'ഒവൈസിമാര്‍ ഈ രാഷ്ട്രത്തിലെ മുസ്ലിങ്ങളെ രക്ഷിക്കുകയല്ല, ശിക്ഷിക്കുകയാണ് ചെയ്യുന്നത്'

ബിഹാറില്‍ ഒവൈസി രാഷ്ട്രീയം ഫലത്തില്‍ പ്രവര്‍ത്തിച്ചത്  ആര്‍.ജെ.ഡിയും കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളുമടങ്ങുന്ന മഹാസഖ്യത്തിനെതിരായും ബി.ജെ.പിയും ജെ.ഡിയുമടങ്ങുന്ന സഖ്യത്തിന് അനുകൂലമായുമായാണ്
'ഒവൈസിമാര്‍ ഈ രാഷ്ട്രത്തിലെ മുസ്ലിങ്ങളെ രക്ഷിക്കുകയല്ല, ശിക്ഷിക്കുകയാണ് ചെയ്യുന്നത്'

സദുദ്ദീന്‍ ഒവൈസി നേതൃത്വം നല്‍കുന്ന ഓള്‍ ഇന്ത്യ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ (AIMIM) എന്ന രാഷ്ട്രീയ കക്ഷി ഒരു ഹൈദരബാദ് പാര്‍ട്ടി മാത്രമായിരുന്നു. മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്ന പേരില്‍ 1927 നവംബര്‍ 12-ന് നിലവില്‍ വന്ന ആ സംഘടന അന്നത്തെ ഹൈദരാബാദ് നൈസാമായ ഉസ്മാന്‍ അലിഖാന്റെ ആശീര്‍വ്വാദത്തോടെ നവാബ് മഹ്മൂദ് നവാസ് ഖാനാണ് സ്ഥാപിച്ചത്. ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകുന്നതിനു പകരം ഒരു 'മുസ്ലിം ഡൊമീനിയന്‍' ആയി ഹൈദരബാദിനെ നിലനിര്‍ത്തുക എന്നതായിരുന്നു മജ്ലിസിന്റെ ലക്ഷ്യം. 1948-ല്‍ ഹൈദരബാദ് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെടുകയും മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ നിരോധിക്കപ്പെടുകയും ചെയ്തു. പില്‍ക്കാലത്ത് അബ്ദുല്‍ വാഹിദ് ഒവൈസിയാല്‍ ആ സംഘടന ഓള്‍ ഇന്ത്യ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്ന പേരില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടു. അബ്ദുല്‍ വാഹിദ് ഒവൈസിക്കുശേഷം 1975-ല്‍ അദ്ദേഹത്തിന്റെ മകന്‍ സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഒവൈസിയുടെ നിയന്ത്രണത്തിലായി എ.ഐ.എം.ഐ.എം.

സലാഹുദ്ദീന്‍ ഒവൈസിയുടെ പുത്രനായ അസദുദ്ദീന്‍ ഒവൈസി ആ പാര്‍ട്ടിയുടെ അധ്യക്ഷനാകുന്നത് 2008-ലാണ്. ദീര്‍ഘകാലം തെലങ്കാനയിലെ ഹൈദരബാദില്‍ പരിമിതപ്പെട്ടു കിടന്ന മജ്ലിസ് ആദ്യം മഹാരാഷ്ട്രയിലേക്കും ഇപ്പോള്‍ ബിഹാറിലേക്കും കടന്നുചെന്നിരിക്കുന്നു. മുസ്ലിം വിയോജനവാദ രാഷ്ട്രീയത്തില്‍നിന്നു പിറവികൊണ്ട പാര്‍ട്ടിയുടെ നിലവിലെ അമരക്കാരായ അസദുദ്ദീനും അനുജന്‍ അക്ബറുദ്ദീന്‍ ഒവൈസിയും തീവ്രമുസ്ലിം വര്‍ഗ്ഗീയതയുടെ ശൈലിയില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവര്‍ എന്ന ദുഷ്‌കീര്‍ത്തി നേരത്തേ സമ്പാദിച്ചിട്ടുണ്ട്. 'പതിനഞ്ചു മിനിറ്റ് പ്രസംഗം' എന്ന പേരിലറിയപ്പെടുന്ന അക്ബറുദ്ദീന്റെ വിദ്വേഷ പ്രസംഗം കുപ്രസിദ്ധമാണ്. ആന്ധ്രപ്രദേശിലെ അദിലാബാദ് ജില്ലയില്‍പ്പെടുന്ന നിര്‍മല്‍ പട്ടണത്തില്‍ 2012 ഡിസംബര്‍ 12-നു നടത്തപ്പെട്ട പ്രസംഗത്തില്‍ അക്ബറുദ്ദീന്‍ ആക്രോശിച്ചു: '15 മിനിറ്റ് നേരത്തേയ്ക്ക് പൊലീസിനെ പിന്‍വലിച്ചാല്‍, ആ സമയം മതി 25 കോടി വരുന്ന മുസ്ലിങ്ങള്‍ക്ക് 100 കോടി വരുന്ന ഹിന്ദുക്കളെ പാഠം പഠിപ്പിക്കാന്‍.'' 2007-ല്‍ തസ്ലീമ നസ്‌റീനെതിരെ വധഭീഷണി മുഴക്കുകയും തസ്ലീമയ്ക്കും റുഷ്ദിക്കുമെതിരെയുള്ള 'വധഫത്വ' നടപ്പാക്കണമെന്നാവശ്യപ്പെടുകയും ചെയ്തതും ഈ മജ്ലിസ് നേതാവ് തന്നെ.

ചേട്ടന്‍ ഒവൈസിയും അനിയന്‍ ഒവൈസിയും നയിക്കുന്ന പാര്‍ട്ടി 2015-ല്‍ ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ അങ്കം കുറിച്ചിരുന്നെങ്കിലും  അമ്പേ പരാജയപ്പെടുകയായിരുന്നു. മത്സരിച്ച ആറ് സീറ്റിലും പാര്‍ട്ടി തോറ്റു. എന്നാല്‍, ഇക്കുറി അവിടെ മജ്ലിസ് മത്സരിച്ച 20 സീറ്റുകളില്‍ അഞ്ചെണ്ണത്തില്‍ അവര്‍ വിജയം കണ്ടു. ബിഹാറിലെ മുസ്ലിം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലിലാണ് മജ്ലിസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറിയത്. അടുത്ത് നടക്കാനിരിക്കുന്ന പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുകളിലും തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി വ്യക്തമാക്കിയിട്ടുണ്ട്.

ബിഹാറില്‍ ഒവൈസി രാഷ്ട്രീയം ഫലത്തില്‍ പ്രവര്‍ത്തിച്ചത് ആര്‍.ജെ.ഡിയും കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളുമടങ്ങുന്ന മഹാസഖ്യത്തിനെതിരായും ബി.ജെ.പിയും ജെ.ഡിയുമടങ്ങുന്ന സഖ്യത്തിന് അനുകൂലമായുമായാണ്. യു.പിയിലെ ഉറുദുകവി മുനാവര്‍ റാണ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മജ്ലിസും അതിന്റെ നേതാവും നിര്‍വ്വഹിച്ച ദൗത്യത്തെക്കുറിച്ച് നടത്തിയ നിരീക്ഷണം ശ്രദ്ധയര്‍ഹിക്കുന്നു. റാണയുടെ വാക്കുകള്‍: ''ഭാരതീയ ജനത പാര്‍ട്ടിക്കു ഗുണപ്രദമാക്കുംവിധം മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന കൃത്യമാണ് മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്ന പാര്‍ട്ടിയുടെ നേതാവ് സദാ ചെയ്യുന്നത്. അസറുദ്ദീനും അദ്ദേഹത്തിന്റെ സഹോദരനായ അക്ബറുദ്ദീന്‍ ഒവൈസിയും മുസ്ലിങ്ങളെ വഴിതെറ്റിക്കുകയും അവര്‍ക്കിടയില്‍ വിഭജനം സൃഷ്ടിച്ച് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ലാഭം നേടിക്കൊടുക്കുകയും ചെയ്യുന്നു. ഭൂസ്വത്തും മെഡിക്കല്‍ കോളേജുകളും മറ്റു ബിസിനസ്സുകളുമുള്‍പ്പെടെ 15,000 കോടി വില മതിക്കുന്ന തന്റെ ആസ്തി ഭദ്രമാക്കുക എന്ന സ്ഥാപിത താല്പര്യം മുന്‍നിര്‍ത്തിയത്രേ ഒവൈസി ഇങ്ങനെ ചെയ്യുന്നത്.''

മുനാവര്‍ റാണ തുടരുന്നു: ''ബിഹാറിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചലില്‍ എന്‍.ഡി.എയ്‌ക്കെതിരെ തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തോടൊപ്പം നില്‍ക്കുകയായിരുന്നു ഒവൈസി ചെയ്യേണ്ടത്. മജ്ലിസിനു പോയ വോട്ടുകളും സീറ്റുകളും മഹാസഖ്യത്തിനു പോയിരുന്നെങ്കില്‍ ബിഹാര്‍ രാഷ്ട്രീയത്തിന്റെ വിധിയും ഗതിയും മറ്റൊന്നായേനെ. ബിഹാറിനുശേഷം ഇനി ഒവൈസി കടന്നുചെല്ലുന്നത് പശ്ചിമബംഗാളിലേക്കാണ്. അവിടേയും മുസ്ലിം വോട്ടുകള്‍ പിളര്‍ത്തി ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുക എന്ന വോട്ട് കട്ടര്‍ (Vote Cutter) രാഷ്ട്രീയത്തില്‍ മജ്ലിസ് നേതാവ് വ്യാപൃതനാകും.''

റാണയുടെ വിലയിരുത്തല്‍ സത്യസന്ധവും വസ്തുതാപരവുമാണ്. പുറമേ ബി.ജെ.പിയേയും സംഘപരിവാര്‍ രാഷ്ട്രീയത്തേയും വലിയ വായില്‍ വിമര്‍ശിക്കുന്ന ഒവൈസിയും കൂട്ടരും മതേതര രാഷ്ട്രീയ കൂട്ടായ്മകളെ ദുര്‍ബ്ബലപ്പെടുത്തുകയും ബി.ജെ.പിയാല്‍ നിയന്ത്രിക്കപ്പെടുന്ന എന്‍.ഡി.എയ്ക്ക് തെരഞ്ഞെടുപ്പ് നേട്ടങ്ങളുണ്ടാക്കുംവിധമുള്ള രാഷ്ട്രീയ നിലപാടുകള്‍ അനുവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ബിഹാറില്‍ മജ്ലിസ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മുസ്ലിം വോട്ടുകളില്‍ ചേരിതിരിവുണ്ടാക്കിയിരുന്നില്ലെങ്കില്‍ അവിടെ അധികാരത്തിലേറുക മഹാസഖ്യമായിരുന്നു എന്നതില്‍ തര്‍ക്കത്തിനിടമില്ല. മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ 11 സീറ്റുകളിലെങ്കിലും പരാജയപ്പെട്ടത് ഒവൈസി രാഷ്ട്രീയത്തിന്റെ ആഘാതമേറ്റാണ്. ആ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ഹൈന്ദവ വലതുപക്ഷമാണെന്നത് പരമാര്‍ത്ഥം മാത്രം.

ഇങ്ങനെ പറയുമ്പോള്‍ അപ്പുറത്തുനിന്നു പുറപ്പെടുന്ന ചോദ്യം ഇവിടെ കേള്‍ക്കാം. എന്താ, മുസ്ലിങ്ങള്‍ക്കു രാഷ്ട്രീയപ്പാര്‍ട്ടികളുണ്ടാക്കുകയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്തു കൂടെ? അസദുദ്ദീന്‍ ഒവൈസിയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും മാത്രമല്ല ചോദ്യകര്‍ത്താക്കള്‍ ഇങ്ങ് കേരളത്തില്‍ ഇസ്ലാമിസ്റ്റ് നിയന്ത്രണത്തിലുള്ള ഒരു ടെലിവിഷന്‍ ചാനലിന്റെ ബിഹാര്‍ ഇലക്ഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത, ഇസ്ലാമിസ്റ്റ് ആഭിമുഖ്യമുള്ള ഒരു മാന്യദേഹവും അങ്ങനെ ചോദിച്ചു കണ്ടു. മുസ്ലിങ്ങള്‍ തങ്ങളുടേതു മാത്രമായ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രൂപവല്‍ക്കരിക്കുകയും തദടിസ്ഥാനത്തില്‍ രാഷ്ട്രീയ പ്രക്രിയയില്‍ വ്യാപരിക്കുകയും ചെയ്യുന്നത് മുസ്ലിം ഉന്നമനത്തിനും ഉല്‍ക്കര്‍ഷത്തിനും അനുപേക്ഷണീയമാണെന്ന മട്ടിലാണവരുടെ വാദങ്ങള്‍ പോകുന്നത്.

മതേതര രാഷ്ട്രീയത്തിനു പകരം മുസ്ലിം വിയോജന രാഷ്ട്രീയം പിന്തുടരുന്നത് സാധാരണക്കാരായ മുസ്ലിങ്ങള്‍ക്ക് ഗുണമല്ല, ദോഷമാണ് വരുത്തിവെയ്ക്കുന്നത് എന്നതിന്റെ ജീവിക്കുന്ന തെളിവായി പാകിസ്താന്‍ നമ്മുടെ മുന്‍പിലുണ്ട്. 1930-കളുടെ ആദ്യം വരെ ഒന്നാന്തരം മതേതരവാദിയായിരുന്ന മുഹമ്മദാലി ജിന്ന പിന്നീട് മുസ്ലിം വിയോജന-വിഘടനവാദ രാഷ്ട്രീയത്തിന് സാരഥ്യം വഹിച്ച് നേടിയെടുത്ത പാകിസ്താനില്‍ മുസ്ലിം സാധാരണക്കാര്‍ എന്തു നേടി? പട്ടാളബൂട്ടിനു കീഴില്‍ ഞെരിഞ്ഞമരുന്ന 'ജനാധിപത്യ'ത്തിനപ്പുറമുള്ള ഡെമോക്രസി പോലും ആ രാജ്യത്ത് നിലനിന്നിട്ടില്ല. സുന്നി ഇസ്ലാമിന്റെ അധീശത്വത്തിനു കീഴില്‍ ശ്വാസം മുട്ടുന്നു. അസുന്നി മുസ്ലിങ്ങളുടെ നരകഭൂമിയാണ് ഏഴര പതിറ്റാണ്ടായി ആ നാട്. മുസ്ലിം ഭീകരവാദ പ്രസ്ഥാനങ്ങളുടെ വിളനിലമായിത്തീര്‍ന്ന അവിടെ നിര്‍ദ്ദോഷികളായ അനേകം മുസ്ലിങ്ങള്‍ കണ്ണും കാതുമില്ലാത്ത മതതീവ്രവാദികളാല്‍ നിഷ്‌കരുണം വധിക്കപ്പെടുന്ന നീചാവസ്ഥയും നിലനില്‍ക്കുന്നു.

ജിന്നയും സമാന മനസ്‌കരും ചെയ്ത തെറ്റ് കൂടുതല്‍ ആക്രാമകമായി ആവര്‍ത്തിക്കുന്നതോടൊപ്പം തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനു ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്ക് സഹായകമായ നിലപാടുകള്‍ സ്വീകരിക്കുക കൂടി ചെയ്യുന്ന ഒവൈസിമാര്‍ ഈ രാഷ്ട്രത്തിലെ മുസ്ലിങ്ങളെ രക്ഷിക്കുകയല്ല, ശിക്ഷിക്കുകയാണ് ചെയ്യുന്നത്. അക്ബറുദ്ദീന്‍ ഒവൈസിയെപ്പോലുള്ളവര്‍ നടത്തുന്ന വിഷം ചീറ്റുന്ന വിദ്വേഷ പ്രസംഗങ്ങള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്ക് മികച്ച വളമായി ഭവിക്കുന്നു. സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന വര്‍ഗ്ഗീയരാഷ്ട്രീയം ഒരു ജാതിവിഭാഗത്തിന്റേയും ക്ഷേമം ഉറപ്പുരുത്തുന്നില്ല. ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞ, മുസ്ലിം സമുദായാംഗമായ ഒരു പരിഷ്‌കര്‍ത്താവ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലുണ്ടായിരുന്നു.

രാമചന്ദ്ര ഗുഹ എഡിറ്റ് ചെയ്ത് 2010-ല്‍ പ്രസിദ്ധീകരിച്ച Makers of Modern India എന്ന ഗ്രന്ഥത്തില്‍ ആധുനിക ഇന്ത്യയുടെ സ്രഷ്ടാക്കളായി പരിചയപ്പെടുത്തപ്പെടുന്ന 19 പേരില്‍ അദ്ദേഹം കടന്നുവരുന്നുണ്ട്. മഹാരാഷ്ട്രക്കാരനായിരുന്ന ആ പരിഷ്‌കര്‍ത്താവിന്റെ പേര് ഹമീദ് ദല്‍വായി (1932-1977) എന്നാണ്. 'അവസാനത്തെ ആധുനികതാവാദി' (the last modernist)  എന്നത്രേ ഗുഹ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

അര നൂറ്റാണ്ട് മുന്‍പ് ദല്‍വായ് നടത്തിയതും ഇന്നും പ്രസക്തമായതുമായ ഒരു നിരീക്ഷണമുണ്ട്. ഹൈദരബാദിലെ ഒവൈസിമാര്‍ക്കും കേരളത്തിലെ താദൃശ ചിന്താഗതിക്കാര്‍ക്കും അതൊട്ടും രുചിക്കയില്ലെന്നറിയാം. എങ്കിലും അവരത് ശ്രദ്ധിക്കുന്നത് നല്ലതാണ്. ആ നിരീക്ഷണം ഇങ്ങനെ: മുസ്ലിങ്ങളുടെ ശത്രുക്കള്‍ ഹിന്ദുക്കളാണെന്ന ധാരണ ശരിയല്ല. സ്വസമുദായത്തില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാനവിരോധവും മതയാഥാസ്ഥിതികത്വവുമാണ് അവരുടെ യഥാര്‍ത്ഥ ശത്രു. ആ ശത്രുവിനെതിരെ ഊര്‍ജ്ജസ്വലമായ ഉദാരതാവാദം (dynamic liberalism) വളര്‍ത്തിയെടുക്കുകയാണവര്‍ ചെയ്യേണ്ടത്. ഒപ്പം മുസ്ലിം ദേശീയത എന്ന ഇടുങ്ങിയ സങ്കല്പത്തില്‍നിന്ന് അവര്‍ ആധുനിക മതേതര ദേശീയതയിലേയ്ക്കുയരുകയും മതേതര ഇന്ത്യന്‍ സമൂഹവുമായി സ്വയം ഉദ്ഗ്രഥിക്കുകയും വേണം. മുസ്ലിങ്ങളുടെ ഉല്‍ക്കര്‍ഷത്തിലേക്കുള്ള പാത അതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com