ഹാഗിയ സോഫിയ; സുന്നികളും മുജാഹിദുകളും അംഗീകരിക്കാത്ത വാദം മുസ്‌ലിംലീഗ് എഴുന്നള്ളിച്ച് കൊണ്ടുവരുന്നത് ആരെ പ്രീതിപ്പെടുത്താന്‍?

ഹാഗിയ സോഫിയ വിഷയത്തില്‍ മുസ്‌ലിംലീഗ്, ഇസ്‌ലാമിലെ പുത്തന്‍കൂറ്റുകാരായ വലതുപക്ഷ മതരാഷ്ട്രവാദികളുടെ താവളം തേടിപ്പോയത് ഒട്ടും അഭികാമ്യമല്ല 
ഹാഗിയ സോഫിയ; സുന്നികളും മുജാഹിദുകളും അംഗീകരിക്കാത്ത വാദം മുസ്‌ലിംലീഗ് എഴുന്നള്ളിച്ച് കൊണ്ടുവരുന്നത് ആരെ പ്രീതിപ്പെടുത്താന്‍?

തങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കഥ പറയുന്ന 'ചില്‍ഡ്രന്‍സ് ഓഫ് അബ്രഹാം എറ്റ് വാര്‍' ഏറെ പ്രസിദ്ധമാണ്. ഈ പുസ്തകത്തില്‍ നയതന്ത്രജ്ഞനായിരുന്ന തല്‍മീസ് അഹമ്മദ് മധ്യകാലഘട്ടത്തിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ മതസമൂഹങ്ങള്‍ തമ്മില്‍ നടന്ന ആധിപത്യത്തിനായുള്ള പോരാട്ടങ്ങളുടേയും ആരാധനാലയങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും ഗ്രന്ഥപ്പുരകളും അതിന്റെ വേദിയായതിന്റേയും വിശദമായ ചരിത്രം നിരത്തുന്നുണ്ട്. ഇസ്ലാമും ക്രിസ്ത്യാനിറ്റിയും ഏറ്റുമുട്ടിയ യൂറോപ്പിലാണ് ഏറ്റവുമധികം ദേവാലയങ്ങള്‍ കയ്യേറ്റങ്ങള്‍ക്ക് വിധേയമായത്. ഇന്നും അവ ഏതെങ്കിലുമൊരു വിഭാഗം വിശ്വാസികളുടെ ആധിയായി നീറിപ്പുകയുന്നുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും സമാന അനുഭവങ്ങള്‍ നിരവധിയാണ്. 

900 വര്‍ഷത്തോളം, ബൈസന്റയിന്‍ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ഹൃദയഭാഗത്ത് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ പ്രഭാവത്തിന്റെ പ്രതീകമായി നിലകൊണ്ട ചര്‍ച്ചായിരുന്നു ഹാഗിയ സോഫിയ. 1453-ല്‍ ഇത് മുസ്ലിം പള്ളിയായി പരിവര്‍ത്തിതമായി. പിന്നീടത് 90 വര്‍ഷം മ്യൂസിയമായി അറിയപ്പെടുകയും ചെയ്തു. എന്നാല്‍, അതേ ഹാഗിയ സോഫിയ 2020 ജൂലൈ 24 മുതല്‍ മസ്ജിദായി പുനരവതരിച്ചത് ലോകമാകെ ചര്‍ച്ചാ  വിഷയമായിരിക്കുകയാണ്. ഇത് 'നാഗരികതകളുടെ ഏറ്റുമുട്ടലി'നെ (Clash of Civilizations) കുറിച്ചുള്ള പുതിയ ഉല്‍ക്കണ്ഠകള്‍ ലോകസമൂഹത്തില്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുകയാണ്. 

കെടി ജലീൽ
കെടി ജലീൽ

'അത്താതുര്‍ക്ക്' എന്ന പേരില്‍ ലോകത്തിനു പരിചിതനായ ആധുനിക തുര്‍ക്കിയുടെ പിതാവ് മുസ്തഫ കെമാല്‍പാഷ, തുര്‍ക്കിയുടെ മതേതരവല്‍ക്കരണത്തിന്റെ ഭാഗമായി ഏതാനും വര്‍ഷം അടച്ചുപൂട്ടുകയും 1935 മുതല്‍ മ്യൂസിയമായി പ്രഖ്യാപിക്കുകയും ചെയ്ത മത സാംസ്‌കാരിക കേന്ദ്രമാണ് ഹാഗിയ സോഫിയ. കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ രാഷ്ട്രീയ മാറ്റത്തിനുശേഷം അധികാരത്തിലേറിയ എര്‍ദോഗാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കവെയാണ് തുര്‍ക്കി ഹൈക്കോടതി പ്രസ്തുത കേന്ദ്രം മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കാന്‍ വിധിച്ചത്. പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനാകട്ടെ, കാത്തിരുന്ന വിധി കണക്കേ സമയം ഒട്ടും പാഴാക്കാതെ അത്യാവേശത്തോടെ കോടതിവിധി നടപ്പാക്കുകയും ചെയ്തു. ഇതോടെ തീവ്രവലതുപക്ഷം ശക്തിയാര്‍ജ്ജിച്ചു വരുന്ന പടിഞ്ഞാറന്‍ ലോകത്ത് ഒടുങ്ങാത്ത സംഘര്‍ഷത്തിനു വഴിയൊരുങ്ങിയിരിക്കുകയാണ്. 

ബൈസന്റയിന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്‍ ഒന്നാമന്‍ പണിതീര്‍ത്ത കോണ്‍സ്റ്റാന്റിനോപ്പിളിലെ ഏറ്റവും വലിയ കത്തീഡ്രല്‍, ഓട്ടോമന്‍ ഭരണാധികാരി (ഉസ്മാനിയ്യ ഖലീഫ) മഹമൂദ് രണ്ടാമന്റെ ആധിപത്യത്തില്‍ വരുന്നത് 1453 മെയ് മാസത്തിലാണ്. കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി പതിനൊന്നാമന്റെ കാലത്താണ്, പിന്നീട് ഇസ്താംബൂളായി അറിയപ്പെട്ട നഗരം ഓട്ടോമന്‍ സൈന്യത്തിനു കീഴടങ്ങുന്നത്. അക്കാലത്താണ് ഈ ക്രൈസ്തവ ദേവാലയം വന്‍തുക കൊടുത്ത് ഖലീഫ വാങ്ങിയത് എന്നാണ് ഓട്ടോമന്‍ ചരിത്രം രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഹാഗിയ സോഫിയ ഇപ്പോള്‍ പള്ളിയായി പുനരുജ്ജീവിപ്പിച്ചതില്‍ മതപരമായ അപാകതയില്ലെന്നാണ് മുസ്ലിങ്ങളിലെ 'തീവ്രന്മാരുടെ' ശക്തമായ അഭിപ്രായം. കെമാല്‍പാഷ നടപ്പാക്കിയ മതനിരാസാധിഷ്ഠിത പരിഷ്‌കാരങ്ങളുടെ തിരുത്താണിതെന്നാണ് 'എര്‍ദോഗാന്‍ ഫാന്‍സി'ന്റെ നിലപാട്. മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുന്ന ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള വലതുപക്ഷ മുസ്ലിം മതമൗലികവാദികളുടെ ഇക്കാര്യത്തിലെ അഭിപ്രായവും ഭിന്നമല്ല. 

ഇവിടെ എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്, തീവ്ര മതാവേശത്തേയും ജമാഅത്തെ ഇസ്ലാമിയുടെ തലതിരിഞ്ഞ മതരാഷ്ട്രവാദത്തേയും പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്ത് പോന്നിരുന്ന സൂഫി പാരമ്പര്യത്തിന്റെ തുടര്‍ക്കണ്ണികളായ കേരളത്തിലെ പരമ്പരാഗത സുന്നികള്‍ക്ക് മേധാവിത്വമുള്ള മുസ്ലിംലീഗ് പാര്‍ട്ടി ഇവ്വിഷയത്തില്‍ സ്വീകരിച്ച നിലപാടാണ്. മുസ്ലിം ബ്രദര്‍ഹുഡ്ഢും ഇന്ത്യാ-പാക്ക്-ബംഗ്ലാ ജമാഅത്തെ ഇസ്ലാമിയും പുലര്‍ത്തുന്ന ഇസ്ലാമിലെ തീവ്ര വലതുപക്ഷ കാഴ്ചപ്പാടിനെ അനുകൂലിക്കാന്‍, ബഹുസ്വരത മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ലീഗിന് എങ്ങനെയാണ് സാധിക്കുക? സലഫികളും ഹാഗിയ സോഫിയ, പള്ളിയാക്കിയ നടപടിയെ അനുകൂലിക്കാനിടയില്ലെന്നിരിക്കെ മുസ്ലിംലീഗ് തുര്‍ക്കിയുടെ നിലപാടിനെ പിന്തുണച്ചത് അവശേഷിക്കുന്ന മതേതര മുഖവും ലീഗിനു നഷ്ടപ്പെടുത്താനല്ലേ സഹായിക്കൂ. ക്രൈസ്തവ വിശ്വാസികളുടെ ഭാഗത്തുനിന്നു വ്യാപകമായ എതിര്‍പ്പുയരാനിടയാക്കിയ ഇത്തരം പ്രതികരണം കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല. അതോടൊപ്പം ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ നടത്തുന്ന ന്യൂനപക്ഷവിരുദ്ധ വേട്ടയുടെ പ്രതിരോധനിരയെ ദുര്‍ബ്ബലമാക്കാനും ബുദ്ധിശൂന്യമായ ലീഗ് കാഴ്ചപ്പാട് ഇടവെച്ചേക്കും.

വര്‍ത്തമാന ഇന്ത്യന്‍ മത, സമുദായ സാഹചര്യങ്ങളെ എങ്ങനെയാണോ നരേന്ദ്ര മോദി രാഷ്ട്രീയാധികാരം അരക്കിട്ടുറപ്പിക്കാന്‍ ഉപയോഗിക്കുന്നത്, സമാന രീതിതന്നെയാണ് തുര്‍ക്കിയില്‍ എര്‍ദോഗാനും സ്വീകരിക്കുന്നത്. ഭൂരിപക്ഷ മതാവേശത്തെ ഒരുതരം ഭ്രാന്താക്കി രൂപപ്പെടുത്തിയെടുത്താണ് സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ മുസ്ലിം ആരാധനാലയങ്ങള്‍ക്കു നേരെ ഇന്ത്യയില്‍ ഭീഷണി മുഴക്കുന്നത്. 460 വര്‍ഷം ഇസ്ലാം മതവിശ്വാസികള്‍ ആരാധന നടത്തിയ അയോദ്ധ്യയിലെ ബാബറി മസ്ജിദ് പട്ടാപ്പകല്‍ ലോകം കാണ്‍കെയാണ് സംഘ്പരിവാരങ്ങള്‍ തച്ചുതകര്‍ത്തത്. മൃഗീയ ഭൂരിപക്ഷ വികാരം ആളിക്കത്തിച്ചു കൊണ്ടായിരുന്നു ആ കൃത്യം. ബാബറി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ന്നുവീഴുമ്പോള്‍ നിര്‍വ്വികാരരായി നോക്കിനില്‍ക്കുകയായിരുന്നു കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍. ഇപ്പോഴിതാ ബാബറി മസ്ജിദ് സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ കൊണ്ടുപിടിച്ച നീക്കങ്ങളാണ് മോദിയും യോഗിയും തോളോടു തോള്‍ ചേര്‍ന്നു നടത്തുന്നത്. അവരും പറയുന്നത് കോടതിവിധിയും പ്രാചീന ചരിത്രവും പള്ളി പണിയാന്‍ നല്‍കിയ സൗജന്യ ഭൂമിയുടെ വിലയുമൊക്കെത്തന്നെയാണെന്ന് തുര്‍ക്കി സര്‍ക്കാരിനു സ്തുതിഗീതം പാടുന്നവര്‍ മറന്നു പോകരുത്.

ഉമറിന്റെ മാതൃക

ഇസ്ലാം പഠിപ്പിക്കുന്ന ഇതര മതവിഭാഗങ്ങളോടുള്ള സഹിഷ്ണുതാപൂര്‍ണ്ണമായ നിലപാടിനു തീര്‍ത്തും വിരുദ്ധമായതാണ് തുര്‍ക്കിയില്‍ സംഭവിച്ചിരിക്കുന്നത്.

ഇതര മതസ്ഥരുടെ ആരാധനാലയങ്ങളുടെ പരിപാവനത കാത്തുസൂക്ഷിക്കാനാണ് പ്രവാചകന്‍ മുഹമ്മദ് നബിയും സച്ചരിതരായ അനുചരന്മാരും ലോകത്തെ പഠിപ്പിച്ചത്. കീഴടക്കപ്പെട്ട മണ്ണില്‍ മറ്റുള്ളവരുടെ ദേവാലയങ്ങള്‍ നശിപ്പിക്കാനോ പിടിച്ചെടുക്കാനോ അവരുടെ ദൈവങ്ങളെ നിന്ദിക്കാനോ പാടില്ല എന്നത് ഇസ്ലാമിന്റെ സുവിദിതമായ അധ്യാപനമാണ്. അതിന്റെ ഏറ്റവും നല്ല മാതൃകയാണ് രണ്ട ാം ഖലീഫ ഉമര്‍ കാഴ്ചവെച്ചത്. റോമന്‍ സാമ്രാജ്യത്തോട് പൊരുതി ദമാസ്‌കസ് കീഴടക്കിയ മുസ്ലിം സൈന്യം ആമിറുബ്നു ജര്‍റാഹ് എന്ന സൈന്യാധിപന്റെ നേതൃത്വത്തില്‍ പലസ്തീന്‍ കീഴടക്കുന്ന സന്ദര്‍ഭം ചിന്തോദ്ദീപകമാണ്. ഖലീഫ ഉമര്‍ ജറുസേലമില്‍ പ്രവേശിക്കുന്നതുവരെ ആരും ഇങ്ങോട്ട് കടക്കരുതെന്ന് പത്രിയര്‍ക്കീസ് നിബന്ധന വെച്ചു. 

ഒത്തുതീര്‍പ്പിന്റെ ഭാഗമായി മദീനയില്‍നിന്ന് ജറുസലേമിലെത്തിയ ഉമര്‍ ക്രൈസ്തവ മേലധികാരികളുമായി സമാധാന ഉടമ്പടിയിലേര്‍പ്പെട്ടു. ജറുസേലമിലെ പ്രസിദ്ധമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് പള്ളിയില്‍ ഇന്നും സൂക്ഷിച്ചുപോരുന്ന ആ ഉടമ്പടിരേഖ, 'അല്‍ അഹ്ദത്തുല്‍ ഉമരിയ്യ' (ഉമറിന്റെ ഉടമ്പടി) എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രസ്തുത കരാറിനുശേഷം ഖുദ്സ്  ചുറ്റിക്കാണുന്നതിനിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് പള്ളിക്കരികിലെത്തിയപ്പോള്‍ ബാങ്ക്വിളി മുഴങ്ങുന്നത് കേട്ടു. ഉടന്‍ പള്ളിയില്‍ കയറി നമസ്‌കരിക്കാന്‍ ക്രൈസ്തവ പുരോഹിത മേലദ്ധ്യക്ഷന്‍ പത്രിയര്‍ക്കിസ് ഖലീഫയോട് അഭ്യര്‍ത്ഥിച്ചു. ഉമറിന്റെ പ്രതികരണം പെട്ടെന്നായിരുന്നു: ''അതു വേണ്ടാ! ഞാനീ പള്ളിക്കകത്തു കയറി നമസ്‌കരിച്ചാല്‍ ഭാവിയില്‍ മുസ്ലിങ്ങള്‍ ഈ ദേവാലയത്തിനുമേല്‍ അവകാശവാദമുന്നയിച്ചേക്കാം; ഖലീഫ ഉമര്‍ നമസ്‌കാരം നിര്‍വ്വഹിച്ച പള്ളിയാണെന്ന ന്യായം പറഞ്ഞുകൊണ്ട്.'' ബൈത്തുല്‍ മുഖദ്ദിസിന്റെ അവശിഷ്ടങ്ങള്‍ക്കു മുകളില്‍ തന്റെ തലപ്പാവ് അഴിച്ചു വിരിച്ചാണ് ജേതാവായ ഉമര്‍ നമസ്‌കാരം നിര്‍വ്വഹിച്ചതെന്നാണ് ചരിത്രം പറയുന്നത്. സഹോദര മതസ്ഥരുടെ ആരാധനാലയം കയ്യൂക്ക്കൊണ്ടോ അധികാര ബലത്തില്‍ പ്രവര്‍ത്തിക്കുന്ന കോടതിവിധി ഉയര്‍ത്തിക്കാട്ടിയോ വിലയ്ക്കു വാങ്ങിയെന്നു തെളിയിക്കുന്ന കടലാസുകള്‍ ചൂണ്ടിക്കാണിച്ചോ സ്വന്തമാക്കുന്നത് ഉചിതമല്ലെന്നാണ് ഇസ്ലാം വ്യക്തമാക്കുന്നത്. അത്തരം സ്ഥലങ്ങളില്‍ വെച്ച് പ്രാര്‍ത്ഥിച്ചാല്‍ അത് ദൈവത്തിങ്കല്‍ സ്വീകാര്യമാവില്ലെന്നുപോലും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. 

മധ്യകാലത്ത് പ്രജകളുടേയും ആധുനിക യുഗത്തില്‍ പൗരന്മാരുടേയും മതവികാരം ആളിക്കത്തിച്ച് അധികാരം അരക്കിട്ടുറപ്പിക്കാന്‍ ഭരണാധികാരികള്‍ അന്നും ഇന്നും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ ജുഗുപ്സാവഹമാണ്. തുര്‍ക്കിയില്‍ ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടിയുടെ ജനകീയാടിത്തറയില്‍ വിള്ളലുണ്ടായതും കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇസ്താംബൂളില്‍ തിരിച്ചടിയേറ്റതുമാണ് എര്‍ദോഗാനെ ഇപ്പോഴത്തെ തീരുമാനത്തിനു പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഭൂതവും വര്‍ത്തമാനവും ഏറ്റുമുട്ടുമ്പോള്‍ വിവിധ മതസ്വത്വങ്ങളെ പ്രതികാരബുദ്ധിയോടെ കാണുന്നത് കാലത്തോടുള്ള വെല്ലുവിളിയാണ്. 

എ.ഡി 756 മുതല്‍ 1500 വരെ മുസ്ലിം ചക്രവര്‍ത്തിമാര്‍ ഭരിച്ച ആന്തലൂസിയയിലെ (സ്‌പെയിന്‍) പ്രമുഖ നഗരങ്ങളായ കൊര്‍ദോവ, ഗ്രനേഡ, സെവില്ല എന്നിവിടങ്ങളിലെ വാസ്തുശില്പ കലയില്‍ മികച്ചുനിന്ന മുസ്ലിം പള്ളികള്‍ പില്‍ക്കാലത്ത് ചര്‍ച്ചുകളായി രൂപാന്തരപ്പെടുത്തിയത് ശരിയാകാം. അതിനൊക്കെ വര്‍ത്തമാനകാലത്ത് കണക്കു ചോദിക്കാന്‍ നിന്നാല്‍ ഏറ്റുമുട്ടലുകളും സംഘട്ടനങ്ങളും ഒഴിവായ നേരമുണ്ടാവില്ല. അതെവിടെയുമെത്തുകയുമില്ല. കൊര്‍ദോവ പള്ളി വിട്ടുകിട്ടാന്‍ സൗദി അറേബ്യ നിരന്തരം ശ്രമിച്ചിട്ടും സ്പാനിഷ് അധികൃതര്‍ നിസ്സഹായത പ്രകടിപ്പിച്ചത് ഏവര്‍ക്കും അറിയാവുന്നതാണ്. 

അതേസമയം, സ്‌പെയിനിലെ രാജാവ് മുന്‍കയ്യെടുത്ത് മാഡ്രിഡില്‍ ബൃഹത്തായ പള്ളിയും സാംസ്‌കാരിക കേന്ദ്രവും നിര്‍മ്മിക്കാന്‍ സൗദി ഭരണകൂടത്തിനു സ്ഥലം അനുവദിച്ചത് മുസ്ലിം-ക്രൈസ്തവ ബന്ധത്തിലുണ്ടാക്കിയ ഊഷ്മളത ചെറുതല്ല. മുന്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് മുന്‍കയ്യെടുത്ത് യൂറോപ്പില്‍ സര്‍വ്വമത സമ്മേളനം (ഇന്റെര്‍ഫെയ്ത്ത് കോണ്‍ഫറന്‍സ്) വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ മാഡ്രിഡിലെ രാജകൊട്ടാരമാണ് അതിനു വേദിയായത്. ക്രിസ്ത്യാനിറ്റിയും ഇസ്ലാമും ജുതായിസവും പരസ്പരം കൈകോര്‍ത്ത് 500 വര്‍ഷം മുന്‍പ് മാനവരാശിക്കു സമര്‍പ്പിച്ച അനര്‍ഘങ്ങളായ സംഭാവനകള്‍ സമ്മേളനത്തില്‍ അനുസ്മരിക്കപ്പെട്ടു. മുസ്ലിം-ക്രൈസ്തവ-ജൂത പണ്ഡിതര്‍ക്കു പുറമെ, ഹിന്ദു-ബുദ്ധ-താവോയിസ്റ്റ് ആശയധാരകളെ പ്രതിനിധീകരിച്ച് 50 രാജ്യങ്ങളില്‍നിന്നായി 300-ലേറെ മതനേതാക്കളും ഇന്റെര്‍ഫെയ്ത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. ഭീകരവാദത്തിനും മതഭ്രാന്തിനും എതിരായ ക്രിയാത്മക ചുവടുവെയ്പായി ആ സമ്മേളനം വിലയിരുത്തപ്പെടുകയും ചെയ്തു. മാതൃകാപരമായ ഇത്തരമൊരു നീക്കത്തിനു മുന്‍കയ്യെടുത്ത അബ്ദുല്ലാ രാജാവിനെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനു പരിഗണിക്കണമെന്നുപോലും അക്കാലത്ത് നിര്‍ദ്ദേശമുയര്‍ന്നത് ആരും മറന്നുകാണില്ല. 

ഹാഗിയ സോഫിയയുടെ സ്റ്റാറ്റസ്‌കോ തെറ്റിച്ചതിലൂടെ എര്‍ദോഗാന്‍ ചരിത്രഘടികാരത്തെ പിറകോട്ടാണ് ചലിപ്പിച്ചത്. തുര്‍ക്കി രണ്ടു ഭൂഖണ്ഡങ്ങളുടേയും നാഗരികതകളുടേയും സംഗമഭൂമിയാണ്. യൂറോപ്പും ഏഷ്യയും കണ്ടുമുട്ടുന്നത് ബോസ്‌പോറസ് കടലിടുക്കിന്റെ ഇരുകരകളിലുമായി പരന്നു കിടക്കുന്ന ഇസ്താംബൂളിന്റെ ഓരങ്ങളില്‍ വെച്ചാണ്. കിഴക്കന്‍ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായ കോണ്‍സ്റ്റാന്റിനോപ്പിള്‍ കുരിശുയുദ്ധകാലത്ത് പോലും മുസ്ലിം സൈന്യത്താല്‍ അക്രമിക്കപ്പെട്ടിട്ടില്ല. ഓട്ടോമന്‍ യുഗത്തില്‍ ഹാഗിയ സോഫിയയ്ക്ക് പോറലേല്‍ക്കാതിരിക്കാന്‍ ഖലീഫാ ഉമര്‍ ശ്രദ്ധിച്ചിരുന്നു. പ്രഗത്ഭനായ വാസ്തുശില്പി മൈനാന്‍ സിനാന്റെ സഹായത്തോടെ ബസിലിക്ക, മസ്ജിദാക്കി മാറ്റിയെടുത്തപ്പോള്‍ മക്കയിലേക്കുള്ള ദിശ - 'ഖിബ്ല'- സൂചിപ്പിക്കുന്ന പ്രസംഗപീഠവും മിനാരങ്ങളും  കൂട്ടിച്ചേര്‍ക്കപ്പെട്ടു. അതോടെ വിശ്വോത്തരമായ രണ്ട ു മതനാഗരികതകളുടെ സമന്വയ ശില്പമായി ഹാഗിയ സോഫിയ വികസിച്ചു. യുനെസ്‌കോയുടെ 'വേള്‍ഡ് ഹെറിറ്റേജ് പട്ടിക'യില്‍ ഇടം നേടിയ ഈ ദേവാലയം പ്രതിവര്‍ഷം നാല് ദശലക്ഷം ടൂറിസ്റ്റുകളെയാണ് ആകര്‍ഷിക്കുന്നത്.

ഷാഹിദ് ഗന്‍ജ് മസ്ജിദും രാമജന്മഭൂമിയും 

കുഴിമാടം തോണ്ടി ചരിത്രത്തിന്റെ അസ്ഥിപഞ്ജരം മാന്തിയെടുക്കാനും അതുവഴി മിത്തുകളെ പുതിയകാല രാഷ്ട്രീയവുമായി കൂട്ടിക്കെട്ടി വിനാശകരമായ അജന്‍ഡകള്‍ നടപ്പാക്കാനും നടത്തുന്ന ഹീനശ്രമങ്ങള്‍ എന്തുമാത്രം അനര്‍ത്ഥങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ആലോചിച്ച് നോക്കിയിട്ടുണ്ടോ? ബാബറി മസ്ജിദ് രാമക്ഷേത്ര തര്‍ക്കം നമ്മുടെ കാലഘട്ടത്തിനു പഠിപ്പിച്ചു തരുന്നത് കണ്ണുനീര്‍ വറ്റാത്ത അത്തരമൊരു ദുരന്തത്തിന്റെ കഥയല്ലേ?

ബാബര്‍ ചക്രവര്‍ത്തിയുടെ പേരില്‍ 1528-ല്‍ സരയൂ നദിക്കരയില്‍ ബാബറി മസ്ജിദ് നിര്‍മ്മിച്ചത് ശ്രീരാമന്റെ ജന്മസ്ഥലത്താണ് എന്ന വാദമുന്നയിച്ചാണ് സംഘ്പരിവാര്‍ ശക്തികള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ പിന്‍ബലത്തില്‍ പള്ളി തകര്‍ക്കുകയും അത് നിലകൊണ്ട ഭൂമി കയ്യേറുകയും ചെയ്തത്. ഇത് ആധുനിക ഇന്ത്യയുടെ ചരിത്രത്തെ പ്രക്ഷുബ്ധമാക്കി. ഇതേ-ത്തുടര്‍ന്നാണ് ഇന്ത്യാ ചരിത്രം, ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു മുന്‍പും പിന്‍പും എന്ന നിലയില്‍ വിഭജിക്കപ്പെടുന്ന സ്ഥിതിപോലും ഉണ്ടായത്. കയ്യേറ്റം ചെയ്യപ്പെട്ട ഭൂമി രാമക്ഷേത്രം പണിയാന്‍ വിട്ടുകൊടുത്തുകൊണ്ട് പരമോന്നത നീതിപീഠം 2019 നവംബര്‍ ഒന്‍പതിന് പുറപ്പെടുവിച്ച വിധി, തൊടുത്തുവിട്ട വിവാദങ്ങള്‍ക്ക് ഇപ്പോഴും ശമനമായിട്ടില്ല. മുസ്ലിങ്ങള്‍ 465 വര്‍ഷം ആരാധന നടത്തിയ ഒരു ദേവാലയം ഫാസിസ്റ്റ് ശക്തികള്‍ കൈക്കലാക്കിയതിലെ അനീതി ജനഹൃദയങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത് ആര്‍ക്കാണ് കണ്ടില്ലെന്നു നടിക്കാനാവുക. രാമന്റെ ജന്മസ്ഥാനം ബാബറി മസ്ജിദ് നിലകൊണ്ട മണ്ണിലാണെന്നു തെളിയിക്കുന്ന അഖണ്ഡനീയമായ തെളിവുകളുടെ അഭാവം കോടതിമുറികളില്‍ നിഴലിച്ചുനിന്നു.

അയോധ്യയിലെ രാമക്ഷേത്ര ശിലാന്യാസം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
അയോധ്യയിലെ രാമക്ഷേത്ര ശിലാന്യാസം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

അങ്ങനെയാണ് രാമഭക്തര്‍ വിശ്വസിക്കുന്നത് എന്ന 'ന്യായം' പറഞ്ഞ് ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധി ഉണ്ടാകുന്നത്. ആ വിധി പ്രസ്താവിച്ച ഗൊഗോയിയെ താമസിയാതെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലെത്തിച്ചതും നാം കണ്ടു. കോടതിവിധികള്‍ മാത്രം പൊക്കിപ്പിടിച്ച് കുടില അജന്‍ഡകളുമായി ഭരണകൂടങ്ങള്‍ മുന്നോട്ടു പോകുന്നത് ഏതൊരു രാജ്യത്തിന്റേയും സ്വാസ്ഥ്യം കെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്തരം നീക്കങ്ങള്‍ വിവിധ ജനതതികള്‍ക്കിടയിലെ അവസാനിക്കാത്ത അന്തഃസംഘര്‍ഷങ്ങള്‍ക്കും സാമൂഹിക അകല്‍ച്ചകള്‍ക്കും വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും വഴിമരുന്നിടുമെന്നാണ് നമ്മുടെ കണ്‍മുന്നിലെ അനുഭവം. ആഗസ്റ്റ് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര ശിലാന്യാസം നടത്തുമ്പോള്‍ അദ്ദേഹം കേവലം ഒരു മതവിഭാഗത്തിന്റെ മാത്രം നേതാവായി ചുരുങ്ങുകയാണ് ചെയ്യുക. അത്തരമൊരു പരിമിതപ്പെടല്‍ എര്‍ദോഗാനും സംഭവിച്ചിരിക്കുകയാണ്. ഇവിടെയാണ് ഹാഗിയ സോഫിയ പള്ളിയുടെ വിഷയത്തില്‍ അദ്ദേഹത്തിന്റെ സമീപനത്തെ പിന്തുണയ്ക്കുന്നവര്‍ വിമര്‍ശിക്കപ്പെടുന്നതിലെ അര്‍ത്ഥതലങ്ങള്‍ വിപുലമാകുന്നത്.

പാകിസ്താനിലെ ലാഹോറിലുള്ള ഷാഹിദ് ഗന്‍ജ് മസ്ജിദ് കേസില്‍, ഉന്നത നീതിപീഠം സിഖുകാര്‍ക്ക്  അനുകൂലമായി നിയമത്തിന്റെ ബലത്തില്‍ വിധിച്ചപ്പോള്‍, ആ വിധി സ്വീകരിക്കാന്‍ മുസ്ലിങ്ങള്‍ സന്നദ്ധമായത് വളരെ പ്രസക്തമാണ്. 1722-ല്‍ ഫലക് ബേഗ് ഖാന്‍ ഒരു സ്വത്ത്, വഖഫ് ചെയ്തതിനും അവിടെ പള്ളി പണിതതിനും വ്യക്തമായ രേഖകള്‍  ഉണ്ടായിട്ടും സിഖുകാര്‍ക്ക് അത് വിട്ടുകൊടുത്തത് ലോ ഓഫ് ലിമിറ്റേഷന്‍ പ്രകാരം സമയപരിധി കഴിഞ്ഞു എന്നു നിരീക്ഷിച്ചുകൊണ്ടായിരുന്നു. നിയമനിര്‍മ്മാണത്തിലൂടെ മുസ്ലിങ്ങള്‍ക്ക് ഷാഹിദ് ഗഞ്ച് മസ്ജിദ് തിരിച്ചുകൊടുക്കണമെന്ന മുറവിളി നാനാഭാഗങ്ങളില്‍നിന്നും ഉയര്‍ന്നപ്പോള്‍ 1937-'38 ല്‍ അന്നത്തെ പഞ്ചാബ് പ്രധാനമന്ത്രി സര്‍ സിക്കന്തര്‍ ഹയാത്ത് ഖാന്‍ ആ നീക്കത്തോട് വിയോജിച്ചു.

മുസ്ലിമേതര വിഭാഗങ്ങള്‍ സമാനമായ ആവശ്യം ഉന്നയിക്കുകയാണെങ്കില്‍ മുസ്ലിങ്ങളുടെ അധീനതയിലുള്ള നിരവധി ദേവാലയങ്ങള്‍ വിട്ടുകൊടുക്കേണ്ടിവരുമെന്ന യുക്തി നിരത്തിയായിരുന്നു ആ എതിര്‍പ്പ്. കാശിയിലേയും മഥുരയിലേയും പള്ളികളുടെമേല്‍ സംഘ്പരിവാര്‍ നേരത്തെ തന്നെ അവകാശവാദങ്ങള്‍ ഉന്നയിച്ച് അന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കാന്‍ ശ്രമിക്കുന്നത് ആരും മറക്കരുത്. പ്രതികാരത്തിന്റേയും പിടിച്ചടക്കലിന്റേയും തിരിച്ചുപിടിക്കലിന്റേയും രാഷ്ട്രീയം ആരെയും എവിടെയുമെത്തിക്കില്ല. ചരിത്രം വായിക്കുന്നത് പറ്റിയ തെറ്റുകള്‍ ആവര്‍ത്തിക്കാനല്ല. പിന്നിട്ട നാള്‍വഴികളില്‍ സംഭവിച്ച പാകപ്പിഴവുകളും അബദ്ധങ്ങളും തിരുത്തി ജനങ്ങള്‍ക്കിടയിലെ സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിച്ച് മുന്നോട്ട് പോകാനാണ്. ഉള്‍ക്കൊള്ളലിന്റേയും ചേര്‍ത്തുവെയ്ക്കലിന്റേയും രീതിശാസ്ത്രം മനുഷ്യനെ പഠിപ്പിച്ച സൂഫിവര്യന്മാരായ മഹത്തുക്കളുടെ മാതൃകയാണ് പുതിയ കാലത്തിന് ഏറ്റവും അഭികാമ്യം. ആ പാരമ്പര്യത്തിന്റെ നേരവകാശികളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഹാഗിയ സോഫിയ വിഷയത്തില്‍ മുസ്ലിംലീഗ്, ഇസ്ലാമിലെ പുത്തന്‍കൂറ്റുകാരായ വലതുപക്ഷ മതരാഷ്ട്ര വാദികളുടെ താവളം തേടിപ്പോയത് ഒട്ടും അഭികാമ്യമല്ല. ലീഗിന്റെ വോട്ട്ബാങ്കായ സുന്നികളും മുജാഹിദുകളും അംഗീകരിക്കാത്ത വാദം ലീഗ് എഴുന്നള്ളിച്ച് കൊണ്ടുവരുന്നത് ആരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ്? കയ്യിലെ ഏറ്റവും വിലപിടിപ്പുള്ള പ്രാവുകളെ വിട്ട് മാനത്ത് പറക്കുന്ന കാക്കയെ പിടിക്കാന്‍ ശ്രമിക്കുന്ന ലീഗ് ശ്രമം അവര്‍ക്ക് നഷ്ടങ്ങള്‍ മാത്രമേ വരുത്തൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com