'പൊലീസ് എന്നെ നോക്കി അലറി, നിന്റെ ജീവിതം തീര്‍ന്നെടാ' 

പൊലീസ് പീഡനങ്ങളുടേയും അക്രമങ്ങളുടേയും പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു കഴിഞ്ഞ കാലത്തെ, വിശേഷിച്ചും മുത്തങ്ങ സമരകാലത്തെ, കൊടിയ പീഡനങ്ങളുടെ ചരിത്രത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതശരീരങ്ങൾ നീക്കം ചെയ്യുമ്പോൾ അവിടെ വിന്ന്യസിച്ച പൊലീസ് സേന
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതശരീരങ്ങൾ നീക്കം ചെയ്യുമ്പോൾ അവിടെ വിന്ന്യസിച്ച പൊലീസ് സേന

കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി അടിയന്തരാവസ്ഥക്കാലത്ത്  അതിക്രൂരമായ പൊലീസ് മര്‍ദ്ദനം അനുഭവിച്ച ആളാണ്. മുന്‍ ഇടതു മുന്നണിക്കു നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയും പൊലീസ് പീഡനം നന്നായി അനുഭവിച്ച ആളായിരുന്നു. ഇവരൊന്നും ക്രിമിനല്‍ കുറ്റം ചെയ്ത് പൊലീസ് പിടിച്ചവരായിരുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ പൊലീസ് അറസ്റ്റു ചെയ്ത് അതിക്രമത്തിനു വിധേയരാക്കിയവരായിരുന്നു. രണ്ടുപേരും പിന്നീട് മുഖ്യമന്ത്രിമാരായി. ഒരാള്‍  ആഭ്യന്തര വകുപ്പിന്റെ ചുമതലയില്ലാത്ത മുഖ്യമന്ത്രിയും മറ്റേ ആള്‍ അതുള്ള ആളുമാണ്. പാര്‍ട്ടിയിലെ സ്വാധീനവും ഏതാണ്ടങ്ങനെ തന്നെയായിരുന്നു. ഇത്തരം ആളുകള്‍ രാജ്യം ഭരണം നടത്തുമ്പോള്‍ പൊലീസ് അത്യാചാരങ്ങള്‍ക്കറുതിയുണ്ടാവും എന്നാരെങ്കിലും ധരിച്ചാല്‍ അതു തെറ്റാവുകയില്ലല്ലോ.

എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് സമീപകാല സംഭവങ്ങള്‍ നമ്മളെ ബോധ്യപ്പെടുത്തുന്നത് കസ്റ്റഡി പീഡനങ്ങള്‍, അതു ഭയന്നുള്ള ആത്മഹത്യ, മരണം അങ്ങനെ പോകുന്നു കാര്യങ്ങള്‍. പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും നയമല്ലാത്ത വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും (Etxra Judicial Killing) UAPA ചുമത്തലും ഒക്കെ നിര്‍ബാധം നടക്കുന്നു. തീവ്രവാദികളെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെടുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ തന്നെ ലഘുലേഖ കയ്യില്‍ വെച്ചതിനും പുസ്തകങ്ങള്‍ സൂക്ഷിച്ചതിനും UAPA ചുമത്തി ജയിലിലടക്കപ്പെടുന്നു. അങ്ങനെ പോകുന്നു കാര്യങ്ങള്‍. പുന്നപ്ര-വയലാര്‍ മുതല്‍ അട്ടപ്പാടി വരെ ഈ പൊലീസ് അത്യാചാരങ്ങള്‍ എല്ലാം കമ്യൂണിസ്റ്റുകാര്‍ക്കെതിരെയായിരുന്നു. സമത്വ സുന്ദരലോകം പണിയാന്‍ ആയുധമെടുത്ത പോരാളികള്‍ എന്നു വേണമെങ്കില്‍ പറയാം.

കേരളത്തിലെ പൊലീസിനെ ഏറ്റവും നന്നായി ഭരിച്ച രാഷ്ട്രീയക്കാരന്‍ കെ. കരുണാകരനാണെന്നാണ് പൊതുവെ പറയാറ്. എന്തായാലും കേരളത്തില്‍ നടന്ന പൊലീസ് അതിക്രമങ്ങളുടേയും ഉരുട്ടിക്കൊലകളടക്കമുള്ള ഭീകരതകളുടേയും ഇരുണ്ടകാലം കൂടിയായിരുന്നു അക്കാലം. അന്ന് പൊലീസ് കസ്റ്റഡിയില്‍ കാണാതായ രാജനും വിജയനും കണ്ണനുമൊക്കെ എന്തു സംഭവിച്ചു എന്ന് ഇന്നും നമുക്കോ  നീതിന്യായ സംവിധാനത്തിനോ ഭരണകൂടത്തിനോ അറിയില്ല. അവരാരും തിരിച്ചു വന്നിട്ടുമില്ല. അത്യാചാരം നടത്താനും അത് സമര്‍ത്ഥമായി മറച്ചുവെയ്ക്കാനുമുള്ള കേരള പൊലീസിന്റെ കഴിവിന്റെ നിദര്‍ശനങ്ങളായി അവശേഷിക്കുന്നു. മുന്‍മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം അതിക്രൂരമായ പൊലീസ് മര്‍ദ്ദനം അനുഭവിച്ച രണ്ട് യുവ എം.എല്‍.എമാരും ഇപ്പോഴത്തെ നിയമസഭയിലുണ്ട്. രണ്ടുപേരും ഇടതുമുന്നണിയിലെ പ്രബല കക്ഷി എം.എല്‍.എമാരാണ്. ജെയിംസ് മാത്യുവും ടി.വി. രാജേഷും കണ്ണൂരില്‍ വെച്ച് യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്ന കെ. കരുണാകരനെ കരിങ്കൊടി കാണിച്ചതിനും പൊലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തിയതിനുമൊക്കെയാണ് അവര്‍ക്ക് മര്‍ദ്ദനമേറ്റത്. ഇവരൊക്കെ നിയമസഭാ സാമാജികരായിരുന്നു ഭരിക്കുമ്പോഴാണ് പൊലീസ് അത്യാചാരം നടത്തുന്നതും, ''പാര്‍ട്ടിയുടേയും ഗവണ്‍മെന്റിന്റേയും നയമല്ലാത്തതുമായ കാര്യങ്ങള്‍'' നടത്തുന്നതും!

എത്ര അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നാണല്ലോ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനം. പൊലീസ് പിടിക്കുന്നവരെല്ലാം അപരാധികളാണെന്നാണ് പക്ഷേ, നമ്മുടെ നിയമപാലകരുടെ വിചാരം. മര്‍ദ്ദിച്ചും പീഡിപ്പിച്ചും കസ്റ്റഡിയിലെടുക്കുന്ന സര്‍വ്വരേയും കുറ്റവാളികളാക്കുന്ന അവരുടെ കുറ്റാന്വേഷണത്തിന്റെ രീതിശാസ്ത്രം നശിപ്പിച്ച ജീവിതങ്ങളനവധിയാണ്. കേരളത്തിന്റെ ചരിത്രത്തിലേറ്റവും കൂടുതല്‍ പൊലീസ് പീഡനങ്ങളും അതിക്രമങ്ങളും ഏറ്റുവാങ്ങിയത് ഒരുപക്ഷേ, കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരിക്കാം. അവിഭക്ത പാര്‍ട്ടി മുതല്‍ തീവ്ര വിഭാഗങ്ങള്‍ വരെ അനുഭവിച്ചതിന് കയ്യും കണക്കുമില്ല. കല്‍ക്കത്താ തീസിസും ഉന്മൂലന സിദ്ധാന്തവും ജനകീയ യുദ്ധവുമൊക്കെ ആ എരിതീയില്‍ ആവശ്യത്തിലധികം എണ്ണ പകര്‍ന്നു. അങ്ങനെയുള്ള കമ്യൂണിസ്റ്റുകള്‍ നേതൃത്വം കൊടുക്കുന്ന ഗവണ്‍മെന്റാണ് ഏറ്റുമുട്ടലെന്ന വ്യാജേന ഏഴ് മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നത്. ഇതൊക്കെ ചരിത്രത്തിന്റെ ഏതുതരം ആവര്‍ത്തനവും വിപര്യയവുമാണെന്ന് ആര്‍ക്കറിയാം?

രണ്ട്
സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊന്നും അംഗമല്ലാത്ത ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ മാത്രമായിരുന്നു ഇതെഴുതുന്ന ആള്‍. രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങളില്‍ ചില ആശയങ്ങളും അഭിപ്രായങ്ങളുമൊക്കെയുള്ള ആള്‍. രഹസ്യമായോ പരസ്യമായോ ഒരു രാഷ്ട്രീയ സംഘടനയിലും അംഗമല്ലാത്ത ഒരാള്‍. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ SFIയിലും പിന്നീട് സാംസ്‌കാരിക വേദിയിലുമൊക്കെ വിശ്വാസമുണ്ടായിരുന്നു. എങ്കിലും എസ്.എഫ്.ഐയിലല്ലാതെ സാംസ്‌കാരികവേദിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. സത്യം പറഞ്ഞാല്‍ പൊലീസ് അറസ്റ്റു ചെയ്യുമോ എന്ന ഭയം കൊണ്ടായിരുന്നു അതില്‍ പ്രവര്‍ത്തിക്കാതിരുന്നത്. പക്ഷേ, അക്കാലത്ത് സാംസ്‌കാരികവേദിയുടെ സജീവ പ്രവര്‍ത്തകരായിരുന്ന പലരും എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. സാംസ്‌കാരികവേദിയുടെ അനുബന്ധമായി പ്രവര്‍ത്തിച്ചിരുന്ന കലാസാഹിത്യവേദി, ഫിലിം സൊസൈറ്റി, പരിസ്ഥിതി കൂട്ടായ്മ എന്നിവയിലൊക്കെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പൊലീസിനെ പേടിക്കാനുള്ള പ്രധാന കാരണം എന്റെ ഗ്രാമത്തില്‍ അടിയന്തരാവസ്ഥക്കാലത്തുണ്ടായ പൊലീസ് നടപടികള്‍ എന്നിലുണ്ടാക്കിയ ഭീതിദമായ ഓര്‍മ്മകളാണ്. എന്റെ ജന്മഗ്രാമമായ കോളിയാടി ഒരു നല്ല നാട്ടിന്‍പുറമാണ്. കുടിയേറ്റക്കാരും ആദിവാസികളുമൊക്കെ ജീവിക്കുന്ന അവിടത്തെ എയ്ഡഡ് യു.പി. സ്‌കൂളില്‍ ഞാന്‍ പഠിക്കുമ്പോഴായിരുന്നു അടിയന്തരാവസ്ഥ. എന്നെ കണക്ക് പഠിപ്പിച്ചിരുന്ന കരുണാകരന്‍ മാഷെ അന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയിരുന്നു. നല്ല സ്‌നേഹമുള്ള അന്നത്തെ കാലത്ത് കാര്യമായി അടിക്കാത്ത നന്നായി പഠിപ്പിക്കുന്ന ആളായിരുന്നതുകൊണ്ട് എനിക്കൊക്കെ മാഷെ വലിയ ഇഷ്ടമായിരുന്നു. ഞങ്ങളുടെ തൊട്ടടുത്ത പ്രദേശമായ ചെറുമാട് സ്‌കൂളില്‍ അധ്യാപകനായിരുന്ന കുട്ടന്‍ മാഷെന്ന് ഞങ്ങളൊക്കെ വിളിച്ചിരുന്ന സിവിക് ചന്ദ്രന്‍, അച്ഛന്റെ സ്‌നേഹിതനായിരുന്ന പൗലോസ് മാഷ്, കോളിയാടിയിലന്ന് പത്രവിതരണം നടത്തിയിരുന്ന പുരുഷേട്ടന്റെ അനുജന്‍ സുഗതന്‍, മധുരം കാടന്‍ മത്തായിയും മേസ്തിരിയായിരുന്ന വേറൊരു മത്തായിയും അങ്ങനെ എനിക്ക് നേരിട്ടറിയുന്ന പലരേയും അന്നു പൊലീസ് പിടിച്ചുകൊണ്ടു പോയിരുന്നു. അതില്‍ സുഗതന്‍ താല്‍ക്കാലികമായെന്നു പറഞ്ഞ് ജയിലില്‍നിന്നു പുറത്തിറങ്ങി വീട്ടില്‍ വന്നു വീണ്ടും ഹാജരാവേണ്ടതിന്റെ തലേന്ന്, വീടിനു പുറകിലുള്ള പുളിമരത്തില്‍ കെട്ടിത്തൂങ്ങി മരിച്ചു. സ്വയം ഹത്യയായിരുന്നതിനാലോ എന്തോ നക്‌സലൈറ്റുകള്‍ സുഗതനെ രക്തസാക്ഷിയായി ഏറ്റെടുത്തില്ല. യഥാര്‍ത്ഥത്തില്‍ അദ്ദേഹം അതായിരുന്നു എങ്കിലും. ഇവരെയൊക്കെ നക്‌സലൈറ്റ് അനുഭാവികളും പ്രവര്‍ത്തകരും ആയിരുന്നതിനാലാണ് അന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കരുണാകരന്‍ മാഷുടെ വീട്ടില്‍നിന്നു നക്‌സലൈറ്റുകള്‍ ലഘുലേഖകള്‍ അച്ചടിച്ചിരുന്ന കല്ലച്ച് പിടിച്ചെടുത്തുപോലും പൊലീസ്. കരുണന്‍ മാഷെന്നു ഞങ്ങള്‍ പറഞ്ഞിരുന്ന അദ്ദേഹത്തിന്റെ വീട്ടില്‍ കെ. വേണുവടക്കമുള്ള നക്‌സലൈറ്റ് നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞിരുന്നുപോലും. നക്‌സലൈറ്റുകള്‍ ആക്ഷന്‍ നടത്തി ശേഖരിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ മാഷുടെ പേരില്‍ പണയം വെക്കുകയോ വില്‍ക്കുകയോ ഒക്കെ ചെയ്തിരുന്നത്രേ. ജയിലില്‍ പോയപ്പോള്‍ ഈ അധ്യാപകരും മറ്റാളുകളുമൊക്കെ ഊര്‍ജ്ജസ്വലരായിരുന്നു എന്ന് എനിക്കറിയാം. രണ്ടു വര്‍ഷത്തിനുശേഷം ഇവരൊക്കെ തിരിച്ചുവന്നത് ജീവച്ഛവങ്ങളായാണ്. അവരെ പൊലീസ് നടത്തിയ ക്രൂരമര്‍ദ്ദനങ്ങളുടേയും ഭേദ്യങ്ങളുടേയും നരമേധത്തിന്റേയുമൊക്കെ കഥകള്‍ മുതിര്‍ന്നവര്‍ പറഞ്ഞറിഞ്ഞ് ഞങ്ങള്‍ കുട്ടികള്‍ ഭയത്തോടെ ഇരുന്നത് ഞാനിന്നും ഓര്‍ക്കുന്നു. കരുണന്‍ മാഷ് പിന്നെ രാഷ്ട്രീയ പ്രവര്‍ത്തനമൊന്നും നടത്തിയില്ല. മദ്യപാനവും അടിപിടിയുമൊക്കെയായി അരാജക ജീവിതം നയിച്ച അദ്ദേഹം കഴിഞ്ഞവര്‍ഷം മരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന അച്ഛന്റെ സുഹൃത്തുക്കളായിരുന്നതിനാല്‍ ഞാനേറെ ഇഷ്ടപ്പെടുകയും ബന്ധപ്പെടുകയുമൊക്കെ ചെയ്തയാളുകളായിരുന്നു അവര്‍. അടിയന്തരാവസ്ഥയിലെ ജയില്‍വാസം കഴിഞ്ഞെത്തിയ ഇവരുടെ രൂപങ്ങള്‍ എന്നിലുളവാക്കിയ ഭയപ്പാടും വേദനയുമാണ് പിന്നീട് ഇവിടെ ശക്തമായ നക്‌സല്‍-സാംസ്‌കാരിക വേദി പ്രവര്‍ത്തനങ്ങളില്‍ നിന്നെന്നെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്.

മുത്തങ്ങ സമരത്തിനിടയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ​ഗീതാനന്ദനും സികെ ജാനുവും. പൊലീസ് കസ്റ്റഡിയിൽ കടുത്ത മർദ്ദനത്തിനിരയായിരുന്നു അവർ
മുത്തങ്ങ സമരത്തിനിടയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ​ഗീതാനന്ദനും സികെ ജാനുവും. പൊലീസ് കസ്റ്റഡിയിൽ കടുത്ത മർദ്ദനത്തിനിരയായിരുന്നു അവർ

അടിയന്തരാവസ്ഥയില്‍ അറസ്റ്റുചെയ്യപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിവിധ പൊലീസ് ക്യാമ്പുകളിലായി വിവിധതരം പീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കുമൊടുവില്‍ മൃതരോ മൃതപ്രായരോ ആയാണ് പുറത്തു വന്നതും വരാതിരുന്നതും. ആരും അതേക്കുറിച്ചന്വേഷിച്ചില്ല. അന്നതിനൊക്കെ നേതൃത്വം കൊടുത്ത കോണ്‍ഗ്രസ്സ് നേതാവായിരുന്ന കെ. കരുണാകരനും പൊലീസ് മേധാവികളുമൊക്കെ വളരെ അഭിമാനത്തോടെ മരണം വരെയും ഈ നൃശംസതകളെ ആത്മപ്രശംസയെന്നോണം എഴുന്നള്ളിച്ചിരുന്നു. അന്നത്തെ പീഡിതരില്‍ അധികവും നക്‌സലൈറ്റ് പ്രവര്‍ത്തകരോ അനുഭാവികളോ ആയിരുന്നു. അതില്‍ത്തന്നെ ഭൂരിപക്ഷവും സി.പി.എമ്മില്‍നിന്ന് പോയവരും ആയിരുന്നു. വരാന്‍പോകുന്ന സുവര്‍ണ്ണ വസന്തകാലത്തെ സുന്ദരദിനങ്ങളെ ഓര്‍ത്തുള്ള സങ്കല്പങ്ങളോ സ്വപ്നങ്ങളോ ഒക്കെ അവരുടെ മുറിവുണക്കിയിരിക്കാം. അന്നത്തെ രക്തസാക്ഷികളില്‍ രാജന്റെ പിതാവ് മകന്റെ തിരോധാനത്തിനുത്തരവാദികളെ  കണ്ടെത്താന്‍ മരണം വരെ പോരാടി. മറ്റുള്ളവരുടെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല. കക്കയം, ശാസ്തമംഗലം പൊലീസ് ക്യാമ്പുകള്‍ക്കെതിരെ ദേശാഭിമാനിയില്‍ പരമ്പരകള്‍ വന്നതും തെരഞ്ഞെടുപ്പ് പ്രചാരണവിഷയമായതുമല്ലാതെ കേരളീയ പൊതുസമൂഹം അത് വേണ്ടവിധം ചര്‍ച്ച ചെയ്തില്ല.
അടിയന്തരാവസ്ഥയിലെ പൊലീസ് പീഡനങ്ങളുടെ ഉത്തരവാദികള്‍ സി.പി.ഐ അടക്കമുള്ള വലതുപക്ഷമായിരുന്നു. എന്നാല്‍, അതിനെതിരെ പ്രചാരണം നടത്തി അധികാരത്തില്‍ വന്ന ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കീഴിലും സമാനമായ പൊലീസ് ക്യാമ്പുകള്‍ നടന്നിട്ടുണ്ട്. അതും നക്‌സലൈറ്റുകള്‍ക്കെതിരെയായിരുന്നു. വയനാട്ടിലെ കേണിച്ചിറയില്‍ മഠത്തില്‍ മത്തായി എന്നയാളെ നക്‌സലൈറ്റുകള്‍ കൊലപ്പെടുത്തി. അതില്‍ ഒരു നക്‌സലൈറ്റ് പൊലീസ് വെടിയേറ്റ് മരിച്ചിരുന്നു. 1981-ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയും ടി.കെ. രാമകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയുമായിരുന്നപ്പോഴായിരുന്നു  സുല്‍ത്താന്‍ ബത്തേരിയില്‍ പൊലീസ് ക്യാമ്പ് നടത്തിയത്. അന്ന് മാതൃഭൂമി ലേഖകനായിരുന്ന കെ. ജയചന്ദ്രനാണ് അതു റിപ്പോര്‍ട്ട് ചെയ്തതെന്നാണ് എന്റെ ഓര്‍മ്മ. ഉരുട്ടലടക്കമുള്ള പീഡനമുറകള്‍ നക്‌സലൈറ്റു പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമെതിരെ നടത്തപ്പെട്ടു. അടിയന്തരാവസ്ഥയേയും പൊലീസ് പീഡനങ്ങളേയും എതിര്‍ത്ത് അധികാരത്തില്‍ വന്നവരും കരുണാകരന്‍ തെളിച്ച വഴിയിലൂടെ  തന്നെ നടന്നു എന്നതാണ് വാസ്തവം. നക്‌സലൈറ്റുകള്‍ അക്രമമാര്‍ഗ്ഗം പിന്‍തുടരുന്നവരാണെന്ന ന്യായം അവര്‍ക്കെതിരെയുള്ള പൊലീസ് അതിക്രമത്തിനുള്ള പൊതുസമ്മതിക്കായി ഇടതും വലതും ഒരേപോലെ ഉപയോഗിച്ചു. തുടര്‍ന്ന് നക്‌സലൈറ്റ് പ്രസ്ഥാനത്തെ കേരളത്തിലില്ലാതെയായി. അവരുടെ അക്രമമാര്‍ഗ്ഗവും അവര്‍ക്കെതിരെ നടത്തിയ അക്രമങ്ങളും അവരുടെ അവസാനത്തിന്റെ ആരംഭമായെന്നു കരുതാം. അങ്ങനെയുള്ള അനുഭാവികളും പ്രവര്‍ത്തകരുമായ ധാരാളം സുഹൃത്തുക്കളുടെ നേരനുഭവങ്ങളുടെ വിവരണം കേട്ട എന്നില്‍ പൊലീസ് ഭീതി ഒരു രോഗമായി തന്നെ പരിണമിച്ചു എന്നു പറയാം. രാഷ്ട്രീയമായ ആശയങ്ങളും പ്രവര്‍ത്തനകാംക്ഷയുമല്ലാതെ പൊലീസിനെ പേടിക്കേണ്ട വിധത്തിലുള്ള കാര്യങ്ങളൊന്നും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല.

മൂന്ന്
കാലാന്തരത്തില്‍ ഉപരിപഠനം നടത്താനും അധ്യാപകവൃത്തി സ്വീകരിക്കാനും എനിക്കായി. സമ്പന്നമല്ലാത്ത പശ്ചാത്തലത്തില്‍നിന്നായതിനാല്‍ സഹജമായ സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബജീവിതവുമൊക്കെയായി ജീവിച്ചുവരുമ്പോഴാണ് മുത്തങ്ങയില്‍ ഗോത്രസഭയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ ഐതിഹാസിക സമരം തുടങ്ങുന്നത്. ആദിവാസികള്‍ കുടില്‍കെട്ടല്‍ നടത്തുമ്പോള്‍ ഞാന്‍ ലോണൊക്കെയെടുത്ത് ഒരു ചെറിയ വീടുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു.
മുന്‍പ് സൂചിപ്പിച്ചതുപോലെ ഒരു സംഘടനയിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഗോത്ര മഹാസഭയുടെ പ്രവര്‍ത്തകരില്‍  ഭൂരിപക്ഷത്തേയും സി.കെ. ജാനുവിനേയും എനിക്ക് പരിചയമൊന്നും തന്നെയുണ്ടായിരുന്നില്ല. ആ കൂട്ടത്തില്‍ ആകപ്പാടെ എനിക്കറിയുന്ന എന്നെ അറിയുന്ന ഒരേ ഒരാള്‍ ഗീതാനന്ദനായിരുന്നു. ദളിത് ആദിവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ സംസാരിച്ചതൊഴിച്ചാല്‍ ഞങ്ങള്‍ തമ്മില്‍ വലിയ ബന്ധമൊന്നും ഉണ്ടായിരുന്നുമില്ല. എനിക്ക് അദ്ദേഹത്തിന്റെ പല ആശയങ്ങളോടും വിപ്രതിപത്തി ഉണ്ടായിരുന്നുതാനും. മുന്‍പ് വിവരിച്ച കാര്യങ്ങളിലേതുപോലെ രാഷ്ട്രീയ പ്രവര്‍ത്തനവും സമരവുമായി ബന്ധപ്പെട്ടാണ് ഇവിടെ പൊലീസ് അതിക്രമം നടക്കുന്നത്. ആദിവാസികള്‍ കാടുകയ്യേറി, പൊലീസുകാരനെ കൊന്നു എന്നിങ്ങനെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടിയും അതിക്രമങ്ങളും. 2003-ല്‍ മുത്തങ്ങയില്‍ പൊലീസുകാരനായ വിനോദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് രണ്ട് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. പൊലീസുകാരന്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അവ്യക്തതകള്‍ ഉണ്ട്. കേസില്‍ വിചാരണ നേരിടുന്ന ഗീതാനന്ദനും അശോകനുമൊക്കെ പറയുന്നത് സമരക്കാര്‍ ബന്ദിയാക്കിയിരുന്നെങ്കിലും വിനോദ് മരിക്കുന്നത് അവരുടെ കസ്റ്റഡിയില്‍ വെച്ചല്ലെന്നാണ്. എന്തായാലും തിട്ടമതാര്‍ക്കറിയാമെന്നേ പറയാന്‍ പറ്റൂ. സി.ബി.ഐ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടക്കുന്ന കേസില്‍ കൂടുതല്‍ അഭിപ്രായം പറയാനാവില്ലല്ലോ. എല്ലാം കോടതി തീരുമാനിക്കട്ടെ. പക്ഷേ, കോടതിയുടെ പരിഗണനയില്‍ വരേണ്ടതും ദേശീയ മനുഷ്യാവകാശ കമ്മിഷനും ദേശീയ പട്ടികവര്‍ഗ്ഗ കമ്മിഷനും ആവശ്യപ്പെട്ടതുമായ ആദിവാസികള്‍ക്കെതിരെ കുടിയേറ്റക്കാരും പൊലീസും നടത്തിയ നരനായാട്ട് മാത്രം അന്വേഷിച്ചതുമില്ല കേസായതുമില്ല. അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവര്‍ ചേര്‍ന്ന് മുത്തങ്ങാനന്തര സി.ബി.ഐ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സില്‍നിന്നും ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒഴിവാക്കി എന്നുവേണം അനുമാനിക്കാന്‍. അങ്ങനെ പൊലീസുകാരന്റെ വധവും ഗൂഢാലോചനയും മാത്രമായി സി.ബി.ഐ യുടെ അന്വേഷണവിഷയം. 2003 ഫെബ്രുവരി 19 മുതല്‍ രണ്ടാഴ്ചയോളം മുത്തങ്ങ സമരത്തിന്റെ പേരില്‍ പൊലീസ് നടത്തിയ അതിക്രമങ്ങളും അഴിഞ്ഞാട്ടങ്ങളും നൃശംസതയും ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴിയിലെങ്ങോ കുഴിച്ചു മൂടപ്പെട്ടു. പൊലീസ് അതിക്രമങ്ങളുടേയും കസ്റ്റഡി മരണങ്ങളുടേയുമൊക്കെ സമകാലിക ഭൂമികയില്‍നിന്ന് അന്നത്തെ അനുഭവങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടത്തിനാണിവിടെ  ശ്രമിക്കുന്നത്.

മുത്തങ്ങയില്‍ വെടിവെയ്പ് നടന്ന ദിവസം പൊലീസ് അതിക്രമങ്ങള്‍ പാലിക്കാതെ വൈകുന്നേരം ആറ് മണിക്കു ശേഷമാണത് ചെയ്തതെന്ന് ദൃക്സാക്ഷികളായ മാധ്യമപ്രവര്‍ത്തക റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ജയിലിലേയ്ക്കയക്കുകയായിരുന്നു  അന്ന് ബത്തേരിയിലിരുന്ന ന്യായാധിപന്മാര്‍ എന്നാണറിഞ്ഞത്. കൊണ്ടുചെല്ലുന്നതു പൊലീസായാല്‍ പിന്നെ മറ്റൊന്നും നോക്കേണ്ടതില്ല എന്ന രീതിയിലാണ് നമ്മുടെ ന്യായാധിപന്മാരുടെ പ്രവര്‍ത്തനം എന്നുവേണം കരുതാന്‍. ആ ശൈലിയും കസ്റ്റഡിമരണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കാരണമാകുന്നുണ്ടോ എന്നും സംശയിക്കണം. എന്തായാലും അന്നത്തെ വെടിവെപ്പിനുശേഷം വയനാട്ടില്‍ പൊലീസും ആദിവാസി വിരുദ്ധരും ചേര്‍ന്ന് സംജാതമാക്കിയ ആദിവാസിവേട്ടയ്ക്ക് ഒരറുതിവരുന്നത് 2003 ഫെബ്രുവരി 22-ന് നമ്പിക്കൊല്ലിയില്‍ വെച്ച് സി.കെ. ജാനുവും ഗീതാനന്ദനും പൊലീസിനു കീഴടങ്ങുന്നതോടെയാണ്. അങ്ങനെ കീഴടങ്ങാനവരെ പ്രേരിപ്പിച്ചത് പൊലീസ് ആദിവാസി കോളനികളില്‍ നടത്തിയ റെയ്ഡുകളും മര്‍ദ്ദനങ്ങളും ഭീകരതയുമാണെന്ന് സി.കെ. ജാനു പിന്നീട് പറയുകയുണ്ടായി. അന്ന് കാലത്ത് 11 മണിയോടെ ബത്തേരി എസ്.ഐയും സംഘവും എന്നെ ഡയറ്റിന്റെ സ്റ്റാഫ് റൂമില്‍നിന്നും അറസ്റ്റു ചെയ്തു.

ഒരു ഗവണ്‍മെന്റ് ഓഫീസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മേലധികാരിയോടുപോലും പറയാതെയാണ് കുത്തിനു പിടിച്ച് ജീപ്പില്‍ കയറ്റിക്കൊണ്ട് പോകുന്നതെന്നോര്‍ക്കണം. ഈ ടക ബലിഷ്ഠശരീരമുള്ള ഒരു അതികായനാണ്. ജീപ്പില്‍ കയറ്റവേ കൈക്കരുത്ത് തീര്‍ക്കാനയാള്‍ മുതിര്‍ന്നപ്പോള്‍ കൂടെയുണ്ടായിരുന്ന ചില പൊലീസുകാര്‍  തടയുകയായിരുന്നു. എന്നെ പിടിക്കുന്നതിനു മുന്‍പ് ജാനുവിനേയും ഗീതാനന്ദനേയും അറസ്റ്റ് ചെയ്ത് വാഹനത്തില്‍ പല സ്ഥലത്തുകൂടി ചുറ്റിക്കറക്കി ഇടിച്ച് ഇഞ്ചപ്പരുവമാക്കിയതിനു നേതൃത്വം കൊടുത്തതയാളായിരുന്നു. സി.കെ. ജാനുവെന്ന ആദിവാസി നേതാവിന്റെ അന്നത്തെ മുഖാകൃതി ഓര്‍ക്കുന്നുണ്ടാവുമല്ലോ, അതു രൂപപ്പെടുത്തിയതിയാളാണ്. സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനു മുന്‍പില്‍ എന്നെ കൊണ്ടിറക്കുമ്പോള്‍ വലിയ ഒരു ജനക്കൂട്ടം അവിടെനിന്ന് ആര്‍ത്തും വിളിക്കുന്നുണ്ടായിരുന്നു. ഞാനാകെ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭയംകൊണ്ടും സങ്കടംകൊണ്ടുമുള്ള ഒരു അര്‍ദ്ധബോധാവസ്ഥ എന്നുതന്നെ പറയാം. പൊലീസ് ഓഫീസര്‍മാരിരിക്കുന്ന മുറിയില്‍ കൊണ്ടുനിര്‍ത്തി അവരെ കാണിച്ചതിനുശേഷം എന്നെ വരാന്തയിലേയ്ക്കിറക്കി നിര്‍ത്തി അവിടെവെച്ച് അന്നത്തെ ബത്തേരി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഷ്ടിചുരുട്ടി എന്റെ വയറിനിടിക്കുന്നതും വേദനകൊണ്ട് കൂനിക്കൂടി ഞാന്‍ പുളയുന്നതിന്റെ ദൃശ്യം ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. അവിടെനിന്ന് സ്റ്റേഷന്റെ ഉള്ളിലുള്ള ലോക്കപ്പിനു മുന്നിലുള്ള ഒഴിഞ്ഞ സ്ഥലത്ത് എന്നെക്കൊണ്ടുപോയി നിര്‍ത്തുന്നു. രണ്ട് പൊലീസുകാര്‍ എന്റെ കയ്യില്‍ ബലമായി പിടിക്കുന്നു. നേരത്തെ പറഞ്ഞ എസ്.ഐ ബൂട്ടിട്ട കാലുകൊണ്ട് എന്റെ ഇടുപ്പിനു മുകളിലായി ആഞ്ഞാഞ്ഞ് ചവിട്ടി. ആ സമയത്ത് തീവ്രവേദന കലര്‍ന്ന ഒരു മരവിപ്പാണ് എനിക്കാദ്യം അനുഭവപ്പെട്ടത്. തുടര്‍ന്നെനിക്ക് കുനിഞ്ഞ് മാത്രമേ നില്‍ക്കാനാവുമായിരുന്നുള്ളൂ. അന്നത്തെ ആ വേദന ഇന്നും എന്റെ ഇടുപ്പില്‍നിന്നും വിട്ടുമാറിയിട്ടില്ല. എനിക്ക് സമരവുമായി ബന്ധമൊന്നുമില്ല, ഫെബ്രുവരി 19-ന് ഞാന്‍ വയനാട്ടിലുണ്ടായിരുന്നില്ല. എന്നെ ഉപദ്രവിക്കരുത് എന്നൊക്കെ താണുകേണ് നിലവിളിയോടെ ഞാനയാളോട് അപേക്ഷിച്ചപ്പോള്‍ നിനക്ക് ബന്ധമില്ലാതെ എങ്ങനെയാട മോനേ നിന്റെ പേര് ഗീതാനന്ദന്റെ ഡയറിയില്‍ വന്നതെന്നായിരുന്നു അയാളുടെ അലര്‍ച്ച.

പൊലീസ് മര്‍ദ്ദനത്തേക്കാള്‍ അതിഭീകരമാണവരുടെ വാക്കുകൊണ്ടുള്ള മര്‍ദ്ദനം (ഢലൃയമഹ അയൗലെ). എനിക്കനുഭവപ്പെട്ട വാക്കുകൊണ്ടുള്ള പീഡനം അതീവ സങ്കടകരവും അരോചകവുമായിരുന്നു എന്നതിനേക്കാള്‍ വംശീയാധിക്ഷേപം കൂടിയായിരുന്നു. ''നീയും പണിയനാണോടാ'' ''പട്ടികജാതിയും പട്ടികവര്‍ഗ്ഗവുമൊക്കെ ഒരേ കണക്കാ, മക്കള്‍'', ''നിന്റെ അമ്മയ്ക്കുണ്ടായ മറ്റു മക്കളൊക്കെ പൊലീസുകാരുടേതാണോടാ അതുകൊണ്ടാണോ നീ പൊലീസുകാരെ വെട്ടാന്‍ ആദിവാസികള്‍ക്കു ക്ലാസ്സെടുത്തത്'' ഇങ്ങനെ പോകുന്നു എന്നോടുള്ള പൊലീസുകാരന്റെ അധിക്ഷേപങ്ങള്‍. മര്‍ദ്ദനത്തിന്റെ വേദന അസഹനീയമായിരുന്നു, അതിനെ അതിവര്‍ത്തിക്കുന്നതായിരുന്നു  വാക്കുകള്‍കൊണ്ടുള്ള ഈ മുറിപ്പെടുത്തല്‍. അന്നത്തെ കസ്റ്റഡിമര്‍ദ്ദനത്തിന്റെ മറ്റൊരു സവിശേഷത കണ്ണൂര്‍ എ.ആര്‍. ക്യാമ്പില്‍ നിന്നെത്തിയ പൊലീസുകാരുടെ പ്രത്യേക മര്‍ദ്ദനമായിരുന്നു. അവരുടെ കണ്ണില്‍ ഞങ്ങളൊക്കെ അവരുടെ സഹപ്രവര്‍ത്തകനെ കൊന്ന ഭീകര കുറ്റവാളികളാണല്ലോ. സാധാരണ കസ്റ്റഡിയില്‍ ഇതുണ്ടാവാറില്ല. അന്ന് കസ്റ്റഡിയിലെടുത്ത ഞങ്ങള്‍ക്കെല്ലാം ഇങ്ങനെ പുറത്തുനിന്നുള്ള പൊലീസുകാരുടെ മദ്യപിച്ച് വീറുറ്റ ഈ മര്‍ദ്ദനം കാര്യങ്ങളെ ഒന്നുകൂടി കലുഷമാക്കി. ഡ്യൂട്ടിക്കിടയിലോ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലോ ഇവരുടെ മദ്യപാനമെന്നത് തിട്ടമില്ല. അന്ന് പക്ഷേ, പലരും മദ്യലഹരിയിലായിരുന്നു.

ഇടവേളകളിലുള്ള റിസര്‍വ്വ് പൊലീസുകാരുടെ മര്‍ദ്ദനത്തിന്റെ പരിസമാപ്തിയെന്നോണം രാത്രിയില്‍ എല്ലാവരും ചേര്‍ന്നുള്ള അതികഠിനമായ ഭേദ്യം ചെയ്യലും മര്‍ദ്ദനവും. ഇപ്പോഴും അതോര്‍ക്കുമ്പോള്‍ എനിക്കു പേടിയാവുന്നതിനതിരില്ല. സ്റ്റേഷനകത്തെ ലൈറ്റുകള്‍ അണഞ്ഞിരുന്നു. ഇരകളെ ഇരുത്തി ഇരുകൈകൊണ്ടും വളരെ വേഗം കുറച്ച് ചെവിയില്‍ കാറ്റു കയറ്റും. അതിന്റെ അവസാനം രണ്ടു കൈകൊണ്ടും ആഞ്ഞടിക്കുന്നു. ഓരോ അടിയും തലയ്ക്കകത്ത് മിന്നല്‍പ്പിണരുകളായി നെറുകംതലയിലേയ്ക്ക് പാഞ്ഞുപോകുന്നതായാണ് എനിക്ക് തോന്നിയത്. എന്നെ ഇരുത്തിയതിന് കുറച്ചപ്പുറം ഗീതാനന്ദനേയും ഈ രീതിയില്‍ മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞതപ്പോഴാകാം. വൈകാതെ ചികിത്സ കിട്ടിയതുകൊണ്ട് മാത്രമാകാം ഞങ്ങള്‍ രണ്ടാളും മരണത്തില്‍നിന്നും രക്ഷപ്പെട്ടത്. അപ്പുറത്തുനിന്നു കേട്ട ഗീതാനന്ദന്റെ ദീനരോദനം സ്മൃതിപഥത്തില്‍നിന്നുണര്‍ന്ന് ഇപ്പോഴുമെന്നെ അസ്വസ്ഥനാക്കാറുണ്ട്. ഈ മര്‍ദ്ദനത്തിനിടയില്‍ എപ്പോള്‍ വേണമെങ്കിലും ഞങ്ങള്‍ കൊല്ലപ്പെടാമായിരുന്നു. ഇരുട്ടില്‍ അനവധിയാളുകള്‍, അതില്‍ ഭൂരിപക്ഷവും മദ്യപിച്ചവര്‍ ചേര്‍ന്ന് അതികഠിനമായി മര്‍ദ്ദിക്കുമ്പോള്‍ ഇരയുടെ മര്‍മ്മങ്ങളില്‍ അവരുടെ മുഷ്ടി പതിക്കില്ലെന്നെന്താണുറപ്പ്! അതല്ലെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അന്നേറ്റ ക്ഷതംകൊണ്ട് മരിക്കാമായിരുന്നു. കര്‍ണപുടം പൊട്ടി ചോരവന്നത് തുടച്ച് വേദന കടിച്ചമര്‍ത്തി ആ രാത്രി മുഴുവന്‍ സിമന്റു തറയില്‍ ഉറങ്ങാതെ കിടന്നത് ഇപ്പോഴും എന്റെ ഓര്‍മ്മകള്‍ക്ക് തീപിടിപ്പിക്കാറുണ്ട്. അങ്ങനെ കണ്ണുകളടച്ച് ഉറങ്ങാതെ കിടന്ന എന്നെ ബൂട്ടിട്ട കാലുകൊണ്ട് തൊഴിച്ചുകൊണ്ട് ഒരാള്‍ മറ്റൊരാളോട് ഉറക്കെ പറഞ്ഞതിങ്ങനെ: ''പതിനായിരം രൂപ ശമ്പളമുള്ള മോനാണ് സാറെ  ഈ കെടക്കുന്നത്.'' ഈ ശബ്ദത്തോടൊപ്പം വന്ന മദ്യത്തിന്റെ രൂക്ഷഗന്ധം ഇപ്പോഴുമെനിക്ക് മനംപുരട്ടലുണ്ടാക്കുന്ന സ്മരണയാണ്. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ച് ഉറങ്ങുന്നതായി നടിച്ചു.

പുല്‍പ്പള്ളി ഭാഗത്തുനിന്നും  പൊലീസിനെതിരായി പോസ്റ്ററൊട്ടിക്കുന്നതായി കണ്ടുപിടിച്ചു കൊണ്ടുവന്ന ഒരു അരൂഷും ബിജുവും. വൈകുന്നേരമാണവരെത്തിയത്. സ്റ്റേഷനകം നിറയെ ഞങ്ങള്‍ മുത്തങ്ങക്കേസ് പ്രതികള്‍ അവശരും  ആര്‍ത്തരുമായിരിക്കുകയാണ്. അരൂഷ് ഏതോ ഒരു നക്‌സല്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തകരുമാണ്, ബിജു പുല്‍പ്പള്ളിയിലുള്ള ഒരു ആദിവാസി ബാലനും. ജീപ്പില്‍നിന്നിറക്കുമ്പോള്‍ അരൂഷ് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. നക്‌സല്‍ബാരി സിന്ദാബാദെന്നോ മറ്റോ ആണ് വിളിച്ചത്. ഏതായാലും വേട്ടപ്പട്ടികളെപ്പോലെ വളഞ്ഞിട്ട് അവരെ ഭീകരമായി മര്‍ദ്ദിക്കുന്നതാണ്. പിന്നെ കണ്ടത് അടിയേറ്റുവീണ അവരെ ചവിട്ടിക്കൂട്ടുന്നതാണ് പിന്നെ കണ്ടത്. ഞാനിരുന്നതിന്റെ അടുത്താണ് ബോധരഹിതനായ അരൂഷിനെ കൊണ്ടുവന്നു കിടത്തിയത്. നേരിയ ഒരു ഞരക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കടവായിലൂടെ ചോര ഒഴുകുന്നുണ്ടായിരുന്നു.  അല്പം കഴിഞ്ഞ് പൊലീസുകാര്‍ തന്നെ  അരൂഷിനെ എവിടെയോ എടുത്തുകൊണ്ടുപോയി. ഞാന്‍ കരുതിയതവന്‍ മരിച്ചിട്ടുണ്ടാവുമെന്നാണ്. രാത്രിയില്‍ അരൂഷിനെ തിരിച്ചുകൊണ്ടു വന്നപ്പോള്‍ ബോധം തെളിഞ്ഞിരുന്നെങ്കിലും അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോയതാണ്.  പൊലീസ് കൊണ്ടുവരുന്ന ഇത്തരം രോഗികളെ  ചികിത്സിക്കുക മാത്രമാണോ  ഡോക്ടര്‍മാരുടെ കടമ?  അവരെ സംബന്ധിക്കുന്ന എന്തെങ്കിലും രേഖപ്പെടുത്തലുകളും റിപ്പോര്‍ട്ട് നല്‍കലും ഉണ്ടോ ആവോ?  എന്തായാലും മുത്തങ്ങ സമരസ്ഥലത്ത്  പോയിട്ടേ ഇല്ലാത്ത  അരൂഷും ബിജുവും ഞങ്ങളോടൊപ്പം  പ്രതികളായി കണ്ണൂരില്‍ ജയിലിലുമായി.  ഒരു സമരത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട , അതും സംശയത്തിന്റെ പേരില്‍  എനിക്ക് ഒരു ദിവസം മാത്രം അനുഭവിക്കേണ്ടിവന്ന  കസ്റ്റഡി അനുഭവമാണിവിടെ  രേഖപ്പെടുത്തിയത്.

അന്നേ ദിവസം സ്റ്റേഷനിലുണ്ടായിരുന്ന മോഷണക്കേസടക്കമുള്ള  പ്രതികളെ  പ്രത്യേകമായി മാറ്റിയിരുത്തിയിരിക്കുകയായിരുന്നു.  അന്നവരെ പൊലീസുകാര്‍ ഒന്നും ചെയ്തിരുന്നില്ല. ഞങ്ങളെ കൈകാര്യം ചെയ്യുന്ന  തിരക്കിലായിരുന്നല്ലോ അവര്‍. എന്നാല്‍, തൊട്ടടുത്ത ദിവസം രാവിലെ മുതല്‍ അവരെ ചോദ്യം ചെയ്യുന്നത്  ദൂരെനിന്ന് കാണാനിടയായി. ബൈക്കോ മറ്റോ  മോഷ്ടിച്ച ഒരാളെ രണ്ടുപേര്‍ ചേര്‍ന്ന്  ചോദ്യം ചെയ്യുന്നതാണ് ഞാന്‍ കണ്ടത്.  കസ്റ്റഡിയിലെ ചോദ്യം ചെയ്യലൊക്കെ  ഒരു സാധാരണ മനുഷ്യന്  ചിന്തിക്കാവുന്നതിലും അപ്പുറമാണ്. കോടതി നിര്‍ദ്ദേശങ്ങളും  നിയമങ്ങളുമൊക്കെ എതിരാണെങ്കിലും  കൊടും കുറ്റവാളികളെ കടുത്ത മര്‍ദ്ദന മുറകളിലൂടെ കടത്തിവിടുന്നു. പിന്നീട് ജയിലില്‍ വെച്ച് ഇത്തരക്കാരെ കണ്ടപ്പോള്‍  തടവല്ലാതെ മര്‍ദ്ദനം ഒരു ശിക്ഷയായി  അവര്‍ പരിഗണിക്കുന്നില്ലെന്നാണ് തോന്നിയത്. എനിക്കു തന്നെ ഈ പീഡാനുഭവത്തിനുശേഷം  നേരത്തെ പറഞ്ഞ പൊലീസ്  പേടി മാറിക്കിട്ടി എന്നതാണുണ്ടായ നേട്ടം.

മുൻ ഐജി ലക്ഷ്മണ, നക്സൽ വർ​ഗീസിന്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം
മുൻ ഐജി ലക്ഷ്മണ, നക്സൽ വർ​ഗീസിന്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം

നാല്
കസ്റ്റഡി പീഡനം അനുഭവിച്ച ഒരാള്‍ക്ക്  പൊലീസിനെതിരെ നടപടിക്കായി നീതിന്യായ സംവിധാനത്തെ സമീപിക്കലും  അതീവ ദുഷ്‌കരമാണ്. നീതിപാലകരായതുകൊണ്ടാകാം  പൊലീസുകാരുടെ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ പരിരക്ഷ  നമ്മുടെ നീതിന്യായ സംവിധാനത്തില്‍ നിന്നു ലഭിക്കുന്നത്. എന്നാല്‍,  കൊടും കുറ്റകൃത്യങ്ങള്‍ ചെയ്തവരോ അല്ലാത്തവരോ ആയ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന  ആളുകള്‍ക്കെതിരെ അത്യാചാരങ്ങള്‍ അനുഷ്ഠിക്കരുതെന്നും അവര്‍ക്ക്  ചില അവകാശങ്ങളൊക്കെയുണ്ടെന്നും നമ്മുടെ നീതിന്യായ സംവിധാനങ്ങള്‍  അനുഷ്ഠിക്കരുതെന്നും  അവര്‍ക്ക് ചില അവകാശങ്ങളൊക്കെയുണ്ടെന്നും  നമ്മുടെ നീതിന്യായ സംവിധാനങ്ങള്‍ കല്പിക്കുന്നുണ്ട്. അതു കുറ്റത്തോട്  ചെയ്യുന്ന കാര്യങ്ങളല്ല, കുറ്റവാളിയായിപ്പോയ മനുഷ്യരോടു ചെയ്യുന്ന  മനുഷ്യത്വപൂര്‍ണ്ണമായ ഇളവുകളാണ്.  കൊലയാളിയെ പരസ്യമായി പീഡിപ്പിക്കുന്ന  രീതിയൊക്കെ പണ്ട്  നിയമം അനുശാസിച്ചിരുന്നു.  എന്നാല്‍, പരിഷ്‌കൃത ജനാധിപത്യ സമൂഹം  കസ്റ്റഡി പീഡനത്തേയും വധശിക്ഷയേയുമൊക്കെ  പ്രാകൃതമായാണ് പരിഗണിക്കുന്നത്.  കുറ്റാരോപിതനായി അറസ്റ്റു ചെയ്യപ്പെടുന്നതോടെ  ഒരാളുടെ  ജീവിതം തന്നെ തീര്‍ന്നതായാണ് പോലീസ് കരുതുന്നത്.  ആകാവുന്നിടത്തോളം പീഡനം അവര്‍ ഏല്പിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം  അതാണ്. ''നിന്റെ ജീവിതം  തീര്‍ന്നെടാ'' എന്ന് പല പൊലീസുകാരും  എന്നെ നോക്കി അലറിയിരുന്നു.  അവരുടെ കസ്റ്റഡിയിലെ അനുഭവം എന്നെ  വിശ്വസിപ്പിച്ചതും അതാണ്.  കൊലപാതകം, ഗൂഢാലോചന, ആയുധപരിശീലന ക്ലാസ്സ്, സമരപങ്കാളിത്തം എന്നിങ്ങനെ എന്നിലാരോപിക്കപ്പെട്ട ഒരു കുറ്റവും ഞാന്‍ ചെയ്തിരുന്നില്ല.  മേല്‍ക്കുറ്റങ്ങളെ സാധൂകരിക്കുന്ന  ഒരു തെളിവും എനിക്കെതിരെ  ഉണ്ടായിരുന്നില്ല. ആദിവാസികള്‍  നടത്തിയ സമരത്തെ പിന്‍തുണച്ച്  പ്രസ്താവന ഇറക്കിയിരുന്നു.  രണ്ടു തവണ പത്രപ്രവര്‍ത്തകരോടൊപ്പം  സമരസ്ഥലം സന്ദര്‍ശിച്ചിരുന്നു.  യാദൃച്ഛികമായി ഗീതാനന്ദന്റെ ഡയറിയില്‍  എന്റെ പേരും ഓഫീസ് ഫോണ്‍ നമ്പറും  ഉണ്ടായിരുന്നു.  അത് പച്ചമഷിയിലായിരുന്നു എഴുതിയിരുന്നത്.  ഇത്രമാത്രമാണ് ഞാന്‍ ചെയ്തത്.  അറസ്റ്റ് ചെയ്യപ്പെട്ട് മര്‍ദ്ദനമേറ്റ്  പൊട്ടിയ ചെവിയുമായി  അവശനിലയിലാണ്  ഞാന്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കപ്പെടുന്നത്.  മര്‍ദ്ദനമേറ്റ്, ശരീര മാസകലം വേദനയുണ്ട് എന്നൊക്കെ ഞാന്‍ അദ്ദേഹത്തോട്  പറഞ്ഞു. മര്‍ദ്ദനമേറ്റ കാര്യം അദ്ദേഹം കേട്ടതായിപ്പോലും നടിച്ചില്ല. കണ്ണൂര്‍ ജില്ലയിലേയ്ക്കയക്കാം, അവിടെ പറഞ്ഞാല്‍ ചികിത്സ കിട്ടും എന്ന് അദ്ദേഹം പറഞ്ഞു. കര്‍ണപുടം പൊട്ടിയ എനിക്ക് ജയിലില്‍ ചെന്ന്  പത്ത് ദിവസം കഴിഞ്ഞാണ്  ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം  ചികിത്സ കിട്ടുന്നത്. അതും എന്റെ ഭാര്യ അഡ്വ:  കെ.സി. എല്‍ദോ  മുഖേന എന്റെ ചികിത്സയ്ക്കായി ഹൈക്കോടതിയില്‍ ആവലാതി കൊടുത്തതിനു ശേഷം. നാലു ദിവസം ക്രൂരമര്‍ദ്ദനമേറ്റ്  ജയിലില്‍ പോയ രാജ്കുമാര്‍ മരിച്ചു എന്നു കേട്ട് എനിക്കൊരു അദ്ഭുതവും തോന്നിയില്ല.  പൊലീസ് കസ്റ്റഡിയിലാവുന്ന ഒരവ കേരളീയനെ  ആയുസ്സിന്റെ ബലമല്ലാതെ മറ്റൊന്നും  രക്ഷിക്കില്ല തന്നെ. 

കേരള മനുഷ്യാവകാശ കമ്മിഷന്‍  അന്ന് ഐ.ജിയെക്കൊണ്ട്  മുത്തങ്ങയിലെ ആദിവാസികള്‍ക്കും  മറ്റും ഏറ്റ പൊലീസ്  അതിക്രമങ്ങളെക്കുറിച്ച്  അന്വേഷിപ്പിച്ചു. ഐ.ജി. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍  അതിക്രമത്തെക്കുറിച്ചും  മര്‍ദ്ദനക്കുറിച്ചുമൊക്കെ  സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.  ഇരകള്‍ക്ക് ഇടക്കാലാശ്വാസം കൊടുക്കണമെന്ന്  ശുപാര്‍ശയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് അംഗങ്ങള്‍ രണ്ട് ചേരിയായി നിന്ന്  പോരടിക്കുക മാത്രമാണ് ചെയ്തത്. മനുഷ്യാവകാശ കമ്മിഷന്‍  കോഴിക്കോട് വിളിച്ച്  ഞങ്ങളെയൊക്കെ ചോദ്യം ചെയ്തതല്ലാതെ  ഒന്നുമുണ്ടായില്ല. അതൊന്നും ആരായാലും  അവലോകനം ചെയ്യപ്പെടുകയോ  തുടര്‍നടപടികളിലേയ്ക്ക്  കടക്കുകയോ ചെയ്തില്ല.

2003-ല്‍ത്തന്നെ  എന്നെ മര്‍ദ്ദിച്ചവരില്‍ പ്രധാനികളായ  ആറു പൊലീസുകാരേയും ഗവണ്‍മെന്റിനേയും പ്രതിചേര്‍ത്ത്  സിവില്‍ ക്രിമിനല്‍ കേസുകള്‍  ഫയല്‍ ചെയ്തു.  അതിനിടെ CBI എന്നെ കുറ്റവിമുക്തനാക്കിയതിനാല്‍  ജോലിയില്‍ തിരിച്ചു കയറാനായി. മുത്തങ്ങക്കേസുകള്‍  ഇപ്പോഴും വിചാരണയിലാണെന്നോര്‍ക്കണം. ഞാന്‍ കൊടുത്ത ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പൊലീസുകാര്‍ ഡ്യൂട്ടിയിലായിരുന്നതിനാല്‍ അവര്‍ക്കെതിരെ കേസെടുക്കണമെങ്കില്‍  സര്‍ക്കാരിന്റെ 197 അനുമതി വേണം. അത് സുപ്രീംകോടതിയുടെ  2008-ലെ ഓര്‍ഡറാണുപോലും. ഞാന്‍ കേസ് ഫയല്‍ ചെയ്തത് 2003-ലാണെന്നു കാണിച്ച് ഹൈക്കോടതിയില്‍ കേസ് കൊടുത്തെങ്കിലും  അനുകൂലമായ വിധിയുണ്ടായില്ല.  പൊലീസ് അതിക്രമത്തിനും  കസ്റ്റഡി പീഡനത്തിനുമെതിരെ  കോടതിയില്‍നിന്നെനിക്കനുവദിച്ചു കിട്ടിയ നീതി ഇതാണ്. പൊലീസ് മര്‍ദ്ദനത്തിനും പീഡനത്തിനുമിരയായ, മരിച്ച മനുഷ്യര്‍ക്ക് ലഭിക്കാവുന്ന നീതി ഇതുമാത്രമായിരിക്കും എന്നാണ് എന്നെ  അനുഭവം പഠിപ്പിച്ചത്.  നീതിന്യായ സംവിധാനങ്ങളില്‍  എത്തിപ്പെടാന്‍, പരാതിപ്പെടാന്‍ കഴിയാത്ത നിസ്വരുടെ, പാര്‍ശ്വവല്‍ക്കൃതരുടെ, കീഴാളരുടെ അവസ്ഥയെക്കുറിച്ച് ആര് ചിന്തിക്കാന്‍? പരാതിപ്പെടാന്‍? നടപടിയെടുക്കാന്‍? പൊലീസ്  അതിക്രമങ്ങള്‍ക്കെതിരായി  നടന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ ഐ.ജി ലക്ഷ്മണയായിരുന്നു. സഖാവ് വര്‍ഗ്ഗീസിന്റെ കൊലപാതകം ഏറ്റുമുട്ടലല്ലെന്ന് അതില്‍ പങ്കെടുത്ത രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു കേസെടുത്തത്. ജയിലില്‍ പോയ ലക്ഷ്മണയ്ക്ക് കാലാവധ് ഇളവു ചെയ്ത് വിട്ടുകൊണ്ടാണ് ഗവണ്‍മെന്റ് തുടര്‍ നടപടിയെടുത്തത്. അതിക്രമം നടത്തിയവര്‍ക്കും  അതിനെ തുടര്‍ന്ന്  ശിക്ഷിക്കപ്പെട്ടവര്‍ക്കും  സര്‍ക്കാര്‍ നല്‍കുന്ന ഈ കൈത്താങ്ങാകാം ഒരുപക്ഷേ, പേര്‍ത്തും പേര്‍ത്തും അത്യാചാരങ്ങള്‍ ആവര്‍ത്തിക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നതെന്നു കരുതാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com