മറഡോണ
മറഡോണ

കാല്‍പ്പന്തിന്റെ അനശ്വര മേധാവി

മറഡോണ എന്നും അമേരിക്കയുടെ സാമ്രാജ്യത്വ നിലപാടുകള്‍ക്കെതിരായിരുന്നു. ഇറാഖ് അധിനിവേശത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ഇറാഖില്‍ അവരുടെ ജെഴ്‌സിയണിഞ്ഞ് കളിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ദ്യോഗോ അര്‍മാന്‍ഡോ മറഡോണ... ലോക ഫുട്‌ബോള്‍  ചരിത്രത്തിലെ സമാനതകളില്ലാത്ത നാമം. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ഏതോ നോവല്‍ വിട്ടിറങ്ങി ഭൂമിയില്‍ വഴിതെറ്റി അലഞ്ഞ കഥാപാത്രമോ ഈ മനുഷ്യന്‍. ഫുട്‌ബോള്‍ അളവില്ലാത്ത ആഹ്ലാദത്തിന്റെ അഥവാ നിരുപമമായ ആനന്ദത്തിന്റെ കളിയാണല്ലോ. അങ്ങനെ അനുഭവപ്പെടുന്നവര്‍ക്ക് ദ്യോഗോ മറഡോണ ഒരു സംഹിതയോ വെളിപാട് പുസ്തകമോ ആകുന്നു. 

കളിയുടേയും ജീവിതത്തിന്റേയും സദാചാര നിയമങ്ങള്‍ തെറ്റിച്ചിട്ടും ജീവിതത്തോട് യാത്ര പറഞ്ഞുകഴിഞ്ഞ മറഡോണ ലോകത്ത് ഏറ്റവും ആരാധകരുള്ള ഫുട്‌ബോള്‍ താരമായിരിക്കുന്നത് എന്തുകൊണ്ട്. ഏറ്റവും താഴെ നിലയില്‍നിന്നും ഉയര്‍ന്നുവന്നവന്‍ എന്നതല്ല മറഡോണയെ ജനപ്രിയനാക്കിയത്. തന്റെ ഉയര്‍ച്ചയും നേട്ടവുമെല്ലാമെന്നപോലെ എല്ലാ പ്രവൃത്തിയും ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ മറഡോണയ്ക്ക് കഴിഞ്ഞുവെന്നതാണ്. അര്‍ജന്റീനയിലേയും ഇറ്റലിയിലേയും എന്തിന്, ഇങ്ങേ അറ്റത്ത് കേരളമെന്ന ഈ കൊച്ചു തുരുത്തില്‍ വരെ സാധാരണക്കാരായ ഫുട്‌ബോള്‍ പ്രേമികള്‍ക്കു തങ്ങളുടെ നായകസങ്കല്പങ്ങളുടെ, വീരാരാധനയുടെ ആള്‍രൂപമാണ് മറഡോണ. തങ്ങള്‍ക്കുവേണ്ടിയാണ് ആ മനുഷ്യന്റെ ഓരോ പോരാട്ടവും എന്നവര്‍ വിശ്വസിച്ചു. ആ വിശ്വാസം അചഞ്ചലമായി അരക്കിട്ടുറപ്പിക്കാന്‍ കഴിഞ്ഞതിലൂടെ ഭൂമിയില്‍ മനുഷ്യവാസമുള്ളിടത്തെല്ലാം 'ഒരു അര്‍ജന്റീന' അടയാളപ്പെടുത്താനും മറഡോണ പ്രതിഭാസത്തിനു കഴിഞ്ഞു. 

1986ലെ ലോകകപ്പ് ഫൈനലിൽ പശ്ചിമ ജർമനിയെ അർജന്റീന പരാജയപ്പെടുത്തിയപ്പോൾ. മെക്സിക്കോ സിറ്റിയിൽ നടന്ന മത്സരത്തിൽ 3-2നാണ് മറഡോണയുടെ ടീം ജർമനിയെ തോൽപ്പിച്ചത്
1986ലെ ലോകകപ്പ് ഫൈനലിൽ പശ്ചിമ ജർമനിയെ അർജന്റീന പരാജയപ്പെടുത്തിയപ്പോൾ. മെക്സിക്കോ സിറ്റിയിൽ നടന്ന മത്സരത്തിൽ 3-2നാണ് മറഡോണയുടെ ടീം ജർമനിയെ തോൽപ്പിച്ചത്

അര്‍ജന്റീനയ്ക്ക് 1986-ലെ ലോക ഫുട്‌ബോള്‍ കിരീടം നേടിക്കൊടുത്തതിന്റെ നായകനും നിയന്താതാവും. ലോകത്തിന്റെ നെറുകയില്‍ തൊട്ട ഇംഗ്ലണ്ടിനെതിരെയുള്ള അത്ഭുതഗോള്‍.  വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ദൈവത്തിന്റെ ഗോള്‍. പത്തൊന്‍പതാം വയസ്സില്‍ അര്‍ജന്റീനയന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ മുതല്‍ എണ്ണമില്ലാത്ത പുരസ്‌കാരങ്ങള്‍. 2000-ത്തില്‍ ഇന്റര്‍നെറ്റ് തെരഞ്ഞെടുപ്പിലൂടെ നൂറ്റാണ്ടിന്റെ താരം എന്ന ബഹുമതി. കാല്‍പ്പന്ത് കളിയുടെ മുഗ്ദ്ധസൗന്ദര്യം പാദങ്ങളിലേക്കാവാഹിച്ച സോക്കറിന്റെ വിശ്വതമ്പുരാന്‍ കളിക്കളത്തോട് വിടപറഞ്ഞ് കാലമെത്ര കഴിഞ്ഞിട്ടും ആ കുറിയ മനുഷ്യന്റെ പാസുകളും കണ്ണഞ്ചിക്കുന്ന ഷോട്ടുകളും മായാത്ത ചിത്രമായി ഫുട്‌ബോള്‍ പ്രേമികളുടെ മാനസമലര്‍വാടിയില്‍ തങ്ങിനില്‍ക്കുന്നു.
 
ദ്യോഗോ മറഡോണയെന്ന ഇതിഹാസതാരത്തിന്റെ നേട്ടങ്ങള്‍ പരാമര്‍ശംപോലും ആവശ്യമില്ലാത്തവിധം പ്രതിഷ്ഠിതമാണ്. ഒന്നര ദശാബ്ദത്തിലേറെക്കാലം ഫുട്‌ബോള്‍ പ്രണയികളുടെ അന്തരംഗത്തെ ആവേശഭരിതമാക്കിയ മറഡോണ, സാംബ ചുവടുകളുമായി പുല്‍മേടുകളെ ഭരിച്ച പെലെയ്ക്കുശേഷം കാല്‍പ്പന്തിനെ സമ്പൂര്‍ണ്ണമായി കീഴടക്കിയ മഹാരഥനാണ്. നൂറ്റാണ്ടിന്റെ താരം പെലെയാണോ മറഡോണയാണോ എന്ന കാര്യത്തില്‍ നമുക്ക് വാദങ്ങള്‍ ഇപ്പോഴും തുടരാമെങ്കിലും മറ്റൊരു കളിക്കാരനും മറഡോണയാകില്ല എന്നു തറപ്പിച്ചു പറയാം.

കളിക്കളത്തിലെ മേളപ്രമാണി 

പന്തിനെ ശരീരത്തിലെ മറ്റൊരു അവയവമായി വിളക്കിച്ചേര്‍ക്കാനുള്ള സിദ്ധി, തലച്ചോറിലുള്ള പന്ത് കാലുകളിലേക്ക് ആവാഹിക്കാനുള്ള ബുദ്ധിവൈഭവം. അസാമാന്യ വേഗം, അളന്നുമുറിച്ച കിറുകൃത്യമായ പാസുകള്‍, പിഴയ്ക്കാത്ത ഷോട്ടുകള്‍, ഗെയിമിനെ പഠിച്ച് സന്ദര്‍ഭത്തിനൊത്ത് തന്ത്രജ്ഞതയും ആസൂത്രണവും ചാലിച്ചെടുത്ത നീക്കങ്ങള്‍. പന്തിലേക്കും എതിര്‍ ഗോള്‍മുഖത്തേക്കും മാത്രം മുനകൂര്‍പ്പിച്ച ചിന്തയും കര്‍മ്മവും. എപ്പോഴും ടീമിനെ സ്വന്തം ചുമലിലേറ്റാനുള്ള പ്രതിബദ്ധത. കൂട്ടുകാരുടെ ഇടങ്ങള്‍ കണ്ടെത്തി അവരില്‍ കളിയുടെ താളവും ലയവും സന്നിവേശിപ്പിച്ച് ടീം ഗെയിമിന്റെ കൂട്ടായ്മയിലേക്ക് ഉയര്‍ത്തുന്ന കളിക്കളത്തിലെ മേളപ്രമാണി. ഒരാളെ മികച്ച പന്താട്ടക്കാരനാക്കുന്ന ഈ മുദ്രകളെല്ലാം ഒന്നിനൊന്നു പാകത്തില്‍ വിളക്കിച്ചേര്‍ക്കപ്പെട്ട ഫുട്‌ബോളിന്റെ മിശിഹയാണ്  മറഡോണ.

വിശപ്പും ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതകളുമെല്ലാം സഹിക്കാന്‍ പഠിച്ചവരാണ് തെക്കെ അമേരിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമായ അര്‍ജന്റീനയിലെ ജനത. ജൈവവൈവിധ്യങ്ങളുടെ ആ മണ്ണില്‍ ഫുട്‌ബോളിനെ ജീവരക്തം പോലെ കരുതുന്ന ജനതയുടെ പ്രതീക്ഷകളുടെ മാസ്മര ദീപ്തിയായി ഉദിച്ചുയരുകയും കത്തിപ്പടരുകയും വിസ്ഫോടനങ്ങള്‍ സൃഷ്ടിച്ച് ലോക ഫുട്‌ബോളിന്റെ ദിവ്യവരമായി ജീവിച്ച് വിടവാങ്ങിയവനാണ് ദ്യോഗോ  മറഡോണ.

നേപ്പിൾസിൽ
നേപ്പിൾസിൽ

ഏതു രംഗത്തും അവതാരങ്ങള്‍ക്കായി ഏറെ കാത്തിരിക്കേണ്ടിവരും. അര്‍ജന്റീന ലോക ഫുട്‌ബോളിനു നല്‍കിയ അവതാര പുരുഷനാണ്  മറഡോണ. നിങ്ങളറിയുന്നുണ്ടോ  മറഡോണ കളിക്കാരന്റെ കുപ്പായം ഊരിവെച്ച് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പ്രതാപകാലങ്ങളില്‍നിന്ന് ഇന്നും കുതറിമാറാത്ത 'ആല്‍ബിസെലസ്റ്റന്‍' ടീമിനെയാണ് നാം ലയണല്‍ മെസ്സി അടങ്ങുന്നവരുടെ കളിസംഘത്തിലും ഇപ്പോഴും കാണുന്നത്. 

എഴുപതുകളുടെ ഉപാന്ത്യത്തില്‍ തുടങ്ങിയ ഫുട്‌ബോള്‍ സപര്യയില്‍ ദ്യോഗോ  മറഡോണ എന്ന അര്‍ജന്റീനക്കാരന്‍ ദേശീയ ടീമിലും ക്ലബ്ബ് തലത്തിലും നിറഞ്ഞാടിയ കാലയളവിലെല്ലാം വ്യക്തിവൈശിഷ്ട്യത്തിന്റേയും കൂട്ടായ ചൈതന്യാത്മകത്വത്തിന്റേയും അനന്തസാധ്യതകളുടെ രമണീയ മുഹൂര്‍ത്തങ്ങള്‍ കാട്ടിത്തന്ന് ഒരു യുഗവും ചരിത്രവും രചിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. '54-ലെ ഹംഗറിയേക്കാള്‍, '70-ലേയും '82-ലേയും ബ്രസീലിനേക്കാള്‍, '74-ലെ ഹോളണ്ടിനേക്കാള്‍ വിഭവശേഷിയുടെ പരിമിതികളുണ്ടായിട്ടും മറഡോണ എന്ന മാന്ത്രികന്റെ ചുമലിലേറിയ '86-ലെ അര്‍ജന്റീന്‍ ടീമിന് തീവ്രവും സുന്ദരവുമായ ഫലപ്രാപ്തിയുടെ ഫുട്‌ബോള്‍ പാഠങ്ങള്‍ ലോകത്തിനു പകര്‍ന്നു നല്‍കാനായി. പ്രതിഭകൊണ്ടും ഉള്‍ക്കാഴ്ചകൊണ്ടും  മറഡോണ നേടിയ '86-ലെ മെക്സിക്കോ ലോകകപ്പിലേതുള്‍പ്പെടെ ചില ഗോളുകള്‍ ലോക ഫുട്‌ബോളിലെ സമ്പന്നമായ ഗോള്‍ ശേഖരത്തില്‍ എന്നും പവിഴമുത്തുപോലെ തിളങ്ങിനില്‍ക്കും. 

ആത്മവിശ്വാസത്തിനു പൊന്‍തൂവല്‍

ഒരു മത്സരത്തിന് ഇത്രയേറെ തീക്ഷ്ണത ഉണ്ടാവുമോ. അനുഭവിച്ചവര്‍ക്കല്ലേ അതറിയാവൂ, അടുത്തടുത്ത രണ്ട് ലോകകപ്പ് ഫൈനലുകളില്‍ എതിരാളികളായി വന്ന അര്‍ജന്റീനയും ജര്‍മനിയും അതനുഭവിച്ചു. രണ്ടിടത്തും അര്‍ജന്റീനയുടെ നായകനോ,  മറഡോണയും. ആ ഫ്‌ലാഷ്ബാക്കുകളിലേക്ക് നമുക്കൊന്നു പോയിവരാം. 

''എതിരാളികള്‍ ജര്‍മനിയാണെന്നറിഞ്ഞപ്പോള്‍ എനിക്ക് യാതൊരു ഭയവും തോന്നിയില്ല. വിജയം എന്റെ വഴിയേയാണെന്ന് അത്രയ്ക്ക് ഉറപ്പുണ്ടായിരുന്നു.'' മെക്സിക്കോ ലോകകപ്പിനെ ജര്‍മനി-അര്‍ജന്റീന കലാശപ്പോരിനെക്കുറിച്ച് പിന്നീട്  മറഡോണ ആത്മകഥയില്‍ കുറിച്ചത് ഇങ്ങനെയാണ്. 

നായകന്റെ ആത്മവിശ്വാസത്തിനനുസൃതമായി കളിയുടെ മായികലോകത്തേയ്ക്ക് രൂപമാറ്റം നടത്തിയ അര്‍ജന്റീന രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജര്‍മനിയെ വിനയാന്വിതരാക്കി കിരീടമുയര്‍ത്തി. ആ  മറഡോണ മാജിക് ലോകത്തെ വിസ്മയിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്തു. 

2-0 നു മുന്നിലെത്തിയ അര്‍ജന്റീനയ്ക്ക് രണ്ട് ഗോളും തിരിച്ചുകൊടുത്ത് ജര്‍മനി ഒപ്പമെത്തിനില്‍ക്കേ, അവസാന വിസിലിന് ആറ് മിനിറ്റു മാത്രം ബാക്കി. അപ്പോള്‍ മൈതാന മധ്യത്തുനിന്നും  മറഡോണ പന്തുമായി കുതിക്കുന്നു. പാര്‍ശ്വത്തിലൂടെ ഓടിക്കയറിയ ബുറുഷാഗയ്ക്ക്  മറഡോണ നല്‍കിയ പാസില്‍ എല്ലാമുണ്ടായിരുന്നു- ഗോള്‍. ആസ്റ്റെക്ക് സ്റ്റേഡിയത്തില്‍ ഒന്നേകാല്‍ ലക്ഷം കാണികളെ സാക്ഷിനിര്‍ത്തിക്കൊണ്ട് അര്‍ജന്റീന തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയം ആഘോഷിച്ചു. 

നാല് വര്‍ഷം കാത്തിരുന്നതേയുള്ളു. 1990-ല്‍ റോം ഒളിംപിക് സ്റ്റേഡിയത്തില്‍ വീണ്ടുമൊരു ജര്‍മനി-അര്‍ജന്റീന ഫൈനല്‍. രണ്ട് ചുവപ്പുകാര്‍ഡുകള്‍ കണ്ടുതുള്‍പ്പെടെ ഇരുപക്ഷവും ആക്രമണത്തിന്റെ മുഖം മറച്ചുപിടിച്ച, ഒരിക്കലും നിലവാരമേറ്റുവാങ്ങാത്ത ചതഞ്ഞ കളിയില്‍ ആന്ദ്രെ ബ്രഹ്മയുടെ പെനാല്‍റ്റി ഗോളില്‍ ജര്‍മനിക്ക് മെക്സിക്കോവിലെ തോല്‍വിക്ക് പകരംവീട്ടിയതിന്റെ ആശ്വാസമായി. ജര്‍മനി ലോകം കീഴടക്കി നില്‍ക്കുമ്പോള്‍ മറുഭാഗത്ത് മറഡോണ വാവിട്ടു കരയുകയായിരുന്നു. ലോകകപ്പില്‍ കണ്ണീര്‍വീണ ഒരു ദിനംകൂടി അടര്‍ന്നുവീണപ്പോള്‍ ജര്‍മനിക്ക് അത് മധുരപ്രതികാരമായി മാറി. 

പതിനാറ് വര്‍ഷം കടന്നുപോയപ്പോള്‍ ജര്‍മനി വേദിയൊരുക്കിയ 2006-ലെ ലോകകപ്പിനു തന്റെ രാജ്യത്തെ പിന്തുണയ്ക്കാന്‍ ഒരു ആരാധകനായി മറഡോണ കുടുംബസമേതം ഗാലറിയിലെത്തി. 1986-ല്‍ മറഡോണ പന്തുകൊണ്ട് വിസ്മയം തീര്‍ക്കുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്ത, ഫുട്‌ബോളിലെ രാജകുമാരനായി വളര്‍ന്നുവരുന്ന ലയണല്‍ മെസ്സി ടീമിനൊപ്പമുണ്ട്. അന്ന് ജൂണ്‍ 30-ന് ഫൈനലിനേക്കാള്‍ പ്രാധാന്യമുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ ജര്‍മനി അര്‍ജന്റീനയെ നേരിട്ടപ്പോള്‍ ഗാലറിയിലിരുന്ന് ടീമിനെ പ്രചോദിപ്പിക്കാന്‍ മറഡോണയ്ക്ക് എത്താന്‍ കഴിഞ്ഞില്ല. മെസ്സിയാകട്ടെ, പകരക്കാരുടെ ബഞ്ചിലുമായിരുന്നു. 

യൗവനകാലം
യൗവനകാലം

സ്റ്റേഡിയം ഇരമ്പിമറിയുകയായിരുന്നു. മിഷേല്‍ബാലാക്കിന്റെ ആതിഥേയ സംഘവും അര്‍ജന്റീനയും തീപാറുന്ന പോരാട്ടത്തിനൊടുവില്‍ 1-1 സമനില. അധികസമയത്തും സമക്കളിയുടെ പൂട്ട് തുറന്നില്ല. പെനാല്‍റ്റികളുടെ വിധിനിര്‍ണ്ണയത്തില്‍ 4-2ന് സെമിഫൈനല്‍ കവാടം തട്ടിത്തുറന്ന ജര്‍മനി ഷൂട്ടൗട്ടില്‍ ഒരിക്കലും തോല്‍ക്കാറില്ലെന്ന ഖ്യാതി നിലനിര്‍ത്തി. ലോകകപ്പില്‍ 1982-ല്‍ ഫ്രാന്‍സിനേയും '86-ല്‍ മെക്സിക്കോയേയും '90-ല്‍ ഇംഗ്ലണ്ടിനേയും ജര്‍മനി മറികടന്നത് ഷൂട്ടൗട്ടിലൂടെയായിരുന്നു. ഒടുവില്‍ അതേ റെക്കോര്‍ഡില്‍ അവര്‍ അര്‍ജന്റീനയേയും ചേര്‍ത്തുവെച്ചു. 

നാല് വര്‍ഷം കഴിഞ്ഞ് 2010-ല്‍ അര്‍ജന്റീനയുടെ പരിശീലകന്റെ കുപ്പായത്തിലാണ് മറഡോണ ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പിനെത്തിയത്. തന്റെ പിന്‍ഗാമിയെന്ന് ലോകം വാഴ്ത്തുന്ന മെസ്സിയുള്‍പ്പെട്ട ടീമിന്റെ ഓരോ ഗോളിനും നീക്കത്തിനും ആശാനായ മറഡോണ കൈകള്‍ വായുവിലേക്കെറിഞ്ഞ് ദൈവങ്ങളെ ആവാഹിച്ചുകൊണ്ടിരുന്നത് കൗതുകം പകര്‍ന്ന കാഴ്ചയായിരുന്നു. ആദ്യം നൈജീരിയയെ കീഴടക്കി. പിന്നെ കൊറിയയെ 4-1ന് തീര്‍ത്തപ്പോള്‍ ഗോണ്‍സാലോ ഹിഗ്വയ്ന്‍ എന്ന ഹാട്രിക്കുകാരന്റെ ആഘോഷവേളയായിരുന്നു. മൂന്നാം പോരില്‍ ഗ്രീസിനേയും കീഴടക്കിയതോടെ എല്ലാ കളിയും ജയിച്ചവരായി നോക്കൗട്ട് റൗണ്ടിലേക്ക്. അതോടെ കപ്പിലേക്ക് വളരുകയാണെന്നു തോന്നിപ്പിച്ച അര്‍ജന്റീന ആത്മവിശ്വാസത്തിന്റെ കൊടിമുടിയിലായി. പക്ഷേ, നോക്കൗട്ടിലെ ആദ്യ പരീക്ഷണത്തില്‍ത്തന്നെ മറഡോണയുടേയും മെസ്സിയുടേയും ടീം ജര്‍മനിയുടെ കശാപ്പിന് ഇരകളായി മുഖം താഴ്ത്തി മടങ്ങി. മറഡോണയിലെ പരിശീലകന് അര്‍ജന്റീനയ്ക്ക് പുനര്‍ജ്ജനി നല്‍കാനായില്ല. അങ്ങനെ ഓരോ ലോകകപ്പ് പിന്നിടുമ്പോഴും വിധിയും വിളയാടലുകളും എതിരാകുന്ന ദുരന്തമായി തുടരുന്ന അര്‍ജന്റീനയെയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. 

ദക്ഷിണാഫ്രിക്ക ലോകകപ്പിലെ ഏറ്റവും ആഹ്ലാദകരമായ സാന്നിധ്യം മറഡോണ തന്നെയായിരുന്നു. എന്നാല്‍, സദാസമയവും ഗൗരവത്തിന്റെ ആവരണമണിഞ്ഞ പരിശീലകന്റെ ചിട്ടവട്ടങ്ങളില്‍ മറഡോണയുടെ ശീലങ്ങള്‍ പെട്ടില്ല. കളിക്കുശേഷം ഓരോ കളിക്കാരനേയും ചുംബിച്ചും കെട്ടിപ്പിടിച്ചും ആഹ്ലാദം പങ്കിട്ട മറഡോണയുടെ വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. എന്നാല്‍, അതിനെ അശ്ലീലച്ചുവയോടെ കണ്ട പാശ്ചാത്യ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ അവരെന്റെ കുട്ടികളാണെന്നും എനിക്കു ചുംബിക്കാന്‍ സുന്ദരിയായ കാമുകിയുണ്ടെന്നും മറഡോണ തിരിച്ചടിച്ചു. ദൗത്യം പൂര്‍ത്തിയാക്കാതെ തിരിച്ചുമടങ്ങേണ്ടിവന്നെങ്കിലും ടീമിനോട് മറഡോണയെപ്പോലെ ഇത്രയേറെ ഇണങ്ങിച്ചേര്‍ന്ന ഒരു പരിശീലകന്‍ അതിനു മുന്‍പ് അര്‍ജന്റീനയ്ക്ക് ഉണ്ടായിട്ടില്ല. 

രാഷ്ട്രീയ ആയുധമായ പോരാട്ടം

ഫുട്‌ബോളിന്റെ നിഗൂഢ വഴികളില്‍ ഒന്നും അസംഭാവ്യമല്ലെന്നത് തന്റെ കളിയിലൂടെയും ജീവിതത്തിലൂടെയും സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ ഇടപെടലുകളിലൂടെയും തെളിയിച്ചവനാണ് മറഡോണ. 1986-ലെ മെക്സിക്കോ ലോകകപ്പില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തുടിക്കുന്ന ഒരേടാണ്. 

അവര്‍ ഏറ്റുമുട്ടിയ ജൂണ്‍ 22 ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായ ദിവസം കൂടിയായിരുന്നു. അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് എന്നും വൈകാരികത മുഖമുദ്രയാണ്. അര്‍ജന്റീനയുടെ കളിക്കാരുടെ സിരകളിലൂടെ അന്നൊഴുകിയത് ചുവന്ന ചോരയല്ല. പരാന നദിയിലെ നീലജലമാണ്. ഫാക്ലാന്‍ഡിനുവേണ്ടി അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള യുദ്ധം ജലത്തിനുവേണ്ടിയുള്ള പോരാട്ടവും കൂടിയായിരുന്നു. മര്‍ദ്ദിതര്‍ മര്‍ദ്ദകര്‍ക്കെതിരെ നടത്തുന്ന ഫുട്‌ബോള്‍ കലാപത്തിലേക്ക് ഒരു ഏടുകൂടി ചേര്‍ത്താണ് ആസ്റ്റെക്ക് സ്റ്റേഡിയത്തില്‍ ചിരസ്മരണീയമായ ആ വിജയം മറഡോണയും സംഘവും ഇംഗ്ലണ്ടിനുമേല്‍ നേടിയതെന്നോര്‍ക്കുക. 

ആ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചതോടെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയം മറഡോണയ്ക്ക് സ്വന്തമായി. കിരീടത്തെക്കാളേറെ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനുമേല്‍ നേടിയ വിജയമാണ് മറഡോണയെ അര്‍ജന്റീനക്കാരുടെ ദേശീയ ബിംബമാക്കിയത്. ഫാക്ലാന്‍ഡ് യുദ്ധത്തിലെ മുറിവുകള്‍ ഉണക്കാനുള്ള മരുന്നായിരുന്നു അവര്‍ക്ക് വിജയം. 

ഇംഗ്ലണ്ടിനെതിരെ ആ മത്സരത്തില്‍ നേടിയ രണ്ടാമത്തെ ഗോളാണ് മറഡോണയുടെ കളിയിലെ വശ്യസൗന്ദര്യവും അതുല്യമികവും ലോകസമക്ഷം വെളിവാക്കപ്പെട്ടത്. സ്വന്തം പകുതിയില്‍നിന്നും പന്തുമായി കുതിപ്പു തുടങ്ങിയ മറഡോണ ആദ്യം പീറ്റര്‍ റീഡിനെ മറികടന്നു. ശരീരംവെട്ടിച്ച് വലംകാല്‍കൊണ്ട് പന്ത് ഡ്രിബിള്‍ ചെയ്ത് പിന്നെ ബിയേഡ് സലിയേയും അമ്പരപ്പിച്ചു. വലതുവിങ്ങിലൂടെ കയറിവന്ന മറഡോണയ്ക്ക് പ്രതിരോധം തീര്‍ക്കാനുള്ള ടെറിബുച്ചറുടെ നീക്കവും ഫലിച്ചില്ല. പന്തുമായി ഒരു മാന്ത്രികനെപ്പോലെ മറഡോണ വട്ടംചുറ്റിയപ്പോള്‍ ഫെന്‍വിക്കും വീണുപോയി. അവസാന പോരാളിയും പത്തിമടക്കിയപ്പോള്‍ ലക്ഷ്യപ്രാപ്തിക്കും മറഡോണയ്ക്കുമിടയില്‍ ഇംഗ്ലണ്ടിന്റെ വിഖ്യാതനായ കാവല്‍ക്കാരന്‍ പീറ്റര്‍ ഷില്‍ട്ടന്‍. ഒരുകാലത്ത് ലോക സൂപ്പര്‍താര പരിവേഷം ചാര്‍ത്തപ്പെട്ട ഷില്‍റ്റനും നിഷ്പ്രഭനായി. 

ഡൈവ് ചെയ്യുന്ന ഗോളിയുടെ ശരീരത്തിനു മുകളിലൂടെ മറഡോണ പന്ത് വലയിലേക്ക് കോരിയിടുന്നു. ഒരു നിമിഷം മറഡോണ ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി. സ്റ്റേഡിയം പ്രക്ഷുബ്ധമായി. ആനന്ദത്തിരമാലകള്‍ മൈതാനത്തിന്റെ സര്‍വ്വദിക്കില്‍നിന്നും അടിച്ചുവീശി. പാപിയില്‍നിന്ന് വിശുദ്ധനിലേക്കുള്ള ഉയിര്‍പ്പ്. നാല് മിനിറ്റ് മുന്‍പായിരുന്നല്ലോ കൈകൊണ്ട് പന്ത് തട്ടിയിട്ട് മറഡോണ ആദ്യം ഇംഗ്ലണ്ടിന്റെ വല ചലിപ്പിച്ചത്. കാലില്‍ കുരുക്കിയ പന്തുമായി ഇംഗ്ലണ്ട് ടീമിനെ ഒന്നടങ്കം മറികടന്ന് അറുപത് മീറ്റര്‍ ദൂരം പത്ത് സെക്കന്‍ഡിനുള്ളില്‍ താണ്ടിയെത്തിയ മറഡോണയുടെ ബൂട്ടില്‍ പിറന്നത് നൂറ്റാണ്ടിലെ അത്ഭുതഗോളാണ്. 

കലയും കായികസപര്യയും വിവിധ ധ്രുവങ്ങളിലാണെന്നു വാദിച്ചവരെ കൊഞ്ഞനംകുത്തിയാണ് ആസ്റ്റെക്ക് സ്റ്റേഡിയത്തില്‍ മറഡോണയുടെ ആ ഗോള്‍ പിറന്നത്. കലയുടെ ലാവണ്യശാസ്ത്രത്തിന് കായികവും വഴങ്ങുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായാണ് മറഡോണ ഒരു ബാലെ നര്‍ത്തകന്റെ മെയ്വഴക്കത്തോടേയും ലാറ്റിന്‍ ഇന്ദ്രജാലത്തിന്റെ വന്യമായ വശ്യതയോടേയും അന്ന് കളം നിറഞ്ഞാടിയത്. ഇംഗ്ലണ്ടിനെതിരെയുള്ള മറഡോണയുടെ ആ ഗോള്‍ നമുക്ക് കിട്ടിയ ഏറ്റവും സ്‌തോഭം നിറഞ്ഞ ആനന്ദമായിരുന്നു. കളിയുടെ ഗതിവായിക്കല്‍, സന്തുലനം, കായികശേഷി, വേഗം, പന്തടക്കം, മനോധര്‍മ്മം, ആത്മസമര്‍പ്പണം ഇവയൊക്കെ ആ ഒരൊറ്റ ഗോളില്‍ തുല്യം ചാര്‍ത്തിച്ചുകൊണ്ടായിരുന്നു മറഡോണ ലോകമെങ്ങും കാല്‍പ്പന്ത് ആരാധകരുടെ ഹൃദയതാളമായി മാറിയത്. ആസ്റ്റെക്ക് സ്റ്റേഡിയത്തിലെ ഗോള്‍പോസ്റ്റിനരികെ ഒരു സ്മാരകഫലകമുണ്ട്. ഈ പോസ്റ്റിലാണ് മറഡോണയുടെ ഏറ്റവും മികച്ച ഗോള്‍ പിറന്നത്. അതില്‍ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു. 

'ദൈവത്തിന്റെ കയ്യില്‍' തട്ടി പിറന്ന ഗോളിനു പിന്നാലെ ലോകം കണ്ടത് ദൈവസ്പര്‍ശമേറ്റ കാലുകളുടെ അമാനുഷഭാവമാണ്. കുപ്രസിദ്ധിയും സുപ്രസിദ്ധിയും ഇടകലര്‍ന്ന മറഡോണയുടെ പില്‍ക്കാല ജീവിതഭാവങ്ങളുടെ ആദ്യത്തെ സ്ഫുരണമായിരിക്കാം മെക്സിക്കോയില്‍ കണ്ടത്. 

ക്യൂബയിൽ
ക്യൂബയിൽ

ദുരന്തനായകനായി തലകുനിച്ചു

ഫുട്‌ബോളിനെ ഭ്രാന്തമായി സ്‌നേഹിച്ചവനെങ്കിലും സദാചാരത്തിന്റെ പാഠാവലികള്‍ മറന്നുപോയവനാണ് കാല്‍പ്പന്തിന്റെ ഈ മിശിഹ. മറഡോണയുടെ ജീവിതത്തിലെവിടെയോ ദുരന്തനാടകത്തിന്റെ ആഭിചാര സൗന്ദര്യം വീണുകിടപ്പുണ്ട്. സ്‌നേഹിക്കുന്ന ദൈവംതന്നെ ശാപത്തിലേക്ക് വലിച്ചിടുന്ന വിഷമവിധി. 
മറഡോണയ്ക്ക് 1994-ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പ് പാതയുടെ അന്ത്യമായിരുന്നു. മെക്സിക്കോ '86 കണ്ട സൂപ്പര്‍മാന് ഇറ്റാലിയ '90-ല്‍ കാലിടറിപ്പോയി. അമേരിക്കയിലെ ലോകകപ്പിനു മുന്നോടിയായി നടന്ന ചില മത്സരങ്ങളിലെ മറഡോണയുടെ അഭാവത്തിലെ ന്യായീകരണമില്ലാത്ത തോല്‍വികളാണ് താരത്തെ ടീമിലുള്‍പ്പെടുത്താന്‍ കോച്ചിനു പ്രചോദനമായത്. 

ആദ്യ മത്സരത്തില്‍ത്തന്നെ അര്‍ജന്റീന ഗ്രീസിനെ 4-0നു തകര്‍ത്തപ്പോള്‍ കളത്തില്‍ കവിതയായി ഒഴുകി ആരാധകരുടെ മനംകവര്‍ന്ന മറഡോണ ഒരുവട്ടം വല കുലുക്കുകയും മറ്റൊരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു. രണ്ടാമത്തെ മത്സരത്തില്‍ അര്‍ജന്റീന നൈജീരിയയെ മലര്‍ത്തിയടിച്ചപ്പോഴും ഫുട്‌ബോള്‍ ചക്രവര്‍ത്തിയുടെ പങ്ക് നിസ്തുലമായിരുന്നു. ക്ലോഡിയോ നേടിയ രണ്ട് ഗോളും മറഡോണയുടെ ഫ്രീകിക്കില്‍നിന്ന് വിരിഞ്ഞതായിരുന്നു. 

ജൂണ്‍ 25-ന് മറഡോണ കളത്തിലിറങ്ങിയപ്പോള്‍ ആരും നിനച്ചിരിക്കില്ല ഇത് ഇഷ്ടതാരത്തിന്റെ അവസാന പോരാട്ടമായിരിക്കുമെന്ന്. പക്ഷേ, വിധിയുടെ ക്രൂരതയെന്നോ സത്യസന്ധതയെന്നോ എന്തുവേണമെങ്കിലും പറയാം. നൈജീരിയയ്ക്ക് എതിരെയുള്ള മത്സരത്തിനുശേഷം പരിശോധിച്ച മറഡോണയുടെ മൂത്രസാംപിളില്‍ നിരോധിച്ച അഞ്ച് മരുന്നുകളുടെ അംശങ്ങളുണ്ടായിരുന്നുവെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷ(ഫിഫ)ന്റെ പരിശോധകസംഘം കണ്ടെത്തി. അതോടെ ഫുട്‌ബോളിന്റെ പ്രകാശമായി മാറിയ സുദീര്‍ഘമായ ഒരു സപര്യയ്ക്ക് തിരശ്ശീല വീണു. 

1991-ല്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതിന് മറഡോണയെ ഫിഫ പതിനഞ്ച് മാസം കളിക്കളത്തില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്നു. ദുരന്തങ്ങള്‍ ഈ സൂപ്പര്‍താരത്തിന്റെ കൂടപ്പിറപ്പായിരുന്നു. 

ദൈവത്തിന്റെ കൈകൊണ്ട് ഗോളടിച്ചവന്‍, ഫുട്‌ബോളിന്റെ മഹിതമായ ആത്മാവ് ചെകുത്താന് കാണിക്ക വെച്ചവന്‍, ഏതോ മാസികവിഭ്രാന്തിയില്‍ പത്രപ്രവര്‍ത്തകനുനേരെ വെടിയുതിര്‍ത്തവന്‍, ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ഭ്രഷ്ട് കല്പിക്കപ്പെട്ടവന്‍, കളിക്കളത്തില്‍ ശത്രുക്കളാല്‍ നിരന്തരം ആക്രമിക്കപ്പെട്ടവന്‍, 48-ലെ ലോകകപ്പ് ടീമില്‍നിന്ന് പ്രതിഭയുണ്ടായിട്ടും അവസരം ലഭിക്കാത്തവന്‍. ഇങ്ങനെ നീളുന്നു മറഡോണയുടെ ദുരന്ത ഏടുകളിലെ വിശേഷണങ്ങള്‍. 

ആരോപണങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി പിടികൂടിയപ്പോഴും ഫുട്‌ബോള്‍ ലോകം ഈ മനുഷ്യന്റെ കൂടെയായിരുന്നു. '90-ലെ ലോകകപ്പിന്റെ സെമിയില്‍ ആതിഥേയരായ ഇറ്റലിയെ തോല്‍പ്പിച്ചതാണ് മറഡോണയെ മയക്കുമരുന്നിന്റെ പേരില്‍ വേട്ടയാടപ്പെടാന്‍ കാരണമെന്നാണ് അര്‍ജന്റീനക്കാര്‍ വിശ്വസിക്കുന്നത്. ജലദോഷത്തിന് ഡോക്ടര്‍ നല്‍കിയ മരുന്നു കഴിച്ചതാണ് '94-ല്‍ തന്നെ കുടുക്കിയതെന്ന് മറഡോണയും വാദിച്ചിരുന്നു. എന്നാല്‍, 1982-ല്‍ ബാഴ്സലോണയില്‍ എത്തുന്ന കാലത്തുതന്നെ അദ്ദേഹം കൊക്കെയ്ന്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു എന്ന കാര്യം നിഷേധിക്കപ്പെടാത്ത സത്യമാണ്. 

'94-ലെ ലോകകപ്പില്‍നിന്ന് അര്‍ജന്റീനയുടെ നായകനെ പുറത്താക്കിയതിലൂടെ ഫിഫ നല്‍കിയ അസന്ദിഗ്ദ്ധമായ സന്ദേശമുണ്ടായിരുന്നു. ആരും സ്പോര്‍ട്‌സിനേക്കാള്‍ വലുതല്ല എന്ന്. 1988-ലെ സോള്‍ ഒളിംപിക്സില്‍ കാനഡയുടെ ബെന്‍ ജോണ്‍സണ്‍ ഉത്തേജക ഔഷധ ഉപയോഗത്തിനു പിടിക്കപ്പെട്ടതിനുശേഷം ഒരു പ്രധാന സ്പോര്‍ട്‌സ് വേദിയില്‍ ഇത്തരമൊരു ദുര്‍വിധി നേരിടുന്ന ആദ്യ താരമായി മറഡോണ മാറി. ലക്ഷക്കണക്കിന് ആരാധകരെ അത് നിരാശപ്പെടുത്തി. ബെന്‍ ജോണ്‍സണും മറഡോണയ്ക്കുമിടയിലെ ഈ കാലയളവില്‍ ജര്‍മനിയുടെ കാതറിന്‍ ക്രാബെ അമേരിക്കയുടെ ബുച്ച്‌റെയ്നാള്‍ഡ്‌സ് തുടങ്ങി ഏതാനും വമ്പന്‍മാരും ഉത്തേജകത്തിന്റെ ചതിക്കുഴിയില്‍ വീണിരുന്നു. ബെന്നിനും റെയ്നോള്‍ഡ്‌സിനും കാതറിനും ഒടുവില്‍ മറഡോണയ്ക്കും ശിക്ഷ ലഭിച്ചു. 

കളിക്കളത്തിലെ ലഹരിക്കുതിപ്പിന് ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടതിനുശേഷം രണ്ടാംതവണയും പിടിക്കപ്പെട്ട വമ്പന്‍മാരാണ് ജോണ്‍സണും മറഡോണയും. വീണുപോയ വീരന്‍മാര്‍ക്കുള്ള തനതായ സ്വഭാവവിശേഷമായാണ് മന:ശാസ്ത്രജ്ഞന്മാര്‍ ഇതിനെ കാണുന്നത്. തങ്ങള്‍ക്കു തെറ്റുപറ്റില്ലെന്ന് ഈ വമ്പന്‍താരങ്ങള്‍ മിക്കപ്പോഴും വിശ്വസിക്കുന്നു. രണ്ടാംതവണയും ലഹരി തേടിപ്പോകുമ്പോള്‍ വീണ്ടും പരിശോധനയില്‍ ആദ്യം കുടുങ്ങുക തങ്ങളായിരിക്കുമെന്ന് ഇവര്‍ ഓര്‍ക്കാറില്ല. തനിക്കെതിരെ പക്ഷപാതം കാട്ടുകയാണ് വ്യവസ്ഥിതി എന്ന് മറഡോണ കുറ്റപ്പെടുത്തി. മറഡോണമാരെ തങ്ങളുടെ സ്പോര്‍ട്‌സ് കെട്ടിപ്പടുക്കാനും വില്‍ക്കാനും ആവശ്യമുണ്ടെന്ന് കായികസംഘടനകള്‍ക്ക് അറിയാമെങ്കിലും നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ നടപടിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ അവര്‍ക്കാവില്ലല്ലോ. 

മറഡോണയ്ക്ക് അമേരിക്കയിലെ ലോകകപ്പ് ദുരന്തകാവ്യത്തിന്റെ കറുത്തവരമാണ് നല്‍കിയത്. മയക്കുമരുന്ന് അപവാദങ്ങളും നിയന്ത്രണമില്ലാത്ത തീറ്റികൊണ്ടും വരുത്തിവെച്ച ഭാരക്കൂടുതലും മറഡോണ എന്ന ഇതിഹാസത്തിന്റെമേല്‍ വല്ലാത്ത ഭാരം കയറ്റിവെച്ചതിന്റെ അസ്വസ്ഥതയോടെയാണ് അര്‍ജന്റീന ലോകകപ്പിനിറങ്ങിയത്. എന്നാല്‍, ഏതു സാഹചര്യത്തിലും മറ്റേതൊരു കളിക്കാരനേക്കാള്‍ സഹതാരങ്ങള്‍ക്കു പ്രചോദനമേകാന്‍ മറഡോണയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അപ്പോഴും ഒരു ചോദ്യം ഉയരുന്നു. അമേരിക്കയിലെ ലോകകപ്പില്‍ മറഡോണ നിലനിന്നിരുന്നെങ്കിലോ? ഫുട്‌ബോളിന്റെ സൗന്ദര്യവും ഗ്രീക്ക് ട്രാജഡിയുടെ ഗരിമയും ഈ ചോദ്യത്തില്‍ അടങ്ങിയിരിക്കുന്നു. കളിയും കലാപവും ഒത്തുചേരുന്ന കളിപ്പന്തിന്റെ സ്വപ്നം ഭ്രഷ്ടിന്റെ ഇരുണ്ട ഏകാന്തതയ്ക്കാണ് അവിടെ വഴിമാറിയത്. 

മെസിയുമൊത്ത് 
മെസിയുമൊത്ത് 

പിടിവിട്ട ജീവിതവും ക്യൂബയുടെ പരിചരണവും

ഒരേസമയം ഇരുണ്ടതും പ്രകാശമാര്‍ന്നതുമായ തലങ്ങളുള്ള വിപരീത വ്യക്തിത്വങ്ങള്‍ ചിലരിലുണ്ടാകാം. ദൈവത്തിന്റെ കൈകള്‍കൊണ്ട് ഗോള്‍ നേടുകയും ദൈവം സമ്മാനിച്ച കാലുകള്‍കൊണ്ട് മൈതാനങ്ങള്‍ അടക്കിവാഴുകയും ചെയ്ത മറഡോണ എന്ന ദുരന്തനായകനില്‍ ഈ രണ്ട് മുഖങ്ങളും കാണുന്നുണ്ട്. പതിനാറ് വര്‍ഷം മുന്‍പ് അമിതഭാരവും ഹൃദ്രോഗവും മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ചുകിടന്ന മറഡോണയ്ക്ക് ഇനി ജീവിതത്തിലേക്ക് മടക്കമില്ലെന്ന് ലോകം മുഴുവന്‍ കരുതിയ ദിനങ്ങളുണ്ടായിരുന്നു. ഇതിനൊപ്പം കൊക്കെയ്ന്‍ മരുന്നിനും അടിമയായിരുന്നു. 

അര്‍ജന്റീനയിലെ സ്വിസ് ക്ലിനിക്കില്‍നിന്നു കിട്ടിയ ചികിത്സയില്‍ ഗുരുതരാവസ്ഥ മറികടന്നതോടെ പഴയ സ്വഭാവം അദ്ദേഹം പുറത്തെടുത്തു. പലപ്പോഴും അക്രമാസക്തനായി. ഒരു സമയം മനോവൈകല്യമുള്ളവരെ ചികിത്സിക്കുന്ന പ്രത്യേക വിഭാഗത്തിലേക്ക് മാറ്റപ്പെട്ടപ്പോള്‍, തടിച്ചുരുണ്ട് കോലംകെട്ട തന്നെ ആരും തിരിച്ചറിഞ്ഞില്ലെന്ന് മറഡോണ 'എല്‍ദ്യോഗോ' എന്ന തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. 

ഈ അവസ്ഥയില്‍നിന്ന് മുക്തിനേടാന്‍ ശസ്ത്രക്രിയയിലൂടെ കൊഴുപ്പ് നീക്കം ചെയ്യുക എന്ന പോംവഴിയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, അര്‍ജന്റീനയിലെ ആശുപത്രികള്‍ ലോകതാരത്തിന്റെ ജീവന്‍വച്ചുള്ള ആ പരീക്ഷണത്തിനു തയ്യാറായില്ല. 1987-ല്‍ താന്‍ കണ്ടുമുട്ടിയ നാള്‍ മുതല്‍ ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്ട്രോയുടെ ഉറ്റമിത്രമായിരുന്നു മറഡോണ. വെനിസ്വേലന്‍ പ്രസിഡന്റായിരുന്ന ഹ്യുഗോ ഷാവേസുമായും അദ്ദേഹം ഗാഢസൗഹൃദത്തിലായിരുന്നു. രണ്ടിടത്തും മറഡോണയെ ചികിത്സിക്കാന്‍ ഇരു രാഷ്ട്രത്തലവന്‍മാരും എല്ലാ സംവിധാനങ്ങളും വാഗ്ദാനം ചെയ്തു. പക്ഷേ, ശസ്ത്രക്രിയ വിജയകരമായി ചെയ്യാനാകുമോ എന്ന ആശങ്ക ക്യൂബയിലേക്കും വെനിസ്വേലയിലേക്കുമുള്ള യാത്രയെ പിന്നോട്ട് വലിച്ചു. ഒടുവില്‍ കൊളംബിയയിലെ കാര്‍ട്ടാജെനിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. 

മറഡോണയുടെ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തി മുന്‍ ഭാര്യ ക്ലോഡിയയായിരുന്നു. അയല്‍വാസികളെന്ന നിലയില്‍ തുടങ്ങിയ ബന്ധമാണ് അവരെ പ്രണയത്തിലെത്തിച്ചത്. 1976-ല്‍ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തിയത് 1989-ല്‍. അപ്പോഴേയ്ക്കും ലോകം കീഴടക്കിയ ഇതിഹാസമായി മറഡോണ മാറിയിരുന്നു. വഴിവിട്ട ബന്ധങ്ങളും ആക്രമണാസക്തിയും മയക്കുമരുന്ന് ഉപയോഗവും അറസ്റ്റും ജയില്‍വാസവും ആരോഗ്യപ്രശ്‌നങ്ങളുമെല്ലാം നിറഞ്ഞ പില്‍ക്കാല ജീവിതത്തിനിടെ 2003-ല്‍ ക്ലോഡിയ മറഡോണയെ വിട്ടുപിരിഞ്ഞു. എന്നിട്ടും മറഡോണയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന വ്യക്തിയായി ക്ലോഡിയ നിലകൊണ്ടു. സ്വിസ് ക്ലിനിക്കില്‍ അബോധാവസ്ഥയില്‍ കഴിയവെ ഇളയ മകള്‍ ജിയാന്നിയ ക്രിട്ടിക്കല്‍ കെയര്‍യൂണിറ്റില്‍ കയറി അച്ഛനുമായി നടത്തിയ സംസാരമാണ് മറഡോണയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്ന് കരുതപ്പെടുന്നു. കടുത്ത ഹൃദയവേദനയോടെ ജിയാന്നിയ അന്നു പറഞ്ഞ വാക്കുകള്‍ ആ അച്ഛന് മൃതസഞ്ജീവനി പോലെയായി. 

2000 മുതലാണ് മയക്കുമരുന്ന് ഉപയോഗം മറഡോണയുടെ ജീവിതം കാര്‍ന്നുതുടങ്ങിയത്. യുറഗ്വായില്‍വെച്ച് ഹൃദ്രോഗബാധയുണ്ടായി. കൊക്കെയ്ന്‍ പ്രയോഗം ആ ശരീരത്തെ തകര്‍ത്തുതുടങ്ങിയിരുന്നു. അര്‍ജന്റീനയിലേക്ക് തിരിച്ചുവരുന്നത് അദ്ദേഹത്തെ കൂടുതല്‍ നാശത്തിലേക്ക് നയിക്കുമെന്ന് ഉറ്റ സുഹൃത്തുക്കള്‍ക്ക് ഉറപ്പായിരുന്നു. ഫിദല്‍ കാസ്ട്രോ അവിടെ സഹായവുമായെത്തി. നാല് വര്‍ഷത്തോളമാണ് ക്യൂബയുടെ സ്‌നേഹത്തിലും പരിചരണത്തിലും മറഡോണ കഴിഞ്ഞത്. പക്ഷേ, കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് അദ്ദേഹം പോവുകയായിരുന്നു. 

മറഡോണ സൃഷ്ടിച്ചത് പുതിയൊരു സംസ്‌കാരം

ആര്‍ക്കും മുന്‍കൂട്ടി കാണാനാവാത്ത തീര്‍ത്തും വ്യത്യസ്തവും അപ്രതീക്ഷിതവുമായ രീതിശാസ്ത്രമാണ് മറഡോണ കളിയില്‍ പ്രയോഗിച്ചത്. ചടുലവും വന്യവും സാമ്പ്രദായിക ശൈലിയില്‍നിന്നു വേറിട്ടതുമായ ആ കളി സൃഷ്ടിച്ചത് പുതിയൊരു സംസ്‌കാരമായിരുന്നു. കളിയിലേയും ജീവിതത്തിലേയും അനുഭവങ്ങളെ വേറിട്ടുനിര്‍ത്തിയില്ല. കളിയും ജീവിതവും ഒന്നായിരുന്നതിനാല്‍ അത്രത്തോളം ജീവിതാനുഭവങ്ങള്‍ കാട്ടിത്തരാനായി. 

നിരൂപകരും ആരാധകരും പെലെയോടാണ് മറഡോണയെ താരതമ്യപ്പെടുത്തുന്നത്. അറുപതുകളില്‍ ഇരുമ്പുണ്ടയെറിയുന്ന ഇറ്റാലിയന്‍ പ്രതിരോധമടക്കം എല്ലാ കോട്ടങ്ങളേയും സൗന്ദര്യാത്മകമായ കളിയിലൂടെ പെലെ നേരിട്ടു. അതേസമയം മിഡ്ഫീല്‍ഡര്‍മാര്‍ക്ക് കളിയില്‍ പ്രാധാന്യം കൈവന്ന കാലഘട്ടത്തില്‍ ഒരു ടീമിനെ മുന്നില്‍നിന്നു നയിച്ച മറഡോണ എന്നും കളിയുടെ കേന്ദ്രബിന്ദുവും പ്രചോദനത്തിന്റെ ഉറവിടവുമായിരുന്നു. യന്ത്രസമാനമായ കളി എന്ന് ജര്‍മന്‍കാര്‍ക്ക് ചേരുന്ന വിശേഷണം മറഡോണയ്ക്ക് ചേരുന്നതല്ല. അദ്ദേഹം അവിടെയും മനുഷ്യന്‍ തന്നെയായിരുന്നു. മറഡോണ ഗോളടിക്കാരന്‍ മാത്രമായിരുന്നില്ല; കളി ചമയ്ക്കുന്നവനും അതിന്റെ ഗതി നിര്‍ണ്ണയിക്കുന്നവനുമായിരുന്നു. 1986-ല്‍ തെളിയിച്ചത് ഈ സത്യമാണ്. ബല്‍ജിയംകാര്‍ മറഡോണ വധത്തിനായി 'ഒറ്റകാല്‍ കെണി' എന്ന ദയാരഹിതമായ പ്രതിരോധതന്ത്രം ആവിഷ്‌കരിച്ചിട്ടും അവരുടെ ഭടന്‍മാരെ മുഴുവന്‍ കബളിപ്പിച്ചുകൊണ്ട് ഗോള്‍ നേടി. നാല് വര്‍ഷം മുന്‍പ് അര്‍ജന്റീനയെ ഞെട്ടിച്ച ടീമായിരുന്നു ബല്‍ജിയം. '86-ല്‍ അവര്‍ക്ക് മറഡോണയുടെ സാന്നിധ്യം തന്നെ ആധിപടര്‍ത്തി. മറഡോണ അപ്പോഴേയ്ക്കും തന്റെ കളിയെ വ്യക്തിപരമായി പുനരാവിഷ്‌കരിച്ചു. അതിനെ ടീം ഗെയിമാക്കി മാറ്റി. 

പ്രധാനമായും ഇടതുകാല്‍കൊണ്ടു നടത്തുന്ന ഡ്രിബിളിങ്ങായിരുന്നു മറഡോണയുടെ തേച്ചുമിനുക്കിയ ആയുധം. നല്ല വേഗത്തില്‍ എതിരാളിയെ ഒന്നൊന്നായി മറികടന്നുപോകുന്ന മറഡോണ പന്ത് പലപ്പോഴും ശരീരത്തോട് ചേര്‍ത്തുനിര്‍ത്തും. പ്രതിരോധക്കാരനെ നേരിട്ടു തകര്‍ക്കുകയാണ് രീതി. പന്തിന്റെ ഗതിമാറ്റത്തെ കരുത്തോടെ ശരീരത്തിന്റെ മേല്‍ഭാഗംകൊണ്ട് വഴിതെറ്റിക്കുകയായിരുന്നു. ഏറ്റവും നല്ല പാസ് എങ്ങോട്ടായിരിക്കണമെന്ന് മണത്തറിയാനുള്ള ബുദ്ധിശക്തി പ്രകടിപ്പിക്കുന്ന മറഡോണ വേഗവും ശക്തിയുംകൊണ്ട് എതിരാളികളെ എത്ര വേഗത്തിലാണ് മറികടക്കുകയെന്ന് ചിന്തിക്കാനേ കഴിയില്ല. 

ദേശീയ ടീമിനു പുറത്ത് ക്ലബ്ബ് തലത്തില്‍ നാപ്പോളിക്കും ബാഴ്സലോണയ്ക്കുമൊപ്പം കിരീടവിജയങ്ങളിലും മറഡോണ പങ്കാളിയായി. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോളര്‍ ആര്? ഫിഫ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ഇന്റര്‍നെറ്റിലൂടെ നടത്തിയ സര്‍വ്വേയില്‍ കൂടുതല്‍ പേര്‍ തെരഞ്ഞെടുത്തത് മറഡോണയെയാണ്. ഈ ഫലം ഫിഫയെ തൃപ്തിപ്പെടുത്തുന്നതല്ലായിരുന്നു. അവര്‍ രൂപീകരിച്ച വിദഗ്ദ്ധരുടെ പാനല്‍ പെലെയെ തെരഞ്ഞെടുത്തു. 

ഇന്റര്‍നെറ്റ് യുഗത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ പെലെയുടെ കളി കണ്ടിട്ടില്ലെന്നായിരുന്നു വിശദീകരണം. ഫിഫയുടെ വാദത്തില്‍ കഴമ്പുണ്ടാകാമെങ്കിലും ലോക ഫുട്‌ബോളില്‍ മറഡോണയ്ക്ക് ലഭിച്ചത്ര ആരാധകര്‍ പെലെയ്ക്കില്ല. ഫുട്‌ബോളില്‍ നേട്ടങ്ങളുടെ കണക്കില്‍ പെലെയാണ് മുന്നിലെങ്കില്‍ കളിയഴകില്‍ മറഡോണയെ വെല്ലാന്‍ ആരുമില്ലെന്നതാണ് വിദഗ്ദ്ധരുടെ പക്ഷം.

വത്തിക്കാൻ സന്ദർശന വേളയിൽ പോപ്പ് ഫ്രാൻസിസും മറ‍ഡോണയും
വത്തിക്കാൻ സന്ദർശന വേളയിൽ പോപ്പ് ഫ്രാൻസിസും മറ‍ഡോണയും

രാഷ്ട്രീയ നിലപാടുകളുടെ പ്രഖ്യാപനം

മറഡോണയുടെ അമ്പരപ്പിക്കുന്ന ജനപ്രീതിക്കു പിന്നില്‍ കളിക്കപ്പുറത്തുള്ള കാരണങ്ങളുണ്ട്. മൂന്നാം ലോക ഇടതുപക്ഷ രാഷ്ട്രീയവുമായി അത് ബന്ധപ്പെട്ടുനില്‍ക്കുന്നു. തന്റെ കളിയുടെ ശക്തിയും സൗന്ദര്യവുമായി ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ച ഇടതുകാലില്‍ ഫിദല്‍ കാസ്ട്രോയുടേയും വലതുകാലില്‍ ചെ ഗുവേരയുടേയും മുഖം പച്ചകുത്തിയ മറഡോണ അതിലൂടെ തന്റെ രാഷ്ട്രീയ നിലപാടുകളുടെ നിദര്‍ശനമാണ് കാട്ടിത്തന്നത്. 
മറഡോണ എന്നും അമേരിക്കയുടെ സാമ്രാജ്യത്വ നിലപാടുകള്‍ക്കെതിരായിരുന്നു. ഇറാഖ് അധിനിവേശത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ഇറാഖില്‍ അവരുടെ ജെഴ്സിയണിഞ്ഞ് കളിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അമേരിക്ക തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളായി കണ്ട ഫിദല്‍ കാസ്ട്രോയും ഹ്യുഗോ ഷാവേസുമായുള്ള അടുത്ത സൗഹൃദം മറഡോണയുടെ ജീവിതത്തിലും വീക്ഷണത്തിലും നിലപാടുകളിലും വരുത്തിയ മാറ്റം എത്രയെന്നു വിവരിക്കാനാവില്ല. 

ക്രിസ്തുമത വിശ്വാസിയായിരിക്കുമ്പോള്‍ത്തന്നെ പള്ളിയേയും പോപ്പിനേയും അവരുടെ വിശ്വാസത്തേയും മറഡോണ തള്ളിപ്പറഞ്ഞു. അതേസമയം സാമൂഹ്യക്രമത്തില്‍ മൂല്യബോധത്തിന്റെ വ്യവസ്ഥാപിത രൂപമായി മറഡോണ മതത്തെ കണ്ടു. ആ മനസ്സില്‍ ക്രിസ്തുവിന് സ്ഥാനമുണ്ടായിരുന്നു. പോപ്പ് ജോണ്‍ പോളിനെ കണ്ടപ്പോള്‍ ആചാരങ്ങളിലെ വിവേചനമാണ് മറഡോണയെ പ്രകോപിപ്പിച്ചത്. ശബ്ദിക്കാന്‍ അവസരമില്ലാത്തവരുടെ ശബ്ദമെന്ന നിലയില്‍ പോപ്പിനെ വിമര്‍ശിച്ച മറഡോണ കാസ്ട്രോയെ യഥാര്‍ത്ഥ നേതാവായി വിശേഷിപ്പിച്ചു. 

വത്തിക്കാനു മാത്രമല്ല, ഫുട്‌ബോളിന്റെ അന്താരാഷ്ട്ര പരമാധികാര സമിതിയായ ഫിഫയ്ക്കും മറഡോണ അനഭിമതനായിരുന്നു. ഏതു കളിയിലും ഈ മനുഷ്യന് പുതിയൊരു കാര്യം പറയാനുണ്ടായിരുന്നു. അതുകൊണ്ടാണ് മറഡോണയ്ക്ക് ഫുട്‌ബോളിലും അതിന്റെ സംഘാടനത്തിലും വിപണത്തിലുമുള്ള രീതികളെ ലംഘിക്കാനും ഫുട്‌ബോള്‍ സ്ഥാപനങ്ങള്‍ക്കും കളി സംസ്‌കാരങ്ങള്‍ക്കും മീതെ ഉയര്‍ന്നുനില്‍ക്കാനുമായത്. 

2005-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് പങ്കെടുത്ത ഫ്രീ ട്രേഡ് ഏരിയ ഓഫ് ദ അമേരിക്കാസ് സമ്മേളന വേദിക്കരികെ മാര്‍ഡെല്‍പ്ലാറ്റ സ്റ്റേഡിയത്തില്‍ ഹ്യൂഗോ ഷാവേസ്, യുഗോസ്ലാവ്യന്‍ ചലച്ചിത്രകാരന്‍ എമിര്‍ കുസ്തുറിക്ക തുടങ്ങിയവര്‍ക്കൊപ്പം റാലിയില്‍ പങ്കെടുത്ത്, 'ബുഷിനെ ചവിട്ടിപ്പുറത്താക്കുക' എന്ന് ആഹ്വാനം ചെയ്തപ്പോള്‍ അത് 1986-ലെ മറഡോണയുടെ ഗോളുകളേക്കാള്‍ ശക്തമായ ഒരു മുന്നേറ്റമായി മാറി. ഒരര്‍ത്ഥത്തില്‍ മറഡോണയുടെ ജീവിതകഥതന്നെ തെക്കെ അമേരിക്കന്‍ ഫുട്‌ബോളിന്റെ വര്‍ഗ്ഗസമരത്തിന്റെ കഥ തന്നെയാണ്. മുതലാളിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള ആ ജനസഞ്ചയത്തിന്റെ നിലയ്ക്കാത്ത പോരാട്ടത്തിന്റെ ജീവിതംതന്നെ ഫുട്‌ബോളാക്കിയ തെക്കെ അമേരിക്കക്കാരുടെ യഥാര്‍ത്ഥ പോരാളിയാകുന്നു ദ്യോഗോ അര്‍മാന്‍ഡോ മറഡോണ എന്ന ഈ മനുഷ്യന്‍. 

കളിയുടെ സദാചാര നിയമങ്ങള്‍ തെറ്റിച്ചവനാണ് മറഡോണ. എന്നിട്ടും ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോളറാണ് അദ്ദേഹം. അര്‍ജന്റീനയ്ക്കാകട്ടെ, ഒറ്റുകൊടുക്കപ്പെട്ട, കുരിശുചുമക്കേണ്ടിവന്ന രക്തസാക്ഷിയാണ് അവരുടെ ഈ മാനസപുത്രന്‍. ചരിത്രത്തില്‍ മറ്റൊരു കായികതാരത്തിനും സാധ്യമായിട്ടില്ലാത്ത സവിശേഷമായ ഒരു അതിജീവനമാണ് മറഡോണ തന്റെ കളിയിലൂടെയും ജീവിതത്തിലൂടെയും പ്രാപ്തമാക്കിയത്. 

ചരിത്രത്തില്‍ ദുരന്തത്തിന്റെ മുള്‍മുടി ചൂടിയ ഈ മാന്ത്രികനു സമാനതകളില്ല. അനുകരിക്കാന്‍ പറ്റിയ ജീവിതമേയല്ല മറഡോണയുടേത്. അളവില്ലാതെ ആരാധിക്കാനുള്ളതാണ്. ഭൂമിയില്‍ പന്തുകളിയിലൂടെ സര്‍ഗ്ഗാത്മകതയിലേക്ക് ഏറ്റവും ഉല്‍കൃഷ്ടമായ ത്രൂ പാസ് ആയിരുന്നു ദ്യോഗോ അര്‍മാന്‍ഡോ മറഡോണ എന്ന പത്താം നമ്പറിനെ അനശ്വരമാക്കിയ ഈ മഹാപ്രതിഭ. പലതും വിളിച്ചുപറഞ്ഞും പലരേയും ചൊടിപ്പിച്ചും വിറളിപിടിപ്പിച്ചും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച മറഡോണ എന്ന കുറിയ മനുഷ്യന്‍ കാല്‍പ്പന്തിന്റെ ദേവവരമാണ്. തലമുറയുടെ സ്വപ്നങ്ങള്‍ക്ക് പുതിയ ഭാഷ്യം നല്‍കിയ യുഗപുരുഷനാണ്. അതേ, ദ്യോഗോ... ഇനി നമ്മോടൊപ്പമില്ല. 

ദ്യോഗോ അര്‍മാന്‍ഡോ മറഡോണ

1960: ഒക്ടോബര്‍ 30-ന് അര്‍ജന്റീനയിലെ ലാനുസില്‍ ജനനം
1976: ഒക്ടോബര്‍ 20-ന് അര്‍ജന്റീനോസ് ജൂനിയേഴ്സില്‍ ഒന്നാം ഡിവിഷനില്‍ അരങ്ങേറ്റം
1977: ഫെബ്രുവരി 25-ന് അര്‍ജന്റീനയ്ക്കായി ആദ്യ മത്സരം
1979: സെപ്റ്റംബര്‍ ഏഴിന് ലോക യൂത്ത് ഫുട്‌ബോള്‍ കിരീടം
1982: ജൂണ്‍ 13-ന് ആദ്യ ലോകകപ്പ് മത്സരം 
1984: ജൂണ്‍ 30-ന് ഇറ്റലിയിലെ നാപ്പോളി ക്ലബ്ബില്‍
1986: ജൂണ്‍ 22-ന് ഇംഗ്ലണ്ടിനെതിരെ ലോകകപ്പില്‍ രണ്ട് ഗോളുകള്‍
1992: സെപ്റ്റംബറില്‍ നാപ്പോളിയയില്‍നിന്ന് സ്പെയിനിലെ സെവിയ്യയില്‍ 
1994: ആഗസ്റ്റില്‍ മരുന്നടിച്ചതിന് 15 മാസത്തെ വിലക്ക് 
1997: ഒക്ടോബര്‍ 25-ന് ഫുട്‌ബോളില്‍നിന്ന് വിരമിക്കല്‍
2001-2004: ക്യൂബയില്‍ ലഹരിമുക്ത ചികിത്സ
2005: മാര്‍ച്ചില്‍ അമിതഭാരം കുറയ്ക്കാന്‍ ശസ്ത്രക്രിയ
2008: നവംബറില്‍ അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലകന്‍
2011-2012: യു.എ.ഇയില്‍ അല്‍വാസല്‍ ക്ലബ്ബിന്റെ കോച്ച്
2018: സെപ്റ്റംബറില്‍ മെക്സിക്കന്‍ ക്ലബ്ബ് ദോരാദോസിന്റെ പരിശീലകന്‍
2019: സെപ്റ്റംബറില്‍ ജിംനാസിയ ക്ലബ്ബിന്റെ കോച്ച്
2020: ഒക്ടോബര്‍ 30-ന് 60-ാം ജന്മദിനം
2020: നവംബര്‍ 25-ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണം

ബഹുമതികള്‍
അര്‍ജന്റീന ഫുട്‌ബോളര്‍ 
ഓഫ് ദ ഇയര്‍: 1979, 1980, 1981, 1986, 1990
സൗത്ത് അമേരിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍: 1979, 1980, 1986, 1989, 1990, 1992
വേള്‍ഡ് സ്പോര്‍ട്‌സ്മാന്‍ ഓഫ് ദ ഇയര്‍: 1986
ഫിഫ ഫുട്‌ബോളര്‍ ഓഫ് ദ സെഞ്ച്വറി: 2000 (ഇന്റര്‍നെറ്റ് സര്‍വ്വേ)
അന്താരാഷ്ട്ര മത്സരം: 91
ഗോളുകള്‍: 34

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com