വിസ്മൃതിയുടെ ആഴങ്ങളില്‍ നിന്നും പൊങ്ങിവന്നവര്‍

ഓരോ മനുഷ്യനും ഒരു സമൂഹത്തിന്റേയും ഒരു കാലഘട്ടത്തിന്റേയും സൃഷ്ടിയാണ്. അവര്‍ പഴയ വഴികളുടെ തുടര്‍ച്ചയും പുതിയ പാതകളുടെ ആരംഭവുമാണ്
കൊച്ചിയിലെ ഡച്ച് സെമിത്തേരിയിലെ ഡച്ച് വ്യാപാരിയുടെ ശവകുടീരം
കൊച്ചിയിലെ ഡച്ച് സെമിത്തേരിയിലെ ഡച്ച് വ്യാപാരിയുടെ ശവകുടീരം

1749 സെപ്തംബര്‍ മാസത്തിലെ രണ്ടാഴ്ചകള്‍ക്കിടയിലാണ് തലശ്ശേരിയിലെ വാണിജ്യപ്രമുഖന്‍ മനോയേല്‍ (മാനുവല്‍) റോഡ്രിഗ്‌സിന്റെ ജീവിതം ആകെ തകിടംമറിഞ്ഞത്. കുടുംബത്തില്‍ മൂന്നു തലമുറയിലെ നാലു പേരെയാണ് ഒറ്റയടിക്കു നഷ്ടമായത്. പിതാവ് ഡൊമിന്‍ഗസ് റോഡ്രിഗ്സ് സെപ്തംബര്‍ ഒന്‍പതിന്  യാത്രയായി. അറുപത്തിമൂന്നുകാരനായ  ഡൊമിന്‍ഗസ് കത്തോലിക്കാസഭയില്‍  വൈദികനായിരുന്നു. നാലു പള്ളികളാണ് അദ്ദേഹം പടുത്തുയര്‍ത്തിയതെന്ന് സ്മാരക ഫലകം സാക്ഷ്യപ്പെടുത്തുന്നു. ഇരുപതാം തീയതി മനോയേലിന്റെ ഭാര്യ അന്നാ ഗോമസും കുട്ടിയും പ്രസവം കഴിഞ്ഞയുടന്‍  മരണത്തെ പുല്‍കി. അന്നയ്ക്ക് അന്നു പ്രായം  39 വയസ്സ്. പിറ്റേന്ന് അന്നയുടേയും മനോയേലിന്റേയും മൂത്തമകള്‍ അര്‍സുല(19)യും അമ്മയെ പിന്തുടര്‍ന്നു. പ്രിയ ഭര്‍ത്താവ് പെഡ്രോ ഡി വേഗയെ ദുഃഖാര്‍ത്തനാക്കി അവള്‍ വിടവാങ്ങിയെന്ന് ഹോളി റോസറി പള്ളിയില്‍ അവശേഷിക്കുന്ന ഫലകം പറയുന്നു.  

പള്ളിക്കു പിന്നില്‍ സെമിത്തേരിയുടെ ഒരറ്റത്ത് മണ്ണില്‍ മറഞ്ഞുനിന്ന റോഡ്രിഗ്സ് സ്മാരകഫലകങ്ങളില്‍ തെളിഞ്ഞു വരുന്നത് സമ്പന്നമായ ഒരു കുടുംബത്തിന്റെ അപ്രതീക്ഷിതമായ  ദുരന്തം മാത്രമല്ല. മറിച്ച് അവര്‍ ജീവിച്ച സമൂഹത്തിന്റെ ചില  കൊടുംപ്രതിസന്ധികളാണ്. എന്തായിരിക്കാം  മനോയേലിന്റെ കുടുംബത്തെ വേട്ടയാടിയ ദുരന്തത്തിനു പിന്നില്‍ എന്ന് ചിന്തിക്കുമ്പോള്‍ തെളിഞ്ഞുവരിക അക്കാലത്തൊക്കെയും മനുഷ്യരെ നിരന്തരം പിന്തുടര്‍ന്ന മാരകരോഗങ്ങളുടെ കരിനിഴലാണ്. മരണം മനുഷ്യനെ രാവും പകലും പിന്തുടര്‍ന്ന കാലം. ഒന്നിനും ഒരു ചികിത്സയും അന്നുണ്ടായിരുന്നില്ല. ഒന്നിച്ചുള്ള മരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ തലശ്ശേരിയിലെങ്ങും മരണം വിതച്ച ഏതോ  മാരകരോഗത്തിന്റെ സാന്നിധ്യമാണ്. അത്  ഒന്നുകില്‍ വസൂരിയാകാം,  അല്ലെങ്കില്‍ പ്ലേഗ്. കാരണം ഇത് രണ്ടുമാണ് കുടുംബങ്ങളെ ഒന്നടങ്കം തുടച്ചുനീക്കിക്കളയുന്ന കുതൂഹലകേളിയില്‍ ഏര്‍പ്പെട്ട മഹാവ്യാധികളായി  മരണരജിസ്റ്ററുകളില്‍ രേഖപ്പെടുത്തിക്കാണുന്നത്.  

മനോയേലിന്റെ കുടുംബകഥയില്‍നിന്നും ഉയര്‍ന്നുവരുന്നത് അവരുടെ ദുരന്തത്തിന്റെ ചിത്രങ്ങള്‍ മാത്രമല്ല. പോര്‍ത്തുഗീസ് ഭാഷയിലുള്ള ലിഖിതങ്ങള്‍ വായിച്ച ലിസ്ബണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. റാഫേല്‍ മൊറെയ്‌റ വേറെ ചില സവിശേഷതകളും അതില്‍ കണ്ടെത്തുന്നു. അതിലൊന്ന്, ഈ മൂന്നു ഫലകങ്ങളിലും ഉപയോഗിച്ച ഭാഷാരീതിയാണ്. സാധാരണയില്‍നിന്ന് ഭിന്നമായി, കാവ്യാത്മകമായ ശൈലിയിലാണ് മൂന്നു ലിഖിതങ്ങളും തയ്യാറാക്കിയിരിക്കുന്നത്. അന്നാ ഗോമസിന്റെ അനുസ്മരണ ലിഖിതത്തില്‍ ഉപയോഗിച്ച കാവ്യശൈലി അനുകരിക്കുന്നത് അതിനു രണ്ടു നൂറ്റാണ്ടു മുന്‍പ് വിരചിതമായ പോര്‍ത്തുഗീസ് ഇതിഹാസം ലൈസീദാസിലെ രചനാശൈലിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇലിയഡും ഒഡിസ്സിയും എയ്നിഡുമടക്കം ഗ്രീക്കോ-റോമന്‍ ഇതിഹാസങ്ങളില്‍ കാണുന്ന ഹീറോയിക് വൃത്തശൈലിയാണത്.  

ഇതിഹാസ കാവ്യങ്ങളെ അനുകരിച്ചുള്ള വൃത്തനിബദ്ധമായ ഒരു സ്മാരകം തന്റെ പ്രിയതമയ്ക്കായി സമര്‍പ്പിച്ച മനോയേല്‍ റോഡ്രിഗ്സ്  ആരായിരിക്കും? അദ്ദേഹമാവില്ല കൃതിയുടെ രചയിതാവ് എന്നു വിശ്വസിക്കണം. കാരണം തലശ്ശേരിയില്‍ അന്നു കച്ചവടരംഗത്ത് പോര്‍ത്തുഗീസുകാര്‍ പ്രബലരായിരുന്നുവെങ്കിലും വിദ്യാസമ്പന്നമായ ഒരു സമൂഹമായിരുന്നില്ല അവരുടേത്. വിദ്യാഭ്യാസത്തിന് അവര്‍ ഒന്നുകില്‍ സ്വന്തം നാട്ടിലേക്കോ അല്ലെങ്കില്‍ ഗോവയിലേക്കോ പോകുകയായിരുന്നു പതിവ്. ഗോവയില്‍ അക്കാലത്ത് പല എഴുത്തുകാരും പണ്ഡിതന്മാരും കവികളും ഉണ്ടായിരുന്നു; പോര്‍ത്തുഗലില്‍നിന്നും ഇടയ്ക്കിടെ എത്തിയ കപ്പലുകളില്‍ പലരും വന്നും പോയുമിരുന്നു. ലൈസീദാസിന്റെ രചയിതാവ് കമോയിഷ് അങ്ങനെ ഗോവയില്‍ പതിനാറാം  നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എത്തിപ്പെട്ടയാളാണ്. നാട്ടില്‍ ചില കുഴപ്പങ്ങളില്‍ പെട്ടപ്പോള്‍ യുവാവായ കമോയിഷിനെ ഗോവയിലേക്ക് നാടുകടത്തി. ഗാമയും സംഘവും  നടത്തിയ ദീര്‍ഘയാത്രയുടെ പശ്ചാത്തലത്തില്‍  എഴുതപ്പെട്ട ഇതിഹാസകാവ്യം അതിനകം പോര്‍ത്തുഗലിലും ഗോവയിലും പ്രചുരപ്രചാരം നേടിയിരുന്നു. അതിനെ പിന്‍പറ്റി സംഗീതനാടകങ്ങളും മറ്റു കലാരൂപങ്ങളും  യൂറോപ്പില്‍ പ്രചരിച്ചതായി സഞ്ജയ് സുബ്രഹ്മണ്യം അദ്ദേഹത്തിന്റെ പ്രശസ്തമായ  വാസ്‌കോ ഡി ഗാമ ജീവചരിത്രത്തില്‍ പറയുന്നുണ്ട്. പ്രഭുക്കന്മാര്‍ കവികള്‍ക്കും കലാകാരന്മാര്‍ക്കും പണവും പ്രോത്സാഹനവും നല്‍കി. കിഴക്ക് ഇന്ത്യന്‍ സമുദ്രത്തിലും പടിഞ്ഞാറ് അറ്റ്ലാന്റിക്കിലും നിലനിര്‍ത്തിയ വ്യാപാരക്കുത്തക വഴി അതിനുള്ള വിപുലമായ കോപ്പും അവര്‍ നേടിയെടുത്തിരുന്നു. 

തലശ്ശേരിയിലെ ഡൊമിൻ​ഗസ് റോഡ്രി​ഗസ് സ്മാരകം
തലശ്ശേരിയിലെ ഡൊമിൻ​ഗസ് റോഡ്രി​ഗസ് സ്മാരകം

അങ്ങനെ ഇതിഹാസങ്ങളില്‍ പരിചിതനായ, കൃതഹസ്തനായ ഒരു രചയിതാവിന്റെ കരങ്ങള്‍ തലശ്ശേരിയില്‍ കണ്ടെത്തിയ മൂന്നു ലിഖിതങ്ങളിലും തെളിഞ്ഞുകാണുന്നുണ്ട്. ഫലകങ്ങള്‍ തയ്യാറാക്കിയ കൊത്തുപണിക്കാരനും പ്രസ്തുത കലയില്‍ സാമാന്യം നല്ല പ്രാഗല്‍ഭ്യം കൈവരിച്ചയാളാണെന്ന് പ്രൊഫ. മൊറെയ്‌റ സാക്ഷ്യപ്പെടുത്തുന്നു. റോമന്‍ ലിപികളില്‍ പ്രാവീണ്യം സിദ്ധിച്ച കൊത്തുപണിക്കാര്‍ അന്ന് മലബാറില്‍ ഉണ്ടെന്നു കരുതാനാവില്ല. കാരണം അത്ര വിപുലമായ ഒരു പോര്‍ത്തുഗീസ് സമൂഹം അന്നവിടെ ഉണ്ടായിരുന്നില്ലെന്നു സമകാല സഞ്ചാരിയായ ഫ്രാന്‍സിസ് ബുക്കാനന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാല്‍ മനോയേല്‍ റോഡ്രിഗ്സ് തന്റെ കുടുംബത്തിന്റെ ദുരന്തവേളയില്‍ തങ്ങളുടെ  പ്രൗഢിക്കൊത്ത സംസ്‌കാര കര്‍മ്മങ്ങള്‍ക്കായി ഗോവയില്‍നിന്നോ ലിസ്ബണില്‍നിന്നോ പരികര്‍മ്മികളെ വലിയ പണം ചെലവാക്കി വരുത്തിയതായി സങ്കല്പിക്കണം. 

റോഡ്രിഗ്സ് കുടുംബത്തിലെ ദുരന്തം നടന്ന് അന്‍പത് വര്‍ഷത്തിനുശേഷം മദിരാശിയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനി ആസ്ഥാനത്തുനിന്നും ഒരു സന്ദര്‍ശകന്‍ മലബാറിലെത്തി. ടിപ്പു സുല്‍ത്താനെ 1799-ല്‍ ശ്രീരംഗപട്ടണം യുദ്ധത്തില്‍ കമ്പനിപ്പട തോല്‍പ്പിച്ച ശേഷം, അവരുടെ അധീനത്തില്‍ വന്ന മൈസൂര്‍, കാനറ, മലബാര്‍ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായിട്ടാണ് ഭിഷഗ്വരനും സസ്യശാസ്ത്രജ്ഞനുമായ ഫ്രാന്‍സിസ് ബുക്കാനന്‍ യാത്ര നടത്തിയത്. മദ്രാസ്സില്‍നിന്നും പുറപ്പെട്ട് ഈ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് 1800 ജനുവരിയില്‍ പയ്യന്നൂരിനടുത്ത് കവ്വായിപ്പുഴയുടെ തീരത്താണ്  അദ്ദേഹത്തിന്റെ പര്യടനം അവസാനിക്കുന്നത്. ജനുവരി എട്ടു മുതല്‍ പത്തു വരെ തലശ്ശേരിയില്‍ തങ്ങിയ ബുക്കാനന്‍ അവിടെ പല കാഴ്ചകളും കണ്ടു; പല പൗരപ്രമുഖരേയും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. 

അതില്‍ പ്രധാനിയായി  അദ്ദേഹം പരിചയപ്പെടുത്തുന്നത് സ്ഥലത്തെ ഭൂവുടമയും (കാണക്കാരന്‍) പോര്‍ത്തുഗീസ് ഭാഷക്കാരനുമായ മിസ്റ്റര്‍ റോഡ്രിഗ്‌സിനെയാണ്. അക്കാലത്ത് തലശ്ശേരിയില്‍ നടപ്പുള്ള കൃഷിയുടെ രീതിയും വിളവുകളുടെ അവസ്ഥയും നികുതിഘടനയും കര്‍ഷകരുടെ സ്ഥിതിയും ലാഭനഷ്ടങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ബുക്കാനനു വിവരിച്ചു കൊടുക്കുന്നത്  റോഡ്രിഗ്‌സാണ്.  ബുക്കാനന്‍ തലശ്ശേരിയിലെത്തിയ അവസരത്തില്‍ മനോയേല്‍ റോഡ്രിഗ്സ് ജീവിച്ചിരിക്കാന്‍ ഇടയില്ല. കാരണം അപ്പോഴേക്കും അദ്ദേഹത്തിന് തൊണ്ണൂറു കടന്നിരിക്കും. അതിനാല്‍ ബുക്കാനന്‍ വിവരിക്കുന്ന റോഡ്രിഗ്സ് നമ്മുടെ കഥാപാത്രത്തിന്റെ മകന്‍ ആയിരിക്കാനാണ് സാധ്യത. കുടുംബം അന്നും പ്രൗഢിയില്‍ത്തന്നെയാണ് കഴിഞ്ഞത്. കാരണം കൃഷിയും കച്ചവടവും സ്ഥലത്തെ പോര്‍ത്തുഗീസ് സമൂഹത്തിന്റെ പ്രധാന തൊഴിലുകളായിരുന്നു. മലബാറില്‍ ടിപ്പുവിന്റെ ഭരണകാലത്ത് അവരെ ഒതുക്കി. പല ദേശത്തു നിന്നും പോര്‍ത്തുഗീസുകാര്‍ തലശ്ശേരിയില്‍ വന്നു താമസമാക്കി. ആയുധമൊന്നും കൈവശമില്ലെങ്കിലും അവര്‍ക്കു സൈനിക പരിശീലനത്തില്‍ വലിയ താല്പര്യമായിരുന്നു. തലശ്ശേരിയില്‍ പോര്‍ത്തുഗീസുകാര്‍ കവാത്തും ആയോധനമുറകളും  പയറ്റുന്നതു കണ്ട ബുക്കാനന്‍ പറയുന്നത്, അല്പം മാന്യമായ വേഷം കൂടിയുണ്ടെങ്കില്‍ അവരുടെ സേന ഗംഭീരം എന്നുതന്നെ പറയാമെന്നാണ്. പക്ഷേ, കാര്യമായ വസ്ത്രമൊന്നുമില്ലാതെയാണ് അവര്‍ പയറ്റു നടത്തിയത്. 

നാട്ടില്‍ നെല്ലും കുരുമുളകും പ്രധാന കൃഷി. രണ്ടിനും ക്ഷാമമുള്ള കാലം. കുരുമുളക് പല ദേശങ്ങളിലേക്കും തലശ്ശേരി തുറമുഖത്തുനിന്ന് കയറ്റി അയച്ചിരുന്നു. തിയ്യരും ചെറുമരുമാണ് പണിക്കാര്‍. രണ്ടര ഇടങ്ങഴി നെല്ലാണ് കൂലി. പറമ്പിനും പാടത്തിനും നികുതി വന്നതോടെ കൃഷിക്കാര്‍ അരിഷ്ടിച്ചാണ് കഴിയുന്നത്. എന്നാല്‍ കച്ചവടക്കാരുടെ നില മെച്ചമാണ്. അവര്‍ നെല്ലിനും കുരുമുളകിനും പണം മുന്‍കൂര്‍ കൊടുക്കും. വിള മോശമായാല്‍ പറമ്പും നിലവും  കച്ചവടക്കാരന്‍ കൈവശമാക്കും. മാപ്പിളമാരാണ് നെല്ലും കുരുമുളകും ഗ്രാമങ്ങളില്‍നിന്ന് ശേഖരിക്കുന്നത്. അവരില്‍ പലരും വലിയ വ്യാപാരികളാണ്. ബ്രിട്ടീഷ് കമ്പനിയുടെ വിപുലമായ വ്യാപാരത്തിന്  ഇടനിലക്കാരായി നിന്നത് ചൊവ്വക്കാരന്‍ മൂസ്സയും കുടുംബവുമാണ്. തലശ്ശേരിയില്‍ കമ്പനിക്കു വേണ്ടപ്പെട്ട കൂട്ടരാണ് ചൊവ്വക്കാരന്‍ കുടുംബമെന്ന് ബുക്കാനന്‍ പറയുന്നുണ്ട്. തലശ്ശേരി കേയിമാര്‍ ചൊവ്വക്കാരന്‍ മൂസയുടെ പിന്മുറക്കാരാണ്.

റോഡ്രിഗ്സ് കുടുംബത്തിന്റെ കഥ മണ്ണിനടിയില്‍ പുതഞ്ഞുകിടന്ന സ്മാരകഫലകങ്ങളില്‍ നിന്നാണ് കണ്ടെടുത്തതെങ്കില്‍ കൊച്ചിയിലെ പോര്‍ത്തുഗീസ് കുടുംബങ്ങളുടെ കഥകള്‍ പൊങ്ങിവന്നത് കടലിനടിയില്‍ നിന്നാണ്.  തൃശൂരിലെ ചുമര്‍ചിത്രകലാ മ്യൂസിയത്തിന്റെ മുറ്റത്ത് വര്‍ഷങ്ങളായി കൂട്ടിയിട്ട അരഡസനോളം കരിങ്കല്‍ സ്മാരകശിലകള്‍ ആരും ശ്രദ്ധിക്കാതെ കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ആര്‍ക്കിയോളജി വകുപ്പിലെ ഡോ. എസ് ഹേമചന്ദ്രനാണ്  ഈ ശിലകളുടെ പിന്നിലെ കഥകള്‍ പറഞ്ഞുതന്നത്. അവയില്‍ മിക്കതും കൊച്ചിയില്‍നിന്ന് 1930-നോടടുത്തു തൃശൂരിലേക്ക് കൊണ്ടുവന്നതാണ്. ശക്തന്‍ തമ്പുരാന്റെ പേരില്‍ തൃശൂരില്‍ മ്യൂസിയം തുടങ്ങിയ അവസരം. 1925-'26 കാലത്ത് കൊച്ചി തുറമുഖത്തിന്റെ പണി തുടങ്ങിയപ്പോള്‍ കായലില്‍ ഡ്രെഡ്ജിങ് നടത്തിയിരുന്നു. അതിനിടയില്‍ കായലില്‍നിന്നും കണ്ടെടുത്തതാണ് ശിലകളില്‍ പലതും. അവ പൊട്ടിയും തകര്‍ന്നുമാണ് ഇരിക്കുന്നത്.  തുറമുഖത്തേക്കുള്ള കപ്പല്‍ച്ചാലിന് ആഴം കൂട്ടാനാണ് സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ നേതൃത്വത്തില്‍ ഡ്രെഡ്ജിങ് നടത്തിയത്. 'ദി കൊച്ചിന്‍ സാഗ' എന്ന പുസ്തകത്തില്‍ ബ്രിസ്റ്റോ തുറമുഖത്തിന്റെ പണിയുമായി ബന്ധപ്പെട്ട  അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ലോര്‍ഡ് വെല്ലിങ്ടണ്‍ എന്നായിരുന്നു കൂറ്റന്‍ ഡ്രെഡ്ജറിന്റെ പേര്. അതിന്റെ കുഴലിലൂടെ കപ്പിയും കയറും ഇരുമ്പു വസ്തുക്കളും പൊളിഞ്ഞ കപ്പലുകളുടെ അവശിഷ്ടങ്ങളും പഴയകാല നാണയങ്ങളുമൊക്കെ കടലില്‍നിന്നു മണ്ണും ചെളിയും കൂടിക്കുഴഞ്ഞു പൊങ്ങിവരുന്നതും കുതിച്ചുവരുന്ന വെള്ളത്തില്‍ വീണ്ടും അപ്രത്യക്ഷമാകുന്നതും ഡ്രെഡ്ജറിന്റെ ചവിട്ടുപടിയില്‍നിന്ന് നോക്കിക്കണ്ട   കഥ അദ്ദേഹം പറയുന്നുണ്ട്.

തൃശൂരിൽ സൂക്ഷിച്ചിരിക്കുന്ന ഫ്രാൻസിസ്കോ ഡി റോസിന്റെ സ്മാരകശില
തൃശൂരിൽ സൂക്ഷിച്ചിരിക്കുന്ന ഫ്രാൻസിസ്കോ ഡി റോസിന്റെ സ്മാരകശില

കായലില്‍ ചെളിവാരുന്നതിനിടയില്‍ കണ്ടെടുത്ത പോര്‍ത്തുഗീസ് സ്മാരക ശിലകള്‍ കൊച്ചിരാജ്യം വക മ്യൂസിയത്തില്‍  സൂക്ഷിക്കാം എന്ന ധാരണയിലാണ് തൃശൂരിലേക്ക് അയച്ചത്. അതിലെ ലിഖിതങ്ങള്‍ വായിക്കാന്‍ അന്ന് സര്‍ക്കാര്‍ ഏതോ പണ്ഡിതനെ ഏര്‍പ്പെടുത്തിയിരുന്നു. പക്ഷേ, അതിന്റെ  രേഖകളൊന്നും ഇപ്പോള്‍ എവിടെയും കിട്ടാനില്ല. അതിനാല്‍  തൃശൂരില്‍നിന്ന് അവയുടെ പടങ്ങള്‍ എടുത്തു വീണ്ടും ലിസ്ബണില്‍ പ്രൊഫ. മൊറെയ്‌റയെ ശരണം പ്രാപിച്ചു. അദ്ദേഹമാണ് രേഖകള്‍ വായിച്ചെടുത്തത്. 

പ്രൊഫ. മൊറെയ്‌റ വായിച്ച ലിഖിതങ്ങളില്‍ ഒന്ന് ഫിലിപ്പോ പെരെസ്ട്രേലൊ ഡി മെസ്‌ക്വിറ്റ എന്ന പോര്‍ത്തുഗീസ് പ്രഭുകുടുംബത്തിലെ അംഗത്തിന്റേതാണ്. കൊടുങ്ങല്ലൂരിനടുത്ത പുല്ലൂറ്റുനിന്നോ കരൂപ്പടന്നയില്‍ നിന്നോ കണ്ടെത്തി ശക്തന്‍ തമ്പുരാന്‍ മ്യൂസിയത്തിലേക്ക് കൊണ്ടുവന്നതാണ് ഇത്.  തൃശൂരില്‍ കാണപ്പെടുന്ന സ്മാരകശിലകളില്‍ കേടുപാടുകളില്ലാത്ത ഒരേയൊരു ശിലയും ഇതുതന്നെ. പെരെസ്ട്രേലൊ കുടുംബവും മെസ്‌ക്വിറ്റ കുടുംബവും പോര്‍ത്തുഗീസ് രാജകുടുംബവുമായി ബന്ധപ്പെട്ട പ്രഭുക്കളാണ്. അമേരിക്കയിലേക്ക് കപ്പലോടിച്ച ക്രിസ്റ്റഫര്‍ കൊളംബസുമായി വിവാഹബന്ധമുള്ള കുടുംബം. കിഴക്കും  പടിഞ്ഞാറും പോര്‍ത്തുഗീസ് കോളനികളില്‍ അവര്‍ക്കു വിപുലമായ ബന്ധങ്ങളും അപാരമായ സമ്പത്തുമുണ്ടായിരുന്നു. 1505-ലാണ് കുടുംബത്തിലെ മാനുവല്‍ സെബ്രിഞ്ഞോ ഡി മെസ്‌ക്വിറ്റ പെരെസ്ട്രേലൊ ഗോവയില്‍ എത്തുന്നത്. കിഴക്കു മലാക്ക വരെ അദ്ദേഹത്തിന് വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. സഹോദരന്‍ റാഫേല്‍ പെരെസ്ട്രേലൊ ഗോവയിലെ വൈസ്രോയി അല്‍ബുക്കര്‍ക്കിന്റെ കീഴില്‍ പല യുദ്ധങ്ങളില്‍ പങ്കടുത്തു. ചൈനയില്‍ 1519-ല്‍ എത്തിയ ആദ്യ പോര്‍ത്തുഗീസ് സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു. ഇന്ത്യയിലെത്തിയ മൂന്നാമത്തെ സഹോദരന്‍ ഫിലിപ്പ് പെരെസ്ട്രേലൊ കൊച്ചിയിലും കൊടുങ്ങല്ലൂരുമാണ് തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്. കൈസ്തവ സഭയിലെ പുരോഹിതനായിരുന്ന ഇദ്ദേഹം  ഇന്നാട്ടുകാരിയായ  ബിയാട്രീസ് നട്ടോവര്‍ എന്ന സ്ത്രീയുടെ ഗുരുവും അവരുടെ വിദ്യാലയത്തിലെ അദ്ധ്യാപകനുമായിരുന്നു എന്ന് സ്മാരക ലിഖിതം പറയുന്നു. ശിലയില്‍ കാണുന്ന ലിഖിതശൈലി പരിശോധിച്ച് 1530-1540 കാലത്താണ് അതുണ്ടാക്കിയതെന്ന് പ്രൊഫ. മൊറെയ്‌റ പറയുന്നു. ശിലയില്‍  കൊല്ലം രേഖപ്പടുത്തിയ ഭാഗം ഇപ്പോള്‍ മാഞ്ഞുപോയിരിക്കുന്നതിനാല്‍ കൃത്യം തീയതി കണ്ടെത്താനാവില്ല.
 
കൂടെയുള്ള ശിലകളില്‍ വേറെയും പല പേരുകളും കാണാനുണ്ട്. അതില്‍ ഏറ്റവും പഴക്കമുള്ളതായി കാണുന്നത് 1565-ല്‍ തയ്യാറാക്കിയ രണ്ടു ശിലകളാണ്- ഫ്രാന്‍സിസ്‌കോ ഡി റോസ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിങ്ങനെയാണ് അതില്‍ പേരുകള്‍ കാണുന്നത്. റോസിന്റെ ശിലയില്‍ കാണുന്ന അധികാര ചിഹ്നങ്ങള്‍ രസകരമാണ്. വൈദ്യുതി ബോര്‍ഡിന്റെ അപകട മുന്നറിയിപ്പില്‍ കാണുന്നപോലെ ഒരു തലയോട്ടിയും പിണച്ചുവച്ച എല്ലുകളും അതില്‍ കാണാം. പണ്ടുകാലത്ത് കടല്‍ക്കൊള്ളക്കാര്‍ തങ്ങളുടെ കപ്പലുകളില്‍ ഇത്തരം ചിഹ്നമുള്ള കൊടികള്‍ പറത്തിയിരുന്നു. യൂറോപ്പില്‍ കടല്‍ക്കൊള്ളക്കാരുടെ കൊടിയടയാളമായി ഈ ചിഹ്നം ആദ്യമായി കാണുന്നത് 1693-ലാണെന്ന് ചില ചരിത്രകാരന്മാര്‍  രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ നമ്മുടെ കൊച്ചിക്കാരന്‍ ഫ്രാന്‍സിസ്‌കോ  സംഘടിത കടല്‍ക്കൊള്ളക്കാരുടെ ആദ്യതലമുറയില്‍ പെട്ടയാളാണെന്നും വരാം. 

എങ്ങനെ ഈ ശിലകള്‍ കടലില്‍ മുങ്ങിപ്പോയി എന്നറിയണമെങ്കില്‍ കൊച്ചിയില്‍ പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ത്തുഗീസുകാരും ഡച്ചുകാരും തമ്മില്‍ നടന്ന യുദ്ധങ്ങളുടെ ചരിത്രം പരിശോധിക്കണം. 1500 മുതല്‍ ഒന്നര നൂറ്റാണ്ടുകാലം കൊച്ചിയില്‍ കരുമുളകിന്റേയും മറ്റു മലഞ്ചരക്ക് വിഭവങ്ങളുടേയും വ്യാപാരം പോര്‍ത്തുഗീസുകാര്‍ കുത്തകയായി നിലനിര്‍ത്തി. 1661-ല്‍ ഡച്ച് സേനാധിപന്‍ വാന്‍ ഗോയെന്‍സ് കൊച്ചി കടന്നാക്രമിച്ച് പോര്‍ത്തുഗീസ് കോട്ടയും വൈപ്പിന്‍ ദ്വീപിലെ ബിഷപ്പിന്റെ കൊട്ടാരവും തകര്‍ത്തു. ഒരെണ്ണമൊഴികെ പട്ടണത്തിലെ സകല പോര്‍ത്തുഗീസ് പള്ളികളും അവര്‍ ഇടിച്ചുനിരത്തി. അവിടെക്കണ്ട   സ്മാരകശിലകളും ശില്പങ്ങളും കടലില്‍ വലിച്ചെറിഞ്ഞു. അങ്ങനെ 260 കൊല്ലക്കാലം കൊച്ചിക്കായലില്‍ ആരുമറിയാതെ മുങ്ങിക്കിടന്ന കക്ഷികളാണ് ബ്രിട്ടീഷ് എന്‍ജിനീയറായ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ കരങ്ങളാല്‍ മോചനം നേടി വീണ്ടും വെളിച്ചം കണ്ടത്. 

മ​ദിരാശിയിലെ സെന്റ് ജോർജ്  കോട്ട (1719-ലെ ചിത്രം)
മ​ദിരാശിയിലെ സെന്റ് ജോർജ്  കോട്ട (1719-ലെ ചിത്രം)

പറഞ്ഞുവന്നത് വിസ്മൃതിയിലാണ്ടുപോയ ഓരോ സ്മാരകശിലയും ഒളിപ്പിച്ചുവെച്ച ജീവിത കഥകളുടെ കാര്യമാണ്. ഗതകാല സമൂഹങ്ങളുടെ, വിവിധ സംസ്‌കാരങ്ങള്‍ക്കിടയിലെ സങ്കീര്‍ണ്ണമായ ബന്ധവൈചിത്ര്യങ്ങളുടെ, അതിനിടയില്‍ കഴിഞ്ഞുകൂടുന്ന മനുഷ്യരുടെ നിത്യജീവിതത്തിന്റെ ഒരുപാടു കഥകള്‍ അവ പേറിനില്‍ക്കുന്നുണ്ട്. ഇന്നിപ്പോള്‍ അത്തരം കഥകള്‍ അവയുടെ ആഴത്തില്‍ കണ്ടെത്തുകയെന്നത് കൂടുതല്‍ എളുപ്പമായി മാറിയിരിക്കുന്നു. വിവരസാങ്കേതികവിദ്യയും വികസ്വരമാകുന്ന കുടുംബ ചരിത്രാന്വേഷണ തൃഷ്ണയും മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണ ശൃംഖലകള്‍ അനാവരണം ചെയ്യാനുള്ള സാധ്യതകളാണ് തുറന്നിടുന്നത്. മലബാറിലും ദക്ഷിണേന്ത്യയുടെ മറ്റു ഭാഗങ്ങളിലും കണ്ടെത്തിയ സ്മാരകങ്ങളില്‍ പരാമര്‍ശിക്കുന്ന പലരുടേയും കുടുംബങ്ങള്‍ ചരിത്രാന്വേഷണത്തില്‍ സഹായിച്ചിട്ടുണ്ട്. മനുഷ്യചരിത്രത്തെ പുതിയ ദിശയില്‍ മാറ്റിയെഴുതുന്ന പ്രക്രിയയാണ് ഇന്ന് ലോകമെങ്ങും നടക്കുന്നത്. വ്യക്തി-സമൂഹ ബന്ധങ്ങളുടെ വിചിത്രമായ ഗതിവിഗതികള്‍ ഇന്ന് കൂടുതല്‍ വ്യക്തമായി തെളിഞ്ഞുവരുന്നു. ലോകത്തിന്റെ പാരസ്പര്യവും സമൂഹങ്ങളുടെ പരസ്പര പൂരകത്വവുമാണ് തെളിമയോടെ  ഉയര്‍ന്നുവരുന്നത്.

കേരളത്തില്‍ കണ്ടെത്തിയ സ്മാരകശിലകളും ലിഖിതങ്ങളും പറയുന്നത് മലനാട് സമൂഹത്തിന്റെ ദീര്‍ഘകാല വൈദേശിക ബന്ധങ്ങളുടെ കഥയാണ്. ഇന്നാട്ടില്‍ കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള  സ്മാരകലിഖിതം ചേന്ദമംഗലത്ത് ഒരു ജൂത വനിതയുടെ പേരിലുള്ള ശിലയാണ്. ക്രിസ്ത്വബ്ദം 1269-ലെ ശിലാലിഖിതം സാറാ ബേത് ഇസ്രയേല്‍ എന്ന വനിതയുടെ ചരമത്തെ കുറിക്കുന്നു. ഇസ്രയേലിന്റെ പുത്രിയായ സാറ എന്നാണതിന്റെ അര്‍ത്ഥം. അതിനു മുന്‍പ്  കൊല്ലത്തെ തരിസാപ്പള്ളി ശാസനത്തില്‍ (849) മറുവാന്‍ സാബിര്‍ ഈശോ എന്ന നെസ്റ്റോറിയന്‍ ക്രിസ്ത്യാനിയുടെ പേരു കാണാം. ചേര രാജാവ്  ഭാസ്‌കര രവിവര്‍മ്മന്റെ കാലത്തെ (962-1021) ജൂതശാസനത്തില്‍ ജോസഫ് റബ്ബാന്‍ എന്ന കൊടുങ്ങല്ലൂരിലെ ജൂതവ്യാപാരിയെക്കുറിച്ചു പറയുന്നു. വീണ്ടും  130 വര്‍ഷം കഴിഞ്ഞ് 1130 നോടടുത്ത്  വടക്ക്  തുളുനാട്ടില്‍  കച്ചവടം നടത്തിയ എബ്രഹാം ബെന്‍ യിജുവിന്റെ കഥ കൈറോയിലെ ജൂത ദേവാലയത്തില്‍നിന്നും ഈയിടെയാണ് ഉയര്‍ന്നുവന്നത്. 1132-1149  കാലത്തെ  സൂചിപ്പിക്കുന്നതാണ് കൈറോയില്‍ കണ്ടെത്തിയ ബെന്‍ യിജുവിന്റെ കത്തുകള്‍.  ജൂതരുടേയും ക്രൈസ്തവരുടേയും ദീര്‍ഘകാലത്തെ ചരിത്രബന്ധങ്ങളുടെ കൂടെത്തന്നെ അറബികളുടേയും ആഫ്രിക്കയില്‍നിന്നും ചൈനയില്‍നിന്നും വന്നവരുടേയും മറ്റൊരു ചരിത്രവും ഇവിടെയുണ്ട്. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയിലും കണ്ണൂരിലെ മാടായിപ്പള്ളിയിലും കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയിലുമൊക്കെ അതിന്റെ രേഖാചിത്രങ്ങള്‍ കാണാം. 

മഹാവ്യാധികള്‍ എന്നും ചരിത്രത്തില്‍ ഒരു നിശ്ശബ്ദസാന്നിധ്യമാണ്. സ്മാരകശിലകള്‍ അതാണ് ഓര്‍മ്മിപ്പിക്കുന്നത്. തലശ്ശേരിയില്‍ റോഡ്രിഗ്സ് കുടുംബത്തിലെ ദുരന്തത്തിനുശേഷം മഹാവ്യാധികള്‍  പലതവണ വന്നു. കണ്ണൂരിലും തലശ്ശേരിയിലുമുള്ള രേഖകളില്‍ മഹാവ്യാധികളുടെ വിളയാട്ടം കാരണം കുറ്റിയറ്റുപോയ കുടുംബങ്ങളുടെ കഥകള്‍ കാണാനുണ്ട്. ഓരോ വേനലിലും വസൂരിയും പ്ലേഗും കോളറയും ജനങ്ങളെ വേട്ടയാടി. അതില്‍നിന്ന് രക്ഷ തേടിയാണ് പലരും നീലഗിരിക്കുന്നുകളിലേക്കു കണ്ണു പായിച്ചത്. 1820-കളില്‍  ഊട്ടിയും കോത്തഗിരിയും കുന്നൂരും യൂറോപ്യരുടെ വേനല്‍ക്കാല സങ്കേതങ്ങളായി മാറി. ഊട്ടിയില്‍ ആദ്യത്തെ പള്ളി സെന്റ് സ്റ്റീഫന്‍സ് പണിതത് 1830-ലാണ്. അതിനൊരു വ്യാഴവട്ടം മുന്‍പ് കോയമ്പത്തൂര്‍ കലക്ടര്‍ ജോണ്‍ സള്ളിവന്‍ ആറു ദിവസം നീണ്ട ഒരു യാത്രയിലൂടെയാണ് ബഡഗരുടെ ഗ്രാമമായി അന്ന് അറിയപ്പെട്ട വോട്ടൊകിമണ്ടില്‍  എത്തിച്ചേര്‍ന്നത്. അവിടെയുള്ള കാലാവസ്ഥയും മണ്ണും മഴയും ഇംഗ്ലീഷുകാര്‍ക്ക് വളരെ പഥ്യമാവും എന്ന് സള്ളിവന്‍ കമ്പനി അധികൃതരെ അറിയിച്ചു. ഇംഗ്ലീഷ് മണ്ണും മഴയുമാണ് കുന്നിന്റെ ഉയരങ്ങളില്‍ എന്നാണ് അദ്ദേഹം  എഴുതിയത്. രോഗാതുരരായ ഇംഗ്ലീഷുകാര്‍ക്ക്  വിശ്രമത്തിനു പറ്റിയ ഇടമായി ആ സ്ഥലം  മാറ്റിയെടുക്കാം എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതോടെ ബോംബെ, മദിരാശി പ്രവിശ്യയുടെ നാനാഭാഗത്തുനിന്നും ആളുകള്‍ അങ്ങോട്ട് പ്രവഹിച്ചു. പലരും അവിടെ സ്ഥിരം വിശ്രമസങ്കേതങ്ങള്‍ പണിതു. ഊട്ടിയും മറ്റു ചെറുപട്ടണങ്ങളും തിരക്കേറിയ പ്രദേശങ്ങളായി. മലബാറില്‍നിന്ന് നിരവധി പ്രമുഖര്‍ വിശ്രമത്തിനും വിദ്യാഭ്യാസത്തിനും മറ്റുമായി  ഊട്ടിയിലേക്ക് താമസം മാറ്റിയത് 1830-കള്‍ക്കു ശേഷം കാണുന്ന പ്രവണതയാണ്. തലശ്ശേരിയില്‍ ഗുണ്ടര്‍ട്ട് പാതിരി സ്‌കൂള്‍ തുടങ്ങിയത് 1839-ലാണ്. അതേകാലത്ത് യൂറോപ്യന്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഗുണ്ടര്‍ട്ടിന്റെ പത്‌നി ഊട്ടിയിലും ഒരു വിദ്യാലയം തുടങ്ങി. മലബാറിലെ പല പ്രമുഖരുടേയും കുട്ടികള്‍ അവിടെയാണ് പഠിച്ചത്. തലശ്ശേരിയിലെ പേരുകേട്ട ധനികനും പൗരപ്രമാണിയും ഇപ്പോഴത്തെ സര്‍ക്കാര്‍ ബ്രണ്ണന്‍ കോളേജിന്റെ ആദ്യരൂപമായ ബ്രണ്ണന്‍ സ്‌കൂളിന്റെ സ്ഥാപകനുമായ എഡ്വേഡ് ബ്രണ്ണന്റെ മകള്‍ ഫ്ലോറ ഊട്ടിയില്‍ പഠിക്കുന്ന കാലത്താണ് മരിച്ചത്; 1847 മെയ് 10-നു ഫ്ലോറയുടെ മരണം സെന്റ്  സ്റ്റീഫന്‍സ് പള്ളി രജിസ്റ്ററില്‍ രേഖപ്പെടുത്തി കാണുന്നു. അന്ന് 16 വയസ്സ് 11 മാസമാണ് ഫ്ലോറയുടെ പ്രായം. ഊട്ടിയില്‍ സ്‌കൂള്‍ തുടങ്ങാന്‍ ഗുണ്ടര്‍ട്ട്  കുടുംബത്തിനു പണം നല്‍കി സഹായിച്ചതും ബ്രണ്ണന്‍ സായ്വ് തന്നെയായിരുന്നു. 

വിഭാര്യനായിരുന്ന ബ്രണ്ണന് എങ്ങനെ കുട്ടിയുണ്ടായി എന്നു ചോദിക്കാം. ബ്രണ്ണന്റെ മകള്‍ ഫ്ലോറയുടെ ശവകുടീരം കണ്ടെത്തി എന്ന് ബ്രണ്ണന്‍ കോളേജിലെ ചരിത്രവിഭാഗം മേധാവി ഡോ. വത്സലന്‍ പറഞ്ഞപ്പോള്‍ ഈയിടെ ചിലര്‍ അങ്ങനെ ചോദിക്കുകയുമുണ്ടായി. വസ്തുതയിതാണ്: അങ്ങനെ ധാരാളം കുട്ടികള്‍ അക്കാലത്തുണ്ടായിരുന്നു മലബാറില്‍. അധികവും തിയ്യരുടെ കുടുംബങ്ങളിലെ സ്ത്രീകളാണ് യൂറോപ്യന്‍  പ്രമാണിമാരുടെ ഇണകളായി കഴിഞ്ഞുകൂടിയത്. അതില്‍ പിറന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും നല്‍കുന്നതില്‍ അവരുടെ പിതാക്കന്മാര്‍ ചിലരെങ്കിലും ശ്രദ്ധിച്ചിരുന്നു എന്നും പഴയ കത്തുകളും കുടുംബ ചരിത്രങ്ങളും വെളിപ്പെടുത്തുന്നു. ആഗോള പ്രശസ്തയായ ഇന്ത്യന്‍ സസ്യശാസ്ത്രജ്ഞ ജാനകി അമ്മാളിന്റെ കഥ ഓര്‍ക്കുക. തലശ്ശേരിയിലെ പ്രമുഖ തിയ്യ കുടുംബത്തില്‍ ജനിച്ച ജാനകിയുടെ അമ്മ ദേവയാനിയുടെ അച്ഛന്‍ മദ്രാസ് സിവില്‍ സര്‍വ്വീസില്‍ ജഡ്ജിയായിരുന്ന അയര്‍ലണ്ടുകാരന്‍ ജോണ്‍ സി. ഹാന്നിങ്ടണും അമ്മ തലശ്ശേരിയിലെ ഒരു തിയ്യ വനിതയുമായിരുന്നു. ദേവയാനിയുടെ ഭര്‍ത്താവ് കൃഷ്ണനുമായി ഹാന്നിങ്ടണ്‍ നടത്തിയ  കത്തിടപാടുകളില്‍ കുഞ്ഞിക്കുറുമ്പി എന്നു പേരുള്ള ഈ സ്ത്രീയുടെ കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. തലശ്ശേരിയില്‍ സബ്ജഡ്ജിയായി  പ്രമോഷന്‍ കിട്ടിയ വിവരം അറിയിച്ചുകൊണ്ട്  കൃഷ്ണന്‍ മദ്രാസില്‍ കഴിയുന്ന ഭാര്യാപിതാവിനു എഴുതിയ ഒരു കത്ത്, ഇംഗ്ലണ്ടിലെ സസ്സെക്‌സ് സര്‍വ്വകലാശാലയിലെ വിനിത ദാമോദരന്‍ ജാനകി അമ്മാളെക്കുറിച്ചു ഈയിടെ തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ''ജോലിക്കയറ്റം കിട്ടിയത് നല്ല കാര്യം തന്നെ. പക്ഷേ, പ്രതിവര്‍ഷം സന്താനോല്പാദനം മുടങ്ങാതെ തുടരുന്ന സാഹചര്യത്തില്‍ അത് അനിവാര്യം കൂടിയാണെന്ന്'' സായ്വ് മകളുടെ ഭര്‍ത്താവിനെ ഓര്‍മ്മപ്പെടുത്തുന്നു. 

ബ്രണ്ണന്റെ മകള്‍ മാത്രമല്ല, പഴശ്ശിരാജയെ വീഴ്ത്തിയ മജിസ്‌ട്രേറ്റ് ബേബറുടെ കുടുംബവും മലബാറിലെ മറ്റനേകം പ്രമുഖരും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ത്തന്നെ നീലഗിരിക്കുന്നുകളിലെ പച്ചപ്പും തേന്മഴയും തേടി അങ്ങോട്ട് പുറപ്പെട്ടു പോയിരുന്നു. മാത്രമല്ല, ജോണ്‍ സള്ളിവന്‍ കോയമ്പത്തൂരില്‍നിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട 1819-നും മുന്‍പ് മലബാറില്‍നിന്ന് ചാലിയാറിലൂടെ തോണിയില്‍ നിലമ്പൂര്‍ വഴി ഊട്ടിയിലേക്ക് എത്താനുള്ള വഴി ബേബര്‍ കണ്ടെത്തിയിരുന്നു. പക്ഷേ, നിബിഡവനങ്ങളിലൂടെയുള്ള യാത്ര ആപത്തായതിനാല്‍ ആ വഴി അധികമാരും തെരഞ്ഞെടുത്തില്ല.

എന്നാല്‍, അതിനും രണ്ടു നൂറ്റാണ്ടു മുന്‍പ് പോര്‍ത്തുഗീസ് കാലത്തു ഒരു കത്തോലിക്കാ പാതിരി, ഫാദര്‍ യാകോം ഫിനിസിയോ,  കോഴിക്കോട്ട് സാമൂതിരിയുടെ സഹായത്തോടെ നീലഗിരിയിലെ തോഡര്‍മല ചവിട്ടുകയുണ്ടായി. തോമാശ്ലീഹായുടെ അനുയായികളായ മലബാറിലെ ആദിമ ക്രിസ്ത്യാനികള്‍ വിദൂരസ്ഥമായ ഈ മലകളില്‍ വസിക്കുന്നുണ്ടെന്ന് അങ്കമാലിയിലെ കത്തോലിക്കാ ബിഷപ്പ്  ഫ്രാന്‍സിസ്‌കോ റോസ് (ഏതാണ്ട് 35 കൊല്ലം മുന്‍പ് അന്തരിച്ച ഫ്രാന്‍സിസ്‌കോ റോസിന്റെ ബന്ധുവാണെന്ന് തീര്‍ച്ച; പക്ഷേ, കടല്‍ക്കൊള്ളക്കാരനും പാതിരിയും തമ്മിലെന്തു ബന്ധം എന്ന് കണ്ടെത്താന്‍ വഴി കാണുന്നില്ല) കേട്ടറിഞ്ഞു. വൈപ്പിക്കോട്ടയിലെ കത്തോലിക്കാ സെമിനാരിയില്‍നിന്ന് അവരെ തേടി ഒരു സംഘത്തെ ബിഷപ്പ് അയച്ചെങ്കിലും അവര്‍ക്ക് അങ്ങോട്ടു എത്താനായില്ല. അങ്ങനെയാണ് കോഴിക്കോട്ടെ പോര്‍ത്തുഗീസ്  പാതിരി യാകോം ഫിനിസിയോയെ അതിനായി ബിഷപ്പ് ചുമതലപ്പെടുത്തുന്നത്. കോഴിക്കോട് സാമൂതിരിയുടെ അനന്തരവരില്‍ ഒരാള്‍ അന്നു ക്രിസ്ത്യാനിയായി മതം മാറിയിരുന്നു. ഏറാടി എന്നറിയപ്പെട്ട അയാളും സഹായികളുമായി മണ്ണാര്‍ക്കാട്ടു ചുരം കയറി തോടര്‍മലയിലേക്കു ക്രിസ്ത്വബ്ദം 1603 തുടക്കത്തില്‍ നടത്തിയ ദീര്‍ഘവും വിഷമകരവുമായ യാത്രയുടെ വിവരങ്ങള്‍ തിരിച്ചെത്തിയ ശേഷം ഫാദര്‍ ഫെനിസിയോ വിശദമായ  ഒരു റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ ബിഷപ്പിനു സമര്‍പ്പിക്കുന്നുണ്ട്. 1603 ഏപ്രില്‍ ഒന്നിന് തയ്യാറാക്കിയതായി രേഖപ്പെടുത്തിയ ഈ വിവരണമാണ് ബഡഗരും  തോഡരും മറ്റു ആദിവാസി സമൂഹങ്ങളും പാര്‍ത്തുവന്ന കുന്നിന്‍പ്രദേശങ്ങളെ സംബന്ധിച്ച ആദ്യവിവരണം. ദി തോഡാസ് എന്ന പേരില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രശസ്തമായ പഠനം തയ്യാറാക്കിയ വില്യം റിവേഴ്സിന്റെ പുസ്തകത്തില്‍ പോര്‍ത്തുഗീസ് ഭാഷയില്‍ കോഴിക്കോട്ടുവെച്ച് എഴുതപ്പെട്ട യാത്രാവിവരണത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുണ്ട്. ആദിമ ക്രിസ്ത്യാനികളെ തേടിയാണ് ഫെനിസിയോ അച്ചന്‍ മല കേറിയതെങ്കിലും മലവാസികളുടെ ഭാഷയും ആചാരങ്ങളും രീതികളും ഒക്കെ കണക്കിലെടുത്ത് അദ്ദേഹം എത്തുന്ന നിഗമനം അവര്‍ തോമാശ്ലീഹായുടെ അനുയായികള്‍ ആകാനിടയില്ല എന്നു തന്നെയാണ്. അതോടെ പോര്‍ത്തുഗീസുകാര്‍ക്ക് മലനിരകളിലെ മനുഷ്യരിലുള്ള താല്പര്യവും അവസാനിച്ചു.

ആലപ്പുഴയിൽ കണ്ടെടുത്ത മരണ രജിസ്റ്റർ
ആലപ്പുഴയിൽ കണ്ടെടുത്ത മരണ രജിസ്റ്റർ

പിന്നീട് ഇംഗ്ലീഷുകാരാണ്  നീലഗിരിയിലേക്കു പുറപ്പെട്ടു പോയത്. തങ്ങളുടെ ഭരണത്തില്‍ വന്നുചേര്‍ന്ന ദേശങ്ങളിലെ കാലാവസ്ഥയും മഴയും രോഗങ്ങളും ഒന്നും അവര്‍ക്കു പിടിച്ചില്ല. അതില്‍നിന്നു വിമോചനം തേടിയാണ് അവര്‍ മലനിരകളിലേക്കു യാത്രയായത്. താഴ്വരകളില്‍ ജീവിതം ദുസ്സഹമാക്കിയ വസൂരിയും കോളറയുമൊന്നും ഉത്തുംഗമായ ഗിരിനിരകളില്‍ എത്തുകയില്ല എന്നാണ് അവര്‍ ധരിച്ചത്.  ഒരേയൊരു ഭീതി വയനാട്ടിലും മറ്റും പടര്‍ന്നുപിടിച്ച മലമ്പനിയുടെ കാര്യത്തിലായിരുന്നു. എന്നാല്‍, അത് ഏറ്റവും ഉന്നതങ്ങളില്‍ കഴിയുന്ന ആദിവാസികളെ ഏശിയിട്ടില്ല എന്ന് അവര്‍ കണ്ടെത്തി. അതിനാല്‍ ഉത്തരേന്ത്യയില്‍ ഷിംലയെന്നപോലെ തെക്കു നീലഗിരിക്കുന്നുകളും അവരുടെ ഷാംഗ്രില ആയി പരിവര്‍ത്തിക്കപ്പെട്ടു. തുടക്കത്തില്‍ അങ്ങോട്ടുള്ള യാത്ര പ്രയാസകരമായിരുന്നു. പിന്നീട് റോഡുകള്‍ വെട്ടിയുണ്ടാക്കി; കാളവണ്ടി യാത്ര സൗകര്യപ്രദമായി. സാധനങ്ങള്‍ ചുമക്കാന്‍ കഴുതകളും പ്രമാണിമാര്‍ക്കു സഞ്ചരിക്കാന്‍ കുതിരകളും എത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി. വൈകാതെ മേട്ടുപ്പാളയത്തു നിന്ന് തീവണ്ടിയും വന്നു. 

കുന്നുകളില്‍ ആള്‍ത്തിരക്കു വന്നതോടെ സ്ഥിതിഗതികള്‍ മാറി. സ്വര്‍ഗ്ഗതുല്യമായ നീലഗിരിക്കുന്നുകളില്‍ 1860-കള്‍ ആയപ്പോഴേക്കും പകര്‍ച്ചവ്യാധികള്‍ വ്യാപകമായി. കോളറയും വസൂരിയുമാണ് പ്രധാനമായി പൊട്ടിപ്പുറപ്പെട്ടത്. ഊട്ടിയിലെ സെന്റ് സ്റ്റീഫന്‍സ് പള്ളിയിലെ 1830 മുതലുള്ള മരണരജിസ്റ്ററില്‍ കോളറയുടെ ആദ്യപരാമര്‍ശം കാണുന്നത് 1852-ലാണ്; വില്യം ചാള്‍സ് നോര്‍ഫര്‍ എന്ന 11 വയസ്സുള്ള കുട്ടിയാണ് ഇര. കടലൂരിലെ വ്യാപാരി ബെഞ്ചമിന്‍ നോര്‍ഫറുടേയും ഭാര്യ സൂസന്‍ ഡൊറോത്തിയുടേയും മകന്‍. രണ്ടു വര്‍ഷം കഴിഞ്ഞ് കോളറ വീണ്ടും  വരുന്നു; 29-കാരനായ ജേക്കബ് ഡോഗര്‍ട്ടിയാണ് ഇത്തവണ ഇരയായത്. പിന്നീടങ്ങോട്ട് കോളറ  നിരന്തരം നഗരത്തെ വേട്ടയാടി. ഊട്ടിയുടെ ചരിത്രം എഴുതിയ  ഫെര്‍ഡിനന്റ് പ്രൈസ് 1908-ല്‍ രേഖപ്പെടുത്തിയത് 1866-'67ലെ കോളറക്കാലം  ഭീകരമായിരുന്നുവെന്നാണ്. ഊട്ടിയിലും പരിസരങ്ങളിലുമായി അഞ്ഞൂറിലേറെയാളുകള്‍ അന്ന് മഹാവ്യാധിയുടെ ഇരയായി എന്ന് അദ്ദേഹം പറയുന്നു. അതിലധികവും നാട്ടുകാരായതിനാല്‍ രേഖകളില്‍ അവരുടെ പേരു കാണുന്നില്ല. എന്നാല്‍, സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ഈ രണ്ടു വര്‍ഷങ്ങളില്‍ അരഡസനിലേറെ കോളറ മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുന്നൂരിലെ ഓള്‍ സെയിന്റ്സ് പള്ളിയിലുമുണ്ട് അത്രയും മരണങ്ങള്‍. അതേസമയം, പള്ളികളില്‍ പ്രാര്‍ത്ഥനയും അന്ത്യകര്‍മ്മങ്ങളും  നടത്താതെതന്നെ പലരേയും മറവുചെയ്തതായി സംശയിക്കണം.  കാരണം വെല്ലിംഗ്ടണ്‍ സൈനിക കേന്ദ്രത്തിനടുത്തുള്ള അരവന്‍ കാട്ടുപ്രദേശത്ത് സ്വകാര്യ ഭൂമിയില്‍ ഒന്‍പതുപേരെ സംസ്‌കരിച്ചതായി പൊതുമരാമത്തു വകുപ്പിന്റെ രേഖകളില്‍ കാണാനുണ്ട്. ഒന്‍പത് പേരും സൈന്യത്തില്‍  സാധാരണ ജവാന്മാര്‍. അവര്‍ അയര്‍ലണ്ടുകാരോ കത്തോലിക്കരോ ആയിരിക്കണം. മിക്കവരും ഇരുപതു കഴിഞ്ഞ യുവാക്കള്‍. ഒരാള്‍ക്കു മാത്രം പ്രായം 19;  മറ്റൊരാള്‍ക്ക് 43. അവര്‍ക്കായി ആരും എവിടെയും പ്രാര്‍ത്ഥിച്ചതായി  കാണുന്നില്ല.  ശവങ്ങള്‍ കുന്നുകൂടുമ്പോള്‍ അതെല്ലാം ശ്ലോകത്തില്‍ കഴിച്ചതുമാകാം. 

മലബാറിലും സമീപദേശങ്ങളിലുമുള്ള  പള്ളികളിലും സെമിത്തേരികളിലും ഉറങ്ങിക്കിടക്കുന്ന ചരിത്രത്തിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണം മാത്രമാണ് ഇവിടെ നടത്തിയത്. എല്ലാം കുറെ സാധാരണ മനുഷ്യരുടെ കഥകള്‍. പക്ഷേ, ചരിത്രത്തിന്റെ നീണ്ട ഇടനാഴികളില്‍ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന മനുഷ്യബന്ധങ്ങളുടെ  അസാധാരണമായ ഒരു ലോകമാണ് അതിലൂടെ ഇതള്‍ വിരിഞ്ഞു വരുന്നത്. ഓരോ മനുഷ്യനും ഒരു സമൂഹത്തിന്റേയും ഒരു കാലഘട്ടത്തിന്റേയും സൃഷ്ടിയാണ്. അവര്‍ പഴയ വഴികളുടെ തുടര്‍ച്ചയും പുതിയ പാതകളുടെ ആരംഭവുമാണ്. അങ്ങനെയുള്ള സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതവും അനുഭവങ്ങളുമാണ് ചരിത്രത്തെ അനന്യമായ ഒരു സാംസ്‌കാരിക ശക്തിയാക്കി മാറ്റുന്നത്. ഇവിടെപ്പറഞ്ഞതിലേറെ കഥകളെത്രയോ ഇനിയും പറയാനിരിക്കുന്നു. അതില്‍ ചിലതൊക്കെ മറ്റൊരവസരത്തില്‍ പറയാമെന്നും പ്രതീക്ഷിക്കുന്നു. 

(അവസാനിച്ചു)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com