പൗരത്വ നിയമം; സീറോ മലബാര്‍ സഭയും ഹിന്ദുത്വ രാഷ്ട്രീയവും തമ്മിലെന്ത്?

രാജ്യമെമ്പാടും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുമ്പോള്‍ കേരളത്തില്‍ സീറോ മലബാര്‍ സഭ ഇതു സംബന്ധിച്ച് എടുക്കുന്ന നിലപാടുകള്‍ ന്യൂനപക്ഷ വിരുദ്ധമെന്ന ആരോപണം ശക്തമാകുകയാണ്
എറണാകുളം ജില്ലയിലെ ബിജെപി നേതാക്കൾ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പൗരത്വ രേഖ വിശദീകരിക്കുന്ന ലഘുലേഖ സമർപ്പിക്കുന്നു
എറണാകുളം ജില്ലയിലെ ബിജെപി നേതാക്കൾ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പൗരത്വ രേഖ വിശദീകരിക്കുന്ന ലഘുലേഖ സമർപ്പിക്കുന്നു

'വല്ലാത്ത ഇരുട്ടില്‍ കരിമ്പൂച്ചയെ തപ്പുന്ന' ഏര്‍പ്പാടിനോട് പൗരത്വബില്ലിനെച്ചൊല്ലി രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇപ്പോഴുയര്‍ത്തിയിരിക്കുന്ന എതിര്‍പ്പുകളെ ഉപമിച്ചത് കെ.സി.ബി.സി വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കോട്ടാണ്. ജന്മഭൂമിയില്‍ ഈയടുത്ത് അദ്ദേഹമെഴുതിയ ലേഖനത്തിലാണ് ഇങ്ങനെയൊരു ഉപമയ്ക്ക് അദ്ദേഹം മുതിര്‍ന്നത്. ലോകമെമ്പാടും പൊളിറ്റിക്കല്‍ ഇസ്ലാം വളരുകയാണ്. പൊളിറ്റിക്കല്‍ ഇസ്ലാമിനെ എതിര്‍ക്കാതെ അന്ധമായ ബി.ജെ.പി വിരോധം വച്ചുപുലര്‍ത്തുന്നത് ബി.ജെ.പിയെ വിമര്‍ശിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ അപ്രസക്തമാക്കുമെന്നും അദ്ദേഹം വാദിക്കുന്നു. പൗരത്വനിയമത്തെ എതിര്‍ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് രാജ്യത്തെ ഇസ്ലാമികവല്‍ക്കരിക്കാന്‍ തങ്ങള്‍ കൂട്ടുനില്‍ക്കുന്നില്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹമെഴുതി.

രണ്ടുതരത്തില്‍ അദ്ദേഹത്തിന്റെ ഈ ലേഖനത്തെ കാണാം. ഒന്നാമതായി അത് മറ്റൊരു മതന്യൂനപക്ഷവിഭാഗത്തിനു പൗരത്വനിയമത്തോളം ആശങ്ക അതിനെതിരെയുള്ള സമരങ്ങളിലെ ഇസ്ലാമിസ്റ്റ് സാന്നിദ്ധ്യം സൃഷ്ടിക്കുന്നു എന്നതിന്റെ സൂചനയാണ്. ഇന്ത്യയിലെ മതനിരപേക്ഷ സമൂഹത്തിനും വിശേഷിച്ച് ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിനും ശക്തമായ സാന്നിധ്യമുള്ള കേരളത്തിലെ മതേതരവാദികള്‍ക്കും സമരത്തെ സംബന്ധിച്ചു ന്യായമായും ഉണ്ടാകാവുന്ന ആശങ്ക മറ്റൊരു മതന്യൂനപക്ഷ വിഭാഗത്തിന്റെ വക്താവ് പങ്കുവെയ്ക്കുന്നു എന്ന നിലയില്‍ അതിനെ കാണാം. ശശിതരൂരിനെപ്പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കളും മറ്റും പൗരത്വനിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ മതേതര സ്വഭാവമുള്ളതായിരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞതും അതിനെതിരെ ഇസ്ലാമിസ്റ്റുകള്‍ ക്ഷോഭിച്ചതും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

രണ്ടാമതായി ഇങ്ങനെയൊരു ലേഖനം പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്തത് ഭാരതീയ ജനതാപ്പാര്‍ട്ടിയുടെ ഔദ്യോഗിക ജിഹ്വയായ ജന്മഭൂമി ദിനപ്പത്രമാണ് എന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കാത്തോലിക്കാസഭയുടെ നേതൃത്വം ഹിന്ദുത്വകക്ഷിയോട് രഹസ്യമായ അനുഭാവം പുലര്‍ത്തുന്നുവെന്ന ആരോപണത്തെ ശരിവെയ്ക്കുന്ന തരത്തിലായി ലേഖനം എന്നതാണ്. ഈ ആരോപണം ശക്തിപ്പെട്ട വേളയില്‍ത്തന്നെയാണ് പൗരത്വബില്ലിനെ അനുകൂലിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ നോട്ടീസ് വിതരണം സീറോ മലബാര്‍ സഭയുടെ ഇപ്പോഴത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നത്.

നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ പോപ്പിന്റെ അധികാരം അംഗീകരിച്ച ഒരു വിഭാഗമെങ്കിലും കേരളത്തിലെ സിറിയന്‍ കാത്തലിക്ക് വിഭാഗമടക്കമുള്ള നസ്രാണി സമൂഹത്തിലെ പഴയതും പുതിയതുമായ തലമുറകളില്‍ പലരും തങ്ങളുടെ സവര്‍ണ്ണമായ ജാതീയപദവിയില്‍ ഊറ്റം കൊള്ളുന്നവരാണ്. ക്രിസ്തുമാര്‍ഗ്ഗത്തിലേയ്ക്ക് സെയിന്റ് തോമസിനാല്‍ ജ്ഞാനസ്‌നാനം ചെയ്യപ്പെട്ട ബ്രാഹ്മണരാണ് തങ്ങളെന്നു ആവര്‍ത്തിക്കുന്നതില്‍ മടിയില്ലാത്തവരാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ സാംസ്‌കാരികവും സാമൂഹികവുമായ ചായ്വ് ഹിന്ദുത്വരാഷ്ട്രീയത്തിന്റ കാലത്തും ശക്തിയായി പ്രകടിപ്പിക്കുന്നവര്‍ അക്കൂട്ടത്തിലുണ്ട്. ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയില്‍ വൈശ്യ പദവിയിലുണ്ടായിരുന്ന പ്രാചീനവര്‍ത്തക സമൂഹത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് നസ്രാണി സമൂഹം ഏറെക്കുറെ എന്നതും ഈ അവസരത്തില്‍ എടുത്തുപറയേണ്ടതുണ്ട്.

ഏഴു പതിറ്റാണ്ടുമുന്‍പേ യൂറോപ്പ് വലിച്ചെറിഞ്ഞ ഫാസിസമെന്ന മനുഷ്യവിരുദ്ധമായ ഒരു രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും പങ്കുപറ്റുകാരായി, സഹജീവി സ്‌നേഹം ദൈവസ്‌നേഹമെന്നു ഉദ്‌ഘോഷിച്ച ക്രിസ്തുവിന്റെ പേരിലുണ്ടായ ചില സഭകളെങ്കിലും മാറിയ ചരിത്രവുമുണ്ട്. അതേസമയം, ഫ്യൂറര്‍ എന്നത് ദൈവസമാനമായ വാക്കാണെന്നും ഹിറ്റ്‌ലറെ അങ്ങനെ വിളിക്കാന്‍ തങ്ങള്‍ക്കു മനസ്സില്ലെന്നും പ്രഖ്യാപിച്ച് സ്വമേധയാ കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളിലേക്കു നടന്നുപോയ സഭാവിശ്വാസികളും ക്രിസ്തീയ സംഘങ്ങളുമുണ്ട്, യഹോവാസാക്ഷികളെപ്പോലുള്ളവ. എന്നാല്‍ ഹിറ്റ്‌ലറെ പിന്താങ്ങാന്‍ 'കോണ്‍കാര്‍ദാത്ത്' ഒപ്പിട്ട പിയൂസ് പന്ത്രണ്ടാമന്‍ പിന്നീട് ചരിത്രത്തിനു മുന്നില്‍ വിചാരണ ചെയ്യപ്പടുകയുണ്ടായി.

എന്നാല്‍, ചരിത്രപരമായ ഈ കാരണങ്ങളൊന്നുമല്ല ഇപ്പോള്‍ എണ്ണപ്പെടേണ്ടതെന്നും മറിച്ച് ഇപ്പോഴത്തെ സഭാനേതൃത്വം നേരിടുന്ന ചില പ്രതിസന്ധികളാണെന്നുമാണ് സഭാവിശ്വാസികള്‍ക്കിടയില്‍ ഇതു സംബന്ധിച്ച് ഉരുണ്ടുകൂടുന്ന പ്രതിഷേധങ്ങള്‍ കാണിക്കുന്നത്. ഇന്ത്യയിലെ മുഴുവന്‍ ന്യൂനപക്ഷ സമുദായത്തോടുമുള്ള വഞ്ചനയായിട്ടാണ് ബി.ജെ.പിയുടെ നോട്ടീസ് വിതരണം മാര്‍ ആലഞ്ചേരി ഉദ്ഘാടനം ചെയ്ത സംഭവത്തെ സഭാ സുതാര്യസമിതി (എ.എം.ടി) വിശേഷിപ്പിച്ചത്. കോടതിയിലും ആദായനികുതി വകുപ്പിലും നടക്കുന്ന സിവില്‍, നികുതിവെട്ടിപ്പ് കേസുകളില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് കര്‍ദ്ദിനാള്‍ ബി.ജെ.പിയുമായി സഹകരിക്കുന്നത് എന്നാണ് സഭാ സുതാര്യസമിതിയുടെ ആരോപണം. രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിച്ച് മനുസ്മൃതിയെ ഭരണഘടനയാക്കി സവര്‍ക്കറേയോ ഗോഡ്‌സേയേയോ രാഷ്ട്രപിതാവാക്കാനുള്ള ഗൂഢനീക്കം തിരിച്ചറിയാന്‍ കഴിയാത്ത സഭാത്തലവന്‍ സഭാവിശ്വാസികള്‍ക്കു മുഴുവന്‍ മാനക്കേടാണെന്നും സഭാ സുതാര്യസമിതി ആരോപിച്ചിരുന്നു. ഇന്ന് മുസ്ലിം വിഭാഗത്തിനെതിരെയുള്ള നീക്കമാണ് പൗരത്വനിയമമെങ്കില്‍ നാളെ അതു ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെയും പ്രയോഗിക്കപ്പെടാമെന്ന വസ്തുത തിരിച്ചറിയുന്നതിലും സഭാനേതൃത്വം പരാജയപ്പെട്ടുവെന്നു സഭാ സുതാര്യസമിതി ചൂണ്ടിക്കാട്ടിയിരുന്നു.

ആർച്ച് ബിഷപ്പ് എം സൂസപാക്യം
ആർച്ച് ബിഷപ്പ് എം സൂസപാക്യം

പൗരത്വനിയമത്തിനെതിരെ ആരെല്ലാം?

പൗരത്വത്തിനു മതത്തെ മാനദണ്ഡമാക്കുന്നുവെന്ന ആരോപണമുയര്‍ത്തി ബി.ജെ.പി ഒഴികെയുള്ള ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയകക്ഷികളെല്ലാം ഇന്നു പ്രക്ഷോഭത്തിന്റെ പാതയിലാണ്. നമ്മുടെ കാമ്പസുകളില്‍ ഈ നിയമത്തിനെതിരെ ശക്തമായ സമരത്തിന്റെ അലയൊലികളാണ് ഉയര്‍ന്നുകേട്ടത്. തെരുവുകളില്‍ ജാതിമതഭേദമെന്യെ മനുഷ്യര്‍ പ്രതിരോധത്തിന്റെ വലിയ ദുര്‍ഗ്ഗങ്ങളുയര്‍ത്തിക്കൊണ്ടിരിക്കുന്നു. മതനിരപേക്ഷവാദികള്‍, മതവിശ്വാസികള്‍, സമുദായ സംഘടനകള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ അങ്ങനെ സമൂഹത്തിന്റെ എല്ലാ തുറകളിലും വലിയ ചലനങ്ങളാണ് പൗരത്വനിയമത്തിനെതിരെ ഉണ്ടായത്. പല സംസ്ഥാനങ്ങളിലും കേന്ദ്ര ഗവണ്‍മെന്റിനെ നയിക്കുന്ന കക്ഷിയും അവരുടെ സര്‍ക്കാരുകളും ഉരുക്കുമുഷ്ടിയോടെയാണ് ഇത്തരം സമരങ്ങളെ നേരിട്ടതെന്നു മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
 
അതേസമയം വിവിധ മതസമുദായങ്ങളുടെ എതിര്‍പ്പുകളെ ലഘൂകരിക്കാന്‍ അതതു സമുദായങ്ങളുടെ നേതൃത്വങ്ങളെ കയ്യിലെടുക്കാനും കേന്ദ്ര ഭരണകക്ഷിയുടെ പക്ഷത്തുനിന്നു ശ്രമങ്ങളുണ്ടായി. ജനുവരി ആദ്യവാരം ഡല്‍ഹിയില്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡ പാര്‍ട്ടി ഉപാധ്യക്ഷനായ ദുഷ്യന്ത് ഗൗതമും ടോംവടക്കനുമൊത്ത് 15 ക്രിസ്ത്യന്‍ പുരോഹിതരുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, അവരിലൊരൊറ്റയാള്‍പോലും നിയമത്തെ പിന്തുണച്ചില്ലെന്നു മാത്രമല്ല, അതു പാസ്സാക്കിയെടുത്ത രീതിയേയും അതിനെതിരെയുള്ള പ്രതിഷേധങ്ങളെ ഗവണ്‍മെന്റ് കൈകാര്യം ചെയ്ത രീതിയേയും അവര്‍ അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മനുഷ്യരെല്ലാം തുല്യരായാണ് സൃഷ്ടിക്കപ്പെട്ടതെന്നും അതുകൊണ്ടുതന്നെ നിയമങ്ങള്‍ ഉണ്ടാകേണ്ടത് മതത്തെയോ ഉപവിഭാഗങ്ങളേയോ അടിസ്ഥാനമാക്കിയാകരുത്, മറിച്ച് വ്യക്തികളെ അടിസ്ഥാനമാക്കിയാകണമെന്നും അവര്‍ വാദിച്ചു. അയല്‍രാജ്യങ്ങളിലെ ക്രിസ്ത്യാനികളടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി പൗരത്വനിയമത്തിന്റെ പ്രസക്തിയെ സാധൂകരിച്ച നഡ്ഡയോട് സ്വന്തം കണ്ണിലെ കോലെടുത്തിട്ട് സഹോദരന്റെ കണ്ണിലെ കരടെടുക്കാന്‍ ശ്രമിച്ചാല്‍ മതിയെന്ന ഓര്‍മ്മപ്പെടുത്തലുമുണ്ടായി.

കേരളത്തിലേതടക്കം മിക്ക ക്രിസ്ത്യന്‍ സഭകളും പുരോഹിത നേതൃത്വങ്ങളും ആശങ്കയോടെയാണ് പൗരത്വനിയമത്തോട് പ്രതികരിച്ചിട്ടുള്ളത്. ബംഗളുരുവിലെ കാത്തലിക് ആര്‍ച്ച് ബിഷപ്പ് റവ. പീറ്റര്‍ മക്കാഡോ പൗരത്വനിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ടു ഒരു തുറന്ന കത്ത് രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലാ എന്നിവര്‍ക്ക് അയയ്ക്കുകയുണ്ടായി. വിവാദമായ പൗരത്വനിയമ ഭേദഗതിയോടുള്ള കര്‍ണാടകത്തിലെ എല്ലാ ക്രിസ്ത്യാനികളുടേയും പ്രതികരണമെന്ന നിലയിലാണ് ഇതെന്നു തുടങ്ങുന്ന ഈ കത്തില്‍ മതാടിസ്ഥാനത്തിലല്ല കുടിയേറിവര്‍ക്ക് പൗരത്വം നല്‍കേണ്ടതെന്നും വ്യക്തിപരമായ അര്‍ഹത കണക്കിലെടുത്തായിരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മതവിവേചനത്തിന് ഇരയാകുന്നവരോട് സഹാനുഭാവം പ്രകടിപ്പിക്കുമ്പോള്‍ത്തന്നെ ആവശ്യമാകുന്ന പക്ഷം എടുത്ത നടപടികളില്‍നിന്നു പിറകോട്ടുപോകുന്നതുകൊണ്ടു കുഴപ്പമൊന്നും വരാന്‍പോകുന്നില്ലെന്നും കത്ത് ഉപദേശിക്കുന്നുണ്ട്. കേരളത്തില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രഗവണ്മെന്റ് പുനരാലോചനയ്ക്ക് തയ്യാറാകണമെന്നാണ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി തന്നെ ആദ്യഘട്ടത്തില്‍ പറഞ്ഞത്. മതങ്ങള്‍ തമ്മിലുള്ള ഭിന്നതയിലേക്കു പ്രശ്‌നം വരാന്‍പാടില്ലെന്നും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നതെന്നും സഭ സംയമനത്തിന്റെ പാതയിലൂടെയാണ് മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നതുമെന്നാണ് അന്നു അദ്ദേഹം പറഞ്ഞത്.

കേന്ദ്രഗവണ്‍മെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധവും മതേതര മൂല്യങ്ങളെ ധ്വംസിക്കുന്നതുമാണ് എന്നാണ് ലത്തീന്‍ സഭയുടെ തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം പറഞ്ഞത്. വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തായിരുന്നു സൂസപാക്യത്തിന്റെ വിയോജന പ്രഖ്യാപനം. അതിനിശിതമായ ഭാഷയിലാണ് അന്ന് അദ്ദേഹം കേന്ദ്രഗവണ്‍മെന്റിനെ വിമര്‍ശിച്ചത്. നിയമത്തോടുള്ള വിയോജിപ്പ് കേന്ദ്രഗവണ്‍മെന്റിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പൗരത്വ ഭേദഗതി നിയമത്തെപ്പറ്റി വിശദീകരിക്കാന്‍ കേരളത്തിലെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനോടും ഈ വിയോജിപ്പ് അദ്ദേഹം പ്രകടമാക്കി. ബിഷപ്പ് ഹൗസില്‍ കേന്ദ്രമന്ത്രിയെ സ്വീകരിച്ചിരുത്തിയ സൂസപാക്യം വ്യക്തമായ ഭാഷയില്‍ത്തന്നെ തന്റേയും ലത്തീന്‍ സമുദായത്തിന്റേയും വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.

പ്രമുഖ ശബ്ദങ്ങളിലൊന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റേതാണ്. കേരളത്തില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ ക്രിസ്തീയ പുരോഹിതരില്‍നിന്നു ഉയര്‍ന്നുകേട്ട  ഫാസിസത്തിന്റെ തേരോട്ടമാണ് രാജ്യത്തു നടക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം നിയമത്തിനു അനുകൂലമായി കൈയടിക്കുന്ന സവര്‍ണ്ണ ക്രിസ്ത്യാനികള്‍ ഫാസിസത്തിന്റെ ചരിത്രപാഠം മറക്കരുതെന്നും പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ തത്ത്വങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സഭാനേതൃത്വത്തിനു മനംമാറ്റം

സിറിയന്‍ മലബാര്‍ സഭ അകപ്പെട്ടിരിക്കുന്ന വിവാദപൂര്‍ണ്ണങ്ങളായ ചില പ്രശ്‌നങ്ങളില്‍ കേന്ദ്രതലത്തില്‍ അന്വേഷണം നടക്കുമെന്ന ഭയമാണ് സഭാനേതൃത്വത്തെ ബി.ജെ.പിയെ പിണക്കാതെയുള്ള നിലപാടിനു പിറകിലെന്ന് ആക്ഷേപമുണ്ട്. ഭൂമി ഇടപാട് മുതല്‍ കന്യാസ്ത്രീ പീഡനത്തില്‍ വരെ സഭ എടുത്ത നിലപാടുകള്‍ സമൂഹമധ്യത്തില്‍ ഏറെ വിമര്‍ശനമുയര്‍ത്തിയിരുന്നു.

ഈയിടെ വിദേശഫണ്ട് സംബന്ധിച്ച സഭ പൊതുസമൂഹത്തിനു നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും സഭയുടെ സാമ്പത്തിക ക്രമക്കേട് സി.ബി.ഐയെ കൊണ്ടു അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊങ്ങോര്‍പ്പിള്ളി സ്വദേശിയായ സന്തോഷ് എന്നൊരാള്‍ കഴിഞ്ഞ ഒക്ടോബറില്‍ അമിത് ഷായ്ക്ക് പരാതി നല്‍കിയിരുന്നു. ഡിസംബര്‍ 24-ന് ഈ പരാതി ബന്ധപ്പെട്ട വകുപ്പിനു അമിത് ഷാ കൈമാറിയിട്ടുണ്ട്. ഇപ്പോഴത്തെ ഈ നിലപാടും ഈ സംഭവവികാസങ്ങളും കൂട്ടിച്ചേര്‍ത്തു വായിക്കേണ്ടതുണ്ടെന്നു സഭാ സുതാര്യസമിതി വക്താവ് ഷൈജു ആന്റണി ചൂണ്ടിക്കാട്ടുന്നു.

സഭാനേതൃത്വത്തിനു നിക്ഷിപ്തതാല്പര്യങ്ങള്‍

എല്ലാ കാലത്തും അധികാരത്തിന്റെകൂടെ നിന്നിട്ടുള്ള ശീലമേ സഭാനേതൃത്വത്തിനുള്ളൂ. കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ കൂടെ നിന്നു. ബി.ജെ.പി ഭരിക്കുമ്പോള്‍ അവരുടെ കൂടെ നില്‍ക്കുന്നു. ഇനി കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഭരിക്കുന്നതെങ്കില്‍ അവരുടെ കൂടെയും നില്‍ക്കും. സ്വന്തം സ്ഥാപനങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും ഒരു കേടും സംഭവിക്കരുതെന്ന കാഴ്ചപ്പാടേ സഭാനേതൃത്വത്തിനുള്ളൂ. സ്വന്തം നേട്ടങ്ങളെ മാത്രം മുന്നില്‍ക്കണ്ടുകൊണ്ടുള്ള നിലപാട്. ഇപ്പോഴുള്ള നിലപാട് ആലഞ്ചേരി പിതാവിനെതിരെ അനവധി കേസുകളുള്ള സാഹചര്യത്തിലാണ്. മതങ്ങളിലെ ബഹുസ്വരത നഷ്ടമാവുന്ന കാഴ്ചയാണ് സമീപകാലത്തായി നാം അസ്വസ്ഥതയോടെ കാണുന്നത്. മതങ്ങള്‍ക്കു തനതായ യൂണിഫോമിറ്റി എന്ന ആശയത്തില്‍ തുടങ്ങിയ സങ്കുചിതത്വം ഇന്നു തങ്ങളുടെ യൂണിഫോമിനു ചേരാത്തവര്‍ക്കെതിരെയുള്ള വെറുപ്പിനും വൈരാഗ്യത്തിനും കാരണമായിരിക്കുന്നു. യൂണിഫോമിറ്റി അഥവാ ഐകരൂപ്യത്തിന് അങ്ങനെ ഒരു പ്രത്യേകതയുണ്ട്. തങ്ങളുടേതാണ് മികച്ചതെന്ന തോന്നല്‍ തനിയെ ഉണ്ടാകും. സാവധാനം തങ്ങളുടേതു മാത്രം മതിയെന്ന അവസ്ഥയിലേയ്ക്കു കാര്യങ്ങള്‍ മാറും. അതിനു വിശ്വാസത്തിന്റെ ബലം കൂടിയുണ്ടെങ്കില്‍ വര്‍ഗ്ഗീയ കൊലപാതകങ്ങള്‍ക്കും ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കും കാരണമാകും. ഇത്തരമൊരു നീക്കം സജീവമായതാണ് അടുത്തകാലത്തായി ഇന്ത്യയില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനു കാരണം.

ഗീവർ​ഗീസ് മാർ കൂറിലോസ്
ഗീവർ​ഗീസ് മാർ കൂറിലോസ്

ലോകമെമ്പാടും ഐ.എസ്.ഐ.എസ് വലിയൊരു ഭീഷണിയാണ്. മധ്യപൂര്‍വ്വേഷ്യയിലൊക്കെ അവര്‍ ക്രിസ്ത്യാനികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. ഇന്ത്യയിലാകട്ടെ, ആര്‍.എസ്.എസ് ആണ് ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത്.

എന്നാല്‍, ലോകമെമ്പാടും ഐ.എസിനെപ്പോലെ വലിയ നെറ്റ്വര്‍ക്കൊന്നും ഇല്ലായെന്ന വസ്തുത കണക്കിലെടുത്താല്‍ ആര്‍.എസ്.എസ് ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളുടെ വ്യാപ്തി വളരെ വലുതാണ്.

യഥാര്‍ത്ഥത്തില്‍ ഭീകരവാദത്തിനു മതമില്ല. ആര്‍.എസ്.എസ് എന്നോ ഐ.എസ് എന്നോ പേരുകള്‍ ആയാലും മതഭീകരതയുടെ ലക്ഷ്യം അധികാരമാണ്. ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ ആര്‍.എസ്.എസിനെതിരെ ഉറപ്പുള്ള ഒരു നിലപാട് എടുക്കാന്‍ സഭാനേതൃത്വം മടിക്കുന്നത് അവര്‍ എന്തൊക്കെയോ ഭയക്കുന്നുണ്ട് എന്നാണ് കാണിക്കുന്നത്.

രാജ്യം മുഴുവന്‍ പൗരത്വ ഭേദഗതി നിയമത്തേയും എന്‍.ആര്‍.സിയേയും എതിര്‍ക്കുന്നത് ഇത് ഒരു ഇസ്ലാമിന്റെ പ്രശ്‌നമായതുകൊണ്ടല്ല. മറിച്ച് ഭരണഘടനാ പ്രശ്‌നമായതുകൊണ്ടാണ്. മതത്തിന്റെ പേരില്‍ ഒരു വേര്‍തിരിവ് അനുവദിച്ചുകൂടാ. കാരണം അതു ഭരണഘടനാ ധാര്‍മ്മികതയുടെ പ്രശ്‌നമാണ്. ധാര്‍മ്മികതയെ മുറുകെപ്പിടിക്കുമ്പോള്‍ നഷ്ടങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണ്. ഭരണഘടനാ അസംബ്ലി ഈ വിഷയങ്ങളെല്ലാം മണിക്കൂറുകളെടുത്തു 165 ദിവസം ചര്‍ച്ച ചെയ്താണ് ഇത്തരം കാര്യങ്ങളെ വോട്ടിനിട്ടു തള്ളിയത്.

തീവ്രവാദത്തിനു മതമില്ല എന്ന് കെ.സി.ബി.സിക്ക് അറിയാഞ്ഞിട്ടല്ല. മസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍, സിക്ക് തീവ്രവാദങ്ങള്‍ പലയിടത്തും അരങ്ങേറിയിട്ടുള്ളത് നമുക്കറിയാം. ഇന്ന് വര്‍ഗ്ഗീസ് വള്ളിക്കാട്ട് അച്ചന്‍ പറയുന്ന അന്താരാഷ്ട്ര മുസ്ലിം രാഷ്ട്രീയം സോണിയാ ഗാന്ധിയുടെ കാര്യത്തില്‍ സംഘ്പരിവാര്‍ അന്താരാഷ്ട്ര ക്രിസ്ത്യന്‍ രാഷ്ട്രീയം പറയുന്നതുപോലെ ആണ്. യഥാര്‍ത്ഥ മതവും തീവ്രവാദികളും തമ്മില്‍ ബന്ധമില്ല എന്ന് എല്ലാവര്‍ക്കുമറിയാം.

ഉത്തരേന്ത്യയില്‍ കൊല്ലപ്പെട്ട, വിദൂരവല്‍ക്കരിക്കപ്പെട്ട ക്രിസ്ത്യാനികളെ കെ.സി.ബി.സി മറന്നു പോയോ? 1964 മുതല്‍ 1996 വരെ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ 38 അക്രമങ്ങളാണുണ്ടായത്. എന്നാല്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ അത് അനുദിനം വര്‍ദ്ധിച്ചുവരുകയായിരുന്നു. 1998 മുതല്‍ ഉത്തരേന്ത്യയിലെ ഹൈന്ദവ തീവ്രവാദികളാല്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നത് ഒരു സ്ഥിരം സംഭവമായി. 1998-ല്‍ മാത്രം ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള 1990 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
 
HRW (Human Rights Watch) റിപ്പോര്‍ട്ട് പ്രകാരം ഈ അക്രമങ്ങളുടെ കാരണക്കാര്‍ വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗദള്‍, ആര്‍.എസ്.എസ് തുടങ്ങിയ സംഘടനകളും അവരുടെ പോഷകസംഘടനകളുമാണ്. ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ 2015-ല്‍ 177 ആയിരുന്നെങ്കില്‍ 2016-ല്‍ അത് 300 ആയി ഉയര്‍ന്നു. ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അക്രമത്തിന്റെ കാര്യത്തില്‍ ലോകത്തെ 15-ാം റാങ്കിലേയ്ക്ക് ഇന്ത്യ ഇയര്‍ന്നു. നാലുവര്‍ഷം മുന്‍പ് ഇത് 31 ആയിരുന്നു.

US Commission on International Religious Freedom (USCIRF) ഇന്ത്യയെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ കാര്യത്തില്‍ Tier 2 grade ആണ് നല്‍കിയിരിക്കുന്നത്. അഫ്ഗാനിസ്താനും ഇറാഖുമാണ് ഒപ്പമുള്ള മറ്റു രാജ്യങ്ങള്‍. സിറിയക്കൊപ്പം Tier 1 ആകാനുള്ള തയ്യാറെടുപ്പിലാണ് നാം. 2000-ല്‍ 4 പള്ളികള്‍ തകര്‍ക്കപ്പെട്ടു. 2008-ല്‍ കേരളത്തിലെ രണ്ടു കുരിശടികള്‍ തകര്‍ക്കപ്പെട്ടു. 2015-ല്‍ ഹരിയാനയില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളി കൊള്ളയടിക്കുകയും തകര്‍ക്കപ്പെടുകയും ചെയ്തു. 2015 ഏപ്രിലില്‍ ആഗ്രയിലെ സെയിന്റ് മേരീസ് പള്ളി തകര്‍ക്കപ്പെട്ടു. മാതാവിന്റേയും ഉണ്ണിയേശുവിന്റേയും രൂപങ്ങള്‍ തച്ചുതകര്‍ത്തു. റായ്പൂരിലെ കാച്‌ന എന്ന പ്രദേശത്ത് ഞായറാഴ്ച കുര്‍ബ്ബാനയ്ക്കിടെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി. ഇതെല്ലാം സഭാനേതൃത്വം മറക്കുകയാണ്.

ജോര്‍ജ് ജോസഫ്
ജോര്‍ജ് ജോസഫ്

സഭാനേതൃത്വത്തിനു പലതും മറച്ചുവെയ്ക്കാനുണ്ട്

(ജോര്‍ജ് ജോസഫ് ചര്‍ച്ച് ആക്ടിവിസ്റ്റ്)

'മുതുകത്ത് പുണ്ണുള്ളവന്‍ ഇഞ്ചക്കീഴേ പോകരുത്' എന്നു നാട്ടിലൊരു ചൊല്ലുണ്ട്. അതാണിപ്പോള്‍ സീറോ മലബാര്‍ സഭയുടെ അവസ്ഥ. സഭയ്ക്ക് പലതും മറച്ചുവെയ്ക്കാനുണ്ട്. പുരോഹിതന്മാരുടെ ലൈംഗികാതിക്രമങ്ങള്‍, കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ തുടങ്ങിയവ സംബന്ധിച്ച അനവധി അപവാദങ്ങളിലും വിവാദങ്ങളിലും കുരുങ്ങി വശംകെട്ടിരിക്കുകയാണ് ഇതിനകം സഭാനേതൃത്വം.

ഫോറിന്‍ കറന്‍സി റഗുലേഷന്‍ അഥോറിറ്റിയുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഉള്‍പ്പെടെ സഭാവിശ്വാസികളുടെ നിരവധി സംഘടനകളുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചയാള്‍ എന്ന നിലയില്‍ ഞാനും ജോസഫ് വെളിയില്‍ എന്ന മറ്റൊരു ചര്‍ച്ച് ആക്ടിവിസ്റ്റും ചേര്‍ന്നു അമിത് ഷായ്ക്ക് വിദേശത്തുനിന്നു സഭയ്ക്ക് ലഭിക്കുന്ന ഫണ്ട് സംബന്ധിച്ച് അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് പരാതി നല്‍കിയിരുന്നു. കാരുണ്യപ്രവര്‍ത്തനത്തിനും മറ്റും ലഭിക്കുന്ന ഇത്തരം ഫണ്ടുകള്‍ അനാവശ്യ കാര്യങ്ങള്‍ക്ക് വകമാറ്റി ചെലവഴിക്കലാണ് കണ്ടെത്തിയ പ്രധാനപ്പെട്ട ഒരു കാര്യം. അതിനും പുറമേ, സുപ്രീംകോടതി തള്ളിയെങ്കിലും കേരളത്തിലുണ്ടാക്കിയപോലെ ഒരു ചര്‍ച്ച് ആക്ട് കേന്ദ്രതലത്തിലും വേണമെന്ന ആവശ്യവും കേന്ദ്രഗവണ്‍മെന്റിന്റെ മുന്‍പാകെ ഞങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ കേന്ദ്രഗവണ്‍മെന്റിന് എതിരുനിന്നാല്‍ തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ അവതാളത്തിലാകുമെന്ന് സഭാനേതൃത്വത്തിനറിയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com