ലിബറല്‍ ജനാധിപത്യവും പ്രതിനിധാനത്തിന്റെ പ്രതിസന്ധിയും    

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ആഘോഷിച്ചതുപോലെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയല്ല ഉണ്ടായത്. മറിച്ച് സോഷ്യലിസ്റ്റ് ക്രമത്തിനൊപ്പം അതിന്റെ മറുപകുതിയായ സ്വാതന്ത്രലോകം കൂടി അതോടൊപ്പം ഇല്ലാതാകുകയാണ് ഉണ്ടായത്
​  മോസ്കോയിൽ നിന്ന് 1,200 കിലോമീറ്റർ അകലെയുള്ള ഫാം ഹൗസിൽ സന്ദർശനത്തിന് എത്തിയ റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ് വെദേവും പ്രസിഡന്റ് വ്ളാഡിമർ പുടിനും
​ മോസ്കോയിൽ നിന്ന് 1,200 കിലോമീറ്റർ അകലെയുള്ള ഫാം ഹൗസിൽ സന്ദർശനത്തിന് എത്തിയ റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ് വെദേവും പ്രസിഡന്റ് വ്ളാഡിമർ പുടിനും

2017ലെ ഒരു ശരത്കാല സായാഹ്നം. ജനാധിപത്യത്തെക്കുറിച്ച് വേവലാതി പൂണ്ടൊരു ആള്‍ക്കൂട്ടം പാരീസിലെ തെരുവീഥിയിലൂടെ നടന്നു നീങ്ങി, 'ജനാധിപത്യത്തെ കണ്ട വരുണ്ടോ' എന്ന പ്ലക്കാര്‍ഡും കയ്യിലേന്തി. പകല്‍വെളിച്ചത്തില്‍ കത്തിച്ച റാന്തലും പേറി ഏതന്‍സിലെ തെരുവീഥിയിലൂടെ സത്യാന്വേഷണത്തിന് ഇറങ്ങിയ ഗ്രീക്ക് തത്ത്വചിന്തകന്‍ ഡയോജെനിസിന്റെ രൂപമാണ് മനസ്സില്‍ തെളിയുന്നത്.

ജനാധിപത്യത്തെക്കുറിച്ചുള്ള ഈ ആകുലത ഒറ്റപ്പെട്ട സംഭവമല്ല. ഈജിപ്റ്റിലെ തഹ്രീര്‍ സ്‌ക്വയറിലും ടുണീഷ്യയിലെ കസ്ബയിലും ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയറിലും ടര്‍ക്കിയിലെ ഗെസിയിലും ഇതിനായുള്ള മുറവിളി നാം കേട്ടതാണ്. ലിബിയയിലും യെമനിലും ജോര്‍ദ്ദാനിലും സിറിയയിലും കുവൈറ്റിലും മൊറോക്കൊയിലും അമേരിക്കയിലുമൊക്കെ ഇത്തരം അന്വേഷണങ്ങള്‍ നടന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ നടന്ന പ്രക്ഷോഭത്തിന്റെ ലക്ഷ്യവും ഇതുതന്നെ. സ്വേച്ഛാധിപത്യത്തിനും നവലിബറലിസത്തിനും ജനാധിപത്യ ഭരണകൂടങ്ങളുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്കുമെതിരെ അരങ്ങേറിയ വിയോജിപ്പുകള്‍.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നായിരുന്നല്ലോ പൊതുവെ ഉണ്ടായിരുന്ന ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് ചരിത്രത്തിന്റെ അന്ത്യത്തേയും സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളേയും കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തിപ്രാപിച്ചത്. ഒരുവേള, ഇതൊക്കെ ശരിവയ്ക്കും വിധം ജനാധിപത്യ രാജ്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു. 2006-ല്‍ ലോകരാജ്യങ്ങളില്‍ 62 ശതമാനം ജനാധിപത്യമെന്ന് കരുതാവുന്ന ഭരണസംവിധാനത്തിന്‍ കീഴില്‍ വന്നത് ഇതിന് സാക്ഷ്യം നിന്നു. എന്നാല്‍, പിന്നീട് ഇങ്ങോട്ട് ഇവയുടെ എണ്ണം ചുരുങ്ങുകയും 2017-ല്‍ എത്തിയപ്പോള്‍ 51 ശതമാനമാവുകയും ചെയ്തു. മാത്രമല്ല, അവശേഷിച്ച രാജ്യങ്ങളില്‍ ഒട്ടുമിക്കതിലും ജനാധിപത്യമൂല്യങ്ങള്‍ പടിയിറങ്ങുന്നത് സ്ഥിരം കാഴ്ചയുമായി. നവ ഉദാരവല്‍ക്കരണത്തിന്റെ വരവും വളര്‍ച്ചയും വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ ബലപ്പെടുത്തുകയും ജനാധിപത്യത്തെ വെറും കെട്ടുകാഴ്ചയാക്കി മാറ്റുകയും ചെയ്തു. വാസ്തവത്തില്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ഇല്ലാതായത് കമ്യൂണിസ്റ്റ് വ്യവസ്ഥിതി മാത്രമല്ല, അതിന്റെ മറ്റേ പകുതിയായ സ്വതന്ത്ര ലോകം (Free World)  കൂടിയാണ്.

ഡൊണാൾഡ് ട്രംപ്
ഡൊണാൾഡ് ട്രംപ്

ജനാധിപത്യം ഇല്ലാത്ത 'ജനാധിപത്യം' 

ഫ്രെഞ്ച് വിപ്ലവത്തിന്റെ നേതാക്കളില്‍ ഒരാളായ റോബെസ്പിയര്‍ 'വിപ്ലവം ഇല്ലാത്ത വിപ്ലവത്തെക്കുറിച്ച്' പറഞ്ഞതുപോലെയാണ് ജനാധിപത്യത്തിന്റെ കാര്യവും. ജനാധിപത്യത്തില്‍നിന്ന് ജനാധിപത്യം നാട് നീങ്ങിയിരിക്കുന്നു. പക്ഷേ, മുന്‍കാലങ്ങളിലേതു പോലെ, പട്ടാളവിപ്ലവത്തിലൂടെ അല്ല ഇത് സംഭവിക്കുന്നത്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ തന്നെ അതിന്റെ പേശീബലം ദുര്‍ബ്ബലപ്പെടുത്തുന്നതാണ് ഇവിടെ പ്രശ്നം.

ഉദാഹരണമായി, ലോകത്തെ ഏറ്റവും 'മഹത്തായ' ജനാധിപത്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്ക ഭരിക്കുന്നത് 'താന്‍ വിജയിച്ചാല്‍ തന്റെ രാഷ്ട്രീയ പ്രതിയോഗികളെ ജയിലില്‍ അടയ്ക്കുമെന്ന്' ഉറക്കെ പ്രഖ്യാപിച്ച ഡൊണാള്‍ഡ് ട്രംപാണ്. മുന്‍ സെക്രട്ടറി ഒഫ് സ്റ്റേറ്റ് മാഡ് ലെയ്ന്‍ അല്‍ബ്രൈറ്റ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്, 'രാജ്യത്തെ പ്രഥമ ജനാധിപത്യവിരുദ്ധ പ്രസിഡന്റ്' എന്നാണ്! ഹങ്കറിയില്‍ വിക്ടര്‍ ഒര്‍ബന്‍ എല്ലാ രാഷ്ട്രീയ ശരികള്‍ക്കും (political correctness) മുകളിലായി സ്വയം  പ്രതിഷ്ഠിച്ചിരിക്കുന്നു. ''കോണ്‍ഗ്രസ്സും സുപ്രീംകോടതിയും പിരിച്ചുവിടണമെന്നും താന്‍ ആരുമായും അനുരഞ്ജനത്തിന് തയ്യാറല്ലെന്നും''  ഉറക്കെ പ്രഖ്യാപിച്ച ആളാണ് ബ്രസീലിലെ ജെയ്ര്‍ ബൊള്‍സൊനാരൊ. തുര്‍ക്കിക്കാരെ അവരുടെ പ്രസിഡന്റ്, റിസെപ് തയ്യിപ്പ് എര്‍ദൊഗന്‍, 'എന്റെ ജനങ്ങള്‍' എന്നാണ് എപ്പോഴും അഭിസംബോധന ചെയ്യുന്നത്. അതേ ശ്വാസത്തില്‍ 'നിങ്ങള്‍ ആരാണ്' എന്നദ്ദേഹം പ്രതിപക്ഷത്തോട് ചോദിക്കുന്നുമുണ്ട്. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മനസ്സിലെ ചിന്തകള്‍ മാസത്തിലൊരിക്കല്‍ ജനങ്ങളുമായി പങ്കുവയ്ക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷ - ദളിത്  പീഡനങ്ങളെക്കുറിച്ചും പൊതുജനങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ചും മൗനം ദീക്ഷിക്കുകയാണ് പതിവ്. ഇതൊന്നും അദ്ദേഹത്തിന്റെ മനസ്സില്‍ തട്ടാത്തതുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്.

ഇതിലും രസകരമായ കാര്യങ്ങളാണ് മറ്റു പല രാജ്യങ്ങളിലും നടക്കുന്നത്. കംബോഡിയയില്‍ സുപ്രീംകോടതി  അവിടുത്തെ പ്രതിപക്ഷത്തെ പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരം  പിരിച്ചുവിട്ടിരിക്കുന്നു. കമ്പോഡിയ ഇപ്പോള്‍ പ്രതിപക്ഷം ഇല്ലാത്ത 'ജനാധിപത്യമാണ്.' റഷ്യയില്‍ 67 വയസുള്ള പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ തന്റെ ഔദ്യോഗിക കാലാവധി 16 വര്‍ഷത്തേക്കു കൂടി (2036 വരെ) നീട്ടിയിരിക്കുന്നു. ഇത്തരം ഉദാഹരണങ്ങള്‍ ഇനിയും അനവധിയുണ്ട്.

ജനാധിപത്യത്തെ ഡെമഗോഗുകള്‍, താമസംവിനാ ഹൈജാക്ക് ചെയ്യുമെന്ന് പുരാതന ഗ്രീക്ക് ചരിത്രകാരന്‍ പൊളിബിയസ് പറഞ്ഞത് അന്വര്‍ത്ഥമാവുകയാണ് ഇവിടെ. ഇവര്‍ ജനങ്ങളെ പ്രതിനിധീകരിക്കുകയല്ല, അവര്‍ സ്വയം ജനങ്ങളാവുകയാണ്. 'എന്റെ ജനങ്ങള്‍' എന്ന എര്‍ദൊഗന്റെ പ്രയോഗത്തിലെ ധ്വനി ഇതാണ്. ഇത്തരം 'ഗോഡ് ഫാദര്‍' രാഷ്ട്രീയക്കാരാണ് പല ജനാധിപത്യ രാജ്യങ്ങളിലും ഇപ്പോള്‍ ഭരണം കയ്യാളുന്നത്. ഇക്കൂട്ടര്‍ സ്വയം നിര്‍മ്മിത യാഥാര്‍ത്ഥ്യങ്ങളില്‍ ജീവിക്കുകയും സ്വന്തം ഹിതാനുസരണം അവയെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഇതിന്റെ  ഏറ്റവും നല്ല ഉദാഹരണമാണ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹത്തിന്റെ അറിവിന്റെ ഉറവിടം സ്വന്തം ഭാവനയാണ്. ''ഉപദേശത്തിനും വിവരങ്ങള്‍ക്കും താങ്കള്‍ ആരെയാണ് ആശ്രയിക്കുന്നത്'' എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി രസകരമാണ്: ''എല്ലാറ്റിന്റേയും ഉറവിടം ഞാനാണ്. ഞാന്‍ എന്നോട് സംസാരിക്കുന്നു. ഉപദേശം തേടുന്നു. വിവരങ്ങള്‍ ആരായുന്നു.'' ഇതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.

ഈ വിധം സ്വയം കല്പിത യാഥാര്‍ത്ഥ്യങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് ജനാധിപത്യത്തെ അതിന്റെ രീതിശാസ്ത്രമനുസരിച്ച് നയിക്കാനാവില്ല. അവര്‍ക്ക് അതിനെ കവച്ചുവച്ച് മുന്നോട്ടു പോകാനേ കഴിയു. പൗരാവകാശങ്ങളെ നിഷേധിച്ചും ഭരണഘടനയെ നോക്കുകുത്തിയാക്കിയും ഭരണഘടനാ സ്ഥാപനങ്ങളെ അവഗണിച്ചും തീവ്ര വലതുപക്ഷ നിലപാടുകളും നയങ്ങളും സ്വീകരിച്ചും കാല്പനിക ശത്രുക്കളെ സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തി ഭിന്നിപ്പിച്ചും അവര്‍ തങ്ങളുടെ കസേരകളില്‍ ഇളകി ഇരിക്കുന്നു. ജനാധിപത്യത്തെ അവര്‍ ഭയാധിപത്യമായി മാറ്റിയിരിക്കുന്നു.

വിക്ടർ ഒർബൻ
വിക്ടർ ഒർബൻ

അവകാശങ്ങളുടെ ബലിപീഠം

പൗരാവകാശങ്ങളുടെ കട്ടിത്തറയില്‍ കെട്ടിപ്പൊക്കിയ ജനാധിപത്യം തന്നെ അവയുടെ ബലിപീഠമായിരിക്കുന്നു എന്നത് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ വിരോധാഭാസമാണ്. രണ്ടിനേയും ഇഴചേര്‍ക്കുന്നതിനെക്കാള്‍ ഇഴപിരിക്കാനാണ് ഭരണകൂടങ്ങളുടേയും അവരെ പിന്‍പറ്റുന്ന വരേണ്യവര്‍ഗ്ഗത്തിന്റേയും ശ്രമം. ''ജനാധിപത്യവും സ്വാതന്ത്ര്യവും പരസ്പര പൂരകമല്ലെന്നും അതിനാല്‍ ജനാധിപത്യത്തെ അതിന്റെ പതിവ് ശീലങ്ങളില്‍നിന്ന് മോചിപ്പിച്ച്, സൈബര്‍ ഇടങ്ങളിലേക്ക് കൊണ്ടുപോവുകയാണ് വേണ്ടത്'' എന്ന് പെന്‍പാളിന്റെ (PenPal) സ്ഥാപകന്‍ പീറ്റര്‍ തിയല്‍ പറഞ്ഞത് വെറുതെയല്ല.

പൗരാവകാശങ്ങളില്‍ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് അഭിപ്രായ/മാധ്യമ സ്വാതന്ത്ര്യമാണ്. ഇന്ത്യയിലെ സ്ഥിതി എത്രത്തോളം ആശങ്കാജനകമാണെന്ന് നമുക്ക് നേരിട്ട് അറിവുള്ളതാണല്ലോ. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമയ്ക്കപ്പെടുന്നു. ലോക്ക്ഡൗണ്‍ കാലത്തു മാത്രം ഇത്തരത്തില്‍ 55 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതും അത്യപൂര്‍വ്വമല്ല. ഉത്തര്‍പ്രദേശില്‍ പ്രാദേശിക പത്രപ്രവര്‍ത്തകനായ വിക്രം ജോഷി കൊല്ലപ്പെട്ട സംഭവം (ജൂലൈ 22) ഇനിയും മറക്കാറായിട്ടില്ല. പത്ര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം (2020) 142 ആയതില്‍ അത്ഭുതപ്പെടാനില്ല. ഭരണകൂട വിമര്‍ശകരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കരുതല്‍ തുറങ്കലില്‍ അടയ്ക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വിരളമല്ല. ദളിത്-ആദിവാസി-ന്യൂനപക്ഷ പീഡനങ്ങള്‍ ഇതിന്റെ മറുവശമാണ്. ഇന്ത്യയില്‍ ആള്‍ക്കൂട്ടം ഭരണകൂടത്തിന്റേയും സവര്‍ണ്ണാധിപത്യത്തിന്റേയും അംഗരക്ഷകരായി തീര്‍ന്നിരിക്കുന്നു. ഇതോടെ കുറ്റകൃത്യങ്ങള്‍ കൂടുന്നു. എന്നാല്‍ കുറ്റവാളികള്‍ പിടിക്കപ്പെടുന്നില്ല. വിരളമായി പിടിക്കപ്പെടുന്നവരാകട്ടെ, ശിക്ഷിക്കപ്പെടുന്നത് അപൂര്‍വ്വവും. കുറ്റങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കുറ്റവാളികള്‍ ഇല്ലാത്ത അവസ്ഥ.

ഇതിനേക്കാള്‍ മോശപ്പെട്ട രീതിയിലാണ് മറ്റു രാജ്യങ്ങളുടെ പോക്ക്. റഷ്യയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ പിഴയും 480 മണിക്കൂര്‍ നിര്‍ബ്ബന്ധ സേവനവുമാണ് ശിക്ഷ. മാത്രമല്ല, മുന്‍പ് കോടതികള്‍ തള്ളിക്കളഞ്ഞ കേസുകള്‍ പുനരന്വേഷിക്കാനും 'കുറ്റവാളികളെ' നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും സര്‍ക്കാരിന് അധികാരമുണ്ട്. തുര്‍ക്കിയില്‍ പ്രസിഡന്റ് എര്‍ദൊഗന്‍ അധികാരത്തില്‍ വന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരും സ്വതന്ത്ര ബുദ്ധിജീവികളും അഴിക്കുള്ളിലാണ് ജീവിക്കുന്നത്. ഫിലിപ്പീന്‍സില്‍ പ്രസിഡന്റ് റൊഡ്റിഗൊ ദുത്തെര്‍ത്തെക്ക് മാധ്യമങ്ങള്‍ 'ബുള്‍ഷിറ്റും' 'ചവറുമാണ്.' കഴിഞ്ഞ നാല് വര്‍ഷക്കാലം 12,000 കസ്റ്റഡി മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹങ്കറിയിലേത് 'ഇല്ലിബറല്‍' ജനാധിപത്യമാണെന്നാണ് (Illiberal democracy) പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബന്‍ തന്നെ പറയുന്നത്. ബുഡാപെസ്റ്റിലെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിക്ക് അതിന്റെ ആസ്ഥാനം വിയന്നയിലേക്ക് മാറ്റി സ്ഥാപിക്കേണ്ടിവന്നതു തന്നെ ഓര്‍ബന്റെ ഭരണം എത്രത്തോളം ഇല്ലിബറല്‍ ആണെന്ന് തെളിയിക്കുന്നു.

ജെയ്ർ ബൊൾസൊനാരെ 
ജെയ്ർ ബൊൾസൊനാരെ 

ഈ രാജ്യങ്ങളിലെല്ലാം സാമൂഹ്യ മാധ്യമങ്ങള്‍വഴി സ്വതന്ത്ര ചിന്തയെ ഉന്മൂലനം ചെയ്യാനുള്ള നീക്കവും ശക്തമാണ്. ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെ ആള്‍ക്കൂട്ടം സര്‍ക്കാര്‍വിരുദ്ധ ബുദ്ധിജീവികളേയും മാധ്യമപ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തുകയും അവര്‍ക്കുമേല്‍ അസഭ്യം ചൊരിയുകയും ചെയ്യുന്നു. പൊതു ഇടങ്ങളില്‍ വച്ച് ഇവരെ  കൂകിവിളിക്കുന്നതിലും ദേഹോപദ്രവം ഏല്പിക്കുന്നതിലുംവരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ഇത്തരം ഹീനകൃത്യങ്ങളില്‍നിന്ന് ഇന്ത്യയും അപവാദമാകുന്നില്ല. പ്രശസ്ത മറാഠി ഹാസ്യതാരം അഗ്രിമ ജോഷിക്കെതിരെ അടുത്തകാലത്ത്  നടന്ന ഓണ്‍ലൈന്‍ ആക്രമണം ഇതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ്. മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച ശിവജി പ്രതിമയെക്കുറിച്ച് ഹാസ്യത്തോടെ ഫെയ്സ് ബുക്കില്‍ പ്രതികരിച്ചതിനാണ് ആള്‍ക്കൂട്ടം ഭീഷണി മുഴക്കിയത്. ഹാസ്യവും പരിഹാസവും എന്നും ഭരണാധിപന്മാരെ ചൊടിപ്പിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഈവിധമുള്ളൊരു പരിഹാസമായിരുന്നല്ലോ റൊമേനിയയിലെ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചത്.

ഭരണകൂടം നേരിട്ട് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും ആള്‍ക്കൂട്ടം നടത്തുന്ന അതിക്രമങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്. ആദ്യത്തേതില്‍ എല്ലാറ്റിനും ചില നടപടിക്രമങ്ങളും നിയമവശങ്ങളുമുണ്ട്. ഇവിടെ ശത്രുവിനെ അടയാളപ്പെടുത്താനും അതിന്റെ നീക്കങ്ങളെ മുന്‍ക്കൂട്ടികണ്ട് പ്രതിരോധിക്കാനും ഇരകള്‍ക്ക് ആവുന്നു. എന്നാല്‍, രണ്ടാമത്തേതില്‍ ശത്രു കാണാമറയത്താണ്. അതിന്റെ ഉദ്ദേശ്യമോ പ്രകോപന കാരണമോ വ്യക്തമാകണമെന്നില്ല. ആര്‍ക്കെതിരെ, എങ്ങനെ, പ്രതിരോധിക്കണമെന്നും ഇരകള്‍ക്ക് നിശ്ചയമില്ല. ഇവിടെ ശത്രു എല്ലായിടത്തുമുണ്ട്, എന്നാല്‍ ഒരിടത്തും വ്യക്തമായി മുന്നോട്ടു വരുന്നില്ല. സൈബര്‍ ഇടങ്ങള്‍ തങ്ങളുടെ വരുതിയിലാക്കാനുള്ള ഭരണകൂട നീക്കങ്ങള്‍ പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രസിദ്ധ ചരിത്രകാരന്‍ യുവാല്‍ നോവാ ഹരാരിയുടെ അഭിപ്രായത്തില്‍ ഇത് വെട്ടിത്തെളിക്കുന്നത് ഡിജിറ്റല്‍ സ്വേച്ഛാധിപത്യത്തിന്റെ രാജപാതയാണ്.

അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളായിട്ടില്ലെങ്കിലും അവിടെയും കാര്യങ്ങളുടെ പോക്ക് ആശാവഹമല്ല. ഭരണകൂടങ്ങളുടെ വിപ്രതിപത്തി സമ്പാദിക്കുന്നവര്‍ അവിടെയും അപകടമുനമ്പില്‍ തന്നെയാണ് കഴിയുന്നത്. ഡൊണാള്‍ഡ് ട്രംപ് മുതല്‍ ഇമ്മാനുവല്‍ മാക്രോണ്‍ വരെയുള്ളവരുടേയും അവരുടെ പല മുന്‍ഗാമികളുടേയും ചെയ്തികള്‍ ഇതിന് സാക്ഷ്യം നില്‍ക്കുന്നു. ഇതിന്റെ ഫലമായി, ആധുനിക ജനാധിപത്യത്തില്‍ വിമര്‍ശനങ്ങളുടെ വാക്കും മനസ്സും അനാഥമാവുന്നു. പൊതു ബുദ്ധിജീവികള്‍ ഇല്ലാതാവുകയും പൊതുജനാഭിപ്രായ രൂപീകരണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ കൊട്ടിയടയ്ക്കപ്പെടുകയും ചെയ്യുന്നു. സംസ്‌കാരസമ്പന്നമായ സമൂഹമായി നിലനില്‍ക്കാനാവശ്യമായ ആശയങ്ങളുടെ ഉല്പാദനവും അവ തമ്മിലുള്ള സംഘര്‍ഷ സാധ്യതകളും ഇല്ലാതാകുന്നതു മൂലമുള്ള പ്രശ്നങ്ങള്‍ വേറെയും.

റിസെപ് തയ്യിപ്പ് ഏർദൊ​ഗൻ
റിസെപ് തയ്യിപ്പ് ഏർദൊ​ഗൻ

ഭരണകൂടത്തിന്റെ അപനിര്‍മ്മാണം

പൗരാവകാശ ലംഘനത്തിന്റെ അച്ചാണി ഉറപ്പിച്ചിരിക്കുന്നത് ഭരണകൂടത്തിന്റെ തന്നെ അപനിര്‍മ്മാണത്തിലാണെന്നതാണ് മറ്റൊരു വസ്തുത. തന്മൂലം പൗരാവകാശ  നിഷേധത്തെ ചോദ്യം ചെയ്യാനുള്ള  സംവിധാനങ്ങള്‍ അവതാളത്തിലാവുന്നു. നിയമസഭകള്‍, നീതിപീഠങ്ങള്‍, ബ്യൂറോക്രസി, സ്വതന്ത്ര മാധ്യമങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍  തുടങ്ങിയവ വെറും നോക്കുകുത്തികളാവുന്നു, അല്ലെങ്കില്‍ ഭരണകര്‍ത്താക്കളുടെ ആജ്ഞാനുവര്‍ത്തികള്‍ ആവുന്നു. ഇത് വരുത്തിവയ്ക്കുന്ന കെടുതികള്‍ പരിഹരിക്കാനാവശ്യമായ ബദല്‍ സംവിധാനങ്ങള്‍ രൂപപ്പെടുന്നതുമില്ല. ഇതൊരുതരം 'വിനാശ വിപ്ലവമാണ്.' ഇത്തരം നീക്കം ആരംഭിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ നിരസിച്ചുകൊണ്ട ാണെന്നത് ഇവിടെ അടിവരയിട്ട് പറയേണ്ട ിയിരിക്കുന്നു. ജനങ്ങള്‍ക്ക് ജനാധിപത്യ സംവിധാനത്തിലുള്ള വിശ്വാസം തല്ലിക്കെടുത്തിയും സ്ഥാപനങ്ങളുടെ  പ്രസക്തി ചോദ്യം ചെയ്തും അത് മുന്നേറുന്നു.

2016-ല്‍ ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിലുടനീളം പറഞ്ഞത്, ''അമേരിക്കയ്ക്ക് ആവശ്യം ഒരു നല്ല ഷട്ട്ഡൗണ്‍ ആണ്'' എന്നാണ് (America needs a good shutdown). തൊട്ടടുത്ത വര്‍ഷം നടന്ന ഫ്രെഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച വലതുപക്ഷ സ്ഥാനാര്‍ത്ഥി ഫ്രാങ്കോയ്സ് ഫില്ലണ്‍ (നിക്കോളസ് സര്‍ക്കോസി ഭരണത്തിലെ പ്രധാനമന്ത്രി) നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം കുറച്ചുകൂടി കൃത്യത ഉള്ളതായിരുന്നു- ''ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ 5 വര്‍ഷത്തിനുള്ളില്‍ പൊതുമേഖലയിലെ 5 ലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കും.''

2017ല്‍ അധികാരം ഏറ്റെടുത്ത ട്രംപ് കഴിഞ്ഞ 4 വര്‍ഷക്കാലം  തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാന്‍ നന്നായി അദ്ധ്വാനിക്കുകയും ചെയ്തു. ഇത് മനസ്സിലാക്കാന്‍ ട്രംപ് ഭരണത്തിന്റെ മൂന്ന് വര്‍ഷത്തെ നേട്ടത്തെക്കുറിച്ച് ബഡ്ജറ്റ് ഡയറക്ടര്‍ മൈക്ക് മുല്‍വന്‍സി പറഞ്ഞതു തന്നെ ധാരാളം മതി: ''പ്രസിഡന്റിന്റെ ഏറ്റവും വലിയ നേട്ടം അദ്ദേഹം പുറപ്പെടുവിച്ച എക്സിക്യുട്ടീവ് ഓര്‍ഡറുകളാണ്. ഇതില്‍ ഭൂരിപക്ഷവും നിലവിലുള്ള നിയമങ്ങളേയും റഗുലേഷനുകളേയും റദ്ദ് ചെയ്യുന്നവയാണ്.'' അദ്ദേഹം അമേരിക്കയുടെ ഷട്ട്ഡൗണ്‍ തുടങ്ങിവച്ചത് ഇങ്ങനെയാണ്.

സമാന്തരമായി, യാതൊരു മറയുമില്ലാതെ സ്വന്തം കുടുംബത്തിന്റേയും ചാര്‍ച്ചക്കാരുടേയും വാണിജ്യതാല്പര്യങ്ങള്‍ സംരക്ഷിച്ചും പരസ്യമായി കളവ് പറഞ്ഞും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ചും ജനാധിപത്യ മൂല്യങ്ങളെ അദ്ദേഹം കുഴിച്ചുമൂടി. ഉദാഹരണമായി, 2017 ജനുവരി മുതല്‍ 2020 ജൂലൈ 9 വരെ 20,055 കള്ളങ്ങള്‍ ട്രംപ് പറഞ്ഞു എന്നാണ് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിനം 16 കള്ളങ്ങള്‍! ക്രമേണ, പൗരസമൂഹത്തിന് ഭരണഘടനാ സ്ഥാപനങ്ങളിലുള്ള വിശ്വാസം ഇല്ലാതാക്കി അവയെ നശിപ്പിക്കാന്‍ തുടങ്ങി, ഒരുസമയത്ത് ഒരു സ്ഥാപനം എന്ന കണക്കിന്. 

ഈ വിധം നശിപ്പിക്കപ്പെട്ടതില്‍ ഏറ്റവും സുപ്രധാനമായത് രാജ്യത്തെ പ്രൊഫഷണല്‍ സിവില്‍ സര്‍വ്വീസായിരുന്നു. അനുഭവസമ്പത്തും കഴിവുമുള്ള കരിയര്‍ ഉദ്യോഗസ്ഥരെ ഒന്നൊന്നായി പുറത്താക്കുകയും മര്‍മ്മപ്രധാനമായ പല പദവികളും നിയമനം നടത്താതെ ഒഴിച്ചിട്ടും നിയമനം നടത്തിയവയില്‍ ആവട്ടെ, സ്വന്തം ഇഷ്ടക്കാരെ തിരുകിക്കയറ്റിയും അദ്ദേഹം ലക്ഷ്യം കൈവരിച്ചു. ഒ. ഹെന്റിയുടെ ഭാഷയില്‍ പറഞ്ഞാല്‍, അമേരിക്കയെ ട്രംപ് ഒരു 'ബനാന റിപ്പബ്ലിക്ക്' ആക്കി മാറ്റി.

നരേന്ദ്ര മോദി
നരേന്ദ്ര മോദി

ജനാധിപത്യത്തിന്റെ മാമൂലുകളുടേയും ഭരണഘടനാ സ്ഥാപനങ്ങളുടേയും കൊടിയിറക്കം ഇന്ത്യയിലും പ്രകടമായിത്തന്നെ സംഭവിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്ന ഭൂരിപക്ഷം ഉപയോഗിച്ച് ജനാധിപത്യത്തിന്റെ കാതലിനെ കാര്‍ന്നുതിന്നുന്നതാണ് നമ്മുടെ രീതി - സ്ഥാപനങ്ങളെ നശിപ്പിക്കാതെ അവയെ പ്രവര്‍ത്തനരഹിതമാക്കുക. ഇത് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് അധികാര ദുര്‍വിനിയോഗം തടയാന്‍ ചുമതലപ്പെട്ട സ്വതന്ത്ര സ്ഥാപനങ്ങളെയാണ്. കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍, വിവരാവകാശ കമ്മിഷന്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍, പ്രസ്സ് കൗണ്‍സില്‍, നാഷണല്‍ ലാ കമ്മിഷന്‍ തുടങ്ങിയവ വെറും കടലാസ് പുലികളാണ് ഇപ്പോള്‍. നിമിഷമാത്രയില്‍ ഭരണഘടനാ വകുപ്പുകളും സംസ്ഥാനങ്ങള്‍ തന്നെയും അപ്രത്യക്ഷമാവുന്നു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ഏകപക്ഷീയമായി പുന:നിര്‍വ്വചിക്കപ്പെടുന്നു. അപവാദങ്ങള്‍ മാറ്റിവച്ചാല്‍, സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

എല്ലാ രാജ്യങ്ങളിലും ഏറ്റവും കൂടുതല്‍ നിഷ്‌ക്രിയമാക്കപ്പെടുന്ന സ്ഥാപനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് നീതിപീഠങ്ങളും നിയമനിര്‍മ്മാണ സഭകളുമാണ്. സുപ്രീം കോടതിയില്‍ ഇഷ്ടക്കാരെ കുത്തിനിറച്ചുകൊണ്ടാണ് ട്രംപ് ഇതിന് പരിശ്രമിക്കുന്നതെങ്കില്‍, ടര്‍ക്കിയിലെ ഭരണകക്ഷിയായ എ.കെ.പി കോടതികളെ അവഗണിച്ചും വിധികള്‍ തന്നിഷ്ടംപോലെ വ്യാഖ്യാനിച്ചും ലക്ഷ്യം കൈവരിക്കുന്നു. പോരെങ്കില്‍, മുന്‍കാല വിധികള്‍ റദ്ദാക്കാനുള്ള അധികാരവും സര്‍ക്കാരിനുണ്ട്. ഫിലിപ്പീന്‍സില്‍ ചീഫ് ജസ്റ്റിസിനെത്തന്നെ പുറത്താക്കിക്കൊണ്ട് പ്രസിഡന്റ് ദുത്തര്‍ത്തെ ജനാധിപത്യത്തിന്റെ പുത്തന്‍ തിരക്കഥകള്‍ രചിക്കുന്നു. ഇന്ത്യയില്‍ കാര്യങ്ങള്‍ ഇത്രത്തോളം എത്തിയിട്ടില്ലെങ്കിലും ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താതിരിക്കുന്നതും ഭരണകൂടത്തിന് പഥ്യമല്ലാത്ത ന്യായാധിപന്മാരെ സ്ഥലം മാറ്റുന്നതും ഒരു കലയായി വളര്‍ന്നിരിക്കുന്നു. ജുഡീഷ്യല്‍ നിയമനങ്ങളില്‍ കൈകടത്താനുള്ള നീക്കവും സജീവമാണ്.

നിയമസഭകളുടെ കാര്യമാണ് ഇതിലും പരിതാപകരം. പാര്‍ലമെന്റ് ജനഹിതം മറന്ന് പ്രവര്‍ത്തിക്കുന്നതും പാര്‍ലമെന്ററി കമ്മിറ്റികള്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ പെടുന്നതും പാര്‍ലമെന്റിനെ  അവഗണിച്ചുകൊണ്ട് മന്ത്രിമാര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതും ഇന്ത്യയില്‍ പുതുമയൊന്നുമല്ല. ഇതുതന്നെയാണ് ഏറ്റക്കുറച്ചിലോടെ അമേരിക്കയിലും ബ്രിട്ടനിലും ഫ്രാന്‍സിലും സംഭവിക്കുന്നത്. ഒരുദാഹരണം കൊണ്ടുതന്നെ ഇത് വ്യക്തമാക്കാം. 2018 ഏപ്രില്‍ 14-ന് മൂന്നു രാജ്യങ്ങളും ചേര്‍ന്ന് സിറിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത് നിയമനിര്‍മ്മാണസഭകളുടെ അനുവാദം ഇല്ലാതെയായിരുന്നു എന്നതാണ് വസ്തുത. അടുത്ത ദിവസം പ്രശ്നം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍, അന്നത്തെ പ്രധാനമന്ത്രി തെരേസ മേ പറഞ്ഞ മറുപടി ഏത് ജനാധിപത്യവിശ്വാസിയേയും ആകുലപ്പെടുത്തുന്നതാണ്.   ''ദേശീയ താല്പര്യം സംരക്ഷിക്കാനും സിറിയന്‍ ഭരണകൂടം സ്വന്തം ജനങ്ങള്‍ക്കു നേരെ രാസായുധങ്ങള്‍ ഉപയോഗിക്കുന്നതു തടയാനും അങ്ങനെ ചെയ്യേണ്ടിവന്നു.'' രാസായുധ പ്രയോഗത്തെക്കുറിച്ച് പറഞ്ഞത് കളവായിരുന്നു എന്നത് തല്‍ക്കാലം നമുക്ക് മറക്കാം. മറ്റ് രണ്ട് രാജ്യങ്ങളില്‍ ആവട്ടെ, ഇത്തരം ചോദ്യങ്ങള്‍ പോലും ഉന്നയിക്കപ്പെട്ടില്ല. ഈ വിധമുള്ള ഏകപക്ഷീയമായ തീരുമാനങ്ങള്‍ ആത്യന്തികമായി, നിയമനിര്‍മ്മാണസഭകളുടെ പ്രസക്തിയെക്കുറിച്ച് ജനങ്ങളില്‍ സന്ദേഹം ജനിപ്പിക്കുന്നെങ്കില്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. യുദ്ധത്തെപ്പോലെ രാജ്യത്തെ സമഗ്രമായി ബാധിക്കുന്ന പ്രശ്നങ്ങളില്‍പ്പോലും ജനപ്രതിനിധികളുടെ അഭിപ്രായം ആരായേണ്ടതില്ലെങ്കില്‍ പാര്‍ലമെന്റിന് എന്ത് പ്രസക്തിയാണ് ഉള്ളത്?

ഇതിനെയെല്ലാം കടത്തിവെട്ടുന്നതാണ് മറ്റ് രാജ്യങ്ങളിലെ അവസ്ഥ. റഷ്യയില്‍ അഭിനവ സാര്‍ ചക്രവര്‍ത്തിയായ പുടിന്‍ തന്നെയാണ് നിയമവും നിയമസഭയും. തുര്‍ക്കിയിലും ഫിലിപ്പീന്‍സിലും ബ്രസീലിലും  ഹങ്കറിയിലും പോളണ്ടിലും ലാറ്റിന്‍ അമേരിക്കയിലുമൊക്കെ ഭരണാധിപന്മാര്‍ നിയമങ്ങള്‍ക്കും നിയമനിര്‍മ്മാണസഭകള്‍ക്കും മുകളില്‍ ചന്ദനപ്പല്ലക്കില്‍ കഴിയുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍നിന്ന് ജനങ്ങളെ പടി അടച്ച് പിണ്ഡം വച്ചതിന് തുല്യമാണ് ഇത്. രാജ്യത്തിന്റെ നടത്തിപ്പില്‍ അവര്‍ക്ക് ഇനിയും എന്തെങ്കിലും പങ്ക് അവശേഷിക്കുന്നുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രമാണ്. കാരണം അവര്‍ക്ക് ഇപ്പോഴും വോട്ട് ചെയ്യാനുള്ള അവകാശമുണ്ടല്ലോ.

പ്രതിനിധാനത്തിന്റെ പ്രതിസന്ധി

വ്യത്യസ്ത ജീവിതവീക്ഷണവും നയങ്ങളുമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഒന്നിനെ ഭൂരിപക്ഷാടിസ്ഥാനത്തില്‍ ഭരണം ഏല്പിക്കുന്നതാണല്ലോ ജനാധിപത്യത്തിന്റെ കീഴ്വഴക്കം. പാര്‍ട്ടികള്‍ തമ്മിലുള്ള ആരോഗ്യപരമായ സംവാദങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ചൂടും  ചൂരും പകരുകയും  ഭിന്നതകള്‍ക്കും വിഭിന്ന കാഴ്ചപ്പാടുകള്‍ക്കും - ഒരര്‍ത്ഥത്തില്‍ വൈവിദ്ധ്യത്തിനും വൈരുദ്ധ്യത്തിനും - ജനാധിപത്യത്തില്‍ ഇടമുണ്ടെ ന്ന മൗലിക തത്ത്വത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. ജനപങ്കാളിത്തവും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങളും സുതാര്യതയും കൂടിയാവുമ്പോള്‍, തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ പുനരുജ്ജീവന പ്രക്രിയയായി മാറുന്നു.

എന്നാല്‍ വര്‍ത്തമാനകാല ജനാധിപത്യത്തില്‍ ഇതില്‍ പലതും അവയുടെ അസാന്നിദ്ധ്യം കൊണ്ട ാണ് ശ്രദ്ധിക്കപ്പെടുന്നത്. അപവാദങ്ങള്‍ക്ക്  പഴുത് നീക്കിവച്ചാല്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മില്‍ നയസമീപനങ്ങളിലെ ഭിന്നതകള്‍ നേര്‍ത്ത് നേര്‍ത്ത് തീരെ ഇല്ലാതായിരിക്കുന്നു. പാര്‍ട്ടികള്‍ എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് രാഷ്ട്രീയക്കാര്‍ക്കുത്തന്നെ അറിഞ്ഞുകൂടാത്ത അവസ്ഥ. 'പകരം ഇല്ലായ്മയില്‍' (There is no alternative) അഭിരമിക്കുന്ന ലോകത്ത് നവലിബറല്‍ ആഗോളീകരണത്തിന് ചുറ്റുമാണ് പക്ഷഭേദമന്യെ രാഷ്ടീയപ്പാര്‍ട്ടികള്‍ ഊറിക്കൂടിയിരിക്കുന്നത്. തന്മൂലം, പാര്‍ട്ടി ഏതായാലും ലോകവീക്ഷണവും നയങ്ങളും ഒന്നാണെന്നു വരുന്നു. ആര് ജയിച്ചാലും പ്രശ്നങ്ങള്‍ അതേപടി അവശേഷിക്കുന്നു എന്നൊരര്‍ത്ഥവും ഇതിനുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍, സംവാദങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എന്ത് പ്രസക്തിയാണ് ഉള്ളത്? തെരഞ്ഞെടുപ്പില്‍നിന്ന് രാഷ്ട്രീയം അപ്രത്യക്ഷമാവുകയും അത് വ്യക്തികളെ കേന്ദ്രീകരിച്ച് നീങ്ങുകയും ചെയ്യുന്നതാണ് പരിണതഫലം.

വ്ലാഡിമർ പുടിൻ
വ്ലാഡിമർ പുടിൻ

2014-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നരേന്ദ്ര മോദിയുടെ '56 ഇഞ്ച്' നെഞ്ചളവിനെ ചുറ്റിപ്പറ്റി ആയിരുന്നല്ലോ വട്ടം കറങ്ങിയത്. പ്രചരണത്തിന്റെ സമസ്ത മേഖലകളിലും സ്വന്തം വ്യക്തിത്വത്തിന്റെ നിഴല്‍ വീഴ്ത്തി, പാര്‍ട്ടിയേയും അതിന്റെ നയങ്ങളേയും അദ്ദേഹം നിഷ്പ്രഭമാക്കി. ഇതുതന്നെയാണ് 2016-ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ നടന്നതും. സ്വന്തം സമ്പത്തും മിടുക്കുമാണ് ഡൊണാള്‍ഡ് ട്രംപ് പ്രചരണവിഷയമാക്കിയത് ('I am rich and very smart', Trump). 2017ലെ ഫ്രെഞ്ച് തെരഞ്ഞെടുപ്പ് ഇമ്മാനുവല്‍ മാക്രോണിനെ മുന്‍നിര്‍ത്തിയുള്ള ഹിതപരിശോധന ആയിരുന്നു. ലാ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആയിരുന്നില്ല മാക്രോണ്‍. മറിച്ചായിരുന്നു വാസ്തവം. മാക്രോണിന്റെ പാര്‍ട്ടി ആയിരുന്നു ലാ റിപ്പബ്ലിക്ക്. റഷ്യയില്‍ രാഷ്ട്രീയമെന്നാല്‍ പുടിനാണ്. ''പുടിന്‍ ഇല്ലങ്കില്‍ കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ ഏറും. അതൊഴിവാക്കാം. നമുക്ക് പുടിന് ചെയ്യാം'',  ഇതായിരുന്നു 2012-ലെ റഷ്യന്‍ തെരഞ്ഞെടുപ്പിലെ പ്രചരണവിഷയം. ഫിലിപ്പീന്‍സും ടര്‍ക്കിയും സ്പെയിനുമൊക്കെ ഇതേ സഞ്ചാരപഥത്തിലാണ് കറങ്ങുന്നത്. തെരഞ്ഞെടുപ്പ് ഒരു വ്യക്തിയും അയാളുടെ കഥനവുമായി മാറിയിരിക്കുന്നു. പശ്ചാത്തലത്തില്‍ പി.ആര്‍ ഏജന്‍സികളും.

'പ്രതിനിധാനത്തിന്റെ പ്രതിസന്ധി' എന്നാണ് ഈ സ്ഥിതിവിശേഷത്തെ പ്രശസ്ത ചിന്തകയും എഴുത്തുകാരിയുമായ ഷാന്റല്‍ മൗഫെ(Chantal  Mouffe) വിശേഷിപ്പിക്കുന്നത്. ജനപ്രതിനിധികള്‍ പൊതുസമൂഹത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന് മാത്രമല്ല, പൊതുനയങ്ങളുടെ രൂപീകരണത്തില്‍ അവരുടെ പങ്ക് തീര്‍ത്തും പരിമിതവുമാണ്. 'പൊതുനയം' എന്ന വാക്കുതന്നെ ജനാധിപത്യത്തിന്റെ നിഘണ്ടുവില്‍നിന്ന് ഏതാണ്ട് അപ്രത്യക്ഷമായി കഴിഞ്ഞു. ജനങ്ങള്‍ക്ക് വോട്ട് ഉണ്ട്, ശബ്ദമില്ല ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ജനങ്ങളുടെ പരമാധികാരത്തെക്കുറിച്ച് ഇനിയും സംസാരിക്കുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. പൗരസമൂഹം അതിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഏറ്റവും അടിത്തട്ടിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടുന്നതും അപൂര്‍വ്വമല്ല. പഴയ സോവിയറ്റ് യൂണിയനിലെ തെരഞ്ഞെടുപ്പുകളെക്കുറിച്ച് പ്രചരിക്കുന്നൊരു തമാശയുണ്ട്. തെരഞ്ഞെടുപ്പ് ഫലം കളവുപോയതിനെ ഓര്‍ത്ത് വിഷമിച്ചിരിക്കുന്ന പാര്‍ട്ടി സെക്രട്ടറിയെ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് പശ്ചാത്തലം. ''വിഷമിക്കാന്‍ ഒന്നുമില്ല. ഫലം പത്രങ്ങളില്‍ വന്നുകഴിഞ്ഞു'' എന്നു പറഞ്ഞ പ്രവര്‍ത്തകനോട് സെക്രട്ടറി പറഞ്ഞത് മറ്റൊന്നാണ് - ''താങ്കള്‍ക്ക് കാര്യം ശരിക്കും മനസ്സിലായിട്ടില്ല. ഈ വര്‍ഷത്തെ ഫലമല്ല, അടുത്ത വര്‍ഷത്തെ ഫലമാണ് മോഷ്ടിക്കപ്പെട്ടത്.'' ഇതില്‍നിന്ന് ഏറെ അകലെയല്ല പല രാജ്യങ്ങളും ഇപ്പോള്‍ നില്‍ക്കുന്നത്. മണ്ഡല പുന:നിര്‍ണ്ണയമാണ് ഇതിനായി ഉപയോഗിക്കുന്നൊരു തന്ത്രം. ഇതുമൂലം അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും നിലവിലുള്ള ഭരണകക്ഷിയെ പുറത്താക്കുക ദുഷ്‌ക്കരമായി കഴിഞ്ഞു. ഇതിനു പുറമെയാണ് വോട്ടര്‍ രജിസ്ട്രേഷനില്‍ നടത്തുന്ന കൃത്രിമം. മാത്രമല്ല, കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെക്കാള്‍ 2.9 ലക്ഷം വോട്ട് അധികം ലഭിച്ചിട്ടും ഹിലാരി ക്ലിന്റണ്‍ പരാജയപ്പെട്ടത് അമേരിക്കന്‍ ജനാധിപത്യത്തിന്റെ ശോഭ വല്ലാതെ കെടുത്തിയിരിക്കുന്നു.

യുവത്വത്തിന്റെ പ്രതിഷേധവും അടിച്ചമർത്തലും
യുവത്വത്തിന്റെ പ്രതിഷേധവും അടിച്ചമർത്തലും

ഇതുതന്നെയാണ് തുര്‍ക്കിയില്‍ നടക്കുന്നതും. അവിടെ പ്രതിപക്ഷം സമീപഭാവിയില്‍  അധികാരത്തില്‍ വരാനുള്ള സാധ്യത തീരെ വിരളമാണെന്നുതന്നെ പറയാം. 2014-ലെ തെരഞ്ഞെടുപ്പ് ഫലം ഇതിന്റെ ഏറ്റവും നല്ല സൂചനയാണ്. കേവലം 45 ശതമാനത്തില്‍ താഴെ വോട്ട് ലഭിച്ചിട്ടും ഭരണകക്ഷിയായ എ.കെ.പി. കൈക്കലാക്കിയത് 2/3 ഭൂരിപക്ഷമാണ്. കസഖ്സ്ഥാനില്‍ പ്രസിഡന്റ് നസുറുള്‍ബാന്‍ നസര്‍ബയേവ് 2015-ല്‍ ജയിച്ചത് 97.5 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. റഷ്യയും പോളണ്ടുമെല്ലാം ഈ വിധം ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ അപേക്ഷിച്ച് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ഭേദമാണെന്ന് പറയാതെ വയ്യ. ബൂത്ത് പിടിച്ചടക്കലും കള്ളവോട്ട് ചെയ്യലും വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കലും പണത്തിന്റെ അമിതമായ സ്വാധീനവും പോലുള്ള ക്രമക്കേടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, മുകളില്‍ പറഞ്ഞ പോരായ്മകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ കളങ്കപ്പെടുത്തുന്നില്ല.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് വിദേശ ശക്തികള്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന സംഭവങ്ങളും കുറവല്ല. സംശയത്തിന്റെ കുന്തമുന നീളുന്നത് പ്രധാനമായും റഷ്യയ്ക്കു നേരെയാണ്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അത് നടത്തിയ ഇടപെടല്‍ അമേരിക്കയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സെന്റ് പീറ്റേഴ്സ് ബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സിയാണത്രെ ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഫെയ്സ്ബുക്ക്, യുടൂബ്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ വഴി അപവാദ പ്രചരണം നടത്തിയും സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്ക് വെടിമരുന്നിട്ടും ജനഹിതം അട്ടിമറിച്ചും ജനാധിപത്യ സംവിധാനത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ഇത് ലക്ഷ്യമിടുന്നതെന്ന് പറയപ്പെടുന്നു. അമേരിക്കയ്ക്ക് പുറമെ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഹോളണ്ടിലും  കാറ്റലോണിയയിലും ഇതിന്റെ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന സംശയം പ്രബലമാണ്. 2018-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നടത്തിയ പഠനം മുഖവിലയ്ക്ക് എടുക്കാമെങ്കില്‍, 19 രാജ്യങ്ങളില്‍ ഇത്തരം അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം റഷ്യ നടത്തിയിട്ടുണ്ടെന്നു വിശ്വസിക്കേണ്ടിവരും.

വലതുപക്ഷത്തിന്റെ വരവും നവലിബറലിസവും

ജനാധിപത്യത്തിന്റെ പ്രതിസന്ധി നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത്, വലതുപക്ഷ രാഷ്ട്രീയത്തിന്റേയും വലതുപക്ഷ സംസ്‌കാരത്തിന്റേയും ആധിപത്യത്തിലേക്കാണ്. വെറുപ്പിന്റേയും ഭയത്തിന്റേയും അജ്ഞതയുടേയും രാഷ്ട്രീയത്തെ ഊട്ടി ഉറപ്പിച്ചും സാങ്കല്പിക ശത്രുക്കളെ സൃഷ്ടിച്ച് ജനങ്ങളെ പരസ്പരം കലഹിപ്പിച്ചും നിശ്ചിന്തരാക്കിയും അരാഷ്ട്രീയവല്‍ക്കരിച്ചും ന്യൂനപക്ഷങ്ങളേയും കുടിയേറ്റക്കാരേയും കറുത്തവരേയും ദാരിദ്ര ജനവിഭാഗങ്ങളേയും അവമതിച്ചും അവഗണിച്ചും അത് സ്വന്തം അസ്തിത്വം ഉറപ്പിക്കുന്നു. നമ്മുടെ സംഘസ്മൃതികളെ തുടച്ചുകളഞ്ഞ് അത് ഭൂത - വര്‍ത്തമാനങ്ങള്‍ക്ക്  പുത്തന്‍ തിരക്കഥകള്‍ ചമയ്ക്കുന്നു. നവലിബറല്‍ നയങ്ങള്‍ കൂടി ഇതിനോട് ചേര്‍ന്നതോടെ നാം പൗരന്മാരില്‍നിന്ന് സാമ്പത്തിക ജീവികളായും (Economic Man) ഉപഭോക്താക്കളായും പരിണാമപ്പെട്ടിരിക്കുന്നു. ഇതിനോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ധര്‍മ്മനിഷ്ഠയും കുടിയിറങ്ങുകയും ചെയ്തു.

മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, വലതുപക്ഷ രാഷ്ട്രീയവും നവലിബറലിസവും ചേര്‍ന്ന് മനുഷ്യന്റെ ഉള്ളില്‍ അവശേഷിച്ചിരുന്ന ജനാധിപത്യത്തിന്റേയും നീതിനിഷ്ഠയുടേയും അവസാനത്തെ കണികയും നശിപ്പിച്ച് അയാളെ അരാഷ്ട്രീയത്തിന്റെ തരിശുഭൂമിയില്‍ അടക്കം ചെയ്തിരിക്കുന്നു. ഇത് കേവലം പൗരത്വത്തിന്റെ  പ്രതിസന്ധി മാത്രമല്ല, അതിനപ്പുറം മനുഷ്യത്വത്തിന്റെ പ്രതിസന്ധിയേയും ആത്മാഭിമാനത്തിന്റെ നഷ്ടത്തേയും കുറിക്കുന്നു. തത്ത്വചിന്തകനായ സ്പിനോസ (Spinoza), എല്ലാം നഷ്ടപ്പെട്ട മനുഷ്യന്‍ കദനഭാരത്താല്‍  ആര്‍ത്തലയ്ക്കുന്നതിനേയും സ്വന്തം മോക്ഷം അടിമത്ത്വത്തിലാണെന്നു കരുതി അതിനായി പടപൊരുതുന്നതിനേയും കുറിച്ച് വിവരിക്കുന്നുണ്ട്. നവ ഉദാരവല്‍ക്കരണത്തിന്റേയും വലതുപക്ഷ രാഷ്ട്രീയത്തിന്റേയും ഇടയില്‍പ്പെട്ട വര്‍ത്തമാനകാല മനുഷ്യന്റെ ജീവിതവും ഏതാണ്ട് ഇതു തന്നെയാണ്. അടിമത്തത്തെ സ്വാതന്ത്ര്യമായും അവകാശ നിഷേധത്തെ 'ന്യു നോര്‍മലായും' അയാള്‍ കരുതുന്നു. പ്രശസ്ത മനശ്ശാസ്ത്രജ്ഞനും ചരിത്രകാരനുമായ റോബര്‍ട്ട് ജെയ് ലിഫ്റ്റണിന്റെ (Robert Jay Lifton) വാക്കുകള്‍ കടമെടുത്താല്‍ ഒരുതരം 'മാലിഗ്നന്റ് നോര്‍മാലിറ്റി' (Malignant Normaltiy). ഈ പുത്തന്‍ നോര്‍മാലിറ്റിയില്‍ ജനാധിപത്യം തലകുത്തനെ നില്‍ക്കുന്നു. ജനങ്ങളെ ഭയക്കണ്ട, ഭരണകൂടം തിരിച്ച് ജനങ്ങളെ ഭയപ്പെടുത്തുന്നു. ഇത് ജനാധിപത്യത്തെ ഭയാധിപത്യമാക്കി മാറ്റിയിരിക്കുന്നു.

ജനാധിപത്യത്തിന്റെ ഈ മാന്ദ്യം പലതരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്തുതരം ജീവിതവും എന്തുതരം സമൂഹവും എന്തുതരം രാഷ്ട്രീയവുമാണ് നമുക്ക് വേണ്ടത് എന്നതാണ് ഇവയില്‍ പ്രധാനം. പ്രതിനിധാനത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പുത്തന്‍ ധാരണകള്‍ രൂപപ്പെടുത്തേണ്ട തിന്റെ അനിവാര്യതയിലേക്കാണ് ഈ ചോദ്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ഒപ്പം, ജനാധിപത്യത്തിന്റെ പ്രതിസന്ധിയെ, നവലിബറല്‍ ആഗോളീകരണത്തിന്റേയും അധികാരത്തിന്റേയും വംശീയതയുടേയും പ്രശ്നങ്ങളുമായി ചേര്‍ത്തു വായിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ആവശ്യം വിശാലമായ ഐക്യമത്യം കാംക്ഷിക്കുന്ന, നീതിക്കും ജനങ്ങളുടെ പരമാധികാരത്തിനും എതിരെ നില്‍ക്കുന്ന ശക്തികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ശേഷിയുള്ള പൗരസമൂഹമാണ്. ഇതിന് വിമര്‍ശനത്തിന്റേയും വിയോജിപ്പിന്റേയും ഇടങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ട ്. ടുണീഷ്യന്‍ കവി, അബു അല്‍- ക്വാസിം അല്‍-ഷാബി പറഞ്ഞതുപോലെ നാം (ജനങ്ങള്‍) ആദ്യം ജീവിക്കാന്‍ തീരുമാനിക്കണം. അങ്ങനെ തീരുമാനിക്കുന്ന പക്ഷം ചങ്ങലകള്‍ സ്വയം മുറിഞ്ഞു മാറും. എല്ലാം പറഞ്ഞുകഴിയുമ്പോള്‍ ഒരു രാഷ്ട്രീയ പ്രശ്നം അവശേഷിക്കുന്നു: നിലവിലുള്ള ഭരണാധികാരികളെ പുറത്താക്കിയതുകൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ല. അവര്‍ക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന ലോകവീക്ഷണത്തിനും എന്ത് ബദല്‍ മുന്നോട്ടുവയ്ക്കാനുണ്ടെന്നതാണ് ഏറ്റവും മൗലികമായ പ്രശ്നം.

(ലേഖകന്‍ കേരള സര്‍വകലാശാല മുന്‍ പ്രൊ-വൈസ്ചാന്‍സലറാണ്‌)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com