പാര്‍ട്ടിയും ശരീഅത്തും ഒന്നാവുന്ന പെണ്‍സൗഹൃദങ്ങള്‍

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നിങ്ങള്‍ ഇന്ത്യന്‍ കോഫീ ഹൗസിലോ/മറ്റേതെങ്കിലും ഹൗസിലോ ഒന്നിച്ചിരുന്നു എത്ര കൂട്ടുകാരികളോടൊപ്പം/ കൂട്ടുകാരനോടൊപ്പം ചായ കുടിച്ചിട്ടുണ്ട്?
പാര്‍ട്ടിയും ശരീഅത്തും ഒന്നാവുന്ന പെണ്‍സൗഹൃദങ്ങള്‍

യിടെ ഏറെ ഖേദം നിറഞ്ഞ ഒരു ചോദ്യം പ്രിയ ചങ്ങാതിമാരോട് ചോദിച്ചു. ഒരു ആധുനിക മലയാളി എന്ന നിലയില്‍, അത്രയും ബാലിശമായ ആ ചോദ്യം ചോദിക്കേണ്ടിവരുന്ന ഒരവസ്ഥയുടെ ഗൗരവം ഒട്ടും ചെറുതായി കാണുന്നില്ല.

ചോദ്യം ഇതാണ്:

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നിങ്ങള്‍ ഇന്ത്യന്‍ കോഫീ ഹൗസിലോ/മറ്റേതെങ്കിലും ഹൗസിലോ ഒന്നിച്ചിരുന്നു എത്ര കൂട്ടുകാരികളോടൊപ്പം/ കൂട്ടുകാരനോടൊപ്പം ചായ കുടിച്ചിട്ടുണ്ട്? 

ഏറ്റവും പ്രശസ്തനായ ഫിലിം മേക്കറോടും സഞ്ചാരപ്രിയനായ എഴുത്തുകാരനോടും  ഏറെ ആദരവോടെ കാണുന്ന  മുതിര്‍ന്ന രാഷ്ട്രീയ നേതാവിനോടും ഈ ചോദ്യമുന്നയിച്ചു. അവരുടെ ഉത്തരം ഒന്നായിരുന്നു. അങ്ങനെ എടുത്തുപറയാവുന്ന പെണ്‍സൗഹൃദം അവര്‍ക്കു പങ്കുവെയ്ക്കാനായില്ല എന്നുമാത്രമല്ല, 'ചായകുടി'യില്‍ ആവര്‍ത്തിക്കപ്പെടുന്ന 'ആണിരുത്തങ്ങള്‍' അവര്‍ ഓര്‍ത്തു പറയുകയുമുണ്ടായി. ഒട്ടും അഭിമാനകരമായ കാര്യമായി അവരാരും അതിനെ, ആണ്‍ ചങ്ങാത്തം മാത്രമുള്ള ചായകുടി സായാഹ്നങ്ങളെ കാണുന്നുമില്ല എന്നതായിരുന്നു ഒരു പോലെ വെളിപ്പെട്ട സത്യം.

തട്ടുകളിലെ രാത്രികാല ആണിരുത്തങ്ങള്‍ ഓര്‍മ്മിച്ച ചങ്ങാതി, 'കേരളത്തിലെ രാത്രികള്‍' പുല്ലിംഗമാണ് എന്നുകൂടി പറഞ്ഞു. കണ്ണൂരിലെ ഏറ്റവും പ്രശസ്തമായ 'ബിരിയാണി'ക്കു പേര്‍ കേട്ട ഹോട്ടല്‍ മാനേജറോട് ഈ  വിഷയം ചോദിച്ചപ്പോള്‍ പറഞ്ഞത്: ''സ്ത്രീയും പുരുഷനും ഒന്നിച്ചു വരുന്നത്, മിക്കവാറും ഭാര്യയും ഭര്‍ത്താവുമായിരിക്കും. അല്ലെങ്കില്‍, മക്കളുമായി കുടുംബസമേതം.''

'കുടുംബസമേതം' എന്ന ആ ഊന്നല്‍ ശ്രദ്ധേയമാണ്. ഇടതുപക്ഷത്തിനു വേരോട്ടമുള്ള നാട്ടില്‍, 'ആണ്‍നോട്ടം' വളരെ കൂടുതലായിരിക്കുമെന്നാണ് ഈ വിഷയത്തില്‍ സ്നേഹിത പറഞ്ഞത്. ഇടത് പ്രസ്ഥാനത്തില്‍ സജീവമായി ഇടപെടുന്ന ആ സഖാവ് പറഞ്ഞു: ''കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും പ്രിയപ്പെട്ട ഒരു ഫ്രണ്ടിനോടൊപ്പം പോയി. അവിടെ വെച്ച് കണ്ട മറ്റു സഖാക്കളെല്ലാം ഒന്നിച്ചുള്ള ആ ചങ്ങാതി ആരാണ്? എവിടെയാണ്? ഒരേ ഹോട്ടലിലാണോ തങ്ങിയത് - ഇങ്ങനെ ചോദിക്കാന്‍ വേണ്ടി മാത്രം രാത്രി വിളിച്ചു. അന്നു കണ്ടതും കാണാതിരുന്നതുമായ സിനിമകളെക്കുറിച്ച് ഒന്നും ചോദിച്ചില്ല.''

ഈ ചോദ്യം ഞാന്‍ ഒരു മൗലവിയോട് ചോദിച്ചു. മറുപടി പെട്ടെന്നായിരുന്നു: ''അസ്തഹ്ഫിറുള്ള! മുസ്ലിമിന് ഭാര്യയും മക്കളും കുടുംബങ്ങളില്‍പ്പെട്ടവരുമല്ലാതെ മറ്റെല്ലാം അന്യസ്ത്രീകള്‍ അല്ലേ? ശരീഅത്ത് പ്രകാരം മുസ്ലിം ആണിന് പെണ്‍ സൗഹൃദം ഹറാമാണ്! പിന്നെയല്ലെ ചായകുടി!''

എനിക്ക് പരിചയമുള്ള ഒരു ഹിന്ദു സന്ന്യാസിയോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, ഗീതാ പ്രഭാഷണത്തിനു മുന്നിലിരിക്കുന്ന സ്ത്രീകളെയല്ലാതെ അവര്‍ സ്ത്രീകളെ കാണാറേയില്ല എന്നാണ്. ക്രിസ്തീയ പുരോഹിതരോട് ഈ ചോദ്യമുന്നയിച്ചില്ല, കുമ്പസാരക്കൂട്ടിന് മുന്നിലെങ്കിലും സ്ത്രീകളെ കാണുന്നവര്‍ എന്ന ഉത്തരം ആ ചോദ്യത്തോടൊപ്പം സന്നിഹിതമാണ്. മാത്രമല്ല, പല വിഷയങ്ങളില്‍ അവര്‍ നിരന്തരമായി വിചാരണ ചെയ്യപ്പെടുന്നുമുണ്ട്.

''പുരുഷാ, നിന്നോടൊപ്പം ഇരിക്കാന്‍ ഒരു സ്ത്രീയുണ്ടോ?'' എന്നത് ഒരു രാഷ്ട്രീയ ചോദ്യമാണ്. ''ഞങ്ങളോടൊപ്പം സ്ത്രീകളില്ല'' എന്നായിരിക്കും മിക്കവാറും ഉത്തരം. ആണിരുത്തമാണ് ഭരണകൂടം. പിണറായി വിജയനുശേഷം സി.പി.എമ്മിനെ ആര് നയിക്കും എന്ന ചോദ്യത്തിന്  കിട്ടുന്ന ഉത്തരം ''പാര്‍ട്ടി നയിക്കും, ജനങ്ങള്‍ നയിക്കും'' എന്നാണ്. ശൈലജ ടീച്ചര്‍ ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് കടന്നുവരില്ല. മുദ്രാവാക്യം വിളിക്കാന്‍ സ്ത്രീകള്‍ വേണം. 'വാക്യത്തില്‍ പ്രയോഗം' മാത്രമാണത്. എന്നാല്‍, അധികാര സമവാക്യങ്ങളുടെ ചര്‍ച്ചകള്‍ വരുമ്പോള്‍, എതിര്‍ സീറ്റില്‍ ചായ കുടിക്കാന്‍ ആണുങ്ങള്‍ മാത്രമാണ്. ''കേരളത്തില്‍ കോണ്‍ഗ്രസ്സിനു മുന്നില്‍ വെക്കാന്‍ ഒരു പെണ്‍മുഖം പോലുമില്ല. ഹൈക്കമാന്‍ഡ് ആയി സോണിയാ ഗാന്ധിയുണ്ട്. എന്നാല്‍, ആണുങ്ങള്‍, ആണുങ്ങള്‍ക്കുവേണ്ടി, ആണുങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു പാര്‍ട്ടിയാണ് കേരളത്തില്‍ കോണ്‍ഗ്രസ്.''

ഇനി ഇതേ ചോദ്യം ഹമീദ് ചേന്നമംഗല്ലൂര്‍, എം.എന്‍. കാരശ്ശേരി, കെ.ഇ.എന്‍, സുനില്‍ പി. ഇളയിടം  തുടങ്ങി  നമുക്ക് പ്രിയപ്പെട്ട പലരോടും ചോദിക്കുക. നിങ്ങള്‍ ഏറ്റവും ഒടുവിലായി ഹോട്ടലില്‍ കയറി ചായ കുടിച്ച നിങ്ങളുടെ കൂട്ടുകാരി ആരാണ്? അല്ലെങ്കില്‍ നിങ്ങളുടെ തൊട്ടു മുന്നിലെ സീറ്റില്‍ ഇരുന്ന് ചായ കുടിച്ച് രാഷ്ട്രീയവും ജീവിതവും സംസാരിക്കുന്ന കൂട്ടുകാരിയുണ്ടോ?

ഉണ്ട്, ഇല്ല - എന്ന ഉത്തരത്തെയല്ല ഈ ചോദ്യം തൊടുന്നത്. പ്രേമിച്ചു വിവാഹം ചെയ്ത കൊയ്ലാണ്ടിയിലെ മുസ്ലിം ദമ്പതികളെ 'മതാചാരപ്രകാരമുള്ള നിക്കാഹ്' ചെയ്യാന്‍ പോകുമ്പോള്‍ പെണ്‍കുട്ടിയുടെ അമ്മാവന്മാര്‍ അടിച്ചോടിച്ചു. ഈ വാര്‍ത്ത 'മതാചാര പ്രകാരം' ജീവിക്കുന്ന ആരെയും ഞെട്ടിക്കുന്ന ഒന്നല്ല. 'ആണിരുത്ത'ങ്ങളില്‍ ആചാരപ്പെട്ടവരാണ് മലയാളികള്‍. പാര്‍ട്ടിയായാലും മതമായാലും സാഹിത്യമായാലും ആണിരുത്തങ്ങളുടെ വട്ടമേശ മേഖലയാണത്. ഇത്രയധികം കാമുകിമാരോടൊപ്പം ജീവിച്ച പുനത്തിലിന് അളകാപുരിയിലെ ബാറില്‍ എതിര്‍ സീറ്റിലിരിക്കാന്‍ ഒരു കാമുകിയുണ്ടായിരുന്നില്ല.

ഒരു വര്‍ഷം മുന്‍പ് പ്രിയ പെണ്‍സ്നേഹിതയുമായി പയ്യാമ്പലം ബീച്ചില്‍ സന്ധ്യയ്ക്ക് ഇരിക്കുകയായിരുന്നു. ഏറെ ഹൃദ്യമായ ഒരു രാവ് വന്ന് ഞങ്ങളെ തൊടുകയായിരുന്നു. അപ്പോള്‍ ഒരു പൊലീസുകാരന്‍ ഏറെ സൗഹൃദത്തോടെ വന്നു പറഞ്ഞു: ''ഇരിക്കാനുള്ള സമയം കഴിഞ്ഞു.''

രണ്ടു പുരുഷന്മാരാണ് ഇരിക്കുന്നതെങ്കില്‍ പൊലീസ് ചോദ്യവുമായി വരുമോ എന്ന് അറിയില്ല. നിങ്ങളുടെ എതിര്‍ ഇരിപ്പിടത്തില്‍ എത്ര സമയം നിങ്ങളുടെ കൂട്ടുകാരിക്ക് നല്‍കുന്നു എന്ന ചോദ്യത്തിന്, എന്റെ പ്രിയപ്പെട്ട സഖാവിന്റെ മറുപടി ഏറെ തമാശ നിറഞ്ഞതായിരുന്നു: ''പാര്‍ട്ടി രഹസ്യങ്ങള്‍ പുറത്തു പറഞ്ഞുപോകുമോ എന്ന പേടി കാരണം, പാര്‍ട്ടിക്കമ്മിറ്റി ചേര്‍ന്നാല്‍ ഭാര്യയോടൊപ്പം ഉറങ്ങാന്‍ പോലും മടിച്ച സഖാക്കള്‍ ഉണ്ടായിരുന്നു!''

സ്ത്രീകളുടെ കാര്യത്തില്‍ അത്ര കടുകട്ടി ബോധത്തിലാണ് നമ്മുടെ വളര്‍ച്ച. പാര്‍ട്ടിയും മതവും ഒന്നും ഈ ഫ്രെയിമിനു പുറത്തല്ല.

പ്രണയിച്ചവരെ വെട്ടാന്‍ വടിവാളുമായി കൊയിലാണ്ടിയില്‍ കൊലവിളിയുമായി നിന്ന ആ അമ്മാവന്‍ ഒരു പ്രതീകമാണ്. എതിര്‍ സീറ്റില്‍ ഒരു കൂട്ടുകാരി പോലുമില്ലാതെ കോഫീ ഹൗസുകളില്‍ ചായകുടിച്ചു വളര്‍ന്ന മലയാളീ പ്രതീകം. താലിബാന്‍ അത്ര ദൂരെയുള്ള ഒരു ബോധമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com