മതത്തെ നിന്ദിക്കുന്നവരേയും ഉപേക്ഷിക്കുന്നവരേയും വധിക്കണമെന്ന ശാസനം ഇസ്ലാമിന്റെ പ്രാരംഭ ദശയില്‍ ഉണ്ടായിരുന്നോ ? 

മതനിന്ദയുടെ ശമ്പളം മരണമാണെന്ന സിദ്ധാന്തം മധ്യകാല വികൃത വിചാരങ്ങളുടെ ഉല്പന്നമാണ്. ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലായിരിക്കണം ഇനിയുള്ള കാലം അതിന്റെ സ്ഥാനം
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

ന്റെ പേര് മറച്ചുവെയ്ക്കാതെയാണ് ബര്‍ട്രന്‍ഡ് റസല്‍ 'ഞാന്‍ എന്തുകൊണ്ട് ക്രിസ്ത്യാനിയല്ല' എന്ന പുസ്തകമെഴുതിയത്. 'ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല' എന്ന പുസ്തകമെഴുതിയപ്പോള്‍ കാഞ്ച ഇലയ്യയും സ്വന്തം പേര് മറച്ചുപിടിച്ചില്ല. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ വന്ദന സൊനാല്‍ക്കര്‍ 'ഞാന്‍ എന്തുകൊണ്ട് ഹിന്ദു സ്ത്രീയല്ല' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും സ്വന്തം പേര് മറച്ചുവെയ്ക്കാതെയാണ്. എന്നാല്‍, 1995-ല്‍ 'ഞാന്‍ എന്തുകൊണ്ട് മുസ്ലിമല്ല' എന്ന ഗ്രന്ഥം രചിച്ച എഴുത്തുകാരന്‍ തന്റെ പേര് വെളിപ്പെടുത്താതിരിക്കുകയും പകരം ഇബ്ന്‍ വറാഖ് എന്ന തൂലികാനാമം ഉപയോഗിക്കുകയും ചെയ്തു.

എന്തുകൊണ്ട്? പ്രാണഭയം തന്നെ കാരണം. ഗുജറാത്തിലെ രാജ്‌കോട്ടില്‍ 1946-ല്‍ ജനിച്ച ഇബ്ന്‍ വറാഖ് സ്വാതന്ത്ര്യാനന്തര പാക് പൗരനായി. ഇംഗ്ലണ്ടിലും സ്‌കോട്ട്ലന്‍ഡിലുമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. Why I am not a Muslim എന്നതുള്‍പ്പെടെ ഇസ്ലാമിനേയും അതിന്റെ പ്രവാചകനേയും വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പത്തിലേറെ പുസ്തകങ്ങള്‍ ഇതിനകം അദ്ദേഹം എഴുതിയിട്ടുണ്ട്. 1988-ല്‍ റുഷ്ദിക്കെതിരെ വധഫത്ഫ വന്നതിനുശേഷമാണ് അദ്ദേഹം ഗ്രന്ഥരചനയിലേര്‍പ്പെട്ടു തുടങ്ങിയത്. സല്‍മാന്‍ റുഷ്ദിക്ക് നേരെ മതഭ്രാന്തന്മാര്‍ നടത്തിയതുപോലുള്ള രാക്ഷസീയ വേട്ട തനിക്കു നേരെ നടക്കാതിരിക്കാനുള്ള ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് താന്‍ ഇബ്ന്‍ വറാഖ് എന്ന തൂലികാനാമം സ്വീകരിച്ചതെന്നു ഗ്രന്ഥകാരന്‍ വ്യക്തമാക്കിയതു കാണാം.

മതനിന്ദയാരോപിച്ച് സ്വതന്ത്ര ചിന്തകര്‍ക്കു നേരെ വാളും തോക്കുമെടുക്കുന്ന രീതി പല സമുദായങ്ങള്‍ക്കകത്തും മധ്യശതകങ്ങള്‍ തൊട്ട് നിലനിന്നു പോന്നിട്ടുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ ഇപ്പോഴും അതികര്‍ക്കശ നിലപാട് അനുവര്‍ത്തിക്കുന്നവര്‍ കൂടുതലുള്ളത് മുസ്ലിം സമുദായത്തിനകത്താണ്. സാര്‍വ്വദേശീയ തലത്തില്‍ നോക്കിയാല്‍ സമീപ ദശകങ്ങളില്‍ മതനിന്ദാക്കുറ്റം ആരോപിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ഹിംസിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തത് മുസ്ലിം മതോന്മാദികളാലാണെന്നു കാണാന്‍ പ്രയാസമില്ല. ആ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഇരകളില്‍ ഒരാളത്രേ പാരീസിലെ സാമുവല്‍ പേറ്റി എന്ന അദ്ധ്യാപകന്‍.

ചെചന്‍ വംശജനായ അബ്ദുല്ല അന്‍സറോവ് എന്ന പതിനെട്ടുകാരനാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 16-ന് സാമുവലിനെ കൊലചെയ്ത് കഴുത്തറുത്തത്. സ്‌കൂള്‍ അദ്ധ്യാപകനായ സാമുവല്‍ പേറ്റി ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസ്സെടുക്കവെ, 2012-ല്‍ 'ഷാര്‍ളി ഹെബ്‌ഡോ' എന്ന കാര്‍ട്ടൂണ്‍ മാസികയില്‍ പ്രസിദ്ധീകരിച്ച മുഹമ്മദ് നബിയുടെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികളെ കാണിച്ചിരുന്നു. അത് പ്രവാചകനിന്ദയും ഇസ്ലാംമതനിന്ദയുമാണെന്നു വിധിയെഴുതിയാണ് ജിഹാദിസ്റ്റ് തീവ്രവാദിയായ അന്‍സറോവ് പേറ്റിയെ ശിരച്ഛേദം ചെയ്തത്.

സാമുവല്‍ പേറ്റിയോടുള്ള അരിശം വേറെ ചിലരും തീര്‍ത്തു. ഒക്ടോബര്‍ 29-ന്, ഫ്രാന്‍സിലെ നീസില്‍ സ്ഥിതിചെയ്യുന്ന നോത്രദാം ബസിലിക്കയില്‍ ടുണീഷ്യക്കാരനായ ഒരു ജിഹാദിസ്റ്റ് തന്റെ രോഷം പ്രകടിപ്പിച്ചത് നിരപരാധികളായ മൂന്നു പേരുടെ കഥകഴിച്ചുകൊണ്ടാണ്. കുജ്റ്റിം ഫെജ്‌സുലായ് എന്നു പേരുള്ള ഇരുപതുകാരനായ മറ്റൊരു ഇസ്ലാമിസ്റ്റ് തീവ്രവാദി ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലെ ബെര്‍മൂഡ ചത്വരത്തില്‍ നവംബര്‍ രണ്ടിന് നാലുപേരെ വെടിയുതിര്‍ത്തു കൊന്നുകൊണ്ട് തന്റെ പ്രതികാരദാഹം തീര്‍ത്തതിനും ലോകം സാക്ഷിയായി.

മതനിന്ദാക്കുറ്റം ആരോപിച്ച് ചില വ്യക്തികളും മതതീവ്രവാദ സംഘടനകളും ചില ഭരണകൂടങ്ങള്‍ തന്നെയും ആളുകള്‍ക്ക് മരണശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഹീന സമ്പ്രദായം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വന്ദനം മാത്രം അര്‍ഹിക്കുന്നതും നിന്ദനം ഒട്ടും അര്‍ഹിക്കാത്തതുമായ പ്രതിഭാസമാണോ മതം എന്നതാണ് ഒരു ചോദ്യം. ചരിത്രപ്രവാഹത്തില്‍ പിറവിയെടുത്ത മിക്ക മതങ്ങളും അപരമതങ്ങളെ രൂക്ഷമായി വിമര്‍ശിച്ചും ഇകഴ്ത്തിയും ചിലപ്പോള്‍ നിന്ദിച്ചുമാണ് മുന്നോട്ടു പോയിട്ടുള്ളത്. ഇന്ത്യയില്‍ ബൗദ്ധ-ജൈന മതങ്ങള്‍ തലപൊക്കിയത് ഹിന്ദു (ബ്രാഹ്മണ) മതത്തിന്റെ അവിഭാജ്യ ഭാഗമായ വര്‍ണ്ണസമ്പ്രദായത്തെ കഠിനമായി വിമര്‍ശിക്കുക മാത്രമല്ല, പുച്ഛിക്കുകയും നിന്ദിക്കുകയും ചെയ്തുകൊണ്ടുകൂടിയാണ്.

ഇസ്ലാമിന്റെ ക്രൈസ്തവവിമര്‍ശനം

ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ രംഗപ്രവേശം ചെയ്ത ഇസ്ലാം മതത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ആ മേഖലയില്‍ നിലനിന്ന ജൂത-ക്രൈസ്തവ മതങ്ങളേയും സാബിയന്‍ മതത്തേയും നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് ഇസ്ലാം മതാനുയായികള്‍ മുന്നോട്ട് പോയത്. ക്രൈസ്തവരുടെ അടിസ്ഥാന വിശ്വാസങ്ങളിലൊന്ന് യേശു ദൈവപുത്രനാണെന്നതാണ്. മറ്റൊന്ന് യേശു കുരിശേറ്റപ്പെട്ടുവെന്നതും മൂന്നാം നാളില്‍ ഉയിര്‍ത്തെഴുന്നേറ്റ് എന്നതും.  ഈ വിശ്വാസങ്ങളെ നിര്‍ദ്ദയം ചോദ്യം ചെയ്തുകൊണ്ടത്രേ ഇസ്ലാം കടന്നുവന്നത്. ഇസ്ലാമിന്റെ ദൃഷ്ടിയില്‍ യേശു ദൈവപുത്രനല്ല; അദ്ദേഹം കുരിശില്‍ തറയ്ക്കപ്പെടുകയോ ഉയിര്‍ത്തെഴുന്നേല്‍ക്കുകയോ ചെയ്തിട്ടുമില്ല. ക്രൈസ്തവരുടെ കണ്ണിലൂടെ നോക്കിയാല്‍ ഇസ്ലാം മതത്തിന്റെ ഈ വാദങ്ങളത്രയും കടുത്ത മതനിന്ദയും യേശുനിന്ദയും ദൈവനിന്ദയുമാണ്.

ഇസ്ലാം മതത്തെ നിന്ദിക്കുന്നവരേയും ഇസ്ലാം മതം ഉപേക്ഷിക്കുന്നവരേയും വധിക്കണമെന്ന ശാസനം ഇസ്ലാമിന്റെ പ്രാരംഭദശയില്‍ ഉണ്ടായിരുന്നോ എന്നതാണ് മറ്റൊരു ചോദ്യം. 'മതത്തില്‍ നിര്‍ബ്ബന്ധമില്ല' എന്ന ഇസ്ലാമിന്റെ വേദഗ്രന്ഥമായ ഖുര്‍ആന്‍ (2:256) സംശയലേശമെന്യേ പ്രഖ്യാപിക്കുന്നുണ്ട്. ''നിങ്ങള്‍ക്കു നിങ്ങളുടെ മതം, എനിക്ക് എന്റെ മതം'' എന്ന നിലപാടും ആ ഗ്രന്ഥം (109:6) സ്വീകരിച്ചതു കാണാം. അതിനര്‍ത്ഥം മതവിമര്‍ശനത്തിന്റേയോ മതനിന്ദയുടേയോ മതപരിത്യാഗത്തിന്റേയോ പേരില്‍ ക്ഷോഭിക്കുകയോ ആളുകളെ കൊലപ്പെടുത്തുകയോ ചെയ്യുന്നതിനോട് ഖുര്‍ആന്‍ ഒട്ടും യോജിക്കുന്നില്ല എന്നാണ്.

എങ്കില്‍പ്പിന്നെ മതനിന്ദകരേയും മതംമാറിയവരേയും വകവരുത്തുന്നത് പുണ്യകര്‍മ്മമാണെന്ന ധാരണ  ഇസ്ലാം മതപണ്ഡിതരില്‍ ഒരു വലിയ വിഭാഗത്തേയും അനുയായികളേയും ഭരണകര്‍ത്താക്കളേയും എങ്ങനെ പിടികൂടി? ഒരു പ്രാദേശിക മതം എന്ന നിലവിട്ട് ഒരു സാമ്രാജ്യത്തിന്റെ മതം എന്ന നിലയിലേക്ക് ഇസ്ലാം മാറിയശേഷം മുസ്ലിം വേദപുസ്തകത്തെ വിശകലനത്തിനു വിധേയമാക്കിയ വ്യാഖ്യാതാക്കളും അവരെ ഇടംവലം നോക്കാതെ പിന്തുടര്‍ന്ന പില്‍ക്കാല സാമ്പ്രദായിക വ്യാഖ്യാതാക്കളുമാണ് അതിനു കാരണക്കാര്‍. മുരത്ത കാര്‍ക്കശ്യമാണ് ഇസ്ലാമിന്റെ മുഖമുദ്രയെന്നവര്‍ തീരുമാനിച്ചു. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്നു തൈമിയ്യ എന്ന വ്യാഖ്യാതാവ് നല്‍കിയ, അല്ലാഹുവിനേയും പ്രവാചകനേയും മോശമായ ഭാഷയില്‍ ചിത്രീകരിക്കുന്നവര്‍ ശിക്ഷാര്‍ഹരാണ് എന്ന വിധിതീര്‍പ്പ് അവര്‍ നെഞ്ചേറ്റി. മതപരമായ ഉദാരതയ്ക്ക് ഇസ്ലാമില്‍ സ്ഥാനം നല്‍കാന്‍ അവര്‍ തെല്ലും കൂട്ടാക്കിയില്ല. ഫലമോ? ഇസ്ലാമിനോ പ്രവാചകനോ എതിരെ ഉയരുന്ന ഏതു വിമര്‍ശനത്തേയും വിരുദ്ധാഭിപ്രായങ്ങളേയും മതനിന്ദയായി അവര്‍ വിലയിരുത്തി.

ഒട്ടും ശരിയല്ലാത്ത ആ വിലയിരുത്തല്‍ ശിരസാവഹിച്ചവരാണ് കാലാകാലങ്ങളില്‍ ഇസ്ലാം മതനിന്ദ ഉയര്‍ത്തിക്കാട്ടി സ്വതന്ത്ര ചിന്തകരെ ഉന്മൂലനം ചെയ്തുപോന്നത്. സാമുവല്‍ പേറ്റിയുടെ ജീവനെടുത്ത അബ്ദുല്ല അന്‍സറോവ് ആ പരമ്പരയിലെ ഏറ്റവും പുതിയ കണ്ണികളില്‍ ഒരാളാണ്. മതനിന്ദയ്ക്കുള്ള ശമ്പളം മരണം എന്നു കൈരാത തത്ത്വത്തിന്റെ പ്രയോക്താവായാണ് ആ ചെറുപ്പക്കാരന്‍ പ്രവര്‍ത്തിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിം രാഷ്ട്രങ്ങളുടേയും മതസംഘടനകളുടേയും പ്രതിനിധികള്‍ അന്‍സറോവിയന്‍ ചിന്താഗതിക്കെതിരെ നിരുപാധികം പ്രതിഷേധസ്വരം ഉയര്‍ത്തേണ്ടതായിരുന്നു. പക്ഷേ, പലരും ചെയ്തത് മറിച്ചാണ്. പേറ്റിയെ വധിച്ച ജിഹാദിസ്റ്റ് തീവ്രവാദിയുടെ കൊടുംക്രൂരതയെ അപലപിക്കുന്നതിന് എന്നതിലേറെ അവര്‍ വാക്കുകളും സമയവും ചെലവഴിച്ചത്, മതനിന്ദ ജനങ്ങളുടെ മൗലികാവകാശങ്ങളില്‍പ്പെടുന്നു എന്ന ചിന്തോദ്ദീപക ആശയം മുന്നോട്ടുവെച്ച ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ശകാരിക്കാനാണ്.

അപവാദങ്ങള്‍ ഇല്ലെന്നില്ല. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളെല്ലാം മാക്രോണിന്റെ നിരീക്ഷണത്തിനു നേരെ ക്ഷോഭം പ്രകടിപ്പിച്ചപ്പോള്‍ യു.എ.ഇ അതില്‍നിന്നും വിട്ടുനിന്നു. ഇന്ത്യയില്‍ത്തന്നെ മുഖ്യധാരാ മുസ്ലിം സംഘടനകളുടെ നേതൃത്വം ഫ്രെഞ്ച് പ്രസിഡന്റിനെ ശകാരിക്കുന്നതില്‍ വ്യാപൃതരായപ്പോള്‍ 'ഇന്ത്യന്‍ മുസ്ലിംസ് ഫോര്‍ സെക്യുലര്‍ ഡെമോക്രസി' എന്ന സംഘടന സാമുവല്‍ പേറ്റിയുടെ നിഷ്ഠുര വധത്തെ കടുത്ത ഭാഷയില്‍ അപലപിക്കുന്നതോടൊപ്പം  മതനിന്ദയും ഇസ്ലാം മതപരിത്യാഗവും കുറ്റകൃത്യങ്ങളായി പരിഗണിക്കുന്ന മനുഷ്യത്വഹീനമായ നിയമങ്ങള്‍ ചവറ്റുക്കുട്ടയിലെറിയണമെന്ന് ആവശ്യപ്പെടുക കൂടി ചെയ്തു.

മതനിന്ദാവകാശം പൗരന്മാരുടെ മൗലികാവകാശമാണെന്ന ആശയം മതഭ്രാന്തരായ വിശ്വാസികള്‍ക്ക് എളുപ്പം ദഹിക്കയില്ല എന്നത് ശരിയാണ്. പക്ഷേ, മതനിന്ദ കുറ്റകൃത്യവും വധശിക്ഷാര്‍ഹവുമാക്കുന്ന നിയമങ്ങള്‍ സ്വതന്ത്ര ചിന്താവിരുദ്ധവും ബഹുസ്വര ജനാധിപത്യ വിരുദ്ധവും അതിനാല്‍ത്തന്നെ പിന്‍വലിക്കപ്പെടേണ്ടവയുമാണെന്നു സമ്മതിച്ചേ മതിയാവൂ. മതനിന്ദയുടെ ശമ്പളം മരണമാണെന്ന സിദ്ധാന്തം മധ്യകാല വികൃത വിചാരങ്ങളുടെ ഉല്പന്നമാണ്. ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലായിരിക്കണം ഇനിയുള്ള കാലം അതിന്റെ സ്ഥാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com