'അവന്റെ വിയര്‍പ്പിനും രക്തത്തിനും കൊതിച്ചു, ഉള്ളില്‍ നഗ്‌നയായി അട്ടഹസിച്ചു; എന്റെ ലൈംഗിക കാമനകളെ എങ്ങനെ അടക്കും'?

''അറിഞ്ഞിരുന്നില്ല എനിക്കെന്തൊക്കെയാണ് സംഭവിക്കുന്നതെന്ന്. എന്തൊക്കെയോ എന്റെയുള്ളില്‍ കലക്കം മറിയുന്നുണ്ടായിരുന്നു''... വിജയരാജമല്ലികയുടെ മല്ലികാവസന്തം എന്ന ആത്മകഥയില്‍ നിന്ന്
വിജയരാജമല്ലികയും ജീവിത പങ്കാളി ജാഷിമും
വിജയരാജമല്ലികയും ജീവിത പങ്കാളി ജാഷിമും

നാണംകുണുങ്ങിയായിരുന്നു ഞാന്‍. പെണ്‍നടത്തവും പെണ്‍ശബ്ദവും ആണ്‍കുട്ടികളില്‍നിന്ന് എന്നെ വേറിട്ടുനിര്‍ത്തിയെങ്കിലും അതെന്തുകൊണ്ടെന്നു കൃത്യമായ ബോധം ഉണ്ടായിരുന്നില്ല. നാലാംക്ലാസ്സില്‍ സുമം ടീച്ചറായിരുന്നു കണക്കും സയന്‍സും പഠിപ്പിച്ചിരുന്നത്. മുടിയില്‍ തുളസിക്കതിര്‍ ചൂടുമായിരുന്നു. ചന്തത്തില്‍ സാരിയുടുക്കുമായിരുന്നു. എപ്പോഴും നോട്ടത്താല്‍ ഭയപ്പെടുത്തുമായിരുന്നു. ഇന്നും അതോര്‍ക്കുമ്പോള്‍ അത്ഭുതമാണ്. എന്നെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ചില അദ്ധ്യാപകരെ ചട്ടംകെട്ടിയിരുന്നു. അത് മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയിരുന്നു. പഠിക്കാന്‍ ഞാന്‍ അത്ര മോശമായിരുന്നില്ല.

കൂട്ടുകാര്‍ക്കിടയില്‍  ഞാനൊരു പരിഹാസപാത്രമായി മാറുകയായിരുന്നു എന്ന് തോന്നുന്നു.  കേന്ദ്രീയ വിദ്യാലയത്തിലെ ചില കുട്ടികളെന്നെ ശിഖണ്ഡി എന്നു വിളിച്ചിരുന്നു. അവിടെ നിറവും പ്രശ്നമായിരുന്നു. ഒരു കുട്ടിയുടെ മനസ്സിലേക്ക് എത്ര അധമമായ വികാരങ്ങളും വൈകൃതങ്ങളുമാണ് ചില അദ്ധ്യാപകര്‍ കടത്തിവിടുന്നത്.

ഞാന്‍ നടക്കുന്നത് കാണുമ്പോള്‍ ഹിന്ദി മാഷ് തല്ലിയിരുന്നു. സ്ത്രൈണഭാവങ്ങള്‍ സ്വാഭാവികമായി വരുന്നതായിരുന്നു എന്ന് എനിക്കല്ലേ അറിയൂ. സ്വയം ഒരു പെണ്ണായി മാറുമ്പോഴും ആണ്‍ശരീരത്തോടായിരുന്നു കമ്പം. മനപ്പൂര്‍വം പെണ്‍നടത്തം അനുകരിക്കുകയായിരുന്നില്ല.  ഹിന്ദിമാഷ് എന്നിലെ സ്ത്രൈണതയെ ശ്രദ്ധിക്കുമായിരുന്നു. പാഠം വായിക്കുന്ന എന്റെ പിന്‍തോളില്‍ കൈയിടും. അപ്പോള്‍ ഞാന്‍ പുളകിതയാകും. അയാളെന്നെ കളിയാക്കും. മാഷ് വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ട്. സ്ത്രൈണഭാവത്തെക്കുറിച്ച് അച്ഛനോട് അന്നേരം പരാതി പറഞ്ഞിട്ടുമുണ്ട്.
എനിക്കല്പം കാഴ്ചക്കുറവുണ്ടായിരുന്നു. കണ്ണ് പരിശോധിച്ചപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. അദ്ധ്യാപകര്‍ ബോര്‍ഡില്‍ എഴുതുന്നത് കാണുമായിരുന്നില്ല. അതിനെക്കുറിച്ചുള്ള അദ്ധ്യാപകരുടെ കുത്തുവാക്കുകള്‍ ഇന്നോര്‍ക്കുമ്പോള്‍... ഒരുപാട് സങ്കടങ്ങള്‍ അതിനെപ്രതി സഹിക്കേണ്ടിവന്നിട്ടുണ്ട്. ജാതിമേധാവിത്വമുള്ള കുട്ടികളുടെ വാക്കുകള്‍, മുറിവുകള്‍ എല്ലാം എങ്ങനെയാണ് സഹിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ ഇന്നും അമ്പരപ്പാണ്.

അഞ്ചാംക്ലാസ്സ് വരെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഒന്നിച്ചിരിക്കുമായിരുന്നു. എന്റെ പെണ്‍ചലനങ്ങള്‍, കറുത്ത തൊലി, ദളിത് കുട്ടി എന്നിവകൊണ്ടാവാം പലര്‍ക്കും എന്നോട് പുച്ഛമായിരുന്നു. അതിനൊരു പരിഹാരമാകുമോ എന്നു തോന്നിയിട്ടാവാം കത്തികൊണ്ട് തൊലി ചുരണ്ടിക്കളയാനും റോസ്പൗഡര്‍ ശരീരത്തില്‍ പൂശി ക്ലാസ്സില്‍ പോകാനും തുടങ്ങിയത്. എന്നിട്ടും കാര്യമുണ്ടായില്ല. ചിലര്‍ ബ്ലാക്കി എന്ന് കളിയാക്കി വിളിച്ചു. പൊതുശല്യങ്ങള്‍ സഹിക്കാനാവാതെ വീര്‍പ്പുമുട്ടി. സ്ത്രൈണപ്പെരുക്കങ്ങളോട് പൊരുത്തപ്പെടാനാവാതെ പ്രയാസപ്പെട്ടു.
പുതിയ വീടും അന്തരീക്ഷവുമുണ്ടായിട്ടും സന്തോഷിക്കാന്‍ കഴിഞ്ഞില്ല. ആണ്‍കുപ്പായത്തിലെ പെണ്‍മനസ്സിന്റെ സങ്കടം അച്ഛനോടോ അമ്മയോടോ പറയാനുമായില്ല. നിരന്തരമായ അസ്വസ്ഥതകള്‍ മാത്രം.

അച്ഛനും അമ്മയും ചേച്ചിയും ഒന്നിച്ചിരുന്നു സംസാരിക്കുമ്പോള്‍ പറയാന്‍ ആഗ്രഹിച്ചത് ഉള്ളിലിരുന്നു വിങ്ങി. ആരും കാണാതെ കുറെ കരയും. എന്റെ സ്ത്രൈണഭാവപ്രകടനങ്ങളില്‍ വീട്ടുകാര്‍ക്കും അഭിമാനക്ഷതം തോന്നിത്തുടങ്ങി. അച്ഛന് എന്നോട് സഹാനുഭൂതിയുണ്ടായിരുന്നു എന്നത് സത്യം. എന്റെ മനസ്സ് അച്ഛനു മുന്നില്‍ തുറക്കാനാഗ്രഹിച്ചെങ്കിലും കഴിഞ്ഞില്ല. ബ്രില്‍മഷി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

അമ്മ ഞങ്ങളെ വളര്‍ത്തുന്ന തിരക്കിലായിരുന്നു. അമ്മയോട് പറയണമെന്നു വിചാരിച്ചെങ്കിലും കഴിഞ്ഞില്ല. ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ അടുത്ത വീട്ടിലെ ചേട്ടനോട് എനിക്ക് 'ഭയങ്കര' വൈകാരികത തോന്നുമായിരുന്നു, ഞാനൊരു ആണ്‍കുട്ടിയായിട്ടും. നേരില്‍ കാണുമ്പോള്‍ നാണവും തോന്നിയിരുന്നു. അവിടത്തെ ഏട്ടനേയും അനിയനേയും ഒരുപോലെ പ്രണയിച്ചു. അവരുടെ കരലാളനയ്ക്കായി മോഹിച്ചു.

സ്പോര്‍ട്ട്സ് ടീച്ചര്‍ക്കെന്നോട് എപ്പോഴും ദേഷ്യമായിരുന്നു. ഏതു കായികവിനോദങ്ങളില്‍നിന്നും എന്നെ മാറ്റിനിര്‍ത്തിയിരുന്നു. എനിക്കാണെങ്കില്‍ മാഷുമ്മാരോടും ആണ്‍കുട്ടികളോടും വലിയ ഇഷ്ടവും. ഞാനാകട്ടെ, പലരുടേയും പരിഹാസപാത്രവും. കൂട്ടുകാര്‍ക്കിടയില്‍ കരിങ്കുരങ്ങ്, ചിമ്പാന്‍സി തുടങ്ങിയ പേരുകളും എനിക്കുണ്ടായിരുന്നു.

ബയോളജി ക്ലാസ്സില്‍ സ്ത്രീശരീരത്തെ ടീച്ചര്‍ വിവരിക്കുന്നത്  കേള്‍ക്കുമ്പോഴും കാണുമ്പോഴും വെറുപ്പായിരുന്നു. റിപ്രൊഡക്ഷന്‍ ക്ലാസ്സില്‍ സ്ത്രീശരീരം വിവരിക്കുമ്പോള്‍ ഓക്കാനം വരുമായിരുന്നു. മറ്റുപല വിദ്യാര്‍ത്ഥികള്‍ക്കും താല്പര്യമില്ലാത്ത വിഷയങ്ങളില്‍ ഞാന്‍ അഭിരമിച്ചു. ഒമ്പതാംക്ലാസ്സില്‍ പ്രായപൂര്‍ത്തിയായ ഒരു പെണ്ണിനെപ്പോലെയാണ് എന്റെ കാമനകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഗണിതവിഷയങ്ങളില്‍ ചേച്ചിയെപ്പോലെ മിടുക്കനാവാന്‍ കഴിഞ്ഞില്ല. അക്കാലത്തായിരുന്നു ചേച്ചിയുടെ വിവാഹം. അതെനിക്ക് താങ്ങാനായില്ല. ചേച്ചി അപരിചിതമായ മറ്റൊരു ലോകത്തിന്റെ ഭാഗമാകുന്നത് വിമൂകമായി നോക്കിനിന്നു. പുറത്തും അകത്തും തീര്‍ത്തും ഒറ്റപ്പെട്ടു.

അമ്മയുടെ ക്ലാസ്സില്‍ ആണും പെണ്ണും കെട്ടവന്‍ എന്ന് അമ്മ പലരേയും വിളിച്ചിട്ടുണ്ടത്രെ. അനവസരത്തിലുള്ള അമ്മയുടെ പരിഹാസം കേട്ട് അമ്മയുടെ ഏതോ വിദ്യാര്‍ത്ഥി അമ്മയെ ശപിച്ചിട്ടുണ്ടുപോലും. കുടുംബത്തിലും ഇതുപോലെ ഒരെണ്ണം ഉണ്ടാകട്ടെ എന്ന്. അത് ഞാനായിപ്പോയതാകാം അല്ലേ?

കൂട്ടുകാര്‍ക്കിടയില്‍ രണ്ടുപേര്‍ എന്നെ വല്ലാതെ വിഷമിപ്പിച്ചതോര്‍ക്കുന്നു. എന്റെ മാംസളഭാഗങ്ങളില്‍ മുഷ്ടിചുരുട്ടി ഇടിക്കുമായിരുന്നു. എങ്കിലും സന്തോഷത്തിന്റേതായ ചില  ഓര്‍മ്മകളുമുണ്ട്. എന്റെ പിറന്നാള്‍ ദിവസം ഒത്തുകൂടിയതും ബര്‍ത്ത്ഡേ കേക്ക് മുറിച്ചതും പിറന്നാള്‍ ആശംസകളോടെ നര്‍മ്മമധുരമായ വാക്കുകള്‍ പറഞ്ഞതും കൂട്ടുകാരോടൊത്തുള്ള മധുരസ്മരണകളാണ്.

ആദ്യവസന്തം

ഏതു ജോലിയും ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു. എറണാകുളത്ത് പഹ്ച്ഛാന്‍ പ്രൊജക്ട് ചെയ്തു. ഇക്കാലത്താണ് വിശ്വനാഥന്‍ എന്ന ഒരാള്‍ എന്നെ വിവാഹം ചെയ്യാനാഗ്രഹിച്ചത്. ഒരു പുരുഷന്‍ ഒരു പുരുഷനെ വിവാഹം ചെയ്യാനാഗ്രഹിക്കുക... ഒന്നാലോചിച്ചു നോക്കൂ... അയാള്‍ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. ചേച്ചിയോട് ഈ വിവരം പറഞ്ഞപ്പോള്‍ ദേഷ്യപ്പെട്ടു. വീട്ടിലും ബഹളം. എന്നോട് അന്യദേശത്തു പോയി ജോലി ചെയ്യാന്‍ പറഞ്ഞു. സമൂഹത്തില്‍ ജോലികൊണ്ടും മാന്യതകൊണ്ടും അന്തസ്സായി ജീവിക്കുന്ന അവര്‍ക്ക് ഞാന്‍ നാണക്കേടുണ്ടാക്കുന്നു എന്നതാണ് കാരണം. വിശ്വനാഥനുമായുള്ള ബന്ധത്തെ വീട്ടുകാരെതിര്‍ത്തപ്പോള്‍ ഞാനാകെ തകര്‍ന്നു.

എല്‍.ജി.ബി.ടി (ലെസ്ബിയന്‍ ഗേ ബൈസെക്ഷ്വല്‍ ട്രാന്‍സ്ജെന്‍ഡര്‍) വിഷയത്തില്‍ എനിക്കൊപ്പം നിന്ന എന്റെ വീട്ടുകാര്‍, കെ.എസ്.എ.സി.എസില്‍ (കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി) ജോലി നോക്കുമ്പോള്‍ എനിക്കൊപ്പം നിന്ന എന്റെ കുടുംബം, എന്റെ പുരുഷസൗഹൃദങ്ങളെ ഉള്‍ക്കൊണ്ടിരുന്ന വീട്ടുകാര്‍ ഒരു പുരുഷനെ ഞാന്‍ വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചപ്പോള്‍ എതിര്‍ത്തതെന്തിനാണ്?

''സമൂഹം ഇതൊരിക്കലും അംഗീകരിക്കില്ല.''  മാതൃകാദ്ധ്യാപികയായ അമ്മ തീര്‍ത്തു പറഞ്ഞു. ഞാന്‍ പറഞ്ഞതൊന്നും അവര്‍ക്കു മനസ്സിലായതേയില്ല. കാലം ഇന്നത്തെപ്പോലെയല്ലല്ലോ അന്ന്. വീട്ടുകാരെ വിട്ട് ഇറങ്ങിപ്പോകാനുള്ള കരുത്തുണ്ടായിരുന്നുവെങ്കിലും വിശ്വനാഥന്‍ അതിനു സമ്മതിച്ചില്ല. മദ്രാസില്‍ പോയി ജീവിതത്തിലേക്കു ചെല്ലാമെന്ന് വാക്ക് കൊടുത്തിട്ട് അയാളെ ചതിച്ചല്ലോ എന്ന കുറ്റബോധം എന്നെ നിരന്തരം വേട്ടയാടി. എന്റെ ജീവിതത്തിലെ ആദ്യത്തെ അത്തരത്തിലുള്ള ഷോക്ക്. അതുവരെ കൊണ്ടുനടന്ന അച്ഛന്‍ മറുത്തൊന്നും പറഞ്ഞതുമില്ല.

വീട്ടുകാര്‍ക്ക്  അദ്ദേഹത്തെ വിളിച്ച് ഒന്ന് സംസാരിക്കാമായിരുന്നു എന്ന് എപ്പോഴും തോന്നുമായിരുന്നു. ആണുങ്ങള്‍ക്ക് സ്നേഹിക്കാം. രതിയില്‍ രഹസ്യമായി ഏര്‍പ്പെടാം. എന്നാല്‍ വിവാഹം പാടില്ല. നല്ല കാഴ്ചപ്പാടു തന്നെ അല്ലേ?

സത്യത്തില്‍ ഏകാന്ത ജീവിതം മടുത്തിരുന്നു. സമയം ലഭിക്കുമ്പോഴൊക്കെ പുസ്തകങ്ങള്‍ വായിക്കുമായിരുന്നു, പാട്ടുകള്‍ കേള്‍ക്കുമായിരുന്നു, എങ്കിലും പേരാമംഗലത്തെ പാടത്തേക്കും പറമ്പിലേക്കുമൊക്കെയുള്ള യാത്രകള്‍ വേണ്ടെന്നു വെച്ചു. എന്നെ മനസ്സിലാക്കുന്ന ആരും ഇല്ലാതെയിരുന്നുവെന്നത് ഇന്നും അന്നും വേദന തോന്നുന്ന കാര്യമാണ്. എല്ലാ പൊതുപ്രവര്‍ത്തനങ്ങളും ഞാന്‍ അവസാനിപ്പിച്ചു. വിശ്വനാഥന്റെ കൂടെ ജീവിക്കാനായി പലപ്പോഴായി ശേഖരിച്ചുവെച്ച 20,000 രൂപ പെരിയാറില്‍ ഒഴുക്കിക്കളഞ്ഞു. ആ വിവാഹത്തിനു വീട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായ നിസ്സംഗത ആകെ മരവിപ്പിച്ചു. സത്യത്തില്‍ മനുവും മല്ലികയും രണ്ടാളാവുകയായിരുന്നു. വീട്ടിലെ മുറിയില്‍ ചടഞ്ഞുകൂടി ഇരിപ്പായി. കുളിക്കാറില്ല. ഒരുങ്ങാറില്ല. എപ്പോഴും കിടപ്പായി. കരച്ചിലായി. ഒന്നിലേക്കും ഇല്ലാതെയായി. ഏറ്റവും വെറുപ്പ് വിവാഹങ്ങള്‍ക്കുള്ള ക്ഷണങ്ങളായി. നാട്ടുകാര്‍ അച്ഛനോടും അമ്മയോടും എന്റെ വിവാഹം എന്തേ നടക്കാത്തത് എന്ന് എപ്പോഴും ചോദിച്ചു തുടങ്ങി. അന്ന് അവരോടൊക്കെ എന്നാണ് അവരെ  തെക്കോട്ട് എടുക്കുക എന്നു ചോദിക്കുമായിരുന്നു ഞാന്‍.

ജീവിതം ഈവിധം ഒരു പാലം പോലെ തകര്‍ന്നുപോകുകയാണെന്നു തോന്നി. ഓര്‍മ്മകള്‍ എന്നിലിരുന്നു ഹൃദയത്തെ കവര്‍ന്നു തിന്നുന്നു. അന്നും ഞാന്‍ മനു ജെ. കൃഷ്ണന്‍ ആയിരുന്നല്ലോ. അതും ആണ്‍വേഷധാരി!

വിജയരാജമല്ലികയുടെ വിവാഹം
വിജയരാജമല്ലികയുടെ വിവാഹം

പലതും അനുഭവിച്ചെങ്കിലും ഇത് ജീവിതത്തിന്റെ തീരുമാനങ്ങള്‍ക്ക് അടിത്തറയിടുകയായിരുന്നു. ഒരു മനുഷ്യനും ചിന്തിക്കാത്ത പലതും ചെയ്തു. നിങ്ങള്‍ക്ക് ഊഹിക്കുവാന്‍ പോലും കഴിയില്ല. ഒരിക്കലും പുരുഷനോട് പ്രണയം തോന്നരുതെന്ന് തീരുമാനിച്ചു. അപ്പോഴേക്കും പഹച്ഛാനിലെ ഉന്നതസ്ഥാനം രാജിവെച്ചിരുന്നു. ഹിറ്റ്ലറുടെ കെമിക്കല്‍ കാസ്റ്ററാക്ഷന്‍. അതായിരുന്നു മുന്നിലുണ്ടായിരുന്ന ഏക വഴി. സ്വന്തം ലൈംഗികശേഷിയെ പതുക്കെപ്പതുക്കെ ഇല്ലാതാക്കുക, കൊല്ലുക.  നെറ്റിലൂടെ അതിനെക്കുറിച്ചുള്ള അറിവ് കിട്ടി. കടുക്കക്കഷായം. പിന്നെ മൂന്ന് വര്‍ഷങ്ങള്‍ കടുക്ക തിളപ്പിച്ച വെള്ളത്തില്‍ ഞാന്‍ എന്റെ അഭിനിവേശങ്ങളെ മുക്കിക്കൊല്ലാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

ജീവിതത്തിലെ മറ്റൊരു ഷോക്ക് ആയിരുന്നു എന്റെ ആദ്യ വിവാഹം. ഇന്നും ഞാന്‍ അതില്‍നിന്നും മുക്തയായിട്ടുണ്ടോ എന്ന് സംശയമാണ്. വളരെ നേരത്തെത്തന്നെ ഉള്ളിലൊളിഞ്ഞിരിക്കുന്ന സ്ത്രീയെ തിരിച്ചറിഞ്ഞ നിങ്ങള്‍ വീണ്ടും എന്തിന് ഒരു സ്ത്രീയെ ജീവിതത്തിലേക്കു വലിച്ചിഴച്ചു എന്ന് വായനക്കാര്‍ക്കു തോന്നാം. എന്റെ അച്ഛനമ്മമാരുടെ നിര്‍ബന്ധം, യാചന എന്നിവയുടെ മുന്നില്‍ എനിക്കു വഴങ്ങേണ്ടിവന്നു. അതും നിസ്സഹായമായ ഒരു അവസ്ഥ.

മനു ജെ. കൃഷ്ണന്‍ വിജയരാജമല്ലികയാകുന്നു

ജീവിതത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നതവിടം മുതലാണ്. ബോംബെയില്‍ ജോലിക്കു ശ്രമിക്കുന്ന എന്നെക്കുറിച്ച് നാട്ടില്‍ പലതും പാട്ടായി. വ്യഭിചാരമാണെന്നു കേട്ടതോടെ അമ്മ തീരെ അവശയായി. ഇക്കാലത്ത് അമ്മയുടെ അസുഖവിവരം അറിഞ്ഞ് ഓരോരുത്തരും വിളിച്ചു. നാട്ടിലെത്തിയപ്പോള്‍ കണ്ടത് മിണ്ടാന്‍ വയ്യാതായ അച്ഛനേയും കൈയൊടിഞ്ഞ് വീണു കിടക്കുന്ന അമ്മയേയുമാണ്. വീണ്ടും വിഷമം തന്നെ. എങ്കിലും ബോംബെയിലേക്കു തിരിച്ചു പോയി. പോകാതെ നിവൃത്തിയുണ്ടായിരുന്നില്ല. ബോംബെയിലെ വിവിധ ക്രിസ്ത്യന്‍ പള്ളികളുടെ യൂത്ത്വിങ്ങുകളില്‍ ജെന്‍ഡര്‍ വിഷയത്തില്‍ ക്ലാസ്സുകള്‍ എടുക്കാന്‍ ക്ഷണിക്കപ്പെടുന്നതോടെയാണ് ഞാന്‍ വേദികളില്‍ സജീവമാകുന്നത്. പിന്നീട് നാഷണല്‍ ചര്‍ച്ചസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(NCCI)യ്ക്കു വേണ്ടി ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, തമിഴ്നാട്, കര്‍ണാടകം, ബംഗാള്‍ എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഷയങ്ങളില്‍ ക്ലാസ്സുകളും ബോധവല്‍ക്കരണത്തിനു വേണ്ടി പരിപാടികളും സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ഞാനും അതിന്റെ ഒരു അവിഭാജ്യഘടകമായി. നാട്ടില്‍ എവിടെയെങ്കിലും ഒരു ജോലി കിട്ടുമെന്ന് കരുതിയത് വെറുതെ. ജോലിക്കുവേണ്ടി രണ്ടരമാസം വി.എം. ഗിരിജച്ചേച്ചിയുടെ വീട്ടില്‍. കവയിത്രിയായ ചേച്ചിക്ക് എന്നോട് അതിയായ സ്‌നേഹമായിരുന്നു. രണ്ടരമാസം ഓരോരോ വേദികളുമായി ജീവിതം മുന്നോട്ട്. ജി. ഉഷാകുമാരിടീച്ചറും സഹായവാഗ്ദാനം നല്‍കിയിരുന്നു.

അപ്പോഴേക്കും കേരളത്തില്‍, മലയാളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കവിയുടെ ഉദയം ഏറെ ചര്‍ച്ചചെയ്യപ്പെടുകയായിരുന്നു. എന്‍.സി.സി.ഐക്കുവേണ്ടി കേരളത്തിലെ കോട്ടയത്തും തിരുവല്ലയിലും വന്നപ്പോള്‍ ചിലരെങ്കിലും എന്നെ കാണാന്‍ കാത്തിരിപ്പുണ്ടായിരുന്നു. ബോംബെയിലെ ജീവിതം എനിക്ക് ഏറെ ധൈര്യം നല്‍കിയിരുന്നു. ചൂഴ്ന്നുള്ള നോട്ടങ്ങള്‍ ഇല്ലാതിരുന്ന ഒരു ലോകം. അന്നൊക്കെ ഞാന്‍ എവിടെപ്പോയാലും ലിംഗമാറ്റ ശസ്ത്രക്രിയ ഒരിക്കലും ചെയ്യില്ല എന്ന് ഉറക്കെ ഉറക്കെ പ്രസ്താവിക്കുമായിരുന്നു. ധരിക്കാന്‍ ചുരിദാര്‍ വേണമായിരുന്നു. നല്ല നല്ല ചുരിദാര്‍ കട്ട് ഉള്ള നൈറ്റി വാങ്ങി സ്ലിറ്റടിച്ചു ചുരിദാര്‍ ആക്കി ഇടുമായിരുന്നു.

ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂന് പോയ അനുഭവം ഇങ്ങനെ:
ട്രാന്‍സ്ജെന്‍ഡര്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചത്,
''ബ്രെസ്റ്റ് ഒറിജിനലാണോ, സര്‍ജറി കഴിഞ്ഞോ...?''
എന്തെല്ലാം ചോദ്യങ്ങള്‍...സംശയങ്ങള്‍...
രണ്ടര മാസത്തിനുശേഷം എറണാകുളത്തെ പൊതുപ്രവര്‍ത്തകന്റെ വീട്ടിലേക്ക് എന്നെത്തന്നെ പറിച്ചുനടേണ്ടിവന്നു.
ഞാന്‍ താമസിച്ചിരുന്ന ഒരു വീട്ടില്‍ ധാരാളം ആളുകള്‍ - പെണ്ണുങ്ങളും ആണുങ്ങളും - യാതൊരു ഉപാധികളുമില്ലാതെ താമസിക്കുന്നവരായിരുന്നു. അനുവദിക്കുമെങ്കില്‍ സെക്സ് ചെയ്യാം എന്ന് വീട്ടുടമസ്ഥന്‍.

ലൈംഗിക തൊഴിലിനു ക്ഷണിക്കുന്നവരോട് ഇല്ല എന്ന് പറയാനുള്ള ചങ്കൂറ്റമുണ്ടായിരുന്നു. ആ വരുമാനംകൊണ്ട് ജീവിക്കേണ്ടതില്ല എന്ന് ഉറപ്പിച്ചിരുന്നു. ചെലവിനു കാശില്ലാതായപ്പോള്‍ തെരുവോരങ്ങളില്‍ ചീര വില്‍ക്കാനിരുന്നിട്ടുണ്ട്. ഷൂ പോളിഷ് ചെയ്യാനും മടിയില്ലായിരുന്നു. കലൂര്‍ പള്ളിയില്‍ പോയി നിത്യവും പ്രാര്‍ത്ഥിക്കുമായിരുന്നു.

ആ വര്‍ഷത്തെ ഓണം മറക്കാന്‍ കഴിയില്ല. സദ്യ മോഹിച്ച ഞാന്‍ പൊക്കാളിക്കഞ്ഞി കുടിച്ച് വിശപ്പടക്കിയ കഥ. ''ചക്കോം കോ യഹാം കോയി കാം നഹി...നഹി'' എന്ന് കേട്ടത് മുംബൈയില്‍നിന്നായിരുന്നെങ്കിലും ആ വാക്കുകള്‍ കാതില്‍ മുഴങ്ങുന്നു. മുംബൈ മലയാളി, ഞാന്‍ ആണും പെണ്ണും കെട്ടതാണെന്നു പറഞ്ഞ് എന്റെ മുഖത്തേക്കു ചൂടുവെള്ളം ഒഴിച്ച കഥ. ആയിടയ്ക്കാണ് ഏഷ്യാനെറ്റ് ന്യൂസ് എന്നെക്കുറിച്ചൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 'കേരളഭൂമി'യില്‍ ഒരു ഗോഡ്ഫാദറില്ലാതെ വളരുകയെന്നത് ഒരു ചലഞ്ച് ആയിരുന്നു എനിക്ക്. എന്നാല്‍ ഞാനത് ഏറ്റെടുക്കുവാന്‍ തയ്യാറുമായിരുന്നു. ഒരു ട്രാന്‍സ്ജെന്‍ഡറിനു ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹതയുണ്ട് എന്ന തോന്നല്‍, ആത്മാഭിമാനത്തോടെ നടക്കാം എന്ന വിചാരം ഒക്കെയെന്നില്‍ കരുത്ത് പകരുകയായിരുന്നു. എങ്കിലും ഉള്ള് കത്തുകതന്നെയായിരുന്നു.

കലങ്ങിമറിഞ്ഞ ജീവിതം

ട്രാന്‍സ്ജെന്‍ഡര്‍ ആണെന്നു പറയാന്‍, അത് സ്ഥാപിച്ചെടുക്കാന്‍ ഏതു ജെന്‍ഡറിലേക്ക് ട്രാന്‍സിഷന്‍ ചെയ്യുന്നുവോ അതിന്റെ ആഘോഷങ്ങള്‍ പ്രകടമാക്കുക അന്നൊക്കെ അത്യാവശ്യമായി തോന്നി. അങ്ങനെ പെണ്ണുങ്ങള്‍ വലിച്ചെറിഞ്ഞ പൊട്ടും ചായവും മാലയും സ്വീകരിക്കാന്‍ ഞാനും നിര്‍ബന്ധിതയായി. ഞാന്‍ മുംബൈയില്‍ വിജയരാജമല്ലികയായി തന്നെയാണ് ജീവിച്ചത്. പൂനയില്‍നിന്നും താനേയിലേക്കും അവിടെനിന്നും പനവേലിലേക്കുള്ള മെമു യാത്രകളില്‍ എന്റെ വസന്തസേനനെ തിരയുന്നുണ്ടായിരുന്നു. അവിടുത്തെ ജീവിതത്തിനിടയില്‍ നാട്ടില്‍ ഒരു ജോലിയുടെ ഇന്റര്‍വ്യൂനു വേണ്ടി എറണാകുളത്തു വന്നു.

എറണാകുളത്തെ റേച്ചല്‍ ഹോമില്‍വെച്ചാണ് സിസ്റ്റര്‍ അര്‍പ്പിതാമ്മയെ പരിചയപ്പെടുന്നത്. അവിടെ താമസിക്കുമ്പോള്‍ രണ്ട് ചേച്ചിമാര്‍ എന്റെ മുടി പിന്നിക്കെട്ടി, ചുരിദാര്‍ ഇടുവിച്ച് ''പെണ്ണാക്കി മാറ്റും.'' ആരുടേയോ കമ്മല്‍ ഊരി കാതിലിട്ടു. ഈ സമയത്ത് ഞാന്‍ വിവാഹം ആലോചിക്കുന്നുണ്ടായിരുന്നു. ഒരു കിഡ്നി ദാനം ചെയ്ത ആളുടെ ആലോചന വന്നിരുന്നു. അത് പിന്നെ എങ്ങനെയോ പോയി. പൊട്ട് കുത്താനും കമ്മലിടാനും പഠിച്ചു. അവിടെയുള്ള എല്ലാവര്‍ക്കും ഞാന്‍ ആണാണോ പെണ്ണാണോ എന്ന് സംശയമുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും. കാരണം വസ്ത്രങ്ങള്‍ കഴുകി ഉണക്കാനിടുമ്പോള്‍ എന്റെ വസ്ത്രക്കൂട്ടത്തില്‍ ബ്രേസിയര്‍ ഉണ്ടാവാറില്ല. ബ്രോഡ്വേയില്‍നിന്ന് ബ്രേസിയര്‍ വാങ്ങി കഴുകി ഉണക്കാനിടും. അവരെ ബോധിപ്പിക്കണ്ടേ? ഞാന്‍ മറ്റുള്ളവരുടെ മുന്നില്‍ പെണ്ണായി നിലനിന്നു. സ്ത്രൈണതയുമായി ശരീരം കൊണ്ട് കൂടുതല്‍ ഇണങ്ങാന്‍ തുടങ്ങി.

അപ്പോഴല്ലേ ട്രാന്‍സ്ജെന്‍ഡര്‍ എന്ന അടയാളപ്പെടുത്തല്‍ എന്റെ ജോലിക്ക് ഒരു വിലങ്ങുതടിയാണെന്നു ബോധ്യമായത്. എന്നാല്‍ ഇനിയും തിരികെ പോകാന്‍  ഞാന്‍ തയ്യാറായിരുന്നില്ല... ഞാന്‍ മല്ലിക, വിജയരാജമല്ലിക എന്ന ട്രാന്‍സ്ജെന്‍ഡര്‍ ഞാനുറപ്പിച്ചു.

തിരിച്ചു ആണ്‍കോട്ടയിലേക്കു ചെല്ലാന്‍ വീട്ടിലേയും നാട്ടിലേയും നിര്‍ബന്ധങ്ങള്‍. പക്ഷേ, എനിക്കു സാധ്യമായിരുന്നില്ല. ടൂത്ത്പേയ്സ്റ്റ് തിരിച്ചു ട്യൂബില്‍ നിറയ്ക്കാന്‍ ഇത്ര പ്രയാസമില്ല എന്നു തോന്നി. ചില വീടുകളില്‍ വിലക്കുകള്‍ ഉണ്ടായി. കോഴിക്കോട്ടെ സഹോദരിയുടെ വീട്ടിലേക്ക് പിന്നെ പോയിട്ടില്ല. വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന്‍ വഴി വടകരയ്ക്കു പോകുമ്പോള്‍ നെഞ്ചു വല്ലാതെ നുറുങ്ങും... ആര് ചെയ്ത പാപം!

ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ഉന്നമനത്തിനായി ഒരു ലേണിംഗ് സെന്റര്‍ തുടങ്ങണമെന്നാഗ്രഹിച്ചു. അതിനൊരു പേരും വേണം.  ഒരു വീട് വാടകയ്ക്കെടുക്കാമെന്നും. കുറേ അലഞ്ഞു. ഭിന്നലിംഗം എന്ന പദം ഏട്ടത്തലപോലെ തൊണ്ടയില്‍ കുത്തുമായിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ അഭിസംബോധന ചെയ്യാന്‍ സഭ്യമായ ഒരു വാക്കില്ലാത്ത കാലം. അല്ല, ഇന്നും അങ്ങനെയൊരു പദമില്ലെങ്കിലും സര്‍ക്കാര്‍ ഉത്തരവുപ്രകാരം ട്രാന്‍സ്ജെന്‍ഡര്‍ എന്ന പദംതന്നെ ഉപയോഗിക്കുന്നുണ്ടല്ലോ. മജ്ജയും മാംസവും മസ്തിഷ്‌കവുമുള്ള സ്ത്രീക്കും പുരുഷനും സ്വാഭാവികമായ രതിയില്‍ പിറക്കുന്ന ഞങ്ങള്‍ ഭിന്നരാവുന്നതെങ്ങനെ? മനുഷ്യരുടെ ലിംഗം നോക്കിയാണോ അവരുടെ കഴിവ് നിശ്ചയിക്കേണ്ടത്? അല്ലെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. പങ്കെടുത്ത പല പരിപാടികളിലും 'ഭിന്നലിംഗക്കാരി'യെന്ന പദം കേട്ട് ഞാന്‍ പൊട്ടിത്തെറിച്ചു. പില്‍ക്കാലത്ത് 'ഭിന്നലിംഗക്കാര്‍ക്കിടയിലെ കവി' എന്ന് മാധ്യമസുഹൃത്ത് വിശേഷിപ്പിച്ചപ്പോള്‍ അയാള്‍ക്ക് എന്റെ ഒരു യോനിയുടെ ചിത്രം നല്‍കിയത് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തിരുന്നു.

ലേണിംഗ് സെന്ററിന് ഒരു പേര്, അതായിരുന്നു ലക്ഷ്യം. അതിനായിരുന്നു ഇത്രയും പറഞ്ഞത്. പേരുചര്‍ച്ച എവിടെയുമെത്തിയില്ല. പല വാക്കുകളും ചിന്താച്ചില്ലയില്‍ മൊട്ടിട്ടുവെങ്കിലും പൂക്കുംമുമ്പേ പൊഴിഞ്ഞു. അന്വേഷണങ്ങള്‍ സഹജ് എന്ന പദത്തില്‍ വന്നെത്തി. ബംഗാളി ഉള്‍പ്പെടെ പല ഭാഷകളിലും നാച്ച്വറല്‍/പ്രകൃതിദത്തം എന്ന് അര്‍ത്ഥമുള്ള ഈ പദം ട്രാന്‍ജെന്‍ഡേഴ്സ് മനുഷ്യരെ  അഭിസംബോധന ചെയ്യാന്‍ നല്ലതാണെന്നു വിശ്വസിച്ചു. പലരോടും ചര്‍ച്ച ചെയ്തപ്പോള്‍ ചിലര്‍ തള്ളുകയും ചിലര്‍ കൊള്ളുകയും ചെയ്തു. എന്നാല്‍ ചിലര്‍ ഭിന്നലിംഗത്തില്‍ത്തന്നെ ഉറച്ചുനിന്നു. പല രാഷ്ട്രീയചര്‍ച്ചകളിലും സഹജ് എന്ന പദം ചര്‍ച്ചയായി. ആ പദത്തില്‍ ഞാന്‍ കണ്ടത് മനുഷ്യന്റെ സ്വാഭാവികതയാണ്. ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരുടെ വിദ്യാഭ്യാസത്തിന്റെ ഉന്നമനമായിരുന്നു ലക്ഷ്യം. അങ്ങനെയാണ് സഹജ് ഇന്റര്‍നാഷണല്‍ ലേണിംഗ് സെന്റര്‍ എന്ന ആശയം ജനിക്കുന്നത്.

പലരേയും സ്ഥലം, കെട്ടിടം എന്നിവയ്ക്കെല്ലാം സമീപിച്ചു. രാഷ്ട്രീയ, സാമൂഹികരംഗത്തെ പ്രമുഖരെ നേരില്‍ പോയി കണ്ടു. ഏതു രാഷ്ട്രീയക്കാരനെ സമീപിച്ചാലും നമുക്കു നമ്മുടേതായ രാഷ്ട്രീയദിശാബോധമുണ്ടാവുമല്ലോ. സഹജ് ഒരു പദ്ധതിയായി വരുമ്പോള്‍ മാധ്യമങ്ങളും അതാഘോഷിക്കും. എന്നാല്‍ ആറ് മാസത്തെ പൈലറ്റ് പദ്ധതിയായി രൂപകല്പന ചെയ്ത ആ പദ്ധതിക്കു പ്രായോഗികമായി ചുവടുപിടിച്ച് സര്‍ക്കാര്‍ പദ്ധതികള്‍ വരുമെന്ന് ഉറപ്പായിരുന്നു. ഓരോ സ്ഥലങ്ങള്‍ ചെന്നു കാണും. കാര്യങ്ങള്‍ അവതരിപ്പിക്കും. ട്രാന്‍സ്ജെന്‍ഡര്‍ എന്നു കേള്‍ക്കുമ്പോള്‍ ഉടസ്ഥര്‍ നെറ്റിചുളിക്കും.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ ധാരാളം കെട്ടിടങ്ങള്‍ ഞാന്‍ നേരിട്ടു പോയി കണ്ടിരുന്നു. അവസാനം എറണാകുളം കാക്കനാട് ജ്യോതിഷ് ഭവന്‍ ഈ പദ്ധതി നടത്താന്‍ കന്യാസ്ത്രീകള്‍ അനുമതി നല്‍കി. അപ്പോഴേക്കും സുഹൃത്തുക്കളായ സാമൂഹികപ്രവര്‍ത്തകര്‍ ഒരു സംഘത്തിനു രൂപം നല്‍കിയിരുന്നു. എന്‍.ഐ.ഒ.എസ്സുമായി ചേര്‍ന്ന് 10, പ്ലസ്ടു പഠനം പൂര്‍ത്തിയാക്കാനാവാത്ത, ട്രാന്‍സ്ജെന്‍ഡര്‍ എന്ന് സ്വയം സമ്മതിക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ പദ്ധതി. അപ്പോഴും എന്നെ ശാരീരികപ്രയാസങ്ങള്‍ വല്ലാതെ തളര്‍ത്തിയിരുന്നു. പലപ്പോഴും ഞാന്‍ അവ കാര്യമാക്കിയിരുന്നില്ലെങ്കിലും. നിംഫോമാനിയയുടെ അതിരാക്ഷസഭാവങ്ങള്‍ക്കു ഞാന്‍ ആക്രമിക്കപ്പെട്ട രാത്രികള്‍. സാമൂഹികപ്രവര്‍ത്തക, കവി, അദ്ധ്യാപിക ഇതെല്ലാമായിരിക്കെ ഞാന്‍ എന്റെ ലൈംഗിക കാമനകളെ എങ്ങനെ അടക്കും? ബ്രോഡ്വേയില്‍നിന്നും ചില്ല് ഗ്ലാസ്സുകള്‍ വാങ്ങി എറിഞ്ഞുടയ്ക്കും. എന്നിട്ടും അടക്കാനാവില്ല എന്റെ കാമനകള്‍. അപ്പോള്‍ മനസ്സ് പുരുഷഗന്ധത്തേക്കാള്‍ അവന്റെ വിയര്‍പ്പിനും രക്തത്തിനും കൊതിച്ചു. ഉള്ളില്‍ നഗ്‌നയായി അട്ടഹസിച്ചു. ക്ഷണിച്ച സദ്യകളില്‍ ഭക്ഷണം കഴിക്കാതെ വലയുമായിരുന്നു. അറിഞ്ഞിരുന്നില്ല എനിക്കെന്തൊക്കെയാണ് സംഭവിക്കുന്നതെന്ന്. എന്തൊക്കെയോ എന്റെയുള്ളില്‍ കലക്കം മറിയുന്നുണ്ടായിരുന്നു. കാമം ഉതിരുമ്പോള്‍ കടുക്ക തിളപ്പിച്ചു കുടിക്കും.

കുടുംബജീവിതത്തിലേക്ക്

ഞാന്‍ വസന്തസേനനെ കാത്തിരിക്കുകയായിരുന്നുവല്ലോ. ആ അഭൗമശക്തി എന്നിലേക്കു പ്രവഹിക്കുന്നുണ്ടായിരുന്നു. വിവാഹ ആലോചനകള്‍  പലതും വരുന്നുണ്ടായിരുന്നു. ചിലത്  കല്യാണമോളം എത്തുമ്പോള്‍ സദാചാരപ്രശ്നം പറഞ്ഞു പൊട്ടിപ്പോവുക. ഇപ്പ ശരിയാകും എന്നൊക്കെ പറഞ്ഞ് തിയതി കുറിക്കാം എന്നു പറയുമ്പോള്‍ ആകും 'അമ്മ സമ്മതിക്കുന്നില്ല, ചേട്ടന്റെ ഭാര്യാവീട്ടുകാര്‍ പ്രശ്നമാണ് എന്നൊക്കെ പറഞ്ഞു പ്രതിശ്രുത വരന്മാര്‍ മൂക്കും ഒലിപ്പിച്ചു വരും. ഒരു കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ നല്‍കിയ മാരക മുറിവുകളുണ്ട്. പലതവണ എന്നെ വിളിച്ചു കല്യാണം കഴിക്കാം എന്നു പറഞ്ഞയാള്‍ അയാളുടെ ശാരീരിക സുഖത്തിനുവേണ്ടി തന്റെ ചുവന്ന സ്‌കോര്‍പിയോ കാറില്‍ യാത്രയ്ക്കു ക്ഷണിച്ചു. പിന്നെ പിറ്റേന്ന് വിളിച്ചിട്ട് എന്നെയും അയാളേയും ഒരുമിച്ചു കണ്ടാല്‍ അമ്മയും മകനും പോലെ ഉണ്ടാകുമെന്നും അതുകൊണ്ട് അപ്പന്‍ സമ്മതിക്കുന്നില്ല എന്നും പറഞ്ഞു. വീണ്ടും മകരക്കുളിര്‍ ഉതിരുമ്പോള്‍ ഫോണില്‍ വിളിക്കും. നേരം വെളുക്കുംവരെ കാമദേവന്റെ കൈ തളര്‍ത്താന്‍. ഒടുവില്‍ ശല്യം സഹിക്കാനാകാതായപ്പോള്‍, അയാള്‍ ജോലി ചെയ്യുന്ന ഡിപ്പോയില്‍ പരാതിപ്പെടും എന്നായപ്പോള്‍ അയാള്‍ പടം മടക്കി കെട്ടി. ഇപ്പോഴും പരിപാടികള്‍ ഒക്കെ കഴിഞ്ഞ് ആനവണ്ടിയില്‍നിന്നിറങ്ങി ഊബര്‍ പിടിക്കുമ്പോള്‍ കാണാം ഫോണില്‍ അയാളുടെ സന്ദേശം ''എവിടെ പോകുന്നു, വന്നിറങ്ങുന്നത് ഞാന്‍ കണ്ടു, സേഫ് ആയി പോകണേ'' എന്നൊക്കെ. നേരിട്ട് വന്നു മുഖം കാണിച്ചാല്‍ കരണം പുകയും എന്നു ഭയന്നിട്ടാവാം ഈ അന്തര്‍നാടകങ്ങള്‍.

2018 ഓഗസ്റ്റ് 19. സാധാരണ ട്രാന്‍സ്ജെന്‍ഡര്‍ സഹോദരിമാര്‍ നടത്തുന്ന പാല്‍ച്ചടങ്ങോ ജല്‍സയോ ഒന്നും നടത്തിയിരുന്നില്ലല്ലോ ഞാന്‍. അതൊക്കെ ഓരോരുത്തരുടെ വിശ്വാസമല്ലേ. അതുകൊണ്ടുതന്നെ വര്‍ഷപൂജയും എനിക്ക് ഉണ്ടായിരുന്നില്ല. 'മല്ലികാവസന്തം' എന്ന പേരില്‍ ഒരു സുഹൃദ്സംഗമം നടത്തി, അതില്‍ കവി അരങ്ങും സാഹിത്യ ചര്‍ച്ചയുമൊക്കെയായി നവംബര്‍ അഞ്ചിനു നടത്തുകയായിരുന്നു.

ഈ പ്രളയകാലത്ത് സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ചുറുചുറുക്കോടെ മറ്റുള്ളവര്‍ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള പാക്കിങ്ങ് പൊടിപൊടിക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ എന്നെ കാര്യമായി ശ്രദ്ധിക്കുന്നതു കണ്ടു. ടിവിയില്‍ ഒക്കെ കാണുന്നതല്ലേ പരിചയം കാണും എന്നു  കരുതി. ഞാന്‍ ആരെ കണ്ടാലും പുഞ്ചിരിക്കുന്ന പ്രകൃതവും. പക്ഷേ, തുണികളുടെ പായ്ക്കറ്റ് വളരെ ശ്രദ്ധയോടെ അടക്കിവെയ്ക്കുന്ന ഞാന്‍ ആദ്യമായിട്ടായിരുന്നു ആ പയ്യനെ കാണുന്നത്.

പിന്നീട് മഴമാറി മഞ്ഞെത്തും മുന്നേ ഒരു വെയില്‍ക്കാലത്ത് സാഹിത്യ അക്കാദമിയില്‍ വെച്ചു ഏതോ പരിപാടിയില്‍ സംസാരിച്ചു. ഊബര്‍ കാത്തുനില്‍ക്കുംനേരം ആ ചെറുപ്പക്കാരനെ ഞാന്‍ വീണ്ടും കണ്ടു. അയാള്‍ എന്നെത്തന്നെ നോക്കിനില്‍പ്പുണ്ടായിരുന്നു. അപ്പോഴും ഞാന്‍ ചിരിച്ചു. അയാള്‍ വലതുകൈ വീശി കാണിച്ചു. ഞാന്‍ അരികിലേക്കു ചെന്നു. എന്നെ അറിയുമോ എന്നു ചോദിക്കവേ പുറകില്‍നിന്നും ഒരു കവിസുഹൃത്ത് എന്നെ പേരെടുത്ത്  വിളിച്ചു. അപ്പോള്‍ ആ ചെറുപ്പക്കാരന്റെ ചുണ്ടുകളില്‍ എന്റെ പേര് പതുങ്ങിയ ശബ്ദത്തില്‍ അടയാളപ്പെടുന്നതു ഞാന്‍ കണ്ടു. കാര്‍ വരാന്‍ വൈകുമെന്നു മനസ്സിലാക്കിയ ഞാന്‍ കവിസുഹൃത്തിനൊപ്പം സെല്‍ഫിയും എടുത്തശേഷം ആ യുവാവിനെ നോക്കി 'ദേ ഇപ്പോള്‍ വരാമേ' എന്നും പറഞ്ഞു. അയാള്‍ അവിടെ എന്നെത്തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ കരുതി അയാള്‍ക്ക് സെല്‍ഫിക്കു പോസ് ചെയ്യാനാണെന്ന്. പക്ഷേ, ആ യുവാവ് എന്നെ അതിശയിപ്പിച്ചു. അയാള്‍ എന്റെ നെറ്റിയിലെ വിയര്‍പ്പ് തുടച്ചെടുത്തിട്ട് 'ഇന്നത്തെ പ്രസംഗം നന്നായി' എന്നു പറഞ്ഞു. പേര് ചോദിച്ചപ്പോള്‍ ജാഷിം എന്നും പറഞ്ഞു. പിന്നീട് പലപ്പോഴും ജോലിക്കു പോകുമ്പോഴും ലൈബ്രറിയില്‍, പാര്‍ട്ടി ഓഫീസില്‍, പൊതുപരിപാടികളില്‍ ഒക്കെ ഏതോ നിയോഗം പോലെ ഞങ്ങള്‍ കണ്ടുമുട്ടി. ഒരു മഴയുള്ള ഒരു സന്ധ്യയില്‍ ടാക്സി വിളിക്കാന്‍ ഫോണില്‍ ചാര്‍ജ് ഇല്ലാതിരുന്നപ്പോള്‍ ജാഷിമിന്റെ ടു വീലറില്‍ മുതുവറയിലെ വീട്ടില്‍ എന്നെ കൊണ്ടാക്കി. പിന്നെ ഞങ്ങള്‍ തമ്മില്‍ നല്ല സുഹൃത്തുക്കളായി എന്നുവേണം പറയാന്‍. പിന്നെപ്പിന്നെ യാത്രകള്‍ ഒരുമിച്ചായി. എന്തിനേറെ പറയുന്നു ഭക്ഷണം പോലും ഒരുമിച്ചായി.

ഒരിക്കല്‍ കിഡ്നിക്ക് അണുബാധ മൂര്‍ച്ഛിച്ചപ്പോള്‍ എന്നെയും കൊണ്ട് കോയമ്പത്തൂരിലെ വേല ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്താണ് കണ്ണൂരിലെ ആ ഐ.ടി. ഉദ്യോഗസ്ഥന്റെ കോള്‍ എന്റെ ഫോണിന്റെ വാതിലില്‍ വന്നു മുട്ടുന്നത്. ഫോണ്‍ എടുത്ത് സംസാരിക്കാനുള്ള മാനസികനിലയില്‍ അല്ലായിരുന്നു ഞാന്‍. ഫോണ്‍ എടുത്തത് ജാഷിമായിരുന്നു. മല്ലിക കുളിക്കുകയാണ് എന്നും പറഞ്ഞു ഫോണ്‍ വെച്ച ജാഷിമെന്നോട് ''ഇനി ആരെയും വിവാഹം കഴിക്കണ്ട, മല്ലികയെ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു'' എന്ന് പറഞ്ഞു. ബസ്സിന്റെ ബ്രേക്ക് ഒന്നുമല്ല. ഞാനാകെ ഞെട്ടിത്തരിച്ചു. എന്തോ, അതുവരെ എനിക്ക് അതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല... ഞാന്‍ ഓര്‍ത്തു.

''ഞാന്‍ വിവാഹം കഴിച്ചോട്ടെ മല്ലിക. രണ്ടു വര്‍ഷം സമയം തരൂ. ഞാന്‍ ഒന്ന് സെറ്റില്‍ ആകട്ടെ'' ജാഷിം വീണ്ടും പറഞ്ഞു. പിന്നീട് അങ്ങോട്ട് എന്റെ യാത്രകളില്‍ എപ്പോഴും ജാഷിം ഉണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ ചോദിച്ചു:  ''ഒരിക്കലും പ്രസവിക്കാത്ത എന്നെ വിവാഹം കഴിക്കണോ?''
''ഞാന്‍ മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചാല്‍ എനിക്ക് കുട്ടികള്‍ ഉണ്ടാകണം എന്ന നിര്‍ബന്ധം ഇല്ലല്ലോ മല്ലികേ'' എന്നാണ് എന്നോട് ചോദിച്ചത്.

ജാഷിമിന്റെ വീട്ടില്‍ ഞങ്ങളുടെ ബന്ധം വൈകാതെ തന്നെ അറിഞ്ഞു. അവിടെ വലിയ പുകിലുകള്‍ ഉണ്ടായി. ആണും പെണ്ണും കെട്ട ശാപം പിടിച്ച ശൈത്താനായ ഞാന്‍ മകനെ നശിപ്പിച്ചുകളയുമെന്ന ഭീതിയിലായിരുന്നു ആ ഉമ്മ. ഒരിക്കല്‍ ജാഷിമിന്റെ ഫോണിലൂടെ ഞാന്‍ ആ ഉമ്മയോട് എന്റെ നിലപാട് വളരെ വ്യക്തമായിത്തന്നെ അറിയിച്ചു. പക്ഷേ, ജാഷിം വിവാഹത്തില്‍നിന്നും പിന്മാറാന്‍ തയ്യാറായില്ല. ഒടുവില്‍ വീട്ടിലെ പ്രശ്നങ്ങള്‍ക്ക് അറുതി വരുത്തുവാനായി ഞങ്ങള്‍ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നാകാന്‍ തീരുമാനിച്ചു. പക്ഷേ രണ്ടുപേര്‍ക്കും ആയില്ല. സന്ധികളുടെ ലംഘനങ്ങള്‍ ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചു. ഞങ്ങളുടെ രഹസ്യ സംഗമങ്ങളില്‍  ഞങ്ങളുടെ വസ്ത്രങ്ങളുടെ നിറങ്ങള്‍ വരെയും വീട്ടിലെ ചര്‍ച്ചകളില്‍ എത്തുന്നതറിഞ്ഞ ജാഷിം എന്നോട് അല്പം കരുതലോടെ ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏതായാലും തിരൂര്‍ മലയാളം യൂണിവേഴ്സിറ്റിയില്‍ വെച്ച് 'ആണ്‍നദി'യുടെ പ്രകാശന ദിവസം ഓര്‍ക്കാതിരിക്കാനാവില്ല. ജീവിതത്തിന്റെ പുതിയ വഴിത്താരകള്‍ തുറന്ന ദിവസം.

അന്ന്  മണ്ണുത്തിയിലെ വീട്ടില്‍നിന്നും വണ്ടിപിടിച്ചു വന്ന ജാഷിമിന്റെ ഉമ്മയും അയല്‍വീട്ടിലെ ചേട്ടനും സഹോദരനുംകൂടി ബലമായി വണ്ടിയില്‍ കയറ്റി വീട്ടില്‍ കൊണ്ടുപോയി. പുസ്തക പ്രകാശന ചടങ്ങുകള്‍ക്കുശേഷം തിരൂര്‍ മലയാളം സര്‍വ്വകലാശാലയിലെ സുഹൃത്തുക്കളേയും പൊന്നാനിയിലെ അടുത്ത സുഹൃത്തായ ഒരു ചിത്രകാരനേയും കൂട്ടി ഞാന്‍ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് എസ്.ഐയ്ക്ക് പരാതി നല്‍കി. അപ്പോഴേക്കും ജാഷിം വീട്ടിലെ ഭീഷണികള്‍ വകവെയ്ക്കാതെ വീട്ടില്‍നിന്നും ഇറങ്ങി. എന്നാല്‍ ആര്‍ക്കും ഇന്നും അറിയില്ല ഇതിനിടയില്‍ ചിലര്‍ അവരുടെ വീട്ടില്‍ ചില മുതലെടുപ്പുകള്‍ നടത്തി. ജാഷിമിന്റെ ഒരു അകന്ന ബന്ധു വിളിച്ചുപറഞ്ഞു ജാഷിം അവരുടെ മകന്‍ അല്ല എന്ന് എഴുതി നല്‍കണമെന്ന്. സത്യത്തില്‍ വീട്ടുകാര്‍ അല്ലേ ജാഷിം അവരുടെ മകന്‍ അല്ല എന്നു പറയേണ്ടത്. അവരെ ഞങ്ങള്‍ രണ്ടുപേരും കുറ്റം പറയില്ല. കാരണം ലോകം ഇനിയും മാറിയിട്ടില്ലല്ലോ.

വിജയരാജമല്ലികയായി മാറുന്നതിന് മുൻപ്
മനു ജെ ക‌ൃഷ്ണൻ

ഞങ്ങളുടെ വിവാഹം മറ്റു വിവാഹങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നു. പലരും പറയാറുണ്ട് പാര്‍ട്ടിക്കല്യാണം എന്നൊക്കെ. പക്ഷേ, അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളുടേത് രക്തഹാരമണിഞ്ഞുകൊണ്ടൊരു വിവാഹമായിരുന്നു. ഒരുമിച്ചു ജീവിക്കാന്‍ വിവാഹം അനിവാര്യമോ എന്ന് ചോദിക്കുന്നവര്‍ ഉണ്ട്. എന്റെ ഭര്‍ത്തൃസങ്കല്പങ്ങള്‍ ഒക്കെ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഉയരം, പ്രായം, ജെന്‍ഡര്‍ എന്നീ മൂന്ന് ഘടകങ്ങളില്‍ ഞങ്ങളുടെ വിവാഹം വേറിട്ട് നില്‍ക്കുന്നു. ഞാന്‍ വിവാഹം ചെയ്ത ജാഷിം പെണ്ണായി ജനിച്ചു ആണായി മാറിയ, Female to Male ആയ ഒരു ട്രാന്‍സ്ജെന്‍ഡറാണെന്നു അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ എനിക്ക് തിരി പിടിച്ചു തന്നത് ഈ പറഞ്ഞവര്‍ ആരുമായിരുന്നില്ലല്ലോ. സോഷ്യല്‍ മീഡിയയില്‍ അടക്കം വന്ന ഒരു കമന്റുകള്‍ക്കും ഞങ്ങള്‍ കാതു കൊടുത്തില്ല. ഞങ്ങള്‍ക്ക് ഒരുമിച്ചു ജീവിക്കണമായിരുന്നു.
ഞങ്ങള്‍ക്ക് ഞങ്ങളുടെ ചിറകില്‍ നല്ല വിശ്വാസമുണ്ട്. ജോലി ചെയ്തും അദ്ധ്വാനിച്ചുമേ ജീവിക്കൂ എന്നും തീരുമാനിച്ചുറപ്പിച്ചവരാണ്.
വര്‍ഗ്ഗീയവാദികളോട് പറയട്ടെ, ഞങ്ങള്‍ മതം മാറുന്നില്ല. ഒരു മതത്തേയും നിന്ദിക്കുന്നുമില്ല. എല്ലാവരോടും ഞങ്ങള്‍ക്ക് സ്നേഹം മാത്രം.

ഒരു സ്വപ്നം

നാളെ ഞങ്ങളുടെ പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി എന്റെ മണ്ണില്‍ ഒരു ഗ്രന്ഥപ്പുര പണിയണം. അവിടെ ആയിരക്കണക്കിനു പ്രണയ കവിതാ പുസ്തകങ്ങളുടെ വലിയ ഡാറ്റാബേസ് ഉണ്ടാകണം. ഉമ്മറത്തിണ്ണയില്‍ ഒരു ഗ്രാമഫോണും ചില റെക്കോര്‍ഡുകളും; മുറ്റത്തോ, നിറയെ  വസന്തങ്ങളില്‍ ചുവന്നുതുടിക്കുന്ന രാജമല്ലികള്‍. ആ ആഗ്രഹവും ഒരു സ്വപ്നമായി അവശേഷിപ്പിക്കാന്‍  കാലം അനുവദിക്കില്ല എന്ന നല്ല ഉറപ്പുണ്ട്. ഒന്നുകൂടി പറയട്ടെ... ധൈര്യമായി ജീവിക്കുക. സ്വന്തം ശരീരത്തിന്റെ സാദ്ധ്യതകളും പരിമിതികളും തിരിച്ചറിയുക. ആരേയും പേടിക്കാതിരിക്കുക. പ്രവൃത്തിയില്‍ സത്യമുണ്ടോ, നിങ്ങള്‍ക്ക് വിജയം ഉറപ്പ്. നന്മയുള്ള മനുഷ്യരായി വളരൂ. വെറും ആണും പെണ്ണുമാകാതെ.

(ഗ്രീന്‍ ബുക്‌സ്, അടുത്തുതന്നെ പുറത്തിറക്കുന്ന 'മല്ലികാവസന്തം' എന്ന ആത്മകഥയില്‍ നിന്നുള്ള ഭാഗം)

വിജയരാജമല്ലിക: കവി, സാമൂഹിക പ്രവര്‍ത്തക. തൃശൂര്‍ ജില്ലയിലെ മുതുവറയില്‍ ജനനം. പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം. 2005-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് രണ്ടാംറാങ്കോടെ ഇംഗ്ലീഷ് & ഹിസ്റ്ററി (ഡബിള്‍ മെയിന്‍ ബിരുദം). 2009-ല്‍ ഫസ്റ്റ് ക്ലാസ്സോടെ രാജഗിരി കോളേജില്‍ എം.എസ്.ഡബ്ല്യു. 2016-ലെ അരളി പുരസ്‌കാരം, 2019-ലെ യുവകലാസാഹിതി വയലാര്‍ കവിതാ പുരസ്‌കാരം എന്നിവ നേടി. മലയാളഭാഷയില്‍ ആദ്യമായി അടയാളപ്പെടുത്തിയ ട്രാന്‍സ്ജെന്‍ഡര്‍ കവി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com