നീതിയുടെ മതമാണ് ഇസ്ലാം എന്ന് ഉദ്‌ഘോഷിക്കുന്നവര്‍ ഹാഗിയ സോഫിയ തിരിച്ചുകൊടുക്കുകയല്ലേ ചെയ്യേണ്ടത്?

പ്രത്യയശാസ്ത്രതലത്തിലുള്ള അത്തരം വഴിമാറലാണ് റസിപ് തയ്യിബ് എര്‍ദോഗാന്‍ എന്ന ഇസ്ലാമിസ്റ്റ് അധികാരമേറിയശേഷം തുര്‍ക്കിയില്‍ അനുക്രമം നടന്നുവരുന്നത്
ഹാഗിയ സോഫിയ
ഹാഗിയ സോഫിയ

2020 ജൂലൈ 24 വെള്ളിയാഴ്ചയായിരുന്നു. അന്നുച്ചയ്ക്ക് ഇസ്താംബൂളിലെ ഹാഗിയ സോഫിയയില്‍നിന്നു ബാങ്കുവിളി മുഴങ്ങി. തുര്‍ക്കിയുടെ പ്രസിഡന്റ് റസിപ് തയ്യിബ് എര്‍ദോഗാന്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കുന്നതിന് അവിടെയെത്തി. മുസ്തഫ കമാല്‍ അറ്റാതുര്‍ക്കിന്റെ കാലത്ത് മ്യൂസിയമാക്കി മാറ്റിയ ഹാഗിയ സോഫിയയെ എര്‍ദോഗാന്‍ മുസ്ലിം ദേവാലയമായി പരിവര്‍ത്തിപ്പിച്ചതിനുശേഷമുള്ള ആദ്യത്തെ പ്രാര്‍ത്ഥനയാണ് (നമസ്‌കാരം) ജൂലൈ 24-നു നടന്നത്.

ടര്‍ക്കിഷ് ഭാഷയില്‍ അയ സോഫിയ എന്നും ലാറ്റിനില്‍ സാന്‍ക്റ്റ സോഫിയ എന്നുമറിയപ്പെടുന്ന ഹാഗിയ സോഫിയയ്ക്ക് 1483 വര്‍ഷത്തെ ചരിത്രമുണ്ട്. കിഴക്കന്‍ റോമന്‍ (ബൈസന്റൈന്‍) ചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്‍ ഒന്നാമന്‍ 532-537 കാലത്ത് പണികഴിപ്പിച്ച ക്രൈസ്തവ കത്തീഡ്രലാണ് കോണ്‍സ്റ്റാന്റിനോപ്പിളിലെ (ഇസ്താംബൂളിലെ) ഹാഗിയ സോഫിയ. കിഴക്കന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ കേന്ദ്രമായി ആയിരത്തോളം വര്‍ഷം അത് വര്‍ത്തിച്ചു. 1453-ല്‍ ഒട്ടോമന്‍ മുസ്ലിം സൈന്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയപ്പോള്‍ സുല്‍ത്താന്‍ മുഹമ്മദ് അത് മുസ്ലിം ദേവാലയമാക്കി മാറ്റി. ക്രിസ്തുമതവുമായി ബന്ധപ്പെട്ട സര്‍വ്വ ചിഹ്നങ്ങളും കൊത്തുപണികളും അവര്‍ നിശ്ശേഷം തുടച്ചുനീക്കുകയും ചെയ്തു.

ഒട്ടോമന്‍ മുസ്ലിങ്ങള്‍ തങ്ങളുടെ പള്ളിയാക്കി മാറ്റിയ ഹാഗിയ സോഫിയയില്‍ പിന്നീട്, അഞ്ചേമുക്കാല്‍ നൂറ്റാണ്ടിനുശേഷം കൈവെച്ചത് ഒരു സെക്യുലര്‍ മുസ്ലിമാണ്- ആധുനിക തുര്‍ക്കി റിപ്പബ്ലിക്കിന്റെ സ്ഥാപകനും പ്രഥമ പ്രസിഡന്റുമായ മുസ്തഫ കമാല്‍ അത്താതുര്‍ക്ക്. തികഞ്ഞ മതേതരവാദിയായിരുന്ന മുസ്തഫ കമാല്‍ ഒട്ടോമന്‍ ഭരണാധികാരി മുസ്ലിം ആരാധനാലയമാക്കിയ മുന്‍ ക്രൈസ്തവ കത്തീഡ്രലിനെ 1935-ല്‍ മതഭേദമെന്യേ സര്‍വ്വര്‍ക്കും അവകാശമുള്ള മ്യൂസിയമായി പരിവര്‍ത്തനം ചെയ്തു. യുനെസ്‌കോ അതിനെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുകയുമുണ്ടായി.

എര്‍ദോഗാന്റെ ഇസ്ലാമിസ്റ്റ് അടിത്തറയുള്ള ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ. പാര്‍ട്ടി) 2002-ല്‍ അധികാരത്തില്‍ വന്ന നാള്‍ തൊട്ട് ആ പാര്‍ട്ടിയിലെ ശക്തമായ ഒരു വിഭാഗം ഹാഗിയ സോഫിയയെ വീണ്ടും മസ്ജിദാക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ടായിരുന്നു. മുസ്തഫ കമാല്‍ ഉയര്‍ത്തിപ്പിടിച്ച ഉള്‍ക്കൊള്ളല്‍ സ്വഭാവമുള്ള മതേതര ദേശീയത കുഴിവെട്ടി മൂടി തല്‍സ്ഥാനത്ത് പുറന്തള്ളല്‍ സ്വഭാവമുള്ള ഇസ്ലാമിക സാംസ്‌കാരികത അരക്കിട്ടുറപ്പിക്കണമെന്ന വാശിയാണ് അവരുടെ മുഖ്യ സവിശേഷത. 1453-ല്‍ സുല്‍ത്താന്‍ മുഹമ്മദ് ചെയ്ത തെറ്റ് (അപരമത ആരാധനാലയം സ്വമത ആരാധനാലയമാക്കിയ തെറ്റ്) മറ്റൊരു വിധത്തില്‍ ആവര്‍ത്തിക്കേണ്ടത് മുസ്ലിങ്ങളുടെ അധീശത്വവും അഭിമാനവുമായി ബന്ധപ്പെട്ട വിഷയമായി അവര്‍ വിലയിരുത്തുന്നു. ആ വിലയിരുത്തലിനോട് ഇസ്ലാമിസ്റ്റ് രാഷ്ട്രീയക്കാരനായ എര്‍ദോഗാന്‍ സമ്പൂര്‍ണ്ണാര്‍ത്ഥത്തില്‍ യോജിക്കുന്നു എന്നതിന്റെ സുവ്യക്ത തെളിവത്രേ മ്യൂസിയത്തില്‍നിന്നു മോസ്‌കിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചു നടത്തം.

നിരീക്ഷകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നതുപോലെ ഈ നീക്കത്തെ ത്വരിപ്പിച്ച ചില രാഷ്ട്രീയ ഘടകങ്ങളുണ്ടെന്നത് ശരിയാണ്. സെക്യുലര്‍ കമാലിസ്റ്റ് ചിന്താഗതിക്കാര്‍ എര്‍ദോഗാന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ പല സന്ദര്‍ഭങ്ങളില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. 2013-ലെ ഗെസി പാര്‍ക് പ്രതിഷേധം മികച്ച ഉദാഹരണമാണ്. ഇസ്താംബൂളിലെ പ്രസിദ്ധമായ തക്‌സിം ചത്വരത്തിന്റെ മതേതര സ്വഭാവം തകിടംമറിച്ച് അവിടെ ഏകമത സംസ്‌കാരാധിഷ്ഠിതമായ ഒട്ടോമന്‍ ശൈലിയില്‍ പള്ളിയും മറ്റു കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിനെതിരെയും മാധ്യമസ്വാതന്ത്ര്യ നിഷേധമടക്കമുള്ള ജനാധിപത്യ മൂല്യക്കശാപ്പിനെതിരെയും തുടങ്ങിയ പ്രതിഷേധം ഇസ്താംബൂളും അങ്കാറയുമുള്‍പ്പെടെ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ കത്തിപ്പടരുകയും പടുകൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. 5000 കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ 35 ലക്ഷം പേര്‍ പങ്കെടുത്തതായാണ് കണക്ക്. 2016-ല്‍ നടന്നതും വിജയിക്കാതെ പോയതുമായ സൈനിക അട്ടിമറി ശ്രമത്തിന്റെ മറവില്‍ സിവില്‍ ഉദ്യോഗസ്ഥരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അക്കാദമിക്കുകളും ന്യായാധിപന്മാരുമുള്‍പ്പെടെ പതിനായിരക്കണക്കിനാളുകള്‍ ജോലിയില്‍നിന്നു പുറന്തള്ളപ്പെടുകയും തുറുങ്കിലടക്കപ്പെടുകയും ചെയ്ത സംഭവമുണ്ടായി. പ്രസിഡന്റിന്റെ അമിതാധികാര പ്രയോഗം തുറന്നുകാട്ടുന്നവരെ നിശ്ശബ്ദരാക്കുന്ന ഈ ഫാഷിസ്റ്റ് നടപടി എര്‍ദോഗാന്റെ പ്രതിച്ഛായയ്ക്ക് കാര്യമായ തോതില്‍ മങ്ങലേല്‍പ്പിച്ചിരുന്നു. കൂടാതെ, ഇസ്താംബൂളിലും അങ്കാറയിലും പ്രാദേശിക തെരഞ്ഞെടുപ്പില്‍ എ.കെ. പാര്‍ട്ടിക്കേറ്റ തിരിച്ചടി, രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളും പ്രസിഡന്റിനെ അങ്കലാപ്പിലാക്കിയ കാര്യങ്ങളാണ്.

മേല്‍ച്ചൊന്ന രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങള്‍ അവയുടേതായ സ്വാധീനം എര്‍ദോഗാന്റേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും ചെയ്തികളെ സ്വാധീനിച്ചു എന്നത് വസ്തുതയാണെങ്കില്‍ത്തന്നെയും തുര്‍ക്കിയെ പുറന്തള്ളല്‍ സ്വഭാവമുള്ള മതദേശീയതയിലേക്കും ഇസ്ലാമിക സാംസ്‌കാരികതയിലേക്കും തിരിച്ചു നടത്താനുള്ള വെപ്രാളത്തിനു പിന്നിലുള്ള പ്രമുഖ ഘടകം പ്രത്യയശാസ്ത്രപരമാണെന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂടാ. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിസ്റ്റ് പാര്‍ട്ടികള്‍ സെക്യുലര്‍ നാഷണലിസത്തിന്റേയും മതനിരപേക്ഷ സാംസ്‌കാരികതയുടേയും എതിര്‍പക്ഷത്തേ എക്കാലത്തും നിലനിന്നിട്ടുള്ളൂ. അവയുടെ സൈദ്ധാന്തിക കാഴ്ചപ്പാടില്‍ സെക്യുലര്‍ കള്‍ച്ചറും സെക്യുലര്‍ നാഷണലിസവും ഇസ്ലാമിന്റെ കൊടുംശത്രുക്കളാണ്. അവയെ വിട്ടുവീഴ്ചയില്ലാതെ എതിരിടേണ്ടത് ഇസ്ലാംമത വിശ്വാസിയുടെ അനുപേക്ഷ്യ കടമയാണെന്ന് അവ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു.

ഭൂതകാലത്തിലെ മുറിവുകള്‍

20-ാം നൂറ്റാണ്ടില്‍ നാമ്പിട്ട ഇസ്ലാമിസ്റ്റ് സംഘടനകളില്‍ ഒന്നുപോലും കമാല്‍ അറ്റാ തുര്‍ക്കിന്റെ ടര്‍ക്കിഷ് ദേശീയത എന്ന സങ്കല്പത്തേയോ ഈജിപ്തിലെ ജമാല്‍ അബ്ദുല്‍ നാസറിന്റെ അറബ് ദേശീയത എന്ന സങ്കല്പത്തേയോ അംഗീകരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ഇസ്ലാം മതത്തെ മാറ്റിനിര്‍ത്തിയുള്ള ദേശീയബോധത്തിനും സംസ്‌കാരബോധത്തിനും നേരെ കൂരമ്പുകളയച്ച ചരിത്രമാണ് അവയ്ക്കുള്ളത്. ഇപ്പോള്‍ കമാലിസ്റ്റ് സെക്യുലര്‍ നാഷണലിസത്തിനെതിരെ തുര്‍ക്കിയില്‍ ഇസ്ലാമിസ്റ്റുകള്‍ (എ.കെ. പാര്‍ട്ടി) പൊരുതുന്നതുപോലെ 1960-കളില്‍ ഈജിപ്തില്‍ നാസറിന്റെ മതേതര അറബ് ദേശീയതയ്‌ക്കെതിരെ ആ രാജ്യത്ത് പിറവികൊണ്ട മുസ്ലിം ബ്രദര്‍ ഹുഡ് (ഇഖ്വാനുല്‍ മുസ്ലിമൂന്‍) യുദ്ധം ചെയ്ത കാര്യം ഓര്‍ക്കാവുന്നതാണ്.

1970-കളുടെ അന്ത്യത്തില്‍ ഇറാനില്‍ സംഭവിച്ചതും ഇതുതന്നെ. മുഹമ്മദ് റിസ പഹ്ലവി എന്ന ഇറാനിയന്‍ ഭരണാധികാരി സ്വേച്ഛാധിപത്യ മനസ്ഥിതിക്കാരനായിരുന്നു എന്നത് സമ്മതിക്കാം. പക്ഷേ, രാജ്യത്ത് നിലനില്‍ക്കേണ്ടത് മതദേശീയതല്ല, മതേതര ദേശീയതയാണെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ല. ആയത്തുല്ല ഖൊമൈനിയുടെ 'ആത്മീയ നേതൃത്വ'ത്തില്‍ ഇറാനില്‍ പ്രക്ഷോഭം നടക്കുകയും അത് വിജയിക്കുകയും ചെയ്തപ്പോള്‍ ആ രാഷ്ട്രത്തിന് സെക്യുലര്‍ നാഷണലിസത്തിന്റേയും മതേതര സംസ്‌കാരത്തിന്റേയും വിശാലപാത വിട്ട് മതദേശീയതയുടേയും ഇസ്ലാമിക സാംസ്‌കാരികതയുടേയും ഇടുങ്ങിയ പാതയിലേക്ക് വഴിമാറേണ്ടിവന്നു.

പ്രത്യയശാസ്ത്രതലത്തിലുള്ള അത്തരം വഴിമാറലാണ് റസിപ് തയ്യിബ് എര്‍ദോഗാന്‍ എന്ന ഇസ്ലാമിസ്റ്റ് അധികാരമേറിയശേഷം തുര്‍ക്കിയില്‍ അനുക്രമം നടന്നുവരുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹാഗിയ സോഫിയ എന്ന മ്യൂസിയത്തെ മസ്ജിദ് എന്ന അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുപോയ നടപടി. ലോകത്തിലെ മറ്റെല്ലാ മതമൗലികവാദികളേയും പോലെ തുര്‍ക്കി പ്രസിഡന്റും ജനങ്ങളുടെ മതവികാരം മുതലെടുക്കുന്നു. ഭൂതകാലത്തിലെ മുറിവുകള്‍ എന്നു ഇസ്ലാമിസ്റ്റുകള്‍ വ്യവഹരിക്കുന്നവ പുറത്തെടുക്കുകയാണ് അദ്ദേഹം. ആ തിരക്കില്‍ എര്‍ദോഗാന്‍ വിസ്മരിച്ചുകളയുന്നത് 1453-ല്‍ സുല്‍ത്താന്‍ മുഹമ്മദ് ക്രൈസ്തവ കത്തീഡ്രലിനോടും പൂര്‍വ്വ റോമിലെ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിശ്വാസികളോടും കാണിച്ച മാപ്പര്‍ഹിക്കാത്ത അനീതിയാണ്. ഒട്ടോമന്‍ സൈന്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുന്നതുവരെ ഒരു സഹസ്രാബ്ദത്തോളം കാലം ക്രൈസ്തവ ആരാധനാലയമായിരുന്നു ഹാഗിയ സോഫിയ. നീതിയുടെ മതമാണ് ഇസ്ലാം എന്ന് ഉദ്‌ഘോഷിക്കുന്നവരില്‍ ഒട്ടും പിന്നിലല്ലാത്ത ഇസ്ലാമിസ്റ്റുകള്‍ മുസ്ലിം സുല്‍ത്താന്‍ പിടിച്ചടക്കിയ അപരമത ആരാധനാലയം ആ മതക്കാര്‍ക്ക് തിരിച്ചുകൊടുക്കുകയല്ലേ ചെയ്യേണ്ടത്?

മതമൗലികവാദികള്‍ വാഴുന്നിടത്ത് ഭൂരിപക്ഷ മതത്തിന്റെ ഹിതമേ, അതെത്ര ഹീനമായാലും, നടക്കൂ എന്ന് ഹാഗിയ സോഫിയ മ്യൂസിയത്തിന്റെ അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നു. എവിടെ മതേതര ദേശീയത തളരുന്നുവോ അവിടെ ഭൂരിപക്ഷ മതത്തിന്റെ രാക്ഷസീയഹിതം രംഗം കയ്യടക്കും. ഉള്‍ക്കൊള്ളല്‍ സ്വഭാവമുള്ള സാമൂഹിക, രാഷ്ട്രീയ പരിതോവസ്ഥ കടുത്ത പുറന്തള്ളല്‍ സ്വഭാവമുള്ള സാമൂഹിക, രാഷ്ട്രീയ പരിതോവസ്ഥയ്ക്ക് വഴിമാറിക്കൊടുക്കേണ്ടിവരും. തുര്‍ക്കിയിലെ എര്‍ദോഗാനിസം അനുദിനം തെളിയിച്ചുകൊണ്ടിരിക്കുന്നത് അതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com