ലോസറിലെ നക്ഷത്രക്കണ്ണുള്ള പെണ്‍കുട്ടി

ഒരു ചെറിയ കുട്ടിയെ പരിപാലിച്ചുകൊണ്ട് ഒരു സ്‌കൂള്‍ കുട്ടിയുടെ നിഷ്‌കളങ്ക മുഖവുമായി ഒരു ഇളംപച്ച ജാക്കറ്റില്‍ ഇരുന്ന പെണ്‍കുട്ടി 
ലോസറിലെ നക്ഷത്രക്കണ്ണുള്ള പെണ്‍കുട്ടി

ഴിയോ? വഴിയൊക്കെ തീര്‍ന്നു.

പുകയിലപ്പൊടിയെ ഉള്ളംകയ്യിലിട്ട് മര്‍ദ്ദിച്ചുകൊണ്ട് താനനുഭവിക്കുന്ന യാതനകള്‍ക്കു മുഴുവന്‍ മുന്‍പില്‍ നില്‍ക്കുന്ന ഞങ്ങളാണ് കാരണക്കാരെന്ന മുഖവുമായി അയാള്‍ ഇരുന്നു. ഓരോ തവണ തള്ളവിരലുകൊണ്ട് പൊടിയെ അമര്‍ത്തുമ്പോഴും ആ മര്‍ദ്ദനമേറ്റതുപോലെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുദേവ് പുറകിലേക്ക് മാറിക്കൊണ്ടിരുന്നു. കുറച്ചൊരു പിരിമുറക്കത്തോടെ ഞങ്ങള്‍ മുരടനക്കി ചോദിച്ചു: വഴിയടച്ചുവെന്നോ, അപ്പോള്‍ നാളെ തുറക്കില്ലേ പതംവരുത്തിവെച്ച പുകയിലപ്പൊടി രണ്ടു വിരലുകൊണ്ട് ഒരു അഭ്യാസിയെപ്പോലെ വിദഗ്ദ്ധമായി വായിലേക്ക് തിരുകിവെച്ചപ്പോള്‍ അയാളുടെ മുഖത്തെ ആധികള്‍ ഒരല്പം അയഞ്ഞതുപോലെ തോന്നി. ഞങ്ങളെ നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു: വഴിയടച്ചുവെന്ന് ആരാണ് പറഞ്ഞത്. വഴിയല്ല, ഇവിടുന്നങ്ങോട്ട് കല്ലും ചെളിയും പൊടിയും മാത്രമേ ഉള്ളു എന്നാണ് പറഞ്ഞത്.

പിറ്റേന്ന് അതിരാവിലെ ഗേറ്റ് തുറക്കുന്ന സമയം അറിയാന്‍ ഞങ്ങള്‍ ലോസറിലെ ചെക്ക് പോസ്റ്റില്‍ വന്നതാണ്. വൈകുന്നേരത്തോടുകൂടി ലോസറില്‍നിന്ന് കുന്‍സും ലാ പാസിലേക്കുള്ള വഴി അടയ്ക്കും. രാത്രിയില്‍ കുന്‍സും ലായിലൂടെയുള്ള യാത്ര അതീവ അപകടംപിടിച്ചതാണ്. അവിടെയാണ് പുകയിലപ്പൊടി കശക്കിക്കൊണ്ട് അസഹനീയതയോടെ ഗാര്‍ഡ് ബിജേന്ദര്‍ രാം ഇരുന്നിരുന്നത്. ഞങ്ങള്‍ കേരളത്തില്‍നിന്നുള്ളവരാണെന്ന് അറിഞ്ഞപ്പോള്‍ ബിജേന്ദറിന് അമ്പരപ്പ് അടക്കാനായില്ല. അയാള്‍ തണുപ്പുകൊണ്ട് കോച്ചിയ കൈവിരലുകള്‍ കക്ഷത്തിലേക്ക് കയറ്റിവെച്ചുകൊണ്ട് പറഞ്ഞു: ആളുകള്‍ എന്തു കാണാനാണ് ഈ സ്ഥലത്തേക്ക് വരുന്നതെന്ന് എനിക്ക് ഒരിക്കലും മനസ്സിലാക്കാന്‍ പറ്റുന്നില്ലല്ലോ. ഹിമാചലിലെ ഏറ്റവും മുടിഞ്ഞ തണുപ്പുള്ള സ്ഥലമാണ് ഇത്. പോരാത്തതിന് ഏറ്റവും അപകടംപിടിച്ച വഴിയും. ഞാന്‍ ഹിമാചലിയാണ്. മണാലിക്കടുത്താണ് വീട്. ഒരുവിധമുള്ള തണുപ്പൊക്കെ എനിക്കു പറ്റും. പക്ഷേ, ഇവിടുത്തെ നശിച്ച തണുപ്പ് പറ്റൂല്ല. ഇവിടെ ജീവിക്കാന്‍ ഈ യാക്കിന്റെ പാലുകുടിക്കുന്ന ഈ ബുദ്ധന്‍മാരെക്കൊണ്ടേ പറ്റൂ. 

ഒരാള്‍ ഒരു സ്ഥലത്തേക്ക് യാത്രചെയ്തു വരുന്നതിന്റെ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരിക്കാം ആ സ്ഥലത്തെ അയാള്‍ നിര്‍വ്വചിക്കുക. ബിജേന്ദറിനെ സംബന്ധിച്ചിടത്തോളം ഈ മലയും മഞ്ഞും വഴിയുമെല്ലാം ഒരു മാസത്തെ വേതനത്തിനുവേണ്ടി അയാള്‍ സഹിക്കുന്ന യാതനകളാണ്.
അടുത്ത ദിവസം അതിരാവിലേയും ചെക്ക്‌പോസ്റ്റില്‍ ആളുണ്ടാവും എന്ന വിവരം അറിഞ്ഞയുടനെ അയാളെ കൂടുതല്‍ ദൈന്യതയിലാക്കാതെ ഞങ്ങള്‍ തിരിച്ചുപോന്നു. ബിജേന്ദര്‍ പറഞ്ഞതില്‍ കാര്യമുണ്ട്. സ്പിറ്റി താഴ്‌വരയിലെ ഏറ്റവും തണുപ്പുള്ള സ്ഥലമാണ് നാലായിരത്തി ഇരുനൂറു മീറ്റര്‍ ഉയരത്തിലുള്ള ലോസര്‍. ഇപ്പോള്‍ത്തന്നെ തണുപ്പ് ഓരോ അണുവിലൂടെയും ഇരച്ചു കയറി പല്ലുകൂട്ടിയിടിക്കുന്നുണ്ട്. 

ഓരോ നിമിഷവും ആസ്വദിച്ച യാത്രയായിരുന്നു ഇന്നു കാസയില്‍നിന്നു പുറപ്പെട്ടതു മുതല്‍. പുഴകളും പാലങ്ങളും ഗോമ്പയും ഗ്രാമങ്ങളും മലകളും പൂക്കളുടെ താഴ്‌വരയും. മഞ്ഞും വെയിലും കൊണ്ടു മങ്ങിയ സ്‌കാര്‍ലറ്റ് ചുവപ്പിന്റെ കൈവരികളുള്ള പാലം നിറഞ്ഞ് ഇടയനൊപ്പം ഗ്രാമത്തിലേക്ക് മടങ്ങിയെത്തുന്ന ചെമ്മരിയാടുകളുടെ ഇടയിലൂടെ ലോസര്‍ ഗ്രാമത്തിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. സ്പിറ്റിയിലെ ഏറ്റവും സുന്ദരമായ താഴ്‌വരയാണ് ടിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ലോസര്‍. നാലുപാടും ആകാശം ചുംബിക്കുന്ന വരണ്ട പര്‍വ്വതങ്ങളുടെ മധ്യേ, നിറയെ പച്ചപ്പും പൂക്കളുമായി, ലോസര്‍ നദിയുടെ തീരത്ത് പുല്ലുമേഞ്ഞ മേല്‍ക്കൂരകളും കുഞ്ഞു ജനാലകളുമുള്ള വീടുകളുമായി ലോസര്‍ സുഷുപ്തിയിലാണ്ടു കിടക്കുന്നു. അപാരമായ ശാന്തതയാണ് ഈ താഴ്‌വരയുടെ പ്രത്യേകത. രാത്രി മാനത്ത് എമ്പാടും പൂത്തു കിടക്കുന്ന നക്ഷത്രങ്ങളും പകല്‍ താഴ്‌വരയുടെ അപാര പ്രശാന്തതയും. വെറുതെ നോക്കിയിരുന്ന് ജീവിതത്തിലൊന്നു തിരിച്ചു നടക്കാനും ധ്യാനത്തിലാണ്ടിരിക്കാനും ലോസറിലെ അന്തരീക്ഷത്തോളം പറ്റിയതൊന്നുണ്ടാവില്ല.

മുറി ഒഴിവുണ്ടോ എന്നറിയാന്‍ ഗ്രാമമുഖത്തുനിന്ന് വലത്തേക്കു തിരിഞ്ഞ് ഒരു നീര്‍ച്ചാല്‍ കടന്നു പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസില്‍ എത്തി അന്വേഷിച്ചു. ആരോ തലേ ദിവസം മുറി വേണമെന്ന് വിളിച്ചുപറഞ്ഞിരുന്നുവത്രേ. അവര്‍ വന്നില്ലെങ്കില്‍ തരാമെന്ന് സൂക്ഷിപ്പുകാരന്‍ അറിയിച്ചു. ഗ്രാമത്തിലെ ലഭ്യമായ മുറികളിലൊക്കെ നോക്കിയിട്ടും ഒന്നും ശരിയാവുന്നില്ല. ഇങ്ങനെയുള്ള യാത്രകളില്‍ മനസ്സിനിഷ്ടപ്പെടുന്ന കാഴ്ചകളുള്ള സ്ഥലത്ത് അത്യാവശ്യം വൃത്തിയുള്ള മുറിയും കയ്യിലൊതുങ്ങാവുന്ന വാടകയുമുള്ള ഒരു താമസമാണ് തേടാറുള്ളത്. ഗ്രാമത്തിലെ ഏതെങ്കിലും കുടുംബങ്ങള്‍ നടത്തുന്ന ഹോം സ്‌റ്റേ ആണെങ്കില്‍ ഒന്നു കൂടെ ഗംഭീരമായി. ഇങ്ങനെയുള്ള ഒരു താമസം സംഘടിപ്പിക്കാനായി യാത്രാക്ഷീണം പെരുകിയിരിക്കുകയാണെങ്കില്‍പ്പോലും ഗ്രാമത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ചിലപ്പോള്‍ ഞങ്ങള്‍ക്ക് അന്വേഷിക്കേണ്ടിവരാറുണ്ട്. അങ്ങനെയാണ് ഗ്രാമം അവസാനിക്കുന്നയിടത്ത് ചെക്ക് പോസ്റ്റിലെത്തുന്നതിനു മുന്‍പായി ഒരു വീടിനോട് ചേര്‍ന്ന് താഷി കന്‍ങ്ങ്‌സര്‍ ഹോംസ്‌റ്റേ എന്നെഴുതി വെച്ചിരിക്കുന്നത് കണ്ട് എത്തുന്നത്. അവിടെ ഒരു ചെറിയ കുട്ടിയെ പരിപാലിച്ചുകൊണ്ട് ഒരു സ്‌കൂള്‍ കുട്ടിയുടെ നിഷ്‌കളങ്ക മുഖവുമായി ഒരു ഇളംപച്ച ജാക്കറ്റില്‍ ഇരുന്ന പെണ്‍കുട്ടി,  അല്പസമയത്തിനുള്ളില്‍ ഉടമയായ സെറിങ്ങ് ദീദി വരുമെന്ന് അറിയിച്ചു. അവളുടെ പേര് കേകയെന്നാണത്രേ. സെറിങ്ങിനെ കാത്തിരിക്കുമ്പോള്‍ കേക അവളുടെ മണാലിയിലെ ഗ്രാമത്തിന്റെ ഭംഗിയെക്കുറിച്ചും മഞ്ഞുകാലത്തെക്കുറിച്ചും വീടിനെക്കുറിച്ചുമൊക്കെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍ പ്രകാശിപ്പിച്ചുകൊണ്ട് പറഞ്ഞുകൊണ്ടേയിരുന്നു.

ലോസര്‍ നദീതീരത്ത്

താഷിയെന്ന  വീടിന്റെ  പടിയിലിരുന്ന് നോക്കുമ്പോള്‍ വഴിക്കപ്പുറം വെള്ളാരം കല്ല് കൂട്ടിയുള്ള കെട്ടിനു മുകളില്‍ ഒരു പൂച്ചെണ്ടുപോലെ നീലപ്പൂക്കള്‍ നിറഞ്ഞുതുളുമ്പി നില്‍ക്കുന്നതു കാണാം. പച്ചപ്പുല്‍ത്തകിടിക്കു മേല്‍ അങ്ങുമിങ്ങും അടുക്കിവെച്ചിരിക്കുന്ന തവിട്ടു വിറകു കൂമ്പാരങ്ങള്‍ക്കു പോലുമുണ്ട് ഒരു ഭംഗി. പിന്നെയങ്ങോട്ട് പച്ചവിരിച്ച മൊട്ടക്കുന്നുകള്‍. അതിന്റെ ഒരു അറ്റത്ത് ലോസര്‍ ഗ്രാമത്തിലെ മൊണാസ്ട്രി. മൊട്ടക്കുന്നുകള്‍ക്കു പുറകില്‍ ആകാശം മുട്ടുന്ന നീലിച്ച പര്‍വ്വതങ്ങള്‍ വെള്ളത്തലേക്കെട്ട് കെട്ടിയതുപോലെ മഞ്ഞണിഞ്ഞു നില്‍ക്കുന്നു. വീടിനു പുറകില്‍ പച്ചക്കൃഷിപ്പാടങ്ങള്‍ക്കും  വൈക്കോല്‍ അടുക്കിവെച്ച മേല്‍ക്കൂരകളുള്ള വീടുകള്‍ക്കു താഴെ ലോസര്‍ നദി ഒഴുകുന്നു. അതിനപ്പുറം ചെമ്പന്‍മലകള്‍.

പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിന്റെയടുത്ത് കാത്തിരിക്കുകയായിരുന്ന ഷിബുവിനേയും കൂട്ടി  ഞാന്‍ തിരികെയെത്തിയപ്പോള്‍  മുകളില്‍നിന്നും ആരോ ഒച്ച ഉയര്‍ത്തുന്നതു കേള്‍ക്കാം. ഞങ്ങള്‍ വേഗം പടികയറി ചെന്നപ്പോള്‍ ഗുരുദേവ് തന്നെയാണ് ഒച്ചയിടുന്നത്. സംസാരിക്കുന്നതിന്റെയിടയ്ക്ക്  കേകയെന്ന പെണ്‍കുട്ടി ഗുരുവിനോട് പത്താം ക്ലാസ്സില്‍വെച്ച് പഠനം നിര്‍ത്തി എന്നു പറഞ്ഞതാണ് പ്രകോപനത്തിനു കാരണം. പഠിക്കാത്തതിന്റെ പേരില്‍ കേകയുടെ പഴയ ഹെഡ് മാഷ് പോലും അവളെ ഇത്ര വഴക്കുപറഞ്ഞിട്ടില്ലായെന്ന് അവളുടെ വിളറിയ മുഖം പറഞ്ഞു.

അനുനിമിഷം മരവിപ്പ് കൂട്ടുന്ന തണുപ്പില്‍നിന്നും രക്ഷനേടാന്‍ അടുക്കളയിലേക്ക് കസേര വലിച്ചിട്ടു തന്നു സെറിങ്ങ്. ഈ പര്‍വ്വതഗ്രാമങ്ങളിലെ ആളുകളുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് അടുക്കള. കുടുംബത്തിലെ ആളുകളെല്ലാം ഒത്തുചേര്‍ന്ന് തീ കാഞ്ഞ് ചൂടു സൂപ്പോ ചായയോ കുടിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്ഥലം. ലോസറിലെ സ്‌കൂളിലെ അദ്ധ്യാപകരാണ് സെറിങ്ങും ഭര്‍ത്താവും. സെറിങ്ങിന്റെ സഹായി കിഷന്‍ അടുക്കളയിലേക്കുള്ള സാധനങ്ങളുമായി എത്തിയിരുന്നു. ഞങ്ങള്‍ക്കായി ചോറും ദാലും ലോസര്‍ സ്‌പെഷല്‍ ചിക്കനും ഉണ്ടാക്കുന്ന തിരക്കിലാണ് സെറിങ്ങും കേകയും. സെറിങ്ങിന്റെ ഭര്‍ത്താവ് സ്‌കൂളിലെ കുട്ടികളേയുംകൊണ്ട് ഒരു  പരിപാടിക്കായി ഷിംലയ്ക്ക് പോയിരിക്കുകയാണ്. സെറിങ്ങിന്റെ മൂത്ത മകളും അക്കൂടെയുണ്ട്.

സെറിങ്ങ് താഴ്‌വരയിലേ ജീവിതത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. പല ക്ലാസ്സുകളിലും ഒന്നോ രണ്ടോ കുട്ടികളൊക്കെയേ ഉണ്ടാകാറുള്ളുവത്രേ. ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സുവരെ ഒറ്റയ്‌ക്കൊരു ബെഞ്ചിലിരുന്ന് പഠിക്കുന്ന കുട്ടിയുടെ കാര്യമൊന്ന് ചിന്തിച്ചുനോക്കൂ. ബോറടിയില്‍ അവനൊരു പി.എച്ച്ഡി കൂടി എടുത്തിട്ടുണ്ടാകും. മഞ്ഞു പെയ്യാത്ത മൂന്നു നാലു മാസം മഞ്ഞുകാലത്തേക്കുള്ള ശേഖരണത്തിന്റെ സമയമാണ്. രണ്ടാമത്തെ ആണ്‍കുട്ടിയെ മൊണാസ്ട്രിയിലേക്ക് കൊടുക്കുന്ന താഴ്‌വരയിലെ ബുദ്ധ ആചാരങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ സെറിങ്ങ് നിസ്സംശയം പറഞ്ഞു: ഇനി എനിക്കൊരു ആണ്‍കുട്ടി കൂടി ഉണ്ടായാല്‍ തീര്‍ച്ചയായും അവനെ ഗോമ്പയില്‍ ചേര്‍ക്കും. താഴ്‌വരയില്‍ ആര്‍ക്കും അതില്‍നിന്ന് മാറിനില്‍ക്കാനായില്ല. സെറിങ്ങിന്റെ ചെറിയ മകന്‍ കമ്പിളിവസ്ത്രങ്ങളെക്കൊണ്ട് നിറഞ്ഞ് ഒരു പാവക്കുട്ടിയെപ്പോലെ അടുക്കളയില്‍ നടക്കുന്നുണ്ടായിരുന്നു. 

കേകയെന്തുകൊണ്ട് തുടര്‍ന്നു പഠിച്ചില്ല എന്ന ചോദ്യത്തിന് ആദ്യം ആരും ഒന്നും പറഞ്ഞില്ല. പിന്നെ സെറിങ്ങ് പറഞ്ഞതു കേട്ട് ഞങ്ങള്‍ ഞെട്ടി. സ്‌കൂള്‍ പരീക്ഷ കഴിഞ്ഞയുടനെ അവളുടെ കല്യാണം  കഴിഞ്ഞതുകൊണ്ടാണ് കേക പഠനം നിര്‍ത്തിയത്.  ഈ ചെറിയ കുട്ടിയുടെ കല്യാണം കഴിഞ്ഞിരിക്കുന്നുവെന്നോ! ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല.  കേക തല കുനിച്ചിരുന്നു. സെറിങ്ങ് തുടര്‍ന്നു: ഇവിടെ ജോലിക്കു നില്‍ക്കുന്ന കിഷന്‍ തന്നെയാണ് അവളെ കല്യാണം കഴിച്ചിരിക്കുന്നത്. ഇവര്‍ രണ്ടുപേരും ഈ താഴ്‌വരയില്‍നിന്നുള്ളവരല്ല. മണാലിയിലെ ഒരു ഗ്രാമത്തില്‍നിന്നു ഇവിടെ ജോലിക്കു വന്നതാണ്.

കേകയ്ക്ക് കഷ്ടി ഒരു പതിനാറ് വയസ്സുണ്ടാകുമായിരിക്കും. ചില കാര്യങ്ങള്‍ അങ്ങനെയാണ്, എന്ത് ഏത് എങ്ങനെ ഒന്നും ചോദിക്കരുത്. അതങ്ങനെയാണ്. സാഹചര്യങ്ങളായിരിക്കാം ചില അവസ്ഥകളുടെ മാതാവ്. 

ചോറും ദാലും ചിക്കനും കൂടിയ അത്താഴവും കഴിഞ്ഞ് ലോസറിന്റെ വഴികളിലൂടെ, എല്ലു തുളയ്ക്കുന്ന തണുപ്പത്ത് ആകാശഗംഗയെ മാനത്ത് കാണാന്‍ പുറത്തിറങ്ങിയപ്പോള്‍ അവിടെ ലോസറില്‍ വച്ചു കണ്ടുമുട്ടിയ മലയാളികളില്‍ രണ്ടുപേര്‍ മുറ്റത്ത് നക്ഷത്രങ്ങളെ പകര്‍ത്താന്‍ കാമറ സ്റ്റബിലൈസര്‍ സ്റ്റാന്റില്‍ ഉറപ്പിക്കുന്നുണ്ട്. കേരളത്തിലെ ഏതോ എന്‍ജിനീയറിങ് കോളേജില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയായതിനുശേഷം ഹിമാചലിലേക്ക് തിരിച്ചവരാണ്. കുന്‍സും ലാ പാസ് വഴി കഷ്ടപ്പെട്ടാണ് ഇവിടെയെത്തിയിരിക്കുന്നത്. ലോസര്‍ ഗ്രാമത്തിന്റെ മധ്യത്തില്‍ കുഴങ്ങി നില്‍ക്കുന്ന കേരളാ രജിസ്‌ട്രേഷന്‍ വണ്ടി കണ്ട് ഞങ്ങള്‍ തന്നെയാണ് അവരെ ഈ ഹോംസ്‌റ്റേയിലേക്കെത്തിച്ചത്. അതില്‍ രണ്ടുപേര്‍ മുറിയില്‍ എത്തിയപ്പോഴേ തലവേദനയുമായി എ.എം.എസ് അഥവാ മൗണ്ടേയ്ന്‍ സിക്‌നസ് ബാധിച്ച് തളര്‍ന്നുകിടപ്പായി. ഞങ്ങളുടെ കൈവശമുണ്ടായിരുന്ന ഡയമോക്‌സ് ഗുളിക എടുത്ത് കഴിക്കാന്‍ കൊടുത്തു. സ്പിറ്റി താഴ്‌വരയെക്കുറിച്ചോ ഉയരങ്ങളിലേക്ക് യാത്രചെയ്യുമ്പോഴുണ്ടാവുന്ന എ.എം.എസിനെക്കുറിച്ചോ വേണ്ടത്ര ധാരണയില്ലാതെ പുറപ്പെട്ടവരാണ്. മണാലിയില്‍നിന്ന് ലോസര്‍ വരെയുള്ള ഭീതിജനകമായ യാത്ര അവരെ പരിക്ഷീണ ചിത്തരാക്കിയിരിക്കുന്നു. ലോസറില്‍നിന്ന് കാസയിലേക്കുള്ള വഴിയേക്കുറിച്ച് തിരിച്ചും മറിച്ചും അവര്‍ ചോദിച്ചുകൊണ്ടിരുന്നു. 

ലോസറിലെ വഴിയോരത്തുനിന്ന് ആകാശത്ത് പൂത്തുനില്‍ക്കുന്ന നക്ഷത്രങ്ങളെ കണ്ണിലും ചങ്കിലും നിറച്ചു. എന്തൊരു ലോകമാണിത്. പകലും രാത്രിയും അത്ഭുതക്കാഴ്ചകള്‍. തണുപ്പ് സഹിക്കാന്‍ പറ്റുന്നതിന്റെ അപ്പുറമായപ്പോള്‍ നക്ഷത്രങ്ങളെ ആകാശത്തില്‍ത്തന്നെ തട്ടിയിട്ടിട്ട് ശരവേഗത്തില്‍ മുറിയിലേക്കോടി. കരിമ്പടത്തിനും കമ്പിളിക്കുമടിയില്‍ കിടന്ന് ചില്ലു ജാലകത്തിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ ചെമ്പന്‍മലകള്‍ക്കു മുകളില്‍ കൊള്ളിമീനുകള്‍ പെയ്യുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com