ശരീരം മഴവില്ലാക്കിയവരുടെ ഇതിഹാസങ്ങള്‍

എണ്‍പതുകളുടേയും തൊണ്ണൂറുകളുടേയും യുവത്വത്തിന്റെ ഞരമ്പുകളെ ത്രസിപ്പിച്ച നൃത്തരൂപമായിരുന്നു ബ്രേയ്ക്ക് ഡാന്‍സ്. നൃത്തോന്മാദം തീപടര്‍ത്തിയ നാളുകളെക്കുറിച്ചും ബ്രേയ്ക്ക് ഡാന്‍സ് കലാകാരന്മാരെക്കുറിച്ചും
മൂൺവാക്കേഴ്സിന്റെ പ്രകടനം
മൂൺവാക്കേഴ്സിന്റെ പ്രകടനം

ര്‍ഷം 1982, ഫോര്‍ട്ടുകൊച്ചി

കടല്‍കടന്നുവന്ന ആന്റപ്പന്റെ വി.സി.ആറില്‍ മൈക്കള്‍ ജാക്‌സന്റെ ത്രില്ലര്‍ കളിക്കുന്നു. മുന്നില്‍ കണ്ണും കാതും കോര്‍ത്തുവച്ച് സൈക്കിള്‍ മെക്കാനിക്കായ ജോണ്‍സണ്‍. പിന്നണിയായി സൈക്കിള്‍ വര്‍ക്ക്‌ഷോപ്പില്‍ ഒത്തുകൂടുന്ന അലക്‌സ്, നെല്‍സണ്‍, വിജു, മണി എന്നീ കൂട്ടുകാരും. ഏവരും ഡാന്‍സിലും മ്യൂസിക്കിലും കമ്പമുള്ളവര്‍. മൈക്കിള്‍ ജാക്‌സന്‍ മഴവില്ലുപോലെ വളഞ്ഞുനിവര്‍ന്ന് നൃത്തം ചെയ്തു മുന്നേറുന്ന ആ സായാഹ്നത്തില്‍ അഞ്ചംഗസംഘം ഒരു തീരുമാനമെടുത്തു:

''ഇതു വച്ചു നുമ്മ ഒരു പൊളിപൊളിക്കും.''

ഫോര്‍ട്ട്കൊച്ചിയിലെ നസ്രത്ത് പള്ളിയിലെ, യാക്കോബ് ശ്ലീഹായുടെ പെരുന്നാളിന് സ്റ്റാച്യു ജംഗ്ഷനില്‍ നടക്കുന്ന പ്രോഗ്രാമിന് അവര്‍ കയ്യും കാലും പിടിച്ച് ഒരവസരം ഒപ്പിച്ചെടുത്തു. ടേപ്പ് റെക്കോര്‍ഡര്‍ കിട്ടാനില്ലായിരുന്നു. അങ്ങനെ വായ്ത്താളമിട്ട് അവര്‍ പ്രാക്ടീസ് തുടങ്ങി. സംഗീതത്തിന്റെ പരിമിതിയില്‍ ഇടറുന്ന കാലുകളുമായി ഡാന്‍സ് പഠനം മുന്നോട്ടു നീങ്ങിയില്ല. ഒടുക്കം, രാപകലില്ലാതെ സൈക്കിള്‍ വര്‍ക്ക്‌ഷോപ്പില്‍ പഞ്ചറൊട്ടിച്ചു കിട്ടുന്ന പൈസകൊണ്ട് ജോണ്‍സണ്‍ ഒരു ടേപ്പ് റെക്കോര്‍ഡര്‍ സ്വന്തമാക്കി.

അങ്ങനെ പ്രാക്ടീസ് പുലരുംമുതല്‍ ഇരുളുംവരെ പൊടിപൊടിക്കുന്നതിനിടെ ഒരു പ്രശ്‌നം വന്നുപെട്ടു. 'ഹാന്‍ഡ് വേവ്' മാത്രം പിടിതരുന്നില്ല. അങ്ങനെയിരിക്കെ ഒരുവേള അലക്‌സിന്റെ കൈകളില്‍ 'ഹാന്‍ഡ് വേവ്' ഉഷാറായി. ജോണ്‍സന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ആ നിമിഷം അനുഭവിച്ച സന്തോഷവും ആത്മസംതൃപ്തിയും അഞ്ചുകോടി രൂപയെക്കാള്‍ വിലമതിക്കും. വരാപ്പുഴയിലെ സുഹൃത്ത് ജൂഡ്‌സനെക്കൂടി മെയ്ക്കപ്പിന്റെ സഹായിയായി കൂടെ കൂട്ടി. അങ്ങനെ നസ്രത്ത്പള്ളിയുടെ മുറ്റത്ത് 'ത്രില്ലര്‍' അരങ്ങേറി. പരിപാടി വന്‍വിജയമായതോടെ ടീമിന് പേരു വീണു - 'കൊച്ചിന്‍ ഡിസ്‌കോ ബോയ്‌സ്.'

ഇളമെയ് ഇതോ ഇതോ...

കമലഹാസന്റെ 'സകലകലാവല്ലഭന്‍' ഇറങ്ങിയ കാലം. കേരളത്തിലെ ആദ്യത്തെ 'ഡിസ്‌കോ ഡാന്‍സ് കോംപറ്റീഷന്‍' ഫോര്‍ട്ട്കൊച്ചി മുക്കത്ത് പറമ്പ് മനാശ്ശേരിയില്‍ നടക്കുന്നു. സിനിമയിലെ 'ഇളമെയ് ഇതോ ഇതോ...' പാട്ടുമായി 'കൊച്ചിന്‍ ഡിസ്‌കോ ബോയ്‌സ്' തട്ടില്‍ കയറി. ജോണ്‍സണും കൂട്ടര്‍ക്കും തന്നെയായിരുന്നു വിജയം.

പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ ജോണ്‍സണ്‍, ജോണ്‍സണ്‍ മാസ്റ്ററായി. കൗമാരക്കാര്‍ പിറകെകൂടി. പുലര്‍ച്ചെ ഫോര്‍ട്ട്കൊച്ചി ബീച്ചില്‍ അക്രോബാറ്റിക് പരിശീലനത്തോടെ ക്ലാസ്സിനു തുടക്കമിട്ടു. ബിജു, ഷീന്‍, കബീര്‍, സെബി, രാജേഷ്, ശ്രീജിത്ത്, സുരേഷ്, നിസാര്‍, വിനീഷ് തുടങ്ങിയവരായിരുന്നു ആദ്യകാല ശിഷ്യന്മാര്‍. ഇന്നത്തെ സിനിമാനടന്മാരായ വിനായകനും സജി നെപ്പോളിയനും വരെ ആ ഗ്യാങ്ങില്‍പ്പെടും. പതിയെ 'കൊച്ചിന്‍ ഡിസ്‌കോ ബോയ്‌സിന് ഒരു ജൂനിയര്‍ ടീം കൂടെ പിറന്നു. എബ്ബിസ് കൊച്ചിന്‍! ശ്രീജിത്തും രാജേഷും ഇപ്പോള്‍ സിനിമയില്‍ കൊറിയോഗ്രാഫേഴ്സ് ആണ്. അലക്‌സും വിജുവും ക്രിസ്ത്യന്‍ പ്രൊട്ടസ്റ്റന്റ് വൈദികരായി എന്നുള്ളതും കാലത്തിന്റെ മറ്റൊരു യാദൃച്ഛികത.

എബ്ബീസ് കൊച്ചിന്റെ പ്രകടനം
എബ്ബീസ് കൊച്ചിന്റെ പ്രകടനം

ഒരു ദിവസം ജോണ്‍സണ്‍ മാസ്റ്ററെ തേടി കലാഭവനില്‍നിന്നും ആബേലച്ചന്റെ വിളിയെത്തി. പിന്നീടുള്ള എട്ടു വര്‍ഷം കലാഭവനില്‍ അദ്ധ്യാപകനായി. ഡാന്‍സിനെ മിമിക്രിവേദികളുമായി കൂട്ടിയിണക്കുന്നതില്‍ മാസ്റ്ററുടെ പങ്ക് ചെറുതല്ല. കലാഭവന്‍ മണി, അബി, നാദിര്‍ഷ തുടങ്ങിയ താരങ്ങളോടൊപ്പം വിദേശപര്യടനവും നടത്തി.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രൈസ് മണി നല്‍കുന്ന 'നെട്ടൂര്‍ ഷോക്ക് ബോയ്‌സ്' നടത്തുന്ന ഓള്‍ കേരള ഡാന്‍സ് കോംപറ്റീഷനും 'ഭാവചിത്ര' പ്രൊഡക്ഷന്‍സിന്റെ 'ഏയ് ഹീറോ കോംപറ്റീഷ'നും എബ്ബിസ് കൊച്ചിന്‍ തന്നെയായിരുന്നു അക്കാലത്തെ വിജയികള്‍.

മധ്യകേരളത്തില്‍ വെസ്റ്റേണ്‍ ഡാന്‍സിന് ഇത്രയധികം പ്രചാരം നല്‍കിയ, ആയിരക്കണക്കിന് ശിഷ്യഗണങ്ങളുള്ള, ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്ന ജോണ്‍സണ്‍മാസ്റ്ററുടെ ജീവിതവും യാദൃച്ഛികതകള്‍ നിറഞ്ഞതാണ്. ജീവിക്കാന്‍ ഇന്നും സൈക്കിള്‍ വര്‍ക്ക്‌ഷോപ്പില്‍ പണിയെടുക്കുകയാണ്  ഈ കലാകാരന്‍.

ഫ്ലൂട്ടുസേര്‍സിന്റെ ഉദയം

1986-ലെ വേനലവധിക്കാലം. പ്രീഡിഗ്രിക്കാരനായ സജീഷ് കൃഷ്ണ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഒരു കാഴ്ച കണ്ടു. സ്വന്തം ടീമിലുള്ള അനില്‍ ബോസ് വിക്കറ്റ് കീപ്പറായി നില്‍ക്കുന്നതിനിടെ കാലുകൊണ്ട് ചില അഭ്യാസങ്ങള്‍ കാണിക്കുന്നു; ഒഴുകിപ്പോകുന്നതുപോലെ! ഇതെങ്ങനെ പഠിച്ചുവെന്നു തിരക്കിയപ്പോള്‍ ''കസിന്‍ അമേരിക്കയില്‍നിന്നും കൊണ്ടുവന്ന കാസറ്റില്‍ കണ്ടതാ'' എന്നായിരുന്നു മറുപടി. അന്നു വൈകിട്ട് 'ബ്രേയ്ക്ക് ഡാന്‍സ് ഇന്‍ യു.എസ്.എ' എന്ന ആ കാസറ്റ് സജീഷിനു കൈമാറുമ്പോള്‍ അനില്‍ പോലും അറിഞ്ഞില്ല, കേരളത്തില്‍ ബ്രേയ്ക്ക് ഡാന്‍സ് വിപ്ലവത്തിന് പാത തെളിക്കുന്ന 'ഫ്ലൂട്ടുസേര്‍സ്' എന്ന ഡാന്‍സ് ടീമിനു താന്‍ നിശ്ശബ്ദമായി നിമിത്തമാകുകയാണെന്ന്.

സജീഷിന്റെ ചേട്ടന്‍ സന്തോഷ് സിനിമയില്‍ ഫൈറ്റ് മാസ്റ്ററാകണമെന്ന് സ്വപ്നം കണ്ടു നടക്കുന്ന കാലമായിരുന്നു അത്. തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജില്‍ ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ ബാബു എന്നു വിളിപ്പേരുള്ള കെ. സന്തോഷ്‌കുമാറിനെ അനുജന്‍ അത് ഏല്പിച്ചു. ഇരുവരും ഒരുമിച്ച്, സുഹൃത്തായ ശ്രീദേവിന്റെ വീട്ടിലെ വി.സി.ആറില്‍ കാസറ്റ് പ്ലേ ചെയ്തു. ഡാന്‍സില്‍ ആവേശംകൊണ്ട് അവരാ കാഴ്ച പതിവാക്കി.

ആ കാഴ്ചകളുണര്‍ത്തിയ ആവേശം അവരെ നര്‍ത്തകരാക്കി മാറ്റുകയായിരുന്നു. സുഹൃത്തും സഹപാഠിയുമായ പപ്പന്‍, ടോം, റിയാസ്, പ്രവീണ്‍ തുടങ്ങിയവരുടെ പിന്തുണയോടെ ദിവസവും തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഒത്തുകൂടി പരിശീലിച്ച്  'ക്രിമ്മേര്‍സ്' എന്ന ടീമും രൂപീകരിച്ചു.

തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജിലെ കോളേജ് ഡേയ്ക്ക് ആദ്യപരിപാടി അരങ്ങേറി. അന്ന് സമ്മര്‍സാള്‍ട്ട് അടിച്ച് സ്റ്റേജിലേക്കെത്തുന്ന ബാബുവിനെ ആ കാലഘട്ടത്തിലെ  വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും ഓര്‍മ്മയുണ്ടാകണം.

പരിപാടി വിജയിച്ചതോടെ കോളേജിലെ ഒരു ജീവനക്കാരന്‍ അദ്ദേഹത്തിന്റെ നാടായ പെരിഞ്ഞമ്പലത്തേക്ക് ടീമിനെ കൂട്ടിക്കൊണ്ടുപോയി. ക്ഷേത്രോത്സവത്തിന് ഡാന്‍സ് ഷോ അവതരിപ്പിക്കണമെന്നായിരുന്നു ആവശ്യം. അഞ്ഞൂറ് രൂപ വണ്ടിക്കാശും ശാപ്പാടും പ്രതിഫലം.

കാസറ്റ് തന്ന അനില്‍ ബോസിനെ കൂടാതെ സെയിന്‍, ഹാഷിം എന്നീ രണ്ടുപേരും കൂടെ ടീമിലായപ്പോള്‍ ടീമിന്റെ പേര് പതിയെ 'ഫ്ലൂട്ടുസേര്‍സ്' എന്ന്  നവീകരിച്ചു. വഞ്ചിയൂരില്‍ ഒരു ഫ്‌ളോര്‍ വാടകയ്‌ക്കെടുത്ത് ക്ലാസ്സുകള്‍ ആരംഭിച്ചു. അതായിരുന്നു കേരളത്തിലെ ആദ്യത്തെ രജിസ്ട്രേഡ് ബ്രേയ്ക്ക് ഡാന്‍സ് അക്കാദമി. അങ്ങനെ ഇരുവരും ഡാന്‍സ് മാസ്റ്റര്‍മാരായി!

ആയിടയ്ക്കാണ് എറണാകുളത്ത് 'ഗലാട്ടെ' എന്ന ജിം രാജേന്ദ്ര മൈതാനിയില്‍ 'ഓള്‍ കേരള ബ്രേയ്ക്ക് ഡാന്‍സ് ചാമ്പ്യന്‍ഷിപ്പ്' നടത്താന്‍ ഫഌട്ടുസേര്‍സിനു ക്ഷണം ലഭിക്കുന്നത്. അന്ന് വീട്ടുകാരറിയാതെ എറണാകുളത്തേക്ക് ബൈക്കോടിച്ചെത്തിയ ബാബുവും സജീഷും ടീമംഗങ്ങളും കപ്പുമായാണ് മടങ്ങിയത്.  Wave, Popping, Gliding, Floor Exercise, Air Twist, Back Drive, Crab, Head Spin, Wind Mill എന്നിവയെല്ലാം തികവോടെ അവതരിപ്പിച്ചു. തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങളിലും 'ബെസ്റ്റ് സോളോ പെര്‍ഫോമന്‍സ്' സജീഷും 'ബെസ്റ്റ് ടീം പെര്‍ഫോമന്‍സ്' ഫ്ലൂട്ടുസേര്‍സും നിലനിര്‍ത്തി.

ഫൂട്ട്ലൂസേഴ്സ് സജീഷ് കൃഷ്ണയുടെ നേതൃത്വത്തിൽ
ഫൂട്ട്ലൂസേഴ്സ് സജീഷ് കൃഷ്ണയുടെ നേതൃത്വത്തിൽ

വിന്‍ഡ് മില്ലില്‍ അഗ്രഗണ്യനായിരുന്നു സജീഷ്. അത് ആര്‍ക്കും വരുതിയിലാക്കാവുന്ന ഒരു ഐറ്റമല്ല. ഹിന്ദി നടനായ 'ജാവേദ് ജഫ്രി'  സിനിമയില്‍ കാണിച്ച് ഹിറ്റാക്കിയ ഒരു ഐറ്റമായിരുന്നു അത്. ഒരിക്കല്‍ ജാവേദ് ജഫ്രിയുടെ ഡാന്‍സ് വര്‍ക്ക്‌ഷോപ്പ് തിരുവനന്തപുരത്ത് നടന്നു. ഫഌട്ടുസേര്‍സിനും പ്രവേശനം ലഭിച്ചു. ക്ലാസ്സിനിടെ ടീമംഗങ്ങള്‍ ജഫ്രിയോട് വിന്‍ഡ് മില്ലിനെക്കുറിച്ച് സംശയം ചോദിച്ചു.

''പറഞ്ഞുതരുന്നത് മാത്രം കേട്ടാല്‍ മതി, അതു പറഞ്ഞുതരാന്‍ നിങ്ങള്‍ക്ക് പാകമായിട്ടില്ല''- ജഫ്രി പ്രതികരിച്ചു.

ഇതു കേട്ടയുടനെ സജീഷ് വേദിയിലേക്ക് ധൈര്യപൂര്‍വ്വം ചെന്ന് വിന്‍ഡ് മില്ല് കാണിച്ചു. ഒന്നും രണ്ടുമല്ല, ഇരുപതു പ്രാവശ്യം. ഇളിഭ്യനായ ജഫ്രി കലിപൂണ്ട് ഫഌട്ടുസേര്‍സ് അംഗങ്ങളെ ക്ലാസ്സില്‍നിന്നും പുറത്താക്കി.

1988-ല്‍ സി.പി.എമ്മിന്റെ 13-ാം പാര്‍ട്ടി കോണ്‍ഗ്രസ് തിരുവനന്തപുരത്ത് നടക്കുകയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി നടന്ന കലാജാഥയില്‍ ബ്രേയ്ക്ക് ഡാന്‍സും ഇടംപിടിച്ചു. ആ സമയത്ത് കിള്ളിപ്പാലത്തുള്ള അയ്യപ്പന്‍, മുരുകന്‍ എന്നീ സഹോദരന്മാര്‍ 'ടീബേര്‍ഡ്‌സ്' എന്ന ടീമിന്റെ പേരില്‍ നടത്തിയ ബ്രേയ്ക്ക് ഡാന്‍സ് പ്രകടനം ബാബു മാസ്റ്ററെ ആകര്‍ഷിച്ചു. ആ സമയംതന്നെ മാസ്റ്റര്‍ ഇരുവരേയും ഫഌട്ടുസേര്‍സിലേക്ക് ക്ഷണിച്ചു. കൂടാതെ രാജു, ഗിരീഷ് എന്നീ ടീമംഗങ്ങളേയും. അതോടെ ഫഌട്ടുസേര്‍സ് കേരളത്തിനും പുറത്തും പേരെടുത്തു. ചെങ്ങന്നൂര്‍, തിരുവല്ല, പന്തളം, ചിറയിന്‍കീഴ് തുടങ്ങി ഗള്‍ഫില്‍ പോലും ഫ്ലൂട്ടുസേര്‍സ് 'ബ്രാഞ്ചുകള്‍' തുറന്നു. ജെന്റില്‍മാന്‍  സിനിമ ഇറങ്ങിയതോടെ കൗമാരക്കാരും 'അഞ്ജലി' സിനിമയോടെ കൊച്ചുകുട്ടികളും  ബ്രേയ്ക്ക് ഡാന്‍സ്  പഠിക്കാന്‍ ഇറങ്ങിത്തിരിച്ചു.

ഫൂട്ട് ലൂസേഴ്സ് ടീം ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ
ഫൂട്ട് ലൂസേഴ്സ് ടീം ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ

ഒരു മധുരപ്രതികാരത്തിന്റെ കഥ

1980-കളുടെ അവസാനം തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ ഇടങ്ങളില്‍ 'സ്ട്രീറ്റ് ഡാന്‍സ് ബാറ്റില്‍ ചലഞ്ച്' പതിവായിരുന്നു. ഒരിക്കല്‍ കനകക്കുന്നില്‍ ബാബു മാസ്റ്ററും സജീഷും ടോമും കൂടെ ഡാന്‍സ് ചെയ്യുകയായിരുന്നു. ഇവരുടെ ഡാന്‍സ് കാണാന്‍ കാണികള്‍ കുറവായിരുന്നു. തൊട്ടപ്പുറത്ത് വലിയ ആള്‍ക്കൂട്ടങ്ങളുടെ കയ്യടികള്‍ മുഴങ്ങി. അവിടെ മാര്‍ ഇവാനിയോസ് കോളേജിലെ രണ്ട് വിരുതന്മാര്‍ ഡാന്‍സ് ചെയ്തു തകര്‍ക്കുകയാണ്. ബിജോയ്‌സ്, റോബിന്‍ എന്നിവരായിരുന്നു അത്. തങ്ങളുടെ കയ്യടികള്‍ പിടിച്ചുവാങ്ങിയ ഇവരോട് ഒരു മധുരപ്രതികാരം ചെയ്യണമെന്ന് മൂവരും മനസ്സില്‍ കുറിച്ചു.

ആ വര്‍ഷം മാര്‍ ഇവാനിയോസ് ഓഡിറ്റോറിയത്തില്‍ 'കോളേജ് ഡേ'യ്ക്ക് ബിജോയ്‌സും റോബിനും ബ്രേയ്ക്ക് ഡാന്‍സ് ചെയ്യുകയായിരുന്നു. ഈ സമയം കാമ്പസിനു പുറത്ത് അപ്രതീക്ഷിതമായി ഒരു 'ഒമിനി വാന്‍' വന്നുനിന്നു. സ്പീക്കര്‍ സെറ്റ് പുറത്തു വച്ചു, ബാബു മാസ്റ്ററും സജീഷും ടോമും അസാധ്യമായി ബ്രേയ്ക്ക് ഡാന്‍സ് ആരംഭിച്ചു. ഡാന്‍സിന്റെ മ്യൂസിക് ബീറ്റ് കേട്ട് കുട്ടികള്‍ കൂട്ടംകൂട്ടമായി ഓഡിറ്റോറിയത്തില്‍നിന്നും പുറത്തേക്കോടി. ഒടുവില്‍ ഓഡിറ്റോറിയത്തില്‍ ബിജോയ്‌സും റോബിനും മാത്രം! അന്ന് അതുകണ്ട് ആരാധന തോന്നിയ വിദ്യാര്‍ത്ഥിയായിരുന്ന ശ്രീകുമാര്‍ പിന്നീട് മാസ്റ്ററുടെ ശിഷ്യനുമായി.

ടോം പിന്നീട് സ്പിന്‍ഡ് ലെസ് എന്ന പേരില്‍ പട്ടത്ത് ഡാന്‍സ് സ്‌കൂള്‍ തുടങ്ങി. ബാബു മാസ്റ്ററും സജീഷും കൊറിയോഗ്രാഫര്‍മാരുടെ അസിസ്റ്റന്റായി സിനിമയിലെത്തി. 'ഹൈവേ' എന്ന സിനിമയിലൂടെ ഇരുവരും സ്വതന്ത്ര നൃത്തസംവിധായകരായി. കുറ്റപത്രം, എഴുന്നള്ളത്ത്, എന്റെ സൂര്യഗായത്രിക്ക്, രജപുത്രന്‍, മാട്ടുപ്പെട്ടിമച്ചാന്‍ തുടങ്ങി മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി 56-ഓളം സിനിമകളില്‍ ഇവര്‍ പങ്കാളികളായി. 'പൂചൂടവാ' എന്ന തമിഴ് സിനിമയിലെ അബ്ബാസും സിമ്രാനും പാടി അഭിനയിച്ച 'ഫെയര്‍ ആന്റ് ലൗലിയെ... ഗുണ്ടു മല്ലിയേ...' എന്ന ഹിറ്റ് ഗാനത്തിലെ ചുവടുകള്‍ ശ്രദ്ധേയമായവയില്‍  ഒന്നുമാത്രം..

ബൂമ്മേർസ്
ബൂമ്മേർസ്

ബൂമ്മേര്‍സ്

1980-ല്‍ത്തന്നെ തിരുവനന്തപുരത്ത് ഫ്ലൂട്ടുസേര്‍സിന്റെയൊപ്പം ഉയര്‍ന്നുകേട്ട പേരാണ് 'ബൂമ്മേര്‍സ്'. ട്രൂപ്പിന്റെ പിറവിക്കു പിന്നില്‍ സഹോദരസ്‌നേഹത്തിന്റെ ഒരു കഥയുണ്ട്. കഴക്കൂട്ടത്ത് എന്‍. വിശ്വനാഥന്റെ മക്കളായ അജിത്ത്‌നാഥിന്റേയും അനീഷ്നാഥിന്റേയും സഹോദരസ്‌നേഹം. ഇവരെ ഇരട്ടകളെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. ആകൃതിയിലും വേഷത്തിലും അപാര സാമ്യം. പക്ഷേ, അജിത്ത്‌നാഥിനേക്കാള്‍ ഒരു വയസ്സ് താഴെയായിരുന്നു അനീഷ്നാഥ്. അന്‍പതുകളുടെ അവസാനം മുതല്‍ 1970-കളുടെ ഒടുക്കം വരെ  ഇവരുടെ അച്ഛന്‍ വിശ്വനാഥന്‍  സിംഗപ്പൂര്‍ മിലിറ്ററി സര്‍വ്വീസില്‍ ടെയ്ലര്‍ ആയിരുന്നു. 1965-ല്‍ സിംഗപ്പൂര്‍ സ്വതന്ത്ര റിപ്പബ്ലിക് ആയപ്പോള്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറാമായിരുന്നിട്ടും അദ്ദേഹം അവിടെ തുടര്‍ന്നു. അജിത്ത്‌നാഥാകട്ടെ, നാട്ടിലെ അനുജനെ പിരിഞ്ഞിരിക്കാനാകാതെ സിംഗപ്പൂരിലെ സൈനിക സ്‌കൂളിലെ പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നു.

അച്ഛനും അമ്മയും ടെയ്ലര്‍മാര്‍ ആയിരുന്നതിനാല്‍, ഇരുവര്‍ക്കും സിംഗപ്പൂര്‍ റെഡിമെയ്ഡ് അടക്കം അനേകം വസ്ത്രങ്ങളുണ്ടായിരുന്നു. വിവിധ നിറത്തിലും ഡിസൈനിങ്ങിലുമുള്ള  ബട്ടന്‍സെല്ലാം പിടിപ്പിച്ച ഡ്രസ്സുകള്‍.
 
1981-ല്‍ കഴക്കൂട്ടം 'കൃഷ്ണ' തിയേറ്ററില്‍ രജനീകാന്തിന്റെ 'ഗര്‍ജനെയ്' എന്ന തമിഴ് സിനിമ കളിക്കാനെത്തി. അജിത്തും അനീഷും വളരെ സ്‌റ്റൈലായി വൈറ്റ് ജാക്കറ്റും വൈറ്റ് പാന്റ്‌സുമണിഞ്ഞ് സിനിമ കാണാന്‍ പോയി. ജയന്‍ മരിക്കുന്നതിനു മുന്‍പ് ഒരു ഗാനരംഗം മാത്രം ചിത്രീകരിച്ച 'ഗര്‍ജ്ജനം' എന്ന മലയാള സിനിമയുടെ തമിഴ് പതിപ്പായിരുന്നു ആ ചിത്രം. സിനിമയുടെ ഇടവേളയില്‍, ചിത്രീകരണം പൂര്‍ത്തിയായ ആ ഗാനരംഗം മാത്രം പ്രദര്‍ശിപ്പിച്ചു. 'തമ്പുരാട്ടി നിന്‍ അന്തപ്പുരത്തില്‍ രതി പമ്പാ...' എന്ന ഗാനത്തില്‍ ജയന്‍ ഒരു ക്ലബ്ബ് ഡാന്‍സറുമൊത്തുള്ള ഡാന്‍സുണ്ടായിരുന്നു. അജിത്തും അനീഷും അണിഞ്ഞിരിക്കുന്ന വസ്ത്രത്തോട് ജയന്റെ വേഷത്തിന് സാമ്യമുണ്ടായിരുന്നു. നൃത്തരംഗം ഇരുവരേയും സ്വാധീനിച്ചു. പിന്നീട് വീട്ടിലെ വലിയ കണ്ണാടിക്കു മുന്‍പില്‍ ഇതേ വസ്ത്രങ്ങളണിഞ്ഞ് ഇതേ പാട്ടിനു ചുവടുകള്‍ വയ്ക്കുന്നതു ശീലമാക്കി. ആ  ഡാന്‍സ് അവരെ നര്‍ത്തകരാക്കി മാറ്റുകയായിരുന്നു.

അടുത്ത വര്‍ഷം കഴക്കൂട്ടം ഗവ. സ്‌കൂളില്‍, തിരുവനന്തപുരം സൂര്യാക്ലബ്ബിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്, സ്റ്റേജില്‍ മിമിക്രി അവതരിപ്പിക്കാന്‍ അജിത്തും അനീഷും ഉണ്ടായിരുന്നു. കൂടെ, മോഡല്‍ സ്‌കൂളില്‍ പഠിക്കുന്ന ബന്ധുവായ വിനോദും. ഏറെ കയ്യടികളോടെ മിമിക്രി അവതരിപ്പിച്ച് ഇറങ്ങുമ്പോള്‍ 'അടുത്തതായി ദിലീപ് അവതരിപ്പിക്കുന്ന ബ്രേയ്ക്ക് ഡാന്‍സ്' എന്നു അനൗണ്‍സ്‌മെന്റ് കേട്ടു. ബ്രേയ്ക്ക് ഡാന്‍സ് എന്നുതന്നെ ആദ്യമായി കേള്‍ക്കുകയാണ്. പരിപാടി കണ്ടപ്പോള്‍, ഇതു കൊള്ളാമല്ലോ, നമുക്കുമുണ്ടാക്കണം ഒരു ബ്രേയ്ക്ക് ഡാന്‍സ് ടീം എന്നു മൂവര്‍ക്കും തോന്നി.

വിനോദാണ് 'ബൂമ്മേര്‍സ്' എന്ന പേരിട്ടത്.  ദിലീപിന്റെ മേല്‍നോട്ടത്തില്‍, ജാക്‌സണ്‍ ആല്‍ബങ്ങളും ബ്രേയ്ക്ക് ഡാന്‍സ്-1, ഡെലിവറി ബോയ്‌സ്, ഫ്‌ലാഷ് ഡാന്‍സ് എന്നീ സിനിമകളുടെ സ്വാധീനവും അവരെ ഒരു പ്രൊഫഷണല്‍ ടീമാക്കി തീര്‍ത്തു. അപ്പോഴേക്കും സിംഗപ്പൂരില്‍നിന്നും മടങ്ങിയ വിശ്വനാഥന്‍ സമ്പാദ്യം ഉപയോഗിച്ച്, കഴക്കൂട്ടത്ത് തന്നെ നാഥ് ഷോപ്പിങ്ങ് കോംപ്ലക്‌സ് എന്ന ബഹുനിലക്കെട്ടിടം പണിതിരുന്നു.  അവിടെയായിരുന്നു  ബൂമ്മേര്‍സിന്റെ പരിശീലനം.

വിനോദിന്റെ സഹോദരന്‍ പ്രമോദും പെരുമാതുറയിലുള്ള വിജയനും ഷിബുവും വെട്ടുകാട് പള്ളിയിലെ ചര്‍ച്ച് ക്വയര്‍ പാട്ടുകാരനായ ഫെലിക്‌സും പിന്നെ സ്‌കൂള്‍ കുട്ടികളായ നൗഫല്‍, സനാദും കൂടി  ചേര്‍ന്നപ്പോള്‍ അറിയപ്പെടുന്ന ഒരു ടീം തന്നെയായി ബൂമ്മേര്‍സ്. ടീമിലെ മെയിന്‍ കൊറിയോഗ്രാഫറും ഡാന്‍സറും അനീഷ്നാഥായിരുന്നു. ആ പ്രതാപകാലം നീണ്ടുനിന്നത് കേവലം ആറു വര്‍ഷങ്ങള്‍ മാത്രം.

അനീഷ് നാഥും അജിത് നാഥും മറ്റൊരു നർത്തകന്റെ കൂടെ
അനീഷ് നാഥും അജിത് നാഥും മറ്റൊരു നർത്തകന്റെ കൂടെ

നിയമബിരുദ പഠനത്തിനുശേഷം ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠിക്കാന്‍ ചേര്‍ന്ന അനീഷ്, പിന്നീട് പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്തു. അനീഷിന്റെ മരണശേഷം ടീം പലവഴിക്കായി തിരിഞ്ഞു. അക്രോബാറ്റില്‍ സമര്‍ത്ഥനായ വിജയന്‍ മാര്‍ഷല്‍ ആര്‍ട്ട്‌സിലേക്കു തിരിഞ്ഞ് കരാട്ടെ മാസ്റ്ററായി. ഫെലിക്‌സ് അടുത്തകാലത്ത് ഹൃദയാഘാതം മൂലം മരണമടഞ്ഞു. പ്രമോദ് ഗള്‍ഫില്‍ പ്രവാസ ജീവിതത്തിലേക്കും ഷിബു ടെക്സ്‌റ്റൈയില്‍ ബിസിനസ്സിലേക്കും വഴിമാറി. അനീഷ്നാഥിന്റെ സ്മരണാര്‍ത്ഥം വീണ്ടും 'ബൂമ്മേര്‍സ്' പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അജിത്ത്‌നാഥ്. അനീഷ് തനിക്ക് ആരായിരുന്നു എന്ന് അജിത്ത്‌നാഥിനോട് ചോദിച്ചാല്‍ ആ പഴയ നാഥ് ഷോപ്പിങ്ങ് കോംപ്ലക്‌സിലെ തന്റെ ഓഫീസ് ക്യാബിനില്‍ ഇരുന്ന് ചെറുപുഞ്ചിരിയോടെ അയാള്‍ പറയും:

''If he got an opportunity like that of Jackosn...,
He might have been another Jackosn'

ബ്രൂസിലി ജോസഫ് എന്ന ജാക്‌സണ്‍ ജോസഫ്

ഫോര്‍ട്ട്കൊച്ചിയിലെ സ്റ്റാച്യു ജംഗ്ഷനിലുള്ള ജാക്‌സണ്‍ ജോസഫിന്റെ കഥ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തം. എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനിലുള്ള ഇന്‍ഫന്റ് ജീസസ് ലാറ്റിന്‍ കത്തോലിക്കാ ചര്‍ച്ചിലെ പുരോഹിതനായ ഫാ. ലൂയിസ് ഫെര്‍ണാണ്ടസിന്റെ കാരുണ്യത്തില്‍ പള്ളിയിലെ ശുശ്രൂഷ സഹായിയായി ശരണപ്പെട്ടിട്ടുള്ള ബാല്യവും കൗമാരവുമായിരുന്നു ജോസഫിന്റേത്. പുലര്‍ച്ചെ 4.30-നു അച്ചനു കാപ്പി എത്തിക്കുന്നതു മുതല്‍ രാത്രി പള്ളി അടയ്ക്കുന്നതു വരെ പണികള്‍. സെന്റ് ആന്റണീസ് സ്‌കൂളിലെ പഠനം. അങ്ങനെ എട്ടുവയസ്സ് മുതല്‍ ഏഴു വര്‍ഷങ്ങള്‍.

അങ്ങനെയൊരിക്കല്‍ പള്ളിക്കൈക്കാരന്‍ സ്വന്തം വീട് പുതുക്കിപ്പണിതു. വെഞ്ചിരിപ്പിനായി ലൂയിസച്ചനേയും ക്ഷണിച്ചു. ശുശ്രൂഷ സഹായിയായി ജോസഫും കൂടി. ബോംബെയില്‍നിന്നും ഗോവയില്‍നിന്നും കൈക്കാരന്റെ ബന്ധുക്കള്‍ വന്നിരുന്നു. അവര്‍ ആഘോഷം തുടങ്ങി. ജോസഫ്  അച്ചന്റെ കണ്ണുവെട്ടിച്ച്  ആഘോഷങ്ങളില്‍ കൂടി. ജോസഫ് പോയിക്കാണും എന്ന് കരുതി അച്ചനും മടങ്ങി.

ഗോവയില്‍നിന്നു വന്ന കൂട്ടത്തിലൊരാള്‍ ഗിറ്റാറും കയ്യിലേന്തി ഡാനിയേല്‍ ബൂണിന്റെ ബ്യൂട്ടിഫുള്‍ സണ്‍ഡേയിലെ സണ്‍ഡേ മോര്‍ണിംഗ് എന്ന പാട്ട് പാടുന്നുണ്ടായിരുന്നു. ഒപ്പം മറ്റുള്ളവരുടെ ഡാന്‍സും. അതിലൊരാള്‍ ജോസഫിനേയും ഡാന്‍സിനായി ക്ഷണിച്ചു. ഡാന്‍സ് ചെയ്യുന്നതിന്റെ ഉന്മാദം ആദ്യമായി ജോസഫ് അനുഭവിച്ചറിഞ്ഞു. ആഘോഷത്തിനിടെ ആ രാത്രി പള്ളി അടയ്ക്കാന്‍ മറന്നിരുന്നു. തിരികെ ചെന്നപ്പോള്‍ ലൂയിസച്ചന്റെ കയ്യില്‍നിന്നും കിട്ടിയ ചൂരല്‍ കഷായത്തിന്റെ ഓര്‍മ്മ 45 വര്‍ഷങ്ങള്‍ക്കിപ്പുറവും ജോസഫ് മറന്നിട്ടില്ല.

പള്ളിയോടു ചേര്‍ന്നുള്ള ക്ലബ്ബിലെ ഡാന്‍സ് പഠനവും ക്രിസ്തുമസിനുള്ള പപ്പാനിക്കളിയും മേനക ജംഗ്ഷനിലെ സീലോഡ് ഹോട്ടലില്‍ രാത്രി ഒളിച്ചുകണ്ട കാബറെ ഡാന്‍സ് കാഴ്ചകളും ജോസഫിനെ ഒരു ഡാന്‍സറാക്കി. ഒരുപക്ഷേ, ഡാന്‍സ് തലയ്ക്കുകയറിയില്ലെങ്കില്‍ അച്ചന്‍പട്ടത്തിനു പോകേണ്ട പയ്യനായിരുന്നു ജോസഫ് .

പത്ത് വരെയുള്ള പഠനത്തിനുശേഷം തിരികെ നാട്ടിലെത്തി സൂപ്പര്‍ കൊച്ചിന്‍ ഡിസ്‌കോ ബോയ്‌സ് എന്ന ഡാന്‍സ് ടീം തുടങ്ങി ക്ലാസ്സുകള്‍ ആരംഭിച്ചു. കൊച്ചിയിലെ പ്രശസ്ത കൊറിയോഗ്രാഫറായ ഇലക്ട്രോബാറ്റില്‍ രാജേഷ് ജോസഫിന്റെ ശിഷ്യനാണ്. ഒപ്പം കുടുംബത്തെ പോറ്റാന്‍ വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ കെ.ടി.സിലെ ചുമട്ടുതൊഴിലാളിയായുള്ള ജീവിതവും. പിന്നീട് ദാരിദ്ര്യം മൂലം എട്ടു വര്‍ഷം സൗദിയില്‍ ഡ്രൈവറായി കഴിഞ്ഞ പ്രവാസകാലത്തും ഡാന്‍സ് കൈവിട്ടില്ല.

'ബ്രൂസിലി ജോസഫ്' എന്ന പേരിലാണ് ജോസഫ് അറിയപ്പെട്ടിരുന്നത്. ബ്രൂസിലിയുടെ കടുത്ത ആരാധകനായിരുന്നു മൈക്കിള്‍ ജാക്‌സന്റെ ത്രില്ലര്‍ ഇറങ്ങുംവരെ. പിന്നീടയാള്‍ ജാക്‌സന്റെ ആരാധകനായി. ജീവിക്കാനായി ഒരു ചെറിയ ചായക്കട നടത്തുമ്പോഴും എല്ലാ വര്‍ഷവും ആഗസ്റ്റ് 29-ന് സ്റ്റാച്യു ജംഗ്ഷനില്‍ മൈക്കിള്‍ ജാക്‌സന്റെ ജന്മദിനാഘോഷങ്ങള്‍ വിപുലമായി ജോസഫ് സംഘടിപ്പിക്കാറുണ്ട്. ഭാര്യയായ ഗ്ലാഡിസും മക്കളായ ആന്റണിയുടേയും മരിയയുടേയും പൂര്‍ണ്ണ പിന്തുണയുമുണ്ട്. ഇപ്പോഴും ന്യൂ ഇയര്‍ കാര്‍ണിവലിന് മൈക്കിള്‍ ജാക്‌സന്റെ പാട്ടുമായി ഈ അറുപതുകാരന്‍ തട്ടില്‍ കയറണമെന്ന് ഫോര്‍ട്ട്‌കൊച്ചിക്കാര്‍ക്ക് നിര്‍ബ്ബന്ധമുണ്ട്.

ഡാന്‍സ് സേവനമാക്കിയ ആര്യാട് ജോണ്‍സണ്‍

വീട്ടിലുള്ള റേഡിയോ ഗാനങ്ങള്‍ക്കൊപ്പം തുള്ളിക്കൊണ്ടാണ് മൂലംകുഴി ആര്യാട് ജോണ്‍സണ്‍ എന്ന ജോണ്‍സണ്‍ മൈക്കിള്‍ നൃത്തപഠനത്തിനു തുടക്കമിട്ടത്. നാട്ടിലെ ഉദയാ ക്ലബ്ബിലെ ജെയ്മി, ബെല്ലോ എന്നീ ചേട്ടന്മാരുടെ പ്രോത്സാഹനം ജോണ്‍സനെ വേദികളിലെത്തിച്ചു. ആര്യാട് ജോണ്‍സണ്‍ ബ്രേയ്ക്ക് ഡാന്‍സില്‍ മാത്രമല്ല, ട്വിസ്റ്റ്, ഷെയ്ക്ക് ഡാന്‍സ്, ഡിസ്‌കോ, റോക്ക് & റോള്‍ എന്നിവയിലും അഗ്രഗണ്യനാണ്.

ജീവിതം മുന്നോട്ടു ചലിപ്പിക്കാന്‍ കൗമാരത്തില്‍ ജോണ്‍ കൂലിപ്പണിക്കു പോയിട്ടുണ്ട്. അപ്പനില്ലാത്ത കുടുംബത്തിലെ അമ്മയും രണ്ട് സഹോദരിമാരും ഉള്‍പ്പെടുന്ന കുടുംബത്തെ പോറ്റാന്‍ മറ്റ് വഴിയുണ്ടായില്ല. ഡാന്‍സ് ക്ലാസ്സുകളും എടുത്തു. ഒരു ദിവസം വിശപ്പ് സഹിക്കവയ്യാതെ  നിരാശനായി അതുവരെ കിട്ടിയ ട്രോഫികള്‍ ചാക്കില്‍നിറച്ച് ആക്രിക്കടയില്‍ കൊണ്ടുവിറ്റു. അതോര്‍ക്കുമ്പോള്‍ ജോണ്‍സന്റെ കണ്ണുകള്‍ ഇന്നും ഈറനണിയും. കണ്ണീര്‍ തുടച്ച് ജോണ്‍സണ്‍ നെഞ്ചുവിരിച്ച് പറയും: ''ഞാന്‍ ഡാന്‍സിനെ ഇന്നും ഉപേക്ഷിച്ചിട്ടില്ല; അത് എന്നെയും.''

23 വര്‍ഷം മുന്‍പ് മുണ്ടന്‍വേലിയിലെ ഫാ. അഗസ്റ്റിനോ വിസിനിസ് സ്പെഷ്യല്‍ സ്‌കൂളില്‍ ഡാന്‍സ് അദ്ധ്യാപകനായി ജോണ്‍സന് ജോലി കിട്ടി. പ്രതിഫലം ചെറുതാണെങ്കിലും സന്തോഷപൂര്‍വ്വം ഏറ്റെടുത്തു. ബധിരരും മൂകരുമായ കുട്ടികള്‍ മാത്രമല്ല, ഓട്ടിസം ബാധിച്ചവരും ഹൈപ്പര്‍ ആക്ടീവുമായ കുട്ടികള്‍ വരെ മനോഹരമായി ഡാന്‍സ് ചെയ്യുന്നതു നാട്ടുകാര്‍ കണ്ടു.

സ്കൂളിൽ കുട്ടികൾക്കൊപ്പം ജോൺസൺ
സ്കൂളിൽ കുട്ടികൾക്കൊപ്പം ജോൺസൺ

''ഇത് എങ്ങനെ സാധിക്കുന്നു മാഷേ?'' ആരെങ്കിലും ചോദിച്ചാല്‍ ജോണ്‍സണ്‍ പറയും: ''അതിനു മൂന്ന് ടെക്നിക്കുകളുണ്ട്. ഒന്ന്, ആദ്യമേ കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റുക. രണ്ട്, കുറവ് എന്തുതന്നെ ആയാലും അതവരുടെ കുറവല്ലെന്ന് ബോധ്യപ്പെടുത്തുക. മൂന്ന്, അവരെ സുഹൃത്തായി കണ്ട് അഭ്യസിപ്പിക്കുക.''

നഷ്ടമായ ഡാന്‍സ് കരിയറിനെക്കുറിച്ചും ഒതുക്കപ്പെട്ട ഈ ജീവിതത്തെക്കുറിച്ചും എപ്പോഴെങ്കിലും പരിഭവം തോന്നിയിട്ടുണ്ടോയെന്നു ചോദിച്ചാല്‍ മാഷ് മറുപടി പറയും: ''എന്ത് ചെയ്യുമ്പോഴും ആനന്ദം കണ്ടെത്തുന്ന ഒരാളാണ് ഞാന്‍.''

ബോള്‍ഗാട്ടിയിലെ സകലകലാവല്ലഭന്‍

ഒരു ക്രിസ്തുമസ് തലേന്ന് ബോള്‍ഗാട്ടിയിലെ ഒസിബിസി എന്ന ഗ്രൂപ്പ് സംഘടിപ്പിച്ച പപ്പാനിക്കളിയില്‍ പങ്കെടുക്കെ, കൂടെയുണ്ടായിരുന്ന പയ്യന്റെ പരിഹാസം സഹിക്കാതെയാണ് ഒരു ഡാന്‍സറാകണമെന്ന ചിന്ത ബോള്‍ഗാട്ടിയിലുള്ള ജോണ്‍സണ്‍ എന്ന ആന്റണി ജോസഫിന്റെ മനസ്സിലുറച്ചത്.

പിറ്റേന്ന് ക്രിസ്തുമസ് ആയിട്ടും ജോണ്‍സണ്‍, ഫോര്‍ട്ട്കൊച്ചിയിലെ ജോണ്‍സണ്‍ മാസ്റ്ററുടെ അടുത്തേയ്ക്ക് വച്ചടിച്ചു. കൊച്ചിന്‍ ഡിസ്‌കോ ബോയ്‌സില്‍ ചേര്‍ന്നു റിക്കാര്‍ഡ് ഡാന്‍സ് പഠിക്കാന്‍ തുടങ്ങി. രാത്രി പത്ത് മണിവരെ പരിശീലനം. 10.10-ന് ഹൈക്കോര്‍ട്ടിലേക്കുള്ള ലാസ്റ്റ് ബസ് ഓടിപ്പിടിക്കും. ഹൈക്കോര്‍ട്ടില്‍നിന്നും രാത്രി 10.40-ന്റെ ബോട്ട് കിട്ടിയാലേ വീട്ടിലെത്താനാകൂ. അല്ലെങ്കില്‍ രാത്രി റോഡരികില്‍ത്തന്നെ കഴിച്ചുകൂട്ടേണ്ടിവരും.

1982-ല്‍ ഇറങ്ങിയ 'സകലകലാവല്ലഭനും' 'മൂന്നാം പിറ'യും ബോള്‍ഗാട്ടി ജോണ്‍സനെ കട്ട കമല്‍ഫാനാക്കി. അപൂര്‍വ്വ സഹോദരങ്ങളിലെ കുള്ളന്റെ വേഷംകെട്ടി 'പുതുമാപ്പിളയ്ക്ക് നല്ലയോഗമെടാ...' എന്ന പാട്ടിനൊപ്പമുള്ള ഡാന്‍സിന് നിലയ്ക്കാത്ത കയ്യടികള്‍ കിട്ടി. വിദൂരങ്ങളിലെ വേദികളില്‍ ഈ പാട്ട് അവതരിപ്പിക്കുമ്പോള്‍ ഒരു കുള്ളന്റെ ഡാന്‍സ് എന്ന മട്ടിലാണ് കാണികള്‍ സ്വീകരിച്ചത്. അടുത്ത ബ്രേയ്ക്ക് സോങ്ങില്‍, ഉയരം കൂടിയ ജോണ്‍സണെ കാണുമ്പോഴാണ് കുള്ളന്റെ യഥാര്‍ത്ഥ രൂപം തിരിച്ചറിഞ്ഞത്.

പിന്നീട് ജോണ്‍സണ്‍, റോളിംഗ് സ്റ്റോണ്‍ ബ്രദേഴ്‌സ് എന്ന പേരില്‍ സ്വന്തമായി ഒരു ടീം തുടങ്ങി. സഹോദരങ്ങളായ ആന്റപ്പനും ബിജുവും കൂടെക്കൂടി. ആദ്യം ഒരു മോണോ ടേപ്പ് റെക്കോര്‍ഡര്‍ കൂടി സംഘടിപ്പിച്ചു. പുറത്തുള്ള സുഹൃത്തുക്കളുടെ കയ്യില്‍നിന്നും ജാക്കറ്റ്, ജീന്‍സ്, ഷൂ എന്നിവ കടം വാങ്ങും. പരിപാടിക്കുശേഷം കഴുകി തിരികെ കൊടുക്കും. ടീമിലുള്ള ഷീന്‍, തണ്ടര്‍ സജീവന്‍ എന്നിവരാണ് ആ പണികളെല്ലാം ചെയ്തിരുന്നത്.

അക്കാലത്ത്  ബ്രേയ്ക്ക് ഡാന്‍സ്  എന്ന സിനിമയില്‍ അഭിനയിച്ച ഉഗാലൂ ചേംബര്‍ഷ്റിമ്പിന്റെ ചൂലുകൊണ്ടുള്ള ഡാന്‍സ് ജോണ്‍സനും അവതരിപ്പിച്ചിരുന്നു. വിരല്‍ ഞൊടിക്കുമ്പോള്‍ കയ്യിലേക്ക് ചൂല്‍ വരുന്നതും ചൂല്‍ വായുവില്‍ പറക്കുന്നതും കാണികളെ അമ്പരപ്പിച്ചിരുന്നു.

1986-ല്‍ കലാഭവന് ബദലായി ഡാന്‍സര്‍ ബാബു റോസറി അക്കാഡമി തുടങ്ങിയപ്പോള്‍ അതിലെ ആദ്യത്തെ വെസ്റ്റേണ്‍ ഡാന്‍സ് അദ്ധ്യാപകനായിരുന്നു ജോണ്‍സണ്‍. തൊണ്ണൂറുകളുടെ തുടക്കം എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളില്‍ ജോണ്‍സണ്‍ വലിയ ഒരു ഡാന്‍സ് ഷോ സംഘടിപ്പിച്ചു. ടിക്കറ്റുകള്‍ വിറ്റുപോയി. പക്ഷേ, പൈസ മാത്രം കിട്ടിയില്ല. പരിപാടി വന്‍വിജയം. എന്നിട്ടും 12,000 രൂപയുടെ കടക്കാരനായി.

തുടര്‍ന്നു ജോണ്‍സണ് പിടിച്ചുനില്‍ക്കാനായില്ല. ജീവിക്കാന്‍വേണ്ടി ബോട്ട് മെക്കാനിക്കായി. അങ്ങനെ ഡാന്‍സ് ഉപേക്ഷിച്ചു. ഇപ്പോള്‍ ബോള്‍ഗാട്ടിയില്‍ സ്വന്തമായി ഒരു ബോട്ട് വര്‍ക്ക്‌ഷോപ്പുള്ള ജോണ്‍സണ്‍, പെന്തക്കോസ്തുമിഷന്റെ അറിയപ്പെടുന്ന പാസ്റ്ററും സുവിശേഷ പ്രഘോഷകനുമാണ്.

ഷെല്‍ട്ടണ്‍ എന്ന റോബോട്ടിക് ഇതിഹാസം

1980-കളിലെ എല്ലാ ബ്രേയ്ക്ക് ഡാന്‍സ് നര്‍ത്തകര്‍ക്കും സുപരിചിതമായ പേരാണ് തൃശൂര്‍ക്കാരന്‍ ഷെല്‍ട്ടന്റേത്. ഫഌട്ടുസേര്‍സിലെ ബാബുമാസ്റ്ററുടെ വാക്കുകളില്‍ പറഞ്ഞാല്‍ കിംഗ് ഒഫ് റോബോട്ടിക്ക് ഡാന്‍സ്. പോപ്പിങ്ങില്‍ ഷെല്‍ട്ടന്‍ മികവു പുലര്‍ത്തി. അക്കാലത്ത് സോളോ പെര്‍ഫോമന്‍സില്‍ ഒന്നാം സ്ഥാനം നേടാറുള്ള ഫ്ലൂട്ടുസേര്‍സിലെ സജീഷ് കൃഷ്ണയുടെ ഏക പരാജയം 1989-ലെ കോംപറ്റീഷനില്‍ ഷെല്‍ട്ടന്റെയടുത്തു മാത്രമായിരുന്നു.

16-ാം വയസ്സിലാണ് സുഹൃത്തായ നിക്‌സണ്‍ വഴി ഷെല്‍ട്ടണ്‍, മൈക്കിള്‍ ജാക്‌സന്റെ ബില്ലീ ജീന്‍ എന്ന ആല്‍ബം ആദ്യമായി കാണുന്നത്. അതുകണ്ട് ബ്രേയ്ക്കില്‍ കമ്പം തോന്നിയ ഷെല്‍ട്ടണ്‍ തൃശൂര്‍ കോലഴിയില്‍ നടന്ന ഒരു പ്രോഗ്രാമില്‍, പെറ്റ് ഷോപ്പ് ബോയ്‌സിന്റെ വെസ്റ്റ് എന്‍ഡ് ഗേള്‍സ് എന്ന ആല്‍ബത്തിനു ചുവടുവച്ച് നിക്സനൊപ്പം തട്ടില്‍ കയറി. ഇരുവര്‍ക്കും നിരവധി വേദികള്‍ ലഭിച്ചുതുടങ്ങി. 1987 ഡിസംബര്‍ 25-ന്  ബൂഗി ഡൗണ്‍ ബ്രോണ്‍സ്  പാട്ടുമായി ഷെല്‍ട്ടണ്‍ ഒറ്റയ്ക്ക് വേദിയിലെത്തി. തുടര്‍ന്ന് 1988-ലെ ജില്ലാതല മത്സരങ്ങള്‍ക്കും 1989-ലെ സംസ്ഥാനതല മത്സരത്തിലും ഷെല്‍ട്ടണ്‍ വിജയിയായി.

1989-ല്‍ ഫെബ്രുവരിയില്‍ ഗോവയില്‍നിന്നും സിന്‍ഡിക്കേറ്റ് എന്ന മ്യൂസിക് ബാന്‍ഡ് തൃശൂരില്‍ പ്രോഗ്രാമിനായി വന്നു. നൈറ്റ് ട്രേഡേഴ്‌സ് എന്ന ക്ലബ്ബ് ആയിരുന്നു സംഘാടകര്‍. ബാന്‍ഡിന്റെ മ്യൂസിക്കിനൊപ്പം വേദിയില്‍ ബ്രേയ്ക്ക് ഡാന്‍സ് ചെയ്യണമെന്ന ഒരു വ്യത്യസ്തമായ പരിപാടിയായിരുന്നു അത്. സംഘാടകര്‍ ഷെല്‍ട്ടണ്‍ ഒഴികെ ഡാന്‍സേഴ്സിനെയെല്ലാം പ്രോഗ്രാമിനു ക്ഷണിച്ചു. ക്ഷണിച്ചില്ലെങ്കിലും പരിപാടി കാണാന്‍ ഷെല്‍ട്ടനും പോയി. വന്നവരുടെയെല്ലാം ബ്രേയ്ക്ക് ഡാന്‍സ് തീരെ മോശം. ജനം കൂവലും ബഹളവുമായി. വീ വാണ്ട് ഷെല്‍ട്ടണ്‍ എന്ന ആരവവും കൂടിയായപ്പോള്‍ സംഘാടകര്‍ക്ക് തടിതപ്പാന്‍ ഷെല്‍ട്ടന്റെ കാലു പിടിക്കേണ്ടിവന്നു എന്നതാണ് ചരിത്രം.

1992 വരെ ഷെല്‍ട്ടണ്‍ ബ്രേയ്ക്ക് ഡാന്‍സ് മേഖലയില്‍ സജീവമായിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ അദ്ദേഹത്തിന് പെയിന്റിംഗ് തൊഴിലാളിയാകേണ്ടി വന്നു. ഇന്ന് ആരെങ്കിലും ഷെല്‍ട്ടനോട് ''എന്തേ ഡാന്‍സ് നിര്‍ത്തി?'' എന്ന് ചോദിച്ചാല്‍ അയാള്‍ ചിരിച്ചുകൊണ്ട് ''ജീവിത പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ വേറെന്തുവഴി'' എന്ന് മറുപടി പറയും.

മൂണ്‍വോക്ക്- 'ബ്രേയ്ക്ക് ഡാന്‍സ് ഇനി വെള്ളിത്തിരയിലും'

1980-കളിലെ ബ്രേയ്ക്ക് ഡാന്‍സ് വിപ്ലവത്തിന്റെ കഥ പറയുന്ന സിനിമയാണ് മൂണ്‍വോക്ക്. പ്രമുഖ പരസ്യചിത്ര സംവിധായകനായ വിനോദ് എ.കെ. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കൊറിയോഗ്രാഫര്‍ ശ്രീജിത്ത് മാസ്റ്ററാണ്.

ചെറുപ്പത്തിന്റെ ചടുലതയുടെ കലയായിരുന്നു ഒരുകാലത്ത് ബ്രേയ്ക്ക് ഡാന്‍സ്. കാലങ്ങള്‍ കഴിഞ്ഞതോടെ യുവജനത മറ്റ് നൃത്തരൂപങ്ങളിലേക്ക് ചുവടുവച്ചു. ബ്രേയ്ക്ക് ഡാന്‍സിനു കൗമാരക്കാര്‍ക്കിടയില്‍ മുന്‍പുള്ള ആവേശം ഇന്നില്ലെങ്കിലും രണ്ടുദശകം മുന്‍പ് യൗവ്വനം പിന്നിട്ടവരുടെ ഞരമ്പുകളില്‍ അത് ഉയര്‍ത്തിയ ആരവം ഇപ്പോഴും അടങ്ങിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com