'അവിശുദ്ധ ബന്ധങ്ങളുടെ കഥകള്‍ ഇനിയും പറയാനുണ്ടെന്ന തോന്നല്‍ അവസാനിപ്പിക്കാതെ അയാള്‍ പോയി'

ചില ചോദ്യങ്ങള്‍ ദുബെയുടെ കൊലപാതകം ഉയര്‍ത്തുന്നു. എന്തുകൊണ്ട് ഗുണ്ടാസംഘങ്ങള്‍ യു.പിയില്‍ സജീവമാകുന്നു? എന്തുകൊണ്ട് ക്രിമിനല്‍ സംഘങ്ങള്‍ യു.പി രാഷ്ട്രീയത്തില്‍ സ്ഥാനംപിടിക്കുന്നു?
'അവിശുദ്ധ ബന്ധങ്ങളുടെ കഥകള്‍ ഇനിയും പറയാനുണ്ടെന്ന തോന്നല്‍ അവസാനിപ്പിക്കാതെ അയാള്‍ പോയി'

നേരം പുലരുന്നതേയുള്ളു കാണ്‍പൂരിലേക്കുള്ള ദേശീയപാതയോരത്തെ വിജനമായ വയല്‍. ഈ പാടത്തുവച്ചാണ് ഗുണ്ടാത്തലവനായ വികാസ് ദുബെ കൊല്ലപ്പെടുന്നത്. ഏതൊരു ഏറ്റുമുട്ടല്‍ കൊലപാതകവും പോലെ, മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം. അഞ്ചു സംസ്ഥാനങ്ങളിലായി ഏഴുദിവസത്തെ തെരച്ചിലിനൊടുവില്‍ മധ്യപ്രദേശിലെ ഉജ്ജയിനിയില്‍നിന്ന് പിടികൂടിയ ദുബെയെ കാണ്‍പൂരിലെത്തിക്കാന്‍ മൂന്നുവാഹനങ്ങളാണ് യു.പി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് തയ്യാറാക്കിയത്. ആ യാത്രയില്‍, അതിലൊരു അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് മറിയേണ്ടതായിരുന്നുവെന്ന് നേരത്തേ തീരുമാനിക്കപ്പെട്ടിരുന്നു.

വാഹനം മറിഞ്ഞപ്പോള്‍ ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും പരുക്കേറ്റ പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ത്തെന്നുമാണ് ഔദ്യോഗിക ഭാഷ്യം. ഞങ്ങള്‍ക്കു മുന്നില്‍ മറ്റു വഴികള്‍ ഇല്ലായിരുന്നു- സംഭവത്തില്‍ ആദ്യം പുറത്തുവന്ന പ്രതികരണം കാണ്‍പുര്‍ വെസ്റ്റ് എസ്.പിയുടേതായിരുന്നു. പലതവണ വെടിയൊച്ച കേട്ടതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ആരാണ് ദുബെ? അറുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ദുബെയുടെ മൂന്നു ദശാബ്ദത്തെ ജീവിതം എങ്ങനെയാണ് അനാവരണം ചെയ്യപ്പെടുക?

വികാസ് ദുബെ
വികാസ് ദുബെ

സത്യങ്ങളും സങ്കല്പങ്ങളും മിഥ്യകളും ചേര്‍ത്തെഴുതിയ ഒരു ജീവിതമായിരുന്നു ദുബെയുടേത്. പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളുമായി സൗഹൃദം, ജില്ലാതല തെരഞ്ഞെടുപ്പില്‍ ജയം, വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ പൊലീസില്‍ ആളുകള്‍, ആയുധങ്ങള്‍ കയ്യിലേന്തിയ അംഗരക്ഷകര്‍ -അധോലോക നേതാവിനൊത്തതായിരുന്നു വികാസ് ദുബെയുടെ ജീവിതം. മരണത്തിന് ശേഷവും ദുബെയുടെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. പല പാര്‍ട്ടികള്‍ മാറി, ഒടുവില്‍ ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേക്കേറിയ യു.പി മന്ത്രിക്കൊപ്പം വേദി പങ്കിടുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്.  വികാസിന്റെ അന്ത്യം ഒരു ത്രില്ലര്‍ ചലച്ചിത്രത്തിന്റെ ക്ലൈമാക്‌സ്  പോലെ തോന്നാം. അടിക്കുറിപ്പുപോലുമില്ലാതെ ഇനിയും പറയാനുണ്ടെന്ന തോന്നല്‍ അവസാനിപ്പിക്കാതെ അയാള്‍ പോയി. എന്നാല്‍, ചില ചോദ്യങ്ങള്‍ ദുബെയെ പോലെയുള്ളവര്‍ ഉയര്‍ത്തുന്നു. എന്തുകൊണ്ട് ദുബെയെപ്പോലെയുള്ള ഗുണ്ടാസംഘങ്ങള്‍ യു.പിയില്‍ സജീവമാകുന്നു? എന്തുകൊണ്ട് ക്രിമിനല്‍ സംഘങ്ങള്‍ യു.പി രാഷ്ട്രീയത്തില്‍ സ്ഥാനംപിടിക്കുന്നു? എന്‍കൗണ്ടര്‍ ആണോ കുറ്റകൃത്യങ്ങള്‍ തടയാനുള്ള പോംവഴി?

ക്രിമിനലുകളായ രാഷ്ട്രീയക്കാരുടെ എണ്ണം യു.പിയില്‍ കൂടുതലാണ്. യു.പി നിയമസഭയിലെ 403 എം.എല്‍.എമാരില്‍ 143 പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. യു.പിയെ സംബന്ധിച്ച് ഇതൊന്നും പുതിയ കാര്യമല്ല. രാഷ്ട്രീയവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കാള്‍ ഒരുപടി മുന്നിലാണ് അവിടെ. 2017-ല്‍ യു.പി തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ ബി.ജെ.പി മുന്നോട്ടുവച്ചിരുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്ന് കുറ്റകൃത്യങ്ങള്‍ കുറയ്ക്കുമെന്നായിരുന്നു. ഇതിനായി യോഗി ആദിത്യനാഥ് ചെയ്ത പ്രധാന കാര്യങ്ങളിലൊന്ന് എന്‍കൗണ്ടറുകള്‍ വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു.

അതിഖ് അഹമ്മദ്
അതിഖ് അഹമ്മദ്

2019 ഡിസംബര്‍ വരെ യോഗി സര്‍ക്കാരിന്റെ പൊലീസ് നടത്തിയ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത് 103 പേരാണ്. അഖിലേഷിന്റേയും മായാവതിയുടേയും കാലത്തെ ജംഗിള്‍രാജ് അവസാനിച്ചു എന്നാണ് യോഗിയും ബി.ജെ.പിയും അവകാശപ്പെടുന്നത്. എന്നാല്‍, ഇത് തെറ്റാണെന്ന് എട്ട് പൊലീസുകാരുടെ കൊലപാതകം തന്നെ തെളിയിക്കുന്നു. പൊലീസ് സേനയിലുള്ളവരും ക്രിമിനലുകളും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതില്‍ സംവിധാനം പരാജയപ്പെടുന്നു. യോഗി ആദിത്യനാഥിന്റെ എന്‍കൗണ്ടര്‍ നയം നടപ്പാക്കുന്നതിനായി യു.പി പൊലീസ് നിരപരാധികളെ കുറ്റക്കാരായി ചിത്രീകരിക്കുന്നതായി 2018-ല്‍ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുബെയെ അറസ്റ്റുചെയ്ത എസ്.ഐ. കെ.കെ. ശര്‍മ്മ തന്നെ ജീവരക്ഷാര്‍ത്ഥം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു വിരോധാഭാസം. മറ്റൊന്ന്, ദുബെയുടെ കൊലപാതകം വിവാദമായപ്പോള്‍ അന്വേഷിക്കാന്‍ യോഗി ആദിത്യനാഥ് ഒരു പ്രത്യേക സംഘത്തിന് രൂപം നല്‍കി. 13 വര്‍ഷം മുന്‍പ് ഒരു നിരപരാധിയെ വെടിവച്ചു കൊന്ന ഡി.ഐ.ജി ജെ. രവീന്ദര്‍ ഗൗഡാണ് ഈ സംഘത്തെ നയിക്കുന്നത്. ഈ സംഘത്തില്‍ വിരമിച്ച ജഡ്ജിയെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് സുപ്രീംകോടതി പിന്നീട് പറഞ്ഞത്.

2017 മാര്‍ച്ചില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയാണ് യു.പിയില്‍ യോഗി ആദിത്യനാഥിന്റെ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. മൂന്നര വര്‍ഷത്തോടടുക്കുന്ന ഭരണത്തില്‍, അഖിലേഷ് യാദവിന്റെ എസ്.പി സര്‍ക്കാരിന്റെ കാലത്തും അതിനുമുന്‍പ് മായാവതിയുടെ ബി.എസ്.പി സര്‍ക്കാരിന്റെയും കാലത്തുമുണ്ടായിരുന്നതുപോലെ ക്രമസമാധാനനില തകര്‍ന്നില്ലെന്നും കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞതായുമാണ് യോഗി ആദിത്യനാഥിന്റെ അവകാശവാദം. എന്നാല്‍, ഇതിനു വിരുദ്ധമായ കാര്യങ്ങളാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ യു.പിയില്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗുണ്ടകളെ എന്‍കൗണ്ടര്‍ ചെയ്തു കൊലപ്പെടുത്തുക എന്ന ഏറ്റുമുട്ടല്‍ കൊലയുടെ സംസ്‌കാരം യോഗി യു.പിയില്‍ ശക്തമാക്കി. എന്‍കൗണ്ടര്‍ ഒരു ക്രിമിനല്‍ രീതിയാണെന്ന് സുപ്രീംകോടതി 2014-ല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം കൊലപാതകങ്ങള്‍ തികച്ചും അപലപനീയമാണെന്നും അത് അംഗീകൃതമായ, നിയമപരമായ ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്‌ട്രേഷന്‍ സിസ്റ്റത്തിന്റെ ഭാഗമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ നടക്കുന്നുണ്ടെങ്കില്‍ അതിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കേണ്ട പദം 'സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് ടെററിസം' എന്നാണെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

ബബ്‌ലു ശ്രീവാസ്തവ
ബബ്‌ലു ശ്രീവാസ്തവ

എങ്ങനെയാണ് ദുബെയെപ്പോലെയുള്ള പ്രാദേശിക ഗുണ്ടാത്തലവന് ഡി.വൈ.എസ്.പി റാങ്കിലുള്ള ഒരു പൊലീസ് ഓഫീസര്‍ അടക്കം എട്ടുപേരെ വെടിവെച്ചു കൊന്നുകളയാനുള്ള ധൈര്യം കിട്ടുന്നത്? പൊലീസ് തന്നെ അറസ്റ്റു ചെയ്യാന്‍ വരുന്ന വിവരം അയാള്‍ക്ക് നേരത്തെ ചോര്‍ന്നുകിട്ടിയത് എങ്ങനെയാണ്? അവിടെയാണ് യു.പിയിലെ ഭരണകൂട വ്യവസ്ഥയില്‍ ആഴത്തില്‍ വേരിറങ്ങിയ ക്രിമിനല്‍ മാഫിയയുടെ ചിത്രം കൂടുതല്‍ വ്യക്തമാകുക. രാഷ്ട്രീയക്കാരും പൊലീസുകാരും ക്രിമിനലുകളും ചേര്‍ന്ന ഗൂഢസംഘത്തിന്റെ കൂട്ടുകെട്ടിലേക്കാവും അമ്പത്തിരണ്ടുകാരനായ ദുബെയുടെ കൊലപാതകം വിരല്‍ചൂണ്ടുക. എന്നാല്‍, വ്യവസ്ഥ തന്നെ വളര്‍ത്തിയെടുത്ത ആ മനുഷ്യനൊപ്പം കുറേ രഹസ്യങ്ങളും മൂടപ്പെട്ടു. കാണ്‍പൂരിലെ ബ്രാഹ്മണര്‍ക്ക് മുന്‍തൂക്കമുള്ള പല ഗ്രാമങ്ങളേയും അടക്കിവാണിരുന്ന ഒരു ഡോണ്‍ ആയിരുന്നു ദുബെ. അത് പഞ്ചായത്ത്, നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താവുന്ന തരത്തിലുള്ള ഒരു വോട്ട്ബാങ്ക് പൊളിറ്റിക്‌സ് കൂടിയായിരുന്നു. പൊലീസും രാഷ്ട്രീയവും ജാതിയും കൂടിക്കലര്‍ന്ന മണ്ണില്‍ നേതാക്കളെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് ദുബെ വോട്ടുകള്‍ വാരിക്കൂട്ടിയത്. കൊലപാതകക്കുറ്റത്തിന് ജയിലില്‍ കിടക്കുമ്പോഴാണ് ശിവരാജ്പൂര്‍ ജില്ലാപഞ്ചായത്തിലേക്ക് അയാള്‍ മത്സരിച്ച് ജയിച്ചത്. ദുബെയുടെ കയ്യില്‍നിന്ന് മാസാമാസം പടി പറ്റിക്കൊണ്ടിരുന്ന നിരവധി പൊലീസ് ഓഫീസര്‍മാര്‍ പൊലീസില്‍ ഉണ്ടായിരുന്നു. അവരില്‍ ചിലരാണ് സേനയുടെ നീക്കങ്ങളെക്കുറിച്ച് ദുബെക്ക് വിവരം ചോര്‍ത്തി നല്‍കിയത്. അധികാരത്തിന്റെ ഇടനാഴികളിലുള്ള വികാസ് ദുബെയുടെ വലിയ സ്വാധീനമാണ് അയാള്‍ക്കുമുന്നില്‍ വിനീതവിധേയരായി നില്‍ക്കാനും പടി പറ്റിക്കൊണ്ട് അയാള്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കാനും പൊലീസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചിരുന്നത്.

വികസനവും കുറ്റകൃത്യങ്ങളും

എണ്‍പതുകളില്‍ യു.പിയില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങളാണ് കുറ്റകൃത്യങ്ങളും ക്രിമിനല്‍ സംഘങ്ങളും കൂടാന്‍ കാരണം. സര്‍ക്കാരിന്റെ ടെണ്ടറുകള്‍ കൈവശമാക്കിയാണ് പല മാഫിയ സംഘങ്ങളും തങ്ങളുടെ 'കരിയര്‍' തുടങ്ങിയതുതന്നെ. പിന്നീട് അവരില്‍ പലരും വലിയ റെയില്‍വേ കോണ്‍ട്രാക്റ്റര്‍മാരായി. സര്‍ക്കാരിന്റെ അടിസ്ഥാനസൗകര്യവികസന പദ്ധതികളുടെ നടത്തിപ്പ് അവരുടെ കുത്തകയായി. ഭീഷണിപ്പെടുത്തിയും കൈക്കരുത്ത് തെളിയിച്ചുമാണ് പല കരാറുകളും നേടിയത്. ഇതിനൊപ്പം പണവും കുമിഞ്ഞുകൂടി. രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എം.എല്‍.എമാര്‍ക്കും പൊലീസുകാര്‍ക്കും അവരത് വാരിക്കോരി കൊടുത്തു. സത്യത്തില്‍ രണ്ടുകക്ഷികളും പരസ്പര ധാരണയോടെയുള്ള ഒരു ഇടപാടായിരുന്നു അതൊക്കെ. തെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കു പണവും മസില്‍പവറും വേണമായിരുന്നു. കൊലപാതകവും തട്ടിക്കൊണ്ടുപോകലും തുടങ്ങി ഭൂമിത്തട്ടിപ്പ് വരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് രാഷ്ട്രീയക്കാര്‍ സംരക്ഷണം നല്‍കി.

വികാസ് ദുബെയുടെ സ​ഹായി അബർ ദുബെ. എൻകൗണ്ടറിൽ അമറും കൊല്ലപ്പെട്ടു
വികാസ് ദുബെയുടെ സ​ഹായി അബർ ദുബെ. എൻകൗണ്ടറിൽ അമറും കൊല്ലപ്പെട്ടു

അലഹബാദ് നിയന്ത്രിച്ചിരുന്നത് അതിഖ് അഹമ്മദെന്ന കുപ്രസിദ്ധനായ കുറ്റവാളിയായിരുന്നു. 2004-ലെ തെരഞ്ഞെടുപ്പില്‍ അതിഖിന്റെ സഹോദരനായ അഷ്‌റഫിനെ പരാജയപ്പെടുത്തിയ ബി.എസ്.പി എം.എല്‍.എ രാജുപോളാണ്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ ജയിലിലാണ് അതിഖ്. അഭയ് സിങ്ങും ബ്രിജേഷ് സിങ്ങും ധനഞ്ജയ സിങ്ങുമായിരുന്നു കിഴക്കന്‍ യു.പിയിലെ ഡോണുകള്‍. ദുന്നി സിങ്ങാണ് റായ്ബറേലി ഭരിച്ചത്. പിന്നീട് ഭരണം മകനായ അഖിലേഷ് സിങ് ഏറ്റെടുത്തു. തൊണ്ണൂറുകളിലെ കുപ്രസിദ്ധനായ ഗുണ്ടാത്തലവന്‍ പ്രകാശ് ശുക്ലയെ 1998-ല്‍ ഒരു ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെയാണ് യു.പി പൊലീസ് കൊല്ലുന്നത്. ഗുണ്ടാനേതാവും പിന്നീട് ഗൊരഖ്പൂര്‍ എം.എല്‍.എയുമായ വീരേന്ദ്ര പ്രതാപ് ഷാഹിയെ കൊന്നത് ശുക്ലയായിരുന്നു. ലക്നൗവിലെ ബിസിനസ്സുകാരനായ കുനാല്‍ റാസ്തോഗിയുടെ മകനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത് ശുക്ലയായിരുന്നു. ശുക്ലയുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് 2005 'സെഹര്‍' എന്ന ചിത്രം ബോളിവുഡില്‍ വരുന്നത്.

ഡോണുകളും ബോംബെ അധോലോകവും

രാഷ്ട്രീയഗുരുക്കന്‍മാരില്ലാത്തതുകൊണ്ടാണ് ശുക്ല കൊല്ലപ്പെട്ടതെന്ന് പറയപ്പെടുന്നു. യു.പിയിലടക്കം ഉത്തരേന്ത്യയിലെ പല ഗ്യാങ്ങുകളേയും പ്രോത്സാഹിപ്പിക്കുന്നത് മുംബൈ അധോലോകമാണ്. ബോളിവുഡില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും ഇതോടൊപ്പമുണ്ട്. ഗ്യാങ്സ്റ്ററില്‍ അഭിനയിച്ച അര്‍ച്ചന ബാല്‍മുകുന്ദ് ശര്‍മ്മ എന്ന നടി ഓംപ്രകാശ് ബാബ്ലൂ ശ്രീവാസ്തവയുടെ കാമുകിയായിരുന്നു. ലേഡി ഡോണെന്നറിയപ്പെട്ട അവര്‍ക്ക് ദാവൂദ് ഇബ്രാഹിം അടക്കമുള്ള ഗ്യാങ്ങുകളുമായി അടുപ്പമുണ്ടായിരുന്നു. അധികമാരും അറിയപ്പെടാത്ത ജീവിതചരിത്രമുള്ള അവര്‍ നേപ്പാളില്‍ വച്ച് ദുരൂഹമായി കൊല്ലപ്പെട്ടെന്നാണ് ഏറ്റവുമൊടുവില്‍ കിട്ടുന്ന വിവരം. ബോളിവുഡില്‍ അഭിരമിക്കുന്ന ഈ ഗുണ്ടാത്തലവന്‍മാരുടെ ജീവിതാവസാനവും പലപ്പോഴും നാടകീയത നിറഞ്ഞതാവാം.

വികാസ് ദുബെ കൊല്ലപ്പെട്ട വയൽ. കാൺപൂരിലേക്കുള്ള ദേശീയപാതയുടെ ഓരത്താണ് ഈ വയൽ
വികാസ് ദുബെ കൊല്ലപ്പെട്ട വയൽ. കാൺപൂരിലേക്കുള്ള ദേശീയപാതയുടെ ഓരത്താണ് ഈ വയൽ

രാഷ്ട്രീയത്തിലേക്ക് പ്രവേശനവിജയം നേടിയ ആദ്യ ഗുണ്ടാത്തലവന്‍ ഹരിശങ്കര്‍ തിവാരിയാണ്. പിന്നീട് സ്വതന്ത്ര എം.എല്‍.എയായ ഷാഹിയില്‍ വരെ ആ പട്ടിക നീളുന്നു. 1982-ല്‍ ബ്രാഹ്മണനേതാവെന്ന് സ്വയം വിശേഷിപ്പിച്ച ദുബെയെപ്പോലെ തിവാരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഗൊരഖ്പൂരില്‍നിന്ന് മത്സരിക്കുകയും സംസ്ഥാന മന്ത്രിയാകുകയും ചെയ്തു. പിന്നീട് ബി.എസ്.പിയിലെത്തിയ അദ്ദേഹം മക്കളേയും അനന്തരവന്‍മാരേയും പാര്‍ട്ടിപദവികളിലെത്തിച്ചു. ഇന്നത്തെ പല ക്രിമിനലുകളുടേയും പ്രചോദനം തിവാരിയുടെ രാഷ്ട്രീയ വിജയമാണെന്ന് പറയപ്പെടുന്നു. പിന്നീടിങ്ങോട്ട് രാഷ്ട്രീയ സ്വാധീനത്തിന്റെ ശക്തി മനസ്സിലാക്കിയ ഗുണ്ടാത്തലവന്‍മാര്‍ തിവാരിയുടെ പാത പിന്തുടര്‍ന്നു. അവരില്‍ ചിലര്‍ സ്വതന്ത്ര രാഷ്ട്രീയക്കാരായി മാറി. അഭയ് സമാജ് വാദി പാര്‍ട്ടിയുടെ ഒപ്പമായി. അതിക് അപ്നാദളിലെത്തി. എസ്.പി. ബ്രിജേഷും ധനഞ്ജയും ബി.എസ്.പിയിലുമെത്തി. ആകസ്മികമായാണെങ്കിലും എസ്.പിയും ബി.എസ്.പിയും കഴിഞ്ഞ മൂന്നു ദശാബ്ദമായി ഈ ക്രിമിനല്‍ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. 1989-ല്‍ കോണ്‍ഗ്രസ്സിനു ലഭിച്ച തിരിച്ചടിക്കു ശേഷം ഈ രണ്ട് പാര്‍ട്ടികളുമാണ് ഏറ്റവും കൂടുതല്‍ വോട്ടുവിഹിതം നേടിക്കൊണ്ടിരിക്കുന്നത്.

അഞ്ചുതവണ നിയമസഭാംഗമായ എസ്.പിയുടെ ടിക്കറ്റില്‍ പുല്‍ഫറില്‍നിന്ന് പാര്‍ലമെന്റിലെത്തിയ അതിഖ് 2009-ല്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായി. 2008 മുതല്‍ പ്രഗദീഷല്‍ മാനവ് സമാജ്വാദി പാര്‍ട്ടിയുടെ ബ്രിജേഷ് അഴികള്‍ക്കുള്ളിലാണ്. അദ്ദേഹത്തിന്റെ ഭാര്യ അന്നപൂര്‍ണ്ണ സിങ് ബി.എസ്.പി എം.എല്‍.സിയാണ്. അനന്തരവന്‍ സുശീല്‍ സിങ് എം.എല്‍.എയും. ജീവിതത്തിലെ ചില നിമിഷങ്ങളാണ് ഇവരെ ക്രിമിനലുകളാക്കിയത്. അച്ഛന്റെ കൊലപാതകത്തിനു പകരംവീട്ടിയാണ് ബ്രിജേഷ് എത്തിയതെങ്കില്‍ സഹോദരിയെ ശല്യപ്പെടുത്തിയയാളെ കൊന്നാണ് പ്രകാശ് ക്രിമിനലാകുന്നത്. 2005-ല്‍ കൊല്ലപ്പെട്ട ബി.ജെ.പി എം.എല്‍.എ കൃഷ്ണനന്ദ റായിയെയാണ് ബ്രിജേഷ് പിന്തുണച്ചിരുന്നത്. കിഴക്കന്‍ യു.പിയിലെ ഗ്യാങ് ലീഡറായിരുന്ന മുക്താര്‍ അന്‍സാരിയുടെ ഗ്യാങ്ങാണ് കൃഷ്ണയെ കൊന്നത്. ഈ കുറ്റത്തിന് ജയിലിലായ അന്‍സാരി പിന്നീട് പുറത്തുവന്നു. എന്നാല്‍, കൃഷ്ണനന്ദയെ കൊന്ന് അതേ സംഘത്തില്‍പ്പെട്ട മുന്ന ബജ്റങിയാണെന്ന് കരുതപ്പെടുന്നു. 2018-ല്‍ സുനില്‍ രാത്തിയുടെ വെടിയേറ്റ് ജയിലില്‍വച്ച് ബജ്റങി കൊല്ലപ്പെടുന്നു. ബ്രിജേഷാകട്ടെ, മുംബൈയിലേക്ക് കടന്നു. ഇപ്പോള്‍ ഡി കമ്പനിയില്‍ അംഗമാണ് ബ്രിജേഷെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. 1993-ലെ മുംബൈ സ്ഫോടനപരമ്പരയ്ക്ക് ശേഷം അവര്‍ വഴിപിരിഞ്ഞെന്നും കേള്‍ക്കുന്നുണ്ട്. 1992-ല്‍ ഡോക്റായി വേഷം മാറിയെത്തിയ ബ്രിജേഷ് അരുണ്‍ ഗ്വാലി ഗ്യാങ്ങിലെ ഒരംഗത്തേയും മൂന്നു പൊലീസുകാരേയും രണ്ട് രോഗികളേയും വെടിവച്ചിരുന്നു. അതിജീവനത്തിന്റെ ഭാഗമായിരിക്കാം ഈ നീക്കമെന്ന് പറയപ്പെടുന്നു. 1996-ലെ കുന്‍ഡ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്ക് കല്യാണ്‍സിങ് ഉയര്‍ത്തിയ മുദ്രാവാക്യം ഈ മാഫിയസംഘങ്ങളെ ഇല്ലാതാക്കുമെന്നായിരുന്നു.

വികാസ് ദുബെയുടെ സംഘവുമായുള്ള ഏറ്റുമുട്ടൽ നടന്ന സ്ഥലം സന്ദർശിക്കുന്ന മുതിർന്ന ഉദ്യോ​ഗസ്ഥർ. എട്ട് പൊലീസുകാർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു
വികാസ് ദുബെയുടെ സംഘവുമായുള്ള ഏറ്റുമുട്ടൽ നടന്ന സ്ഥലം സന്ദർശിക്കുന്ന മുതിർന്ന ഉദ്യോ​ഗസ്ഥർ. എട്ട് പൊലീസുകാർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ലക്നൗ സര്‍വ്വകലാശാലയില്‍നിന്നാണ് ധനഞ്ജയ് തുടങ്ങുന്നത്. ജോന്‍പൂരില്‍നിന്ന് രണ്ടു തവണ എം.എല്‍.എയും എം.പിയുമായ അദ്ദേഹം 2007-ല്‍ ബി.എസ്.പിയില്‍ ചേര്‍ന്നു. റോബിന്‍ഹുഡ് എന്ന് മായാവതി വിശേഷിപ്പിച്ച അദ്ദേഹം സാമൂഹ്യസേവനരംഗത്ത് സജീവമായിരുന്നു. പണം കൊടുത്തു വോട്ടു നേടിയ അദ്ദേഹം ഗുണ്ടാത്തലവന്‍മാര്‍ക്ക് ഒരു വാര്‍പ്പുമാതൃകയായി. എന്‍.ആര്‍.എച്ച്.എം വിവാദത്തില്‍പ്പെട്ടതോടെയാണ് മായാവതി ആ പേര് വെട്ടിയത്. 2011 ഡിസംബറില്‍ ഇരട്ടക്കൊലക്കേസില്‍ ധനഞ്ജയന്‍ അറസ്റ്റിലായി. 1989-ലെ കോണ്‍ഗ്രസ്സിന്റെ പരാജയത്തിനുശേഷം യു.പി രാഷ്ട്രീയത്തില്‍ ചില വഴിത്തിരിവുകളുണ്ടായി. ജാതിയും ഗോത്രവും നോക്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. നിഷാദ് ഗോത്രത്തില്‍പ്പെട്ട ഫൂലന്‍ദേവിയെ എസ്.പി സ്ഥാനാര്‍ത്ഥിയാക്കി. ബ്രിഗാനന്ദ് ദാദുവയേയും ജാതിപിന്തുണ നോക്കിയാണ് എസ്.പി നിര്‍ത്തിയത്. കുര്‍മി വംശത്തില്‍പ്പെട്ട അദ്ദേഹത്തെ നിര്‍ത്തിയത് പിന്നാക്കക്കാരുടെ വോട്ടുകള്‍ ഉറപ്പിക്കാനായിരുന്നു. എസ്.പിയും ബി.എസ്.പിയും മാത്രമല്ല, ബി.ജെ.പിയും രാഷ്ട്രീയത്തെ ക്രിമിനല്‍വല്‍ക്കരിക്കുന്നതില്‍ മുന്നിലായിരുന്നു. മൂന്നു ദശാബ്ദമായി അധികാരത്തിനു പുറത്തായിരുന്നെന്നും അതുകൊണ്ട് മാറിയ രാഷ്ട്രീയ കാലാവസ്ഥയുടെ പേരില്‍ തങ്ങളെ പഴിചാരേണ്ടെന്നുമാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ശിക്ഷ അനുഭവിച്ച ക്രിമിനലുകളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം മറ്റ് പാര്‍ട്ടികളും മാതൃകയാക്കണമെന്ന് യു.പിയിലെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

യു.പിയില്‍ രാഷ്ട്രീയത്തേയും അന്യായമായ എന്തിനേയും നയിക്കുന്നത് ജാതിയാണ്. ബ്രാഹ്മണനായ ദുബെ കൊല്ലപ്പെട്ട ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ അത് ആ ജാതിക്കാര്‍ക്ക് നേരെയുള്ള ആക്രമണമായിട്ടാണ് വ്യാഖ്യാനിക്കപ്പെട്ടത്. രാഷ്ട്രീയത്തേയും ഭരണകൂടത്തേയും സമ്മര്‍ദ്ദത്തിലാക്കാന്‍ ജാതി ഒരായുധമായി ഉപയോഗിക്കപ്പെടുന്നു. ദുബെയുടെ മരണത്തോടെ ബ്രാഹ്മണ സമുദയത്തിന്റെ മുഴുവന്‍ വോട്ടുകളും നേടാമെന്നാണ് മായാവതിയുടെ കണക്കുകൂട്ടല്‍. 2002-ല്‍ ഇതേ സാമൂഹ്യസമവാക്യങ്ങള്‍ ഉപയോഗിച്ചാണ് ബി.എസ്.പി സര്‍ക്കാര്‍ രൂപീകരിച്ചത്.
----

സണ്‍ഡേ എക്‌സ്പ്രസ് മാഗസിനില്‍ വന്ന ഗണ്‍സ്, ഗേള്‍സ് ആന്‍ഡ് ഗ്യാങ്സ് എന്ന ലേഖനത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com