചങ്ങനാശ്ശേരി ഗീഥാ ആര്‍ട്സ് ക്ലബ്ബില്‍ ആരംഭം മുതല്‍ സംഗീതവിഭാഗം കൈകാര്യം ചെയ്തിരുന്നത്. ഗീഥായുടെ 'ലഹരി' എന്ന നാടകം മുതല്‍ സംവിധായകനും നടനുമായ ചാച്ചപ്പന്‍ മരിക്കുന്നതുവരെ ഏതാണ്ട് ഇരുപതോളം നാടകങ്ങള്‍ക്കു സംഗീതം നല്‍കിയത് മാസ്റ്റര്‍ ആയിരുന്നു. ആര്‍ട്ടിസ്റ്റ് സുജാതനും അര്‍ജുനന്‍ മാസ്റ്ററുമായ ബന്ധം ഏറ്റവും സുദൃഢമാവുന്നത് ഇക്കാലത്തായിരുന്നു. 1981-ല്‍ ചാച്ചപ്പന്റെ മരണത്തെ തുടര്‍ന്നു 'വീധി' എന്ന നാടകം മുതലാണ് കുമരകം രാജപ്പന്‍ ഗീഥയുടെ സംഗീത സംവിധായകനാവുന്നത്.

വൈക്കം മാളവികയുടെ തുടക്കകാലം മുതല്‍ നിരവധി നാടകങ്ങള്‍ക്കു മാസ്റ്റര്‍ സംഗീതം നല്‍കി. എ.പി. ഗോപാലന്‍, പൂച്ചാക്കല്‍ ഷാഹുല്‍, പി.കെ. ശശി, ഇവരായിരുന്നു ഗാനങ്ങളില്‍ ഏറെയും രചിച്ചത്. ഇടയ്ക്ക് ടി.കെ. ജോണുമായി മാസ്റ്റര്‍ പറഞ്ഞു മുഷിയുന്നു. മാസ്റ്റര്‍ മുഷിയണമെങ്കില്‍ അത് ആ മനസ്സ് വേദനിച്ചിട്ടാവണം. എന്നാല്‍, അതപ്പോള്‍ തീര്‍ന്നു. സി.കെ. ശശിയുടെ 'അമ്മേ മാപ്പ്' എന്ന നാടകത്തിനു എല്ലാം മറന്നു ക്യാമ്പിലേക്കുവന്നു ഹാര്‍മ്മോണിയമെടുത്തു വെച്ചിട്ട്, ''പാട്ടുകളേതാ, കൊണ്ടു വാ'' എന്ന മാസ്റ്ററുടെ സൗമ്യശബ്ദത്തിന്റെ മുന്നില്‍ താന്‍ ചൂളി ഇല്ലാതായിപ്പോയെന്ന് ടി.കെ. ജോണ്‍ പറഞ്ഞിട്ടുണ്ട്. കോന്നിയൂര്‍ ദാസായിരുന്നു ഈ നാടകത്തിന്റെ ഗാനരചന.

2009 മാര്‍ച്ച് 10-നു പാര്‍വതി മന്ദിരത്തില്‍ നടന്ന പൂച്ചാക്കല്‍ ഷാഹുല്‍ രചിച്ച തിരഞ്ഞെടുത്ത 700 നാടക ഗാനങ്ങളുടെ സമാഹാരം 'രംഗഗീതങ്ങളു'ടെ പ്രകാശനം വൈക്കം മാളവികയുടെ ആദ്യ നാടകമായ സിന്ധുഗംഗയുടെ അണിയറ പ്രവര്‍ത്തകരുടെ സ്‌നേഹസംഗമമായി. അര്‍ജ്ജുനന്‍ മാസ്റ്റര്‍, സുന്ദരന്‍ കല്ലായി എന്നിവര്‍ക്കൊപ്പം ആര്‍ട്ടിസ്റ്റ് സുജാതന്‍, ടി.കെ. ജോണ്‍ അടക്കമുള്ള കോട്ടയം നാടകപ്രതിഭകളും ചടങ്ങില്‍ സംബന്ധിച്ചു.

മാളവികയുടെ മിക്ക ഹിറ്റുകളും രചിച്ച പി.കെ. ശശിക്കും പറയാനുള്ളത് തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലെ ക്ഷേത്രത്തിനായി ഭക്തിഗാനങ്ങള്‍ ഒരുക്കാന്‍ വീട്ടില്‍ താമസിച്ച മാസ്റ്ററുടെ വൃത്തിയുടേയും വിനയത്തിന്റേയും കഥകള്‍. ശശിയുടെ പത്തിലേറെ നാടകങ്ങളുടെ സംഗീതം ഒരുക്കിയത് മാസ്റ്റര്‍ ആയിരുന്നു. 2017 ജൂണ്‍ 11-നു ടി.കെ. ജോണിന്റെ മരണത്തെ തുടര്‍ന്ന് വൈക്കത്ത് തുരുത്തിത്തറ വീട്ടിലെത്തി ഭാര്യ ആലീസ് ജോണിനെ ആശ്വസിപ്പിച്ച മാസ്റ്ററെ മകന്‍ സിബി ഓര്‍ക്കുന്നു.

നാടക ക്യാമ്പുകളിലെ വൃത്തിയുടെ സന്ദേശം ആയിരുന്നു അര്‍ജുനന്‍ മാസ്റ്റര്‍. നാടക ക്യാമ്പുകളില്‍ മാസ്റ്ററെത്തുന്ന ദിവസം എല്ലാം വൃത്തിയാക്കുന്ന ദിവസമായി മാറും.

ഒരു സുന്ദരിയുടെ പാട്ടിന്റെ കഥ 

ചെന്നെത്തുന്നിടത്തെല്ലാം ശിഷ്യരെ കണ്ടെത്തുകയും  പ്രോത്സാഹിപ്പിക്കുകയും മനസ്സില്‍ ചേര്‍ത്തു നിര്‍ത്തുകയും ചെയ്ത മാസ്റ്ററുടെ കഥക്കൂട്ടില്‍ ചേര്‍ക്കാന്‍ കോട്ടയത്തിനുമുണ്ട് ഒരു പാട്ടുകാരിയുടെ കഥ.

ബി. രമണി. നന്നായി പാടുന്ന കോട്ടയംകാരി. അക്കാലത്തെ റേഡിയോ ആര്‍ട്ടിസ്റ്റ്. കോടിമത തുരുത്തിപ്പള്ളില്‍ അമ്പലപ്പുഴ ശിവരാമപിള്ള ഭാഗവതരുടെ നാലുമക്കളില്‍ ഒരാള്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ നേതാവായിരുന്ന ഗോപന്‍ ചേട്ടന്റെ ഇളയ സഹോദരി. ടി.എസ്. ചന്ദ്രശേഖരന്‍ നായര്‍ എന്ന മണിച്ചേട്ടന്‍ ഇളയ സഹോദരന്‍. ലീല മറ്റൊരു സഹോദരി. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കോട്ടയം ഭാസി പേരമ്മയുടെ മകന്‍.

മകളിലെ സംഗീതവാസന കുട്ടിക്കാലത്തെ കണ്ട ഭാഗവതര്‍ പാട്ടു പഠിപ്പിക്കുകയും കിട്ടിയ വേദിയിലൊക്കെ പാടിക്കുകയും ചെയ്തു. കാരാപ്പുഴ എന്‍.എസ്.എസ് സ്‌കൂളില്‍ സാഹിത്യകാരനും അധ്യാപകനുമായ സി.ആര്‍. ഓമനക്കുട്ടന്‍ രമണിയുടെ സഹപാഠി ആയിരുന്നു. കോട്ടയം ഭാസിയുടെ ഭാര്യ സരള ടീച്ചര്‍ ആയിരുന്നു ഇവരുടെ ക്ലാസ് ടീച്ചര്‍. തുടര്‍ന്ന് തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍നിന്നു ഗാനഭൂഷണവും പാസ്സായി. 

കുടുംബ സുഹൃത്തും ഗായകനുമായ കെ.ഇ. ശ്രീധരന്‍ രമണിയെ പാട്ടുകള്‍ പഠിപ്പിച്ചു. പാര്‍ട്ടി യോഗങ്ങളിലും ഇടവേളകളിലും രമണിയുടെ പാട്ടും ഉണ്ടാകും. കോട്ടയത്തെത്തുമ്പോള്‍ പലപ്പോഴും മാസ്റ്റര്‍ രമണിയെക്കൊണ്ട് പാടിക്കുകയും പുതിയ സംഗീത പാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. കാളിദാസ കലാകേന്ദ്രത്തിന്റെ നാടകത്തില്‍ പാടാന്‍ രമണിയെ അര്‍ജുനന്‍ മാസ്റ്റര്‍ ക്ഷണിച്ചു. പക്ഷേ, വീട്ടിലെ സാഹചര്യങ്ങള്‍ അതിനു അനുവദിക്കുന്നതായിരുന്നില്ല. എന്‍.എസ്.എസ് സ്‌കൂളില്‍ത്തന്നെ സംഗീത അധ്യാപികയായി. വിവാഹത്തെ തുടര്‍ന്നു ചെറിയൊരു ഇടവേളയ്ക്കുശേഷം ജോലിയും ഉപേക്ഷിക്കുകയായിരുന്നു.

2004 തിരുവാതുക്കല്‍ മണിച്ചേട്ടന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അര്‍ജുനന്‍ മാസ്റ്റര്‍ തന്റെ പ്രിയശിഷ്യ രമണിയെ തിരക്കി. ഇപ്പോഴും പാടുന്നുണ്ടോ എന്ന് അന്വേഷിച്ചു.

ഒരു ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു രമണിയെ വിവാഹം ചെയ്തിരുന്നത്. വിവാഹത്തില്‍ രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും. 2017 നവംബര്‍ 14-നു മരിക്കുമ്പോള്‍ അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഇഷ്ടപ്പെട്ട ഈ പാട്ടുകാരിക്ക്  76 വയസ്സ് പ്രായമായിരുന്നു.

അർജ്ജുനൻ മാസ്റ്ററിനോടൊപ്പം  കലാക്ഷേത്ര ശിവദാസും കലവൂർ ബാലനും 
അർജ്ജുനൻ മാസ്റ്ററിനോടൊപ്പം  കലാക്ഷേത്ര ശിവദാസും കലവൂർ ബാലനും 

പുതിയ കൂട്ടങ്ങള്‍ 

അര്‍ജുനന്‍ മാസ്റ്റര്‍ക്കു സിനിമാ സംഗീതജീവിതത്തില്‍ ലഭിച്ച ആദ്യത്തെ ശ്രദ്ധേയമായ അവാര്‍ഡ് ചലച്ചിത്ര സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കോട്ടയം സി.കെ. ജീവന്‍ സ്മാരക ട്രസ്റ്റ് 2015-ല്‍ ഏര്‍പ്പെടുത്തിയ പ്രഥമ രാകേന്ദു പുരസ്‌കാരമായിരുന്നു. അതുവരെ അപരിചിതമായിരുന്ന ചലച്ചിത്രഗാന ആസ്വാദന സംസ്‌കാരം കൊണ്ടുവന്ന പരിപാടിയെന്ന് കെ.ആര്‍. മീരയും സംഗീതത്തിന്റെ അദൃശ്യമായ സ്‌നേഹംകൊണ്ട്  കേരളത്തില്‍ നടക്കുന്ന ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ പരിശ്രമമെന്നു കരിവെള്ളൂര്‍ മുരളിയും വിശേഷിപ്പിച്ച രാകേന്ദു സംഗീതോത്സവം സംഗീതത്തിലെ സജീവമായ രാഷ്ട്രീയകാലത്തിന്റെ ഓര്‍മ്മയായിരുന്നു. അതുകൊണ്ടുതന്നെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്കു നല്‍കിയ രാകേന്ദു പുരസ്‌കാരം ആ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനവുമായി. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം മാസ്റ്റര്‍ക്കു ലഭിക്കാന്‍ വീണ്ടും രണ്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു.

ആര്‍ട്ടിസ്റ്റ് സുജാതനുമായ മാസ്റ്ററുടെ ബന്ധം പുതിയകാലത്ത് കലാസാംസ്‌കാരിക സംഘടനയായ ആത്മയുമായ ആത്മബന്ധമായി വളര്‍ന്നു. അങ്ങനെ അവര്‍ സംഘടിപ്പിച്ച നിരവധി സംഗീതപരിപാടികളില്‍ അദ്ദേഹം സജീവ സാന്നിധ്യമായി.

കോട്ടയത്തിന്റെ നല്ല നാടകകാലത്തിന്റെ തുടര്‍ച്ചയായി 2008 മുതല്‍ നടന്നു വരുന്ന ദര്‍ശന അഖില കേരള നാടകമത്സരത്തില്‍ മികച്ച നാടക സംഗീതത്തിനുള്ള അവാര്‍ഡ് രണ്ടു തവണ അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്കായിരുന്നു. ആദ്യം 2012-ല്‍ തിരുവന്തപുരം സൗപര്‍ണ്ണികയുടെ 'അയല്‍ക്കാരന്റെ വീട്' എന്ന നാടകത്തിലൂടെ. ഏറ്റവും ഒടുവില്‍ 2019-ല്‍ സൗപര്‍ണ്ണികയുടെതന്നെ ഇതിഹാസത്തിലൂടെ. അതു മാസ്റ്റര്‍ക്കു ലഭിച്ച അവസാനത്തെ അവാര്‍ഡായിരുന്നു. അങ്ങനെ മാസ്റ്റര്‍ക്കു ലഭിച്ച ആദ്യത്തെ ശ്രദ്ധേയമായ അവാര്‍ഡും അവസാന അവാര്‍ഡും കോട്ടയത്തുനിന്നായിരുന്നു.

അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഇനി ഓര്‍മ്മ... 

നാടകരംഗത്തും സിനിമാലോകത്തും ചിരപ്രതിഷ്ഠിതനായശേഷവും കോട്ടയത്തെ പരിചിത നടവഴികളേയോ പാട്ടിടങ്ങളേയോ അര്‍ജ്ജുനന്‍ മാസ്റ്റര്‍ മറന്നില്ല. നാട്യങ്ങളില്ലാത്ത ആ ആത്മബന്ധത്തിന്റെ തുടര്‍ച്ചക്കാഴ്ചയായിരുന്നു അന്ത്യയാത്രാമൊഴി ചൊല്ലാന്‍ കൊറോണ കാലത്തെ നിയന്ത്രണങ്ങള്‍ക്കിടയിലും ആര്‍ട്ടിസ്റ്റ് സുജാതന്റേയും കുമരകം ശിവദാസന്റേയും ആത്മ പ്രവര്‍ത്തകരുടേയും പാര്‍വതീമന്ദിരത്തിലെ സാന്നിധ്യം.

ഇനി ആ കൂട്ടില്‍ ഇത്തിരിയിടം തേടിയെത്തുന്നവര്‍ക്കെല്ലാം ഓര്‍മ്മകളില്‍പോലും ചേക്കേറാനുള്ള സ്‌നേഹത്തിന്റേയും സംഗീതത്തിന്റേയും സദാ തളിര്‍ക്കുന്ന ചില്ലകളാണ് അര്‍ജ്ജുനന്‍ മാസ്റ്റര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com