ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന 'പരിഷ്‌കരണങ്ങള്‍ '    

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടുത്തിടെ നടപ്പാക്കിയ വികലമായ പരിഷ്‌കാരങ്ങള്‍ എങ്ങനെയാണ് ദോഷം ചെയ്യുന്നത്? 
ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന 'പരിഷ്‌കരണങ്ങള്‍ '    

കേരളത്തിലെ ഉന്നത വിദ്യാഭ്യാസമണ്ഡലം വലിയൊരു പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. കൊറോണയുടെ മറവില്‍ വിദ്യാഭ്യാസ സങ്കല്പത്തെത്തന്നെ വലിയതോതില്‍ അട്ടിമറിക്കാനുള്ള നയങ്ങള്‍ ഉന്നത വിദ്യാഭ്യാസവകുപ്പിലൂടെ സര്‍ക്കാര്‍ നടപ്പാക്കുകയാണ്. പൊതുവിദ്യാഭ്യാസം ശക്തമായി സമൂഹത്തില്‍ ഇടപെടുന്ന സംസ്ഥാനമായ കേരളത്തില്‍ ഇത് പൊതുവിദ്യാഭ്യാസത്തെ തന്നെ വലിയതോതില്‍ പ്രതിസന്ധിയിലാക്കും. അതുവഴി ഉന്നത വിദ്യാഭ്യാസം ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ക്കു വലിയ തിരിച്ചടിയാകും ഇപ്പോഴത്തെ നയങ്ങള്‍. 

2020 ഏപ്രില്‍ ഒന്നിന് ഇറങ്ങിയ ഉത്തരവാണ് ഇതില്‍ ആദ്യത്തേത്. തുടര്‍ന്ന് നിരവധി ഉത്തരവുകള്‍ യാതൊരു ചര്‍ച്ചകളും നടത്താതെ, എന്താണ് ഉന്നത വിദ്യാഭ്യാസം എന്ന സങ്കല്പത്തെ മനസ്സിലാക്കാതെ ഇറക്കുന്ന കേവലം ബ്യൂറോക്രാറ്റിക് ഉത്തരവുകള്‍ മാത്രമാകുകയും ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസത്തില്‍ സമൂല പരിഷ്‌കരണം എന്ന മട്ടില്‍ നടപ്പാക്കുന്ന പലതും വൈജ്ഞാനികത എന്ന തലത്തെ കയ്യൊഴിയുന്നതും കൈത്തൊഴില്‍ എന്ന നിലയില്‍ വിദ്യാഭ്യാസത്തെ കാണുന്നതുമാണ് എന്ന് സാമാന്യബോധം ഉള്ള ആര്‍ക്കും മനസ്സിലാകുന്നതാണ്. കോളേജ് പ്രവര്‍ത്തന സമയമാറ്റം, പുതിയ കോഴ്സുകളെക്കുറിച്ചുള്ള വിവരണം, ഓണ്‍ലൈന്‍ പഠനരീതി ബദല്‍മാര്‍ഗ്ഗമാക്കാനുള്ള നടപടികള്‍ എന്നിവ ഉന്നത വിദ്യാഭ്യാസത്തെ കേവലം സാങ്കേതികബദ്ധമാക്കിത്തീര്‍ക്കാനുള്ള ശ്രമം മാത്രമാണ്. ഗവേഷണത്തിന് പ്രാമുഖ്യം കൊടുക്കും എന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി നിരന്തരം പറയുന്നുണ്ടെങ്കിലും ഈ നടപടികള്‍ എല്ലാം ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ളാണ് എന്നു തിരിച്ചറിയേണ്ടതുണ്ട്. 

'പി.ജി. വെയ്റ്റേജ്'  തെറ്റുദ്ധരിപ്പിക്കല്‍ 

എന്താണ് ഈ ഉത്തരവുകള്‍ പറയുന്നത്? പോസ്റ്റ് ഗ്രാജ്വേവേഷന്‍ കോഴ്സുകളുടെ വര്‍ക്ക് ലോഡ് വെട്ടിക്കുറക്കുകയാണ് ഏപ്രില്‍ ഒന്നിലെ ഉത്തരവിലൂടെ ചെയ്തത്. 'പി.ജി. വെയ്റ്റേജ്' എടുത്തുകളഞ്ഞു എന്നാണ് പൊതുവെ ചര്‍ച്ച ചെയ്യുന്നത്. പി.ജിയിലെ ഒരു മണിക്കൂര്‍ ക്ലാസ്സ് ഒന്നരമണിക്കൂര്‍ ആയി കണക്കാക്കുന്നതാണ് നിലവിലെ വര്‍ക്ക്ലോഡ് പാറ്റേണ്‍. അത് ഇനിമേല്‍ ഒരുമണിക്കൂര്‍ തന്നെയായി കണക്കാക്കണം എന്നാണ് ഓര്‍ഡറില്‍ പറയുന്നത്. കാരണമായി പറയുന്നത്, യു.ജി.സി. റെഗുലേഷനില്‍ അങ്ങനെയല്ല എന്നാണ്. പ്രീഡിഗ്രി ഡീലിങ്കിങ്ങിന്റെ ഭാഗമായി 2001-ലെ ഉത്തരവില്‍ (5/2001) കേരളത്തില്‍ നടപ്പാക്കിയതാണ് ഇതെന്നും ഇന്ന് അതിന്റെ പ്രസക്തി നഷ്ടപ്പെട്ടതുകൊണ്ട് അത് എടുത്തുകളയുന്നു എന്നുമാണ് ധനകാര്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും വകുപ്പ് സെക്രട്ടറിയും പറയുന്നത്. 

സ്വാഭാവികമായും ഒരു മണിക്കൂര്‍ ക്ലാസ്സ് എടുത്തിട്ട് ഒന്നരമണിക്കൂര്‍ എന്നു കണക്കാക്കാമോ' എന്നു സംശയം തോന്നാം. എന്നാല്‍, എന്താണ് സത്യാവസ്ഥ? 2001-ലെ ഗവണ്‍മെന്റ് ഉത്തരവില്‍ പറയുന്നത് ഇപ്രകാരമാണ്: അദ്ധ്യാപക വര്‍ക്ക്ലോഡ് ആഴ്ചയില്‍ 40 മണിക്കൂറാണ്. അതില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ മണിക്കൂറില്‍ യു.ജിക്ക് പതിനാറും പി.ജിക്ക് പത്തും എന്നുമാണ്. ബാക്കിയുള്ളത് അനുബന്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനത്തിനു പുറത്ത് പലയിടത്തും യു.ജി കോളേജുകളും പി.ജി കോളേജുകളും ഉണ്ട്. അവിടെ ഇത്തരം വിഭജനം ആശയവ്യക്തത വരുത്തുന്നില്ല. പക്ഷേ, നമ്മുടെ നാട്ടില്‍ യു.ജി., പി.ജി കോഴ്സുകള്‍ ഒന്നിച്ചു നടത്തുന്ന കോളേജുകളാണ് ഉള്ളത്. അതുകൊണ്ട് വര്‍ക്ക്ലോഡിലും അദ്ധ്യാപക നിയമനത്തിലും ഇവ ഒന്നിച്ചു കണക്കാക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ പി.ജി ക്ലാസ്സുകള്‍ ഒന്നിന് 1.6 എന്നു കണക്കാക്കേണ്ടിവരും. എന്നാല്‍, അത് 1.5 ആയി സര്‍വ്വകലാശാലകളും കോളേജ് വിദ്യാഭ്യാസ വകുപ്പും ചട്ടപ്പെടുത്തിയിരിക്കുന്നു. ഇതിനെയാണ് പി.ജി വെയ്റ്റേജ് എന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ പറയുന്നത്. അത് യു.ജി.സിയുടെ പ്രയോഗമല്ല. അതുകൊണ്ടുതന്നെ അത് യു.ജി.സി പറയുന്നില്ല എന്നത് അപ്രസക്തമാണ്.

വര്‍ക്ക്ലോഡും നിയമനങ്ങളും

ഒരു പി.ജി ഡിപ്പാര്‍ട്ടുമെന്റില്‍ മാത്രം 50 മണിക്കൂറാണ് ഒരാഴ്ചയില്‍ ക്ലാസ്സ് സമയം. അപ്പോള്‍ അഞ്ചു പോസ്റ്റാണ് വരിക. കേരളത്തിലെ കോളേജുകളുടെ സാഹചര്യത്തില്‍ അത് യു.ജി വര്‍ക്ക്ലോഡുമായി കൂട്ടിച്ചേര്‍ത്ത് പരിഗണിക്കുമ്പോള്‍ യു.ജി മാത്രമുള്ള കോളേജുകളില്‍നിന്നും വ്യത്യസ്തമായി യു.ജിയും പി.ജിയും കൂടിയുളള കോളേജുകളില്‍ അഞ്ചിനു പകരം നാല് പോസ്റ്റുകള്‍ മാത്രമേ വരുന്നുള്ളൂ. പറഞ്ഞുവന്നത് ഒന്നിന് ഒന്നര എന്ന കണക്കുവെച്ചു നോക്കുമ്പോള്‍ ഒരു പോസ്റ്റ് (ചില വിഷയങ്ങളില്‍ ഇത് വ്യത്യാസം വരാം) നിയമനത്തില്‍ ഒഴിവായിപ്പോകുന്നുണ്ട്. അല്ലെങ്കില്‍ പി.ജി ടീച്ചര്‍ എന്നും യു.ജി ടീച്ചര്‍ എന്നും രണ്ടായി നിയമനം നടത്തേണ്ടിവരും. 

പുതിയ നിയമപ്രകാരം ഒരു പി.ജി കോഴ്സില്‍ മൂന്നു പോസ്റ്റുകള്‍ക്കേ സാധ്യതയുള്ളൂ. പി.ജി കോംപ്ലിമെന്ററി മറ്റു ഡിസിപ്ലിനില്‍നിന്നുള്ള കോഴ്സാണെങ്കില്‍ രണ്ട് സ്ഥിരം നിയമനവും ഒരു ഗസ്റ്റ് നിയമനവും മാത്രമേ സാധിക്കൂ. പി.ജി കോഴ്സ് ഒരു സെമസ്റ്ററിലെ 10 പേപ്പറുകള്‍ പഠിപ്പിക്കാന്‍, രണ്ടു സ്ഥിരാദ്ധ്യാപകരും ഒരു താല്‍ക്കാലിക അദ്ധ്യാപക/നും എന്നത് മാത്രമാലോചിച്ചാല്‍ ഇതിന്റെ അപകടം പിടികിട്ടും. ഫീഡര്‍ കോഴ്സില്ലാതെ പി.ജി മാത്രമുള്ളിടത്തും യൂണിവേഴ്സിറ്റികളുടെ സബ്‌സെന്ററുകളെയുമാണ് ഇത് ഗുരുതരമായി ബാധിക്കുക. യു.ജിയും പി.ജിയും ഒന്നിച്ചുള്ള കോളേജുകളില്‍ രണ്ടു പോസ്റ്റുകളെങ്കിലും ഇല്ലാതാവും. 

പി.ജി ക്ലാസ്സിനെ സംബന്ധിച്ച് ഇതുമായി ബന്ധപ്പെട്ടുവരുന്ന ഒരു വാദം പ്രിപ്പറേഷനുവേണ്ടി എന്നതാണ്. എന്നാല്‍, അതല്ല നേരിടുന്ന അടിസ്ഥാന പ്രശ്‌നം. പി.ജി കോഴ്സുകള്‍ ഗവേഷണോന്മുഖമായി മുന്നോട്ടു കൊണ്ടുപോകേണ്ടവയാണ്. അവിടെ സെമിനാര്‍ പേപ്പറുകള്‍, മറ്റു പ്രസന്റേഷനുകള്‍ ഇവയ്ക്കുവേ   പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കല്‍, പ്രൊജക്റ്റുള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നതെല്ലാം പ്രധാനമായി പരിഗണിക്കേണ്ട വിഷയമാണ്. അതോടൊപ്പം തന്നെ ഒരു പി.ജി വിഭാഗത്തിലെ അദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം വിഷയങ്ങളിലുള്ള വൈദഗ്ദ്ധ്യം (specialization) എന്നത് പ്രധാനമാണ്. എക്‌സപര്‍ട്ടൈസേഷന്‍ എന്നതാണ് ഗവേഷണോന്മുഖ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന അടിസ്ഥാന ഘടകം. പുതിയ രീതിപ്രകാരം ഈ പ്രക്രിയ അപ്പാടെ താളംതെറ്റും. ഒരു യു.ജി., പി.ജി. കോളേജില്‍ സാമാന്യമായി ഒരു അദ്ധ്യാപിക/അദ്ധ്യാപകന്‍ ഒരാഴ്ച എട്ട് വ്യത്യസ്ത പേപ്പറുകള്‍ പഠിപ്പിക്കേണ്ടിവരുന്നുണ്ട്. മൂന്നു വര്‍ഷ യു.ജി ക്ലാസ്സുകള്‍, യു.ജി കോമണ്‍ ക്ലാസ്സുകള്‍, രണ്ട് പി.ജി ബാച്ചുകള്‍ ഇവ പഠിപ്പിക്കാനാണ് ഇത്രയും പേപ്പറുകളിലൂടെ ഒരു അദ്ധ്യാപിക/അദ്ധ്യാപകന്‍ കടന്നുപോകേണ്ടിവരുക. ഇതുതന്നെ വലിയൊരു വര്‍ക്ക്ലോഡാണ്. പുതിയ നിയമപ്രകാരം എട്ട് എന്നത് 12 മുതല്‍ 14 വരെ പേപ്പറുകള്‍ ഒരു ടീച്ചര്‍ കൈകാര്യം ചെയ്യേണ്ടിവരും. ഇത് പി.ജി ക്ലാസ്സുകളുടെ ഗുണനിലവാരത്തെ കാര്യമായി ബാധിക്കും. ഇത് സെമിനാര്‍ വര്‍ക്കുകളേയും പ്രൊജക്റ്റ് വര്‍ക്കുകളേയും ബാധിക്കും. നിശ്ചയമായും പി.ജി പഠനം കൊണ്ടുദ്ദേശിക്കുന്ന ഫലം ലഭിക്കാതെയാകും. 

സാങ്കേതികപ്പിഴവുകള്‍ നിയമലംഘനങ്ങള്‍ 

ഇത്തരം കാര്യങ്ങള്‍ നില്‍ക്കട്ടെ, ഏപ്രില്‍ ഒന്നിന്റെ ഓര്‍ഡര്‍ എയ്ഡഡ് കോളേജുകള്‍ക്ക് മാത്രം ബാധകമാകുന്ന ഒന്നാണ്. ഇതില്‍ പറയുന്ന പ്രധാന കാരണം 'പി.ജി. വെയ്റ്റേജ്' എന്ന് യു.ജി.സി പറയുന്നില്ല എന്നതാണ്. തുടര്‍ന്ന് ഇത് ഗവണ്‍മെന്റ് കോളേജുകള്‍ക്ക് ബാധകമാകുന്നതും 2001-ലെ ഗവണ്‍മെന്റ് ഉത്തരവിലെ പ്രസ്തുത ഭാഗം റദ്ദുചെയ്തുകൊണ്ടുള്ളതുമായ ഉത്തരവും വന്നു (G.O.(Ms)No.193/2020/HEDN Dated, 25/05/2020). മേല്‍പ്പറഞ്ഞ 2001-ലെ ഉത്തരവിന് നിമിത്തമായ നിര്‍ദ്ദേശങ്ങള്‍ എന്തായിരുന്നു എന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷിച്ചിരുന്നെങ്കില്‍ ഈ ഓര്‍ഡറില്‍ വാസ്തവവിരുദ്ധമായ മേല്‍ പ്രസ്താവന എഴുതേണ്ടി വരുമായിരുന്നില്ല. 1983-'85 കാലയളവില്‍ യു.ജി.സി നടത്തിയ പരിഷ്‌കരണങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന വര്‍ക്ക്ലോഡ് പാറ്റേണാണിത്. UGC vide D.O. letter No. F 1-117/83(CP) dated 25-11-1985 എന്ന നോട്ടിഫിക്കേഷനില്‍ ഉള്ളതാണ്. ഇത് 1990-ല്‍ കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച് ഉത്തരവിറക്കിയിട്ടുള്ളതാണ്. തുടര്‍ന്ന് കേരളത്തിലെ സര്‍വ്വകലാശാലകള്‍ തങ്ങളുടെ ഓര്‍ഡിനന്‍സുകളില്‍ ഭേദഗതി വരുത്തിയിട്ടുള്ളതുമാണ്. 1990-ലെ ഉത്തരവില്‍ അത് ലക്ചറര്‍, റീഡര്‍ എന്നീ തസ്തികകള്‍ ആയിരുന്നെങ്കില്‍ മേല്‍പ്പറഞ്ഞ സര്‍വ്വകലാശാല ഭേദഗതികളില്‍ അത് അസിസ്റ്റന്റ് പ്രൊഫസ്സര്‍, അസോസിയേറ്റ് പ്രൊഫസ്സര്‍ എന്നായി എന്നതുമാത്രമാണ് വ്യത്യാസം. ബാക്കി വര്‍ക്ക്ലോഡിനെ സംബന്ധിച്ച ഇനം തിരിച്ചുള്ള എല്ലാ വിവരണങ്ങളും മുന്നത്തെ യു.ജി.സി നിര്‍ദ്ദേശപ്രകാരം തന്നെയാണ്. അതാണ് കേരളസര്‍ക്കാര്‍ 2001-ല്‍ അംഗീകരിച്ച് ഭേദഗതികളോടെ ഉത്തരവിറക്കിയത്. മറ്റൊന്ന്, പി.ജി വെയ്റ്റേജ് എന്ന് എവിടെയും പറയുന്നില്ല. അത് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സൗകര്യത്തിനുണ്ടാക്കിയ വാക്കാണ്. അത് യു.ജി.സിയുടെ പേരില്‍ കെട്ടേണ്ടതില്ല. യു.ജി.സി വളരെ കൃത്യമായി പി.ജി വര്‍ക്ക്ലോഡിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് സര്‍വ്വകലാശാലകളും കേരളസര്‍ക്കാരും അംഗീകരിച്ചതുമാണ്. ഇതില്‍ എന്തെങ്കിലും മാറ്റം വരണമെങ്കില്‍ യു.ജി.സി വേറെ നിര്‍ദ്ദേശിക്കണം. അങ്ങനെയുണ്ടായിട്ടില്ല. ഇനി ഇതില്‍ സര്‍ക്കാരിനു മാറ്റം വരുത്തണമെങ്കില്‍പ്പോലും യു.ജി.സിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം വരണം, അത് സര്‍വ്വകലാശാലാ സമിതികള്‍ പഠിച്ച് ഭേദഗതി വരുത്തണം, എന്നിട്ടു മാത്രമാണ് സര്‍ക്കാര്‍ ഇതില്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടത്, (അക്കാദമിക് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഉദ്യോഗസ്ഥരല്ല എന്ന തത്വംപോലും തിരിച്ചറിയപ്പെടുന്നില്ല എന്നതാണ് ഇവിടത്തെ ഭീകരാവസ്ഥ). ഈ നടപടിക്രമങ്ങളെയൊക്കെ ലംഘിച്ചു, സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശങ്ങളെ അട്ടിമറിച്ചു എന്നതെല്ലാം സര്‍ക്കാരിന്റെ ഭാഗത്തുണ്ടായ വലിയ വീഴ്ചയാണ്. അതിലും വലിയ വീഴ്ച കാലിക്കറ്റ് സര്‍വ്വകലാശാല സര്‍ക്കാരിന് ഒത്താശ പിടിച്ചുകൊണ്ട് സാമാന്യമായി പുലര്‍ത്തേണ്ട നടപടികള്‍ പോലും പാലിക്കാതെ, സിന്‍ഡിക്കേറ്റ് കൂടാതെ ഈ ഗവണ്‍മെന്റ് ഓര്‍ഡര്‍ അനുസരിച്ച് സ്റ്റാറ്റിയൂട്ട് ഭേദഗതി വരുത്തി എന്നതാണ് (U.O.No. 5778/2020/Admn dated 23.06.2020).

മറ്റൊരു തലതിരിഞ്ഞ നടപടി ഒരു അദ്ധ്യാപകപോസ്റ്റില്‍ നിയമനം നടക്കണമെങ്കില്‍ മിനിമം 16 മണിക്കൂര്‍ തന്നെ വേണമെന്നതാണ്. ഒന്‍പത് മണിക്കൂര്‍ ഉണ്ടെങ്കില്‍ നിയമനത്തിന് സാധുതയുണ്ടായിരുന്നു. 15 മണിക്കൂര്‍ ഉണ്ടെങ്കില്‍പ്പോലും നിയമനം നടക്കാതെ താല്‍ക്കാലിക അദ്ധ്യാപകരെ ആശ്രയിക്കേണ്ടിവരും. യു.ജി കോംപ്ലിമെന്ററി പേപ്പറുകള്‍, മലയാളം, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷാവിഷയങ്ങള്‍ എന്നിവ പഠിപ്പിക്കുന്ന ഒരു പോസ്റ്റു മാത്രം ആവശ്യമുള്ള കോളേജുകളില്‍ ഇത് വലിയരീതിയില്‍ പ്രതിസന്ധി സൃഷ്ടിക്കും. കോര്‍ വിഷയങ്ങള്‍ ഉള്ള വിഭാഗങ്ങളില്‍ പലതിലും 12 മണിക്കൂര്‍ ഒക്കെവെച്ച് അവസാനിക്കുന്ന പോസ്റ്റുകളിലും നിയമനം നടക്കില്ല. ഇപ്പോഴത്തെ നിലയില്‍ സെമസ്റ്റര്‍ സിസ്റ്റവും യു.ജി.സിയുടേതും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേതും അടക്കമുള്ള നൂറോളം കമ്മിറ്റികള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വലിയ ഭാരം തന്നെ ക്ലാസ്സുകള്‍ക്കു പുറമേ അദ്ധ്യാപകര്‍ക്കുണ്ട്. സെമസ്റ്റര്‍ സിസ്റ്റത്തിന്റെ ഇപ്പോഴത്തെ നടപ്പുരീതിയനുസരിച്ച് വര്‍ഷത്തില്‍ മിക്കവാറും ദിവസങ്ങളില്‍ പരീക്ഷയാണ്. ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്കുപോലും അദ്ധ്യാപകരെ തികയാത്ത അവസ്ഥ മിക്കവാറും എല്ലാ കോളേജുകളും സമാനമായി പങ്കുവെയ്ക്കുന്ന പ്രതിസന്ധിയാണ്. ആ സമയത്താണ് ഏതാണ്ട് 25 ശതമാനം അദ്ധ്യാപക തസ്തിക ഇല്ലാതാക്കുന്ന ഈ പ്രവര്‍ത്തനം. ചുരുക്കത്തില്‍ ക്ലാസ്സ് നടക്കില്ല, പരീക്ഷകള്‍ നടക്കും, അദ്ധ്യാപകരുടെ നടുവൊടിയും, വിദ്യാര്‍ത്ഥികള്‍ ഓട്ടമത്സരം നടത്തും. സംഭവിക്കുന്നത് ഇതാണ്. യഥാര്‍ത്ഥത്തില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നതിനു തുല്യമാണ് ഈ പ്രവൃത്തി. 

(കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജ് അദ്ധ്യാപകനും കോളേജ് അദ്ധ്യാപക ഐക്യസംഘം പ്രതിനിധിയുമാണ് ലേഖകന്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com