'കടം വാങ്ങിയ അടി തിരിച്ചുകൊടുക്കല്‍, അരക്കുപ്പി മദ്യം വാങ്ങി 50 പേര്‍ ചേര്‍ന്നുള്ള നക്കിക്കുടി'.... ഒരു അരാജകന്റെ ഡയറിയില്‍ നിന്ന്

കോളേജ് പഠനകാലത്ത് അവിചാരിതമായി ജയിലില്‍ കിടക്കേണ്ടിവന്ന മൂന്ന് ദിനങ്ങള്‍ ഓര്‍ത്തെഴുതുന്നു നടനും സംവിധായകനുമായ  ലേഖകന്‍
ജോയ് മാത്യു
ജോയ് മാത്യു

കോളേജ് യൂണിയന്‍ വാര്‍ഷികം എന്നൊക്കെ പറഞ്ഞാല്‍ 40 വര്‍ഷം മുന്‍പൊക്കെ ഉത്സവം തന്നെയായിരുന്നു. വിദ്യാര്‍ത്ഥികളുടെ കലാമത്സരങ്ങള്‍. അതിന്റെ ഉത്സാഹത്തിമിര്‍പ്പുകള്‍, മാസങ്ങളോളം മൗനമായി കൊണ്ടുനടന്നിരുന്ന പ്രണയക്കൈമാറ്റങ്ങള്‍, മരച്ചുവടുകളിലും കാന്റീനിലും അരങ്ങേറുന്ന പ്രേമസല്ലാപങ്ങള്‍, ആണുങ്ങള്‍ തമ്മിലാണെങ്കില്‍ കടം വാങ്ങിയ അടി തിരിച്ചുകൊടുക്കല്‍, അരക്കുപ്പി മദ്യം വാങ്ങി 50 പേര്‍ ചേര്‍ന്നുള്ള നക്കിക്കുടി, ഒരു ബീഡികൊണ്ട് 10 പേര്‍ ചേര്‍ന്നുള്ള ധൂമപാനം... ആകെക്കൂടി ഉത്സവമയം! പെണ്‍കുട്ടികളാണെങ്കില്‍ അണിഞ്ഞൊരുങ്ങിയെ വരൂ; അദ്ധ്യാപികമാരും. 

പല കോളേജുകളിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥി സംഘടനകള്‍ കലോത്സവം അലമ്പാക്കുകയും ചിലപ്പോഴൊക്കെ അടിപിടിയില്‍ അവസാനിക്കുകയും ചെയ്യുന്ന കാലമായിരുന്നെങ്കില്‍ക്കൂടി കോഴിക്കോട് മീഞ്ചന്തയിലുള്ള ഞങ്ങളുടെ ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് വ്യത്യസ്തമായിരുന്നു. ഏതു യൂണിയന്‍ ജയിച്ചാലും കോളേജ് വാര്‍ഷികാഘോഷങ്ങളില്‍ എല്ലാ ശത്രുതയും മറന്നു വിദ്യാര്‍ത്ഥികള്‍ ഒരു മെയ്യായി നില്‍ക്കും. മറ്റു കോളേജുകളില്‍നിന്നും കലോത്സവം അട്ടിമറിക്കാന്‍ വരുന്നവരെ ഒരുമിച്ചുനിന്ന് അടിച്ചോടിക്കും. പില്‍ക്കാലത്തു പൊലീസ് ഓഫീസറായി മാറിയ ജീവാനന്ദനായിരുന്നു അതിന്റെ ചാര്‍ജ്. നമ്മുടെ കഥ നടക്കുന്ന കാലത്തും സ്ഥിതി അങ്ങനെ തന്നെ. വിദ്യാര്‍ത്ഥികള്‍ക്കു സുസമ്മതനായ, സ്വതന്ത്രനായി മത്സരിച്ച് രണ്ടു എതിര്‍മുന്നണികളേയും പരാജയപ്പെടുത്തിയ സുരേഷ് പി.എ. ആയിരുന്നു യൂണിയന്‍ ചെയര്‍മാന്‍. നടന്‍ ജയനെപ്പോലെ നല്ല കട്ടമസിലും അത്രയും നല്ല മനസ്സുമുള്ള സുരേഷിനെ ഞങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുക തടിയന്‍ സുരേഷ് എന്നായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് എന്തു പ്രശ്‌നമുണ്ടെങ്കിലും മുന്‍പില്‍ സുരേഷ് ഉണ്ടാവും; പണം കൊണ്ടായാലും തടികൊണ്ടായാലും.

തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം ആയിരുന്നു ഞാന്‍ അംഗമായ വിപ്ലവസംഘടനയുടെ പ്രഖ്യാപിത നയം! എന്നാല്‍, സുരേഷ് എന്റെ ആത്മസുഹൃത്തും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ആയതിനാല്‍ അവനുവേണ്ടി രഹസ്യമായി പ്രചരണവും എന്തിന്, നോട്ടീസ് പോലും ഞാന്‍ എഴുതിക്കൊടുത്തിരുന്നു. അങ്ങനെയാണല്ലോ വേണ്ടതും? അങ്ങനെ കലോത്സവം വന്നു. ജന്മനാട്ടിലെ പൂരത്തിനോ ഉത്സവത്തിനോ അകലെയുള്ള ബന്ധുക്കള്‍ തറവാട്ടില്‍ വന്നെത്തുന്നതുപോലെ കോളേജ് വിട്ടുപോയ പലരും തങ്ങളുടെ കമ്പനിക്കാരെ- ചങ്ങാതിമാരുടെ പര്യായം - കാണുവാന്‍ ഈ ദിവസം എത്തിച്ചേരും. അങ്ങനെ ഞങ്ങളുടെ കോളേജില്‍നിന്നും പാസ്സായി ലോ കോളേജില്‍ ചേര്‍ന്ന സലിം എന്ന ചങ്ങാതിയും ഇത്തവണ ഉത്സവം കൂടാനെത്തി. ആള്‍ക്ക് ഉയരം കുറവായതിനാല്‍ കുള്ളായി സലിം എന്നൊരു പേരാണ് അവനു കോളേജില്‍ സിദ്ധിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് ബഹിഷ്‌കരണമാണ് എന്റെ സംഘടനയുടെ ലൈന്‍ എന്നു പറഞ്ഞല്ലോ. അക്കാലത്ത് എന്റെ സംഘടനയിലെ മിക്ക സഖാക്കളും ഒരു മുരട്ടുവാദ ലൈന്‍ സ്വീകരിച്ചവരായിരുന്നു. ലോകത്തോട് മൊത്തത്തില്‍ പുച്ഛം, തമാശ കേട്ടാലും കണ്ടാലും ചിരിക്കരുത് എന്ന ധാരണ, (വിപ്ലവമോ മറ്റോ വഴിമാറിപ്പോയാലോ!) പോരാത്തതിന് മറ്റു വിദ്യാര്‍ത്ഥികളുമായി അധികം സൗഹൃദമോ ചങ്ങാത്തമോ പാടില്ല. പെറ്റിബൂര്‍ഷ്വാ ചെറ്റത്തരത്തിലേക്കു വീണുപോകാന്‍ സാധ്യതയുള്ളതിനാല്‍ പണക്കാരായ കുട്ടികളുമായി തീരെ ബന്ധം പാടില്ല. സംഘടനയിലുള്ള അധികം പേരും അങ്ങനെയായിരുന്നു. അര്‍ദ്ധ ഫ്യൂഡല്‍ -അര്‍ദ്ധ കൊളോണിയല്‍ വിരുദ്ധത എന്നതാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈനെങ്കില്‍ അര്‍ദ്ധ അരാജക-അര്‍ദ്ധ വിപ്ലവ ലൈന്‍ ആയിരുന്നു എന്റേത്.

ഞങ്ങളുടെ കോളേജിലും അരാജകവാദികളുടേതായ ഒരു സംഘം ഉണ്ടായിരുന്നു. എറിക് പോള്‍, തൊമ്മന്‍ എന്നു വിളിപ്പേരുള്ള തോമസ്, അദ്ധ്യാപകരേക്കാള്‍ നന്നായി സതീര്‍ത്ഥ്യര്‍ക്ക് ഇംഗ്ലീഷ് ക്ലാസ്സെടുക്കാന്‍ പോന്ന ഭാഷാവൈഭവമുള്ള മാമ്പറ്റ സുരേഷ്, കടുത്ത രാഷ്ട്രീയ നിലപാടുണ്ടെങ്കിലും ഉള്ളില്‍ അരാജകഹൃദയം കൊണ്ടുനടന്നിരുന്ന ആസാദ് എന്നിവരൊക്കെയായിരുന്നു അതിലെ മുന്‍പന്മാര്‍. എറിക് പോള്‍ കോളേജിലെ ജനകീയ ഗായകനായിരുന്നു. മറ്റൊരു ഗായകനും നടനുമായ സത്യനാഥനാണ്. പിന്നീട് ഇരുവരും എന്റെ 'അങ്കിള്‍' സിനിമയില്‍ അഭിനയിക്കുകയുണ്ടായി.
അരാജകരല്ലാത്ത എന്നാല്‍ എല്ലാവിധ അരാജകരേയും സഹിച്ചിരുന്ന രണ്ടുപേരുണ്ടായിരുന്നു. ഒഴിഞ്ഞ മുറികളില്‍ അരങ്ങേറുന്ന ഗാനമേളകള്‍ക്കുള്ള പക്കമേളത്തിനു സൗകര്യങ്ങള്‍ ഒരുക്കിയിരുന്ന ബൈജുനാഥും ചെറിയാന്‍ പോളും. അതില്‍ ബൈജുനാഥ് ഇന്ന് നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത ഒരു ന്യായാധിപനാണെങ്കില്‍ അപരന്‍ ചെറിയാന്‍ പോള്‍ ന്യൂയോര്‍ക്കില്‍ ട്രെയിനുകള്‍ നിയന്ത്രിക്കുന്ന ജോലി ചെയ്യുന്നു.

കോളജ് പഠന കാലത്ത് ജോയ് മാത്യു (ഏറ്റവും പിന്നിൽ നിൽക്കുന്ന നിരയിൽ ഇടത് നിന്ന് മൂന്നാമത്)
കോളജ് പഠന കാലത്ത് ജോയ് മാത്യു (ഏറ്റവും പിന്നിൽ നിൽക്കുന്ന നിരയിൽ ഇടത് നിന്ന് മൂന്നാമത്)

നാടകം തലയ്ക്കു പിടിച്ച കാലം

എനിക്കാണെങ്കില്‍ അന്ന് നാടകം തലക്കുപിടിച്ച സമയം.

നാടകവും മറ്റു കലാസാഹിത്യങ്ങളുമൊക്കെയായി ഇടപെടുമ്പോള്‍ സ്വാഭാവികമായും വ്യത്യസ്ത സ്വഭാവക്കാരും വിവിധ രാഷ്ട്രീയ വിശ്വാസികളുമായിട്ടൊക്കെ ഇടപെടേണ്ടിവരും. അപ്പോള്‍പ്പിന്നെ എന്റെ സംഘടനയിലുള്ളവരെപ്പോലെ ഒരു മുരട്ടുവാദിയാകാന്‍ എനിക്കെങ്ങനെ കഴിയും? എന്നാല്‍, എന്റെ ശൈലി വലിയൊരു പാതകമായിട്ടാണ് എന്റെ സഖാക്കള്‍ കണ്ടിരുന്നത്. അതുമൂലം നിരവധി തവണ ഞാന്‍ സംഘടനയ്ക്കുള്ളില്‍ ക്രൂശിതനാകേണ്ടി വന്നിട്ടുമുണ്ട്. അതുകൊണ്ടെന്താ, സഖാക്കന്മാര്‍ പലവഴിക്കു പിരിഞ്ഞുപോയെങ്കിലും അരാജകന്മാരടക്കം എല്ലാവരുമായും തുടരുന്ന ഒരു സൗഹൃദം എനിക്കിപ്പോഴും കൂട്ടിനുണ്ട്.
 
കോളേജ് യൂണിയന്‍ നടത്തുന്ന ഏതു പരിപാടിയിലും രാഷ്ട്രീയഭേദമെന്യേ ഞങ്ങള്‍ സജീവമായി പങ്കെടുക്കും. അങ്ങനെ പങ്കെടുത്ത ഒരു ദിവസത്തിലേക്കാണ് ഇനി പോകുന്നത്. മുളകൊണ്ടും പലകകൊണ്ടും കെട്ടിയുണ്ടാക്കിയ സ്റ്റേജ് കലോത്സവശേഷം അഴിച്ചെടുത്ത് കടയില്‍ത്തന്നെ തിരിച്ചെത്തിക്കുന്നതിനുള്ള കരാര്‍ കോളേജ് യൂണിയനില്‍നിന്നും ഞങ്ങള്‍ സന്തോഷത്തോടെ ഏറ്റിരുന്നു. ഇതിനൊന്നും യൂണിയനില്‍ ഫണ്ട് ഇല്ല എന്നു ഞങ്ങള്‍ക്കറിയാം; പക്ഷേ, ഉദാരനായ ചെയര്‍മാന്‍ സുരേഷിന്റെ വക ഒരു പാര്‍ട്ടി ഉറപ്പായിരുന്നു. അതായിരുന്നു കരാര്‍. അങ്ങനെ കലോത്സവം നടക്കുന്നു. കവിയും കോഴിക്കോട് ആര്‍.ഡി.ഒയും ആയിരുന്ന കെ. ജയകുമാര്‍ ഐ.എ.എസ്സായിരുന്നു മുഖ്യാതിഥി. ഉദ്ഘാടന പ്രസംഗവും തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വ്വഹിച്ചു, സമ്മാനിതരായവരുടെ കൂട്ടത്തില്‍ ഈയുള്ളവനുമുണ്ടായിരുന്നു. ശ്രദ്ധിക്കുക, ഇതൊരു ടേണിംഗ് പോയിന്റാണ്.

കലോത്സവത്തിന്റെ കൊട്ടും കലാശവും കഴിഞ്ഞു വിദ്യാര്‍ത്ഥികള്‍ അവരവരുടെ വീടുകളിലേക്ക് തിരിച്ചുപോയി. സ്റ്റേജ് കെട്ടിയ പലകയും മുളയും കരാറുകാരായ ഞങ്ങളുടെ അരാജകസംഘം റോഡിലൂടെ അതിവിദഗ്ദ്ധമായി ഉന്തുവണ്ടിയില്‍ കയറ്റി എത്തേണ്ടയിടത്ത് എത്തിക്കുന്നു. പക്ഷേ, ഞങ്ങള്‍ ശരിക്കും എത്തിപ്പെട്ടത് ഒരിക്കലും എത്തുകയില്ലെന്നു കരുതിയ ഒരിടത്താണ്; അതായത് ജയിലിനുള്ളില്‍!

അതിലേക്കുള്ള വഴിതെളിഞ്ഞത് ഇങ്ങനെ: ആസാദ്, അജയന്‍, രഘു, സലിം പിന്നെ ഞാനും ആയിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഉന്തുവണ്ടിയും സാധനങ്ങളും തിരികെ ഏല്പിച്ചതോടെ ഞങ്ങഅടുത്തള്‍ സര്‍വ്വതന്ത്ര സ്വതന്ത്രരായി. 

അദ്ധ്വാനഭാരം കഴിഞ്ഞാല്‍ ഏതു തൊഴിലാളിയും അത് ആഘോഷിക്കുമല്ലോ. അതിന്റെ ഭാഗമായി ചില കുസൃതികള്‍ ഒപ്പിച്ചുകൊണ്ട് ഞങ്ങള്‍ കാമ്പസിലേക്ക് തിരിച്ചു നടന്നു.

കുസൃതി ഒന്ന്: കോളേജിനു മുന്‍പിലെ ചാരായഷാപ്പ് ഞങ്ങളുടെ മുന്‍പില്‍ ചുവന്ന പ്രഭ പൊഴിച്ചുനില്‍ക്കുന്നു. (മദ്യഷാപ്പുകള്‍ക്ക് ഇന്നത്തെപ്പോലെ നൂറു മീറ്റര്‍ അകലം വേണമെന്ന പഴഞ്ചന്‍ നിയമമൊന്നും അന്നുണ്ടായിരുന്നില്ല. വേണ്ടിവന്നാല്‍ ഷാപ്പ് കോളേജിനകത്തു വരെ തുടങ്ങാന്‍ പറ്റുന്ന കാലമായിരുന്നു!) അക്കാലത്ത് ചാരായഷാപ്പുകള്‍ക്കു മുന്നിലായി അപായ സൂചനപോലെ ഒരു ചുവന്ന ബള്‍ബ് നിര്‍ബ്ബന്ധമാണ്. അങ്ങനെയൊന്നാണ് ഇപ്പോള്‍ ഞങ്ങളുടെ മുന്നില്‍ തെളിഞ്ഞു കത്തുന്നത്. ബള്‍ബ് ഞങ്ങളിലൊരുവന്‍ ഊരിയെടുക്കുന്നു (മിക്കവാറും അത് ഞാനായിരിക്കണം, അതെ ഞാന്‍ തന്നെ!) എന്തിനാണെന്നു ചോദിച്ചാല്‍ തെക്കന്‍ ഭാഷയില്‍ ചുമ്മാ എന്നും ഞങ്ങളുടെ ഭാഷയില്‍ വെറുതെ എന്നോ അല്ലെങ്കില്‍ ഒരു രസത്തിന് എന്നോ പറയും.

അടുത്ത ഇര ഒരു പാവം ഇരുമ്പു ബോര്‍ഡാണ്; 
''ആക്രിസാധനങ്ങള്‍ ഇവിടെ എടുക്കപ്പെടും.'' വികൃതമായി എഴുതപ്പെട്ടതാണെങ്കിലും അത് വായിച്ചുകണ്ടപ്പോള്‍ ആസാദിന്റെ തലയ്ക്കകത്ത് മറ്റൊരു ബള്‍ബ് മിന്നി. 
''നമുക്കിത് കോളേജിന്റെ ഗേറ്റില്‍ത്തന്നെ തൂക്കിയിടാം!'' 
''സൂപ്പര്‍ ഐഡിയ'' കൂട്ടത്തിലൊരാള്‍ കയ്യടിച്ചു പാസ്സാക്കി.
അമാന്തിച്ചില്ല, ബോര്‍ഡ് ഞങ്ങളുടെ കയ്യിലായി.
മൂന്നാമത്തെ ഐഡിയയാണ് ഇച്ചിരി കടന്ന കയ്യായിപ്പോയത്.

ഇലക്ട്രിക് പോസ്റ്റില്‍ നിരനിരയായി നില്‍ക്കുന്ന കൊടികള്‍ അജയന്റെ കണ്ണുകളില്‍ പാറിപ്പറക്കുന്നു. (ദയവായി ഏതു പാര്‍ട്ടിയുടേതാണ് കൊടികള്‍ എന്നു ചോദിക്കരുത്) ''എത്രയധികം തുണിയാണ് വെറുതെ വെയ്സ്റ്റ് ആക്കുന്നത്!'' എന്ന് ഉച്ചത്തിലും ''ഒന്നുമില്ലേലും ഇതുകൊണ്ട് രണ്ടു ലങ്കോട്ടിയെങ്കിലും അടിക്കാമല്ലോ'' എന്ന് ആത്മഗതമായും അജയന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നു ഞങ്ങള്‍ക്കും തോന്നി. അതുകൊണ്ടായിരിക്കാം അതേ കൊടിയുടെ പാര്‍ട്ടിക്കാരനായ സലിം അജയന്‍ പറഞ്ഞതിനോട് യോജിച്ചത്. അങ്ങനെ മൂന്നാമത്തെ ഐഡിയയും നടപ്പിലായി.

ഹോ എന്തെല്ലാം നല്ല നല്ല ഐഡിയകളാണ് ആ ചെറുപ്രായത്തില്‍ത്തന്നെ ഞങ്ങളുടെയുള്ളില്‍ മുളപൊട്ടിയിരുന്നത്! 

ഞങ്ങളങ്ങനെ അര്‍മാദിച്ചും ആമോദിച്ചും നടന്നുനീങ്ങുമ്പോള്‍ അതാ ഒരു പൊലീസ് ജീപ്പ് ഞങ്ങളെ കടന്നുപോകുന്നു. ഒരാവശ്യവുമില്ലാതെ പെട്ടെന്ന് ജീപ്പ് തെല്ലകലെയായി നിര്‍ത്തുന്നു; ഞങ്ങളും നില്‍ക്കുന്നു. ആസാദിന്റെ തലയില്‍ ആദ്യം വെളിച്ചമുണ്ടായി. അവന്‍ തന്റെ കയ്യിലുണ്ടായിരുന്ന ആക്രിക്കടയുടെ ബോര്‍ഡ് അടുത്തുള്ള കാനയിലേക്കിട്ടു. ചുവന്ന ബള്‍ബ് നിലത്തിട്ടാല്‍ പൊട്ടുമെന്നതിനാല്‍ ഞാനത് നിലത്തിട്ടില്ല. കൊടിയെടുത്തവന്‍ അത് പാന്റ്സിന്റെ പോക്കറ്റിലേക്ക് തിരുകിക്കയറ്റി. ഞങ്ങള്‍ ഒന്നുമറിയാത്ത ഭാവത്തില്‍ മുന്നോട്ടുതന്നെ നടന്നു. നിര്‍ത്തിയിട്ട ജീപ്പിനെ കടന്നു കടന്നില്ല മട്ടിലായപ്പോള്‍... ജീപ്പില്‍നിന്നും ഒരാക്രോശം പുറത്തേക്ക് തെറിച്ചുവീണു.

''അവിടെ നില്‍ക്കെടാ!''

''ഓടിയാലോ'' ഒരു നിമിഷംകൊണ്ട് എല്ലാവരും ഒരേപോലെ ചിന്തിച്ചു. നേരെ ഓടിയാല്‍ സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പടിക്കലെത്താം, അത് വേണ്ട ദൂരം കൂടുതലാണ്. ഒരു പത്തടികൂടി നടന്നാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ കോളേജിന്റെ പുറകുവശത്തെ ഗേറ്റിലെത്താം. പക്ഷേ, അതൊരു കുന്ത്രാണ്ടം പിടിച്ച ഗേറ്റാണ്. കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും കടന്നുപോകാന്‍ ബുദ്ധിമുട്ടുള്ള, ബോര്‍ഹേസ് കഥകളിലെ ലാബ്രിന്ത്‌പോലെ ഒന്ന്. ഒരാള്‍ക്കു മാത്രം പ്രവേശനം സാധ്യമാകുന്ന അതിലൂടെ കടന്നുപോകാന്‍ ഇപ്പോള്‍ ഞങ്ങള്‍ അഞ്ചു പേരുണ്ട്. അഞ്ചാമന്‍ മിക്കവാറും കൂട്ടത്തില്‍ സാധുവായ രഘുവായിരിക്കും. പൊലീസിന്റെ കയ്യില്‍പ്പെട്ടാല്‍ പിടിപ്പത് അവനു കിട്ടുകയും തത്തയേക്കാള്‍ നന്നായി അവന്‍ ഞങ്ങളുടെ പേരും വിലാസവും പറഞ്ഞുകൊടുക്കുകയും ചെയ്യും. ഭേദം ഓടിരക്ഷപ്പെടാതിരിക്കലാണ്. പൊലീസിനേയും പട്ടിയേയും കണ്ടാല്‍ ഓടരുത് എന്നാണല്ലോ. അതുകൊണ്ട് നമ്മള്‍ മറ്റൊരു ലൈനാണ് എടുത്തത്. ഞങ്ങള്‍ തെറ്റൊന്നും ചെയ്തില്ലല്ലോ എന്ന ഭാവം മുഖത്തു വരുത്തി സ്പീഡില്‍ നടന്നു. അപ്പോഴേക്കും ''നില്‍ക്കടാ അവിടെ'' അലര്‍ച്ച വീണ്ടും. 

ഇപ്രാവശ്യം ഞങ്ങള്‍ ഇടിവെട്ടേറ്റപോലെ നിന്നുപോയി. ജീപ്പില്‍നിന്നും നാല് പൊലീസ് വേഷധാരികള്‍ ഇറങ്ങി. 

''എന്താടാ നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കാത്തത്?''
''പെട്ടെന്നുള്ള ഒരു ഷോക്കില്‍ ...'' ആസാദ് പറഞ്ഞു തുടങ്ങി. 
ഉടന്‍ ജീപ്പിന്റെ ഡ്രൈവര്‍ ആയ ഒരു കറമ്പന്‍ പൊലീസുകാരന്‍ ചാടിയിറങ്ങി.
''എന്ത് സ്റ്റോക്ക് ? പൊലീസ് നില്‍ക്കാന്‍ പറഞ്ഞാല്‍ എന്തിനാടാ സ്റ്റോക്ക് ?''

ഷോക്കിനു പകരം അയാള്‍ 'സ്റ്റോക്ക്' എന്ന് തെറ്റായി അലറുന്നതു കേട്ട് ഉള്ളില്‍ ചിരി വരുന്നുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ശുദ്ധപാവങ്ങളുടെ ഭാവം മുഖത്തു വരുത്തി നിലകൊണ്ടു. അക്കാലത്ത് പൊലീസാവണമെങ്കില്‍ വലിയ വിദ്യാഭ്യാസമൊന്നും ആവശ്യമില്ല. കയ്യൂക്കാണ് അടിസ്ഥാന യോഗ്യത. ജീപ്പില്‍ ഉണ്ടായിരുന്ന നാലുപേര്‍ക്കും ഇത് ധാരാളം ഉണ്ടായിരുന്നുതാനും. പോരാത്തതിന് കോളേജ് വിദ്യാര്‍ത്ഥികളോട് കോളേജില്‍ പോകാന്‍ സാധിക്കാത്ത പൊലീസുകാര്‍ക്ക് ഒരു പ്രത്യേക ഈര്‍ഷ്യ കൂടപ്പിറപ്പായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കോളേജ് പിള്ളാര് പാന്റ്സ് ധരിക്കുമ്പോള്‍ പൊലീസുകാര്‍ അര്‍ദ്ധനഗ്‌നരായി ട്രൗസര്‍ ധരിച്ച് നടക്കേണ്ടിവരുന്നതിന്റെ അപകര്‍ഷതയായിരിക്കാം അതില്‍ പ്രധാനം. അടുത്തകാലത്ത് ട്രൗസര്‍ ഊരി പാന്റ്സിലേക്കു കയറിനിന്നപ്പോള്‍ പൊലീസിന്റെ സ്വഭാവത്തില്‍ വലിയ മാറ്റം തന്നെ സംഭവിച്ചു എന്ന് കള്ളന്മാര്‍പോലും സാക്ഷ്യപ്പെടുത്തുന്നു.

''പൊലീസിനെ കണ്ടാല്‍ എന്താണെടാ അനക്ക് ഒരു സ്റ്റോക്ക്?''
വീണ്ടും അതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ കൂട്ടത്തില്‍ ഹാസ്യബോധം കൂടുതലുള്ള ആസാദിനു ചിരിപൊട്ടി.

അതു പക്ഷേ, വിനയായി. ''നീ എന്താണ്ടാ ചിരിക്കുന്നത്?'' കൂട്ടത്തിലെ മുരടനായ ഹെഡ് കോണ്‍സ്റ്റബിള്‍ക്കു ദേഷ്യം വന്നു. ''എന്താടാ രാത്രീല് പരിപാടി? എവിടുന്ന് വരുന്നു? എങ്ങോട്ടു പോകുന്നു?''

ചോദ്യങ്ങള്‍ ചടപടാന്ന് ചാടിവീണു. അന്ന് ഇടതുപക്ഷം ഭരിക്കുന്ന സമയമായതിനാല്‍ ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനയിലെ അജയനേയും ആസാദിനേയും ഞങ്ങള്‍ പരിചയാക്കി മുന്‍പില്‍ നിര്‍ത്തി. കോളേജ് വിദ്യാര്‍ത്ഥികളാണെന്നും ഇന്ന് കോളേജ് കലോത്സവം ആണെന്നും സ്റ്റേജ് സാമഗ്രികള്‍ തിരികെ കൊടുക്കാന്‍ പോയതാണെന്നും പറഞ്ഞുനോക്കി. 

''ഇതെന്താടാ താഴെയിട്ടത്?''
നമ്മുടെ സ്റ്റോക്കന്‍ പൊലീസിന്റെ സി.ഐ.ഡി കണ്ണുകള്‍ കാനയിലേക്കു നീണ്ടു. ബോര്‍ഡില്‍ എഴുതിയത് ഉറക്കെ വായിക്കാനും പറഞ്ഞു, ആസാദ് തെറ്റാതെ തന്നെ അതു വായിച്ചു.

''ആക്രിസാധനങ്ങള്‍ ഇവിടെ എടുക്കപ്പെടും.''
''എന്തിനാടാ ഇത്?'' സ്റ്റോക്കന്‍ ചോദിച്ചു.
ഞങ്ങള്‍ കാര്യം പറഞ്ഞു. ഇത്തവണ പൊലീസുകാരില്‍ ഒരുവന് ചിരി വന്നെങ്കിലും ഹെഡ് കോണ്‍സ്റ്റബിളിനെ ഭയന്ന് അയാള്‍ തന്റെ ചിരിയെ കാക്കിക്കുള്ളില്‍ത്തന്നെ കെട്ടിയിട്ടു.
''നിന്റെ കയ്യില്‍ എന്താടാ ഉള്ളത്?'' ചോദ്യം എന്നോടാണ്. 
ഞാന്‍ വേഗം ചുവന്ന ബള്‍ബ് പുറത്തെടുത്തു.
''ഇതെവിടുന്നാടാ?'' ഞാന്‍ സത്യസന്ധനായി.
''നിനക്കെന്തിനാടാ ചുവന്ന ബള്‍ബ്. ചാരായഷാപ്പ് നടത്താനോ?''
ഞാന്‍ വീണ്ടും നിര്‍ദ്ദോഷനായി മൊഴിഞ്ഞു: 
''പ്രിന്‍സിപ്പലിന്റെ മുറിയുടെ പുറത്ത് വെക്കാന്‍.'' 

''അതെന്താടാ അത്ര അപകടമാണോ അവിടെ?'' മുരടന്‍ വീണ്ടും മുരണ്ടു. ''അങ്ങിനെയല്ല?'' എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, മിണ്ടിയില്ല. അപ്പോഴാണ് അജയന്റെ പോക്കറ്റില്‍ എന്തോ പൊങ്ങിനില്‍ക്കുന്നത് കണ്ടത്.

''എന്താടാ അത്? പുറത്തെടുക്കെടാ.''
മജീഷ്യന്‍ മുതുകാട് തൊപ്പിയില്‍നിന്നോ കുഴലില്‍നിന്നോ തൂവാലയെടുക്കുന്നതുപോലെ അജയന്റെ പോക്കറ്റില്‍നിന്നും കൊടികള്‍ പുറത്തേക്കു നീണ്ടുവന്നു.
''ഇതെന്തിനാടാ?'' സ്റ്റോക്കന്‍ വീണ്ടും.
''ഇത് വെറുതെ എടുത്തതാണ്.''
''വെറുതെയോ?''

അപ്പോഴേക്കും ഭയന്നുവിറച്ച രഘു സത്യം പറഞ്ഞാല്‍ തന്നെയെങ്കിലും വെറുതെ വിടും എന്നോ മറ്റോ ധരിച്ച് ഒരു വലിയ രഹസ്യം പറയുന്ന മട്ടില്‍ ഇങ്ങനെ പറഞ്ഞു: ''സാര്‍ ഇവനു ലങ്കോട്ടി തുന്നാനാണ് എന്നു പറഞ്ഞ് എടുത്തതാണ്. ഞാന്‍ ഒന്നും എടുത്തിട്ടില്ല സാര്‍.''
അവന്‍ നിഷ്‌കളങ്കനായി. 

കുറച്ച് നേരത്തേക്ക് ആശ്വാസത്തിന്റെ ഒരു നിശ്ശബ്ദത അവിടെ പരന്നു. പക്ഷേ, അത് അധികനേരം നീണ്ടുനിന്നില്ല.
''നീയെന്താടാ കൊടിയിലാണോ പൊതിഞ്ഞുകെട്ടുന്നത്?''

പിന്നെ മുരടനും സ്റ്റോക്കനും തമ്മില്‍ എന്തോ സ്വകാര്യം പറഞ്ഞു. അടുത്തപടി ഞങ്ങള്‍ ഓരോരുത്തരുടെ പേര് വിവരങ്ങള്‍ ചോദിക്കലായിരുന്നു. എല്ലാവരും സത്യസന്ധരായ കള്ളന്മാരായി; സ്വന്തം പേര് തന്നെ പറഞ്ഞു. ഞാന്‍ എന്റെ പകുതി പേരേ പറഞ്ഞുള്ളൂ, പകുതി ഞാന്‍ വിഴുങ്ങി. മുരടന് എന്തോ പന്തികേട് തോന്നി; അയാള്‍ ചോദിച്ചു: ''നിന്റെ മുഴുവന്‍ പേരെന്താടാ?'' 

അപ്പോള്‍ ഞാന്‍ വിഴുങ്ങിയ പാതിപ്പേരും കൂടെ വെളിയിലെടുത്ത് മുഴുവന്‍ പേരും പറഞ്ഞു: അപ്പോള്‍ത്തന്നെ എന്റെ തലയിലെ മുഴുവന്‍ ബള്‍ബുകളും തെളിഞ്ഞു. കോളേജിലും നഗരത്തിലും നടന്ന ഒട്ടുമിക്ക സമരങ്ങളിലും പങ്കെടുത്തിരുന്നതിനാല്‍ പൊലീസിന്റ ലിസ്റ്റില്‍ കയറിക്കൂടുവാനുള്ള ഭാഗ്യം ഞാന്‍ നേരത്തെ നേടിയെടുത്തിരുന്നല്ലോ. ഒരു പിടികിട്ടാപ്പുള്ളിയെ പിടിച്ചപോലെ മുരടന്‍ മറ്റു പൊലീസുകാരുമായി എന്തോ അടക്കംപറച്ചിലില്‍ ഏര്‍പ്പെട്ടു. പിന്നെ ഞങ്ങളുടെ നേരെ തിരിഞ്ഞു:

''എല്ലാവരും നക്‌സലൈറ്റുകളാണ് അല്ലേ?''
പെട്ടെന്ന് എല്ലാവരും കോറസ്സായി:
''അല്ല, സാര്‍ ഞാന്‍ കോണ്‍ഗ്രസ്, ഞാന്‍ സി.പി.എം., ഞാന്‍ സ്വതന്ത്രന്‍.'' അങ്ങനെ പോയി മറുപടികള്‍, പിന്നെ എല്ലാം പൊടുന്നനെയായിരുന്നു. വേണമെങ്കില്‍ ഒരു കടുപ്പത്തിനുവേണ്ടി ഝടുതിയില്‍ എന്ന് മലയാളത്തിലും പറയാം.

ലോക്കപ്പ് മുറിയിലെ രാത്രിവാസം

തരിച്ചുനിന്ന ഞങ്ങളെ പിടിച്ച് ജീപ്പിലേക്കിടുന്നു.

രഘുവിന്റെ കരച്ചിലിന്റെ കയറുപൊട്ടി. ആസാദ് കൂസലെന്യേ ആദ്യമേ കയറി നല്ല സ്ഥലം നോക്കി ഇരുന്നു. മുരടനുമായുള്ള പിടിവലിയില്‍ എന്റെ കൈ ജീപ്പിന്റെ അരികില്‍ത്തട്ടി ചെറുതായി മുറിഞ്ഞു. ഞാന്‍ ആ മുരടന്‍ ഹെഡ് കോണ്‍സ്റ്റബിളിനെ മനസ്സില്‍ മാര്‍ക്ക് ചെയ്തു; എന്നെങ്കിലും ഒരു പണികൊടുക്കണം എന്ന് മറ്റാരേയും പോലെ ഞാനും മനസ്സില്‍ കരുതി (വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അയാളെ കണ്ടുമുട്ടി. ഗേള്‍സ് ഹൈസ്‌കൂളിലേക്ക് തന്റെ ഭിന്നശേഷിക്കാരിയായ മകളുടെ കൈപിടിച്ച് അയാള്‍ റോഡ് മുറിച്ചുകടക്കാന്‍ നില്‍ക്കുന്നു. അതോടെ എന്റെ പ്രതികാരപ്പുക എങ്ങോ പോയിമറഞ്ഞു) അതവിടെ നില്‍ക്കട്ടെ. നമുക്കു ജീപ്പില്‍ക്കയറാം. രഘു ആകെ തളര്‍ന്നുപോയിരുന്നു. ഞാന്‍ അവനെ സമാധാനിപ്പിച്ചു: ''സ്റ്റേഷനില്‍ കൊണ്ടുപോയി പേരെഴുതി വിട്ടയക്കും... നീ പേടിക്കാതിരിക്ക്.''

''വീട്ടില്‍ അറിഞ്ഞാല്‍ എന്റെ പഠിപ്പു നിര്‍ത്തും'' രഘു വീണ്ടും കരഞ്ഞു. കോഴിക്കോട്ടെ അതിപുരാതന നായര്‍ ജന്മികുടുംബമാണ് അവന്റേത്, ദുരഭിമാന മൂര്‍ത്തിയാണ് അവിടുത്തെ പരദേവതയെന്ന് ആസാദ്. അജയനും ആസാദും നിരവധി വിദ്യാര്‍ത്ഥി സമരങ്ങളിലൊക്കെ പങ്കെടുത്ത് തഴക്കം സിദ്ധിച്ചവരായതിനാലും ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനയിലുള്ളവരായതിനാലും കുലുങ്ങിയോടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍ വലിയ കുലുക്കമൊന്നുമില്ലാതെ ഇരുന്നു. സലീമിന്റെ കാര്യമാണ് കഷ്ടം. ആള് കോണ്‍ഗ്രസ്സാണെങ്കിലും അങ്ങനത്തെ ചിന്തയൊന്നുമില്ലാത്തവനാണ്. കോളേജ് വിട്ടുപോയിട്ടും സ്‌നേഹം സഹിക്കാതെ പഴയ ചങ്ങാതിമാരെ കാണാന്‍ വിരുന്നു വന്നതാണ്. ഇപ്പോള്‍ ഒരാവശ്യവുമില്ലാതെ ഇതില്‍വന്നു ചാടി. പക്ഷേ, തീ തിന്നത് മുഴുവന്‍ ഞാനായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ഞാന്‍ ഒരാള്‍ കൂട്ടത്തില്‍ ഉള്ളതുകൊണ്ടാണല്ലോ പൊലീസ് എല്ലാവരേയും എന്റെ കൂട്ടാളികളാക്കിയത്. എന്നാല്‍, ഒരാള്‍പോലും എന്നെ കുറ്റപ്പെടുത്തിയില്ല എന്നത് എനിക്ക് കുറച്ചൊന്നുമല്ല ആശ്വാസം തന്നത്.

നമ്മള്‍ ഒരുമിച്ചു ചെയ്തതല്ലേ നമ്മള്‍ ഒരുമിച്ച് അനുഭവിക്കും എന്ന ലൈനായിരുന്നു എല്ലാവര്‍ക്കും. അരാജക ലൈനിന്റെ മഹത്വം അതാണ് ! 

ജീപ്പ് നേരെ മീഞ്ചന്ത പൊലീസ് സ്റ്റേഷനില്‍ എത്തുന്നു. സമയം രാത്രി 12 കഴിഞ്ഞിരിക്കാം. ഉറക്കം തൂങ്ങിക്കിടന്ന സ്റ്റേഷന്‍ പെട്ടെന്ന് ഉറക്കമുണര്‍ന്നു. ഏതോ വലിയ പുള്ളികളെ കിട്ടിയതുപോലെ സ്റ്റേഷന്‍ ജാഗരൂകമായി. അവിടെയുള്ള ഒരു നരച്ച പൊലീസ് ക്ലാര്‍ക്ക് ഞങ്ങളോട് കുറെ ചോദ്യങ്ങള്‍ ചോദിച്ചു. ഞങ്ങള്‍ വിദ്യാര്‍ത്ഥികളാണ്, ഒരു തമാശയ്ക്ക് ചെയ്തുപോയതാണ് എന്നൊക്കെ താണുവീണ് അപേക്ഷിച്ചു നോക്കിയെങ്കിലും സബ് ഇന്‍സ്പെക്ടര്‍ വരട്ടെ എന്നതായിരുന്നു നാരായന്റെ നിലപാട്. നമ്മുടെ സ്റ്റോക്കന്‍ പൊലീസുകാരന്‍ ഇടയ്ക്കിടയ്ക്ക് വന്നു ആസാദിനോട്:

''ഹും ഇവനൊക്കെ പൊലീസിനെക്കണ്ടാല്‍ സ്റ്റോക്കാണ് പോലും'' ഇത് പിറുപുറുത്തു കൊണ്ടിരിക്കലാണ് അയാളുടെ പീഡനരീതി. എല്ലാവരുടേയും പേരുവിവരങ്ങള്‍ എഴുതിയെടുത്തു കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ത്തന്നെ എസ്.ഐ വരുകയും നമുക്കു പോവുകയും ചെയ്യാം എന്നായിരുന്നു ഞങ്ങളുടെ ധാരണ.

അതിനു റെഡിയായി പൊലീസുകാരെ നോക്കി ഞങ്ങള്‍ നന്ദിപൂര്‍വ്വം പുഞ്ചിരിതൂകി.

എന്നാല്‍, എല്ലാവരോടും വസ്ത്രം അഴിക്കാനാണ് അവര്‍ ഉത്തരവിട്ടത്. ഞങ്ങള്‍ക്കു കാര്യം മനസ്സിലായി, ഇന്ന് ഉറക്കം ലോക്കപ്പില്‍. ഇത്തവണ രഘു ബോധം കെട്ടില്ല എന്നേയുള്ളൂ. ഓരോരുത്തരായി സ്വയം വസ്ത്രാക്ഷേപം നടത്തിക്കൊണ്ടിരുന്നു. ആദ്യം ഷര്‍ട്ട്, പിന്നെ പാന്റ്സ്. സലീമിനെ കാണാനായിരുന്നു ഏറെ ചന്തം. ബൈക്കില്‍നിന്നും വീണത് പ്രമാണിച്ച് അവന്‍ ഒരു കയ്യിനു ബാന്‍ഡേജ് ഇട്ടിരുന്നു. ഉയരക്കുറവ് പരിഹരിക്കാനും അക്കാലത്തെ ഫാഷനുമായ ഹൈഹീല്‍ ഷൂവും ബെല്‍ബോട്ടം പാന്റ്സുമായിരുന്നു വേഷം. ഷര്‍ട്ട് അഴിച്ചുമാറ്റാന്‍ അവന്‍ സമയമെടുത്തില്ല; എന്നാല്‍, പാന്റ്സിന്റെ കാര്യം വന്നപ്പോള്‍ അവന്‍ മടിച്ചു.

''എന്താടാ നിനക്ക് മാത്രം വേറെ നിയമം? കളസം ഊരടാ.'' 
സ്റ്റോക്കന്‍ വീണ്ടും അലറി. അവന്‍ ആസാദിന്റെ ചെവിയില്‍ പറഞ്ഞു:
''ഞാന്‍ ലങ്കോട്ടിയാണുടുത്തിരിക്കുന്നത്.''
''അതിനെന്താ അതെങ്കിലുമുണ്ടല്ലോ'' എന്നായി ആസാദ്.

അങ്ങനെ ലങ്കോട്ടിയുടുത്ത് ഹൈഹീലില്‍ നില്‍ക്കുന്ന സലീമിനെ കണ്ടപ്പോള്‍ നമ്മുടെ മുരടന്റെ വക ഒരു കമന്റ്. ഉള്ളതു പറയണമല്ലോ സത്യത്തില്‍ അത് ഒരു നല്ല കമന്റ് തന്നെയായിരുന്നു.

''യ്യ് എന്താണ്ടാ കോയി അയലുമ്മെ കേറിയേ കണക്ക്? താഴത്ത് ഇറങ്ങി നിക്കടാ'' (നീ എന്താണ് കോഴി അയയില്‍ നില്‍ക്കുന്നതുപോലെ നില്‍ക്കുന്നത്, ഷൂ അഴിക്കൂ സഹോദരാ എന്നാണ് ഇതിന്റെ മലയാളം) ഉടന്‍ സലിം ഹൈഹീല്‍ അഴിച്ചുമാറ്റി മണ്ണിലേക്കിറങ്ങി. രഘുവിന്റെ കാര്യമായിരുന്നു രസകരം. അവന്‍ മാത്രമായിരുന്നു ഞങ്ങളുടെ കൂട്ടത്തിലെ മുണ്ടുധാരി. മുണ്ട് അഴിച്ചുമാറ്റാന്‍ അവന്‍ കൂട്ടാക്കിയില്ല, പക്ഷേ, മുരടന്റെ അലര്‍ച്ച കേട്ടപ്പോള്‍ ആള്‍ മൂത്രമൊഴിച്ചില്ല എന്നേയുള്ളൂ. അതിനേക്കാള്‍ വേഗത്തിലാണ് മുണ്ടഴിഞ്ഞത്.

ആസാദിനു ചിരി നിര്‍ത്താനായില്ല. ഒരു കോളേജ് വിദ്യാര്‍ത്ഥി സ്വപ്നത്തില്‍പ്പോലും ചിന്തിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു അവന്റെ അടിവസ്ത്രം. ഉത്സവപ്പറമ്പിലോ ഗ്രാമങ്ങളിലോ ചെറിയ തുന്നല്‍ക്കടകളിലോ ഞാത്തിയിടുന്ന വരയന്‍ ട്രൗസര്‍; അതും ചരടുകൊണ്ട് കെട്ടിയുറപ്പിക്കുന്നത്. (വര്‍ഷങ്ങള്‍ക്കുശേഷം അത്തരം ട്രൗസറുകള്‍ മലയാളത്തില്‍ സുരേഷ് ഗോപിയും ലാലും തെങ്കാശിപ്പട്ടണം സിനിമയില്‍ ആവേശപൂര്‍വ്വം അവതരിപ്പിച്ച് പോപ്പുലറാക്കി, തുടര്‍ന്ന് തെന്നിന്ത്യന്‍ ഭാഷകളില്‍ വരയന്‍ ട്രൗസര്‍ ഇല്ലാത്ത സിനിമകള്‍ ഇല്ലെന്നായി. ഇതിന്റെയൊക്കെ ക്രെഡിറ്റ് ശരിക്കും രഘുവിനാണ്). നമ്മുടെ സ്റ്റോക്കന്റെ ചോദ്യം പ്രസക്തമായത് ഇവിടെയാണ്:

''യ്യ് ശരിക്കും കോളേജില്‍ പഠിക്കുന്നവനാണോ?''

രഘു ചെറുതായി ഒന്ന് ജാള്യനായി. അതോടെ ലങ്കോട്ടിധാരിയായി നിന്നിരുന്ന സലീമിന് അല്പം ആശ്വാസമായി. എന്നാല്‍, അക്കൂട്ടത്തില്‍ മെച്ചപ്പെട്ട അടിവസ്ത്രം ആസാദിന്റേതുതന്നെ. അക്കാലത്ത് ഗള്‍ഫില്‍നിന്നും കൊണ്ടുവരുന്ന വിശേഷപ്പെട്ട ഒന്നായിരുന്നു അത്. സിബ്ബ് പിടിപ്പിച്ച ചെറിയ ഒരു പോക്കറ്റ് വരെ അതിനുണ്ട്. എന്റേയും അജയന്റേയും കാര്യം വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. വെടിയുണ്ട കയറിയ പോലത്തെ ഒന്ന് രണ്ടു ദ്വാരങ്ങള്‍ അക്കാലത്ത് ഒരുവിധപ്പെട്ട എല്ലാ ചെറുപ്പക്കാരുടേയും അടിവസ്ത്രത്തില്‍ അടയാളമായുണ്ടാകുമല്ലോ. ഇല്ലെങ്കില്‍ ഉണ്ടായിരിക്കണം. അതൊരു അലങ്കാരമാണ്. ഇങ്ങനെ അടിവസ്ത്രധാരികളായി ഞങ്ങള്‍ അഞ്ചുപേരേയും ഒരു ലോക്കപ്പ് രാത്രിയിലേക്ക് മുരടനും സ്റ്റോക്കനും കൂടി തള്ളിക്കയറ്റി.

ജോയ് മാത്യു (പഴയകാല ചിത്രം)
ജോയ് മാത്യു (പഴയകാല ചിത്രം)

അജയന്റെ നിസ്സംഗഭാവവും പുഷ്ടിയുള്ള ശരീരഭാഷയും അല്പം ധിക്കാരം ദ്യോതിപ്പിക്കുന്നതായി മുരടനു തോന്നിയിരിക്കാം. അതുകൊണ്ട് ലോക്കപ്പ് മുറിയുടെ വാതില്‍ തുറക്കുവാന്‍ അല്പം ബലം പ്രയോഗിക്കേണ്ടതുള്ളതിനാല്‍ മുരടന്‍ അജയനോട് അലറി:

''തടിയൊക്കെ ഒന്ന് ഇളകെട്ടെടാ വാതില്‍ തുറക്ക്'' എന്ന് മുരണ്ടു.

തലമൂത്ത അരാജകന്‍ ആസാദ് അപ്പോഴും രഘുവിനെ കളിയാക്കിയും സ്വയം പരിഹസിച്ചും ഇടയ്‌ക്കൊക്കെ നമ്മുടെ സ്റ്റോക്കനോട് ''സാര്‍ പെട്ടെന്നുള്ള സ്റ്റോക്കില്‍...'' എന്ന് പറഞ്ഞു അയാളെ ഇടയ്ക്കിടെ അരിശം പിടിപ്പിച്ചും മടുത്തപ്പോള്‍ ''ഏതായാലും കുടുങ്ങി ഇനി ബാക്കി നാളെ നോക്കാം. ഞാനൊന്നു ഉറങ്ങട്ടെ'' എന്നും പറഞ്ഞു അവന്റേതായ ഒരിടം കണ്ടെത്തി ചുവരില്‍ ചാരിയിരുന്നു ഉറങ്ങാന്‍ തുടങ്ങി. ലോക്കപ്പ് മുറിയിലാകട്ടെ, അഞ്ചുപേര്‍ക്ക് നിന്നുതിരിയാന്‍പോലും പറ്റാത്ത അവസ്ഥ. അതിനിടെ രഘുവിനു കലശലായ ടോയ്ലറ്റ് സ്വപ്നങ്ങള്‍! പക്ഷേ, എന്തുചെയ്യും, ലോക്കപ്പ് മുറിയില്‍ ആകെയുള്ളത് മൂത്രമൊഴിക്കാനായി വെച്ച ഒരു മണ്‍കലം മാത്രം.

രഘു കരയും മട്ടില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനെ വിളിച്ചു. അയാള്‍ പറഞ്ഞു, രാവിലെ എസ്.ഐ വരും എന്നിട്ട് ആവാം. അതുവരെ ഇത്തരം സ്വപ്നങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാവുമോ? രഘുവിനു കരച്ചില്‍ വന്നു. ആസാദ് കണ്ണുരുട്ടിയതോടെ രഘുവിന്റെ സ്വപ്നം അവിടെ സ്തംഭിച്ചു.

പക്ഷേ, ഭീതി മറ്റൊന്നായിരുന്നു. ഞങ്ങളെ പിടിച്ചുകൊണ്ടുപോയത് മറ്റാരും അറിയാത്ത സ്ഥിതിക്ക് ഈ രാത്രിയില്‍ത്തന്നെ കക്കയം മാലൂര്‍കുന്ന് തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലേക്കെങ്ങാനും കൊണ്ടുപോയി ഉരുട്ടിയും പെരട്ടിയും... അന്ന് അതായിരുന്നല്ലോ പൊലീസിന്റെ ഹൈലൈറ്റ്. 

എന്നാല്‍, ഭാഗ്യം തുണച്ചു. ഞങ്ങളെ പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയ രംഗം ഞങ്ങള്‍ക്കു പുറകെ വന്നിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിസംഘം കണ്ടിരുന്നു. അപ്പുവേട്ടന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന അനില്‍ അടക്കമുള്ളവരായിരുന്നു ആ സംഘത്തില്‍ ഉണ്ടായിരുന്നവര്‍, അവര്‍ ഉടന്‍ വിവരം കാമ്പസ്സില്‍ ഉറക്കമൊഴിഞ്ഞിരിക്കുന്ന ചെയര്‍മാനേയും സംഘത്തേയും അറിയിക്കുന്നു. കലോത്സവം കഴിഞ്ഞ കാമ്പസ്സില്‍ ഈ വാര്‍ത്ത കാട്ടുതീ പടര്‍ത്തി. സുരേഷിന്റെ നേതൃത്വത്തില്‍ അവര്‍ സംഘമായി തൊട്ടടുത്തുള്ള പന്നിയങ്കര സ്റ്റേഷനിലേക്കു നടന്നു. ഞങ്ങള്‍ അവിടെയില്ലെന്നറിഞ്ഞു. പിന്നെ അടുത്ത സ്റ്റേഷനായ മീഞ്ചന്ത സ്റ്റേഷനിലേക്കു ചെന്നു. ഞങ്ങള്‍ അകത്ത് ഉണ്ടായിരുന്നുവെങ്കിലും കാവല്‍നിന്നിരുന്ന പൊലീസുകാരന്‍ ഞങ്ങള്‍ അവിടെയില്ല എന്നു നുണപറഞ്ഞു അവരെ തിരിച്ചയച്ചു. അല്ലെങ്കിലും സത്യസന്ധന്മാര്‍ അകത്തും കള്ളന്മാര്‍ കാവല്‍ക്കാരുമാണല്ലോ! തുടര്‍ന്ന് അവര്‍ ടൗണ്‍ സ്റ്റേഷനില്‍, കസബസ്റ്റേഷനില്‍. അങ്ങനെ എല്ലായിടത്തും ഞങ്ങളെ പരതി. പിന്നെ അവരും പരിഭ്രാന്തരായി. ഞങ്ങളെ എങ്ങോട്ട് കൊണ്ടുപോയി എന്നറിയാതെ ആ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആറ് കിലോമീറ്ററിലധികം ദൂരമുള്ള കമ്മിഷണര്‍ ആപ്പീസിലേക്ക് അര്‍ദ്ധരാത്രിയില്‍ കാല്‍നടയായി ചെന്നു. അവിടെയുള്ളവരും കൈമലര്‍ത്തി. ഒടുവില്‍ എല്ലാവരും തിരിച്ചുവന്നു നേരം പുലരുംവരെ വേവലാതി കഴിച്ചു ഉറക്കമകറ്റി.

ലോക്കപ്പ് മുറിയില്‍ തണുത്ത സിമന്റ് തറയില്‍ ഒരു പായയോ പുതപ്പോ ഇല്ലാതെ നിന്നും ഇരുന്നും ഞങ്ങള്‍ രാത്രിയെ കഴിച്ചു വയര്‍ നിറച്ചു. ഇടക്കിടക്കിടെ വന്നുപോകുന്ന പൊലീസ് ജീപ്പുകള്‍ സ്റ്റേഷനിലേക്കു കയറുമ്പോള്‍ രഘു കരയും: ''നമ്മളെ കക്കയത്തേക്കോ മറ്റോ കൊണ്ട് പോകുമോ?'' സലീമിനാണെങ്കില്‍ വീട്ടുകാരെ എങ്ങനെയെങ്കിലും വിവരം അറിയിക്കണം. അവന്റെ ജ്യേഷ്ഠന്‍ സാമൂഹ്യപ്രവര്‍ത്തകനാണ്. പുറത്തുകടക്കാന്‍ എന്തെങ്കിലും പരിഹാരമുണ്ടാക്കും. എന്നാല്‍, രഘുവിനാകട്ടെ, ഒരു കാരണവശാലും വീട്ടുകാര്‍ അറിയാനേ പാടില്ല എന്നുമാണ് നിലപാട്. 

ആ രാത്രി ഉറങ്ങാതേയും ഉണരാതേയും ഞങ്ങള്‍ അഞ്ച് ആത്മാക്കള്‍ അതിനകത്തു കഴിച്ചുകൂട്ടി.

നേരം പുലരുമ്പോള്‍ അദ്ഭുതകരമായ ഒരു കാഴ്ചയാണ് കണ്ടത്. അഴികള്‍ക്കിടയിലൂടെ ഞങ്ങളെ തുറിച്ചുനോക്കുന്ന കണ്ണുകള്‍. മീഞ്ചന്ത പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ കടന്നുപോകുന്ന ബസ്സുകള്‍ സമയം പാലിക്കുന്നുണ്ടോ എന്നറിയാന്‍ സ്റ്റേഷനില്‍ വെച്ച ഒരു പുസ്തകത്തില്‍ കണ്ടക്ടര്‍മാര്‍ ഒപ്പുവെയ്ക്കുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു. സ്റ്റേഷനു നേരെ മുന്‍പിലാണ് ബസ് നിര്‍ത്തുക. കണ്ടക്ടര്‍ തിരിച്ചുവരുന്നതുവരെ യാത്രക്കാര്‍ക്ക് നേരംപോക്കിനായി ലോക്കപ്പിലുള്ളവരെ കണ്ടോണ്ടിരിക്കാം.

എന്തൊരു നല്ല ഏര്‍പ്പാട്! ചുവരിനു പകരം ഒരു ഭാഗം മുഴുവന്‍ ഇരുമ്പ് അഴികളായതിനാല്‍ എങ്ങനെ നിന്നാലും ബസിലുള്ളവര്‍ക്ക് അടിവസ്ത്രധാരികളായ ലോക്കപ്പ് ജീവികളെ കാണാം. പരിചയക്കാര്‍ പ്രത്യേകിച്ചും കോളേജിലേയ്ക്കു പോകുന്ന പെണ്‍കുട്ടികള്‍ ഞങ്ങളെ കാണരുതേ എന്ന പ്രാര്‍ത്ഥനയില്‍ ഓരോ ബസ് വരുമ്പോഴും ബസിലുള്ളവര്‍ക്ക് മുഖം കൊടുക്കാതെ ഞങ്ങള്‍ തിരിഞ്ഞുനില്‍ക്കും. ചന്തികണ്ടാല്‍ ആളെ തിരിച്ചറിയാന്‍ സാധിക്കില്ല എന്നത് ആസാദിന്റെ കണ്ടുപിടുത്തമായിരുന്നു. പ്രഭാതം അങ്ങനെ ഞങ്ങളുടെ പിന്നാമ്പുറത്ത് പൊട്ടിവിടരുമ്പോള്‍ പിറകില്‍നിന്നും ഒരു ശബ്ദം ''ജോയ് മാത്യുവല്ലേ?'' 

ആസാദിന്റെ വാദം പൊളിഞ്ഞു. തിരിഞ്ഞു നിന്നിട്ടും എന്നെ കണ്ടുപിടിച്ചല്ലോ. അത്ഭുതത്തോടെ പിന്തിരിഞ്ഞു നോക്കിയപ്പോള്‍ ചായയുമായി സ്റ്റേഷനിലേക്കു വന്ന ഒരു പയ്യന്‍. എനിക്ക് ആളെ മനസ്സിലായില്ല. അവന്‍ സ്വയം പരിചയപ്പെടുത്തി. ഞങ്ങളുടെ കോളേജിലെ തന്നെ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയാണവന്‍. അച്ഛന്റെ ചായക്കടയില്‍ രാവിലെ സഹായിക്കാന്‍ വന്നതാണ്. ''നിങ്ങളെന്താ ഇവിടെ?'' ഞാന്‍ വേഗത്തില്‍ കാര്യം പറഞ്ഞു. എത്രയും പെട്ടെന്ന് കാമ്പസ്സില്‍ പോയി ചെയര്‍മാന്‍ സുരേഷിനെ വിവരമറിയിക്കാന്‍ ചട്ടംകെട്ടി.

അവന്‍ ശരവേഗത്തെ തോല്‍പ്പിച്ച് കാമ്പസ്സിലെത്തി, വാര്‍ത്ത കാമ്പസ്സില്‍ പടര്‍ന്നുപിടിച്ചു. സുരേഷിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ ഒരു വന്‍പട സ്റ്റേഷനു മുന്നിലേക്കിരമ്പിയെത്തി. അപ്പോഴാണ് പൊലീസ് ഒന്നുണര്‍ന്നത്.

ഞങ്ങളുടെ വിലനിലവാരം അവര്‍ ഉടന്‍ എസ്.ഐയെ അറിയിക്കുന്നു. 

എസ്.ഐ പറന്നെത്തുന്നു. ഞങ്ങളുടെ വേവലാതി മറ്റൊന്നായിരുന്നു.

സഹപാഠികള്‍ക്കു മുന്നില്‍ ഷഡ്ഡിയില്‍ കുളിച്ചുനില്‍ക്കേണ്ടിവരുന്ന അവസ്ഥയോര്‍ത്ത് ഞങ്ങള്‍ ഒന്നുകൂടി പുറംതിരിഞ്ഞുനിന്നു. അതിനിടയില്‍ രഘുവിന്റെ കണ്‍ട്രോള്‍ പോയിത്തുടങ്ങി. രാവിലത്തെ ചായ പറ്റിച്ച പണിയാണ്. സലിം പൊലീസുകാരെ സംഗതിയുടെ അടിയന്തര സ്വഭാവം വിളിച്ചറിയിച്ചു. അതോടെ ലോക്കപ്പ് വാതില്‍ തുറക്കപ്പെട്ടു. രഘു തന്റെ ആവശ്യം നിറവേറ്റാന്‍ ആദ്യമോടി. പിറകെ ഞങ്ങളുമോടി. ഒരു കക്കൂസും അഞ്ച് ആത്മാക്കളും എന്ന നോവലിലെ തുടര്‍ന്നുള്ള അധ്യായങ്ങള്‍ പിന്നീട് ഇതേ ലേഖകന്റെ ഗള്‍ഫ് ജീവിതത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.

ഡോ. എംഎം ബഷീർ
ഡോ. എംഎം ബഷീർ

കവിയായ ന്യായാധിപനു മുന്നില്‍

ഏതായാലും ഞങ്ങള്‍ വീണ്ടും വസ്ത്രരായി. പല്ലുതേക്കുന്നപോലെയും മുഖം കഴുകുന്ന പോലെയുമൊക്കെ കാണിച്ചു. വിസ്തരിച്ചുള്ളത് വീട്ടില്‍ ചെന്നിട്ടാകാം എന്നു സ്വപ്നം കണ്ട ഞങ്ങള്‍ക്കു തെറ്റി. എല്ലാവരോടും ജീപ്പില്‍ കയറുവാനാണ് എസ്.ഐ പറഞ്ഞത്. പുറത്ത് ഞങ്ങളെ വരവേല്‍ക്കുവാന്‍ സുരേഷും സൈന്യവും കാത്തുനില്‍ക്കുന്നതിനു മുന്നിലൂടെ ജീപ്പ് നേരെ പാഞ്ഞുചെന്ന് നിന്നത് മനാചിറയ്ക്കരികിലെ ആര്‍.ഡി.ഒയുടെ വസതിക്കു മുന്നില്‍. 

ഞങ്ങളുടെ കൂടെയുള്ള ഒരു യുവപൊലീസുകാരന്‍ വിശദീകരിച്ചു. നിങ്ങളുടെ ഭാവി ഇനി അദ്ദേഹത്തിന്റെ കൈകളിലാണ്. എന്നുവെച്ചാല്‍ ഒന്നുകില്‍ വെറുതെ വിടും അല്ലെങ്കില്‍ റിമാന്‍ഡ് ചെയ്യും. ''ദൈവമേ'' രഘുവിന്റെ പ്രാര്‍ത്ഥന ഉയര്‍ന്നു. ഞങ്ങള്‍ ദൈവത്തെ കാത്തുനിന്നു. എല്ലാ ഭക്തരേയും പോലെ ഞങ്ങള്‍ പരമപാവങ്ങളുടെ മുഖംധരിച്ചു; പഞ്ചപുച്ഛവും അടക്കിവെച്ചു. 

ദൈവത്തിന്റെ വീട്ടിനു മുന്നില്‍ നില്‍ക്കാതെ നിന്നു.

ദൈവത്തെക്കണ്ട് ഞങ്ങള്‍ ഞെട്ടി. കെ. ജയകുമാര്‍ ഐ.എ.എസ്. തലേ ദിവസത്തെ ഞങ്ങളുടെ കലോത്സവത്തിലെ മുഖ്യാതിഥി. കവികൂടിയായ മജിസ്‌ട്രേറ്റ് അതാ ഇറങ്ങിവരുന്നു. കൂടെ സാഹിത്യനിരൂപകന്‍ ഡോ. എം.എം. ബഷീര്‍. രാവിലെത്തന്നെ ഏതോ സാഹിത്യപ്രശ്‌നം തീര്‍ക്കാന്‍ വന്നതായിരിക്കാം. പൊലീസിനോടൊപ്പം നില്‍ക്കുന്ന മഹത്വ്യക്തിത്വങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ ബഷീര്‍ മാഷ് അടുത്ത സാഹിത്യനിരൂപണത്തിലേക്ക് സ്‌കൂട്ടര്‍ ഓടിച്ചുപോയി. ഞങ്ങള്‍ക്ക് സംശയമായി. കവികള്‍ക്കെങ്ങനെ മജിസ്‌ട്രേറ്റ് ആകാന്‍ പറ്റും?നിയമ വിദ്യാര്‍ത്ഥിയായ സലിം വിശദീകരിച്ചു: ''ആര്‍.ഡി.ഒവിന് മജിസ്‌ട്രേറ്റിന്റെ ചുമതല കൂടിയുണ്ട്.''

''അപ്പോള്‍ മൂപ്പര്‍ ഡബിള്‍ റോളിലാണല്ലേ?'' ആസാദിന്റെ കോമഡി. ഇത്തവണ അദ്ദേഹം മജിസ്‌ട്രേറ്റിന്റെ കുപ്പായത്തിലാണ്. എങ്കിലും ആരും നോക്കിപ്പോകുന്ന സുന്ദരരൂപം. പൊലീസുകാര്‍ ആദ്യം സല്യൂട്ട് അടിച്ചു മക്കാറാക്കി. പിന്നെ എഴുതിക്കൊണ്ടുവന്ന വാറോല അദ്ദേഹത്തിനു കൊടുത്തു.

കാവ്യഗുണമില്ലെന്നറിഞ്ഞിട്ടും പൊലീസ് വാറോല അദ്ദേഹം സമചിത്തതയോടെ വായിച്ചശേഷം ഞങ്ങളെയൊന്നു ആപാദംചൂഡി. രഘുവിന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു: ''സാര്‍ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ വീട്ടിലറിഞ്ഞാല്‍ പഠിപ്പ് നില്‍ക്കും.''

അദ്ദേഹം ഞങ്ങളോട് ചോദിച്ചു:
''എന്താണ് നടന്നത്?''
പെട്ടെന്ന് ഞങ്ങളെല്ലാവരും തത്തകളായി. തത്തകളുടെ കലപിലയില്‍ അദ്ദേഹം ഇടപെട്ടു. 
''ഒരാള്‍ പറഞ്ഞാല്‍ മതി.''
അപ്പോള്‍ ദൗത്യം ഞാന്‍ ഏറ്റെടുത്തു. 
സംഭവം പറഞ്ഞുകഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കിയിട്ട് ചോദിച്ചു: 
''തനിക്ക് ഇന്നലെ ഞാന്‍ സമ്മാനം തന്നിരുന്നല്ലോ, എന്തിനായിരുന്നു അത്?''
ഹോ! മജിസ്‌ട്രേറ്റ് ആണെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മശക്തിക്കു മുന്‍പില്‍ ഞങ്ങളുടെ പ്രതീക്ഷ മൊട്ടിട്ടു. ഞങ്ങളെ കൊണ്ടുവന്ന പൊലീസുകാരെ അല്പം അഹന്തയോടെ നോക്കാനും ഞങ്ങള്‍ ഈ അവസരം ഉപയോഗിച്ചു. 
ഞാന്‍ പറഞ്ഞു: ''അഭിനയത്തിന്.''
(ഒന്നല്ല വേറെയും രണ്ടോ മൂന്നോ സമ്മാനങ്ങള്‍ അത്തവണ എനിക്കുണ്ടായിരുന്നു; അതായിരിക്കാം എന്നെ ഓര്‍ക്കാന്‍ കാരണം).
''ഇത് അഭിനയമല്ലല്ലോ?''
അദ്ദേഹം ചോദിക്കേണ്ട താമസം തത്തകള്‍ കൂട്ടമായി കരഞ്ഞു: ''അല്ലാ സാര്‍.''
അദ്ദേഹം പൊലീസുകാരന്‍ സമര്‍പ്പിച്ച വാറോല ഒന്നുകൂടി വായിച്ചു. എഴുത്തിലെ വൃത്തഭംഗം അദ്ദേഹം കണ്ടുപിടിച്ചു. 

''ഇന്നലെ ആറുമണി മുതല്‍ ഞാന്‍ പങ്കെടുത്ത പരിപാടിയില്‍ ഈ കുട്ടികള്‍ ഉണ്ടായിരുന്നു. അപ്പോഴെങ്ങനെയാണെടോ ആറുമണിക്ക് ഇവര്‍ സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് എഴുതിവെച്ചിരിക്കുന്നത്?''

അപ്പോഴാണ് പൊലീസുകാരനു വിക്കുണ്ടെന്ന് ഞങ്ങള്‍ക്കു മനസ്സിലായത്. ഞങ്ങളുടെയുള്ളില്‍ പ്രതീക്ഷയുടെ മൊട്ട് പൂവായി വിരിയുന്ന ശബ്ദം ഞങ്ങള്‍ കേട്ടു. ഞങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു. ഹാവൂ മജിസ്‌ട്രേറ്റ് നമ്മളെ ആളുതന്നെ! കാവ്യരചനയില്‍ വൃത്തഭംഗി നഷ്ടപ്പെടുത്തി തോറ്റുതൊപ്പിയിട്ട പൊലീസുകാരന്‍ തൊപ്പിതെറിക്കാതിരിക്കാനായി എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട് മറ്റെന്തോ ഗൗരവപ്പെട്ട കവിത അദ്ദേഹത്തിന്റെ തൊട്ടടുത്തേക്ക് നീങ്ങിനിന്നു ആ കാതിലോതി. പെട്ടെന്ന് അദ്ദേഹം ചിന്താമഗ്ദലനായി. വൃത്തഭംഗമല്ല പ്രശ്‌നം മറ്റെന്തോ ആണ്... അദ്ദേഹം കവി മാത്രമല്ല, ന്യായാധിപന്‍ കൂടി ആണല്ലോ! ഒടുവില്‍ ദൈവം വിധി പറഞ്ഞു: 

''നാളെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ചു നിങ്ങളെ വിട്ടയക്കാന്‍ ബുദ്ധിമുട്ടാണ്.''
അപ്പോഴാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്ന പ്രശ്‌നം ഞങ്ങളും ഓര്‍ക്കുന്നത്.
''അപ്പോള്‍ സാര്‍?''
''മൂന്ന് ദിവസത്തേക്ക് അകത്തു പോകേണ്ടിവരും.''
''അകത്തേക്കോ?'' രഘു മജിസ്‌ട്രേറ്റിന്റെ വീടിനകത്തേക്ക് എത്തിനോക്കി. ആസാദ് അവനു പരിഭാഷിച്ചു.
''അകത്തേക്ക് എന്നാല്‍ ജയിലിലേക്ക്.''
രഘുവിന്റെ ഞരമ്പുകള്‍ തളര്‍ന്നു.
''സാര്‍ ...''

ഉത്തരമൊന്നും പറയാതെ അദ്ദേഹം പൊലീസുകാരന്റെ വൃത്തഭംഗം അംഗീകരിച്ചുകൊടുത്ത് നിസ്സഹായനായ പീലാത്തോസായി. പിന്നെ കവിതയില്‍ ഒപ്പ് ചാര്‍ത്തി കൈകഴുകാന്‍ അകത്തേക്ക് പോയി.
പൊലീസുകാര്‍ വിജയോന്മത്തരായി ഞങ്ങളെ ജീപ്പിലേക്കുതന്നെ കയറ്റി. കവിതയില്‍ വൃത്തഭംഗവും ആവാമെന്ന് ഞങ്ങള്‍ക്ക് അപ്പോള്‍ തീര്‍ച്ചയായി.

'സബ് ജയില്‍ കോഴിക്കോട്' എന്ന കമാനം കണ്ടതും ഞങ്ങളുടെ കാറ്റുപോയി. രഘുവിന്റെ ഞരമ്പുകള്‍ ഇപ്പോള്‍ പൊട്ടും എന്ന മട്ടില്‍ വലിഞ്ഞുമുറുകി. വക്കീല്‍ ഭാഗം പഠിക്കുന്ന സലിം വിതുമ്പാന്‍ തുടങ്ങി.

വീട്ടില്‍ അറിഞ്ഞാലുള്ള അവസ്ഥ ആലോചിച്ച് ഞാനും ശരിക്കും ബേജാറിലായിരുന്നു. വല്ല സമരമോ മറ്റോ നടത്തിയിട്ടാണ് ജയിലില്‍ വന്നിരുന്നതെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇതിപ്പോ... 

എന്നാല്‍, ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അതാ കല്‍ത്തുറുങ്കിനെ പ്രകമ്പനം കൊള്ളിക്കുന്ന മുദ്രാവാക്യം വിളികള്‍! 

''അഭിവാദ്യം അഭിവാദ്യം ധീരസഖാക്കള്‍ക്കഭിവാദ്യം.''

ഇതാര്? ഞങ്ങള്‍ ചുറ്റും നോക്കി! അപ്പോള്‍ ജയിലിലെ സെല്ലുകളില്‍നിന്നും ഒരു കൂട്ടം ആളുകള്‍ ഞങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നു. സഖാക്കള്‍! അതില്‍ അധികം പേരെയും എനിക്കറിയാം. ജനകീയ സാംസ്‌കാരിക വേദി പ്രവര്‍ത്തകരും പാര്‍ട്ടിക്കാരുമാണ്. 'നാടുഗദ്ദിക' നാടകം അവതരിപ്പിച്ചതിന്റെ പേരിലും മറ്റു ചില കേസുകളിലും അറസ്റ്റ് ചെയ്യപ്പെട്ട സഖാക്കളാണ്. എനിക്കവരെ കണ്ടപ്പോള്‍ അല്പം ധൈര്യവും സുരക്ഷിതത്വവും ഒക്കെ തോന്നി. ഞാന്‍ കൂടെയുള്ളവരോട് പറഞ്ഞു:

കെ ജയകുമാർ ഐഎഎസ്
കെ ജയകുമാർ ഐഎഎസ്

''ഇവിടെ ഒന്നും പേടിക്കാനില്ല; എല്ലാം നമ്മുടെ ആള്‍ക്കാരാ!''

കൂടെയുള്ളവര്‍ എന്നെ രൂക്ഷമായി നോക്കി. കഴിഞ്ഞതൊക്കെ പോരാഞ്ഞ് ഇനി ഇതും കൂടി സഹിക്കണം എന്ന മട്ടില്‍. പോരാത്തതിന് അവരൊക്കെ വേറെ വേറെ പാര്‍ട്ടിക്കാരുമാണല്ലോ. ജയിലില്‍ ഇത്തവണ ഞങ്ങള്‍ക്ക് ഏതായാലും വിവസ്ത്രരാകേണ്ടിവന്നില്ല പക്ഷേ, വിവര്‍ണ്ണര്‍ ആകേണ്ടിവന്നു. കാരണം അഭിവാദ്യങ്ങള്‍ സ്വിച്ചിട്ടതുപോലെ നിന്നു. എന്താണ് കാരണമെന്നു പിന്നീടറിഞ്ഞു. ഞങ്ങളെ പിടിച്ചുകൊണ്ടുവന്നത് വിപ്ലവം നടത്തിയിട്ടല്ല അരാജകം കളിച്ചിട്ടാണെന്ന് വാര്‍ഡന്‍ അവരോട് പറഞ്ഞു. അതോടെ അവര്‍ ഞങ്ങളെ ബഹിഷ്‌കരിക്കുക മാത്രമല്ല, ഞങ്ങളുമായി യാതൊരുവിധ സംസര്‍ഗ്ഗവും ജയിലില്‍വെച്ച് പാടില്ല എന്ന പ്രമേയവും അവിടെവെച്ചുതന്നെ പാസ്സാക്കിയത്രേ! അവര്‍ ഞങ്ങളെ തൊട്ടുകൂടാത്ത അകലത്തില്‍ നിര്‍ത്തി. ചോദിച്ചാല്‍ ഒരു ബീഡിപ്പുക തരാത്ത അവസ്ഥ! നേരത്തെ എനിക്കു ചാര്‍ത്തിത്തന്ന അരാജകപ്പട്ടം ഇപ്രാവശ്യം അരക്കിട്ട് ഉറപ്പിക്കാന്‍ അവര്‍ക്കായി.

ജയിലില്‍ ചെന്നുകയറിയ വിവരം ഓരോരുത്തരുടെ വീടുകളിലും ചങ്ങാതിമാരേക്കാള്‍ വേഗത്തില്‍ ശത്രുക്കള്‍ എത്തിച്ചു. സ്വാഭാവികമായും വീടുകളില്‍ ചെറിയ ചെറിയ ഭൂകമ്പങ്ങള്‍ ഉണ്ടായെങ്കിലും പിന്നീട് അത് കെട്ടടങ്ങുകയും ഞങ്ങള്‍ക്കു മാറാനുള്ള മറുതുണികളുമായി ബന്ധുക്കളോ ചങ്ങാതിമാരോ വന്നെത്തുകയും ചെയ്തു. അതുകൊണ്ടായിരിക്കാം അടുത്ത ദിവസം പ്രധാനമന്ത്രി വരികയും പെട്ടെന്നുതന്നെ പോവുകയും ചെയ്തു. 

അതിനാല്‍ അന്ന് ജാമ്യം ഇല്ല.

ആറുമാസം നീണ്ട നാടകം

അടുത്ത ദിവസം ഞായറാഴ്ചയാണ് കോടതിയില്ല. അതിനടുത്ത ദിവസം എന്തോ പൊതു അവധി. പണ്ടാരമടങ്ങാന്‍ അന്നും കോടതി ഇല്ല. മൂന്നാം നാളിലെ ഉയിര്‍പ്പ് വരെയുള്ള മൂന്ന് ദിവസത്തെ ജയില്‍ ജീവിതം മറ്റൊരു പുസ്തകമാണ്. അതില്‍തൊട്ടുള്ള കളി ഇപ്പോഴില്ല.

നാലാം നാള്‍ ആസാദിന്റെ ചേട്ടന്‍ സലിം ജാമ്യമെടുക്കാന്‍ ആദ്യമെത്തി. എല്ലാവര്‍ക്കും ഒരുമിച്ചു ജാമ്യം കിട്ടുമ്പോഴേ ഇറങ്ങുന്നുള്ളൂ എന്ന് ആസാദ് പ്രഖ്യാപിച്ചു. അതാണ് അരാജക ഐക്യം എന്നു പറയുന്നത്. ഈ ഐക്യമത്യം ജയിലിനു പുറത്ത് മഹാബലമായി. ഒരാളെ ജാമ്യമെടുക്കണമെങ്കില്‍ കരം അടച്ച രശീതുള്ള രണ്ടുപേര്‍ വേണം. സലീമിന്റെ ചേട്ടന്‍. അജയന്റെ അമ്മാവന്‍. ആസാദിന്റെ ചേട്ടന്‍, എന്റെ അച്ഛന്‍ ഇങ്ങനെ എല്ലാവരും ചേര്‍ന്ന് എല്ലാവരേയും ജാമ്യമെടുത്ത് ഐക്യത്തിനു പുതിയൊരു മൂല്യമുണ്ടാക്കി. എന്നാല്‍, രഘുവിന്റെ കാര്യമാണ് രസകരം. അവന്റെ വീട്ടുകാര്‍ കൂട്ടത്തില്‍നിന്നും വിഘടിച്ചു നിന്നു. ഒന്നാമതായും ഇതൊരു നക്‌സലൈറ്റ് കേസായിട്ടാണ് അവരെടുത്തത്. വലിയ ജന്മികളായ അവര്‍ക്ക് വെറുതെയെങ്കിലും ഒരു പേടിയുണ്ടാകുമല്ലോ. പോരാത്തതിനു പാരമ്പര്യ കോണ്‍ഗ്രസ്സുകാരുമാണ്, അതില്‍ത്തന്നെ നായന്മാരുമാണ്. അതുകൊണ്ട് തറവാട്ടിലെ കാരണവര്‍, വലിയച്ഛന്‍, രണ്ട് ഇളയച്ഛന്മാര്‍, മൂന്നു അമ്മാമന്മാര്‍, കാര്യസ്ഥന്മാര്‍, വക്കീല്‍ ഗുമസ്തന്‍ തുടങ്ങി പുരുഷപ്രജകളുടെ ഒരു പടയായിട്ടാണ് അവര്‍ എത്തിയത്. അവര്‍ രഘുവിനെ മാത്രം ജാമ്യം എടുത്തുകൊള്ളാം എന്നു പറഞ്ഞു:

ഒടുവില്‍ എല്ലാവരും പാതി സ്വതന്ത്രരായി, പുറത്തിറങ്ങി ശുദ്ധവായു ശ്വസിച്ചു. അപ്പോഴും കേസിന്റെ ബാക്കി പാതിഭാഗം കോടതിയായി, സാക്ഷിക്കൂടായി, വിസ്താരമായി, വിചാരണയായി ഞങ്ങളുടെ മുതുകില്‍ ഒരു കൂനായി വളര്‍ന്നു. ഓരോ പ്രാവശ്യം മജിസ്‌ട്രേറ്റ് മുന്നിലെത്തുന്നതുവരെ ജയില്‍ ദിനങ്ങള്‍ പറഞ്ഞു രസിച്ചു. കൂട്ടില്‍ കയറിയാല്‍ സാധു മൃഗങ്ങളായി നമ്രശിരസ്‌കരാവും. മജിസ്‌ട്രേറ്റാവട്ടെ, തനിക്കു മുന്നിലെ പൊലീസ് വാറോലകളിലെ മാറാലമാറ്റി കവിത കണ്ടെത്തുന്ന ജോലിയിലായിരിക്കും. മൗനമായിരുന്നു മൊത്തം വൃത്തം.

വഴിപാടുപോലെ ആറുമാസം തിങ്ങിനിറഞ്ഞ സദസ്സിനു മുന്നില്‍ കളിച്ച മേല്‍പ്പറഞ്ഞ നാടകം അങ്ങോര്‍ക്കു തന്നെ ബോറടിച്ച് ഒടുവില്‍ കേസ് വെറുതെ വിട്ടതായി പ്രഖ്യാപിച്ചു ''ഇത് നേരത്തെ ആകാമായിരുന്നല്ലോ'' എന്ന അജയന്റെ ചോദ്യത്തിന് ''ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ അങ്ങനെയൊന്നില്ലെന്നും ഒരു കേസ് കിട്ടിയാല്‍ ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും കോടതിയില്‍ നിരങ്ങിയാലേ കേസ് അവസാനിപ്പിക്കൂ'' എന്ന് ജയില്‍വാസം കഴിഞ്ഞ് ലോ കോളേജില്‍ പോയിത്തുടങ്ങിയ സലിം പറഞ്ഞുതന്നു. അപ്പോള്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്! ആറുമാസംകൊണ്ടു നമ്മുടെ കേസ് തീര്‍ന്നല്ലോ! എന്നാല്‍, വാസ്തവം അതല്ല. ഓരോ മാസം കേസ് വിളിക്കുമ്പോഴും രഘുവിന്റെ ഫ്യൂഡല്‍ ബന്ധുസംഘം കോടതിമുറിയെ നിറയ്ക്കും. അവര്‍ നാല് കാറുകളിലായി 50 പേരടങ്ങിയ ഒരു സംഘമാണ് വരിക. എന്നിട്ട് ഇടുങ്ങിയ കോടതിമുറിയില്‍ തിങ്ങിവിങ്ങി നിലകൊള്ളും. കോടതിക്കും ശ്വാസം വിടണ്ടേ? ഇല്ലെങ്കില്‍ കാസരോഗമുള്ള നീതിനിയമങ്ങള്‍ ശ്വാസം മുട്ടി ചത്തുപോയാലോ എന്നു കരുതിയാണത്രെ കേസ് വെറുതെ വിട്ടത്!

''കോടതിക്ക് ശ്വാസം മുട്ടുമ്പോള്‍'' എന്നൊരു കവിത അക്കാലത്ത് ആരോ എഴുതിയത് ഞങ്ങളുടെ മേല്‍പ്പറഞ്ഞ അനുഭവം അറിഞ്ഞിട്ടാണെന്ന് അരാജകികളായ ഞങ്ങള്‍ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com