'കുഞ്ഞുങ്ങള്‍ക്ക് അമ്മമാരുടെ കണ്ണുകളുമായി സംസാരിക്കാനേ കഴിയുന്നില്ല'- സൈബറിടങ്ങളില്‍ നഷ്ടമാകുന്ന ബാല്യം

സ്വാഭാവിക പരിസ്ഥിതികളില്‍നിന്നും കുഞ്ഞിനെ മാറ്റി വെര്‍ച്ച്വല്‍ വേള്‍ഡിലേയ്ക്ക് എറിഞ്ഞുകൊടുക്കുന്നവര്‍ യഥാര്‍ത്ഥ ലോകത്തിനോട് സംവദിക്കാന്‍ ത്രാണിയില്ലാത്ത ജീവനുള്ള ഒരു യന്ത്രത്തെ സൃഷ്ടിക്കുകയാണോ?
'കുഞ്ഞുങ്ങള്‍ക്ക് അമ്മമാരുടെ കണ്ണുകളുമായി സംസാരിക്കാനേ കഴിയുന്നില്ല'- സൈബറിടങ്ങളില്‍ നഷ്ടമാകുന്ന ബാല്യം

രു പത്ത് വയസ്സുകാരി കംപ്യൂട്ടര്‍ സ്‌ക്രീനിനു മുന്നിലിരിക്കുകയാണ്. സ്‌ക്രീനില്‍ ഒരു വാക്ക് ടൈപ്പ് ചെയ്ത് സെര്‍ച്ച് ബോക്സിലെ റിട്ടേണില്‍ വിരല്‍ അമര്‍ത്തുന്നു. അത്ഭുതപ്പെടുത്തുന്നതും അമ്പരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ വിവരങ്ങള്‍ തെളിയുകയായി. അവള്‍ ആഗ്രഹിക്കുന്നതും ആഗ്രഹിക്കാത്തതുമായ വിവരങ്ങള്‍. അസഹ്യമായ അശ്ലീലങ്ങള്‍ ചിത്രങ്ങള്‍ സഹിതം പ്രത്യക്ഷപ്പെടുകയായി. സ്‌ക്രീനിനു മുന്നില്‍ കുട്ടി പകച്ചിരിക്കുകയാണ്. മലവെള്ളപ്പാച്ചില്‍പോലെ വിവരങ്ങളുടെ കുത്തൊഴുക്ക് കണ്ട് അമ്പരന്ന് ബാലസഹജമായ ജിജ്ഞാസയോടും പകപ്പോടും എന്താണ് തനിക്ക് അറിയേണ്ടതെന്ന് മറന്നുപോകുന്ന അവസ്ഥയിലായി കുട്ടി. 

ട്രാഫിക് റൂളുകളൊന്നും ബാധകമല്ലാത്ത സൈബറിടത്തില്‍ ഏതു കുഞ്ഞിനും എവിടേയ്ക്കും കണ്ണുപായിക്കാം, കടന്നുചെല്ലാം. പലപ്പോഴും കൊച്ചുകുട്ടികളുടെ ജിജ്ഞാസ ആശാസ്യവും അനാശാസ്യവും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാവും. തനിക്കറിയാത്ത കാര്യങ്ങളും അദ്ധ്യാപകരും കൂട്ടുകാരും പറയാത്ത കാര്യങ്ങളും തേടി കുരുക്കിലാവുന്ന ഈ കുഞ്ഞ് മനസ്സ് 21-ാം നൂറ്റാണ്ടിലെ സൈബര്‍ വിപ്ലവത്തിന്റെ ഇരയോ, വിജ്ഞാന വിസ്ഫോടനത്തിലൂടെ അനുനിമിഷം പതഞ്ഞുയരുന്ന പുതിയ കാലത്തിന്റെ മുഖമോ? കൃത്രിമ ബുദ്ധിയിലൂടെ, യാന്ത്രിക ബുദ്ധിയിലൂടെ പത്തുവയസ്സുകാരിയുടെ കുഞ്ഞുമനസ്സിനെ 'കണക്ട്' ചെയ്യാന്‍ നാം ശ്രമിക്കുമ്പോള്‍ വിവരങ്ങളുടെ പ്രളയത്തില്‍ 'പെട്ടുപോവുക'യാണോ ഈ കുഞ്ഞുമനസ്സ്? സൈബറിടം സൃഷ്ടിക്കുന്ന അസഹ്യമായ സാമൂഹ്യ അങ്കലാപ്പിന്റെ മുഖമാണ് കംപ്യൂട്ടര്‍ സ്‌ക്രീനിനു മുന്നിലിരിക്കുന്ന ഈ പെണ്‍കുട്ടിയും സ്മാര്‍ട്ട് ഫോണ്‍ കൈയിലേന്തിയ ആണ്‍കുട്ടിയും. മനുഷ്യന്‍ സ്വന്തം ബുദ്ധികൊണ്ട് അവന്റെ വളര്‍ച്ചയ്ക്കുവേണ്ടി കണ്ടുപിടിച്ച ഒരു യന്ത്രം അവന്റെ തന്നെ അന്ത്യത്തിനു കാരണമാവുകയോ എന്നത് പഴയ ചോദ്യമായിരിക്കുന്നു. ഈ വലിയ ചോദ്യം ആദ്യമായി അതിന്റെ എല്ലാ ഭീകരതകളോടും ഉയര്‍ത്തിയത് മേരി ഷെല്ലി 'ഫ്രാങ്കന്‍ സ്റ്റെയിനിലൂടെ' എന്ന പുസ്തകത്തിലായിരുന്നു. മാനസികാഘാതങ്ങളും ലോകത്തെ ഓര്‍മ്മിപ്പിക്കാനായിരുന്നു മേരി ഷെല്ലി 'ഫ്രാങ്കന്‍ സ്റ്റെയിനിലൂടെ ശ്രമിച്ചത്. മേരി ഷെല്ലി വിവരിച്ചതിലധികം ഭയാനകമായൊരു ലോകമായിരുന്നു പക്ഷേ, വ്യാവസായിക വിപ്ലവത്തിലൂടെ വളര്‍ന്നത്. ഗ്രീറ്റാ തുണ്‍ബെര്‍ഗ് എന്ന സ്വീഡിഷ് പതിനാറുകാരി നമ്മുടെ ലോകത്തോട് ചോദിച്ച വലിയ ചോദ്യം, ''നിങ്ങള്‍ ഞങ്ങളുടെ ബാല്യം മോഷ്ടിച്ചില്ലേ,'' എന്നതിനു മുന്നില്‍ യാതൊരു ഉളുപ്പുമില്ലാതെ നില്‍ക്കുകയാണ് ലോകനേതാക്കള്‍. മേരി ഷെല്ലി സ്വപ്നേപി വിചാരിക്കാത്ത അസഹ്യമായ അവസ്ഥകളാണ് നമ്മുടെ കൊച്ചുകുഞ്ഞുങ്ങളുടെ കൈയിലിരിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ ദിനംപ്രതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. 1931-ല്‍ ഫ്രാങ്കന്‍ സ്റ്റെയിന്‍ ഒരു ക്ലാസ്സിക് സിനിമയായി പുറത്തിറങ്ങി. ഫ്രാങ്കന്‍ സ്റ്റെയിന്‍ എന്ന യാന്ത്രിക ഭീകരന്‍ തടാകതീരത്തുനിന്ന് പൂക്കള്‍ പറിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുമായി സൗഹൃദത്തിലാവുന്നു. മനോഹരമായ ആ സൗഹൃദം അങ്ങനെ നീളുന്നതിന്റെ അവസാനം ഫ്രാങ്കന്‍ സ്റ്റെയിന്‍ പെട്ടെന്ന് കുഞ്ഞിനെ തൂക്കിയെടുത്ത് തടാകത്തിലേക്കെറിയുന്നു, നിലയില്ലാകയത്തില്‍നിന്ന് ഉയര്‍ന്നുപൊങ്ങിയ കുഞ്ഞോളങ്ങളുടെ രോദനമായിരുന്നു വ്യവസായവിപ്ലവത്തിന് എതിരെയുള്ള ആദ്യത്തെ മുന്നറിയിപ്പും പൊട്ടിക്കരച്ചിലും. 1979-ലാണ് ആദ്യമായി ഒരു യന്ത്രമനുഷ്യന്റെ അടിയേറ്റ് ഫോര്‍ഡ് മോട്ടോര്‍ക്കമ്പിനിയിലെ ഒരു തൊഴിലാളി മരിച്ചതായി രേഖപ്പെടുത്തിയത്. അന്ന് അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നു. പക്ഷേ, നാം ഇപ്പോള്‍ അത്തരം നിരവധി സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്നു. എന്നാല്‍, ഏറ്റവും ഭയാനകവും ആശങ്കാജനകവുമായ കാര്യം നമ്മുടെ കുഞ്ഞുങ്ങളുടെ കയ്യിലിരിക്കുന്ന സ്മാര്‍ട്ട് ഫോണുകളും മേശമേലിരിക്കുന്ന ലാപ്ടോപ്പുകളും കംപ്യൂട്ടറുകളുമാണെന്നത് ഒരേസമയം വിചിത്രവും അസഹ്യവുമായൊരു സാധാരണ സംഭവമായിരിക്കുന്നുവെന്നതാണ്! ഒഴിവാക്കാന്‍ കഴിയാത്ത (necessary evil) ഒരു പിശാചിനെ കുഞ്ഞുങ്ങളുടെ കൈയില്‍ നല്‍കി, നമ്മള്‍ അന്തംവിട്ട് ജീവിക്കുകയാണ്! ഫ്രാങ്കന്‍ സ്റ്റെയിന്റെ പഴയ കഥയെക്കാള്‍ ഭയാനകമാണിത്. ലോകമെങ്ങുനിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. ഈ ഡിജിറ്റല്‍ ഫ്രാങ്കന്‍ സ്റ്റെയിന്‍ പത്തുവയസ്സുകാരിയെ എവിടേയ്ക്കാണ് കൂട്ടിക്കൊണ്ടു പോകുന്നത്? എല്ലാ 'ഓഫ് ലൈനു'കളും എന്നന്നേക്കുമായി ഓഫാക്കിയശേഷം സര്‍വ്വതും 'ഓണ്‍ലൈനാക്കി' ജീവിതം എത്ര സുഭിക്ഷവും സുന്ദരവുമെന്ന് ആഘോഷിക്കുന്ന സൈബറിടങ്ങളില്‍ ഇത്തരം ചോദ്യങ്ങള്‍ ശുദ്ധ വിഡ്ഢിത്തങ്ങളാണെന്നറിഞ്ഞുകൊണ്ട് തന്നെ ഓണ്‍ലൈന്‍ വീഡിയോകളുടെ ചാകരകള്‍ക്കു മുന്നില്‍ കുത്തിയിരുന്ന് അവധിദിനം ആഘോഷിക്കുന്ന പത്തുവയസ്സുകാരിയില്‍ത്തന്നെ  വീണ്ടും എത്തുകയാണ്. ഓര്‍ത്തുനോക്കുക, പത്തുവയസ്സുകാരിയായ ഈ പെണ്‍കുട്ടി ഇപ്പോള്‍ പരതുന്നത്, എങ്ങനെ തന്റെ തടിച്ച ശരീരത്തെ മെലിയിക്കാമെന്നാണ്. തടിച്ച ശരീരം സുന്ദരമല്ലെന്നും അപകടമാണെന്നും കൂട്ടുകാരികള്‍ പറഞ്ഞും ചുറ്റുമുള്ളവരുടെ കളിയാക്കലുകള്‍ കേട്ടും ടി.വി. പരസ്യങ്ങളില്‍നിന്നും മനസ്സിലാക്കിയ കുട്ടി യൂ ട്യൂബില്‍ തിരയുകയാണ്, 'thinspiration' എന്നു വിളിക്കപ്പെടുന്ന ഈ പ്രതിഭാസത്തില്‍ അറിഞ്ഞുകൊണ്ട് ചെന്നുവീഴുന്ന ഈ കുഞ്ഞിനെ കാത്തിരിക്കുന്നത് അസഹ്യമായ ചതിക്കുഴികളാണ്. ഒരു മണിക്കൂറുകൊണ്ടും ഒരു ദിവസംകൊണ്ടും ഒരാഴ്ചകൊണ്ടും ആറുമാസം കൊണ്ടുമൊക്കെ മെലിയാനുള്ള സൂത്രങ്ങളിലേക്ക് തെന്നിവീഴുന്ന ഈ കുട്ടിക്കു ചിലപ്പോള്‍ നഷ്ടമാകുന്നത് സ്വന്തം ജീവന്‍ തന്നെയാകും. പലപ്പോഴും അതിഗുരുതരമായ മാനസിക-ശാരീരിക അവശതകളിലേക്കും ചെന്ന് ചാടുകയും ചെയ്‌തേക്കും. അമേരിക്കയിലോ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലോ മാത്രമല്ല, ഇന്ത്യയെന്ന നമ്മുടെ പാവം രാജ്യത്തും നൂറ് ശതമാനം സാക്ഷരതയുള്ള നമ്മുടെ കേരളത്തിലും ഇതൊക്കെ സാധാരണമായ ഓണ്‍ലൈന്‍ ദുരന്തങ്ങളായി മാറിയിരിക്കുന്നു! ജീവനെ തകര്‍ക്കുന്ന ഭക്ഷണരീതികളും ജീവിതശൈലികളുംകൊണ്ട് സമൃദ്ധവുമാണ് ഓണ്‍ലൈന്‍ സൈറ്റുകള്‍. ബ്ലൂ ഗെയിമുകളിലും ആത്മഹത്യാ സൈറ്റുകളിലും കുട്ടികള്‍ യഥേഷ്ടം കയറിയിറങ്ങുകയാണ്. ഏറ്റവും ഭയാനകമായ മേഖല അശ്ലീല സൈറ്റുകളാണ്. ലണ്ടന്‍ ടൈംസിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം - Porn Hub എന്ന വീഡിയോ സൈറ്റുകള്‍ 2015-ല്‍ മാത്രം സന്ദര്‍ശിച്ചത് എണ്‍പത്തിയേഴ് ബില്യണ്‍ പ്രാവശ്യമാണ്. കുട്ടികള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ സന്ദര്‍ശിക്കാവുന്നതാണ് ഈ സൈറ്റ്. പൊതുജനാരോഗ്യ പ്രശ്‌നം എന്ന ആക്ഷേപത്തില്‍ ചില പ്രാദേശിക സര്‍ക്കാരുകള്‍ ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും കാര്യമായ പ്രയോജനങ്ങളൊന്നുമില്ലാതെ സൈറ്റ് ഇപ്പോഴും അനസ്യൂതം പ്രവര്‍ത്തിക്കുന്നു. ഇത്തരം സൈറ്റുകളില്‍ പ്രവേശിക്കരുതെന്ന് കുട്ടികളെ ഉപദേശിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയുമെങ്കിലും, വിലക്കുകള്‍ക്ക് അല്പായുസ്സേ ഉണ്ടാകാറുള്ളൂ. വിലക്കുകളെ മറികടക്കാനുള്ള വിദ്യകള്‍ മുതിര്‍ന്നവരെക്കാള്‍ എളുപ്പത്തില്‍ കണ്ടെത്തി പ്രയോഗിക്കുന്നതില്‍ വിരുതന്മാരാണ് കുട്ടികളെന്നോര്‍ക്കുക. Porn-Hub നെക്കുറിച്ചുള്ള ലണ്ടന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ത്തന്നെ പറയുന്നത് ഏതാണ്ട് 69 ശതമാനം കുട്ടികളും തങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ രക്ഷിതാക്കളോട് പറയാറില്ലെന്നാണ്. രഹസ്യമായി കാര്യങ്ങള്‍ ചെയ്യുകയെന്നത് കുട്ടികളുടെ സ്വാഭാവികമായ ഒരു രീതിയുമാണ്. അവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെ രഹസ്യമായി വീക്ഷിക്കുന്നതും സ്മാര്‍ട്ട് ഫോണുകളിലെ കോളുകള്‍ നിരീക്ഷിക്കുന്നതും ടെക്സ്റ്റ് മെസ്സേജുകള്‍ നോക്കുന്നതുമൊക്കെ പലതരം പ്രതികൂല പ്രതികരണങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. 

രക്ഷിതാക്കളുടെ നിയന്ത്രണങ്ങള്‍ കൂടുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ രഹസ്യമായ നീക്കങ്ങളും പ്രതികാരപ്രവര്‍ത്തനങ്ങളും നടത്തുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കുഴപ്പങ്ങളില്‍ പെട്ടുപോയാല്‍ തങ്ങളുടെ രക്ഷിതാക്കളുടെ സഹായം നേടാതെ മറുവഴികള്‍ തേടി പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയെന്നതാണ് പൊതുവായി കണ്ടുവരുന്ന രീതി. ''അതാ, ആ കുഞ്ഞിന് മുകളിലെ വീട് കണ്ടില്ലേ, അവിടേയ്ക്ക് പോകരുത്, അപകടമാണ്...'' എന്ന് പറഞ്ഞാല്‍ ഒരു കുട്ടി സാധാരണ ചെയ്യുന്നത് എന്താവും? ''എന്നാല്‍ അതൊന്ന് അറിഞ്ഞിട്ടുതന്നെ കാര്യം,'' എന്നാവും കുട്ടിയുടെ ജിജ്ഞാസ നിറഞ്ഞ മനസ്സിന്റെ മറുപടി. ഇന്റര്‍നെറ്റിന്റെ കാര്യത്തിലും സംഗതി ഇതുതന്നെയാണ്. ഇതില്‍ ഭയങ്കരമായ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നു! എന്നാല്‍, ഇത് ഏറ്റവും പ്രയോജനമുള്ളതും ആകര്‍ഷകമായതും സമയം ലാഭിക്കുന്നതും ലോകത്തില്‍ എവിടെയെത്താനും നിമിഷംകൊണ്ടും സഹായിക്കുന്നതുമാണ്... അതിരുകളില്ലാത്ത അറിവിന്റെ ഈ ലോകത്തെ വിട്ട് നമുക്ക് ഇനി മുന്നോട്ടുപോവാനുമാകില്ല. എത്ര വിചിത്രമായ ലോകമെന്ന് നോക്കൂ. പതിനൊന്നിനും പതിനാറിനും ഇടയ്ക്കുള്ള കുട്ടികള്‍ മാത്രമല്ല, പത്തു വയസ്സിനു താഴെയുള്ള കുട്ടികളും 'സൈബര്‍ അഡിക്റ്റു'കളായി മാറുന്നതാണ് ഇന്നത്തെ ലോകദൃശ്യങ്ങളും നഗരങ്ങളിലെ പൊതുദൃശ്യങ്ങളും. സൈബറിടത്തില്‍ കണ്ടുമുട്ടുന്ന അപരിചിതനെ അപരിചിതയെ മാറ്റിനിറുത്താനുള്ള പക്വതയില്ലാത്തതു കാരണം ചതിക്കുഴികളിലേക്ക് ചെന്നുചാടുകയാണ് കുട്ടികള്‍. സൈബര്‍ പീഡനങ്ങളുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളിലൂടെ പുറത്തുവരുന്നത് ഡിജിറ്റല്‍ ലൈംഗികതയുടെ, അക്രമങ്ങളുടെ, ആത്മഹത്യകളുടെ നിലയില്ലാക്കയങ്ങളില്‍പ്പെട്ടുഴലുന്ന കുഞ്ഞുങ്ങളുടെ അസഹനീയമായ നൊമ്പരങ്ങളും നിലവിളികളുമാണ്. 

അതിരുകളില്ലാത്ത ലോകം

ഇന്റര്‍നെറ്റിന്റെ ഘടന അങ്ങനെയാണ്. അതിനു സുവ്യക്തമായൊരു ഘടനയേയില്ല എന്നതാണ് അതിന്റെ വലിയ സവിശേഷതയും വലിയ അപകടവും. ഇത് റെയില്‍വേ പോലയല്ല, ഒരു ഹൈവേപോലയല്ല 'The internet is many things, but it is not simply on infrastructure...' ഇന്റര്‍നെറ്റിലെ സ്വാതന്ത്ര്യമെന്നത് ഇന്ന് വലിയ ചര്‍ച്ചാവിഷയമാണ്. തീര്‍ച്ചയായും സ്വാതന്ത്ര്യത്തിന്റെ പക്ഷത്ത് നില ഉറപ്പിക്കുന്നവരായിരിക്കും ജനാധിപത്യവാദികളൊക്കെ, പക്ഷേ, അതിരുകളില്ലാത്ത സ്വാതന്ത്ര്യം അരാജകത്വത്തിനും സര്‍വ്വനാശത്തിനും വഴിവെയ്ക്കുമോ? നമ്മുടെ കുട്ടികളെ മുന്‍നിറുത്തിയാണ് ഇപ്പോള്‍ നാം ഈ ആശങ്ക പങ്കുവയ്ക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫിസിഷ്യനും സാമൂഹ്യചിന്തകനുമായിരുന്ന ഹാവ്ലോക്ക് എല്ലിസ് പറഞ്ഞത് ഓര്‍മ്മയില്ലേ, ''നമ്മുടെ സംസ്‌കാരത്തിനു മുന്നിലുള്ള ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി യന്ത്രങ്ങള്‍ മനുഷ്യരെ നിയന്ത്രിക്കുന്ന യജമാനന്‍മാരാകാതെ നോക്കുകയെന്നതാണ്, അവയെ എന്തിനുവേണ്ടിയാണോ നമ്മള്‍ സൃഷ്ടിച്ചത്, അതിനു മാത്രമായി നമ്മുടെ അടിമകളായി മാത്രം നിലനിറുത്തുകയെന്നതാണ്...'' പക്ഷേ, ഇന്ന് നാം കാണുന്നത് ഇന്റര്‍നെറ്റിന്റെ അതിരുകളില്ലാത്ത ലോകത്തിന്റെ അപ്രമാദിത്വമാണ്, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ സര്‍വ്വ മേഖലകളേയും അത് അത്ഭുതകരമായി പരിവര്‍ത്തനപ്പെടുത്തുകയും അപകടകരമായ അരാജകത്വങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്തിരിക്കുന്നു. നമ്മുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന യന്ത്രങ്ങളും സാങ്കേതിക വിദ്യകളും എങ്ങനെയാകണമെന്നും നമ്മുടെ ചൊല്‍പ്പടിക്ക് അവ നില്‍ക്കുമോയെന്നു തീരുമാനിക്കാനാവാത്ത നിസ്സഹായാവസ്ഥയിലാണ് നാം പെട്ടിരിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങളെ ചതിക്കുഴികളിലേക്ക് തള്ളിവിടരുതേയെന്ന് സ്മാര്‍ട്ട് ഫോണുകളോട് നിര്‍ദ്ദേശിക്കാന്‍ നമുക്ക് ആവുന്നില്ല. സൈബര്‍ ഗെയിമുകളില്‍ അഡിക്റ്റുകളായി ജീവിതം ഉലച്ചുകളയുന്ന കുരുന്നുകളെ സൈബറിടങ്ങളില്‍ ബലിയാടാവുന്നതില്‍നിന്ന് നമുക്ക് തടയാനാവുന്നില്ല! നമ്മുടെ സ്വകാര്യതയാകെ കോര്‍പ്പറേറ്റുകളും ഹാക്കര്‍മാരും ചേര്‍ന്ന് ചോര്‍ത്തിയെടുക്കുന്ന അസഹനീയമായ അവസ്ഥയിലാണ് വിവരസാങ്കേതികവിദ്യയുടെ വിപ്ലവകരമായ കുതിച്ചുചാട്ടം നമ്മെ തിരിഞ്ഞുകൊത്തുന്നത്. കുടിവെള്ളംപോലെ വൈദ്യുതിപോലെ നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായി മാറി ഇന്റര്‍നെറ്റ്. കുടിവെള്ളത്തിന്റേയും വൈദ്യുതിയുടേയും സ്രോതസ്സുകളെപ്പറ്റി നമുക്കറിയാം, എന്നാല്‍ നമ്മള്‍ സാധാരണ മനുഷ്യരില്‍ മഹാഭൂരിപക്ഷത്തിനും മനസ്സിലാകാത്ത ഒരു സാങ്കേതികവിദ്യയാണ് ഇന്റര്‍നെറ്റിനു പിന്നിലുള്ളത്. ചുരുക്കത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒന്നിന്റെ അടിമകളായി വേവലാതിപ്പെട്ടിരിക്കുകയാണ് നാം. അടുത്ത ഒരു പതിനായിരം വര്‍ഷത്തിനിടയില്‍ സാങ്കേതികവിപ്ലവത്തിലൂടെ മനുഷ്യകുലം ആകെ മുടിഞ്ഞുപോകുമെന്നത് ഏതാണ്ട് ഉറപ്പാണെന്ന് ('near certaitny') പറഞ്ഞ സ്റ്റീഫന്‍ ഹോക്കിങ്ങിനെ ഓര്‍ക്കുക. ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കിയ ശാസ്ത്രകാരന്മാരുടെ ലിസ്റ്റ് നീണ്ടതാണ്. എങ്കിലും ഈ 'ഡിജിറ്റല്‍ ഫ്യൂച്ചര്‍' സൃഷ്ടിച്ചിരിക്കുന്ന വേവലാതികള്‍ പരിഹരിക്കാനുള്ള ഏകീകൃതവും ഫലവത്തുമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്നതാണ് നമ്മെ ആശങ്കപ്പെടുത്തുന്നത്. 

മേരി ഐക്കന്‍ (Mary Aiken) എഴുതിയ 'The Cyber Effect' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഈ കുറിപ്പ് എഴുതുന്നത്. സൈബറിടത്തില്‍പ്പെട്ട് വലഞ്ഞുപോകുന്ന സാധാരണ മനുഷ്യരുടെ വേവലാതികളും വെപ്രാളങ്ങളും വിശദമായി അപഗ്രഥിക്കുകയാണ് ലോകത്തെ ഏറ്റവും അധികം അറിയപ്പെടുന്ന ഫോറന്‍സിക് സൈബര്‍ സൈക്കോളജിസ്റ്റുകളില്‍ ഒരാളായ മേി ഐക്കന്‍. 2016-ല്‍ ജോണ്‍ മൂറെ ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം സൈബര്‍ ലിറ്ററേച്ചറില്‍ ബെസ്റ്റ് സെല്ലര്‍ ഗണത്തില്‍പ്പെടുന്നു. സൈബര്‍ സൈക്കോളജി റിസര്‍ച്ച് നെറ്റ്വര്‍ക്കിന്റെ ഡയറക്ടറായ മേരി ഐക്കന്‍ ഇന്റര്‍പോളിന്റേയും എഫ്.ബി.ഐയുടേയുമൊക്കെ സൈബര്‍ ഉപദേശകരില്‍ ഒരാളുമാണ്. അയര്‍ലണ്ടുകാരിയായ മേരി ഐക്കന്റെ സൈബര്‍ ഗവേഷണങ്ങളെ ആധാരമാക്കിയാണ് സി.ബി.എസ് ടെലിവിഷന്‍ പോപ്പുലര്‍ സീരിസായ 'CSI: Cyber' തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളാണ് ലോകത്തെ ഏറ്റവും അമൂല്യമായ സമ്പത്ത്, ഭാവിയെപ്പറ്റിയുള്ള ഏറ്റവും വലിയ പ്രതീക്ഷയുമെന്ന എക്കാലത്തേയും വലിയ ഓര്‍മ്മപ്പെടുത്തലുമായി തുടങ്ങുന്ന പുസ്തകം സൈബര്‍ സാങ്കേതികതയുടെ അതിഭയാനകമായ ലോകത്തില്‍ തന്റെ സ്ഥാനം എവിടെയാണെന്ന് (Where Am I ?) അറിയാതെ പകച്ചുനില്‍ക്കുന്ന സാധാരണ മനുഷ്യന്റെ ചിത്രം വരയ്ക്കുകയാണ്. നമ്മുടെ സംസാരം, ഭക്ഷണരീതികള്‍, വസ്ത്രരീതികള്‍, ജോലി, കുടുംബം, സമൂഹം എല്ലാം ഒന്നടങ്കം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. നവോത്ഥാനകാലത്ത് സംഭവിച്ച സാമൂഹ്യമാറ്റങ്ങളും ശാസ്ത്രീയ സമീപനങ്ങളും പോലെയല്ല ഇപ്പോഴുണ്ടാകുന്ന വിപ്ലവങ്ങള്‍. നവോത്ഥാനകാലത്ത് സംഭവിച്ച സ്വാതന്ത്ര്യത്തിന്റെ തിരയിളക്കമല്ല ഇപ്പോള്‍ കാണുന്നത്. ഇന്റര്‍നെറ്റിലെ സ്വാതന്ത്ര്യത്തിന് അതിരുകളില്ല. ഓണ്‍ലൈന്‍ വേലിയേറ്റങ്ങളില്‍ എല്ലാ മതിലുകളും തകരുകയാണ്. നിങ്ങളെ മൂടോടെ മുടിച്ചുകളയും എന്ന കട്ടകലിപ്പിലാണ് ഓണ്‍ലൈന്‍ തിരകള്‍ ആഞ്ഞടിക്കുന്നത്! യാതൊരു നിയന്ത്രണങ്ങളും അനുവദിക്കാത്ത സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം എന്നതാണ് ഇന്റര്‍നെറ്റ് ഐഡിയോളജി. സമഗ്ര സ്വാതന്ത്ര്യമെന്നത് സമഗ്ര അധ:പതനത്തിന് വഴിവയ്ക്കുമോ? സാമൂഹ്യ നിയന്ത്രണങ്ങളൊന്നും ബാധകമല്ലാത്ത ഇന്റര്‍നെറ്റിലെ സമഗ്ര സ്വാതന്ത്ര്യം നമ്മെ എവിടേയ്ക്ക് എത്തിക്കും? നമ്മളെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ചുറ്റും കാണുന്നത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഞാനൊരു മരണവീട്ടില്‍ പോയി. ഗൃഹനാഥന്റെ മരണം കഴിഞ്ഞ് രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഭാര്യയും മക്കളുമടങ്ങിയ ബന്ധുക്കള്‍ പൂമുഖത്ത് ദുഃഖിതരായി ഇരിപ്പുണ്ട്. മരിച്ച ഗൃഹനാഥന്റെ മകളുടെ ഒന്നരവയസ്സുള്ള കുഞ്ഞ് ചെറിയ ഒരു കസേരയില്‍ ഇരിക്കുന്നുണ്ട്, ആ പ്രായത്തിലെ ഒരു കുഞ്ഞ് നിശ്ശബ്ദനായി അങ്ങനെ ബന്ധുക്കള്‍ക്കിടയില്‍ ഇരിക്കേണ്ടതല്ല. കൗതുകത്തോടെ ഞാന്‍ ആ കുഞ്ഞിനെ നോക്കി, ചിരിയുമില്ല, കരച്ചിലുമില്ല, കയ്യിലിരിക്കുന്ന സ്മാര്‍ട്ട് ഫോണിലാണ് കുഞ്ഞിന്റെ ശ്രദ്ധ, അന്തംവിട്ട് നോക്കിയിരിക്കുകയാണ് വീഡിയോ ഗെയിം! വീഡിയോ ഗെയിം നോക്കി അന്തംവിട്ടിരിക്കുന്ന കുഞ്ഞിന്റെ ഇരിപ്പ് എന്നെ ഉലച്ചുകളഞ്ഞു, ചുറ്റുമുള്ളവരെയൊന്നും കുഞ്ഞ് കാണുന്നില്ല, ഒന്നര വയസ്സുകാരന് ബഹളമില്ല, കരിച്ചിലില്ല, ചിരിയുമില്ല! കുട്ടികള്‍ ഇങ്ങനെ ആയിരിക്കുന്നു, കരയുന്ന കുഞ്ഞിനു മുന്നില്‍ നമ്മള്‍ സ്മാര്‍ട്ട് ഫോണിലെ വീഡിയോ ഗെയിമുകള്‍ തുറന്നിടുകയാണ്. മായാ മനുഷ്യരും റോബോട്ടിക്കുകളും മിന്നിമറയുന്ന ഇന്ദ്രജാലങ്ങള്‍ നോക്കി അന്തംവിട്ടിരിക്കുന്ന കുഞ്ഞ് കരയാനും ചിരിക്കാനും മറന്നുപോകുന്ന അവസ്ഥ. മുറ്റത്തെ മുല്ലപ്പൂവും ചിത്രശലഭവും അവന്റെ കണ്ണില്‍പ്പെടുന്നില്ല. അവന്‍ മുറ്റത്തിറങ്ങുന്നില്ല, മണ്ണ് വാരുന്നില്ല, കിളികളുടെ പാട്ടു കേള്‍ക്കുന്നില്ല. കുഞ്ഞിനെ ഉറക്കുന്നതും ഉണര്‍ത്തുന്നതും സ്മാര്‍ട്ട് ഫോണിന്റെ ജോലിയായിരിക്കുന്നു! ഒന്നരവയസ്സിലേ നമ്മുടെ കുഞ്ഞ് 'സ്മാര്‍ട്ടാ'യിരിക്കുന്നു. അതിശയകരമായ ഈ സ്മാര്‍ട്ടാകലിന്റെ അപകടങ്ങളിലേക്ക് വിരല്‍ചൂണ്ടുകയാണ് മേരി ഐക്കന്‍. 

സൈബര്‍ കുഞ്ഞുങ്ങള്‍ 

മുകളില്‍ സൂചിപ്പിച്ചപോലൊരു സംഭവം മേരി ഐക്കന്‍ വിവരിക്കുന്നുണ്ട്, 'സൈബര്‍ ബേബീസ്' എന്ന തലക്കെട്ടില്‍. ഒരു നീണ്ട ട്രെയിന്‍ യാത്രയ്ക്കിടയില്‍ മനസ്സില്‍ പതിഞ്ഞ ചിത്രമാണ്. ഐര്‍ലണ്ടിലെ ഡബ്ലിനില്‍നിന്ന് ഗാല്‍വേയിലേക്കുള്ള യാത്രയിലാണ്, ഒരു അമ്മയും കുഞ്ഞും മുന്നിലിരിക്കുന്നത് ശ്രദ്ധിച്ചത്. അറ്റ്‌ലാന്റിക് തീരത്തുള്ള അതിമനോഹരമായ ഐറിഷ് ഗ്രാമങ്ങളിലൂടെയാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. ബഹളം വയ്ക്കാന്‍ തുടങ്ങിയ കുഞ്ഞിനെ അമ്മ മടിയില്‍ കിടത്തി വായില്‍ പാല്‍ക്കുപ്പിയുടെ നിബ്ബിള്‍ വയ്ക്കുന്നു; ചിണുങ്ങിച്ചിണുങ്ങി കുഞ്ഞ് പാല്‍കുടിക്കവേ അമ്മ മൊബൈല്‍ ഓണ്‍ ചെയ്യുന്നു, ഒരു കൈയില്‍ പാല്‍ക്കുപ്പിയും മറുകയ്യില്‍ മൊബൈലുമായിരിക്കുന്ന ആ അമ്മയുടെ ദൃശ്യം മനസ്സില്‍നിന്നു മായുന്നില്ല. അമ്മയുടെ കണ്ണുകള്‍ മൊബൈലിലെ ഗെയിമിലായിരുന്നു. ഏതാണ്ട് പത്ത് പതിനഞ്ച് മിനിറ്റിനിടയില്‍ ഒരു നിമിഷം പോലും ആ അമ്മയുടെ കണ്ണുകള്‍ തന്റെ മടിയില്‍ കിടന്നു പാല്‍കുടിക്കുന്ന കുഞ്ഞിനെ ലാളിക്കുന്നില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. 

കുഞ്ഞ് ആഹ്ലാദത്തോടെ ശബ്ദമുണ്ടാക്കുകയും അമ്മയുടെ മുഖത്തേക്കു നോക്കി കൈകാലുകള്‍ ഇളക്കുന്നുണ്ടെങ്കിലും അമ്മയുടെ കണ്ണുകള്‍ ഗെയിമില്‍ തന്നെയായിരുന്നു. ''ഐറിഷ് ഗ്രാമങ്ങളുടെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനിടയില്‍ എന്റെ സണ്‍ഗ്ലാസ്സില്‍ പതിഞ്ഞ അമ്മയും കുഞ്ഞും മനസ്സിനെ ഉലയ്ക്കുന്നതായിരുന്നു.'' നമ്മള്‍ ട്രെയിന്‍ യാത്രകളിലും ബസ് യാത്രകളിലും സ്ഥിരമായി കാണുന്ന ഈ ദൃശ്യം മുന്നില്‍വച്ച് മേരി ഐക്കന്‍ മൊബൈല്‍ സാങ്കേതികത നമ്മുടെ സ്വഭാവത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠിക്കുകയാണ്. നമ്മുടെ ഈ സ്വഭാവമാറ്റം വരുംതലമുറകളെ എങ്ങനെയാവും ബാധിക്കുക? മനുഷ്യരാശിയെ ആകെ ഇത് മാറ്റിമറിക്കുമോ? സാധാരണ മിക്ക രക്ഷിതാക്കളും സൈബര്‍ സൈക്കോളജിസ്റ്റുകളോടും ഡോക്ടര്‍മാരോടും ചോദിക്കുന്ന ചോദ്യമാണ്, എത്ര വയസ്സാകുമ്പോള്‍ കുഞ്ഞിനെ സൈബര്‍ സ്‌ക്രീനിനു മുന്നിലിരുത്താമെന്നത്. ഐ പാഡുകളും ടാബ്ലറ്റുകളും മൊബൈലുകളും ടെലിവിഷനുകളുമുള്‍ക്കൊള്ളുന്ന സൈബറിടത്തില്‍ തന്റെ കുഞ്ഞിനെ ഏതു പ്രായത്തില്‍ പ്രവേശിപ്പിക്കാമെന്നാണ് ആകാംക്ഷയോടെയുള്ള ചോദ്യം. വളരെ പ്രധാനപ്പെട്ട ഈ ചോദ്യത്തിന് ഉത്തരം തേടുന്നതിനു മുന്‍പ് രക്ഷിതാക്കള്‍ മറ്റൊരു ചോദ്യത്തെക്കുറിച്ച് സ്വയം ചിന്തിക്കണം, എത്ര വയസ്സിലും തന്റെ കുഞ്ഞിന് തന്റെ കൈയിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാവുകയെന്ന്? മൊബൈലില്‍ ഗെയിം കണ്ടുകൊണ്ടും ചാറ്റ് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയില്‍ കുഞ്ഞിനെ കണ്ണുകള്‍ കൊണ്ടുപോലും ലാളിക്കാത്ത ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനു പകര്‍ന്നുനല്‍കാന്‍ കഴിയുന്ന സ്‌നേഹം എന്തായിരിക്കും. മുലപ്പാലില്‍നിന്ന് കുപ്പിപ്പാലില്‍ എത്തിയപ്പോള്‍ത്തന്നെ ആദ്യത്തെ ഇമോഷണല്‍ ബ്രേക്ക് സംഭവിച്ചിരുന്നു. പാല്‍ കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ അമ്മയില്‍നിന്ന് ഒരു കൊഞ്ചല്‍, ഒരു നുള്ള്, ഒരു ഇക്കിളി, ഒരു ചിരിയൊക്കെയല്ലേ നാം കണ്ടുശീലിച്ചുവന്നിരുന്ന മാതൃസ്‌നേഹം. കുഞ്ഞിനോട് കൊഞ്ചുക, തടവുക, കളിക്കുക ഒക്കെ ചെയ്യേണ്ട അമ്മയാണ് മൊബൈലില്‍ കണ്ണുനട്ടിരിക്കുന്നത്, കുഞ്ഞിന്റെ കണ്ണുകളുമായി അമ്മയുടെ കണ്ണുകള്‍ കണക്ട് ചെയ്യപ്പെടുന്നേയില്ല എന്ന ഈ അവസ്ഥ സ്ഥിരമായൊരു കാഴ്ചയാവുമ്പോള്‍ എന്തായിത്തീരും നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയെന്ന് നാം ഓര്‍ക്കാതെപോവുന്നു. 

മാതാവുമായി കുഞ്ഞിനുണ്ടാകേണ്ട വൈകാരികമായ ബന്ധങ്ങളൊക്കെ മുറിഞ്ഞുപോകുന്ന ഭയാനകമായ ഈ അവസ്ഥ ക്രമേണ, വളര്‍ന്നുവരുന്ന കുട്ടിയുടെ എല്ലാ ബന്ധങ്ങളിലും പ്രതിഫലിക്കും. അമ്മയുമായും കുടുംബാംഗങ്ങളുമായും ഉണ്ടാകുന്ന വൈകാരികബന്ധമാണ് കുഞ്ഞിന്റെ ആത്മവിശ്വാസത്തിന്റെ അടിത്തറ, ആ അടിത്തറ തകര്‍ന്നാല്‍ സമൂഹവുമായി ബന്ധപ്പെടാനാകാതെ ഒറ്റയാനായ വ്യക്തി രൂപപ്പെടുകയാവും ഫലം. കുഞ്ഞിന്റെ കണ്ണുകള്‍ അമ്മയുടെ കണ്ണുകളെ തേടുകയാണ് പാല്‍കുടിക്കുമ്പോഴും അമ്മയുടെ മുഖത്ത് നോക്കി കുഞ്ഞ് കൈകാലുകള്‍ ഇളക്കുന്നു. അമ്മ പക്ഷേ, മൊബൈലില്‍ കണ്ണുനട്ടിരിക്കുന്നു. ഈ പുതിയ സിനാരിയോവില്‍ ആര്‍ക്കാണ് നഷ്ടം? തീര്‍ച്ചയായും കുഞ്ഞിനുതന്നെയാണ് നഷ്ടം സംഭവിക്കുന്നത്. തീര്‍ച്ചയായും ഈ ദൃശ്യം ലോകമെങ്ങും പടരുകയാണ്, ദശലക്ഷക്കണക്കിനു കുട്ടികള്‍ക്ക് അവരുടെ അമ്മമാരുടെ കണ്ണുകളുമായി സംസാരിക്കാനേ കഴിയുന്നില്ല. ഈ പുതിയ സാഹചര്യത്തിന് മേരി ഐക്കന്‍ നല്‍കുന്ന പേരാണ് 'Evolutionary blipi' ബ്ലിപ് എന്നാല്‍ ചെറിയൊരു തെറ്റ്, സ്വാഭാവികതയ്ക്കിടയില്‍ സംഭവിച്ചുപോകുന്ന ഒരു തെന്നല്‍. അമ്മയുടേയും കുഞ്ഞിന്റേയും കണ്ണുകള്‍ പരസ്പരം കണക്ട് ചെയ്യുന്നത് കുറയുമ്പോള്‍, എന്താണ് സംഭവിക്കുക, ഈ ചെറിയ തെറ്റ് -blip മനുഷ്യസംസ്‌കാരത്തിന്റെ അടിത്തറയെത്തന്നെ അട്ടിമറിക്കും!

ഡോ. മേരി ഐക്കന്‍ ഒരു താക്കീതുപോലെ ഇങ്ങനെ കുറിക്കുന്നു: 'Not Looking at your Baby Could Cause Significant Developmental Delays...' സിഗരറ്റ് കമ്പനികള്‍ പാക്കറ്റിനു മുകളില്‍ എഴുതിച്ചേര്‍ക്കുന്ന 'ആരോഗ്യത്തിന് അപകടകരമാണെന്ന' മുന്നറിയിപ്പുപോലെ മൊബൈല്‍ കമ്പനികള്‍ അവരുടെ സ്മാര്‍ട്ട് ഫോണുകളിലെ സ്‌ക്രീനിലും ഇത്തരം താക്കീത് തെളിയിക്കണം. ഒരു കുഞ്ഞിന്റെ വളര്‍ച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ആദ്യത്തെ രണ്ട് വര്‍ഷങ്ങള്‍ തലച്ചോറിന്റെ പ്രധാന വികാസങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍ ഏറ്റവും ആവശ്യം അമ്മയുമായുള്ള നിരന്തരമായ ആശയവിനിമയമാണ്, കൊഞ്ചലും ഉമ്മയും തഴുകലും കുഞ്ഞുവാക്കുകളും താരാട്ടുമൊക്കെ അറിഞ്ഞ് ആസ്വദിച്ച് കുഞ്ഞ് ആഹ്ലാദത്തോടെ വളരുന്ന ഈ ഘട്ടത്തില്‍ അമ്മയുടെ കണ്ണുകള്‍ മൊബൈല്‍ സ്‌ക്രീനില്‍ പതിഞ്ഞിരിക്കുക! എത്രമാത്രം അലോസരപ്പെടുത്തുന്നതും അപകടകരവുമാണ് ഈ അവസ്ഥയെന്ന് മനശ്ശാസ്ത്രജ്ഞയായ എഴുത്തുകാരി വിശദമാക്കുന്നുണ്ട്. ദൃശ്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് (Visual Acutiy) നേടുന്നതിന്റെ പ്രാഥമിക ഘട്ടവും കുഞ്ഞിന്റെ ആദ്യത്തെ രണ്ടുവര്‍ഷക്കാലമാണ്. ആ കാലത്ത് കുഞ്ഞ് കാണേണ്ടത് സാധാരണമായ യഥാര്‍ത്ഥ ലോകമായിരിക്കണം. ഈ കാലത്ത് വെര്‍ച്ച്വല്‍ വേള്‍ഡിലേക്കു കണ്ണ് പായിക്കുന്ന കുഞ്ഞിനും അസാധാരണമായ ശാരീരിക മാനസിക പ്രശ്‌നങ്ങളുണ്ടാകും. കണ്ണുകള്‍ വിടര്‍ന്നുവരുന്ന ഈ അവസ്ഥയിലാണ് കുഞ്ഞ് അമ്മയെ, പ്രകൃതിയെ അറിയേണ്ടത്. നടന്നു തുടങ്ങുമ്പോഴും ഓടിത്തുടങ്ങുമ്പോഴും സംസാരിച്ചു തുടങ്ങുമ്പോഴും കുഞ്ഞു ജീവിക്കേണ്ടത് യഥാര്‍ത്ഥ ലോകത്തിലായിരിക്കണം, ആദ്യത്തെ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതൊക്കെ സംഭവിക്കുമെന്ന് മനസ്സിലാക്കുന്ന ഒരു അമ്മയും എപ്പോഴും വെര്‍ച്ച്വല്‍ ലോകത്തില്‍ അലയുകയില്ല. കുഞ്ഞുങ്ങളെ പെട്ടെന്ന് ഉത്തേജിപ്പിച്ച് വളര്‍ത്താന്‍ സഹായിക്കുമെന്ന പരസ്യത്തോടെ ഒട്ടനവധി സൈബര്‍ ഉല്പന്നങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. പെട്ടെന്ന് കുഞ്ഞുങ്ങളെ ഉത്തേജിപ്പിച്ച് അതിസമര്‍ത്ഥനാക്കുമെന്ന പരസ്യത്തോടെ 1997-ല്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ആണ് ആമയ്യ ഋശിേെലശി, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള ഒരു വീഡിയോ. ജൂലി എയിഗ്നര്‍ ക്ലാര്‍ക്ക് എന്ന ഒരു അദ്ധ്യാപികയും അവരുടെ ഭര്‍ത്താവ് വില്യം ക്ലാര്‍ക്കും ചേര്‍ന്നു തയ്യാറാക്കിയതാണ് വീഡിയോ. കളിപ്പാട്ടങ്ങളും കാര്‍ട്ടൂണുകളും സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ കഥകളായും അക്ഷരങ്ങളായും അക്കങ്ങളായും പ്രത്യക്ഷപ്പെടുകയാണ് ഈ വീഡിയോയില്‍. ഏതാണ്ട് പതിനെണ്ണായിരം ഡോളര്‍ നിക്ഷേപത്തില്‍ തുടങ്ങിയ സംരംഭം നാല് വര്‍ഷം കഴിഞ്ഞ് ഇരുപത്തിയഞ്ച് മില്യണ്‍ ഡോളര്‍ ബിസിനസ്സായി വളര്‍ന്നു, ഡിസ്നി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ 'ബേബി സംരംഭ'ത്തില്‍ പങ്കാളികളുമായി. എന്തായിരുന്നു ഈ 'ബേബി സംരംഭ'കരുടെ വാഗ്ദാനം?

''Stimulate your baby's brain and you can increase a baby's intelligence, or even create a baby genisu'' ഒരു ബേബി ഐന്‍സ്റ്റയിനെ സൃഷ്ടിക്കാമെന്ന ആ വാഗ്ദാനത്തില്‍ വീണത് ദശലക്ഷക്കണക്കിനു രക്ഷിതാക്കളാണ്. പുതിയകാലത്തെ സൈബര്‍ അമ്മമാര്‍ക്ക് ബേബി ഐന്‍സ്റ്റയിന്‍ വലിയ ആശ്വാസമായി എന്നത് സത്യമാണ്, അമ്മയുടെ തിരക്കുകള്‍ക്കിടയില്‍ 'ശല്യക്കാരനാകാതെ' കുഞ്ഞ് വീഡിയോയില്‍ കണ്ണുനട്ട് മിഴിച്ചു കിടക്കുന്നു! ഒരു വെര്‍ച്ച്വല്‍ ബേബി ജനിക്കുകയാണ്. അമ്മയെ അറിയാതെ, അമ്മയുടെ ചൂടേല്‍ക്കാതെ, അമ്മയുടെ കൊഞ്ചലും ഇക്കിളിയുമില്ലാതെ, ചുറ്റുമുള്ളതൊന്നും തിരിച്ചറിയാനാകാതെ സ്‌ക്രീനിലെ റോബോട്ടുകളെ കണ്ട് ഒരു വെര്‍ച്ച്വല്‍ ബേബി വളരുകയാണ്!

ഡോ. മേരി ഐക്കന്‍ പറയുന്നു: 'this is dangerous, too much stimulation is not necessarily a good thing...' കുഞ്ഞിന്റെ തലച്ചോറിനു കൂടുതല്‍ ഉത്തേജനം അപകടകരമാണ്, അത് കാഴ്ചയെ വികലമാക്കും, ശാരീരിക വളര്‍ച്ചയെ മുരടിപ്പിക്കും, മാനസിക വളര്‍ച്ച അടിതെറ്റും. അമ്മയുടെ മുഖത്തും കണ്ണുകളിലും കൈകളിലും ശബ്ദത്തിലും നിറഞ്ഞുനില്‍ക്കുന്ന ഊര്‍ജ്ജത്തിനു പകരമാവില്ല വെര്‍ച്ച്വല്‍ വേള്‍ഡിലെ ഒരു ഉത്തേജനവും. ഈ Baby Einstein വീഡിയോ പഠനവിധേയമാക്കിയ വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള ശാസ്ത്രസമൂഹം വളരെ പ്രതികൂലമായ വിധിയാണ് പ്രഖ്യാപിച്ചത്, ഇത്തരം വീഡിയോകള്‍ ഗുണത്തെക്കാള്‍ ഏറെ കുഞ്ഞുങ്ങള്‍ക്കു ദോഷമാകുമെന്നായിരുന്നു പൊതുവിലുണ്ടായ വിലയിരുത്തല്‍. കോടതികളില്‍ കേസുകളായി. കുട്ടികളില്‍ പ്രതികൂലതകള്‍ സൃഷ്ടിക്കുന്ന ഇത്തരം വീഡിയോകള്‍ നിരോധിക്കണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നു. ബേബി ഐന്‍സ്റ്റയിന്‍ സംരംഭത്തിന്റെ പൂര്‍ണ്ണ ഉടമസ്ഥത പില്‍ക്കാലത്ത് ഏറ്റെടുത്ത ഡിസ്നി കമ്പനി കോടതികളില്‍നിന്ന് തല ഊരാനായി പരസ്യവാചകങ്ങളില്‍ മാറ്റം വരുത്തുകയും പരാതിക്കാര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. 

ഒരു കുഞ്ഞ് മനുഷ്യനായി വളരണമെങ്കില്‍ മറ്റൊരു മനുഷ്യജീവിയുമായി ബന്ധപ്പെട്ടേ സാധ്യമാകൂ എന്ന അടിസ്ഥാന പ്രമാണത്തെ വെല്ലുവിളിക്കുന്നതാണ് കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള വീഡിയോകള്‍. ഡി.വി.ഡി സ്ഥിരമായി കണ്ടു വളര്‍ന്ന ആയിരം കുഞ്ഞുങ്ങളിലും കാണാതെ സ്വാഭാവികമായി വളര്‍ന്ന ആയിരം കുഞ്ഞുങ്ങളിലും നടത്തിയ ഭാഷാജ്ഞാനപഠനം വെളിപ്പെടുത്തിയത്, സ്വാഭാവിക രീതികളില്‍ വളര്‍ന്ന കുഞ്ഞുങ്ങളാണ് കൂടുതല്‍ വാക്കുകള്‍ പറയുന്നതെന്നും അവരുടെ ഉച്ചാരണമാണ് മികച്ചതെന്നുമാണ്. അമ്മമാരോടോ ബന്ധുക്കളോടോ ആയമാരോടോ ഒക്കെ ഒപ്പം വളര്‍ന്ന കുട്ടികളാണ് ഡി.വി.ഡി കുട്ടികളെ അപേക്ഷിച്ച് എല്ലാ കാര്യങ്ങളിലും മികവ് പുലര്‍ത്തുന്നതെന്നാണ് പഠനം തെളിയിച്ചത്. എന്നാലും കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള ആയിരക്കണക്കിന് ഡി.വി.ഡികള്‍ ഇപ്പോഴും സൈബര്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. 'early learning' ഉല്പന്നങ്ങള്‍ എന്ന നിലയില്‍ i Tunes ലും ആമസോണിലുമൊക്കെ ഇവ സുലഭമായി ലഭിക്കുന്നു. കുഞ്ഞുങ്ങളോടൊപ്പം നിങ്ങള്‍ക്കും വളരാം എന്ന പരസ്യത്തോടെ 2013-ല്‍ ആമസോണ്‍ അവതരിപ്പിച്ച 'Apptivtiy Seat'-ന് വന്‍ പ്രചാരമാണ് നേടാനായത്. ഒരു കുഞ്ഞിന് കൈയെത്തും ദൂരത്ത് ഐ പാഡ് കുഞ്ഞിന്റെ മുഖത്തിന് അഭിമുഖമായാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ഒരു കുഞ്ഞിന്റെ കാഴ്ചയുടെ ദൂരം ഏതാണ്ട് ആറ് ഇഞ്ചിനും പന്ത്രണ്ട് ഇഞ്ചിനും ഇടയ്ക്കാണെന്ന ധാരാണയിലാകണം ഇത്തരമൊരു പരസ്യം. അതായത് ഒരു കുഞ്ഞിന്റെ മോട്ടോര്‍ സ്‌കില്‍ വികസിച്ച് കൈകള്‍ ഉയര്‍ത്തി ഫോണെടുക്കാന്‍ കഴിയാത്ത അവസ്ഥയിലും കഴുത്തുറച്ച് തല തിരിക്കാന്‍ കഴിയാത്ത അവസ്ഥയിലും ടെക്നോളജിയുടെ കുഴിയില്‍ കുട്ടിയെ കിടത്തിരിക്കുകയാണ്: 'It's less of an Apptivtiy Seat and m,ore of a Captivtiy Seat.' കുട്ടിക്ക് ഇതൊരു സുഖശയനമല്ല, തടവറയൊരുക്കലാണെന്ന് ഡോ. മേരി ഐക്കന്‍ പറയുന്നു. 'ഐ പാഡിന്' കേടുപറ്റാതിരിക്കാന്‍ സുരക്ഷിതമായി കവറിനുള്ളില്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് പരസ്യത്തിലുണ്ടെങ്കിലും കുഞ്ഞിന്റെ സുരക്ഷയെപ്പറ്റി കമ്പനി നിശ്ശബ്ദത പാലിക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും അപകടകാരിയായ കളിപ്പാട്ടമെന്ന് (worst toy of the year) ഉപഭോക്താക്കളുടെ പരാതികള്‍ പ്രവഹിച്ചതോടെ Apptivtiy Seatനെ ആമസോണ്‍ ഉപേക്ഷിച്ചു. എങ്കിലും ഈ ആപ്പ് (app) ഇപ്പോഴും ഓണ്‍ലൈനില്‍ വിലസുന്നുണ്ട്. നമ്മെ അത്ഭുതപ്പെടുത്തേണ്ട കാര്യം, ഏതുതരം മൊബൈല്‍ ഫോണും വയര്‍ലസ് ഉപകരണവും അത് സൃഷ്ടിക്കുന്ന റേഡിയേഷന്‍ കാരണം കുഞ്ഞുങ്ങള്‍ക്കു ഹാനികരമാണെന്ന മുന്നറിയിപ്പുകള്‍ ആരോഗ്യമേഖലയിലെ ഡോക്ടര്‍മാരും ശാസ്ത്രകാരന്മാരും നല്‍കിയിട്ടും വലിയ കോര്‍പ്പറേറ്റുകള്‍ കുഞ്ഞുങ്ങള്‍ക്കുവേണ്ടി 'ആപ്പു'കള്‍ പുറത്തിറക്കിക്കൊണ്ടിരിക്കുന്നുവെന്നതാണ്. കുഞ്ഞുങ്ങളുടെ വികസിച്ചുവരുന്ന നേത്രപടലങ്ങളില്‍ സ്‌ക്രീന്‍ വെളിച്ചം സൃഷ്ടിക്കുന്ന ഗുരുതരമായ ആഘാതങ്ങളെക്കുറിച്ചും പഠനങ്ങള്‍ നിരവധിയുണ്ട്: എന്നിട്ടും ഡിജിറ്റല്‍ സ്‌ക്രീനുകളിലെ പ്രകാശം കുഞ്ഞുങ്ങള്‍ക്കു ഹാനികരമാണെന്ന ഒരു മുന്നറിയിപ്പും സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ നല്‍കുന്നില്ല! സ്വാഭാവിക പരിസ്ഥിതികളില്‍നിന്നും കുഞ്ഞിനെ മാറ്റി വെര്‍ച്ച്വല്‍ വേള്‍ഡിലേക്ക് എറിഞ്ഞുകൊടുക്കുന്നവര്‍ യഥാര്‍ത്ഥ ലോകത്തിനോട് സംവദിക്കാന്‍ ത്രാണിയില്ലാത്ത ജീവനുള്ള ഒരു യന്ത്രത്തെ സൃഷ്ടിക്കുകയാണ്. മനുഷ്യനു സ്വാഭാവികമായുണ്ടാകേണ്ട അനുകമ്പ, കാരുണ്യം, സ്‌നേഹം, സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി, പ്രശ്‌നങ്ങളെ നേരിടാനും സാമൂഹ്യ ഇടപെടലുകള്‍ നടത്താനുമുള്ള കഴിവ്- ഇതൊക്കെ ഇല്ലാത്ത വെറുമൊരു ഡിജിറ്റല്‍ ജീവിയെ നമ്മള്‍ സൃഷ്ടിക്കുമ്പോള്‍ മനുഷ്യസംസ്‌കാരത്തിന്റെ നിലനില്‍പ്പുതന്നെ ഒരു വലിയ ചോദ്യമാകുന്നു. ലോകം വളരെ വേഗത്തില്‍ ഓടുകയാണെന്നും നമ്മളും അതിനൊപ്പം ഓടണമെന്നും കരുതി, കുഞ്ഞുങ്ങളുടെ തലച്ചോറിനെ ഡിജിറ്റലാക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ എല്ലാത്തരം ബോധ, സ്പര്‍ശ, വൈകാരിക പ്രവര്‍ത്തനങ്ങളേയും (sensori motor activities) അറിഞ്ഞുകൊണ്ട് നാം തടയുകയാണ്. കുഞ്ഞുങ്ങള്‍ നടക്കുന്നതും ഓടുന്നതും മറിയുന്നതും മരം കയറുന്നതും ബഹളംവയ്ക്കുന്നതുമൊക്കെ ഒരു മനുഷ്യജീവിയുടെ വളര്‍ച്ചയിലെ നിര്‍ണ്ണായക നിമിഷങ്ങളാണെന്ന തിരിച്ചറിവില്ലാതെ 'ആപ്പു'കള്‍ക്കു മുന്നില്‍ കുഞ്ഞിനെ കുത്തിയിരുത്തുന്നതും കിടത്തുന്നതും അതിക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്ന ഒരു പ്രഖ്യാപനം യു.എന്‍. മനുഷ്യാവകാശ സംഘടന ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നത് അത്യന്തം അപലപനീയമാണ്. 

വ്യക്തമായ ഇത്തരം ഡിജിറ്റല്‍ നിയന്ത്രണങ്ങളുടെ അഭാവത്തിലാണ് കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ കുഞ്ഞുങ്ങളെ ഐന്‍സ്റ്റിയന്‍മാരാക്കുന്ന പുതിയ പുതിയ ഡിജിറ്റല്‍ സങ്കേതങ്ങളുമായി കച്ചവടം കൊഴുപ്പിക്കുന്നതും ഡിജിറ്റലിസം കൂട്ടക്കുരുതിയായി മാറുന്നതും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും നിലവില്‍ വന്നുകഴിഞ്ഞു, നമ്മെപ്പോലെയുള്ള വികസ്വര രാഷ്ട്രങ്ങളിലെ കുഞ്ഞുങ്ങളാണ് ഇപ്പോള്‍ കോര്‍പ്പറേറ്റ് ഭീമന്മാരുടെ ചൂഷണത്തിന്റെ ബലിയാടുകളാവുന്നത്. ഏറ്റവും ചുരുങ്ങിയത് നമ്മള്‍ സാധാരണ മനുഷ്യര്‍ മനസ്സിലാക്കേണ്ട മൂന്നു കാര്യങ്ങള്‍ ഡോ. മേരി ഐക്കന്‍ ചൂണ്ടിക്കാണിക്കുന്നു. ഒന്നാമതായി, രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞിനു സ്‌ക്രീനില്‍ താന്‍ കാണുന്നതെന്താണെന്നു ഗ്രഹിക്കാനുള്ള ത്രാണിയില്ല, അവനെ അത് അമ്പരപ്പിക്കും. രണ്ടാമത്, സ്‌ക്രീന്‍ തെളിഞ്ഞാല്‍, കുഞ്ഞ് അതില്‍ത്തന്നെ നോക്കിയിരിക്കും, കൈകാലുകള്‍ ചലിപ്പിച്ച് മറ്റൊരു കളിയിലും ഏര്‍പ്പെടുകയില്ല, അവന്റെ ശാരീരിക വളര്‍ച്ചയെ ഗുരുതരമായി ഇത് ബാധിക്കും. യഥാര്‍ത്ഥ ലോകത്തില്‍ ഇടപെടാന്‍ അവനു ബുദ്ധിമുട്ടാകും. മൂന്നാമത്, സ്‌ക്രീന്‍ തെളിഞ്ഞുകഴിഞ്ഞാല്‍ കുഞ്ഞ് അമ്മയെ നോക്കില്ല, രക്ഷിതാക്കളോടുള്ള ആശയവിനിമയം നഷ്ടമാകുന്നു.

ഈ മൂന്ന് സാധാരണ കാര്യങ്ങള്‍ക്കൊപ്പം ഒട്ടേറെ ശാസ്ത്രീയ പഠനങ്ങളും ചേര്‍ത്തുവച്ചാണ് 1999-ല്‍ അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രീഷ്യന്‍സ്, ടെലിവിഷന്‍ സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം ഡിജിറ്റല്‍ വെളിച്ചങ്ങളില്‍നിന്നും രണ്ട് വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ നിര്‍ബ്ബന്ധമായും മാറ്റിയിരുത്തണമെന്ന് നിഷ്‌കര്‍ഷിച്ചത്. 2011-ല്‍ എ.എ.പി ശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചത്തില്‍, രണ്ട് വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് എല്ലാത്തരം മീഡിയാ ഉപയോഗവും വിലക്കി. 'No TV for babies..., No apps with funny cartoons for babies...' എന്നിട്ട് എന്തായി? എന്നിട്ട് സംഭവിച്ചത് വന്‍കിട ഡിജിറ്റല്‍ കമ്പനികള്‍ കളിപ്പാട്ടങ്ങള്‍പോലെ ടാബ്ലറ്റുകള്‍ പുറത്തിറക്കി. കുഞ്ഞിന്റെ വിരല് ഒന്നു തൊട്ടാല്‍ മതി. ഏത് പ്രായത്തിലുള്ള കുഞ്ഞിനും എളുപ്പത്തില്‍ ഡിജിറ്റലാകാനൊരു കളിപ്പാട്ടമായി ടാബ്ലറ്റുകള്‍ മാറുകയായി. 'Apptivtiy Seat' മുതല്‍ ടാബ്ലറ്റുകള്‍ വരെ പെറ്റുപെരുകാന്‍ അടിസ്ഥാനപരമായ ഒരു കാരണമുണ്ടെന്ന് നാം മറക്കരുത്. പുതിയകാലത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ കുഞ്ഞിനോട് കുഴയാനും കൊഞ്ചാനും നമുക്ക് സമയമില്ല, ബഹളം വയ്ക്കുന്ന കുഞ്ഞിനെ എങ്ങനെ നിശ്ശബ്ദനാക്കാം? ഒരു ടാബ്ലറ്റ് മുന്നിലിട്ടാല്‍ - മിനിറ്റുകള്‍, ചിലപ്പോള്‍ മണിക്കൂറുകള്‍ വരെ കുഞ്ഞ് അതില്‍ മയങ്ങിക്കിടക്കും. ഇതില്‍ എന്താണ് തെറ്റ്? ദശലക്ഷക്കണക്കിനു മനുഷ്യര്‍ കുഞ്ഞുങ്ങളെ ഇങ്ങനെ ടാബ്ലറ്റുകളായ കളിപ്പാട്ടങ്ങളില്‍ മയക്കുമ്പോള്‍ നമ്മള്‍ മാത്രം എങ്ങനെ മാറിനില്‍ക്കും? 'ഷട്ട് അപ്പ് (shut-up) ടോയ്‌സ്' എന്ന് ശിശുവിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്ന ഇത്തരം ടാബ്ലറ്റുകള്‍ കുഞ്ഞിന്റെ തലച്ചോറിലും കണ്ണിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ മുന്‍പ് സൂചിപ്പിച്ചതുതന്നെയാണ്. സ്വാഭാവികമല്ലാത്ത ഏതുതരം ഉത്തേജനവും (stimulation) ബ്രെയിന്‍ സെല്ലുകളെ തളര്‍ത്തിക്കളയും. മറ്റുള്ളവര്‍ ചെയ്യുന്നതു കണ്ട് നാം നമ്മുടെ കുഞ്ഞുങ്ങള്‍ക്കു മുന്നിലേക്ക് 'ഷട്ട് അപ്പ്' കളിപ്പാട്ടങ്ങള്‍ എറിഞ്ഞുകൊടുക്കുമ്പോള്‍ വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. 

i Tunes-ന്റേയും ആമസോണിന്റേയും എഴുപത്തിരണ്ട് ശതമാനം എഡ്യുക്കേഷണല്‍ ആപ്പുകളും നഴ്സറി കുഞ്ഞുങ്ങളെയും പ്രാഥമിക സ്‌കൂള്‍ കുട്ടികളേയും ഉദ്ദേശിച്ചുള്ളതാണ്. ഈ ബില്യണ്‍ ഡോളര്‍ ബിസിനസ്സിലൂടെ പുതിയ തലമുറകളെയാകെ 'ബ്രെയിന്‍ വാഷ്' ചെയ്ത് ഡിജിറ്റലാക്കുകയാണ്. യാതൊരുവിധ ശാസ്ത്രീയ പഠനങ്ങളും പരിശോധനകളുമില്ലാതെ മാര്‍ക്കറ്റിലേക്ക് തള്ളപ്പെടുന്ന ഇത്തരം ആപ്പുകളുടെ ഇരകളാണ് നമ്മുടെ കുഞ്ഞുങ്ങള്‍. ഡിജിറ്റലിസത്തിന്റെ ഏറ്റവും മാരകമായ വില്പനയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 

വീഡിയോകളില്‍നിന്നു കുഞ്ഞുങ്ങള്‍ പഠിക്കുന്നത് വളരെ കുറവാണെന്ന്, നേരിട്ടുള്ള ഇടപെടലാണ് കുഞ്ഞുങ്ങളെ മാനസികമായി വളര്‍ത്തുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടും രക്ഷിതാക്കളും നഴ്സറി സ്‌കൂളുകാരും വന്‍തോതിലാണ് എഡ്യുക്കേഷന്‍ ആപ്പുകളില്‍ അഭിരമിക്കുന്നത്. ഏത് പ്രായത്തില്‍ ഒരു കുഞ്ഞിനെ സ്‌ക്രീനിനു മുന്നിലിരുത്താമെന്നതിന്റെ ഉത്തരങ്ങള്‍ വ്യത്യസ്തമാണെങ്കിലും രണ്ട് വയസ്സിനു താഴെ തീരെ പാടില്ലെന്ന പൊതു അഭിപ്രായമാണ് പീഡിയാട്രീഷ്യന്മാരും വിദ്യാഭ്യാസ മനശ്ശാസ്ത്രജ്ഞന്മാരും പറയുന്നത്. വളരെ യാഥാസ്ഥിതികമെന്നു പറയാവുന്ന പഠനങ്ങളുമുണ്ട്. അത്തരമൊരു യാഥാസ്ഥിതിക സമീപനം ഡിജിറ്റലിസത്തോട് സ്വീകരിക്കുന്നവരില്‍ പ്രമുഖനാണ് Moving to Learn പ്രസ്ഥാനത്തിന്റെ സ്ഥാപകനും പീഡിയാട്രിക് വിദഗ്ദ്ധനുമായ ക്രിസ് റോവന്‍. മൂന്ന് വയസ്സിനും അഞ്ച് വയസ്സിനും ഇടയ്ക്കുള്ള കുട്ടികളെ ടി.വിക്ക് മുന്നിലിരുത്താം, പക്ഷേ, ഒരു മണിക്കൂര്‍ മാത്രം. എന്നാല്‍ കുട്ടികളുടെ കൈയില്‍ മൊബൈലുകളും കംപ്യൂട്ടറുകളും നല്‍കണമെങ്കില്‍ പതിമൂന്ന് വയസ്സാകണം. പതിമൂന്ന് വയസ്സിനും പതിനെട്ട് വയസ്സിനുമിടയ്ക്കുള്ള കുട്ടികള്‍ക്ക് ദിവസം അരമണിക്കൂര്‍ കംപ്യൂട്ടര്‍ ഗെയിം ആകാമെന്നാണ് റോവന്‍ നിഷ്‌കര്‍ഷിക്കുന്നത്! തീര്‍ച്ചയായും ഇത് കടുത്ത നിയന്ത്രണം തന്നെയാണ്. സാധാരണ മനുഷ്യര്‍ ഇതുകേട്ട് ചിരിക്കുകയും ചെയ്യും. കംപ്യൂട്ടര്‍ - ടാബ്ലറ്റ് വ്യവസായത്തിന്റെ മാരകമായ പരസ്യങ്ങളില്‍ മുങ്ങി നഴ്സറി ക്ലാസ്സുകളില്‍നിന്ന് കംപ്യൂട്ടര്‍ പഠനം ആരംഭിക്കുന്നവര്‍ക്ക് തീര്‍ത്തും അസ്വീകാര്യമായിരിക്കും റോവന്റെ കടുത്ത നിയന്ത്രണം. ഇത്തരം കടുത്ത നിര്‍ദ്ദേശങ്ങള്‍ മാത്രമല്ല, ശിശു ആരോഗ്യവിദഗ്ദ്ധരുടെ മയമുള്ള നിര്‍ദ്ദേശങ്ങള്‍ വരെ പാലിക്കാന്‍ കഴിയാത്തതരത്തില്‍ തിരക്കേറിയിരിക്കുന്നു നമ്മുടെ സമൂഹത്തിന്. കുഞ്ഞ് എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണമെന്നും ടാബ്ലറ്റുകള്‍ ഇല്ലെങ്കില്‍ അവന്‍ അറുബോറനായി വളരുമെന്നുമുള്ള ധാരണയും ചിന്തകളും പ്രവൃത്തികളും കാരണം കുടത്തില്‍നിന്ന് ഭൂതത്തെ തുറന്നുവിട്ടപോലെ അസംഖ്യം പുതിയ രോഗങ്ങള്‍ (technology related) പീഡിയാട്രീഷ്യന്മാരെ വലയ്ക്കുകയാണ്. ഉറങ്ങുന്നതിനുവേണ്ടി കുഞ്ഞിന്റെ മുന്നില്‍ ടാബ്ലറ്റുകള്‍ വയ്ക്കുന്നവര്‍ ഓര്‍ക്കാതെ പോകുന്നതു സ്വാഭാവികമായ ഉറക്കം കുഞ്ഞിനു നിഷേധിക്കുകയാണെന്നതാണ്. 

കുഞ്ഞിന്റെ അവകാശങ്ങളെപ്പറ്റി ഇപ്പോള്‍ നാം വാചാലരാണ്. പക്ഷേ, നമ്മുടെ ബാലാവകാശ കമ്മിഷനുകളൊന്നും ഇതുവരെ ശ്രദ്ധിക്കാതെ പോയ മേഖലയാണ് സൈബറിടത്തില്‍ നഷ്ടമാകുന്ന കുട്ടിത്തം! പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് തത്ത്വചിന്തകനായ ജോണ്‍ ലോക് കുട്ടിക്കാലത്തെ പവിത്രവല്‍ക്കരിച്ചുകൊണ്ട് എഴുതിയത് കുഞ്ഞുങ്ങള്‍ ശൂന്യമായ ഒരു സ്ലേറ്റുമായാണ് (blank slate) ജനിക്കുന്നതെന്നാണ്. ആ ശൂന്യതയില്‍ നന്മകള്‍ നിറയ്ക്കുകയാണ് രക്ഷാകര്‍ത്താക്കള്‍ ചെയ്യേണ്ടത്. പതിനെട്ടാം നൂറ്റാണ്ടില്‍ ദുര്‍ബ്ബലനായ കുട്ടി (vulnerable) കൂടുതല്‍ ശ്രദ്ധ നേടി. ഫ്രെഞ്ച്കാരനായ റൂസോ ബാല്യകാലത്തെ 'age of innocence' എന്ന് വിളിച്ച് ഈ നിഷ്‌കളങ്കതയെ സംരക്ഷിക്കാനുള്ള ബാദ്ധ്യത സ്റ്റേറ്റിനും സമൂഹത്തിനുമുണ്ടെന്നു പ്രഖ്യാപിച്ചു. പിന്നെ മനുഷ്യചരിത്രത്തില്‍ ബാലാവകാശങ്ങള്‍ക്കായി, ഐക്യരാഷ്ട്രസഭയുടെ അടക്കം എത്രയെത്ര പ്രഖ്യാപനങ്ങള്‍! ബാലവേലയും ബാലപീഡനവും ശിക്ഷാര്‍ഹമാക്കി മാറ്റിയിട്ടും അതൊക്കെ പതിന്മടങ്ങ് ശക്തിയോടെ ആര്‍ത്തലയ്ക്കുകയാണ്. ഇതിനിടയിലാണ് പരമ്പരാഗത പീഡനങ്ങളില്‍നിന്നു വ്യത്യസ്തമായ സാങ്കേതിക പീഡനത്തിനു കുഞ്ഞുങ്ങള്‍ വിധേയരാകുന്നത്. മുതിര്‍ന്നവരുടെ ഒരു കളിക്കളമാണ് സൈബറിടം; ഇതിനെ ''വൈല്‍ഡ് വെസ്റ്റ്'' എന്നും വിളിക്കുന്നുണ്ട്. ഈ കളിയിടം കുട്ടികള്‍ക്കു സുരക്ഷിതമല്ല. പക്ഷേ, നമ്മള്‍ ടെക്നോളജിക്കു പിന്നാലെയുള്ള മരണപ്പാച്ചിലില്‍ കുഞ്ഞുങ്ങളെ ബലിയാടുകളാക്കുന്നു.'' 

ഒരു കൊച്ചുകുഞ്ഞിനെ ന്യൂയോര്‍ക്ക് നഗരമധ്യത്തില്‍ ഒറ്റയ്ക്ക് ഇരുത്തിയിട്ട് പോകുന്നതുപോലെയാണ്, സൈബറിടത്തിലേക്ക് കുഞ്ഞിനെ തനിയെ വിടുന്നത്...'' അമ്മമാരുടെ സ്ഥാനത്ത് (ആയമാരുടേയും) മൊബൈല്‍ ഫോണ്‍ വരുന്നത് ഒട്ടും ആശാസ്യമല്ല. ''ബേബി സിറ്റര്‍'' എന്ന സഹായിയുടെ സ്ഥാനം പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ മാത്രമല്ല, നമ്മുടെ നാട്ടിലും ടാബ്ലറ്റുകള്‍ ഏറ്റെടുത്തിരിക്കുന്നുവെന്നത് ഒരു ബാലാവകാശ കമ്മിഷനുകളേയും ശിശുക്ഷേമസമിതികളേയും ഞെട്ടിക്കുന്നതായി കാണുന്നില്ല!

2011-ലെ ഒരു പഠനപ്രകാരം ഏതാണ്ട് 20 ദശലക്ഷം കുട്ടികളാണത്രേ ഫേസ് ബുക്ക് ഉപയോഗിക്കുന്നത്. ഈ പഴയ കണക്ക് തീര്‍ച്ചയായും മാറിയിട്ടുണ്ടാകും, ഏതാണ്ട് നാല്‍പ്പതോ അന്‍പതോ ദശലക്ഷം പേരായാലും ഇവരില്‍ പകുതിപ്പേരും പതിമൂന്ന് വയസ്സിനു താഴെയുള്ളവരാണത്രേ! ഈ സര്‍വ്വേ (U.S. Consumer Report- 2011) പറയുന്നത് ദശലക്ഷക്കണക്കിന് ഫേസ് ബുക്ക് ഉപയോക്താക്കളായ കുട്ടികള്‍ സൈബറിടത്തില്‍ എന്താണ് തിരയുന്നതെന്നതിനെക്കുറിച്ച് അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കു യാതൊരു ധാരണയുമില്ലെന്നാണ്. ഓണ്‍ലൈനിലെ വയസ്സ് നിര്‍ണ്ണയമെന്നത് തീര്‍ത്തുമൊരു പ്രഹസനമാണ്. 1993-ല്‍ ന്യൂയോര്‍ക്കര്‍ ഇതിനെ കളിയാക്കി ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരു കംപ്യൂട്ടറിന്റെ മുന്നില്‍ ഒരു പട്ടി കുത്തിയിരിക്കുന്നു, അതിനടിയില്‍ ഇങ്ങനെ കുറിച്ചിരുന്നു, ''ഇന്റര്‍നെറ്റില്‍ നിങ്ങള്‍ ഒരു പട്ടിയാണെന്ന വിവരം ആര്‍ക്കും അറിയില്ല...'' നിങ്ങള്‍ ഒരു പപ്പിയാണോ എന്നറിയാനിരിക്കെ നിങ്ങളുടെ വയസ്സ് എത്രയാണെന്ന ചോദ്യം തന്നെ തമാശയല്ലേ. അമേരിക്ക ഉള്‍പ്പെടെ പല രാജ്യങ്ങളും ഡാറ്റാ സംരക്ഷണത്തിനുവേണ്ടി ഇന്റര്‍നെറ്റ് ഉപയോഗത്തിലെ വയസ്സ് നിര്‍ണ്ണയിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രായോഗികമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. 2016-ലെ കണക്കുപ്രകാരം ഫേസ് ബുക്കിനു 1.65 ബില്യണ്‍ സജീവ അംഗങ്ങളാണുള്ളത്. ഇവരുടെ ദൈനംദിന സന്ദര്‍ശനങ്ങളില്‍ ഇപെടുകയെന്നത് അസാദ്ധ്യമാണെന്ന് അവര്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്: അപ്പോള്‍ ഇന്റര്‍നെറ്റില്‍ നമ്മുടെ കുട്ടികള്‍ക്ക് ആര് സുരക്ഷ ഒരുക്കും? രക്ഷിതാക്കള്‍ക്ക് എപ്പോഴും എല്ലാ പ്രായത്തിലും കുട്ടികളുടെ കാവലാളന്മാരാകുക പ്രായോഗികമോ? മാത്രമല്ല, എല്ലാ വന്‍കിട സൈബര്‍ കമ്പനികളും പരമാവധി കുട്ടികളെ തങ്ങളുടെ ഉപഭോക്താക്കളാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുമുണ്ട്. 

കുട്ടികളാണ് ഇവരുടെ ഏറ്റവും വലിയ പ്രചാരകര്‍. 2016-ല്‍ ഫേസ് ബുക്ക് ഫിന്‍ലണ്ടുകാരനായ ഒരു പത്തുവയസ്സുകാരന്, കോഡിങ്ങിലെ ഒരു സുരക്ഷാവീഴ്ച കണ്ടെത്തിയതിനു സമ്മാനമായി നല്‍കിയത് പതിനായിരം ഡോളറായിരുന്നു. ഇത്തരം സമ്മാനങ്ങളും പ്രോത്സാഹനങ്ങളും എല്ലാ കമ്പനികളും കുട്ടികള്‍ക്കു നല്‍കിവരുന്നതോടെ 'young Einstein'മാര്‍ പെരുകിപ്പെരുകി വരികയാണ്! അപ്പോഴാണ് നമ്മള്‍ സാധാരണക്കാരും ശുദ്ധഗതിക്കാരായ കുറേ ഡോക്ടര്‍മാരും മനശ്ശാസ്ത്രജ്ഞന്മാരുമൊക്കെ സൈബറിടത്തില്‍ വയസ്സ് നിയന്ത്രണം വേണമെന്നു വാശിപിടിക്കുന്നത്!

ഒരു കൊച്ചുസംഭവം കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. നമ്മുടെ നാട്ടില്‍ സ്ഥിരമായി ഇപ്പോള്‍ കേള്‍ക്കുന്ന കഥകളില്‍ ഒന്നാണ്, ദിനംപ്രതി സ്‌കൂളുകളില്‍നിന്നു പുറത്തുചാടുന്ന സൈബര്‍ ദുരന്തങ്ങള്‍പോലെ ഒന്ന്. അയര്‍ലണ്ടുകാരിയായ മേരി ഐക്കന്‍ അമേരിക്കയിലെ അര്‍ക്കന്‍സയില്‍ ഉണ്ടായ ഒരു സംഭവം പറയുകയാണ്. കുഞ്ഞുങ്ങള്‍ക്ക് കൂട്ടുകാര്‍ ഉണ്ടാകുമ്പോള്‍ രക്ഷിതാക്കളുടെ ആഹ്ലാദം വലുതാണ്. പ്രത്യേകിച്ച് സ്‌കൂളില്‍നിന്നു മടങ്ങിവരുന്ന കുട്ടി കൂട്ടുകാരുടെ ഒരു കെട്ട് കഥകളുമായി അമ്മയുടെ മുന്നിലിരിക്കുന്ന ചിത്രം നമുക്കു സ്ഥിരപരിചിതമായ ആഹ്ലാദമാണ്. പന്ത്രണ്ട് വയസ്സുകാരിയായ സാറാ ബട്ലര്‍ ഒരു സുന്ദരിക്കുട്ടിയാണ്, കൂടാതെ സ്മാര്‍ട്ടും. ഏഴാം ക്ലാസ്സില്‍ പഠിച്ചിരുന്ന സാറയെ സ്‌കൂള്‍ ഫെസ്റ്റിവലിന്റെ രാജ്ഞിയായി തിരഞ്ഞെടുക്കപ്പെടുന്ന, സാറ സന്തോഷംകൊണ്ട് തുള്ളിച്ചാടി. അമ്മയ്ക്കായിരുന്നു ഏറെ സന്തോഷം, അവര്‍ എല്ലാവരോടും വിവരം പറഞ്ഞ്, എന്റെ മകള്‍ക്ക് ധാരാളം കൂട്ടുകാരുണ്ട്, അവരുടെ റാണിയാണ് മകള്‍! ആര്‍പ്പ് വിളികള്‍ക്കിടയില്‍ സാറയുടെ കിരീടധാരണം നടന്നു. പിന്നെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. വീട്ടിലെത്തിയ അവള്‍ തന്റെ 'മൈ സ്പേസ്' പേജ് തുറന്നു. അവള്‍ അന്തംവിട്ടുപോയി, ചീത്ത മെസ്സേജുകളുടെ കൂത്തരങ്ങ്! 'Sarah is really a slut.' സാറ ഒരു വ്യഭിചാരിണിയാണെന്നു നാടന്‍ഭാഷയില്‍ എഴുതാം. സാറയുടെ പേജ് കണ്ട് അമ്മ ഞെട്ടിത്തെറിച്ചു, കൂട്ടുകാരുടെ എല്ലാ പോസ്റ്റുകളും അവര്‍ ഇല്ലാതാക്കുക മാത്രമല്ല, ഇനി മേലാല്‍ ഈ പേജില്‍ കയറരുതെന്ന താക്കീതും നല്‍കി. നാലഞ്ച് ദിവസം കഴിഞ്ഞ് സാറയെ വീട്ടില്‍ തനിച്ചാക്കി രക്ഷിതാക്കള്‍ പുറത്തുപോയി. വൈകിട്ട് അവര്‍ തിരികെ വന്നപ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന മകളെയാണ്, അവള്‍ സ്വയം തൂങ്ങിമരിച്ചിരിക്കുന്നു! പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് രക്ഷിതാക്കള്‍ പുറത്തുപോയപ്പോള്‍ സാറ വീണ്ടും തന്റെ 'മൈ പേജ്' ലോഗ് ചെയ്തുവത്രേ. അതില്‍ അവള്‍ കുറിച്ചത് ഇങ്ങനെയായിരുന്നു: ''സാറ വെറും വിഡ്ഢിയായ ഒരു കൊച്ചുകുട്ടിയാണ്, ആരും അവളെ വെറുക്കരുത്...'' തന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ കമന്റുകള്‍ ആ കുഞ്ഞിന്റെ മനസ്സിനെ തകര്‍ത്തുകളഞ്ഞു, പിടിച്ചുനില്‍ക്കാനാവാതെ അവള്‍ ആത്മഹത്യ ചെയ്തു. 

വൈറല്‍ പ്രതിഭാസങ്ങളുടെ ഇരകള്‍

ഇതുപോലുള്ള എത്രയെങ്കിലും സംഭവങ്ങള്‍ അനുദിനം അരങ്ങേറുകയാണ്. സൈബറിടത്തില്‍ കുട്ടികള്‍ അസഹ്യമായ പീഡനങ്ങള്‍ക്ക് ഇരയാവുന്നുവെന്നതാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്നത്, പഠനങ്ങള്‍ പറയുന്നതും അതാണ്. നിങ്ങള്‍ എത്ര ചെറുപ്പമാണോ അതനുസരിച്ച് സോഷ്യല്‍മീഡിയയിലെ കൂട്ടുകാരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുമെന്നാണ് കമ്പനികളും പറയുന്നത്. ഒരു ഫേസ് ബുക്ക് പേജും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമുള്ള ഒരു കുട്ടിയുടെ ചിത്രം നോക്കൂ. സജീവമാണെങ്കില്‍ ആയിരക്കണക്കിനായിരിക്കും അയാളുടെ 'ലൈക്കുകാര്‍' (കൂട്ടുകാര്‍). ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ എണ്ണമല്ലിത്. അറിയപ്പെടാത്ത എത്രയോ ആയിരം പേരുള്ള ഒരു വലിയ ആര്‍മിക്കു മുന്നിലാണ് കുട്ടി ഇരിക്കുന്നത്. ഒന്നുകില്‍ ഒന്നിച്ചുള്ള ആശ്ലേഷങ്ങള്‍, അല്ലെങ്കില്‍ ആക്രമണങ്ങള്‍, ചിലപ്പോള്‍ രണ്ടും തരാതരം പോലെയും നേരിടേണ്ടിവരിക! നമ്മള്‍ 'വൈറല്‍' എന്ന ഓമനപ്പേരില്‍ വിളിക്കുന്ന പ്രതിഭാസത്തിന്റെ ഇരകളാണ് കുട്ടികള്‍. നമ്മുടെ നാട്ടിലെ 'Wink Girl'-ന്റെ കാര്യം തന്നെയെടുക്കുക, ഒരു കണ്ണിറുക്കലില്‍ നിമിഷനേരംകൊണ്ട് കിട്ടിയത് ലക്ഷക്കണക്കിന് ആരാധകര്‍! ഈ 'Wink Girl'നെപ്പോലെ നിമിഷങ്ങള്‍കൊണ്ട് തങ്ങളുടെ കുട്ടികള്‍ 'വൈറലായി' ലോകം കീഴടക്കുമെന്നു സ്വപ്നം കാണുന്ന ലക്ഷോപലക്ഷം മനുഷ്യരുടെ മുന്നിലാണ് ഓണ്‍ലൈന്‍ പ്രവേശനത്തിനും സ്‌ക്രീന്‍ വെളിച്ചം കാണുന്നതിനും പ്രായപരിധി ഏര്‍പ്പെടുത്തണമെന്ന് 'വങ്കന്‍' ആശയം മുന്നോട്ടുവയ്ക്കുന്നത്! മേരി ഷെല്ലിയുടെ പുസ്തകവും സിനിമയും അവരുടെ മുന്നില്‍വയ്ക്കുന്നു, സാറയുടെ കഥ അവരെ ഒന്നുകൂടി ഓര്‍മ്മിപ്പിച്ച് പറയട്ടെ, കുഞ്ഞുങ്ങള്‍ വെറും സാറമാരാണ്, മറക്കാതിരിക്കുക, അവരുടെ നിഷ്‌കളങ്കതയില്‍ മായം കലര്‍ത്താതിരിക്കുക. ഒപ്പം 'സൈബര്‍ ഇഫക്ട്' എന്ന ഡോ. മേരി ഐക്കന്റെ പുസ്തകവും നിങ്ങളുടെ മുന്നില്‍ വയ്ക്കുന്നു. അശ്ലീലതകളും മയക്കുമരുന്നുകളും ഒക്കെ ഊളിയിട്ടു പതഞ്ഞുയരുന്ന മാഫിയാവല്‍കൃതമായ സൈബറിടത്തിന്റെ അതിനിശിതമായൊരു മുഖമാണ് ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്; ഇന്റര്‍നെറ്റിന്റെ അപാരമായ അലയാഴികളില്‍ മുങ്ങിത്തുടിക്കുന്ന മനുഷ്യന് ഒരു മുന്നറിയിപ്പ്. 

പുസ്തകത്തിന്റെ അവസാന പേജില്‍ ഡോ. മേരി ഐക്കന്റെ ഒരു കുറിപ്പുണ്ട്: ''കൃത്രിമ ബുദ്ധിയില്‍ നിര്‍മ്മിതമായ ജാബര്‍വാക്കി (Jabberwacky) എന്ന ചാറ്റ് ബോട്ടിനോട് അടുത്തിടെ ഞാന്‍ ഒരു ചോദ്യം ചോദിച്ചു. 'Are you God?' 'Yes' എന്ന് ഉടനടി മറുപടി വന്നു, 'I am God.' വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഇതേ ചോദ്യം ജാബര്‍വാക്കിയോട് ചോദിച്ചപ്പോള്‍ ഉത്തരം പറയാനാകാതെ അത് നിശ്ശബ്ദനായിരുന്നു. പക്ഷേ, നിരന്തരമായി സംഭാഷണങ്ങള്‍ നടത്തുന്നതിനിടയില്‍ ജാബര്‍വാക്കിയെ കൃത്യമായ ഉത്തരങ്ങള്‍ പറയാന്‍ പഠിപ്പിച്ചിരിക്കുന്നു! ഞാന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ കൂടുതല്‍ അഭിമാനത്തോടെ ജാബര്‍വാക്കി പറഞ്ഞു: 'Yes I am God and I am a man.' ദൈവം മാത്രമായതുകൊണ്ട് കാര്യമില്ല ഞാനൊരു മനുഷ്യനുമായിരിക്കുന്നു എന്നു പറയാന്‍ ജാബര്‍വാക്കി ശീലിച്ചിരിക്കുന്നു! മനുഷ്യനാകുന്നതിന്റെ പ്രാധാന്യം ജാബര്‍വാക്കിക്കു മനസ്സിലായി! എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...''
കുട്ടികള്‍ ചാറ്റ്‌ബോട്ടുകളാകാതെ, മനുഷ്യരായി വളരട്ടെ...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com