'ഇന്ത്യന്‍ മുസ്ലിം ഹിന്ദുവിന്റെ ഭാഗം; പിണറായി നല്ലത് ചെയ്താൽ നല്ലത് പറയും'- കെമാല്‍ പാഷ

ഭരണഘടനയുടെ മതേതരഘടനയെ കീഴ്മേല്‍ മറിച്ചതാണ് പൗരത്വനിയമത്തിലെ ഇപ്പോഴത്തെ ഭേദഗതി- ജസ്റ്റിസ് കെമാൽ പാഷ സംസാരിക്കുന്നു
റിട്ട. ജസ്റ്റിസ് ബി കെമാൽ പാഷ
റിട്ട. ജസ്റ്റിസ് ബി കെമാൽ പാഷ

വിട്ടുവീഴ്ചയില്ലാതെ നീതിയുടെ പക്ഷത്തു നില്‍ക്കുന്ന നിരവധി വിധികളാണ് വിവിധ കോടതികളില്‍ ജുഡീഷ്യറിയുടെ ഭാഗമായിരിക്കെ ജസ്റ്റിസ് ബി. കെമാല്‍ പാഷയെ ശ്രദ്ധേയനാക്കിയത്. ഹൈക്കോടതി ജഡ്ജിയായി വിരമിച്ചശേഷം സാമൂഹിക ജീവിതത്തില്‍ അദ്ദേഹം നടത്തുന്ന സജീവ ഇടപെടലുകള്‍ ഭരണാധികാരികളെ അലോസരപ്പെടുത്തുന്നവിധം മൂര്‍ച്ചയുള്ളതായി. നിയമവിരുദ്ധമായി കുറ്റവാളികളോടു വിട്ടുവീഴ്ച ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തിനും പൊലീസിനും നേര്‍ക്ക് നിയമസംവിധാനത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തി ജസ്റ്റിസ് കെമാല്‍ പാഷ ദാക്ഷിണ്യമില്ലാതെ വിരല്‍ചൂണ്ടിക്കൊണ്ടേയിരിക്കുന്നു. വര്‍ഗ്ഗീയതയ്ക്കും സ്വന്തം സമുദായത്തിലെ യാഥാസ്ഥിതികര്‍ക്കും സ്ത്രീവിരുദ്ധര്‍ക്കുമെതിരെയാണ് അദ്ദേഹത്തിന്റെ മറ്റൊരു പോര്‍മുഖം. ഭരണഘടനയുടെ മതേതരഘടനയെ കീഴ്മേല്‍ മറിച്ചതാണ് പൗരത്വനിയമത്തിലെ ഇപ്പോഴത്തെ ഭേദഗതിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സ്വന്തം രാഷ്ട്രീയം മുതല്‍ കേരളവും കേന്ദ്രവും ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളോടുള്ള നിലപാടുവരെ; അഭിഭാഷകര്‍ മജിസ്ട്രേട്ടിനെ തടഞ്ഞുവയ്ക്കുന്ന അസാധാരണ സ്ഥിതി മുതല്‍ വിരമിച്ചശേഷം ജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ സ്വീകരിക്കുന്നതിലെ അനൗചിത്യം വരെ.

താങ്കള്‍ക്കു നല്‍കിയിരുന്ന പൊലീസ് സുരക്ഷ പെട്ടെന്നൊരു ദിവസം പിന്‍വലിച്ചതിനു പിന്നില്‍ എന്താണ്? സര്‍ക്കാരിനും പൊലീസിനുമെതിരായ വിമര്‍ശനങ്ങളാണോ പ്രകോപനം?

അങ്ങനെ വിശ്വസിക്കാനേ പറ്റുന്നുള്ളു. പൊലീസ് അസോസിയേഷന്റെ കണ്ണിലെ കരടായി ഞാന്‍ മാറിയെന്നാണ് മനസ്സിലാകുന്നത്. പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഒരുപാട് അതിക്രമങ്ങള്‍ തുറന്നുപറഞ്ഞല്ലോ. യഥാര്‍ത്ഥത്തില്‍ അതു പൊലീസുകാരുടെ വീഴ്ചയല്ല; ഗവണ്‍മെന്റ് അവരെക്കൊണ്ട് ചെയ്യിക്കുകയും ചെയ്യിക്കാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. ഒരു പോസിറ്റീവ് ആക്റ്റ് നിര്‍ദ്ദേശം നല്‍കി ചെയ്യിച്ചാല്‍ അതൊരു പോസിറ്റീവ് ആക്റ്റാണ്. ഒന്നും ചെയ്യേണ്ട എന്ന രീതിയില്‍ അനങ്ങുന്നില്ലെങ്കില്‍ അതു വീഴ്ചയാണ്. പൊലീസ് പല കാര്യങ്ങളിലും സ്വാധീനിക്കപ്പെടുകയാണ്. അങ്ങനെ വരുമ്പോള്‍, രാഷ്ട്രീയക്കാരുടേയും മറ്റു തല്പര കക്ഷികളുടേയുമൊക്കെ കയ്യിലെ ചട്ടുകമായി മാറുമ്പോള്‍ അവര്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തില്ല, ക്രമസമാധാനം വേണ്ട രീതിയില്‍ നോക്കില്ല. അങ്ങനെയുള്ള കാഴ്ചപ്പാടും കാര്യങ്ങളും വരും. ഇപ്പോഴീ വാളയാര്‍ സംഭവത്തില്‍ ഞാന്‍ ശക്തിയായി പ്രതികരിച്ചു. പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒന്‍പത് വയസ്സുള്ള ഒരു കുട്ടി പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധം നടത്തി എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറയുകയാണ്. സാമാന്യബുദ്ധിയുള്ള ആരും പറയാത്ത കാര്യമാണ്. അതുകൊണ്ട് അതിനു നിരക്കാത്തതാണ്, അയാളെ സര്‍വ്വീസില്‍ വച്ചുകൊണ്ടിരിക്കാന്‍ കൊള്ളില്ല എന്നു ഞാന്‍ പറഞ്ഞു. ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതൊക്കെ പൊലീസ് അസോസിയേഷനെ കുറേ ചൊടിപ്പിച്ചു എന്നുള്ളത് ശരിയാണ്. പിന്നെ, മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവം. മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചപ്പോള്‍ ഞാന്‍ ശക്തിയായിട്ടുതന്നെ പ്രതികരിച്ചു. നമ്മുടെ ഭരണഘടനയുടെ 21-ാം അനുച്ഛേദമനുസരിച്ച് ഒരു വ്യക്തിയുടേയും ജീവനോ സ്വാതന്ത്ര്യമോ നിയമപരമായി ശരിയായ നടപടിക്രമങ്ങളിലൂടെയല്ലാതെ ഇല്ലാതാക്കാന്‍ പാടില്ല. വെടിവച്ചുകൊല്ലുക എന്നത് ഇന്ത്യന്‍ പീനല്‍കോഡ് അനുവദിച്ചിരിക്കുന്ന ശിക്ഷാവിധിയുമല്ല. മാത്രമല്ല, ഒരാളെ വിചാരണ നടത്തി കുറ്റക്കാരനാണ് എന്നു കണ്ടെത്തുകയും അര്‍ഹമായ ശിക്ഷ നല്‍കുകയും ചെയ്യാനാണ് നമ്മുടെ നിയമം അനുശാസിക്കുന്നത്. അതിനു പകരം കാണുമ്പോള്‍ത്തന്നെ വെടിവച്ചു കൊല്ലാന്‍ പാടില്ല.

പൊലീസിനെ ആക്രമിക്കാന്‍ വരികയോ അല്ലെങ്കില്‍ അവര്‍ അത്രത്തോളം ഉപദ്രവകാരികളാണെങ്കിലോ ചെയ്യാം. പക്ഷേ, ഈ സംഭവത്തില്‍ അങ്ങനെയൊന്നും കണ്ടില്ല. തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരാണെന്നു പറയപ്പെടുന്ന രണ്ടു കുട്ടികളെ അറസ്റ്റ് ചെയ്തു. ലഘുലേഖകളെന്തോ കൈവശം വച്ചു എന്നതാണ് അവരുടെ കുറ്റം. അതിന് ആ കുട്ടികളില്‍ യു.എ.പി.എ ചുമത്തിയപ്പോള്‍ അതിനും ഞാന്‍ പ്രതികരിച്ചു. കാരണം, നമുക്ക് ആശയങ്ങളാകാം. പക്ഷേ, ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. മാവോയിസ്റ്റ് എന്നത് യു.എ.പി.എ അനുസരിച്ച് ഒരു ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതില്‍ അംഗമാകുക, അതിന്റെ പ്രവര്‍ത്തനങ്ങളുമായി നടക്കുക എന്നതു ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. അതിലൊന്നും എനിക്കു വിയോജിപ്പില്ല. മാവോയിസ്റ്റുകളെ എനിക്ക് ഇഷ്ടവുമല്ല. അവര്‍ അമര്‍ച്ച ചെയ്യപ്പെടേണ്ടവര്‍ തന്നെയാണ്; നിയമം അതാണ് പറയുന്നത്. പക്ഷേ, ആശയമാകാം. ആ ആശയം കൊണ്ടുനടന്നു പ്രചരിപ്പിക്കുകയും അതിലേയ്ക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ മാത്രമേ കുറ്റകരമാകുന്നുള്ളു. ആശയമാകരുത് എന്നു പറഞ്ഞാല്‍ നമുക്കു കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കില്ല. ലഘുലേഖ കയ്യില്‍ കിട്ടിയാല്‍ നമ്മളും വായിക്കില്ലേ? നമുക്കു കൊള്ളാത്തതാണെങ്കില്‍ കളയും. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആശയം കൊള്ളാം എന്നു തോന്നിയാല്‍പ്പോലും മനസ്സിലിരിക്കണം, വെളിയിലേയ്ക്കു വരാന്‍ പാടില്ല. അതേസമയം, നമുക്കെന്ത് ആശയമാകാം എന്നും നാമെന്തു ചിന്തിക്കണം എന്നും മറ്റാളുകള്‍ ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്യാന്‍ പാടില്ല. ഞാന്‍ ഭയപ്പെടുന്ന ഒരു കാര്യമായി ഇടയ്ക്കു തമാശയായിട്ടാണെങ്കിലും പറയാറുള്ളത് നമ്മള്‍ എന്തു സ്വപ്നം കാണണം എന്ന് ഇനി മറ്റുള്ളവര്‍ തീരുമാനിക്കും എന്നാണ്. അങ്ങനെയുള്ള കാഴ്ചപ്പാട് ശരിയല്ല എന്ന തരത്തില്‍ ഞാന്‍ സംസാരിച്ചപ്പോള്‍ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകാം. അതുകൊണ്ട് അവരുടെ സ്വാധീനം ഉപയോഗിച്ചാണ് സുരക്ഷ പിന്‍വലിച്ചത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷേ, തങ്ങളാരും മനസ്സറിഞ്ഞ കാര്യമല്ല എന്നാണ് പൊലീസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് എന്നെ വിളിച്ചുപറഞ്ഞത്. ഒരുപക്ഷേ, പ്രസിഡന്റ് ഇടപെട്ടിട്ടുണ്ടാകില്ല. എങ്കിലും അവരൊക്കെത്തന്നെയാണ് കാരണക്കാര്‍ എന്നാണ് ഞാനറിഞ്ഞത്. അതു തുറന്നു പറയുകയും ചെയ്തു. അവര്‍ക്കൊരു വാശിപോലെയായിരുന്നു. ഗവണ്‍മെന്റിനും അതില്‍ എതിര്‍പ്പുണ്ടാകില്ലായിരിക്കും. പൊലീസ് നല്ല കാര്യം ചെയ്താലും പറയാറുണ്ട്. കൂടത്തായി കൊലക്കേസ് പൊലീസ് വളരെ നല്ല രീതിയിലാണ് അന്വേഷിച്ചത്. അതിനെക്കുറിച്ചു ഞാന്‍ നല്ലതാണ് പറഞ്ഞത്. മോശം കാണുമ്പോള്‍ മോശമാണെന്നുതന്നെ പറയും. ഞാന്‍ ഇവരുടെയൊരു നല്ല സഹയാത്രികനായതുകൊണ്ടാണ് വിമര്‍ശിക്കുന്നത്. അത് അവര്‍ മനസ്സിലാക്കണം. തെറ്റു കണ്ടാല്‍ പറയുന്നതാണ് യഥാര്‍ത്ഥ സുഹൃത്ത്; എപ്പോഴും പുകഴ്ത്തിക്കൊണ്ടിരിക്കുന്നവര്‍ അല്ല. ഈ തെറ്റുകള്‍ ഞാന്‍ വിളിച്ചുപറയുന്നതു വിമര്‍ശനങ്ങളെ ശരിയായിക്കണ്ട് അവര്‍ നന്നാകാനാണ്. അല്ലാതെ അവരെ ഉപദ്രവിക്കാനോ ചീത്തയാക്കാനോ അല്ല. എനിക്ക് രാഷ്ട്രീയമൊന്നുമില്ല. എനിക്ക് ഈ രാഷ്ട്രീയപ്പാര്‍ട്ടികളെ താഴെയിറക്കണമെന്നോ മറ്റാരെയെങ്കിലും മുകളില്‍ കയറ്റണമെന്നോ ഇല്ല. അതൊന്നും എന്റെ വിഷയമല്ല. ജനങ്ങള്‍ക്കു നല്ലതു ചെയ്യണമെന്നേ എനിക്കുള്ളു. നല്ലതല്ലാത്തതു കണ്ടാല്‍ ഞാന്‍ വിമര്‍ശിക്കും.

കക്ഷിരാഷ്ട്രീയം ഇല്ല എന്നു പറയാന്‍ കഴിയുമെങ്കിലും രാഷ്ട്രീയമില്ലാതെ പറ്റുമോ? ആ അര്‍ത്ഥത്തില്‍ താങ്കളുടെ രാഷ്ട്രീയം എന്താണ്?

ഈ നീതികേടുകളും നിയമലംഘനങ്ങളുമൊക്കെ തുറന്നു പറയുന്നതും ചൂണ്ടിക്കാണിക്കുന്നതുമാണ് എന്റെ രാഷ്ട്രീയം. യഥാര്‍ത്ഥ രാഷ്ട്രീയം അതാണ്. രാഷ്ട്രീയം വേണ്ടെന്നു ഞാനൊരിക്കലും പറയില്ല. രാഷ്ട്രീയമില്ലെങ്കില്‍ ജനാധിപത്യ പ്രക്രിയ നടക്കില്ല. രാഷ്ട്രീയം വേണം. രാഷ്ട്രത്തെ സംബന്ധിക്കുന്നതാണ് രാഷ്ട്രീയം. രാഷ്ട്രത്തെ സംബന്ധിക്കുന്ന ഏതു നല്ല കാര്യവും നാം ചെയ്തുകൊണ്ടിരിക്കണം. അതുകൊണ്ട് രാഷ്ട്രീയമില്ല എന്നു പറയാന്‍ പറ്റില്ല; അതാണ് എന്റെ രാഷ്ട്രീയം. ഇങ്ങനെ വിമര്‍ശിക്കുക, നല്ല രീതിയില്‍ നടക്കാന്‍ ആളുകളെ പ്രേരിപ്പിക്കുക ഇതെല്ലാം എന്റെ രാഷ്ട്രീയമാണ്. പിന്നെ, കമ്യൂണിസ്റ്റു പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ നമ്മുടെ നാടിന് അത്യന്താപേക്ഷിതമാണ് എന്നാണ് ഞാന്‍ കരുതുന്നത്. കേരളത്തിന്റെ നവോത്ഥാനത്തിനുവേണ്ടിയും ഉച്ചനീചത്വങ്ങള്‍ക്ക് എതിരേയും സവര്‍ണ്ണ മേധാവിത്വത്തിന് എതിരേയും ഒരുപാട് പണിപ്പെട്ട പാര്‍ട്ടിയാണ്. അവരൊരു കറക്ടീവ് ഫോഴ്സാണ്. കച്ചവടരാഷ്ട്രീയം മാറ്റിയിട്ട് ശരിയായ രാഷ്ട്രീയം നടത്തുകയാണെങ്കില്‍ അവരൊരു തിരുത്തല്‍ ശക്തിയായി ഇവിടെ വേണം.

സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം താങ്കളുടെ ഉറച്ച നിലപാടുകള്‍ മനസ്സിലാക്കി കൂടെക്കൂട്ടാന്‍ ആഗ്രഹിക്കുകയും അതിനു സമീപിക്കുകയും ചെയ്തു എന്നത് ശരിയാണോ?

അയ്യോ കഷ്ടം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ചു പഠിച്ചവരാണ്. അദ്ദേഹത്തെ വ്യക്തിപരമായി എനിക്ക് ഇഷ്ടമാണ്. അത് അദ്ദേഹം കോണ്‍ഗ്രസ്സുകാരനായതുകൊണ്ടല്ല. എന്റെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ രമേശിനു കഴിയും എന്നാണ് എനിക്കു തോന്നുന്നത്. രമേശ് മുഖ്യമന്ത്രിയായാലും വിമര്‍ശിക്കേണ്ട സമയത്ത് ഞാന്‍ പറയും. അതു ശരിയായി ഉള്‍ക്കൊള്ളും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. അങ്ങനെയുള്ളവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍. പിണറായി വിജയനുമായി ഞാന്‍ ഒരുപാട് വേദികള്‍ പങ്കിട്ടിട്ടുണ്ട്. അദ്ദേഹത്തോട് എനിക്കു വിരോധമൊന്നുമില്ല. അദ്ദേഹം നല്ല കാര്യം ചെയ്താല്‍ നല്ലതാണെന്നു പറയും, വിമര്‍ശിക്കേണ്ടിവന്നാല്‍ വിമര്‍ശിക്കും. അതു നല്ല രീതിയില്‍ ഉള്‍ക്കൊള്ളണം എന്നേയുള്ളു. അല്ലാതെ കോണ്‍ഗ്രസ്സുമായി പ്രത്യേക അടുപ്പമൊന്നുമില്ല; അങ്ങനെയൊന്നുമില്ല.

വര്‍ഗ്ഗീയത വരുന്ന വഴി

പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയ തോതിലുള്ള ഭീതി പടരുന്നു. വ്യാപക പ്രക്ഷോഭങ്ങളും നടക്കുന്നു. മതേതരമായി ചിന്തിക്കുന്നവരൊക്കെ പരിഭ്രാന്തിയിലാണ്. ഈ ഭീതി അനാവശ്യമാണോ അതോ രാജ്യം നേരിടാന്‍ പോകുന്ന വലിയ ദുരന്തത്തിന്റെ മുന്നോടിയാണോ?

അനാവശ്യമായ പരിഭ്രാന്തിയൊന്നുമല്ല. 1955-ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ്. അതില്‍ ഒരു സമുദായത്തെ ഒഴിവാക്കിയതു വളരെ കഠിനമാണ്. വര്‍ഷങ്ങളായി പാക്കിസ്താനില്‍നിന്നും മറ്റും ഇവിടെ വന്നു ജീവിക്കുന്നവരുണ്ട്. ഇവിടെ കുടുംബവും കുട്ടികളുമൊക്കെയായി കുടുംബമായി ജീവിക്കുന്നവര്‍. തങ്ങളെ തിരിച്ചയച്ചാല്‍ അതിര്‍ത്തി കടക്കുമ്പോഴേ അവര്‍ വെടിവച്ചു കൊല്ലും എന്നാണ് ഇവര്‍ പറയുന്നത്. അതാണ് സാഹചര്യം. നമ്മുടെ ജനാധിപത്യ മൂല്യങ്ങളൊന്നും ഈ രാജ്യങ്ങളില്‍ ഇല്ല. പാകിസ്താനില്‍ ആര് ഭരിച്ചാലും അതു പട്ടാളഭരണം തന്നെയാണ്. അതു മനസ്സിലാക്കണം. അങ്ങോട്ട് ഇവരെ തിരിച്ചയച്ചാല്‍ അവര്‍ക്ക് അതിര്‍ത്തിക്കപ്പുറം ഒരു മിനിറ്റ് ജീവിച്ചിരിക്കാനാകില്ല. അവരെന്തു ചെയ്യും, മനുഷ്യജീവികളല്ലേ. മുസ്ലിങ്ങളായിപ്പോയി എന്നതുകൊണ്ട് അവര്‍ക്ക് അവകാശം നിഷേധിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതാണോ. ഇതു കാടത്തമാണെന്നേ പറയാന്‍ പറ്റുകയുള്ളു. ഇതു ശരിയല്ല. മനസ്സാക്ഷിക്കു വിരുദ്ധമാണ്. ഇവിടെനിന്നു തിരിച്ചയച്ചാല്‍ മറ്റു രാജ്യങ്ങളും സ്വീകരിക്കാത്ത സ്ഥിതിക്ക് ഇവര്‍ എങ്ങോട്ടു പോകും. ഹിറ്റ്ലറുടേതുപോലുള്ള കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ അസമിലൊക്കെ കെട്ടിപ്പൊക്കുന്നുണ്ട്. 25 അടി ഉയരത്തില്‍ മതില്‍, അതിനു മുകളില്‍ കമ്പി വേലി. പുറം ലോകവുമായി ഒരു ബന്ധവുമില്ല. അകത്ത് എന്താണ് നടക്കുന്നത് എന്നു പുറംലോകം അറിയില്ല. അതിനകത്ത് കൊണ്ടുചെന്നു തള്ളിയാല്‍ നരക തുല്യമായ ജീവിതം നയിക്കേണ്ടിവരും. മനുഷ്യജീവിയോട് 21-ാം നൂറ്റാണ്ടില്‍ ചെയ്യേണ്ടതാണോ ഇതെന്നു സമൂഹം ചിന്തിക്കണം. സര്‍ക്കാരോ ചിന്തിക്കുന്നില്ല, ജനങ്ങള്‍ ചിന്തിക്കണം.

ഈ വിവേചനം ഭൂരിപക്ഷ സമുദായത്തിന്റെ അംഗീകാരത്തോടെയല്ലല്ലോ. പക്ഷേ, ജനങ്ങളില്‍ ഭിന്നത വളരില്ലേ?

ശരിയായ രീതിക്കു മനസ്സിലാക്കിയാല്‍ ഇവിടുത്തെ ഹിന്ദുക്കളോ മറ്റേതെങ്കിലും സമുദായങ്ങളിലുള്ളവരോ ഒരിക്കലും ഇത് അംഗീകരിക്കുന്നില്ല എന്നു മനസ്സിലാകും. ഇതൊരിക്കലും ജനങ്ങളുടെ ഇച്ഛയല്ല. മൃഗീയ ഭൂരിപക്ഷം കിട്ടിയ ഒരു രാഷ്ട്രീയപ്പാര്‍ട്ടി കാട്ടിക്കൂട്ടുന്ന കാര്യങ്ങളായി മാത്രമേ ഇപ്പോള്‍ ഇതിനെ കാണാന്‍ പറ്റുകയുള്ളു. അതിലും എല്ലാവരും ഇതിനോടു യോജിക്കുന്നുണ്ടാകില്ല. വളരെ നല്ല മനസ്സുള്ള ആളുകള്‍ അവിടെയുമുണ്ട്. എനിക്കു ധാരാളമാളുകളെ അറിയാം. പക്ഷേ, നേതൃത്വത്തിലുള്ളവര്‍ ചെയ്തുകൂട്ടുന്നതിനെക്കുറിച്ചു ജനങ്ങള്‍ക്ക് അറിയില്ല. ഇത് ഇരുളടഞ്ഞ ഒരു കാലത്തേക്കുള്ള യാത്രയായിരിക്കും എന്നു ഞാന്‍ ഭയപ്പെടുന്നു. അത് ഒരു ഫാസിസ്റ്റ് സമീപനത്തിലേയ്ക്കു പോകും. ഭരണഘടനയുടെ മതേതര ഘടനയെ കീഴ്മേല്‍ മറിച്ചതാണ് ഈ നിയമം. മുസ്ലീങ്ങള്‍ ഭയപ്പെടേണ്ട എന്ന് അമിത് ഷാ പറഞ്ഞപ്പോള്‍ കപില്‍ സിബല്‍ പാര്‍ലമെന്റില്‍ ചോദിച്ചത് ഇവിടുത്തെ മുസ്ലിങ്ങള്‍ക്ക് എവിടുന്നഭയം എന്നാണ്. മുസ്ലിങ്ങള്‍ ഭയക്കുന്നില്ല എന്നും പറഞ്ഞു. എങ്കിലും ഒരുപാടാളുകള്‍ക്ക് ഭയമുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബാംഗങ്ങള്‍പോലും പൗരത്വ പട്ടികയ്ക്കു പുറത്താകുന്നതാണ് അസമില്‍ കണ്ടത്. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു. അസമില്‍ കെട്ടിപ്പൊക്കുന്ന ക്യാമ്പിന്റെ പണി ഏതാണ്ട് തീരാറായി. മഹാരാഷ്ട്രയില്‍ സ്ഥലമേറ്റെടുത്ത് പണി തുടങ്ങി. ഭാരതീയര്‍ എന്നതു നമുക്ക് അഭിമാനമാണ്. പക്ഷേ, മുസ്ലിമായതിന്റെ പേരില്‍ പുറത്താക്കുക എന്നതു സഹിക്കാനാകില്ല. അയല്‍രാജ്യങ്ങള്‍ നമ്മുടെ രാജ്യത്തെ എങ്ങനെ കാണും?

സംഘപരിവാറിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയ കാര്യപരിപാടികളെ ശരിയായി പ്രതിരോധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു കഴിയാതെ പോയതിന്റെ ദുരന്തം കൂടിയാണോ ഇത്?

സംഘപരിവാര്‍ എന്നൊന്നും പറഞ്ഞ് ഞാന്‍ അവരെ ആക്ഷേപിക്കാറില്ല. ചിലര്‍ സംഘികളെന്നൊക്കെ പറയും. ഞാന്‍ ആ വാക്ക് ഇന്നുവരെ ഉപയോഗിച്ചിട്ടില്ല, ഉപയോഗിക്കില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപാടാളുകളുണ്ട്. അവരെ നമ്മള്‍ അടച്ചാക്ഷേപിക്കാന്‍ പാടില്ല. ഹിന്ദുയിസം എന്നതു നമ്മുടെ ദേശീയ കാഴ്ചപ്പാടാണ്, ദേശീയതയാണ് അത്; നമ്മുടെ സംസ്‌കാരമാണ്. ഞാന്‍ ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ ആ സംസ്‌കാരം എനിക്കുണ്ട്. ഹിന്ദു ഭൂരിപക്ഷമുള്ള, പ്രത്യേകിച്ച് നായര്‍ സമുദായം കൂടുതലുള്ള ഒരു പ്രദേശത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. അവിടെ രണ്ടോ മൂന്നോ വീടുകള്‍ മാത്രമേ മുസ്ലിങ്ങളുടേതായി ഉണ്ടായിരുന്നുള്ളു. എന്റെ ഉമ്മാ ഉപയോഗിച്ചിരുന്നത് മുണ്ടും നേര്യതുമാണ്. അവര്‍ സസ്യഭുക്ക് ആയിരുന്നു. മുട്ട പോലും കഴിക്കില്ല. ഞങ്ങളാരും ബീഫൊന്നും ഇവിടെ വാങ്ങാറില്ല, കഴിക്കാറില്ല. ബീഫ് കഴിക്കുന്നത് ആക്ഷേപമായതുകൊണ്ടല്ല. എനിക്കു മനംപിരട്ടലാണ്. വല്ലപ്പോഴും ചിക്കന്‍ കഴിക്കുമെന്നല്ലാതെ മട്ടണും കഴിക്കാറില്ല. അങ്ങനെ വരുമ്പോള്‍ ഹിന്ദുക്കളുടെ ചില രീതികളൊക്കെ നമ്മളിലും കടന്നുകൂടിയിട്ടുണ്ട്. നമ്മള്‍ ഒരു മുസ്ലിമായിരിക്കുമ്പോള്‍ത്തന്നെ ഹിന്ദുവുമാണ്. അവരുടെ സംസ്‌കാരം എന്റെ രക്തത്തിലുള്ളതാണ്. ഒരു ഇന്ത്യന്‍ മുസ്ലിം ഒരു ഹിന്ദുവല്ല എന്നു ഞാനൊരിക്കലും പറയില്ല. ഇന്ത്യന്‍ മുസ്ലിം ഹിന്ദുവിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ടാണ് വേര്‍തിരിച്ചു കാണരുത് എന്നു പറയുന്നത്; ഒറ്റപ്പെടുത്തരുതെന്നും വിവേചനം പാടില്ലെന്നും പറയുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകരും നാടിനുവേണ്ടി, ജനങ്ങള്‍ക്കുവേണ്ടി ഒരുപാടു കാര്യങ്ങള്‍ ചെയ്യുന്നവരാണ്. മുസ്ലിങ്ങള്‍ ഇവിടെ വേണ്ടാ എന്നു പറയുന്ന രോഗമുള്ളവര്‍ വളരെ കുറവാണ്. പക്ഷേ, അതിനെ ചെറുത്തുനില്‍ക്കാന്‍ പറ്റുന്നുണ്ടോ എന്നു ചോദിച്ചാല്‍, മനസ്സിലുള്ള ആ വികാരം മാറണം. എന്താണ് ഇസ്ലാം, എന്താണ് ഹിന്ദു എന്നൊക്കെ ശരിയായി മനസ്സിലാക്കിയാല്‍ അവര്‍ക്ക് ഒരിക്കലും ഈ വൈരാഗ്യം മനസ്സില്‍ കൊണ്ടുനടക്കാന്‍ കഴിയില്ല. ഇസ്ലാമെന്നു പറയുന്നത് സാഹോദര്യമാണ്. എല്ലാ മതങ്ങളേയും ഒരുപോലെ കാണാനാണ് പഠിപ്പിക്കുന്നത്.

പക്ഷേ, വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നവര്‍ അവരുടെ കൂട്ടത്തിലും എങ്ങനെ കടന്നുകൂടുന്നു?

ഇതിന്റെ കുഴപ്പം എന്താണെന്നു വച്ചാല്‍, ചില പുരോഹിതവൃന്ദങ്ങള്‍ ചിലപ്പോള്‍ പറയും, ഇതാണ് ഏറ്റവും വലുത്. അത് കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഈര്‍ഷ്യ തോന്നില്ലേ. മനുഷ്യന്റെ മനസ്സല്ലേ. അങ്ങനൊന്നും പറയാന്‍ പാടില്ല. എല്ലാ മതങ്ങളേയും ഒരുപോലെ കാണാനും സ്‌നേഹിക്കാനുമാണ് ഇസ്ലാം പഠിപ്പിച്ചത്. ബാപ്പയും ഉമ്മയും നഷ്ടപ്പെട്ട മുഹമ്മദ് നബിയെ കൊച്ചാപ്പ ആണ് വളര്‍ത്തിയത്. അദ്ദേഹം മുസ്ലിമായില്ല, ഇസ്ലാം സ്വീകരിച്ചില്ല. അദ്ദേഹവുമായി മരിക്കുന്നതുവരെ പ്രവാചകന്‍ ഏറ്റവും അടുത്ത ബന്ധത്തിലായിരുന്നു. ആ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോഴുള്ളവര്‍ എന്തുചെയ്യും. തെറ്റായ കാഴ്ചപ്പാടുകള്‍ മാറ്റണം. മദീനയിലേയ്ക്കു പലായനം ചെയ്ത നബിയെ എതിരേറ്റവരില്‍ ബഹുഭൂരിപക്ഷവും ഇതര മതസ്ഥരായിരുന്നു. ഈ പള്ളി ഒരു സാംസ്‌കാരിക കേന്ദ്രമാണ് എന്നും അവിടെ സ്ത്രീകളുള്‍പ്പെടെ എല്ലാ മതസ്ഥര്‍ക്കും കയറാം എന്നുമുള്ള കരാറാണ് അദ്ദേഹം ആദ്യമുണ്ടാക്കിയത്. എല്ലാ മതങ്ങളേയും ഒരുപോലെ ബഹുമാനിക്കണം. ഇഷ്ടമുള്ള മതങ്ങളില്‍ ഓരോരുത്തര്‍ക്കും വിശ്വസിക്കാം. അതൊരു ഉടമ്പടിയായി എഴുതിവച്ചത് ഇപ്പോഴുമുണ്ട്. ബാഗ്ദാദ് മ്യൂസിയത്തിലാണ് അതിന്റെ ഒറിജിനല്‍ ഉണ്ടായിരുന്നത്. നമ്മള്‍ കാണേണ്ടതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അദ്ദേഹത്തെ പിന്‍പറ്റി ജീവിക്കുന്നവര്‍ക്ക് ഇതിനു വിരുദ്ധമായ ഇടുങ്ങിയ കാഴ്ചപ്പാടുണ്ടെങ്കില്‍ അവര്‍ യഥാര്‍ത്ഥ മുസ്ലിങ്ങളാകുമോ. ഖുര്‍ആനില്‍ ഒരു ചെറിയ അധ്യായം തന്നെയുണ്ട്. അതില്‍ പറയുന്നത് ഇങ്ങനെയാണ്: ''നിങ്ങള്‍ നിങ്ങളുടെ മതത്തില്‍ വിശ്വസിക്കുന്നു, ഞാന്‍ എന്റെ മതത്തില്‍ വിശ്വസിക്കുന്നു; നിങ്ങള്‍ക്ക് എന്റെ മതത്തില്‍ വിശ്വസിക്കാന്‍ സാധിക്കുന്നതല്ല; അതുപോലെതന്നെ എനിക്കു നിങ്ങളുടെ മതത്തിലും വിശ്വസിക്കാന്‍ സാധിക്കുന്നതല്ല. നിങ്ങള്‍ക്കു നിങ്ങളുടെ മതം, എനിക്ക് എന്റെ മതം.''

ജുഡീഷ്യറിയില്‍ സംഭവിക്കുന്നത്?

ഇഷ്ടമില്ലാത്ത വിധി പ്രസ്താവിക്കുന്ന മജിസ്ട്രേട്ടിനെ അഭിഭാഷകര്‍ തടഞ്ഞുവയ്ക്കുന്നതുള്‍പ്പെടെ അസാധാരണ സംഭവങ്ങള്‍ നീതിന്യായ മേഖലയുടെ വിശ്വാസ്യതയെ ബാധിക്കില്ലേ?

അഭിഭാഷക സമൂഹം നീതിന്യായ വ്യവസ്ഥയുടെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഭാഗമാണ്. അവരും ജഡ്ജിമാരും ഒരു നാണയത്തിന്റെ ഇരുവശങ്ങളുമാണ്. അത് എപ്പോഴും ഒത്തൊരുമിച്ചു പോയാലേ നീതിനിര്‍വ്വഹണം ശരിയായി നടക്കുകയുള്ളൂ. അവര്‍ തമ്മിലൊരു കല്ലുകടി വന്നുകഴിഞ്ഞാല്‍ അതു നീതിനിര്‍വ്വഹണത്തിനു വലിയ പ്രശ്‌നമാണ്. അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്‌കരിക്കുന്നത് ശരിയായ കാര്യമല്ല. പാവപ്പെട്ട കക്ഷികളുടെ കയ്യില്‍നിന്നു ഫീസ് വാങ്ങുന്നവരാണ് അവര്‍. കോടതി ബഹിഷ്‌കരിക്കുക എന്നാല്‍, ആ കക്ഷികള്‍ക്കു നീതി നിഷേധിക്കുക എന്നാണ് അര്‍ത്ഥം. അങ്ങനെ വരുമ്പോള്‍, ഇതേപോലുള്ള കാര്യങ്ങള്‍ അതായത് ഒരു ഉത്തരവ് എതിരായിപ്പോയാല്‍ അല്ലെങ്കില്‍ തെറ്റായിപ്പോയാല്‍ ആ രീതിയില്‍ അവര്‍ പ്രതികരിക്കാന്‍ പാടില്ല. നല്ല രീതിയിലേ പ്രതികരിക്കാവൂ.

അപ്പീല്‍ കോടതി ഉള്‍പ്പെടെ മേല്‍ക്കോടതികള്‍ ഉണ്ട്. ആ ജുഡീഷ്യല്‍ ഓഫീസര്‍ക്കെതിരെ പരാതി ഉണ്ടെങ്കില്‍ ഹൈക്കോടതിയിലെ വിജിലന്‍സ് വിഭാഗത്തിനു പരാതി നല്‍കാം. അത് അന്വേഷിച്ച് വേണ്ട നടപടിയെടുക്കും. അതിനുപകരം നിയമം കയ്യിലെടുക്കുന്നത്, പ്രത്യേകിച്ച് അഭിഭാഷകര്‍ അങ്ങനെ ചെയ്യുന്നത് ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത് അവര്‍ക്ക് അബദ്ധം പറ്റിയതാണ് എന്നാണെനിക്കു തോന്നുന്നത്. പെട്ടെന്നു വൈകാരികമായി പ്രതികരിക്കുന്ന ചില യുവ അഭിഭാഷകരുണ്ട്. ലോക്കോളേജില്‍നിന്നു വരുന്ന ആ പെരുമാറ്റം തന്നെയായിരിക്കും അവര്‍ തുടരുന്നത്. അവര്‍ക്കു പ്രത്യേകിച്ചു പ്രശ്‌നമൊന്നുമില്ല. ശരിയായ ശീലമുള്ള ഒരു അഭിഭാഷകന്‍ അങ്ങനെ ചെയ്യില്ല. കെ.പി. ജയചന്ദ്രനാണ് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്. എന്റെ സുഹൃത്താണ്, വര്‍ഷങ്ങളായി അറിയാം. വളരെ വിവേകപൂര്‍വ്വം ചിന്തിക്കുകയും സമാധാനപൂര്‍വ്വം പെരുമാറുകയും ചെയ്യുന്ന ഒരാളായിട്ടേ ഞാന്‍ കണ്ടിട്ടുള്ളൂ. പക്ഷേ, ഇതില്‍ എന്തു പറ്റിപ്പോയി എന്ന് അറിയില്ല. അദ്ദേഹമൊക്കെത്തന്നെ അവരെ കറക്റ്റ് ചെയ്തതായി മനസ്സിലായി. മനുഷ്യനല്ലേ, തെറ്റുകള്‍ സഹജമാണ്. പൊറുക്കാനും മറക്കാനും പറ്റാത്ത കാര്യങ്ങളില്ലല്ലോ. കുറേക്കാലം കഴിയുമ്പോള്‍ നമ്മളെല്ലാം മറക്കും. അങ്ങനെ ഒരു കാഴ്ചപ്പാടോടുകൂടി വേണം ഇതിനെ കാണാന്‍. തെറ്റായ ഒരു സംഭവം ഉണ്ടായി. ഇനി അങ്ങനെ ഉണ്ടാകാതെ അഭിഭാഷക സമൂഹം ശ്രദ്ധിക്കുക; കഴിയുന്നിടത്തോളം ഉത്തരവുകളൊന്നും തെറ്റിപ്പോകാതെ നോക്കുക. അതിനു ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കു ശരിയായ ട്രെയിനിംഗാണ് വേണ്ടത്. അത് അവര്‍ക്ക് ഇപ്പോള്‍ കിട്ടുന്നില്ല എന്നു ഞാന്‍ പറയുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഒരിക്കല്‍ ഞാനിതു പറഞ്ഞപ്പോള്‍ എനിക്കെതിരെ പ്രതികരിച്ചവരുണ്ട്. ആരാണ് എന്നൊന്നും പറയുന്നില്ല. പരിശീലനത്തിനു നേതൃത്വം നല്‍കുക, അല്ലെങ്കില്‍ അതിന്റെ ഭാഗമാകുക എന്നതു വിരമിച്ച ജഡ്ജിമാര്‍ക്കുള്ള ലാവണമായി മാറരുത്. അങ്ങനെയാകരുത്. ട്രെയിനിംഗ് അക്കാദമിക്കു നല്ല ഡയറക്ടര്‍ വേണം. നല്ല മിടുക്കരായ പരിശീലകര്‍ വേണം. അല്ലാതെ പരിശീലനം പ്രഹസനമാകരുത്. ഞാനതു പറഞ്ഞു. ഹൈക്കോടതി അതു ശ്രദ്ധിക്കും എന്നാണ് എന്റെ പ്രതീക്ഷ. ഞാനതു ശരിയായി പറഞ്ഞു. കുറച്ചാളുകളെ ചുറ്റിപ്പറ്റി, അവരില്ലെങ്കില്‍ ട്രെയിനിംഗൊന്നും നടക്കില്ല എന്ന രീതിയില്‍ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അതു വലിയ അപകടമാണ്; അങ്ങനെയല്ല വേണ്ടത്. എപ്പോഴും പുതിയ പുതിയ മുഖങ്ങള്‍ അതില്‍ വേണം. ഞാന്‍ തന്നെ വിരമിച്ചശേഷം എന്‍.ആര്‍. മാധവ മേനോന്‍ തിരുവനന്തപുരത്തെ അഭിഭാഷക അക്കാദമിയില്‍ എന്നെ പലവതവണ വിളിച്ചു ക്ലാസ്സെടുപ്പിച്ചു. എനിക്കു വിവരമുണ്ടെന്നു തോന്നിയിട്ടാണല്ലോ അദ്ദേഹം അതു ചെയ്തത്. സമൂഹവും എനിക്കു തീരെ വിവരമില്ലെന്നു പറയുമെന്നു കരുതുന്നില്ല. ജുഡീഷ്യല്‍ ഓഫീസര്‍മാരെ പരിശീലിപ്പിക്കുന്ന അക്കാദമിയില്‍ സൗജന്യമായി ക്ലാസ്സെടുത്തു കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു, ഇതുവരെ ഒരു ദിവസം പോലും എന്നെ വിളിച്ചിട്ടില്ല. നേരേമറിച്ച്, വലിയ ഫീസ് കൊടുത്ത് നിയമവിചക്ഷണര്‍ എന്ന് അവര്‍ കരുതുന്ന ചില ആളുകളെക്കൊണ്ട് മാത്രം ക്ലാസ്സെടുപ്പിക്കുന്നു. അതൊന്നും ശരിയല്ല. അതൊന്നും അങ്ങനെ പോകേണ്ട സ്ഥാപനമല്ല. അതിന്റെ മൂല്യച്യുതിയാണ് ഇപ്പോള്‍ കാണുന്നത്. തിരുവനന്തപുരത്തെ ആ കുട്ടി, ആ മജിസ്ട്രേട്ട് മിടുക്കിയാണ്. പക്ഷേ, പ്രായോഗിക പരിശീലനത്തിന്റെ കുറവുണ്ട്. അഭിഭാഷകയായിട്ട് രണ്ടു വര്‍ഷത്തെ പരിചയമേയുള്ളു. അതുകഴിഞ്ഞു കിട്ടിയ പരിശീലനം ശരിയായ വിധമായിരുന്നില്ല. പ്രായോഗികതലത്തിലുള്ള പരിശീലനം കിട്ടണം. ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയുമൊക്കെ കുറേ തീരുമാനങ്ങള്‍ ഇപ്പോള്‍ ആര്‍ക്കും വിരല്‍ത്തുമ്പില്‍ കിട്ടും. പ്രായോഗികമായി എന്തുവേണം എന്നാണ് പരിചയിക്കേണ്ടത്; അത് എങ്ങനെ ചെയ്യണം എന്നാണ് അവരെ പഠിപ്പിക്കേണ്ടത്. ആ പരിശീലനത്തിന്റെ കുറവ് കാണുന്നുണ്ട്. ഈ പറയുന്നതിനും വിമര്‍ശനം വരും. എനിക്കു പ്രശ്‌നമല്ല. പരിശീലനം ഈ രീതിയിലായിപ്പോകരുത്. പ്രോപ്പര്‍ ട്രെയിനിംഗായിരിക്കണം.

ജുഡീഷ്യല്‍ ഓഫീസര്‍ക്കു ശരിയായ പരിശീലനം കിട്ടാത്തതുവഴി ഫലത്തില്‍ ആളുകള്‍ക്കു ശരിയായ നീതി കിട്ടാതിരിക്കുക, നീതി നിഷേധിക്കപ്പെടുക എന്നതുതന്നെയല്ലേ സംഭവിക്കുന്നത്?

സംശയമില്ല. അവര്‍ വിവരങ്ങള്‍ ആര്‍ജ്ജിക്കുക കൂടി വേണം. താഴേത്തട്ടിലാണ് ഈ പ്രശ്‌നം. എട്ടു-പത്ത് വര്‍ഷം മജിസ്ട്രേട്ടായി പ്രവര്‍ത്തിച്ചു കഴിയുമ്പോള്‍ അവര്‍ക്കു പ്രായോഗിക പരിചയമാകും. പക്ഷേ, അതുവരെ നമ്മള്‍ നോക്കിയിരിക്കണോ. അവര്‍ക്ക് അടിസ്ഥാനപരമായ പരിശീലനം ആദ്യമേ തന്നെ കൊടുത്താല്‍ ഈ പ്രശ്‌നമില്ല. മൂത്ത് മൂത്ത് വരുമ്പോള്‍ അവര്‍ പഠിച്ചുകൊള്ളും. പക്ഷേ, തുടക്കത്തില്‍ത്തന്നെ നല്ല അടിത്തറ കിട്ടണം. അതില്ലാതെ വരുമ്പോഴാണ് തീരുമാനങ്ങള്‍ തെറ്റുന്നത്. തെറ്റിദ്ധാരണകള്‍ മൂലം ചില തീരുമാനങ്ങള്‍ തെറ്റുന്നതും അതു ശരിയാണെന്നു ധരിക്കുന്നതും വലിയ അപകടങ്ങളിലേക്കു നയിക്കും. ആദ്യം തന്നെ അവരെ തിരുത്തിയങ്ങ് വിട്ടുകഴിഞ്ഞാല്‍ പിന്നൊന്നും ചെയ്യേണ്ട. ബാക്കി അവര്‍ ആര്‍ജ്ജിച്ചുകൊള്ളും.

വ്യക്തിപരമായ കടപ്പാടുകളും പ്രതിബദ്ധതകളും വിധികളെ സ്വാധീനിക്കാറുണ്ടോ?

അങ്ങനെ ഞാന്‍ കരുതുന്നില്ല. വിധിക്കകത്ത് മാനുഷിക സ്പര്‍ശം വേണം. അതുകൊണ്ടാണല്ലോ മനുഷ്യനെ ജഡ്ജിയാക്കിയിരിക്കുന്നത്. അല്ലെങ്കില്‍ ഇപ്പോള്‍ കമ്പ്യൂട്ടര്‍ മതിയല്ലോ. അതില്‍ വ്യക്തിപരമായ പ്രതിബദ്ധതയോ അഭിപ്രായങ്ങളോ കടന്നുകൂടാന്‍ പാടില്ല. കാരണം, നമ്മള്‍ കൈകാര്യം ചെയ്യുന്നത് നമ്മുടെ കാര്യങ്ങളല്ല. എല്ലാം മറ്റാളുകളുടെ കാര്യങ്ങളാണ്. ഉദാഹരണത്തിന്, ഒരു കൊലക്കേസ് എന്റെ മുന്നില്‍ വരുന്നുവെന്ന് വയ്ക്കുക... പ്രതി ഒരു പാവമാണ്, അവന് ഇങ്ങനെയങ്ങ് പറ്റിപ്പോയി, അതുകൊണ്ട് അവനെ ഏതെങ്കിലും വിധത്തില്‍ രക്ഷിക്കണം എന്നു വിചാരിച്ചെന്നിരിക്കട്ടെ. ഞാന്‍ ചെയ്യുന്ന ദ്രോഹമെന്താണെന്നു മനസ്സിലായോ. കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടാകുന്ന വിഷമം എത്രയായിരിക്കും. എന്റെ സ്വകാര്യ അഭിപ്രായത്തിന് അവിടെ പ്രസക്തിയില്ല. ഞാന്‍ എന്റെ കാര്യമല്ല തീരുമാനിക്കുന്നത്. പൂര്‍ണ്ണമായും നിര്‍മ്മമതയോടെ കാര്യങ്ങളെ കാണാന്‍ കഴിയണം. എന്റെ മുന്നിലുള്ള തെളിവു നോക്കി അതു വിശകലനം ചെയ്യണം. ആ രീതിയിലേ പോകാന്‍ പറ്റുകയുള്ളു. പിന്നെ ശിക്ഷയുടെ കാര്യം വരുമ്പോള്‍ എന്റെ വിവേചനാധികാരം എനിക്കു പ്രയോഗിക്കാന്‍ പറ്റും. എല്ലാ കാര്യങ്ങളും പരിശോധിച്ചു വേണം അപ്പോഴും തീരുമാനമെടുക്കാന്‍. അവിടെയും സ്വകാര്യമായ അഭിപ്രായങ്ങളല്ല വേണ്ടത്. വ്യക്തിപരമായ അഭിപ്രായങ്ങളോ സാമൂഹിക പ്രതിബദ്ധതയോ അതില്‍ വരാന്‍ പാടില്ല. ജഡ്ജി നിയമം മാത്രമേ പരിഗണിക്കാന്‍ പാടുള്ളൂ. നീതിയെല്ലാം നീതിയാകില്ല; നിയമാനുസൃതമുള്ള നീതിയായിരിക്കണം.

വിരമിക്കുന്ന ജഡ്ജിമാര്‍ക്ക് സര്‍ക്കാര്‍ പല പദവികളും നല്‍കുന്നുണ്ട്. അത്തരം പദവികളെക്കുറിച്ചുള്ള പ്രതീക്ഷ അവരുടെ പല വിധികളുടേയും ഉള്ളടക്കത്തെ ബാധിക്കില്ലേ?

ഞാന്‍ അത്തരം പദവികള്‍ സ്വീകരിക്കില്ല എന്നു പറഞ്ഞത് എന്റെ അഹങ്കാരം കൊണ്ടല്ല. ഗവണ്‍മെന്റാണ് ഭൂരിപക്ഷം കേസുകളിലും ഏതെങ്കിലുമൊരു ഭാഗത്തുള്ളത്. സിവില്‍ സ്യൂട്സിലുള്ള അപ്പീലൊഴികെ എല്ലാ കേസുകളിലും ഇതാണ് സ്ഥിതി. അത്തരം കേസുകളിലൊക്കെ വിധി പറയുന്ന ജോലി ചെയ്ത ഞാന്‍ വിരമിച്ചയുടന്‍ ഗവണ്‍മെന്റ് തരുന്ന ജോലി സ്വീകരിച്ചാല്‍ ജനം എന്താണ് കരുതുക. ഇയാള്‍ ഗവണ്‍മെന്റിനുവേണ്ടി ഒരുപാടു വിധികള്‍ പാസ്സാക്കിക്കൊടുത്തത് വിരമിച്ചശേഷമുള്ള ഈ പദവിക്കും പിച്ചക്കാശിനും വേണ്ടിയാണ് എന്നല്ലേ. ആ പദവികള്‍ ഏറ്റെടുക്കുന്നവര്‍ക്കു കാറും സ്റ്റാഫും വലിയ പ്രതിഫലവുമുള്‍പ്പെടെ ലഭിക്കുന്നു. ഇതൊക്കെ വാങ്ങിയെടുക്കാന്‍ ശ്രമിക്കുന്നവരുണ്ട്. വിരമിക്കാറായപ്പോള്‍ ഗവണ്‍മെന്റിനെതിരെ ഒറ്റ വിധിപോലും പുറപ്പെടുവിക്കാത്തവരുണ്ട്. കാരണം, ഗവണ്‍മെന്റിനെ വെറുപ്പിക്കാന്‍ വയ്യ. ജനങ്ങള്‍ അതു മനസ്സിലാക്കിയാല്‍ വളരെ ആക്ഷേപമല്ലേ. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലുത്. അതു നഷ്ടപ്പെട്ടാല്‍ പിന്നെ ഈ നീതിന്യായ വ്യവസ്ഥയ്ക്ക് എന്താണ് ആധികാരികതയുള്ളത്, എന്താണ് നിലനില്‍പ്പുള്ളത്. ആ ഒരു കാഴ്ചപ്പാടുള്ളതുകൊണ്ടാണ്, അഹങ്കാരം കൊണ്ടല്ല ഞാനിതെടുക്കില്ല എന്നു പറഞ്ഞത്. ഗവണ്‍മെന്റുദ്യോഗം സ്വീകരിക്കില്ല. വിരമിച്ചു മൂന്നു വര്‍ഷം വരെയെങ്കിലും കാത്തിരിക്കാതെ ഇത്തരം പദവികള്‍ സ്വീകരിക്കരുത്. സ്വീകരിച്ചാലും പെന്‍ഷന്‍കൊണ്ട് ജീവിക്കണം, ശമ്പളം വാങ്ങരുത്. ജനങ്ങളെ സേവിക്കലാണ് ലക്ഷ്യമെങ്കില്‍ സൗജന്യമായി അതു ചെയ്യാന്‍ തയ്യാറാകണം. ഞാന്‍ പെന്‍ഷന്‍കൊണ്ട് ജീവിക്കുന്നയാളാണ്. ഇടയ്ക്ക് ചില ആര്‍ബിട്രേഷന്‍ കേസുകളൊക്കെ വരും, മധ്യസ്ഥതയ്ക്ക്. അതിന്റെ ഫീസൊക്കെ കിട്ടും. അതുമതി ജീവിക്കാന്‍; അതുകൊണ്ട് സാമൂഹിക പ്രവര്‍ത്തനവും ജനസേവനവും സൗജന്യമായി ചെയ്യാന്‍ സാധിക്കും.

സ്ത്രീസുരക്ഷയില്‍ കേരളം എവിടെ?

കേരളം കെട്ടിപ്പൊക്കിയ സാമൂഹിക പുരോഗതിയെ മുഴുവന്‍ പിന്നിലാക്കുന്ന വിധത്തില്‍ സമീപകാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നതിനെ എങ്ങനെ കാണുന്നു. സ്ത്രീസുരക്ഷാ കാര്യത്തില്‍ നമ്മള്‍ ഓരോ ദിവസം പിന്നോട്ടു പോകുന്ന സ്ഥിതി?

കാലത്തിന്റെ പോക്കനുസരിച്ച് നമ്മുടെ സമൂഹത്തിലുണ്ടാകുന്ന മൂല്യച്യുതി തന്നെയാണ് അതിനും ഒരു പരിധിവരെ കാരണം. സമൂഹത്തിന്റെ മനസ്സുതന്നെ ആ രീതിയില്‍ മാറ്റിയെടുക്കേണ്ട ഒരുകാലമാണ്. ഒരുപാടു കാര്യങ്ങളില്‍ ഇപ്പോള്‍ നമ്മള്‍ പണ്ടുള്ളതുപോലെയല്ല. നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി ചിലപ്പോള്‍ തനിക്കൊരു ലവ് അഫയര്‍ ഉണ്ടെന്നു വീട്ടില്‍ വന്നു പറഞ്ഞെന്നിരിക്കും. പണ്ട് ആ പ്രായത്തിലൊക്കെ ഒരു പെണ്‍കുട്ടിയെ നോക്കിപ്പോയി എന്നു പറഞ്ഞാല്‍ വലിയ ആക്ഷേപമാണ്. ആ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. എന്തു നല്ല സംസ്‌കാരമായിരുന്നു അതെന്ന് അറിയാമോ? അന്നത്തെ കാലത്ത് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍പോലും ഒരു പെണ്‍കുട്ടിയോട് ആണ്‍കുട്ടി സംസാരിച്ചാല്‍ വലിയ പ്രശ്‌നമാണ്. അവനെ ഉപദ്രവിക്കുമെന്നല്ല. പക്ഷേ, വലിയ ആക്ഷേപമായിട്ട് അതു കണക്കാക്കുകയാണ്. കൂട്ടുകാര്‍ കളിയാക്കുകയുമൊക്കെ ചെയ്യും.

അത് വലിയ നന്മയിലേക്കായിരുന്നു നയിച്ചുകൊണ്ടിരുന്നത്. സ്ത്രീകളെ ഈ രീതിയില്‍ കാണുന്ന കാഴ്ചപ്പാട് അന്ന് ഇല്ലായിരുന്നു. പക്ഷേ, കാലം മാറിക്കഴിഞ്ഞപ്പോള്‍ സ്ത്രീകളെ വെറും ഉപഭോഗവസ്തുക്കളായി കാണുന്ന സ്ഥിതിയുണ്ടായി. കഴുകന്‍ കണ്ണോടുകൂടിയാണ് പലരും സ്ത്രീകളെ കാണുന്നത്. അവരെ നരാധമന്മാര്‍ എന്നേ പറയാന്‍ പറ്റുകയുള്ളു. സമൂഹത്തിനു നഷ്ടപ്പെട്ട ആ വിവേകം തിരിച്ചുകൊണ്ടുവരണം. നമ്മുടെ ജീവിതരീതിയിലൊക്കെയുള്ള വ്യത്യാസങ്ങളാണ് പ്രശ്‌നം. കുട്ടികള്‍ കാണുന്ന കാര്യങ്ങളാണ് പ്രശ്‌നം. നൂതന സാങ്കേതികവിദ്യ വളര്‍ന്നപ്പോള്‍ അതിനൊപ്പം കുറേ നിഷേധാത്മക സാധ്യതകളും വളര്‍ന്നു. മൊബൈലിലും ടി.വി സീരിയലുകളിലുമൊക്കെ കാണുന്ന പല കാര്യങ്ങളും അവരുടെ മനസ്സില്‍ പെട്ടെന്നു പതിയും. അവര്‍ ആ രീതിയിലേയ്ക്കു തിരിഞ്ഞുപോയാല്‍ കുഴപ്പമില്ല എന്നു ചിന്തിക്കുന്ന രീതിയില്‍ സമൂഹവും മാറുകയാണ്. അത്രത്തോളം മുന്നോക്കമായിപ്പോയി. ഇതു മാറിവന്നാല്‍, പണ്ടത്തെ ആ സാഹചര്യത്തിലേയ്ക്ക് മാറിപ്പോയാല്‍ പ്രശ്‌നമൊന്നുമില്ല. എന്റെയൊന്നും ചെറുപ്പത്തില്‍ ഈ ബലാത്സംഗങ്ങളൊന്നും കേട്ടുകേള്‍വിപോലുമില്ലായിരുന്നു.

പണവും സ്വാധീനവും ഉള്ളവര്‍ക്കുവേണ്ടി നിയമപരിപാലനത്തില്‍ വെള്ളം ചേര്‍ക്കുന്നതും പ്രതികള്‍ക്കുവേണ്ടി രാഷ്ട്രീയ നേതൃത്വം ഇടപെടുന്നതുമൊക്കെ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടോ?

ഒരു പരിധിവരെയുണ്ട്. പല സ്വാധീനങ്ങള്‍ക്കും വഴങ്ങി പ്രശ്‌നങ്ങളെ നിസ്സാരമാക്കി പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കുന്നു. കേസ് ഒഴിവാക്കാന്‍ ശ്രമിക്കുന്നു. പൊലീസൊന്നും അങ്ങനെ പ്രവര്‍ത്തിക്കേണ്ടവരല്ല. പൊലീസും അവരുടെ സ്വന്തം കാര്യമല്ല നോക്കുന്നത്. വേറെയാരും പറയുന്നതല്ല കേള്‍ക്കേണ്ടത്. സ്വന്തമായി കാര്യങ്ങള്‍ മനസ്സിലാക്കി നീതിയുടെ പക്ഷത്തുനിന്ന് ഇടപെടണം. രാഷ്ട്രീയ ഇടപെടലുകള്‍ക്കു വഴങ്ങരുത്. ഒരിക്കലും സ്വാധീനിക്കപ്പെടാന്‍ പാടില്ല. കുറ്റകരമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്തു ശരിയായ അന്വേഷണം നടത്തണം. അതു നിര്‍ബ്ബന്ധമാണ്. ഞങ്ങളൊന്ന് അന്വേഷിക്കട്ടെ, രണ്ടു ദിവസം കഴിഞ്ഞു വാ എന്ന സമീപനം പലപ്പോഴുമുണ്ട്. അപ്പോഴേയ്ക്കും കാലതാമസമായി, കാലതാമസം വരുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങളിലേക്കും നൂലാമാലകളിലേക്കും മാറുകയാണ്.

പൊലീസും പ്രോസിക്യൂഷനും ചേര്‍ന്നുള്ള ഒരു കൂട്ടുകെട്ട് പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ നീതി നടപ്പാകുന്നതിന് എതിരാവുകയും പ്രതികള്‍ക്ക് അനുകൂലമാവുകയും ചെയ്യുന്നില്ലേ. വാളയാര്‍ തന്നെ സമീപകാല ഉദാഹരണം?
 
പൊലീസ് കേസും പ്രോസിക്യൂഷന്‍ കേസും രണ്ടാണ്. അത് പലപ്പോഴും ഇവിടെ ചിലര്‍ ശരിയായി മനസ്സിലാക്കുന്നില്ല. പൊലീസെടുത്ത കേസ് കോടതിയില്‍ വരുമ്പോള്‍ പ്രോസിക്യൂട്ടര്‍ ഒട്ടും പക്ഷപാതപരമല്ലാത്ത സമീപനം സ്വീകരിക്കണം. അങ്ങനെയുള്ള ആളായിരിക്കണം പ്രോസിക്യൂട്ടര്‍. നീതിയാണ് വാങ്ങിക്കൊടുക്കേണ്ടത്. കള്ളത്തരത്തിലൂടെ പ്രതിയെ ശിക്ഷിക്കുകയല്ല അവിടെ കാര്യം. പ്രോസിക്യൂഷന്റെ കേസ് അദ്ദേഹം സെറ്റപ്പ് ചെയ്യേണ്ടതാണ്. അതു പൊലീസ് കേസില്‍നിന്നു പൂര്‍ണ്ണമായി വിഭിന്നമാകാന്‍ പറ്റില്ലെങ്കിലും കോടതിയില്‍ കൊടുക്കേണ്ട മൊഴിയനുസരിച്ചുള്ള കേസാണ് പ്രോസിക്യൂട്ടറുടെ കേസ്. പൊലീസ് പലതും എഴുതിവയ്ക്കും. അത് അവരുടെ കാര്യം. പക്ഷേ, കോടതിയില്‍ പറയേണ്ടത് എന്താണെന്നു നോക്കിയിട്ട് പ്രോസിക്ക്യൂഷന്‍ കേസ് ആ രീതിയിലാണ് സെറ്റപ്പ് ചെയ്യേണ്ടത്. ഇവര്‍ തമ്മില്‍ നെക്‌സസ് ആയിക്കഴിഞ്ഞാല്‍, പൊലീസ് പറയുന്നതെല്ലാം പ്രോസിക്ക്യൂട്ടര്‍ കേള്‍ക്കാന്‍ ഇടവന്നാല്‍ അത് അപകടങ്ങളിലേക്കു നയിക്കും.

ചില സ്ത്രീപീഡന കേസുകളിലെ പരാതിയും കേസും അടിസ്ഥാനമുള്ളതല്ലെന്നും അത്തരം കേസുകളില്‍ ഇര പ്രതിയാണെന്നുമുള്ള ഹൈക്കോടതി നിരീക്ഷണത്തെ എങ്ങനെ കാണണം?

ചില കേസുകളില്‍ അങ്ങനെയുണ്ടാകാം. പക്ഷേ, ജനറലൈസ് ചെയ്യാന്‍ പാടില്ല. ഇതില്‍ സ്ത്രീകള്‍ പറയുന്നതു മിക്കവാറും ശരിതന്നെയാണ്. സ്ത്രീയാണതു പറയുന്നത്. അവരുടെ മാനം ഇങ്ങനെ അപഹരിക്കപ്പെട്ടു എന്നു പറഞ്ഞാല്‍ അവിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ, മോശമായ രീതിയില്‍ പോകുന്ന സ്ത്രീയാണെങ്കില്‍ പൊലീസിന് അന്വേഷിച്ചാല്‍ മനസ്സിലാകും. ആളുകളെ കാണുമ്പോഴും വര്‍ത്തമാനത്തിലും അറിയാമല്ലോ അവര്‍ എങ്ങനെയുള്ളവരാണ് എന്ന്. അങ്ങനെയുള്ളപ്പോള്‍ പലരും ബലിയാടായിപ്പോയിട്ടുണ്ടാകും. അതൊക്കെ ചെറിയ ശതമാനം മാത്രമേയുള്ളു. ബാക്കി വലിയ ശതമാനവും യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുന്നതു തന്നെയാണ്. അതാണ് കൂടുതല്‍. മറ്റൊരു കാര്യമുണ്ട്. പ്രോസ്റ്റിറ്റിയൂട്ട് എന്നു പറയപ്പെടുന്ന ഒരു സ്ത്രീയാണ് പരാതിക്കാരി എന്നു വിചാരിക്കുക. ആ പറയുന്നതുതന്നെ ശരിയായ കാര്യമല്ല. അവര്‍ക്കും അവരുടെ മാനം വലുതാണ്. അവരുടെ കസ്റ്റമറെ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. അതല്ലാതെ വേറൊരുത്തന്‍ അവരുടെ ദേഹത്തേക്ക് അതിക്രമിച്ചു കടന്നാല്‍ അത് ബലാത്സംഗം തന്നെയാണ്. മനസ്സിരുത്തി അന്വേഷിക്കേണ്ട കാര്യമാണ്.

ചിലയാളുകള്‍ ബലിയാടാകുന്നു എന്ന് കോടതി പറയുന്നത് ഇത്തരം കേസുകളെ ദുര്‍വ്യാഖ്യാനം ചെയ്യാനും പൊലീസ് സ്വാധീനത്തിനു വഴങ്ങി പ്രതിക്കുവേണ്ടി നിലകൊള്ളാനും ഇടയാക്കില്ലേ?

ചില സാഹചര്യങ്ങള്‍ നോക്കണം. ചിലപ്പോള്‍ ആ പ്രത്യേക കേസിന്റെ സാഹചര്യത്തെക്കുറിച്ചാകാം കോടതി പറഞ്ഞത്. ആ സാഹചര്യം വച്ചേ അതിനെ വിലയിരുത്താന്‍ പാടുള്ളൂ. അതിനെ ജനറലൈസ് ചെയ്യാന്‍ പാടില്ല. സ്ത്രീകള്‍ വളരെ ദുര്‍ബ്ബലരാണ്. ഇവിടെ എത്ര സ്ത്രീവിമോചന പ്രസ്ഥാനങ്ങളൊക്കെ ഉണ്ടായാലും ശരി സ്ത്രീ വളരെ ദുര്‍ബ്ബലയാണ്, പല കാര്യങ്ങളിലും. ശാരീരികമായി ദുര്‍ബ്ബലയാണ്. അതുകൊണ്ടാണ് നിയമം അവര്‍ക്കു പ്രത്യേക സുരക്ഷ കൊടുക്കുന്നത്. അവര്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് സ്ത്രീ പറയുന്നതിനു നമ്മള്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടതായി വരും. അല്ലെങ്കില്‍ അതു കളവാണെന്നു സ്ഥിരീകരിക്കപ്പെടണം. അങ്ങനെ അന്വേഷണത്തിലൂടെ ഉറപ്പായാല്‍ തുറന്നു പറഞ്ഞ് കേസ് ഇല്ലാതാക്കാന്‍ പൊലീസിനു കോടതിയിലേയ്ക്ക് അയയ്ക്കാവുന്നതാണ്. കോടതിയുടെ അനുവാദത്തോടെ കേസ് റഫര്‍ ചെയ്യാം.

പോക്‌സോ കേസുകളുടെ എണ്ണം വളരെ കൂടുന്നു. എന്നാല്‍ അതിനനുസരിച്ചു പോക്‌സോ കോടതികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുന്നില്ല. ഇര പ്രദര്‍ശനവസ്തുവായി മാറുന്ന സാഹചര്യങ്ങള്‍പോലുമുണ്ടാകുന്നു?

പോക്‌സോ കേസുകളില്‍ അടച്ചിട്ട കോടതിമുറിക്കുള്ളിലാണ് വിചാരണ. അതു നടക്കുമ്പോള്‍ പ്രതിയുടെ സാന്നിധ്യമുണ്ട്. പ്രതിയൊന്നു കുട്ടിയെ നോക്കാന്‍പോലും ഞാനൊന്നും സമ്മതിച്ചിട്ടില്ല. വളരെ ശക്തമായി താക്കീത് ചെയ്യും. കുട്ടിക്ക് അവിടെനിന്നു സംസാരിക്കാന്‍ അസൗകര്യമുണ്ടെങ്കില്‍ ചേംബറിലേയ്ക്കു വരുത്തി മൊഴിയെടുക്കാനും സന്നദ്ധനായിട്ടുണ്ട്. ആ പാവം കുഞ്ഞിന്റെയടുത്ത് അങ്ങനെയാണ് പെരുമാറേണ്ടത്. അത്തരം നിരവധി കേസുകള്‍ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യുമ്പോള്‍പ്പോലും വളച്ചും തിരിച്ചുമുള്ള ചോദ്യങ്ങളൊന്നും വേണ്ടെന്നും നേരെ ചോദിക്കണമെന്നും അഭിഭാഷകരോടു പറയുമായിരുന്നു. ഇതു കുഞ്ഞാണ്, നിങ്ങളുടെകൂടി കുഞ്ഞാണ് എന്ന ധാരണ വേണം എന്നു പറയാറുണ്ടായിരുന്നു. എന്റെ മുന്നില്‍ കേസ് നടത്തിയിട്ടുള്ള അഭിഭാഷകരെല്ലാം തന്നെ അത് അംഗീകരിച്ചു പെരുമാറിയിട്ടുമുണ്ട്. ബലാത്സംഗത്തിന് ഇരയായി മരിച്ച ഒരു കുട്ടിയെക്കുറിച്ച് ഒരിക്കല്‍ മാത്രം ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്‍ വളരെ മോശമായ ചില പരാമര്‍ശങ്ങള്‍ നടത്തി. ഇത് ഇവിടെ നടക്കില്ല എന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. വിധിയില്‍ അതിനിശിതമായി ആ അഭിഭാഷകനെ വിമര്‍ശിച്ചു. അഭിഭാഷകനെതിരെ നടപടിയെടുക്കാന്‍ ബാര്‍ കൗണ്‍സിലിനു വിധിപ്പകര്‍ക്ക് അയയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. എല്ലാ അഭിഭാഷകരുമൊന്നും അങ്ങനെ ചെയ്യില്ല. ഇരയ്‌ക്കെതിരെ കഥ മെനയുകയൊന്നും ചെയ്യാന്‍ പാടില്ല. പോക്‌സോ കോടതികളുടെ എണ്ണം കുറവാണ്. ഉള്ള കോടതികളില്‍ അത്രയ്ക്കധികം കേസുകള്‍ കെട്ടിക്കിടക്കുന്നുമുണ്ട്.

ഷോര്‍ട്ട് സ്റ്റേ ഹോമുകളില്‍ നിരവധി കുട്ടികള്‍ താമസിക്കുന്നു. അവര്‍ പാവങ്ങളാണ്. അവരുടെ കുറ്റംകൊണ്ടല്ലല്ലോ ഇങ്ങനൊക്കെ സംഭവിച്ചത്. പീഡിപ്പിക്കപ്പെട്ടവരല്ലേ. അവര്‍ക്കു നല്ല രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൊടുക്കണം. നമ്മുടെ സമൂഹത്തിലെ നല്ല സാമ്പത്തിക ശേഷിയുള്ള ആളുകള്‍ എങ്ങനെ താമസിക്കുന്നോ അതുപോലെയുള്ള സൗകര്യങ്ങള്‍ കൊടുക്കണം. അതു സര്‍ക്കാരിന്റെ ബാധ്യതയാണ്, നല്ല ആഹാരം, നല്ല വസ്ത്രം, നല്ല പെരുമാറ്റം, അന്തസ്സോടെയുള്ള ജീവിതം എന്നിവ അതു കിട്ടാന്‍ അവകാശവും അര്‍ഹതയുമുള്ളവരാണ്. ആ കാഴ്ചപ്പാടുള്ള ആളുകളേയെ അവിടെ നിയമിക്കാനും പാടുള്ളു. അല്ലാതെ വഴിയേ പോകുന്നവരെയൊന്നും നിയമിക്കരുത്. നല്ല പരിശീലനം ലഭിച്ച, സാമൂഹിക പ്രതിബദ്ധതയുള്ള ആളുകളായിരിക്കണം.

മറ്റൊന്ന്, ഈ കുട്ടികളുടെ ഉത്തരവാദിത്വം ഏല്പിക്കുന്ന കാര്യത്തില്‍ കോടതികളും ശിശുക്ഷേമ സമിതികളും വളരെ ശ്രദ്ധ കാണിക്കണം. ഒരിക്കല്‍ ഇതുപോലെ ഒരു കുട്ടിയുടെ അമ്മയാണ് എന്നു പറഞ്ഞ് ഒരു സ്ത്രീ വന്നു. നിങ്ങളുടെ കൂടെ ജീവിക്കുമ്പോഴല്ലേ ഈ കുട്ടിക്ക് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായത് എന്നു ഞാന്‍ ചോദിച്ചു. നിങ്ങളുടെ കൂടെ വിടുന്ന പ്രശ്‌നമില്ലെന്നു പറഞ്ഞു. ഞാന്‍ വിട്ടില്ല. ഓരോ കേസിലും മനസ്സിരുത്തി നോക്കണം. ഇപ്പോള്‍ കോടതികളൊക്കെ അങ്ങനെ ചെയ്യുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. പണ്ടൊക്കെ ചില തെറ്റുകളൊക്കെ പറ്റിയിട്ടുണ്ടാകാം. കുഞ്ഞുങ്ങളെ ഏതെങ്കിലും വിധത്തില്‍ പ്രതികളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിലേയ്ക്ക് അയയ്ക്കരുത്. അവരെ നിയമപ്രകാരം അയയ്ക്കുന്ന കേന്ദ്രങ്ങള്‍ വളരെ നല്ലതായിരിക്കുക എന്നത് അതുകൊണ്ടു വളരെ പ്രധാനം തന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com