'കര്‍ഷകസമരം ബി.ജെ.പി സര്‍ക്കാരിന്റെ തകര്‍ച്ചയുടെ ആരംഭം'

കര്‍ഷക സമരത്തെക്കുറിച്ച്  അഖിലേന്ത്യാ കിസാന്‍ സഭ നേതാവ് പി. കൃഷ്ണപ്രസാദ് സംസാരിക്കുന്നു
കർഷക സമരത്തിൽ നിന്ന്
കർഷക സമരത്തിൽ നിന്ന്

യിരക്കണക്കിനു സമരഭടന്മാര്‍ രാജ്യതലസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ ദിവസങ്ങളോളമായി വളഞ്ഞുവെച്ചിരിക്കുന്നു. തണുപ്പും പ്രതികൂല കാലാവസ്ഥയും ലോകമെമ്പാടും പടര്‍ന്നുപിടിച്ച കൊവിഡിന്റെ ഭീഷണിയും വകവയ്ക്കാതെ നൂറുകണക്കിനു കിലോമീറ്ററുകള്‍ താണ്ടി രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമാണ് അവരെത്തിയത്. കാര്‍ഷികരംഗത്ത് പരിപൂര്‍ണ്ണ ഉദാരവല്‍ക്കരണം ലക്ഷ്യമിട്ട് കേന്ദ്രഗവണ്‍മെന്റ് കൊണ്ടുവന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കോമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ആക്ട്, 2020, ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസസ് ആക്ട് 2020, എസ്സെന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്‌മെന്റ്) ആക്ട് 2020 എന്നിങ്ങനെ പുതിയ രൂപത്തിലുള്ള നിയമങ്ങള്‍ അവരുടെ ജീവിതങ്ങളില്‍ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെച്ചൊല്ലിയുള്ള ഉല്‍ക്കണ്ഠയാണ് അവരെ സമരക്കൊടികളേന്താന്‍ പ്രേരിപ്പിച്ചത്. 

1936-ല്‍ സ്വാമി സഹജാനന്ദ് സരസ്വതി തുടക്കമിട്ട ചെങ്കൊടിയേന്തിയ കര്‍ഷകപ്രസ്ഥാനമായ ആള്‍ ഇന്ത്യാ കിസാന്‍ സഭ (രണ്ടു വിഭാഗങ്ങളുണ്ട്-സി.പി.എമ്മിനോടും സി.പി.ഐയോടും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവ) യടക്കമുള്ള നിരവധി സംഘടനകള്‍ അംഗമായിട്ടുള്ള ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇപ്പോള്‍ ഡല്‍ഹിയിലെ കര്‍ഷകസമരത്തിന്റെ നേതൃസ്ഥാനത്തുള്ളത്. കമ്മിറ്റിയിലെ മുഖ്യഘടകങ്ങളിലൊന്നായ ആള്‍ ഇന്ത്യാ കിസാന്‍ സഭ (36 കാനിംഗ് ലെയ്ന്‍)യുടെ അഖിലേന്ത്യാനേതാവായ പി. കൃഷ്ണപ്രസാദ് സമരത്തെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും സമകാലിക മലയാളത്തോട് വിശദമായി സംസാരിച്ചു. പ്രസക്തഭാഗങ്ങള്‍:

2017-'18 കാലത്ത് നടന്ന കര്‍ഷകപ്രക്ഷോഭം ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്രഗവണ്‍മെന്റിനു വലിയൊരു താക്കീതു കൂടിയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുള്ളത്. പക്ഷേ, ഒരു തിരിഞ്ഞുനോട്ടത്തിനു മുതിരാതെ കര്‍ഷകരെ പ്രകോപിപ്പിക്കുന്ന നയങ്ങളുമായി മുന്നോട്ടു പോകാന്‍ കേന്ദ്രഗവണ്‍മെന്റിനെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും? 

2017-'18 ലെ സമരങ്ങളായാലും അതിനുമുന്‍പ് 2014-ല്‍ മോദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ നടത്തിയ സമരമായാലും തുടര്‍ന്ന് ആ ഓര്‍ഡിനന്‍സ് നിയമമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതിലേക്കു നയിച്ച സമരമായാലും ഇതെല്ലാം തന്നെ തെറ്റായ സാമ്പത്തികനയത്തിനെതിരെയുള്ള സമരമാണ്. നവ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായുള്ള കോര്‍പ്പറേറ്റുവല്‍ക്കരണത്തിനെതിരെയുള്ള, അവയുടെ പ്രത്യാഘാതം അനുഭവിക്കുന്ന വിഭാഗങ്ങളിലൊന്നിന്റെ പ്രതിഷേധമായിട്ടാണ് ഈ കര്‍ഷകസമരങ്ങളെയൊക്കെ കാണേണ്ടത്. എന്നിട്ടും ഈ നയം ഉപേക്ഷിക്കാന്‍ തയ്യാറാകാതെ, കടുത്ത നയങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനു കാരണം ആ ഗവണ്‍മെന്റിന്റെ വര്‍ഗ്ഗസ്വഭാവമാണ്. ബി.ജെ.പി ഇന്ത്യയിലെ ഭരണവര്‍ഗ്ഗ പാര്‍ട്ടിയാണ്. ആ ഭരണവര്‍ഗ്ഗമെന്നത് അംബാനിയും അദാനിയും ടാറ്റയുമൊക്കെ പ്രതിനിധാനം ചെയ്യുന്ന കുത്തക മുതലാളിത്തവര്‍ഗ്ഗമാണ്. ആ കുത്തക മുതലാളിത്തവര്‍ഗ്ഗവും ലോകത്താകെയുള്ള ബഹുരാഷ്ട്രകുത്തകകളും അവയെയെല്ലാം പ്രതിനിധാനം ചെയ്യുന്ന സാമ്രാജ്യത്വവും അന്താരാഷ്ട്ര ധനമൂലധനവും കടുത്ത ഒരു വ്യവസ്ഥാപ്രതിസന്ധിയില്‍ (Systemic Crisis) അകപ്പെട്ടിരിക്കുകയാണ്. ആഗോളതലത്തില്‍ ഈ പ്രതിസന്ധി വളരെ രൂക്ഷമാണ്. 1930-ല്‍ ഉണ്ടായ മഹത്തായ പ്രതിസന്ധി (Great economic crisis) പോലെ. അതിനെത്തുടര്‍ന്നാണല്ലോ രണ്ടാം ലോകമഹായുദ്ധമൊക്കെ ഉണ്ടായത്. മുപ്പതുകളില്‍ നീണ്ടുനിന്ന ആ വ്യവസ്ഥാ പ്രതിസന്ധിക്കുശേഷം ഉണ്ടായിട്ടുള്ള വലിയ ഒരു പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. വന്‍കിട മുതലാളിത്തവര്‍ഗ്ഗത്തിന്റെ പ്രതിസന്ധിയാണ് അവരുടെ ഭരണവര്‍ഗ്ഗ പാര്‍ട്ടിയായ ബി.ജെ.പിയെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരും തങ്ങള്‍ക്ക് എതിരാകും എന്നറിഞ്ഞിട്ടും ഈ നയങ്ങളുമായി മുന്നോട്ടുപോകാന്‍ നിര്‍ബ്ബന്ധിതമാക്കുന്നത്. ഇത് ഭരണവര്‍ഗ്ഗത്തിന്റെ പ്രതിസന്ധിയാണ്. അല്ലാതെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയല്ല. 

നിയമപരിഷ്‌കരണം മുഖേന അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികളെ അട്ടിമറിക്കുമ്പോള്‍ അവ എങ്ങനെയൊക്കെയാണ് കര്‍ഷകരെ ബാധിക്കാനിരിക്കുന്നത്? കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഈ കമ്മിറ്റികള്‍ നിലവിലില്ലാത്ത സ്ഥിതിക്ക് എന്തു പ്രതികരണമാണ് അവ ജനങ്ങളില്‍ ഉളവാക്കുക? 

ഇവിടെ കൃഷിയുടെ കമ്പനിവല്‍ക്കരണമാണ് നടേ പറഞ്ഞ നിയമനിര്‍മ്മാണത്തിലൂടെ കേന്ദ്രഗവണ്‍മെന്റ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.എം.സി) ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തനം നടത്തുന്നത് ഹരിതവിപ്ലവം (Green revolution) നടന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തരപ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ എന്നിവടങ്ങളിലാണ്. രാജ്യത്താകെയുള്ള ആറായിരത്തോളം എ.പി.എം.സി. മാര്‍ക്കറ്റുകളില്‍ രണ്ടായിരത്തിലേറെയും പഞ്ചാബിലാണുള്ളത്. പഞ്ചാബിലെ കൃഷിക്ക് കേരളത്തിലെ കൃഷിയുമായി താരതമ്യമൊന്നുമില്ല. കേരളത്തില്‍ 80 ശതമാനവും നാണ്യവിളകളാണ്. അതേസമയം പഞ്ചാബിലോ ഹരിയാനയിലോ വര്‍ഷത്തില്‍ പകുതിയും നീണ്ടുനില്‍ക്കുന്ന കൃഷിയാണ്-ഭക്ഷ്യധാന്യവിളകളായ അരിയുടേയും ഗോതമ്പിന്റേയും കൃഷി. ഒരു തവണ നെല്ലും ഒരു തവണ ഗോതമ്പും എന്ന നിലയ്ക്ക് രണ്ടുതവണയാണ് അവര്‍ കൃഷി ചെയ്യുന്നത്. രാജ്യത്ത് മിനിമം സപ്പോര്‍ട്ട് പ്രൈസ് (എം.എസ്.പി) പ്രഖ്യാപിക്കുമ്പോള്‍ ആ എം.എസ്.പിയുടെ അടിസ്ഥാനത്തില്‍ സംഭരണം നടത്തുന്ന സംസ്ഥാനങ്ങളാണ് മുന്‍പേ പറഞ്ഞ സംസ്ഥാനങ്ങള്‍. പുതിയ നിയമനിര്‍മ്മാണത്തിലൂടെ മാര്‍ക്കറ്റിനു പുറത്ത് ഉല്പന്നങ്ങള്‍ വാങ്ങാനുള്ള സ്വാതന്ത്ര്യം കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് അനുവദിക്കുകയും അതുപോലെ എം.എസ്.പി, സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദ്ദേശമായ ഇ2+50 എന്ന രൂപത്തിലുള്ള മിനിമം സപ്പോര്‍ട്ട് പ്രൈസ് ഉറപ്പുവരുത്തല്‍, ഇപ്പോഴുള്ള സംഭരണസംവിധാനം എന്നിവയെല്ലാം ഇല്ലാതാകും. അതോടെ ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (എഫ്.സി.ഐ) എന്ന വിപുലമായ സംഭരണകേന്ദ്ര ശൃംഖല സ്വകാര്യവല്‍ക്കരിക്കപ്പെടും. ഈ സംവിധാനങ്ങളൊക്കെ അംബാനിയുടേയും അദാനിയുടേയും കൈകളിലേക്കു വരും. അവര്‍ക്കുവേണ്ടി കൃഷി ചെയ്യുന്നവരായി, കരാര്‍ കൃഷിക്കാരായി കൃഷിക്കാര്‍ മാറും. സ്വന്തം ഭൂമിയില്‍ കരാര്‍ കൃഷിക്കാരായി മാറുകയും ഒടുവില്‍ സ്വന്തം ഭൂമി തന്നെ നഷ്ടപ്പെടുകയും ചെയ്യും. അങ്ങനെ കോര്‍പ്പറേറ്റ് കൃഷിയുടെ അടിമകളായി തങ്ങള്‍ മാറുകയാണ് എന്നു കൃഷിക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതാണ് ഇത്രയും ശക്തമായി അവര്‍ സമരരംഗത്തിറങ്ങാനുണ്ടായ കാരണം. കേരളത്തില്‍ എ.പി.എം.സി ആക്ട് നിലവിലില്ല. റബ്ബറും കാപ്പിയും തേയിലയുമുള്‍പ്പെടെയുള്ളവയുടെ മാര്‍ക്കറ്റില്‍ നേരത്തെ കോഫിബോര്‍ഡും മറ്റുമാണ് ഇടപെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിനനുസരിച്ചാണ് കാര്യങ്ങള്‍. അതിനര്‍ത്ഥം ഈ നിയമഭേദഗതികള്‍ കേരളത്തെ ബാധിക്കുകയില്ല എന്നല്ല. ഈ നിയമങ്ങള്‍ കരാര്‍കൃഷി കേരളമുള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാനും വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കേരളത്തിലെ കാര്‍ഷികോല്‍പ്പന്നമുള്‍പ്പെടെയുള്ള കര്‍ഷകരുടെ അദ്ധ്വാനഫലങ്ങള്‍ കയ്യടക്കാനുമുള്ള അവസരം കൊടുക്കുന്നുണ്ട്. രാജ്യത്താകമാനമുള്ള കാര്‍ഷികമേഖല കോര്‍പ്പറേറ്റുകള്‍ക്ക് ഏല്പിച്ചുകൊടുത്ത് സര്‍ക്കാര്‍ ഉത്തരവാദിത്വം ഇല്ലാതാക്കുകയെന്ന ഉദാരവല്‍ക്കരണ കാഴ്ചപ്പാടിനു അനുസൃതമായി, കുത്തകകള്‍ക്കു അനുകൂലമായുള്ള സാമ്പത്തികരംഗത്തെ അടിസ്ഥാനപരമായ പൊളിച്ചെഴുത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മുതിര്‍ന്നിരിക്കുന്നത്. വന്‍കിട മൂലധനത്തിനു കീഴടങ്ങുക എന്ന ആര്‍.എസ്.എസ് നയത്തിന്റെ പ്രതിഫലനമാണ് അവരുടെ നേതൃത്വത്തിലുള്ള ഈ ഗവണ്‍മെന്റ് നടപ്പാക്കുന്ന കാര്‍ഷികരംഗത്തെ നിയമഭേദഗതികള്‍. ഇത് തിരിച്ചറിഞ്ഞുകൊണ്ട് കേരളത്തിലും കൃഷിക്കാര്‍ സമരരംഗത്തേക്കു വന്നുകൊണ്ടിരിക്കുകയാണ്. 

താങ്ങുവില സംബന്ധിച്ച് രണ്ടു പ്രധാന പരാതികളുണ്ട്. താങ്ങുവില അപര്യാപ്തമാണ് എന്നതാണ് ഒന്നാമത്തേത്. സര്‍ക്കാര്‍ സംഭരണകേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് മിക്കവര്‍ക്കും താങ്ങുവില സംവിധാനം പ്രയോജനപ്പെടുന്നില്ല എന്നും കര്‍ഷകര്‍ ഏറെക്കുറെ സ്വകാര്യ മാര്‍ക്കറ്റുകളെയാണ് ആശ്രയിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പോരായ്മകള്‍ നേരത്തെ തന്നെ ഉള്ളതല്ലേ? 

കര്‍ഷകര്‍ക്ക് അവരുടെ ഉല്പാദനച്ചെലവും അവര്‍ക്ക് ജീവിക്കാനാവശ്യമായ വരുമാനവും ഉറപ്പുവരുത്തുകയെന്നത് ഗവണ്‍മെന്റുകളുടെ ഉത്തരവാദിത്വമാണ്. ജി.എസ്.ടി. നടപ്പായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പണം ചെലവിടുന്നതിനുള്ള സാമ്പത്തികശേഷി കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ അതു കേന്ദ്രഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. കേന്ദ്രഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റുകളുടെ നികുതി നിര്‍ണ്ണയ അധികാരംപോലും പിടിച്ചെടുക്കുകയും രാജ്യത്തിന്റെ സമ്പദ്ഘടനയെ ഒരൊറ്റ രാജ്യം, ഒരൊറ്റ മാര്‍ക്കറ്റ് എന്ന മുദ്രാവാക്യത്തിന്റെ മറവില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഏല്പിച്ചുകൊടുക്കുകയുമാണ് ചെയ്യുന്നത്. ഇത് ഫെഡറലിസത്തെ സമ്പൂര്‍ണ്ണമായി തകര്‍ക്കുന്ന നടപടിയാണ്. അതുകൊണ്ടുതന്നെ ഫെഡറലിസത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു നടപടി കൂടിയായിട്ടു വേണം ഈ സമരത്തെ കാണാന്‍. ഈ സമരത്തെ അതുകൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരടക്കം പിന്തുണയ്ക്കുകയും നിയമഭേദഗതിയെ ശക്തമായി എതിര്‍ക്കണം എന്നു തീരുമാനിക്കുകയും ചെയ്തിട്ടുള്ളത്. എം.എസ്.പി. കൊടുക്കുന്നതിനുവേണ്ടി കേന്ദ്രഗവണ്‍മെന്റിനു ഉത്തരവാദിത്വമുണ്ട്. അത് നിര്‍വ്വഹിക്കുന്നതിനു അനുഗുണമായ നയവും സംവിധാനവും കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കേണ്ടതുണ്ട്. അതേസമയം, ഈ എം.എസ്.പി. പൊതുഖജനാവില്‍നിന്നു കൊടുക്കുന്നതിനു കേന്ദ്രഗവണ്‍മെന്റിനു കഴിയില്ല. അതെങ്ങനെ ചെയ്യണമെന്നുള്ളതിനു കിസാന്‍സഭയ്ക്കു വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ട്. അവ മുന്നോട്ടുവച്ചിട്ടുമുണ്ട്. 

കർഷക സമരത്തെ അഭിസംബധോന ചെയ്യുന്ന പി കൃഷ്ണപ്രസാദ് (വലത്തേയറ്റം)
കർഷക സമരത്തെ അഭിസംബധോന ചെയ്യുന്ന പി കൃഷ്ണപ്രസാദ് (വലത്തേയറ്റം)

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരുടെ ഉല്പനങ്ങള്‍ക്കു വിപണി ഉറപ്പുവരുത്തിക്കൊടുക്കുക എന്നു പറയുമ്പോള്‍ നാം കാണേണ്ടത് ഈ കാര്‍ഷികോല്പന്നങ്ങള്‍ വാങ്ങുന്നത് കാര്‍ഷികവ്യവസായികളാണ് എന്നതാണ്. കുറഞ്ഞ വിലയ്ക്ക് കാര്‍ഷികോല്പന്നങ്ങള്‍ വാങ്ങുകയും അവ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കി വലിയ വിലയ്ക്ക് വില്‍ക്കുകയുമാണ് കാര്‍ഷിക വ്യവസായികള്‍ ചെയ്യുന്നത്. ഈ പ്രക്രിയയില്‍ കൃഷിക്കാരന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഇടപെടാനുള്ള നയങ്ങളാണ് സര്‍ക്കാരുകള്‍ അവലംബിക്കേണ്ടത്. ഉദാഹരണത്തിനു പഞ്ചാബിലെ ബസുമതി കര്‍ഷകരുടെ കാര്യം. ബസുമതി കര്‍ഷകര്‍ക്ക് ഒരു കിലോ നെല്ലിന് 20 മുതല്‍ 30 വരെ രൂപയാണ് കിട്ടുന്നത്. അതില്‍നിന്നു 70 ശതമാനം അരി ലഭിക്കും. ഒരു കിലോ ബസുമതി അരി നമ്മള്‍ മാര്‍ക്കറ്റില്‍നിന്നു വാങ്ങുമ്പോള്‍ 100 രൂപ, 149 രൂപ, 700 രൂപ, 2200 രൂപ വരെയാണ് കൊടുക്കേണ്ടിവരുന്നത്. ഇന്‍ഡ്യാ ഗേറ്റ് എന്ന ബ്രാന്‍ഡ് ബസുമതി അരിക്ക് 2200 രൂപ വരെ നല്‍കേണ്ടതുണ്ട്. കാര്‍ഷികോല്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഉപഭോക്തൃ താല്പര്യത്തിനനുസരിച്ചുള്ള ഉല്പന്നങ്ങളാക്കി മാറ്റി വലിയ വിലയ്ക്കാണ് ഈ കോര്‍പ്പറേറ്റുകള്‍ വിറ്റ് കൊള്ളലാഭം കൊയ്യുന്നത്. ഉദാഹരണത്തിന് കേരളത്തിലെ കാപ്പി കര്‍ഷകരുടെ കാര്യമെടുക്കാം. അവര്‍ക്കു ഒരു കിലോ പരിപ്പിനു 120-130 രൂപ നിരക്കിലാണ് വില കിട്ടുന്നത്. രണ്ടര കിലോ കാപ്പിപ്പരിപ്പ് വേണം ഒരു കിലോ ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി ഉണ്ടാക്കാന്‍. അതേസമയം നിങ്ങള്‍ക്ക് ഒരു കിലോ ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി കിട്ടുന്നതിന് 1500 മുതല്‍ 8000 രൂപ വരെ കൊടുക്കണം. ഇതാണ് കാര്‍ഷികമേഖലയില്‍ നടക്കുന്ന കൊള്ളയുടെ ഒരു ഉദാഹരണം. ഈ കൊള്ള അവസാനിപ്പിക്കാന്‍ കഴിയുന്ന ബദല്‍ നയങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയേണ്ടതുണ്ട്. 

അവശ്യ സാധനങ്ങളുടെ വില വർധനയ്ക്കും കേന്ദ്ര ​ഗവൺമെന്റിന്റെ പുതിയ ബില്ലുകൾ കാരണമാകില്ലേ? വലിയൊരളവിൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയൊക്കെ ഇത് ബാധിക്കുമെന്നിരിക്കെ ഇതുസംബന്ധിച്ച് ജനാവബോധം വളർത്താനും സമരങ്ങൾക്കും കേരളത്തിലെ വർ​ഗ ബഹുജന മുൻകൈയെടുക്കാൻ തയ്യാറാകേണ്ടതല്ലേ? 

എസ്സെന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് 1955-ലെ നിയമമാണ്. അതു ഭേദഗതി ചെയ്ത് നമ്മുടെ ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ഭക്ഷ്യ എണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ എല്ലാ അവശ്യവസ്തുക്കളും ഡീ റെഗുലേറ്റ് ചെയ്തിരിക്കുകയാണ്. അതായത് അവയുടെ കമ്പോളത്തില്‍ ഇനിമുതല്‍ ഗവണ്‍മെന്റ് നിയന്ത്രണങ്ങളില്ല. തങ്ങള്‍ക്കു വലിയ സംഭരണശാലകള്‍ പണിത് എത്രത്തോളം അവര്‍ക്കു സംഭരിക്കാമോ അത്രത്തോളം സംഭരിക്കാനുള്ള അവകാശം കേന്ദ്രഗവണ്‍മെന്റ് ഈ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു നല്‍കിയിരിക്കുകയാണ്. അവര്‍ക്ക് ആവശ്യാനുസൃതം തങ്ങളുടെ ഇഷ്ടത്തിനു അനുസരിച്ചുള്ള വിലയ്ക്ക് വില്‍ക്കാനുള്ള അവകാശവും ഈ നിയമഭേദഗതി മൂലം ലഭിക്കുകയാണ്. അവശ്യ വസ്തുക്കളുടെ വിപണിയിലുള്ള സര്‍ക്കാര്‍ നിയന്ത്രണം പിന്‍വലിക്കുന്ന ഈ നയം വലിയ തോതിലുള്ള ഭക്ഷ്യ പ്രതിസന്ധി ഉണ്ടാക്കും. ഭക്ഷ്യസ്വയംപര്യാപ്തതയെ തകര്‍ക്കും. അവശ്യഭക്ഷ്യവസ്തുക്കളെ കച്ചവടച്ചരക്കുകളാക്കി മാറ്റുന്ന സ്ഥിതിയിലേക്കു നീങ്ങും. ഇതിനെതിരെ അതിശക്തമായ സമരം കേരളത്തിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന അഖിലേന്ത്യാ സമരം കേരളത്തിലെ സമരത്തിന്റെ ഭാഗമാണ്. ഈ സമരങ്ങളൊക്കെ കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശക്തമായി നടന്ന നവംബര്‍ 26-ന്റെ പണിമുടക്ക് ഈ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തിയിരുന്നു. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന ഇരുപതാമത്തെ ഈ പണിമുടക്കില്‍ കേരളത്തില്‍ ഒന്നരക്കോടിയിലധികം തൊഴിലാളികള്‍ പങ്കെടുത്തിരുന്നു. കേരളത്തില്‍ നടക്കുന്ന സമരങ്ങളെ നമ്മള്‍ ചുരുക്കിക്കാണേണ്ടതില്ല. ആ മുദ്രാവാക്യങ്ങളെ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട മാധ്യമധര്‍മ്മം നിര്‍വ്വഹിക്കുകയാണ് വേണ്ടത്. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ മുദ്രാവാക്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം കേരളത്തിലെ സര്‍ക്കാരിനെതിരെയുള്ള പൊള്ളയായ വിമര്‍ശനങ്ങള്‍ക്കായി സമയം ചെലവിടുന്നതുകൊണ്ടാണ് ഇത്തരം ജീവല്‍പ്രശ്‌നങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ കാണാതെ പോകുന്നത്. തീവ്രമായ സമരങ്ങളൊന്നും കേരളത്തില്‍ നടക്കുന്നില്ലാ എന്ന പൊതുബോധം ഈ ചോദ്യത്തിനു പിറകിലുണ്ട്. തീര്‍ച്ചയായും കേരളത്തില്‍ സമരങ്ങള്‍ നടക്കുന്നുണ്ട്.
 
ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചരണത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരങ്ങളും ശക്തമായ പ്രചരണായുധമാണ്. ഈ സമരങ്ങളുയര്‍ത്തുന്ന മുദ്രാവാക്യങ്ങളും ഇടതുപക്ഷ ജനാധിപത്യശക്തികള്‍ വ്യാപകമായി തെരഞ്ഞെടുപ്പു വേദികളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മുന്‍പ് കോണ്‍ഗ്രസ് തുടക്കമിട്ടതും ഇപ്പോള്‍ ഹിന്ദുത്വസര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുന്നതുമായ കര്‍ഷകരെ ബാധിക്കുന്ന കോര്‍പ്പറേറ്റു താല്പര്യത്തിന് അനുസരിച്ചുള്ള നയങ്ങളും നിയമങ്ങളുമെല്ലാം കേരളത്തിലെ ഇടതുപാര്‍ട്ടികള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാക്കിയിട്ടുണ്ട്. 

കോണ്‍ട്രാക്ട് ഫാമിംഗ് പ്രോത്സാഹിപ്പിക്കുന്നവയാണ് ഈ ഭേദഗതികള്‍. കരാര്‍ കൃഷിക്കു ബദലായി കേരളത്തിലെ ഗവണ്‍മെന്റ് മുന്നോട്ടുവയ്ക്കുന്ന സഹകരണ കൃഷി എന്ന ആശയം കാര്‍ഷികരംഗത്ത് ജനാനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമല്ലേ? ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതിനുള്ള സാധ്യത ഉണ്ടോ? 

സഹകരണ കൃഷി എന്ന ആശയം സോവിയറ്റ് യൂണിയനില്‍ വിപ്ലവാനന്തരം ലെനിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ലെനിന്‍സ് കോ-ഓപ്പറേറ്റീവ് പ്ലാനിന്റെ ഭാഗമാണ്. എന്നാല്‍, സോവിയറ്റ് യൂണിയനില്‍പ്പോലും ഇത് ഫലപ്രദമായി നടപ്പാക്കാനായില്ല. 1924-ല്‍ ലെനിന്റെ വിയോഗമുണ്ടായി. സാര്‍വ്വദേശീയ രംഗത്തുണ്ടായ മുതലാളിത്ത പ്രതിസന്ധി, മുപ്പതുകളിലെ മഹത്തായ പ്രതിസന്ധി, ലോകമഹായുദ്ധം തുടങ്ങിയവയെല്ലാം സൃഷ്ടിച്ച രാഷ്ട്രീയ സാഹചര്യങ്ങള്‍ പൊതുമേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒരു സമ്പദ്ഘടനയെ ശക്തിപ്പെടുത്താനാണ് സോവിയറ്റ് യൂണിയനെ പ്രേരിപ്പിച്ചത്. പൊതുമേഖലയ്ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ത്തന്നെ തൊഴിലാളികളുടേയും കര്‍ഷകരുടേയും സഹകരണസംഘങ്ങള്‍ എന്ന ആശയത്തെ പിന്‍പറ്റി ഒരു വലിയ മാതൃക കേരളത്തില്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. അത്തരത്തിലുള്ള നിരവധി സഹകരണ പ്രസ്ഥാനങ്ങളില്‍ ഏറെ ജനശ്രദ്ധ നേടിയതും കേരളത്തിലൊട്ടാകെ വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ബ്രഹ്മഗിരി പദ്ധതി. 1999-ല്‍ വയനാട്ടില്‍ നായനാര്‍ സര്‍ക്കാര്‍ ഒരു ഉത്തരവിലൂടെ രൂപീകരിച്ച ബ്രഹ്മഗിരി പദ്ധതി. അത് ഏതെങ്കിലും ഒരു മുതലാളി നടത്തുന്ന സ്ഥാപനമല്ല. തൊഴിലാളി-കര്‍ഷക സാമൂഹിക സഹകരണ സ്ഥാപനം എന്ന നിലയില്‍, ഗവണ്‍മെന്റ് നിയോഗിച്ച ഉദ്യോഗസ്ഥന്മാര്‍ക്കു പകരം തൊഴിലാളികളുടേയും കര്‍ഷകരുടേയും നേതൃത്വം നേരിട്ടു നിയന്ത്രിക്കുന്ന ഒരു സ്ഥാപനമാണിത്. അതിന്റെ ഉല്പാദന പ്രവര്‍ത്തനങ്ങളില്‍നിന്നു ലഭിക്കുന്ന മിച്ചം തൊഴിലാളികളുടെ വേതനമായും കര്‍ഷകരുടെ അധികവിലയായും ലഭ്യമാക്കുന്ന ഒരു മാതൃക ആ സംഘം മുന്നോട്ടുവച്ചിട്ടുണ്ട്. അതാണ് ഇപ്പോള്‍ കേരളാ ചിക്കന്‍ പദ്ധതി, മലബാര്‍ മീറ്റ് പദ്ധതി, വയനാട് കോഫി പദ്ധതി, കേരളാ ഫിഷ് തുടങ്ങിയ നിരവധി പദ്ധതികളായി വികസിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള സഹകരണസംഘങ്ങള്‍ രൂപീകരിച്ച് ഉല്പാദന പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമായ സാമ്പത്തിക പിന്തുണയും ബജറ്റ് നടപടികളുമായി മുന്നോട്ടുപോകുക എന്ന നയമാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് കൈക്കൊണ്ടുപോരുന്നത്. കേന്ദ്രഗവണ്‍മെന്റിന്റെ പുതിയ നിയമപരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍, ആ ഇടതുപക്ഷ നയം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. കാര്‍ഷിക വ്യവസായവും കാര്‍ഷിക വിപണനവും സംസ്ഥാന ഗവണ്‍മെന്റിന്റെ പരിധിക്കുള്ളില്‍ വരുന്നതാണ്. അതുകൊണ്ട് സഹകരണാടിസ്ഥാനത്തിലുള്ള കാര്‍ഷിക വ്യവസായങ്ങളുടേയും കാര്‍ഷിക വിപണിയുടേയും പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ഒരു നിയമം വ്യവസായവകുപ്പിനു കീഴിലുള്ള വാണിജ്യവിഭാഗത്തിനു കീഴിലുണ്ടാകണം. അത്തരത്തിലൊരു നിയമനിര്‍മ്മാണം അഖിലേന്ത്യാതലത്തിലും കേരളത്തിലും വേണം എന്ന ശക്തമായ അഭിപ്രായം അഖിലേന്ത്യാ കിസാന്‍ സഭയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത്തരം കാര്‍ഷിക സഹകരണ പ്രസ്ഥാനങ്ങളെ വികസിപ്പിച്ചെടുക്കാനുള്ള സാധ്യത ഉണ്ട്. ബ്രഹ്മഗിരി കേരളത്തിലെ ഗവണ്‍മെന്റാണ് രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും അത് ആന്ധ്രയിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെല്ലാം പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമെല്ലാം ഉല്പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയവയുടെ വിപണി കേരളത്തില്‍ ലഭ്യമാക്കാന്‍ ഇത്തരമൊരു സഹകരണ സ്ഥാപനത്തിനു സാധ്യമാണ്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ തന്നെ ഒരു സാമൂഹിക, സഹകരണ പ്രസ്ഥാനം എന്ന നിലയില്‍ കര്‍ഷക പ്രസ്ഥാനത്തെ വികസിപ്പിച്ചെടുക്കാനുള്ള ചര്‍ച്ച അഖിലേന്ത്യാ കിസാന്‍ സഭ നടത്തുന്നുണ്ട്. ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള വിവിധ കര്‍ഷകസംഘടനകളുടെ വിപുലമായ ഐക്യം ഇങ്ങനെയൊരു പ്രസ്ഥാനമായി വികസിക്കുന്നതിനു സാധ്യതയുണ്ട്. അതിനുവേണ്ട ചര്‍ച്ചകള്‍ കിസാന്‍ സഭ നടത്തിവരികയാണ്. മറ്റു കര്‍ഷകസംഘടനകളുമായി ചേര്‍ന്നുകൊണ്ട് കര്‍ഷകരുടെ നേതൃത്വത്തില്‍ത്തന്നെ കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്ക് വിപണിയും ന്യായവിലയും ഉറപ്പുവരുത്തുന്ന സംവിധാനം സഹകരണാടിസ്ഥാനത്തില്‍ ഉണ്ടാകണം. കൃഷിഭൂമി കര്‍ഷകന് എന്നതായിരുന്നു മുന്‍കാലങ്ങളിലെ നമ്മുടെ മുദ്രാവാക്യം. ജന്മിത്വത്തേയും ജന്മിയേയും ഇല്ലായ്മ ചെയ്ത് കൃഷിഭൂമി കര്‍ഷകനായി. അതിനു നിയമനിര്‍മ്മാണമുണ്ടായി. അതുപോലെ 'കുത്തകകളായ അംബാനിക്കും അദാനിക്കും വാള്‍മാര്‍ട്ടിനും പകരം കാര്‍ഷിക വ്യവസായങ്ങളും വിപണിയും കര്‍ഷകരുടേയും തൊഴിലാളികളുടേയും സഹകരണസംഘങ്ങള്‍ക്കു കീഴില്‍' എന്ന മുദ്രാവാക്യമാണ് മിനിമം സപ്പോര്‍ട്ട് പ്രൈസ് കിട്ടാനും മിനിമം കൂലി കിട്ടാനും സഹായകമായ ഇടതുപക്ഷ ബദല്‍ നയം. ആ ഇടതുപക്ഷ ബദല്‍ നയമാണ് കേരളത്തിലെ ഗവണ്‍മെന്റ് നടപ്പാക്കുന്നത്. 

കേരളത്തില്‍ ഇത്തരമൊരു ബദല്‍ നയം നടപ്പാക്കാനാകുന്നത് കേരളത്തില്‍ ഒരു ഇടതുപക്ഷ ഗവണ്‍മെന്റ് ഉള്ളതുകൊണ്ടാണ്. അതുപോലെ ഇതര സംസ്ഥാനങ്ങളിലും ഇടതുപക്ഷ സ്വഭാവമുള്ള ഗവണ്‍മെന്റുകള്‍ ഉണ്ടാകേണ്ടതുണ്ട്. ഈ കാര്‍ഷികസമരങ്ങള്‍ അതിനു വഴിയൊരുക്കും. അങ്ങനെ രാജ്യം മുഴുവന്‍ ബി.ജെ.പിക്കുള്ള ഇന്നത്തെ മേല്‍ക്കൈ തകര്‍ക്കുന്നതിന് ഇപ്പോള്‍ കെട്ടഴിച്ചുവിടുന്ന വര്‍ഗ്ഗസമരങ്ങള്‍ പാതയൊരുക്കുകയാണ്. ബി.ജെ.പിയും ആര്‍.എസ്.എസും ഇന്ത്യന്‍ കുത്തക മൂലധനത്തിനു അടിയറവു പറഞ്ഞുകഴിഞ്ഞു. മോദി അധികാരത്തിലേറിയിട്ട് ആറുവര്‍ഷം കഴിഞ്ഞു. 

അവര്‍ മുന്‍കാലങ്ങളില്‍ മുന്നോട്ടുവെച്ചിരുന്ന സ്വദേശി മുദ്രാവാക്യത്തെ സംബന്ധിച്ച് ആര്‍.എസ്.എസും ബി.ജെ.പിയും നിശ്ശബ്ദരാണ്. എന്തുകൊണ്ട് ഈ നിശ്ശബ്ദത എന്ന് അവരുടെ അണികള്‍ ചോദിക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന കര്‍ഷകസമരങ്ങളിലും തൊഴിലാളി സമരങ്ങളിലുമെല്ലാം ബി.ജെ.പിക്ക് വോട്ടുചെയ്യുന്ന കര്‍ഷക-തൊഴിലാളി കുടുംബങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഈ പങ്കാളിത്തം രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാക്കും. കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കുമൊക്കെ ഇടയില്‍ ഇപ്പോള്‍ സംഘ്പരിവാറിനുള്ള സ്വാധീനം കൂടുതല്‍ ദുര്‍ബ്ബലമാകുകയാണ്. 

2019-ലെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ എ.പി.എം.എസ് ആക്ടും മറ്റു നിയന്ത്രണങ്ങളും എടുത്തുകളയുമെന്നു പറഞ്ഞ കോണ്‍ഗ്രസ്സിനെപ്പോലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഈ സമരത്തിലെ പങ്കാളിത്തത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? മുഖ്യ പ്രതിപക്ഷമെന്ന നിലയില്‍ ആ പാര്‍ട്ടി കര്‍ഷകപ്രശ്‌നങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നുണ്ടെന്നു അഭിപ്രായമുണ്ടോ? 

കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിയാണ് സാമ്പത്തികരംഗത്ത് ഉദാരവല്‍ക്കരണ പദ്ധതികള്‍ക്കു തുടക്കമിട്ടത്. ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന എ.പി.എം.സി. നിയമങ്ങളുടെ പരിഷ്‌കരണം, വിപണിയിലെ ഉദാരവല്‍ക്കരണം എന്നിവയെല്ലാം 2019-ലെ കോണ്‍ഗ്രസ്, ബി.ജെ.പി മാനിഫെസ്റ്റോകളില്‍ ഒരേപോലെ ഇടംപിടിച്ചവയാണ്. മാത്രവുമല്ല, കേരളത്തിലെ കോണ്‍ഗ്രസ് മുന്നണിയുടെ 19 എം.പിമാരും അവരുടെ രാജ്യസഭാ അംഗങ്ങളും നിയമം കൊണ്ടുവന്നപ്പോള്‍ ശക്തമായ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ തയ്യാറായില്ല. ലോകസഭയില്‍ അവര്‍ വോട്ടുചെയ്യാന്‍പോലും തയ്യാറായില്ല. ലോകസഭയില്‍ വോട്ടെടുപ്പ് ആവശ്യപ്പെടാന്‍പോലും പ്രതാപനുള്‍പ്പെടെയുള്ളവര്‍ തയ്യാറായില്ല. അതേസമയം രാജ്യസഭയില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടതിനു ട്രേഡ് യൂണിയന്‍ നേതാവായ ഇളമരം കരീം കിസാന്‍സഭാ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവര്‍ സസ്‌പെന്റ് ചെയ്യപ്പെട്ടു. 

എന്നാല്‍, കര്‍ഷകസമരം ശക്തിപ്പെട്ട സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് പഴയ നയം ഉപേക്ഷിച്ചിട്ടുണ്ട്. അത് സ്വാഗതാര്‍ഹമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ ബി.ജെ.പി-ആര്‍.എസ്.എസ് നയത്തെ എതിര്‍ക്കാതിരുന്നാല്‍ തങ്ങള്‍ ഒറ്റപ്പെട്ടുപോകുമെന്ന തിരിച്ചറിവിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി അങ്ങനെയൊരു നിലപാടെടുക്കുന്നത് എന്നും കാണേണ്ടതുണ്ട്. എന്തായാലും അവര്‍ ഈ സമരത്തെ പിന്തുണയ്ക്കുന്നതിനെ തള്ളിപ്പറയേണ്ടതില്ല. ബി.ജെ.പിയില്‍നിന്നും ആര്‍.എസ്.എസ്സില്‍നിന്നും വരെ ഈ സമരത്തിനു പിന്തുണ ഉയര്‍ന്നുവരേണ്ടതുണ്ട്. എല്ലാ ബി.ജെ.പിക്കാരും എല്ലാ ആ.ര്‍എസ്സ്.എസ്സുകാരും അംബാനിമാരും അദാനിമാരുമൊന്നുമല്ലല്ലോ. അവരില്‍ കൃഷിക്കാരും തൊഴിലാളികളുമൊക്കെയുണ്ട്. അവരും ഈ സമരത്തില്‍ അണിനിരക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ്, ബി.ജെ.പി എന്നീ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരിക്കലും ഭൂപരിഷ്‌കരണത്തിനു താല്പര്യപ്പെടാറില്ല. കേരളത്തിലും ബംഗാളിലും ജമ്മുകശ്മീരിലുമൊക്കെ നടപ്പാക്കിയപോലെ ഭൂപരിഷ്‌കരണം രാജ്യത്തു മുഴുവന്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല എന്നതാണ് കോണ്‍ഗ്രസ്സിന്റേയും രാജ്യത്തിന്റേയും ഇന്നത്തെ പ്രതിസന്ധിക്കു കാരണം. കോണ്‍ഗ്രസ്സിന്റെ അതേ നയമാണ് ബി.ജെ.പി പിന്തുടരുന്നത് എന്നതുകൊണ്ട് ഈ പ്രതിസന്ധി അവരേയും ബാധിക്കുമെന്നത് തീര്‍ച്ചയാണ്. അധികാരത്തില്‍ വന്ന അതേ വേഗത്തില്‍ ബി.ജെ.പി അധികാരത്തില്‍നിന്നു പുറത്താകുകയും ചെയ്യും. മോദിക്കും അമിത് ഷാക്കും എം.പിമാരും മന്ത്രിമാരുമൊക്കെ ആകണമെങ്കില്‍ ജനം വോട്ടുചെയ്തു ജയിപ്പിക്കേണ്ടതുണ്ടല്ലോ. ഭൂപരിഷ്‌കരണം, കാര്‍ഷിക-സഹകരണ പ്രസ്ഥാനങ്ങളുടെ രൂപീകരണവും അവയ്ക്കു സഹായകമായ നയങ്ങളും, കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണിയിലും കാര്‍ഷിക വ്യവസായങ്ങളിലും കര്‍ഷകര്‍ക്ക് അനുകൂലമായ കുത്തകവിരുദ്ധ നിലപാടുകള്‍ എന്നിവയൊക്കെ ഉണ്ടാകാത്തപക്ഷം കേന്ദ്രഗവണ്‍മെന്റിനെതിരെ കര്‍ഷകര്‍ കൂടുതല്‍ കൂടുതല്‍ മുന്നോട്ടുവരും. ബി.ജെ.പിയുടെ സ്വാധീനം കുറയുകയും പകരം ഇടതുപക്ഷസ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ അവര്‍ക്കിടയില്‍ ശക്തിയാര്‍ജ്ജിക്കുകയും ചെയ്യും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഈ കര്‍ഷകസമരം വഴിവയ്ക്കും.
 
കര്‍ഷകര്‍ അവരുടെ ജീവിതാനുഭവങ്ങളില്‍നിന്നും രാഷ്ട്രീയം പഠിക്കുന്നു. കര്‍ഷകര്‍ക്ക് 20 രൂപ നല്‍കി കര്‍ഷകരുല്പാദിപ്പിച്ച ബസുമതി നെല്ല് അരിയാക്കി 140 രൂപയ്ക്ക് വില്‍ക്കാന്‍ കുത്തകകള്‍ക്ക് ഗവണ്‍മെന്റ് കൂട്ടുനില്‍ക്കുകയാണ് എന്ന് അവര്‍ തിരിച്ചറിയുമ്പോള്‍ അവര്‍ സമരരംഗത്തേക്കിറങ്ങും. അതിന് അവരെ തയ്യാറാക്കുന്നതില്‍ സമരരംഗത്തുള്ള എല്ലാ കര്‍ഷകസംഘടനകള്‍ക്കും വലിയ പങ്കുണ്ട്. മുന്‍കാലങ്ങളില്‍ ഉണ്ടായ സമരങ്ങളേക്കാള്‍ കൂടുതല്‍ ഈ സമരം ശക്തിയാര്‍ജ്ജിക്കുമെന്നും ഉറപ്പാണ്. അതിന്റെ പ്രാധാന്യം തിരിച്ചറിയാനും നമ്മള്‍ തയ്യാറാകേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com