'ശരീഅത്ത് നിയമം പറഞ്ഞാലേ മുസ്ലിം ലീഗിനു നിലനില്‍പ്പുള്ളൂ, അതിന്റെ ഭാഗം തന്നെയാണ് കോണ്‍ഗ്രസ്സും'

ശരീഅത്ത് നിയമം പറഞ്ഞാലേ മുസ്ലിംലീഗിനു നിലനില്‍പ്പുള്ളൂ. അതിന്റെ ഭാഗം തന്നെയാണ് കോണ്‍ഗ്രസ്സും
വിപി സുഹ്റ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
വിപി സുഹ്റ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

ഴുപതുകളുടെ അവസാനം മുതല്‍ കേരളത്തിലെ സ്ത്രീമുന്നേറ്റ പോരാട്ടങ്ങളില്‍ വി.പി. സുഹ്റയുണ്ട്. മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തിനായിരുന്നു ആ പോരാട്ടങ്ങളേറെയും. ഇസ്ലാമിക് ഫെമിനിസമെന്ന ധാര സാധാരണക്കാര്‍ക്കിടയില്‍ വരെ അവര്‍ പരിചയപ്പെടുത്തി. മലബാറിലെ ഒട്ടേറെ സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന വി.പി. സുഹ്റ ഇന്നും ഒറ്റപ്പെട്ടുപോകുന്ന, പീഡനങ്ങളനുഭവിക്കുന്ന സ്ത്രീകള്‍ക്കു കൈത്താങ്ങായി നില്‍ക്കുന്നു- അവര്‍ നയിക്കുന്ന നിസ എന്ന സംഘടനയും. 

മുസ്ലിം സമുദായത്തിനകത്ത് അവര്‍ നേരിട്ട പ്രശ്നങ്ങളും യാതനകളും ചോദ്യംചെയ്യലുകളും സാമൂഹ്യമാറ്റത്തിനായി അവര്‍ നടത്തിയ സമരങ്ങളും പ്രവര്‍ത്തനങ്ങളുമെല്ലാം 'ജോറയുടെ കഥ-സഹനത്തിന്റേയും പോരാട്ടത്തിന്റേയും നാള്‍വഴികള്‍' എന്ന ആത്മകഥയില്‍ വിവരിക്കുന്നു. വ്യക്തിയനുഭവങ്ങള്‍ക്കുപരി മലബാറിന്റെ സാമൂഹിക സാമുദായിക ചരിത്രം കൂടിയാണ് ഈ പുസ്തകം. പുസ്തകത്തില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ വി.പി. സുഹ്‌റ സംസാരിക്കുന്നു.

എഴുപതുകളുടെ അവസാനം തന്നെ സാമൂഹ്യപ്രവര്‍ത്തനത്തിലുണ്ട്. ബാപ്പ എസ്.എച്ച്. അഹദല്‍ തങ്ങള്‍ കണ്ണൂരില്‍ മുസ്ലിം ലീഗിന്റെ നേതാവുമായിരുന്നു. എന്തുകൊണ്ടാണ് രാഷ്ട്രീയം വേണ്ടെന്നുവെച്ചത്?

ഒന്ന്, എന്റെ ബാപ്പയുടെ ജീവിതം തന്നെ. ബാപ്പ പാര്‍ട്ടിക്കുവേണ്ടി ജീവിച്ച വ്യക്തിയായിരുന്നു. പക്ഷേ, അവസാനകാലത്ത് മരിച്ചപ്പോള്‍പ്പോലും അന്വേഷിക്കാന്‍ പാര്‍ട്ടിക്കാര്‍ ആരുമുണ്ടായില്ല. ഇ. അഹമ്മദിനെയൊക്കെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് ബാപ്പയായിരുന്നു. രണ്ട് തവണ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. നേതാക്കന്മാരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ബാപ്പയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയായിരുന്നു. ബാപ്പയുടെ തകര്‍ച്ചതന്നെയാണ് രാഷ്ട്രീയത്തോട് വലിയ താല്പര്യം തോന്നാതിരിക്കാന്‍ ഒരു കാരണം.

മഹിളാ അസോസിയേഷന്‍ നേതാവായിരുന്ന ടി. ദേവിയെ പരിചയമുണ്ടായിരുന്നു. ദേവിയേടത്തി വന്ന് സി.പി.എമ്മിന്റെ 'മെമ്പര്‍ഷിപ്പ്' എടുപ്പിച്ചിരുന്നു, അതല്ലാതെ ഏതെങ്കിലും മീറ്റിങ്ങില്‍ പങ്കെടുക്കുകയോ ഒന്നും ചെയ്തിരുന്നില്ല. അഡ്വ. എം.ടി. പത്മയും ഭര്‍ത്താവും ഒരിക്കല്‍ കോണ്‍ഗ്രസ്സിലേക്കു ക്ഷണിക്കാന്‍ വന്നിരുന്നു. അതൊക്കെ നടന്നെങ്കിലും എനിക്കു കിട്ടിയ അവസരം സാമൂഹ്യപ്രവര്‍ത്തനത്തിലായിരുന്നു. എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിച്ച സമയത്താണ് 'ബോധന' എന്ന സംഘടനയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കെ. അജിതയും സംഘടനയിലുണ്ടായിരുന്നു. കോഴിക്കോട് വലിയങ്ങാടിയിലെ എന്റെ വീട് ബോധനയുടെ ഓഫീസായി മാറി. കുറേ സമരങ്ങള്‍ സംഘടനയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ നടത്തിയിരുന്നു.

ഇപ്പോള്‍ എനിക്കു തോന്നുന്നത് പാര്‍ട്ടിയിലൊന്നും പോകാത്തത് നന്നായി എന്നാണ്. എന്ത് സ്ഥാനമാണ് സ്ത്രീകള്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഉള്ളത്. ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുതന്നെ എത്ര ഉദാഹരണങ്ങള്‍ കാണാം. ഗീതാനസീര്‍ നിയമസഭയിലേക്കു മത്സരിക്കേണ്ട ആളാണ്. എന്നിട്ടോ തിരുവനന്തപുരം ജില്ലാപഞ്ചായത്തിലേക്കാണ് എല്‍.ഡി.എഫ്. അവരെ നിര്‍ത്തിയിരിക്കുന്നത്. അതുപോലെതന്നെയാണ് കോഴിക്കോട് കാനത്തില്‍ ജമീല. എത്ര എക്സ്പീരിയന്‍സ് ഉള്ള ആളാണ്. എന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പിലാണ് അവരെ നിര്‍ത്തുന്നത്. ഇവരൊക്കെ നിയമസഭയിലേക്കു പോകേണ്ട ആളുകളാണ്. പി.കെ. സൈനബയെ നോക്കൂ. സീറ്റ് കൊടുത്തിട്ടുണ്ട്. പക്ഷേ, തോല്‍ക്കുന്ന സീറ്റായിരുന്നു. ലീഗിന്റെ കോട്ടയിലല്ലേ കൊണ്ടുപോയി നിര്‍ത്തിയത്. മുസ്ലിംലീഗിന്റെ കാര്യവും അങ്ങനെ തന്നെയാണ്. ലീഗില്‍ കുറേപേര്‍ വരുന്നുണ്ട്. പക്ഷേ, അതൊക്കെ പഞ്ചായത്തുകളില്‍ ഒതുക്കിക്കളയും. നൂര്‍ബീന റഷീദ്, ഖമറുന്നീസ അന്‍വര്‍, അഡ്വ. കെ.പി. മറിയുമ്മ ഇവരൊക്കെ നിയമസഭയില്‍ സംസാരിക്കേണ്ട ആളുകളാണ്. 

അപ്പോള്‍ താഴെത്തന്നെ നില്‍ക്കണം. വോയ്സ് ഉണ്ടാവാന്‍ പാടില്ല. അതാണ് മിക്കവാറും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ചെയ്യുന്നത്. ഒരു പാര്‍ട്ടിക്കും സ്ത്രീകളുടെ കാര്യത്തില്‍ നിലപാടില്ല എന്നാണ് എന്റെ ജീവിതാനുഭവങ്ങളില്‍നിന്നും എന്റെ പ്രവര്‍ത്തനങ്ങളില്‍നിന്നും ഞാന്‍ മനസ്സിലാക്കിയത്. ഒരുപാട് സ്ത്രീകള്‍ വരുന്നുണ്ട്. പക്ഷേ, വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല. കഴിവുള്ള സ്ത്രീകളുടെ സ്ഥാനം രാഷ്ട്രീയ അധികാര കേന്ദ്രങ്ങളില്‍ എവിടെയാണ്.

സമരങ്ങളില്‍ പങ്കെടുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്ന നിലപാട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ഉണ്ടായി എന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്?

സ്ത്രീകള്‍ സാമൂഹ്യ-രാഷ്ട്രീയ രംഗത്തേക്കു കടന്നുവരുമ്പോഴുള്ള പാര്‍ട്ടികളുടെ സമീപനം ശരിയല്ല. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് സമരം നടക്കുന്ന സമയം. അന്ന് ഇടതുപക്ഷത്തിന്റെ ഭരണമാണ്. സമരം പൊളിക്കാന്‍ പല ഭാഗങ്ങളില്‍നിന്നും ശ്രമങ്ങള്‍ നടന്നു. ഞാനും അജിതയുമൊക്കെ അന്ന് സമരത്തിനുണ്ട്. എതിര്‍ പ്രചാരണങ്ങളും പൊതുയോഗങ്ങളും പാര്‍ട്ടി നടത്തുന്നുണ്ട്. സമരത്തിലിരിക്കുന്ന സ്ത്രീകളുടെ ഇമേജ് കണ്ടിട്ടാണ് ആളുകള്‍ കൂടുന്നത് എന്നായിരുന്നു പ്രചരണം. എത്ര മോശമാണ്. ഒരു രാഷ്ട്രീയ നേതൃത്വത്തിനു പറയാന്‍ പറ്റുന്ന കാര്യമാണോ അതൊക്കെ. ഇതൊരു തുടര്‍ക്കഥയാണ്. പല രാഷ്ട്രീയ നേതാക്കന്മാരും ഇങ്ങനെ പറയാറുണ്ട്. മുല്ലപ്പള്ളി ശൈലജടീച്ചറെക്കുറിച്ച് പറഞ്ഞതു നോക്കൂ. രമ്യ ഹരിദാസിനെപ്പറ്റി വിജയരാഘവന്‍ പറഞ്ഞില്ലേ... വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞിട്ടില്ലേ. ഇവരുടെയൊക്കെ സംസാരത്തില്‍ ഒരു ചുവയുണ്ട്. സ്ത്രീകള്‍ ഒരു ശരീരം മാത്രമാണ്. അവര്‍ക്ക് ഒരു വ്യക്തിത്വമില്ല. ഒരു വസ്തുവായിട്ടാണ് അവര്‍ കാണുന്നത്. രാഷ്ട്രീയ നേതൃത്വങ്ങള്‍ സ്ത്രീകളെ ഉപഭോഗവസ്തുവായി മാത്രമാണ് കാണുന്നത് എന്നാണ് ഇവരുടെയൊക്കെ വാക്കുകളില്‍നിന്ന് മനസ്സിലാവുന്നത്.

പുരോഗമന പ്രസ്ഥാനങ്ങള്‍ വികസനത്തിനൊപ്പം സാമൂഹ്യമാറ്റവും കൊണ്ടുവരണം. വെറും സ്ത്രീ ശാക്തീകരണം എന്നു പറഞ്ഞതുകൊണ്ടായില്ല. മൊത്തത്തിലുള്ള മാറ്റത്തിനുവേണ്ടിയാണ് ശ്രമിക്കേണ്ടത്. ശബരിമല വിഷയമെടുത്താല്‍, ഇപ്പോഴത്തെ സര്‍ക്കാര്‍ നല്ല നിലപാട് സ്വീകരിച്ചിരുന്നു. പക്ഷേ, വോട്ടിലേക്ക് വന്നതോടെ അപ്പാടെ മാറി. വനിതാമതിലിനുവേണ്ടി എത്രയോ സ്ത്രീകള്‍ തെരുവിലിറങ്ങി. അവരോടൊക്കെ ആര് മാപ്പുപറയും. ഇന്ന് പാര്‍ട്ടി അതില്‍നിന്നു പിന്മാറിയില്ലേ. 

കെ. അജിതയുടെ തിരിച്ചുവരവും സംഘടനാപ്രവര്‍ത്തനവും അക്കാലത്ത് സി.പി.എമ്മിന് അതൃപ്തി ഉണ്ടാക്കിയിരുന്നു, അല്ലേ?

പാര്‍ട്ടിക്ക് അതൃപ്തി ഉണ്ടായിരുന്നു. അത് പാര്‍ട്ടിയുടെ ഒരു നയം തന്നെയാണ്. ടി.പി. ചന്ദ്രശേഖരന്റെ കാര്യം നോക്കൂ. പാര്‍ട്ടിവിട്ട് മറ്റൊരു സംഘടനയുണ്ടാക്കിയത് അവര്‍ക്ക് സഹിച്ചില്ല. അതവരുടേതായ ഒരു രാഷ്ട്രീയമാണ്. അതുപോലെതന്നെ പാര്‍ട്ടി ചെയ്യാത്തതാണ് ഞങ്ങളുടെ സംഘടന ചെയ്തത്. അവരുടെ പരിമിതികളില്‍നിന്നു വിട്ട് ഞങ്ങള്‍ വേറൊന്ന് ചെയ്യുകയായിരുന്നു. അജിതയുടെ തിരിച്ചുവരവും ഒരു പുതിയ പ്രസ്ഥാനവും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഭയങ്കര എതിര്‍പ്പുണ്ടായിരുന്നു. പല സമരങ്ങളിലും അത് ശക്തമായി നേരിടേണ്ടിവന്നിട്ടുണ്ടായിരുന്നു. അത്രയും കാലം ജയിലിലൊക്കെ കിടന്ന് പുറത്ത് വന്ന അജിതയെപ്പോലൊരാളുടെ നേതൃത്വത്തില്‍ ഒരു പ്രസ്ഥാനമുണ്ടാകുന്നത് അതിന്റേതായ ഇടിവ് പാര്‍ട്ടിക്കുണ്ടാക്കും. അതാണ് അന്ന് പാര്‍ട്ടി എതിര്‍ക്കാന്‍ കാരണം. പക്ഷേ, അതിനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല എന്നതാണ് സങ്കടം. ഇത്രയും വെല്ലുവിളികളെയൊക്കെ നേരിട്ടുകൊണ്ടുതന്നെ പ്രവര്‍ത്തിക്കുകയും ഒരു ദേശീയ സമ്മേളനം വരെ സംഘടനയെ എത്തിക്കാനും കഴിഞ്ഞിരുന്നു. എന്നിട്ടും അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. സ്ത്രീപക്ഷ രാഷ്ട്രീയം എന്ന നിലയില്‍ അത് നിലനിര്‍ത്തണമായിരുന്നു. പക്ഷേ, അത് പറ്റാതെ പോയി.

മെഡിക്കല്‍ കോളേജ് സമരം നടക്കുന്ന സമയത്ത് ജാഥയൊക്കെ പാര്‍ട്ടിക്കാര്‍ തടഞ്ഞുനിര്‍ത്തും. രോഗികളെ പരിശോധിക്കാന്‍ ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെയായിരുന്നു സമരം. സമരം വിജയിക്കും എന്ന ഘട്ടത്തിലെത്തിയപ്പോള്‍ ഡി.വൈ.എഫ്.ഐക്കാര്‍ വന്ന് അവരാണ് സമരം നടത്തിയത് എന്ന് വരുത്തിത്തീര്‍ക്കാന്‍ ആശുപത്രിയുടെ ചില്ലുകളൊക്കെ തകര്‍ത്ത് അക്രമം നടത്തി. കെ. മുരളീധരന്‍ ഒരു വേദിയില്‍ ഇത് പറഞ്ഞിരുന്നു, സ്ത്രീകള്‍ നടത്തിയ സമരം ഡി.വൈ.എഫ്.ഐ അവരുടേതാക്കാന്‍ ശ്രമിച്ചു എന്ന്.
 
ഐസ്‌ക്രീം കേസില്‍ പ്രതിഷേധത്തിനു മുന്നിലുണ്ടായിരുന്നു. ആ കേസില്‍ എന്താണ് സംഭവിച്ചത്?

ഐസ്‌ക്രീം കേസില്‍ അജിതയ്ക്ക് നല്ല ഭീഷണിയുണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടിയും മറ്റു ചിലരും ഉള്‍പ്പെടുന്ന പെണ്‍വാണിഭ റാക്കറ്റ് ഉണ്ടെന്നും ഇതില്‍ സമഗ്ര അന്വേഷണം വേണമെന്നും അജിത പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതിനെത്തുടര്‍ന്ന് ഒരു ജനകീയ കൂട്ടായ്മ രൂപീകരിച്ചായിരുന്നു പ്രതിഷേധം നടത്തിയത്. ഞാനും ആ കൂട്ടായ്മയില്‍ ഉണ്ടായിരുന്നു. സി.പി.എം. നേതാവ് ടി.പി. ദാസന്റെ പേരും ഈ കേസില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. മഹിളാ അസോസിയേഷന്‍ നേതാവായ അഡ്വ. പി. സതീദേവിയും അന്ന് കൂട്ടായ്മയിലുണ്ടായിരുന്നു. കേസ് സത്യസന്ധമായി നോക്കിയ കമ്മിഷണര്‍ നീരാറാവത്തിനെ സ്ഥലം മാറ്റി. പിന്നീട് വന്ന ഉദ്യോഗസ്ഥരുടെ അന്വേഷണം തൃപ്തികരമായിരുന്നില്ല. പൊലീസിനെതിരെ മാനാഞ്ചിറയില്‍ സ്ത്രീകളുടെ വലിയ പ്രതിഷേധം നടന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം വിളിച്ച പത്രസമ്മേളനത്തില്‍ പൊലീസ് സത്യസന്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് കൂട്ടായ്മയുടെ നേതൃത്വം പറഞ്ഞത്. പ്രകടനത്തിലെ മുദ്രാവാക്യത്തിനെതിരെയായിരുന്നു പ്രസ്താവന. എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നു മനസ്സിലാക്കി ഞാന്‍ ആ കൂട്ടായ്മയില്‍നിന്ന് മാറിനിന്നു.

ടി.പി. ദാസനെ പാര്‍ട്ടിയില്‍നിന്നു മാറ്റിനിര്‍ത്തി. അതിനുശേഷം സതീദേവിയും കൂട്ടായ്മയില്‍നിന്നു മാറിനിന്നു. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ എന്തൊക്കെയോ വെളിപ്പെടുത്താനുണ്ടെന്നു പറഞ്ഞ് അബ്ദുള്‍ നാസര്‍ മദനി കോഴിക്കോട് വരികയും ചിലരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. 

ഇങ്ങനെയൊക്കെ നടന്നിട്ടും കേസിന് എന്തു സംഭവിച്ചു, ലഭിച്ച തെളിവുകള്‍ക്ക് എന്തു സംഭവിച്ചു എന്നതിനൊന്നും യാതൊരു രൂപവുമില്ല. എന്നെ ഏറ്റവും അലട്ടികൊണ്ടിരിക്കുന്നത് പാട്ടുകാരന്‍ നജ്മല്‍ ബാബുവിന്റെ മകള്‍ സുനൈനയുടെ മരണമാണ്. സുനൈനയും സഹപാഠിയായ മറ്റൊരു പെണ്‍കുട്ടിയും ദുരൂഹ സാഹചര്യത്തില്‍ ട്രെയിന്‍ തട്ടി മരിക്കുകയായിരുന്നു. അതിന് ഈ കേസുമായി ബന്ധമുണ്ടെന്നാണ് അറിഞ്ഞത്. ഒരിക്കല്‍ എന്റെ മകനുവേണ്ടി വിവാഹാലോചന നടത്തിയ പെണ്‍കുട്ടിയായിരുന്നു അത്. ഐസ്‌ക്രീം കേസ് എവിടെയും എത്താതെ പോയി എന്നത് ഒരു വസ്തുതയാണ്.

ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

വനിതാകമ്മിഷന്‍ വിളിച്ച യോഗത്തില്‍ 'നായര്‍ സ്ത്രീ മുസ്ലിങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ട' എന്നൊരു പരാമര്‍ശം ഉണ്ടായതായി കണ്ടു. നിസയുടെ രൂപീകരണവും അതിനെ തുടര്‍ന്നായിരുന്നു?

വനിതാകമ്മിഷന്‍ കേരളത്തില്‍ തുടങ്ങിയ സമയമാണ്. സുഗതകുമാരി ടീച്ചറായിരുന്നു ചെയര്‍പേഴ്സണ്‍. ഒന്‍പത്  മക്കളുള്ള ഒരു സ്ത്രീയെ ത്വലാഖ് ചൊല്ലി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത കേസ് കമ്മിഷനില്‍ എത്തിയപ്പോഴാണ് സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയുള്ള മറ്റു ചില കേസുകള്‍ കൂടി ഉണ്ടായിരുന്നു. ആ സെമിനാറില്‍ മുസ്ലിംലീഗിലെയും മുജാഹിദ്, ജമാഅത്തെ സംഘടനകളുടേയും പ്രതിനിധികള്‍ തയ്യാറെടുപ്പോടുകൂടിയാണ് വന്നത്. ചര്‍ച്ച തുടങ്ങിയപ്പോള്‍ത്തന്നെ ഖമറുന്നീസ അന്‍വറും മറിയുമ്മയും ഒക്കെ വലിയ ഒച്ചപ്പാടുണ്ടാക്കി. നായര്‍ സ്ത്രീ എന്തിനാണ് മുസ്ലിങ്ങളുടെ കാര്യം ചര്‍ച്ച ചെയ്യുന്നത് എന്നാണ് ചോദ്യം. ഇ.ടി. മുഹമ്മദ് ബഷീര്‍ ചോദിച്ചത് ടീച്ചര്‍ എന്തിനാണ് ഈ വിഷയം ചര്‍ച്ചയ്ക്കെടുത്തത് വേറെ എത്രയോ വിഷയങ്ങളുണ്ടല്ലോ എന്നാണ്. ടീച്ചര്‍ വളരെ വൈകാരികമായി സംസാരിച്ച് സെമിനാര്‍ അവസാനിപ്പിക്കുകയായിരുന്നു. നായര്‍ സ്ത്രീ എന്ന പ്രയോഗം എനിക്കു വല്ലാതെ ഫീല്‍ ചെയ്തു. അങ്ങനെയാണ് നായര്‍ സ്ത്രീ വേണ്ടെങ്കില്‍ വേണ്ട, ഞങ്ങളുടെ പ്രശ്നങ്ങള്‍ ഞങ്ങള്‍ക്കു തന്നെ പറയാം എന്നതില്‍നിന്നാണ് നിസ രൂപംകൊണ്ടത്. അത് വിഘടനവാദമാണ് എന്ന് പറഞ്ഞ് കുറച്ചാളുകളൊക്കെ മാറിനിന്നിരുന്നു.  ലീഗിലെ വനിതാ നേതാക്കളൊക്കെ ഇപ്പോഴും എതിരായിത്തന്നെയാണ് നില്‍ക്കുന്നത്. മുത്തലാഖ് വിഷയത്തിലൊക്കെ ഇപ്പോള്‍ കുറച്ച് ഇളവ് വന്നിട്ടുണ്ട്. അല്ലാതെ ബഹുഭാര്യാത്വത്തിനൊക്കെ ഇപ്പോഴും അവര്‍ അനുകൂലമാണ്. മുസ്ലിംലീഗിനെ സംബന്ധിച്ച് ഇത് നിലനിര്‍ത്തണം. അതിന്റെ ആവശ്യമുണ്ട്. ശരീഅത്ത് സംരക്ഷകര്‍ എന്ന നിലയില്‍  വോട്ടുതേടാന്‍ ഇവര്‍ക്കിത് നിലനിര്‍ത്തിയേ പറ്റൂ. ഈ സ്ത്രീവിരുദ്ധ വ്യക്തിനിയമം നിലനിര്‍ത്തിയാലെ ഇവര്‍ക്ക് രാഷ്ട്രീയ നിലനില്‍പ്പുള്ളൂ.  വസ്തുത അതാണ്. അതാണ് പല കാര്യങ്ങളേയും അവര്‍ ശക്തമായി എതിര്‍ക്കുന്നത്. അല്ലാതെ അവര്‍ക്ക് അറിവില്ലാഞ്ഞിട്ടൊന്നുമല്ല. 

ശരീഅത്ത് നിയമം പറഞ്ഞാലേ മുസ്ലിംലീഗിനു നിലനില്‍പ്പുള്ളൂ. അതിന്റെ ഭാഗം തന്നെയാണ് കോണ്‍ഗ്രസ്സും. പുരോഗമനപരമായ കാര്യങ്ങള്‍ പറയുമ്പോള്‍ വോട്ട് നഷ്ടപ്പെടും എന്നതാണ്. ഇത്തരം വിഷയങ്ങള്‍ സി.പി.എമ്മും പറയില്ല. മുത്തലാഖിന്റെ വിഷയത്തില്‍ത്തന്നെ അവസാന സമയത്താണ് അവര്‍ മിണ്ടിയത്.  1975-തൊട്ട് ഞാന്‍ സാമൂഹ്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഞാനിവിടെത്തന്നെയുണ്ട്. ഞങ്ങളൊക്കെ വന്നുകഴിഞ്ഞാല്‍ മുസ്ലിം വോട്ട് നഷ്ടപ്പെടും എന്ന ചിന്തയായിരിക്കാം. കാന്തപുരത്തിനെയൊക്കെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നവരാണല്ലോ. വോട്ട് നഷ്ടപ്പെടുന്ന വിഷയത്തിനൊന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയും നില്‍ക്കില്ല. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും മതത്തിന് അധിഷ്ഠിതമായാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഒരു മതത്തേയും പിണക്കാന്‍ അവര്‍ തയ്യാറല്ല. 

'ജോറയുടെ കഥ-സഹനത്തിന്റേയും പോരാട്ടത്തിന്റേയും നാള്‍വഴികള്‍' എന്ന ആത്മകഥയ്ക്ക് പിന്നാലെ 'ഇസ്ലാമിലെ ലിംഗനീതി സ്ത്രീപക്ഷ സമീപനം' എന്ന പുസ്തകവും ഉടന്‍ പുറത്തിറങ്ങും. അതിന്റെ പണിപ്പുരയിലാണ് വി.പി. സുഹ്റ ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com