മുല്ലബസാറിലെ സൂഫിക്കാഴ്ചകള്‍

ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത് ജനപ്രിയമായി മാറിയ സൂഫിയും സുജാതയും എന്ന ചിത്രത്തെക്കുറിച്ചും അതിന്റെ അനുഭവങ്ങളെക്കുറിച്ചും ഷാനവാസ് സംസാരിക്കുന്നു
മുല്ലബസാറിലെ സൂഫിക്കാഴ്ചകള്‍

ലയാള സിനിമാ ഭാവുകത്വത്തിലെ പുതിയൊരു വഴിത്തിരിവിനെ അടയാളപ്പെടുത്തുന്ന ചിത്രമാണ് 'സൂഫിയും സുജാതയും.' തിയേറ്റര്‍ പ്രദര്‍ശനത്തിലേക്ക് പോകാതെ നേരിട്ട് ഓവര്‍ ദി ടോപ്പ് (ഒ.ടി.ടി) റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം. കാഴ്ചയിലും ഭാവനയിലുമുള്ള പുതുമകളാണ് സൂഫിയേയും സുജാതയേയും മലയാളികളുടെ പ്രിയപ്പെട്ടവരാക്കി മാറ്റിയത്. നിത്യപരിസരത്തുള്ളതെന്നു തോന്നുമെങ്കിലും നാം കാണാന്‍ മറന്നുപോകുന്ന, ഭാവനയിലെ പരിചിത ലോകങ്ങളാണ് സൂഫി തുറന്നുതരുന്നത്. കണ്ണുകള്‍ തൊട്ടുപറയുന്ന, പ്രണയത്തിന്റേയും പ്രകൃതിയുടേയും ആര്‍ദ്രതകളുള്ളൊരു കഥയാണ് നരണിപ്പുഴ ഷാനവാസ് സൂഫിയും സുജാതയും. ശബ്ദങ്ങള്‍ സംഗീതമായും ചലനങ്ങള്‍ നൃത്തമായും മതം കലയായും മാറുന്ന മാനവികതയുടെ ലാവണ്യബോധം അത് അനുഭവിപ്പിക്കുന്നുണ്ട ്. സൂഫി സാംസ്‌കാരിക ധാരയുടെ ഹൃദ്യവും സ്വച്ഛന്ദവുമായൊരു അരുവി ചിത്രത്തിന്റെ പശ്ചാത്തലത്തിലൂടെ ഒഴുകുന്നു. അറിവിനെ തെളിയിക്കുന്നതാണ് വെളിച്ചമെന്നും ഉറങ്ങുമ്പോള്‍ ഇല്ലാതാകുന്നതാണ് ജാതിയെന്നും ചിത്രത്തിലൂടെ ഷാനവാസ് പറയുന്നു.
 
കരിങ്കാളി കെട്ടിലൂടെ ജാതിചിന്തയെ വിമര്‍ശനവിധേയമാക്കിയ ഷാനവാസിന്റെ 'കരി' എന്ന ആദ്യചിത്രം ബാഴ്സലോണ ചലച്ചിത്രമേളയില്‍ മികച്ച ഇന്ത്യന്‍ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനുമുന്‍പ് ചെയ്ത് 90 സെന്റീമീറ്റര്‍ എന്ന ഹ്രസ്വചിത്രം ജോര്‍ദാന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവെലിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. എഡിറ്റിംഗിലൂടെയാണ് ഷാനവാസ് സിനിമയിലേക്ക് എത്തുന്നത്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് ജനപ്രിയമായി മാറിയ സൂഫിയും സുജാതയും എന്ന ചിത്രത്തെക്കുറിച്ചും അതിന്റെ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. ഇതുവരെ പല രാജ്യങ്ങളിലായി ഇതുവരെ 12 കോടിയോളം ആളുകള്‍ ചിത്രം കണ്ടുകഴിഞ്ഞു.

സൂഫിസത്തിലൂടെ കഥ പറയാം എന്നു തീരുമാനിച്ചതെന്തുകൊണ്ടായിരുന്നു? 

ഈ ലോകത്തിലെ എല്ലാ ശബ്ദങ്ങളും സംഗീതമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. താളം ചേരുമ്പോഴാണ് അതിനൊരു കണക്കുണ്ടാകുന്നത്. ചലനങ്ങളൊക്കെ നൃത്തമാണ്. നൃത്തം ഉണ്ടാവുമ്പോഴാണ് ആ ചലനം പൂര്‍ണ്ണമാകുന്നത്. അങ്ങനെ വരുമ്പോള്‍ ചുറ്റും സന്തോഷമാണ്. അപ്പോള്‍ മാത്രമാണ് നമ്മള്‍ നമ്മളെക്കുറിച്ച് അറിയുക. അവനവനെക്കുറിച്ച് നൂറു ശതമാനം മനസ്സിലാക്കുന്ന എല്ലാവരും സൂഫികളാണ്. അതില്‍ മതമോ ജാതിയോ ഇല്ല. നമ്മളെത്തന്നെ ഇല്ലാതാക്കുന്ന ഒരു ധ്യാനമുണ്ട്. അതാണ് സൂഫികളുടെ കാറ്റുപോലെ വട്ടം വെക്കുക എന്നു പറയുന്നത്. നമ്മള്‍ തന്നെ ഇല്ലാതാവുന്ന അവസ്ഥയാണ് ഈ കറക്കം. അങ്ങനെ കറങ്ങുന്നത് ഒന്നു സങ്കല്പിച്ചു നോക്കൂ. കണ്ണില്‍ ഇരുട്ടുകയറും, തലകറങ്ങുന്നപോലെ തോന്നും. അതിനെ അതിജീവിച്ചു കറങ്ങുന്നവനു ശരീരം ഇല്ലാതാകും. ഭാരം ഇല്ലാതായി കാറ്റുപോലെയാകും. പിന്നെ ഒരു കാലില്‍നിന്നു പെരുവിരലിലേക്കൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാരം താങ്ങാന്‍ പറ്റും. വേണമെങ്കില്‍ വായുവില്‍നിന്നു കറങ്ങാനും പറ്റും. ഒരുപാട് കറങ്ങിക്കഴിഞ്ഞാല്‍ തലയിലെ ഇരുട്ടൊക്കെ പോയി വെളിച്ചംവരാന്‍ തുടങ്ങും. നമ്മളില്‍ അഹങ്കാരം നിറയുമ്പോള്‍ വലതുകൈ ആകാശത്തിലേക്കുയര്‍ത്തുകയും ഇടതുകൈ ഭൂമിയെന്നു വിചാരിക്കുകയും ചെയ്ത് ഇടത്തുനിന്നു വലത്തോട്ട് കറങ്ങിയാല്‍ മതി. ശൂന്യമാവാന്‍ ശ്രമിക്കുന്ന, മറ്റുള്ളവരെ ഉള്‍ക്കൊള്ളാനും അറിയാനും പ്രണയിക്കാനും ഒക്കെ കഴിവുള്ളവര്‍ സൂഫികളാവും.
 
സൂഫിയും സുജാതയും കേവലമായ പ്രണയകഥയല്ല. പ്രണയത്തിനപ്പുറത്ത് അതൊരു കള്‍ച്ചര്‍ ആണ്. ജാതി എന്നൊക്കെ പറയുന്നത് ഉറങ്ങിയാല്‍ തീരാവുന്നതേയുള്ളൂ എന്ന ഒരു അറിവ്/വെളിച്ചം ഉണ്ടാക്കിക്കൊടുക്കാനുള്ള ഒരു ജിഹാദ് ആണെന്നു പറയാം. പ്രണയിച്ച് മതംമാറ്റുന്ന ജിഹാദല്ല. അതെനിക്ക് പരിചയവുമില്ല, അറിയുകയുമില്ല. അതാണ് ഈ സിനിമയുടെ ഒരു പ്രാധാന്യമായി ഞാന്‍ കാണുന്നത്.
 
എവിടെയാണ് ഈ മുല്ലബസാറും പരിസരവും? 

കഥയിലുള്ളത് ഒരു സാങ്കല്പിക പ്രദേശമാണ്. മൊത്തം ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന, ഒരു നദീതീരത്തുള്ള കഥയാണ്. അങ്ങനെയൊരു സ്ഥലം ഇന്ത്യയിലെവിടെയുമില്ല. അത് ഉണ്ടാക്കിയെടുത്തതാണ്. കുറേ സ്ഥലങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സിനിമയുടെ സാധ്യതകള്‍ ഉപയോഗിച്ച് തുന്നിച്ചേര്‍ത്തുണ്ടാക്കിയത്. മൂന്ന് നാല് ലൊക്കേഷനാണത്. ആ നദി അട്ടപ്പാടിയിലാണ്. സുജാത മുല്ലബസാറില്‍നിന്നു സൈക്കിള്‍ ചവിട്ടി അച്ഛനേയും കണ്ട ് പിന്നെയിറങ്ങുന്നത് അട്ടപ്പാടിയിലുള്ള പുഴയിലേക്കാണ്. അതുവരെയുള്ളത് ഗുണ്ട ല്‍പേട്ടാണ്. അത് രണ്ടും തമ്മില്‍ 300 കിലോമീറ്ററിന്റെ വ്യത്യാസമുണ്ട്. ജിന്നുപള്ളി കോഴിക്കോട് ഫറോക്കിലാണ്. ചാലിയാറിന്റെ തീരത്തുള്ള പഴയൊരു ബംഗ്ലാവിനെ ആര്‍ട്ടൊക്കെ ചെയ്ത് പള്ളിയാക്കി മാറ്റിയതാണ്. അവിടെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് തൊട്ടടുത്തുള്ള ഞാവല്‍ മരമാണ്. അതിനടുത്ത് മൈലാഞ്ചിക്കാട് ഉണ്ടാക്കി. പള്ളിയില്‍നിന്നു മുകളിലേക്ക് പോയി ലോങ്ഷോട്ടില്‍ കാണിക്കുന്നത് ഗുണ്ടല്‍പേട്ടാണ്.

ലോകത്തെവിടെയുമുള്ള കാണിയെ തൃപ്തിപ്പെടുത്താന്‍ പറ്റുന്ന സിനിമയാണ് ആലോചനയില്‍ വരുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലേയോ ഇന്ത്യയിലേയോ ഏതെങ്കിലും ഒരു സ്ഥലമായിട്ടല്ല ഇതിനെ കാണേണ്ട ത്. ലോകത്തെവിടെയുമുള്ള കാണിക്ക് ആ കള്‍ച്ചര്‍ ഫീല്‍ ചെയ്യണം. ഇങ്ങനെയൊരു നിര്‍ബ്ബന്ധമുള്ളതുകൊണ്ടാണ് ഇന്ത്യയിലെ പലഭാഷകള്‍ കൂടി ചേര്‍ന്നുള്ള പ്രദേശമായി മുല്ലബസാറിനെ കാണിച്ചത്. അവിടെ എല്ലാത്തരത്തിലുമുള്ള ആളുകളുണ്ട്. അങ്ങനെയൊരു സാങ്കല്പിക ദേശം ഉണ്ടാക്കിയെടുത്തതാണ്. ഇതൊരു ഇന്ത്യന്‍ സിനിമയായി കാണണം. എന്റെ മുന്നിലുള്ള പ്രേക്ഷകര്‍ എന്റെ സമൂഹത്തിലുള്ള ഇവിടത്തെ ആളുകള്‍ മാത്രമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.

സൂഫിയുടെ ബാങ്കുവിളിക്കൊപ്പം നൃത്തംവെയ്ക്കുന്ന നായിക ചിത്രത്തിലെ മനോഹരമായ ദൃശ്യമാണ്. അങ്ങനെയൊരു ദൃശ്യത്തിന്റെ പിന്നിലെ ചിന്ത എന്തായിരുന്നു? 

ബാങ്കിന് അങ്ങനെയൊരു നൃത്തരൂപം ഉണ്ടാക്കാം എന്ന സിനിമാറ്റിക് ആലോചനയാണ്. സൂഫിയുടെ ബാങ്കുവിളി സുജാതയ്ക്ക് അത്ര പ്രിയപ്പെട്ടതാണ്. നമ്മള്‍ കേള്‍ക്കുന്ന ശബ്ദങ്ങളൊന്നുമായിരിക്കില്ല പ്രണയിക്കുന്നവര്‍ക്ക്. പലതും വിചിത്രം എന്നു തോന്നിയേക്കാം. ചിലര്‍ക്ക് ശബ്ദമായിരിക്കാം, ചിലര്‍ക്ക് ഗന്ധമായിരിക്കാം, ചിലര്‍ക്ക് നോട്ടമായിരിക്കാം. സുജാതയുടെ ശരീരം മുഴുവന്‍ നൃത്തമാണ്. അവളെ സംബന്ധിച്ച് നൃത്തമാണ് അവള്‍ക്ക് ഏറ്റവും നന്നായി എക്‌സ്പ്രസ്സ് ചെയ്യാനാവുന്ന ഭാഷ. ബാങ്ക് കേള്‍ക്കുന്നതിനനുസരിച്ച് അവളൊരു നൃത്തരൂപമായി മാറുന്നു എന്നതാണ്. കഥക് ഹൈന്ദവതയുടെ പ്രതീകമാണ്. അങ്ങനെ വരുമ്പോള്‍ കഥകിനെ ഒരു മതമായും സൂഫിയെ വേറൊരു മതമായും വേണമെങ്കില്‍ വായിക്കാം.

കുറേ ദിവസത്തെ ബാങ്കാണ് അവള്‍ കേള്‍ക്കുന്നത്. അഞ്ച് നേരത്തെ ബാങ്കും അതിലുണ്ട്. കോസ്റ്റ്യൂമില്‍ ചെയ്ഞ്ചുണ്ട്, അന്തരീക്ഷത്തില്‍ മാറ്റമുണ്ട്. സിനിമയുടെ പരിമിതിയില്‍ ഒറ്റ ബാങ്ക് പോലെയാക്കിയതാണ്. ജനലിലൂടെയുള്ള ലൈറ്റപ്പില്‍ സുബഹി മുതലുള്ള ആ അഞ്ചുനേരത്തേയും വ്യത്യാസം കാണാം. സൂഫിയുടെ വേഷങ്ങളിലും മാറ്റമുണ്ട്. മൂന്നുദിവസമെടുത്താണ് അത് ഷൂട്ട് ചെയ്തത്.

നരണിപ്പുഴ ഷാനവാസ്
നരണിപ്പുഴ ഷാനവാസ്

സംസാരിക്കാതെ തന്നെ മനോഹരമായി കമ്മ്യൂണിക്കേറ്റ് ചെയ്ത നായികയാണ് സുജാത. സംസാരം അങ്ങനെ മതി എന്നു തീരുമാനിച്ചതെന്തുകൊണ്ടാണ്? 

ഇതിന്റെ ആലോചനയുടെ സമയത്ത് സുജാത സംസാരിച്ചിരുന്നു. സുജാതയെ തേടല്‍ വലിയൊരു യാത്രയായിരുന്നു. എളുപ്പമായിരുന്നില്ല. അനു സിതാരയെ ആണ് ആദ്യം ആലോചിച്ചത്. പക്ഷേ, അത് സുജാതയിലേക്കെത്തിയില്ല. പിന്നെ സായ് പല്ലവിയെ ആലോചിച്ചു. സായ് പല്ലവിയോട് സംസാരിക്കുന്നതിനിടെയാണ് സുജാത സംസാരിക്കാത്തയാളാണെങ്കില്‍ നന്നായിരിക്കില്ലേ എന്ന അഭിപ്രായം വന്നത്. അവര്‍ക്ക് മലയാളം സംസാരിക്കാനുള്ള പ്രശ്‌നം കൊണ്ടാണ് അങ്ങനെ ചോദിച്ചത്. അപ്പോ ഒരു കൗതുകം തോന്നിയിരുന്നെങ്കിലും അത്ര കാര്യമായി എടുത്തിരുന്നില്ല. പിന്നീട് അതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ അതിനു സാധ്യതയുണ്ട് എന്നു തോന്നി. പ്രണയിക്കുന്നവര്‍ എന്തിനാണ് സംസാരിക്കുന്നത് എന്നു തോന്നി. അങ്ങനെ സുജാതയുടെ ഡയലോഗുകള്‍ ഉപേക്ഷിച്ചു.

സായ് പല്ലവിയിലും സുജാത ശരിയായില്ല. ആയിടയ്ക്ക് അദിതി റാവു അഭിനയിച്ച മണിരത്‌നത്തിന്റെ 'ചെക്കാ ചിവന്ത വാനം' കണ്ടു. ദാവണിയുടുത്ത അദിതിയെ കണ്ടപ്പോള്‍ അത് നന്നായി ചേരുന്നതായി തോന്നി. അവര്‍ ബോളിവുഡ് നടിയായതുകൊണ്ട് നമുക്ക് എത്താന്‍ ബുദ്ധിമുട്ടാണല്ലോ. ഞാനാണെങ്കില്‍ താരതമ്യേന തുടക്കക്കാരനും. കമ്യൂണിക്കേറ്റ് ചെയ്യാന്‍ കൃത്യമായ ഭാഷപോലും അറിയില്ല. വിജയ്ബാബു വഴി അവരോട് കാര്യം സൂചിപ്പിച്ചു. കഥ കേള്‍ക്കാം എന്നായപ്പോള്‍ ഞാന്‍ ഇവിടെനിന്ന് ഒരു ബുള്ളറ്റെടുത്ത് അവരെ കാണാന്‍ ബോംബെ വരെ പോയി. അന്ധേരിയിലായിരുന്നു അവരുടെ ഫ്‌ലാറ്റ്. മൂകാംബിക, മുരുടേശ്വരം അങ്ങനെ പലയിടത്തും മുറിയെടുത്ത് താമസിച്ച് എട്ട് ദിവസമൊക്കെ എടുത്താണ് ബുള്ളറ്റില്‍ ബോംബെ എത്തിയത്. അറിയാവുന്ന ഭാഷയില്‍ കഥ പറഞ്ഞ് മനസ്സിലാക്കി. സംസാരിക്കാത്ത കഥാപാത്രമായതിനാല്‍ ഡബ്ബ് ചെയ്യണ്ടല്ലോ എന്നതും അവര്‍ക്ക് താല്പര്യമായി. ഒക്ടോബര്‍- നവംബര്‍ ആണ് ഷൂട്ട് ചെയ്യാന്‍ പ്ലാന്‍. കാരണം പ്രകൃതിയുടെ പച്ചപ്പ്, നദിയിലെ ഒഴുക്ക് അങ്ങനെ എല്ലാംകൂടി ഒത്തുവരണം. രണ്ടുദിവസത്തിനുള്ളില്‍ മറുപടി പറയാം എന്ന് പറഞ്ഞു. തിരിച്ചു മൂകാംബികയിലെത്തുമ്പോഴേക്കും റെഡിയാണ് എന്നുപറഞ്ഞ് അവരുടെ ഫോണ്‍ വന്നു. അങ്ങനെയാണ് സുജാത എത്തുന്നത്.

സിനിമയിലെ കോസ്റ്റ്യൂം, നിറങ്ങള്‍, പശ്ചാത്തലം എന്നിവയുടെ ഒരുക്കങ്ങള്‍ എങ്ങനെയായിരുന്നു?
 
കോസ്റ്റ്യൂമിലും ബാക്ഗ്രൗണ്ടില്‍ വരുന്ന കളറുകളിലും ഒക്കെ ചില നിര്‍ബ്ബന്ധങ്ങളുണ്ടായിരുന്നു. നീലനിറം ചിത്രത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. ആ നിറം ഒഴിവായതോടെ മറ്റു നിറങ്ങള്‍ക്കൊക്കെ കൂടുതല്‍ മിഴിവു തോന്നി. അങ്ങനെയാണ് ഫ്രെയിമുകളൊക്കെ ഭംഗിയാകുന്നത്. നീല പ്രകൃത്യാ ഉള്ള നിറമല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആകാശനീലയെക്കുറിച്ചല്ല പറയുന്നത്. പ്ലാസ്റ്റിക്കിന്റെയൊക്കെ നിറമാണ് നീല. പെട്ടെന്നു നമ്മള്‍ ശ്രദ്ധിക്കും. നമുക്കു ചുറ്റും പച്ചപ്പാണല്ലോ. അതിലൊരു നീല പെട്ടുകഴിഞ്ഞാല്‍ പെട്ടെന്ന് അതിലേക്കാവും ശ്രദ്ധ. അതുകൊണ്ട് അതില്ലാതായാല്‍ത്തന്നെ ഒരു പാകത വരും. മറ്റു ഘടകങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധ കിട്ടും. അങ്ങനെയാണ് നീല ഒഴിവാക്കിയത്. ഓരോ ഫ്രെയിമിലും എന്തൊക്കെ ഉണ്ടാവണം, അതിന്റെ നിറം എന്നിവയെക്കുറിച്ചൊക്കെ കൃത്യമായ പ്ലാന്‍ ഉണ്ടായിരുന്നു. പിച്ചളയിലുള്ള പാത്രങ്ങള്‍, ഫര്‍ണിച്ചര്‍, നിലത്തിന്റെ കളര്‍, ജനല്‍ കര്‍ട്ടന്‍ അങ്ങനെ സുജാതയുടെ കട്ടിലിന്റെ അറ്റത്ത് കെട്ടിവെച്ച അവളുടെ പഴയ റിബണ്‍ വരെ ശ്രദ്ധിച്ചിരുന്നു. സമീറ സനീഷാണ് കോസ്റ്റ്യൂം ചെയ്തത്. തുടക്കത്തില്‍ അദിതിക്ക് കൊടുത്ത ദാവണി, അവരുടെ സഹായികള്‍ വീണ്ടും പരിശോധിച്ചു ചുളിവുകള്‍ ഒക്കെ മായ്ച മനോഹരമാക്കി വടിവൊത്ത രീതിയിലാണ് അവരെ ഒരുക്കിയത്. ഷൂട്ടിന്റെ തുടക്കമായതിനാല്‍ത്തന്നെ സെറ്റിലുള്ളവര്‍ക്ക് അവരോട് പറയാനും മടിയാണ്. പക്ഷേ, നമ്മുടെ സിനിമയ്ക്ക് അതല്ല വേണ്ടത്. പള്ളിയിലുള്ള സീനായിരുന്നു ആദ്യമെടുത്തത്. ഷോട്ട് എടുക്കുന്നതിനു മുന്‍പ് ഞാന്‍ അടുത്തുപോയി അവരുടെ പാവാടയില്‍ പിടിച്ചു മൊത്തത്തില്‍ ഒന്നു ചുളുക്കി, ഇതാണ് എന്റെ സുജാത എന്നു പറഞ്ഞു. അവര്‍ ആദ്യം ഒന്നു ഞെട്ടിയെങ്കിലും കാര്യം മനസ്സിലായി. അങ്ങനെ കൃത്യമായ ധാരണയോടെയാണ് ഓരോ സീനും ചെയ്തത്.

ഇന്ത്യയിലെ ഒരുവിധം എല്ലാ നദീതീരത്തും ലൊക്കേഷന്‍ അന്വേഷിച്ച് ഞാന്‍ എത്തിയിട്ടുണ്ട്. മനോഹരമായ പുഴയായിരിക്കണം, മലകള്‍ ഉണ്ടായിരിക്കണം. സ്ഥലമാണ് ആദ്യം ഉണ്ടാകുന്നത്. കഥയൊക്കെ പിന്നീട് ആ സ്ഥലത്തിലേക്ക് വന്നുചേരുകയാണ്. അടുത്ത സിനിമ പ്ലാന്‍ ചെയ്യുമ്പോഴും അങ്ങനെ തന്നെയാണ്.

സിനിമയുടെ തുടക്കത്തില്‍ ഒരില പറന്ന്, ഒഴുകിപ്പോകുന്ന മിനിട്ടുകളോളം നീളുന്ന ഒരു സീനുണ്ട്. പ്രകൃതിയെ എങ്ങനെയൊക്കെയാണ് ഉപയോഗിച്ചത്? 

ആ ഒറ്റ ഷോട്ടിനു മാത്രം ലക്ഷക്കണക്കിനു രൂപ നിര്‍മ്മാതാവ് ചെലവാക്കിയിട്ടുണ്ട്. വിജയ് ബാബു നമ്മളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നിര്‍മ്മാതാവായതിന്റെ ഗുണം കൂടിയാണത്. കുറേ ദിവസത്തെ രാത്രികളിലെ ഷോട്ടുകളാണത്. ഇല പോകുന്ന ഇടങ്ങളൊക്കെ പകര്‍ത്തി, ഒറ്റ ഷോട്ടാക്കി മാറ്റി. ഇല ഗ്രാഫിക്‌സാണ്. ഇലയെ സങ്കല്പിച്ച് അതിന്റെ മൂവ്മെന്റിന് അനുസരിച്ചുള്ള ഷോട്ടുകളുണ്ടാക്കുകയായിരുന്നു. ഈ ദുനിയാവ് മുഴുവന്‍ ഒഴുക്കുണ്ട്, എല്ലായിടത്തും കാറ്റുണ്ട്. സൂഫി വരുന്ന ദിവസം കാറ്റില്‍ ഒരില പറന്നുപറന്ന് അവരുടെ ഓര്‍മ്മകളുള്ള പടവുകളിലെല്ലാം തട്ടി ഒഴുകിപ്പോകുകയാണ്.

പ്രകൃതിയേയും മറ്റു ജീവികളേയും ഒന്നും പരിഗണിക്കാതെ സിനിമ ചെയ്യാന്‍ കഴിയില്ല. അവരില്ലാതെ അതൊന്നും പൂര്‍ണ്ണമാകില്ല. ഇന്റീരിയര്‍ ആണെങ്കില്‍ വാതിലടച്ച് നമ്മള്‍ വെക്കുന്ന ഫ്രെയിമില്‍ നമുക്കു ഷൂട്ട് ചെയ്യാം. ഔട്ട്ഡോറില്‍ നമ്മള്‍ കാറ്റുമുതല്‍ ഉറുമ്പുവരെയുള്ളതിനെ പരിഗണിക്കണം. എനിക്കു തോന്നുന്നത് സിനിമക്കാര്‍ മാത്രമാണ് പ്രകൃതിയെ ആ രീതിയില്‍ കാണാത്തത്. ചിത്രകാരന്മാരും കവികളുമൊക്കെ അതൊക്കെ പ്രയോജനപ്പെടുത്താറുണ്ട്. അവയൊക്കെ നമ്മുടെ ജീവിതവുമായി അത്രയും ബന്ധപ്പെട്ടുകിടക്കുന്നതാണ് എന്നു നമ്മള്‍ ചിന്തിക്കാറില്ല. സിനിമ ഒരു ഫ്രെയിമിനകത്തായതുകൊണ്ട് കഥ മാത്രമാണ് അതില്‍ കാണുന്നത്. എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ എന്ന ചിന്തയില്‍ പ്രകൃതിയെ പലപ്പോഴും ആ ഫ്രെയിമിലേക്കു കൊണ്ടുവരാന്‍ മടിയാണ്. എത്രത്തോളം അതിലേക്ക് ഇറങ്ങാന്‍ പറ്റുമോ അത്രയധികം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ഇലയുടെ സീനടക്കം ഇതിലെ പല ഫ്രെയിമുകളും ചിത്രങ്ങളായി സ്‌നേഹമുള്ള ആളുകള്‍ വരച്ച് അയച്ചുതരുന്നുണ്ട് ഇപ്പോള്‍.

അപ്രതീക്ഷിതമായി ഒ.ടി.ടി റിലീസ് ചെയ്ത സിനിമയാണ്. അതിനനുസരിച്ച് കുറെ ഒത്തുതീര്‍പ്പുകള്‍ വരുത്തേണ്ടിവന്നോ? 

നിങ്ങള്‍ കണ്ട സിനിമയൊന്നുമല്ല സത്യത്തില്‍ എഴുതിവെച്ചതും ചിത്രീകരിച്ചതും എന്നു പറയാം. ഏതുകാലത്തും സിനിമ ആലോചിക്കുന്നത് ബിഗ് സ്‌ക്രീനിലാണല്ലോ. ഇപ്പോഴത്തെ സിനിമ 50 ശതമാനം കാഴ്ച മാത്രമേ നിങ്ങള്‍ക്കു തന്നിട്ടുള്ളൂ. ചിത്രീകരിക്കുന്ന സമയത്ത് കണ്ട ഇമേജുകളൊന്നും തിയേറ്ററില്‍നിന്നല്ലാതെ മറ്റൊരു സ്‌ക്രീനിലും കിട്ടില്ല. അതിന്റെ സറൗണ്ടിംഗ് സൗണ്ടും അതുപോലെതന്നെ. മുല്ലബസാറിന്റെ ഗന്ധംപോലും അനുഭവിപ്പിക്കാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്. അത്രയും പണിയെടുത്തിട്ടുണ്ട് അതിനുവേണ്ടി. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒ.ടി.ടി റിലീസ് ഒരു സാധ്യതയായിരുന്നു. ഒരുപാട് ആളുകള്‍ സിനിമ കണ്ടു. തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ ഈ സമയത്തിനിടയില്‍ ഇത്രയധികം ആളുകള്‍ കണ്ടിട്ടുണ്ടായിരിക്കില്ല. കാണുക എന്നൊരു അനുഭവമുണ്ടല്ലോ. എന്റെ ആദ്യ സിനിമയായ 'കരി'ക്ക് സംഭവിച്ചത് അതു കാണപ്പെട്ടില്ല എന്നതാണ്. വായിക്കപ്പെടാത്ത പുസ്തകങ്ങള്‍പോലെ കാണപ്പെടാത്ത സിനിമകളുമുണ്ട്.

സ്‌ക്രിപ്റ്റിലും കോംപ്രമൈസ് ചെയ്യേണ്ട ിവന്നിട്ടുണ്ട്. ജയസൂര്യയുടെ സ്റ്റാര്‍ വാല്യുവിനനുസരിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. അദ്ദേഹത്തിന്റെ മുഖം മാര്‍ക്കറ്റിംഗിന് ആവശ്യമായതിനാല്‍ ലീനിയര്‍ സ്വഭാവത്തിലുള്ള കഥയെ നോണ്‍ലീനിയര്‍ ആയി എഡിറ്റ് ചെയ്തു. സിനിമയുടെ ആദ്യപകുതി കഴിഞ്ഞാണ് സത്യത്തില്‍ സൂഫി മരിക്കുന്നത്. പള്ളിയിലെ പുരോഹിതനോട് സൂഫി കഥപറഞ്ഞ്, ആ കഥയുടെ വിഷ്വലാണ് ഫ്‌ലാഷ്ബാക്കായി വരുന്ന അവരുടെ പ്രണയം. ആ ബാങ്കുവിളി കേട്ടിരുന്നെങ്കില്‍ പള്ളിയില്‍ എത്തിയ ആണുങ്ങളോടൊപ്പം സുജാതയും ഉണ്ടായേനെ. അയാള്‍ അത് പ്രതീക്ഷിച്ചാണ് അത്രയും ചങ്ക്പൊട്ടി ബാങ്ക് കൊടുത്തത്. അതിനുശേഷം കഥപറഞ്ഞു തുടങ്ങുകയാണ്. ബാങ്കുവിളി കഴിഞ്ഞു രാവിലത്തെ നിസ്‌കാരത്തിനു മുക്കാല്‍ മണിക്കൂറോളം സമയമുണ്ടാകും. ആളുകളൊക്കെ വന്നുതുടങ്ങിയപ്പോള്‍ കഥ പാതിനിര്‍ത്തി നിസ്‌കാരം തുടങ്ങി. പാതി കഥപറഞ്ഞ ആ മനുഷ്യന്‍ അങ്ങനെ മരിച്ചു പോകുകയാണ്. അപ്പോഴേക്കും സിനിമ ഒരു മണിക്കൂറിലധികം കഴിഞ്ഞിട്ടുണ്ടാകും. പക്ഷേ, ഇവിടെ സിനിമയില്‍ അഞ്ചാമത്തേയോ ആറാമത്തേയോ മിനിട്ടില്‍ സൂഫി മരിക്കുന്നത് ജയസൂര്യ എന്ന സ്റ്റാര്‍വാല്യു ഉള്ള നടനെ ആദ്യമേ കാണിക്കാന്‍ വേണ്ടിയാണ്. സൂഫി മരിച്ചാലെ ഈ കഥാപാത്രത്തിനു പ്രവേശിക്കാന്‍ പറ്റൂ. അതുകൊണ്ട് ആ രീതിയില്‍ എഡിറ്റ് ചെയ്യേണ്ടിവന്നു. ഇപ്പോള്‍ കൂടുതല്‍ ആളുകളിലേക്ക് സിനിമ എത്തി എന്നൊരു ആശ്വാസമുണ്ട്. എങ്ങനെ കണ്ടു എന്നതിനെ മാറ്റി നിര്‍ത്തിയാല്‍. 

ചില വിമര്‍ശനങ്ങളും സിനിമയെക്കുറിച്ചുണ്ടായിട്ടുണ്ട്. മുസ്ലിം പള്ളിയില്‍ കയറുന്ന സുജാത, പ്രണയത്തില്‍ വീണുപോകുന്ന സൂഫി അങ്ങനെ ചിലത്? 

സിനിമയില്‍ പറയുന്നപോലെ ജിന്നുപള്ളി എന്നൊരു പള്ളി തന്നെയില്ല. ലോകത്തെവിടെയുമില്ല. ജിന്ന് ഒരു മിസ്റ്റിക് സംഭവമാണ്. ആ പേരില്‍ പള്ളി ഉണ്ടാവാനുള്ള ഒരു സാധ്യതയും ഇല്ല. അതുപോലെതന്നെയാണ് മൈലാഞ്ചിക്കാട്. ശവപ്പറമ്പിനെയാണ് മൈലാഞ്ചിക്കാട് എന്നൊക്കെ റൊമാന്റിക്കായി അവതരിപ്പിക്കുന്നത്. അപ്പോള്‍ എല്ലാം സാങ്കല്പികമാണ് അവിടെ. 100 ശതമാനം സാങ്കല്പിക സ്ഥലമാണ്. അവിടെ നമ്മള്‍ ഉണ്ടാക്കുന്ന മതമാണ്. സുജാതയ്ക്ക് എവിടെ വേണമെങ്കിലും കേറാം. എന്നാലും ഇത് നമുക്കു ചുറ്റിലുമുണ്ട്. എന്റെ നാട്ടില്‍ സ്ത്രീകള്‍ വന്നു പ്രാര്‍ത്ഥിക്കുന്ന പള്ളിയുണ്ട്. അവിടെ സ്ത്രീകള്‍ കയറുന്നുണ്ട്. ഓരോ പ്രദേശത്തിന്റെ, മണ്ണിന്റെ സ്വഭാവമനുസരിച്ച്, ആളുകളുടെ സ്വഭാവമനുസരിച്ച് മതങ്ങളിലെ ആര്‍ട്ട് വളര്‍ന്നിട്ടുണ്ട് കാലങ്ങളായി. ആ ആര്‍ട്ടാണ് നമ്മള്‍ ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.

പിന്നെ പറഞ്ഞത് പെട്ടെന്നു പ്രണയത്തില്‍ വീണ സൂഫിയെക്കുറിച്ചാണ്. സൂഫിക്കും സന്ന്യാസിമാര്‍ക്കുമൊക്കെയാണ് ഏറ്റവും നന്നായി പ്രണയിക്കാന്‍ കഴിയുക. കാരണം അവരുടെ ഉള്ള് ശൂന്യമാണല്ലോ. അവര്‍ക്ക് പെട്ടെന്ന് ഇണയെ കണക്ട് ചെയ്യാന്‍ പറ്റും. ജീവിതാനുഭവം കൊണ്ട് അറിയുന്ന ആളുകള്‍ക്ക് അതൊക്കെ വിശ്വസിക്കാന്‍ കഴിയും. പരസ്പരം തിരിച്ചറിയുന്ന രണ്ടാള്‍ക്കാരാണെങ്കില്‍ ഏത് കോലാഹലത്തില്‍നിന്നും അവര്‍ ശബ്ദം കേള്‍ക്കും, ഏതവസ്ഥയില്‍നിന്നും അവര്‍ക്കു ഗന്ധം കിട്ടും. അതുകൊണ്ടാണ് മുത്തശ്ശി മരിച്ച് തലതാഴ്ത്തിയിരിക്കുന്ന സമയത്തും സൂഫി വന്നു നിശ്ശബ്ദമായി നിന്നപ്പോള്‍ സുജാതയ്ക്ക് മുഖമുയര്‍ത്താന്‍ കഴിയുന്നത്. ബസില്‍വെച്ച് ഒരു നോട്ടം കൊണ്ട് കണക്ടാവുന്നതും അതാണ്. അവര്‍ പണ്ടേ ക്കു പണ്ടേ പ്രണയത്തിലായിരുന്നു എന്നുള്ളതാണ്. ഒരേ ചോരയിലുള്ള ആളുകളെ കാണുമ്പോള്‍ പ്രണയമുണ്ടാകും. അത് സൂഫിക്കാണെങ്കിലും സന്ന്യാസിക്കാണെങ്കിലും. അയാള്‍ക്ക് അങ്ങനെ പാടില്ല എന്നൊന്നുമില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഉസ്താദിന്റെ ഖബറിടത്തില്‍ സൂഫി വിളക്കുവെയ്ക്കുന്ന സീനുണ്ട്. ഇസ്ലാമില്‍ വിളക്കുവെയ്ക്കുന്നതില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉള്ളതല്ലേ? 

എനിക്ക് പരിചയമുള്ള ദര്‍ഗകളിലൊക്കെ വിളക്ക് കത്തിക്കുന്നുണ്ട്. ഞാനൊരു യാത്രികനാണ്. മക്കയിലൊക്കെ ഞാന്‍ പോയിട്ടുണ്ട്. ഓരോ ഇടത്തും പല രീതിയിലാണ് ആചാരങ്ങള്‍. എന്റെ വീട്ടില്‍ വിളക്ക് കൊളുത്താറുണ്ട്. ഖുര്‍ആനും ഉണ്ട്. വെളിച്ചം എന്നു പറയുന്നത് ഗുരുവാണ്, അറിവാണ്. വെളിച്ചമില്ലെങ്കില്‍ നമുക്കു വായിക്കാന്‍ പറ്റില്ല. ഇരുട്ടില്‍ നമുക്കു വായിക്കാനോ അറിയാനോ പറ്റില്ല. സൂഫി തിരികൊളുത്തുന്നത് അറിവാണ്. അതൊരു തുടക്കമാണ്. അതിനു നല്ല ഉദ്ദേശേയമാണ് ഉള്ളത്. മതത്തിന്റെ രീതിയില്‍ കാണേണ്ട തില്ല. അബൂബ് പറയുന്നതുപോലെ വിവാദങ്ങളൊക്കെ ഉണ്ടാകുന്നത് ഈ ഉറക്കമില്ലാത്ത മനുഷ്യര്‍ക്കാണ്. ഞാന്‍ മതങ്ങളേയും ലോകത്തുള്ള എല്ലാത്തിനേയും ആര്‍ട്ട് ആയി കാണുന്ന ഒരാളാണ്. എന്റെ മതവും ആര്‍ട്ട് തന്നെയാണ്.

നായകനിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു? 

ആയിരത്തിലധികം പേരുടെ ഫോട്ടോയില്‍നിന്നാണ് 20 പേരെ സെലക്ട് ചെയ്തത്. അതിലൊരാളായിരുന്നു ദേവ് മോഹന്‍. ആദ്യ ദിവസം കൂട്ടത്തില്‍ ഇരിക്കുന്നവരില്‍നിന്നുതന്നെ എനിക്ക് തോന്നിയിരുന്നു ദേവ് മോഹനാണ് സൂഫിക്ക് പറ്റിയത് എന്ന്. ഒറ്റക്കാഴ്ചയില്‍ത്തന്നെ ഇഷ്ടമാകുന്ന, നിഷ്‌കളങ്കതയുള്ള, തെളിഞ്ഞ മുഖമുള്ള ഒരാള്‍. വേറൊരാളെക്കൂടി സെലക്ട് ചെയ്ത് വെച്ചിരുന്നു. അയാളാണ് അവസാന ഭാഗത്ത് അല്‍ഹംദുലില്ലാഹ് എന്ന ഗാനരംഗത്തില്‍ പാടി അഭിനയിക്കുന്ന നടന്‍. ഇവരെ കണ്ട് പിന്നെയും രണ്ട് വര്‍ഷം കഴിഞ്ഞാണ് സിനിമയുണ്ടാകുന്നത്. ആ രണ്ട് വര്‍ഷവും ദേവ് മോഹന്‍ ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഷൂട്ടിന്റെ സമയത്തൊന്നും എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ല. അദ്ദേഹമത് മനോഹരമായി ചെയ്തു. 

പുതിയ സിനിമയുടെ എഴുത്തിലാണ് നരണിപ്പുഴ ഷാനവാസ്. മുല്ലബസാര്‍പോലെ മറ്റൊരു ലോകവും പ്രണയവും കഥാപാത്രങ്ങളും സൃഷ്ടിക്കപ്പെടുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com