വിശുദ്ധവനങ്ങളിലെ വിനോദ വ്യവസായങ്ങള്‍

തെക്കുമ്പാട് ഉയരാന്‍ പോകുന്ന തെയ്യം പേര്‍ഫോമിങ് ഗാലറി നിലവിലെ ഗവണ്‍മെന്റ് പോളിസി പ്രകാരം തന്നെ നഗ്‌നമായ ലംഘനമാണ്
തെക്കുമ്പാട് തായക്കാവ്/ ഫോട്ടോ: പ്രസൂൺ കിരൺ
തെക്കുമ്പാട് തായക്കാവ്/ ഫോട്ടോ: പ്രസൂൺ കിരൺ

പ്രളയാനന്തര പുനര്‍ചിന്തയുടെ ഭാഗമായി സ്വാഭാവിക ആവാസവ്യവസ്ഥയും ഭൂഘടനകളും അതേപടി നിലനിര്‍ത്തുക എന്ന പാരിസ്ഥിതിക നയം പൊതുവായി മുന്‍നിര്‍ത്തപ്പെടുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ ഏക കണ്ടല്‍ക്കാവായ കണ്ണൂര്‍ തെക്കുമ്പാട് തായക്കാവില്‍ ടൂറിസത്തിന്റെ പേരില്‍ പരിസ്ഥിതിവിരുദ്ധ നിര്‍മ്മിതികള്‍ സമാന്തരമായി ഉയര്‍ന്നുവരുന്നത്. ജീവനാശത്തിന്റെ വൈറസ് ഒരു സമൂഹത്തെയപ്പാടെ സാമ്പത്തികമായും സാമൂഹികമായും മരവിപ്പിച്ച് നിര്‍ത്തിയിരിക്കുമ്പോള്‍, മനുഷ്യന്‍ അതിജീവനദുരിതത്തെ മറികടക്കാന്‍ ബദ്ധപ്പെടുമ്പോള്‍, പാരസ്പര്യത്തിന്റെ ജൈവബന്ധത്തെ ഗുരുതരമായി വ്രണപ്പെടുത്തുന്ന ചില വികൃതനിര്‍മ്മിതികള്‍ കൂടി ഒളിച്ചുകടത്തപ്പെടുകയാണ്.  

ദേവക്കൂത്ത് തെയ്യം
ദേവക്കൂത്ത് തെയ്യം

കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പുഴയും കുപ്പം പുഴയും അറബിക്കടലിനോട് ചേരുന്ന അഴീക്കല്‍ അഴിമുഖത്തോട് ചേര്‍ന്ന്, കുപ്പം പുഴയുടെ വിശ്രമപാദത്തില്‍ മാട്ടൂല്‍ പഞ്ചായത്തിലാണ് പരമാവധി 380 മീറ്റര്‍ മാത്രം വീതിയും രണ്ടേമുക്കാല്‍ കിലോമീറ്റര്‍ മാത്രം നീളവുമുള്ള അതീവ ലോലഭൂഘടനയുള്ള ചെറുദ്വീപായ തെക്കുമ്പാട്. സ്ത്രീ കെട്ടിയാടുന്ന ഏക തെയ്യമായ ദേവക്കൂത്തിന്റെ പേരിലാണ് കണ്ടലുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന തായക്കാവ് പ്രസിദ്ധമായിട്ടുള്ളത്. വടക്ക് ചന്ദ്രഗിരിപ്പുഴ മുതല്‍ തെക്ക് മയ്യഴിപ്പുഴ വരെ നീളുന്ന മലനാട് റിവര്‍ ക്രൂയിസ് പ്രോജക്ട് എന്ന പേരില്‍ നടപ്പിലാക്കുന്ന 325 കോടി രൂപയുടെ അതിവിപുലമായ പുഴബന്ധിത സഞ്ചാരപദ്ധതിയുടെ ഭാഗമായ തെയ്യം ക്രൂയിസ് പദ്ധതിയാണ് ഇവിടെ വരാനിരിക്കുന്നത്. ദ്വീപിന്റെ തെക്കേ അതിരിലുള്ള തെക്കുമ്പാട് കൂലോം കേന്ദ്രീകരിച്ച് 7.64 കോടി രൂപയുടെ നിര്‍മ്മിതിയില്‍പ്പെടുന്ന 26,257 ചതുരശ്ര അടി വിസ്താരമുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മിതിക്ക് സമാനമായ ഗാലറിയോടുകൂടിയ 'തെയ്യം പെര്‍ഫോമിങ് യാര്‍ഡ്' എന്ന ആശയമാണ് അനുഷ്ഠാനപരവും പാരിസ്ഥിതികവുമായ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ആധുനിക ലൈറ്റിങ്ങ് സംവിധാനത്തോടുകൂടിയ ഓപ്പണ്‍ തിയറ്റര്‍, രണ്ടര കിലോമീറ്റര്‍ നീളത്തില്‍ രണ്ട് മീറ്റര്‍ വീതിയില്‍ കല്ല് പാകിയ നടപ്പാത, 5000 ചതുരശ്രഅടിയുടെ പാര്‍ക്കിങ് കേന്ദ്രം തുടങ്ങി നിരവധി അനുബന്ധ നിര്‍മ്മാണങ്ങളും പുഴനിരപ്പില്‍നിന്നും ശരാശരി രണ്ടരയടി മാത്രം ഉയരമുള്ള ദ്വീപില്‍ പദ്ധതിയിട്ടിരിക്കുന്നു. CRZ (Coastal Regulation Zone) 1A-യിലും NDZ ( Non Development Zone) മൂന്നിലും പെടുന്ന കണ്ടല്‍ സംരക്ഷിത ഭൂപ്രദേശമായതിനാല്‍ത്തന്നെ, സീക്ക് പയ്യന്നൂര്‍, കല്ലേന്‍ പൊക്കുടന്‍ ട്രസ്റ്റ് എന്നീ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ CRZ അതോറിറ്റി, കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം, സ്റ്റേറ്റ് വെറ്റ്ലാന്റ് അതോറിറ്റി, വനം വകുപ്പ് എന്നിവിടങ്ങളില്‍ പരാതി നല്‍കുകയും വിഷയം തുടര്‍ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്തുകഴിഞ്ഞു.

ഒരേയൊരു കണ്ടല്‍ക്കാവ്

പ്രകൃത്യാനുസാരിയായ വിശ്വാസക്രമങ്ങളും പാരമ്പര്യ-കാര്‍ഷിക-പാരിസ്ഥിതിക വിജ്ഞാനങ്ങളും സമം ചേരുന്ന അനുഷ്ഠാനരൂപമെന്ന നിലയിലാണ് കല എന്ന വ്യാഖ്യാനത്തിനുമപ്പുറം തെയ്യം സര്‍വ്വസമ്മതമായ പൊതുസ്വീകാര്യത നേടിയത്. സകല ജൈവകണ്ണികളേയും കാവ് എന്ന ഒറ്റ സങ്കല്പത്തില്‍ കേന്ദ്രീകരിക്കുന്ന പ്രകൃത്യാധിഷ്ഠിതമായ ആചാര വ്യവസ്ഥയാണത്. അതിനാല്‍ത്തന്നെ ടൂറിസം സാധ്യതകള്‍ക്കിടയിലും പരസ്പരബന്ധിതമായി നിലനില്‍ക്കുന്ന സാമാന്യ പാരിസ്ഥിതിക നിയമങ്ങള്‍ തന്നെയാണ് കാവുമായി ബന്ധപ്പെടുത്തി ഇവിടെയും ആദ്യം പരിഗണിക്കപ്പെടേണ്ടത്. ഒരു കാടിനേയും അതിന്റെ കണ്ണിചേര്‍ന്നു വസിക്കുന്ന മനുഷ്യനുള്‍പ്പെടുന്ന എണ്ണമറ്റ ജൈവസ്വത്വങ്ങളേയും ഉള്‍ച്ചേര്‍ക്കുന്ന അസാധാരണമായ അനുഭവപരിസരമാണ് യഥാര്‍ത്ഥത്തില്‍ ഒരു തെയ്യം അനുഷ്ഠാനമായി രൂപാന്തരപ്പെടുന്നത്. മൂന്നുഭാഗവും ഉപ്പ് വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന തായേക്കാവിലെ മണിക്കിണറില്‍ മാത്രം ലഭ്യമാകുന്ന ശുദ്ധജലത്തിന്റെ കാത്തുവെയ്പിനെ ഒരു കാവ് സങ്കല്പത്തോട് ചേര്‍ത്ത് വായിക്കേണ്ടത് അത്തരമൊരു പശ്ചാത്തലത്തിലാണ്. വിശ്വാസവും യുക്തിയും ശാസ്ത്രീയമായ പരിസരവിജ്ഞാനവും ചേര്‍ത്തുവച്ച സംഘാടനത്വത്തിന്റെ കാത്തുവെയ്പായാണ് പുതുകാലത്ത് അതിനെ കാണേണ്ടത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാവിടങ്ങളുടെ പാരിസ്ഥിതിക ദര്‍ശനങ്ങള്‍ക്കുമേല്‍ പുതുകാലത്തെ വൈകൃത പരിഷ്‌കാരങ്ങള്‍ കൂടി സംഭവിക്കുമ്പോള്‍, തായക്കാവുമായി ബന്ധപ്പെട്ട ആലോചനകള്‍ പരമ്പരാഗത വടക്കന്‍ കാവുകളുടെ മേല്‍ക്കുള്ള സമകാലിക നവീകരണ ദുരാചാരങ്ങളിലേക്കുള്ള ആമുഖം കൂടിയായി മാറുകയാണ്.

കണ്ടൽക്കാട്
കണ്ടൽക്കാട്

അതീവ ലോല പരിസ്ഥിതിമേഖലയായ തായക്കാവ് അമിതമായ ബാഹ്യ ഇടപെടലുകളില്ലാതെ വിശ്വാസബന്ധിതമായി പതിറ്റാണ്ടുകളായി സംരക്ഷിക്കപ്പെട്ടു പോരുന്നതാണ്. സമാനതകളില്ലാത്തവിധം ജൈവവൈവിധ്യം നിറഞ്ഞ കടല്‍ സാമീപ്യമുള്ള ചെറുദ്വീപ് പ്രദേശമാണിത്. കാട്, പുഴ, തെയ്യക്കാവ്, നെല്‍വയല്‍, കണ്ടല്‍വനം, ചതുപ്പ്, ചൂരല്‍പ്പടര്‍പ്പുകള്‍, സസ്യജന്തുവൈവിധ്യം തുടങ്ങി, ചെറിയ സ്ഥലത്തുതന്നെ നിരവധി മൈക്രോ ഹാബിറ്റാറ്റുകള്‍ ചേരുന്ന ഇത്തരമൊരു അപൂര്‍വ്വത അധികമെവിടെയും കാണാനാവില്ല. ഉപ്പട്ടിയും, പൂക്കണ്ടലും നക്ഷത്രക്കണ്ടലും, പ്രാന്തന്‍കണ്ടലും ഉള്‍പ്പെടെ പത്തിനം കണ്ടല്‍ ജാതികള്‍ തായക്കാവിലെ ചെറിയ ചുറ്റളവില്‍ത്തന്നെയുണ്ട്. ഒപ്പം, അത്യപൂര്‍വ്വമായ മീന്‍പൂച്ചയെ (fishing cat) ഇവിടെ കണ്ടതായി വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ സ്ഥിരീകരണമില്ലാത്ത രേഖപ്പെടുത്തലുകള്‍ ഉണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്നതും കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ മാത്രം കാണപ്പെടുന്നതുമായ വെള്ളവയറന്‍ കടല്‍പ്പരുന്തിന്റെ ആവാസസ്ഥാനം കൂടിയാണിത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ വെള്ളവയറന്റെ പതിവ് കൂടുകൂട്ടല്‍ കേന്ദ്രം കൂടിയായിരുന്നു തായക്കാവ്. ചാരത്തലയന്‍ തിത്തിരി (Grey Headed Lapwing), താലിപ്പരുന്ത് (Osprey), യൂറോപ്യന്‍ പനങ്കാക്ക (European Roller), നാകമോഹന്‍ (Paradise Flycatcher) എന്നിങ്ങനെ ദേശാടനപ്പക്ഷികള്‍ ഉള്‍പ്പെടെ 174 ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ചേരക്കോഴി (Oriental Darter), കടല്‍മണ്ണാത്തി (Eurasian Oystercatcher), വാള്‍കൊക്കന്‍ (Eurasian Curlew), പട്ടവാലന്‍ സ്നാപ് (Black tailed Godwit) തുടങ്ങി പത്തിനങ്ങള്‍ ഐ.യു.സി.എന്‍ ലിസ്റ്റ് പ്രകാരം വംശനാശഭീഷണി നേരിടുന്നവയാണ്. മഞ്ഞക്കൊച്ച (Yellow Bittern), കരിങ്കൊച്ച (Black Bittern), മഴക്കൊച്ച (Chinnamon Bittern) തുടങ്ങി പതിമൂന്നിനം കൊക്കുകളേയും ഈ പരിസരങ്ങളില്‍ മാത്രം കണ്ടെത്തിയിട്ടുണ്ട്. കണ്ടല്‍ക്കാടുകള്‍ കൂടാതെ, വനപ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ചൂരല്‍ക്കാടുകള്‍, അപൂര്‍വ്വമായ സസ്യവൈവിധ്യം, വേലിയേറ്റ വേലിയിറക്കങ്ങളില്‍ രൂപപ്പെടുന്ന ചെളിച്ചതുപ്പുകള്‍, തീരദേശ നെല്‍വയല്‍ തുടങ്ങിയ അസാധാരണമായ ഭൂപ്രകൃതിയാണ് ഏതാനും ഏക്കറുകള്‍ക്കുള്ളില്‍ ഇത്രയധികം പക്ഷിവൈവിധ്യത്തിനു കാരണമെന്നു പ്രശസ്ത പക്ഷിനിരീക്ഷകരായ സി. ശശികുമാര്‍, പി.സി. രാജീവന്‍ എന്നിവരുടെ ദീര്‍ഘകാല പഠനറിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

തെയ്യം ടൂറിസം വിപണി

മണ്‍സൂണ്‍ കാലയളവ് ഒഴിച്ചുനിറുത്തിയാല്‍ വര്‍ഷത്തില്‍ ഒട്ടുമിക്ക മാസങ്ങളിലും സ്വാഭാവിക അന്തരീക്ഷത്തില്‍ തെയ്യം നടക്കുന്ന ആയിരക്കണക്കിനു കാവുകളാണ് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലുള്ളത്. നീലിയാര്‍ കോട്ടം പോലുള്ള ഇടങ്ങളിലാവട്ടെ, കടുംകര്‍ക്കിടകത്തില്‍ ഒഴിച്ച് വര്‍ഷം മുഴുവനും തെയ്യം നടക്കുന്നു. ലഭ്യമായ തെയ്യം കലണ്ടര്‍ പ്രകാരം 90 ശതമാനം കാവുകളിലും തെയ്യം നടന്നുപോരുന്നത് ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള നാല് മാസങ്ങളിലാണ്. വിദേശസഞ്ചാരികളില്‍ 50 ശതമാനവും സംസ്ഥാനത്ത് എത്തിച്ചേരുന്നതും ഇതേ മാസങ്ങളിലാണ്. രേഖകള്‍ പ്രകാരം 2018 കാലയളവില്‍ സംസ്ഥാന ശരാശരി പ്രകാരം 0.91 ശതമാനം സഞ്ചാരികള്‍ മാത്രമാണ് കണ്ണൂര്‍, കാസര്‍കോഡ് ജില്ലയിലേക്ക് എത്തിച്ചേര്‍ന്നിട്ടുള്ളത്. അതില്‍ ബഹുഭൂരിഭാഗവും ഇവിടത്തെ പ്രധാന ആകര്‍ഷണമായ തെയ്യത്തെ അതിന്റെ തനത് കാവ് അന്തരീക്ഷത്തില്‍ത്തന്നെ കാണാന്‍ ലക്ഷ്യമിട്ട് വന്നെത്തുന്നവരുമാണ്. മികച്ച ടൂറിസം സീസണില്‍ അഥവാ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ആയിരത്തിലധികം കാവുകളില്‍ തെയ്യം നടക്കുന്നുണ്ട്. രണ്ട് ജില്ലകളിലുമായി ഒരു ദിവസം ശരാശരി പത്തോളം കാവുകളില്‍ തെയ്യം നടക്കുന്നു എന്ന് ആ കണക്കുകളില്‍ വ്യക്തം. എന്നിരിക്കെ, ഓഫ് സീസണില്‍ വന്നേക്കാവുന്ന ഏതാനും വിദേശസഞ്ചാരികള്‍ക്കുകൂടി വേണ്ടിയാണ് തെക്കുമ്പാട് തെയ്യം യാര്‍ഡ് എന്ന പേരിലുള്ള നിര്‍മ്മിതിയെന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആക്ഷേപങ്ങളില്‍ ഒന്ന്.

തായക്കാവിലെ മണിക്കിണർ
തായക്കാവിലെ മണിക്കിണർ

''വിദേശ രാജ്യങ്ങളില്‍ പലയിടത്തും സ്റ്റേജ് ഷോ ആയി ഇന്ന് തെയ്യത്തെ കാണാന്‍ പറ്റും, റിസോര്‍ട്ടുകളിലും മറ്റും പ്രത്യേകിച്ചും. പക്ഷേ, ഞങ്ങള്‍ ആഗ്രഹിക്കുന്നത് തനത് പശ്ചാത്തലത്തില്‍ തെയ്യത്തെ കാണാനാണ്, കാവ്, കാട്, തറവാട് സ്ഥാനങ്ങള്‍പോലുള്ള ഏറ്റവും സ്വാഭാവികമായ പശ്ചാത്തലങ്ങളില്‍. അതൊക്കെയാണ് ഇവിടെ നിലനിര്‍ത്തേണ്ടത്. പക്ഷേ, പലതും ആധുനിക നിര്‍മ്മിതിയിലേക്ക് പോകുകയാണ്, പൈതൃകസംരക്ഷണവും ഹെറിറ്റേജ് ടൂറിസവും എന്താണെന്ന് ഇപ്പോഴും ഇവിടെ ആരും തിരിച്ചറിയുന്നില്ല എന്നത് ഏറെ ഖേദകരമാണ്.' എട്ട് വര്‍ഷങ്ങളായി കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിരന്തരം സഞ്ചരിച്ച് തെയ്യം മേഖലയില്‍ പഠനം നടത്തുന്ന പോര്‍ച്ചുഗല്‍ നോവ യൂണിവേഴ്സിറ്റിയില്‍ ആന്ത്രപ്പോളജിസ്റ്റായ ഫിലിപ്പ് പെരേര പറയുന്നു.

2019-ന്റെ അവസാനത്തിലാണ് മനുഷ്യസ്പര്‍ശമില്ലാത്ത വടക്കിന്റെ കന്യാവനങ്ങളിലൊന്നായ തെയ്യോട്ട് കാവിന്റെ വിശുദ്ധഭൂമിയില്‍ റോഡ് ടാറിങ്ങിന് ആവശ്യമായ പ്ലാസ്റ്റിക്ക് സംസ്‌കരണശാല സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഉയര്‍ന്നുവന്നത്. ഏറ്റവും കൂടുതല്‍ ശുദ്ധവായു വ്യവഹാരമുള്ള ഒരു കാവ് പരിസരം പ്ലാസ്റ്റിക്ക് ഉരുക്കുമണംകൊണ്ട് നിറയുന്നതിനേയും ജ്യോതിഷഗണിതംകൊണ്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍മരങ്ങള്‍ മുറിച്ചുനീക്കാനുമുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ, ഒറ്റയായി ചെറുത്തു നിന്നത് ഉറച്ച പാരിസ്ഥിതികബോധമുള്ള  മാവിലാന്മാരുടെ ചെറുകൂട്ടമാണ്. ഒരൊറ്റ വൃക്ഷശിഖരംപോലും വെട്ടാന്‍ അനുവദിക്കില്ലെന്ന അവരുടെ ആര്‍ജ്ജവം അന്നു പിന്മടക്കിയത് ഇടവും വലവും ഉയര്‍ന്നുനിന്ന അധികാരത്തിന്റെ രസീത് കെട്ടുകളെയായിരുന്നു.

സമാനമായിത്തന്നെയാണ് 2019-ന്റെ ആദ്യമാസങ്ങളില്‍ കണ്ണൂര്‍ ധര്‍മ്മശാലയിലെ നീലിയാര്‍ കോട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അതിശയകരമായ ജനകീയ ചെറുത്തുനില്‍പ്പ്. കാലങ്ങളായി നവീകരണദുരന്തം പേറുന്ന വടക്കന്‍ കാവുകളുടെ ദയനീയസ്ഥിതിയില്‍ ഇന്നോളമില്ലാത്ത പ്രതിഷേധം നീലിയാര്‍ കോട്ടം വിഷയത്തില്‍ ഉയര്‍ന്നുവന്നു. പ്രാചീനമായ ആചാരസംഹിതകളെ യാതൊരുവിധ കെട്ടുനിര്‍മ്മിതികളില്ലാത്ത പച്ചയുടെ വനഗര്‍ഭത്തില്‍ പൊതിഞ്ഞുനിറുത്തിയ കാവകത്ത് ജെ.സി.ബി ഉപയോഗിച്ച് കാട്ടുവള്ളികളും അപൂര്‍വ്വ സസ്യങ്ങളും പുത്തന്‍ നിര്‍മ്മിതികള്‍ക്കുവേണ്ടി നിര്‍ദ്ദാക്ഷിണ്യം പറിച്ചുമാറ്റപ്പെട്ടു. നഗരപശ്ചാത്തലത്തിനു നടുവിലും മഴക്കാടുകള്‍ക്ക് സമാനമായ നിത്യവന്യത സൂക്ഷിച്ച അപൂര്‍വ്വ സസ്യജാലങ്ങളുടെ സംരക്ഷണകേന്ദ്രമായ ഇവിടെ ഇന്റര്‍ലോക്ക് മുറ്റം ഉള്‍പ്പെടെ 50 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തിയാണ് വിഭാവനം ചെയ്തത്. ഇതില്‍ അസ്വസ്ഥരായ വിശ്വാസികളും പരിസ്ഥിതി പ്രവൃത്തകരും നീലിയാര്‍ കോട്ടം വിഷയത്തില്‍ നിരന്തര ക്യാമ്പയിനുകള്‍ നടത്തി. നോട്ടീസിലെ ചിത്രത്തിന്റെ മാതൃകയില്‍ വന്ന പിഴവെന്നും അധികമായ നിര്‍മ്മിതികള്‍ ഒന്നും വരില്ലെന്നുള്ള താല്‍ക്കാലിക ഉറപ്പിലും പ്രക്ഷോഭങ്ങള്‍ അന്നു തണുത്തുവെങ്കിലും കോട്ടത്ത് തുടര്‍ നിര്‍മ്മിതികള്‍ തുടരുന്നുണ്ട് എന്നതാണ് ഖേദകരമായ വസ്തുത.

രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് തെക്കുമ്പാട് കൂലോത്ത് ഇതുവരെ ദേവക്കൂത്ത് തെയ്യം നടന്നുപോന്നിരുന്നത്. ഇനിമുതല്‍ അത് എല്ലാ വര്‍ഷങ്ങളിലേക്കുമായി പരിഷ്‌കരിക്കുമെന്നു പറയുമ്പോഴും അത്രയും ദീര്‍ഘകാലത്തിനിടയില്‍ ഒരു ദിവസം മാത്രം ദേവക്കൂത്ത് തെയ്യം ഇറങ്ങുന്ന കാവില്‍, ബാക്കി മുഴുവന്‍ ദിവസവും ഉപകരിക്കാത്ത വിധത്തില്‍ പൊതുപണം കല്ലും മണ്ണുമാക്കി മാറ്റുന്നത് പൊതുപണത്തിന്റെ അശാസ്ത്രീയമായ നിക്ഷേപവും അയുക്തികമായ വ്യവഹാരത്തെയുമാണ് യഥാര്‍ത്ഥത്തില്‍ കാണിക്കുന്നത്. സ്വാഭാവിക കാവ് പരിസരങ്ങളില്‍ തനത് ആവാസസ്ഥാനങ്ങളില്‍ നടന്നുപോരുന്ന തെയ്യത്തെ ആധുനിക പെര്‍ഫോമിങ് യാര്‍ഡുകളിലെ കേവല ഉല്പന്നങ്ങളാക്കി പറിച്ചുമാറ്റുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ഉത്തര മലബാര്‍ തെയ്യം അനുഷ്ഠാന അവകാശ സംരക്ഷണ സമിതിയും വിവിധ സമുദായ സംഘടനകളും തെയ്യം കോലാധാരികളും ശക്തമായി ആരോപിക്കുന്നു. ക്രൂയിസ് പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ അനുഷ്ഠാനപരിസരത്ത് മാത്രം നടക്കുന്ന ബാലി തെയ്യത്തെ യാത്രികരെ സ്വീകരിക്കാനായി ബോട്ട് യാര്‍ഡില്‍ കെട്ടിയാടിച്ചത് വലിയ വിവാദമാണ് ഉണ്ടാക്കിയിരുന്നത്. നമ്മുടെ പൈതൃകങ്ങളേയും അനുഷ്ഠാനങ്ങളേയും തനത് സ്ഥാനത്തുവെച്ച് സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുകയാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്ന് ജനപ്രതിനിധികള്‍ തെയ്യക്കാര്‍ക്ക് ഉറപ്പ് നല്‍കുമ്പോള്‍ തന്നെയാണ് ബോട്ട് യാര്‍ഡില്‍ കെട്ടിയ തെയ്യം അതേ ജനപ്രതിനിധികളുടെ സംഘവുമായി ചേര്‍ന്നുള്ള ദൃശ്യങ്ങളും പ്രചരിക്കപ്പെട്ടത്.

''അത്ര സുതാര്യമായല്ല ചില കാര്യങ്ങള്‍ പോയിട്ടുള്ളത്, തെയ്യം പെര്‍ഫോമിങ് യാര്‍ഡില്‍ സഞ്ചാരികള്‍ക്കുവേണ്ടി പതിവായി തെയ്യത്തെ കെട്ടി പ്രദര്‍ശിപ്പിക്കാനുള്ള രഹസ്യ ആലോചന നടക്കുന്നതായി തുടക്കം മുതല്‍ തന്നെ ഞങ്ങള്‍ക്കു വിവരം ലഭിച്ചിരുന്നു. പ്രതിഷേധം കനത്തപ്പോള്‍ അങ്ങനെ ചെയ്യില്ല എന്നവര്‍ വാക്കാല്‍ പറയുന്നുണ്ടെങ്കിലും അങ്ങനെയല്ല എന്നതിനു ഞങ്ങള്‍ക്കു കൃത്യമായ അറിവുകള്‍ കിട്ടിയിട്ടുണ്ട്. കാരണം, അതിന്റെ തുടക്കമായി ആരു വന്നാലും തെയ്യം പരിശീലിപ്പിക്കാന്‍ നമ്മുടെ തന്നെ കൂട്ടത്തില്‍ത്തന്നെയുള്ള തെയ്യക്കാര്‍ക്ക് മാസശമ്പളം ഇതിനകം ഓഫര്‍ ചെയ്തിട്ടുണ്ട്. മൂന്നോ നാലോ പേര്‍ക്ക് അത്തരത്തില്‍ ജോലി കിട്ടുമെങ്കിലും പരോക്ഷമായി ആയിരക്കണക്കിന് തെയ്യക്കാരുടെ അനുഷ്ഠാനശരീരത്തെ അപമാനിക്കുന്ന ഒരു പ്രവൃത്തിയാണത്. ആത്മനിഷ്ഠയുള്ള ഒരു തെയ്യക്കാരനു കൂട്ടുനില്‍ക്കാന്‍ പറ്റാത്ത കാര്യമാണത്. ഒപ്പം തന്നെയാണ് ടൂറിസം സൊസൈറ്റി രീതിയിലുള്ള തെയ്യം യാര്‍ഡാണ് അവിടെ വരാന്‍ പോകുന്നത് എന്നുള്ള അറിവുണ്ടാക്കുന്ന ഞെട്ടലും.'' വണ്ണാന്‍ സമുദായത്തില്‍പ്പെട്ട ഒരു യുവ തെയ്യം കോലാധാരി പറയുന്നു.

വസ്തുതാപരമായി ഇതിനെ സാധൂകരിക്കുന്ന രീതികളിലാണ് നിലവില്‍ ആസൂത്രണം ചെയ്തിട്ടുള്ള നിര്‍മ്മാണരീതികള്‍ എന്നതും പ്രസക്തമാണ്. പുഴ നിരപ്പില്‍നിന്നും പരമാവധി രണ്ടര അടി മാത്രം ഉയരമുള്ള പൂഴിപ്രദേശത്ത് ആയിരക്കണക്കിനു കല്ലുകള്‍ പാകിയ മൈതാനം ഉള്‍പ്പെടുന്ന 26000 ചതുരശ്ര അടിയുടെ യാര്‍ഡും ഗാലറിയും 5000 ചതുരശ്ര അടിയുടെ പാര്‍ക്കിങ്ങ് മൈതാനവും വരുന്നത് ഒരു ദുര്‍ബ്ബല പ്രദേശത്തിനു വരുത്തിവെയ്ക്കുന്ന ഗുരുതരമായ പാരിസ്ഥിതിക നാശം നിലവില്‍ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കു വഴിവെച്ചുകഴിഞ്ഞു. വര്‍ഷത്തില്‍ മിക്ക മാസങ്ങളിലും തെയ്യം നടക്കുന്ന നാട്ടില്‍ പരിസ്ഥിതിയെ ക്രമഭംഗപ്പെടുത്തിക്കൊണ്ട് പൊതുപണത്തെ ദുരുപയോഗപ്പെടുത്തുന്ന പദ്ധതിയുടെ അശാസ്ത്രീയതയും സങ്കുചിത ടൂറിസം ചിന്തകളും ആയിരക്കണക്കിനു കാവുകളില്‍ സ്വതന്ത്രമായി വിഹിതപ്പെടേണ്ട പൊതുപണത്തെ സ്ഥാപനവല്‍ക്കരിക്കുന്നതുമായ പ്രവൃത്തിയാണിതെന്നും പൊതുവായി ആരോപിക്കപ്പെടുന്നത് അത്തരമൊരു പശ്ചാത്തലത്തില്‍ കൂടിയാണ്. വടക്കന്‍ കേരളത്തിന്റെ വിശുദ്ധവനങ്ങള്‍ക്കു മീതെ നവീകരണത്തിന്റെ പേരിലുള്ള അനധികൃത നിര്‍മ്മിതികള്‍ കാലങ്ങളായി പല അളവുകളില്‍ തുടര്‍ന്നുപോരുന്നുണ്ട്. നൂറ്റാണ്ടുകള്‍ കടന്ന വന്‍വൃക്ഷങ്ങളെ ഇരുമ്പ് പന്തലിനുള്ളിലേക്ക് മുറിച്ചൊതുക്കിയും നാഗസ്ഥാനങ്ങളെ ആവാഹിച്ച് നാട് കടത്തിയശേഷം കാട് വെട്ടിവെളുപ്പിച്ചും ജ്യോതിഷ പ്രാമാണികത്വത്തെ ആപ്തവാക്യമാക്കിക്കൊണ്ട് കീഴാളദേഹങ്ങളെ മതിലിനു പുറത്തെത്തിച്ചും ബാക്കിനില്‍ക്കുന്ന ഓരോ പച്ചത്തുരുത്തുകളിലും പുനരുദ്ധാരണസംഘങ്ങള്‍ കൊലക്കയറുമായി കാവിന്റെ സ്വാഭാവിക ഘടനയെ അപ്പാടെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു.

കാഴ്ചക്കാര്‍ അണിനിരക്കുന്ന ഗാലറികള്‍ എങ്ങനെയാണ് തെയ്യത്തില്‍ സംഭവ്യമാകുന്നത് എന്നത് ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി ഒരു തനത് പശ്ചാത്തലം വിരുദ്ധമായി പുനര്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യവുമായി ബന്ധപ്പെട്ട ഒന്നാണ്. തെയ്യവും കാവും ഭക്തരും ഒന്നാകുന്ന അഥവാ ദൈവവും ഭക്തനും ഒന്നിച്ചിരിക്കുന്ന, ജാതിമതാതീതമായ ഒരു ആശയത്തിന് എങ്ങനെയാണ് യാര്‍ഡ് എന്ന നിര്‍മ്മിതിയോട്, അഥവാ ഭക്തരെ ഗാലറിയില്‍ ഇരുത്തുന്ന, പരസ്പരം സംവേദനാത്മകമല്ലാത്ത സംവിധാനത്തോട് ചേരാനാവുക എന്നത് അതിന്റെ ഉല്പത്തി ചരിത്രവുമായി ബന്ധപ്പെട്ട പ്രസക്തമായ വിഷയമാണ്. വംശീയമായ അകലമില്ലായ്മ വിപ്ലവാത്മകമായി സ്ഥാപിച്ച തെയ്യത്തിന്റെ ചരിത്രത്തില്‍ ഗാലറി നിര്‍മ്മിതികളും തെയ്യം മുന്നോട്ട് വെയ്ക്കുന്ന ഏകാത്മകമായ ആശയത്തേയും ഇല്ലാതാക്കുകയാണ് പ്രത്യക്ഷത്തില്‍ ചെയ്യുക. നിലവില്‍ വരാനിരിക്കുന്ന പെര്‍ഫോമിങ് യാര്‍ഡിന് ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മാതൃകയോടാണ് സാമ്യം. ദേവക്കൂത്ത് കാണാന്‍ എത്തുന്ന ആളുകളുടെ ബാഹുല്യം നിയന്ത്രിക്കാന്‍ പറ്റാഞ്ഞിട്ടാണ് ടൂറിസം പദ്ധതിയുടെ ഭാഗമാക്കി യാര്‍ഡ് നിര്‍മ്മിച്ച് നല്‍കുന്നതെന്നും അതു ഞങ്ങള്‍ക്ക് അനുഗൃഹമാണെന്നും വലിയ വികസനമാണ് ഇതുമൂലം പ്രദേശത്ത് വരാന്‍ പോകുന്നതെന്നും കാവധികാരികള്‍ പ്രത്യാശപ്പെടുന്നു. പക്ഷേ, ഒരു കാവിന്റെ സാംസ്‌കാരിക വിശാലതയോട് ഒട്ടും ചേര്‍ത്തുവെയ്ക്കാനാവാത്ത യാര്‍ഡ് എന്ന നിര്‍മ്മിതിയിലേക്ക് കവാടം കടന്നുവരുന്ന തെയ്യത്തെ ഗാലറിയില്‍ ഇരുന്നു കാണേണ്ടിവരികയെന്നത് നിലനില്‍ക്കുന്ന അനുഷ്ഠാനപരിസരത്തിന്റെ ഘടനയെ അപ്പാടെ പരിഹസിക്കും വിധത്തിലുള്ളതാണെന്നാണ് ഭൂരിപക്ഷവും ആശങ്കപ്പെടുന്നത്. പ്രകൃതിയുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു തനത് കാവ് പരിസരത്തിന്റെ കോണ്‍ക്രീറ്റ്വല്‍ക്കരണമായും ഇതിനെ കാണേണ്ടിവരും. നിലവിലെ സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം പോളിസി (2017) സെക്ഷന്‍ 6 ഒപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

നീലിയാർക്കോട്ടം
നീലിയാർക്കോട്ടം

ആധുനിക വിനോദസഞ്ചാരികള്‍ പാശ്ചാത്യ സുഖഭോഗങ്ങളെക്കാള്‍ ജീവിതഗന്ധിയായ ചുറ്റുപാടുകള്‍ തേടിയാണ് കേരളത്തിലേക്ക് വരുന്നത്. നമ്മുടെ ടൂറിസം മേഖലകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഇവയ്ക്ക് താങ്ങാവുന്നതിലപ്പുറം നിര്‍മ്മാണപ്രവൃത്തികള്‍ ഉണ്ടാകുന്നില്ലയെന്ന് ഉറപ്പ് വരുത്താനാകണം. കയ്യേറ്റങ്ങളും അശാസ്ത്രീയമായ നിര്‍മ്മാണപ്രവൃത്തികളും ടൂറിസം കേന്ദ്രങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയും ഭംഗിയും നശിപ്പിക്കുന്നു.

തെക്കുമ്പാട് ഉയരാന്‍ പോകുന്ന തെയ്യം പേര്‍ഫോമിങ് ഗാലറി നിലവിലെ ഗവണ്‍മെന്റ് പോളിസി പ്രകാരം തന്നെ നഗ്‌നമായ ലംഘനമാണ്. തായക്കാവ് പോലുള്ള അതീവ ലോല പരിസ്ഥിതി നിലനില്‍ക്കുന്ന പ്രദേശത്ത് അത്തരത്തിലുള്ള തുടര്‍വികസനങ്ങള്‍ പാരിസ്ഥിതികമായി ഭീമാബദ്ധങ്ങളായി മാറുമെന്നത് തീര്‍ച്ചയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com