പൗരത്വ നിയമം; ഈ പാര്‍ട്ടികളുടെ അടുത്ത നീക്കം എന്താകും?

കൊളോണിയല്‍ പാരമ്പര്യം പിന്തുടര്‍ന്ന് വിഭാഗീയതയും വിഭജനവും സൃഷ്ടിക്കുകയാണ് രണ്ടാം മോദി സര്‍ക്കാര്‍
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ- ഫോട്ടോ: എപി
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ- ഫോട്ടോ: എപി

ഴുപത്തിരണ്ട് വര്‍ഷക്കാലത്തെ രാഷ്ട്രീയ നിലനില്പിന്റെ പ്രശ്‌നങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ ജനാധിപത്യം ഇന്ന് വലിയൊരു ദശാസന്ധിയിലാണ്. ദേശസ്വാതന്ത്ര്യം അടിസ്ഥാനശിലയാക്കി വിലയിരുത്തുമ്പോള്‍ എവിടെ നോക്കിയാലും നമ്മുടെ വ്യവസ്ഥയില്‍ ആധിക്യമേറിയ വൈരുദ്ധ്യങ്ങളാണ് കാണാനാകുക. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഒസ്യത്തില്‍നിന്ന് നാം ഏറ്റുവാങ്ങിയ കൊളോണിയല്‍ ശേഷിപ്പുകള്‍ ഇന്നും ഉപേക്ഷിക്കുന്നില്ല. വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയം സ്വാതന്ത്ര്യം നേടി ഏഴു ദശാബ്ദം കഴിഞ്ഞിട്ടും ജനാധിപത്യമെന്ന വിശേഷണമുള്ള ഭരണകൂടം അത് നടപ്പാക്കുന്നു.  ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ വേരുകള്‍ തന്നെ പൗരാവകാശത്തിലായിരുന്നു. എന്നാല്‍, ഇന്ന് പൗരന്റെ അസ്തിത്വത്തിന്റെ തനിമയും അന്തസ്സും തന്നെ ചോദ്യം ചെയ്യപ്പെടുന്നു. രാഷ്ട്രത്തെ ചോദ്യം ചെയ്യാനുള്ള മൗലികാവകാശമായിരുന്നു മറ്റൊന്ന്. അതും പൗരനു നഷ്ടമായിക്കഴിഞ്ഞു. ദേശീയതയുടെ പേരില്‍, രാഷ്ട്രത്തിന്റെ അസ്തിത്വം ചര്‍ച്ചവിധേയമാക്കാന്‍ പാടില്ലെന്നത് കൊളോണിയലിസത്തിലേക്കുള്ള തിരിച്ചുള്ള സഞ്ചാരമാണ്. വൈദേശികരില്‍നിന്നു സ്വദേശീയരിലേക്കു മാറിയ കോളനിവല്‍കൃത ഭരണം മാത്രമാണ് അതിനുശേഷം മുന്നിലുള്ളത്.

ജനാധിപത്യരാഷ്ട്രത്തിന്റെ അടിസ്ഥാന സങ്കല്പങ്ങള്‍ക്കു സംഭവിച്ച ശോഷണത്തിന്റെ പരിണതിയാണ് ഇപ്പോള്‍ രാജ്യത്തു നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെന്നു സംശയമില്ലാതെ പറയാം. വിദ്യാര്‍ത്ഥികള്‍ ജാഗ്രതയോടെ നടത്തുന്ന ഈ ചെറുത്തുനില്‍പ്പില്‍നിന്നു  വ്യവസ്ഥാപിത പാര്‍ട്ടികള്‍ ചിലതെങ്കിലും പഠിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പില്‍ മാത്രം ജനങ്ങളെ കണക്കിലെടുക്കുന്ന, അതിനുവേണ്ടി മാത്രം അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്ന, യഥാര്‍ത്ഥ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍നിന്നകന്നു നില്‍ക്കുന്ന ഈ പാര്‍ട്ടി സംവിധാനങ്ങള്‍ക്കു രാജ്യമെമ്പാടും നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം മുന്നറിയിപ്പായിരുന്നു.
 
വിദ്യാര്‍ത്ഥികള്‍ പഠിപ്പിക്കുന്ന രാഷ്ട്രീയ പാഠങ്ങള്‍

മൂന്നു വര്‍ഷം മുന്‍പാണ് പൗരത്വ ബില്ല് ആദ്യം ലോക്സഭ പാസ്സാക്കുന്നത്. അന്ന്, എന്‍.ഡി.എക്ക്  ഭൂരിപക്ഷമില്ലാത്തതുകൊണ്ട് രാജ്യസഭയില്‍ ബില്ല് അവതരിപ്പിച്ചില്ല. ബില്ല് ലാപ്സാക്കുകയും ചെയ്തു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടുമ്പോള്‍ ബില്ല് കൊണ്ടുവരുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു. എന്നാല്‍, പുല്‍വാമയും ബാലക്കോട്ടും തെരഞ്ഞെടുപ്പ് ചര്‍ച്ചയുടെ മുഖ്യധാരയിലെത്തിച്ച ബി.ജെ.പി പൗരത്വ ബില്‍ അടക്കമുള്ള ഹിന്ദുത്വ നയങ്ങള്‍ ബോധപൂര്‍വ്വം മറച്ചുവച്ചു. രണ്ടാം മോദി സര്‍ക്കാര്‍ ലോക്സഭയിലും ഇപ്പോഴും ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലും ബില്ല് പാസ്സാക്കിയെടുത്തു. അതോടെ പൗരത്വഭേദഗതി ബില്‍ നിയമവുമായി. നിയമനിര്‍മ്മാണസഭകള്‍ക്കു പുറത്ത് ബില്ലിനെതിരെ പ്രസംഗിക്കുകയും സഭയില്‍ അത് നേരിടുന്നതില്‍ പരാജയപ്പെടുകയും ചെയ്ത രാഷ്ട്രീയകക്ഷികളാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കു വഴിയൊരുക്കിയത്.

ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്ല് പാസ്സാക്കിയെടുക്കുന്നതില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ പ്രതിപക്ഷ ഐക്യം സാധ്യമാക്കിയെടുക്കാനുള്ള നേരിയ ശ്രമങ്ങള്‍ പോലുമുണ്ടായില്ലെന്നതാണ് വാസ്തവം. തങ്ങളുടെ പ്രകടനപത്രികയില്‍ ഒരു വാഗ്ദാനം നിറവേറ്റുകയാണെന്നായിരുന്നു ബി.ജെ.പിയുടെ ആദ്യവാദം. എന്നാല്‍, സാധാരണയായി പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ആ  പാര്‍ട്ടി അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍  നടപ്പാക്കാറുണ്ടോ? അതിനിത്ര തിടുക്കം കാണിക്കാറുണ്ടോ? അത്തരം വാഗ്ദാനങ്ങള്‍ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്ക്  നല്‍കുന്നുണ്ടെങ്കിലും അതൊന്നും നിറവേറ്റപ്പെടുന്നില്ല എന്നതാണ് വാസ്തവം. കൂടാതെ, പ്രകടന പത്രികയില്‍ നല്‍കിയിട്ടുള്ള നൂറുകണക്കിനു വാഗ്ദാനങ്ങളില്‍ ഒരു പ്രത്യേക പ്രശ്‌നത്തിനായി ആളുകള്‍ വോട്ട് ചെയ്യുകയുമില്ല. എന്നാല്‍ ജനങ്ങള്‍ തങ്ങള്‍ക്കു വോട്ടുചെയ്തത് ഇത് നടപ്പാക്കാന്‍ വേണ്ടിയാണെന്ന മിഥ്യാബോധം സൃഷ്ടിക്കുകയായിരുന്നു ബി.ജെ.പി ആദ്യം ചെയ്തത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് കലാപകലുഷിതമായ അന്തരീക്ഷം സര്‍ക്കാര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതെന്നാണ് മറ്റൊരു കാര്യം.

ജാമിയ മിലിയയിൽ പൊലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ വിദ്യാർത്ഥി
ജാമിയ മിലിയയിൽ പൊലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ വിദ്യാർത്ഥി

ഹിന്ദുക്കളും മറ്റ് ചില മതന്യൂനപക്ഷങ്ങളും അയല്‍രാജ്യങ്ങളായ ഇസ്ലാമിക രാജ്യങ്ങളില്‍ പീഡനങ്ങള്‍ നേരിടുകയാണെന്നും അവര്‍ക്ക് സംരക്ഷണം ആവശ്യമാണെന്നും പറഞ്ഞാണ് പ്രതിപക്ഷ കക്ഷികളില്‍ പലരും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ മുസ്ലിങ്ങളെ പീഡിപ്പിക്കാന്‍ കഴിയില്ലെന്ന് അവര്‍ വിശ്വസിക്കുന്നു, അതിനാല്‍ അവരെ ഒഴിവാക്കുന്നത് ന്യായമാണെന്നാണ് ഇവരുടെ വാദം. എന്നാല്‍, യാഥാര്‍ത്ഥ്യം അതായിരുന്നില്ല. മുസ്ലിങ്ങളില്‍ത്തന്നെ വിവേചനം അനുഭവിക്കുന്നവരുണ്ടെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പ്രതിപക്ഷത്തെ പാര്‍ട്ടികള്‍പോലും തയ്യാറായിരുന്നില്ല.

ഏകീകൃത സിവില്‍ക്കോഡ് അടക്കമുള്ള ദീര്‍ഘകാല വര്‍ഗ്ഗീയ പദ്ധതികള്‍ ആര്‍.എസ്.എസ് അജന്‍ഡയിലുണ്ടെന്നു തിരിച്ചറിഞ്ഞിട്ടും അതിനെതിരെ പടയൊരുക്കം നടത്താന്‍ പ്രതിപക്ഷത്തിനായില്ല. ആത്മവിശ്വാസമില്ലാതെ പ്രതിപക്ഷം പതറിയപ്പോള്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ മാത്രമാണ് ബി.ജെ.പിക്കു ലോക്സഭയില്‍ നേരിടേണ്ടിവന്നത്. രണ്ട് ദിനോസറുകളുള്ള ജുറാസിക് ഇന്ത്യയായി മാറ്റരുതെന്നു പറഞ്ഞ കപില്‍ സിബലും അമിത്ഷായെ സഭയുടെ ചട്ടം പഠിപ്പിച്ച സൗഗത റോയിയും അധിര്‍ രഞ്ജന്‍ ചൗധരിയും കല്യാണ്‍ ബാനര്‍ജിയും മവ മൊയ്ത്രയും ഡാനിഷ് അലിയുമൊക്കെ ഒറ്റപ്പെട്ട ശബ്ദങ്ങളായി ഒതുങ്ങി. ഭരണപക്ഷത്തിനു മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍ ഈ വാക് ആയുധങ്ങള്‍ മാത്രം മതിയായിരുന്നില്ല. ബില്ല് പാസ്സായതോടെ ഇനിയെന്ത് എന്ന ത്രിശങ്കുവിലായിരുന്നു പ്രതിപക്ഷ കക്ഷികള്‍.

സി.പി.എം അടക്കമുള്ള പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് എതിരാണ് ഭേദഗതി എന്നതുകൊണ്ട് കോടതി നിയമം റദ്ദാക്കുമെന്ന പ്രതീക്ഷയാണ് സി.പി.എം ജനറല്‍ സെക്രട്ടറി യെച്ചൂരിയടക്കമുള്ളവര്‍ ഇതിനു ന്യായമായി പറഞ്ഞത്. എന്നാല്‍, തരിഗാമിയടക്കമുള്ളവര്‍ക്ക് സുപ്രീംകോടതിയില്‍നിന്നു ലഭിച്ചത് ആശാവഹമായ നീതിയായിരുന്നില്ല. കോടതി മോചിപ്പിക്കാന്‍ പറഞ്ഞിട്ടും ഇപ്പോഴും വീട്ടുതടങ്കലിലാണ് തരിഗാമി. അയോധ്യക്കേസില്‍ മസ്ജിദ് പൊളിച്ചത് ക്രിമിനല്‍ കുറ്റമായി കണ്ട കോടതി അങ്ങനെ ചെയ്തവര്‍ക്ക് ആ ഭൂമിയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്‍കുകയായിരുന്നു.

കോടതി പൗരത്വ ബില്‍ അംഗീകരിച്ചാല്‍ ഈ പാര്‍ട്ടികളുടെ അടുത്ത നീക്കം എന്താകും? രാഷ്ട്രീയപ്രശ്‌നത്തെ രാഷ്ട്രീയമായി നേരിടാതെ നിയമപ്രശ്‌നമാക്കി വഴിതിരിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഈ പാര്‍ട്ടികള്‍ക്കു നേരിടേണ്ടിവരും. അത് തത്ത്വത്തില്‍ ഹിന്ദുത്വത്തിന്റെ അടിച്ചമര്‍ത്തലുകളെ സഹായിക്കുന്നതാവും. പൗരത്വ ഭേദഗതി ബില്‍ ഇപ്പോള്‍ ഒരു നിയമമാണ്. കോടതികള്‍ അത് അസാധുവാക്കുകയോ നടപ്പാക്കുന്നത് തുടരുകയോ ചെയ്താല്‍പ്പോലും, ഇന്ത്യ ഏതുവിധേനയുള്ള രാജ്യമായി മാറുന്നു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നിലനില്‍ക്കും.

രാഷ്ട്രീയ സാഹചര്യം ഇങ്ങനെയിരിക്കെയാണ് ജാമിയ മിലിയ സര്‍വ്വകലാശാലയിലും അലിഗഡ് സര്‍വ്വകലാശാലയിലും പ്രതിഷേധമുണ്ടായത്. ജാമിയ മിലിയയിലെ പൊലീസ് നടപടിയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്യാംപസുകള്‍ കലുഷിതമായി. യുവത്വം ഒന്നടങ്കം ബില്ലിനെ ചോദ്യം ചെയ്തു. സര്‍ക്കാരിനേയും പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്ന ഭരണകൂട സംവിധാനങ്ങളേയും അവര്‍ തെരുവില്‍ മുദ്രാവാക്യങ്ങളോടെ നേരിട്ടു. വടക്ക് കിഴക്കു മുതല്‍ മുംബൈ, അഹമ്മദാബാദ് വരെയും കശ്മീര്‍ മുതല്‍ കേരളം വരെയും മുപ്പത്തിയഞ്ചിലേറെ സര്‍വ്വകലാശാലകളിലാണ് അത് പ്രതിഫലിച്ചത്. മിക്ക കേന്ദ്രസര്‍വ്വകലാശാലകളും പ്രതിഷേധത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചു.

അപ്പോഴാണ് ബി.ജെ.പി അല്പമെങ്കിലും പ്രതിരോധത്തിലായത്. എന്നിട്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ മാറിനില്‍ക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയെ സമരമുഖങ്ങളിലൊന്നും കണ്ടില്ല. വിദേശപര്യടനത്തിലായിരുന്ന അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടുമെന്ന് തോന്നിയപ്പോഴാണ് പ്രിയങ്കാഗാന്ധി ഇന്ത്യാഗേറ്റിനു മുന്നില്‍ പ്രതിഷേധിച്ചത്. എന്നാല്‍, പ്രതിപക്ഷ നിരയില്‍ സമരം ചെയ്യുന്നവര്‍ക്ക് ആവേശമാകാന്‍ കഴിയുന്ന യുവാക്കളാരുമുണ്ടായിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജ്യോതിരാദിത്യ സിന്ധ്യയ്ക്കും സച്ചിന്‍ പൈലറ്റിനും മിലിന്ദ് ദിയറയ്ക്കും പകരമെത്തിയത് മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണിയും അഹമ്മദ് പട്ടേലും അംബിക സോണിയുമായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, ഇപ്പോള്‍ നടക്കുന്ന പ്രതിരോധങ്ങളില്‍ വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികള്‍ക്കു വലിയ പങ്ക് അവകാശപ്പെടാനാകില്ല. തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളില്‍നിന്നാണ് പ്രതിപക്ഷം ആവേശം ഉള്‍ക്കൊണ്ടത്. ക്യാംപസുകള്‍ വിട്ട് യുവത്വം പുറത്തിറങ്ങിയത് മതാടിസ്ഥാനത്തിലായിരുന്നില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബാനറുകളിലുമായിരുന്നില്ല. അവര്‍ മഹാത്മാഗാന്ധിയുടേയും ഡോ. ബി.ആര്‍. അംബേദ്കറുടേയും ചിത്രങ്ങളാണ് ഉയര്‍ത്തിയത്. ദേശീയപതാകയും ഭരണഘടനയുമാണ് ഉയര്‍ത്തിപ്പിടിച്ചത്.

അതുപോലെതന്നെ, വിവേചനങ്ങള്‍ നിറഞ്ഞ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങള്‍ മാത്രമായിരുന്നില്ല പ്രക്ഷോഭത്തിനു മുന്നില്‍ നിന്നത്. എന്നാല്‍, മുസ്ലിങ്ങളെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ശ്രമം. അക്രമം നടത്തുന്നവരുടെ വസ്ത്രധാരണം കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനു വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ടൂരിയാണ് മറുപടി നല്‍കിയത്. ജെ.എന്‍.യുവിനെപ്പോലെ ദേശദ്രോഹികളുടെ കേന്ദ്രമായി മുദ്രകുത്താനും അതിനു പിന്നാലെ അക്രമണം അഴിച്ചുവിടാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ചിന്തിക്കുന്നവരെ അര്‍ബന്‍ നക്സലുകളാക്കിയും ദളിതരേയും ഗോത്രവര്‍ഗ്ഗക്കാരേയും മാവോയിസ്റ്റുകളാക്കിയും പത്രക്കാരെ പ്രസ്റ്റിറ്റിയൂഡുകളാക്കിയും ബി.ജെ.പി പൊള്ളത്തരങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഇത്തവണ പൗരത്വ പ്രക്ഷോഭങ്ങള്‍ ആദ്യമുണ്ടായത് അസമിലാണ്. രാജ്യത്തു മറ്റിടങ്ങളില്‍ നടക്കുന്ന സമരങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ് വടക്കു കിഴക്കന്‍ മേഖലകളിലെ സമരം. കുടിയേറ്റക്കാരെ ആരെയും സ്വീകരിക്കാനാവില്ലെന്നാണ് അവിടുത്തെ പ്രതിഷേധക്കാരുടെ വാദം. കുടിയേറ്റക്കാര്‍ക്ക് പൗരത്വം കിട്ടിയാല്‍ ദുര്‍ബ്ബലമായിപ്പോയ തങ്ങളുടെ സ്വത്വവും ഗോത്രപാരമ്പര്യവും തകരുമെന്നാണ് ഇവരുടെ ആശങ്ക. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ മേല്‍ക്കോയ്മയെ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്നും അവര്‍ പറയുന്നു. മേഘാലയയ്ക്ക് പുറമേ പിന്നീട് ബംഗാളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭം രൂക്ഷമായി.

ഇന്ത്യയുടെ രാഷ്ട്രീയ അതിര്‍ത്തികള്‍ക്കകത്ത് ചരിത്രപരമായ അനീതികള്‍ ഒന്നുമില്ലെന്നും നമ്മുടെ നയങ്ങള്‍ക്കു ഹിംസാത്മകമായ മുഖങ്ങളില്ലെന്നുമുള്ള പൊതുവിശ്വാസത്തിനു കൂടിയാണ് പൗരത്വ നിയമം ഇളക്കം തട്ടിച്ചത്. രാജ്യത്തിന്റെ അതിരുകളെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമെന്ന നിലയ്ക്കാണ് ഭരണകൂടങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളത്. എന്നാല്‍, ഭാരതീയ രാഷ്ട്രസങ്കല്പം വൈരുദ്ധ്യപൂര്‍ണ്ണമായ അടിത്തറകളിലാണെന്ന സത്യം മറന്നാണ് മോദി സര്‍ക്കാര്‍ ഹിന്ദുത്വ അജന്‍ഡകള്‍ ഒന്നൊന്നായി നടപ്പാക്കിയത്. കശ്മീരിലും കിഴക്കുള്ള ഗോത്രപ്രവിശ്യകളും ഇതിനുള്ള ഉദാഹരണങ്ങളായി നിലനില്‍ക്കുന്നു. നാലു മാസത്തിലേറെയായി കശ്മീര്‍ സൈന്യത്തിന്റെ തടങ്കലിലാണ്. ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായാണ് ആര്‍ട്ടിക്കിള്‍ 370 ഉം ആര്‍ട്ടിക്കിള്‍ 35 ഉം മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. ലോകത്ത് എവിടെയും സൈന്യം പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്നിരിക്കേയാണ് രാഷ്ട്രീയ പ്രശ്‌നപരിഹാരത്തിനു പകരം മോദി സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചത്. ചരിത്രപരമായ, രാഷ്ട്രീയമാനങ്ങളുള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന അസംബന്ധ ചിന്തയില്‍ ഇന്ത്യന്‍ ജനാധിപത്യം അഭിരമിക്കുകയായിരുന്നു. കശ്മീരിനു പ്രത്യേക പദവി എന്നതിനെ ആര്‍.എസ്.എസ് എന്നും എതിര്‍ത്തിരുന്നു. ജനസംഘത്തിന്റെ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു അതിനെതിരായ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കു നേതൃത്വപരമായ പങ്ക് വഹിച്ചത്. അദ്ദേഹത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നുവെങ്കിലും നെഹ്റുവിനും ആ വര്‍ഗ്ഗീയ അജന്‍ഡയെ എല്ലാ കാലത്തേക്കും ഇല്ലാതാക്കുന്ന രീതിയില്‍ നടപടികള്‍ എടുക്കാനായില്ല എന്നതാണ് കോണ്‍ഗ്രസ്സിനു പറ്റിയ തെറ്റ്.

കനയ്യയും വെമുലയും

അര്‍ബന്‍ നക്സലുകളാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു പിന്നിലെന്ന് പ്രധാനമന്ത്രി പറഞ്ഞുകഴിഞ്ഞു. എന്തുകൊണ്ടാണ് ക്യാംപസുകളില്‍ ജനാധിപത്യത്തിന്റെ ആദ്യ പ്രതിഫലനങ്ങളുണ്ടാകുന്നതെന്ന് മോദിയടക്കമുള്ള നേതാക്കള്‍ക്ക് മറ്റാരെങ്കിലും ബോധ്യപ്പെടുത്തേണ്ടതില്ല. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ 1970-കളില്‍ ജയപ്രകാശ് നാരായണന്‍ നയിച്ച പ്രക്ഷോഭത്തിന്റെ കരുത്ത് യുവാക്കളായിരുന്നു. അടിച്ചമര്‍ത്തുന്തോറും കരുത്താര്‍ജ്ജിക്കുന്ന യുവത്വമാണ് അന്ന് 'സമ്പൂര്‍ണ്ണ വിപ്ലവ'ത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ചത്. അന്ന് തന്റെ റോള്‍ എന്തായിരുന്നുവെന്ന് നരേന്ദ്ര മോദി തന്നെ സ്വന്തം വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ പദവിയായിരുന്നു 1975-ല്‍ ലഭിച്ച ലോക് സംഘര്‍ഷ സമിതിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം. അരുണ്‍ ജെയ്റ്റ്ലിയും രവിശങ്കര്‍ പ്രസാദുമടക്കമുള്ള ബി.ജെ.പിയിലെ പ്രമുഖരെല്ലാം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയപോരാട്ടം നടത്തിയവരുമാണ്. ചരിത്രത്തിലെ വഴികള്‍ ബോധപൂവ്വം മറക്കുന്ന ഇവര്‍ക്കുള്ള താക്കീതായിരുന്നു കഴിഞ്ഞ എട്ട് വര്‍ഷങ്ങളിലുണ്ടായ ഓരോ സമരവും. 2013-ലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത്. പൊതുബോധത്തെ സംബന്ധിച്ച് തൃപ്തികരമായിരുന്നു ആ വധം. എന്നാല്‍, ജെ.എന്‍.യു അടക്കമുള്ള ക്യാംപസുകളില്‍ പൊതുബോധത്തിനു നേര്‍വിപരീതമായാണ് പ്രതിഫലനങ്ങളുണ്ടായത്. അഫ്സല്‍ ഗുരുവിനെ രാഷ്ട്രീയകാരണങ്ങളാല്‍ തെരഞ്ഞെടുത്തതാണെന്നു വിശ്വസിക്കുന്നവരായിരുന്നു ക്യാംപസിലേറെയും. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരേയുള്ള ബി.ജെ.പിയുടെ മുറവിളികളാണ് അതിനു പ്രേരകമായതെന്നും അവര്‍ വിശ്വസിച്ചു.

അഹമ്മദാബാ​ദിൽ നടന്ന പ്രതിഷേധ പ്രകടനം തടഞ്ഞ പൊലീസ് വിദ്യാർത്ഥിനികളെ അറസ്റ്റ് ചെയ്ത് നീക്കുന്നു
അഹമ്മദാബാ​ദിൽ നടന്ന പ്രതിഷേധ പ്രകടനം തടഞ്ഞ പൊലീസ് വിദ്യാർത്ഥിനികളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

ജെ.എന്‍.യു.വില്‍ അഫ്സല്‍ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് 2016 ഫെബ്രുവരി ഒന്‍പതിന് എ.ഐ.എസ്.എഫ് നേതാവായ കനയ്യകുമാറും ഉമര്‍ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും അറസ്റ്റിലാകുന്നത്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു കനയ്യ. വലിയ രാഷ്ട്രീയ വിവാദത്തിനാണ് ഈ അറസ്റ്റ് വഴിതെളിച്ചത്. ജെ.എന്‍.യുവിലെ എ.ബി.വി.പി പ്രവര്‍ത്തകരുടെ ഗൂഢാലോചനയായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍, കനയ്യയുടെ മോചനത്തിനു വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം തന്നെ വേണ്ടിവന്നു. കഴിഞ്ഞ രണ്ടരദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭമായിരുന്നു അത്. ഫലത്തില്‍ മോദി സര്‍ക്കാരിനും ആര്‍.എസ്.എസിനുമെതിരേയുള്ള ചെറുത്തുനില്‍പ്പും. ഹൈദരാബാദ് യൂണിവേഴ്സിറ്റിയായിരുന്നു അടുത്ത പ്രക്ഷോഭകേന്ദ്രം. അതിന് വഴിതെളിച്ചതാകട്ടെ, ദളിത് വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ജീവത്യാഗവും.

ജാതിവിവേചനത്തിന്റെ രക്തസാക്ഷിയായി വെമുല മാറിയപ്പോഴും പ്രതിസ്ഥാനത്ത് സംഘപരിവാര്‍ സംഘടനകളായിരുന്നു. രോഹിതിന്റെ ആത്മഹത്യ ഉയര്‍ത്തിവിട്ട അലയൊലികള്‍ ചെറുതായിരുന്നില്ല. പ്രതിഷേധങ്ങളുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ സര്‍വ്വകലാശാലകള്‍ പലതും വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ ചൂടിലമര്‍ന്നു. രാഷ്ട്രീയഭേദമില്ലാതെ ഇന്ത്യ ഒന്നടങ്കം ആ പ്രക്ഷോഭങ്ങള്‍ക്കൊപ്പം നിന്നപ്പോള്‍ ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ മുഖമാണതിനു കൈവന്നത്. അതിന്റെ തുടര്‍ച്ചയെന്നവണ്ണമാണ് പൗരത്വ ഭേദഗതിക്കെതിരേയുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com