മുഖ നഗ്‌നത കൊണ്ട് സ്ത്രീകള്‍ മാത്രമെങ്ങനെ പ്രദര്‍ശന വസ്തുവാകും?- കാതറിന്‍ ബുലെക്കിന്റെ പര്‍ദ്ദാവാദത്തെ വിമര്‍ശിക്കുമ്പോള്‍ 

മുതലാളിത്തമോ ഉപഭോഗ സംസ്‌കാരമോ സൗന്ദര്യമത്സരമോ ഒന്നുമില്ലാതിരുന്ന ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ എന്തിനാണ് പുരുഷ മതനേതാക്കന്മാര്‍ സ്ത്രീകളെക്കൊണ്ട് പര്‍ദ്ദ ധരിപ്പിച്ചത്?
മുഖ നഗ്‌നത കൊണ്ട് സ്ത്രീകള്‍ മാത്രമെങ്ങനെ പ്രദര്‍ശന വസ്തുവാകും?- കാതറിന്‍ ബുലെക്കിന്റെ പര്‍ദ്ദാവാദത്തെ വിമര്‍ശിക്കുമ്പോള്‍ 

ആംഗ്ലിക്കന്‍ ചര്‍ച്ചില്‍പ്പെട്ട കുടുംബാംഗമായി കാതറിന്‍ ബുലെക്ക് ജനിച്ചത് ഓസ്‌ട്രേലിയയില്‍. ഹൈസ്‌കൂള്‍തല വിദ്യാഭ്യാസം പ്രെസ്ബിറ്റേറിയന്‍ ലേഡീസ് കോളേജില്‍. പിന്നീട് കാനഡയിലേയ്ക്ക് കുടിയേറി. കാനഡയിലെ ടൊറോന്റോ സര്‍വ്വകലാശാലയില്‍ പി.എച്ച്ഡി ചെയ്തുകൊണ്ടിരിക്കെ ക്രിസ്തുമതം ഉപേക്ഷിച്ച് ഇസ്ലാമിലേയ്ക്ക് മാറി. ഇപ്പോള്‍ ടൊറോന്റോ യൂണിവേഴ്സിറ്റിയില്‍ രാഷ്ട്രമീമാംസ അധ്യാപികയായ അവര്‍ 2004-ല്‍ 'ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക'യുടെ അധ്യക്ഷയായിരുന്നു. 'Rethinking Muslim Women and the Veil' എന്ന പുസ്തകത്തിന്റെ രചയിതാവായ ബുലെക്ക് പര്‍ദ്ദാ വിമര്‍ശകരുടെ വിമര്‍ശകയാണ്.

കാതറിന്‍ ബുലെക്ക്
കാതറിന്‍ ബുലെക്ക്

പാശ്ചാത്യ സമൂഹത്തില്‍ ജീവിക്കുന്ന കാതറിന്‍ പാശ്ചാത്യരുടെ പര്‍ദ്ദാ വിമര്‍ശനം മുന്നില്‍ വെച്ചാണ് തന്റെ വാദങ്ങള്‍ അവതരിപ്പിക്കുന്നത്. 'അടിച്ചമര്‍ത്തലിന്റെ ചിഹ്ന'മായാണ് പാശ്ചാത്യര്‍ പര്‍ദ്ദയെ കാണുന്നതെന്നവര്‍ പറയുന്നു. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ചിഹ്നമായി പര്‍ദ്ദയെ വീക്ഷിക്കുന്ന രീതി പാശ്ചാത്യ രാഷ്ട്രങ്ങളില്‍ എപ്പോള്‍ തുടങ്ങി എന്നു കൃത്യമായി പറയാനാവില്ലെങ്കിലും പതിനെട്ടാം നൂറ്റാണ്ടുതൊട്ട് ആ രീതി നിലവിലുണ്ടെന്നാണ് വിമര്‍ശകയുടെ പക്ഷം. പത്തൊന്‍പതാം നൂറ്റാണ്ടോടെ പര്‍ദ്ദയ്ക്കു നേരെയുള്ള പാശ്ചാത്യ വിര്‍ശനത്തിനു ശക്തികൂടി. മധ്യപൗരസ്ത്യമേഖലയുടെ യൂറോപ്യന്‍ അധിനിവേശത്തോടെയാണ് അങ്ങനെ സംഭവിച്ചതെന്ന് ബുലെക്ക് അഭിപ്രായപ്പെടുന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ യൂറോപ്പുകാര്‍, അവര്‍ പുരുഷന്മാരോ സ്ത്രീകളോ അധിനിവേശക്കാരോ യാത്രക്കാരോ കലാകാരന്മാരോ മിഷണറിമാരോ പണ്ഡിതരോ രാഷ്ട്രീയക്കാരോ ഫെമിനിസ്റ്റുകളോ ആരാവട്ടെ, ധരിച്ചുവെച്ചത് മുസ്ലിം സ്ത്രീകള്‍ തങ്ങളുടെ സംസ്‌കാരത്താല്‍ അടിച്ചമര്‍ത്തപ്പെടുന്നു എന്നാണ്. ഇതേ വീക്ഷണം തദ്ദേശീയ വരേണ്യ മുസ്ലിങ്ങളും പങ്കുവെച്ചു എന്നു ചൂണ്ടിക്കാട്ടുക കൂടി ചെയ്യുന്നുണ്ട് കാതറിന്‍.

തുടര്‍ന്ന് അവര്‍ എത്തിച്ചേരുന്ന നിഗമനം ഇതാണ്: പര്‍ദ്ദ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന വസ്ത്രശൈലിയാണെന്ന ആശയം ജനിച്ചത് മേധാവിത്വത്തില്‍ (domination) നിന്നാണ്. അല്ലെങ്കില്‍ മേധാവിത്വ ത്വരയില്‍നിന്നാണ്. കാനഡയിലിരുന്ന് ഇമ്മട്ടിലുള്ള നിരീക്ഷണം അവതരിപ്പിക്കുന്ന എഴുത്തുകാരി യൂറോപ്യന്‍ (ബ്രിട്ടീഷ്) അധിനിവേശ കാലത്ത് ഇന്ത്യയില്‍ സതി നിരോധിച്ച വസ്തുത കാണുന്നില്ല. ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. സ്ത്രീകളെ അടിച്ചമര്‍ത്തുക മാത്രമല്ല, ഭര്‍ത്താവിന്റെ ചിതയില്‍ കത്തിയെരിയാന്‍ അവരെ നിര്‍ബ്ബന്ധിക്കുക കൂടി ചെയ്തിരുന്ന സതി എന്ന ദുരാചാരം അതിനെതിരെയും ഹൈന്ദവ സംസ്‌കാരത്തിന്റെ മറ്റൊരു അംശമായി നിലനിന്ന തൊട്ടുകൂടായ്മക്കെതിരേയും ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ കടുത്ത നിലപാടെടുത്തത്  'മേധാവിത്വ ത്വര' മൂലമായിരുന്നോ? സതി സ്ത്രീ വിരുദ്ധമാണെന്ന് വില്യം ബെന്റിക് വിലയിരുത്തിയതിനെ പാശ്ചാത്യ മേധാവിത്വ ത്വരയുടെ ലക്ഷണമായി വിലയിരുത്തുന്നത് എത്രത്തോളം അസംബന്ധമാണോ അത്രത്തോളം അസംബന്ധമാണ് പാശ്ചാത്യര്‍ നടത്തിയ പര്‍ദ്ദാ വിമര്‍ശനത്തെ പാശ്ചാത്യ മേധാവിത്വ ത്വരയുടെ ഭാഗമായി വീക്ഷിക്കുന്നത്.

മധ്യപൗരസ്ത്യ രാഷ്ട്രങ്ങളിലെത്തിയ പാശ്ചാത്യര്‍ അടിച്ചമര്‍ത്തലിന്റെ ചിഹ്നമായി  പര്‍ദ്ദയെ ചിത്രീകരിച്ചതിനുള്ള മറ്റൊരു കാരണത്തിലേയ്ക്ക് കാതറിന്‍ കൈചൂണ്ടുന്നു. അതിതാണ്: മുസ്ലിം സ്ത്രീകള്‍ മൂടുപടംകൊണ്ട്  മുഖം മറയ്ക്കുമ്പോള്‍ അവര്‍ 'പ്രദര്‍ശനവസ്തു' അല്ലാതായി മാറുന്നു; സ്ത്രീകള്‍ പ്രദര്‍ശനവസ്തുവായിരിക്കണം എന്ന് യൂറോപ്യന്‍ പുരുഷന്മാര്‍ ആഗ്രഹിക്കുന്നതിനാലാണ് പര്‍ദ്ദയ്‌ക്കെതിരെ നിലപാടെടുത്തത്. തികച്ചും ഉപരിപ്ലവമായ ഇത്തരം ന്യായവാദങ്ങള്‍ അവതരിപ്പിക്കുന്നവര്‍ രണ്ടു കാര്യം വിസ്മരിക്കുന്നു: (1) യൂറോപ്യര്‍ക്കിടയില്‍ പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളുമുണ്ട്. (2) മധ്യപൗരസ്ത്യര്‍ക്കിടയില്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരുമുണ്ട്. ആ പുരുഷന്മാര്‍ മുഖം മറയ്ക്കുന്നില്ല. അവര്‍ തങ്ങളുടെ മുഖം പാശ്ചാത്യ സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കും കാണാന്‍ സാധിക്കുമാറ് തുറന്നിടുന്നു. ഈ 'മുഖനഗ്‌നത' കൊണ്ട് പുരുഷന്‍ പ്രദര്‍ശനവസ്തു ആവുന്നില്ലെങ്കില്‍ മുഖനഗ്‌നതകൊണ്ട് സ്ത്രീകള്‍ മാത്രമെങ്ങനെ പ്രദര്‍ശനവസ്തുവാകും?

മുതലാളിത്തത്തിന്റെ ഭാഗമായ ഭൗതികവാദവും ഉപഭോഗ സംസ്‌കാരവും സ്ത്രീയെ കേവലം വസ്തുവോ ലൈംഗിക ഉപകരണമോ മാത്രമായി വീക്ഷിക്കുന്ന രീതിക്കെതിരെ ഉപയോഗിക്കാവുന്ന ആയുധം എന്ന പ്രാധാന്യവും പര്‍ദ്ദയ്ക്കുണ്ടെന്ന് ബുലെക്ക് നിരീക്ഷിക്കുന്നുണ്ട്. സ്ത്രീകളുടെ സൗന്ദര്യ മത്സരത്തിലേയ്ക്ക് അവര്‍ വിരല്‍ചൂണ്ടുന്നു. പെണ്ണിന്റെ ആത്മാഭിമാനത്തിനു മുറിവേല്പിക്കുന്ന ഏര്‍പ്പാടാണ് ആധുനിക സമൂഹത്തില്‍ കണ്ടുവരുന്ന സൗന്ദര്യമത്സരം. പര്‍ദ്ദ അനുപേക്ഷണീയമാണ് എന്നു  സമര്‍ത്ഥിക്കുന്നതിന് ഈ വാദം മുന്നോട്ടുവെയ്ക്കുമ്പോള്‍ ഒരു മറുചോദ്യം സ്വാഭാവികമായി ഉയരും: മുതലാളിത്തമോ ഉപഭോഗ സംസ്‌കാരമോ സൗന്ദര്യമത്സരമോ ഒന്നുമില്ലാതിരുന്ന ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ എന്തിനാണ് പുരുഷ മതനേതാക്കന്മാര്‍ സ്ത്രീകളെക്കൊണ്ട് പര്‍ദ്ദ ധരിപ്പിച്ചത്?

ഡെൻമാർക്കിൽ മുഖാവരണം നിരോധിച്ചതിനെ തുടർന്ന് പ്രതിഷേധിക്കുന്ന സ്ത്രീകൾ
ഡെൻമാർക്കിൽ മുഖാവരണം നിരോധിച്ചതിനെ തുടർന്ന് പ്രതിഷേധിക്കുന്ന സ്ത്രീകൾ

വസ്തുവല്‍ക്കരണം പുതിയ കാര്യമല്ല

സ്ത്രീകളുടെ വസ്തുവല്‍ക്കരണം (objection) മുതലാളിത്ത സംസ്‌കാരത്തിന്റേയോ ആധുനിക കാലഘട്ടത്തിന്റേയോ മാത്രം സൃഷ്ടിയല്ലെന്ന് ബുലെക്കിനെപ്പോലുള്ളവര്‍ മനസ്സിലാക്കുക കൂടി ചെയ്യേണ്ടതുണ്ട്. സന്മാര്‍ഗ്ഗികളായ മുസ്ലിം പുരുഷന്മാര്‍ക്ക് മരണാനന്തരം സ്വര്‍ഗ്ഗത്തില്‍, അതുവരെ മനുഷ്യനോ ജിന്നോ സ്പര്‍ശിച്ചിട്ടില്ലാത്ത, കന്യകകളായ തരുണികളെ ലഭിക്കും എന്ന് ഇസ്ലാമിന്റെ വേദഗ്രന്ഥത്തില്‍ പറയുന്നുണ്ട് (ഖുര്‍ആന്‍ 55:56). പുരുഷന്മാരുടെ ഭോഗവസ്തു എന്ന നിലയില്‍ സ്ത്രീകള്‍ അവതരിപ്പിക്കപ്പെടുകയാണ്  ഇവിടെ. സ്ത്രീകളുടെ വസ്തുവല്‍ക്കരണം പുതിയ കാര്യമല്ല എന്നു ചുരുക്കം.

പാശ്ചാത്യനാടുകളില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും പര്‍ദ്ദയ്‌ക്കെതിരെ ശബ്ദിക്കുന്നവര്‍ പറയുന്നതുപോലെ ബാഹ്യസമ്മര്‍ദ്ദം മൂലമല്ല സ്ത്രീകള്‍ പര്‍ദ്ദയണിയുന്നത് എന്നതത്രേ. കാതറില്‍ ബുലെക്കിന്റെ മറ്റൊരു പ്രധാനപ്പെട്ട വാദം പര്‍ദ്ദയ്ക്ക് (ഹിജാബിന്) വിവിധ അര്‍ത്ഥതലങ്ങളുണ്ട് എന്ന് അവര്‍ പറയുന്നു. ശരീരഭാഗങ്ങളത്രയും വസ്ത്രത്താല്‍ ആവൃതമാക്കാന്‍ മുസ്ലിം സ്ത്രീകളെ പ്രേരിപ്പിക്കുന്ന ഏഴ് ഘടകങ്ങളുണ്ടെന്നു നിരീക്ഷിക്കുന്നു അവര്‍. വിപ്ലവാത്മക പ്രതിഷേധം, രാഷ്ട്രീയ പ്രതിഷേധം, മതപര പ്രതിഷേധം, പൊതുസ്ഥലിയിലേയ്ക്കുള്ള പ്രവേശന സൗകര്യം, വൈയക്തിക തന്മയുടെ പ്രകാശനം, ആചാരം, നിയമശാസനം എന്നിവയാണവ.

ഇവയില്‍ ആദ്യത്തെ ഘടകമായ വിപ്ലവാത്മക പ്രതിഷേധമെടുക്കുക. 1950-കളില്‍ അള്‍ജീരിയയിലും 1970-കളില്‍ ഇറാനിലും സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാന്‍ തുടങ്ങിയത് അവിടങ്ങളിലെ മര്‍ദ്ദക ഭരണകൂടങ്ങളെ മറിച്ചിടുന്നതില്‍ സഹായിക്കാന്‍ വേണ്ടിയാണെന്നാണ് കാതറിന്‍ എഴുതുന്നത്. കോളനിവാഴ്ചയ്ക്ക് (മര്‍ദ്ദകവാഴ്ചയ്ക്ക്) തങ്ങള്‍ എതിരാണെന്നു സ്ത്രീകള്‍ ശിരോവസ്ത്രധാരണം വഴി വെളിപ്പെടുത്തിയത്രേ. അള്‍ജീരിയയിലും ഇറാനിലും നിലവിലുണ്ടായിരുന്ന ഭരണവ്യസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിനു നേതൃത്വം നല്‍കിയതും പ്രക്ഷോഭങ്ങളില്‍ കൂടുതല്‍ പങ്കെടുത്തതും പുരുഷന്മാരാണ്. അവര്‍ ഭരണവര്‍ഗ്ഗ ശക്തികളോട് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അഥവാ 'വിപ്ലവാത്മകമായി' പ്രതിഷേധിക്കാന്‍ തങ്ങളുടെ വസ്ത്രധാരണത്തില്‍ യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. സ്ത്രീകള്‍ പ്രതിഷേധ പ്രകടനത്തിനിറങ്ങുമ്പോള്‍ വസ്ത്രധാരണ (പര്‍ദ്ദയിലേയ്ക്കുള്ള) മാറ്റം വേണമെന്നത് എല്ലുറപ്പില്ലാത്ത വാദമാണ്.

രാഷ്ട്രീയ പ്രതിഷേധം എന്നതാണ് രണ്ടാമത്തെ ഘടകം. പാശ്ചാത്യവല്‍ക്കരണത്തിനും പാശ്ചാത്യ നവസാമ്രാജ്യത്വത്തിനുമെതിരെ പ്രതിഷേധിക്കാനും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ തങ്ങള്‍ അസംതൃപ്തരാണെന്നു വെളിപ്പെടുത്താനും മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദയണിഞ്ഞു എന്ന് കാതറിന്‍ വാദിക്കുന്നു. വേഷതലത്തില്‍ യാതൊരു മാറ്റവുമില്ലാതെ മുസ്ലിം പുരുഷന്മാര്‍ രാഷ്ട്രീയ പ്രതിഷേധം സംഘടിപ്പിക്കുമ്പോള്‍ സ്ത്രീകള്‍ മാത്രമെന്തിനു വേഷം മാറി പ്രതിഷേധിക്കണം?

മൂന്നാമത്തെ ഘടകം മതപരമാണ്. പാശ്ചാത്യവല്‍ക്കരണത്തിനും മതേതരവല്‍ക്കരണത്തിനും എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് ഇസ്ലാം മതം. ഒരു ക്രിയാത്മക രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വ്യവസ്ഥയാണെന്ന ബോധ്യമെന്നും അതിനാലാണ് 'ഇസ്ലാമിക വസ്ത്രചട്ടം' പിന്തുടരാന്‍ (പര്‍ദ്ദയണിയാന്‍) സ്ത്രീകള്‍ പ്രേരിതരാവുന്നതെന്നും കാതറിന്‍ ബുലെക്ക് എഴുതുന്നു. ഇസ്ലാം ഒരു ബദല്‍ വ്യവസ്ഥയാണെന്ന ബോധ്യം സ്ത്രീകള്‍ക്കു മാത്രമല്ല, മുസ്ലിം പുരുഷന്മാര്‍ക്കും ഉണ്ടാവുമല്ലോ. അവര്‍ക്ക് തങ്ങളുടെ മതപര പ്രതിഷേധം പ്രകടിപ്പിക്കാന്‍ പ്രത്യേക ഇസ്ലാമിക വസ്ത്രം വേണ്ടാതിരിക്കെ സ്ത്രീകള്‍ക്കു മാത്രം അതാവശ്യമായിത്തീരുന്നതിലെ യുക്തിയെന്താണ്?

പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം ആദരവും സുരക്ഷയും ലഭിക്കാന്‍ പര്‍ദ്ദ സഹായിക്കും എന്നതാണ് ആ വസ്ത്രം സ്വീകരിക്കാന്‍ മുസ്ലിം സ്ത്രീകളെ പ്രചോദിപ്പിക്കുന്ന നാലാമത്തെ ഘടകമായി എഴുത്തുകാരി എണ്ണുന്നത്. പര്‍ദ്ദ ധരിക്കാത്ത സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ അനാദരിക്കപ്പെടുന്നുവെന്നും അവര്‍ അരക്ഷിതരാണെന്നുമുള്ള  മിഥ്യാധാരണയോ ദുസ്സൂചനയോ അല്ലാതെ മറ്റൊന്നും ഈ വാദത്തിനു പിന്നിലില്ല.

സ്ത്രീകളുടെ വൈയക്തിക തന്മയുടെ (personal identtiy) പ്രകാശത്തിനുതകുന്ന വേഷം എന്നതത്രേ അഞ്ചാമത്തെ ഘടകം. കേരളത്തില്‍ പഴയകാലത്ത് നമ്പൂതിരി സ്ത്രീകള്‍ ഉപയോഗിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടിരുന്ന മറക്കുടയും ഘോഷയും തങ്ങളുടെ വൈയക്തിക തന്മയുടെ ഭാഗമാണെന്ന് ഇന്നത്തെ നമ്പൂതിരി സ്ത്രീകള്‍ അവകാശപ്പെടുന്നത് എത്രമേല്‍ ബാലിശമാണോ അത്രമേല്‍ ബാലിശമാണ് ഈ വൈയക്തിക തന്മാവാദം.

നീതി പുലര്‍ത്തുന്ന ഏക സത്യം

ആറാമത്തെ ഘടകം ആചാരമാണ്. ഹിജാബ് (പര്‍ദ്ദ) കുടുംബത്തിലും സമുദായത്തിലും നിലനിന്നുപോരുന്ന ആചാരങ്ങളുടേയും സംസ്‌കാരത്തിന്റേയും ഭാഗമാണ് എന്ന് കാതറിന്‍ വാദിക്കുന്നു. അതതു പ്രദേശങ്ങളിലെ സ്ത്രീവേഷമാണ് വ്യത്യസ്ത മുസ്ലിം സമൂഹങ്ങളിലെ സ്ത്രീകള്‍ പിന്തുടര്‍ന്നുപോന്നത് എന്നതാണ് ചരിത്രപരമായ വസ്തുത. കേരളത്തില്‍ മുസ്ലിം സ്ത്രീകള്‍ അരനൂറ്റാണ്ടു മുന്‍പുവരെ പര്‍ദ്ദ ധരിച്ചിരുന്നില്ല. തദ്ദേശീയ സ്ത്രീവസ്ത്രത്തോട് ഏറെക്കുറെ സാമ്യമുള്ള വസ്ത്രമായിരുന്നു അന്നത്തെ രീതി. മറ്റു ദേശങ്ങളിലെ അവസ്ഥയും വ്യത്യസ്തമല്ല.

നിയമപരമായ ബാധ്യത എന്നതാണ് ഏഴാം ഘടകം. ഇറാനില്‍ 1979-ല്‍ ഖൊമെയ്നി അധികാരദണ്ഡ് കൈവശപ്പെടുത്തിയശേഷവും അഫ്ഗാനിസ്ഥാനില്‍ 1998-ല്‍ താലിബാന്‍ തീവ്രവാദികള്‍ ഭരണം പിടിച്ചെടുത്തശേഷവും ആ രാജ്യങ്ങളില്‍ നിയമത്തിന്റെ പിന്‍ബലത്തില്‍ പര്‍ദ്ദ നടപ്പായെന്ന് കാതറിന്‍ എടുത്തുകാട്ടുന്നു. ഇച്ചൊന്ന ഏഴാം ഘടകം മാത്രമാണ് നമ്മുടെ പര്‍ദ്ദാവാദി അവതരിപ്പിക്കുന്ന ഘടകങ്ങളില്‍ സത്യത്തോട് നീതിപുലര്‍ത്തുന്ന ഒരേയൊരു ഘടകം. ഇറാനിലും അഫ്ഗാനിസ്ഥാനിലും സ്ത്രീകള്‍ക്കുമേല്‍ ഹിജാബ് അടിച്ചേല്പിക്കപ്പെടുകയായിരുന്നു. ആ വേഷം ധരിക്കാത്തവരെ വേട്ടയാടാന്‍ അവിടങ്ങളില്‍ 'മൊറാലിറ്റി പൊലീസി'ന് അധികാരം നല്‍കപ്പെടുകയും ചെയ്തിരുന്നു.

നിയമപരമായി പര്‍ദ്ദ അടിച്ചേല്പിക്കപ്പെടുന്ന സ്ഥലങ്ങളിലൊഴികെ മറ്റെല്ലായിടത്തും മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദയണിയുന്നുണ്ടെങ്കില്‍ അത് ബാഹ്യസമ്മര്‍ദ്ദം മൂലമല്ല, സ്ത്രീകളുടെ 'സ്വതന്ത്ര ഇച്ഛ'യനുസരിച്ചാണ് എന്നു വാദിച്ചുറപ്പിക്കാനാണ് കാതറിന്‍ ബുലെക്ക് തന്റെ പുസ്തകത്തില്‍ ശ്രമിക്കുന്നത്. ഇത് അവരുടെ മാത്രം വാദമല്ല. പര്‍ദ്ദയ്ക്കുവേണ്ടി വാദിക്കുന്ന പല രാഷ്ട്രങ്ങളില്‍ ജീവിക്കുന്ന പലരും ഇതേ വാദം ആവര്‍ത്തിച്ചുപോരുന്നുണ്ട്. അക്കൂട്ടത്തില്‍ ലിബറല്‍ പക്ഷത്തുനില്‍ക്കുന്ന ചിലരേയും കണ്ടെത്താന്‍ കഴിയും. മുസ്ലിം സ്ത്രീകള്‍ സ്വന്തം ഇച്ഛ പ്രകാരമാണ് പര്‍ദ്ദ ധരിക്കുന്നത് എന്നത് പക്ഷേ, ശരിയാണോ?

ഇന്ത്യന്‍ നോവലിസ്റ്റും ഡെന്മാര്‍ക്കില്‍ അക്കാദമിക്കുമായ ടബീഷ് ഖൈര്‍ ഈ ചോദ്യം ഈയിടെ ഉന്നയിക്കുകയുണ്ടായി. Liberal needs to think again എന്ന തലക്കെട്ടില്‍ അദ്ദേഹം 'ദ ഹിന്ദു'വില്‍ (1462019) എഴുതിയ ലേഖനത്തില്‍ സ്ത്രീകളുടെ സ്വതന്ത്ര ഇച്ഛാവാദത്തെ ചോദ്യം ചെയ്യുന്നുണ്ട്. സതി എന്ന നിഷ്ഠുരാചാരം രജപുത്ര ഹിന്ദു സ്ത്രീകള്‍ നടത്തിയത് അവരുടെ സ്വതന്ത്ര ഇച്ഛയനുസരിച്ചാണെന്നു പഴയകാലത്ത് തല്പരകക്ഷികള്‍ വാദിച്ചിരുന്നു. പ്രതിലോമ ചിന്താഗതിക്കാരായ ചിലര്‍ ഇപ്പോഴും അങ്ങനെ അവകാശപ്പെട്ടെന്നിരിക്കും. പക്ഷേ, സത്യം തിരിച്ചാണെന്നതിനാല്‍ വിവേകമതികളും കാര്യവിവരമുള്ളവരുമായ ഹിന്ദുക്കള്‍ സതി പുനഃസ്ഥാപിക്കണം എന്ന് ഇപ്പോള്‍  ആവശ്യപ്പെടുന്നില്ല. മതസംസ്‌കാരത്തില്‍നിന്നു പിഴുതെറിയേണ്ട പുഴുക്കുത്തായേ അവരതിനെ കാണുന്നുള്ളൂ.

പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്പില്‍ ക്രൈസ്തവ സ്ത്രീകളേയും ദരിദ്ര ക്രൈസ്തവ പുരുഷന്മാരേയും സംബന്ധിച്ചിടത്തോളം വിവാഹമോചനം കിട്ടാക്കനിയായിരുന്നു. 'വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു' എന്ന വേദവാക്യമാണ് ഈ ദുഃസ്ഥിതി സൃഷ്ടിച്ചിരുന്നത്. പക്ഷേ, ഇന്ന് യൂറോപ്പിലാരും ഈ വേദനിയമത്തെ പിന്താങ്ങുന്നില്ല. അടിമത്തംപോലും ഇവ്വിധം ന്യായീകരിക്കപ്പെട്ട കാലമുണ്ട്. ആ നാലുകളിലെല്ലാം അത്തരം ഹീനസമ്പ്രദായങ്ങള്‍ക്കു ബന്ധപ്പെട്ട ജനങ്ങള്‍ വഴങ്ങിയിരുന്നത് സ്വതന്ത്ര ഇച്ഛയനുസരിച്ച് ആയിരുന്നില്ല. അവര്‍ അവ്വിധം പരിശീലിപ്പിക്കപ്പെട്ടു എന്നതാണ് വസ്തുത. ഇതുതന്നെയാണ് പര്‍ദ്ദാ ധാരണത്തിന്റേയും നിജസ്ഥിതി. സ്വാഭീഷ്ടപ്രകാരം എന്നതിനാലും സമുദായത്തെ ഭരിക്കുന്ന പൊതുബോധം അതാവശ്യപ്പെടുന്നു എന്നതിനാലും അവര്‍ ആ വേഷം അണിയുന്നു എന്നുമാത്രം.
ഏതെങ്കിലും വിഷയത്തിലുള്ള ഒരു തെരഞ്ഞെടുപ്പ് സ്വതന്ത്രമാകണമെങ്കില്‍ സമൂഹത്താല്‍ അംഗീകരിക്കപ്പെടുകയും മാനിക്കപ്പെടുകയും ചെയ്യുന്ന മറ്റു ഓപ്ഷനുകള്‍ അപ്പുറത്ത് വേറെയുണ്ടാകണം. പുരുഷകേന്ദ്രിത, യാഥാസ്ഥിതിക സമുദായങ്ങളില്‍ അത്തരം ഓപ്ഷനുകളില്ല. ആണ്‍കോയ്മാ മൂല്യങ്ങള്‍ കട്ടപിടിച്ചു കിടക്കുന്ന മുസ്ലിം സമുദായത്തില്‍ വിശേഷിച്ചും അതാണവസ്ഥ. അങ്ങനെയിരിക്കെ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നുവെങ്കില്‍ അതു സ്വതന്ത്ര ഇച്ഛയുടെ ഫലം എന്നതിലേറെ അംഗീകരിക്കപ്പെടുന്ന ബദല്‍ ഓപ്ഷനുകളുടെ അഭാവത്തിന്റെ ഫലമാണെന്നുവേണം വിലയിരുത്താന്‍.

പര്‍ദ്ദയെ വിമര്‍ശിക്കുന്ന മുസ്ലിം ഉല്പതിഷ്ണുക്കള്‍ പാശ്ചാത്യ സാംസ്‌കാരിക അധിനിവേശത്തിന്റെ ഇരകളാണെന്ന അഭിപ്രായപ്രകടനം കാതറിന്‍ ബുലെക്കിന്റെ കൃതിയില്‍ കാണാം. ഇതിനുള്ള സമുചിത മറുപടി ഇര്‍ഷാദ് മന്‍ജി നല്‍കുന്നുണ്ട്. ബുലെക്കിനെപ്പോലെ മന്‍ജിയും ഇപ്പോള്‍ കനേഡിയന്‍ പൗരയാണ്. മന്‍ജിക്ക് നാല് വയസ്സുള്ളപ്പോള്‍ അവരുടെ കുടുംബം ഉഗാണ്ടയില്‍നിന്ന് കാനഡയിലേയ്ക്ക് കുടിയേറുകയായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയുടെ ഭാഗമായ 'ഏനന്‍ബര്‍ഗ് സെന്റര്‍ ഓണ്‍ കമ്യൂണിക്കേഷന്‍ ലീഡല്‍ഷിപ്പ് ആന്‍ഡ് പോളിസി'യില്‍ സീനിയര്‍ ഫെല്ലോ ആയ അവരുടെ പ്രധാനപ്പെട്ട കൃതികളിലൊന്നത്രേ 'The Trouble with Islam today.'

മുസ്ലിങ്ങള്‍ പാശ്ചാത്യ സാംസ്‌കാരിക അധിനിവേശത്തിന്റെയല്ല അറേബ്യന്‍ സാംസ്‌കാരിക അധിനിവേശത്തിന്റെ ഇരകളാണെന്ന് ഇര്‍ഷാദ് മന്‍ജി വ്യക്തമാക്കുന്നു: ''മുസ്ലിങ്ങള്‍ ധരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്ന വേഷത്തില്‍പ്പോലും അറേബ്യന്‍ മരുഭൂമിയിലെ ഗോത്രവ്യവസ്ഥയുടെ അംശങ്ങളുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലുള്‍പ്പെടെ അറേബ്യയ്ക്കു കീഴടങ്ങലായാണ് അവരതിനെ കാണുന്നത്. പക്ഷേ, യഥാര്‍ത്ഥത്തില്‍ അതു സാംസ്‌കാരികമായ കീഴടങ്ങലാണ്.'' (Irshad Manji, The Trouble with Islam today, 2005, p.156)

മന്‍ജി തുടരുന്നു: ''വേഷത്തിലും ഭാഷയിലും പ്രാര്‍ത്ഥനയിലും അറേബ്യന്‍ ജനതയെ അനുകരിക്കുന്നത് പ്രാപഞ്ചിക ദൈവത്തെ (അല്ലാഹുവിനെ) പിന്തുടരലല്ല. നൂറ്റാണ്ടുകളായി ഇസ്ലാമിന്റെ പ്രചാരണം നടന്നത് മിത്തുകളിലൂടെയാണ് എന്നതിനാല്‍ ഇക്കാര്യം തിരിച്ചറിയപ്പെടാതെ പോകുന്നു. ഈ മിത്തുകള്‍ അറബികളല്ലാത്ത മുസ്ലിങ്ങളെ അറബികളായ മുസ്ലിം യജമാനന്മാരുടെ ആശ്രിതരാക്കി മാറ്റിയിരിക്കുന്നു. ഇസ്ലാമിക പ്രബുദ്ധത എന്ന പേരില്‍ അറേബ്യന്‍ യജമാനന്മാര്‍ വില്‍ക്കുന്നതെല്ലാം വാങ്ങിക്കൂട്ടുകയാണ് അനറബികളായ മുസ്ലിങ്ങള്‍ ചെയ്യുന്നത്.'' (Ibid, ു.156)

അറബികളുടെ 'സാംസ്‌കാരിക ഭാണ്ഡ'ത്തെ (cultural baggage) ഇസ്ലാമായി തെറ്റിദ്ധരിക്കുന്നവരാണ് മുസ്ലിങ്ങളില്‍ ഭൂരിപക്ഷവും. വേഷവിധാനത്തില്‍വരെ ആ ഭാണ്ഡം അവരെ സ്വാധീനിക്കുന്നു. കാതറിന്‍ ബുലെക്കിനെപ്പോലുള്ളവരുടെ പര്‍ദ്ദാഭിനിവേശത്തിന്റെ ഉറവിടങ്ങളിലൊന്ന് ഈ സാംസ്‌കാരിക ഭാണ്ഡമാണ്. മറ്റൊന്ന് അല്ലാഹുവിന്റെ പേരില്‍ മുസ്ലിം പുരുഷ പൗരോഹിത്യം നിര്‍മ്മിച്ചുവെച്ച സമ്മതികളെ (consent) അവര്‍ വിമര്‍ശനരഹിതമായി സ്വാംശീകരിക്കുന്നു എന്നതും.

(ഹമീദ് ചേന്നമംഗലൂര്‍ എഴുതി, മാതൃഭൂമി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന 'പര്‍ദ്ദയുടെ രാഷ്ട്രീയം' എന്ന പുസ്തകത്തില്‍നിന്ന്.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com