കൊവിഡ് വാക്സിന്‍ പ്രതിരോധവും പ്രതിവിധിയും

ജനുവരിയില്‍ വൈറസിന്റെ ജനിതകഘടന ചൈന പുറത്തുവിട്ടപ്പോള്‍ തന്നെവാക്സിനുവേണ്ടിയുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും ലോകമെങ്ങുംതുടങ്ങിയിരുന്നു
കൊവിഡ് വാക്സിന്‍ പ്രതിരോധവും പ്രതിവിധിയും

The pandemic of severe acute respiratory syndrome corona virus 2 (SARSCoV2) might be curtailed - vaccination

ലോകചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമെന്നു വിശേഷിപ്പിക്കാവുന്ന ഇത്തരമൊരു വാചകം, ആന്‍ഡ്രൂ പൊള്ളാര്‍ഡ് അടക്കം ഓക്‌സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ കൊവിഡ് വാക്‌സിന്‍ ട്രയല്‍ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന 32 ഗവേഷകരുടെ പ്രബന്ധത്തിലെ ആദ്യത്തെ വാക്യമായാണ് ഇത് രേഖപ്പെടുത്തപ്പെട്ടത്. ലാന്‍സെറ്റ് എന്ന ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലൂടെയാണ് ലോകം അത് വായിച്ചത്. കൊറോണ വൈറസ്2 കാരണമുണ്ടാവുന്ന പകര്‍ച്ചവ്യാധി വാക്‌സിനേഷനിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും അതിനുള്ള വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചതിന്റെ പ്രാഥമിക ഘട്ടം വിജയിച്ചു എന്നുമായിരുന്നു പ്രബന്ധത്തിന്റെ ചുരുക്കം.

പുതിയ വാക്‌സിനു തല്‍ക്കാലം വിപണിയില്‍ അറിയപ്പെടാന്‍ തക്കവണ്ണമുള്ള ആകര്‍ഷകമായ പേരുകളൊന്നുംതന്നെ നല്‍കിയിട്ടില്ല. പരീക്ഷണശാലയില്‍വെച്ചു നല്‍കപ്പെട്ട പേരു മാത്രമാണ് തല്‍ക്കാലം പുതിയ വാക്‌സിനു സ്വന്തം: Ch AdOx1 nCoV19. ഇതൊരു ചുരുക്കരൂപമാണ്. 'ചിമ്പാന്‍സി അഡിനോവൈറസ് വെക്ടേര്‍ഡ് വാക്‌സിന്‍' എന്നതാണ് പൂര്‍ണ്ണരൂപം. ചിമ്പാന്‍സികളെ ബാധിക്കുന്ന ഒരു സാധാരണ വൈറസിന്റെ (അഡെനോവൈറസ്) ദുര്‍ബ്ബലമായ പതിപ്പ് ശരീരത്തിലേക്ക് കടത്തിവിട്ടുകൊണ്ടാണ് ഈ വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നത്. കൊറോണ വൈറസിന്റെ ബാഹ്യഘടനയുടെ ഭാഗമാവുന്ന സ്പൈക് പ്രോട്ടീനുകളെ ശരീരത്തിനു പരിചയപ്പെടുത്തി കൊടുക്കുകയാണ് വാക്‌സിന്‍ ചെയ്യുന്നത്. ഇതിലൂടെ യഥാര്‍ത്ഥ കൊറോണ വൈറസ് ശരീരത്തിലേക്ക് കടന്നാലുടന്‍ അതിനെ നശിപ്പിക്കാന്‍ പര്യാപ്തമായ ആന്റിബോഡികള്‍ മുന്‍കൂറായി നിര്‍മ്മിച്ചുവെയ്ക്കാന്‍ ശരീരത്തിനു കഴിയുന്നു. ഇതിലൂടെ ശരീരം വൈറസിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശക്തിനേടുന്നു. ബ്രിട്ടീഷ് സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെക ആയിരിക്കും ഓക്‌സ്ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ച ഈ വാക്‌സിന്‍ വിപണിയിലെത്തിക്കുക.

വാക്സിന്‍ വൈകുന്നതെന്ത്?

2003-ല്‍, സാര്‍സ് എന്ന ചുരുക്കപ്പേരിലറിയപ്പെട്ട സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം എന്ന പകര്‍ച്ചവ്യാധിയാണ് കൊറോണ എന്ന വൈറസിനെ ലോകത്തിനു പരിചയപ്പെടുത്തിയത്. സാര്‍സ് എന്ന ശ്വാസകോശ രോഗത്തിനു കാരണമാവുന്ന വൈറസിനെ SARSCoV1 എന്ന പേരിലാണ് ശാസ്ത്രലോകം അടയാളപ്പെടുത്തിയത്. കൊവിഡ് രോഗത്തിനു കാരണമാവുന്നത് SARSCoV2  ആണ്. അതായത് സാര്‍സ് രോഗത്തിനു കാരണമാവുന്ന വൈറസിന്റെ ഒരു വകഭേദം. സത്യത്തില്‍, ഇതുകാരണം വലിയൊരു പ്രയോജനം നമുക്കുണ്ടായിട്ടുണ്ട്. ലോകമെങ്ങും കൊവിഡ് രോഗത്തിനെതിരായുള്ള വാക്‌സിന്‍ കണ്ടെത്തുന്നതിനായി നടന്ന പ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി വേഗത്തിലാവാന്‍ സാര്‍സ് വൈറസുമായുള്ള പരിചയം ഗവേഷകരെ സഹായിച്ചു.

SARSCoV1, SARSCoV2 എന്നിവ തമ്മിലുള്ള ജനിതകപരമായ സാമ്യത ഏറെയാണ്. ഇവ രണ്ടും ശരീരകോശവുമായി സമ്പര്‍ക്കത്തിലെത്താനിടയായാല്‍ അവ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതും ഒരേതരം സ്വീകരണതന്മാത്രയെയാണ്. എസിഇ2 എന്നറിയപ്പെടുന്ന തന്മാത്ര. ആന്‍ജിയോടെന്‍സിന്‍ കണ്‍വേര്‍ട്ടിങ് എന്‍സൈം എന്നതാണ് ഇതിന്റെ പൂര്‍ണ്ണരൂപം. ഈ തന്മാത്രയെ കൊറോണാ വൈറസിനെ സ്വീകരിച്ചാനയിക്കുന്നതില്‍നിന്നും തടയാനായാല്‍ കൊവിഡ് രോഗബാധയെ ചെറുക്കാനാവും. ചിമ്പാന്‍സികളില്‍ ഇതിനായുള്ള പരീക്ഷണങ്ങള്‍ നടന്നുവരികയായിരുന്നു.

എങ്കിലും വാക്‌സിനുകള്‍ ഉടനടി വിപണിയിലെത്തിക്കാന്‍ ലോകമെമ്പാടും അതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഗവേഷകസമൂഹത്തിനു സാധിച്ചിട്ടില്ല. ഇതിനു കാരണങ്ങള്‍ പലതാണ്. പലതരം വാക്‌സിനുകള്‍ വികസിപ്പിക്കപ്പെട്ടുവെങ്കിലും അവ മനുഷ്യരിലേതടക്കമുള്ള പരീക്ഷണങ്ങളെ അതിജീവിക്കാന്‍ പര്യാപ്തമായില്ല എന്നതാണ് വസ്തുത. ശരീരത്തിനു രോഗപ്രതിരോധശേഷി പകര്‍ന്നു നല്‍കുകയാണ് വാക്‌സിനുകളുടെ ദൗത്യം. എന്നാല്‍, ഇവ ആരുടെമേല്‍ പ്രയോഗിക്കുന്നതിനാണ് അനുയോജ്യം എന്നതില്‍ രോഗസാധ്യതയുള്ളവര്‍ വ്യത്യാസപ്പെടുന്നുണ്ട്. ഉദാഹരണമായി, വൈറസുകളുമായുള്ള നിരന്തര സമ്പര്‍ക്കസാധ്യതയില്‍ നിലനില്‍ക്കുന്നവരാണ് ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടുന്ന മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍. അവര്‍ ഒരുപക്ഷേ, ഒരു പരിധിവരെ വൈറസിനെതിരെ പ്രതിരോധശേഷിയും ആര്‍ജ്ജിച്ചിരിക്കാം.

അതേസമയം 60 വയസ്സിനു മുകളിലുള്ള വ്യക്തികള്‍, രോഗാവസ്ഥകള്‍ക്ക് വിധേയരായവര്‍, ദുര്‍ബ്ബലമായ രോഗപ്രതിരോധശേഷിയുള്ളവര്‍ എന്നിവരില്‍ ഒരേ വാക്‌സിന്‍ അനുപേക്ഷണീയമായ പ്രതികരണങ്ങളായിരിക്കില്ല സൃഷ്ടിക്കുക. ഇമ്മ്യുണോ പൊട്ടന്‍ഷ്യേഷന്‍ എന്നറിയപ്പെടുന്ന പ്രതിപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ മനുഷ്യര്‍ വ്യത്യസ്തരാവുന്നതു കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. അതായത്, പ്രയോഗിക്കപ്പെടുന്ന വാക്‌സിനോട് ശരീരം എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നതിലെ വ്യത്യാസം. ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥ വാക്‌സിനുകളോടും ചിലപ്പോള്‍ അമിതമായി പ്രതികരിക്കാം. ഇതു ചിലപ്പോള്‍ രോഗസാധ്യതയുള്ള വ്യക്തിയുടെ ശാരീരിക സുസ്ഥിതിയെ അപകടകരമായ ഒരു അവസ്ഥയിലേക്ക് തള്ളിവിട്ടേക്കാം. ഈ പരിമിതിയെ അതിജീവിക്കാന്‍ കഴിയുന്ന പരിഷ്‌കരണങ്ങള്‍ക്കായി വേണ്ടിവരുന്ന സമയമാണ് കൊവിഡിനെതിരായുള്ള വൈറസുകളുടെ പൊതുലഭ്യതയെ വൈകിപ്പിക്കുന്നത്.

പരീക്ഷണശാല
പരീക്ഷണശാല

മോഡേണ അവസാനപ്രതീക്ഷകള്‍

യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്റ്റീവ് ഡിസീസസുമായി സഹകരിച്ചുകൊണ്ട് കൊവിഡ് വാക്‌സിന്‍ ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ച സ്ഥാപനമാണ് മോഡേണ. 2020 ജൂലൈ 14-ന് മോഡേണ അതിന്റെ വാക്‌സിന്‍ പരീക്ഷണങ്ങളുടെ പ്രാരംഭഘട്ട ഫലങ്ങള്‍ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. വ്യത്യസ്തമായ ഒരു സാങ്കേതികവിദ്യയാണ് (എം.ആര്‍.എന്‍.എ) അവര്‍ ഉപയോഗിച്ചിരുന്നതെങ്കിലും മോഡേണാവാക്‌സിനും ആന്റിബോഡികളെ സൃഷ്ടിക്കുന്നതിലും അതിലൂടെ കൊറോണാ വൈറസിന്റെ ആന്റിജെനുകളെ നിര്‍വ്വീര്യമാക്കുന്നതിനും സമാനമായ കഴിവുകള്‍ പ്രകടിപ്പിച്ചിരുന്നു. ഒപ്പം ചില ടിസെല്‍ അധിഷ്ഠിതമായുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും. മോഡേണയുടെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്ക് ഉടന്‍ തുടക്കമാവുമെന്നാണ് കരുതപ്പെടുന്നത്. മോഡേണയും ഓക്‌സ്ഫോര്‍ഡ്/അസ്ട്രാസെനെക സര്‍വ്വകലാശാലയും അവതരിപ്പിച്ച വാക്‌സിനുകളെ കൂടാതെ, ആഗോളതലത്തില്‍ 160-ലധികം വാക്‌സിനുകള്‍ ഗവേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അവയില്‍ 26 എണ്ണം ലോകാരോഗ്യ സംഘടന മനുഷ്യരിലെ പരീക്ഷണങ്ങള്‍ക്കായി അനുമതി നല്‍കിയിട്ടുള്ളവയാണ്.
 
വൈറസ് ഘടനയെ മൊത്തമായി പരിഗണിച്ചുകൊണ്ട് അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന സമഗ്രഘടനാ വാക്‌സിനുകള്‍ ആണ് ഇവയില്‍ മുന്‍നിരയില്‍ ഉള്‍പ്പെടുന്നവ. വൈറസ് കാരണമുണ്ടാവുന്ന രോഗങ്ങള്‍ക്കെതിരെ പരമ്പരാഗതമായി അനുവര്‍ത്തിച്ചുവരുന്ന തരത്തിലുള്ള വാക്‌സിനുകളാണിവ. വൈറസിനെ മുന്‍കൂറായി ശരീരത്തിലെ രോഗപ്രതിരോധവ്യവസ്ഥയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും അതിലൂടെ രോഗപ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിട്ടു വെയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിനടിസ്ഥാനം. നിഷ്‌ക്രിയമായ അല്ലെങ്കില്‍ സജീവമല്ലാത്ത വൈറസ് രൂപത്തെ ഉപയോഗിച്ചാണ് ഈ തയ്യാറെടുപ്പിക്കലുകള്‍ നടത്തുന്നത്. എന്നാല്‍, ചുരുക്കം ചില ബഹുരാഷ്ട്ര കമ്പനികള്‍ മാത്രമേ ഇത്തരത്തിലുള്ള വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ഗവേഷണങ്ങളില്‍ ഇന്ന് ഏര്‍പ്പെട്ടിട്ടുള്ളൂ. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആണ് ഒരുദാഹരണം. തങ്ങള്‍ പുറത്തിറക്കിയ എബോള വാക്‌സിനു സമാനമായ വാക്‌സിനാണ് അവര്‍ കൊവിഡിനെതിരായും നിര്‍മ്മിക്കാനൊരുങ്ങുന്നത്.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഔഷധവിഭാഗമായ ജാന്‍സെന്‍ അവരുടെ മാത്രം കുത്തകയായ PER.C6 സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിച്ച അഡ്വാക്, ഹോങ്കോംഗ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, സജീവമല്ലാത്ത കൊറോണ വൈറസ് രോഗകാരിയാവില്ല എന്നു പൂര്‍ണ്ണമായും ഉറപ്പിച്ച് പറയാന്‍ ഗവേഷകര്‍ക്കുപോലും ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍, സമഗ്രഘടനാ വാക്‌സിനുകള്‍ കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും അപകടരഹിതമായിരിക്കും എന്നു പറയാനാവില്ല. സിനോവാക്, വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്സ് സിനോഫാര്‍, ബീജിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്സ് സിനോഫാര്‍, ഭാരത് ബയോടെക്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ ബയോളജി (ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്) എന്നീ സ്ഥാപനങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്ന വാക്‌സിനുകള്‍ നിര്‍മ്മിക്കാനായി പരിശ്രമിക്കുന്നു.

പരിഷ്‌കൃതഘടനാധിഷ്ഠിത വാക്‌സിനുകള്‍

ഓക്‌സ്ഫോര്‍ഡ്/അസ്ട്രാസെനെക വാക്‌സിന്‍ ഉള്‍പ്പെടുന്ന വിഭാഗം ആണിത്. അന്‍ഹുയി ഷൈഫെ ലോംഗ്കോം ബയോഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൈക്രോബയോളജി (ചൈനീസ് അക്കാദമി ഓഫ് സയന്‍സസ്), നോവാവാക്‌സ്, ക്ലോവര്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് ഇങ്ക്ജിഎസ്‌കെഡൈനവാക്‌സ്, വാക്‌സിന്‍ പിറ്റി ലിമിറ്റഡ്, മെഡിടോക്‌സ്, ക്വീന്‍സ്ലാന്റ് സര്‍വ്വകലാശാല, സി.എസ്.എല്‍ സെക്കിറസ് എന്നീ ഗഷേണസ്ഥാപനങ്ങള്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നു. എസിഇ2 എന്ന സ്വീകരണതന്മാത്രയാണ് കൊറോണാ വൈറസിനെ ശരീരകോശത്തിനുള്ളിലേക്ക് സ്വീകരിച്ചാനയിക്കുന്നത് എന്നു പറഞ്ഞുവല്ലോ. ഇതു ചെയ്യാനായി സ്വീകരണതന്മാത്രയെ പ്രേരിപ്പിക്കുന്നതിനായി കൊറോണ വൈറസ് ഒരു തിരിച്ചറിയല്‍ കാര്‍ഡ് കരുതിയിരിക്കും. എന്നാല്‍, ഇതു വ്യാജമാണെന്നും അത് കണക്കിലെടുത്ത് വൈറസിനെ അകത്തേക്ക് കടത്തുന്നത് അപകടമായിരിക്കുമെന്നും മുന്‍കൂട്ടിയറിയാന്‍ എസിഇ2 സ്വീകരണതന്മാത്രയ്ക്ക് കഴിയില്ല. ഇതിനായി അവയെ പരിശീലിപ്പിക്കുകയാണ് പരിഷ്‌കൃതഘടനാധിഷ്ഠിത വാക്‌സിനുകള്‍ ചെയ്യുന്നത്.

കൊറോണാ വൈറസിന്റെ മാംസ്യനിര്‍മ്മിതമായ ബാഹ്യകവചത്തിനു പുറത്ത് മുള്ളുകള്‍പോലെ കാണപ്പെടുന്ന സ്പൈക് പ്രോട്ടീനുകളുടെ മാതൃകകളെ പരിചയപ്പെടുത്തുകയാണ് ഇത്തരം വാക്‌സിനുകള്‍ ചെയ്യുന്നത്. കൊറോണാവാക്‌സിനായുള്ള രാജ്യാന്തര ഗവേഷകക്കൂട്ടായ്മയുടെ ധനസഹായത്തോടെ, ക്വീന്‍സ്ലാന്റ് സര്‍വ്വകലാശാല ഇത്തരം ഉപരിതലപ്രോട്ടീനുകളെ സമന്വയിപ്പിച്ച് നിര്‍മ്മിച്ച വാക്‌സിനുകളെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നോവവാക്‌സ് എന്ന കമ്പനിയും ടെക്സസ് സര്‍വ്വകലാശാലയുടെ ആരോഗ്യ ഗവേഷണവിഭാഗവും ഇതിനായുള്ള ഒരു സമാന്തര ശ്രമവും നടത്തിവരുന്നുണ്ട്.
 
എന്നാല്‍, അവര്‍ സ്പൈക് പ്രോട്ടീനിനെ മുഴുവനായി ഉപയോഗിക്കുന്നതിനു പകരം അതിന്റെ പ്രവര്‍ത്തനശേഷിയുള്ള ഭാഗത്തെ മാത്രം വാക്‌സിനായി നല്‍കുന്നു. താക്കോല്‍ മുഴുവനായി കൊടുക്കുന്നതിനു പകരം അതിലെ വവട്ടുകളും മുനകളും മാത്രം പരിചയപ്പെടുത്തുന്നു. ഇതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥ അമിതമായി പ്രതികരിക്കാനുള്ള സാധ്യതയെ കുറവുചെയ്യാനും അവയ്ക്ക് കഴിയുന്നു. ഓക്‌സ്ഫോര്‍ഡ് സര്‍വ്വകലാശാലയും മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്രാസെനെകയും ചേര്‍ന്ന് ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്ന വാക്‌സിനായ ChAdOx1 nCoV19 ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
 
നാഡീകോശങ്ങള്‍ പേശീകോശങ്ങളുമായി ബന്ധപ്പെടുന്നതിലൂടെയാണ് തലച്ചോറിന്റെ നിര്‍ദ്ദേശാനുസരണമായുള്ള ചലനം സാധ്യമാവുന്നത്. എന്നാല്‍, തലച്ചോറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാതെ പ്രവര്‍ത്തിക്കുന്ന നാഡീവ്യവസ്ഥയുമുണ്ട്. ഇതാണ് ശ്വാസകോശങ്ങളുടെ ചലനം, ഹൃദയപേശികളുടെ വികാസസങ്കോചങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നത്. രണ്ട് നാഡീകോശങ്ങള്‍ക്കിടയില്‍ സൈനാപ്സ് എന്ന പേരിലറിയപ്പെടുന്ന ഒരു 'വിടവ്' നിലനില്‍ക്കുന്നുണ്ട്. നാഡീകോശത്തിലൂടെ കടന്നുവരുന്ന ഒരു സന്ദേശത്തിന് ഈ വിടവിലൂടെ കടന്നുപോവാന്‍ പുഴ കടക്കാന്‍ തോണിയെന്നതുപോലെ ഒരു ജൈവരാസതന്മാത്രയുടെ സഹായം ആവശ്യമാണ്. ഈ ജൈവതന്മാത്രയാണ് അസറ്റൈല്‍കോളിന്‍.

തോണിയടുക്കാന്‍ ഒരു കടവ് ആവശ്യമായിവരുന്നതുപോലെ അസറ്റൈല്‍കോളിന്‍ നാഡീസന്ദേശങ്ങളെ തിരിച്ചറിഞ്ഞ് കടത്തിക്കൊണ്ടു പോവുന്നതിനും ഒരു 'സ്വീകരണയിടം' ആവശ്യമാണ്. നാഡീവ്യവസ്ഥയുടെ കാര്യത്തില്‍ സ്വീകരണവേദിയായി വര്‍ത്തിക്കുക എന്ന ഈ ജോലി ചെയ്യുന്നതും ഒരു തന്മാത്ര തന്നെയാണ്. എന്നാല്‍, ഈ തന്മാത്ര, അസറ്റെല്‍കോളിനു പുറമേ മറ്റൊന്നിനെക്കൂടി സ്വീകരിച്ചാനയിക്കാന്‍ സ്വയം സന്നദ്ധമാവുന്ന ഒന്നാണ്. അതത്രേ ലോകത്തിലെ കോടിക്കണക്കിനു മനുഷ്യരെ പുകവലിയുടെ അടിമകളാക്കുന്ന നിക്കോട്ടിന്‍! അതുകൊണ്ട് ഈ സ്വീകരണതന്മാത്രയ്ക്ക് നിക്കോട്ടിനിക് അസറ്റൈല്‍കോളിന്‍ റിസപ്റ്റര്‍ എന്നാണ് പേരു നല്‍കപ്പെട്ടിരിക്കുന്നത്.

NAChR എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന ഈ തന്മാത്രയെ ആദ്യമായി വേര്‍തിരിച്ചെടുത്തത് ജീന്‍ ഷോസെ തന്നെയായിരുന്നു, 1970-ല്‍. ഇലക്ട്രോഫോറസ് ഇലക്ട്രിക്കസ് എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന തിരണ്ടി മത്സ്യത്തില്‍നിന്നുമാണ് ഇത് വേര്‍തിരിക്കപ്പെട്ടത്. കൊവിഡ് 19 രോഗത്തിനു കാരണമാവുന്ന SARSCoV2 എന്ന കൊറോണാ വൈറസിന്റെ വകഭേദത്തിനു മേല്‍പ്പറഞ്ഞ സ്വീകരണതന്മാത്രയുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയും. ഈ ബന്ധപ്പെടല്‍ ശ്വാസംവലിക്കാനുള്ള കഴിവടക്കം അനൈച്ഛികമായി നടക്കുന്ന പേശികളുടെ പ്രവര്‍ത്തനങ്ങളെയെല്ലാം തളര്‍ത്തും. ഇതു ശ്വാസംമുട്ടലിലേക്ക് നയിക്കും. കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കാനായില്ലെങ്കില്‍ രോഗി മരിച്ചെന്നുവരാം. എന്നാല്‍, നിക്കോട്ടിനിക് അസറ്റൈല്‍കോളിന്‍ റിസപ്റ്റര്‍ എന്ന nAChR, കൊറോണാ വൈറസിന് ഇങ്ങനെ വഴിപ്പെടുന്നതിനെ തടയാനായാല്‍ കൊവിഡ് രോഗത്തെ ചെറുക്കാനാവുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

ഇത്തരത്തില്‍ nAChR-നെ സ്വാധീനിച്ച് ശരീരപേശികളെ തളര്‍ത്താന്‍ പേപ്പട്ടിവിഷബാധയ്ക്കു കാരണമാവുന്ന റാബീസ് വൈറസിനു കഴിയുമെന്ന് പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുണ്ട്. അതിശയമെന്നു പറയട്ടെ, ഇത് റാബീസ് വൈറസിന്റെ ജനിതകവസ്തുവുമായി ബന്ധമേതുമില്ലാത്ത ഒരു പ്രവര്‍ത്തനത്തിലൂടെയാണ് സംഭവിക്കുന്നത്. ഒരു ആര്‍.എന്‍.എ തന്മാത്രയും അതിനെ പൊതിയുന്ന ആവരണവുമടങ്ങുന്ന ഘടനയാണ് റാബീസ് വൈറസിനുള്ളത്. കൊഴുപ്പും മാംസ്യവും ചേര്‍ന്നുണ്ടായിരിക്കുന്ന ലൈപ്പോപ്രോട്ടീന്‍ കൊണ്ടുള്ള ഈ ആവരണത്തിനു പുറത്തായി അനേകം മുള്ളുകള്‍പോലെയുള്ള ഭാഗങ്ങളുണ്ടാവും. ഗ്ലൈക്കോപ്രോട്ടീന്‍ എന്ന സവിശേഷതരം മാംസ്യതന്മാത്രകള്‍കൊണ്ട് നിര്‍മ്മിതമായ ഇത് മൂര്‍ഖന്‍പാമ്പിന്റെ വിഷത്തിനു തുല്യമാണ്. ധാന്യകങ്ങള്‍ എന്നറിയപ്പെടുന്ന കാര്‍ബോഹൈഡ്രേറ്റുകളും മാംസ്യതന്മാത്രകളും ഇഴചേരുന്ന സങ്കീര്‍ണ്ണ ഘടനയുള്ളവയാണ് ഗ്ലൈക്കോ പ്രോട്ടീനുകള്‍.

കാര്‍ബോഹൈഡ്രേറ്റ് തന്മാത്രകള്‍ ഇവയോട് ചേര്‍ന്നു കാണപ്പെടുന്നു എന്നതൊഴിച്ചാല്‍ ബാക്കിയുള്ള ഭാഗം എല്ലാ പ്രോട്ടീനുകളിലേതും പോലെ ഇവയിലും അമിനോ ആസിഡുകളാല്‍ നിര്‍മ്മിതമാണ്. അമിനോ ആസിഡുകളുടെ ക്രമമാണ് പ്രോട്ടീനുകളുടെ പ്രാഥമിക ഘടനയെ രൂപപ്പെടുത്തുന്നത്. റാബീസ് വൈറസിന്റേയും കൊറോണാ വൈറസിന്റേയും ഗ്ലൈക്കോപ്രോട്ടീനുകള്‍ തമ്മില്‍ അതിയായ സാമ്യമുണ്ടെന്ന് ജീന്‍ ഷോസെയുടെ പ്രബന്ധം പറയുന്നു. ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെയും നിക്കോട്ടിനെപ്പോലെ മാനസികാടിമത്തം സൃഷ്ടിക്കാത്ത രാസതന്മാത്രകള്‍ ഉപയോഗി ക്കുന്നതിലൂടെയും പരീക്ഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാനുള്ള ശ്രമങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്ന് ഷോസെ പറയുന്നു. കൊവിഡ് ചികിത്സയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഇവര്‍മെക്റ്റിന്‍ എന്ന രാസചികിത്സാഘടകം നിക്കോട്ടിനിക് അസറ്റൈല്‍കോളിന്‍ റിസപ്റ്ററിനെയാണ് സ്വാധീനിക്കുന്നത്. കാന്‍സിനോ ബയോളജിക്കല്‍ ഇങ്ക്ബീജിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്നോളജി, ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങള്‍ ഇപ്പോഴുള്ള ഓക്‌സ്ഫോര്‍ഡ്/ആസ്ട്രോസെനെക വാക്‌സിനെപ്പോലെയുള്ള പരിഷ്‌കൃതഘടനാധിഷ്ഠിത വാക്‌സിനുകള്‍ നിര്‍മ്മിക്കാനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

ജനിതക തന്മാത്രാധിഷ്ഠിത വാക്‌സിനുകള്‍  

ഒറ്റ ഇഴയുള്ള ജനിതക തന്മാത്രയാണ് കൊറോണാ വൈറസില്‍ കാണുന്നത്. അതായത് റൈബോ ന്യൂക്ലിക് ആസിഡ് എന്നറിയപ്പെടുന്ന ആര്‍.എന്‍.എ മാത്രം. ഈ ജനിതക തന്മാത്രയെത്തന്നെ നേരിട്ട് ഡി.എന്‍.എ എന്ന ഇരട്ടഇഴയുള്ള ജനിതക ആജ്ഞാകേന്ദ്രമായി പ്രയോഗതലത്തിലെത്തിക്കാന്‍ കൊറോണാ വൈറസിനു കഴിയും. ജീവപരിണാമത്തിന്റെ ഉയര്‍ന്ന പടികളില്‍ നില്‍ക്കുന്ന ജീവികള്‍ക്ക് ഇത് അസാധ്യമാണ്. അവയില്‍ കാണുന്ന ആര്‍.എന്‍.എ ഏറെക്കുറെ ഡി.എന്‍.എയ്ക്ക് വിധേയമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, കൊറോണ വൈറസിനെ ജനിതകതലത്തില്‍ നിയന്ത്രിക്കുക അത്ര എളുപ്പമല്ല.

ശരീരകോശത്തിനുള്ളിലേക്ക് കടന്നെത്തിയിരിക്കുന്ന ആര്‍.എന്‍.എ നമ്മുടെ സ്വന്തക്കാരനോ സുഹൃത്തോ അല്ല എന്ന് ശരീരത്തിന്റെ ജനിതകവ്യവസ്ഥയെ ബോധ്യപ്പെടുത്തുകയാണ് ജനിതാധിഷ്ഠിത വാക്‌സിനുകള്‍ ചെയ്യുന്നത്. വ്യാജമായ തിരിച്ചറിയല്‍ പ്രോട്ടീനുകളെ കണ്ടെത്താനും അതനുസരിച്ച് വൈറസിനാവശ്യമായ പ്രോട്ടീനുകളെ നിര്‍മ്മിച്ചുകൊടുക്കാതിരിക്കാനും ശരീരത്തിന്റെ തനതു ജനിതകവ്യവസ്ഥയെ പാകപ്പെടുത്തുകയാണ് ഈ വാക്‌സിനുകള്‍ ചെയ്യുന്നത്. ജൈവസാങ്കേതികവിദ്യ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന അനവധി ബയോടെക്ക് കമ്പനികള്‍ക്ക് ജനിതകതന്മാത്രാധിഷ്ഠിത വാക്‌സിന്‍ പരിപാടികള്‍ ഉണ്ട്. ഉദാഹരണത്തിന്, ഇനോവിയോ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇന്റര്‍നാഷണല്‍ വാക്‌സിന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഒസാക്ക യൂണിവേഴ്സിറ്റി, കാഡില, ജെനെക്‌സിന്‍ ഇ കണ്‍സോര്‍ഷ്യം തുടങ്ങിയവ കൊറോണയ്‌ക്കെതിരെ ഡി.എന്‍.എ വാക്‌സിന്‍ വികസിപ്പിക്കാനായുള്ള ഗവേഷണത്തിലാണ്. ആര്‍.എന്‍.എ അധിഷ്ഠിതവാക്‌സിനുകള്‍ സന്ദേശവാഹക ആര്‍.എന്‍.എ തന്മാത്രകളെയാണ് ഉപയോഗിക്കുന്നത്. ഏതു പ്രോട്ടീനാണ് നിര്‍മ്മിക്കേണ്ടതെന്ന ഡി.എന്‍.എയുടെ നിര്‍ദ്ദേശത്തെ വഹിച്ചുകൊണ്ടുപോവുന്ന ജനിതക തന്മാത്രകളാണിവ. കുത്തിവച്ചുകഴിഞ്ഞാല്‍, സെല്ലുകള്‍ സന്ദേശവാഹക ആര്‍.എന്‍.എയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തുടങ്ങുകയും സ്പൈക് പ്രോട്ടീനിന്റെ മാതൃകാപ്പകര്‍പ്പുകള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത് കൊറോണാ വൈറസിനെ പ്രതിരോധിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നു. മോഡേണ തെറാപ്പ്യൂട്ടിക്‌സ്, ക്യൂറവാക്, എന്‍.ഐ.എ.ഡി, ബയോടെക്ഫോസുന്‍ഫാര്‍മഫൈസര്‍, ഇംപീരിയല്‍ കോളേജ് ലണ്ടന്‍, പി.എല്‍.എ അക്കാദമി ഓഫ് മിലിട്ടറി സയന്‍സസ്, വാല്‍വാക്‌സ് ബയോടെക് എന്നീ കമ്പനികള്‍ ആര്‍.എന്‍.എ വാക്‌സിനായും പരിശ്രമിക്കുന്നു. 1993-ല്‍ എലികളില്‍ ഇന്‍ഫ്‌ലുവന്‍സയ്‌ക്കെതിരായ ജനിതകവാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയിച്ചിരുന്നുവെങ്കിലും വിപണിയിലെത്തുകയാണെങ്കില്‍ ലോകത്തിലെ ആദ്യത്തെ ജനിതകതന്മാത്രാധിഷ്ഠിത വാക്‌സിന്‍ ആയിരിക്കും അത്.

വാക്‌സിന്‍ പരീക്ഷണത്തിനു സന്നദ്ധരായ 5,000 പേരെ അണിനിരത്തിക്കൊണ്ട് ഓക്‌സ്ഫോര്‍ഡും അസ്ട്രസെനെക്കയും ബ്രസീലില്‍ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലും സമാനമായ ഒരു പരീക്ഷണം ആസൂത്രണം ചെയ്യപ്പെടുന്നുണ്ട്. അതേസമയം, ഓക്‌സ്ഫോര്‍ഡും അസ്ട്രാസെനെക്കയുമായി ചേര്‍ന്നുകൊണ്ട് പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ദശലക്ഷക്കണക്കിനു ഡോസുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള ലൈസന്‍സ് ലഭിച്ചതിനുശേഷമായിരിക്കും ഇത് തുടങ്ങുക. ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കുവേണ്ടി വാക്‌സിന്‍ നിര്‍മ്മിച്ചുനല്‍കാമെന്ന് കമ്പനി കരുതുന്നു. എന്നിരുന്നാലും, വാക്‌സിന്‍ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്‍പ് സെറം ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്ത്യയില്‍ മൂന്നാംഘട്ട സുരക്ഷാ പരീക്ഷണങ്ങള്‍ നടത്തേണ്ടിവരും. ഗവേഷണ ആവശ്യങ്ങള്‍ക്കായി കുറച്ചു ഡോസുകള്‍ നിര്‍മ്മിക്കാനുള്ള അനുമതി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഉടന്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യന്‍ റെഗുലേറ്ററിന് ലൈസന്‍സര്‍ ട്രയലുകള്‍ക്കായി അപേക്ഷ നല്‍കും. ലൈസന്‍സ് ലഭിച്ചാലുടന്‍, പുതിയ ഓക്‌സ്ഫോര്‍ഡ്/അസ്ട്രാസെനെക വാക്‌സിന്‍ ഇന്ത്യയില്‍ വാക്‌സിനുള്ള പരീക്ഷണങ്ങള്‍ക്ക് സെറം ഇന്‍സ്റ്റിറ്റിയൂട്ട് തുടക്കമിടും.

കൊവിഡും രോഗിയുടെ മാനസികനിലയും
 
കൊവിഡ് രോഗികളെ നിരീക്ഷിച്ചതില്‍നിന്നും രണ്ടുതരത്തിലുള്ള സ്വഭാവവിശേഷങ്ങള്‍ അവരില്‍ കണ്ടെത്തിയതായി ഒരു പഠനം സാക്ഷ്യപ്പെടുത്തുന്നു. ഇതിലൊന്ന് ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടലാണ്. ഇത് താരതമ്യേന നിസ്സാരമായി കരുതാമെങ്കിലും രണ്ടാമത്തേത് മാനസിക അസ്വാസ്ഥ്യങ്ങള്‍ക്ക് രോഗികള്‍ സ്വയമറിയാതെ വിധേയരാവുന്നു എന്നതാണ്. മുന്‍പറഞ്ഞ ആന്‍ജിയോടെന്‍സിന്‍ കണ്‍വേര്‍ട്ടിങ് എന്‍സൈം എന്ന രാസാഗ്‌നി ശ്വാസകോശത്തില്‍ മാത്രമല്ല, പ്രവര്‍ത്തനക്ഷമമാവുന്നത്. ഹൃദയപേശികള്‍, വൃക്കകള്‍, ചെറുകുടല്‍, വന്‍കുടല്‍, വൃഷണങ്ങള്‍ എന്നിവയോടൊപ്പം മസ്തിഷ്‌ക കോശങ്ങളിലും അവ സൃഷ്ടിക്കപ്പെടുന്നുണ്ട്. തലച്ചോറില്‍ പ്രധാനമായും അവ രണ്ട് ഭാഗങ്ങളിലാണ് രൂപപ്പെടുന്നത്: മസ്തിഷ്‌കകാണ്ഠത്തിലും ഹൃദയപേശികളുടെ ചലനം നിയന്ത്രിക്കുന്ന ഭാഗത്തും. ഈ ഭാഗങ്ങളില്‍ കാണുന്ന നാഡീകോശങ്ങളിലും അവ കൂടിച്ചേര്‍ന്നു രൂപപ്പെടുന്ന ഗാംഗ്ലിയകളിലും ഈ രാസാഗ്‌നി ആവശ്യാനുസരണം സൃഷ്ടിക്കപ്പെടുന്നുണ്ട്. നാഡീകോശങ്ങളിലൂടെയുള്ള സന്ദേശങ്ങളുടെ പ്രേക്ഷണം സാധ്യമാക്കാന്‍ അസറ്റൈല്‍കോളിന്‍ അവിടെ ഉണ്ടാവണമല്ലോ. അത്, ആന്‍ജിയോടെന്‍സിന്‍ കണ്‍വേര്‍ട്ടിങ് എന്‍സൈം എത്രമാത്രം ഉല്പാദിപ്പിക്കണം അല്ലെങ്കില്‍ പ്രവര്‍ത്തനക്ഷമമാവണം എന്നതിനെ നിയന്ത്രിക്കുന്നതായി ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. കാരണം, നിക്കോട്ടിന് ഇതു ചെയ്യാനാവും. അസെറ്റൈല്‍കോളിന്‍ ചെയ്യുന്നതെന്തും അനുകരിക്കാന്‍ നിക്കോട്ടിനും സാധിക്കും എന്നതിനാലാണിത്. രണ്ട് തന്മാത്രകളേയും സ്വീകരിക്കുന്നതിനായി ശരീരം തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന റിസപ്റ്റര്‍ തന്മാത്രകള്‍ക്ക് അവ രണ്ടിനേയും വേര്‍തിരിച്ചു കാണാനാവാത്തതാണ് കാരണം. എന്നാല്‍, ഇതിലൂടെ രോഗിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ചില വ്യതിയാനങ്ങള്‍ സംഭവിക്കുകയും അതു മാനസികാസ്വാസ്ഥ്യങ്ങളുടെ രൂപത്തില്‍ പ്രകടമാവുകയും ചെയ്യും.

കൊവിഡ് 19-നു കാരണമാവുന്ന SARSCoV2 എന്ന വൈറസിന് നാഡീകോശങ്ങളെ ഇത്തരത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്നതായി ക െത്തിയിട്ടുണ്ട്. തലച്ചോറും സുഷ്മുനനാഡിയുമുള്‍ക്കൊള്ളുന്ന കേന്ദ്രനാഡീവ്യവസ്ഥയേയാണ് അത് ഇത്തരത്തില്‍ സ്വാധീനിക്കുന്നത്. അതുകൊണ്ടുതന്നെ ബോധമണ്ഡലത്തേയും അതുവഴി മനസ്സിന്റെ ചിന്തകളേയും ധാരണകളേയും സ്വാധീനിക്കാനും അതിനുകഴിയും. വൈറസ്ജന്യമായ ന്യൂറോട്രോപിക് പ്രത്യാഘാതങ്ങള്‍ എന്നാണ് ഇതുമായി ബന്ധപ്പെട്ട ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ അറിയപ്പെടുന്നത്. കൊറോണാ വൈറസിന്റെ കുടുംബത്തില്‍പ്പെട്ട സാര്‍സ്വൈറസ്, മേര്‍സ് എന്നിവയ്ക്ക് ഈ സ്വഭാവമുണ്ട്.
 
സാര്‍സ് വൈറസും കൊവിഡ് 19 വൈറസും തമ്മില്‍ വളരെ ചെറിയ ജനിതക വ്യത്യാസങ്ങളേയുള്ളൂ. അതിനാല്‍ സാര്‍സ് വൈറസ് സൃഷ്ടിക്കുന്നതുപോലെയുള്ള മാനസിക വിഭ്രാന്തികള്‍ സൃഷ്ടിക്കാന്‍ കൊവിഡ് 19 വൈറസിനും കഴിയും. ഇത്തരത്തില്‍ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന സ്വഭാവം നിമിത്തം, ശ്വസനവ്യവസ്ഥയാകെ തളര്‍ന്നുപോവാനുള്ള സാധ്യത രോഗികളിലുണ്ട്. വൈറസ് ഏതുവഴിയാണ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചതെന്ന് രോഗലക്ഷണങ്ങളിലൂടെ നിശ്ചയിക്കാനാവും. അവ ഗന്ധഗ്രാഹീകോശങ്ങളിലൂടെ കടന്ന് തലച്ചോറിനെ ബാധിക്കുകയാണെങ്കില്‍ രോഗിക്ക് ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുക എന്നതായിരിക്കും പ്രാഥമിക ലക്ഷണമായി പ്രത്യക്ഷപ്പെടുന്നത്. ശ്വാസകോശത്തിലെത്തിയശേഷമാണ് ശരീരത്തിലേക്ക് കടക്കുന്നതെങ്കില്‍ അഞ്ച് ദിവസത്തിനകം രോഗി ശ്വാസംമുട്ടല്‍ പ്രകടിപ്പിക്കുകയും എട്ട് ദിവസംകൊനണ്ട് തീവ്രപരിചരണ വിഭാഗത്തിലെത്തുകയും ചെയ്യും. ഗന്ധശേഷി നഷ്ടപ്പെടുന്ന രോഗികളില്‍ ലക്ഷണങ്ങള്‍ പ്രകടമാവാനും ഗുരുതരാവസ്ഥയിലെത്താനും കൂടുതല്‍ ദിവസങ്ങള്‍ വേണ്ടിവരും.

1993-ല്‍, റിവ്യൂ ഓഫ് ന്യൂറോസയന്‍സസ് എന്ന ജേണലില്‍ പ്രസിദ്ധീകൃതമായ ഒരു പഠനത്തില്‍ എ.എച്ച്. മൊഹമ്മദും സഹ ഗവേഷകരും ചേര്‍ന്നു പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍, ഒരു പ്രത്യേകതരം വൈറസ് എലികളുടെ ഗ്രന്ഥഗ്രാഹീപഥത്തിലൂടെ തലച്ചോറിലേക്കു കടന്നാലുണ്ടാവുന്ന മാറ്റങ്ങള്‍ വിശദീകരിക്കുകയുണ്ടായി. വൈറസ് സൃഷ്ടിക്കുന്ന ആന്റിജെനുകളുടെ പ്രഭാവത്താല്‍ നാഡീകോശങ്ങള്‍ നശിക്കാന്‍ തുടങ്ങുകയും നാഡീസംവേദനം സാധ്യമാക്കുന്ന ജൈവരാസവസ്തുക്കളുടെ അളവില്‍ കുറവുണ്ടാവുകയും ചെയ്യുന്നു. എന്നാല്‍, തുടര്‍ന്ന് വൈറസിന്റെ ആന്റിജെനുകള്‍ താനേ അപ്രത്യക്ഷമാവുന്നു. പക്ഷേ, അപ്പോഴേക്കും നാഡീവ്യവസ്ഥ ഗുരുതരമായ കുഴപ്പങ്ങള്‍ക്കു വിധേയമായി കഴിഞ്ഞിരിക്കും. സാരമായ പരിക്കുകളേല്പിക്കാതെ ഒരു വാഹനം വഴിയാത്രക്കാരനെ ഇടിച്ചിട്ടിട്ടു പോവുന്നതുപോലെയാണ് ഇത്തരം വൈറസ്ബാധകളെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യരുടെ കാര്യത്തിലും ചിലതരം വൈറസുകള്‍ക്ക് ഇത്തരം മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് പ്രബന്ധകാരന്മാര്‍ അന്നു പറഞ്ഞിരുന്നു. ബിഹേവിയറല്‍ ന്യൂറോവൈറോളജി എന്ന പേരിലറിയപ്പെടുന്ന ശാസ്ത്രശാഖയുടെ കീഴില്‍ വരുന്ന ഈ വിഷയം കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പക്ഷേ, സംശയമാണ്. പേപ്പട്ടിവിഷബാധയ്ക്കു കാരണമാവുന്ന വൈറസിന്റെ കാര്യത്തില്‍ ഇക്കാര്യം അസന്ദിഗ്ദ്ധമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതില്‍ മുഖ്യപങ്ക് വഹിക്കുന്നത് ആന്‍ജിയോടെന്‍സിന്‍ കണ്‍വേര്‍ട്ടിങ് എന്‍സൈം എന്ന അതേ രാസാഗ്‌നിയാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. വാഗസ് എന്ന പേരിലറിയപ്പെടുന്ന പ്രധാനപ്പെട്ട ഒരു നാഡിയിലൂടെയെത്തുന്ന സംവേദനങ്ങള്‍ക്ക് ഇന്‍ഫ്‌ലമേഷന്‍ പ്രക്രിയയെ സ്വാധീനിക്കാനാവുന്നതെന്നത് നേരത്തെ തെളിയിക്കപ്പെട്ട വസ്തുതയാണ്. അതിനാല്‍ രോഗപ്രതിരോധത്തില്‍ ഒരു നേരിയ പങ്കെങ്കിലും കേന്ദ്ര നാഡീവ്യവസ്ഥയും വഹിക്കുന്നുണ്ട്. രോഗപ്രതിരോധത്തിന് തുടക്കമിടുന്ന വെറും ബി.എസ്.എഫുകാരാണ് മാക്രോഫേജുകള്‍. എന്നാല്‍, അവ അമിതമായി പ്രതികരിച്ചാല്‍ അവയില്‍നിന്നും പുറപ്പെടുന്ന സൈറ്റോക്കൈനുകള്‍ ഒരു 'കൊടുങ്കാറ്റ്' തന്നെ സൃഷ്ടിച്ചേക്കാം. എന്നാല്‍, ഇതു ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നപോലെ തള്ളിക്കളയാവുന്ന ഒന്നല്ല. ഇത് സൂപ്പര്‍ ഇന്‍ഫ്‌ലമേഷന്‍ എന്ന അവസ്ഥാന്തരങ്ങളിലേക്ക് നയിക്കുകയും രോഗിയുടെ ആരോഗ്യനില അത്യന്തം മോശമാവുകയും ചെയ്യും. ഉടനടിയുള്ള വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ ചിലപ്പോള്‍ മരണം തന്നെ സംഭവിക്കാം.

പുതിയ വാക്‌സിന്‍ ഫലപ്രദമാകുമോ?
 
മോഡേണയുടെ ആദ്യകാല ട്രയല്‍ഡാറ്റ പുറത്തുവിട്ട ഒരാഴ്ചയ്ക്കുശേഷമാണ് പുതിയ വാക്‌സിന്‍ പരീക്ഷണങ്ങളില്‍നിന്നുള്ള പ്രാഥമിക ഫലങ്ങള്‍ ലാന്‍സെറ്റ് ജേണല്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്‌സിന്‍ സുരക്ഷിതമാണെന്നു കാണിച്ച് ചില വാഗ്ദാനങ്ങളും ഓക്‌സ്ഫോര്‍ഡ് സര്‍വ്വകലാശാല നല്‍കുകയുണ്ടായി. വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുത്തിവെച്ചവരില്‍ അതു ഗുണകരമായ ചില പ്രതികരണങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി എന്നാണ് അവിടെയുള്ള ഗവേഷകര്‍ പറയുന്നത്. ടി സെല്ലുകളുടെ എണ്ണം വര്‍ദ്ധിച്ചു എന്നതായിരുന്നു പ്രധാന മാറ്റം. രോഗകാരികളില്‍നിന്നും കാന്‍സര്‍ കോശങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും രോഗബാധയുള്ള കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന ഒരുതരം വെളുത്ത രക്താണുക്കളാണ് ടി സെല്ലുകള്‍. വാക്‌സിന്റെ ഒരു ഡോസ് തന്നെ ആദ്യത്തെ 28 ദിവസത്തിനുള്ളില്‍ സ്പൈക് പ്രോട്ടീനിനെതിരെ ആന്റിബോഡികള്‍ സൃഷ്ടിക്കപ്പെടുന്നതിനും അത് വര്‍ദ്ധിക്കുന്നതിനുമിടയാക്കി. ഒരൊറ്റ ഡോസ് നല്‍കിയതിനുശേഷം നിരീക്ഷണവിധേയമാക്കിയ 35 പേരില്‍ 32 പേരില്‍ വൈറസിനെ നിര്‍വ്വീര്യമാക്കാന്‍ കഴിയുന്ന തരത്തിലുള്ള ആന്റിബോഡി അധിഷ്ഠിതമായ പ്രതികരണങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന്, ആദ്യവാക്‌സിന്‍ നല്‍കിയ ഒന്‍പത് പേര്‍ക്ക് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് നല്‍കിയ ശേഷം പ്രതികൂലമായ പ്രതികരണങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്നു നിരീക്ഷിച്ചു. പനി, ഛര്‍ദ്ദി, പേശിവേദന, തലവേദന, ശാരീരികാസ്വാസ്ഥ്യങ്ങള്‍ എന്നിവ ചിലര്‍ പ്രകടിപ്പിച്ചു. പാരസെറ്റമോള്‍ ഗുളിക പ്രോഫൈലാക്റ്റിക് ആയി, അതായത് മുന്‍കൂറായി നല്‍കിയിട്ടാണ് ഈ പ്രതികരണങ്ങള്‍ കുറച്ചതെന്നാണ് പഠനറിപ്പോര്‍ട്ട്. ആദ്യഫലങ്ങള്‍ ശുഭപ്രതീക്ഷ നല്‍കുന്നതായി തോന്നാമെങ്കിലും, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഫലങ്ങള്‍ പ്രാരംഭഘട്ടത്തിലുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നിന്നുള്ളതാണെന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. പ്രായമായ ആളുകള്‍ വാക്‌സിനോട് അനുകൂലമായി പ്രതികരിക്കുന്നില്ല. ആന്റിബോഡികള്‍ ശരീരത്തില്‍ എത്ര കാലത്തോളം പ്രവര്‍ത്തനക്ഷമമായി നിലനില്‍ക്കും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇപ്പോഴുള്ള ഡാറ്റയ്ക്ക് കഴിയില്ല. ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന വിപുലമായ മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങള്‍ ഇതിന് ആവശ്യമാണ്.

ഓക്‌സ്ഫോര്‍ഡ് വാക്‌സിന്‍ സംബന്ധമായവിവരങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനു മുന്‍പേ വാര്‍ത്താമാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയിരുന്നു. പുതിയ കൊറോണാ വാക്‌സിനായുള്ള പരീക്ഷണശ്രമങ്ങളില്‍ 1,077 സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. 2020 ജൂണ്‍ അവസാനത്തോടെ സൈന്യത്തിനായി ചൈന ഒരു വാക്‌സിന്‍ വികസിപ്പിക്കുകയും അത് പ്രയോഗിക്കാനായി ഉത്തരവ് നല്‍കുകയും ചെയ്തതായി കരുതപ്പെടുന്നു. ഓക്‌സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ വാക്‌സിന്‍ ഗവേഷണത്തിനായി അമേരിക്ക 1.2 ബില്യണ്‍ ഡോളര്‍ വരെ കെട്ടിവയ്ക്കുകയും ഒക്ടോബറോടെ 300 ദശലക്ഷം ഡോസുകള്‍ക്കായി കരാറിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു യൂറോപ്യന്‍ കൂട്ടായ്മ 400 ദശലക്ഷം ഡോസുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ഗവണ്‍മെന്റ് 100 ദശലക്ഷം ഡോസുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. എങ്കിലും പ്രതിരോധ ആന്റിബോഡികളുടെ കാര്യക്ഷമത മാസങ്ങള്‍ക്കുള്ളില്‍ കുറയുന്നതും ദീര്‍ഘകാലരോഗ പ്രതിരോധം സംബന്ധമായ അവ്യക്തത തുടരുന്നതും വാക്‌സിനുകള്‍ക്കായുള്ള കാത്തിരിപ്പിനെ അനന്തമാക്കുന്നു. ഫലപ്രദമായ വാക്‌സിനുകള്‍ വികസിപ്പിക്കപ്പെട്ടാലും അവ തുടര്‍ച്ചയായി നല്‍കേണ്ടിവരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com