ദൈവദശകം: ആവിക്കപ്പലില്‍ എത്തിയ ദൈവവും വിമോചിതരായ ജനതയും

നിഷ്‌കാമമായ പ്രാര്‍ത്ഥനയാണ് ദൈവദശകം. കാരുണികനായ ദൈവത്തോടുള്ള പ്രാര്‍ത്ഥന. 'ദൈവമേ...' എന്ന ഏക സ്വരത്തിലാണ് പദ്യം ആരംഭിക്കുന്നതു തന്നെ. ദൈവത്തിന്റെ പേര് പ്രത്യേകം എടുത്തു പറയുന്നേയില്ല. 
ദൈവദശകം: ആവിക്കപ്പലില്‍ എത്തിയ ദൈവവും വിമോചിതരായ ജനതയും

രു കവി എന്ന നിലയില്‍ നാരായണഗുരു അംഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം ഏറെ ചര്‍ച്ചകള്‍ക്കിടം നല്‍കിയതാണ്; അതു തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു കാവ്യപ്രസ്ഥാനത്തിലും ഉള്‍പ്പെടാത്ത, കവികുലങ്ങളില്‍ ഇന്നേവരെ രേഖപ്പെടുത്താത്ത ജീവിതമായിരുന്നു ഒരു പരിധിവരെ ഗുരുവിന്റേത്. എന്നിട്ടും ആ കവിതകള്‍ ജനതയെ ആകെ മാറ്റിപ്പണിതു. പുതിയ കേരളത്തെ നിര്‍മ്മിച്ചെടുത്തു. ആധുനികതയുടെ വെള്ളിവെളിച്ചങ്ങള്‍ നിറഞ്ഞുനിന്ന ഗുരുവിന്റെ കാവ്യലോകത്തെ തിരസ്‌കരിച്ചിട്ടും അവഗണിച്ചിട്ടും നൂറ്റാണ്ടുകള്‍ക്കപ്പുറം കൂടുതല്‍ ശക്തിയോടെ അത് തെളിഞ്ഞുകത്തി. സുഷുപ്തിയുടെ ഘനീഭാവമായിരുന്നില്ല ഗുരു കവിതകള്‍; മറിച്ച് നിത്യജാഗ്രതയുടെ ചലനമായിരുന്നു. നൂറു വര്‍ഷം കഴിഞ്ഞിട്ടും ആ ജാഗ്രത്സ്പന്ദനം തുടിച്ചു നില്‍ക്കുന്ന കാവ്യമാണ് ദൈവദശകം. പണ്ഡിതനും പാമരനും സ്ത്രീകളും കുഞ്ഞുങ്ങളുമെല്ലാം ഒരു പോലെ സ്നേഹിക്കുകയും പാടിപ്പാടിയുണരുകയും ചെയ്ത ആ ഗീതം ജാതി-മതാതീതമായ ലോകത്തെ പ്രതിനിധാനം ചെയ്യുന്നു. ദൈവദശകത്തെക്കുറിച്ച് ഡോ. സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്; ആത്മോപദേശ ശതകംകൊണ്ട് മുതിര്‍ന്ന കേരളത്തിന്റെ മനസാമ്രാജ്യത്തില്‍ കനകസിംഹാസനത്തില്‍ അഭിഷിക്തനായ ശ്രീനാരായണന്‍, ദൈവദശകംകൊണ്ട് പിഞ്ചു കേരളത്തിന്റെ ഹൃദയവേദികളില്‍ കൊടി പറപ്പിച്ചിരിക്കുന്നു. കൈരളിക്ക് ഉപഹാരം ചെയ്യപ്പെട്ട ബാലസാഹിത്യകൃതികളില്‍ ഒന്നത്രെ ദൈവദശകം (നാരായണന്റെ കവനഹസ്തം). പലരും കുട്ടികള്‍ക്കുള്ള കൃതിയായി ദൈവദശകത്തെ വിലയിരുത്തുന്നുണ്ടെങ്കിലും ദാര്‍ശനികതയും ചരിത്രവും ആധുനികതയുമെല്ലാമുള്‍ക്കൊള്ളുന്ന ഗൗരവമായ പാഠങ്ങളാണ് ദൈവദശകം ഉള്‍ക്കൊള്ളുന്നത്. ആ രീതിയില്‍ത്തന്നെ അതിനെ പരിഗണിക്കേണ്ടതുണ്ട്. 

പേരില്ലാദൈവവും നേരറിയും മനുഷ്യനും

നിഷ്‌കാമമായ പ്രാര്‍ത്ഥനയാണ് ദൈവദശകം. കാരുണികനായ ദൈവത്തോടുള്ള പ്രാര്‍ത്ഥന. 'ദൈവമേ...' എന്ന ഏക സ്വരത്തിലാണ് പദ്യം ആരംഭിക്കുന്നതു തന്നെ. ദൈവത്തിന്റെ പേര് പ്രത്യേകം എടുത്തു പറയുന്നേയില്ല. നാരായണഗുരുവിന്റെ മറ്റു സ്തോത്രകൃതികളില്‍നിന്നെല്ലാം 'ദൈവദശക'ത്തെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെ. ശിവന്‍, വിഷ്ണു, കാളി, സുബ്രഹ്മണ്യന്‍ തുടങ്ങി അനേകം ദേവ-ദേവതകളെ ഗുരു തന്റെ കൃതികളില്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ദൈവദശകത്തിലേയ്‌ക്കെത്തുമ്പോള്‍ ഈ ദേവഗണങ്ങളെല്ലാം നാമരഹിതരായി തീരുന്നു. പകരം 'ദൈവമേ...' എന്ന ഒറ്റവാക്കില്‍ എല്ലാം ലയിക്കുന്നു. എല്ലാ നാമങ്ങള്‍ക്കും എല്ലാ വിശേഷണങ്ങള്‍ക്കും അതീതനായ 'ദൈവ'ത്തെ മാത്രം ഗുരു പ്രതിഷ്ഠിക്കുന്നു. ഇന്ത്യയില്‍ നടന്ന ശൈവ-വൈഷ്ണവ പോരാട്ടങ്ങളുടെ ദുരന്തഫലം അനുഭവിച്ച സമൂഹമായിരുന്നു നമ്മുടേത്. ഒപ്പം അദൈ്വതം, വിശിഷ്ടാദൈ്വതം, ദൈ്വതം തുടങ്ങി ഏറെ കലഹങ്ങളും. അതുകൊണ്ടുതന്നെ ഇത്തരം വാക്തര്‍ക്കങ്ങളേയും സംഘട്ടനങ്ങളേയും പാടേ തിരസ്‌കരിക്കുകയാണ്  'ദൈവമേ...' എന്ന പദം. ഈ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള ദൈവത്തെ മനസ്സില്‍ ഉറപ്പിക്കുന്നു, ഇഷ്ടമുള്ള രൂപത്തെ ധ്യാനിക്കുന്നു, അരൂപമാണ് ഈശ്വരനെന്നു കരുതുന്നവരാകട്ടെ, രൂപരഹിതനായ ദൈവത്തെക്കുറിച്ച് ചിന്തിക്കുന്നു. അതെല്ലാം 'ദൈവ'മെന്ന പദത്തില്‍ വിലയം പ്രാപിക്കുന്നു. അതിനാല്‍ ഏതു മതസ്ഥനും ഈ പ്രാര്‍ത്ഥന കൈക്കൊള്ളാന്‍ കഴിയുന്നു. അതു തന്നെ ഈ കൃതിയുടെ സൂക്ഷ്മവും സ്ഥൂലവുമായ സാഫല്യവും.

കുമാരനാശാന്‍ 'വീണപൂവി'ന്റെ പേര് എഴുതാതിരുന്നത് ശ്രദ്ധേയമാണ്. പൂവിന് പേരിടുകയാണെങ്കില്‍ അത് വര്‍ഗ്ഗീകരണമാണ്. മാത്രമല്ല, ആശയങ്ങള്‍ ഏതെങ്കിലുമൊരു പൂവില്‍ മാത്രം ഒതുങ്ങുന്നു. എന്നാല്‍, നാമരഹിതമായ 'വീണപൂവാ'കട്ടെ, വലിയൊരാശയത്തെ പ്രതിനിധാനം ചെയ്യുകയും 'ആശയഗംഭീ'രനായി ആശാന്‍ ഉയരുകയും ചെയ്തു. ദൈവത്തിനു മതമില്ല. അവനവന്റെ ഉള്ളിലെ ആത്മബോധം തന്നെ, അഥവാ ആത്മവും അപരവും ഒന്നുതന്നെ എന്ന ഏകതാ സങ്കല്പമാണ് ദൈവം. ആ സങ്കല്പബോധമാണ് 'ദൈവമേ...' എന്ന പ്രാരംഭ വാക്യവും. 

സമത്വമരുളുന്ന 'ഞങ്ങള്‍'

പ്രാര്‍ത്ഥന പലപ്പോഴും വ്യക്തിനിഷ്ഠവും സ്വാര്‍ത്ഥലാഭേച്ഛയിലധിഷ്ഠിതവുമാണ്. വ്യക്തിപരമായ താല്പര്യങ്ങള്‍ സംരക്ഷിക്കാനോ നേടിയെടുക്കാനോ വേണ്ടിയാണ് മനുഷ്യന്‍ ദൈവത്തിനു മുന്നില്‍ പ്രാര്‍ത്ഥിക്കുന്നത്. 'എന്നെ', 'എനിക്ക്', 'എന്റേത്'തുടങ്ങിയവയെല്ലാം സ്വാര്‍ത്ഥതയുടെ പര്യായം തന്നെ. എന്നാല്‍ ദൈവദശകം ആരംഭിക്കുന്നതുതന്നെ വ്യക്തി താല്പര്യങ്ങളെയെല്ലാം പരിത്യജിച്ച് 'ഞങ്ങള്‍' എന്ന സര്‍വ്വരേയും പ്രതിനിധീകരിക്കുന്ന വരിയിലൂടെയാണ്. 'എന്റെ' അഥവാ എന്നുടെ വസ്തുക്കളെ കാത്തുകൊള്ളാനല്ല; പകരം 'ഞങ്ങളെ' കൈവിടാതെ കാത്തുകൊള്ളാനാണ് പ്രാര്‍ത്ഥന. ആരാണ് ഈ ഞങ്ങള്‍? മനുഷ്യന്‍ മാത്രമല്ല; പുല്ലും പുഴുക്കളും പൂക്കളും സമസ്ത ജീവജാലങ്ങളും 'ഞങ്ങളാ'കുന്നു. ഉറുമ്പു മുതല്‍ തിമിംഗലം വരെ 'ഞങ്ങളാ'കുന്നു. ഈ വൈവിധ്യത്തില്‍ അടങ്ങിയ ഏകത്വത്തെ സംരക്ഷിക്കാനാണ് ഗുരു ശ്രമിച്ചത്.

'ലോകമേ തറവാട് തനിക്കീ-
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍' (വള്ളത്തോള്‍)
എന്ന ഏകലോക സങ്കല്പമാണ് ഞങ്ങള്‍. പുല്‍കളും പുഴുക്കളുമെല്ലാമടങ്ങിയ ഈ ലോകമാകുന്ന തറവാടിനെ സംരക്ഷിക്കാനാണ് ഗുരുവും ആഗ്രഹിച്ചത്. ദൈവദശകം അത് ഏറ്റുപാടുകയും ചെയ്യുന്നു. 'യത്രവിശ്വം ഭവത്യേക നീഡം' എന്ന ലോകമൊരു പക്ഷിക്കൂടാകുന്ന വിശ്വമാനവിക സങ്കല്പം.

'ഞാന്‍' എന്ന ആധിപത്യത്തെ തകര്‍ത്തെറിഞ്ഞ പ്രവര്‍ത്തനമാണല്ലോ നവോത്ഥാനം. നവോത്ഥാനാനന്തരം 'ഞങ്ങള്‍' എന്ന ഒറ്റക്കെട്ടായ ജനത ഉയര്‍ന്നുവന്നു. പൗരോഹിത്യത്തിന്റേയും മതാധിപത്യത്തിന്റേയും 'ഞാന്‍' എന്ന അധികാരഭാവത്തെ ഉടച്ചുകളഞ്ഞത് 'ഞങ്ങള്‍' എന്ന വാക്കുകൊണ്ടാണ്. ഫ്രെഞ്ചു വിപ്ലവങ്ങളടങ്ങുന്ന വിപ്ലവമാതൃകകള്‍ ഈ ഞങ്ങളില്‍നിന്നും രൂപപ്പെട്ടതാണ്. എല്ലാവരും തുല്യരാണെന്ന/ഒന്നാണെന്ന അനശ്വര സമത്വഭാവമാണ് ദൈവദശകത്തിലെ 'ഞങ്ങള്‍' എന്ന പദവും. 'ഞങ്ങളു'ണ്ടെങ്കിലേ സാഹോദര്യമുള്ളൂ/സാഹോദര്യമുണ്ടെങ്കിലേ 'ഞങ്ങളുള്ളൂ'. ദൈവവും ഞങ്ങള്‍ക്കു തുല്യമായി അവകാശപ്പെട്ടതാണെന്ന/ദൈവം തന്നെയാണ് ഞങ്ങളുമെന്ന് ഉറപ്പിക്കുന്ന സൂക്ഷ്മ സൂചനയും ഈ വരികള്‍ തരുന്നു. ഓരോ ജാതിക്കും ഓരോ ദൈവങ്ങളല്ല, മനുഷ്യസമൂഹത്തിനാകെ ഒരു ദൈവം, ഒരു ജാതി, ഒരു മതം. ദൈവദശകവും ഈ ആശയം ചേര്‍ത്തുവെയ്ക്കുന്നു.

നാരായണ ​ഗുരുവും
കുമാരനാശാനും

അശാന്തസാഗരം

ഗുരു, സംസാരത്തെ സാഗരമായി ചിത്രീകരിക്കുന്നു. ലോകം അബ്ധിയാണ്. തരണം ചെയ്യാന്‍ ഏറെ പ്രയാസവും. അതില്‍ മുങ്ങിത്താഴുമ്പോള്‍ രക്ഷപ്പെടുത്താനുള്ള ആവിക്കപ്പലായി ദൈവപാദങ്ങളെത്തുന്നു. അശാന്തമായി അലതല്ലുന്ന ഏതു സാഗരത്തിലൂടെയും/ഏതു ജനതയിലൂടെയും വിദഗ്ദ്ധമായി സഞ്ചരിക്കാന്‍ നാവികനായ ദൈവത്തിനു മാത്രമേ കഴിയൂ എന്ന് ഗുരു തെളിയിക്കുന്നു. ഗുരു സ്വന്തം ജീവിതംകൊണ്ട് തുഴഞ്ഞ് അത് തെളിയിക്കുകയും ചെയ്തു.

ജനനവും മരണവും സംസാരത്തിന്റെ പ്രത്യേകതയാണെന്നും അതിനാല്‍ വീണ്ടുമീ ഭവാബ്ധിയില്‍ പിറക്കാതെ നോക്കണമെന്നുമുള്ള പ്രാര്‍ത്ഥനകള്‍ മിക്ക ഭക്തി സാഹിത്യകൃതികളിലും കാണാം. ലോകമൊരു കടലാണെന്ന ഭാവന സാഹിത്യലോകത്ത് എന്നേ പിറന്നിട്ടുണ്ടെന്നര്‍ത്ഥം. ശങ്കരാചാര്യരുടെ 'വിവേക ചൂഢാമണി'യില്‍ ലോകത്തെ സാഗരമായി വിവരിക്കുന്നുണ്ട്: ''ഈ സംസാര സാഗരത്തെ ഞാനെങ്ങനെ മറികടക്കും? എന്റെ ഗതിയെന്താവും? ഈ സമുദ്രം തരണം ചെയ്യാന്‍ എന്താണ് ഉപായം? എന്നെ രക്ഷിച്ചാലും'' എന്നിങ്ങനെയുള്ള പ്രാര്‍ത്ഥനാരൂപത്തിലുള്ള ചോദ്യങ്ങളിലൂടെ 'സംസാരസമുദ്രം' ഇടയ്ക്കിടെ കടന്നുവരുന്നു.

''കഥം തരേയം ഭവ സിന്ധുമേതം
കാ വാ ഗതിര്‍മേ കുതമോ ƒ സ്ത്യുപായഃ
ജാനേ ന കിഞ്ചിത് കൃപയാവ മാം പ്രഭോ
സംസാരദുഃഖക്ഷതിമാതനുഷ്വ''
            (വിവേകചൂഢാമണി-42)

നാരായണഗുരുവിന്റെ 'കാളീനാടകത്തിലും' ദേവതാപാദത്തെ കപ്പലായി ചിത്രീകരിക്കുന്നുണ്ട്.
നമസ്തേ, മഹാഘോര സംസാര വാരം-
ന്നിധിക്കക്കരെക്കേറ്റുവാന്‍ തൃപ്പദത്താ-
രിണക്കപ്പലല്ലാതൊരാലംബനം മ-
റ്റെനിക്കൊന്നുമില്ലംബ, കാരുണ്യരാശേ'' 
എന്ന വരിയിലൂടെ മഹാഘോരമായ സംസാരസമുദ്രം കടത്തിത്തരുന്ന കപ്പലായി ദേവിയുടെ കാലടികള്‍ മാറുന്നു; ആ പാദങ്ങള്‍ ആലംബനമായിത്തീരുന്നു.
    ''തൊഴുമെന്നെയങ്ങു വിളയിങ്ങു നിന്നാഴിയില്‍
    തുഴയുന്നെനിക്കു തുണയില്ല നീയെന്നിയേ''
-സംസാരസമുദ്രത്തില്‍ തുഴയുന്ന എനിക്ക് നീയല്ലാതെ വേറെയാരും തുണയില്ല എന്ന പ്രാര്‍ത്ഥന 'കാളീനാടക'ത്തിലും ഉയര്‍ന്നു കേള്‍ക്കുന്നു; ദൈവദശകവും അത് ആവര്‍ത്തിക്കുന്നു. യഥാര്‍ത്ഥത്തില്‍ 19-ാം നൂറ്റാണ്ടിലെ അശാന്തസാഗരം കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥകള്‍ തന്നെയായിരുന്നു. വഴികളില്‍ നടക്കാനും ദൈവത്തെ ആരാധിക്കാനും ഉച്ചത്തില്‍ സംസാരിക്കാനും കഴിയാത്ത ഒരു വിഭാഗം മനുഷ്യര്‍ വലിയ മത്സ്യങ്ങളില്‍നിന്ന് മരണഭയം പേറുന്ന പരല്‍മീനുകളെപ്പോലെ ജീവിച്ചു. ഏതു നിമിഷവും ഹനിക്കപ്പെടാവുന്ന ശരീരവും പേറി നടന്ന അവരുടെ പ്രാര്‍ത്ഥന കൂടിയാണിത്. ദുഷ്‌ക്കരമായ സാമൂഹ്യ അനീതിയില്‍നിന്നും കരകയറ്റാനുള്ള പ്രാര്‍ത്ഥന; ഒപ്പം അങ്ങനെയൊരു ദൈവം വരുമെന്ന പ്രതീക്ഷയും. ആധുനികതയുടേയും നവോത്ഥാനത്തിന്റേയും ഉദയവും വളര്‍ച്ചയുമായിരുന്നു യഥാര്‍ത്ഥത്തില്‍ ആ ദൈവം.

അങ്ങും ഇങ്ങും എന്ന ഏകസത്ത

'ദൈവദശക'ത്തിലെ 'അങ്ങ്', 'ഇങ്ങ്' എന്നീ രണ്ടു പദങ്ങള്‍ ഗുരു ദൈ്വതിയാണ് എന്ന വാദത്തിനു വഴിതെളിച്ചിട്ടുണ്ട്. ദൈവം മറ്റൊരിടത്ത് നിലയുറപ്പിച്ചിട്ടുള്ളതാണോ എന്ന സംശയത്തിനും അത് ഇടവരുത്തുന്നു.
('ദൈവമേ കാത്തുകൊള്‍'കങ്ങു'
 കൈവിടാ'തിങ്ങു' ഞങ്ങളെ'.)
സാധാരണഗതിയില്‍ സഗുണോപാസനയിലൂടെ നിര്‍ഗുണോപാസന സാധ്യമാവുന്നു എന്ന തത്ത്വം വേദാന്തത്തില്‍ പറയാറുണ്ട്. 'ദൈവദശകം' ഒരു പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥിക്കുന്ന ആള്‍, പ്രാര്‍ത്ഥിക്കപ്പെടേണ്ട വിഷയം/വസ്തു, വിഷയജ്ഞാനം എന്നിവ വേണം. അറിവു ലഭിക്കുമ്പോള്‍ വിഷയം പോലും അപ്രസക്തമാകുകയും പ്രാര്‍ത്ഥിക്കുന്ന ആളും ജ്ഞാനവും ഒന്നായിത്തീരുകയും ചെയ്യുന്നു. അന്വേഷിക്കുന്നത് ദൈവത്തെയാണ്, ദൈവത്തെ അറിയുമ്പോഴോ അറിയുന്നവനും ദൈവമായിത്തീരുന്നു. ഉപനിഷത്തില്‍ 'ബ്രഹ്മവിത്ത് ബ്രഹ്മൈവ ഭവതി' എന്നു വിവരിക്കുന്നുണ്ട് - ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മമായിത്തീരുന്നു. അതുപോലെ 'ഇങ്ങു' നില്‍ക്കുന്ന ഞങ്ങള്‍ 'അങ്ങു' നില്‍ക്കുന്ന ദൈവത്തെ തേടുന്നു. ഒടുവില്‍ അത് ഞങ്ങള്‍ തന്നെ എന്ന് തിരിച്ചറിയുന്നു. 'തത്ത്വമസി', 'അഹംബ്രഹ്മാസ്മി' എന്നീ മഹാവാക്യങ്ങളിലേക്കുള്ള പ്രയാണം തന്നെ ഈ 'അങ്ങുമിങ്ങും' പദങ്ങള്‍.

നാവികനായ ദൈവവും ആവിക്കപ്പലും

'നാവികന്‍', 'ആവിവന്‍തോണി' എന്നിങ്ങനെയാണ് ദൈവദശകത്തില്‍ ഗുരു ഉപയോഗിച്ച പദങ്ങള്‍. ദൈവം നാവികനാണ്, പാദങ്ങളാകട്ടെ, ആവിക്കപ്പലും. ചരിത്രവുമായി ഈ പദങ്ങള്‍ക്ക് ഏറെ ബന്ധമുണ്ട്താനും. ജാതിമതാന്ധതകളുടെ മഹാകാനനമായ കേരളത്തിലിരുന്നുകൊണ്ടാണ് ഗുരു ആധുനികതയുടെ ഈ പദങ്ങളെ മനപ്പൂര്‍വം ഉപയോഗിച്ചത്. നവോത്ഥാനത്തിന്റെ പരിണതഫലമായ ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങളാണ് വലിയ കപ്പലുകള്‍ക്കും വടക്കുനോക്കിയന്ത്രങ്ങള്‍ക്കുമെല്ലാം രൂപം നല്‍കിയത്. യൂറോപ്യരുടെ കടല്‍ സഞ്ചാരത്തിനും കച്ചവടകേന്ദ്രങ്ങളും ഭൂപ്രദേശങ്ങളും തേടിയുള്ള യാത്രകള്‍ക്കും ഒരു നിയന്താവ് ആവശ്യമായിരുന്നു. ഇത്തരം നിയന്താക്കളെ പരിശീലിച്ചെടുക്കാനുള്ള നാവികകേന്ദ്രങ്ങള്‍ യൂറോപ്പില്‍ സജീവമായതോടെയാണ് 'നാവികന്‍' എന്ന സങ്കല്പം ഉടലെടുക്കുന്നത്. പാശ്ചാത്യ ആഗമനങ്ങളുടെ, മാറ്റത്തിന്റെ യുഗങ്ങളുടെ പേരുകൂടിയായിരുന്നു 'നാവികന്‍'. നാവിഗേകേറ്റര്‍ (ചമ്ശഴമീേൃ) എന്ന പാശ്ചാത്യ പദത്തില്‍നിന്നും ഉടലെടുത്തതാണല്ലോ മലയാളത്തിലെ നാവികന്‍ എന്ന പദം. നാവിക പരിശീലനങ്ങളും കടല്‍സഞ്ചാരങ്ങളും കോളനിവല്‍ക്കരണവും വ്യാപകമായതോടുകൂടി പായക്കപ്പലുകള്‍ക്ക് പകരം ആവിക്കപ്പലുകളും യന്ത്രബോട്ടുകളും നിര്‍മ്മിക്കപ്പെട്ടു. അത്തരം കപ്പലോടിക്കുന്ന നാവികന്മാര്‍ക്ക് നായക പരിവേഷം ലഭിച്ചു. അവരാകട്ടെ, കൊടുങ്കാറ്റുകളും മഞ്ഞുപാളികളും തരണം ചെയ്ത് സമുദ്രങ്ങളെ തോല്‍പ്പിച്ച് സഞ്ചരിക്കുകയും സുരക്ഷിതരായി തിരിച്ചെത്തുകയും ചെയ്തു. ലോകത്തെ/ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയെ സമുദ്രമായും ദൈവത്തെ നാവികനായും സങ്കല്പിക്കാന്‍ ഗുരുവിന് കഴിഞ്ഞത് ഇത്തരം ആധുനിക ബോധമാണ്. ഗുരു നൗകയെന്നോ തോണിയെന്നോ കുറിച്ചില്ല. കാരണം, അത് ആധുനികതയുടെ പിറവിക്കു മുന്‍പുള്ള വേഗത കുറഞ്ഞ സഞ്ചാരങ്ങളെക്കുറിക്കുന്നവയായിരുന്നു. 

ദേശീയ പ്രസ്ഥാനഘട്ടത്തില്‍ ഇന്ത്യയുടെ നാനാഭാഗങ്ങളിലും സ്വദേശീയ വ്യവസായശാലകള്‍ ഉയര്‍ന്നുവന്നിരുന്നു. ദക്ഷിണേന്ത്യയിലും അതിന്റെ അലയൊലികളുണ്ടായി. കപ്പല്‍ നിര്‍മ്മാണരംഗത്തുപോലും ഇന്ത്യക്കാര്‍ പ്രവേശിച്ചു. ലക്ഷങ്ങള്‍ മുടക്കി വി.ഒ. ചിദംബരം പിള്ള 1906-ല്‍ ആരംഭിച്ച സ്വദേശി സ്റ്റീം നാവിഗേഷന്‍ കമ്പനിയടക്കം (തൂത്തുക്കുടി) ദേശീയതയുടെ ഭാഗമായി പ്രവര്‍ത്തിച്ചതിന് ഗുരു സാക്ഷിയായിട്ടുണ്ട്. ജാതിമതാന്ധതാ സമുദ്രത്തില്‍ മുങ്ങിക്കൊണ്ടിരുന്ന ജനതയെ കരകേറ്റാന്‍ ആവിക്കപ്പലുകളിലെത്തിക്കൊണ്ടിരുന്നവര്‍ക്ക് കഴിഞ്ഞേക്കുമെന്ന് ചിന്തിച്ചിട്ടുണ്ടാകുമോ ഗുരു? നീചമായ സാമൂഹ്യവ്യവസ്ഥയെ മാറ്റിത്തീര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ക്കു സാധിക്കും എന്ന ഉത്തമ ബോധ്യം ഗുരുവിനുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ ''നമുക്ക് സന്യാസം തന്നത് ഇംഗ്ലീഷുകാരാണ്'' എന്ന് ഗുരു പറഞ്ഞതും. അപ്പോള്‍ പരോക്ഷമായി ദൈവദശകത്തിലെ ദൈവം ആരുകൂടിയാവാം? ആവിക്കപ്പലുകളില്‍ ഇംഗ്ലീഷ് ഭാഷയും പരിഷ്‌കാരങ്ങളും കോളനി ആധുനികതയുമായി വന്നെത്തിയവരായിരിക്കുമോ? ''ജാതിശരീരങ്ങളില്‍നിന്നും വിവേചനങ്ങളില്‍നിന്നും മോചിപ്പിച്ച് ഞങ്ങളെ കാത്തുകൊള്ളുക. സാഹസികമായി കടലുകളെ മുറിച്ചുകടന്നെത്തുന്നവനാണല്ലോ അങ്ങ്. അതിനാല്‍ നിന്റെ പദങ്ങള്‍/പ്രവൃത്തികള്‍ ഞങ്ങള്‍ക്കു തുണയാകണം'' എന്ന പ്രാര്‍ത്ഥന കൂടിയാവില്ലേ ഈ പ്രാര്‍ത്ഥന. വരികളില്‍ ആന്തരികമായ അര്‍ത്ഥങ്ങള്‍ ഒളിപ്പിച്ചുവെയ്ക്കാനുള്ള ഗുരുവിന്റെ മിടുക്ക് ചെറുതല്ല എന്ന് ഗുരുകൃതികള്‍ തന്നെ തെളിയിക്കുന്നുണ്ട്. ഒരുപക്ഷേ, വേദാന്തത്തോടൊപ്പം ആധുനികതയുടെ ചരിത്രസാക്ഷ്യങ്ങളെക്കൂടി ചേര്‍ത്തുവെച്ചതാവാം ഗുരു.

തമ്പ്രാക്കന്മാരെ തിരസ്‌കരിക്കുന്ന ചരിത്രം കൂടി ദൈവദശകത്തിനുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിലെ തമ്പുരാന്‍ വിളികള്‍ അടിമത്തത്തിന്റേയും ആശ്രയത്വത്തിന്റേയും പ്രതീകമായിരുന്നല്ലോ. തമ്പ്രാ, ഏമ്പ്രാ, ഓമ്പ്രാ തുടങ്ങി പല നാടുകളില്‍ വകഭേദങ്ങളോടെ ഈ അധീശത്വപദം നിലനിന്നു. ബ്രാഹ്മണ്യത്തിന്റേയും ആജ്ഞയുടേയും അനുസരിപ്പിക്കലിന്റേതുമായ ഈ ദൃഷ്ടിയെ ദൈവദശകം പുറന്തള്ളുന്നു. 'തമ്പുരാനും അടിയാളരും' എന്ന അപകട ദ്വന്ദ്വങ്ങള്‍ക്കു മുന്നില്‍ ''നീ തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍ അഥവാ നീ മാത്രമാണ് ഞങ്ങള്‍ക്കു തമ്പുരാന്‍, മറ്റാരുമല്ല'' എന്ന് ദൈവത്തെ മുന്‍നിര്‍ത്തി ഗുരു പ്രഖ്യാപിച്ചു. അന്നവും വസ്ത്രവും നിഷേധിക്കുന്ന ഈ നാട്ടിലെ തമ്പുരാക്കന്മാരെ മുഴുവന്‍ റദ്ദു ചെയ്യുന്നതായിരുന്നു ആ വാക്യം. ഒരു തുണ്ട് വസ്ത്രത്തിനും മാറുമറയ്ക്കാനും വേണ്ടി സ്ത്രീകളടങ്ങുന്നവര്‍ നടത്തിയ പോരാട്ടങ്ങള്‍ ചെറുതല്ല. 'വസ്ത്ര സ്വാതന്ത്ര്യ നിഷേധം' ഒരു ജനതയെ മുഴുവന്‍ അസ്വസ്ഥമാക്കിയതിന്റെ ചരിത്രവും കേരളത്തിന് അന്യമല്ല. മേല്‍മുണ്ട് ധരിച്ചാല്‍ ശിക്ഷ, മാറുമറച്ചാല്‍ ശിക്ഷ, നല്ല മാലകള്‍ ധരിച്ചാല്‍ ശിക്ഷ, നല്ല ആഹാരം കഴിച്ചാല്‍ ശിക്ഷ... ഇങ്ങനെ അന്നവും വസ്ത്രവുമെല്ലാം തിരസ്‌കരിക്കപ്പെട്ട ഒരു ജനതയ്ക്ക് മുന്നില്‍ തമ്പുരാനാകാന്‍ ഒരു ജാതിപ്രമാണിക്കും അവകാശവും അധികാരവുമില്ലെന്ന് ഗുരു തെളിയിച്ചു. ഇങ്ങനെ ജാതി/ദേഹബന്ധിതമായ തമ്പുരാന്‍ പദവിയെ ഉടച്ചുകളയുകയായിരുന്നു ദൈവദശകം.

അസ്പന്ദമായ ഉള്ളം

വേദാന്തത്തിന്റെ പൊരുളും ദൈവദശകത്തില്‍ ഏറെ കാണാം. ഓരോന്നിനേയും തൊട്ടുതൊട്ടറിയാനും അതുവഴി അറിവിന്റെ വന്‍വെളിച്ചമായിത്തീരാനുമാണ് ദൈവദശകത്തിലെ രണ്ടാമത്തെ പദ്യം ഉപദേശിക്കുന്നത്. ചെറിയചെറിയ വെളിച്ചങ്ങള്‍ ചേര്‍ന്ന് വലിയ വെളിച്ചമാകുന്നു. ഒടുവില്‍ പരസ്പരം വേര്‍തിരിച്ചറിയാനാവാത്തതുപോലെ അവ ഒന്നാകുന്നു. അനേകം നദികള്‍ സമുദ്രത്തില്‍ ലയിക്കുന്നതുപോലെ... രണ്ടു തിരികള്‍ ഒന്നാകുന്നതുപോലെ... എല്ലാ അറിവുകളും ഒരൊറ്റയറിവില്‍ ഏകീഭവിക്കുന്ന ഘട്ടം. അതുതന്നെ അസ്പന്ദമായ ഉള്ളവും.

ഭൗതികമോ വ്യാവഹാരികമോ ആയ പ്രവര്‍ത്തനങ്ങളാണ് ഇന്ദ്രിയങ്ങളുടേത്. അതായത് വസ്തുജ്ഞാനത്തിന് ഇന്ദ്രിയങ്ങളാവശ്യമാണ്. എന്നാല്‍, ഇന്ദ്രിയങ്ങളുടെ നിലനില്‍പ്പും പ്രവര്‍ത്തനവുമാകട്ടെ, ഏകപരമായ സത്തയിലല്ലതാനും. അനേകമായ ബോധാബോധതലങ്ങളെ അതു രൂപപ്പെടുത്തുന്നു. നോട്ടം, ഗന്ധം, സ്പര്‍ശം, കേള്‍വി, രസം എന്നീ ബഹുസ്വരമായ പ്രവൃത്തികളെ ഇന്ദ്രിയങ്ങള്‍ നിരന്തരമായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ മറ്റൊരു രൂപമായി കര്‍മ്മേന്ദ്രിയങ്ങളും പ്രവര്‍ത്തിക്കുന്നു. ഇന്ദ്രിയങ്ങളിലൂടെ ഓരോന്നിനെയായി എണ്ണിയെണ്ണി അറിയുന്നു. അങ്ങനെ എല്ലാ വസ്തുക്കളേയും എണ്ണിത്തീരുമ്പോള്‍ അതെല്ലാം ഏകമായ ഒരു വസ്തുവിന്റെ പ്രതിഫലനമാണെന്നു തിരിച്ചറിയുന്നു. സൂര്യനിലും ചന്ദ്രനിലും തിരിയിലും വിളക്കിലുമെല്ലാം തെളിയുന്ന പ്രകാശം എന്ന ഏകസത്തയാകുന്നതുപോലെ, ഇങ്ങനെ സംഭവിക്കുന്ന വിഷയാഭാവത്തില്‍ ഇന്ദ്രിയങ്ങളുടെ അലച്ചില്‍ ഇല്ലാതാകുകയും ആഴമേറിയ, ശാന്തമായ സമുദ്രമായി അതു പരിണമിക്കുകയും ചെയ്യുന്നു. പതഞ്ജലിയോഗദര്‍ശനത്തില്‍ പറയുന്നുണ്ട്- 'യോഗഃ ചിത്തവൃത്തി നിരോധഃ' ഇന്ദ്രിയങ്ങളുടെ ചഞ്ചലത ചിത്തവൃത്തിയാണ്. അവയുടെ നിശ്ചലാത്മക ശ്രദ്ധയാകട്ടെ യോഗയും. ഓരോ വിഷയത്തെ/വസ്തുവിനെക്കുറിച്ചുള്ള വിശേഷ ജ്ഞാനത്തിലൂടെ മാത്രമേ ഈ യോഗ കൈവരിക്കുകയുള്ളൂ. അതുതന്നെ അസ്പന്ദമായ ഉള്ളവും. 'ആത്മോപദേശ ശതക'ത്തില്‍ ഗുരു വിവരിക്കുന്നതു നോക്കൂ:

''അറിവിലുമേറിയറിഞ്ഞിടുന്നവന്‍
തന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും.''
അറിവിലുമേറി അറിയുകയെന്നാല്‍ ഓരോന്നിനേയും തൊട്ടുതൊട്ടറിയുകയും ഒടുവില്‍ ഇന്ദ്രിയങ്ങള്‍ക്കതീതമായ അറിവിനെ തിരിച്ചറിയുകയും ചെയ്യുകയാണ്. കഠോപനിഷത്തില്‍ ഇന്ദ്രിയങ്ങളെ വിവരിക്കുന്നത് ശ്രദ്ധേയമാണ്.
''ഇന്ദ്രിയാണി ഹയാനാഹുര്‍
വിഷയാംസ്തേഷു ഗോചരാന്‍
ആത്മേന്ദ്രിയ മനോയുക്തം
ഭോക്തത്യാഹുര്‍ മനീഷിണഃ''

ശക്തരായ അശ്വങ്ങളായിട്ടാണ് ഇന്ദ്രിയങ്ങളെ വിലയിരുത്തുന്നത്. അതിന്റെ സാരഥിയാകട്ടെ, മനസ്സും. ഇന്ദ്രിയങ്ങള്‍ വിഷയങ്ങളിലേയ്ക്കു പ്രവേശിക്കുമ്പോള്‍, മനസ്സ് അതിനെ നിയന്ത്രിക്കുന്നു. ഇങ്ങനെ നിയന്ത്രിതമായ ഇന്ദ്രിയങ്ങളും നിയന്ത്രിതമായ മനസ്സും അറിവിനെ തെളിയിച്ചെടുക്കുന്നു, തൊടുന്നു. ആ തൊടലിന്റെ വിദ്യുത്ശക്തി തന്നെ ദൈവദശകത്തിലെ വേദാന്തതത്ത്വങ്ങളും.

ചുരുക്കിപ്പറഞ്ഞാല്‍ 'ദൈവദശകം' കേവലമായ ഒരു പ്രാര്‍ത്ഥനാഗീതമോ ബാലകൃതിയോ അല്ല. മറിച്ച് സാമൂഹ്യ, രാഷ്ട്രീയ വശങ്ങളെ സൂക്ഷ്മ നിരീക്ഷണവിധേയമാക്കുന്ന കാവ്യമാണ്; ഒപ്പം ദാര്‍ശനികതയുടെ ആഴവും പരപ്പും ഉള്‍ക്കൊള്ളുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ സാമൂഹ്യ ക്രമങ്ങളോടുള്ള പ്രതിഷേധവും കലഹവും എന്നതിലുപരി വര്‍ത്തമാനകാലവുമായി അത് ഗൗരവസംവാദം നടത്തുന്നു. മതാന്ധതയുടെ/വര്‍ഗ്ഗീയതയുടെ ചങ്ങലകള്‍ നിരന്തരമായി പിടിമുറുക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ദൈവദശകം ഏറെ വായിക്കപ്പെടേണ്ടതുണ്ട്; അതിലേറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com