മറഡോണ; ദൈവത്തിന്റെ പതാകയേന്തിയ സോക്കര്‍ പ്രതിഭ 

ശീതസമരകാലത്തെ യു.എസ് വിരുദ്ധജ്വരം കാലംതെറ്റി ആവേശിച്ച പ്രതിഭകളിലൊരാളായിരുന്നു മറഡോണ. അമേരിക്കന്‍ അനുകൂല നിലപാടുകള്‍ നല്‍കാവുന്ന സൗകര്യങ്ങള്‍ അദ്ദേഹം വേണ്ടെന്നുവച്ചു
മറഡോണ; ദൈവത്തിന്റെ പതാകയേന്തിയ സോക്കര്‍ പ്രതിഭ 

''നന്നായി കളിക്കുന്നതിനു ദൈവമാണ് എന്നെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ കളത്തിലിറങ്ങുന്ന സന്ദര്‍ഭത്തില്‍ കുരിശു വരയ്ക്കുന്നത്. ഞാന്‍ അങ്ങനെ ചെയ്യാത്തപക്ഷം അതൊരു ഒറ്റിക്കൊടുക്കലായിരിക്കുമെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.''

തന്റെ വിശ്വാസത്തെക്കുറിച്ച് ഒരു അവസരത്തില്‍ വിശദീകരിച്ചതിങ്ങനെ. 1986-ല്‍ ഇംഗ്ലണ്ടിനെതിരെ ലോകകപ്പില്‍ കളിച്ച അര്‍ജന്റീന ടീമിന്റെ ഭാഗമായിരിക്കെ അടിച്ച ഒരു ഗോളിനെക്കുറിച്ചുള്ള പ്രസ്താവനയായിരുന്നു മറഡോണയുടെ വിശ്വാസ പ്രഖ്യാപനത്തില്‍ ഏറ്റവും ശ്രദ്ധേയം.

''ഒരിത്തിരി മറഡോണയുടെ തലകൊണ്ടും കുറച്ചു ദൈവത്തിന്റെ കൈകള്‍കൊണ്ടും.''

ദൈവമായി തീര്‍ന്ന ദൈവവിശ്വാസി കൂടിയാണ് മറഡോണ. ചര്‍ച്ച് ഒഫ് മറഡോണ എന്നൊരു കള്‍ട്ട് കൂടി അദ്ദേഹത്തിന്റെ പേരിലുണ്ടായി. സിനിമാതാരങ്ങള്‍ക്കു ക്ഷേത്രം പണിയുന്ന തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരാധകവൃന്ദങ്ങളെ തോല്‍പ്പിക്കും മട്ടിലുള്ള വീരാരാധന. ചരിത്രത്തെ മറഡോണയ്ക്കു മുന്‍പും ശേഷവും എന്ന് അവര്‍ നിര്‍വ്വചിച്ചു. പത്തുകല്പനകളെ ആ ആരാധനയെ അടിസ്ഥാനമാക്കി അവര്‍ പുനര്‍നിര്‍വ്വചിച്ചു. ഒന്നരലക്ഷത്തോളം അനുയായികള്‍ പുതിയ മതത്തിനുണ്ടായി. 

ക്രിസ്തുവിലും ഷാവേസിലും വിശ്വാസം

ദൈവമായിത്തീര്‍ന്ന വെറുമൊരു ദൈവവിശ്വാസിയായിരുന്നില്ല അദ്ദേഹം. കപടഭക്തരേയും പരീശരേയും ചാട്ടവാറുകൊണ്ടു പ്രഹരിച്ച ക്രിസ്തുവിലായിരുന്നു അദ്ദേഹത്തിനു വിശ്വാസം. ഒരവസരത്തില്‍, തെക്കനമേരിക്കയിലെ ദാരിദ്ര്യം മാറാന്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞ പോപ്പിനോട് വത്തിക്കാനിലും ലോകത്തെമ്പാടുമായി തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ദേവാലയങ്ങളിലെ സ്വര്‍ണ്ണമച്ചുകള്‍ പൊളിച്ചു വിറ്റാല്‍ പോരേ ഈ ദാരിദ്ര്യം മാറാന്‍ എന്നു ചോദിച്ച ധിക്കാരിയായി. 

മദ്ധ്യേഷ്യയെ കൊലക്കളമാക്കിയ അമേരിക്കന്‍ പ്രസിഡന്റിനെ അര്‍ജന്റീനയുടെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച മാര്‍ച്ചിനു നേതൃത്വം നല്‍കാന്‍ താനുമുണ്ടാകുമെന്നു മറഡോണ പ്രഖ്യാപിച്ചു. ബുഷിന്റെ സന്ദര്‍ശനശേഷം സന്ദര്‍ശനവേദി അടിച്ചുതെളിച്ച് ശുദ്ധിയാക്കിയ അമരിന്ത്യന്‍ വര്‍ഗ്ഗക്കാരുടെ ആദിമമായ നിഷ്‌ക്കളങ്കതയെ പിന്‍പറ്റി. ഫോക്‌ലാന്റ് ദ്വീപിലെ ബ്രിട്ടീഷ് അധിനിവേശത്തോടുള്ള പ്രതികാരമായി തന്റെ ഗോളിനെ വിശേഷിപ്പിച്ചതില്‍ തുടങ്ങി ആ രാഷ്ട്രീയം.
 
ജനകോടികളെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിയിടുന്ന സാമ്പത്തിക നയങ്ങള്‍ക്കും യു.എസ്സിന്റെ സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്കും എതിരെ മറഡോണ പരസ്യമായിത്തന്നെ നിലകൊണ്ടു. ക്യൂബന്‍ വിമോചന നായകന്‍ ഫിദല്‍ കാസ്ട്രോയും അര്‍ജന്റീനക്കാരന്‍ തന്നെയായ ഗുവേരയും മറഡോണക്കു പ്രതീക്ഷയുടെ രക്തനക്ഷത്രങ്ങളായി. അവരെ എക്കാലവും സ്വന്തം ആത്മാവിനോടു ചേര്‍ത്തുനിര്‍ത്തി. ശരീരത്തില്‍ അവരുടെ ചിത്രങ്ങള്‍ പച്ചകുത്തി. തന്റെ വീരനായകനും പിതൃതുല്യനുമായ നവംബര്‍ 25-നു തന്നെയാണ് ലോകത്തുനിന്നു മറഡോണയും നിഷ്‌ക്രമിച്ചത് എന്നത് യാദൃച്ഛികമാകാം. 

''ഞാന്‍ ചാവേസില്‍ വിശ്വസിക്കുന്നു, ഞാന്‍ ചാവിസ്റ്റയാണ്. ഫിദലും ചാവേസും ചെയ്യുന്നതെല്ലാം, എന്നെ സംബന്ധിച്ചിടത്തോളം മികച്ചതാണ്'' ഒരിക്കല്‍ അദ്ദേഹം പ്രഖ്യാപിച്ചു. 

2005 നവംബറില്‍ സോഷ്യലിസ്റ്റ് ക്യൂബയെ ഒഴിവാക്കി യു.എസ്സിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ രാഷ്ട്ര ഉച്ചകോടിയുടെ സന്ദര്‍ഭമാണ് മറഡോണയിലെ രാഷ്ട്രീയ പോരാളി പ്രകടമായും പുറത്തുവന്ന ഒന്ന്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിനു സമീപത്തുള്ള കടലോര വിശ്രമകേന്ദ്രമായ മാര്‍ഡല്‍ പ്ലാറ്റയിലായിരുന്നു സമ്മേളനം. ക്യൂബയെ ഒഴിവാക്കി കാനഡ മുതല്‍ ചിലി വരെയുള്ള മറ്റെല്ലാ രാജ്യങ്ങളേയും ഒപ്പം നിര്‍ത്താനുള്ള അമേരിക്കന്‍ ശ്രമത്തിന്റെ ഭാഗമായിരുന്നു ആ സമ്മേളനം. ബ്യൂണസ് ഐറിസ് നഗരത്തില്‍ പ്രതിഷേധം ഇരമ്പി.  കറുത്ത ടീഷര്‍ട്ട് അണിഞ്ഞ് മറഡോണ, ഉച്ചകോടി വേദിയായ ഷെറാട്ടണ്‍ ഹോട്ടലിനു മുന്നില്‍ തടിച്ചുകൂടിയ പ്രതിഷേധ പോരാളികളുടെ നായകനായി.  നഗരത്തില്‍ത്തന്നെ ചേര്‍ന്ന സമാന്തര ഉച്ചകോടി സ്വതന്ത്ര വ്യാപാരമേഖലയെന്ന തട്ടിപ്പ് തള്ളിക്കളയുന്നതായി പ്രഖ്യാപിച്ചു.

ഔപചാരിക ഉച്ചകോടിയിലും ഇതിന്റെ അലയൊലികള്‍ ഉണ്ടായി. വെനിസ്വേല, അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വേ, പരാഗ്വേ എന്നീ രാഷ്ട്രങ്ങള്‍ ഉച്ചകോടിയില്‍ സ്വതന്ത്ര വ്യാപാരമേഖല എന്ന ആശയത്തെ എതിര്‍ത്തു. 

സോഷ്യലിസ്റ്റും സാമ്രാജ്യത്വവിരുദ്ധനുമായ മറഡോണ സോക്കര്‍ ലോകത്തെ വാണിജ്യ താല്പര്യങ്ങള്‍ക്കായി കളിക്കാരെ ചൂഷണം ചെയ്യുന്ന സമ്പ്രദായത്തോടും യുദ്ധം പ്രഖ്യാപിച്ചയാളായിരുന്നു. കളിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവരെ ചേര്‍ത്ത് സംഘടനയുണ്ടാക്കി. '94 അവസാനത്തോടെ മറഡോണ, സ്റ്റോയിക്കോവ്, ബെബെറ്റോ, ഫ്രാന്‍സെസ്‌കോളി, ലോഡ്രപ്പ്, സമോറാനോ, ഹ്യൂഗോ സാഞ്ചസ് എന്നിവര്‍ക്കൊപ്പം അന്താരാഷ്ട്ര സോക്കര്‍ പ്ലേയേഴ്സ് യൂണിയന്‍ സംഘടിപ്പിച്ചു. കളി കച്ചവടമാകുന്ന സന്ദര്‍ഭത്തിലൊക്കെയും അദ്ദേഹം തന്റെ രാഷ്ട്രീയം ആവര്‍ത്തിച്ചു. 

അന്താരാഷ്ട്രരംഗത്ത് സാമ്രാജ്യത്വവിരുദ്ധ നിലപാടുകളുള്ള ആരോടും അദ്ദേഹം ഉപാധികളില്ലാത്ത സൗഹൃദവും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. ''ഉള്ളാലെ താനൊരു പലസ്തീന്‍കാരനാണെന്ന്'' ഉറക്കെ പറഞ്ഞു. ഇറാന്‍ പ്രസിഡന്റായിരുന്ന അഹ്മദ് നിജാദിനു ഹസ്തദാനം നല്‍കി. ആ രാജ്യത്തിന്റെ സോക്കര്‍ ടീമിനെ പരിശീലിപ്പിക്കുമെന്നു പ്രഖ്യാപിച്ച് യു.എസ്സിലെ പ്രമാണിമാരെ പ്രകോപിപ്പിച്ചു. അങ്ങനെ, ശരിക്കും പറഞ്ഞാല്‍ ശീതസമരകാലത്തെ യു.എസ്. വിരുദ്ധജ്വരം കാലംതെറ്റി ആവേശിച്ച പ്രതിഭകളിലൊരാളുമായി അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com