'എന്‍ഡോസള്‍ഫാന്‍' വെറുമൊരു കീടനാശിനിയല്ല; തുച്ഛ ജീവിതങ്ങളുടെ സന്ധിയില്ലാ സമരത്തിന്റെ പേരാണ്

എന്‍ഡോസള്‍ഫാനെതിരെയുള്ള പ്രതിരോധ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍, ദീപേഷ് ചക്രബര്‍ത്തിയുടെ നാഗരികതയുടെ പ്രതിസന്ധികള്‍ എന്ന കൃതിയെ ആധാരമാക്കി അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ വായിക്കുന്നു
'എന്‍ഡോസള്‍ഫാന്‍' വെറുമൊരു കീടനാശിനിയല്ല; തുച്ഛ ജീവിതങ്ങളുടെ സന്ധിയില്ലാ സമരത്തിന്റെ പേരാണ്

കാസര്‍ഗോഡ് ജില്ലയിലെ പതിനൊന്ന് ഗ്രാമപഞ്ചായത്തുകളില്‍1 1976 മുതല്‍ 2000 വരെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ ഉടമസ്ഥതയിലുള്ള കശുവണ്ടിത്തോപ്പുകളില്‍ ഹെലികോപ്റ്റര്‍ വഴി എന്‍ഡോസള്‍ഫാന്‍  തളിച്ച പ്രദേശങ്ങളില്‍ ഒന്നാണ് പെരിയ എന്ന ഗ്രാമം. ഇവിടെ സ്ഥിതിചെയ്യുന്ന കേരള കേന്ദ്ര സര്‍വ്വകലാശാലയിലിരുന്ന് ഇതെഴുതുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ വിഷബാധയാലും അനുബന്ധ രോഗങ്ങളാലും നിരവധി മനുഷ്യ-മനുഷ്യേതര ജീവനുകള്‍ ഇപ്പോഴും പൊലിഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ന് എന്‍ഡോസള്‍ഫാന്‍ എന്നത് വെറുമൊരു കീടനാശിനിയുടെ പേരല്ല, ഒരു പ്രതിരോധ വ്യവഹാരത്തിന്റേയും തുച്ഛജീവിതങ്ങളുടെ (bare lives) സന്ധിയില്ലാത്ത സമരത്തിന്റേയും കൂടി പേരാണ്.

മധുരാജ് എന്ന ഫോട്ടോഗ്രാഫറുടെ ക്യാമറയിലൂടെ തികച്ചും സര്‍റിയലിസ്റ്റിക്കെന്ന് ഒരുപക്ഷേ ആളുകള്‍ വിലയിരുത്തിയേക്കാവുന്ന നിരവധി ചിത്രങ്ങള്‍ ഈയൊരു ദുരന്തത്തിന്റെ മാനങ്ങള്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചു. എഡ്വേര്‍ഡ് മങ്കിന്റെ വളരെ പ്രശസ്തമായ 'ദി സ്‌ക്രീം' എന്ന പെയിന്റിങ് ഒരു കാലഘട്ടത്തില്‍ യുദ്ധാനന്തര യൂറോപ്പിന്റെ തികച്ചും ഭീതിദമായ ചിത്രം മനസ്സിലേക്ക് കൊണ്ടുവന്നതുപോലെ എന്‍ഡോസള്‍ഫാന്‍  സ്ലോ വയലന്‍സിന്റെ (slow violence) ഏറ്റവും ഭയാനകമായ ബിംബങ്ങള്‍ മധുരാജിന്റെ ചിത്രങ്ങളിലൂടെ നമ്മുടെയൊക്കെ തലച്ചോറിന്റെ ഞരമ്പുകളിലേക്ക് പെരുത്തുകയറ്റി. വികസനത്തിന്റെ മുഖംമൂടിയണിഞ്ഞ് കാല്‍നൂറ്റാണ്ടുകാലം നീണ്ട ഈ കീടനാശിനിപ്രയോഗം പരിസ്ഥിതിയേയും ജീവജാലങ്ങളേയും അടിമുടി മാറ്റിമറിച്ചു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഓഫ് കേരളയുടെ കാര്‍മ്മികത്വത്തില്‍ കേരള വികസനമാതൃകയുടെ അധികമാരും ചര്‍ച്ച ചെയ്യാത്ത പിന്നാമ്പുറങ്ങളാണ് നമ്മള്‍ കാസര്‍ഗോഡ് കണ്ടത്. മനുഷ്യാവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട് കടുത്ത രോഗബാധയില്‍ ജീവിതം തള്ളിനീക്കുന്ന അനേകം മനുഷ്യരെ ഇപ്പോഴും ഈ പരിസരങ്ങളില്‍ കാണാം.

കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് (2015ല്‍) 'Discourse of Endosulfan: Toxic Bodies and Corporate Poisons' എന്ന വിഷയത്തില്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ Department of English & Comparative Literature-ന്റെ ആഭിമുഖ്യത്തില്‍ ഈ ലേഖകര്‍ ഒരു സിമ്പോസിയം സംഘടിപ്പിച്ചിരുന്നു. ഈ സിമ്പോസിയത്തില്‍ പടന്നക്കാട് കാര്‍ഷിക സര്‍വ്വകലാശാലാ കാമ്പസിലെ അദ്ധ്യാപകനായ കെ. ശ്രീകുമാര്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗവും മുകളില്‍ പറഞ്ഞ പ്രദേശങ്ങളിലെ ജനങ്ങളുടെ രോഗാവസ്ഥയും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് ശക്തമായി വാദിക്കുകയുണ്ടായി. സ്റ്റാറ്റിറ്റിക്‌സിന്റേയും സയന്‍സിന്റേയും കുയുക്തികളില്‍ ഊന്നിക്കൊണ്ടുള്ള ഈ വാദങ്ങളെ വിദ്യാര്‍ത്ഥികളും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തകരും നിശിതമായി ഖണ്ഡിക്കുകയുമുണ്ടായി. ഒരു കാലഘട്ടം മുഴുവന്‍ ഔദ്യോഗിക, ജുഡീഷ്യല്‍, ശാസ്ത്രീയ സംവിധാനങ്ങള്‍ വിവിധ ന്യായീകരണങ്ങളാല്‍ എന്‍ഡോസള്‍ഫാന്‍ അനുകൂലതരംഗം സൃഷ്ടിച്ചതിന്റെ അനുരണനങ്ങള്‍ കൂടിയായിരുന്നു ഡോ. ശ്രീകുമാറിന്റെ വാദങ്ങളില്‍ ഉണ്ടായിരുന്നത്.2 ഈയടുത്ത് ഇദ്ദേഹത്തിനും മറ്റൊരു കാര്‍ഷിക സര്‍വ്വകലാശാല ബിരുദധാരി കൂടിയായ കാസര്‍ഗോഡ് ജില്ലാകളക്ടര്‍ സജിത്ത് ബാബുവിനും സമൂഹത്തിനോട് എന്‍ഡോസള്‍ഫാനെക്കുറിച്ചുള്ള 'ശാസ്ത്രസത്യങ്ങള്‍' വിളിച്ചുപറഞ്ഞതിന് എസ്സന്‍സ് എന്ന യുക്തിവാദി സംഘടന അവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അധികാരവും ശാസ്ത്രത്തിന്റെ കുയുക്തിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് എന്നതിലുപരി കാലാകാലങ്ങളായി ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ജനവിഭാഗത്തോടുള്ള തികഞ്ഞ നിസ്സംഗതയും അവഗണനാ മനോഭാവവുമാണ് ഉപകാരണയുക്തിയുടെ ഇത്തരം ആഘോഷങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു ഭാഗത്ത് ഈ സ്ലോ വയലന്‍സിനെ ന്യായീകരിക്കുന്നവരുടേയും മറുഭാഗത്ത് അതിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെയും നിരന്തരമായ സംവാദങ്ങളാണ് എന്‍ഡോസള്‍ഫാന്‍ വ്യവഹാരത്തെ കഴിഞ്ഞ കുറേക്കാലങ്ങളായി ജനശ്രദ്ധയില്‍ കൊണ്ടുവന്നത്.

സാഹിത്യകൃതികളിലൂടെയും സിനിമകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും എന്‍ഡോസള്‍ഫാനെതിരെയുള്ള പ്രതിരോധവ്യവഹാരം കഴിഞ്ഞ കുറേക്കാലമായി ശക്തി പ്രാപിക്കുന്നതായി കാണാം. എം.എ. റഹ്മാന്റെ 'അരജീവിതങ്ങള്‍ക്കു ഒരു സ്വര്‍ഗ്ഗം', മനോജ് കാനയുടെ 'അമീബ', ഡോ. ബിജുവിന്റെ 'വലിയ ചിറകുള്ള പക്ഷികള്‍' തുടങ്ങിയവ ഈയൊരു പ്രതിരോധ വ്യവഹാരനിര്‍മ്മിതിയില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിന്റെ വടക്കേയറ്റത്തുനിന്നുള്ള, ഈ പ്രതിരോധവ്യവഹാരങ്ങളെത്തന്നെ വ്യതിരിക്തമായ ബദല്‍ ആധുനികതയുടെ ഉദാഹരണങ്ങളായി അടയാളപ്പെടുത്താവുന്നതാണ്. ഒരുപക്ഷേ, അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അംബികാസുതന്‍ മാങ്ങാട് എഴുതിയ എന്‍മകജെ എന്ന നോവല്‍. യാതനാത്മകവും ദുരിതപൂര്‍ണ്ണവുമായ പരിസരത്ത് നിന്നുകൊണ്ട് ഒരു എഴുത്തുകാരന്‍ ഹ്യൂമനിസത്തിന്റെ ദൗര്‍ബ്ബല്യങ്ങളെ തിരിച്ചറിയുകയും അതിനെ ക്രിയാത്മകമായി പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് ഈ നോവല്‍ വ്യക്തമാക്കുന്നുണ്ട്. മനുഷ്യന്റെ ചരിത്രവും പ്രകൃതിയുടെ ചരിത്രവും ഇഴചേര്‍ന്നുകിടക്കുന്ന ലോകത്തെ കാണിച്ചുതന്നുകൊണ്ട് മനുഷ്യ മനുഷ്യേതര ജീവികളുടെ ബന്ധങ്ങളിലൂടെ മനുഷ്യകര്‍ത്തൃത്വത്തെക്കുറിച്ച് നിലനില്‍ക്കുന്ന മുന്‍ധാരണകളെ ഈ നോവല്‍ പൊളിച്ചെഴുതുന്നു. മനുഷ്യകേന്ദ്രിത വ്യവഹാരങ്ങളെ വിമര്‍ശനവിധേയമാക്കിക്കൊണ്ട് നവമാനവികതയിലേക്ക് സഞ്ചരിക്കുന്ന എന്‍മകജെ, സാഹിത്യകൃതികള്‍ വിമര്‍ശനാത്മക ചിന്തകള്‍ കൂടി ഉല്പാദിപ്പിക്കുന്നതിന്റെ നല്ലൊരു ഉദാഹരണമാണ്. മനുഷ്യകേന്ദ്രിത വ്യവഹാരങ്ങളെ വിമര്‍ശനവിധേയമാക്കുന്ന പല പഠനങ്ങളിലും, പ്രകൃതിയും സംസ്‌കാരവും തമ്മിലുണ്ടെന്നു കരുതപ്പെട്ടിരുന്ന വിടവുകള്‍ ഇല്ലാതാകുന്നതെങ്ങനെയെന്ന് ധാരാളമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ പഠനങ്ങളുടെയിടയില്‍ വേറിട്ടുനില്‍ക്കുന്ന ഒന്നാണ് പ്രശസ്ത ചരിത്രകാരനും ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ ദീപേഷ് ചക്രബര്‍ത്തിയുടെ ഈയിടെ പ്രസിദ്ധീകരിച്ച നാഗരികതയുടെ പ്രതിസന്ധികള്‍3 എന്ന കൃതി. ഇതിലെ പ്രധാന നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ എന്‍മകജെ വായിക്കുന്നത് കൗതുകകരമായിരിക്കുമെന്നു തോന്നുന്നു.

അംബികാസുതൻ മാങ്ങാട്
അംബികാസുതൻ മാങ്ങാട്

ചരിത്രത്തിന്റെ കാലാവസ്ഥ

കാലവര്‍ഷവും ഉരുള്‍പൊട്ടലും കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ രൂക്ഷമായ കെടുതികളെക്കുറിച്ചും അതേത്തുടര്‍ന്നു രൂപപ്പെട്ട പ്രളയാനന്തര മാനവികത4യെക്കുറിച്ചും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കുന്നുകളും മലകളും ഇടിച്ചുനിരത്തുകയും കാടുകള്‍ വെട്ടിത്തെളിക്കുകയും ചെയ്തുകൊണ്ട് വികസന സ്വപ്നം കാണുന്ന സമൂഹത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും കാലാവസ്ഥാ സാക്ഷരതയെക്കുറിച്ചും (climate literacy) ഉറക്കെ സംസാരിക്കേണ്ടിയിരിക്കുന്നു. 1980-കളില്‍ ആഗോളവല്‍ക്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ആഗോളതാപനമെന്ന് അതിനോളംതന്നെ പ്രാധാന്യമുള്ള വിഷയം പലപ്പോഴും അവഗണിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് ചിന്തകരടക്കമുള്ളവര്‍ ആഗോളതാപനമെന്ന ചരിത്രപ്രതിസന്ധിയെ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ വിശകലനം ചെയ്തില്ല എന്ന് പറയേണ്ടിയിരിക്കുന്നു.

ഭൂമിയില്‍ ഒട്ടനവധി സ്പീഷിസുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും, കാലാവസ്ഥാ വ്യതിയാനത്തിന്റേയും ജനസംഖ്യാവിസ്‌ഫോടനത്തിന്റേയും ഭീതിദമായ മുന്നറിയിപ്പുകളിലൂടെ കടന്നുപോകുകയും ചെയ്യുന്ന ഈ ചരിത്രസന്ധിയില്‍, താന്‍ ഇതുവരെ അവലംബിച്ച വിമര്‍ശനോപാധികള്‍ പലപ്പോഴും അപര്യാപ്തമാവുന്നതിനെക്കുറിച്ച് ദീപേഷ് ചക്രബര്‍ത്തി ഇങ്ങനെ എഴുതുന്നു:

''ആഗോളവല്‍ക്കരണസിദ്ധാന്തങ്ങളും മൂലധനത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് അപഗ്രഥനങ്ങളും സബാള്‍ട്ടണ്‍ പഠനങ്ങളും കാല്‍നൂറ്റാണ്ടിലധികമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന കോളനിയാനന്തര വിമര്‍ശനങ്ങളും ആഗോളവല്‍ക്കരണം എന്ന പ്രതിഭാസത്തെ പഠിക്കുന്നതിനുതകുമെങ്കിലും മനുഷ്യരാശി ഇന്നകപ്പെട്ടിരിക്കുന്ന ഈ ഗ്രഹാന്തര പ്രതിസന്ധിയെ മനസ്സിലാക്കുന്നതിന് എന്നെ സഹായിക്കുന്നില്ല'' (ദി ക്രൈസിസ് ഓഫ് സിവിലൈസേഷന്‍ 164). സബാള്‍ട്ടണ്‍ ചരിത്രരചനയില്‍ സുപ്രധാന പങ്കുവഹിച്ച അദ്ദേഹം ഇങ്ങനെയൊരു തുറന്നുപറച്ചില്‍ നടത്തുമ്പോള്‍ അത് സാമൂഹികശാസ്ത്ര, ഹുമാനിറ്റീസ് പഠിതാക്കളെ സംബന്ധിച്ചിടത്തോളം അത്ഭുതമുളവാക്കുന്ന സംഗതിയാണ്. ഇങ്ങനെയൊരു വിശദീകരണത്തിലെത്തുന്നതിന് അദ്ദേഹത്തെ സഹായിക്കുന്നത് ഭൗമശാസ്ത്രജ്ഞരുടേയും (Geologists) അന്തരീക്ഷ രസതന്ത്രവിദഗ്ദ്ധരുടേയും (Atmospheric Chemists) കാലാവസ്ഥാ ശാസ്ത്രജ്ഞരുടേയും (Climate Scientists) എഴുത്തുകളും കണ്ടുപിടുത്തങ്ങളും നല്‍കിയ സുപ്രധാനമായ വസ്തുതകളാണ്. ഉദാഹരണമായി, നൊബേല്‍ സമ്മാനജേതാവായ അന്തരീക്ഷ രസതന്ത്രജ്ഞന്‍ പോള്‍ ജെ. ക്രൂറ്റ്‌സണ്‍, തന്റെ 'Geology of Mankind' എന്ന ലേഖനത്തില്‍ നമ്മള്‍ ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തെ ആന്ത്രോപോസീന്‍ (Anthropocene) എന്ന് രേഖപ്പെടുത്തുന്നു:

''കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി, ആഗോള പരിസ്ഥിതിക്കുമേല്‍ മനുഷ്യരുടെ സ്വാധീനം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. മനുഷ്യജന്യമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകത്തിന്റെ പുറന്തള്ളല്‍ കാരണം കാലാവസ്ഥ അതിന്റെ സ്വാഭാവികമായ അവസ്ഥയില്‍ നിന്നും വളരെയേറെ വ്യതിചലിക്കുകയും ചെയ്തിരിക്കുന്നു. ഒരുപക്ഷേ, വരാനിരിക്കുന്ന നിരവധി സഹസ്രാബ്ദങ്ങളുടേയും അവസ്ഥ ഇതുതന്നെയായിരിക്കും. കഴിഞ്ഞ പത്തുപന്ത്രണ്ട് സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന ഹോളോസീന്‍ (Holocene) എന്ന യുഗത്തില്‍നിന്നും വ്യത്യസ്തമായി, മനുഷ്യര്‍ സമഗ്രാധിപത്യം പുലര്‍ത്തുന്ന ഈ ഭൗമികയുഗത്തെ (Geological epoch) ആന്ത്രോപോസീന്‍ (Anthropocene) എന്ന് നാമകരണം ചെയ്യുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും.'' (2)

ഈ ആന്ത്രോപൊസീന്‍ കാലഘട്ടത്തില്‍ മനുഷ്യന്‍ വെറുമൊരു ജീവശാസ്ത്രവിഷയി അല്ല, മറിച്ച് ഒരു ഭൗമികവിഷയി കൂടിയാണ്. ഈയൊരു കര്‍ത്തൃത്തെ അടയാളപ്പെടുത്താതെ ഇപ്പോഴും ഹോളോസീന്‍5 യുഗത്തില്‍ ജീവിച്ചിരിക്കുന്നു എന്ന് ധരിച്ചുവശായ ഒരു ജനതയായി നമ്മള്‍ മുന്നോട്ടുപോകുന്നതിലെ വൈരുദ്ധ്യങ്ങളേയും സങ്കീര്‍ണ്ണതകളേയുമാണ് ചക്രബര്‍ത്തി അടയാളപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ടെഴുതിയ ആദ്യത്തെ തീസിസില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. ''മനുഷ്യജന്യമായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വിശദീകരണങ്ങളില്‍ മനുഷ്യചരിത്രവും പ്രകൃതിചരിത്രവും തമ്മില്‍ പുരാതനകാലം മുതല്‍ നിലനിന്നിരുന്ന ഹ്യൂമനിസ്റ്റ് വിഭജനങ്ങള്‍ തകര്‍ന്നു വീഴുന്നു'' (ദി ക്രൈസിസ് 166). പ്രകൃതിയുടെ നിലനില്പിനെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള മനുഷ്യന്റെ ഇടപെടല്‍ ശക്തി അവനെ/അവളെ ഒരു ഗ്രഹതുല്യ ശക്തിയായി (planetary force) പരിവര്‍ത്തിപ്പിച്ചിരിക്കുന്നുവെന്നും കാലാവസ്ഥാവ്യതിയാനം എന്നത് തികച്ചും ഒരു പ്രകൃതിപ്രതിഭാസം മാത്രമല്ല, മറിച്ച് മനുഷ്യജന്യമായ ഒരു പ്രതിഭാസം കൂടിയാണ് എന്നും അതുകൊണ്ടുതന്നെ പ്രകൃതിക്കു മനുഷ്യനില്‍നിന്നും വേറിട്ട ഒരു ചരിത്രമില്ല എന്നും അദ്ദേഹം വാദിക്കുന്നു.

ക്രൂട്‌സണെപ്പോലെയുള്ള ഭൗമശാസ്ത്രജ്ഞരുടേയും മറ്റനവധി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെയും പഠനങ്ങളില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സാമൂഹിക വിജ്ഞാനങ്ങളും ചരിത്രാവബോധങ്ങളും പുതുക്കിപ്പണിയേണ്ടതിന്റെ ആവശ്യകത ചക്രബര്‍ത്തി ഊന്നിപ്പറയുന്നു. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനേയും ആവാസവ്യവസ്ഥയെത്തന്നെയും മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഒരു മഹാഭൗമികബലമായി മനുഷ്യന്‍ മാറിയിരിക്കുന്ന ഈ ആന്ത്രോപോസീന്‍ യുഗത്തില്‍ മനുഷ്യനെ കേവലം ഒരു ജീവശാസ്ത്രവിഷയി എന്നതിലുപരി ഒരു ഭൗമവിഷയി ആയിക്കൂടി പരിഗണിച്ചുകൊണ്ട് നമ്മുടെ എല്ലാ വ്യവഹാരങ്ങളും വിശകലനോപാധികളും വിജ്ഞാനോല്പാദനങ്ങളും പ്രകൃതിയിലുള്ള ഇടപെടലുകളും സമഗ്രമായി നവീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മനുഷ്യചരിത്രങ്ങള്‍ എന്നും മനുഷ്യരാല്‍ മനുഷ്യര്‍ക്കുവേണ്ടി മനുഷ്യകേന്ദ്രിതമായി എഴുതപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ പ്രകൃതിയുടേയും മനുഷ്യേതര ജീവികളുടേയും ചരിത്രങ്ങള്‍ പലപ്പോഴും എഴുതപ്പെടാതിരിക്കുകയോ എഴുതിയവതന്നെ അവഗണിക്കപ്പെടുകയോ ചെയ്തു. പരമ്പരാഗത ചരിത്രകാരന്മാര്‍ അവരുടെ ചരിത്രരചനയില്‍ നിശ്ശബ്ദവും നിശ്ചേതനവുമായ പശ്ചാത്തലമായേ പരിസ്ഥിതിയെ കാണുന്നുള്ളൂ. പ്രകൃതിചരിത്രവും മനുഷ്യചരിത്രവും തമ്മിലുള്ള വേര്‍തിരിവ് ആപ്രസക്തമായിരിക്കുന്ന ആന്ത്രോപോസീന്‍ യുഗത്തില്‍ ഒരു പുതിയ ചരിത്രരചനാരീതിയെ കണ്ടെത്തേണ്ടതുണ്ടെന്ന് ചക്രബര്‍ത്തി വാദിക്കുന്നു. കാലാവസ്ഥാ ശാസ്ത്രജ്ഞരും ഭൗമശാസ്ത്രജ്ഞരും തികച്ചും വ്യത്യസ്തവും വ്യതിരിക്തവുമായ ചരിത്രങ്ങള്‍ ഉല്പാദിപ്പിക്കുമ്പോള്‍, മനുഷ്യകേന്ദ്രിതമായ ചരിത്രത്തില്‍മാത്രം ഊന്നിക്കൊണ്ട് വിശകലനങ്ങള്‍ നടത്തുന്നത് അനുചിതമായിരിക്കും. കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ലെന്ന് (incommensurable) നമ്മള്‍ കരുതുന്ന പലതരം ചരിത്രങ്ങളേയും ചരിത്രരചനോപാധികളേയും ചേര്‍ത്തുനിര്‍ത്തുകയും സംയോജിപ്പിക്കുകയും അതില്‍നിന്നും ലഭ്യമാവുന്ന തിരിച്ചറിവ് ഒരു പുതിയ ജ്ഞാനോദയത്തിലേക്ക് (New Enlightenment) വഴിതുറക്കുകയും വേണം (ദി ക്രൈസിസ് 177). ഭൂമിയുടെ ചരിത്രം, ജീവജാലങ്ങളുടെ ചരിത്രം, മനുഷ്യചരിത്രം, വ്യവസായികനാഗരികതയുടെ ചരിത്രം എന്നിങ്ങനെ പലവിധ ചരിത്രങ്ങളെ കൂട്ടിയിണക്കി ചിന്തിക്കാനുള്ള ശ്രമങ്ങള്‍ ചരിത്രകാരന്മാരും സാമൂഹിക ചിന്തകരും നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു (193 ).

യഥാര്‍ത്ഥ ചരിത്രബോധം എന്നത് ആപത്തിന്റെ നിമിഷങ്ങളില്‍ കയ്യെത്തിപ്പിടിക്കേണ്ടുന്ന ഓര്‍മ്മകള്‍ ആണെന്ന് ഫാസിസ്റ്റ് ജര്‍മനിയിലിരുന്ന് വാള്‍ട്ടര്‍ ബെഞ്ചമിന്‍ തന്റെ 'തീസിസ് ഓണ്‍ ദി ഫിലോസഫി ഓഫ് ഹിസ്റ്ററി'യില്‍ എഴുതിയത് ഇവിടെ ഓര്‍ക്കാവുന്നതാണ്. ഒരുപക്ഷേ, 'ആപത്തിന്റെ നിമിഷങ്ങള്‍' എന്നത് മനുഷ്യജന്യമായ ആഗോളതാപനം കൂടിയായിരിക്കുമ്പോള്‍, യഥാര്‍ത്ഥ ചരിത്രബോധമെന്നത് ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമല്ല, ഭാവിയുടെ ഓര്‍മ്മകള്‍ കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി മനുഷ്യരാശിയുടെ ഒന്നടങ്കമുള്ള കൂട്ടായ്മയെക്കുറിച്ചുള്ള ഒരു ചരിത്രസന്ദര്‍ഭത്തെയാണ് അടയാളപ്പെടുത്തുന്നത്. സകല ചരാചരങ്ങളും മഹാദുരന്തത്തിന്റെ ബോധ്യം പങ്കിടുമ്പോള്‍ ('shared sense of catastrophe') ഉണ്ടാകുന്ന ഒരു പ്രാപഞ്ചികബോധമാണത് (ദി ക്രൈസിസ് - 190). 'ചരിത്രത്തിന്റെ അവസാനത്തെ'ക്കുറിച്ചും 'നാഗരികതയുടെ സംഘട്ടനങ്ങളെ'ക്കുറിച്ചും 'ബൃഹദാഖ്യാനങ്ങളിലുള്ള അവിശ്വാസങ്ങളെക്കുറിച്ചുമുള്ള' തീസിസുകളെ അനുകൂലിക്കുന്ന ചിന്തകര്‍ക്കും ഒരുപക്ഷേ, ആപത്തിന്റെ നിമിഷത്തില്‍ രൂപപ്പെടുന്ന ഇത്തരമൊരു പ്രാപഞ്ചികബോധം യാഥാസ്ഥിതികമെന്നു തോന്നാം. മൈക്രൊനരേറ്റിവ്‌സ് മാത്രമാണ് ഈ കാലഘട്ടത്തിന്റെ മുഖമുദ്ര എന്ന് കാണുന്നവര്‍ക്ക് ഈയൊരു 'നെഗറ്റീവ് യൂണിവേഴ്സല്‍' അറുബോറനായി തോന്നാം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും വെറും പ്രത്യയശാസ്ത്രങ്ങളാണെന്നു വാദിക്കുന്നവര്‍ക്ക് പുതിയൊരു ജ്ഞാനോദയം എന്നത് വെറുമൊരു ഉട്ടോപ്യ മാത്രമായും തോന്നാം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാലാവസ്ഥാ വ്യതിയാനം എന്നത് വെറുമൊരു തട്ടിപ്പായിട്ടാണ് കാണുന്നത്. കാലാവസ്ഥയല്ല, മറിച്ച് മനുഷ്യന്‍ മാത്രമാണ് മാറിയിരിക്കുന്നത് എന്ന് നരേന്ദ്ര മോദിയെപ്പോലെ കളി പറയാം. 6പാരീസ് ക്ലൈമറ്റ് അക്കോര്‍ഡില്‍ ഒപ്പിടാത്തതിന് അമേരിക്ക നിരത്തിയിരിക്കുന്ന ന്യായീകരണങ്ങളില്‍ മിക്കവയും ട്രംപിന്റെ ഭാവനാവിലാസങ്ങളില്‍ അധിഷ്ഠിതമാണ്. മൂലധനവും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ പഠിക്കാതെ ഈ പ്രതിസന്ധി മറികടക്കുക സാധ്യമല്ലതന്നെ. ഗ്രീന്‍ ഹൗസ് ഇഫക്റ്റിനെ വൈറ്റ് ഹൗസ് ഇഫക്റ്റുകൊണ്ട് നേരിടുമെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ബുദ്ധിഹീനമായ തമാശയെക്കുറിച്ച് ചക്രബര്‍ത്തി തന്റെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. (ദി ക്രൈസിസ് - 163)

മനുഷ്യനിര്‍മ്മിത ഘടനകളുടെ അനീതികളില്‍നിന്നും അടിച്ചമര്‍ത്തലുകളില്‍നിന്നും അസമത്വങ്ങളില്‍നിന്നുമുള്ള മനുഷ്യരുടെതന്നെ മോചനമായാണ് സ്വാതന്ത്ര്യത്തെ തത്ത്വചിന്തകരൊക്കെ പ്രധാനമായും മനസ്സിലാക്കിയത്. അഥവാ സ്വാതന്ത്ര്യത്തെക്കുറിച്ച് നമുക്കുള്ള സങ്കല്പം മനുഷ്യനില്‍നിന്നു മനുഷ്യനുവേണ്ടിയുള്ള സ്വാതന്ത്ര്യമായിരുന്നു. മനുഷ്യേതര ജീവികളുടെ സ്വാതന്ത്ര്യം എന്നത് അചിന്തനീയമായ കാര്യമായിരുന്നു. ജ്ഞാനോദയം തൊട്ടിങ്ങോട്ട് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലൊന്നും മനുഷ്യന്റെ ഭൗമിക കര്‍ത്തൃത്വത്തെക്കുറിച്ചുള്ള (geological agency) അവബോധം ഉണ്ടായിരുന്നില്ലെന്ന് ചക്രബര്‍ത്തി ചൂണ്ടിക്കാണിക്കുന്നുണ്ട് (ദി ക്രൈസിസ് - 174). ഇത്തരം ഒരു ഭൗമകര്‍തൃത്വം മനുഷ്യര്‍ക്ക് ഭാരിച്ച ഉത്തരവാദിത്വം കൂടി നല്‍കുന്നു. മനുഷ്യകര്‍ത്തൃത്വം എന്നത് സ്വയം സൂചിതമായ, ആത്മപ്രതിഫലനാത്മകമായ സ്വാശ്രയമായ സ്വത്വത്തെ മാത്രം സൂചിപ്പിക്കുന്നതല്ലെന്നും, അത് മനുഷ്യ മനുഷ്യേതര ജീവജാലങ്ങളുടെ കൂട്ടായ്മയിലൂടെയുള്ള, ഭാവശക്തിതീവ്രതകളാല്‍ പരസ്പരബന്ധിതമായ, ആയിത്തീരലുകളിലൂടെയുള്ള (becoming) സ്വത്വബോധംകൂടി ഉള്‍ക്കൊള്ളുന്നതാണ് എന്നത് ഒരു പോസ്റ്റ്ഹ്യുമന്‍ ചിന്തയാണ്. ചക്രബര്‍ത്തി തന്റെ നിരീക്ഷണങ്ങളെ പോസ്റ്റ്ഹ്യുമന്‍ എന്ന് വിശേഷിപ്പിക്കുന്നില്ലെങ്കില്‍ക്കൂടി, ഹ്യുമനിസത്തിന്റെ മനുഷ്യകേന്ദ്രിത വിജ്ഞാനോല്‌പോദന സമ്പ്രദായങ്ങളില്‍നിന്നും വിടുതല്‍ നേടുന്നതിന്റെ പ്രാധാന്യത്തെയാണ് അദ്ദേഹം ഊന്നിപ്പറയുന്നതെന്നു കാണാം. മാനവികത അതിന്റെ എല്ലാവിധ ന്യൂനതകളേയും സങ്കീര്‍ണ്ണതകളേയും സ്വയം അപഗ്രഥിച്ചുകൊണ്ട് അതിന്റെ പരിമിതികളെ ഉല്ലംഘിച്ചുകൊണ്ട് വികസിക്കേണ്ടതിന്റെ പ്രാധാന്യം കൂടിയാണ് ആന്ത്രോപോസീന്‍ കാലഘട്ടം മുന്നോട്ടുവെയ്ക്കുന്നത്. നമ്മുടെ ജ്ഞാനശാസ്ത്രങ്ങളും ചരിത്രവിജ്ഞാനീയങ്ങളും സാമൂഹിക സാംസ്‌കാരിക അപഗ്രഥനങ്ങളും മനുഷ്യകേന്ദ്രിതമായ വിജ്ഞാനോല്പാദനങ്ങള്‍ മാത്രമാണ് നടത്തിയിരുന്നത് എന്ന തിരിച്ചറിവ് ഈ ചരിത്രസന്ധിയില്‍ അത്യധികം പ്രാധാന്യമര്‍ഹിക്കുന്നു.

ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യകാരണം വികസിത രാഷ്ട്രങ്ങളാണെന്നും  അതുകൊണ്ടുതന്നെ അവികസിത രാഷ്ട്രങ്ങള്‍ക്കോ ദരിദ്രരാഷ്ട്രങ്ങള്‍ക്കോ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തില്‍ യാതൊരു ധാര്‍മ്മികബാധ്യതയുമില്ല എന്നും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞരായ സുനിതാ നരനും അനില്‍ അഗര്‍വാളും അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യന്‍ ഒരു സ്പീഷിസ് ആയി അല്ലെങ്കില്‍ ഒരു ഭൗമികവിഷയിയായി സ്വയം അടയാളപ്പെടുത്തേണ്ടുന്ന ആന്ത്രോപോസീന്‍ കാലഘട്ടത്തില്‍ 'കാലാവസ്ഥാ നൈതികതയുടെ' ഈയൊരു ചോദ്യത്തെ ചക്രബര്‍ത്തി പ്രശ്‌നവല്‍ക്കരിക്കുന്നു. ഒരേസമയം തന്നെ ഒരു രാഷ്ട്രീയവിഷയി എന്ന നിലയിലും ഭൗമികവിഷയി എന്ന നിലയിലും മനുഷ്യന്‍ അടയാളപ്പെടുത്തേണ്ടുന്ന കാലഘട്ടത്തില്‍, കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസം മൂലധനത്തിന്റെ അസമമായ വിതരണത്താല്‍ മാത്രം സംഭവിക്കുന്നതാണെന്ന എളുപ്പത്തിലുള്ള നിര്‍ധാരണം നമ്മളെ ശരിയായ ദിശയിലേക്കു നയിക്കില്ല എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. സമ്പത്തിന്റേയും വിഭവങ്ങളുടേയും ലഭ്യത ധനികര്‍ക്കും ദരിദ്രര്‍ക്കും ഒരേപോലെ ലഭ്യമായ ഒരു ലോകത്ത് നമ്മള്‍ ജീവിച്ചിരുന്നാല്‍പ്പോലും അതിനനുസൃതമായ ആധുനികീകരണം ഉണ്ടാവുമെന്നും അതിനാല്‍ത്തന്നെ കാലാവസ്ഥാ വ്യതിയാനം ഇതേ തീവ്രതയില്‍ സംഭവിക്കുമെന്നും ചക്രബര്‍ത്തി വാദിക്കുന്നു. അതായത്, അങ്ങനെയുള്ള ഒരു ഇഗാലിറ്റേറിയന്‍ ലോകത്ത് കാര്‍ബണ്‍ തള്ളുന്നതിന്റെ നിരക്കും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും ക്രമാതീതമാവുകയും ആഗോളതാപനം വളരെ നേരത്തെതന്നെ സംഭവിക്കുകയും ചെയ്‌തേനേ - അദ്ദേഹം നിരീക്ഷിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായ അസമത്വം മാത്രമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ മൂലകാരണം എന്ന് ശഠിക്കുന്നത് തികഞ്ഞ മൗഢ്യമായിരിക്കുമെന്നും ആന്ത്രോപോസീന്‍ കാലഘട്ടത്തില്‍ പാവപ്പെട്ടവനും പണക്കാരനും വേറെ വേറെ രക്ഷാബോട്ടുകള്‍ ഉണ്ടാവില്ല എന്നും വളരെ പ്രകോപനപരമായ രീതിയില്‍ ചക്രബര്‍ത്തി ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നുണ്ട് (ദി ക്രൈസിസ് - 189, 265). ചരിത്രപരമായ അനീതികളെക്കുറിച്ചുള്ള നമ്മുടെ ആകുലതകളുടേയും ഉച്ചനീചത്വങ്ങളെക്കുറിച്ചുള്ള നമ്മുടെ ബോധ്യങ്ങളുടേയും കൂടെത്തന്നെ 'സ്പീഷിസ് ചിന്ത' എന്നത് മനുഷ്യരാശിക്ക് ഈയൊരു ചരിത്രസന്ധിയില്‍ ഒഴിച്ചുകൂടാനാവാത്തതാണെന്ന് അദ്ദേഹം വാദിക്കുന്നു.

മനുഷ്യരും മനുഷ്യേതരജീവികളും വസ്തുക്കളും തമ്മിലുള്ള ഭാവശക്തിതീവ്രതകളേയും (affective intensities) പാരസ്പര്യങ്ങളേയും കുറിച്ച് സംസാരിക്കുമ്പോള്‍ 'ഇക്കോളജിക്കല്‍ ചിന്ത' (ecological thought) എന്നത് സഹവര്‍ത്തിത്വത്തിന്റെ (co-existence) ചിന്തയാണെന്ന് തിമോത്തി മോര്‍ട്ടന്‍ തന്റെ 'ദി ഇക്കോളജിക്കല്‍ തോട്ട്' എന്ന കൃതിയില്‍ നിരീക്ഷിക്കുന്നുണ്ട്. മനുഷ്യരും മറ്റു ജീവജാലങ്ങളും വസ്തുക്കളും തമ്മിലുള്ള ഈ പരസ്പര സഹവര്‍ത്തിത്വം ജനാധിപത്യത്തിനു പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നതാണ്. ജനങ്ങളുടെ ആധിപത്യം എന്ന നിലയില്‍നിന്നും ഡെമോക്രസിയുടെ അര്‍ത്ഥം വ്യാപിപ്പിക്കേണ്ടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യന്റെ സംസ്‌കാരവും സ്വത്വവും മനുഷ്യേതര കര്‍ത്തൃത്വങ്ങളുമായി ഇഴപിരിയാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുമ്പോള്‍ ജനാധിപത്യത്തെക്കുറിച്ചും ഒരു പുതിയ പൊളിറ്റിക്കല്‍ ഇക്കോളജിയെക്കുറിച്ചും പുതിയ വിശകലന ഉപാധികളെക്കുറിച്ചും ആലോചിക്കേണ്ടതുണ്ടെന്ന് ജെയിന്‍ ബെന്നറ്റ് തന്റെ വൈബ്രന്റ് മാറ്റര്‍ എന്ന കൃതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട് (108). ഇത്തരത്തില്‍ പല ചിന്തകരും മാനവികതയെ പുനര്‍നിര്‍മ്മിക്കാനും തിരിച്ചുപിടിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍, മൂലധനവിമര്‍ശനത്തോടൊപ്പം സ്പീഷിസ് ചിന്തയും ചേര്‍ത്തുവെയ്‌ക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് സുപ്രധാനമായ ഒരു ഇടപെടലാണ് ദീപേഷ് ചക്രബര്‍ത്തി നടത്തിയിരിക്കുന്നത്.

എന്‍മകജെ: ഭാവനയുടെ രാഷ്ട്രീയവും സ്പീഷിസ് ചിന്തയും

സാഹിത്യകൃതികള്‍ ചരിത്രസന്ധികളില്‍ വിമര്‍ശനാത്മക ഭാവനകളും ചിന്തകളും മുന്നോട്ടുവെയ്ക്കുന്നതെങ്ങനെയെന്ന് എന്‍മകജെയുടെ വായന ബോധ്യപ്പെടുത്തുന്നു. ഈ നോവല്‍ മുന്നോട്ടുവെയ്ക്കുന്ന പ്രതിരോധത്തിന്റെ ജൈവരാഷ്ട്രീയം പ്രസക്തമാണ്. എന്‍ഡോസള്‍ഫാന്‍ ഒരു പ്രതിവ്യവഹാരമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ലീലാകുമാരിയമ്മയും ഡോക്ടര്‍ വൈ.എസ്. മോഹന്‍കുമാറും ആക്ടിവിസ്റ്റ് കൂടിയായ നോവലിസ്റ്റും എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ മനുഷ്യരും ഒക്കെ ഈ നോവലിലെ കഥാപാത്രങ്ങളാവുന്നു. ഇവരോടൊപ്പം തന്നെ ഗുഹയും ജടാധാരിമലയും കഴുതയും കുരങ്ങനും ഈ കഥയിലെ കഥാപാത്രങ്ങളാണ്. ഇത്തരത്തില്‍ നമ്മുടെ അയല്‍പക്കത്ത് താമസിക്കുന്ന ലീലാകുമാരിയമ്മയോടും മോഹന്‍കുമാറിനോടും ഒപ്പം മൃഗങ്ങളേയും, ഗുഹയേയും, മാലയേയും കഴുതയേയും കുരങ്ങനേയും കഥാപാത്രങ്ങളായി നോവലിസ്റ്റ് അവതരിപ്പിക്കുമ്പോഴും അതില്‍ യാതൊരു അസ്വാഭാവികതയും വായനക്കാര്‍ക്ക് തോന്നുന്നില്ല. മനുഷ്യനൊഴിച്ചുള്ള സകല ജീവജാലങ്ങളും അജൈവമായ ഗുഹയും ഒക്കെ ചേര്‍ന്ന് മനുഷ്യേതരമായ ഒരു ബദല്‍കൂട്ടായ്മയുടെ സാധ്യതയാണ് ഈ കാലഘട്ടം മുന്നോട്ടുവെയ്ക്കുന്നത് എന്ന് നോവല്‍ സൂചിപ്പിക്കുന്നു. ഈയൊരു സ്പീഷിസ് ചിന്ത, മൂലധനവിമര്‍ശനത്തോടൊപ്പംതന്നെ ചേര്‍ത്തുവെയ്ക്കുന്നു എന്നതാണ് ഈ നോവലിന്റെ പ്രാധാന്യം.

കീടനാശിനികളുടെ ഭീകരതയെക്കുറിച്ച് ഒരുപക്ഷേ, ലോകത്തിന് ആദ്യം മുന്നറിയിപ്പ് കൊടുത്തത് 'സൈലന്റ് സ്പ്രിങ്' എന്ന പുസ്തകത്തിലൂടെ റെയ്ച്ചല്‍ കാഴ്സണ്‍ ആണ്. രാസവളങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗത്താല്‍ പൊറുതിമുട്ടിയ ആയിരക്കണക്കിനു പ്രദേശങ്ങള്‍ ലോകമെമ്പാടും ഉണ്ടായേക്കും എന്ന് 1960-കളില്‍ പ്രവചനാത്മകമായി അവര്‍ പ്രസ്താവിച്ചത് ഇവിടെ ഓര്‍ക്കാവുന്നതാണ്. വളരെ പെട്ടെന്ന് നമുക്ക് ദൃശ്യമാവുന്ന, നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന തരം വയലന്‍സ് അല്ല അത്. റോബ് നിക്സണ്‍ തന്റെ 'സ്ലോ വയലന്‍സ് ആന്റ് ദി എന്‍വയോണ്‍മെന്റലിസം ഓഫ് ദി പുവര്‍' എന്ന കൃതിയില്‍ എഴുതുന്നു: ''പെട്ടെന്ന് നമ്മുടെ ദൃഷ്ടിയില്‍പ്പെടാത്ത, അതീവ മന്ദഗതിയിലുള്ള അതിന്റെ നശീകരണശേഷി കാലങ്ങളിലേക്കും ഇടങ്ങളിലേക്കും വ്യാപിപ്പിക്കുന്ന, വയലന്‍സ് എന്ന് പ്രഥമദൃഷ്ട്യാ തിരിച്ചറിയാന്‍പോലും കഴിയാത്ത ഒന്നാണ് സ്ലോ വയലന്‍സ്'' (സ്ലോ വയലന്‍സ് 2). ഇന്ദ്രിയങ്ങള്‍ക്ക് വളരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന, സ്ഫോടനാത്മകവും, ദൃശ്യസമ്പന്നവുമായ ഒന്നായാണ് വയലന്‍സിനെ നമ്മള്‍ അടയാളപ്പെടുത്താറുള്ളത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം, മഞ്ഞുപാളികളുടെ ക്രമാതീതമായ ഉരുകല്‍, സമുദ്രനിരപ്പ് ഉയരല്‍, രാസപദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം, വനനശീകരണം തുടങ്ങിയവ ഭൂമിയിലെ ജീവന്റെ സാന്നിദ്ധ്യത്തെ ഇല്ലായ്മ ചെയ്യാനുതകുന്ന തരം സ്ലോ വയലന്‍സ് ആണ്. അത്തരമൊരു സ്ലോ വയലന്‍സ് ആണ് കാസര്‍ഗോഡ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. തന്റെ നോവലില്‍ ഈ സ്ലോ വയലന്‍സിനെ അംബികാസുതന്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നു: ''ഹിരോഷിമയില്‍ വികൃതരൂപികളായ കുഞ്ഞുങ്ങള്‍ ഇപ്പോഴും പിറക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നാം വായിക്കാറുണ്ട്. എന്‍മകജെയിലും സംഭവിച്ചത് മറ്റൊന്നല്ല. ഒരു വലിയ ബോംബ് ഇടുകയായിരുന്നു. ഒറ്റയടിക്കല്ല. പതുക്കെപ്പതുക്കെ (എന്‍മകജെ - 139)' അംബികാസുതന്‍ സ്ലോ വയലന്‍സിന്റെ ഉരുവപ്പെടലും ഘട്ടംഘട്ടമായുള്ള അതിന്റെ വിന്യാസവും ഉള്‍ക്കാഴ്ചയോടെ വിവരിക്കുന്നു. ഇതോടൊപ്പം മനുഷ്യരും ജീവജാലങ്ങളും വസ്തുക്കളും തമ്മിലുള്ള പരസ്പര ആശ്രിതത്വത്തേയും ബന്ധങ്ങളേയും ഭാവശക്തിതീവ്രതകളേയും അദ്ദേഹം നോവലില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ ലോകത്തിന്റെ ചെറിയൊരു പരിപ്രേക്ഷ്യം എന്‍മകജെയില്‍ കാണാം. എന്‍ഡോസള്‍ഫാന്‍ ഒട്ടുമിക്ക ജീവജാലങ്ങളുടേയും ആവാസവ്യവസ്ഥകളെത്തന്നെ തകര്‍ത്തുകളയുകയും മണ്ണിനേയും വെള്ളത്തേയും അതിന്റെ ജൈവാംശങ്ങളേയും സാരമായി ബാധിക്കുകയും ചെയ്തു. അതോടൊപ്പം ഓട്ടിസം, ക്രോണിക് ശ്വാസകോശ രോഗങ്ങള്‍, മാരകമായ കാന്‍സര്‍ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, ജന്മനായുള്ള ശാരീരിക വൈകല്യങ്ങള്‍, പ്രത്യുല്പാദനവ്യവസ്ഥയിലെ തകരാറുകള്‍, ബുദ്ധിമാന്ദ്യം, ഹൈഡ്രോസെഫാലസ് തുടങ്ങിയ ഭീതിദമായ അവസ്ഥകളിലൂടെയും രോഗങ്ങളിലൂടെയും ആണ് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ ദേശങ്ങളില്‍ താമസിക്കുന്ന ഒരുപാടുപേര്‍ക്ക് എന്‍ഡോസള്‍ഫാന്‍ കാരണമാണ് ഇത്തരം രോഗങ്ങള്‍ വന്നുപെട്ടതെന്നുപോലും തിരിച്ചറിയാനാവാത്ത തരത്തിലായിരുന്നു അതിന്റെ മന്ദഗതിയിലുള്ള ആക്രമണം (slow violence). പലപ്പോഴും എന്‍ഡോസള്‍ഫാന്‍ ഇരകളോട് അനുഭാവവും സഹാനുഭൂതിയും മാത്രം പ്രകടിപ്പിക്കുന്ന രക്ഷാകര്‍ത്തൃത്വ പരിസ്ഥിതിപ്രവര്‍ത്തനത്തില്‍നിന്നും പങ്കാളിത്ത പരിസ്ഥിതിപ്രവര്‍ത്തനത്തിലേക്കുള്ള മാറ്റത്തെയാണ് അംബികാസുതന്റെ എന്‍മകജെ പ്രതിനിധാനം ചെയ്യുന്നത്.

കേരള വികസനത്തിന്റെ പൊയ്മുഖം

കശുവണ്ടി കയറ്റുമതിയിലൂടെ വിദേശനാണ്യം ഉല്പാദിപ്പിക്കുന്ന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള എന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനിയേയും അതിന്റെ മൂലധനതാല്പര്യങ്ങളേയും വിമര്‍ശിക്കുന്നതോടൊപ്പം മനുഷ്യരുടേയും മനുഷ്യേതര ജീവജാലങ്ങളുടേയും ഇക്കോസിസ്റ്റത്തെത്തന്നെ മുഖ്യപ്രമേയമാക്കിക്കൊണ്ട് സ്പീഷിസ് ചിന്ത കൂടി മുന്നോട്ടുവെയ്ക്കുകയാണ് നോവലിസ്റ്റ്. ഭൂമിയുടെ ചരിത്രം, ജീവന്റെ ചരിത്രം, വ്യവസായ നാഗരികതയുടെ ചരിത്രം, എഴുതപ്പെട്ട മനുഷ്യചരിത്രം, എഴുതപ്പെടാത്ത മനുഷ്യചരിത്രം എന്നിങ്ങനെ ഒരിക്കലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ലെന്നു കരുതപ്പെട്ട വിവിധ ചരിത്രങ്ങളുടെ സംയോജനങ്ങളിലൂടെ നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ സങ്കീര്‍ണ്ണതകളെ അടയാളപ്പെടുത്തുകയാണ് എഴുത്തുകാരന്‍. ഹ്യൂമനിസത്തിന്റെ പരിമിതികളെ തിരിച്ചറിഞ്ഞുകൊണ്ട്, മനുഷ്യകേന്ദ്രിത വ്യവഹാരങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഒരു പുതിയ മാനവികതയിലേക്കും ജ്ഞാനോദയത്തിലേക്കും അദ്ദേഹം നമ്മളെ നയിക്കുന്നു. ഒരുപക്ഷേ, ഒരു ഭൗമവിഷയിയായി, ഒരു മഹാസംഘാതമായ ഭൗമികബലമായി സ്വയം തിരിച്ചറിയുന്ന മനുഷ്യന്റെ ഭാവനയെ അടയാളപ്പെടുത്തുകയാണ് അംബികാസുതന്‍.

പുരാതന ചരിത്രത്തിന്റെ അടരുകളും ഓര്‍മ്മകളും പേറുന്ന ബലീന്ദ്രപാലമരവും ജടാധാരിമലയും നോവലില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യങ്ങളാണ്. മനുഷ്യരും മനുഷ്യേതര ജീവജാലങ്ങളും വസ്തുക്കളും പരസ്പരം ഭാവശക്തിയാല്‍ ബന്ധിതമാണെന്ന് (mutually affective relation) സൂചിപ്പിക്കുന്ന പല സന്ദര്‍ഭങ്ങളും നോവലില്‍ ഉടനീളമുണ്ട്. നീലകണ്ഠന്‍ ഒരവസരത്തില്‍ ഗുഹയോട് ഇങ്ങനെ പറയുന്നു: ''ഞാനൊരു മനുഷ്യനല്ല. എന്നെ മനുഷ്യനെന്നു വിളിക്കരുത്. മനുഷ്യരുമായുള്ള എല്ലാ ബന്ധങ്ങളും വേര്‍പെടുത്തി കാട്ടില്‍ താമസിക്കുന്ന ഒരു മൃഗമാണ് ഞാന്‍. ഇതിനകത്ത് യഥേഷ്ടം മൃഗങ്ങള്‍ കയറുന്നില്ലേ? ഇതാ ഒരു പെരുമ്പാമ്പ്. അതുപോലെ ഞാനും കയറിവന്നു (22).'

ഇത് യാതനാത്മകമായ ഭാവനയില്‍നിന്നും ഉരുത്തിരിഞ്ഞു വരുന്ന സംഭാഷണശകലമാണ്. യാതനാത്മകമായ പരിസരത്ത്, ആപത്തിന്റെ നിമിഷങ്ങളില്‍ മറ്റ് ജീവികളെപ്പോലെതന്നെ മനുഷ്യനും ഒരു സ്പീഷിസ് മാത്രമാണെന്നു തിരിച്ചറിയുന്ന നിമിഷമാണിത്. അതിവിചിത്രമായ രോഗങ്ങള്‍ വന്നു മരിക്കുകയോ മരിച്ചതിനു തുല്യമായി ജീവിച്ചിരിക്കുകയോ ചെയ്യുന്ന മനുഷ്യരെക്കുറിച്ചു പറയുന്നതോടൊപ്പം എന്‍ഡോസള്‍ഫാന്‍ എന്ന സ്ലോ വയലന്‍സ് തേനീച്ചകളേയും കാക്കകളേയും പുഴുക്കളേയും ഉള്‍പ്പെടെ ഇവിടത്തെ ഇക്കോസിസ്റ്റത്തെയൊന്നാകെത്തന്നെ ബാധിച്ചതിനെക്കുറിച്ചും നോവല്‍ പ്രതിപാദിക്കുന്നു. കവുങ്ങിന്‍തോട്ടത്തിലൂടെ നടന്നുപോകുമ്പോള്‍ നീലകണ്ഠന്‍ അവിടെയുള്ള അതിതീവ്രമായ നിശ്ശബ്ദതയില്‍ വിറങ്ങലിച്ചുപോകുന്നുണ്ട്. താനല്ലാതെ മറ്റൊരു ജീവിപോലും അവിടെയില്ല എന്ന തിരിച്ചറിവില്‍ അയാളുടെ മാനസികനില തെറ്റിപ്പോവുന്നുണ്ട്. ''അരണയോ ഓന്തോ തവളയോ പാമ്പോ കീരിയോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു മഹാശ്മശാനത്തിന്റെ നടുവില്‍ നില്‍ക്കുന്നത് പോലെ നീലകണ്ഠന്‍ ഭയചകിതനായി'' (എന്‍മകജെ 98). മണ്ണിരകളോ കീടങ്ങളോ തവളകളോ മീനുകളോ ഇല്ലാത്ത ഭീതിദമായ ഒരു ലോകത്തെ വരച്ചിടുന്നതോടൊപ്പം ശരീരത്തെക്കാള്‍ വലിയ തലയുമായി ജീവിക്കുന്ന മനുഷ്യക്കുഞ്ഞുങ്ങളേയും കൈകാലുകള്‍ ഇല്ലാതെ ജനിച്ച പശുക്കളേയും, മാനസികവും ശാരീരികവുമായ വിഷമതകള്‍ പേറുന്ന തുച്ഛജീവിതങ്ങളേയും (bare lives) ഭാവതീവ്രമായ വരികളിലൂടെ അംബികാസുതന്‍ കാണിച്ചുതരുന്നു. റെയ്ച്ചല്‍ കഴ്സണ്‍ പ്രവചിച്ച ആയിരക്കണക്കിനു വിഷംതീണ്ടി ഗ്രാമങ്ങളില്‍ ഒരു ഭൂമികയായി മാറിക്കൊണ്ടിരിക്കുന്ന ഇക്കോസിസ്റ്റത്തെ അദ്ദേഹം എന്‍മകജെയില്‍ അടയാളപ്പെടുത്തുന്നു.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള, തദ്ദേശീയരായ മനുഷ്യരെ അടിച്ചിറക്കി, വ്യവസായ മുതലാളിത്തത്തിന്റേയും വികസന ആധുനികതയുടേയും ഉപകരണയുക്തി ഉപയോഗിച്ച് ഏകവിളാരീതികള്‍ നടപ്പാക്കിയത് എങ്ങനെയെന്ന് നോവല്‍ പരിശോധിക്കുന്നുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കോളനീകരിച്ച രാജ്യങ്ങളില്‍ ഭൂമിയുടെമേലുള്ള അധികാരം സ്ഥാപിച്ചതിന്റെ ഒരു പ്രധാന രീതി ഇത്തരത്തിലുള്ള നിര്‍ബന്ധിത ഏകനാണ്യവിളകളിലൂന്നിയ കൃഷിയിലൂടെയായിരുന്നു (monoculture). മൂലധനത്തിന്റെ അക്രാമകമായ, ഉപകരണാത്മകമായ യുക്തി ഉപയോഗിച്ച് സ്വന്തം ഭൂമിയില്‍നിന്നും കുടിയിറക്കിവിട്ട തദ്ദേശീയര്‍ക്ക് അവരുടെ ആവാസവ്യവസ്ഥയെത്തന്നെ നശിപ്പിച്ച്, അവരുടെ ഭൂമിയില്‍ വാണിജ്യവിളകള്‍ മാത്രം കൃഷിചെയ്ത്, അവരെ അവിടങ്ങളിലെത്തന്നെ തൊഴിലാളികളാക്കി ലാഭം കൊയ്ത് മുതലാളിത്തം എങ്ങനെയാണോ ലോകമെങ്ങും സാമ്രാജ്യങ്ങള്‍ സൃഷ്ടിച്ചത്, അതിനു സമാനമായാണ് ജനങ്ങള്‍ തെരഞ്ഞെടുത്ത ഗവണ്‍മെന്റുകള്‍ മുതലാളിത്തത്തിന്റെ രീതികളെ വികസനത്തിന്റേയും ആധുനികതയുടേയും പേരില്‍ നമ്മുടെ മുന്നില്‍ അവതരിപ്പിച്ചത്. നോവലില്‍ എന്‍ഡോസള്‍ഫാന്‍ ഇനി തളിക്കരുതെന്നു ആവശ്യപ്പെടുന്ന നീലകണ്ഠനോടും മറ്റും പി.സി.കെ ഉദ്യോഗസ്ഥര്‍ പറയുന്നത് ഇത് ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഗവണ്‍മെന്റ് ചെയ്യുന്ന ഒരു നല്ല കാര്യമാണെന്നും കൃഷി നന്നായാല്‍ ഗവണ്‍മെന്റിന്റെ വരുമാനം കൂടുകയും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുകയും ചെയ്യും എന്ന മുതലാളിത്തയുക്തി തന്നെയാണ്. നോവലിസ്റ്റ് ഇത്തരത്തില്‍ കേരള മോഡേര്‍ണിറ്റിയുടെ അല്ലെങ്കില്‍ കേരളവികസന ആധുനികതയുടെ പൊയ്മുഖം കൂടി തുറന്നുകാട്ടുന്നുണ്ട്.

പ്രതിരോധസമരങ്ങളിലൂടെയും പ്രതിവ്യവഹാരങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെയും ഒരു ബദല്‍ ആധുനികതയുടെയും ഒരു കീഴാള ആധുനികതയുടെ പരിപ്രേക്ഷ്യം ഈ പ്രദേശങ്ങളില്‍ സ്വാഭാവികമായി ഉയര്‍ന്നുവരുന്നതു കാണാം. ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനും കാസര്‍ഗോഡുള്ള എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരം പ്രത്യേകമായി പരാമര്‍ശിച്ചതും അത് ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതും പിന്നീട് ഈ കീടനാശിനിയുടെ ഉപയോഗം നിരോധിച്ചതുമെല്ലാം ഇത്തരം പ്രതിരോധസമരങ്ങള്‍ അഥവാ കീഴാള ആധുനികതകള്‍ ആഗോള ആധുനികതയെത്തന്നെ നവീകരിക്കുന്നതിന്റെ ഉദാഹരണങ്ങളാണെന്ന് രവി രാമന്‍ തന്റെ പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട് ('subaletern Moderntiy'99).

മൂലധനത്തിന്റേയും മുതലാളിത്തത്തിന്റേയും യുക്തിയെ വിമര്‍ശിക്കുന്നതോടൊപ്പം നമ്മുടെ വിമര്‍ശന സമ്പ്രദായങ്ങളിലെ മനുഷ്യകേന്ദ്രിത രീതികളേയും കൂടി നിശിതമായ വിശകലനത്തിനു വിധേയമാക്കുന്നിടത്താണ് എന്‍മകജെയുടെ യഥാര്‍ത്ഥ രാഷ്ട്രീയം തെളിയുന്നത്. കാള്‍ മാര്‍ക്സ് 1867-ല്‍ എഴുതിയ മൂലധനത്തിന്റെ ആദ്യ അദ്ധ്യായം തുടങ്ങുന്നത് വെള്ളവും വായുവും സുലഭമായി ലഭ്യമായതുകൊണ്ടുതന്നെ, അവയെ ചരക്കുകളായി (commodities) കണക്കാക്കേണ്ടതില്ല എന്നും അവയ്ക്ക് വില നിശ്ചയിക്കേണ്ടതില്ല എന്നും നിരീക്ഷിച്ചുകൊണ്ടാണ്. ഈയടുത്ത് ഡല്‍ഹിയില്‍ ഓക്സിജന്‍ ബാറുകള്‍ തുറന്നത് മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായിരുന്നു. പ്രവചന സ്വഭാവത്തിലെഴുതിയ 'പ്രാണവായു' എന്ന കഥയില്‍ (2015) ഓക്സിജന്റെ അലഭ്യതയേയും അതിന്റെ ചരക്കുവല്‍ക്കരണത്തേയും കുറിച്ച് അംബികാസുതന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ 'നീരാളിയന്‍', 'ആമസോണ്‍' എന്നീ കഥകളിലും കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും പ്രമേയമായി വരുന്നുണ്ട്. മാര്‍ക്സ് മൂലധനം എഴുതിയ കാലഘട്ടത്തില്‍ കാലാവസ്ഥാ വ്യതിയാനം എന്നത് ഒരു വിഷയമേ ആയിരുന്നില്ല. നമ്മുടെ വിശകലന രീതികളും വ്യവഹാരങ്ങളും കാലാവസ്ഥയുടേയും പരിസ്ഥിതിയുടേയും സ്ഥിരതയില്‍ മാത്രം അധിഷ്ഠിതമായിരുന്നു. (ദി ക്രൈസിസ് - 257). മൂലധനവിമര്‍ശനം മനുഷ്യചരിത്രത്തിനെ മാത്രം ആധാരമാക്കിയുള്ളതാണെങ്കില്‍, കാലാവസ്ഥാ വ്യതിയാനം ഭൂമിയുടേയും ജീവന്റേയും ചരിത്രവുമായിക്കൂടി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് ആന്ത്രോപോസീന്‍ കാലഘട്ടത്തില്‍, മൂലധനവിമര്‍ശനത്തോടൊപ്പംതന്നെ സ്പീഷിസ് ചിന്തയും ചേര്‍ത്തുവെയ്ക്കണം എന്ന് ചക്രബര്‍ത്തി പറയുന്നത്. ഒരുപക്ഷേ, സിദ്ധാന്തങ്ങളുടെയൊന്നും അകമ്പടിയില്ലാതെതന്നെ എന്‍മകജെയില്‍ അംബികാസുതന്‍ പറയുന്നതും ഇതുതന്നെയാണ്.

മനുഷ്യചരിത്രം എന്നത് ഈ ഭൂഗോളത്തിലെ ജീവന്റെ ചരിത്രത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്. ആഗോളവല്‍ക്കരണത്തെക്കുറിച്ചുള്ള വിശകലനങ്ങളും ചരിത്രങ്ങളും 'രേഖപ്പെടുത്തിയിട്ടുള്ള മനുഷ്യചരിത്രത്തെ മാത്രം' ആധാരമാക്കിയിട്ടുള്ളതാണെന്നു കാണാം. എന്നാല്‍ സ്പീഷിസ് ചിന്ത എന്നത് അന്തര്‍ലീന ചരിത്രങ്ങളുമായി അഥവാ ഡീപ് ഹിസ്റ്ററിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്ലോബല്‍ പ്ലാനറ്ററി, എഴുതപ്പെട്ട ചരിത്രങ്ങള്‍/അന്തര്‍ലീന ചരിത്രങ്ങള്‍, മൂലധന വിമര്‍ശങ്ങള്‍/സ്പീഷിസ് ചിന്ത എന്നീ വിരുദ്ധ ബൗദ്ധിക രൂപീകരണങ്ങളെ സംയോജിപ്പിച്ചുകൊണ്ട് ഒരു പുതിയ ചിന്താപദ്ധതി ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ചക്രബര്‍ത്തി തന്റെ സമീപകാല എഴുത്തുകളില്‍ ഊന്നിപ്പറയുന്നത്. ആഗോളവല്‍ക്കരണത്തോടൊപ്പം ആഗോളതാപനവും മനുഷ്യന്റെ രാഷ്ട്രീയ കര്‍ത്തൃത്വത്തോടൊപ്പം ഭൗമികകര്‍ത്തൃത്വവും പഠനവിധേയമാക്കിക്കൊണ്ടു മാത്രമേ ഭാവിയിലേക്കു മുന്നേറാന്‍ കഴിയുകയുള്ളൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചക്രബര്‍ത്തി അവതരിപ്പിക്കുന്ന ഈയൊരു സംയോജിത ഭാവനയും വിമര്‍ശനാത്മക ചിന്തയും എന്‍മകജെയിലൂടെ അംബികാസുതന്‍ മാങ്ങാടും അവതരിപ്പിക്കുന്നു. ഗൃഹാന്തര ഭാവനയും അന്തര്‍ലീന ചരിത്രവും സ്പീഷിസ് ചിന്തയും ഈ കൃതിയില്‍ ഇഴചേര്‍ന്നു കിടക്കുന്നു എന്നു പറയാം. മനുഷ്യചരിത്രത്തിന് അതിന്റെ അനന്തമായ തുടര്‍ച്ചയുണ്ടാവുമെന്ന് അമിതമായ ആത്മവിശ്വാസത്തെ പൊളിക്കുകയും ''നമ്മളില്ലാത്ത ഭാവിയെക്കുറിച്ചുകൂടി ചിന്തിക്കുകയും ചെയ്യണമെന്നും ചക്രബര്‍ത്തി സൂചിപ്പിക്കുന്നതുപോലെ 'നമ്മളില്ലാത്ത ലോകത്തെ' എന്‍മകജെയുടെ അവസാനത്തില്‍ കാണാം. മനുഷ്യന്‍ തന്നെ ഒരു ഭൗമബലമായി മാറിയ ഈ കാലത്ത്, നാളിതുവരെ നാം പരിചരിച്ചു പോന്നിരുന്ന സകല സംഹിതകളും പുതിയ തിരിച്ചറിവുകളുടെ വെളിച്ചത്തില്‍ പൊളിച്ചെഴുതേണ്ടതുണ്ട്. എല്ലാ വിഭജനങ്ങള്‍ക്കും ധ്രുവീകരണങ്ങള്‍ക്കുമപ്പുറം ഈ ഗ്രഹത്തിലെ അനേകായിരം സ്പീഷിസുകളില്‍ ഒരു സ്പീഷിസുമാത്രമാണ് മനുഷ്യന്‍ എന്ന ചിന്തയും തിരിച്ചറിവും നോവലിന്റെ അവസാന ഭാഗത്ത് കുറേക്കൂടി വ്യക്തമായി നോവലിസ്റ്റ് സൂചിപ്പിക്കുന്നു. ഭൂമുഖത്തെ സകല ചരാചരങ്ങളേയും വഹിക്കുന്ന ഗുഹയിലേക്ക് മനുഷ്യരായല്ല പുരുഷനും സ്ത്രീയും കയറിപ്പോകുന്നത്, ജീവിഗണത്തിലെ ഒരു അംഗം മാത്രമായാണ്. പരസ്പരബന്ധിതവും ഭാവശക്തിതീവ്രവുമായ മനുഷ്യേതരലോകത്തിന്റെ സ്പന്ദിക്കുന്ന ഭൗതികതകളെ (vibrant materialities) തിരിച്ചറിയുന്ന അവര്‍ 'ജ്ഞാനോദയം' സിദ്ധിച്ച വയോവൃദ്ധനായ കഴുതയെ കേള്‍ക്കാന്‍ തുടങ്ങുന്ന നിമിഷത്തില്‍ നോവല്‍ അതിന്റെ ജൈവികവും സ്വാഭാവികവുമായ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു.

ഗുഹ അരുമയോടെ ശബ്ദിച്ചു: 
''വരൂ.'' 
ഒന്നിച്ചാണ് അവര്‍ ഗുഹയിലേക്ക് വലംകാല്‍ ഊന്നിയത്. 
വലിയൊരു വഞ്ചിയില്‍ കാല്‍വച്ചപ്പോഴെന്ന വിധം ഗുഹ ഒന്ന് ആടിയുലഞ്ഞതായി പുരുഷനും സ്ത്രീക്കും ഒരേസമയം തോന്നി. 
അനിര്‍വ്വചനീയമായൊരു ആനന്ദത്തിന്റെ കുളിര്‍ക്കാറ്റ് അവരെ ആശ്ലേഷിച്ചു മുന്നോട്ടു നീങ്ങവേ മൃഗങ്ങളെ അടുത്തു കണ്ടു; മൃഗങ്ങള്‍ മാത്രമല്ല, ഇഴജന്തുക്കളും പക്ഷികളും ഉണ്ട്.
മുന്നിലതാ ഗംഭീരമായ ആകാരത്തോടെ എന്‍മകജെയുടെ അടയാളമായ രണ്ട് പുലികള്‍. ആണ്‍പുലിയും പെണ്‍പുലിയും. കൂറ്റനൊരു കറു ഗുഹയില്‍ തൂങ്ങിനിന്ന വേരില്‍ ഉറക്കം ഞെട്ടിയിരിപ്പുണ്ട്. പുലികള്‍ക്കപ്പുറത്ത് നാനാജാതി ജീവികള്‍ ഇടംപിടിച്ചിരുന്നു.
ഗുഹയുടെ ഗംഭീരമായ ശബ്ദം ഉയര്‍ന്നു. 
''എന്‍മകജെയില്‍ വിഷമഴയുടെ പ്രളയം തുടങ്ങുമ്പോള്‍ ജീവജാലങ്ങളില്‍ ശേഷിച്ചവ ഇവിടെ അഭയം തേടി വസിക്കും... വിഷമഴ പെയ്തു തീരുന്നത് വരെ...'' പുരുഷനും സ്ത്രീക്കും ഒന്നും വിശ്വസിക്കാനായില്ല. ഒരു നീണ്ട സ്വപ്നത്തിലൂടെ കടന്നുപോവുകയാണോ തങ്ങളെന്ന് അവര്‍ക്ക് ഒരുപോലെ തോന്നി. 
ജടാധാരിമലയുടെ മുകളില്‍ തലകീഴായി തൂങ്ങിക്കിടന്ന് കാണുന്ന സ്വപ്നമാണോ ഇതെല്ലാം? പെട്ടെന്ന് വഞ്ചി ഉലയുന്നതുപോലെ ഗുഹ പതുക്കെ ചാഞ്ചാടുവാന്‍ തുടങ്ങി. ഗുഹയുടെ ഉള്ളില്‍, വളരെ ഉള്ളില്‍ നക്ഷത്രംപോലെ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. ആദരവു കലര്‍ന്ന സ്വരത്തില്‍ ഗുഹ പറഞ്ഞു. 
''ആരും ശബ്ദിക്കരുത്.'' 
സര്‍വ്വ ജീവജാലങ്ങളും വെളിച്ചം കണ്ട ദിക്കിലേക്ക് നിശ്ശബ്ദരായി നോക്കി. ആരാണ് വരുന്നത്? പൊന്‍വെളിച്ചം സമീപസ്ഥമാവാന്‍ തുടങ്ങിയപ്പോള്‍ പുരുഷനും സ്ത്രീയും തിരിച്ചറിഞ്ഞു. 
വെളിച്ചമല്ല! 
സ്വര്‍ണ്ണനിറമുള്ളൊരു മൃഗമാണ് ഉള്ളിന്റെയുള്ളില്‍നിന്നും പതുക്കെ നടന്നുവരുന്നത്.
സ്ത്രീപറഞ്ഞു: ''നോക്കൂ, അത് ഒരു കഴുതയാണ്.'' 
ആശ്ചര്യത്തോടെ പുരുഷന്‍ തലകുലുക്കി. ''അതെ, ഒരു കഴുതയാണ്.'' 
എല്ലാ ജീവജാലങ്ങള്‍ക്കും കാണത്തക്കവിധത്തില്‍ കഴുത ഒരു വലിയ പാറക്കല്ലിന്മേല്‍ കയറിനിന്നു. 
അതിപുരാതനമായ ഏതോ കാലത്തുനിന്നും കയറിവന്നപോലെ നിഗൂഢമായൊരു പരിവേഷം കഴുതയുടെ ചുറ്റും പ്രകാശിച്ചിരുന്നു. 
കുഞ്ചിരോമങ്ങളും താടിരോമങ്ങളുമൊക്കെ നരച്ച മുതുമുതുക്കനായ ഒരു കഴുത. 
സ്വപ്നത്തിന്റെ തുടര്‍ച്ചയിലാണോ താനെന്നറിയാന്‍ പുരുഷന്‍ സ്ത്രീയുടെ കൈവിരലുകളില്‍ തൊട്ടു. അതേ ഭാവത്തോടെ സ്ത്രീയും പുരുഷന്റെ വിരലുകളില്‍ പിടിമുറുക്കി. 
ശബ്ദം കേട്ട് പുരുഷനും സ്ത്രീയും തിരിഞ്ഞുനോക്കി. 
ഗുഹയിലേക്ക് അന്നേരം ഒരു കടല്‍ കയറിവരുന്നപോലെ തോന്നി. വിസ്മയത്താല്‍ അവരുടെ കണ്ണുകള്‍ തുറിച്ചു. കടലല്ല. 
ബാലഖില്യന്മാരാണ്. 
ഇത്തിരിപ്പോന്ന ശരീരമുള്ള നഗ്‌നരായ അറുപതിനായിരം ബാലഖില്യന്മാര്‍ ഒന്നിച്ച് കയറിവരികയാണ്! ഗുഹയിലെ ശേഷിച്ച ഇടങ്ങളിലൊക്കെ അവര്‍ നിറഞ്ഞിരുന്നു. എങ്ങും നിശ്ശബ്ദത പരന്നു . 
അര്‍ത്ഥഗര്‍ഭമായ നോട്ടം ചുറ്റും നോക്കിയശേഷം വായിലെ ഉമി തുപ്പിക്കളഞ്ഞ് കഴുത മുരടനക്കി. 
നിശ്ശബ്ദത അന്നേരം ഒന്നുകൂടെ കനത്തതായി. തിളക്കമുറ്റ കണ്ണുകളോടെ ചുറ്റും നോക്കിക്കൊണ്ട് ഗംഭീരമായ സ്വരത്തില്‍ കഴുത പറഞ്ഞു: 
''എല്ലാവരും കേള്‍ക്കണം. എനിക്ക് പറയാനുണ്ട് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍.'' 
സ്ത്രീയും പുരുഷനും മാത്രമല്ല, സര്‍വ്വചരാചരങ്ങളും ശ്രദ്ധാലുക്കളായി (193-195)

അവസാനിക്കുകയല്ല, മറിച്ച് ഈ അനിശ്ചിതത്വത്തിന്റെ നിമിഷത്തില്‍ വീണ്ടും തുടങ്ങുകയാണ് നോവല്‍ എന്നു പറയാം. മനുഷ്യന്റെ യുക്തി അതിന്റെ ഉപകരണാത്മകതയുടേയും അഹന്തയുടേയും പാരമ്യത്തില്‍ എത്തിയിരിക്കുന്ന കാലഘട്ടത്തില്‍ മനുഷ്യകര്‍ത്തൃത്വത്തിന്റെ പുതിയ മാനങ്ങള്‍ മനുഷ്യേതര ജീവിതങ്ങളെക്കൂടി ഉള്‍ക്കൊണ്ടുവേണം എന്നോര്‍മ്മപ്പെടുത്തുകയാണ് എഴുത്തുകാരന്‍. അപരനേയും തൊട്ടുകൂടാത്തവരേയും കഴുതകളോടും മൃഗജീവിതങ്ങളോടും ഉപമിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന മനുഷ്യന്റെ യുക്തിയെ അപനിര്‍മ്മിക്കുകയും പുതുക്കിപ്പണിയുകയും ചെയ്യുകയാണ് അദ്ദേഹമിവിടെ. ഒരു പുത്തന്‍ ജ്ഞാനോദയത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് 'നരച്ച മുതുമുതുക്കനായ ഒരു കഴുത' പുതുവെളിച്ചത്തിന്റെ ശോഭയില്‍ നമ്മുടെയെല്ലാം മുന്നില്‍ നില്‍ക്കുകയാണ്; തനിക്ക് എല്ലാവരോടുമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു സൂചിപ്പിച്ചുകൊണ്ട്. നോവലിലെ ഗുഹയും പാമ്പും ജടാധാരി മലയും കുരങ്ങനും ലീലാകുമാരിയമ്മയും ഡോ. മോഹന്‍കുമാറും നോവലിസ്റ്റും നോവലിന്റെ വായനക്കാരും നോഹയുടെ പെട്ടകത്തെ ഓര്‍മ്മിപ്പിക്കുന്ന ഈ ഗുഹയിലെ ജീവബിന്ദുക്കളായി രൂപാന്തരം പ്രാപിക്കുന്നു. അത്യധികം ശ്രദ്ധയോടെ എല്ലാവരും ജ്ഞാനവൃദ്ധനായ കഴുതയുടെ വാക്കുകള്‍ക്കു കാതോര്‍ക്കുന്നു. മനുഷ്യകര്‍ത്തൃത്വം മനുഷ്യേതര ജീവജാലങ്ങളുമായും വസ്തുക്കളുമായുമുള്ള നിരന്തരമായ പരസ്പരബന്ധത്തിലൂടെയും ഭാവതീവ്രതകളിലൂടെയും ഉരുത്തിരിയുന്നതും ആയിത്തീരുന്നതുമാണെന്ന് (യലരീാശിഴ) എന്‍മകജെ സൂചിപ്പിക്കുന്നു. മാനവികതയുടെ ദൗര്‍ബ്ബല്യങ്ങളെ തിരിച്ചറിഞ്ഞും മാനവികതയെത്തന്നെ പുതുക്കിപ്പണിഞ്ഞും സ്പീഷിസ് ചിന്തയുടേയും പ്ലാനിറ്ററി ഭാവനയുടേയും ഒരു പോസ്റ്റ്ഹ്യൂമന്‍ നിമിഷത്തെ എന്‍മകജെ ഈ ചരിത്രസന്ധിയില്‍ അടയാളപ്പെടുത്തുന്നു.

റഫറന്‍സ്
1 ബദിയടുക്ക, ബെള്ളൂര്‍, എന്‍മകജെ, കാറഡുക്ക, മുളിയൂര്‍, കുമ്പഡജെ, അജാനൂര്‍, കള്ളാര്‍, പനത്തടി, ചീമേനി, പെരിയ എന്നീ ഗ്രാമപഞ്ചായത്തുകള്‍. 
2 അംബികാസുതന്‍ മാങ്ങാട്, എം.എ. റഹ്മാന്‍, ഡോ. മുഹമ്മദ് അഷീല്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ ലേഖനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ഈ വാദങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുണ്ട്. ഇവ വിശദീകരിക്കുന്നത് ഈ ലേഖനത്തിന്റെ പരിമിതമായ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പെടുന്നില്ല.
3 Dipesh Chakrabatry, The Crisis of Civilization: Exploring Global and Planetary Histories, OUP, 2019. 
4 ബി. രാജീവന്റെ പ്രളയാനന്തര മാനവികത (ഡി.സി. ബുക്‌സ്, 2018 ) എന്ന കൃതി കാണുക.
5 ഹിമയുഗാനന്തരമുള്ള (postglacial) കഴിഞ്ഞ പത്തുപന്ത്രണ്ട് സഹസ്രാബ്ദങ്ങള്‍ ഉള്‍പ്പെട്ട ഭൗമകാലഘട്ടത്തിന് ഏറ്റവും പുതിയ സമഗ്രമായ ഒന്ന് (Recent whole) എന്നര്‍ത്ഥത്തിലാണ് Holocene എന്ന പേര് നല്‍കിയത്. അതുവരെയുള്ള ഭൗമയുഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാലാവസ്ഥാ സ്ഥിരത അവകാശപ്പെടാവുന്ന ഒരു കാലഘട്ടമാണ് Holocene എന്ന് പറയാം. അതുകൊണ്ടുതന്നെ മനുഷ്യവംശത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിനും വ്യാവസായിക നാഗരികതയുടെ അത്ഭൂതാവഹമായ വളര്‍ച്ചയ്ക്കും Holocene സാക്ഷ്യം വഹിച്ചു.
6 ഈ യൂ ട്യൂബ് ലിങ്ക് കാണുക: https://youtu.be/yggMECkW3Ak
അംബികാസുതന്‍ മാങ്ങാട്. എന്‍മകജെ. ഡി.സി. ബുക്‌സ്, കോട്ടയം: 2009. Dipesh Chakrabatry. The Crisis of Civilization: Exploring Global and Planetary Histories, OUP, 2019. Jane Bennet. Vibrant Matter: A Political Ecology of Things, Duke Universtiy Press, 2010. Ravi Raman, K. 'Subaltern Moderntiy: Kerala, The Eastern Thetare Resistance in Global South', Sociology, 2017.
Rob Nixon. Slow Violence and the Environmentalism of the Poor, Harward Universtiy Press. 2010. Thimothy Morton. The Ecological Thought, Harward Universtiy Press, 2010.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com