'പുതിയ പിള്ളേരും പിന്നാലെയുള്ള തലമുറയുമൊക്കെ വരുമ്പോള്‍ ആര്‍ഷഭാരത സദാചാരം തന്നെ ഇല്ലാതായിക്കോളും'- എസ് ഹരീഷ് സംസാരിക്കുന്നു

'പുതിയ പിള്ളേരും പിന്നാലെയുള്ള തലമുറയുമൊക്കെ വരുമ്പോള്‍ ആര്‍ഷഭാരത സദാചാരം തന്നെ ഇല്ലാതായിക്കോളും'- എസ് ഹരീഷ് സംസാരിക്കുന്നു
എസ് ഹരീഷ്/ ഫോട്ടോ: വിനോദ് വീരകുമാർ
എസ് ഹരീഷ്/ ഫോട്ടോ: വിനോദ് വീരകുമാർ

കോട്ടയം ജില്ലയിലെ ഒരു അപ്പര്‍ കുട്ടനാടന്‍ ഗ്രാമപ്രദേശമാണ് നീണ്ടൂര്‍. അരനൂറ്റാണ്ട് മുന്‍പ് സമയക്ലിപ്തതയ്ക്കും കൂലിക്കൂടുതലിനും വേണ്ടി ആരംഭിച്ച്, മൂന്ന് തൊഴിലാളികളുടെ രക്തസാക്ഷിത്വത്തില്‍ അവസാനിച്ച കര്‍ഷകത്തൊഴിലാളി സമരത്തിന്റെ പേരില്‍ കേരളത്തിന്റെ രാഷ്ട്രീയ സമരചരിത്രത്തിലെ അടയാളപ്പെടല്‍ മാത്രമായിരുന്നു ഇതുവരെ നീണ്ടൂരിന്റെ പ്രസിദ്ധി. എന്നാല്‍, ഇന്ന് എസ്. ഹരീഷ് എന്ന എഴുത്തുകാരനിലൂടെ, അദ്ദേഹത്തിന്റെ 'മീശ' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയിലൂടെ ആഗോള സാഹിത്യഭൂപടത്തില്‍ ഇടം നേടുകയാണ് നീണ്ടൂര്‍. 2005-ല്‍ തൃശൂര്‍ കറന്റ് ബുക്‌സ് പുറത്തിറക്കിയ രസവിദ്യയുടെ ചരിത്രമെന്ന കഥാസമാഹാരമാണ് ഹരീഷിന്റേതായി പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യ പുസ്തകം. ചരിത്രത്തിന്റെ ഭൂതകാലയുക്തികളെ വര്‍ത്തമാനകാല ബോധ്യങ്ങള്‍കൊണ്ട് വിചാരണ ചെയ്യുന്നവയായിരുന്നു അതിലെ കഥകള്‍ ഏറെയും. ഒന്‍പതു വര്‍ഷങ്ങള്‍ക്കുശേഷം 2014-ല്‍ ഡി.സി ബുക്‌സിലൂടെ 'ആദം' എന്ന രണ്ടാമത്തെ സമാഹാരം പുറത്തിറങ്ങുമ്പോള്‍ എസ്. ഹരീഷ് എന്ന പേര് മലയാള ചെറുകഥയില്‍ ഉറച്ചുകഴിഞ്ഞിരുന്നു. ആദത്തിലെത്തിയപ്പോള്‍, കഥാകാലത്തിന്റെ ദൈര്‍ഘ്യം, ഭാവസാന്ദ്രത, രൂപഭദ്രത എന്നിവയെ സംബന്ധിച്ച ചെറുകഥയുടെ ഘടനാപരമായ ലാവണ്യ നിയമങ്ങളെ മറികടന്ന ഹരീഷ്‌കഥകള്‍ വേറിട്ടഭാവനയുടെ സ്വതന്ത്രലോകം പണിതു. കഥയില്ലാത്തവരെന്ന് എണ്ണപ്പെട്ട അതിസാധാരണക്കാരായ മനുഷ്യര്‍ അവിടെ നേരനുഭവങ്ങളുടെ കുടിപ്പാര്‍പ്പുകാരായി. ആലങ്കാരികഭാഷയുടെ ഉടുത്തുകെട്ടുകള്‍ പറിച്ചെറിഞ്ഞ അവര്‍ നാട്ടുവഴക്കത്തിന്റെ മൊഴിച്ചൂരുകളില്‍ മിണ്ടിപ്പറഞ്ഞു. മനുഷ്യാവസ്ഥയുടെ ജൈവിക പ്രതിസന്ധികളെ ദാര്‍ശനികമാനത്തോടെ പകര്‍ത്തുമ്പോഴും നിഗൂഢ ഹാസ്യത്തിന്റെ ഒരു കുസൃതിച്ചിരിയില്‍ അത് പൊതിഞ്ഞുവെച്ചു. ഹരീഷിന്റെ രചനാലോകത്തിന്റെ അനന്യതകളെ അനാവരണം ചെയ്താല്‍ ഇനിയുമെത്രയോ കണ്ടെത്താനുണ്ട്.

1998-ലെ മാതൃഭൂമി വിഷുപ്പതിപ്പ് കഥാമത്സരത്തില്‍ തിരഞ്ഞടുക്കപ്പെട്ട ഒരു കഥയുണ്ട് 'ശാസ്ത്ര സാഹിത്യ കരയോഗ ചിന്തകള്‍'. 23 വയസ്സായിരുന്നു അന്ന് കഥാപുരുഷന് പ്രായം. അതായിരുന്നു ഹരീഷിന്റെ അച്ചടിമഷി പുരണ്ട ആദ്യ സാഹിത്യസൃഷ്ടി. വിലകുറഞ്ഞ ലോഹങ്ങളെ സ്വര്‍ണ്ണമാക്കുന്ന രസവിദ്യ പോലെ, അതിസാധാരണമായ അനുഭവങ്ങളില്‍നിന്നും അസാധാരണമായ കഥകള്‍ക്കുവേണ്ടി അയാള്‍ കാത്തിരുന്നു. വല്ലപ്പോഴും മാത്രം എഴുതി. 22 വര്‍ഷം കൊണ്ട് മൂന്ന് സമാഹാരങ്ങളിലായി 22 കഥകള്‍ മാത്രം. എഴുതിയതൊന്നും പാഴായില്ല. തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്മെന്റ്, വി.പി. ശിവകുമാര്‍ സ്മാരക കഥാ പുരസ്‌കാരം, ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് - അനുവാചക ഹൃദയങ്ങള്‍ക്കൊപ്പം പുരസ്‌കാരങ്ങളും ആ കഥകള്‍ക്കൊപ്പം കൂടി. കഥപറച്ചില്‍ മാത്രമാണ് തന്റെ ഉദ്ദേശ്യമെന്ന നാട്യത്തോടെ, മനുഷ്യരെ സ്വര്‍ണ്ണമാക്കാനുള്ള വാക്കുകളുടെ രസതന്ത്രം അയാള്‍ കഥകളിലൂടെ ഒളിച്ചുകടത്തി.

2018-ല്‍ ഹരീഷിന്റെ ആദ്യ നോവല്‍ 'മീശ' ഖണ്ഡശ: പ്രസിദ്ധീകരിച്ചു തുടങ്ങുന്നതും അനാവശ്യ വിവാദങ്ങളെത്തുടര്‍ന്ന് എഴുത്തുകാരന്‍ സ്വയം നോവല്‍ പിന്‍വലിക്കുന്നതും നോവലിന്റെ പ്രസിദ്ധീകരണത്തിനെതിരെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളേയും പ്രസാധകരേയും കക്ഷി ചേര്‍ത്ത് ഫയല്‍ ചെയ്ത സ്വകാര്യ അന്യായം തള്ളിക്കൊണ്ട് വന്ന സുപ്രീംകോടതിവിധിയുമെല്ലാം മലയാള സാഹിത്യചരിത്രത്തിന്റെ തന്നെ ഭാഗമാണ്. പിന്നീട് 'മീശ' പുസ്തക രൂപത്തില്‍ പുറത്തുവരികയും ലോകോത്തര പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സിലൂടെ ജയശ്രീ കളത്തില്‍ അത് Moustache എന്ന പേരില്‍ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. ഏഷ്യയില്‍ത്തന്നെ ഏറ്റവും ഉയര്‍ന്ന തുക (25 ലക്ഷം രൂപ) സമ്മാനമായി നല്‍കുന്ന ജെ.സി.ബി അവാര്‍ഡ് ഈ വര്‍ഷം ങീൗേെമരവല നേടി. പുരസ്‌കാരലബ്ധിയുടെ പശ്ചാത്തലത്തില്‍ ഹരീഷ്  എഴുത്തും അനുഭവങ്ങളും പങ്കുവെയ്ക്കുന്നു.

-----

എഴുത്ത് ജീവിതോപാധി ആക്കാവുന്ന ഒരു സാഹചര്യം മലയാളത്തിലില്ല. എന്‍.ജി.ഒ കേഡറിലുള്ള ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ ലോട്ടറി അടിക്കുന്ന സ്വപ്നത്തിലല്ലാതെ ഇത്രയും വലിയൊരു തുകയെക്കുറിച്ച് ചിന്തിക്കാന്‍പോലും പറ്റില്ല. ഭാഗ്യപരീക്ഷണത്തിലൂടെയല്ലാതെ, സ്വന്തം അദ്ധ്വാനംകൊണ്ട് എഴുത്തിലൂടെ കൊള്ളാവുന്ന ഒരു തുക സമ്മാനമായി കിട്ടുമ്പോള്‍ എന്ത് തോന്നുന്നു? 

വളരെ സന്തോഷമുണ്ട്. പണമില്ലായ്മയുടെ കുഴപ്പങ്ങള്‍ നല്ലവണ്ണം അനുഭവിച്ചയാളാണ് ഞാന്‍. കൂടുതല്‍ സ്വതന്ത്രമായി എഴുതാന്‍ ഇതൊക്കെ സഹായിക്കുമെന്നു കരുതുന്നു. എഴുത്തുകാരന് എഴുതി ജീവിക്കാനുള്ള സാഹചര്യമുണ്ടാകുന്നത് വളരെ നല്ലതാണ്. മലയാളത്തില്‍ മീര, ബെന്യാമിന്‍ തുടങ്ങി ചുരുക്കം പേര്‍ക്കേ അതിനു കഴിഞ്ഞിട്ടുള്ളൂ. ജെ.സി.ബി അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ട് മൂന്നു വര്‍ഷമേ ആയുള്ളൂ. അതില്‍ രണ്ടു വര്‍ഷവും നമുക്കാണ് കിട്ടിയത്. ഇത്തവണത്തെ ഷോര്‍ട്ട് ലിസ്റ്റില്‍ വിവര്‍ത്തനപ്പുസ്തകം ഇംഗ്ലീഷ് 'മീശ' മാത്രമായിരുന്നു. എന്നാലും അതിലുള്‍പ്പെട്ട ദീപ ആനപ്പാറ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണ്. ധരിണി ഭാസ്‌കര്‍ പകുതി മലയാളിയാണ്. അതുകൊണ്ട് നമ്മുടെ എഴുത്ത് ഇപ്പോള്‍ വലിയ പ്രസാധകര്‍ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ നല്ല വിവര്‍ത്തനങ്ങള്‍ ഇവിടെനിന്ന് ഉണ്ടാകുമെന്നുതന്നെ കരുതുന്നു. ഇന്ത്യന്‍ എഴുത്തെന്നാല്‍ ഇന്ത്യന്‍ ഇംഗ്ലീഷാണെന്ന ധാരണ മാറിവരുന്നു. രാജശ്രീയുടേയും സന്ധ്യാമേരിയുടേയും പി.എഫ്. മാത്യൂസിന്റേയും മനോഹരന്‍ പേരകത്തിന്റേയും വിനോയിയുടേയുമൊക്കെ നോവലുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ ഇംഗ്ലീഷ് വായനക്കാര്‍ക്കിടയില്‍ വലിയ ചലനമുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്.

'മീശ'യ്ക്ക് ജെ.സി.ബി അവാര്‍ഡ് എന്നു പറയാമെങ്കിലും കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ Moustache-നാണ് അവാര്‍ഡ്. പ്രാദേശികമായ ഒരുപാട് വാക്കുകളും ഭാഷാപ്രയോഗങ്ങളും മിത്തുകളുമൊക്കെ നിറഞ്ഞ മീശയുടെ പ്രകൃതം പരിഭാഷയ്ക്ക് എളുപ്പം വഴങ്ങാത്തതുമാണ്. ജയശ്രീ കളത്തിലിന്റെ പരിഭാഷയെക്കുറിച്ച് എന്തു പറയുന്നു? 

പ്രിന്‍സ് പറഞ്ഞത് കൃത്യമാണ്. 'മീശ' ഞാനെഴുതിയതാണെങ്കില്‍ 'മുസ്റ്റാഷ്' ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നെഴുതിയതായാണ് ഞാന്‍ കരുതുന്നത്. ഒരു കൃതി അന്യഭാഷയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം വിവര്‍ത്തനത്തിന്റെ മേന്മ കൂടിയാണ്. അതൊരു ക്രിയേറ്റീവ് വര്‍ക്കാണ്. വിവര്‍ത്തക സഹഎഴുത്തുകാരിയാണ്. എഴുത്തുകാരനൊപ്പം പ്രാധാന്യം അവര്‍ക്കുമുണ്ടെന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇംഗ്ലീഷ് വായനക്കാര്‍ വായിക്കുന്നത് ഞാനെഴുതിയതല്ല, മറിച്ച് എന്റെ എഴുത്തിനെ പിന്തുടര്‍ന്ന് ജയശ്രീ കളത്തില്‍ എഴുതിയതാണ്. അതുകൊണ്ടാണ് ബുക്കര്‍പോലുള്ള വലിയ പുരസ്‌കാരങ്ങളില്‍ വിവര്‍ത്തകര്‍ തുല്യ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്നത്. ജയശ്രീ സ്വന്തം ജോലിയോട് അപാര സമര്‍പ്പണമുള്ളയാളാണ്. 'മീശ'പോലെ പ്രാദേശികഭാഷയും ജീവിതാനുഭവങ്ങളുമുള്ള നോവല്‍ തര്‍ജ്ജമ ചെയ്യപ്പെടുന്നതിനെക്കുറിച്ച് എനിക്ക് ആശങ്കകളുണ്ടായിരുന്നു. കാരണം ഒരിക്കല്‍ മോശം വിവര്‍ത്തനം വന്നുകഴിഞ്ഞാല്‍ പിന്നെയൊരു തിരിച്ചുവരവിനു സാദ്ധ്യതയില്ല. എന്നാല്‍, ജയശ്രീ ആദ്യ അദ്ധ്യായം അയച്ചുതന്നപ്പൊഴേ ഞാന്‍ സന്തോഷത്തിലായി. അടിക്കുറിപ്പുകള്‍ വേണ്ടെന്ന തീരുമാനമെടുത്തതും ജയശ്രീയായിരുന്നു. മീശപോലെ സങ്കീര്‍ണ്ണമായ കഥാഘടനയുള്ള നോവല്‍ ഭംഗിയായി ഇംഗ്ലീഷിലാക്കിയതിന് ജയശ്രീക്ക് നന്ദി. എന്‍. പ്രഭാകരന്‍ മാഷിന്റെ ഒരു മലയാളി ഭ്രാന്തന്റെ ഡയറിയും ജയശ്രീയാണ് ചെയ്തത്. അതിനു മികച്ച വിവര്‍ത്തനത്തിനുള്ള ക്രോസ് വേഡ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിന്റെ വലിയ മുന്നേറ്റം നല്ല വിവര്‍ത്തകരിലൂടെയാണ് സംഭവിക്കേണ്ടത്. അര്‍ഹമായ പരിഗണനയും പ്രതിഫലവും അവര്‍ അര്‍ഹിക്കുന്നു. നമ്മുടെ ഭാഷയുടേയും ജീവിതത്തിന്റേയും പതാകാവാഹകരായതുകൊണ്ട് സര്‍ക്കാരും സര്‍വ്വകലാശാലകളും സാഹിത്യ അക്കാദമിയും അവരെ ശ്രദ്ധിക്കേണ്ടതാണ്.

അഞ്ച് വര്‍ഷക്കാലത്തോളമുള്ള അലച്ചിലിന്റേയും അന്വേഷണങ്ങളുടേയും ഫലമാണ് മീശ എന്നു താങ്കള്‍ തന്നെ മുന്‍പ് പറഞ്ഞുകേട്ടിട്ടുണ്ട്. ആഖ്യാനത്തിലും പ്രമേയത്തിലുമുള്ള അതിന്റെ പ്രത്യേകതകള്‍, ഭാവുകത്വപരമായി അത് മലയാള നോവല്‍ ശാഖയെ മുന്നോട്ടെടുത്തതിന്റെ ആയം ഒന്നും വേണ്ടത്ര വിശകലനം ചെയ്യപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു. ദൗര്‍ഭാഗ്യവശാല്‍ പ്രസിദ്ധീകരിക്കപ്പെട്ട സമയത്തെ കേവല വിവാദങ്ങളില്‍ കുടുങ്ങി അര്‍ഹിക്കുന്ന വായനയിലേയ്‌ക്കെത്താന്‍ നോവലിനു കഴിയാതെ പോയി എന്നൊരു നിരാശയുണ്ടോ? 

തീര്‍ച്ചയായും ഉണ്ട്. വിവാദം ഒരു നോവലിന്റെ വായനയെ എങ്ങനെ മോശമാക്കാമെന്നതിന് ഉദാഹരണമാണ് മീശ. വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പലരുമത് വായിച്ചത്. അങ്ങനെയല്ലാതെ അതേക്കുറിച്ച് എഴുതിയവരുമുണ്ട്. ഷാജി ജേക്കബ്, വിജയകുമാര്‍, ഷുക്കൂര്‍ തുടങ്ങിയവരെ മറക്കുന്നില്ല. എന്നാല്‍, ഇപ്പോള്‍ ധാരാളം പേര്‍ അതേക്കുറിച്ച് നല്ലത് പറയുന്നുണ്ട്. നോവല്‍ വിമര്‍ശിക്കപ്പെടരുതെന്നല്ല പറയുന്നത്. വിമര്‍ശനം ഗുണത്തിന്റെ അടിസ്ഥാനത്തിലാകണം. 

എന്നാല്‍, ഇംഗ്ലീഷില്‍ അങ്ങനെയല്ല സംഭവിച്ചത്. ഇവിടെയുണ്ടായതിലും പലമടങ്ങ് നിരൂപണങ്ങളുണ്ടായി, നോവലിന്റെ സങ്കീര്‍ണ്ണതയെ സംബന്ധിച്ച വിമര്‍ശനങ്ങളുമുണ്ടായി. കാരണം മീശ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നതരം നോവലല്ല. ഇംഗ്ലീഷ് വായനക്കാര്‍ക്ക് വിവാദത്തെക്കുറിച്ച് അറിയില്ലെന്നത് ഭാഗ്യമായി. വിവര്‍ത്തനമാണ് മീശയെ രക്ഷിച്ചെടുത്തതെന്നു പറയാം. ഹാര്‍പര്‍ കോളിന്‍സിനോടും നന്ദി പറയുന്നു. അല്ലെങ്കില്‍ മീശ ഇവിടെ കുഴിച്ചുമൂടപ്പെട്ടേനെ.

യഥാര്‍ത്ഥത്തില്‍ എഴുത്തുകാരന്‍ ലക്ഷ്യം വെച്ചതല്ലെങ്കിലും സംഘപരിവാര്‍ ഫാസിസത്തിനും അതിന്റെ രംഗപ്രവേശത്തിനും സ്വാധീന വലയം വിപുലപ്പെടുത്തുന്നതിനുള്ള ദുഷ്പ്രചരണങ്ങള്‍ക്കും ആക്കം കൂട്ടുവാന്‍ മീശയിലെ വിവാദഭാഗങ്ങള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഫാസിസ്റ്റ് കാലത്തെ ഇത്തരം ദുര്‍വായനകളുടെ സാധ്യതയെ മുന്‍കൂട്ടി കാണുന്നതില്‍ കുറച്ചുകൂടി ജാഗ്രത്തായ ഒരു സമീപനം വേണ്ടിയിരുന്നു എന്നൊരു വിചാരം ഇപ്പോഴെങ്കിലുമുണ്ടോ? 

ബാബറി മസ്ജിദ് മുസ്ലിങ്ങള്‍ സംഘപരിവാറിനു ചോദിച്ചപ്പോഴേ വിട്ടുകൊടുത്തിരുന്നെങ്കില്‍ ബി.ജെ.പി ഇത്രയും വളരില്ലായിരുന്നെന്നു പറയുന്നതുപോലെയാണ് ഈ വാദം. അല്ലെങ്കില്‍ സ്ത്രീകളുടെ വസ്ത്രധാരണമാണ് ലൈംഗിക അക്രമത്തിനു കാരണമെന്ന വാദംപോലെയും. ദുര്‍വായനയുടെ സാദ്ധ്യതകള്‍ ആലോചിച്ചാല്‍ നമുക്ക് എഴുതാന്‍ പറ്റില്ല. ഇനി ആലോചിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. 

'മീശ' എന്ന നോവല്‍ ഒരുവശത്ത് അയഥാര്‍ത്ഥ ഭ്രമാത്മക കല്പനകളുടെ ഒരു ലോകം തീര്‍ക്കു മ്പോള്‍ത്തന്നെ മറുവശത്ത് നാരായണഗുരു, അയ്യന്‍കാളി, ബ്രണ്ണന്‍ സായിപ്പ്, എന്‍.എന്‍. പിള്ള തുടങ്ങിയ നവോത്ഥാന നായകരും ചരിത്രപുരുഷന്മാരുമൊക്കെ പരാമര്‍ശിക്കപ്പെടുന്ന ഒരു യഥാര്‍ത്ഥ ലോകം കൂടി ഉള്‍വഹിക്കുന്നുണ്ട്. ഈയൊരു ഇടകലര്‍പ്പ് രചനാവേളയില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ എന്തൊക്കെയാണ്?
 
യഥാര്‍ത്ഥ ലോകവും ഭാവനാലോകവും കലര്‍ത്തുന്നത് എനിക്ക് പണ്ടേ ഇഷ്ടമുള്ള കാര്യമാണ്. പല സാദ്ധ്യതകള്‍ നമുക്കാലോചിക്കാന്‍ പറ്റും. ചരിത്രത്തെ ഫിക്ഷനുള്ള ഉപകരണമാക്കി മാറ്റുന്ന ധാരാളം നോവലുകളുണ്ട്. സി.വി. രാമന്‍പിള്ള ഉദാഹരണം. വി.കെ. എന്നും എന്‍.എസ്. മാധവനും എം. മുകുന്ദനും അങ്ങനെ ചെയ്തിട്ടുണ്ട്. വിദേശത്താണെങ്കില്‍ അത്തരം കൃതികള്‍ ധാരാളം. സെവന്‍ത് ഫങ്ഷന്‍ ഓഫ് ലാംഗ്വേജ് എന്ന ഫ്രെഞ്ച് നോവലില്‍ ബാര്‍ത്തും ഫൂക്കോയും മുന്‍ പ്രസിഡന്റ് മിത്തറാങ്ങുമൊക്കെയാണ് കഥാപാത്രങ്ങള്‍. യാഥാര്‍ത്ഥ്യവും ഭ്രമകല്പനകളും ഇടകലര്‍ത്തുന്നത് എനിക്ക് വെല്ലുവിളിയായല്ല തോന്നിയത്. അത് നല്‍കുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്.

'മീശ' നോവലിലെ വാവച്ചന്‍ ഒരു ദളിതനാണ്. ഒരു ദളിത് കഥാപാത്രം കേന്ദ്രസ്ഥാനത്തു വരുന്ന നോവലാണെങ്കിലും അയാളുടെ ആത്മപ്രകാശനത്തിനു നോവലില്‍ വലിയ ഇടമില്ല. അയാളുടെ വൈയക്തികവും സാമൂഹികവുമായ കര്‍ത്തൃത്വത്തെ അപ്രസക്തമോ അപ്രധാനമോ ആക്കുംവിധമുള്ള, ഒരുപക്ഷേ, പരസ്പരവിരുദ്ധം പോലുമായ അപരാഖ്യാനങ്ങളിലൂടെയാണ് 'മീശ' എന്ന കഥാപാത്രത്തിന്റെ വികാസം നോവലില്‍ സംഭവിക്കുന്നത്. ദളിത്-ആദിവാസി പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന സവര്‍ണ്ണ എഴുത്തുകള്‍ പലപ്പോഴും ആധുനിക സമൂഹത്തിലെ ആ വിഭാഗങ്ങളുടെ സ്വയം നിര്‍ണ്ണയത്തേയും നിര്‍വ്വാഹകത്വത്തേയും റദ്ദ് ചെയ്യുംവിധം ഒരു മിത്തിക്കല്‍ സ്വഭാവമുള്ള സാങ്കല്പിക കഥാപാത്രങ്ങളെ കൂട്ടുപിടിക്കുക എന്നത് ഒരു പതിവുരീതിയാണ്. കടമ്മനിട്ടയുടെ കുറത്തിയെയൊക്കെ മുന്‍നിര്‍ത്തി ഇത്തരമൊരു വിമര്‍ശനം മുന്‍പേ വന്നിട്ടുള്ളതാണ്. മീശയിലെ വാവച്ചനെ ഇതിഹാസ സമാനമായ ഒരു കഥാപാത്രമായി വളര്‍ത്തുമ്പോഴും സംസാരിക്കുന്ന വരാലിനും ഈനാംപേച്ചിക്കും ഒരുപാടു കാലത്തെ അനുഭവംകൊണ്ട് അപകടത്തില്‍നിന്നു സ്വയം വെട്ടിമാറാന്‍ ശേഷി നേടിയ വള്ളത്തിനും സമാനമായ പ്രതിനിധാനം മാത്രമേ സാധ്യമായുള്ളൂ എന്ന ദളിത് വിമര്‍ശനത്തെ എങ്ങനെ നേരിടും? 

ആ വിമര്‍ശനത്തില്‍ ശരിയുണ്ട്. പക്ഷേ, മീശ ദളിത് ജീവിതത്തെക്കുറിച്ചുള്ള നോവലല്ല. പ്രധാന കഥാപാത്രം വാവച്ചനും അയാളുടെ മാതാപിതാക്കളും ദളിതരാണെന്നേയുള്ളൂ. ചുറ്റും നിറഞ്ഞുനില്‍ക്കുന്നത് സവര്‍ണ്ണ ജീവിതം തന്നെയാണ്. ആ സവര്‍ണ്ണ ജീവിതത്തെ എഴുത്തുകാരന്‍ മഹത്വവല്‍ക്കരിക്കുന്നുണ്ടോ എന്നും കാണേണ്ടതുണ്ട്. മീശയിലുള്ളത് ദളിത് ജീവിതത്തിന്റെ പുറംകാഴ്ചയാണ്. ഒരു ദളിതനാണ് ഈ നോവലെഴുതിയതെങ്കില്‍ വാവച്ചന്റേയും ചെല്ലയുടേയും പവിയാന്റേയും ചിത്രീകരണം ഇങ്ങനെയായിരിക്കില്ല. ദളിത് ജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രീകരണം എന്നൊക്കെ ഞാനവകാശപ്പെട്ടാല്‍ അത് കള്ളത്തരമാകും. തീര്‍ച്ചയായും ജാതിബോധങ്ങള്‍ പരിമിതപ്പെടുത്തിയ എന്റെ ലോകത്തുനിന്നുള്ള നോട്ടമാണത്. പിന്നെ മീശയെ മിത്താക്കിയതിനു വേറൊരു കാരണം കൂടിയുണ്ട്. ചെങ്ങന്നൂരാതി എന്ന നാടന്‍പാട്ടിലെ വീരനായകന്റെ കഥയാണ് എന്റെ പ്രചോദനങ്ങളിലൊന്ന്. ഫോക് സ്വഭാവത്തില്‍ ഒരാളുടെ നായകത്വത്തിന്റെ കഥ പറയുമ്പോള്‍ അയാളുടെ കഥ മറ്റുള്ളവരിലൂടെ വികസിക്കുന്നതാണ് നല്ലതെന്നു തോന്നി. ദളിത് പക്ഷത്തുനിന്നുള്ള വിമര്‍ശനങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. നോവല്‍ പ്രസിദ്ധീകരിക്കും മുന്‍പേ ഞാനത് പ്രതീക്ഷിച്ചതാണ്. പക്ഷേ, നോവല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും ഭരണഘടനാ മൂല്യങ്ങളുടേയും പേരില്‍ അതിന് ഉറച്ച പിന്തുണ കിട്ടിയതും ദളിത് പക്ഷത്തുനിന്നാണ്.

ഞാനൊരു പാതകിയാണെങ്കില്‍ എന്റെ അവസാനത്തെ ഒളിസങ്കേതമാണ് എഴുത്ത് എന്ന് ആദം എന്ന സമാഹാരത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ടല്ലോ. എപ്പോഴാണ് ഈയൊരു തിരിച്ചറിവുണ്ടാകുന്നത്. അഥവാ എഴുത്താണ് തന്റെ ഇടമെന്ന ബോധ്യത്തിലേയ്ക്കുള്ള വഴികളെക്കുറിച്ച് പറയാമോ? 

വളരെ സത്യസന്ധമായി നടത്തിയ പ്രസ്താവനയാണത്. ചെറുപ്പത്തില്‍ വായിക്കുമായിരുന്നെങ്കിലും എഴുതണമെന്ന് ആലോചിച്ചിട്ടേയില്ല. പക്ഷേ, എന്റെ എസ്.എസ്.എല്‍.സി ബുക്കില്‍ സ്‌കൂള്‍തല ചെറുകഥാ മത്സരത്തില്‍ സമ്മാനം കിട്ടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഞാനങ്ങനെയൊരു മത്സരത്തില്‍ പങ്കെടുത്തിട്ടില്ല. എന്തെങ്കിലും ഒന്ന് കിടക്കട്ടെയെന്നു കരുതി ടീച്ചര്‍ വെറുതേ എഴുതിച്ചേര്‍ത്തതാകണം.

പഠനം ഏറെക്കുറെ അവസാനിച്ച സമയത്ത് പല കാരണങ്ങളാലും ആകെ നിരാശാബോധത്തിലൊക്കെ പെട്ടിരിക്കുന്ന സമയത്താണ് എഴുതിത്തുടങ്ങുന്നത്. ആദ്യ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്ന സമയത്തൊന്നും എന്റെ വഴി ഇതാണെന്ന തോന്നലുണ്ടായിട്ടില്ല. എന്നാല്‍, ക്രമേണ ഞാനങ്ങനെയൊരു ബോദ്ധ്യത്തിലേക്ക് എത്തിപ്പെട്ടു. എന്തോ ഭാഗ്യംകൊണ്ട് പ്രസിദ്ധീകരണത്തിനു വലിയ ബുദ്ധിമുട്ടുകള്‍ വന്നിട്ടില്ല. എഴുത്തില്‍ സംശയങ്ങളുണ്ടായി ഇടയ്‌ക്കൊക്കെ നിന്നുപോയിട്ടുണ്ട്. എന്നാല്‍, ഏകവഴി ഇതാണെന്നു തോന്നിയ സമയത്താണ് ആദം ഇറങ്ങുന്നത്. എഴുതുന്നയാള്‍ എന്നതു മാത്രമാണ് എന്റെ ഏക പ്രത്യേകത എന്ന തോന്നലില്‍നിന്നാണ് അങ്ങനെയൊരു വാചകം എഴുതിയത്. ഇതല്ലാതെ ഞാന്‍ വേറെന്തു ചെയ്യാനാണ്? ശരിക്കും എന്റെ അവസാനത്തെ അഭയസ്ഥലമാണ് എഴുത്ത്.

എഴുത്തില്‍ പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സ് തിരയുന്നതിനെ പരിഹസിച്ച് താങ്കള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ലാസര്‍ ഷൈന്റെ 'കൂ'വിന് എഴുതിയ അവതാരികയില്‍ അയാളുടെ ആക്ടിവിസം രക്ഷപ്പെടാതെ പോകട്ടെയെന്നു ശപിക്കുന്നുണ്ട്. ശരിക്കും എസ്. ഹരീഷ് അരാജകവാദിയും അരാഷ്ട്രീയവാദിയുമായ ഒരു എഴുത്തുകാരനാണോ? 

ലാസര്‍ ഷൈന്റെ എഴുത്തിനോടുള്ള സ്‌നേഹം കൊണ്ടാണ് പകുതി തമാശയായി അങ്ങനെ എഴുതിയത്. എഴുത്തില്‍ രാഷ്ട്രീയ ശരി തിരയുന്നത് വിമര്‍ശനത്തിന്റെ ഒരു ടൂളാണ്. ആ അര്‍ത്ഥത്തില്‍ അത് കുഴപ്പമില്ല. പക്ഷേ, താന്‍ എഴുതുന്നതെല്ലാം രാഷ്ട്രീയ ശരികളാകണമെന്ന് എഴുത്തുകാരന്‍ വാശിപിടിക്കുന്നതില്‍ ശരികേടുണ്ടെന്നാണ് എന്റെ പക്ഷം. എനിക്ക് കഥ കേള്‍ക്കാനും കഥ പറയാനുമാണ് താല്പര്യം. അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ. പിന്നെ തങ്ങളുടെ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കാത്തവരെ പരിഹസിക്കാനുപയോഗിക്കുന്ന വാക്കാണ് അരാഷ്ട്രീയവാദി. അരാഷ്ട്രീയനായ ഒരു മനുഷ്യനും ലോകത്തില്ല. അല്ലെങ്കില്‍ ഒരാളെ ചൂണ്ടിക്കാണിക്കൂ. അയാളുടെ രാഷ്ട്രീയം ഞാന്‍ പറഞ്ഞുതരാം. പിന്നെ അരാജകവാദമല്ല, ഇത്തിരി അരാജകത്വം ജീവിതത്തിലും എഴുത്തിലും നല്ലതാണ്. ആകെ ഒരു ജീവിതമല്ലേയുള്ളൂ. ചിട്ടപ്പടി ജീവിച്ചുമരിക്കാന്‍ ഞാനില്ല.

ഒരു നായരീഴവ മിശ്രവിവാഹത്തിന്റെ പശ്ചാത്തലത്തിലുള്ള, താങ്കളുടെ ഏറെ ശ്രദ്ധേയമായ 'മോദസ്ഥിതനായങ്ങ് വസിപ്പൂ മലപോലെ' എന്ന കഥയില്‍ ഈഴവ വധുവിന്റേയും ബന്ധുക്കളുടേയും ഭാഷണവും ഭക്ഷണവുമൊക്കെ തങ്ങളുടെ സംസ്‌കാരത്തിലേയ്ക്ക് ക്രമപ്പെടുത്താന്‍ ശ്രമിക്കുന്ന നായര്‍ വരന്റെ ബന്ധുക്കളെ കാണാം. എന്നാല്‍, ആ കഥയിലുടനീളം ഒരു പരിഹാസച്ചിരിയുള്ളത് ആ സവര്‍ണ്ണ പിടിവാശികള്‍ക്കു നേരെയല്ല, മറിച്ച് അതിനു വശപ്പെടുന്ന കീഴാള ഗതികേടുകള്‍ക്ക് നേര്‍ക്കാണ് എന്നൊരു വിമര്‍ശനമുണ്ട്. ആ കഥയിലും പിന്നീട് മീശയിലും ഉപയോഗിക്കുന്ന ഒരു നാടോടിക്കഥയുണ്ട് - കടിച്ചുപിടിച്ച മീന്‍ തൊണ്ടയില്‍ കുടുങ്ങി ഒരു ഈഴവന്‍ ചാകുന്നതുമായി ബന്ധപ്പെട്ടത്. അയാളുടെ ആര്‍ത്തിയും ബുദ്ധിശൂന്യതയുമൊക്കെയാണ് അവിടെ പരിഹസിക്കപ്പെടുന്നത്. എന്നാലിതുപോലെ സവര്‍ണ്ണ മണ്ടത്തരങ്ങളെ കളിയാക്കുന്ന നമ്പൂരി ഫലിതങ്ങള്‍ പോലുള്ളവയുടെ വലിയ ശേഖരം മറുവശത്തുണ്ട്. എന്നാല്‍, താങ്കള്‍ ഒരിക്കല്‍പ്പോലും അത്തരത്തിലൊന്ന് ഉപയോഗിച്ച് കാണുന്നില്ല. പുറമെ അവര്‍ണ്ണ പക്ഷത്തോട് ഐക്യപ്പെടുന്ന നിലപാടുകള്‍ സ്വീകരിക്കുമ്പോഴും അബോധത്തിലെങ്കിലും ഒരു സവര്‍ണ്ണബോധം എസ്. ഹരീഷ് എന്ന എഴുത്തുകാരനേയും ഭരിക്കുന്നുണ്ടോ? 

ചോദ്യത്തില്‍ ശരിയും ശരികേടുമുണ്ട്. എല്ലാ മലയാളികളേയും പോലെ ജാതിജീവിതമാണ് ഞാനും ജീവിച്ചുവന്നത്. ജാതി ലോകം കണ്ടതിലേറ്റവും മനുഷ്യത്വരഹിതമായ സമ്പ്രദായമാണെന്നറിയുന്നതുകൊണ്ട് അതിനെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നു മാത്രം. അത് അത്ര എളുപ്പവുമല്ല. ജാതിയെ കുടഞ്ഞുകളയാനുള്ള പരിശ്രമമെന്ന നിലയിലുള്ള എന്റെ എഴുത്തില്‍ സവര്‍ണ്ണബോധം കടന്നുവരുന്നുണ്ടെങ്കില്‍ അതു കഠിനമായി വിമര്‍ശിക്കപ്പെടട്ടെ. ആത്മപരിശോധന നടത്താന്‍ എപ്പോഴും തയ്യാറാണ്.

പിന്നെ മീശയില്‍ സവര്‍ണ്ണ മണ്ടത്തരങ്ങളാണ് ഏറെ. നോവലിന്റെ ആദ്യ വായനക്കാരിലൊരാളെന്ന നിലയില്‍ പ്രിന്‍സിന് അതു മനസ്സിലായിക്കാണും. മോദസ്ഥിതന്റെ കാര്യം വ്യത്യസ്തമാണ്. ഒരു അവര്‍ണ്ണ ജാതിയും സവര്‍ണ്ണ ജാതിയും ഒരേപോലെ പരിഹസിക്കപ്പെട്ടാല്‍ പരിഹാസം കൊള്ളുന്നത് അവര്‍ണ്ണ ജാതിക്കായിരിക്കും. നായരുടേയും ഈഴവരുടേയും ബ്രാഹ്മണ്യത്തോടടുക്കാനുള്ള വ്യഗ്രതയെ ഒരുപോലെ കളിയാക്കിയാല്‍പ്പോലും അതൊരു കളിയാക്കലായി നായന്മാര്‍ക്കു തോന്നണമെന്നില്ല. നായന്മാരുടെ സംബന്ധത്തെക്കുറിച്ച് അതിലൊരു നായര്‍ കഥാപാത്രം അഭിമാനത്തോടെയാണ് പറയുന്നത്. കാരണം ജാതിശ്രേണിയില്‍ തൊട്ടുതാഴെ നില്‍ക്കുന്ന ഈഴവരെ അപേക്ഷിച്ച് ബ്രാഹ്മണ്യത്തോട് അത്ര വിധേയപ്പെട്ടുകഴിഞ്ഞു അവര്‍. ആ കഥ ഒരു നായര്‍ നമ്പൂതിരി വിവാഹത്തെക്കുറിച്ചായിരുന്നെങ്കില്‍ നായന്മാര്‍ കൂടുതല്‍ പരിഹസിക്കപ്പെടുന്നതായി നമുക്കു തോന്നിയേനെ. ഈഴവ പുലയ വിവാഹമാണെങ്കില്‍ വേറൊരു തരത്തിലും.

അക്ഷരനഗരി, ലാന്റ് ഓഫ് ലെറ്റേഴ്സ്, അച്ചടിയുടെ നഗരം, ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട നഗരം, സമ്പൂര്‍ണ്ണ സാക്ഷരതാനഗരം തുടങ്ങി പുറത്തറിയപ്പെടുന്ന കോട്ടയത്തിന്റെ ഒരു സാംസ്‌കാരിക മുഖമുണ്ട്. ഒരു കോട്ടയംകാരന്‍ എന്ന നിലയില്‍ കോട്ടയത്തിന്റെ അപ്രകാശിതമായ മറ്റൊരു മുഖത്തെ എങ്ങനെ കാണുന്നു? 

കോട്ടയം ശരിക്കും സ്ത്രീകളോട് കടപ്പെട്ടിരിക്കുന്ന സ്ഥലമായാണ് തോന്നിയിട്ടുള്ളത്. ഇവിടുന്ന് കടല്‍ കടന്നുപോയ സ്ത്രീകളാണ് ഈ നാടിനെ സമ്പന്നമാക്കിയത്. കോട്ടയം രൂപതയുടെ മുറ്റത്ത് ഒരു നേഴ്സിന്റെ പ്രതിമ സ്ഥാപിക്കേണ്ടതാണെന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. കോട്ടയത്ത് ജീവിച്ചാലുള്ള പ്രധാന ഗുണം എപ്പോഴും എഴുത്തുകാരനായി അഭിനയിക്കേണ്ടിവരില്ലെന്നതാണ്. സാഹിത്യത്തിന് ഇവിടുത്തുകാര്‍ വലിയ വിലയൊന്നും കല്പിക്കാറില്ല. എഴുത്തുകാരന്‍ സ്വയം തലയ്ക്കുചുറ്റും ഒരു പ്രഭാവലയം സൃഷ്ടിച്ച് പുറത്തിറങ്ങിയാലും രക്ഷയില്ല; ആരും അത് മൈന്‍ഡ് ചെയ്യില്ല.

അതുകൊണ്ടാണ് കാരൂര്‍, ബഷീര്‍, സക്കറിയ തുടങ്ങിയ വലിയ എഴുത്തുകാരൊക്കെ കോട്ടയംകാരായത്.

കോട്ടയത്ത് വൈക്കം മുഹമ്മദ് ബഷീര്‍, കാരൂര്‍, പൊന്‍കുന്നം വര്‍ക്കി, മുട്ടത്തുവര്‍ക്കി, സക്കറിയ തുടങ്ങി എഴുത്തുകാര്‍ ഏറെയുണ്ടെങ്കിലും കാലദേശങ്ങള്‍കൊണ്ട് കുറച്ചേറെ അടുപ്പമുള്ള അയ്മനം ജോണ്‍, ആര്‍. ഉണ്ണി എന്നിവരുടെ കഥകളിലെ കോട്ടയത്തില്‍നിന്നും ഹരീഷിന്റെ രചനാലോകത്തെ കോട്ടയം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് സ്വയം വിലയിരുത്തല്‍? 

അങ്ങനെ ആലോചിച്ചുനോക്കിയിട്ടില്ല. സക്കറിയയുടേയും ഉണ്ണിയുടേയും നാടന്‍ കഥപറച്ചിലിനെ ഞാന്‍ പിന്‍പറ്റാന്‍ നോക്കിയിട്ടുണ്ട്. ഇവിടുത്തെ വലിയ എഴുത്തുകാരുണ്ടാക്കിയ രചനാലോകത്തുനിന്നു കാര്യമായ വ്യത്യസ്തതയൊന്നും ഞാനുണ്ടാക്കിയതായി തോന്നിയിട്ടില്ല. അയ്മനം ജോണ്‍ പ്രാദേശികമായ പ്രമേയങ്ങളല്ല അധികം എടുക്കാറ്. ഇവിടുത്തുകാരുടെ എഴുത്തില്‍ നര്‍മ്മവും കുറച്ചു കടന്ന പരിഹാസവും നന്നായുണ്ട്. ബഷീറില്‍ മാത്രമല്ല, സൂക്ഷിച്ചു നോക്കിയാല്‍ കാരൂരിലും അതുണ്ട്. ഈയിടെ ബഷീര്‍ കൃതികള്‍ ഞാന്‍ ഒന്നുകൂടി വായിച്ചു. പുള്ളി ഉണ്ടാക്കിയ കഥാപാത്ര വൈവിദ്ധ്യത്തിന്റേയും പറച്ചില്‍ സമ്പ്രദായത്തിന്റേയും തുടര്‍ച്ച എല്ലാവരിലുമുണ്ടെന്നു തോന്നുന്നു.

സ്വന്തം കഥകളെ ഉപജീവിച്ചുള്ള രണ്ട് സിനിമകള്‍ വന്നു. വിനോയ് തോമസിന്റെ കഥയ്ക്ക് താങ്കളുടെ തിരക്കഥയില്‍ അടുത്ത സിനിമ വരാന്‍ പോകുന്നു. മുന്‍പും സാഹിത്യകൃതികളില്‍നിന്ന് മലയാളത്തില്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെയും സിനിമ സാഹിത്യകൃതിയോട് നീതിപുലര്‍ത്തിയോ എന്നൊരു ചോദ്യം ഉയര്‍ന്നിട്ടുണ്ട്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിലും എസ്. ഹരീഷിന്റെ നാലു കഥകളെ ഉപജീവിച്ചുണ്ടായ രണ്ട് സിനിമകളും സാങ്കേതികമായ എന്തൊക്കെ മേന്മകള്‍ അവകാശപ്പെടുമ്പോഴും ആ കഥകളുടെ വായന എനിക്കു തന്ന ഇമോഷണല്‍ ഫീലിംഗ്സ് തന്നിട്ടില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ എന്ത് തോന്നുന്നു? 

എന്റെ കഥകളോട് നീതിപുലര്‍ത്താനല്ല ഒരു സംവിധായകന്‍ സിനിമ എടുക്കുന്നത്. അയാളുടെ മനസ്സിലെ സിനിമാ സങ്കല്പത്തോടാണ് അയാള്‍ നീതിപുലര്‍ത്തേണ്ടത്. ജീവിതത്തില്‍ എവിടെയെങ്കിലും കേട്ടതോ അറിഞ്ഞതോ ആയ കാര്യങ്ങളാണ് കഥയ്ക്ക് പ്രചോദനം. എന്നുവെച്ച് ഞാന്‍ ആ സംഭവത്തോട് നീതിപുലര്‍ത്തി കഥയെഴുതണമെന്ന് പറഞ്ഞാല്‍ ശരിയാകുമോ? അതുപോലെ എന്റെ കഥ സംവിധായകന് ഒരു പ്രചോദനം മാത്രമാണ്. സിനിമയുടെ സ്രഷ്ടാവ് സംവിധായകനാണ്. കഥയുമായി താരതമ്യപ്പെടുത്തിയല്ല സിനിമ കാണേണ്ടത്. അതു തികച്ചും വ്യത്യസ്തമാണ്. സഞ്ജു സുരേന്ദ്രനും ലിജോ ജോസ് പെല്ലിശ്ശേരിയും രണ്ടുതരത്തില്‍ നല്ല സിനിമ ചെയ്യുന്നവരാണ്.

ആദം എന്ന കഥയില്‍ കുട്ടായി തട്ടിക്കോണ്ടുപോയി ആദം എന്നു പേരുമാറ്റിയ ആര്‍തര്‍ എന്ന പട്ടി, ബ്രഹ്മം തേടുന്ന സന്ന്യാസിയെപ്പോലെ സ്വന്തം വാലില്‍ പിടിക്കാനായി നിര്‍ത്താതെ കറങ്ങുന്നതിനെപ്പറ്റി പറയുന്നുണ്ട്. കേവല ആത്മീയാന്വേഷണങ്ങളോടുള്ള ഒരു പരിഹാസമുണ്ടതില്‍. എന്നാല്‍ അതേ ഖണ്ഡികയിലെ അവസാന വാചകം ''അങ്ങേരാ മുറിവ് ആകാശത്തിരുന്ന് അത്ഭുതകരമായി ഉണക്കി'' എന്ന ഒരു അതീത യാഥാര്‍ത്ഥ്യത്തിന്റെ സാന്നിധ്യ പ്രഖ്യാപനമാണ്. യഥാര്‍ത്ഥ ഹരീഷ് ഒരു ഭൗതികവാദിയോ ആത്മീയവാദിയോ? അതോ അതിനിടയില്‍ കുഴങ്ങുന്ന സന്ദേഹിയോ? 

ഇതൊരുമാതിരി കോപ്പിലെ ചോദ്യമാണ്. മനുഷ്യര്‍ പറയുന്ന മാതിരിയുള്ള ദൈവം ഉണ്ടാകാന്‍ യാതൊരു സാദ്ധ്യതയുമില്ലെങ്കിലും മൂപ്പരുണ്ടെങ്കില്‍ നല്ലതാണെന്നാണ് എന്റെയൊരിത്. കാര്യങ്ങള്‍ക്ക് ഒരു തീരുമാനമുണ്ടാകുമല്ലോ. ഇല്ലെങ്കില്‍ പിന്നെ ന്യായാന്യായം 'നീതി' സത്യം എന്നൊക്കെ പറയുന്നത് മനുഷ്യര്‍ ചുമ്മാ സൗകര്യത്തിന് ഉണ്ടാക്കിയതാണെന്നു വരും. അതിനാണ് സാദ്ധ്യത കൂടുതല്‍.

മോദസ്ഥിതനുശേഷം കഥകള്‍ എഴുതിയിട്ടില്ലല്ലോ? സിനിമയുടെ തിരക്കുകള്‍ എഴുത്ത് കുറച്ചോ? അതോ കഥകള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച് നോവല്‍/സിനിമ എന്നതിലേയ്ക്ക് ചുവടുമാറ്റിയോ? 

അങ്ങനെയില്ല. ഇപ്പോള്‍ മനസ്സില്‍ ആലോചനകള്‍ വരുന്നത് നോവലിന്റെ രൂപത്തിലാണെന്നു മാത്രം. എന്റെ പല കഥകളും നോവലാക്കാന്‍ ആലോചിച്ച് കഥകളായിപ്പോയതാണ്. ആദവും അപ്പനും ഉദാഹരണം. അവസാനം വന്ന കഥ താത്തിത്തകോം തെയ്തെയ്തോം ആണ്. സിനിമ നമുക്ക് വല്ലപ്പോഴും മാത്രം എത്തിനോക്കാവുന്ന സ്ഥലമാണ്. അത്രയേയുള്ളൂ.

നേരിട്ട് അനുകരണമെന്നു പറയാന്‍ പറ്റില്ലെങ്കിലും സൂക്ഷ്മ വിശകലനത്തില്‍ താങ്കളുടെ എഴുത്തിന്റെ സമാന സവിശേഷതകള്‍ പിന്‍പറ്റുന്ന എഴുത്തുകാര്‍ അടുത്ത തലമുറയില്‍ ഉണ്ടായിട്ടുണ്ട്. ചിലരൊക്കെ ആ സ്വാധീനം തുറന്നു സമ്മതിച്ചിട്ടുമുണ്ട്. മലയാള കഥയിലെ ആ ഹരീഷിയന്‍ സ്‌കൂളിനെക്കുറിച്ച്, അടുത്ത തലമുറയിലെ പുതിയ എഴുത്തുകാരെക്കുറിച്ച് എന്ത് പറയുന്നു? 

കേള്‍ക്കാന്‍ സുഖമുണ്ട്. പക്ഷേ, അങ്ങനെയൊരു സ്‌കൂളൊന്നുമില്ല. വെറുതേ പറയുന്നതാണ്. അങ്ങോട്ടുമിങ്ങോട്ടുമുള്ള സ്വാധീനങ്ങള്‍ സ്വാഭാവികമാണ്. എന്റെ എഴുത്തില്‍ സക്കറിയയേയും ഇ. സന്തോഷ് കുമാറിനേയും ഉണ്ണിയേയും കാണാന്‍ നന്നായി വായിക്കുന്നവര്‍ക്കു സാധിക്കും. പുതിയ എഴുത്തുകാര്‍ ഉഗ്രനായി എഴുതുന്നുണ്ട്. വിനോയ് തോമസ് മാറ്റമുണ്ടാക്കിയ എഴുത്തുകാരനാണ്. മുതിര്‍ന്നയാളാണെങ്കിലും പ്രമോദ് രാമന്റെ കഥകള്‍പോലെ വേറെയാരെങ്കിലും എഴുതിയിട്ടുണ്ടോ? ദേവദാസ്, നൊറോണ, ഷിനിലാല്‍, വിവേക് ചന്ദ്രന്‍, കെ.എന്‍. പ്രശാന്ത്, വി. സുരേഷ്‌കുമാര്‍, ഗോവിന്ദന്‍ തുടങ്ങി എല്ലാവരുടേയും കഥകള്‍ താല്പര്യത്തോടെ വായിക്കുന്നയാളാണ് ഞാന്‍. എന്നെ ചുറ്റിക്കാനുള്ള ചോദ്യങ്ങള്‍ മനപ്പൂര്‍വ്വം തയ്യാറാക്കിയതുകൊണ്ട് നിങ്ങളുടെ പേര് പറയുന്നില്ല.

മീശയില്‍ മനുഷ്യര്‍ക്കൊപ്പം അപ്പര്‍ കുട്ടനാട്ടിലെ ഭൂപ്രകൃതിയും ഇതര ജീവജാലങ്ങളുമെല്ലാം നിറയുന്നുണ്ട്. മുന്‍പേ തന്നെ കഥകളിലും അതുണ്ട്. മിഷ എന്ന കടുവക്കുട്ടിയില്‍-കടുവ, ആദത്തില്‍ നാലു പട്ടികള്‍, നിര്യാതരായി എന്ന കഥയില്‍ പശുവും പട്ടിയും ആമയും, മാവോയിസ്റ്റില്‍ എരുമയും പോത്തും. അങ്ങനെ ഒരുപാട് കഥകളില്‍ മനുഷ്യര്‍ക്കൊപ്പമോ മേലെയോ സ്ഥാനപ്പെടുന്ന ഒരു ജീവിപ്രപഞ്ചമുണ്ട്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? 

പശു, ആട്, പട്ടി, പൂച്ച, കോഴി തുടങ്ങിയ ജീവജാലങ്ങള്‍ ധാരാളമുള്ള വീട്ടിലാണ് വളര്‍ന്നത്. സത്യത്തില്‍ ഏറ്റവും അപകടകാരിയായ സസ്തനി മനുഷ്യനാണ്. പലവട്ടം ഭൂമിയില്‍ ജീവജാലങ്ങള്‍ കൂട്ടത്തോടെ നശിച്ചിട്ടുണ്ട്. അതിലേറ്റവും മാരകമായത് മനുഷ്യന്‍ കാരണമുണ്ടായതാണ്. ജീവികളോടുള്ള താല്പര്യം ഒരു വഴിക്ക്. പിന്നെ ബാലസാഹിത്യം നന്നായി ഞാന്‍ വായിച്ചിട്ടുണ്ട്. അതുകൊണ്ട് എഴുതുമ്പോള്‍ മൃഗങ്ങളും പക്ഷികളുമൊക്കെ കയറിവരും.

പുതിയ നോവലിന്റെ പണിപ്പുരയിലാണല്ലോ. അതിനെക്കുറിച്ച് ഞങ്ങളുടെ ആകാംക്ഷയെ ത്വരിതപ്പെടുത്തുന്ന എന്തെങ്കിലും ക്ലൂ? 

ഒന്നുമില്ല. മീശപോലായിരിക്കില്ല.

രസവിദ്യയുടെ ചരിത്രം എന്ന ആദ്യ സമാഹാരത്തിന്റെ പേരും ആ പേരിലുള്ള കഥയും അതില്‍ത്തന്നെ വലിയ ചുടുകാട് എന്ന കഥ, മീശ നോവല്‍ മൊത്തത്തില്‍ത്തന്നെയും സാമൂഹ്യ രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ടതാണല്ലോ? ചരിത്രം ഒരു ഇഷ്ടവിഷയമാണല്ലേ? 

അതെ. നോവല്‍പോലെ ചരിത്രം വായിക്കാനല്ല ചരിത്രം വായിക്കുന്ന കൗതുകത്തില്‍ നോവല്‍ വായിക്കാനാണിഷ്ടം. ചരിത്ര പുസ്തകങ്ങള്‍ അല്പം യാഥാര്‍ത്ഥ്യവും ബാക്കി ഭാവനയും കലര്‍ത്തിയ കല്പിത കഥകളാണ്. പി. ഭാസ്‌ക്കരനുണ്ണിയുടെ 19-ാം നൂറ്റാണ്ടിലെ കേരളം ഗംഭീര വര്‍ക്കാണ്. രാഷ്ട്രീയവും അതുപോലെയാണ്. ഒരു നോവലിലേതിനേക്കാള്‍ സംഭവബഹുലതകളും ഉഗ്രന്‍ കഥാപാത്രങ്ങളും അവിടെയുണ്ട്. യോഗി ആദിത്യനാഥ്, ട്രമ്പ്, കിം ജോങ്ങ് ഉന്‍ തുടങ്ങിയവരൊക്കെ എന്ത് വിചിത്ര കഥാപാത്രങ്ങളാണ്. 

പരമലളിതമായ ഒരു കാര്യം നിര്‍വ്വഹിക്കുന്നതിന് മനുഷ്യനുണ്ടാക്കിയ നൂലാമാലകളെക്കുറിച്ച് ലൈംഗിക സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തി ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട് നിര്യാതരായി എന്ന കഥയില്‍. മലയാളിയുടെ കപടസദാചാരത്തേയും ലൈംഗിക സംബന്ധിയായ വിഷയങ്ങളിലെ ഇരട്ടത്താപ്പിനേയും എങ്ങനെ കാണുന്നു?
 
അതൊക്കെ ധാരാളം നമ്മള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്. സദാചാരത്തില്‍ പൊതിഞ്ഞതാണ് നമ്മുടെ ജീവിതവും കലയും. പക്ഷേ, ഗ്ലോബലൈസേഷനുശേഷം ജനിച്ച പുതിയ തലമുറ അതിനെയൊക്കെ മറികടക്കും. നമ്മുടെ പ്രായക്കാരിലാണ് കപടസദാചാരവും വര്‍ഗ്ഗീയതയുമൊക്കെ മുറ്റിനില്‍ക്കുന്നത്. കുറച്ചുകൂടി വിശാലമായ ആണ്‍-പെണ്‍ സൗഹൃദങ്ങളാണ് പുതിയ പിള്ളേര്‍ക്കുള്ളത്. അവരും പിന്നാലെ വരുന്ന തലമുറയുമൊക്കെ വരുമ്പോള്‍ ആര്‍ഷഭാരത സദാചാരം തന്നെ ഇല്ലാതായിക്കോളും.

ലോക്ഡൗണ്‍ കാലത്ത്, അതിനു മുന്‍പുള്ള ചില കാര്യങ്ങളില്‍ വന്ന മാറ്റങ്ങളെ പരിഹാസരൂപേണ താരതമ്യം ചെയ്യുന്ന താങ്കളുടെ ഒരു ഫേസ്ബുക്ക് കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. കൊറോണാനന്തര ലോകത്തെ മനുഷ്യജീവിതവും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും എങ്ങനെയാവും എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍?  

എനിക്കു തോന്നുന്നത് എന്തു സംഭവിച്ചാലും മനുഷ്യസ്വഭാവത്തിലും ജീവിതത്തിലും കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നാണ്. മറിച്ചൊക്കെ നമുക്ക് ആ സമയത്ത് തോന്നുന്നതാണ്. പെട്ടെന്നുതന്നെ നമ്മള്‍ പഴയതുപോലെ ജീവിച്ചു തുടങ്ങി. എന്നാലും ചില തിരിച്ചറിവുകള്‍ തന്ന കാലഘട്ടമാണത്.

മീശയുടെ പരിഭാഷ വന്നതിനു പിന്നാലെ താങ്കളുടെ പുറത്തുവന്നിട്ടുളള എല്ലാ പുസ്തകങ്ങളുടേയും ഇംഗ്ലീഷ് പരിഭാഷ വന്നല്ലോ. വരാന്‍ പോകുന്ന നോവലും ഇറങ്ങിയാലുടന്‍ പരിഭാഷപ്പെടാനുള്ള സാധ്യതയുണ്ട്. അപ്പോള്‍ നീണ്ടൂരില്‍നിന്ന് ഇന്റര്‍നാഷണല്‍ ലെവലിലേയ്ക്ക്, ലോകഭാഷയിലേയ്ക്കുള്ള ഒരു മാറ്റമാണ്. വിശാലമായ ആ ഒരു വായനാ സമൂഹത്തെക്കുറിച്ചുള്ള വിചാരം ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റേയും ഭാവിരചനകളുടേയും പ്രമേയത്തേയും ആഖ്യാനത്തേയും സ്വാധീനിക്കാന്‍ ഇടയുണ്ടോ?  

ഒരിക്കലുമില്ല. ഞാനൊരു മലയാളി എഴുത്തുകാരന്‍ മാത്രമാണ്. നമ്മുടെ മട്ടിലെഴുതുന്നത് അന്യഭാഷക്കാരും ആസ്വദിച്ചാല്‍ പെരുത്ത സന്തോഷമുണ്ടാകുമെന്നു മാത്രം.

ആറോ ഏഴോ മാസത്തെ ആസൂത്രണത്തിനുശേഷം സ്‌കൂള്‍ മൂത്രപ്പുരയുടെ അധികമാരും ശ്രദ്ധിക്കാത്ത പിന്നിലെ ഭിത്തിയില്‍ നൂറുപൂക്കള്‍ വിരിയട്ടെ എന്നെഴുതിയ ചെറുപ്പക്കാരന്‍ കഥാപാത്രമുണ്ട് ആദം എന്ന കഥയില്‍. അതേ കഥയില്‍ത്തന്നെ മത്തായി മാഞ്ഞൂരാന്റെ സിംഹഗര്‍ജ്ജനം പോലുള്ള ശബ്ദവും ഭീമാകാരന്മാരായ പട്ടികളുടെ കുരയും തമ്മില്‍ ഉപമാലങ്കാരം കൊണ്ട് കൂട്ടിക്കെട്ടുന്നുണ്ട്. വിക്ടര്‍ എന്ന പൊലീസ് നായ മുന്‍പിലും മന്ത്രി പിന്നിലും നടക്കുന്ന ചിത്രം ആരാണ് മിടുക്കന്‍ എന്ന അടിക്കുറിപ്പോടെ പിറ്റേന്നത്തെ പത്രത്തിന്റെ ഒന്നാംപേജില്‍ വന്നെന്ന മറ്റൊരു പരാമര്‍ശവും അതേ കഥയില്‍ത്തന്നെയുണ്ട്. മാവോയിസ്റ്റ് എന്ന കഥയിലാവട്ടെ, തങ്ങളുടെ പരമ്പരാഗതമായ ആചാരപ്രകാരം തടിപ്പലകകളും തുണിയുംകൊണ്ട് കമ്യൂണിസ്റ്റുകാര്‍ അടുത്തിടെ സ്ഥാപിച്ച, ആകാശത്തേയ്ക്ക് മുനകൂര്‍ത്ത രക്തസാക്ഷിമണ്ഡപം പോത്തിനെക്കൊണ്ട് ചവിട്ടിമെതിപ്പിക്കുന്നുണ്ട്. ടാറിട്ട റോഡിലൂടെ പോത്തുകള്‍ നടന്നുവരുന്നത്, പട്ടാളം മാര്‍ച്ചു ചെയ്ത് വരുന്ന ശബ്ദമെന്നു പേടിപ്പിച്ച് പാവപ്പെട്ട നക്‌സലൈറ്റുകളെ ഓടിക്കുന്നത് ആ കഥയില്‍ തന്നെയാണ്. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളോട്, ജനപ്രതിനിധികളോടൊക്കെ പൊതുവിലും ഇടതുപക്ഷ ആശയങ്ങളോട് വിശേഷിച്ചും ഒരു വിപ്രതിപത്തി മിക്ക കഥകളിലും ഉണ്ടല്ലോ? വല്ലാത്ത ഒരു പരിഹാസം? എന്നാല്‍, പൊതുജീവിതത്തില്‍ പലപ്പോഴും ഇടതു ലിബറല്‍ ഇടത്തുനിന്നുള്ള താങ്കളുടെ നിലപാടുകളും കാണാം. യഥാര്‍ത്ഥത്തില്‍ സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ താങ്കളുടെ രാഷ്ട്രീയ ആകുലതകള്‍, നിലപാടുകള്‍ എന്തൊക്കെയാണ്?  

തെരഞ്ഞെടുപ്പുകളില്‍ മിക്കവാറും ഇടതുപക്ഷത്തിനും വല്ലപ്പോഴും കോണ്‍ഗ്രസ്സിനും വോട്ട് ചെയ്യുന്നയാളാണ് ഞാന്‍. എന്തു കുഴപ്പം പറഞ്ഞാലും കേരളത്തില്‍ ഇവര്‍ രണ്ട് കൂട്ടരും നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നു കരുതുകയും ചെയ്യുന്നു. ഇപ്പോള്‍ ഹിന്ദുവര്‍ഗ്ഗീയതയുടെ വലിയൊരു കുതിപ്പ് ഇവിടെ സംഭവിക്കുന്നുണ്ട്. അതിനെ തടഞ്ഞുനിര്‍ത്താന്‍ താരതമ്യേന മതേതരബോധമുള്ള എല്‍.ഡി.എഫും യു.ഡി.എഫും തകര്‍ന്നു പോകാതിരിക്കേണ്ടതുണ്ട്. എങ്കിലും ശബരിമല വിഷയത്തിലൊക്കെ സംഘപരിവാര്‍ കെണിയില്‍ ചെന്നുചാടിയിട്ടുണ്ട് കോണ്‍ഗ്രസ്. യാഥാസ്ഥിതിക മൂല്യങ്ങള്‍ സംരക്ഷിക്കുന്നത് വലതുപക്ഷം, മാറ്റത്തിനുവേണ്ടി നിലകൊള്ളുന്നത് ഇടതുപക്ഷം എന്ന വിശാല അര്‍ത്ഥത്തിലാണെങ്കില്‍ ഇടതുപക്ഷമെന്ന് പറയാനാണ് ഞാനിഷ്ടപ്പെടുന്നത്. പക്ഷേ, കമ്യൂണിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കാനെന്നു പറഞ്ഞു ലോകമെമ്പാടും നടന്ന ശ്രമങ്ങള്‍ തികഞ്ഞ ഏകാധിപത്യത്തിലും കൂട്ടക്കുരുതികളിലുമാണ് അവസാനിച്ചത്. മനുഷ്യന്‍ കണ്ടുപിടിച്ചതില്‍ ഭേദപ്പെട്ട ഭരണവ്യവസ്ഥിതി ജനാധിപത്യമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ, അതുമിപ്പോള്‍ വേറൊരു പ്രതിസന്ധിയിലാണെന്നു പറയാം. ജനങ്ങള്‍ തന്നെ ഏകാധിപതികളേയും ശാസ്ത്രവിരുദ്ധരേയും മതവാദികളേയും വോട്ടുചെയ്ത് തെരഞ്ഞെടുക്കുന്നു. അവരുടെ 56 ഇഞ്ച് ആണത്ത ഘോഷണങ്ങളും സൈനിക മഹത്ത്വവല്‍ക്കരണവും സങ്കുചിത ദേശീയവാദങ്ങളും ആര്‍പ്പിട്ട് സ്വീകരിക്കുന്നു. ഇന്ത്യയിലാണെങ്കില്‍ പട്ടിണികിടന്നാലും വേണ്ടില്ല മതം മതിയെന്ന അവസ്ഥയാണ്. കൂടുതല്‍ സ്വാതന്ത്ര്യത്തിനു പകരം കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കുവേണ്ടി ജനങ്ങളും മാദ്ധ്യമങ്ങളും വാദിക്കുന്നത് എന്തു കഷ്ടമാണ്. ഇന്ത്യനവസ്ഥയില്‍ എനിക്കൊരു പ്രതീക്ഷയുമില്ല. പിള്ളേരുടെ കാലത്തെങ്ങാനും വല്ല മാറ്റവും സംഭവിച്ചാലായി. ഒരു വള്ളത്തില്‍ യമഹാ എന്‍ജിന്‍ പിടിപ്പിച്ച് വേമ്പനാട്ട് കായല്‍വഴി കൊച്ചി അഴിമുഖത്തെത്തി അറബിക്കടല്‍ കുറുകെ കടന്നു നമുക്കു രക്ഷപ്പെട്ടാലോ?

വിവാദകാലത്ത് ഒപ്പം വെന്തത് കുടുംബമായിരുന്നല്ലോ. ഈ പുരസ്‌കാരലബ്ധിയില്‍ അവരുടെ പ്രതികരണമെങ്ങനെ? കുടുംബത്തെക്കുറിച്ചുകൂടി പറയൂ. 

എന്നേക്കാള്‍ സന്തോഷത്തിലാണ് അവര്‍. സാമ്പത്തികമായി പൊളിഞ്ഞുപോയ ഒരു റേഷന്‍ കടക്കാരനായിരുന്നു എന്റെ അച്ഛന്‍. ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ സന്തോഷമായേനെ. അമ്മയും ഒരു പെങ്ങളുമുണ്ട്. ഭാര്യ വിവേക ഒരു അണ്‍ എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപികയാണ്. രണ്ട് മക്കള്‍: ബാലു, കേശു.

ഹരീഷ് എന്ന മികച്ച വായനക്കാരന്, എസ്. ഹരീഷ് എന്ന എഴുത്തുകാരനെക്കുറിച്ചുള്ള അഭിപ്രായമെന്താണ്?
  
അതു തുറന്നുപറഞ്ഞ് ഉള്ള വിലകൂടി കളയണോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com