അന്ന് കോണ്‍ഗ്രസ് സ്വീകരിച്ച മതനിരപേക്ഷ വിരുദ്ധ നിലപാടാണ് സംഘപരിവാറിന് രാജ്യത്താകെ സ്വാധീനത ഉറപ്പിച്ചത്

രാമക്ഷേത്ര ശിലാസ്ഥാപനവേളയില്‍ ഗാന്ധിജിക്ക് പ്രിയങ്കരമായ 'രാംധുന്‍' ആലപിക്കണമെന്ന നിര്‍ദ്ദേശം പോലും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവച്ചില്ല
അന്ന് കോണ്‍ഗ്രസ് സ്വീകരിച്ച മതനിരപേക്ഷ വിരുദ്ധ നിലപാടാണ് സംഘപരിവാറിന് രാജ്യത്താകെ സ്വാധീനത ഉറപ്പിച്ചത്

ഭാരതീയ ജനസംഘത്തിന്റെ പിന്‍ഗാമിയായ ഭാരതീയ ജനതാ പാര്‍ട്ടി(ബി.ജെ.പി)യെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ചതില്‍ പ്രമുഖ പങ്കുവഹിച്ചത് രണ്ട് ഘടകങ്ങളാണ്. ഒന്ന്, കോണ്‍ഗ്രസ്സില്‍ ആരോപിക്കപ്പെട്ട ന്യൂനപക്ഷ പ്രീണനം. രണ്ട്, രാമജന്മഭൂമി ക്ഷേത്രത്തിന്റെ പേരില്‍ ബി.ജെ.പിയും ആര്‍.എസ്.എസ്സും വിശ്വഹിന്ദു പരിഷത്തും അനുബന്ധ സംഘടനകളും കത്തിച്ചുവിട്ട ഹൈന്ദവ മതവികാരം.

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്താണ് (1947'64) രാജ്യത്ത് മതനിരപേക്ഷ മൂല്യങ്ങള്‍ കൂടുതല്‍ തിളങ്ങിനിന്നത് എന്നു നിസ്സംശയം പറയാം. 1949 ഡിസംബര്‍ 21-ന് ബാബറി മസ്ജിദില്‍ ചില ദുശ്ശക്തികള്‍ രാമവിഗ്രഹം സ്ഥാപിച്ചപ്പോള്‍ അതെടുത്ത് വലിച്ചെറിയാനാവശ്യപ്പെട്ടതും 1950-കളുടെ മധ്യത്തില്‍ മുസ്ലിംലീഗിനെ 'ചത്ത കുതിര' എന്നു വിശേഷിപ്പിച്ചതും പ്രധാനമന്ത്രി പദത്തിലിരുന്ന നെഹ്‌റുവായിരുന്നു.

പുനരുദ്ധരിക്കപ്പെട്ട സോമനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടനം 1951 മെയ് 11-നു നടന്നു. ആ ചടങ്ങില്‍ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദോ സര്‍ക്കാരുമായി ബന്ധപ്പെട്ട മന്ത്രിമാരടക്കമുള്ള മറ്റുള്ളവരോ പങ്കെടുക്കരുതെന്നു തറപ്പിച്ചു പറഞ്ഞ പ്രധാനമന്ത്രിയാണ് നെഹ്‌റു. സര്‍ക്കാരുമായി ബന്ധമുള്ളവര്‍ അത്തരം മതചടങ്ങുകളില്‍ ഭാഗഭാക്കാകുന്നത് മതനിരപേക്ഷ മൂല്യവിരുദ്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അസന്ദിഗ്ദ്ധ വിലയിരുത്തല്‍. രാജേന്ദ്രപ്രസാദ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ രൂക്ഷമായ എതിര്‍പ്പുണ്ടായിട്ടും നെഹ്‌റു 1954-'55 കാലത്ത് ഹിന്ദു കുടുംബ നിയമ പരിഷ്‌കരണം നടപ്പാക്കി. 1960-കളുടെ ആദ്യത്തില്‍ കോണ്‍ഗ്രസ്സുകാരായ ചില മുസ്ലിം ഉല്‍പ്പതിഷ്ണുക്കള്‍ മുസ്ലിം വ്യക്തിനിയമ പരിഷ്‌കരണം എന്ന ആവശ്യമുയര്‍ത്തിയപ്പോള്‍ അവരോട് അനുഭാവം പുലര്‍ത്തിയതും രാജ്യത്തിന്റെ ഒന്നാമത്തെ പ്രധാനമന്ത്രിയായിരുന്നു.

നെഹ്‌റുവിനുശേഷം ഗുല്‍സാരിലാല്‍ നന്ദ, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു, മന്‍മോഹന്‍ സിംഗ് എന്നിവര്‍ പ്രധാനമന്ത്രി പദത്തിലിരുന്ന കോണ്‍ഗ്രസ്സുകാരാണ്. അവരില്‍ ഒരാള്‍ പോലും മതനിരപേക്ഷമൂല്യങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയില്‍ നെഹ്‌റുവിന്റെ ഏഴയലത്തുപോലുമെത്തിയിരുന്നില്ല. വോട്ടിനും അധികാരത്തിനും വേണ്ടി അവര്‍ നെഹ്‌റുവിയന്‍ പൈതൃകത്തെ തള്ളിക്കളഞ്ഞു എന്നതാണ് ശരി. ഇന്ദിരയും രാജീവും പോലും യഥാക്രമം സ്വന്തം അച്ഛനും മുത്തച്ഛനും നെഞ്ചോട് ചേര്‍ത്ത സെക്യുലര്‍ മൂല്യങ്ങളില്‍ മനസ്സാക്ഷിക്കുത്തേതുമില്ലാതെ വെള്ളം ചേര്‍ത്തു.

ആ പ്രക്രിയയിലെ ഏറ്റവും നീചമായ അധ്യായമാണ് 1985-ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ഷാബാനു ബീഗം കേസില്‍ സുപ്രീംകോടതി നല്‍കിയ ചരിത്രവിധിക്കെതിരെ സ്വീകരിച്ച തീര്‍ത്തും പ്രതിലോമപരമായ നിലപാട്. മുസ്ലിം വിവാഹമുക്തയ്ക്ക് ജീവനാംശം നല്‍കാന്‍ മുന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് ക്രിമിനല്‍ നടപടിക്രമത്തിലെ ബന്ധപ്പെട്ട വകുപ്പിന്റെ വെളിച്ചത്തില്‍ സുപ്രീംകോടതി തീര്‍പ്പുകല്പിച്ചു. ആ വിധിന്യായം മുസ്ലിം യാഥാസ്ഥിതിക, മതമൗലിക സംഘടനകളെ കോപാന്ധരാക്കി. വിധിക്കെതിരെ ന്യായലേശമില്ലാതെ ആ സംഘടനകള്‍ പ്രക്ഷോഭമഴിച്ചുവിട്ടപ്പോള്‍ മതനിരപേക്ഷമൂല്യങ്ങളും ലിംഗനീതിയും ഉയര്‍ത്തിപ്പിടിച്ച് വിധിക്കൊപ്പം നില്‍ക്കേണ്ട  പ്രധാനമന്ത്രി രാജീവ് ഗാന്ധി മുസ്ലിം പ്രതിലോമകാരികളുടെ മുന്‍പില്‍ നിര്‍ലജ്ജം മുട്ടുമടക്കുന്നതാണ് കണ്ടത്. കോടതിവിധി മറികടക്കാന്‍ അദ്ദേഹം പുതിയ നിയമം കൊണ്ടുവന്നു.

ന്യൂനപക്ഷ സമുദായത്തിലെ അറുപിന്തിരിപ്പന്‍ ശക്തികളെ പ്രീണിപ്പിക്കുന്നതായിരുന്നു രാജീവ് സര്‍ക്കാരിന്റെ നടപടി. അതുവരെ ഉറങ്ങിക്കിടന്ന രാമജന്മഭൂമി ക്ഷേത്രപ്രശ്‌നം അതോടെ സടകുടഞ്ഞെഴുന്നേറ്റു. സംഘപരിവാര്‍ ഒരേസമയം കോണ്‍ഗ്രസ്സിന്റെ മുസ്ലിം പ്രീണനം തുറന്നു കാട്ടുന്നതിനും ഹിന്ദുവിരുദ്ധത അനാവൃതമാക്കുന്നതിനും ആ വിഷയം അതിസമര്‍ത്ഥമായി ഉപയോഗിച്ചു. 1984-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മാത്രം നേടിയ ബി.ജെ.പിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ 82 സീറ്റിലേക്കുയരാനും സംഘപരിവാറിന് രാജ്യത്താകെ വര്‍ദ്ധിച്ച തോതില്‍ സ്വാധീനത ഉറപ്പിക്കാനും സാധിച്ചത് ഷാബാനു ബീഗം വിധിയില്‍ കോണ്‍ഗ്രസ്സ് സ്വീകരിച്ച അപക്വവും മതനിരപേക്ഷ വിരുദ്ധവുമായ നിലപാട് നിമിത്തമാണ്.

എണ്‍പതുകളുടെ രണ്ടാംപാതി തൊട്ട് കരുത്താര്‍ജ്ജിക്കാന്‍ തുടങ്ങിയ ബി.ജെ.പി രാമക്ഷേത്ര വിഷയത്തിന്റെ ബലത്തില്‍ അടിക്കടി വളര്‍ന്നുകൊണ്ടിരുന്നു. 1996-ലും 1998-ലും കേന്ദ്രത്തില്‍ വാഴ്ചയേറിയ ഭാരതീയ ജനതാ പാര്‍ട്ടിക്ക് 2014-ല്‍ തനിച്ച് കേവല ഭൂരിപക്ഷം കീശയിലാക്കാന്‍ സാധിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഹിന്ദുക്കളുടെ രാമക്ഷേത്ര വികാരമെന്നപോലെ കോണ്‍ഗ്രസ്സ് അനുവര്‍ത്തിച്ചുപോന്ന ന്യൂനപക്ഷ പ്രീണനവുമാണ്. സെക്യുലര്‍ കാഴ്ചപ്പാടുകളോട് നെഹ്‌റുവിനോളം പ്രതിബദ്ധത പുലര്‍ത്തിയ നേതാക്കള്‍ കോണ്‍ഗ്രസ്സില്‍ നെഹ്‌റുവനന്തര കാലത്തുണ്ടായിരുന്നെങ്കില്‍ ബി.ജെ.പിക്ക് ദേശീയതലത്തില്‍ വലിയ അളവില്‍ കടന്നുകയറാന്‍ കഴിയുമായിരുന്നില്ല.

പുനരുദ്ധരിക്കപ്പെട്ട സോമനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് കഴിഞ്ഞ് 69 വര്‍ഷങ്ങള്‍ക്കുശേഷം ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് അയോദ്ധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജയും ശിലയിടല്‍ കര്‍മ്മവും നടന്നു. സോമനാഥ ക്ഷേത്ര ചടങ്ങില്‍ സ്വയം പങ്കെടുക്കാതിരിക്കുകയും സര്‍ക്കാരുമായി ബന്ധപ്പെട്ട ആരും അതില്‍ പങ്കെടുക്കരുതെന്നു ആവശ്യപ്പെടുകയും ചെയ്ത അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവില്‍നിന്നു വ്യത്യസ്തമായി ഇന്നത്തെ പ്രധാനമന്ത്രി മോദി രാമക്ഷേത്ര ശിലാസ്ഥാപന കര്‍മ്മത്തില്‍ പങ്കെടുത്തു. അദ്ദേഹത്തിനു പുറമേ, സര്‍ക്കാരിന്റെ തന്നെ ഭാഗമായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും ഭൂമിപൂജയിലും ശിലയിടല്‍ ചടങ്ങിലും പങ്കെടുക്കുകയുണ്ടായി. ഭരണഘടനാപരമായി രാജ്യം സെക്യുലര്‍ ആയി നിലനില്‍ക്കുമ്പോഴും പ്രയോഗതലത്തില്‍ അതങ്ങനെയല്ല എന്നു വ്യക്തമാക്കപ്പെടുകയായിരുന്നു ആ സംഭവത്തിലൂടെ.

സുപ്രീംകോടതി വിധിപ്രകാരം അയോദ്ധ്യയിലെ ക്ഷേത്രനിര്‍മ്മാണം ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിനെ ചുമതലപ്പെടുത്തിയിരിക്കെ അതുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ സര്‍ക്കാര്‍ വ്യക്തിത്വങ്ങളുടെ സാന്നിധ്യമുണ്ടായാല്‍ അതിനെ വിമര്‍ശിക്കാനുള്ള ബാധ്യത സെക്യുലര്‍ പാര്‍ട്ടികള്‍ക്കുണ്ട്. ഒരേയൊരു സെക്യുലര്‍ പാര്‍ട്ടിയുടെ നേതാവ് മാത്രമേ ആ രൂപത്തില്‍ പ്രതികരിച്ചു കണ്ടുള്ളൂ. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണത്. ക്ഷേത്രത്തിന്റെ ശിലയിടല്‍ കര്‍മ്മത്തില്‍ പ്രധാനമന്ത്രിയും യു.പി ഗവര്‍ണറും മുഖ്യമന്ത്രിയും പങ്കെടുത്തത് ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നത്രേ അദ്ദേഹം പറഞ്ഞത്.

കോണ്‍ഗ്രസ്സിന്റെ മുന്‍ ദേശീയാധ്യക്ഷനായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമുള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ വിഷയത്തിലടങ്ങിയ ഭരണഘടനാമൂല്യ ധ്വംസനം കണ്ടതേയില്ല. പ്രിയങ്കയടക്കമുള്ള ഉത്തരേന്ത്യന്‍ നേതാക്കളില്‍ പലരും സംഘപരിവാറിന്റെ വികാരങ്ങളോട് ചേര്‍ന്നു നില്‍ക്കാനുള്ള ത്വര പ്രകടിപ്പിക്കുകയും ചെയ്തു. തികച്ചും വ്യത്യസ്തമായ ശബ്ദം പുറപ്പെടുവിച്ചത് മുന്‍ കോണ്‍ഗ്രസ്സ് എം.പിയായ മണിശങ്കര്‍ അയ്യരാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നിഘണ്ടുവില്‍നിന്നു സെക്യുലറിസം എന്ന പദം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നു ചൂണ്ടിക്കാണിച്ച അയ്യര്‍, നെഹ്‌റുവിനെപ്പോലെയുള്ളവര്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച ഇന്ത്യ എന്ന ആശയത്തിനു ബദലായി മറ്റൊരു ഇന്ത്യ (ഹിന്ദു ഇന്ത്യ) എന്ന ആശയത്തിന്റെ ആഘോഷമാണ് ആഗസ്റ്റ് അഞ്ചിന് അയോദ്ധ്യയില്‍ നടന്നത് എന്ന ശ്രദ്ധേയമായ നിരീക്ഷണം നടത്തി.

മണിശങ്കര്‍ അയ്യര്‍ മറ്റൊരു കാര്യത്തിലേക്കു കൂടി കടന്നുചെന്നു. രാമക്ഷേത്ര ശിലാസ്ഥാപന വേളയില്‍ ഗാന്ധിജിക്ക് ഏറ്റവും പ്രിയങ്കരമായിരുന്ന രാംധുന്‍ ആലപിക്കപ്പെടണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെക്കാന്‍പോലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ ശ്രമിച്ചില്ല എന്നതാണത്. ''ഈശ്വര്‍ അല്ലാഹ് തേരോ നാം/സബ്‌കോ സന്‍മതി ദേ ഭഗവാന്‍'' എന്നതാണ് ആ രാംധുന്‍.

കോണ്‍ഗ്രസ്സുകാരോ സാക്ഷാല്‍ ഗാന്ധിയന്മാര്‍ തന്നെയോ നിര്‍ദ്ദേശിച്ചാല്‍പോലും ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ആ വരികള്‍ ഏറ്റുചൊല്ലുമോ? സാധ്യതയൊട്ടുമില്ല. കാരണം നെഹ്‌റുവല്ല നരേന്ദ്ര മോദി; നെഹ്‌റുവിന്റേയും ഗാന്ധിജിയുടേയും പ്രത്യയശാസ്ത്രമല്ല മോദിയന്‍ പ്രത്യയശാസ്ത്രം.

മഹാത്മാഗാന്ധിയുടെ പ്രസിദ്ധവും മതസൗഹാര്‍ദ്ദപരവുമായ രാംധുന്‍ ആലപിക്കാന്‍ വിസമ്മതിക്കുക മോദിയും അനുചരരും മാത്രമാവില്ല എന്ന വസ്തുത കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഏതെങ്കിലും മുഖ്യധാരാ മുസ്ലിം മത, രാഷ്ട്രീയ സംഘടനയുടെ നേതാക്കള്‍ മനസ്സറിഞ്ഞ് ആ മന്ത്രം ഉരുവിടാന്‍ തയ്യാറാവില്ല എന്നതാണ് സത്യം. അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്ന സംഘടനയുടെ നേതാവും എം.പിയുമായ അസദുദ്ദീന്‍ ഒവൈസിയും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡുകാരും രാമക്ഷേത്ര ശിലാസ്ഥാപനത്തോട് പ്രതികരിച്ചത് നോക്കൂ. അവര്‍ പറഞ്ഞത്, രാമക്ഷേത്രം എന്നു ചിലര്‍ വിളിക്കുന്ന ആരാധനാലയം ബാബറി മസ്ജിദ് ആയിരുന്നു, ഇപ്പോഴും ആണ്, ഭാവിയിലും അങ്ങനെത്തന്നെയായിരിക്കും എന്നത്രേ. മതോന്മാദവും സ്വമതഗര്‍വ്വും നിറഞ്ഞുതുളുമ്പി നില്‍ക്കുന്നതാണ് വ്യക്തിനിയമ ബോര്‍ഡിന്റേയും ഒവൈസിയുടേയും പ്രതികരണം.

ഈശ്വരനും അല്ലാഹുവും (രാമനും അല്ലാഹുവും) ഒന്നുതന്നെ എന്ന സഹവര്‍ത്തിത്വപരമായ ഗാന്ധിയന്‍ കാഴ്ചപ്പാട് അവര്‍ക്കെന്നല്ല, മുസ്ലിം മതമൗലികവാദികള്‍ക്കൊന്നുമില്ല. ഹിന്ദുമതക്കാര്‍ കരുതുന്നതുപോലെ രാമന്‍ ദൈവമാണെന്നോ ദൈവത്തിന്റെ അവതാരമാണെന്നോ അവരൊട്ട് കരുതുന്നുമില്ല. അവരെ സംബന്ധിച്ചിടത്തോളം ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്ന അല്ലാഹു മാത്രമാണ് ദൈവം. രാമനേയും കൃഷ്ണനേയും മറ്റും ദൈവമായി സങ്കല്പിക്കാന്‍ കൊന്നാലും അവര്‍ക്കു കഴിയില്ല. സ്വദൈവാഹങ്കാരത്തിന്റെ കാര്യത്തില്‍ മുസ്ലിം മൗലികവാദികളും ഹിന്ദു മൗലികവാദികളും ഒറ്റക്കെട്ടാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com