അടൂരിന്റെ കഥാപാത്രങ്ങള്‍; അജയനും കുഞ്ഞുണ്ണിയും

ഞാനെന്തുകൊണ്ട് ഇങ്ങനെയായി എന്ന അജയന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് അനന്തരത്തിന്റെ പ്രമേയം
അടൂർ ​ഗോപാലകൃ‌ഷ്ണൻ/ ഫോട്ടോ: ഷിജിത് ശ്രീധർ
അടൂർ ​ഗോപാലകൃ‌ഷ്ണൻ/ ഫോട്ടോ: ഷിജിത് ശ്രീധർ

ഥപറച്ചിലിനെക്കുറിച്ചുള്ള കഥ. അടൂര്‍ ഗോപാലകൃഷ്ണന്‍ അനന്തരത്തെ വിശേഷിപ്പിക്കുന്നത്  അങ്ങനെയാണ്. മാനസിക വിഭ്രാന്തിയുടെ വക്കിലെത്തിയ ലോലഹൃദയനായ ഒരു ചെറുപ്പക്കാരന്‍ തന്റെ സ്വന്തം കഥപറഞ്ഞ ചിത്രമാണ് അനന്തരം. നായകനായ അജയന്‍ തിരശ്ശീലയിലെത്തുന്നത് തന്റെതന്നെ കഥ പറഞ്ഞുകൊണ്ടാണ്:

ദൃശ്യം 2സമീപദൃശ്യം
ഒന്നൊന്നര വയസ്സുള്ള ഒരാണ്‍കുട്ടി വാശിപിടിച്ചു കരയുകയാണ്. തുടര്‍ന്ന് അതിനുപരി യുവാവായ അജയന്റെ ശബ്ദം: 
'എന്റെ പേര് അജയന്‍. അജയകുമാറെന്നും വിളിക്കാറുണ്ട്. എന്റെ അച്ഛനോ അമ്മയോ ഇട്ട പേരല്ലിത്. കാരണം, അറിയപ്പെടുന്ന ഒരച്ഛനോ അമ്മയോ എനിക്കില്ല.'
അജയന്‍ തന്റെ കഥ പറഞ്ഞുതുടങ്ങുന്നതിങ്ങനെയാണ്. മുന്നൂറ്റിപ്പതിന്നാലാം ദൃശ്യത്തിലെത്തുമ്പോള്‍ ചിത്രത്തിന്റെ ഇടവേളയാണ്. ആ ദൃശ്യത്തില്‍ അജയന്റെ സ്വഗതം:

314മധ്യദൃശ്യം
ഇപ്പോള്‍ വെന്റിലേറ്ററുകള്‍ക്കു പിന്നില്‍ ചെറിയൊരാള്‍ക്കൂട്ടംതന്നെ നിരന്നിട്ടുണ്ട്. 'ആകാംക്ഷാ'രഹിതമാണ് അവരുടെ മുഖം. അജയന്റെ സ്വഗതം കേട്ടുതുടങ്ങി:
'ഈ കഥ ഇവിടെ അവസാനിക്കുന്നില്ല. പലതും പറയാന്‍ വിട്ടുപോയെന്നു തോന്നുന്നു.'
സിനിമ അവസാനിക്കുന്നത് എഴുനൂറ്റിനാല്‍പ്പത്തിയാറാം ദൃശ്യത്തിലാണ്. അതിനു തൊട്ടുമുന്‍പുള്ള ദൃശ്യത്തിലും അജയന്‍ കഥപറച്ചില്‍ തുടരുകയാണ്.

745മധ്യസമീപദൃശ്യം
ബാലു അവനെ പൂണ്ടടക്കം പിടിച്ചു. 
'അജയാ...!'
ആ വിളിയില്‍ സങ്കടവും നിസ്സഹായതയും നിരോധനാജ്ഞയും എല്ലാമുണ്ടായിരുന്നു. ബാലു അവനെ ബലമായി പുറത്തേക്കു തള്ളിക്കൊണ്ടുപോയി. അജയന്‍ ശക്തമായി പ്രതിഷേധിച്ചു:
'എന്നെ വിടൂ...'
അജയന്‍ നിലവിളിച്ചു കരയാന്‍ തുടങ്ങി:
'വിടാന്‍...'
'ഭയവും ദുഃഖവും സംഭ്രമവും എല്ലാം ചേര്‍ന്ന് സുമ ആകെ അവശയായി നോക്കിനില്‍ക്കെ അടുത്ത മുറിയിലേക്ക് അജയനെ തള്ളിക്കേറ്റി ബലത്തില്‍ ഉച്ചത്തില്‍ വാതിലടക്കുന്ന ശബ്ദവും അതോടൊപ്പം ഉയര്‍ന്ന അജയന്റെ നിലവിളികളും പിന്നെ വിങ്ങിവിങ്ങിയുള്ള കരച്ചിലും കേള്‍ക്കായി. അകലെ എങ്ങോ ഒരു രാപ്പാടിയിരുന്ന് ചിലക്കുന്നുണ്ടായിരുന്നു. ഒപ്പം അജയന്റെ കഥ തുടര്‍ന്നു കേട്ടു:
'ഈ കഥയ്ക്ക് ഇനിയും പൂര്‍ണ്ണത കൈവന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല...'
അവസാന ദൃശ്യത്തിലും അജയന്റെ വലിയ സംശയം അവസാനിക്കുന്നില്ല.

746ദൂരദൃശ്യം
കുത്തനെ അനേകം പടികളോടെയുള്ള ആറ്റുകടവ്. അവിടെ പടവുകളുടെ ഉച്ചിയില്‍നിന്ന് എട്ടുവയസ്സുകാരന്‍ അജയന്‍ പടികള്‍ ഒന്ന്, മൂന്ന്, അഞ്ച് എന്ന ക്രമത്തില്‍ എണ്ണി താഴേക്കിറങ്ങുകയാണ്. അപ്പോള്‍ അജയന്‍ കഥപറയുന്നത് തുടര്‍ന്നു കേട്ടു:
'ഓര്‍ക്കാത്തതും പറയാത്തതും ഇനിയും ഉണ്ടെന്നു തോന്നുന്നു...'

ഒരിക്കലും അവസാനിക്കാത്തൊരു കഥയാണ് അനന്തരത്തില്‍ അജയന്റേത്. അജയന്‍ എന്ന കഥാപാത്രത്തിന്റെ സങ്കീര്‍ണ്ണ സ്വഭാവം മനസ്സിലാക്കിയിട്ടും അവന് എന്തൊക്കെയോ ഇനിയും പറയാനുണ്ടെന്നും അതു കേള്‍ക്കാന്‍ തയ്യാറാണെന്നും പ്രേക്ഷകര്‍ തീരുമാനമെടുത്തു പിരിയുന്ന സമാപ്തിയാണ് ചിത്രത്തിന്റേത്. ബാലനായ അജയന്‍ കുളിക്കടവിന്റെ പടവുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചവിട്ടിക്കയറുകയും ഇറങ്ങുകയും ചെയ്ത് ഒടുവില്‍ താഴെയറ്റത്തെ പടിയിലെത്തി മുകളിലേക്കു നോക്കുമ്പോള്‍ സിനിമ അവസാനിക്കുകയാണ്. പക്ഷേ, അജയന്‍ തന്റെ കഥ തുടരുന്നു. പ്രേക്ഷകരുടെ മനസ്സില്‍ അജയന്റെ ചരിത്രം ഒരു കടങ്കഥപോലെ വന്നു നിറയുകയാണ് വീണ്ടും.

അനന്തരത്തിൽ അശോകനും മമ്മൂട്ടിയും
അനന്തരത്തിൽ അശോകനും മമ്മൂട്ടിയും

അനന്തരത്തിന്റെ ചലച്ചിത്രസ്വരൂപം ക്ലിഷ്ടമാണെന്ന് ആദ്യകാഴ്ചയില്‍ തോന്നിയേക്കാം. രണ്ടാം കാഴ്ചയില്‍ ഇങ്ങനൊരു കഥാപാത്രമോ എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. മൂന്നാം കാഴ്ചയിലാവട്ടെ, ഉള്ളുലയ്ക്കുന്ന ഒരനുഭവമായി മാറുന്നു. ലോകസിനിമയിലാകെ അജയനെപ്പോലൊരു കഥാപാത്രത്തെ കണ്ടുമുട്ടാനാവില്ലെന്നു നമുക്ക് ബോധ്യമാകുന്നു.

ഫ്രാന്‍സില്‍ നവസിനിമയ്ക്ക് വഴിയൊരുക്കിയ, നവസിനിമയെ നയിച്ച ഗൊദാര്‍ദ് ഒരിക്കല്‍ പറഞ്ഞു:
'Cinema is the most beautiful fraud in the world.'

വഞ്ചനയെന്നോ തട്ടിപ്പെന്നോ നെറികേടെന്നോ ഉള്ള അര്‍ത്ഥമല്ല അതിന്റേത്. സൗന്ദര്യാത്മക പ്രക്രിയ എന്ന വ്യാഖ്യാനമാവും അതിനു യോജിക്കുക. 'മൈ ലൈഫ് ടു ലിവ്', 'ബ്രെത്‌ലെസ്സ്' തുടങ്ങിയ ചിത്രങ്ങളില്‍ ഗൊദാര്‍ദ് അത് തെളിയിച്ചിട്ടുണ്ട്. സിനിമയുടെ ഘടനയെ സംബന്ധിച്ചുള്ള ഗൊദാര്‍ദിന്റെ നിരീക്ഷണവും ശ്രദ്ധേയമാണ്:

'A story should have a beginning, a middle and an end..but not necessarily in that order.'

സിനിമയുടെ ഘടനയെ സംബന്ധിക്കുന്ന വിഭ്രമാത്മക സമീപനമാണിത്. കാണികളെ സംഭ്രാന്തരാക്കുകയും ഒടുവില്‍ അസ്വസ്ഥതയിലേക്കു നയിക്കുകയും ചെയ്യുന്ന അവസ്ഥ. മൗലിക ചലച്ചിത്രപ്രതിഭയായ ഗൊദാര്‍ദിന്റെ ഈ 'നറേറ്റീവ് തിയറി' ഒട്ടേറെ വാഴ്ത്തപ്പെടുകയും ചെയ്തിട്ടുണ്ട്. 

ബെര്‍ഗ്മാന്റെ ആമുഖം ചൊല്ലിയുള്ള കഥപറച്ചിലും യഥാതഥ ചിത്രീകരണ നിരാസവും ഉത്തരാധുനിക ശൈലിയുടെ ഉദാഹരണങ്ങളായാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. അടൂര്‍ ഗോപാലകൃഷ്ണനിലേക്കെത്തുമ്പോള്‍ രണ്ടും ചേര്‍ന്നുള്ള തീര്‍ത്തും വ്യത്യസ്തമായ സമീപനമാണ് അനന്തരത്തില്‍ കാണുക. ഉപബോധ അബോധ മനസ്സുകളുടെ മിശ്രരൂപകമായി അജയന്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു. ഒരു വ്യക്തിത്വം മറ്റൊരു വ്യക്തിത്വത്തെ ഉള്‍ക്കൊള്ളുന്ന ഭ്രമജനകമായ അവസ്ഥ. അല്ലെങ്കില്‍ ഒന്ന് മറ്റൊന്നിനെ കീഴടക്കുന്നു. അങ്ങനെ ഒരു വ്യക്തിക്ക് ഒന്നിലേറെ മുഖങ്ങള്‍. 

 സിനിമയുടെ തുടക്കത്തില്‍ കഥപറഞ്ഞു തുടങ്ങുന്ന അജയനില്‍നിന്ന്, ഇടവേളയ്ക്കു തൊട്ടുമുന്‍പ് കഥ ഇവിടെ അവസാനിക്കുന്നില്ല, പലതും പറയാന്‍ വിട്ടുപോയെന്നു തോന്നുന്നു എന്നു പറയുന്ന അജയനിലേക്ക് എത്തുമ്പോള്‍ ആ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ ഏതാണ്ട് പൂര്‍ണ്ണമായും പ്രേക്ഷകര്‍ക്ക് വ്യക്തമാകുന്നുണ്ട്. അസാമാന്യമായ കയ്യടക്കം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള 'നറേറ്റീവ് തിയറി'യാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സമര്‍ത്ഥമായി നിറവേറ്റിയിട്ടുള്ളത്. അജയന്‍ എന്ന കഥാപാത്രത്തെ വികസിപ്പിച്ചെടുക്കുന്നത് നാം കണ്‍മുന്നില്‍ കാണുകയാണ്. അത്തരം സന്ദര്‍ഭങ്ങള്‍ ഒട്ടേറെയുണ്ട്. ആശുപത്രിയില്‍ ഒന്നരവയസ്സ് പ്രായമായ അജയനെ കളിപ്പിക്കാനായി നേഴ്‌സ് കൊണ്ടുവരുന്ന പാവയെ, ഡസ്‌കിനു മുകളില്‍ ഇരുന്ന ചെറുകാര്‍ കയ്യെത്തിപ്പിടിച്ച് അതിന്റെ പുറത്തടിക്കുന്നതില്‍ തുടങ്ങുന്നു അതിസൂക്ഷ്മമായ പാത്രനിര്‍മ്മിതി. ക്ലാസ്സില്‍ ഹാജര്‍ വിളിക്കുന്ന അധ്യാപകനുമായുള്ള സംസാരവും ചോദ്യങ്ങള്‍ക്കു നല്‍കുന്ന ഉത്തരങ്ങളുമാണ് മറ്റൊരു രംഗം. ഓട്ടമത്സരത്തില്‍ പാതിയോടി, പിന്നെ തിരിഞ്ഞോടി, വീണ്ടും മുന്നോട്ടോടി ഒന്നാം സ്ഥാനത്തെത്തുന്ന അജയന്‍ ഡ്രില്‍മാസ്റ്ററുമായി തന്റെ വിജയത്തെപ്പറ്റി തര്‍ക്കിക്കുന്നിടത്ത്, ഉത്സവപ്പറമ്പിലെ ചൂതുകളി സ്ഥലത്ത് ചാട്ടുളിയെറിഞ്ഞ് മികവുകാട്ടുന്ന രംഗങ്ങളില്‍, അറുപത്തിയൊന്‍പത് എണ്ണുന്നതുവരേയും വെള്ളത്തില്‍ മുങ്ങിക്കിടന്ന് കൂട്ടുകാരെ പേടിപ്പിക്കുന്ന ഘട്ടത്തില്‍, പാട്ടുപഠിപ്പിക്കാനെത്തുന്ന സ്വാമിക്കൊപ്പം പ്രഥമപാഠം വിജയകരമായി പൂര്‍ത്തിയാക്കുന്നിടത്ത്, പിന്നെ സതീര്‍ത്ഥ്യയായ ലതയുടെ പുസ്തകത്തിനുള്ളില്‍ വെച്ച് പ്രണയലേഖനം അവള്‍ക്ക് കൈമാറുന്നതുവരെയുമുള്ള ദൃശ്യങ്ങളിലൂടെ അജയന്‍ എന്ന കൗമാരക്കാരന്‍ പ്രേക്ഷകരോട് സംവദിച്ചു മുന്നേറുകയാണ്.

അജയന്റെ ബാല്യകാല ചിത്രീകരണരംഗങ്ങളിലാണ് അവന്റെ ഗുപ്തവും ബഹുമുഖവുമായ വ്യക്തിത്വത്തിന്റെ രഹസ്യം ചുരുളഴിയുന്നത്. ഉപബോധമനസ്സില്‍ കനലുകളായി കിടന്ന് പിന്നീട് യുവത്വത്തിലെത്തുമ്പോള്‍ ആളിക്കത്തുന്ന അനുഭവങ്ങളായിരുന്നു ബാല്യകാലത്ത് അജയനു നേരിടേണ്ടിവന്നത്.

അനന്തരത്തിൽ നിന്നുള്ള ദൃശ്യം
അനന്തരത്തിൽ നിന്നുള്ള ദൃശ്യം

ദൃശ്യം:364സമീപദൃശ്യം
ഡിസ്‌പെന്‍സറിയില്‍, മേശപ്പുറത്ത് തലചായ്ച്ച് ഉറങ്ങിയിരുന്ന കമ്പോണ്ടറുടെ കൂര്‍ക്കത്തിന്റെ താളവും സ്വരവും വ്യത്യസ്തമായിരുന്നു. അയാളുടെ പിന്നില്‍, തുറന്ന വാതിലില്‍ക്കൂടി കണ്ടിരുന്ന പുറംവരാന്തയില്‍ അജയന്റെ കൊച്ചുകാലുകള്‍ കാണായി. അവന്‍ ആ വഴി നടന്നപ്പോള്‍ കേട്ട കൂര്‍ക്കംവലിയുടെ പ്രത്യേകതയാവാം അങ്ങോട്ടു തിരിയാന്‍ പ്രേരകമായത്. വൃദ്ധനു തൊട്ടുപിന്നില്‍ അവന്‍ ഒട്ടുനേരം നിന്നു. അവന്റെ മുഖത്ത് ഒരു കുസൃതിച്ചിരി പരന്നു. പിന്നെ പതുക്കെ കുനിഞ്ഞ് അവന്‍ വൃദ്ധന്റെ ചെവിക്കുള്ളിലേക്ക് ഒരു കൂവല്‍. അയാള്‍ ഞെട്ടിയുണര്‍ന്നു. അജയന്‍ പുറത്തേക്കോടി.
'ഡേയ്...' 
വൃദ്ധന്‍ കോപിഷ്ഠനായി അവന്റെ പിന്നാലെ ഓടി. 
'നില്ലവിടെ...' 
അയാള്‍ ഗര്‍ജ്ജിച്ചു.

365മധ്യദൃശ്യം
ചെടികള്‍ അതിര്‍ത്തിനിന്ന മുറ്റത്തിന്റെ അരികുചേര്‍ന്ന്, അജയന്‍ വേഗംകുറച്ചു നിന്നു. പിന്നാലെ ഓടിവന്ന വൃദ്ധന്‍ കയ്യെത്തി ഒരു മരച്ചില്ല ഒടിച്ചെടുത്തു. എന്നിട്ട് വര്‍ദ്ധിച്ച കോപത്തോടെ വിളിച്ചു:
'എടാ തന്തയില്ലാത്തോനേ...'
അജയന്‍ ഭയന്നുവിറച്ചു. അവന്‍ വിങ്ങിക്കരയാന്‍ തുടങ്ങി. കമ്പോണ്ടര്‍ അവനെ പിടിച്ചുവലിക്കുന്നതിനിടയില്‍ പുലമ്പി:
'നിന്നെ ഇന്നു ഞാന്‍ ശരിയാക്കും.'
മറ്റൊരു രംഗം

391സമീപദൃശ്യം
ബാലു പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നു.
392സമീപദൃശ്യം
അജയന്‍ പെട്ടെന്ന് ഓര്‍ത്തിട്ടെന്നപോലെ വിളിച്ചു:
'ബാലുവേട്ടാ...'
ബാലു മറുപടി മൂളി.
അജയന്‍: 'കടവിലെറങ്ങുമ്പം സൂക്ഷിക്കണം.'
393സമീപദൃശ്യം
ബാലു ചോദിച്ചു: 'അതെന്താ?'

394സമീപദൃശ്യം
അജയന്‍: 'വെള്ളത്തിന്റടീല് ജലപ്പിശാചൊണ്ട്.'
395സമീപദൃശ്യം
ബാലു: 'എന്തോന്നുണ്ടെന്നാ?'
396സമീപദൃശ്യം
അജയന്‍: 'ഇന്നാള് അമ്പലക്കടവില് ഒരു സ്ത്രീ മുങ്ങിച്ചത്തു.'

397സമീപദൃശ്യം
ബാലു അവന്‍ പറയുന്നത് ശ്രദ്ധിക്കയാണ്.
'നമ്മള് കുളിക്കാനെറങ്ങുമ്പം അവര് ജലപ്പിശാചായിട്ടു വന്ന് കാലേപ്പിടിച്ച് താഴോട്ടു വലിക്കും.'
ബാലു: 'ആരാ നീന്നെയീ വേണ്ടാത്തതൊക്കെ പറഞ്ഞ് പേടിപ്പിച്ചിരിക്കുന്നത്?'
വീട്ടിലെ ജോലിക്കാരായ രാമന്‍നായര്‍, ഡ്രൈവര്‍ മത്തായി, കമ്പോണ്ടര്‍ എന്നീ വൃദ്ധരായ ത്രിമൂര്‍ത്തികളോടായിരുന്നു അജയന്റെ ബാല്യകാല ചങ്ങാത്തം. അവരോടുള്ള ഏറ്റുമുട്ടലുകളും അവന്റെ കഥാപാത്ര രൂപീകരണത്തെ ഏറെ സ്വാധീനിച്ചു. മൂവര്‍ സംഘത്തിന്റെ ചെയ്തികള്‍ സ്വയം അന്യവല്‍ക്കരിക്കപ്പെടുന്നവനാകുന്നതിന്റെ ഒരു ഘട്ടത്തിലേക്ക് മെല്ലെ അജയനെ അടുപ്പിക്കുകയായിരുന്നു. 

ദൃശ്യം:437സമീപദൃശ്യം
രാത്രി. അജയന്റെ കട്ടിലിനു പിന്നിലുള്ള ജനാലയിലൂടെ പുറത്ത് ഇരച്ചുപെയ്യുന്ന മഴ കാണാം. അപ്പോള്‍ പുരുഷശബ്ദത്തിലുള്ള ഒരു പൊട്ടിച്ചിരി കേള്‍ക്കായി. അജയന്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. മെല്ലെ പുതപ്പ് എടുത്തുമാറ്റി അവന്‍ എഴുന്നേറ്റു. 

438സമീപദൃശ്യം
അജയന്‍ ചിരികേട്ട ദിക്കിലേക്ക് പതുക്കെ നടന്നു. അല്പം തുറന്നുകിടന്ന മുറിയുടെ വാതില്‍ വിടവിലൂടെ അവന്‍ സ്വീകരണമുറിയും അവിടെനിന്നു തളത്തിലേക്കിറങ്ങുന്ന വരാന്തയും കടന്ന് ശബ്ദമുണ്ടാക്കാതെ നടന്നു.

439മധ്യദൃശ്യം
വരാന്തകള്‍ ചെന്നുമുട്ടുന്ന മൂലയ്ക്ക് അവര്‍ വട്ടമിട്ടിരിക്കുകയാണ്. കമ്പോണ്ടറും മത്തായിയും രാമന്‍ നായരും. അവര്‍ക്കു നടുവില്‍ കുപ്പിയില്‍ ചാരായമുണ്ട്. അതില്‍നിന്നു ശ്രദ്ധാപൂര്‍വ്വം ഔണ്‍സ് ഗ്ലാസ്സിലേക്കു നിറച്ച മദ്യവുമായി കയ്യുയര്‍ത്തിയ കമ്പോണ്ടര്‍ അങ്ങോട്ടു നടന്നടുത്ത അജയനെ ശ്രദ്ധിച്ചു. അയാളുടെ കൈ മെല്ലെ താഴ്ന്നു.

440സമീപദൃശ്യം
കമ്പോണ്ടര്‍ ഉറക്കെ അതിശയിച്ചു:
'ഈ കുഞ്ഞിന് ഒറക്കവുമില്ല്യോ?'
ഉടനെ അജയന്റെ ചോദ്യം വന്നു:
'എന്തോന്നാ അത്?'

441മധ്യദൃശ്യം
കമ്പോണ്ടര്‍ ചെറിയൊരു ചിരിയോടെ പറഞ്ഞു:
'ഇതോ ഇതൊരു മരുന്നാ.'
അജയന്‍ ആകാംക്ഷയോടെ ചോദിച്ചു:
'ആര്‍ക്കാ ദീനം?'

442സമീപദൃശ്യം
കമ്പോണ്ടര്‍ എന്തു മറുപടി പറയണമെന്ന് ആലോചിക്കുമ്പോഴേക്ക് മത്തായിയുടെ വിശദീകരണം വന്നു:
'എല്ലാര്‍ക്കും ദീനമാ കുഞ്ഞേ...'

443മധ്യദൃശ്യം
അജയന്‍ അവരോടൊപ്പം നിലത്തിരുന്നു. എന്നിട്ടവന്‍ നിഷ്‌കളങ്കനായി ചോദിച്ചു:
'ഇത് എന്തോ ദീനത്തിനുള്ള മരുന്നാ?'
വൃദ്ധന്മാര്‍ മറുപടി പറയാതെ പരസ്പരം നോക്കി.

444സമീപദൃശ്യം
അജയന്‍ മറുപടിക്കുവേണ്ടി കാക്കുകയാണ്.
അപ്പോള്‍ കമ്പോണ്ടറുടെ ശബ്ദം കേട്ടു:
'വാ തൊറക്ക്...'

445  മധ്യദൃശ്യം
അടുത്തേക്കു നീങ്ങി വാ പൊളിച്ചിരുന്ന രാമന്‍നായരുടെ വായിലേക്ക് ദ്രാവകം ഒഴിച്ചുകൊടുക്കുന്നതിനിടയില്‍ കമ്പോണ്ടര്‍ ചെറിയൊരു ചിരിയോടെ പറഞ്ഞു:
'ഇത് ഞങ്ങളുടെ ദുഃഖം മാറാനുള്ള മരുന്നാ...'

446സമീപദൃശ്യം
അജയന്‍ കെഞ്ചി:
'എനിക്കൂടെ ഇച്ചിരി തരുവോ?'

447സമീപദൃശ്യം
കമ്പോണ്ടര്‍ അന്വേഷിച്ചു:
'അതിനിപ്പം കുഞ്ഞിനെന്ത്വാ ദുഃഖം?'

448സമീപദൃശ്യം
അജയന്‍: 'ങാ.. എനിക്കുമൊണ്ട് ദുഃഖമൊക്കെ.'
ഉയര്‍ന്നുവന്ന ചിരിയിലും പ്രേക്ഷകന്റെ ഉള്ളുപൊള്ളിയ നിമിഷം... ആ ദുഃഖമാണ് നീറിപ്പടര്‍ന്ന് അജയനേയും അജയന്റെ യൗവ്വനത്തേയും വിഭ്രാന്തിയുടെ കാണാക്കയങ്ങളിലെത്തിച്ചത്. ബാല്യത്തില്‍നിന്ന് കൗമാരം കടന്ന് യൗവ്വനത്തിലെത്തുന്നതോടെ വിശകലനം ചെയ്യപ്പെടേണ്ടുന്ന തരത്തിലുള്ള ഒരു കഥാപാത്രമായി അജയനു മാറ്റം സംഭവിച്ചിരുന്നു. തീര്‍ത്തും സങ്കീര്‍ണ്ണമായ കഥാഘടനയെ സിനിമയുടെ അനന്തസാധ്യതകളിലൂടെ സ്ഫുടം ചെയ്തുകൊണ്ടുള്ള അവതരണരീതി അജയന്റെ ദുഃഖങ്ങളുടെ അന്വേഷണമായി മാറി. 

എലിപ്പത്തായത്തില്‍ എലിയുടെ യാത്രയുടെ ആവര്‍ത്തനംപോലെ അനന്തരത്തില്‍ തിരുവനന്തപുരത്ത് ഒരുവാതില്‍ക്കോട്ട എന്ന സ്ഥലത്തേക്കുള്ള ബസ് ട്രിപ്പുകളുടെ ആവര്‍ത്തനം ചിത്രീകരിച്ചത് കൗതുകം ജനിപ്പിച്ചിരുന്നു. സിനിമ മനസ്സിലാക്കുന്നതിന് ഒന്നിലധികം കാഴ്ചകള്‍ വേണ്ടിവന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ആദ്യകാഴ്ചയില്‍ ബസ് ട്രിപ്പുകളുടെ ആസ്വാദനം യാന്ത്രികമായി തോന്നി. വീണ്ടും കാണുമ്പോള്‍ അജയന്‍ എന്ന കഥാപാത്രത്തിന്റെ മാനസിക വിഭ്രാന്തിയുടെ കാഴ്ചയായി അതു മാറി. അജയന്‍ അനാഥനായി ജനിച്ചുവെങ്കിലും സനാഥനായാണ് വളര്‍ന്നത്. വളര്‍ച്ചയില്‍ ഡോക്ടര്‍ അങ്കിള്‍, ബാലുവേട്ടന്‍, വീട്ടിലെ മൂന്നു ജോലിക്കാര്‍, സന്ന്യാസിനി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പിന്നീട് ബാലുവേട്ടന്റെ ഭാര്യയായി വന്ന സുമ... സുമയുടെ വരവ് അവന്റെ മാനസികനിലയെ തകിടം മറിച്ചു. ചേട്ടന്റെ ഭാര്യയില്‍ കാമുകിയെ കണ്ടെത്താനുള്ള ശ്രമം... അതെത്തിച്ചത് ഒരു വാതില്‍ക്കോട്ടയിലേക്കുള്ള ബസ് ട്രിപ്പുകളുടെ ആവര്‍ത്തന ദൃശ്യങ്ങളിലേക്കാണ്... ശൈശവത്തില്‍ തുടങ്ങി യൗവ്വനത്തില്‍ അവസാനിപ്പിക്കുന്ന ഒരു കഥയുടെ ഏറ്റവും നിര്‍ണ്ണായകമായ മൂന്നു ഘട്ടങ്ങള്‍ അജയന്‍ എന്ന കഥാപാത്രത്തിന്റെ വികാസത്തിനു നിശ്ചയിക്കുവാനുള്ള കാരണങ്ങള്‍ തീര്‍ച്ചയായും ചലച്ചിത്രകാരനുണ്ടാവും.

അജയന്‍ ആരാണ്?
സ്വന്തം മാനസികാവസ്ഥകളാണോ അജയനിലേക്കുള്ള ദൂരം അളക്കുവാന്‍ പ്രേരിപ്പിച്ചത്? 
അടൂര്‍ ഗോപാലകൃഷ്ണന്റെ പക്കല്‍ ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങളുണ്ട്:

നമ്മില്‍ എല്ലാവരിലും രണ്ടു മനുഷ്യരുണ്ട്. ഒന്ന് ആന്തരികമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍. പിന്നെയൊന്ന്  ബാഹ്യമായിട്ട്. ഒരാള്‍ അന്തര്‍മുഖന്‍. മറ്റേയാള്‍ ബഹിര്‍മുഖന്‍. ദ്വിമാന സ്വഭാവം. ആവശ്യാനുസരണം അവര്‍ പ്രവര്‍ത്തിക്കും. അജയനിലെ ബഹിര്‍മുഖനാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. സാഹചര്യങ്ങള്‍ അവനെ അന്തര്‍മുഖനാക്കി മാറ്റുന്നു. 

യഥാര്‍ത്ഥത്തില്‍ രണ്ടും ഒന്നുതന്നെയാണ്. രണ്ടും ചേര്‍ത്തുവെച്ചു നോക്കുമ്പോള്‍ തുടര്‍ച്ചയായിട്ടുള്ള കഥയാണെന്നു ബോധ്യമാകും. പരസ്പരം പരിപോഷിപ്പിക്കുന്ന രീതിയിലുള്ള രണ്ട് സമീപനങ്ങള്‍. ഒന്ന് മറ്റൊന്നിനെ നിഷേധിക്കുന്നില്ല. അത്തരത്തിലുള്ള പ്രത്യേക ഘടനയാണ് ചിത്രത്തിന്റേത്. കഥാപാത്ര നിര്‍വ്വഹണത്തിന്റെ കാതല്‍ അതാണ്. അയാളെ സംബന്ധിച്ചിടത്തോളം ഈ ദ്വന്ദ്വസ്വഭാവം അയാളുടെ ജീവിതത്തില്‍ ആകമാനമുണ്ട്. കാരണം അയാള്‍ക്ക് അച്ഛനെപ്പോലെ ഒരാളുണ്ട്. പക്ഷേ, അച്ഛനല്ല. സഹോദരനെപ്പോലെ ഒരാളുണ്ട്. പക്ഷേ, സഹോദരനല്ല. കാമുകിയെപ്പോലെ ഒരാളുണ്ട്. പക്ഷേ, കാമുകിയല്ല. ഇങ്ങനെ പോകുന്നു ആണെന്നുള്ള തോന്നലുകള്‍. ഒരേസമയം യാഥാര്‍ത്ഥ്യവും സങ്കല്പവും. അത്തരമൊരു സമീപനമായിരുന്നു പാത്രസൃഷ്ടിയുടേത്.

അയാള്‍ പറയുന്ന കഥ ഒരേസമയം ഒരനാഥന്റേയും ഒപ്പം സനാഥന്റേയും ആണ്. ഒരേസമയം അതിമിടുക്കനായ ഒരു കൗമാരക്കാരനും ഉള്‍വലിയുന്നതിനൊപ്പം ഉള്ളില്‍ ഊര്‍ജ്ജസ്വലത കാത്തുസൂക്ഷിക്കുന്നവനും. നൂറുമീറ്റര്‍ ഓട്ടം പകുതിക്കുവെച്ചു നിര്‍ത്തി വീണ്ടും ഓടാന്‍ ശ്രമിക്കുന്ന കഥാപാത്രം. അയാള്‍ പക്ഷേ, യഥാര്‍ത്ഥത്തില്‍ ഓടി എന്നു പറയുന്നില്ല. സ്വന്തം മിടുക്കിനെ പര്‍വ്വതീകരിച്ചു കാണുകയായിരുന്നു. ഞാനങ്ങനെ അത്രയും ദൂരം ഓടി, പിന്നെ തിരിച്ചോടി, വീണ്ടും മുന്നോട്ട് ഓടി... എന്നിട്ടും എനിക്കൊപ്പം ആരുമെത്തിയില്ല എന്നാണയാള്‍ ചിന്തിക്കുന്നത്. പൂര്‍ണ്ണമായും അതിശയോക്തി തന്നെയാണ് ആ മാനസികനില. ഈ കുഴപ്പങ്ങളെല്ലാമുണ്ടായിട്ടും ആവശ്യത്തിലധികം മിടുക്ക് തനിക്കുണ്ട് എന്നാണയാള്‍ കരുതുന്നത്. ചുറ്റുമുള്ളവരെല്ലാം തന്നെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നവരാണ്. ഉള്‍വലിയാന്‍ അയാള്‍ക്ക് പ്രേരണ നല്‍കിയത് ആ ചിന്തയായിരുന്നു. ഉള്‍വലിഞ്ഞപ്പോഴാകട്ടെ, ഫാന്റസിയുടെ ലോകത്ത് അയാള്‍ എത്തിപ്പെടുന്നു.

മൂന്നു ജോലിക്കാരാണ് വീട്ടില്‍. ഒന്നൊരു ഡ്രൈവര്‍  ഒരിക്കല്‍പ്പോലും കാറോടിച്ചു കണ്ടിട്ടില്ലാത്ത ആള്‍. വണ്ടിയുടെ അടിയില്‍ കയറി ഇല്ലാത്ത പണികള്‍ ചെയ്യുകയാണ് പ്രധാന ജോലി. ഇനിയൊരാള്‍ അവിടുത്തെ പാചകക്കാരന്‍. എപ്പോഴും എന്തെങ്കിലും തിന്നുകൊണ്ടിരിക്കുന്നതാണ് പുള്ളിക്കാരന്റെ ദൗത്യം. മൂന്നാമത്തെയാള്‍ ഡോക്ടറങ്കിളിന്റെ സഹായിയായ കമ്പോണ്ടര്‍. കിട്ടുന്ന സമയം മുഴുവന്‍ ഉറക്കമായിരിക്കും. രോഗികളെത്തുമ്പോള്‍ മടക്കി അയക്കാനാണ് താല്പര്യം. സ്വന്തം കടമകള്‍ സ്വയം നിഷേധിച്ചു കഴിയുന്ന മൂന്നു കഥാപാത്രങ്ങളാണ് ബാലനായ അജയനു ചുറ്റും. മൂവരും അജയനെ ഏറെ സ്വാധീനിച്ചിരുന്നു. ഒടുവില്‍ അജയന്‍ തന്നോടുതന്നെ ചോദിച്ചുപോയി 'ഞാനെന്തുകൊണ്ട് ഇങ്ങനെയായി' എന്ന്.

അജയന്റെ ആ ചോദ്യത്തിനുള്ള ഉത്തരമാണ് അനന്തരത്തിന്റെ പ്രമേയം. എല്ലാ ചോദ്യങ്ങളും ആദ്യം മനസ്സില്‍ ഉയര്‍ന്നുവന്നവയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. ഒരു കഥാപാത്രം മനസ്സില്‍ രൂപംകൊള്ളുമ്പോള്‍ ഒരര്‍ത്ഥത്തില്‍ ആ കഥാപാത്രത്തിനുള്ളിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഈ കഥാപാത്രം എങ്ങനെ പെരുമാറും, ചിന്തിക്കും എന്നൊക്കെയാവും പിന്നെ ആലോചനകള്‍. കഴിയുന്നത്ര ഉള്ളിലേക്ക് എത്തണം. നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരെ നിരീക്ഷിക്കുന്ന, നമ്മെത്തന്നെ നിരീക്ഷിക്കുന്ന ഒരു പ്രക്രിയ ആണത്. സ്വായത്തമായി വരുന്നതാണത്. പിന്നീട് വളര്‍ത്തിയെടുക്കാനാവുകയും ചെയ്യും.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാഭ്യാസകാലത്ത് തിരക്കഥാരചനയുടെ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളോട് പറയുമായിരുന്നു, പട്ടണത്തില്‍ പോകുമ്പോള്‍ കാണുന്ന ആളുകളുടെ വേഷത്തില്‍നിന്ന് ആരാവും അയാളെന്നു തീരുമാനിക്കുക. എന്താവും അയാളുടെ ജോലി? അയാളുടെ വീട് എങ്ങനെയുള്ളതായിരിക്കും? കുടുംബം എങ്ങനെയായിരിക്കും എന്നൊക്കെ ചിന്തിക്കുക. എന്നിട്ട് അയാളെ പിന്തുടരണം. നിങ്ങള്‍ മനസ്സില്‍ വിചാരിച്ചതുപോലെയാണോ അയാളെന്നു കണ്ടെത്തുക. പലപ്പോഴും കടകവിരുദ്ധമായിരിക്കും കാര്യങ്ങള്‍. നല്ല വേഷമിട്ടു നടക്കുന്നയാള്‍ വെറും ജാഡ കാട്ടാന്‍വേണ്ടി നടക്കുന്നയാളാവാം. പാവപ്പെട്ടവനെന്നു തോന്നിച്ചുവെങ്കില്‍ ചിലപ്പോള്‍ നല്ല സൗകര്യമുള്ള വീട്ടില്‍നിന്നു വരുന്നയാളാവാം. വേഷംകൊണ്ട് ഒരാളിനെ തീരുമാനിക്കാനായെന്നുവരില്ല. അതുപോലെയാണ് ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ കാര്യവും. അജയന്റെ കാര്യത്തിലാണെങ്കില്‍ അനാഥത്വം അയാളില്‍ രൂഢമൂലമാണ്. എന്തൊക്കെയായാലും എങ്ങനെയൊക്കെ മാറിയാലും ആ ചിന്തയില്‍നിന്നയാള്‍ക്കു മോചനമില്ല. അനന്തരത്തിന്റെ പശ്ചാത്തലസംഗീതമൊരുക്കുമ്പോള്‍ എം.ബി. ശ്രീനിവാസനോട് പറഞ്ഞത് ഒരേങ്ങലാവണം അതിലെ സംഗീതധാര എന്നായിരുന്നു. 

ഒരു തലത്തില്‍ അനന്തരം പറയുന്നത് ഏകാന്തതയെപ്പറ്റിയാണ്. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ആര്‍ദ്രമായ ഒരു മനസ്സിന്റെ വിഭ്രാന്തമായ ആകുലതകളെപ്പറ്റിയാണ്. നേരിനും നിനവിനുമിടയില്‍ ഇളകിപ്പറന്ന് അയാളുടെ മനസ്സ് നിരന്തരം അസ്വസ്ഥമായിക്കൊണ്ടിരിക്കുന്നു. അനുഭവങ്ങളുടെ കഥയും കഥയുടെ അനുഭവവും ഒന്നാകുന്ന പ്രതിഭാസം. അങ്ങനെ സിനിമയുടെ ശരീരമായി അജയന്‍ വളര്‍ന്നുവലുതാകവെ മനസ്സും പൂര്‍ണ്ണവികാസം പ്രാപിക്കുകയായി.

സിനിമാനിരൂപകന്‍ എസ്. ഗോപാലകൃഷ്ണന്‍ അജയനെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: 

'ഞാനെന്തുകൊണ്ട് ഇങ്ങനെയായി?' എന്ന് നമ്മെ പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിക്കുന്ന അജയന്റെ മനസ്സഞ്ചാരമാണ് അനന്തരത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സാക്ഷാല്‍ക്കരിക്കുന്നത്. അജയന്റെ കുമ്പസാരം, അജയന്‍ എന്ന യുവാവിന്റെ ആത്മഗതങ്ങള്‍ ഈ ചിത്രത്തിന്റെ അടിവാരമാണ്. അതില്‍ പണിതുയര്‍ത്തിയ മനോഹരമായ ചലനകാവ്യമാണ് രചന. 

ഒരു കുട്ടി ഇടയക്കങ്ങള്‍ വിട്ടുപോയി തെറ്റായ രീതിയില്‍ എണ്ണല്‍ പട്ടിക പറയുമ്പോലെ അജയന്‍ തന്റെ പൂര്‍വ്വചരിത്രത്തെ ഓര്‍ക്കാന്‍ ശ്രമിക്കുന്നു. പഴയകാലങ്ങളിലെ യഥാര്‍ത്ഥ സംഭവങ്ങളുമായി ഇടകലര്‍ന്ന് അജയന്റെ പകല്‍ക്കിനാവുകള്‍ കൂടി ഇതള്‍ വിരിയുമ്പോള്‍ അവ്യക്തമായ ഒരു മഞ്ഞുപാളി നമുക്കും സിനിമയ്ക്കുമിടയില്‍ ഊര്‍ന്നുവീഴുന്നുണ്ട്. ഏകാന്തമായ ബാല്യകാലം അജയനു പലപ്പോഴും ഭീതിയുടെ കാലമായിരുന്നു. ആശുപത്രിയില്‍ ഏതോ സ്ത്രീ പ്രസവിച്ചുപോയ അവനെ ഡോക്ടര്‍ അങ്കിള്‍ ഒരു പ്രത്യേക വാത്സല്യത്താല്‍ എടുത്തു വളര്‍ത്തുന്നു. പലപ്പോഴും ഒദ്യോഗിക യാത്രകളാല്‍ ഡോക്ടര്‍ വീട്ടില്‍ ഇല്ലാതിരിക്കുകയും മൂന്നു വാല്യക്കാരുടെ ക്രൂരമായ ശുശ്രൂഷയില്‍ അവനു വളരേണ്ടിവരികയും ചെയ്യുന്നു. പഠിക്കാനും കളിക്കാനും നീന്താനും ചൂതുകളിക്കാന്‍പോലും താന്‍ മിടുക്കനായിരുന്നുവെന്ന് അജയന്‍ നമ്മോട് വിനീതനായി വീമ്പുപറയുന്നുണ്ട്. അതെന്തായാലും പില്‍ക്കാലത്ത് അയാള്‍ക്ക് ജീവിതത്തില്‍ താളം തെറ്റുന്നു. ബാല്യകാലത്ത് കുരുന്നുമനസ്സനുഭവിക്കേണ്ടിവന്ന ഏകാന്തത അവനെ ഒരു ദ്വീപാക്കി മാറ്റി. ഒരു ചിറയും അവന്റെ ദ്വീപിനെ മറ്റൊന്നുമായും കൂട്ടിയിണക്കുന്നില്ല. അവന് വല്ലപ്പോഴും ഒരു സുഹൃത്തായി മാറിയത് ഡോക്ടറങ്കിളിന്റെ മകന്‍ ഡോക്ടര്‍ ബാലചന്ദ്രനായിരുന്നു. എങ്കിലും കുരുന്നുപ്രായം മുതല്‍ക്കേ ബാലുവേട്ടന്‍ അജയന് ഒരു മുതിര്‍ന്ന ആളായിരുന്നു. അജയന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഡോ. ബാലചന്ദ്രന്‍ സുന്ദരിയായ സുമംഗലയെ വിവാഹം ചെയ്യുന്നു. അജയന് ബാലുവേട്ടന്റെ ഭാര്യ കല്യാണപ്പന്തലില്‍വെച്ചുതന്നെ ഒരാഘാതമായി മാറുകയാണ്. കൗമാരകാലങ്ങളില്‍ താന്‍ കൊതിച്ചിരുന്ന സാന്നിദ്ധ്യം ആ പെണ്‍കുട്ടിയുടേതായിരുന്നുവെന്ന് അജയനറിയാം. എന്നാല്‍ അത്തരത്തിലുള്ള കുട്ടിയെ കാത്തിരിക്കുകയല്ലാതെ ഒരിക്കലും കണ്ടെത്താന്‍ അജയനു കഴിഞ്ഞിട്ടില്ല. ബാലുവേട്ടന്റെ വിവാഹപ്പന്തലില്‍ വധുവിനെ കാണുമ്പോള്‍, 'ഞാന്‍ കണ്ടിരുന്നവള്‍ ഇതാ...' എന്ന് അജയനു തോന്നുകയും പണ്ട് മനോരാജ്യങ്ങളില്‍ തന്നോടൊപ്പം കൂട്ടാളിയായിരുന്നവള്‍ ഇവള്‍തന്നെയെന്നു തോന്നുകയും ചെയ്യുന്നു. 

തോന്നലുകളുടെ വിഭ്രാന്തിയില്‍ അജയനാകെ കലങ്ങിമറിയുന്നു. മയക്കുമരുന്നുകള്‍ സമ്മാനിക്കുന്ന നിതാന്ത നിദ്രയിലേക്ക് അവന്‍ നീങ്ങുന്നു. അജയന്‍ ഒരുപക്ഷേ, ആത്മഹത്യ ചെയ്തിരിക്കാം. അതിനുമുന്‍പ് 'ഞാനെന്തുകൊണ്ട് ഇങ്ങനെയായി' എന്ന് അയാള്‍ കുമ്പസരിക്കുകയാണ്.
കഥയുടേയും സിനിമയുടേയും ശില്പഘടന രണ്ടാണെന്നു തെളിയിച്ച ചിത്രമാണ് അനന്തരം. സിനിമയില്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രതിപാദിക്കപ്പെടുന്ന വിഷയം ദ്വിത്വം എന്ന പ്രതിഭാസമാണ്. കഥാനായകനായ അജയന്റെ ജീവിതത്തില്‍ അയാള്‍ ഏര്‍പ്പെടുന്ന വ്യവഹാരങ്ങളിലും വ്യക്തിബന്ധങ്ങളിലും ഒരുതരം സന്ദിഗ്ധത മൂടിക്കിടക്കുന്നുണ്ട്. സ്വന്തം ജനനത്തെപ്പറ്റിയുള്ളതാണ് ആദ്യത്തേത്. അച്ഛന്‍ മാത്രമല്ല, അമ്മപോലും ആരെന്നറിയാതെ ആശുപത്രിയില്‍ കണ്ടെടുത്ത കുട്ടി കുറേയേറെ സന്ദിഗ്ദ്ധകളുമായാണ് വളരുന്നത്. ഒടുവില്‍ ജ്യേഷ്ഠന്റെ നവവധുവിലെത്തുമ്പോഴേക്ക് ഈ ദ്വിത്വം ഇഴപിരിഞ്ഞുചേര്‍ന്ന് ഒന്നായി അവനെ വരിഞ്ഞുമുറുക്കുന്നു. അവള്‍ ഒരേസമയം ജ്യേഷ്ഠന്റെ ഭാര്യ സുമയും തന്റെ കാമുകിയായ നളിനിയും ആവുകയാണ്. പ്രധാന കഥാപാത്രമായ അജയന്റെ ജീവിതം ചിത്രീകരിച്ചത് ബാല്യം, കൗമാരം, യൗവ്വനം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലൂടെയാണ്. വളരെ വിശദമായിത്തന്നെ. മൂന്നു പ്രായങ്ങളിലുള്ള മൂന്നു നടന്മാരാണ് അജയനെ അവതരിപ്പിക്കുന്നത്. കാലം അദൃശ്യമായൊരു കഥാപാത്രമായി മാറുന്നു. അതിലൂടെ ആ കരവിരുത് ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. അപ്പോഴും അജയന്റെ നിഷ്‌കളങ്കമായ ആ ചോദ്യം തീയേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകന്റെയുള്ളില്‍ വിങ്ങുന്നൊരു വേദനയായി അവശേഷിക്കുന്നു..

'ഞാനെന്തുകൊണ്ട് ഇങ്ങനെയായി...?'    

കാലത്തിന്റെ സാക്ഷി

'അടൂര്‍ ഗോപാലകൃഷ്ണന്റെ പതിനൊന്നു തിരക്കഥകള്‍' എന്ന തിരക്കഥാ സമാഹാരത്തിന്റെ  ആമുഖത്തില്‍ അദ്ദേഹം എഴുതി:

'തുടക്കത്തില്‍ത്തന്നെ ചോദിക്കേണ്ട ഒരു ചോദ്യം, നിങ്ങള്‍ തിരക്കഥയില്‍ വിശ്വസിക്കുന്നുവോ എന്നാണ്. ഒരവിശ്വാസിയാണ് നിങ്ങളെങ്കില്‍ ഞാനിനി പറയാന്‍ പോകുന്നതൊന്നുംതന്നെ നിങ്ങള്‍ക്കായി ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലെന്ന് ബോധിപ്പിച്ചുകൊള്ളട്ടെ.'' 

ഒരു വിശ്വാസിയുടെ കുമ്പസാരംപോലെ തോന്നിപ്പിക്കുന്ന വാക്കുകള്‍. അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നതും അങ്ങനെയാണ്.

'സിനിമയുടെ അടിസ്ഥാന ഘടകം ഏതെന്നു ചോദിച്ചാല്‍ രണ്ടാമതൊന്നാലോചിക്കാതെ ഞാന്‍ ഉത്തരം പറയും 'തിരക്കഥ' എന്ന്. കഥാചിത്രങ്ങള്‍ മാത്രമാണ് ഇവിടെ വിവക്ഷ എന്നുകൂടി ചേര്‍ക്കട്ടെ. കാരണം രേഖാചിത്രങ്ങളിലേക്കു കടക്കുമ്പോള്‍ സംഗതി ആകെ വ്യത്യസ്തമാണ്. 

ഇതിവൃത്തം ആയിക്കഴിഞ്ഞാല്‍ പിന്നെ ഘടനാപരമായ രൂപരേഖ (tretament)
തയ്യാറേക്കണ്ടതുണ്ട്. ഇവിടെ മിക്കവാറും എല്ലാ സംഭവങ്ങളും പരിണാമപരമായ മാറ്റങ്ങളും വഴിത്തിരിവുകളും കഴിയുന്നിടത്തോളം വിശദമായിത്തന്നെ വിവരിക്കണം. വലുതും ചെറുതുമായ ഒട്ടുമിക്ക കഥാപാത്രങ്ങളും ഈ ഘട്ടമെത്തുമ്പോഴേക്കും അണിനിരന്നുകഴിയും. എന്നുകരുതി ഈ സമയം അവര്‍ സംസാരിച്ചു തുടങ്ങണമെന്നില്ല. അവരില്‍ ചിലര്‍ക്ക് എന്തെങ്കിലും നിര്‍ബന്ധമായി പറഞ്ഞേ തീരൂ എന്നാണെങ്കില്‍ പറഞ്ഞുകൊള്ളട്ടെ. വിലക്കേണ്ട. 'ട്രീറ്റ്‌മെന്റ്' എന്നറിയപ്പെടുന്ന രചനയുടെ ഈ ദശയില്‍  ഭാവനയിലുള്ള സിനിമയെ സംബന്ധിച്ച് അതെടുക്കുന്നയാളിന്റെ സമീപനം ഏറെക്കുറെ വ്യക്തമാകും, വ്യക്തമാവണം. കാരണം അവ്യക്ത ഗഹനമായ 'ട്രീറ്റ്‌മെന്റ്' എന്നൊന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ എന്തു സംഭവിക്കുന്നു, എങ്ങനെ സംഭവിക്കുന്നു എന്ന് ഏതാണ്ട് വ്യക്തമായി, വിശദമായി വിവരിക്കുന്ന ഒരു സുപ്രധാന രേഖയാണിത്. 

അടുത്ത പടിയാണ് തിരക്കഥയുടേത്.  തിരശ്ശീലയില്‍ കാട്ടുവാനും കേള്‍പ്പിക്കാനും പോകുന്ന എല്ലാ ദൃശ്യശ്രാവ്യാംശങ്ങളുടേയും വിവരണങ്ങള്‍, രംഗം തിരിച്ച് സംഭാഷണം സഹിതം എഴുതപ്പെട്ടതാണ് ഈ രേഖ. അത് ഏതാണ്ട് തിരശ്ശീലയില്‍ കാണുവാന്‍ പോകുന്ന കടലാസ്സിലെ രേഖാരൂപമാവണം.'

'മതിലുകള്‍' എന്ന ചിത്രത്തിലെ ഒരു സന്ദര്‍ഭം ഇതിനോടു ചേര്‍ത്തുവെയ്ക്കാവുന്നതാണ്. കഥയില്‍ ബഷീര്‍ എഴുതിയ പെണ്ണിന്റെ മണം 'സിനിമയില്‍' എങ്ങനെ കാണിക്കാനാവും എന്ന സംശയത്തിനു സംവിധായകന്റെ പക്കല്‍ വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു. കഥയിലെ മര്‍മ്മപ്രധാനമായ ആ ഭാഗം ഒഴിവാക്കാവുന്നതല്ല. സിനിമയില്‍ 'മണം' കാട്ടുവാനും കഴിയില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ അതിനു ശ്രമിച്ചില്ല. അദ്ദേഹം തേടിപ്പോയത് അത്തരം സൂചനകളുടെ വേരുകളായിരുന്നു. മൂക്ക് വിടര്‍ത്തിപ്പിടിച്ച് പെണ്ണിന്റെ മണംപിടിക്കുന്ന നടനെ അദ്ദേഹം കാട്ടിത്തന്നില്ല. പെണ്ണിന്റെ മണം അനുഭവവേദ്യമാക്കാന്‍ ബഷീറിന് ഏതാനും വാക്കുകള്‍ മതിയായിരുന്നു. അതേ വികാരം, അനുഭവം കാഴ്ചക്കാരനിലേക്കു പകരാന്‍ സിനിമാകൃത്തിനു കഥാപാത്രത്തിന്റെ മുന്‍പോട്ടും പിറകോട്ടും വശങ്ങളിലേക്കുമുള്ള വേരുകള്‍ പരതേണ്ടിവരികയായിരുന്നു. മാധ്യമപരമായ വ്യത്യസ്തതകളാണ് കാരണം. 

സിനിമയുടെ മനസ്സും ശരീരവും ഇവിടെ ഒത്തുചേരുകയാണ്. ഒന്ന് അദൃശ്യവും രണ്ടാമത്തേത് ദൃശ്യവും. ഈ ദൃശ്യാദൃശ്യങ്ങള്‍ സമഞ്ജസമായി ചേര്‍ക്കപ്പെടുമ്പോഴാണ് ഉത്തമ സിനിമ ജനിക്കുന്നത്. ഒന്നില്‍നിന്ന് മറ്റൊന്ന് ജനിക്കുകയാണെന്നു തീര്‍ത്തു പറയാനാവില്ല. മനസ്സിനെ വഹിക്കുന്ന ശരീരമെന്നോ ശരീരത്തിനുള്ളിലെ മനസ്സെന്നോ പറയാനാവില്ലെന്നര്‍ത്ഥം. 

കഥാപുരുഷനിലെ കുഞ്ഞുണ്ണി
കഥാപുരുഷനിലെ കുഞ്ഞുണ്ണി

അടൂര്‍ ഗോപാലകൃഷ്ണന്‍ തന്റെ പ്രിയപ്പെട്ട മാധ്യമത്തിന്റെ 'ശരീര'മായി കണ്ട ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കഥാപാത്രമാണ് കഥാപുരുഷനിലെ കുഞ്ഞുണ്ണി. കാലം വരുത്തിയ മാറ്റങ്ങളില്‍ ചിതറിപ്പോയ ജന്മിത്വത്തിന്റെ പ്രതീകമായ മറ്റൊരു തറവാടും നിസ്സഹായനായ മറ്റൊരു കഥാപാത്രവും. ആ കഥാപുരുഷനാണ് സംവിധായകനായ കഥാപുരുഷനും എന്നൊരു തുറന്നുപറച്ചില്‍ ഉണ്ടായിട്ടുണ്ട്. ജീവിക്കുകയും അറിയുകയും അനുഭവിക്കുകയും ചെയ്ത് കേരളത്തിന്റെ സംഭവബഹുലമായ ചരിത്രത്തിലൂടെയുള്ള ഒരു വൈകാരികയാത്ര എന്നാണ് സംവിധായകന്‍തന്നെ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. ആത്മകഥയുടെ ഹൃദയവായ്‌പ്പോടെയുള്ള കഴിഞ്ഞ കാലത്തിന്റെ കഥപറച്ചില്‍. പരിവര്‍ത്തന കൊടുങ്കാറ്റുകള്‍ കൊണ്ടുവന്ന പ്രസ്ഥാനങ്ങളുടെ മുഖം ചുളുങ്ങുന്നത് പ്രേക്ഷകന്‍ ഈ സിനിമയില്‍ കണ്ടു. 

കഥാപുരുഷനായ കുഞ്ഞുണ്ണിയും കഥാപാത്രത്തെ ഒരുക്കിയ സംവിധായകനും ഒന്നായിത്തീര്‍ന്ന അവസ്ഥയായി ഈ ചിത്രത്തെ കാണുവാനാകുമോ? അടൂര്‍ ഗോപാലകൃഷ്ണന്റെ ഉത്തരം ഇങ്ങനെയാണ്:

'സമൂഹത്തെ മാറ്റണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് കുഞ്ഞുണ്ണി. സമൂഹത്തിലെ അനീതികള്‍ അവസാനിപ്പിക്കാനും സമൂഹനീതി നടപ്പാക്കാനുംവേണ്ടി ആഗ്രഹിച്ചിറങ്ങുന്ന ഒരാള്‍. ഭേദപ്പെട്ട കുടുംബ പശ്ചാത്തലമാണുള്ളത്. അയാളുടെ സെന്റിമെന്റ്‌സ് ആത്മാര്‍ത്ഥമായിട്ടുള്ളതാണ്. അയാള്‍ അതിനായിത്തന്നെ തയ്യാറാകുന്നു. രണ്ടു കഥകളാണ് പറയുന്നത്. അയാള്‍ മാറ്റാന്‍ ശ്രമിക്കുന്ന സമൂഹവും അയാളെ മാറ്റുന്ന സമൂഹവും. അതില്‍നിന്ന് ഉരുത്തിരിയുന്ന കഥാപാത്രമാണ് കുഞ്ഞുണ്ണി. അയാള്‍ അതില്‍നിന്ന് ഉത്ഭവിക്കുന്നു. അതില്‍ രാഷ്ട്രീയമുണ്ട്. കഴിഞ്ഞ അന്‍പതു വര്‍ഷത്തെ ദേശചരിത്രവുമുണ്ട്. അങ്ങനെ രാഷ്ട്രീയചരിത്രവും സാമൂഹിക ചരിത്രവുമാകുന്നു പശ്ചാത്തലം. അനുഭവങ്ങളിലൂടെയുള്ള ഒരു മടക്കയാത്രയാണത്. സാമൂഹിക ജീവിതത്തില്‍ നിരന്തര ജാഗ്രത പുലര്‍ത്തേണ്ട ആവശ്യകതയെപ്പറ്റിക്കൂടി സിനിമ പറയുന്നുണ്ട്.''

ആശയസംഹിതകള്‍ക്കും പ്രത്യയശാസ്ത്രത്തിനും അടിപ്പെടുന്ന ജാഗ്രതയല്ല, അതിനപ്പുറമെത്തുന്ന ജാഗ്രതയെപ്പറ്റിയാണ് പരാമര്‍ശിക്കുന്നത്. അയാളുടെ കുട്ടിക്കാലത്ത് അടിച്ചൊതുക്കപ്പെടലിന്റെ ഫലമായി  അയാള്‍ ഒരു വിക്കനായി മാറുന്നുണ്ട്. തന്നില്‍ത്തന്നെ വിശ്വാസമില്ലാത്ത വല്ലാത്ത അവസ്ഥയില്‍നിന്നാണ് അയാള്‍ക്ക് വിക്ക് ഉണ്ടാവുന്നത്. മേധാശക്തിയില്ലാത്ത ചില ഭര്‍ത്താക്കന്മാര്‍ക്ക് ആജ്ഞാശക്തിയുള്ള ഭാര്യയുടെ സവിധത്തില്‍ വിക്ക് ഉണ്ടാവുന്നത് കണ്ടിട്ടില്ലേ? അതുപോലെ അങ്ങനെ വിക്കുണ്ടാവുന്ന ഒരു കഥാപാത്രമായിത്തീരുന്നു അയാള്‍. പക്ഷേ, ഒടുവില്‍ ആ അവസ്ഥയില്‍നിന്നു പുറത്തുവരുകയാണ് കുഞ്ഞുണ്ണി. അനുഭവങ്ങള്‍ അയാള്‍ക്ക് ഒരുപാടു ശക്തി പകരുന്നു. സ്വയം കണ്ടെത്തുന്ന അയാള്‍ വിക്കില്‍നിന്നു മോചിതനാവുകയും ചെയ്യുന്നു.

കുഞ്ഞുണ്ണിയുടെ കണ്ണുകള്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ കണ്ണുകളായിരുന്നുവോ?

അങ്ങനെയൊന്നുമില്ല. ഒന്നു പറഞ്ഞുവല്ലോ. എന്റെ ആത്മാംശം എന്റെ എല്ലാ കഥാപാത്രങ്ങളിലുമുണ്ട്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞു കഴിഞ്ഞുവെന്നതാണ് എന്റെ ജീവിതവുമായി ബന്ധപ്പെടുത്തി പറയുന്നതിനെ പിന്തുണയ്ക്കുന്നത്. ആകെ അതുമാത്രമേയുള്ളൂ. പിന്നെ ഞാന്‍ ജനിച്ച വീടായിരുന്നു പ്രധാന ലൊക്കേഷന്‍. അതുകൊണ്ടുകൂടിയാവാം പലരും ധരിച്ചത് എന്റെ കഥയാണെന്ന്. കഥാപുരുഷന്‍ എന്ന ടൈറ്റിലും അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കാം. ആ സാഹചര്യത്തില്‍ വളര്‍ന്നുവന്ന ഒരാളിന്റെ കഥയാണ് പ്രമേയം എന്നതാണ് യാഥാര്‍ത്ഥ്യം. എന്റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞുനിന്ന  കാലം സിനിമയിലുണ്ട്. അത് യാഥാര്‍ത്ഥ്യവുമാണ്. പക്ഷേ, അതിനപ്പുറത്തുള്ളത് വ്യക്തിജീവിതവുമായി ബന്ധമുള്ളതല്ല. അച്ഛന്‍ വേറെ വിവാഹം കഴിക്കുകയോ അതില്‍ മക്കള്‍ ഉണ്ടാവുകയോ ഒന്നും സംഭവിച്ചിട്ടില്ല.

കുഞ്ഞുണ്ണിയുടെ അമ്മയെ കല്യാണം കഴിക്കുന്നതിനുമുന്‍പ് ഒരു സ്‌നേഹബന്ധത്തില്‍ അയാള്‍ക്കുണ്ടായ മകനെ, അച്ഛന് അസുഖമാകുന്ന ഘട്ടത്തില്‍ വിളിച്ചുകൊണ്ടുവരാന്‍ വിടുന്നൊരു രംഗമുണ്ട്. അയാളുടെ മനസ്സില്‍ ശേഷിച്ചിരുന്ന അവസാനത്തെ കരടുകൂടി മാറിക്കിട്ടുന്നതങ്ങിനെയാണ്. മകന്റെ മകന്‍ പറയുന്നു: 'ചെല്ലച്ഛാ, അച്ഛനും ഒരുകാലത്ത് വയസ്സാവും രോഗിയാവും...''

താന്‍ ജീവിച്ച, അറിഞ്ഞ, അനുഭവിച്ച കേരളത്തിന്റെ സംഭവബഹുലമായ ചരിത്രത്തിലൂടെയുള്ള സംവിധായകന്റെ വൈകാരിക യാത്രയ്‌ക്കൊപ്പം കുഞ്ഞുണ്ണിയുടെ കൂടെ നാമും ചേരുകയാണ്. പ്രതിജ്ഞാബദ്ധനായ ഒരു ആദര്‍ശശാലിയുടേയും ഒരു നാടിന്റേയും സ്വപ്‌നങ്ങളും കഷ്ടങ്ങളും കണ്ടെത്തലുകളും തിരിച്ചറിവുകളും ഇഴപിരിഞ്ഞു മുറുകിയ കഥ കാലഘട്ടത്തിന്റെ പരിച്ഛേദം കണക്കെ വെളിപ്പെടുകയാണ്. ത്യജിക്കലില്‍ സമ്പന്നമാകുന്ന ഉദാത്തമായ മനുഷ്യമനസ്സിന്റെ ഉദാരസമ്പന്നതയുടെ കഥ. ഒരുപാട് പച്ചപ്പ്... ഒരുപാട് വെളിച്ചം... മലയാളിക്കു മറക്കാനാവില്ല ആ ദൃശ്യങ്ങളുണര്‍ത്തിയ ആശങ്കയും വ്യഥയും.

ദൃശ്യം: 261സമീപദൃശ്യം, വലത്തേക്ക്.
മലയാളത്തിലെ പ്രമുഖ ദിനപ്പത്രങ്ങളുടെ തലക്കെട്ടുകള്‍ പുല്‍പ്പള്ളി പൊലീസ്‌സ്‌റ്റേഷന്‍ നക്‌സലുകള്‍ ആക്രമിച്ചതു സംബന്ധിച്ചുള്ള വാര്‍ത്തയാണ് വിഷയം 
മലയാള മനോരമ: പുല്‍പ്പള്ളിയില്‍ പൊലീസുകാരനെ കൊന്നു. കമ്യൂണിസ്റ്റുകള്‍ വീണ്ടും പൊലീസ് സ്‌റ്റേഷനാക്രമിച്ചു.
മാതൃഭൂമി: പൊലീസ് സ്‌റ്റേഷന്‍ കയ്യേറി കോണ്‍സ്റ്റബിളിനെ വെട്ടിക്കൊന്നു. തെക്കന്‍ വയനാട്ടിലെ പുല്‍പ്പള്ളിയില്‍ നക്‌സല്‍ബാരികളുടെ ആക്രമണം. 
കേരളകൗമുദി: നക്‌സല്‍ബാരികള്‍ വീണ്ടും ഒരു പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു.
ജനയുഗം: വയനാട്ടില്‍ പുല്‍പ്പള്ളി സ്‌റ്റേഷന്‍ ആക്രമിച്ചു. ഒരു കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി.
ദേശാഭിമാനി: കേരളത്തില്‍ ഐക്യമുന്നണി ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന.

262സമീപദൃശ്യം
അച്ചടി നടന്നുകൊണ്ടിരിക്കുന്ന ഒരു ട്രെഡില്‍ മെഷിന്‍.
263സമീപദൃശ്യം
അച്ചടിയന്ത്രത്തിന്റെ പശ്ചാത്തലത്തില്‍, കുഞ്ഞുണ്ണി ദത്തശ്രദ്ധനായി ജോലിയില്‍ വ്യാപൃതനായിരിക്കയാണ്.
264  സമീപദൃശ്യം
മേശപ്പുറത്ത് ഹാന്‍ഡ്പ്രൂഫില്‍ ('പഞ്ചാംഗം നോക്കുന്നതെങ്ങനെ' എന്ന തലക്കെട്ടുള്ള ലേഖനം) ചുവന്ന മഷികൊണ്ട് അക്ഷരങ്ങള്‍ തിരുത്തിക്കൊണ്ടിരിക്കുന്നു.
265സമീപദൃശ്യം
പ്രസ്സിലേക്കുള്ള ഊടുവഴിയുടെ പടികള്‍ ബൂട്ടിട്ട പൊലീസുകാര്‍ ധിക്കാരത്തില്‍ ശബ്ദമുണ്ടാക്കി ചവിട്ടിയിറങ്ങി. 
266ദൂരദൃശ്യം
ഇടുക്കുവഴിയിലൂടെ ഇന്‍സ്‌പെക്ടറും രണ്ടു പൊലീസുകാരുമടങ്ങുന്ന പൊലീസ് സംഘം നടന്നടുത്തു.
267സമീപദൃശ്യം
കുഞ്ഞുണ്ണി കടലാസില്‍നിന്ന് തലയുയര്‍ത്തി പുറത്തേക്കു നോക്കി. അയാളുടെ മുഖത്ത് പെട്ടെന്നു ഭീതി പടര്‍ന്നു. 

268മധ്യദൂരദൃശ്യം
പരിഭ്രമത്തില്‍ കുഞ്ഞുണ്ണി എഴുന്നേറ്റു.
അയാളുടെ മുന്നിലിരുന്ന താടിക്കാരനും തിരിഞ്ഞു നോക്കി തനിയെ എഴുന്നേറ്റുപോയി.
ഇന്‍സ്‌പെക്ടര്‍ ഉള്ളിലേക്കു കടന്നപാടെ ധിക്കാരപൂര്‍വ്വം ചോദിച്ചു:
'നീയാണോ കുഞ്ഞുണ്ണി?''
കുഞ്ഞുണ്ണി അതിനുത്തരം പറഞ്ഞില്ല.
ഇന്‍സ്‌പെക്ടര്‍ തുടര്‍ന്നാജ്ഞാപിച്ചു:
'വെളിയിലോട്ടിറങ്ങി നിക്ക്  സെര്‍ച്ച് ചെയ്യണം''
കുഞ്ഞുണ്ണി വിക്കി:
'സെര്‍ച്ച്  വാറണ്ടൊണ്ടോ?''
ഇന്‍സ്‌പെക്ടര്‍ കളിയാക്കി ചിരിച്ചു പറഞ്ഞു:
'ങാ ഒണ്ട്!''
എന്നിട്ടയാള്‍ കുഞ്ഞുണ്ണിയുടെ പള്ളയ്ക്ക് ലാത്തികൊണ്ട് ആഞ്ഞൊരു കുത്തുകൊടുത്തു. കുഞ്ഞുണ്ണി വേദനയാല്‍ പുളഞ്ഞ് നിലവിളിച്ചു. ഇന്‍സ്‌പെക്ടര്‍ അയാളെ ഒരു വശത്തേക്ക് തള്ളിയെറിഞ്ഞു. ഇതിനകം താടിക്കാരന്‍ ഇറങ്ങിയോടി.

269മധ്യദൂരദൃശ്യം
ജോലിയില്‍ ഏര്‍പ്പെട്ടുനിന്ന കംപോസിറ്റര്‍മാരെ തള്ളിമാറ്റി താടിക്കാരന്‍ പ്രാണനുംകൊണ്ട് ഓടി.
270സമീപദൃശ്യം
നക്‌സലാക്രമണ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രങ്ങള്‍ നിലത്തു കിടന്നത് ലാത്തികൊണ്ട് തട്ടിത്തെറിപ്പിച്ച് പൊലീസ് മുന്നോട്ടു നീങ്ങി. 
271- 276 പ്രസ്സിലെ തിരച്ചിലിന്റെ വിവിധ ദൃശ്യങ്ങള്‍
277സമീപദൃശ്യം
നിശ്ചലമായിക്കഴിഞ്ഞിരുന്ന അച്ചടിയന്ത്രത്തിന്റെ പിന്നില്‍നിന്നു കയ്യിലെടുത്തുയര്‍ത്തിയ ലഘുലേഖ ഇന്‍സ്‌പെക്ടര്‍ മറിച്ചുനോക്കാന്‍ തുടങ്ങി.
278സമീപദൃശ്യം
കൂടുതല്‍ തൊണ്ടികള്‍ക്കുവേണ്ടി വീണ്ടും തെരച്ചില്‍.
279സമീപദൃശ്യം
ലഘുലേഖ വായിക്കെ ഇന്‍സ്‌പെക്ടറുടെ മുഖത്ത് ഗൗരവം പടര്‍ന്നു. അയാള്‍ അതീവ ശ്രദ്ധയോടെ പേജ് മറിച്ചു വായിച്ചു.
280മധ്യസമീപദൃശ്യം
അച്ചുതട്ടുകളും കടലാസും അച്ചടിമഷിയും ഒക്കെ നിറഞ്ഞ ഷെല്‍ഫിനടിയിലേക്ക് പൊലീസുകാരില്‍ ഒരാള്‍ കുനിഞ്ഞൂര്‍ന്നിറങ്ങി കയ്യിട്ടു.
281സമീപദൃശ്യം
മറ്റൊരു പൊലീസുകാരന്‍ കടലാസു കൂനയില്‍ പരതിക്കൊണ്ടിരുന്നു.
282മധ്യസമീപദൃശ്യം
പൊലീസുകാരന്റെ തെരച്ചിലില്‍, ഷെല്‍ഫിനടിയില്‍നിന്ന് ഒന്നുരണ്ടു ലഘുലേഖകള്‍ കണ്ടെത്തി. അതുമായി നിവര്‍ന്ന് അയാള്‍ കടന്നുപോയി. 

283സമീപദൃശ്യംവലത്തേക്ക്
'വിപ്ലവം തോക്കിന്‍ കുഴലിലൂടെ'
'നൂറു പുഷ്പങ്ങള്‍ വിരിയട്ടെ'
'നക്‌സല്‍ബാരി കര്‍ഷകസമരം'
'പര്‍വ്വതങ്ങളെ നീക്കം ചെയ്ത വിഡ്ഢിയായ വൃദ്ധന്‍മാവോയുടെ ലേഖനം'
'ആയിരം ചിന്താസരണികള്‍ ഏറ്റുമുട്ടട്ടെ.'
'അധികാരം ജനങ്ങള്‍ക്ക്'
തുടങ്ങിയ ശീര്‍ഷകങ്ങളിലുള്ള ലഘുലേഖകള്‍ ഒന്നിനു പുറകെ ഒന്നായി കാണായി. അന്ത്യത്തില്‍ കുഞ്ഞുണ്ണിയുടെ ഇരുകൈകളും വിലങ്ങില്‍ പൂട്ടുകയാണ് പൊലീസുകാരന്‍.

284സമീപദൃശ്യം
കൈകളില്‍ വിലങ്ങ് മുറുകുന്നതു നോക്കി സ്‌തോഭരഹിതനായി നില്‍ക്കുകയാണ് കുഞ്ഞുണ്ണി. 

കഥാപുരുഷനിൽ നിന്നുള്ള ദൃശ്യം 
കഥാപുരുഷനിൽ നിന്നുള്ള ദൃശ്യം 

പ്രമേയത്തേയും കഥാപുരുഷനായ കുഞ്ഞുണ്ണിയേയും പറ്റി മാധ്യമപ്രവര്‍ത്തകനായ കെ.പി. സദാനന്ദന്‍ നിരീക്ഷിക്കുന്നു:

'ഇരമ്പി മറിഞ്ഞുപോയ ഒരു കാലഘട്ടം ഉള്ളിലടക്കിയ തേങ്ങലുകള്‍ വിങ്ങിപ്പൊട്ടുന്നതാണ് കഥാപുരുഷനിലെ പ്രമേയം. പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി ജീവിതം പങ്കുവെച്ചവരുടെ ആ കാലഘട്ടത്തില്‍ പ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ കഥാപുരുഷനായ കുഞ്ഞുണ്ണിയും വളരുന്നു. 'പെറ്റിബൂര്‍ഷ്വ' എന്ന പരിഹാസത്തില്‍നിന്നു മോചനം കിട്ടിയില്ലെങ്കിലും കുഞ്ഞുണ്ണി വിപ്ലവകാരികളുടെ നേതാവായി. നക്‌സലൈറ്റ് കലാപത്തെത്തുടര്‍ന്ന് പിടികൂടപ്പെട്ട കുഞ്ഞുണ്ണിയെ തറവാട്ടമ്മയുടെ ശവസംസ്‌ക്കാരച്ചടങ്ങിനു കൊണ്ടുവന്നപ്പോള്‍ രക്ഷപ്പെടാന്‍ ഒരവസരം ഒരുങ്ങിയെങ്കിലും പ്രസ്ഥാനം പരാജയപ്പെടുന്നുവെന്ന തോന്നല്‍കൊണ്ടാവാം കുഞ്ഞുണ്ണി ആ സാഹസത്തിനു മുതിരുന്നില്ല. നേരത്തേയുള്ള വിക്കും പൊലീസിന്റെ പീഡനമേല്പിച്ച മുടന്തുമായി ജയിലില്‍നിന്നിറങ്ങുന്ന കുഞ്ഞുണ്ണിയെ സ്വച്ഛമായ ജീവിതത്തിലേക്കു വിടുകയാണ് ചലച്ചിത്രകാരന്‍.

ഗാന്ധിജിയുടെ മരണത്തില്‍ അറിയാതെ തേങ്ങിപ്പോകുന്ന കുട്ടിയായ കുഞ്ഞുണ്ണിയിലൂടെ കഥാപുരുഷന്റെ പ്രകൃതവും വൃക്തമാക്കപ്പെടുന്നു. വിപ്ലവപ്രസ്ഥാനങ്ങളിലൂടെ കടന്നുപോകുമ്പോഴും സഹജീവികളുമായി ഇടപെടുമ്പോഴും നിഷ്‌കളങ്കതയുടെ ലോലമായ ആ ചരട് മുറിയുന്നില്ല. ഏമാന്റേയും വിപ്ലവകാരിയുടേയും ചിഹ്നങ്ങള്‍ ഒന്നൊന്നായി പൊഴിഞ്ഞ് കേവല മനുഷ്യനായിത്തീരുന്ന കുഞ്ഞുണ്ണിയുടെ പരിണാമം ചലച്ചിത്രകാരന്‍ സ്വന്തം ഹൃദയം കൊടുത്തുയര്‍ത്തുന്ന സൃഷ്ടിയാണ്. 

ആത്മകഥയുടെ ഹൃദയവായ്‌പ്പോടെ കഴിഞ്ഞകാലത്തിന്റെ കഥയാണ് കഥാപുരുഷന്‍ പറയുന്നത്. സ്വാതന്ത്ര്യസമരം മുതല്‍ നക്‌സലിസം വരെ മാറ്റത്തിന്റെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ആ കാലഘട്ടം നെഞ്ചോടു ചേര്‍ത്തുവെച്ച് ആ ജീവിതത്തിന്റെ ബാക്കിപത്രം കുഞ്ഞുണ്ണിയിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ സമര്‍പ്പിക്കുന്നു... തന്നിലേക്കു തന്നെയുള്ള മടക്കം! സിനിമയെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ അട്ടിമറിച്ച 'കൊടിയേറ്റ'ത്തിലെ നന്മകള്‍ നിറഞ്ഞ നാട്ടിന്‍പുറത്തുകാരനായ ശങ്കരന്‍കുട്ടിയില്‍ തുടങ്ങി പാരമ്പര്യത്തില്‍നിന്നും രക്ഷപ്പെടാന്‍ കഴിയാത്ത മാനസികാവസ്ഥയും പേറി ഉഴറുന്ന ഉണ്ണിക്കുഞ്ഞിലൂടെ, സമൂഹനിയമങ്ങളില്‍ കാലിടറി വീഴുവാന്‍ വിധിക്കപ്പെട്ട് പരാജയം ഏറ്റുവാങ്ങുന്ന ശ്രീധരനിലൂടെ, കുടുംബം എന്ന അടിസ്ഥാന സ്വാസ്ഥ്യത്തില്‍നിന്നും അകറ്റപ്പെടുന്ന നിര്‍ഭാഗ്യവാനായ അജയനിലൂടെ, അധികാരത്തിന്റെ മുഷ്‌ക്കിനു നേരെ ഒരു തത്ത്വശാസ്ത്രത്തിന്റെയും കൂട്ടുപിടിക്കാതെ പൊട്ടിത്തെറിക്കുന്ന കുഞ്ഞുണ്ണിയിലേക്ക് എത്തുമ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അഞ്ചു നായക കഥാപാത്രങ്ങളും ആത്മബോധത്തിന്റെ അര്‍ത്ഥവ്യാപ്തികളിലേക്കാണ് പ്രേക്ഷകരെ കൈപിടിച്ചു കൊണ്ടുപോകുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സങ്കല്പത്തിലുള്ള സിനിമയുടെ ഈ സജീവഗാത്രങ്ങള്‍...          

(അവസാനിച്ചു)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com