മമതാ ബാനര്‍ജി; ഏകാകിനിയുടെ രാഷ്ട്രീയ യുദ്ധങ്ങൾ

പരാജയങ്ങളും കായികവെല്ലുവിളികളും നേരിട്ടാണ് മമത ബംഗാളിലെ രാഷ്ട്രീയവിഗ്രഹമായി ഉയര്‍ന്നത്
മമതാ ബാനര്‍ജി; ഏകാകിനിയുടെ രാഷ്ട്രീയ യുദ്ധങ്ങൾ

പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കുന്നതിലും കേന്ദ്രസര്‍ക്കാരിനോടും ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടിനോടും നേര്‍യുദ്ധത്തിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഏതാണ്ട് അപ്രസക്തമാകുന്ന ബംഗാളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കുമെന്ന പ്രചാരണം ബി.ജെ.പി ആവര്‍ത്തിക്കുന്നു. ബംഗാള്‍ പിടിച്ചെടുക്കാനുള്ള ധ്രുവീകരണത്തിനുള്ള ആയുധം കൂടിയാണ് ബി.ജെ.പിക്ക് പൗരത്വനിയമവും എന്‍.ആര്‍.സിയും. അതിനെ ആവുംവിധം ചെറുത്തുനില്‍ക്കുകയാണ് മമത. അവസരവാദിയെന്നോ ഏകാധിപതിയെന്നോ നിങ്ങള്‍ക്ക് അവരെ വിശേഷിപ്പിക്കാം. പക്ഷേ, ആണത്തം നിറഞ്ഞ രാഷ്ട്രീയത്തില്‍ ഒറ്റയാള്‍ പോരാട്ടത്തിന്റെ നിസ്തുലമായ ചരിത്രമാണ് രാജ്യത്തെ ഏക വനിതാമുഖ്യമന്ത്രിയായ മമത ബാനര്‍ജി എഴുതിച്ചേര്‍ത്തത്. സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ്സിലും അതിനു പുറത്തും ചെറുത്തുനില്‍പ്പിന്റെ പെണ്‍രാഷ്ട്രീയത്തില്‍ അതൊരു നാഴികക്കല്ലായിരുന്നു. സോണിയാഗാന്ധിക്കും മായാവതിക്കും ജയലളിതയ്ക്കുമപ്പുറം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മമത വ്യത്യസ്തയായത് ഈ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം കൊണ്ടായിരുന്നു.

ഭാവി പ്രധാനമന്ത്രിയെന്നുവരെ കണക്കുകൂട്ടിയിരുന്ന മമതയുടെ നാലു ദശാബ്ദം നീളുന്ന രാഷ്ട്രീയജീവിതം ധീരവും കൗശലവുമായ കരുനീക്കങ്ങളിലൂടെയായിരുന്നു. സംഭ്രമിപ്പിക്കുന്ന, അമ്പരപ്പിക്കുന്ന പാളിച്ചകളും വീഴ്ചകളും അതിന്റെ ഭാഗമാണ്. അത്യന്തം നാടകീയമായ നീക്കങ്ങളിലൂടെ അനുയായികളെ വരെ അവര്‍ ഞെട്ടിച്ചു. നിലനില്‍പ്പിനും അധികാരലബ്ധിക്കുമായി വിട്ടുവീഴ്ചയ്ക്കൊരുങ്ങി. പരാജയങ്ങളും കായികവെല്ലുവിളികളും നേരിട്ടാണ് അവര്‍ ബംഗാളിലെ രാഷ്ട്രീയവിഗ്രഹമായി ഉയര്‍ന്നത്. വിഭജനരാഷ്ട്രീയത്തിന്റെ മുറിവുകളുള്ള വംഗനാട്ടില്‍ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് രാഷ്ട്രീയദ്വന്ദ്വത്തിന് പകരംവയ്ക്കാനൊരു വിഗ്രഹം കാലഘട്ടത്തിന്റെ അനിവാര്യതകൂടിയായിരുന്നു. തുടര്‍ച്ചയായി 35 വര്‍ഷം ഭരിച്ച സി.പി.എമ്മിന്റെ അധികാരകേന്ദ്രീകരണം അവരെ തകര്‍ച്ചയിലേക്കു നയിച്ചപ്പോള്‍ പ്രതീക്ഷയ്ക്ക് പകരംവയ്ക്കാന്‍ മമത ആ സ്ഥാനത്തേക്ക് ഉയരുകയായിരുന്നു. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പുതിയൊരു അധികാരവര്‍ഗ്ഗമായി രൂപപ്പെട്ടപ്പോള്‍ ആ വര്‍ഗ്ഗത്തോട് കലഹിച്ച മമതയ്ക്ക് വിജയം അനായാസവുമായി. എന്നാല്‍, അധികാരലബ്ധിക്ക് ശേഷം മമതയും കൂട്ടാളികളും ഇടതുപക്ഷത്തേക്കാള്‍ വലിയ ജനാധിപത്യവിരുദ്ധനയമാണ് നടപ്പാക്കിയതെന്നതാണ് വഴിത്തിരിവ്. ബംഗാളില്‍നിന്ന് ഇടതുപക്ഷത്തെ തുടച്ചുനീക്കുകയെന്നതു ജീവിതസ്വപ്നമായി കൊണ്ടുനടന്ന മമതയ്ക്ക് ഇന്ന് വെല്ലുവിളി ബി.ജെ.പിയാണ്. ഇടതുപക്ഷത്തെ പേരെടുത്തുപോലും വിമര്‍ശിക്കാറില്ല ഇപ്പോള്‍ അവര്‍. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേരെയുള്ള പോരാട്ടത്തിന് അടിത്തറയൊരുക്കുകയാണ് ബി.ജെ.പിയും മമതയും ഇപ്പോള്‍. ഇടതുപക്ഷവും കോണ്‍ഗ്രസും വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ച് സംയുക്തപ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ടുനിന്ന മമത ഒറ്റയ്ക്ക് പോരാടാനാണ് തീരുമാനിച്ചത്.

പൗരത്വ നിയമത്തിനെതിരെ ത‌ൃണമൂൽ കോൺ​ഗ്രസ് കൊൽക്കത്തയിൽ സംഘടിപ്പിച്ച റാലിയിൽ മുഖ്യമന്ത്രി മമതാ ബാനർജി
പൗരത്വ നിയമത്തിനെതിരെ ത‌ൃണമൂൽ കോൺ​ഗ്രസ് കൊൽക്കത്തയിൽ സംഘടിപ്പിച്ച റാലിയിൽ മുഖ്യമന്ത്രി മമതാ ബാനർജി

രാഷ്ട്രീയപ്രവേശനം മുതല്‍ തൃണമൂല്‍ പിറവി വരെ

1955-ലാണ് മമതാ ബാനര്‍ജി ജനിച്ചത്. അച്ഛന്‍ പ്രോമിലേശ്വര്‍ സര്‍ക്കാര്‍ നിര്‍മ്മാണക്കരാറുകാരനായിരുന്നു. കാലിഘട്ട് പാലത്തിനു സമീപമുള്ള ഹാരിഷ് ചാറ്റര്‍ജി തെരുവിലായിരുന്നു ആറു സഹോദരന്‍മാരൊത്തുള്ള മമതയുടെ കുട്ടിക്കാലം. മുഖ്യമന്ത്രിയായ ശേഷവും താന്‍ വളര്‍ന്ന ഹുഗ്ലീ നദീതീരത്തെ ആ രണ്ടുമുറി വീട്ടിലാണ് മമത കഴിയുന്നത്. സഹോദരന്‍മാരെല്ലാം കൂടുതല്‍ സൗകര്യപ്രദമായ അപ്പാര്‍ട്ട്മെന്റുകളിലേക്ക് മാറിയെങ്കിലും മമത അതിനു തയ്യാറായില്ല. അച്ഛന്‍ മരിക്കുമ്പോള്‍ പതിനഞ്ച് വയസ്സാണ് അവരുടെ പ്രായം. അന്നു മുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് ജീവിതത്തോടുള്ള പോരാട്ടം തുടങ്ങുന്നു. ഏഴു മക്കളില്‍ ഏറ്റവും മുതിര്‍ന്നയാള്‍ മമതയും അജിത്ത് എന്ന സഹോദരനുമായിരുന്നു. ആകെയുണ്ടായിരുന്ന വരുമാനമാര്‍ഗ്ഗം ഇല്ലാതായതോടെ, ഇളയ സഹോദരങ്ങളേയും അമ്മയേയും നോക്കേണ്ട ചുമതല മമതയ്ക്കും സഹോദരനുമായി. പ്രശ്‌നങ്ങളുടെ നടുവിലായിരുന്നു കൗമാരപ്രായം പിന്നിടാത്ത അവര്‍. അതുവരെ ജീവിച്ചിരുന്ന കൊല്‍ക്കത്ത നഗരത്തില്‍നിന്ന് അച്ഛന്റെ ഗ്രാമത്തിലേക്ക് പോകാനായിരുന്നു മിക്കവരുടേയും ഉപദേശം. ചില അയല്‍ക്കാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് അതിനു സമ്മതിക്കാഞ്ഞതും മുന്നോട്ടു പോകാന്‍ സഹായിച്ചതെന്നും മമത തന്നെ പറഞ്ഞിട്ടുണ്ട്.

ജീവിതത്തിലെന്നപോലെ ഏകാകിയായിട്ടായിരുന്നു മമതയുടെ സ്‌കൂള്‍ ജീവിതവും. ക്ലാസ്സ്മുറിയുടെ ഒരു കോണില്‍ ജീവിതസ്വപ്നങ്ങള്‍ കാണുന്ന, അവയെക്കുറിച്ച് വാതോരാതെ പറയുന്ന സഹപാഠികളെ നോക്കി താനിരുന്നിട്ടുണ്ടെന്ന് മമത എഴുതിയിട്ടുണ്ട്. തന്റെ കൂടപ്പിറപ്പുകളെക്കുറിച്ച് മാത്രമായിരുന്നു അന്ന് ആശങ്ക. മൂത്ത സഹോദരന്‍ നടത്തുന്ന ചെറിയ വ്യാപാരമായിരുന്നു ഏക വരുമാനം. അമ്മ കൂടി രോഗബാധിതയായതോടെ വീടിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മമത ഏറ്റെടുത്തു. മൂന്നരയ്ക്ക് എണീറ്റ്, കുട്ടികള്‍ക്ക് ഭക്ഷണവും കൊടുത്ത് അവരെ സ്‌കൂളില്‍ അയച്ചിട്ടാണ് മമത സ്‌കൂളില്‍ പോയിരുന്നത്. തിരിച്ചെത്തുമ്പോഴേക്കും അത്താഴം പാകം ചെയ്യാന്‍ നേരമാകും. അങ്ങനെയുള്ള കാലത്ത് സ്വപ്നങ്ങളെക്കുറിച്ച് ആലോചിക്കാന്‍ സമയമില്ലായിരുന്നുവെന്ന് മമത പറഞ്ഞിട്ടുണ്ട്. കൊല്‍ക്കത്തയിലെ പ്രോമിനന്റ് ഗേള്‍സ് കോളേജില്‍നിന്ന് ചരിത്രത്തിലാണ് മമത ബിരുദം നേടിയത്. ഇതിനുശേഷമാണ് അവര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് കടന്നത്. കോണ്‍ഗ്രസ്സ് യുവജനസംഘടനയുടെ സജീവപ്രവര്‍ത്തകയായിരുന്നു മമത.

മമതയുടെ പഴയകാലം തെരയുന്നവര്‍ സോഷ്യലിസ്റ്റ് നേതാവും ജനപ്രിയനുമായ ജയപ്രകാശ് നാരായണന്റെ വാഹനവ്യൂഹം തടഞ്ഞ മമത കാറിന്റെ ബോണറ്റില്‍ നൃത്തച്ചുവടുകള്‍ വച്ചിരുന്ന കാര്യം ഇന്നും പലരും ഓര്‍ത്തെടുക്കും. ആ തെരുവില്‍ നിന്നാണ് അവര്‍ തന്റെ യുദ്ധം തുടങ്ങുന്നതും. തെരുവുപോരാളിയെന്ന പേരിലാണ് അവര്‍ പിന്നീട് പേരെടുത്തതും. മുഖ്യമന്ത്രിയാകാന്‍ അവസരമൊരുങ്ങിയതും അവര്‍ നടത്തിയ തെരുവുപോരാട്ടങ്ങളായിരുന്നു. 1972-ലാണ് മമത ബാനര്‍ജി കല്‍ക്കട്ടയിലെ കോണ്‍ഗ്രസ് ജില്ലാക്കമ്മിറ്റിയിലെത്തുന്നത്. ഉത്തരവാദിത്വങ്ങളുടെ ചുമതല ഏറ്റെടുക്കുന്നതിനോട് അവര്‍ വിമുഖത കാട്ടിയിട്ടില്ലെന്ന് പഴയ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നുണ്ട്. അന്നുമുതല്‍ തുടര്‍ന്ന അത്തരം സാഹസങ്ങളിലൂടെയാണ് അവര്‍ രാഷ്ട്രീയജീവിതം കരുപ്പിടിപ്പിച്ചതും.

പതുക്കെ, അവര്‍ പ്രവര്‍ത്തകരുടെ ഇടയില്‍ ജനപ്രീതിയാര്‍ജ്ജിച്ചു തുടങ്ങി. അവര്‍ പിന്തുടരുന്ന ജീവിതശൈലിപോലും ചര്‍ച്ചയായി. വളരെക്കുറച്ച് ആഹാരം കഴിച്ച്, മണിക്കൂറുകളോളം പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന മമത അണികള്‍ക്കും നേതാക്കള്‍ക്കും ഒരുപോലെ അത്ഭുതമായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞും നീളുന്ന യോഗങ്ങളില്‍ വീര്യത്തോടെ, ഉണര്‍വോടെ അവര്‍ക്കു സംസാരിക്കാന്‍ കഴിഞ്ഞു. ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് (1984) മമത തന്റെ രാഷ്ട്രീയവരവ് അറിയിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ആ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ബംഗാളില്‍ വാരിക്കൂട്ടിയത് 16 സീറ്റുകളാണ്. അനിഷേധ്യമായ ഇടതുസ്വാധീനമുള്ളപ്പോഴാണ് ഇതെന്നോര്‍ക്കണം. മമത നേതാവായി ജനിച്ച രാഷ്ട്രീയാവസരം തന്നെ ഈ തെരഞ്ഞെടുപ്പായിരുന്നു. ഈ സമയത്താണ് അമ്മയുടെ മരണമുണ്ടായത്. ഭാവി പ്രധാനമന്ത്രിയായി കരുതപ്പെട്ടിരുന്ന രാജീവ്ഗാന്ധിയോടൊപ്പം മിഡ്നാപൂര്‍ ജില്ലയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേയാണ് അമ്മ മരിച്ച കാര്യം മമത അറിയുന്നത്.

മമതയെ ആദ്യമായി മത്സരിപ്പിക്കുമ്പോള്‍ നാമനിര്‍ദ്ദേശപത്രികപോലും നേരാവണ്ണം കോണ്‍ഗ്രസ് നല്‍കിയിരുന്നില്ലെന്ന് പറയപ്പെടുന്നു. പക്ഷേ, 20,000 വോട്ടുകള്‍ക്ക് എതിര്‍ സ്ഥാനാര്‍ത്ഥിയും ഇടതുപക്ഷത്തെ പ്രമുഖനുമായ സോമനാഥ് ചാറ്റര്‍ജിയെ മമത തോല്‍പ്പിച്ചു. തമ്മില്‍ കണ്ടപ്പോള്‍ സോമനാഥ് ചാറ്റര്‍ജിയുടെ കാലില്‍ വീണ് മമത അനുഗ്രഹവും തേടി. എന്നാല്‍, നീറുന്ന പരാജയത്തിന്റെ കയ്പ് വര്‍ഷങ്ങളോളം ഉള്ളിലുണ്ടായിരുന്ന സോമനാഥ് ചാറ്റര്‍ജി വര്‍ഷങ്ങളോളം മമതയുടെ പേരുപോലും ഉച്ചരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ നാമപത്രിക സംബന്ധിച്ച് വിവാദം ഉയര്‍ന്നുവന്നു. ഈസ്റ്റ് ജോര്‍ജിയ യൂണിവേഴ്സിറ്റിയില്‍നിന്ന് പി.എച്ച്ഡി നേടിയെന്നായിരുന്നു നാമപത്രികയിലുണ്ടായിരുന്നത്. മമതയുമായി അടുത്തബന്ധമുണ്ടായിരുന്ന രാജീവ്ഗാന്ധി ഇത് അവഗണിച്ചെങ്കിലും ജ്യോതിബസു ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ അത് ആയുധമാക്കി. പൊതുപരിപാടികളില്‍ ആക്ഷേപിച്ചു. വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കുന്ന ബംഗാള്‍ സമൂഹത്തില്‍ അതൊരു കടുത്ത ജനവഞ്ചനയായിരുന്നു.

1991-ല്‍ രാജീവ്ഗാന്ധി വധത്തോടെ ഡല്‍ഹിയിലെ കോണ്‍ഗ്രസ്സിലെ അകമഴിഞ്ഞ പിന്തുണ മമതയ്ക്ക് ഇല്ലാതായി. പിതാവിന്റെ മരണത്തിനുശേഷം ആദ്യമായി അനാഥയായി തോന്നിയത് അന്നാണെന്ന് അവര്‍ എഴുതിയിട്ടുണ്ട്. ഒരാളോടും സംസാരിക്കാന്‍ തോന്നിയില്ല. ഏഴു ദിവസം മുറിയില്‍ കതകടച്ചിരുന്ന് കരയുകയായിരുന്നു. ദേശീയതലത്തിലെ ഒരു നേതാവുമായും അത്തരമൊരു അടുപ്പം പിന്നീട് മമതയ്ക്കുണ്ടായിട്ടില്ല. രാജീവ് വധത്തിനുശേഷമുള്ള മമതയുടെ നിലനില്‍പ്പ് കോണ്‍ഗ്രസ്സിന്റെ ദേശീയരാഷ്ട്രീയത്തോടും യോജിക്കുന്നതായിരുന്നില്ല. കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍നിന്നു പുറത്താക്കുക എന്നത് മാത്രമായിരുന്നു കോണ്‍ഗ്രസ്സുമായി യോജിക്കാന്‍ കഴിയുന്ന ഏക കാരണം. 1991 ജൂണില്‍ കോണ്‍ഗ്രസ് നയിച്ച ന്യൂനപക്ഷ സര്‍ക്കാരില്‍ മമത സ്പോര്‍ട്സ് മന്ത്രിയായി. എന്നാല്‍, ഇതോടെ ബംഗാളില്‍ സി.പി.എമ്മിനെതിരേയുള്ള പോരാട്ടനായകത്വം ഇല്ലാതാകുമെന്ന് മമത ഭയപ്പെട്ടു. താന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ത്തന്നെ അപ്രസക്തമാകുമെന്ന ഭയം അവരെ വേട്ടയാടിയിരുന്നു.

കോണ്‍ഗ്രസ് വിടാനും സ്വന്തം പാര്‍ട്ടി രൂപീകരിക്കാനും ബാനര്‍ജിയെ പ്രേരിപ്പിച്ചതും ഇതായിരുന്നു. ഈ സമയം കോണ്‍ഗ്രസ്സില്‍ ആഭ്യന്തര തര്‍ക്കവും രൂക്ഷമായി. സി.പി.എമ്മിനോട് മൃദുസമീപനം പുലര്‍ത്തുന്ന പ്രണബ് മുഖര്‍ജിയുടെ ഗ്രൂപ്പും തീവ്രമായി എതിര്‍ക്കുന്ന മമതയുടെ ഗ്രൂപ്പും തമ്മില്‍ ചേര്‍ച്ചക്കുറവുകള്‍ കൂടി. മിതവാദികളെ തണ്ണിമത്തനുകള്‍ എന്നാണ് പരിഹാസ രൂപേണ മമത വിശേഷിപ്പിച്ചത്. ഉള്ളില്‍ ചുവപ്പും പുറത്ത് പച്ചയുമുള്ള ഇവരുമായി ചേര്‍ന്ന് മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലായിരുന്നു മമത. 1992 നവംബറില്‍ ഏവരേയും ഞെട്ടിച്ച് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ റാലിയില്‍ രാജി പ്രഖ്യാപിച്ചു. യഥാര്‍ത്ഥത്തില്‍ ആദ്യം ഞെട്ടിയത് പ്രധാനമന്ത്രി നരസിംഹറാവു തന്നെയായിരുന്നു. 1996-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ദേവഗൗഡ സര്‍ക്കാരിനു പുറത്തുനിന്നു പിന്തുണ കൊടുക്കാനുള്ള ഇടതുപക്ഷത്തിന്റെ തീരുമാനം മമതയെ ചൊടിപ്പിച്ചു. ഇതിനൊപ്പം തന്നെ പാര്‍ട്ടിയില്‍ മിതവാദികള്‍ മേധാവിത്വവും നേടി.

1997-ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ബാനര്‍ജി 27 വോട്ടിന് സോമന്‍ മിത്രയോട് തോറ്റു. കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്ന് അതോടെ മമതയ്ക്ക് മനസ്സിലായി. തന്നോടൊപ്പമുള്ള നേതാക്കള്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഒതുക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞ മമത പ്രത്യേക യോഗം ചേര്‍ന്നു. എ.ഐ.സി.സി പ്ലീനറി യോഗം നടന്ന നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു വെളിയിലായിരുന്നു മമത തന്റെ പാര്‍ട്ടിപ്രവര്‍ത്തകരുടേയും നേതാക്കളുടേയും യോഗം ചേര്‍ന്നത്. പാര്‍ട്ടിയില്‍ സോണിയാഗാന്ധി മാത്രമായിരുന്നു ഒരല്പം സഹതാപം കാണിച്ചിരുന്നത്. അതുകൊണ്ട് തന്നെ സീതാറാം കേസരിയില്‍നിന്നും പാര്‍ട്ടിനേതൃത്വം ഏറ്റെടുക്കണമെന്ന് സോണിയയോട് മമത അപേക്ഷിച്ചു. എന്നാല്‍, വിദേശവേരുകളുള്ള താന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനില്ലെന്നായിരുന്നു സോണിയയുടെ അന്നത്തെ നിലപാട്. ഇതിനിടയില്‍ ആറു വര്‍ഷത്തേക്ക് പാര്‍ട്ടി മമതയെ സസ്പെന്‍ഡ് ചെയ്തു. ഇതോടെ 22 വര്‍ഷത്തെ പാര്‍ട്ടിയുമായുള്ള ബന്ധവും മമത അവസാനിപ്പിച്ചു. ഒട്ടേറെ മുതിര്‍ന്ന നേതാക്കളേയും ആയിരക്കണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും കൂട്ടി മമത പടിയിറങ്ങി. 1998 ജനുവരി ഒന്നിന് അടുത്ത പൊതുതെരഞ്ഞെടുപ്പിന് രണ്ടുമാസം അവശേഷിക്കെ, തൃണമൂല്‍ കോണ്‍ഗ്രസ്സിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു.

തിരിച്ചടികളുടെ കാലം

ആദ്യ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകള്‍ ജയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനായി. ഇതോടെ അവഗണിക്കാനാവാത്ത പാര്‍ട്ടിയായി തൃണമൂല്‍ കോണ്‍ഗ്രസ് മാറി. യാദൃച്ഛികമായി കോണ്‍ഗ്രസ്സിനേയും ഇടതുപക്ഷത്തേയും മറികടന്ന് എന്‍.ഡി.എ കേന്ദ്രത്തില്‍ അധികാരത്തിലുമെത്തി. ഇതിനിടയില്‍ ബംഗാളില്‍ സി.പി.എമ്മിന്റെ പ്രതിപക്ഷം എന്ന സ്ഥാനത്തേക്ക് തൃണമൂല്‍ വരുകയും ചെയ്തു. ഒരു സീറ്റില്‍ ജയിച്ച കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുമായി. എന്‍.ഡി.എയില്‍ മമത ചേര്‍ന്നെങ്കിലും വളരെ വേഗം തന്നെ ആദ്യ സര്‍ക്കാര്‍ വീണു. 1999-ല്‍ പിന്നെയും അധികാരത്തിലെത്തിയപ്പോള്‍ റെയില്‍വേ മന്ത്രിയായി. ഈ കാലയളവില്‍ത്തന്നെ പലതവണ, പല കാരണങ്ങളാല്‍ മമത ബി.ജെ.പിയോട് കലഹിച്ചു, മുന്നണിയില്‍ കലാപമുണ്ടാക്കി. 2001 മാര്‍ച്ചിനും 2003 ഓഗസ്റ്റിനുമിടയില്‍ മൂന്നുതവണയാണ് മമത രാജിവച്ചത്. ആദ്യം, പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചതിന്, രണ്ടാമത്, ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരേയുള്ള അഴിമതിയാരോപണത്തിന്റെ പേരില്‍, മൂന്നാമത്, റെയില്‍വേ മന്ത്രി നിതീഷ്‌കുമാര്‍ ബംഗാളിനെ അവഗണിക്കുന്നുവെന്നാരോപിച്ച്. എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന വാജ്പേയ് അടക്കമുള്ളവര്‍ക്ക് മമതയോട് അനുകമ്പയുണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ അവരുടെ വീട്ടിലെത്തി വാജ്പേയ് അവരെ മുന്നണിയിലേക്ക് തിരിച്ചുവിളിച്ചു.

ഇതിനിടയില്‍ ചെറുതല്ലാത്ത തിരിച്ചടികളും മമതയ്ക്കുണ്ടായി. ബി.ജെ.പിയുമായി പിണങ്ങി നിന്ന 2001-ല്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 294 സീറ്റുകളുള്ള സഭയില്‍ 80 സീറ്റുകളില്‍ മാത്രമാണ് അന്ന് ജയിക്കാനായത്. 2004-ല്‍ ബി.ജെ.പിയുമായി ചേര്‍ന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിനെ മമത നേരിട്ടത്. ജയിച്ചത് ഒറ്റ സീറ്റ് മാത്രവും. അതും മമത മത്സരിച്ച തെക്കന്‍ കൊല്‍ക്കത്ത മാത്രം. 2006-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തൃണമൂല്‍ തീരുമാനിച്ചത്. 30 സീറ്റുകളിലൊതുങ്ങിയ തൃണമൂല്‍ അക്ഷരാര്‍ത്ഥത്തില്‍ ബംഗാളില്‍നിന്ന് അപ്രത്യക്ഷമായി. തുടര്‍ച്ചയായ ഏഴാം തവണയും സി.പി.എം അധികാരത്തിലേറി. ഒരു എം.പി മാത്രമുള്ള തൃണമൂല്‍ അതോടെ ഡല്‍ഹിയില്‍ അപ്രസക്തമായ പാര്‍ട്ടിയായി മാറി.    2006-ലെ വിജയത്തിനുശേഷം ഇനിയൊരു ഉയിര്‍പ്പുണ്ടാകുമെന്ന് മമതയും മമതയുടെ എതിരാളികളും ചിന്തിച്ചിരുന്നില്ല. 2000-ത്തില്‍ വിരമിച്ച ജ്യോതിബസുവിനു പകരം ബുദ്ധദേവ് ഭട്ടാചാര്യ അധികാരത്തിലെത്തി. എന്നാല്‍, അത്യന്തം നാടകീയമായാണ് സിംഗൂരും നന്ദിഗ്രാമും മമതയുടെ രാഷ്ട്രീയജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ചരിത്രത്തില്‍ തിരുത്തപ്പെടാനാവാത്ത തെറ്റായി സി.പി.എമ്മിന് ഇവ രണ്ടും മാറുകയും ചെയ്തു.

ഹൗറയിൽ ത‌ൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥികളായിരുന്ന ലക്ഷ്മി രത്തൻ ശുക്ലയുടേയും ബൊയ്സാലി ഡാൽമിയയുടേയും പ്രചാരണ പരിപാടിയിൽ
ഹൗറയിൽ ത‌ൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥികളായിരുന്ന ലക്ഷ്മി രത്തൻ ശുക്ലയുടേയും ബൊയ്സാലി ഡാൽമിയയുടേയും പ്രചാരണ പരിപാടിയിൽ

സിംഗൂരിലൂടെ തിരിച്ചുവരവ്

രണ്ടാംതവണ മുഖ്യമന്ത്രിയായ ബുദ്ധദേവ് ഭട്ടാചാര്യയിലൂടെയാണ് തങ്ങളുടെ നെല്‍പ്പാടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുകയാണെന്ന് സിംഗൂരിലെ കര്‍ഷകര്‍ അറിഞ്ഞത്. നിയമസഭയിലാകട്ടെ, 294-ല്‍ 235 സീറ്റുകള്‍ നേടിയ സി.പി.എമ്മിന് പ്രതിപക്ഷത്തുനിന്നും കാര്യമായ ചെറുത്തുനില്‍പ്പുണ്ടായില്ല. 1000 ഏക്കറാണ് ടാറ്റ നാനോ കാര്‍ ഫാക്ടറിക്കായി ഏറ്റെടുക്കാനിരുന്നത്. സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. പല സ്ഥലങ്ങള്‍ കണ്ടുവെങ്കിലും ടാറ്റ തെരഞ്ഞെടുത്തത് സംസ്ഥാനത്തെ ഏറ്റവും വളക്കൂറുള്ള, കൃഷി നടക്കുന്ന മണ്ണായിരുന്നു. പദ്ധതിക്കായി ഭൂമി നല്‍കാനുള്ള നടപടികള്‍ കമ്പനി നേരത്തേ തന്നെ തുടങ്ങിയിരുന്നു. പ്രാദേശിക സി.പി.എം നേതാക്കളെ കൂട്ടുപിടിച്ച് കര്‍ഷകരില്‍നിന്ന് നിര്‍ബന്ധപൂര്‍വ്വം സമ്മതപത്രം വാങ്ങിച്ചു. വിസമ്മതിച്ചവരെ ഭീഷണിപ്പെടുത്തി. തൃണമൂല്‍ എം.എല്‍.എ രബീന്ദ്രനാഥ് ഭട്ടാചാര്യയുടെ ഇടപെടലാണ് പിന്നീടൊരു വഴിത്തിരിവുണ്ടാക്കിയത്. കര്‍ഷകരെ സംഘടിപ്പിച്ച ഭട്ടാചാര്യ ടാറ്റയ്ക്കും സര്‍ക്കാരിനുമെതിരെ പോരാട്ടം തുടങ്ങി. കര്‍ഷകപ്രക്ഷോഭം ബംഗാളിലെ ഇടതുബുദ്ധജീവികളെയാകെ ആകര്‍ഷിച്ചു. 2006 സെപ്റ്റംബര്‍ 25-നാണ് മമത കൊല്‍ക്കത്തയില്‍നിന്ന് സിംഗൂരെത്തുന്നത്. അന്നായിരുന്നു ഭൂമി വില്‍ക്കാന്‍ സമ്മതപത്രം നല്‍കിയവര്‍ക്ക് ജില്ലാഭരണകൂടം ചെക്കുകള്‍ നല്‍കിയത്. എന്നാല്‍, മമത പ്രതിഷേധിക്കുന്നവരുടെ ഒപ്പം ചേര്‍ന്നു. തെരുവുവിളക്കുകള്‍ അണച്ച് പാതിരാത്രിയില്‍ പ്രക്ഷോഭകരെ പൊലീസ് മൃഗീയമായി മര്‍ദ്ദിച്ചു. മമതയ്ക്കും പരിക്കേറ്റു. കീറിപ്പറിഞ്ഞ സാരിയുമായി പ്രവര്‍ത്തകരുമായി കൊല്‍ക്കത്തയിലേക്ക് മടങ്ങി.

സമ്മതപത്രം നല്‍കാത്തവരില്‍നിന്നു ബലമായി ഭൂമി പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെ പ്രക്ഷോഭം കൂടുതല്‍ ശക്തമായി. സ്ത്രീകള്‍ നയിച്ച റാലികള്‍ക്കെതിരെ പൊലീസ് ടിയര്‍ഗ്യാസും ലാത്തിച്ചാര്‍ജും നടത്തി. സിംഗൂരില്‍ മമത പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു. ഇതോടെ കൊല്‍ക്കത്തയില്‍ മമത നിരാഹാരസമരം തുടങ്ങി. ഒടുവില്‍ ടാറ്റ പിന്‍മാറുകയും പ്ലാന്റ് ഗുജറാത്തിലേക്ക് മാറ്റുകയും ചെയ്തതോടെ മമതയ്ക്ക് രാഷ്ട്രീയവിജയം സാധ്യമായി. നന്ദിഗ്രാമായിരുന്നു അടുത്തത്. ടാറ്റയ്ക്ക് പകരം ഇന്തോനേഷ്യന്‍ സലിം ഗ്രൂപ്പായിരുന്നു കിഴക്കന്‍ മിഡ്നാപ്പൂരിലെ ഈ ഗ്രാമത്തിലെ ഭൂമി ഏറ്റെടുക്കാന്‍ വന്നത്. കെമിക്കല്‍ ഹബ്ബ് തുടങ്ങുന്നുവെന്നായിരുന്നു പ്രചരണം. പ്രാദേശിക സി.പി.എം നേതാക്കള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ മറ്റു പല താല്പര്യങ്ങളുമുണ്ടെന്നായിരുന്നു കര്‍ഷകരുടെ ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസ്സും മമത ബാനര്‍ജിയും പ്രക്ഷോഭകരെ പിന്തുണച്ചു. ഒടുവില്‍ ആ പദ്ധതിയും ഉപേക്ഷിക്കപ്പെട്ടു.

നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് സി.പി.എമ്മിന് നന്ദിഗ്രാമില്‍ ഓഫീസ് പോലും തുറക്കാനായത്. സിംഗൂരിന്റേയും നന്ദിഗ്രാമിന്റേയും പിന്‍ബലത്തില്‍ മമത മുഖ്യമന്ത്രിയായി. വ്യവസായത്തിന് ഭൂമി ഏറ്റെടുക്കലുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചാണ് മമത അധികാരമേറ്റെടുത്തത്. മമതയുടെ ജനകീയത നിശ്ചയിച്ചത് നന്ദിഗ്രാമും സിംഗൂരുമാണെന്നതില്‍ സംശയമില്ല. ബംഗാളിലെ ഗ്രാമങ്ങളില്‍ മമത ജനകീയയായി. വര്‍ഷങ്ങളോളം സി.പി.എമ്മിനെ പിന്തുണച്ച കര്‍ഷകരും ബുദ്ധിജീവികളുമൊക്കെ മമതയോടൊപ്പം ചേര്‍ന്നു. നഗരങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍നിന്നു ചുവടുമാറ്റിയ മമത സാവധാനം ഗ്രാമീണജനതയുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കാന്‍ തുടങ്ങിയിരുന്നു.

2009 ലാല്‍ഗ്രാഹ് സമരത്തില്‍ സി.പി.എമ്മിനേക്കാള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സായിരുന്നു പിന്തുണച്ചത്. നക്സല്‍ബാരി പ്രക്ഷോഭത്തിന്റെ ചുവടുപിടിച്ച് അധികാരത്തിലെത്തിയ സി.പി.എമ്മിനെപ്പോലെ മമതയും പ്രതിരോധങ്ങളെ അതിനായി ഉപയോഗിച്ചു. ആദിവാസി നേതാവായിരുന്ന ചത്രദാര്‍ മഹതോയെ പിന്തുണച്ച മമത അദ്ദേഹവുമായി വേദികള്‍ പങ്കിട്ടു. മാവോയിസ്റ്റ് എന്നാരോപിച്ച് സി.പി.എം സര്‍ക്കാര്‍ തടവിലാക്കിയ മഹതോയുടെ പിന്തുണ രാഷ്ട്രീയവിജയത്തിനു വഴിയൊരുക്കിയെന്നതില്‍ സംശയമില്ല. രാഷ്ട്രീയവിജയത്തിനായി പല സമരങ്ങളേയും മമത ഹൈജാക്ക് ചെയ്തുവെന്നാരോപിക്കുന്നവരുണ്ട്. എന്നാല്‍, അധികാരത്തിലെത്തിയശേഷം മഹതോയെ മമത മറന്നുവെന്ന് മഹതോയുടെ അണികള്‍തന്നെ പറയുന്നു. അധികാരം എങ്ങനെയാണ് മനുഷ്യരെ അന്ധരാക്കുമെന്നതിന്റെ ഉദാഹരണമായി അവര്‍ ഇത് ചൂണ്ടിക്കാട്ടുന്നു. ബംഗാളില്‍ സവിശേഷമായി രാഷ്ട്രീയസ്വാധീനം ചെലുത്താന്‍ കഴിയുന്ന ബുദ്ധിജീവികളുടേയും എഴുത്തുകാരുടേയും ഗായകരുടേയും ചലച്ചിത്ര-നാടക താരങ്ങളുടേയും ഇടയിലേക്ക് മമതയ്ക്ക് കടന്നുചെല്ലാന്‍ കഴിഞ്ഞുവെന്നതാണ് മറ്റൊരു നേട്ടം. ഇതിനായി തന്റെ കലാപരമായ കഴിവുകള്‍പോലും മമത ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. കവിയും ചിത്രകാരിയുമായിരുന്ന അവര്‍ നാല്‍പ്പത്തിയഞ്ച് പുസ്തകങ്ങള്‍ രചിച്ചു. ഇതോടെ എല്ലാത്തരം സാമൂഹ്യശ്രേണികളിലും മമത സ്വീകാര്യയായ വിഗ്രഹമായി മാറി.      

2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം സി.പി.എമ്മിന്റെ പതനം ആഘോഷിക്കാന്‍ കൊല്‍ക്കത്ത നഗരത്തിലെ ഹസാരെ ക്രോസിങ്ങില്‍നിന്ന് രാജബസാറിലേക്ക് നേതാക്കള്‍ക്കൊപ്പം എട്ടു കിലോമീറ്ററാണ് മമത നടന്നത്. 2012-ല്‍ ലോകത്തെ സ്വാധീനിച്ച നൂറു വ്യക്തികളിലൊരാളായി മമതയെ ടൈം മാഗസിന്‍ തെരഞ്ഞെടുത്തു.

അണികൾക്കൊപ്പം
അണികൾക്കൊപ്പം

അധികാരലബ്ധിക്ക് ശേഷം

ബംഗാളിനെ മാര്‍ക്സിസ്റ്റ് ഭരണത്തില്‍നിന്ന് മോചിപ്പിച്ച് പരിഷ്‌കരിക്കുമെന്ന പ്രഖ്യാപനവുമായെത്തിയ മമത ബാനര്‍ജി അധികാരത്തിലേറിയതു മുതല്‍  ജനാധിപത്യവിരുദ്ധതയുടെ പുതിയ അദ്ധ്യായമാണ് എഴുതിച്ചേര്‍ത്തത്. സി.പി.എമ്മിനെ രാഷ്ട്രീയമായും കായികമായും അടിച്ചമര്‍ത്തിയ മമതയ്ക്ക് ആദ്യ വെല്ലുവിളി ശാരദ ചിട്ടിത്തട്ടിപ്പ് കേസായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എം.പിമാരും കോഴവാങ്ങുന്ന ഒളിക്ക്യാമറാദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മമത പ്രതിരോധത്തിലായി. ഇവരില്‍ പലരും പിന്നീട് മമതയുടെ ശത്രുക്കളുമായി. വെല്ലുവിളി ഉയര്‍ത്താനാവാത്തവിധം ഇടതുപക്ഷത്തെ മമത പ്രതിരോധത്തിലാക്കിയപ്പോള്‍ ആ സ്ഥാനത്തേക്ക് ബി.ജെ.പിയെത്തി.

ഈയിടെ നടന്ന മൂന്നു നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പുകളിലും പൂര്‍ണ്ണ പരാജയം നേരിടേണ്ടിവന്നെങ്കിലും 2021-ലെ തെരഞ്ഞെടുപ്പില്‍ പൗരത്വബില്‍ പ്രധാന വിഷയമാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒഴിവുവന്ന ഖരഗ്പുര്‍, കോണ്‍ഗ്രസ് അംഗത്തിന്റെ മരണത്തെത്തുടര്‍ന്നു കാലിയഗഞ്ച്, കരിംപുര്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു നടന്നത്. മൂന്നിടത്തും തൃണമൂലിനായിരുന്നു ജയം. ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) പ്രചാരണവിഷയമാക്കിയെങ്കിലും ബി.ജെ.പിയെ പ്രതിരോധിക്കാന്‍, ന്യൂനപക്ഷ സംരക്ഷകയായി സ്വയം പ്രഖ്യാപിച്ച മമത ബാനര്‍ജിക്കായി. ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളില്‍ 105 എണ്ണത്തിലെങ്കിലും മുസ്‌ലിങ്ങള്‍ നിര്‍ണ്ണായക ശക്തിയാണ്. ഹിന്ദുക്കളെ ഏകോപിപ്പിച്ച് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെപ്പോലെ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നത്. ഇതിനെ ചെറുക്കാന്‍ ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും ഒരുപോലെ സ്വീകാര്യയാകാനാണ് മമതയുടെ ശ്രമം. എന്നാല്‍, അയോധ്യാ വിധിക്കുശേഷം ന്യൂനപക്ഷങ്ങള്‍ പൂര്‍ണ്ണമായി കോണ്‍ഗ്രസ്സിലും ഇടതുപാര്‍ട്ടികളിലും നിന്നകന്നു മമതയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.

മമതയുടെ 10 വെല്ലുവിളികള്‍

1. എന്റെ ശവത്തില്‍ ചവിട്ടി മാത്രമേ നിങ്ങള്‍ക്ക് പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കാനാകൂ

2. നിങ്ങള്‍ക്ക് ഡല്‍ഹിയില്‍ അധികാരമുണ്ടാകും. പക്ഷേ, ഇവിടെ എനിക്കാണ് അധികാരം

3. ബി.ജെ.പിക്ക് ധൈര്യമുണ്ടെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തണം

4. നിങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ എന്തും ചെയ്യാനാകില്ല, നിങ്ങള്‍ സമൂഹത്തെയാകെ ഭീകരവല്‍ക്കരിക്കുകയാണ് (മോദിയോട്)

5. ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ ആഭ്യന്തരമന്ത്രിയല്ല, നിങ്ങള്‍ രാജ്യത്തിന്റെ മുഴുവന്‍ ആഭ്യന്തരമന്ത്രിയാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ് (അമിത്ഷായോട്)

6. ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ് എന്‍.ആര്‍.സിയും പൗരത്വനിയമവും. എല്ലാ വിഭാഗങ്ങള്‍ക്കും പൗരത്വം നല്‍കുമെങ്കില്‍ അംഗീകരിക്കാം

7. നിങ്ങള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ അതോ പാകിസ്താന്റെ ബ്രാന്‍ഡ് അംബാസഡറാണോ? എന്തിനും ഏതിനും പാകിസ്താനുമായി നിങ്ങള്‍ എന്തിന് താരതമ്യം ചെയ്യണം (മോദിയോട്)

8. ബംഗാളിന്റേത് സമൃദ്ധമായ സാംസ്‌കാരിക പാരമ്പര്യമാണ്. ബംഗാളിനെ ഒഴിവാക്കിയ നടപടി മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ പക്ഷപാതിത്വ നടപടിയാണ്. (റിപ്പബ്ലിക് പരേഡില്‍ ഫ്‌ലോട്ട് ഒഴിവാക്കിയതിനെത്തുടര്‍ന്ന്)

9. ജെ.എന്‍.യുവില്‍ നടന്നത് ഫാസിസ്റ്റ് സര്‍ജിക്കല്‍ സ്ട്രൈക്ക്

10. നിങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വം സമാധാനം പുലര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുകയാണ്. അല്ലാതെ, പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുകയല്ല (ബംഗാള്‍ ഗവര്‍ണറോട്).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com