ഇന്റര്‍നെറ്റിന്റെ ചിറകരിയപ്പെട്ടേക്കും; സമ്പൂര്‍ണ്ണ അധികാരമുറപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ഇന്റര്‍നെറ്റിനുമേല്‍ സമ്പൂര്‍ണ്ണ അധികാരമുറപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ചൈനയേയും റഷ്യയേയും പോലെയുള്ള സ്വേച്ഛാധിപത്യ രാഷ്ട്രങ്ങളുടെ നിരയിലേയ്ക്ക് ഇന്ത്യയേയും കൊണ്ടെത്തിക്കുമെന്നണ് വിമര്‍ശന
ഇന്റര്‍നെറ്റിന്റെ ചിറകരിയപ്പെട്ടേക്കും; സമ്പൂര്‍ണ്ണ അധികാരമുറപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ലോകജനതയെ കുറച്ചു കാലത്തേയ്‌ക്കെങ്കിലും ഒരുമിപ്പിച്ച അപ്രതീക്ഷിത അദ്ഭുതമായിരുന്നു ഇന്റര്‍നെറ്റ്. ഇത്ര വ്യാപ്തിയുള്ള ഒന്നായിത്തീരും ഇന്റര്‍നെറ്റ് എന്നാരും മുന്‍കൂട്ടി കണ്ടിരുന്നില്ല എന്നതും ഈ അനുഭവത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. എന്നാല്‍, ഇനി വരാന്‍പോകുന്ന സ്പ്ലിന്റര്‍ നെറ്റ് യുഗം (splinter net) നേര്‍വിപരീത ദിശയിലായിരിക്കും നീങ്ങുക. സ്വേച്ഛാധിപത്യ സ്വഭാവമുള്ള ഗവണ്‍മെന്റുകളുടെ കയ്യില്‍ ഇന്റര്‍നെറ്റ് ജനങ്ങള്‍ക്കെതിരെ പ്രയോഗിക്കാനാകുന്ന ആയുധം തന്നെയായി തീരുമോ എന്ന ഭീതിയും ഇപ്പോള്‍ പടരുകയാണ്. 

വിവിധ രാജ്യങ്ങള്‍ ഇന്റര്‍നെറ്റിനെ പരസ്പരബന്ധമില്ലാത്ത ചെറുകഷണങ്ങളായി മുറിക്കുന്നതിനെയാണ് സ്പ്ലിന്റര്‍ നെറ്റ് അല്ലെങ്കില്‍ സൈബര്‍ ബോള്‍ക്കണൈസേഷനെന്നു വിളിക്കുന്നത്. തങ്ങളുടെ സാങ്കേതികവിദ്യ, വാണിജ്യം, രാഷ്ട്രീയം, മതം തുടങ്ങിയ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇതു ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ടം തുടങ്ങിക്കഴിഞ്ഞു. ചൈന വര്‍ഷങ്ങളായി ഗൂഗിള്‍, ഫെയ്സ്ബുക്ക് തുടങ്ങിയ അമേരിക്കന്‍ കമ്പനികളെ പടിക്കുപുറത്താക്കി വാതിലടക്കുകയും തങ്ങളുടെ പൗരന്മാരുടെ ഇന്റര്‍നെറ്റ് നിയന്ത്രിക്കുകയും ചെയ്തുവരികയായിരുന്നു. ഇതിനായി ഗവണ്‍മെന്റ് കൊണ്ടുവന്ന നിയമങ്ങളേയും നടപടികളേയും വിളിക്കുന്നത് 'ദി ഗ്രെയ്റ്റ് ഫയര്‍വോള്‍ ഓഫ് ചൈനാ' എന്നാണ്. 

ഈ വര്‍ഷം നവംബര്‍ ഒന്നിന് റഷ്യയും തങ്ങളുടെ രാജ്യത്തെ ഇന്റര്‍നെറ്റിനു വന്മതിലുയര്‍ത്തി. ഇനി റഷ്യക്കാര്‍ തമ്മില്‍ കൈമാറ്റം നടത്തുന്ന ഡേറ്റ പുറത്തുപോകുന്നില്ല എന്നുറപ്പിക്കാനാണ് അവരുടെ ശ്രമം. ലോകരാജ്യങ്ങള്‍ റഷ്യയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാലും രാജ്യത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഇടതടവില്ലാതെ സേവനം നല്‍കാന്‍ സാധിക്കാന്‍ കൂടെയാണിതെന്നും അവര്‍ പറയുന്നു. (റഷ്യയ്ക്ക് മറ്റൊരു പേടികൂടെയുണ്ടത്രെ. ഇന്നു ലോകത്തു നടക്കുന്ന പല സൈബര്‍ ആക്രമണങ്ങളുടേയും പ്രഭവകേന്ദ്രം റഷ്യയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാല്‍ നാറ്റോയും അതിന്റെ സഖ്യകക്ഷികളും റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നു പല തവണ ഭീഷണിപ്പെടുത്തിക്കഴിഞ്ഞു).

ഇന്റർനെറ്റ് നിയന്ത്രണത്തിനെതിരെ റഷ്യയിൽ നടന്ന പ്രതിഷേധങ്ങളിൽ നിന്ന്
ഇന്റർനെറ്റ് നിയന്ത്രണത്തിനെതിരെ റഷ്യയിൽ നടന്ന പ്രതിഷേധങ്ങളിൽ നിന്ന്

ഇന്റര്‍നെറ്റിനെ ഡേറ്റയൊഴുകുന്ന ആയിരക്കണക്കിനു ഡിജിറ്റല്‍ നെറ്റ്വര്‍ക്കുകളുടെ ഒരു ശ്രേണിയെന്നു വിളിക്കാം. ഈ നെറ്റ്വര്‍ക്കുകളെ റൂട്ടറുകളുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. റൂട്ടറുകളാണ് ഈ ചങ്ങലയിലെ ഏറ്റവും ശേഷികുറഞ്ഞ കണ്ണി. തങ്ങളുടെ നിയന്ത്രണത്തിലുള്ള റൂട്ടറുകള്‍ ഉപയോഗിച്ച് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വരുന്ന ട്രാഫിക് കൈകാര്യം ചെയ്യിക്കാനാണ് റഷ്യയുടെ ശ്രമം. ആവശ്യമെങ്കില്‍ രാജ്യത്തിനു പുറത്തേയ്ക്കും അകത്തേയ്ക്കുമുള്ള ഡേറ്റാ ട്രാഫിക് നിയന്ത്രിക്കാന്‍ സാധിക്കും. പ്രത്യേകിച്ച് ഏതെങ്കിലും ഭീഷണിഘട്ടത്തില്‍ ഇതു കാരപ്പെടും. പക്ഷേ, ഈ രാജ്യസ്‌നേഹ വാചകക്കസര്‍ത്തെല്ലാം രാജ്യത്ത് ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു വാദിക്കുന്നവരുമുണ്ട്.

ഇന്റര്‍നെറ്റ് സെന്‍സറിങ്ങിനായി ചൈന സ്ഥാപിച്ചിരിക്കുന്ന ഫയര്‍വോള്‍ ലോകത്തെ ഏറ്റവും ആധുനികമാണ്. രാജ്യത്തേയ്ക്കു വരുന്ന എല്ലാ റൂട്ടര്‍ പോയിന്റുകളും അവര്‍ നിയന്ത്രിക്കുന്നു. കീവേഡുകള്‍ ഉപയോഗിച്ചു ചില സന്ദേശങ്ങള്‍ രാജ്യത്തു പരക്കുന്നതു തടയാം. ചില വെബ്സൈറ്റുകളേയും റൂട്ടര്‍ പോയിന്റില്‍ വെച്ചു തടയും. അതിനാല്‍ ചൈനീസ് ഉപയോക്താവ് അഡ്രസ്സടിച്ചു ക്ഷണിച്ചാലും പല അന്തര്‍ദ്ദേശീയ വെബ്സൈറ്റുകള്‍ക്കും ചൈനയിലേയ്ക്ക് പ്രവേശിക്കാനാവില്ല. ഇതു തല്‍ക്കാലം വെര്‍ച്ചല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍ (വി.പി.എന്‍) ഉപയോഗിച്ചു മറികടക്കാമെങ്കിലും അധികമാരും അതു ചെയ്യില്ല. സാക്ഷാല്‍ ആപ്പിള്‍ കമ്പനിയോട് അവരുടെ ചൈനാ സ്റ്റോറിലുള്ള വി.പി.എന്‍ ആപ്പുകള്‍ മുഴുവന്‍ നീക്കം ചെയ്യണമെന്ന് ചൈന ആവശ്യപ്പെടുകയും കമ്പനി അതനുസരിക്കുകയും ചെയ്തു. എന്നാല്‍, വി.പി.എന്നിന് ഇതുവരെ ചൈന സമ്പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.

നിലവിലെ സംവിധാനത്തില്‍ ചൈനയും റഷ്യയുമൊഴികെ ഏതു രാജ്യക്കാരുടെ ഡേറ്റയും ആഗോള ഇന്റര്‍നെറ്റില്‍ പ്രവേശിക്കുന്നു. അടുത്തതായി, ഭാഗികമായോ പൂര്‍ണ്ണമായോ ഇന്റര്‍നെറ്റ് മുറിക്കാനൊരുങ്ങുന്ന പട്ടികയില്‍ ഇന്ത്യ, ഇറാന്‍, സൗദി അറേബ്യ, സൗത്ത്‌കൊറിയ, ബര്‍മ്മ, സിറിയ, ട്യുണീഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുണ്ട്. ഇന്ത്യ തങ്ങളുടെ ഇന്റര്‍നെറ്റ് നിയന്ത്രണത്തിന്റെ ആദ്യഘട്ടം 2020 ജനുവരിയില്‍ത്തന്നെ അവതരിപ്പിച്ചേക്കും. ഇന്ത്യക്കാരുടെ ഡേറ്റ ഇന്ത്യയില്‍ത്തന്നെ സൂക്ഷിക്കണമെന്ന നിലപാടില്‍നിന്നു പിന്നോട്ടില്ലെന്നാണ് സൂചനകള്‍.

ഇന്റര്‍നെറ്റ് തുറന്നിടണോ? 

ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ എല്ലാ രാജ്യങ്ങളുംതന്നെ വൈകിയാണ് മനസ്സിലാക്കിയത്. ഒരു പറ്റം അമേരിക്കന്‍ സ്വകാര്യ കമ്പനികളുടെ കടന്നുകയറ്റമാണ് ആദ്യ ഘട്ടത്തില്‍ നടന്നത്. ഒരു രാജ്യത്തിന്റേയും നിയമങ്ങള്‍ക്കു തടയാനാകാത്തവിധം ഗൂഗിള്‍, ഫെയ്സ്ബുക്ക് തുടങ്ങിയ കമ്പനികള്‍ അഴിഞ്ഞാടി. ഇവരെന്താണ് ചെയ്യുന്നതെന്ന് സാധാരണ ജനങ്ങള്‍ക്കോ, എന്തിന് നിയമനിര്‍മ്മാതാക്കള്‍ക്കോ പോലും മനസ്സിലാകുന്നതു വൈകിയാണ്. ഏതാനും വര്‍ഷം മുന്‍പ് ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ചോദ്യംചെയ്യാന്‍ ഉണ്ടാക്കിയ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ പാനലിലെ പല അംഗങ്ങള്‍ക്കും തങ്ങള്‍ എന്താണ് ചോദിക്കുന്നത് എന്നു പോലും അറിയില്ലായിരുന്നുവത്രെ. (ഇപ്പോള്‍ കഥ മാറി.)

ഫെയ്സ്ബുക്കും ഗൂഗിളും നടത്തിവന്ന കടന്നുകയറ്റങ്ങളെക്കുറിച്ചു പറയണമെങ്കില്‍ ഒരു പുസ്തകം തന്നെ എഴുതേണ്ടിവരും. ഈ വര്‍ഷം നവംബറില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതുമാത്രം കുറിക്കാം. ഇരു കമ്പനികളുടേയും ബിസിനസ് മോഡല്‍ മനുഷ്യാവകാശ ധ്വംസനമാണെന്നാണ് അവരുടെ കണ്ടെത്തല്‍. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഒരു വ്യക്തിക്കു തന്നെക്കുറിച്ച് അറിയുന്നതിനെക്കാളേറെ ഈ കമ്പനികള്‍ക്ക് അറിയാമെന്നും അവര്‍ ആരോപിക്കുന്നു. ഈ കമ്പനികള്‍ക്കു ലോകത്തെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളുകള്‍ അടുത്തതായി എന്തു ചെയ്യാന്‍പോകുന്നു എന്നുപോലും പ്രവചിക്കാന്‍ സാധിക്കുമെന്നും ആംനെസ്റ്റി പറയുന്നു. ഇതെല്ലാം കാലേക്കൂട്ടിക്കണ്ട രീതിയിലാണ് ചൈന പ്രവര്‍ത്തിച്ചത്.

2012-ല്‍ ആണ് ചൈനയില്‍നിന്ന് ഗൂഗിള്‍ പുറത്തു പോരുന്നത്. ആരെങ്കിലും ഗവണ്‍മെന്റിന്റെ കണ്ണുവെട്ടിച്ച് ഉപയോഗിക്കുന്നവരെ ഒഴിച്ചാല്‍ ഫെയ്സ്ബുക്കിനും വാട്സാപ്പിനൊന്നും ചൈനയില്‍ അശേഷം വേരോട്ടമില്ല. ഗൂഗിളിനു പകരം ചൈനയുടെ സ്വന്തം ബായിഡുവാണ്‍ സേര്‍ച്ച് എന്‍ജിന്‍. വാട്സാപ്പിനു പകരം വീചാറ്റ് തുടങ്ങിയ സേവനങ്ങളാണ് ചൈനയില്‍ ലഭിക്കുന്നത്. അതിസൂക്ഷ്മ തലത്തില്‍ത്തന്നെ ഉപയോക്താക്കളെക്കുറിച്ച് അറിയാന്‍ കെല്‍പ്പുള്ളവയാണ് ഫെയ്സ്ബുക്കും ഗൂഗിളും. ഉദ്യോഗസ്ഥരായാലും സാധാരണക്കാരായാലും അവരുടെ ഓരോ നീക്കവും ഈ കമ്പനികള്‍ക്ക് അറിയാനാകും. ഇത് അമേരിക്കന്‍ ഗവണ്‍മെന്റിനു വേണമെങ്കില്‍ ഉപയോഗിക്കാം. ഇതെല്ലാം രാജ്യസുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയാണ്. ഗൂഗിളിന്റേയും ഫെയ്സ്ബുക്കിന്റേയും പേരുമാത്രമാണ് പറഞ്ഞതെന്നു കരുതി മറ്റു കമ്പനികളെല്ലാം പരിശുദ്ധരാണ് എന്നല്ല. ഏതു കമ്പനിക്കും ഇതെല്ലാം ചെയ്യാം. എന്നാല്‍, യാതൊരു ഉളുപ്പുമില്ലാതെ ഇതില്‍ വ്യാപരിക്കുന്നവരാണ്  ഈ കമ്പനികള്‍ എന്നുമാത്രം.

ലോകത്ത് ഇതിനെതിരെ രണ്ടു പ്രധാന നീക്കങ്ങളാണ് നടന്നത്. ഒന്ന് ചൈനയുടെ രീതിയില്‍ ഇന്റര്‍നെറ്റിനു മതില്‍കെട്ടല്‍. രണ്ട്, യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന ജി.ഡി.പി.ആര്‍ നിയമം. ഇന്റര്‍നെറ്റിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തി, ടെക്നോളജി ഭീമന്മാര്‍ക്കു മൂക്കുകയറിടാനുള്ള ശ്രമമമാണ് ജി.ഡി.പി.ആര്‍ നടത്തുന്നത്. ഇത് അത്രകണ്ടു ഫലപ്രദമല്ലെന്നാണ് ആദ്യ സൂചനകള്‍. യൂറോപ്യന്‍ കമ്മിഷണര്‍ ഫോര്‍ കോംപറ്റീഷന്‍ മാര്‍ഗ്രെതാ വെസ്തഗര്‍ പറയുന്നതും അതു തന്നെയാണ്. എന്നാല്‍, ലോകരാഷ്ട്രങ്ങള്‍ മനസ്സുവെച്ചാല്‍ അതു നടത്താം. പക്ഷേ, കാര്യങ്ങള്‍ ആ ദിശയിലല്ല നീങ്ങുന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ സൈബര്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതില്‍ തെറ്റുപറയാനാവില്ല. പക്ഷേ, അതിന്റെ മറവില്‍ പല രാജ്യങ്ങളും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നം.

റഷ്യയില്‍ 

റഷ്യന്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ തമ്മില്‍ പറയുന്ന ഒരു തമാശയുണ്ട്. അമേരിക്കയില്‍നിന്നുള്ള ആപ്പിള്‍ കമ്പനിയുടെ ഐഫോണ്‍ വാങ്ങിയാല്‍ നമ്മളുടെ സംഭാഷണത്തിന് വാഷിങ്ടണ്‍ ചെവിയോര്‍ക്കും, ചൈനയില്‍നിന്നുള്ള ഹ്വാവെയ് (Huawei) കമ്പനിയുടെ ഫോണ്‍ വാങ്ങിയാല്‍ നമ്മള്‍ പറയുന്നത് ബെയ്ജിങ് കേള്‍ക്കും!

റഷ്യ ഇപ്പോള്‍ നടപ്പിലാക്കിയ പുതിയ നിയപ്രകാരം അവര്‍ ഇനി ഇന്റര്‍നെറ്റ് അഡ്രസ്സ് സിസ്റ്റത്തിന്റെ (DNS) പാഠഭേദം സൃഷ്ടിക്കും. ഇതിലൂടെ ആഗോള ഇന്റര്‍നെറ്റ് ബ്ലോക്കു ചെയ്യപ്പെട്ടാലും അന്തര്‍ദ്ദേശീയ സേര്‍വറുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ലിങ്കുകള്‍ രാജ്യത്തു പ്രവര്‍ത്തിപ്പിക്കാം. ആഗോളതലത്തില്‍ ഇപ്പോള്‍ 12 സംഘടനകളാണ് ഡി.എന്‍.എസ് മൂല സേര്‍വറുകളുടെ പ്രവര്‍ത്തനം നോക്കി നടത്തുന്നത്. ഇവയില്‍ ഒന്നുപോലും റഷ്യക്കാരുടെ അധീനതയിലല്ല. എന്നാല്‍, ഇന്റര്‍നെറ്റിന്റെ കേന്ദ്ര അഡ്രസ്സ് ബുക്കിന്റെ പല കോപ്പികള്‍ റഷ്യ ഇതിനോടകം കൈവശപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഇന്റര്‍നെറ്റ് ബ്ലോക്കു ചെയ്താലും റഷ്യയെ ബാധിച്ചേക്കില്ല.

ഇനി ഉപയോക്താക്കള്‍ തമ്മില്‍ കൈമാറുന്ന ഡേറ്റ റഷ്യയിലെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഗവണ്‍മെന്റ് നിയന്ത്രിക്കുന്ന റൂട്ടിങ് പോയിന്റുകളിലേക്കായിരിക്കും അയയ്ക്കുക. അവിടെ വെച്ചിരിക്കുന്ന ഫില്‍റ്ററുകള്‍ അവരുടെ സന്ദേശങ്ങള്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് അയക്കും. പക്ഷേ, അന്തര്‍ദ്ദേശീയ സേര്‍വറുകളിലേയ്ക്ക് അയക്കില്ല. വിദേശത്തേയ്ക്ക് പോകുന്ന സന്ദേശങ്ങളും തടയപ്പെട്ടേക്കാം. ആഭ്യന്തര ഇന്റര്‍നെറ്റ് ഉപയോഗം മുഴുവന്‍ റൂട്ടറുകളില്‍ക്കൂടെ കടത്തിവിടാനാണ് റഷ്യയുടെ ലക്ഷ്യം. ചുരുക്കിപ്പറഞ്ഞാല്‍ ചൈനയുടെ മാതൃകയിലുള്ള ഒരു സെന്‍സര്‍ഷിപ്പ് സിസ്റ്റമാണ് റഷ്യയിലും വന്നിരിക്കുന്നത്. ഇരു രാജ്യങ്ങളിലും ഗവണ്‍മെന്റ് വിരുദ്ധ പോസ്റ്റുകള്‍ ഇന്റര്‍നെറ്റില്‍ ഉണ്ടാവില്ല.

ഇന്ത്യയില്‍ 

രാജ്യത്തെ ഇന്റര്‍നെറ്റിനുമേല്‍ സമ്പൂര്‍ണ്ണ അധികാരമുറപ്പിക്കാന്‍ തന്നെയാണ് ഇന്ത്യയുടെ ശ്രമവുമെന്ന് ആരോപണമുണ്ട്. ഫെയ്സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍, ടിക്ടോക് തുടങ്ങിയ രാജ്യാന്തര കമ്പനികളോട് സ്വീകാര്യമല്ലാത്ത പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടേക്കും. ഇത്തരം കമ്പനികളോട് ഇന്ത്യാക്കാര്‍ 'നിയമവിരുദ്ധമായ' ഉള്ളടക്കം കാണാതിരിക്കാനുള്ള ഫില്‍റ്ററുകള്‍ സ്ഥാപിക്കാനും ആവശ്യപ്പെട്ടേക്കും. വാട്സാപ്പ് തുടങ്ങിയ ആപ്പുകളില്‍ ഒരു സന്ദേശം ആരാണ് ആദ്യം അയച്ചത് എന്നു ഗവണ്‍മെന്റിന് അറിയണം എന്നും ആവശ്യപ്പെട്ടേക്കും.

ഇത്തരത്തിലൊരു നീക്കം ചൈനയേയും റഷ്യയേയും പോലെയുള്ള സ്വേച്ഛാധിപത്യ രാഷ്ട്രങ്ങളുടെ നിരയിലേയ്ക്ക് ഇന്ത്യയേയും കൊണ്ടെത്തിക്കില്ലേ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. എന്നാല്‍, ഇന്ത്യയുടെ നീക്കം ലോകമെമ്പാടും ഗൂഗിള്‍ ഫെയ്സ്ബുക്ക് തുടങ്ങിയ കമ്പനികള്‍ക്കെതിരെ രൂപപ്പെടുന്ന പ്രതിരോധത്തിന്റെ ഭാഗമാണെന്നു വായിക്കാന്‍ ഇഷ്ടപ്പെടുന്നവരുമുണ്ട്. ഇന്ത്യ എന്തുമാത്രം നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

ഡേറ്റാ പ്രൊട്ടക്ഷന്‍ നിയമം 

ഉപയോക്താക്കളുടെ വ്യക്തമായ അനുമതി വാങ്ങാതെ അവരുടെ ഡേറ്റാ ചോര്‍ത്തിയാല്‍ ടെക്നോളജി കമ്പനികള്‍ക്കു വന്‍പിഴ ചുമത്താനാണ് തീരുമാനമെന്നാണ് മനസ്സിലാക്കുന്നത്. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള പാനലാണ്, പേഴ്സണല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യക്കാരുടെ ഡേറ്റ പ്രാദേശികമായി സൂക്ഷിക്കണം എന്നായിരിക്കാം നിബന്ധന. ഡേറ്റ അതിര്‍ത്തി കടത്തുന്നതും അനുവദനീയമായിരിക്കില്ല എന്നാണ് മനസ്സിലാകുന്നത്. ഇതെല്ലാം നിരീക്ഷിക്കുന്നതിനായി ഒരു ഡേറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി സ്ഥാപിച്ചേക്കും. കരടുരേഖയില്‍ പറയുന്നതു നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കു 15 കോടി രൂപയോ അവരുടെ അന്താരാഷ്ട്ര വരുമാനത്തിന്റെ നാല് ശതമാനമോ പിഴയിട്ടേക്കാമെന്നാണ്. എന്നാല്‍, കരടുരേഖയില്‍ ഇന്ത്യന്‍ ഉദ്യോസ്ഥന്മാര്‍ ഡേറ്റ പരിശോധിക്കാനുള്ള അനുമതിയും നല്‍കുന്നുണ്ട്. ഇതു ദുരുപയോഗം ചെയ്യപ്പെടില്ലേ എന്ന ആശങ്കയും ഉയരുന്നു. ഉദ്യോഗസ്ഥരെ കുറ്റവാളികളുടേയും മറ്റും ഡേറ്റയിലേയ്ക്കു കടന്നുകയറാന്‍ അനുവദിക്കുകതന്നെ വേണം. പക്ഷേ, ആരുടെ ഡേറ്റയും എപ്പോഴും തുറന്നു പരിശോധിക്കാനുള്ള അനുമതി ആശാസ്യമാണോ എന്നതാണ് ഉയരുന്ന ചോദ്യം. തങ്ങളുടെ മേലധികാരികളുടേയോ കോടതിയുടേയോ സമ്മതം വാങ്ങിയ ശേഷം മാത്രമേ ഉദ്യോഗസ്ഥര്‍ക്കും ഡേറ്റയിലേയ്ക്കു കടക്കാന്‍ അനുമതി നല്‍കാവൂ എന്നാണ് സ്വകാര്യതയ്ക്കുവേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നു കരുതാം.

ചൈനയും റഷ്യയും ഇന്റര്‍നെറ്റ് മുറിച്ചത് കണ്ടല്ലോ. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പിടിയിലല്ലാത്ത ഒരു ഇന്റര്‍നെറ്റിനു നേതൃത്വം നല്‍കാന്‍ ഇന്നു ചൈനയ്ക്കാകും. ഐ.ഒ.എസ്., ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, മാക് ഒഎസ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെല്ലാം അമേരിക്കക്കാര്‍ നിയന്ത്രിക്കുന്നവയാണ്. അമേരിക്ക പടിക്കു പുറത്തു നിറുത്തിയിരിക്കുന്ന ഹ്വാവെയ് കമ്പനിയുടെ (ചൈനീസ് ഗവണ്‍മെന്റുമായി ഉറ്റ ബന്ധം പുലര്‍ത്തുന്ന കമ്പനിയാണെന്ന ആരോപണം ഇവര്‍ നേരിടുന്നു) ഹാര്‍മണി ഒഎസ്, മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായി വളര്‍ത്തിയെടുക്കാന്‍ ചൈന ആഗ്രഹിക്കുന്നു. റഷ്യയാണെങ്കില്‍ അറോറാ ഒഎസ് എന്നൊരു മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. ഇതു ഡെവലപ്പ് ചെയ്യുന്നത് ഹ്വാവെയ് ആണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന പരിഗണനയാണ് കമ്പനിക്കു കിട്ടുന്നതെന്നു തോന്നുന്നു. ഇന്ത്യ വിന്‍ഡോസിനു പകരമായി ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം (BOSS) എന്ന സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം ഇറക്കിയേക്കും. ഇതെല്ലാം അനിവാര്യമായ കാര്യങ്ങള്‍ തന്നെയാണ്.

ഇന്റര്‍നെറ്റിന്റെ കാര്യം പറഞ്ഞാല്‍, അമേരിക്കയുടെ നേതൃത്വത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പും ചൈനയും റഷ്യയും ചില ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്ന രണ്ടാമത്തെ പ്രബലമായ ഗ്രൂപ്പും ആയിരിക്കാം ആദ്യം സൃഷ്ടിക്കപ്പെടുക. ഇന്ത്യപോലെയുള്ള രാജ്യങ്ങള്‍ സ്വന്തം നിലയില്‍ നീങ്ങാനാണോ തീരുമാനിക്കുക എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. എന്തായാലും വരും വര്‍ഷങ്ങളില്‍ നാമിതുവരെ അനുഭവിച്ച സ്വച്ഛന്ദവിഹാരിയായ ഇന്റര്‍നെറ്റിന്റെ ചിറകരിയപ്പെട്ടേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com