അലയുന്നവന്റെ ആത്മഭാഷണങ്ങള്‍

ഇനി എന്നാണ് കെട്ടഴിഞ്ഞ കാറ്റുപോലെ യാത്രികനു സ്വതന്ത്രമായി സഞ്ചരിക്കാനാവുക്കാനാവുക? തന്റെ പ്രിയപ്പെട്ട വഴികളിലേയ്ക്ക് തിരിച്ചുപോവാനാവുക? ഇനി എല്ലാകാലവും മനുഷ്യസംഗമങ്ങള്‍ ഒരു പഴങ്കഥയാവുമോ? 
അലയുന്നവന്റെ ആത്മഭാഷണങ്ങള്‍

ടുക്കളയടക്കം നാല് മുറികള്‍ മാത്രമുള്ള കൊച്ചു ഫ്‌ലാറ്റില്‍നിന്ന് ആകാശത്തേയ്ക്ക് തുറക്കുന്ന ചതുര ബാല്‍ക്കണിയിലിരുന്ന് കണ്ണടയ്ക്കുമ്പോള്‍ ഉള്ളില്‍ തെളിഞ്ഞു മായുന്നത് നിരവധി നിരവധി സ്ഥലങ്ങളാണ്: ഉഴുന്നുവടയും ചമ്മന്തിയും ഇഡ്ഡലിയും ദോശയും ദാലും പൂരിയും സബ്ജിയും പല പല കൂട്ടുകളിലുള്ള ബിരിയാണിയും പച്ചരിച്ചോറും ചൂട് കാപ്പിയും മസാലമൂടിയും* തക്കാളി സൂപ്പും മാറി മാറി മണക്കുന്ന ബഹളമയമായ ഏതൊക്കെയോ റെയില്‍വേ സ്റ്റേഷനുകള്‍; അവിടെ, ഏതൊക്കെയോ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ വെമ്പിയിരമ്പി നീങ്ങുന്ന മനുഷ്യത്തിരകള്‍; അവരുടെ ഉടലിന്റെ ഭിന്നഭിന്നമായ ഗന്ധങ്ങള്‍; പല ദേശങ്ങളും ഭാഷകളും രുചികളും നിറഞ്ഞ തീവണ്ടി കംപാര്‍ട്ട്മെന്റുകള്‍; മനുഷ്യജീവിതത്തിന്റെ അമ്പരപ്പിക്കുന്ന അടരുകളുള്ള മഹാനഗരങ്ങള്‍, അവയുടെ രാജവീഥികള്‍, പിന്‍വഴികള്‍; പല തട്ടുകളില്‍, പല ഭാവങ്ങളില്‍ മനുഷ്യര്‍ വരികയും മേളിക്കുകയും ചെയ്യുന്ന മദ്യശാലകള്‍; ആള്‍ക്കൂട്ടങ്ങള്‍ ആനന്ദനൃത്തമാടുന്ന ഉത്സവപ്പറമ്പുകള്‍; മണ്ണും മനുഷ്യന്റെ വിയര്‍പ്പും മണക്കുന്ന നാട്ടുചന്തകള്‍; കാഷായവും ധൂപക്കൂട്ടുകളും മണക്കുന്ന ആശ്രമങ്ങള്‍; ഇന്ദ്രിയാതീത ഗന്ധങ്ങളുള്ള സൂഫീ പഥങ്ങള്‍; യൗവ്വനം തിളയ്ക്കുന്ന പബ്ബുകള്‍, മോടിയേറിയ തെരുവുകള്‍; ഇളം തണുപ്പാര്‍ന്ന പകലുകളും നനഞ്ഞ സന്ധ്യകളും തണുത്തുറഞ്ഞ രാത്രികളുമുള്ള ഹില്‍സ്റ്റേഷനുകള്‍; തണുപ്പില്‍ ആ ദേശങ്ങള്‍ വിളമ്പിയ ചൂടുള്ള ഭക്ഷണത്തിന്റെ രുചികള്‍; തണുത്ത കല്‍ത്തളങ്ങളും കൂറ്റന്‍ തൂണുകള്‍ക്കിടയിലൂടെ ദീര്‍ഘിക്കുന്ന ഇടനാഴികളുമുള്ള കോവിലുകള്‍; ഈ ലോകത്തെ ആധുനിക പരിമളങ്ങളെല്ലാം മേളിക്കുന്ന ഷോപ്പിംഗ് മാളുകള്‍; ആകാശപാതകളിലേക്ക് വാതില്‍ തുറക്കുന്ന വിമാനത്താവളങ്ങള്‍; അജ്ഞാതനായ വഴിയാത്രക്കാരനു ഭക്ഷണവും കിടക്കാനിടവും നല്‍കുന്ന പര്‍വ്വതപഥങ്ങളിലെ കര്‍ഷകമാടങ്ങള്‍; ധാന്യം മണക്കുന്ന വയല്‍പ്പരപ്പുകള്‍; കാലം കുറുകിയൊതുങ്ങിയ സ്മാരകങ്ങള്‍; കടലോരങ്ങള്‍; നിശാഭംഗികള്‍; നൃത്തമണ്ഡപങ്ങള്‍; വരികയും ഒപ്പം ചേരുകയും എങ്ങോട്ടൊക്കെയോ പിരിഞ്ഞുപോവുകയും ചെയ്ത മനുഷ്യര്‍; നീട്ടപ്പെടുന്ന ഒഴിഞ്ഞ കൈകള്‍; കൊയ്‌തൊഴിഞ്ഞ വിശാലമായ വയലിലൂടെ ദീര്‍ഘിച്ച് ദീര്‍ഘിച്ച് മറയുന്ന ഒറ്റയടിപ്പാതകള്‍; തലപ്പാവും തമ്പേറിന്റെ ശബ്ദവും കടുംരുചികളും നിറഞ്ഞ മരുഭൂമികള്‍; അക്ഷരം മണക്കുന്ന പുസ്തകശാലകള്‍; പാതിരാത്രിക്കുമപ്പുറം തുറന്നിരിക്കുന്ന തീന്‍ഗൃഹങ്ങള്‍... എല്ലാമെല്ലാം ഇക്കാല ജീവിതത്തിനിടയില്‍ സ്വതന്ത്രമായി കടന്നുപോന്ന ഇടങ്ങള്‍. അവയൊക്കെയിപ്പോള്‍ എങ്ങനെയായിരിക്കും? ആ മനുഷ്യരൊക്കെ എന്തുചെയ്യുകയായിരിക്കും? ഇനി എന്നാണ് കെട്ടഴിഞ്ഞ കാറ്റുപോലെ യാത്രികനു സ്വതന്ത്രമായി സഞ്ചരിക്കാനാവുക? തന്റെ പ്രിയപ്പെട്ട വഴികളിലേയ്ക്ക് തിരിച്ചുപോവാനാവുക? ഇനി എല്ലാകാലവും മനുഷ്യസംഗമങ്ങള്‍ ഒരു പഴങ്കഥയാവുമോ? അനന്തമായ വഴികളുടെ സാധ്യതകള്‍ മുന്നില്‍ യാത്രികനു മുന്നില്‍ കൊട്ടിയടക്കപ്പെടുമോ? യാത്ര ജീവന്റെ സത്തയില്‍ കലര്‍ന്ന യാത്രികരെല്ലാം സ്വയം ചോദിക്കുന്ന ചോദ്യങ്ങള്‍ ഇങ്ങനെ നിരവധിയാണ്.

ആങ് സാൻ സ്യൂകി
ആങ് സാൻ സ്യൂകി

യാത്രകള്‍ ജീവിതത്തെ എത്രമാത്രം ചൈതന്യഭരിതമാക്കിയിരുന്നു എന്നു മാസങ്ങളോളം അടച്ചിരുന്നപ്പോഴാണ് തിരിച്ചറിഞ്ഞത്. വീടിനു മുന്നിലെ ഇടവഴികള്‍പോലും പൊടുന്നനെ അടയ്ക്കപ്പെടുമ്പോള്‍, വീട്ടുതടങ്കലിന്റെ പ്രതീതിയില്‍ ജീവിക്കേണ്ടിവന്നപ്പോള്‍ പലപ്പോഴും ഓര്‍ത്തത് ആങ്ങ് സാന്‍ സ്യൂകിയെയാണ്. ദശാബ്ദങ്ങള്‍ നീണ്ട വീട്ടുതടങ്കലിലിരുന്ന് സ്യൂകി ചെയ്തത്. സ്വതന്ത്രകാലത്ത് താന്‍ നടന്നുതീര്‍ത്ത വഴികളെ ഓര്‍ക്കുകയായിരുന്നു. നടന്നുകയറിയ ബര്‍മ്മയിലെ (ഇപ്പോഴത്തെ മ്യാന്‍മാര്‍) കുന്നുകളും ധ്യാനിച്ച വിഹാരങ്ങളും അവിടത്തെ ഗന്ധങ്ങളും കാഴ്ചകളുമെല്ലാം ഓര്‍മ്മകളിലൂടെ അവര്‍ക്ക് ഏകാന്തതയില്‍ കൂട്ടായി. ബുദ്ധിസ്റ്റ് വിപാസന ധ്യാനത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ അവര്‍ വായിച്ചു. ധ്യാനം പരിശീലിച്ചു. വിമോചനത്തിനുശേഷം ഒരു അഭിമുഖകാരന്‍ സ്യൂകിയോട് ചോദിച്ചു: ''വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടാല്‍ താങ്കള്‍ എന്തുചെയ്യും?'' ചിരിച്ചുകൊണ്ട്, ആ ചോദ്യത്തിന് സ്യൂകി ഇങ്ങനെ മറുപടി പറഞ്ഞു:

''ധ്യാനത്തിന്റെ ഉയര്‍ന്ന പടവുകളിലേയ്ക്ക് ഞാന്‍ എത്തിച്ചേര്‍ന്നുവോ എന്ന കാര്യം ഞാന്‍ ഉറപ്പുവരുത്തും.'' ബുദ്ധമതത്തില്‍ പുറംലോക ബന്ധങ്ങള്‍ വിച്ഛേദിച്ച് ഇരിക്കുക എന്നത് അസുഖകരമായ ഒരു കാര്യമല്ല. കുട്ടിക്കാലത്തേ അവര്‍ അതിനു പരിശീലിക്കപ്പെടുന്നു; തനിച്ചിരുന്ന് ധ്യാനിച്ച് ഇന്ദ്രിയങ്ങളെ ശുദ്ധീകരിക്കാനായി. പുറംലോകത്തേക്കുള്ള വഴികളെല്ലാമടഞ്ഞ്, ആള്‍ക്കൂട്ടങ്ങളെല്ലാം അസ്തമിച്ച ഇക്കാലത്ത് തന്നിലേക്കുള്‍വലിഞ്ഞ് ധ്യാനപൂര്‍വ്വം ഇരിക്കാന്‍ രക്തത്തില്‍ യാത്രയും (അത് എത്ര ചെറുതായാല്‍പ്പോലും) മൂര്‍ച്ഛകളും ഭ്രമങ്ങളും ഭ്രമണം ചെയ്യുന്ന ഒരാള്‍ക്ക് സാധിക്കുമോ? വളരെ വളരെ ബുദ്ധിമുട്ടായിരിക്കും എന്നാണ് അനുഭവം.

പിറന്ന് പരിചയിച്ച ദേശം വിട്ട് മനുഷ്യന്‍ എന്തിനാണ് എങ്ങോട്ടൊക്കെയോ യാത്ര ചെയ്ത് തുടങ്ങിയത്? കൃഷിനിലങ്ങള്‍ തേടി, മെച്ചപ്പെട്ട ജീവിതാവസ്ഥകള്‍ തേടി, ജീവിതസാധ്യമായ കാലാവസ്ഥകള്‍ തേടി, വ്യാപാരസാധ്യതകള്‍ തേടി, പ്രകൃതിക്ഷോഭങ്ങള്‍ പേടിച്ച് ഇങ്ങനെയെല്ലാം മാനവചരിത്രത്തില്‍ വലിയ വലിയ യാത്രകള്‍ നടന്നു. അവയില്‍ പലതും കൂട്ടായ അന്വേഷണമായിരുന്നു; പലതും പലായനവും. അവയ്ക്ക് ഭൗതികമായി കാണാന്‍ സാധിക്കുന്ന കാരണങ്ങളുണ്ടായിരുന്നു. എന്നാല്‍, ഈ ആവശ്യങ്ങള്‍ ഒന്നുമില്ലാതെ ഏകാകിയായി, ഒരു തോള്‍ഭാണ്ഡവുമെടുത്ത് ഏതൊക്കെയോ മനുഷ്യര്‍ എങ്ങോട്ടൊക്കെയോ ഇറങ്ങിനടക്കുന്നത് എന്തിനാണ്? അലഞ്ഞലഞ്ഞ് അവര്‍ എന്തൊക്കെയോ സ്വയം അനുഭവിക്കുന്നതും അന്വേഷിക്കുന്നതും എന്തിനാണ്? ആ അനുഭവങ്ങളും കാഴ്ചകളും എന്തിനാണ് അവര്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നത്? ഭൗതികനേത്രങ്ങളുടെ യുക്തികള്‍ മതിയാവില്ല ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍.

എസ്കെ പൊറ്റക്കാട്
എസ്കെ പൊറ്റക്കാട്

കോഴിക്കോട് എന്ന കടലോര ഗ്രാമീണ പട്ടണത്തില്‍നിന്ന്, ആധുനികകാല യാത്രാ സൗകര്യങ്ങളൊന്നും വികസിക്കാത്ത 1949-ല്‍, കപ്പലില്‍ക്കയറി ആഫ്രിക്കയിലേക്കു പോവുന്നത് എന്തിന് എന്ന ചോദ്യത്തിന് ശങ്കരന്‍കുട്ടി പൊറ്റെക്കാട് എന്ന എസ്.കെ. പൊറ്റെക്കാടിന് ഒരു ഏകദേശ ഉത്തരമേ നല്‍കാന്‍ കഴിഞ്ഞിരുന്നുള്ളൂ. മിഠായിത്തെരുവിലെ വീറ്റ് ഹൗസില്‍ (ഇന്നതില്ല) വച്ച് കോഴിക്കോട്ടെ സുഹൃത്തുക്കള്‍ നല്‍കിയ യാത്രയയപ്പില്‍ അധ്യക്ഷം വഹിച്ച കുട്ടിക്കൃഷ്ണമാരാരുടെ ചോദ്യം ഇങ്ങനെയായിരുന്നു: ''ലോകത്തിലെ എത്രയോ നല്ല നാടുകള്‍ കാണാനിരിക്കെ എസ്.കെ. എന്തിനാണ് ഇരുണ്ട ആഫ്രിക്കയിലേക്ക് പോവുന്നത്?'' അതിന് എസ്.കെ. ഇങ്ങനെ മറുപടി പറഞ്ഞു: ''പച്ചമനുഷ്യനെ കാണണമെങ്കില്‍ ആഫ്രിക്കയില്‍ പോവണം എന്ന് അജ്ഞാതനായ ഒരു സഞ്ചാരി എഴുതിയത് എന്നെ ആകര്‍ഷിച്ചു. പച്ചയായ മനുഷ്യനെ കാണാനും പഠിക്കാനുമാണ് ഞാന്‍ ആഫ്രിക്കയിലേക്കു പോവുന്നത്.'' എസ്.കെയെപ്പോലുള്ള ഒരു ലോകസഞ്ചാരിയില്‍നിന്നുള്ള ഒഴുക്കന്‍ മറുപടിയായിട്ടേ ഇതിനെ കാണാന്‍ സാധിക്കൂ. തന്നിലെ സ്വതസിദ്ധമായ ഫലിതമായിരിക്കാം ഇത്തരത്തില്‍ ഒരു മറുപടി നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. അതിലുപരി, പുതിയറയിലെ മരമില്ലിലെ ജോലി ഉപേക്ഷിച്ച് എന്തിനാണ് അദ്ദേഹം ഇത്രയും അപകടകരമായ യാത്രകള്‍ക്ക് പുറപ്പെട്ടുപോയത് എന്നത് ഒരുപക്ഷേ, അദ്ദേഹത്തിനുപോലും ഉത്തരം പറയാന്‍ സാധിക്കാത്ത ചോദ്യമായിരിക്കും. എത്രയോ പേരുണ്ട് മലയാളികളായി. എന്തുകൊണ്ട് ഒരു എസ്.കെ. മാത്രം? എല്ലാ യാത്രികരും തന്നോടുതന്നെ ചോദിക്കുന്ന ചോദ്യമായിരിക്കാം ഇത്. 50 വയസ്സ് എത്തും മുന്‍പേ എയ്ഡ്സ് ബാധിച്ച് മരിച്ചുപോയ ബ്രിട്ടീഷ് സഞ്ചാരി ബ്രൂസ് ചാറ്റ്വിനും ഇതേ ചോദ്യം സ്വയം ചോദിച്ചിട്ടുണ്ട്. എന്തുകൊണ്ട്, എന്തിന് ഈ അലച്ചില്‍? എന്ന ചോദ്യങ്ങള്‍ക്ക് 'RESTLESSNESS' എന്ന പദമാണ് ചാറ്റ്വിന് മറുപടിയായി തന്റെ തന്നെ സത്തയില്‍നിന്നു കിട്ടിയത്. ആ ഇംഗ്ലീഷ് പദത്തിന്റെ ഏകദേശ മലയാളപരിഭാഷ അസ്വസ്ഥത, ചഞ്ചലമായ, അസ്വസ്ഥമായ, അശാന്തമായ, ഇളകി മറിഞ്ഞ, അടങ്ങിയിരിക്കാനാവാത്ത എന്നിവയൊക്കെയാണ്. 'RESTLESSNESS' എന്ന ഇംഗ്ലീഷ് വാക്കിന്റെ പൂര്‍ണ്ണാര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ ഈ പരിഭാഷകള്‍ക്കൊന്നും സാധിക്കുന്നില്ല. കാരണം, അര്‍ത്ഥത്തെക്കാളേറെ അനുഭവമാണ് RESTLESSNESS. അത് യാത്രികന്റെ സത്തയില്‍ നടക്കുന്ന കലാപമാണ്. ദൂരങ്ങള്‍ക്കും കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കും വേണ്ടിയുള്ള വിലാപമാണ്. ബ്രൂസ് ചാറ്റ്വിന്റെ യാത്രകള്‍ തീര്‍ച്ചയായും അത്തരത്തിലുള്ളവ തന്നെയായിരുന്നു.

ബ്രൂസ് ചാറ്റ്വിൻ
ബ്രൂസ് ചാറ്റ്വിൻ

ചാറ്റ്വിന്റെ മുത്തശ്ശിയുടെ ശേഖരത്തില്‍ താവേങ്ക് എന്ന മൃഗത്തിന്റെ ചരിത്രാതീതകാലത്തെ ഫോസിലുണ്ടായിരുന്നു. മുത്തശ്ശിയുടെ കസിനായ ചാള്‍സ് ആംഹെര്‍സ്റ്റ് മില്‍വാര്‍ഡിന് ചിലിയന്‍ പാറ്റഗോണിയയിലെ ഗുഹകളിലൊന്നില്‍വച്ച് ലഭിച്ചതായിരുന്നു അത്. ഇതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വളര്‍ന്നപ്പോള്‍ ബ്രൂസ് ചാറ്റ്വിന്‍ പാറ്റഗോണിയവരെ പോയത്. ആ വിചിത്ര ഭൂപ്രദേശത്ത് അലഞ്ഞലഞ്ഞ്, അവിടത്തെ മനുഷ്യരുമായി ഇടപഴകി ഒരുപാട് നാള്‍ അദ്ദേഹം ജീവിച്ചു. പിന്നീട് ആസ്ട്രേലിയയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പോയി പാര്‍ത്തു. അഫ്ഗാനിസ്ഥാനിലെ വ്യത്യസ്ത ജീവിതങ്ങളെത്തേടി. ഒടുവില്‍ അലഞ്ഞലഞ്ഞ് കോഴിക്കോട് വരെയെത്തി എന്നു പറഞ്ഞാല്‍ ഈ മനുഷ്യന്റെ കോശങ്ങളിലെ ദൂരങ്ങള്‍ക്കു വേണ്ടിയുള്ള ദാഹം ഊഹിക്കാം. കോഴിക്കോട്ട് വന്നു തിരിച്ചുപോയതിനുശേഷം ഡല്‍ഹിയിലെ പത്രപ്രവര്‍ത്തക സുഹൃത്തായ സുനില്‍ സേഥിക്ക് എഴുതിയ കത്തില്‍ ചാറ്റ്വിന്‍ കുറിച്ചു: ''എനിക്ക് കുറച്ച് കോഴിക്കോടന്‍ ലുങ്കി വാങ്ങി അയച്ചുതരുമോ?'' കത്തിലെ കൃത്യമായ വാചകം ഇങ്ങനെ: 'If you know anyone going to kerala, can they bring some of the plain cotton lunghis with coloured stripe' ബ്രൂസ് ചാറ്റ് വിന്‍ ഒന്നും സമ്പാദിച്ചില്ല, കൂട്ടിവച്ചില്ല. ഈ ഭൂമി മുഴുവന്‍ കണ്ടുതീര്‍ക്കാനുള്ള ആര്‍ത്തിയോടെ അലഞ്ഞലഞ്ഞു മിന്നിപ്പൊലിഞ്ഞു. തന്റെ കുറിപ്പുകളുടെ സമാഹാരത്തിന് അദ്ദേഹം നല്‍കിയ പേര് 'ANATOMY OF RESTLESSNESS' എന്നാണ്. RESTLESSNESS എന്നത് ഒരു യാത്രികനു മാത്രം മനസ്സിലാക്കാന്‍ സാധിക്കുന്ന ഒന്നായിരിക്കാം.

വിൽഫ്രഡ് പാട്രിക് തെസി​ഗർ
വിൽഫ്രഡ് പാട്രിക് തെസി​ഗർ

എത്യോപ്യയിലെ അഡ്ഡിസ് അബാബയില്‍ ജനിച്ച വില്‍ഫ്രഡ് പാട്രിക് തെസിഗര്‍ വളര്‍ന്നപ്പോള്‍ എന്തിനായിരുന്നു വീണ്ടും വീണ്ടും അറേബ്യന്‍ മരുഭൂമികളിലേയ്ക്ക് വേഷം മാറി യാത്ര ചെയ്തത്? റുബുല്‍ഖാലി എന്ന് അറബിയിലും EMPTY QUARTER എന്ന് ഇംഗ്ലീഷിലും പറയുന്ന അതിതീവ്ര മരുപ്രദേശം, വെറുമൊരു വള്ളിച്ചെരുപ്പുമിട്ട്, മരുഭൂമിയിലെ ഗോത്രവിഭാഗമായ ബദൂയിനുകളുടെ വേഷത്തില്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് അതിസാഹസികമായ അഞ്ച് വര്‍ഷമെടുത്താണ് തെസിഗര്‍ കടന്നുപോന്നത്. 'ARABIAN SANDS' എന്ന കൃതി ഈ അലച്ചിലിന്റെ സൃഷ്ടിയാണ്. പിന്നീട് ഇറാഖിലെ ചതുപ്പ് പ്രദേശങ്ങളില്‍ എട്ട് വര്‍ഷം അദ്ദേഹം അന്നാട്ടുകാര്‍ക്കൊപ്പം പാര്‍ത്തു. 'MARSH ARABS' എന്ന പുസ്തകം ആ അനുഭവങ്ങളാണ്. അവിവാഹിതനായി ജീവിച്ച തെസിഗര്‍ കൂടുതല്‍ക്കൂടുതല്‍ വന്യമായ ഇടങ്ങള്‍ ജീവിതകാലം മുഴുവന്‍ തേടിക്കൊണ്ടേയിരുന്നു.

രാജൻ കാക്കനാടൻ
രാജൻ കാക്കനാടൻ

എന്തുമാത്രം തീവ്ര ജീവിതദാഹത്തോടെയാണ് രാജന്‍ കാക്കനാടന്‍ ഹിമവാന്റെ മുകള്‍ത്തട്ടിലേക്ക് കയറിപ്പോയത്! ഹിമക്കരടിയുടെ ഗുഹയില്‍ രാപാര്‍ത്തതും ശവമാണെന്നറിയാതെ ഒരു മനുഷ്യശരീരത്തിനൊപ്പം കിടന്നുറങ്ങിയതും! പോള്‍ തെറൂ ലോകമെങ്ങുമുള്ള തീവണ്ടികളില്‍ക്കയറി അലഞ്ഞത്! രവീന്ദ്രന്‍ ഗോത്രജീവിതങ്ങളുടെ അടരുകളിലേയ്ക്കും ആല്‍പ്സിന്റെ തടങ്ങളിലേയ്ക്കും പോയത്! മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് ജനിച്ച് നാലാം ക്ലാസ്സ് വരെ മാത്രം പഠിച്ച മൊയ്തു കിഴിശ്ശേരിക്ക് സാമാന്യ മനുഷ്യജീവിത നിയമപ്രകാരം സ്വദേശത്തിന്റെ ഇത്തിരിവട്ട മണ്‍പാതകള്‍ക്ക് അപ്പുറത്തേയ്ക്ക് പോവേണ്ട യാതൊരു ആവശ്യവുമില്ല. എന്നാല്‍, പത്താംവയസ്സില്‍ അയാള്‍ അലയാന്‍ തുടങ്ങി. ആ മനുഷ്യന്‍ പോയ വഴികള്‍ ഏതൊക്കെയാണ്! കശ്മീരിലൂടെ വാഗാ അതിര്‍ത്തികടന്ന് പാകിസ്താനിലിറങ്ങി; മോഹന്‍ജൊദാരോ കണ്ടു; ചൈനയിലെ വന്‍മതില്‍ കണ്ടു; കൈലാസവും ചാവുകടലും മംഗോളിയയും കണ്ടു; ഉത്തരകൊറിയയിലൂടെയും അഫ്ഗാനിസ്താനിലൂടെയും കടന്നുപോയി. കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, ഉസ്ബെക്കിസ്താന്‍, കസാക്കിസ്താന്‍, തുര്‍ക്ക് മെനിസ്താന്‍, ടെഹ്റാന്‍, അര്‍മീനിയ, ഇറാന്‍ തുര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്സര്‍ലന്റ്, റഷ്യ, ഉക്രെയിന്‍, പോളണ്ട്, ബള്‍ഗേറിയ, ഈജിപ്ത്, ഇറാഖ്, യെമന്‍, ഒമാന്‍... രാജ്യങ്ങളില്‍നിന്നു രാജ്യങ്ങളിലേക്കുള്ള അലച്ചില്‍. നൈല്‍ നദിയിലും യൂഫ്രട്ടീസ് നദിയിലും കുളിച്ചു. ജോര്‍ദ്ദാന്‍ നദി നീന്തിക്കടന്നു. ജീസസിന്റെ നസ്റേത്തും ഗലീലിക്കടലും കണ്ടു. എന്തായിരിക്കാം ഭൂമിയുടെ പൊക്കിള്‍ക്കൊടി തേടിയെന്നപോലെ അപ്പോഴും മൊയ്തു എന്ന ഏറനാട്ടുകാരനെ കൊളുത്തി വലിച്ചിട്ടുണ്ടാവുക? യാത്രകളെല്ലാം തീര്‍ത്ത് (ഒരുപക്ഷേ, തീര്‍ന്നിരിക്കില്ല, കസാന്‍ദ്സാക്കിസ് തന്റെ ആത്മകഥയുടെ ആമുഖത്തില്‍ കുറിച്ചതുപോലെ: ''ഞാന്‍ ക്ഷീണിതനല്ല, പക്ഷേ, സൂര്യന്‍ അസ്തമിച്ചിരിക്കുന്നു'' എന്നു മനസ്സില്‍ നിനച്ചാവാം), നാട്ടിലെത്തിയ ശേഷം, വൃക്കസംബന്ധമായ അസുഖബാധിതനായി മൊയ്തു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഞാന്‍ ഒരു മാധ്യമപ്രതിനിധി എന്ന നിലയില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. കാലുകള്‍ കട്ടിലില്‍ക്കയറ്റിവച്ച്, നീരുവന്ന മുഖവുമായി കിടക്കുകയായിരുന്നു അദ്ദേഹം. അത്ഭുതത്തോടെ ഞാനാ കാലടികളിലേയ്ക്ക് നോക്കി. അത് തേഞ്ഞുതേഞ്ഞ് നേര്‍ത്തിരുന്നു. ഭൂമി മുഴുവന്‍ അലഞ്ഞതിന്റെ എല്ലാ ലക്ഷണങ്ങളും ആ കാലടികളില്‍ കാണാമായിരുന്നു. മൊയ്തുവിന്റെ കണ്ണുകളില്‍ അപാരമായ ഒരു നിസ്സംഗതയായിരുന്നു. കൊണ്ടോട്ടിയില്‍നിന്നും അലഞ്ഞു പോവാന്‍ എന്താണ് മൊയ്തുവിനെ ആഞ്ഞുവലിച്ചത് എന്ന എന്റെ ചോദ്യത്തിന് അദ്ദേഹത്തിനു മറുപടിയില്ലായിരുന്നു. എന്റെ മുന്നില്‍ തളര്‍ന്നുകിടക്കുന്ന യഥാര്‍ത്ഥ യാത്രികനെ ആ ഉത്തരമില്ലായ്മയില്‍നിന്നും എനിക്കു തിരിച്ചറിയാന്‍ സാധിച്ചു.

മൊയ്തു കിഴിശ്ശേരി
മൊയ്തു കിഴിശ്ശേരി

നിര്‍വ്വചനങ്ങള്‍ക്കപ്പുറത്തായിരുന്നു സ്വയം വിശദീകരിക്കാന്‍പോലും സാധിക്കാത്ത ഇവരുടെയെല്ലാം യാത്രകളുടെയെല്ലാം അന്തരിക ചോദനകള്‍. അത്തരം ചോദനകളുടെ പ്രകാശനത്തെയാണ് ഈ മഹാമാരിക്കാലം ഒറ്റയടിക്ക് അടച്ചുകളഞ്ഞത്. യാത്രികര്‍ക്ക് അവരുടെ വഴികള്‍ നഷ്ടപ്പെട്ടിരിക്കുന്നു; വിഭിന്ന ജീവിതാനുഭവങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു; ആള്‍ക്കൂട്ടങ്ങളും ഉത്സവനിറങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു; അയാള്‍ തനിച്ചാവുന്നു-ആ സമയത്തും യാത്രികന്റെ അനാട്ടമിയില്‍ RESTLESSNESS പെരുകുന്നു. 

********

ലോക്ഡൗണിന്റെ ആദ്യ ദിവസങ്ങള്‍ ഏറെ പുതുമയുറ്റതായിരുന്നു. ഗുജറാത്തിലൂടെയുള്ള ഒരു വലിയ അലച്ചിലിനുശേഷം ഒരു സമ്പൂര്‍ണ്ണ അടച്ചിരിപ്പ്; അതിന്റെ ധ്യാനാത്മകത. അത് തരുന്ന ആന്തരികാനന്ദം. ജീവിതത്തിന്റെ വേഗക്കുറവ് നല്‍കുന്ന സൗഖ്യം. എന്നാല്‍, പോകെപ്പോകെ ദൂരങ്ങളിലേയ്ക്കുള്ള വഴികളൊന്നൊന്നായി അടയുന്നതു കണ്ടു. എല്ലാ വാതിലുകളും എല്ലാ ജനല്‍പ്പാളികളും അടയുകയാണ്. തൊട്ടടുത്ത ജില്ലപോലും അന്യദേശമാവുന്നു. ഇന്ത്യ എന്ന മഹാരാജ്യത്തിനു ദൂരമേറുന്നു. ദൂരങ്ങള്‍ വിളിക്കുമ്പോഴും കാലുകളിലെ ചങ്ങല മുറുകുന്നു. ആള്‍ക്കൂട്ടങ്ങള്‍, അതിന്റെ ശബ്ദങ്ങള്‍, ഗന്ധങ്ങള്‍, അപരിചിത ദേശങ്ങളും ജീവിതങ്ങളും രുചികളും പകരുന്ന സത്തയിലെ സര്‍ഗ്ഗാത്മകത എന്നിവയെല്ലാം നഷ്ടമാവുന്നത് അനുഭവിച്ചറിഞ്ഞു. അതിനനുസരിച്ച്, മുന്‍പലഞ്ഞ പാതകളും കണ്ട കാഴ്ചകളും അവിടത്തെ അനുഭവങ്ങളുമെല്ലാം മനസ്സില്‍ സജീവമാവുന്നു. യാത്രകളെല്ലാം സ്വന്തം ഉള്ളിലേയ്ക്കാവുന്നു. (അതങ്ങനെയാവാം സംഭവിക്കുക. ശരീരം തടവിലാവുന്നതിനനുസരിച്ച് മനം യാത്ര തുടങ്ങുമായിരിക്കാം. അതുകൊണ്ട് കൂടിയാവാം

വിഎസ് നയ്പാൾ 
വിഎസ് നയ്പാൾ 

''തടവില്‍ പാര്‍ക്കിലും ചിത്തം തടവെന്യേ നടക്കയാല്‍
അമൂല്യരത്‌നമാം ഗീതാ രഹസ്യമവതീര്‍ണ്ണമായ്'' എന്ന് തടവിലിരുന്ന് രചിച്ച ഗീതാരഹസ്യത്തിന്റെ ആമുഖമായി ബാലഗംഗാധര തിലകന്‍ കുറിച്ചത്.) ഈയൊരവസരത്തിലാണ് ചെറിയൊരു സഞ്ചാരംപോലും എത്രമാത്രം വാതിലുകളാണ് സത്തയില്‍ തുറന്നിടുന്നത് എന്നു മനസ്സിലായത്; അവയെല്ലാം എത്രമാത്രം നമ്മെ സജീവമാക്കിയിരുന്നു എന്നു തിരിച്ചറിഞ്ഞത്. RESTLESSNESS അതിന്റെ പാരമ്യത്തിലെത്തിയിട്ടും ഒരടി മുന്നോട്ട് വെക്കാനാവാതെയുള്ള ഇരുപ്പ് എത്രമാത്രം ക്രൂരമാണ്, കഠിനമാണ്! വലിയ യാത്രികര്‍ അവസാനകാലത്ത് വിഷാദബാധിതരാവാറുണ്ടോ എന്നറിയില്ല. ''അസ്തമയം എന്നത് ദു:ഖകരമായ ഒരു വാക്കാണ്'' എന്ന്, വലിയ യാത്രികന്‍ കൂടിയായ വി.എസ്. നയ്പാള്‍, വീല്‍ച്ചെയറിലിരുന്ന് പറഞ്ഞതും പീറ്റര്‍ മാത്തിസന്‍ അവസാനകാലത്ത് ഒരു സെന്‍ ഭിക്ഷുവായി കാലിഫോര്‍ണിയയിലെ ആശ്രമത്തിലൊതുങ്ങിയതും വഴികളേറെയുണ്ടായിട്ടും ദാഹമേറെയുണ്ടായിട്ടും യാത്രികന്റെ RESTLESSNESS പെരുകിയിട്ടും ശരീരം ബന്ധിതമായതു കൊണ്ടാണോ എന്നറിയില്ല. ഒരു കാര്യമുറപ്പാണ്: ആങ്ങ് സാന്‍ സ്യൂകി ചെയ്തതുപോലെ ഏതു തടവും ധ്യാനതലത്തിലേക്കുയര്‍ത്താന്‍ സാധിക്കില്ലെങ്കില്‍ യാത്രികനു ജീവിതം ഇരുളടഞ്ഞ ഗുഹയിലെ വിരസവാസമായി മാറും.

*************

ലോക്ഡൗണിന്റെ കര്‍ശനതകളെല്ലാമയഞ്ഞ് ആദ്യമായി ഒരു ഹ്രസ്വദൂര യാത്ര നടത്തിയപ്പോള്‍ത്തന്നെ കാഴ്ചകളുമായും മനുഷ്യരുമായും എത്രമേല്‍ ബന്ധിതമാണ് നമ്മുടെ ജൈവവ്യവസ്ഥ എന്ന് അത്ഭുതത്തോടെ അനുഭവിക്കാനായി. കോഴിക്കോടുനിന്നും കുതിര്‍ന്നു പെയ്യുന്ന മഴയില്‍ കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, തൂത, ചെര്‍പ്പുളശ്ശേരി, വരോട് വഴി ഒറ്റപ്പാലത്തേക്കായിരുന്നു യാത്ര. കൊണ്ടോട്ടിയിലെത്തിയപ്പോള്‍ പ്രസിദ്ധമായ നേര്‍ച്ച ദിവസങ്ങളില്‍ അത്തറും ഊദും മണക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ, നകാരയുടെ ശബ്ദവും സൂഫികളുടെ ഗാനവും കേട്ട് നടന്ന നിലാവ് പെയ്യുന്ന രാത്രികളോര്‍ത്തു. അവയെല്ലാം നഷ്ടപ്പെട്ട ഒരു സ്വര്‍ഗ്ഗലോകമാണെന്നു തോന്നി. ആ സ്ഥലങ്ങളെല്ലാം ആളനക്കമറ്റ് കിടക്കുന്നു. അങ്ങാടിപ്പുറത്തെത്തിയപ്പോള്‍ തിരുമാന്ധാംകുന്നിലെ പൂരസന്ധ്യകളും പകലുകളും. പടവുകളിലൂടെ, പല നിറങ്ങളിലും നാദങ്ങളിലും പ്രഭാതത്തില്‍ ഒഴുകിയിറങ്ങുന്ന എഴുന്നള്ളിപ്പുകള്‍, പൊരിയും പനഞ്ചക്കരയും ആനപ്പട്ടയും മണക്കുന്ന സന്ധ്യകള്‍, ആലിലകളെപ്പോലും തലയാട്ടിക്കുന്ന തായമ്പകയിലെ കാലങ്ങള്‍... കലങ്ങിമറിഞ്ഞൊഴുകുന്ന തൂതപ്പുഴയിലെ പാലം കടന്നപ്പോള്‍ 'ഗുരുസാഗര'ത്തിലെ കുഞ്ഞുണ്ണിയെ ഓര്‍ത്തു:

''...ആകാശത്തിന്റെ അകലങ്ങളില്‍ കാലവര്‍ഷം നിറഞ്ഞുനിന്നു, അതിന്റെ ഗാഢമായ നിറപ്പകര്‍ച്ചകളും പേറിക്കൊണ്ട് ചുവട്ടില്‍ തൂതപ്പുഴ ഒഴുകിക്കിടക്കുന്നു... എന്റെ തറവാട്ടിലേക്ക് എന്നെങ്കിലും ഞാന്‍ ചെല്ലുകയാണെങ്കില്‍ പീല്‍ഖാനഗലിയന്വേഷിച്ച് ചെല്ലുന്നതുപോലെ ആയിരിക്കും.

പി കുഞ്ഞിരാമൻ നായർ
പി കുഞ്ഞിരാമൻ നായർ

എന്നാല്‍, എന്തൊക്കെ പരിണമിച്ചാലും എവിടെ മാറിയാലും മാറാത്ത ഒന്നുണ്ട്. തൂത എന്നു പേരുള്ള ഒരു ചെറിയ പുഴ...'' ചെര്‍പ്പുളശ്ശേരിക്കും പനമണ്ണയ്ക്കുമപ്പുറം അനങ്ങന്‍ മല. മഹാകവി കുഞ്ഞിരാമന്‍ നായര്‍ക്ക് കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത പാറമല. കരിമ്പാറപ്പള്ളകളിലൂടെ വെള്ളിനൂല്‍ പാകത്തില്‍ ഒഴുകിയിറങ്ങുന്ന മഴച്ചാലുകള്‍; നനഞ്ഞുകുതിര്‍ന്ന പാറച്ചെരുവുകള്‍ മഴവെയില്‍ത്തട്ടി തിളങ്ങുന്നു, അവയുടെ ചെരുവുകളില്‍ രോമം നനഞ്ഞ ആട്ടിന്‍കൂട്ടങ്ങള്‍... സത്തയിലെ അടയ്ക്കപ്പെട്ട ജാലകങ്ങളും വാതിലുകളുമെല്ലാം തുറക്കപ്പെടുന്നു. കരിഞ്ഞ പുല്‍മേടുകള്‍ തളിര്‍ക്കുന്നു. RESTLESSNESSന്റെ കെട്ടുകള്‍ പതിയെപ്പതിയെ അയയുന്നു. ഊഷരമാവുന്ന ഉള്ളം ഉര്‍വ്വരമാവുന്നു. അതൊടൊപ്പം ഒന്നുകൂടിയറിയുന്നു: ഒരു ദേശം വെറുമൊരു ദേശം മാത്രമല്ല, ഒരുപാട് അനുഭവങ്ങള്‍ കൂടിയാണ്.

മഹാഗുരുക്കന്മാരും പ്രവാചകന്മാരും സഞ്ചരിച്ചുകൊണ്ടേയിരുന്നത് എന്തുകൊണ്ടാണ് എന്ന് ആലോചിച്ച് നോക്കാവുന്നതാണ്-യോഗികള്‍ മൂന്ന് ദിവസത്തിലധികം ഒരിടത്ത് പാര്‍ത്തില്ല. ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലേക്ക് എന്നതുപോലെ ഏകാന്തമായ കുന്നുകളിലേയ്ക്കും പര്‍വ്വതങ്ങളിലേയ്ക്കും കടല്‍ത്തീരത്തേയ്ക്കും വനങ്ങളിലേയ്ക്കുമെല്ലാം അവര്‍ സഞ്ചരിച്ചു കൊണ്ടേയിരുന്നു. പരിവ്രാജക കാലത്തെ ന്യൂനീകരിച്ച് ഒരു ആത്മീയ ഗുരുവിന്റേയും പ്രവാചകന്റേയും ജീവിതത്തെ പഠിക്കുക വയ്യ. (രാഷ്ട്രീയ സന്ന്യാസിയായ മഹാത്മാഗാന്ധിപോലും മറ്റൊരു തരത്തിലാണെങ്കിലും ഗോഖലെയുടെ നിര്‍ദ്ദേശാനുസരണം ഈ സഞ്ചാരം നടത്തിയിരുന്നു) ഒരിടത്തും അവര്‍ ഒട്ടിനിന്നില്ല. ഏത് തരത്തിലുള്ള RESTLESSNESS ആയിരിക്കാം അവരെ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് അലയാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക? ബ്രൂസ് ചാറ്റ്വിനും രാജന്‍ കാക്കനാടനും മൊയ്തു കിഴിശ്ശേരിയും പങ്കുവെച്ച അതേ RESTLESSNESS തന്നെയാവുമോ ബുദ്ധനും യേശുവും വിവേകാനന്ദനും നാരായണഗുരുവുമെല്ലാം പങ്കുവെച്ചിട്ടുണ്ടാവുക? തീര്‍പ്പ് പറയുക വയ്യ. മനുഷ്യന്റെ സത്തയില്‍ നടക്കുന്ന കലാപങ്ങള്‍ ആര്‍ക്ക് നിര്‍വ്വചിക്കാന്‍ സാധിക്കും? നുഭവിച്ചവര്‍ക്കു മാത്രമറിയാം അത്.

നിത്യജീവിതത്തിന്റെ ചുറ്റുപാടുകളേയും നിരന്തരാവര്‍ത്തിത ജീവിത നിറങ്ങളേയും മറികടക്കാന്‍ മനുഷ്യനെ സഹായിച്ചിരുന്നത് നിര്‍വ്വചിത പരിവൃത്തങ്ങള്‍ക്കപ്പുറത്തേക്കുള്ള തുളുമ്പലുകളാണ്. നഗരങ്ങളിലൂടെയും നാട്ടുവഴികളിലൂടെയും കടലോരങ്ങളിലൂടെയുമുള്ള ഒരു വെറും നടത്തത്തിനുപോലും അതിന്റേതായ വിലയുണ്ട് എന്ന് ഈ അടച്ചിരിപ്പ് കാലം പഠിപ്പിച്ചു. അത് ഇതുവരെ തിരിച്ചറിഞ്ഞിരുന്നില്ല.

മഹായാത്രകളുടെ ഇടവേളകളില്‍ എസ്.കെ. പൊറ്റെക്കാട് എന്നും രാവിലെ നടക്കാനിറങ്ങാറുണ്ടായിരുന്നു. ഓരോ ദിവസത്തേയും പ്രഭാതസവാരിയെക്കുറിച്ച് അദ്ദേഹം എഴുതിയ നോട്ടുപുസ്തകം അദ്ദേഹത്തിന്റെ കൈപ്പടയില്‍ത്തന്നെ ഞാന്‍ വായിച്ചിട്ടുണ്ട്. സ്വന്തം വീടിനു ചുറ്റുവട്ടത്തെ വഴികളിലൂടെ മാത്രമായിരുന്നില്ല എസ്.കെയുടെ നടത്തം. വീട്ടില്‍നിന്നിറങ്ങി മുന്നില്‍ കാണുന്ന ഏതെങ്കിലുമൊരു ബസില്‍ അദ്ദേഹം കയറും. (ചിലപ്പോള്‍ ആ ബസ് തിരഞ്ഞെടുത്തത് അത് പോവുന്ന സ്ഥലത്തിന്റെ പേരിലെ കൗതുകം കൊണ്ടാവാമെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്). ബസ് എത്തുന്ന സ്ഥലത്തിറങ്ങി അവിടത്തെ ഇടവഴികളിലൂടെ, വയല്‍വരമ്പുകളിലൂടെ നടക്കും. ആ നടത്തത്തില്‍ പലതരത്തിലുള്ള മനുഷ്യരെ കാണും, അവരോട് മിണ്ടും, നല്ല നാടന്‍ പീടികയുണ്ടെങ്കില്‍ അവിടെക്കയറി ഭക്ഷണം കഴിക്കും. കോഴിക്കോട്ട്‌നിന്നും കറേ അകലെയുള്ള അരീക്കോട്, തിരൂര്‍, തേഞ്ഞിപ്പലം എന്നിവിടങ്ങളില്‍ വരെ എസ്.കെ. പ്രഭാതസവാരിക്കായി എത്തിപ്പെടുമായിരുന്നു. തിരിച്ചു വീട്ടിലെത്തി അദ്ദേഹം ഇവയെല്ലാം തന്റെ വടിവൊത്ത കയ്യക്ഷരത്തില്‍ എഴുതിവെയ്ക്കുകയും ചെയ്യും. എസ്.കെ. എന്ന എഴുത്തുകാരനും സഞ്ചാരിയും തന്റെ ജീവിതത്തെ വാടാതെ നിര്‍ത്തിയത് ഇങ്ങനെയൊക്കെയായിരുന്നു. ഒരു ചെറുനടത്തംപോലും വലിയ ശ്വാസോച്ഛ്വാസമാണ് എന്ന് അദ്ദേഹം പഠിപ്പിച്ചു. മാസ്‌കിട്ട ഈ കൊറോണക്കാലത്ത് അത് നമ്മളെല്ലാവരും അനുഭവിക്കുന്നു.

എട്ട് മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം ട്രെയിനില്‍ കയറി. ഒരു ഹ്രസ്വദൂര യാത്ര. നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു കാര്യം പെട്ടെന്ന് നിര്‍ത്തി പിന്നീട് പുനരാരംഭിക്കുമ്പോള്‍ ഉണ്ടാവുന്ന എല്ലാവിധ അസ്വസ്ഥതകളും അനുഭവിക്കാനായി. ചില ഗോവണികളും പ്ലാറ്റ്ഫോമുകളും തെറ്റി; വണ്ടി സ്ഥിരമായി ഏത് പ്ലാറ്റ്ഫോമിലാണ് വന്നിരുന്നത് എന്ന കാര്യം മറന്നു. എല്ലാ ട്രെയിന്‍ സ്റ്റേഷനുകള്‍ക്കും അതിന്റേതായ ഭംഗിയുണ്ട്. ജനമിരമ്പുന്ന മഹാനഗരത്തിലെ സ്റ്റേഷനുകളും വല്ലപ്പോഴും ഒരു വണ്ടി മാത്രം നിര്‍ത്തുന്ന വിദൂര ഇന്ത്യന്‍ ഗ്രാമ സ്റ്റേഷനും അതിന്റേതായ ചാരുതയുണ്ട്. ഹൗറയും സ്യാല്‍ഡയും മുംബെയുംപോല തന്നെ ആസ്വദിച്ചിട്ടുണ്ട് ഷൊര്‍ണ്ണൂരിനടുത്തെ വാടാനാംകുറിശ്ശിയും കാരക്കാടും കൊങ്കണിലെ കുംതയും കര്‍മാലിയും മുള്‍കിയും മൂകാംബിക റോഡുമെല്ലാം. എന്നാലിപ്പോള്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകള്‍ക്കും ഒരേ മുഖമാണ്. ആള്‍ക്കൂട്ടമില്ല, പരിചിത ഗന്ധങ്ങളും പരിചിത മുഖങ്ങളുമില്ല, നടന്നു വില്‍പ്പനക്കാരില്ല, പാട്ടുകാരില്ല... എല്ലാ കാര്യങ്ങളിലും അതീവ വിരസമായ ഏകതാനത. ഇന്ത്യയെ ഒരു മതത്തിന്റെ, ഒരു നിറത്തിന്റെ, ഒരു സംസ്‌കാരത്തിന്റെ, ഒരു ഭാഷയുടെ കീഴില്‍ക്കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ ഇപ്പോഴത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ അല്പനേരം പോയിരിക്കുന്നതു നന്നായിരിക്കും. ഏകതാനതയുടെ മടുപ്പും വൈവിധ്യങ്ങളുടെ ഭംഗിയും അനുഭവിച്ചറിയാം. എല്ലാ യാത്രികരും ഓരോ തവണയും വീടുവിട്ടിറങ്ങുന്നത് ഈ വൈവിധ്യങ്ങളുടെ അനന്തമായ അനുഭവങ്ങള്‍ തേടിയാണ്. വൈവിധ്യങ്ങളുടേയും വൈചിത്ര്യങ്ങളുടേയും പുഴയില്‍ കുളിച്ച് സ്വയം ശുദ്ധനാവാനാണ്. ആ യാത്രികനിപ്പോള്‍ വീടിന്റെ നാല്‍ച്ചുവരുകള്‍ക്കുള്ളിലെ വിഷാദാത്മകതയിലേക്ക് സ്വയം ഒതുങ്ങുന്നു. തന്നിലെ ഞഋടഠഘഋടടചഋടടനെ വെള്ളം തളിച്ച് കെടുത്തുന്നു. അപ്പോള്‍ ഉയരുന്ന പുക അയാളെ കൂടുതല്‍ വിഷാദവാനാക്കുന്നു. മുന്നോട്ടുള്ള വഴികളെല്ലാമടഞ്ഞാല്‍ തനിക്കു സ്വന്തം ഉള്ളിലേക്കും അനുഭവങ്ങളിലേക്കും മാത്രമേ യാത്രയുള്ളൂ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ അയാള്‍ അതില്‍ പ്രതിഫലിച്ചു കാണുന്നത് തന്റേതന്നെ വാര്‍ദ്ധക്യമായിരിക്കാം. ആ അര്‍ത്ഥത്തില്‍ കൊവിഡ് കാലം യാത്രികര്‍ക്ക് ഒരു റിഹേഴ്സല്‍ കാലമാണ്- ഇങ്ങനെയുമൊരുനാള്‍ വരും എന്നതിന്റെ ഡ്രസ്സ് റിഹേഴ്സല്‍ കാലം.

എവിടെനിന്നൊക്കെയോ സുഹൃത്തുക്കള്‍ വിളിക്കുന്നു: ''എങ്ങോട്ടെങ്കിലും ഒന്നു പോവേണ്ടേ? എന്തിനാണ് എന്നു ചോദിക്കുമ്പോള്‍ ആര്‍ക്കും കൃത്യമായ മറുപടിയില്ല. എല്ലാ മനുഷ്യരും ആത്യന്തികമായി യാത്രികരാണ്. അടച്ചിടുന്തോറും അവരിലെ RESTLESSNESSന്റെ കുതിര കുളമ്പടിക്കാന്‍ വെമ്പുന്നു. അത് ദൂരങ്ങളെ കാമനകളോടെ സ്വപ്നം കാണുന്നു.
-------------
* മസാലമൂടി: ബംഗാളിലെ ഒരു ഭക്ഷണപദാര്‍ത്ഥം. ട്രെയിനിലും ഗ്രാമങ്ങളിലും നഗരവഴികളിലും എല്ലാം ഇത് ലഭിക്കും. നിലക്കടല, എണ്ണ, ഉള്ളി, ധാന്യങ്ങള്‍, തേങ്ങാക്കഷണം എന്നിവയെല്ലാം ചേര്‍ത്ത് അടിച്ച് കടല തരുന്നതുപോലെ കടലാസ് കുമ്പിളിലാണ് മസാലമൂടി തരിക. പാവപ്പെട്ടവരുടെ പ്രിയപ്പെട്ട ഭക്ഷണസാധനം കൂടിയാണ് മസാലമൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com