അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ പ്രശ്നത്തിലാണ് മോദിയും അമിത്ഷായും ആശങ്കയിലാകുന്നത്; എന്താണ്  ഇതിലെ യുക്തി?

മുസ്ലിങ്ങളെ ഒഴിവാക്കി പൗരത്വം നിശ്ചയിക്കുമ്പോള്‍ അഭയാര്‍ത്ഥികള്‍ മാത്രമല്ല, രാജ്യം മുഴുവനും മുസ്ലിങ്ങള്‍ രണ്ടാം തരം പൗരന്മാരാണ് എന്ന തോന്നലാണ് അത് സൃഷ്ടിക്കുക
പൗരത്വ നിയമത്തിനെതിരെ ചെന്നൈയിൽ നടന്ന പ്രതിഷേധം- ചിത്രം പിടിഐ
പൗരത്വ നിയമത്തിനെതിരെ ചെന്നൈയിൽ നടന്ന പ്രതിഷേധം- ചിത്രം പിടിഐ

രണഘടനാപ്രകാരം ആരാണ് ഒരു ഇന്ത്യന്‍ പൗരന്‍? ഭരണഘടന വിഭാവനം ചെയ്യുന്ന പൗരത്വമെന്ന ആശയം സ്വാതന്ത്ര്യാനന്തരം എന്നും വിവാദചര്‍ച്ചയായിട്ടുണ്ട്. എണ്‍പതുകളില്‍ തുടങ്ങി 2016-ലെ പൗരത്വ ഭേദഗതി ബില്ലില്‍ എത്തിനില്‍ക്കുന്ന സംഭവങ്ങള്‍ ആ തുടര്‍ച്ചയുടെ ഭാഗവുമാണ്. 2016 ജൂലൈയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ആദ്യമായി അവതരിപ്പിച്ചത്. ഈ നടപടിയോടെ, ദുര്‍ബ്ബലമെങ്കിലും  ഇപ്പോഴത്തെ ജനാധിപത്യ സവിശേഷതകളുള്ള പൗരത്വമെന്ന ആശയം പൂര്‍ണ്ണമായും ഇല്ലാതാകും. പൗരത്വത്തിന്റെ ഉറവിടവും അടിസ്ഥാനവും ഭരണഘടനകള്‍ നിര്‍വ്വചിക്കുന്നില്ല. നിയമം കണക്കെ, അത് വ്യാഖ്യാനങ്ങള്‍ മാത്രമാണ്. ഭൗമാതിര്‍ത്തികള്‍ പൗരത്വത്തിനു മാനദണ്ഡമാകുമ്പോള്‍ ആ രാജ്യത്തിന്റെ ചരിത്രം കൂടി പരിഗണിക്കേണ്ടതുണ്ട്. വിഭജനം കഴിഞ്ഞ്, ഇന്ത്യയും പാകിസ്താനും പുതിയ അതിര്‍ത്തികള്‍ തീരുമാനിച്ചതിനുശേഷമാണ് പൗരത്വം എന്നത് നിര്‍ണ്ണായകവും അനിവാര്യവുമായ വിഷയമായി വരുന്നത്. അങ്ങനെ 1955-ല്‍ പൗരത്വ ബില്‍ ലോക്സഭ പാസ്സാക്കി.

വിഭജനത്തിനു മുന്‍പും അതിനുശേഷവും പൗരത്വം എന്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണ്ണയിക്കാനാവുക എന്നത് ചര്‍ച്ചാവിഷയമായിരുന്നു. രാജ്യത്ത് ജനിക്കുന്നവര്‍ക്കോ അതോ ജനിക്കുന്ന വ്യക്തിയുടെ വംശാവലിയാണോ നിര്‍ണ്ണായകമെന്നതായിരുന്നു തര്‍ക്കം. ആദ്യത്തേത് തെരഞ്ഞെടുക്കാനായിരുന്നു പാര്‍ലമെന്റില്‍ തീരുമാനമായത്. അതിന് അന്നു പറഞ്ഞ കാരണങ്ങള്‍ ഇതായിരുന്നു. ആധുനികവും പരിഷ്‌കൃതവും പുരോഗമനാത്മകവുമാണ് ആ രീതി. രണ്ടാമത്തേതാകട്ടെ വംശീയ പൗരത്വത്തിന്റെ ആശയം ഉള്‍ക്കാള്ളുന്നതാണ്. ആ വിലയിരുത്തലില്‍നിന്ന് ആറു ദശാബ്ദം കഴിയുമ്പോള്‍ ഒരിക്കല്‍ പാര്‍ലമെന്റ് വേണ്ടെന്നുവച്ച വംശീയപൗരത്വം നടപ്പായിക്കഴിഞ്ഞുവെന്നോര്‍ക്കണം. രണ്ട് വാദങ്ങളുടേയും ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് പൗരത്വ ബില്‍ അന്ന് നിലവില്‍ വന്നത്. യാത്രാരേഖകളില്ലാതെ വരുന്ന വിദേശികളെ അനധികൃത കുടിയേറ്റക്കാരായി കാണണമെന്ന് ഈ നിയമം അനുശാസിക്കുന്നു. ബഹുസ്വരത നിലനിന്നിരുന്ന ഒരു രാജ്യത്ത് മതത്തിന്റേയോ വംശത്തിന്റേയോ നാഗരികതയുടെയോ അടിസ്ഥാനത്തില്‍ മാത്രമുള്ള പൗരസങ്കല്പം എത്രമാത്രം അപക്വമാണ്. 

പുതിയ ഭേദഗതി അനുസരിച്ച് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31-ന് മുന്‍പു വന്ന ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായെത്തിയ ആറ് മതന്യൂനപക്ഷങ്ങള്‍ക്ക്(ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധര്‍, പാഴ്സികള്‍, ജൈനര്‍, ക്രിസ്ത്യാനികള്‍)  പൗരത്വം നല്‍കാനാണ് തീരുമാനം. മുസ്ലിങ്ങളെ പരിഗണിക്കുന്നുമില്ല. ഇനി ഇതിന് മോദിയും അമിത്ഷായും പറയുന്ന ന്യായം ഔദ്യോഗികമതമുള്ള അയല്‍രാജ്യങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്കു കടുത്ത വിവേചനം നേരിടുന്നുവെന്നും അവരെ പരിഗണിക്കണമെന്നുമാണ്. അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് ലക്ഷ്യമെങ്കില്‍ എന്തുകൊണ്ടാണ് പാകിസ്താനിലെ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന ഷിയ, അഹമ്മദിയ വിഭാഗങ്ങള്‍ക്കും മ്യാന്‍മറിലെ റൊഹിംഗ്യകള്‍ക്കും പൗരത്വം നല്‍കാത്തത്? നിലവിലെ 12 വര്‍ഷത്തിനു പകരം ആറു വര്‍ഷം ഇന്ത്യയില്‍ തുടര്‍ച്ചയായി താമസിച്ചാല്‍ ആറ് മതന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം കിട്ടും. മറ്റൊരര്‍ത്ഥത്തില്‍ മൂന്നു രാജ്യങ്ങളില്‍ ഈ ആറു മതങ്ങളിലുള്ളവര്‍ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കപ്പെടില്ല. അതേസമയം, ഈ രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിങ്ങള്‍ അനധികൃത കുടിയേറ്റക്കാരാവും. പൗരത്വത്തിന് ആറ് മതങ്ങളിലുള്ളവര്‍ക്കു ലഭിച്ച ആനുകൂല്യം കിട്ടുകയുമില്ല.

ഇന്ത്യയില്‍ വലിയതോതില്‍ മതന്യൂനപക്ഷങ്ങള്‍ക്കു പീഡനം നേരിടുമ്പോഴാണ് അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്നത്തില്‍ മോദിയും അമിത്ഷായും ആശങ്കയിലാകുന്നത്. ഇതിലെ യുക്തിയെന്താണ്? കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ട് ഭേദഗതികളാണ് മോദി സര്‍ക്കാര്‍ വരുത്തിയത്. 2015 സെപ്റ്റംബറില്‍ 1950-ലെ പാസ്പോര്‍ട്ട് ചട്ടങ്ങളും 1946-ലെ ഫോറിനേഴ്സ് ആക്റ്റും ഭേദഗതി ചെയ്തു. ആറു മതവിഭാഗങ്ങളെ വിചാരണ ചെയ്യാനും തിരിച്ചുവിടാനുമുള്ള ചട്ടങ്ങളാണ് ഒഴിവാക്കിയത്. ഇതും അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരിലായിരുന്നു.  മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കപ്പെടുമ്പോള്‍, അല്ലെങ്കില്‍ ഒരു മതം ഇന്ത്യന്‍ പൗരത്വത്തിനു യോഗ്യമല്ല എന്ന് ഇന്ത്യന്‍ മുസ്ലിങ്ങളോട് പറയുക എന്നതിന്റെ സൂചനയ്ക്ക് വലിയ മാനങ്ങളാണുള്ളത്. പാകിസ്താന്‍ എന്ന ഇടുങ്ങിയ മതരാഷ്ട്രത്തിലേക്കു പോകാതെ ഇന്ത്യയുടെ വൈവിധ്യത്തേയും ബഹുസ്വരതയേയും ഇന്ത്യ എന്ന ആശയത്തേയും മുറുകെപിടിച്ച് ഇവിടെ നിന്നവരാണ് വിഭജന സമയത്തെ മുസ്ലീങ്ങള്‍. അവര്‍ക്കു പോകാന്‍ മറ്റൊരിടമില്ല. അവര്‍ തെരഞ്ഞെടുത്തത് മതേതര ഇന്ത്യയാണ്. അല്ലാതെ പാകിസ്താന്റെ ഒരു ഇന്ത്യന്‍ പതിപ്പല്ല. മുസ്ലിങ്ങള്‍ക്കു പോകാന്‍ മറ്റു മുസ്ലിം രാജ്യങ്ങള്‍ ഉണ്ടെന്നും ഹിന്ദുക്കള്‍ക്ക് പോകാന്‍ വേറെ ഇടമില്ല എന്നുമൊക്കെ പൗരത്വ (ഭേദഗതി) ബില്ലിന്റെ കാരണമായി ബി.ജെ.പി പ്രചരിപ്പിക്കുന്നത്.
മതത്തിന്റെ പേരില്‍ വിവേചനം ഉണ്ടാകില്ലെന്ന ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സുപ്രധാന ഉറപ്പിനെയാണ് അതിലൂടെ ലംഘിക്കുന്നത്. തുല്യത എന്ന മൗലികാവകാശവും നിരാകരിക്കുന്നു. ഈ നിയമത്തെ ചില നിരീക്ഷകര്‍ സമാനതപ്പെടുത്തിയത് ഇസ്രയേലിലെ ലോ ഓഫ് റിട്ടേണുമായാണ്. ലോകത്തെവിടെയുമുള്ള രാജ്യത്തുനിന്ന് ജൂതരായ വ്യക്തികള്‍ക്കു ഇസ്രയേലിലേക്ക് കുടിയേറാന്‍ നിയമാനുവാദം നല്‍കുന്നതായിരുന്നു ഈ നിയമം. ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതോടെ അസ്സം നീറിപ്പുകയുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം അസസ്ഥത പടരുന്നു. ഇപ്പോള്‍ പൗരത്വം തന്നെ മതാടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുമ്പോള്‍ അതിലേറെ ഭയാനകമാകും. ബില്‍ നിയമമാകുമ്പോള്‍ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. പുതിയ നിയമം ഇന്ത്യയുടെ അടിസ്ഥാനഘടനയെപ്പോലും തകര്‍ക്കുന്നു എന്നതാണ് അത്. പാകിസ്താന്‍ രൂപീകരണത്തിനു മുന്നോട്ടുവെച്ച ദ്വിരാഷ്ട്രവാദം മതം അടിസ്ഥാനമാക്കിയതായിരുന്നു. അതിനെ എതിര്‍ത്തവരായിരുന്നു ആര്‍.എസ്.എസ്. രാഷ്ട്ര വിഭജനത്തെ എതിര്‍ത്തവര്‍ മതത്തിന്റെ പേരില്‍ ഇന്ന് പൗരന്മാരെ വിഭജിക്കുന്നുവെന്നത് ചരിത്രത്തിലെ വിരോധാഭാസങ്ങളിലൊന്നാകും.    

സാമ്പത്തിക ബാധ്യതയും മനുഷ്യാവകാശവും
    
പൗരത്വബില്‍ നിയമമാകുമ്പോള്‍ പൗരത്വ രജിസ്റ്ററി കൂറേക്കൂടി വേഗത്തില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയും. അസമില്‍ കുടിയേറി എത്തിയവരെ പുറത്താക്കാനുള്ളതാണ് പൗരത്വ രജിസ്റ്ററി. അത് 2024ലോടെ രാജ്യം മുഴുവന്‍ പ്രാബല്യത്തിലാക്കും എന്നാണ് മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം. മുസ്ലിങ്ങളെ ഒഴിവാക്കി പൗരത്വം നിശ്ചയിക്കുമ്പോള്‍ ഇതിന്റെ ലക്ഷ്യം കൂറേക്കൂടി വ്യക്തമാകുന്നു. അഭയര്‍ത്ഥികള്‍ മാത്രമല്ല, രാജ്യം മുഴുവനും മുസ്ലിങ്ങള്‍ രണ്ടാം തരം പൗരന്മാരാണ് എന്ന തോന്നലാണ് അത് സൃഷ്ടിക്കുക. ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ് പൗരത്വ ഭേദഗതി ബില്ലും രജിസ്റ്ററിയുമെന്ന് ഏവര്‍ക്കുമറിയാം. ഇക്കാര്യം മമത ബാനര്‍ജി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ അവഗണിച്ച് മുന്നോട്ടുപോകാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

ഇപ്പോള്‍ത്തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേന്ദ്രസര്‍ക്കാരിനു ദേശീയ പൗരത്വ രജിസ്റ്ററി വന്‍ബാധ്യതയാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. 10 വര്‍ഷം കൊണ്ടാണ് ആസാമില്‍ രജിസ്റ്ററി പൂര്‍ത്തിയാക്കിയത്. അതിനായി 50000 സര്‍ക്കാരുദ്യോഗസ്ഥരുടെ സേവനം മാറ്റിവച്ചു. ചെലവ് 1200 കോടി. രാജ്യത്തെ ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമാണ് ആസാമിലെ ജനസംഖ്യ. രാജ്യം മുഴുവന്‍ ഇത് നടപ്പിലാക്കുമ്പോള്‍ വേണ്ടിവരുന്ന ഭീമമായ ചെലവ് ഊഹിക്കാവുന്നതാണ്. ഇതിനു പുറമേ സാധാരണക്കാര്‍ക്ക് നഷ്ടമാകുന്ന  സമയവും പ്രയത്നവും കൂടി കണക്കിലെടുക്കുമ്പോള്‍ നഷ്ടം കൂടുകയേയുള്ളൂ. ഇത്രയൊക്കെ ചെയ്തിട്ടും പട്ടികയില്‍നിന്ന് പുറത്തായത് 19,06,857 പേരാണ്. അതില്‍ ഭൂരിപക്ഷവും ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവരാണ്.

മറ്റൊന്നു മനുഷ്യത്വപരമായ നടപടി സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ബില്‍ അവതരണവേളയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പറയുന്നത്. റൊഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങളെ അടുത്തകാലത്തെ ഏറ്റവും വലിയ ക്രൂരതയായാണ് ഐക്യരാഷ്ട്രസഭ കണ്ടത്. റാഖൈനില്‍നിന്ന് ജീവനുംകൊണ്ട് പലായനം ചെയ്യുന്ന ഇവരെ ഉള്‍ക്കൊള്ളാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. തിബത്ത് രജിസ്ട്രേഷനും തിരിച്ചറിയല്‍ രേഖയും നല്‍കുമ്പോഴാണ് ഇന്ത്യ ഇവരെ സംശയത്തോടെ വീക്ഷിക്കുന്നത്. അങ്ങനെ വീക്ഷിക്കാന്‍ കാരണമാകുന്നത് മുസ്ലിങ്ങളെയെല്ലാം സംശയത്തോടെ വീക്ഷിക്കണമെന്ന പൊതുബോധമാണ്. ഏതു മതത്തില്‍ വിശ്വസിക്കാനും ഏതു വിശ്വാസം പുലര്‍ത്താനും സ്വാതന്ത്ര്യമുള്ള, അതിനു നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്ന, നിയമത്തിനു മുന്നില്‍ എല്ലാവരേയും തുല്യരായി കണക്കാക്കണമെന്ന് എഴുതിവച്ചിട്ടുള്ള ഭരണഘടനയുള്ള രാജ്യത്തിനു ഇനി ഈ മാനവികതയുടെ പേരില്‍ ഊറ്റംകൊള്ളാനാകില്ല.

പാശ്ചാത്യ രാജ്യങ്ങളെപ്പോലെയോ ഇസ്ലാമിക് രാജ്യങ്ങളെപ്പോലെയോ ഭാഷയുടേയോ മതത്തിന്റേയോ അടിസ്ഥാനത്തിലല്ല ഇന്ത്യ രൂപീകൃതമായത്. അത് വൈവിധ്യമാര്‍ന്ന ആശയങ്ങളുടെ സമൂഹം എന്ന രീതിയിലാണ് കെട്ടിപ്പെടുത്തത്. മതേതര ജനാധിപത്യം എന്നതാണ് സങ്കല്പം. ഭാഷാസ്വത്വങ്ങള്‍ അംഗീകരിക്കുകയും എന്നാല്‍ പരസ്പരം ഭരണഘടനയാല്‍ ബന്ധിതമായി കഴിയണമെന്ന ആശയമാണ് ഇതോടെ അപ്രസക്തമാകുക. 

നൂറുകണക്കിനു ഭാഷകളും ഉപഭാഷകളും ജാതികളും ഉപജാതികളും മതങ്ങളും വ്യത്യസ്തമായ വസ്ത്രധാരണരീതിയും ഭക്ഷണശീലങ്ങളുമൊക്കെയുള്ള സമൂഹങ്ങള്‍ക്ക് തുല്യത ഉറപ്പുവരുത്തുകയായിരുന്നു ഭരണഘടനയുടെ ലക്ഷ്യവും കെട്ടുറപ്പും. എന്നാല്‍, പൗരത്വബില്ലിന്റെ വരവോടെ നിറത്തിന്റേയും വിദ്യാഭ്യാസത്തിന്റെയും  കുലത്തിന്റേയും വംശത്തിന്റേയും ഭാഷയുടേയുമൊക്കെ അടിസ്ഥാനത്തില്‍ രാജ്യത്തെ പൗരന്‍മാര്‍ തരംതിരിക്കപ്പെടും. അതില്‍ തന്നെ ഒന്നാംതരവും രണ്ടാംതരവുമുണ്ടാകും. ഒരു മതവിഭാഗത്തെ മാത്രം രണ്ടാംകിടക്കാരായി മാറ്റിയെടുക്കുന്നവര്‍ സമൂഹത്തെ ഈ വേര്‍തിരിവുകളുടെ അടിസ്ഥാനത്തില്‍ വിഘടിപ്പിക്കും. ഭൂരിപക്ഷവാദത്തിന്റെ നിലപാട് മാത്രമല്ല അത്. മാനവികതയില്‍ വിശ്വസിക്കാത്ത ഒരു രാജഭരണത്തിലേക്കുള്ള തിരിച്ചുപോക്കാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com