'അതോടെ ബിജെപിയുടെ കുതിപ്പ് കിതപ്പായി മാറും'

ഇന്ത്യയിലെ മുസ്ലിങ്ങള്‍ സ്വാതന്ത്ര്യലബ്ധി തൊട്ടേ മതനിരപേക്ഷ പാര്‍ട്ടികളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ബി.ജെ.പി വന്‍ശക്തിയായി വളരുകയോ അധികാരമേറുകയോ ചെയ്യുമായിരുന്നില്ല
'അതോടെ ബിജെപിയുടെ കുതിപ്പ് കിതപ്പായി മാറും'

റ്റ വാചകത്തില്‍ പറഞ്ഞാല്‍, പൗരത്വത്തിന്റെ മതവല്‍ക്കരണത്തിലേയ്ക്കുള്ള ആദ്യ ചുവടാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ (ഭേദഗതി) നിയമം, 2019. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നു ഇന്ത്യയിലേയ്ക്ക് കുടിയേറിയ വ്യത്യസ്ത മതസ്ഥരില്‍ ഒരു പ്രത്യേക വിഭാഗത്തെ ആ നിയമം ഒഴിച്ചുനിര്‍ത്തുന്നു. മുസ്ലിങ്ങളാണ് ആ വിഭാഗം. ഈ ഒഴിച്ചുനിര്‍ത്തലിനു സര്‍ക്കാര്‍ പറയുന്ന കാരണം പൗരത്വദാനത്തിനു പരിഗണിക്കുന്നത് പീഡിത വിഭാഗങ്ങളെയാണ് എന്നത്രേ. ഇസ്ലാം ഔദ്യോഗിക മതമോ ഭൂരിപക്ഷ മതമോ ആയ പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും മുസ്ലിങ്ങള്‍ പീഡിതരല്ലെന്നും ഹിന്ദുക്കള്‍, സിഖുകാര്‍. ക്രൈസ്തവര്‍, ബൗദ്ധര്‍, ജൈനര്‍, പാര്‍സികള്‍ എന്നിവരാണ് ആ രാജ്യങ്ങളിലെ പീഡിത സമുദായങ്ങളെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

വസ്തുതകളുമായി പൊരുത്തപ്പെടാത്തതാണ് ഈ വിശദീകരണം. മുകളില്‍ പറഞ്ഞ മൂന്നു അയല്‍രാജ്യങ്ങളിലെ ഔദ്യോഗിക മതം (ഭൂരിപക്ഷമതം) ഇസ്ലാമല്ല, സുന്നി ഇസ്ലാമാണ്. അതിനു വെളിയില്‍ നില്‍ക്കുന്ന മൂന്നു മുസ്ലിം വിഭാഗങ്ങളെങ്കിലും ബന്ധപ്പെട്ട രാജ്യങ്ങളിലുണ്ട്. ശിയ, അഹമദിയ്യ, ബഹായി എന്നിവയാണവ. ഈ മൂന്നു കൂട്ടരും അവിടങ്ങളില്‍ കൊടിയ പീഡനങ്ങള്‍ക്കു വിധേയരാകുന്നവരാണ്. അഹമദിയ്യ, ബഹായി എന്നീ വിഭാഗങ്ങളെ മുസ്ലിങ്ങളായി അംഗീകരിക്കുന്നുപോലുമില്ല ആ രാഷ്ട്രങ്ങള്‍. പാകിസ്താനില്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കാലത്ത്, 1974-ല്‍ അഹമദിയ്യ മുസ്ലിങ്ങളെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ചതും അവര്‍ക്കെതിരെ മുഖ്യധാര മുസ്ലിം സംഘടനകള്‍ കലാപങ്ങളഴിച്ചുവിട്ടതും ഓര്‍ക്കേണ്ടതാണ്. മുഖ്യധാരാ ഇസ്ലാമിനു പുറത്തുള്ള മുസ്ലിം വിഭാഗങ്ങള്‍ക്കു പുറമെ മുസ്ലിം സമുദായത്തിലെ പുരോഗമന-ലിബറല്‍ മനഃസ്ഥിതിക്കാരും സ്വതന്ത്ര ചിന്തകരും ഈ രാജ്യങ്ങളില്‍ നിരന്തരം വേട്ടയാടപ്പെട്ടു പോന്നിട്ടുണ്ടെന്നതും കാണണം. പാക് പഞ്ചാബ് പ്രവിശ്യ ഗവര്‍ണറായിരുന്ന സല്‍മാന്‍ തസീര്‍, പഞ്ചാബ് സാമൂഹികക്ഷേമ മന്ത്രിയായിരുന്ന സിലെ ഹുമ തുടങ്ങിയ പ്രമുഖര്‍പോലും സുന്നി മതഭ്രാന്തരുടെ വെടിയുണ്ടയ്ക്കിരയായത് വിസ്മരിക്കാവതല്ല.

മതാതീത തുല്യത എന്ന തത്ത്വം

അയല്‍ രാഷ്ട്രങ്ങളിലെ പീഡിത ന്യൂനപക്ഷങ്ങളോടുള്ള സഹാനുഭൂതിയാണ് പൗരത്വ നിയമഭേദഗതിക്കു പ്രചോദകമെങ്കില്‍ മുകളില്‍ സൂചിപ്പിച്ച മുസ്ലിം ഗ്രൂപ്പുകള്‍ക്കു നിയമത്തിന്റെ ആനുകൂല്യം നിശ്ചയമായും ലഭ്യമാക്കേണ്ടതാണ്. അങ്ങനെ സംഭവിച്ചിട്ടില്ല. മുസ്ലിം എന്നു വ്യവഹരിക്കപ്പെടുന്ന എല്ലാവരേയും ഒഴിച്ചുനിര്‍ത്തി അമുസ്ലിം വിഭാഗങ്ങളെ മാത്രം ഉള്‍ക്കൊള്ളുക എന്ന നയമാണ് മോദി ഭരണകൂടം അവലംബിക്കുന്നത്. മതാടിസ്ഥാനത്തിലുള്ള ഈ ഒഴിച്ചുനിര്‍ത്തല്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതാതീത തുല്യത എന്ന ഉദാത്ത തത്ത്വത്തിനു കടകവിരുദ്ധമാണ്. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരും കോടതിയെ സമീപിച്ചവരുമെല്ലാം ഈ വസ്തുതയില്‍ അടിവര ചാര്‍ത്തിയിട്ടുണ്ട്. ഭരണഘടനയുടെ 14, 21 വകുപ്പുകളുടെ സാരാംശത്തെ ഹനിക്കുന്നതാണ് പുതിയ നിയമമെന്നു അവര്‍ ന്യായമായി ചൂണ്ടിക്കാട്ടുന്നു.

ഡിസംബര്‍ രണ്ടാംവാരത്തില്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ (ഭേദഗതി ) ബില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു മാത്രമല്ല, ഭാരതീയ തത്ത്വചിന്തയ്ക്കു കൂടി വിരുദ്ധമാണ്. ഭാരതീയതയില്‍ അഭിമാനം കൊള്ളുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. അതിന്റെ പേരില്‍ത്തന്നെ 'ഭാരതീയ'ത കടന്നുവരുന്നുണ്ട്. ആ നിലയ്ക്ക് ഒരു പുതിയ നിയമം (നിയമ ഭേദഗതി) കൊണ്ടുവരുമ്പോള്‍ ഭരണഘടനാ മൂല്യങ്ങളെന്നപോലെ ഭാരതീയ ദാര്‍ശനിക മൂല്യങ്ങളും മോദിയുടേയും അമിത് ഷായുടേയും പാര്‍ട്ടി കണക്കിലെടുക്കേണ്ടതല്ലേ? ഭാരതീയ ദര്‍ശനത്തിന്റെ സുപ്രധാന ഭാഗമാണ് ശങ്കരന്റെ അദൈ്വതവാദം. ഉപനിഷദ് ഋഷിമാര്‍ ആവിഷ്‌കരിച്ച ഏകതത്ത്വവാദവും അത്രതന്നെ പ്രധാനമാണ്.

ഇപ്പറഞ്ഞ രണ്ടു വാദങ്ങളുമായി മോദി ഭരണകൂടത്തിന്റെ പൗരത്വ ഭേദഗതി നിയമം ഒത്തുപോകുമോ? നിത്യവും അനാദിയും അനശ്വരവും കേവലവും അമൂര്‍ത്തവുമായ ബ്രഹ്മം മാത്രമാണ് യാഥാര്‍ത്ഥ്യമെന്നും പ്രപഞ്ചത്തില്‍ എന്തെല്ലാം നിലനില്‍ക്കുന്നുണ്ടോ അതെല്ലാം ബ്രഹ്മമാണെന്നും അത് അദൈ്വതമാണെന്നുമത്രേ ശങ്കരന്‍ വ്യക്തമാക്കിയത്. ജഗത്ത് മാത്രമല്ല, ആത്മാവും ബ്രഹ്മമാണെന്നു പറഞ്ഞശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ''ഞാന്‍ ബ്രഹ്മമാണ് (അഹം ബ്രഹ്മാസ്മി). നീയും അതുതന്നെ (തത്ത്വമസി).'' ഞാനും നീയും രണ്ടല്ല എന്ന് അംഗീകരിക്കുന്നവര്‍ക്ക്, എല്ലാം ബ്രഹ്മത്തിന്റെ അംശങ്ങളാണെന്നു കരുതുന്നവര്‍ക്ക് ഹിന്ദു വേറെ, മുസ്ലിം വേറെ എന്നു വിചാരിക്കാന്‍ കഴിയുമോ?

ഇനി ഏകതത്ത്വവാദത്തിലേയ്ക്ക് ചെന്നു നോക്കൂ. ഇസ്ലാം ഉള്‍പ്പെടെയുള്ള സെമിറ്റിക് മതങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ഏകദൈവ വാദത്തില്‍നിന്നു വ്യത്യസ്തമാണ് ഏകതത്ത്വവാദം. ഈശ്വരന്‍ ഒന്നേയുള്ളൂവെന്നും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനും സൃഷ്ടിസ്ഥിതി സംഹാര കര്‍ത്താവുമാണ് എന്നുമുള്ളതാണ് ഏകദൈവ വാദം. ഏകതത്ത്വവാദമാകട്ടെ, മനുഷ്യനും ലോകവും പ്രകൃതിയും പ്രാപഞ്ചിക പ്രതിഭാസങ്ങളുമെല്ലാം ആത്മീയമോ ഭൗതികമോ ആയ ഒരൊറ്റ മൗലികവസ്തുവില്‍നിന്നു ഉല്‍ഭവിച്ചതാണ് എന്ന് ഉദ്‌ബോധിപ്പിക്കുന്ന സിദ്ധാന്തമാണ്. ആ ഒന്നാണ് പ്രപഞ്ചഘടനയുടെ ആരംഭവും അവസാനവും; തുടക്കവും ലക്ഷ്യസ്ഥാനവും അതുതന്നെ. അദൈ്വത സിദ്ധാന്തത്തിലെന്നപോലെ, ഏകതത്ത്വവാദത്തിലും അപരത്വത്തിനു സ്ഥാനമില്ല. മത, ജാതി, ലിംഗ, വംശ, ദേശ, ഭാഷകളടക്കമുള്ള ഘടകങ്ങളുടെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കാന്‍ ഒരു പഴുതും അതു നല്‍കുന്നില്ല.

അങ്ങനെ നോക്കുമ്പോള്‍ ഭാരതീയത ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കുന്നു എന്ന് അവകാശപ്പെടുന്ന ബി.ജെ.പിയുടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പൗരത്വ ഭേദഗതി നിയമം ദാര്‍ശനിക ഭാരതത്തിന്റെ അകക്കാമ്പായ അദൈ്വതത്തിന്റേയും ഏകതത്ത്വവാദത്തിന്റേയും നിരാകരണമാണെന്നു പറയേണ്ടിവരും. ഭാരതീയത പേരിലും പ്രസംഗത്തിലും മാത്രം പോരല്ലോ. അതു പ്രവൃത്തിയില്‍ പ്രതിഫലിക്കുക കൂടി വേണം. അഭയാര്‍ത്ഥികളായ കുടിയേറ്റക്കാരെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുമ്പോള്‍ മഹാവാക്യങ്ങളിലെ മഹാവാക്യം എന്നു വിശേഷിപ്പിക്കപ്പെടുന്ന 'തത്ത്വമസി' വീണുടയുന്നു. നിര്‍ദ്ദിഷ്ട നിയമത്തിലേയ്ക്കു നോക്കുമ്പോള്‍ പ്രാചീന ഇന്ത്യയിലെ ഉപനിഷദ് ഋഷിമാരുടെ കണ്ണുകള്‍ മാത്രമല്ല, ഭാരതീയ ദര്‍ശനത്തിലുള്‍ച്ചേര്‍ന്ന വിശ്വമാനവികതയുടെ വിളക്കുമാടം അദൈ്വതവാദമാണെന്നു ചൂണ്ടിക്കാണിച്ച സ്വാമി വിവേകാനന്ദന്റെ കണ്ണുകളും നനയുന്നുണ്ടാവും.

എന്തുകൊണ്ടിങ്ങനെ പറയുന്നു? പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളില്‍നിന്നു ചരിത്രപരമായ കാരണങ്ങളാല്‍ ശരണാര്‍ത്ഥികളായി ഇന്ത്യയിലെത്തിയ ഏഴ് മതവിഭാഗങ്ങളുണ്ട്. അവയില്‍ ഒന്നിനു മുന്‍പാകെ നമ്മുടെ പുതിയ പൗരത്വ നിയമം വാതിലുകള്‍ കൊട്ടിയടക്കുന്നു. പ്രസ്തുത നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ പൗരത്വം നിഷേധിക്കപ്പെടുന്ന ഏഴാം വിഭാഗത്തില്‍പ്പെട്ട ലക്ഷക്കണക്കിനാളുകള്‍ രാജ്യത്തുണ്ടാവും. അവര്‍ അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രരഹിതരായിത്തീരും. അവരെ മോദി സര്‍ക്കാര്‍ എന്താണ് ചെയ്യുക? അവരെ 'അനധികൃത കുടിയേറ്റക്കാര്‍' എന്നു ചാപ്പകുത്തി തടങ്കല്‍ പാളയങ്ങളില്‍ തള്ളുമോ? അതോ അവകാശങ്ങളൊന്നുമില്ലാത്ത രണ്ടാംകിട പ്രജകളായി അവരെ തരം താഴ്ത്തുമോ? അതുമല്ലെങ്കില്‍ അവരെ നാട് കടത്തുമോ?

ആശങ്കയുളവാക്കുന്ന ഇത്തരം ചോദ്യങ്ങളില്‍നിന്നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ അതിരൂക്ഷമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമുയരുന്നത്. പ്രക്ഷോഭകരില്‍ രണ്ടു തരക്കാരുണ്ട്. മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് ഒരു വിഭാഗം. മറ്റൊരു വിഭാഗം പ്രത്യയ ശാസ്ത്രതലത്തില്‍ മതനിരപേക്ഷത തള്ളിക്കളയുകയും സ്വമതത്തെ ആസ്പദമാക്കിയുള്ള രാഷ്ട്രസങ്കല്പമാണ് പരമപ്രധാനമെന്നു പിഴച്ച സമീപനം പിന്തുടരുകയും ചെയ്യുന്നവരാണ്. കാല്‍ നൂറ്റാണ്ട് മുന്‍പ് ഡല്‍ഹിയിലെ ജാമിയ മില്ലിയയില്‍ പ്രോ വൈസ് ചാന്‍സലറായിരുന്ന പ്രൊഫ. മുഷീറുല്‍ ഹസനെതിരെ പട നയിച്ചവര്‍പോലും ഈ രണ്ടാംവിഭാഗത്തിലുണ്ട്. റുഷ്ദിയുടെ വിവാദ നോവലിനു വിലക്കേര്‍പ്പെടുത്തിയ അന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരിലായിരുന്നു മുസ്ലിം മൗലികവാദികളായ വിദ്യാര്‍ത്ഥികള്‍ 1990-കളില്‍ മുഷീറുല്‍ ഹസനെതിരെ വാളെടുത്തത്. അന്നു മതനിരപേക്ഷതയെ എതിര്‍ക്കുകയും സ്വമത ഗര്‍വ്വിലാറാടുകയും ചെയ്തവരുടെ പിന്‍ഗാമികള്‍ ഇന്നു മതനിരപേക്ഷതയുടെ പേരു പറഞ്ഞു പൗരത്വ നിയമത്തിനെതിരെ പോര്‍ക്കളത്തിലിറങ്ങുന്നത്  വിധിവൈപരീത്യമെന്നേ പറയേണ്ടൂ.

അത്തരക്കാര്‍ ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കണം: മതമല്ല, മതനിരപേക്ഷതയാണ് മറ്റെന്തിനെക്കാളും പ്രധാനം. ഇന്ത്യയിലെ മുസ്ലിങ്ങള്‍ (അവരിപ്പോള്‍ 20 കോടി വരും) വര്‍ഗ്ഗീയ, മതമൗലിക പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനു പകരം സ്വാതന്ത്ര്യലബ്ധി തൊട്ടേ മതനിരപേക്ഷ പാര്‍ട്ടികളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ മതേതര മനസ്സുള്ള ഹിന്ദുക്കളാല്‍ സമൃദ്ധമായിരുന്ന ഇന്ത്യയില്‍ ബി.ജെ.പി വന്‍ശക്തിയായി വളരുകയോ അധികാരമേറുകയോ ചെയ്യുമായിരുന്നില്ല. പൗരത്വത്തിന്റെ മതവല്‍ക്കരണം പോലുള്ള നടപടികള്‍ വരും നാളുകളില്‍ തടയാന്‍ വഴിയൊന്നേയുള്ളൂ: വര്‍ഗ്ഗീയ, മതമൗലിക കക്ഷികളെ കൈവെടിഞ്ഞു മുസ്ലിങ്ങള്‍ ഒന്നടങ്കം മതേതര പാര്‍ട്ടികളുടെ ഭാഗമാവണം. ബി.ജെ.പിയുടെ കുതിപ്പ് കിതപ്പായി മാറും അതോടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com