''എന്‍ഡോസള്‍ഫാന്‍ വിഷം തളിയില്‍ ഒരു നാട് കെട്ടുപോകുന്നത് ആദ്യം തൊട്ടറിഞ്ഞയാള്‍''

സമകാലിക മലയാളം വാരിക 'സാമൂഹ്യസേവന പുരസ്‌കാരം 2019'ന് അര്‍ഹനായ ഡോ. വൈ.എസ്. മോഹന്‍ കുമാറിന്റെ ജീവിതത്തിലൂടെയും പ്രവര്‍ത്തര്‍ത്തനങ്ങളിലൂടെയും ഒരു തിരിഞ്ഞുനോട്ടം
ഡോ. വൈഎസ് മോഹൻ കുമാർ/  ഫോട്ടോ: പ്രസൂണ്‍ കിരണ്‍
ഡോ. വൈഎസ് മോഹൻ കുമാർ/ ഫോട്ടോ: പ്രസൂണ്‍ കിരണ്‍

ന്‍മകജെയുടെ തൊട്ടടുത്ത പഞ്ചായത്തായ കുമ്പഡാജെയിലെ ഏത്തടുക്കയിലാണ് ഡോ. മോഹന്‍ കുമാറിന്റെ വീട്. ഏത്തടുക്കയിലും അതിര്‍ത്തിപ്രദേശമായ കര്‍ണാടകയിലെ പുത്തൂരുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 1976 ബാച്ചില്‍ മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിനു ചേര്‍ന്നു. വിദ്യാഭ്യാസ വായ്പയെടുത്തായിരുന്നു പഠനം. പഠനം കഴിഞ്ഞെത്തിയ മകനോട് അധ്യാപകനായ അച്ഛന്‍ പറഞ്ഞത് ഗ്രാമവാസികള്‍ക്കായി സേവനം ചെയ്യാനാണ്. അങ്ങനെ അച്ഛന്റെ ആഗ്രഹപ്രകാരം എന്‍മകജെയിലെ വാണീനഗറില്‍ സ്‌കൂളിനോട് ചേര്‍ന്നു ക്ലിനിക്ക് തുടങ്ങി. ഏത്തടുക്കയില്‍നിന്ന് വാണീനഗറിലേയ്ക്ക് അന്ന് റോഡൊന്നുമില്ല. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തിലൂടെയും വയലിലൂടെയും ഒക്ക നടന്നാണ് ക്ലിനിക്കിലെത്തിയത്. വീട്ടില്‍നിന്നു ഭക്ഷണം പൊതിഞ്ഞുകൊണ്ടുവരും. മഴക്കാലത്ത് മുട്ടോളം ചെളിയുള്ള വയലിലൂടെയും ഇതേ നടത്തം വേണം. നീളമേറിയ ബൂട്ട്സൊക്കെയിട്ടാണ് ചെളിയിലൂടെയുള്ള നടത്തം. 

വാണീനഗറില്‍നിന്നു 10 കിലോമീറ്റര്‍ ദൂരെയാണ് പെര്‍ള. പെര്‍ളയാണ് ഇവിടുത്തുകാരുടെ ഇപ്പോഴത്തെ ടൗണ്‍. മോഹന്‍ കുമാര്‍ ക്ലിനിക്ക് തുടങ്ങുന്ന സമയത്ത് പെര്‍ളയില്‍പ്പോലും ആശുപത്രിയില്ല. രോഗികളുമായി പെര്‍ളയില്‍നിന്നു 40 കിലോമീറ്റര്‍ അകലെ കാസര്‍ഗോഡോ  അല്ലെങ്കില്‍ 30 കിലോമീറ്റര്‍ അകലെ കര്‍ണാടകയിലെ പുത്തൂരോ പോയി വേണം ഡോക്ടറെ കാണാന്‍. പെര്‍ള വരെ നടന്നുപോകണം. ഇവിടെ ക്ലിനിക്ക് തുടങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഇതുംകൂടിയാണ്. തനിക്കു ചുറ്റുമുള്ളവരുടെ ദുരിതം കാണാതെ നഗരത്തിലേയ്ക്ക് ചേക്കേറാന്‍ ആ മനുഷ്യനു കഴിഞ്ഞില്ല. വാടകമുറിയിലായിരുന്നു ആദ്യം ക്ലിനിക്ക്. തുടക്കത്തില്‍ രണ്ട് രൂപ ഫീസ് ഈടാക്കിയെങ്കിലും പിന്നീട് ചികിത്സ സൗജന്യമാക്കി. മരുന്നിന്റെ പൈസ മാത്രമാണ് ഇപ്പോള്‍ വാങ്ങുന്നത്. വാണീനഗറില്‍നിന്നു നാല് കിലോമീറ്റര്‍ അകലെയാണ് സ്വര്‍ഗ്ഗ. പെര്‍ളയില്‍നിന്നു സ്വര്‍ഗ്ഗ വഴി വാണീനഗറിലേയ്ക്ക് ഇടക്കാലത്ത് ഒരു ബസ് സര്‍വ്വീസ് നടത്തിയിരുന്നു. രാവിലെ പത്ത് മണിക്കെത്തിയാല്‍ 11.30 ആകുമ്പോള്‍ അതു തിരിച്ചുപോകും. സ്വര്‍ഗ്ഗയിലും പരിസരത്തുമുള്ള ആളുകളൊക്കെ ആ ബസിനെ നോക്കിയാണ് മോഹന്‍ കുമാറിന്റെ ക്ലിനിക്കില്‍ എത്തിയത്. ഇടയ്ക്ക് വെച്ച് ബസ് സര്‍വ്വീസ് നിര്‍ത്തി. ഒരു ദിവസം രോഗിയായ കുഞ്ഞിനേയും എടുത്ത് സ്വര്‍ഗ്ഗയില്‍നിന്നു നാല് കിലോമീറ്റര്‍ നടന്ന് ഒരമ്മ ഡോക്ടറെ കാണാനെത്തി. അവര്‍ക്കു മറ്റൊരു വഴിയുമില്ലായിരുന്നു. അത്ര പണ്ടല്ല, തൊണ്ണൂറുകളുടെ അവസാനമായിരുന്നു അത്. ആ കഷ്ടപ്പാട് കണ്ട് വേദനിച്ച ഡോക്ടര്‍ സ്വര്‍ഗ്ഗയില്‍ ഒരു ക്ലിനിക്ക് തുടങ്ങാന്‍ തീരുമാനിച്ചു. 1997-ല്‍ അങ്ങനെ സ്വര്‍ഗ്ഗത്തുള്ളവര്‍ക്കും മോഹന്‍ കുമാര്‍ ആശ്രയമായി. ഏത്തടുക്കയിലും വീട്ടിലും അദ്ദേഹം രോഗികളെ പരിശോധിക്കും. രാവിലെ 11 വരെ സ്വര്‍ഗ്ഗയില്‍, ഉച്ചയ്ക്ക് 1.30 വരെ വാണീനഗറില്‍, വൈകിട്ട് 4.30 മുതല്‍ ഏത്തടുക്കയില്‍, ബാക്കിയുള്ള നേരത്ത് വീട്ടിലും. ഇതാണ് ഇപ്പോഴത്തെ ഡോക്ടറുടെ ഷെഡ്യൂള്‍. അമ്പതോളം പേരെയെങ്കിലും ഡോക്ടര്‍ ഓരോ ദിവസവും പരിശോധിക്കുന്നുണ്ട്.

വിഷംതളിയുടെ ദുരിതം 

കൂടെ പഠിച്ചവരെല്ലാം നഗരത്തിലെ അറിയപ്പെടുന്ന ഡോക്ടര്‍മാരും മെഡിക്കല്‍ കോളേജുകളുടെ തലവന്മാരും മറ്റുമൊക്കെയായി മാറിയപ്പോഴും തന്റെ ഒറ്റയാള്‍ ക്ലിനിക്കില്‍ ഇപ്പോള്‍ സംതൃപ്തനാണ് ഇദ്ദേഹം. ''ആദ്യകാലത്തൊക്കെ ചിലപ്പോഴൊക്കെ എനിക്കും തോന്നിയിരുന്നു പുറത്തെങ്ങോട്ടെങ്കിലും പോയാലോ എന്ന്. ഇത്രയും ദൂരം നടന്നുവന്നിട്ടും ഒരു രോഗിപോലും വരാത്ത ചില ദിവസങ്ങളുണ്ടായിട്ടുണ്ട്. രണ്ടുരൂപപോലും കിട്ടാതെ തിരിച്ചു വീട്ടില്‍ പോകേണ്ടി വന്നിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം വന്നതിനുശേഷം അങ്ങനെ തോന്നിയിട്ടേയില്ല. അതു ദൈവത്തിന്റെ തീരുമാനമായിരുന്നു. ഈ ഗ്രാമത്തിനുവേണ്ടി ഇത്രയെങ്കിലും ചെയ്തതില്‍ സംതൃപ്തനാണ്'' - മോഹന്‍ കുമാര്‍ പറഞ്ഞു. ഒരുപക്ഷേ, മോഹന്‍ കുമാറിനെപ്പോലൊരാള്‍ ഇല്ലായിരുന്നെങ്കില്‍ കാസര്‍ഗോഡ് ഇനിയുമൊരുപാട് കാലം എന്‍ഡോസള്‍ഫാന്‍ തളിക്കപ്പെട്ടേനെ. 1964-ലാണ് കാസര്‍ഗോഡ് കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍ തോട്ടങ്ങളുമായി എത്തുന്നത്. 1974 മുതല്‍ തോട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ വഴി കീടനാശിനി തളിക്കാന്‍ തുടങ്ങി. 25 വര്‍ഷമാണ് ഇതു തുടര്‍ന്നത്. കിലോമീറ്ററുകള്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തിനു നടുവിലൂടെ സഞ്ചരിച്ചാണ് ഡോക്ടര്‍ ക്ലിനിക്കില്‍ എത്തിയത്. ഹെലികോപ്റ്റര്‍ വഴിയുള്ള കീടനാശിനി തളിക്കല്‍ സ്ഥിരം കാഴ്ചയാണ്. ഒരു അസാധാരണത്വവും അക്കാലത്ത് ആര്‍ക്കും തോന്നിയതുമില്ല. ക്ലിനിക്കില്‍ എത്തുന്ന രോഗികളിലൂടെയാണ് മോഹന്‍ കുമാറില്‍ സംശയം തോന്നിത്തുടങ്ങിയത്. അസുഖത്തിന്റെ സ്വഭാവവും എണ്ണവും ഒക്കെക്കൊണ്ട് ഈ നാട്ടില്‍ എന്തോ സംഭവിക്കുന്നുണ്ട് എന്നൊരു തോന്നലായിരുന്നു അത്. എന്‍ഡോസള്‍ഫാനാണ് വില്ലന്‍ എന്നത് അപ്പോഴും ചിന്തയില്‍ പോലുമില്ല.

''1997 കാലത്താണ് സംശയം ബലപ്പെട്ടത്. അംഗവൈകല്യമുള്ള കുട്ടികള്‍, മാനസിക വളര്‍ച്ചയില്ലാത്തവര്‍, കാന്‍സര്‍ രോഗികള്‍, വന്ധ്യതയുള്ളവര്‍, ഗര്‍ഭ സംബന്ധമായ അസുഖങ്ങള്‍ ഒക്കെ വളരെയധികം കൂടിയതായി കണ്ടു. ക്ലിനിക്കില്‍ വരുന്നവരില്‍നിന്നു നൂറിലധികം പേരുടെ ഒരു ലിസ്റ്റുണ്ടാക്കി. പഡ്രെയില്‍ അരുവികള്‍ക്കു സമീപം താമസിക്കുന്നവരാണ് ഇതില്‍ കൂടുതല്‍ എന്നു കണ്ടെത്തി. ഒരു വീട്ടില്‍ത്തന്നെ നാലും അഞ്ചും രോഗികള്‍. ഫീല്‍ഡ് വര്‍ക്ക് നടത്തി കുറച്ചുകൂടി പഠനം നടത്തി. 30 വീടുകളില്‍നിന്നുമാത്രമുള്ള 120 രോഗികളുടെ വിവരങ്ങള്‍ അടങ്ങിയ ഒരു ലിസ്റ്റ് ഉണ്ടാക്കി. 1997-ല്‍ കേരള മെഡിക്കല്‍ ജേണലില്‍ ഇക്കാര്യം എഴുതി. എന്താണ് യഥാര്‍ത്ഥ കാരണം എന്നത് എനിക്കു വ്യക്തമായിരുന്നില്ല. റേഡിയോ ആക്ടിവിറ്റി മൂലമോ വെള്ളത്തിലൂടെയുള്ള കെമിക്കല്‍സിന്റെ സാന്നിധ്യംകൊണ്ടോ ആയിരിക്കാം ഇങ്ങനെ എന്നാണ് ആ ലേഖനത്തില്‍ എഴുതിയത്'' - ഡോ. മോഹന്‍ കുമാര്‍ പറയുന്നു.

2000-ത്തിലാണ് എന്‍ഡോസള്‍ഫാന്‍ വിഷയം കൂടുതല്‍ ചര്‍ച്ചയായത്. തേനീച്ചകള്‍ കൂട്ടത്തോടെ ചത്തുപോകുന്നതിനെതിരെ പെര്‍ളയില്‍ കുറച്ചുപേര്‍ ചേര്‍ന്നു കീടനാശിനി തളിക്കുന്നവരെ തടഞ്ഞു. കീടനാശിനിയുടെ അളവ് കുറയ്ക്കണം എന്നതായിരുന്നു ആവശ്യം. മനുഷ്യരുടെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നോക്കാം എന്നതായിരുന്നു അവരുടെ വാദം. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. എന്‍ഡോസള്‍ഫാനെതിരെ കാസര്‍ഗോഡ് നടന്ന ആദ്യ പ്രതിഷേധം ഇതായിരുന്നു, അതിന്റെ ദൂഷ്യഫലങ്ങള്‍ കാര്യമായി അറിയാതെയാണെങ്കിലും. സുഹൃത്തും പത്രപ്രവര്‍ത്തകനുമായ പദ്രെയുമായി ആളുകളുടെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് ഡോക്ടര്‍ നിരന്തരം ചര്‍ച്ച നടത്താറുണ്ടായിരുന്നു. പെര്‍ളയിലെ പ്രതിഷേധത്തിനു പോയ പദ്രെ അവിടെ നടന്ന കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് ആളുകളുടെ രോഗാവസ്ഥയും എന്‍ഡോസള്‍ഫാനുമായി ബന്ധമുണ്ട് എന്നൊരു സംശയം വരുന്നത്. സുഹൃത്തായ ഡോ. ശ്രീപതിയുമായും ചര്‍ച്ച ചെയ്തു. അങ്ങനെ നേരത്തെ തയ്യാറാക്കിയ 120 പേരുടെ ഡാറ്റ വെച്ച് കൂടുതല്‍ പഠനം നടത്തി. എന്‍മകജെയിലെ പഡ്രെയില്‍ ഉള്ളവരായിരുന്നു രോഗികളില്‍ ഏറെയും. എന്തുകൊണ്ടാണ് പഡ്രെയില്‍ മാത്രം എന്നതായിരുന്നു ഇവര്‍ നേരിട്ട പ്രധാന ചോദ്യം. അതിനുശേഷമാണ് എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന മറ്റിടങ്ങളില്‍ പോയി ഫീല്‍ഡ് വര്‍ക്ക് ചെയ്ത് അവിടെയും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയത്. തൊട്ടടുത്ത മൂളിയാറിലും പെരിയയിലും പോയി. കര്‍ണാടകയിലെ ധര്‍മ്മസ്ഥലത്തിനടുത്തുള്ള രണ്ട് ഗ്രാമങ്ങളില്‍ പോയി പഠിച്ചു. 15 വര്‍ഷം കീടനാശിനി തളിച്ച പ്രദേശമാണത്. അവിടെയെല്ലാം കാര്യങ്ങള്‍ ഒരേപോലെയാണെന്നു കണ്ടെത്തി. അതിനുശേഷമാണ് മാധ്യമങ്ങളില്‍ ഇതു വാര്‍ത്തയായി നല്‍കുന്നത്. 2000-ത്തില്‍ 'ജനവാഹിനി' എന്ന കന്നഡപത്രത്തിലാണ് ആദ്യം ഇതു റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മലയാളമാധ്യമങ്ങളില്‍ വാര്‍ത്ത വന്നുതുടങ്ങി. സ്റ്റാര്‍ ന്യൂസില്‍ വാര്‍ത്ത വന്നതോടെ ദേശീയ ശ്രദ്ധയിലേയ്ക്ക് കാസര്‍ഗോഡ് വിഷയം എത്തി. 'ഡൗണ്‍ ടു എര്‍ത്ത്' മാഗസിന്റെ നേതൃത്വത്തില്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് കാസര്‍ഗോഡ് എത്തി പഠനം നടത്തി. തിരുവനന്തപുരത്തെ തണല്‍ എന്‍.ജി.ഒയുടെ പഠനവും നടന്നു. എന്‍ഡോസള്‍ഫാന്റെ പിന്നീടുള്ള പോരാട്ടങ്ങളെല്ലാം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. മോഹന്‍ കുമാറും പദ്രെയും ഡോ. ശ്രീപതിയും പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏതാണ്ട് അതേ കാലത്താണ് പെരിയയില്‍ ലീലാകുമാരിയമ്മയും എന്‍ഡോസള്‍ഫാനെതിരെ നീങ്ങുന്നത്. പിന്നീട് അവരുമായി സഹകരിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിച്ചു. 2000-ത്തില്‍ത്തന്നെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹെലികോപ്റ്ററിലൂടെയുള്ള കീടനാശിനി തളിക്കല്‍ നിര്‍ത്തിവെച്ചു.

ബോധവല്‍ക്കരണം ഗ്രാമങ്ങളില്‍ 

''ആദ്യകാലത്ത് സമൂഹത്തില്‍നിന്നും പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍നിന്നും കീടനാശിനി കമ്പനിയില്‍നിന്നും ഡോ. മോഹന്‍ കുമാറിന് എതിര്‍പ്പ് നേരിടേണ്ടിവന്നു. ദേശീയതലത്തില്‍ വിഷയം എത്തിയതോടെ കമ്പനിയുടേയും പ്ലാന്റേഷന്റേയും ആളുകള്‍ ക്ലിനിക്കിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. പരിസ്ഥിതി തീവ്രവാദികള്‍ എന്ന ആരോപണം നേരിട്ടു. ഒരു ഡോക്ടറും കുറച്ചുപേരും ചേര്‍ന്നുണ്ടാക്കിയ പ്രശ്‌നം മാത്രമാണിതെന്നു വരെ ചില മാധ്യമങ്ങള്‍ വാര്‍ത്തയെഴുതി.'' നാട്ടുകാര്‍ വരെ ആദ്യകാലത്ത് എതിരായിരുന്നു. വൈകല്യമുള്ള ആളുകള്‍ വീടുകളില്‍ ഉണ്ടെന്നു പറയാന്‍ തയ്യാറാകാത്തവരുണ്ടായിരുന്നു. ഫീല്‍ഡ്വര്‍ക്കൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു. ആദ്യം ലിസ്റ്റുണ്ടാക്കി ഇവര്‍ക്കു സഹായം നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടപ്പോള്‍ ഈ കുടുംബങ്ങളില്‍ പലരും സപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അങ്ങനെയുള്ള സഹായങ്ങളൊന്നും നമുക്കു വേണ്ട എന്ന നിലപാടായിരുന്നു. അസുഖം ബാധിച്ചവര്‍ വീട്ടിലുണ്ടെന്നു പറയുന്നതു കുറച്ചിലായി തോന്നിയിരുന്നു അവര്‍ക്ക്. ആ വീടുകളില്‍ കല്യാണം നടക്കില്ലെന്ന പേടിയുണ്ടായിരുന്നു. തുടര്‍ച്ചയായുള്ള അബോര്‍ഷനുകള്‍പോലും മൂടിവെച്ചിരുന്നു. ആരും കാര്യങ്ങള്‍ തുറന്നുപറയില്ല. മൊബൈലും കംപ്യൂട്ടറുമൊന്നും വ്യാപകമാകാത്ത കാലമാണല്ലോ. പലയിടങ്ങളില്‍നിന്നും ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ശേഖരിച്ചു. കാസര്‍ഗോട്ടെ ഗ്രാമങ്ങളില്‍ ഞങ്ങള്‍ മൂന്നുപേരും ചേര്‍ന്ന് സ്ലൈഡ് ഷോ നടത്തി ആളുകളെ ബോധവല്‍ക്കരിച്ചു. ചെറിയ പ്രൊജക്ടറുമായി വൈകുന്നേരങ്ങളില്‍ ഗ്രാമങ്ങളിലേയ്ക്കു പോയി. സ്വകാര്യമായി കീടനാശിനി ഉപയോഗിക്കുന്നവരും ഉണ്ടായിരുന്നു. അതിന്റെ ദൂഷ്യഫലങ്ങളെല്ലാം ബോധ്യപ്പെടുത്തി. സ്ത്രീകളെ കൂടുതലായി പങ്കെടുപ്പിച്ചു. നഗരങ്ങളിലും ഞങ്ങള്‍ പരിപാടി നടത്തി. കാസര്‍ഗോട്ടെ പ്രശ്‌നം ലോകത്തെ കാണിക്കാന്‍ അതിലൂടെ കഴിഞ്ഞു. അന്നൊക്കെ ദിവസേനെ പത്രക്കാര്‍ വരും. സംഭവം എന്താണെന്ന് ആര്‍ക്കുമറിയില്ലല്ലോ. ഫീല്‍ഡില്‍ കൊണ്ടുപോയി ഇത് അവര്‍ക്കു മനസ്സിലാക്കി കൊടുക്കണം. പകലോ രാത്രിയോ എന്നില്ലാതെ ഓട്ടം തന്നെയായിരുന്നു. അതിന്റെയിടയില്‍ ചികിത്സയും നടത്തണം. ഏഴുവര്‍ഷത്തോളം നന്നായി ബുദ്ധിമുട്ടി.''

ആവശ്യങ്ങള്‍ ബാക്കി 

''20 വര്‍ഷം കഴിഞ്ഞെങ്കിലും അന്നാവശ്യപ്പെട്ട കാര്യങ്ങള്‍പോലും നടപ്പാക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞിട്ടില്ല. അന്ന് ഒരു രക്ഷിതാവ് എന്നോട് പറഞ്ഞിരുന്നു, ഞങ്ങള്‍ ഉള്ളപ്പോള്‍ ഇവരെ നോക്കാം, ഞങ്ങളുടെ കാലം കഴിഞ്ഞാല്‍ ആര് നോക്കും എന്ന്. അതാണ് ഏറ്റവും വലിയ പ്രശ്‌നം. അദ്ദേഹം ഈയടുത്ത് മരിച്ചു. ഈ രോഗികള്‍ക്കു ചികിത്സ കൊടുക്കണം. അച്ഛനമ്മമാര്‍ പോയിക്കഴിഞ്ഞാല്‍ ഇവരെ നോക്കാനുള്ള സംവിധാനം വേണം. പൈസ കൊടുക്കണം എന്നത് ഞങ്ങളുടെ ആവശ്യമല്ല. മനുഷ്യാവകാശ കമ്മിഷന്‍ പറഞ്ഞതാണത്. മികച്ച ചികിത്സയ്ക്കുള്ള സംവിധാനം നിങ്ങള്‍ ഒരുക്കൂ. മെഡിക്കല്‍ കോളേജ് വരുന്നു എന്നു പറഞ്ഞിട്ട് വര്‍ഷമെത്രയായി. എത്രയോ പേര്‍ക്ക് ഗുണമുള്ള കാര്യമാണത്. ഓരോ വ്യക്തികളേയും നിങ്ങള്‍ നോക്കണ്ട, ഈ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യൂ. ഈ നാട്ടിലെ റോഡ് നോക്കൂ. എത്ര വര്‍ഷമായി ഇങ്ങനെ. അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഉണ്ടാക്കാന്‍ നോക്കൂ. പൈസ ആര്‍ക്കു കിട്ടി കിട്ടീല്ല എന്നതൊന്നുമല്ല ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നം. യോഗ്യരല്ലാത്തവര്‍ക്കു പൈസ കിട്ടിയിട്ടുണ്ടെങ്കില്‍ അതു സര്‍ക്കാറിന്റെ ഭാഗത്തുള്ള തെറ്റാണ്. ഞങ്ങളല്ല അതിന് ഉത്തരവാദികള്‍. ഞാന്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ മെമ്പറാണ്. കുറച്ചുകാലമായി ഞാന്‍ മീറ്റിംഗിനു പോകാറില്ല. ഞങ്ങള്‍ പറയുന്നതിനൊന്നും ഒരു വിലയുമില്ല. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു നടപടിയും ചര്‍ച്ചയും അവിടെ ഉണ്ടാകാറില്ല. അവിടെ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കൊക്കെ അലവന്‍സ് കിട്ടും. ഞാന്‍ ക്ലിനിക്കും ലീവാക്കി ഇത്രയും ദൂരം പോയി ഒരു കാര്യവുമില്ലാതെ തിരിച്ചുവരേണ്ടിവരുന്നത് എന്തൊരു ബുദ്ധിമുട്ടാണ്.

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം തുടങ്ങിയ കാലത്ത് പുറത്തുനിന്നും വരുന്ന ആളുകള്‍ ഇവിടെനിന്നു വെള്ളംപോലും കുടിക്കില്ല. ശാസ്ത്രജ്ഞന്മാര്‍ വരെ. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നവര്‍ കാസര്‍ഗോഡ് ടൗണില്‍ പോയാണ് ഭക്ഷണം കഴിക്കുക. അത്രയ്ക്ക് അവര്‍ക്കൊക്കെ കാര്യങ്ങള്‍ അറിയാം. എന്നിട്ടും 20 വര്‍ഷത്തിനുശേഷം എന്‍ഡോസള്‍ഫാന് അനുകൂലമായി മൂവ്മെന്റ് വരികയാണ്. രോഗികളായവരെ കളിയാക്കുകയാണ്. എന്‍ഡോസള്‍ഫാന്‍കൊണ്ടല്ല എന്ന് ഇവര്‍ക്കു ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റുമോ? കൃഷി ശാസ്ത്രജ്ഞന്മാര്‍ എങ്ങനെയാണ് മനുഷ്യശരീരത്തെക്കുറിച്ചു പഠനംനടത്തുകയും അഭിപ്രായം പറയുകയും ചെയ്യുന്നത്. ഇതിന്റെ പിന്നിലൊക്കെ ഹിഡന്‍ അജന്‍ഡയുണ്ട്. കമ്പനികളുടെ വാദമാണ് അവര്‍ പറയുന്നത്. അവരുടെ സ്വന്തം അഭിപ്രായമല്ല.''
..........

ക്ലിനിക്കില്‍ ആളുകള്‍ വന്നുംപോയും കൊണ്ടിരുന്നു. വരാന്തയില്‍ പോയി രോഗിയെ വിളിക്കുന്നതും പരിശോധിക്കുന്നതും മരുന്നെടുത്തു കൊടുക്കുന്നതും തുടങ്ങി എല്ലാ കാര്യങ്ങളും ഡോക്ടര്‍ ഒറ്റയ്ക്കാണ് ചെയ്യുന്നത്. വരുന്നവരെല്ലാം പരിചയക്കാരാണ്. തുളുവിലും കന്നടയിലുമാണ് രോഗികളോടുള്ള സംസാരം. ക്ലിനിക്കിലേയ്ക്കു വരാന്‍ പറ്റാത്തവര്‍ക്കുള്ള മരുന്നു കൊടുത്തുവിടുന്നുമുണ്ട്. മേശപ്പുറത്തുള്ള പെട്ടിയിലെ ചെറിയ ചെറിയ കള്ളികളില്‍ കുത്തിക്കുറിച്ച തുണ്ടുകടലാസുകള്‍ കാണാം. ആ നാട്ടിലെ രോഗികളുടെ മെഡിക്കല്‍ റെക്കോര്‍ഡ്സ് ആണത്. ഓരോരുത്തരുടേയും രോഗവിവരങ്ങള്‍ ഈ മേശപ്പുറത്തുണ്ട്. മാസങ്ങളോളം അതങ്ങനെ സൂക്ഷിച്ചുവെയ്ക്കും. ഒരു രോഗിയോടും പേരുപോലും ചോദിക്കുന്നതു കേട്ടേയില്ല. അത്രത്തോളം ഈ ഗ്രാമത്തെ അറിഞ്ഞയാള്‍. ഇവര്‍ക്കുവേണ്ടി ജനിച്ച ഡോക്ടര്‍. ചികിത്സ കഴിഞ്ഞാല്‍ കിട്ടുന്ന ഇടവേളകളില്‍ കൃഷിയും പശുവളര്‍ത്തലുമുണ്ട്. പശുക്കളായ ഗൗരിയോടും അതിദിയോടും ഭാഗീരഥിയോടുമൊക്കെ സ്‌നേഹത്തോടെ തൊട്ട് സംസാരിക്കുന്നു, മനുഷ്യരോടെന്നപോലെ. തോട്ടത്തിലെ കാബേജിനോടും തക്കാളിയോടും ആ സ്‌നേഹം കാണാം. 20 വര്‍ഷത്തിനിപ്പുറവും എന്‍ഡോസള്‍ഫാന്‍ സമരങ്ങള്‍ കാസര്‍ഗോഡ് തീര്‍ന്നിട്ടില്ല. യഥാര്‍ത്ഥ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാത്ത കാലത്തോളം അതു തുടര്‍ന്നുകൊണ്ടേയിരിക്കും. സമരത്തിനു നേതൃത്വവുമായി പലകാലങ്ങളില്‍ പലയാളുകള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോഴും ഇതിനൊപ്പം മോഹന്‍ കുമാര്‍ ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com