ഐഷി ഘോഷ്
ഐഷി ഘോഷ്

ജെഎന്‍യുവിനെ അവര്‍ക്ക് ഭയമാണ്; എന്തുകൊണ്ട്?

ജെഎന്‍യു എന്നത് മുഖ്യധാര ഇന്ത്യ മറച്ചുപിടിക്കുന്ന, കാണാന്‍ വിസമ്മതിക്കുന്ന  രാഷ്ട്രീയത്തെ കൂടി പ്രതിഫലിപ്പിക്കുന്നു. ഇടതുപക്ഷത്തിന്റെ ഭിന്നങ്ങളായ ധാരകളാണ് അവിടെ സ്വാധീനമുറപ്പിച്ചിട്ടുള്ളത്

രിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ കാലഘട്ടത്തിലൂടെയാണ് ജെ.എന്‍.യു കടന്നുപോകുന്നത്. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രതീകവും സമരഭൂമികയുമായ ജെ.എന്‍.യു എന്തുകൊണ്ട് ഹിന്ദുത്വവര്‍ഗ്ഗീയവാദികള്‍ ലക്ഷ്യമിടുന്നു? ഈ ചോദ്യത്തിന് ഉത്തരം നല്‍കാനാകുക ജെ.എന്‍.യുവിന്റെ മുന്‍കാല ചരിത്രമാണ്. സ്ഥാപിക്കപ്പെട്ട് അഞ്ചുദശാബ്ദം പിന്നിടുമ്പോള്‍ രാജ്യത്തെ സര്‍വ്വകലാശാലകളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഒന്നായി ജെ.എന്‍.യു മാറി. പാശ്ചാത്യ സര്‍വ്വകലാശാലകള്‍ക്കൊപ്പം കിടപിടിച്ച് നില്‍ക്കാന്‍ ശേഷിയുള്ള മൂന്നാംലോകരാജ്യത്തെ  ഒന്നാംനമ്പര്‍ ക്യാമ്പസ്. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാപനം.  

ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിൽ ഡൽഹി പൊലീസ്. മുഖംമൂടി മറച്ചവർ ക്യാമ്പസിൽ അതിക്രമങ്ങൾ നടത്തുമ്പോഴും പൊലീസ് നോക്കി നിൽക്കുകയായിരുന്നു/ ഫോട്ടോ: പിടിഐ
ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിൽ ഡൽഹി പൊലീസ്. മുഖംമൂടി മറച്ചവർ ക്യാമ്പസിൽ അതിക്രമങ്ങൾ നടത്തുമ്പോഴും പൊലീസ് നോക്കി നിൽക്കുകയായിരുന്നു/ ഫോട്ടോ: പിടിഐ

എന്തുകൊണ്ട് ജെ.എന്‍.യുവെന്നതിന്റെ ഉത്തരം ഫാസിസത്തിന്റെ പ്രവര്‍ത്തനരീതികളില്‍ കണ്ടെത്താം. ഒന്ന് അത് ഒരു പൊതുസ്ഥാപനമാണ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ, വിദ്യാഭ്യാസ സ്ഥാപനം. മിതമായ ഫീസില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍നിന്നും പഠിക്കാനെത്തുന്ന കുട്ടികള്‍. വംശീയതയെ ഫാസിസ്റ്റ് ഉപാധിയാക്കുന്നവര്‍ക്ക് ഇത് ദഹിക്കില്ല. മറ്റൊന്ന്, ജെ.എന്‍.യുവിന്റെ സാംസ്‌കാരിക രാഷ്ട്രീയ പരിസരമാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ രാഷ്ട്രീയ സാംസ്‌കാരിക മൂല്യമാണ് ജെ.എന്‍.യുവിന്റെ അടിത്തറ. സ്വാഭാവികമായും ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമാകാതിരുന്ന, അതിനെ ദുര്‍ബ്ബലമാക്കാന്‍ ശ്രമിച്ചവര്‍ക്ക് ആ സ്ഥാപനത്തിന്റെ സാന്നിധ്യം ഒരു പ്രശ്‌നമാണ്. മറ്റൊരു കാര്യം, ജെ.എന്‍.യു എന്നത് മുഖ്യധാര ഇന്ത്യ മറച്ചുപിടിക്കുന്ന, കാണാന്‍ വിസമ്മതിക്കുന്ന  രാഷ്ട്രീയത്തെക്കൂടി പ്രതിഫലിപ്പിക്കുന്നുവെന്നതാണ്. ഇടതുപക്ഷത്തിന്റെ ഭിന്നങ്ങളായ ധാരകളാണ് അവിടെ സ്വാധീനമുറപ്പിച്ചിട്ടുള്ളത്. സമീപകാലത്ത് അംബേദ്ക്കറൈറ്റ് ചിന്തകളെ അടിസ്ഥാനമാക്കിയുള്ള സംഘടനയും അവിടെ സ്വാധീനം കാണിച്ചു. ഇതൊന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബാധിക്കില്ലെങ്കിലും അതുണ്ടാക്കുന്ന പ്രത്യയശാസ്ത്ര വെല്ലുവിളി സംഘ്പരിവാറിനു താങ്ങാന്‍ കഴിയുന്നില്ലെന്നതാണ് വസ്തുത. അതിന് എളുപ്പം ആ സ്ഥാപനത്തെ കയ്യേറി നശിപ്പിക്കുകയെന്നതാണ്.

ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന്റെ തലയ്ക്ക് ​ഗുരുതര പരുക്കേറ്റപ്പോൾ
ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന്റെ തലയ്ക്ക് ​ഗുരുതര പരുക്കേറ്റപ്പോൾ

ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്തിന് വിപ്ലവമായിരുന്നു 1969-ല്‍ തുടങ്ങിയ ഈ കാമ്പസ്. സാമ്രാജ്യത്വ-നവലിബറല്‍ നയങ്ങള്‍ക്കു ചര്‍ച്ചയിലൂടെയും പ്രയോഗത്തിലൂടെയും ബദല്‍ കണ്ടെത്താനും വിലയിരുത്താനും കഴിയുന്ന ബൗദ്ധികശേഷിയാണ് ഇവിടുത്തെ പഠനസമൂഹത്തിന്റെ പ്രത്യേകത. സാമൂഹിക-മാനവിക വിഷയങ്ങളില്‍ രാജ്യത്തെ തന്നെ ഏറ്റവും മികച്ച പഠനകേന്ദ്രങ്ങളിലൊന്നായി ജെ.എന്‍.യു മാറിയതങ്ങനെയാണ്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നവീകരിക്കപ്പെടുന്ന അധ്യാപകസമൂഹം. സമരവും രാഷ്ട്രീയവും തന്നെയാണ് പഠനത്തിന്റെ ആദ്യാക്ഷരങ്ങള്‍. യുക്തിചിന്തയും സാര്‍വ്വദേശീയതയും രൂപപ്പെടുത്തുന്ന അക്കാദമിക പരിസരം. സംവാദാത്മകതയിലൂന്നുന്ന ഈ രീതിയെയാണ് തീവ്രഹിന്ദുത്വവാദികളടക്കമുള്ളവര്‍  ഭയപ്പെട്ടത്.

ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും അതു പ്രയോഗത്തില്‍ വരുത്തുകയും ചെയ്ത സ്ഥാപനമായിരുന്നു ജെ.എന്‍.യു. അറിവും അധികാരവും ജനാധിപത്യവും സംബന്ധിച്ചുള്ള ബന്ധങ്ങള്‍ക്ക് വ്യക്തമായ നിര്‍വ്വചനം നല്‍കിയ ജെ.എന്‍.യു ഹിന്ദുത്വ ആശയങ്ങള്‍ക്ക് നേര്‍വിപരീതമായിരുന്നു. സങ്കുചിതവും ചോദ്യം ചെയ്യപ്പെടാത്തതും പാരമ്പര്യത്തിന്റെ കെട്ടുപാടുകളുമുള്ള ആര്‍.എസ്.എസിന്റെ യാഥാസ്ഥിതിക നിലപാടിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല ജെ.എന്‍.യുവിന്റെ പുരോഗമന രീതിശാസ്ത്രം. ഹിന്ദുത്വവാദികളെപ്പോലെ ദേശീയതയിലല്ല, മാനവികതയിലാണ് ജെ.എന്‍.യു സമൂഹം വിശ്വസിച്ചത്. അധീശ സങ്കല്പങ്ങളെ ചരിത്രപരമായ ഗവേഷണബുദ്ധിയോടെയാണ് അവര്‍ വിലയിരുത്തിയത് അധികാരം നേടിയിട്ടും ബൗദ്ധികവ്യവഹാരങ്ങളിലോ ഇടപെടലുകളിലോ കാര്യമായ സ്വാധീനം ചെലുത്താനായില്ലെന്നത് എക്കാലവും ആര്‍.എസ്.എസിനെ അലട്ടിയിരുന്നു. ഇത് മറികടക്കാനാണ് ജെ.എന്‍.യു അടക്കമുള്ള ലിബറല്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇവര്‍ ശ്രമിച്ചത്.

ജെഎൻയു ക്യാമ്പസിൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്ന വിദ്യാർത്ഥി
ജെഎൻയു ക്യാമ്പസിൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്ന വിദ്യാർത്ഥി

കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുമ്പോഴെല്ലാം ജെ.എന്‍.യുവില്‍ മേധാവിത്വം നേടാന്‍ എ.ബി.വി.പി ശ്രമം നടത്തിയിരുന്നു. 1996 മുതല്‍ അത് തുടരുന്നു. വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ നാലില്‍ മൂന്നു സീറ്റുകള്‍ എ.ബി.വി.പി നേടി. 1997-ല്‍ ജനറല്‍ സെക്രട്ടറി, 1999-ല്‍ ജോയിന്റ് സെക്രട്ടറി സീറ്റുകളും സംഘടനയ്ക്ക് ലഭിച്ചു. ജെ.എന്‍.യുവിന്റെ ചരിത്രത്തില്‍ ആദ്യമായിട്ട് ഒരു വലതുപക്ഷ പ്രസിഡന്റുണ്ടായത് 2000-ത്തിലാണ്. അന്ന് എ.ബി.വി.പിയുടെ സ്ഥാനാര്‍ത്ഥിയും എം.ഫില്‍ വിദ്യാര്‍ത്ഥിയുമായ സന്ദീപ് മഹാപത്രയാണ് പ്രസിഡന്റായത്. 2001 മുതല്‍ 2014 വരെ സീറ്റുകളൊന്നും കിട്ടിയില്ല. സംഘടനയിലെ ഗ്രൂപ്പുപോരായിരുന്നു കാരണം. പിന്നീട് 2014-ല്‍ മോദി അധികാരത്തിലെത്തിയപ്പോഴാണ് എ.ബി.വി.പിയുടെ സ്വാധീനം കൂടിയത്. വോട്ടുവിഹിതം കൂടിയെങ്കിലും എ.ബി.വി.പിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയ്ക്ക് കഴിയുകയും ചെയ്തു. ഐക്യത്തിലൂടെ ഫാസിസ്റ്റ് ശക്തികളെ തോല്‍പ്പിക്കാമെന്ന ഭാവിസന്ദേശം കൂടിയായിരുന്നു ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ അന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നല്‍കിയത്.

ഫാത്തിമ നഫീസ്. കാണാതായ വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ മാതാവാണ് ഫാത്തിമ
ഫാത്തിമ നഫീസ്. കാണാതായ വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ മാതാവാണ് ഫാത്തിമ

യുക്തിയും ശാസ്ത്രാവബോധവും

തെളിവാര്‍ന്ന ചിന്തയ്ക്കും ശരികളുടെ പ്രവര്‍ത്തനത്തിനും വേണ്ടത് യുക്തിയുടേയും ശാസ്ത്രത്തിന്റേയും മാര്‍ഗ്ഗങ്ങളാണെന്നു തിരിച്ചറിഞ്ഞാണ് ജെ.എന്‍.യു എന്ന ലക്ഷ്യം അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവതരിപ്പിക്കപ്പെട്ടത്. അന്നത്തെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി എം.സി ചാഗ്ലയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സര്‍വ്വകലാശാലയ്ക്ക് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേര് നല്‍കുന്നതിനോട് അന്ന് പലര്‍ക്കും യോജിപ്പുണ്ടായിരുന്നില്ല. യോജിപ്പുണ്ടായിരുന്നില്ലെന്നു മാത്രമല്ല, അത് പരസ്യമായി പ്രകടിപ്പിക്കാനും പലരും തയ്യാറായി. അന്ന് രാജ്യസഭയില്‍ നടന്ന ചര്‍ച്ചതന്നെ മികച്ച രാഷ്ട്രീയ സംവാദമായിരുന്നു. സ്വതന്ത്ര ചിന്തയും നിര്‍ഭയമായ പ്രകാശനവും വിമര്‍ശന-വിശകലന സ്വഭാവവും കോര്‍ത്തിണക്കിയ ശാസ്ത്രാവബോധമാണ് ഭാവിയില്‍ നയിക്കേണ്ടതെന്ന ചിന്തയാണ് ചര്‍ച്ചയ്ക്കൊടുവില്‍ ഉരുത്തിരിഞ്ഞത്.

1969-ലാണ് ജെ.എന്‍.യു ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഒരു അത്താഴവിരുന്നിനിടെ, പത്രപ്രവര്‍ത്തകനും നയതന്ത്രജ്ഞനുമായ ജി. പാര്‍ത്ഥസാരഥിയെ ആദ്യ വൈസ് ചാന്‍സലറാക്കണമെന്ന നിര്‍ദ്ദേശം ചാഗ്ല ഇന്ദിരാഗാന്ധിയോട് പറയുന്നു. അതേ ചടങ്ങളിലുണ്ടായിരുന്ന പാര്‍ത്ഥസാരഥി സമ്മതം മൂളിയതോടെ ജെ.എന്‍.യുവിന് തുടക്കമായി. ആദ്യം ഡല്‍ഹിയിലെ വിജ്ഞാന്‍ഭവന്റെ അനക്സിലായിരുന്നു ഓഫീസ്. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിനെയാണ് ആദ്യം കാമ്പസിന്റെ ഭാഗമാക്കിയത്. ഇന്ന് ഏറ്റവും സജീവമായ സ്‌കൂളുകളിലൊന്നായി ഇന്റര്‍നാഷണല്‍ സ്റ്റഡീസ് മാറി. ഈ സമയം മുതല്‍ തന്നെ പുരോഗമന സംസ്‌കാരത്തിന്റേയും രാഷ്ട്രീയത്തിന്റേയും വിമര്‍ശനചിന്തയിലുമൊക്കെ ജെ.എന്‍.യു ശ്രദ്ധാകേന്ദ്രമാവുകയായിരുന്നു. മതവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ സ്വാധീനമില്ലാത്ത പഠനരീതിയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. അന്വേഷണത്തിന്റേയും നവീകരണത്തിന്റേയും മാനവികതയുടേയും ശാസ്ത്രബോധത്തിന്റേയും അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതായിരുന്നു സര്‍വ്വകലാശാലയുടെ അടിസ്ഥാന ഉത്തരവാദിത്വം തന്നെ. സ്വാതന്ത്ര്യാനന്തരവും യുക്തിയല്ല, വിശ്വാസങ്ങളായിരുന്നു സാമാന്യ മനുഷ്യരുടെ ജീവിതങ്ങളെ ഭരിച്ചിരുന്നത്. ഇത് മാറ്റിമറിക്കാനാണ് ജെ.എന്‍.യു ലക്ഷ്യമിട്ടത്.

ജെഎൻയു വൈസ് ചാൻസലർ എം ജ​ഗദീഷ് കുമാർ
ജെഎൻയു വൈസ് ചാൻസലർ എം ജ​ഗദീഷ് കുമാർ

ധിഷണയിലും രാഷ്ട്രീയത്തിലും ജെ.എന്‍.യു നല്‍കിയ പുതുബോധം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണ്ണായകമായി. വിദ്യാര്‍ത്ഥിനേതാക്കള്‍ മികച്ച രാഷ്ട്രീയക്കാരായി. സാമ്പത്തിക സാമൂഹ്യമേഖലകളില്‍ ഇവിടെ പഠിച്ചിറങ്ങിയവര്‍ അഗ്രഗണ്യരായി. ബൗദ്ധികമായി ഇതിനെ ചോദ്യം ചെയ്യാന്‍ മറ്റ് രാഷ്ട്രീയവീക്ഷണങ്ങള്‍ക്കു കഴിഞ്ഞതുമില്ല. ഇടതു രാഷ്ട്രീയത്തിനോട് അനുഭാവം പുലര്‍ത്തുന്ന ഈ ക്യാംപസ് എല്ലാകാലത്തും അധികാരവര്‍ഗ്ഗത്തോട് കലഹിച്ചിട്ടുമുണ്ട്. അടിയന്തരാവസ്ഥയ്ക്കു ശേഷം അന്നത്തെ ചാന്‍സലര്‍ കൂടിയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ആ സ്ഥാനത്തുനിന്ന് രാജിവയ്പ്പിക്കാന്‍ വിദ്യാര്‍ത്ഥിപ്രതിഷേധത്തിനു കഴിഞ്ഞു. 1977 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറാന്‍ ഇന്ദിരാഗാന്ധി തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു അന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്.  'അടിയന്തരാവസ്ഥയുടെ ക്രിമിനലുകള്‍' എന്നു മുദ്രാവാക്യം വിളിച്ചായിരുന്നു അവര്‍ പ്രതിഷേധിച്ചത്. പ്രതിഷേധം കനത്തതോടെ ഇന്ദിരയും ഓം മേത്തയും ഗേറ്റിന് അടുത്തെത്തി. വിദ്യാര്‍ത്ഥി യൂണിയന്റെ ആവശ്യങ്ങള്‍ യെച്ചൂരി വായിച്ചുകേള്‍പ്പിക്കാന്‍ തുടങ്ങി. ഇംഗ്ലീഷിലായിരുന്നു വായന. അടിയന്തരാവസ്ഥക്കാലത്തു ജനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ ക്രൂരതകളായിരുന്ന ആദ്യ ഖണ്ഡികയില്‍. യെച്ചൂരി വായിച്ചുപൂര്‍ത്തിയാക്കുന്നതിനു മുന്‍പുതന്നെ ഇന്ദിരാഗാന്ധി മടങ്ങിപ്പോയി. എന്നാല്‍, ഗേറ്റിനു മുന്നിലെ പ്രതിഷേധം തുടര്‍ന്നു. പിറ്റേന്നു തന്നെ, ഇന്ദിരാഗാന്ധി രാജിവച്ചു.  

അടിയന്തരാവസ്ഥക്കാലത്തെ ജെഎൻയു ക്യാമ്പസ്. സീതാറാം യെച്ചൂരിയും സഖാക്കളും
അടിയന്തരാവസ്ഥക്കാലത്തെ ജെഎൻയു ക്യാമ്പസ്. സീതാറാം യെച്ചൂരിയും സഖാക്കളും

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പട്ടതോടെ ജെ.എന്‍.യുവില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നിരോധിക്കപ്പെട്ടു. യൂണിയന്റെ ഭരണഘടന അസാധാരണമായ ജനറല്‍ ബോഡി ചേര്‍ന്ന് ഭേദഗതി ചെയ്തു. തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ ഭാരവാഹികള്‍ തുടരുമെന്നായിരുന്നു ഈ ഭേദഗതി. ഇക്കാര്യം അധികൃതര്‍ പ്രസിഡന്റായ ഡി.പി. ത്രിപാഠിയെ അറിയിക്കുകയും ചെയ്തു. യൂണിയന്‍ഫണ്ട് കൈമാറ്റമുള്‍പ്പെടെയുള്ളവ നടത്തുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരേ വലിയ പ്രതിഷേധമാണ് അന്ന് ക്യാംപസിലുണ്ടായത്. അന്ന് പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സീതാറാം യച്ചൂരിയെയും യൂണിയന്‍ പ്രസിഡന്റ് ത്രിപാഠിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 2014-ല്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധങ്ങള്‍ക്ക് ആദ്യം തുടക്കമിട്ട കാമ്പസുകളിലൊന്ന് ജെ.എന്‍.യു ആയിരുന്നു. 2014 വരെ ദേശീയമാധ്യമങ്ങളില്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തിരുന്നത് സാമൂഹിക-സാമ്പത്തിക- രാഷ്ട്രീയവിഷയങ്ങളില്‍ വിദഗ്ദ്ധാഭിപ്രായം പറയാനായിരുന്നു. എന്നാല്‍, 2014-നു ശേഷം സ്ഥിതിമാറി. പ്രൈംടൈം ചര്‍ച്ചകളില്‍ അവര്‍ കലാപകാരികളായും ദേശവിരുദ്ധരായും മുദ്രകുത്തപ്പെട്ടു. എന്നാല്‍, ഒന്നാം മോദി സര്‍ക്കാരിനെതിരെ പ്രസ്താവനകൊണ്ടുപോലും പ്രതിഷേധിക്കാന്‍ പ്രതിപക്ഷത്തിനു ശബ്ദമില്ലാതായപ്പോള്‍ ജെ.എന്‍.യു മുഴക്കിയ ആസാദി മുദ്രാവാക്യമാണ് പിന്നീട് രാജ്യത്തെമ്പാടും പ്രതിരോധസ്വരമായത്. വിശാലാര്‍ത്ഥത്തില്‍ ജെ.എന്‍.യു അടക്കമുള്ള കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളും ഹിന്ദു ദേശീയതാവാദികളെ പിന്തുണയ്ക്കുന്ന മോദി സര്‍ക്കാരും തമ്മിലാണ് പ്രത്യയശാസ്ത്രപോരാട്ടം നടക്കുന്നത്.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും ജെഎൻയു ചാൻസലർ സ്ഥാനം ഉപേക്ഷിക്കാതിരുന്ന ഇന്ദിരാ​ഗാന്ധിക്കെതിരെ ജെഎൻയുവിലെ വിദ്യാർത്ഥികൾ അവരുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ അന്നത്തെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് സീതാറാം യെച്ചൂരി ആവശ്യങ്ങൾ വായിച്ചു കേൾപ്പിക്കുന്നു. തൊട്ടടുത്ത ദിവസം ഇന്ദിരാ​ഗാന്ധി ചാൻസലർ സ്ഥാനം രാജിവച്ചു
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും ജെഎൻയു ചാൻസലർ സ്ഥാനം ഉപേക്ഷിക്കാതിരുന്ന ഇന്ദിരാ​ഗാന്ധിക്കെതിരെ ജെഎൻയുവിലെ വിദ്യാർത്ഥികൾ അവരുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ അന്നത്തെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് സീതാറാം യെച്ചൂരി ആവശ്യങ്ങൾ വായിച്ചു കേൾപ്പിക്കുന്നു. തൊട്ടടുത്ത ദിവസം ഇന്ദിരാ​ഗാന്ധി ചാൻസലർ സ്ഥാനം രാജിവച്ചു

സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുന്ന എല്ലാത്തരം അധികാരക്രമങ്ങളേയും ലംഘിക്കുന്നതായിരുന്നു ജെ.എന്‍.യു നല്‍കുന്ന വിദ്യാഭ്യാസ സമ്പ്രദായം. ഭരണത്തിലും അധികാരത്തിലും തുടരുന്നവരെല്ലാം ഈ അധികാരക്രമങ്ങള്‍ പിന്തുടരുക മാത്രമല്ല, പുതിയവ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍, സ്വത്വബോധത്തിന്റേയും അച്ചടക്കത്തിന്റേയും അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിന്റേയും പാരമ്പര്യ കെട്ടുപാടുകളെ തകര്‍ക്കാന്‍ ജെ.എന്‍.യുവിനു കഴിഞ്ഞു. ജാതിയും മതവും ലിംഗവും ഉള്‍പ്പെടെയുള്ള സ്വത്വബോധത്തെ മറികടക്കുന്നതില്‍ ജെ.എന്‍.യു വിജയം കണ്ടു. സമ്പന്നര്‍ക്കുവേണ്ടിയുള്ള സര്‍വ്വകലാശാലയല്ല, മറിച്ച് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള സ്ഥാപനമാണ് ജെ.എന്‍.യു എന്ന് നിയമവും അനുശാസിക്കുന്നു. അദ്ധ്യാപക-വിദ്യാര്‍ത്ഥി സമൂഹം പിന്തുടര്‍ന്നുവന്ന രീതിയല്ല ജെ.എന്‍.യുവില്‍ കണ്ടത്. നിര്‍ദ്ദിഷ്ടമായ വിഷയങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ തുടരുന്ന വിജ്ഞാനസൃഷ്ടിയായിരുന്നില്ല ഇവരെ നയിച്ചത്. അറിവിന്റെ രക്ഷാധികാരി അദ്ധ്യാപകന്‍ മാത്രമാണെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല ജെ.എന്‍.യു പ്രവര്‍ത്തിച്ചത്. അറിവിന്റെ ഐക്യപ്പെടലിലൂടെ ഈ അദ്ധ്യാപനശാസ്ത്രവും ജെ.എന്‍.യു പൊളിച്ചെഴുതി.

ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ വരുന്നതിനു മുന്‍പുവരെ സ്വന്തം പ്രവര്‍ത്തനങ്ങള്‍പോലും വിമര്‍ശനാത്മകമായി നേരിടുന്ന സ്ഥാപനമായിരുന്നു ജെ.എന്‍.യു. പ്രാദേശികത്വവും സാമ്പത്തികവും ലിംഗസമത്വവുമൊക്കെ പാലിക്കപ്പെടുന്ന സ്ഥാപനം. ഭരണഘടനാപരമായി പിന്നോക്കക്കാര്‍ക്കുള്ള അവകാശവും ഇവിടെ നടപ്പായി. ഇതൊക്കെ സമൂഹത്തിന്റെ അധികാരക്രമങ്ങളെ തകര്‍ക്കുന്ന ഈ നടപടികള്‍ പലര്‍ക്കും അംഗീകരിക്കാനായില്ല. ഹിന്ദുത്വവാദികളുടെ നിലനില്‍പ്പുതന്നെ ജാതിയുടേയും സ്വത്വത്തിന്റേയും അധികാരക്രമത്തിലായിരുന്നു. സ്വാഭാവികമായും പുരോഗമനവാദികള്‍ ഇവരുടെ ശത്രുപക്ഷത്തായി. ജെ.എന്‍.യുവെന്നത് സംഘ്പരിവാറിന് എന്നും വെറുപ്പുളവാക്കിയ സ്ഥാപനമായിരുന്നു. ഇടത് ലിബറല്‍ ആശയങ്ങളുടെ കേന്ദ്രമായിരുന്ന ഇവിടെ എ.ബി.വി.പിക്ക് കാര്യമായ സ്വാധീനം ചെലുത്താനും കഴിഞ്ഞില്ല.

വിദ്യാർത്ഥി രോഷം
വിദ്യാർത്ഥി രോഷം

ബൗദ്ധികശേഷിയിലെ അവകാശവാദമായിരുന്നു ലക്ഷ്യം. അതിനു കഴിയാതെ വന്നപ്പോള്‍ കൃത്യമായ ഇടവേളകളില്‍ വിവാദങ്ങളുണ്ടാക്കി സ്ഥാപനത്തെ വരുതിയില്‍നിര്‍ത്താനാണ് ഭരണകൂടം ശ്രമിച്ചത്. കള്ളപ്രചരണങ്ങളിലൂടെ സ്ഥാപനത്തിന്റെ പ്രതിച്ഛായാ നഷ്ടം വരുത്താന്‍ ശ്രമങ്ങളുണ്ടായി. പ്രൊഫസര്‍ സുധീര്‍ കുമാര്‍ സൊപ്രോയിയുടെ കാലവാധി തീര്‍ന്നതിനെ തുടര്‍ന്ന് ഡോ. എം. ജഗദീഷ് കുമാര്‍ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടതോടെ ഇതിന് അനുകൂലമായ സാഹചര്യങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ടു. ജഗദീഷ് കുമാര്‍ സ്ഥാനമേറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളിലാണ് രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാരോപിച്ചുള്ള വിവാദം ഉണ്ടാകുന്നത്. അന്നത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കന്നയ്യ കുമാര്‍, വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടചാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുണ്ടാക്കിയ പ്രതിഷേധം കാമ്പസുകളില്‍ മാത്രം ഒതുങ്ങിനിന്നില്ല, അത് രാജ്യമെമ്പാടും വ്യാപിച്ചു.

എ.ബി.വി.പി-ബി.ജെ.പി അംഗങ്ങള്‍ മര്‍ദ്ദിച്ച നജീബ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയെ കാണാതായതായിരുന്നു അടുത്ത വിവാദം. നജീബിന്റെ തിരോധാനം അന്വേഷിക്കുന്നതിലും കുറ്റവാളികളെ കണ്ടെത്തുന്നതിലും സര്‍വ്വകലാശാലയും സര്‍ക്കാരും ജാഗ്രത കാണിച്ചില്ല. ഒരു വിദ്യാര്‍ത്ഥിയുടെ തിരോധാനം മാത്രമായി നജീബിന്റെ വിഷയത്തെ കാണാന്‍ കഴിയില്ല. നമ്മുടെ ജനാധിപത്യത്തിനും നിയമവാഴ്ച്ചയ്ക്കും നേരെ ഗുരുതരമായ ചില ചോദ്യങ്ങള്‍ നജീബിന്റെ തിരോധാനം ഉയര്‍ത്തുന്നുണ്ട്.

സമത്വത്തെപ്പറ്റി, സ്വാതന്ത്ര്യത്തെപ്പറ്റി, പൗരാവകാശങ്ങളെപ്പറ്റി ചെറുതല്ലാത്ത ആശങ്കകള്‍ ബാക്കിയിട്ടിരുന്നു. ഈ ആശങ്കകള്‍ യാഥാര്‍ത്ഥ്യങ്ങളാകുന്നതാണ് പിന്നീടങ്ങോട്ട് കണ്ടത്. സര്‍വ്വകലാശാലയില്‍ തുടര്‍ന്നുവന്ന രീതികള്‍ തിരുത്താന്‍ വെമ്പല്‍ കാണിച്ച അദ്ദേഹം പരിവാര്‍ അജന്‍ഡ പെട്ടെന്ന് നടപ്പാക്കുകയായിരുന്നു. അദ്ധ്യാപകരുടെ നിയമനം, വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കല്‍ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ നയം ലംഘിച്ചു. എതിര്‍ക്കുന്ന അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും പുറത്താക്കി. എല്ലാവിധ ജനാധിപത്യ സംവിധാനങ്ങളേയും നിര്‍ജ്ജീവമാക്കി. വൈസ് ചാന്‍സലറുടെ ഓരോ നീക്കവും വിദ്യാര്‍ത്ഥി സമൂഹം ചെറുത്തുനിന്നു. ഏറ്റവുമൊടുവില്‍ ഫീസ് വര്‍ദ്ധന സംബന്ധിച്ച തീരുമാനവും അധികൃതര്‍ക്കു പിന്‍വലിക്കേണ്ടിവന്നു. എന്നാല്‍, കാമ്പസില്‍ വിവേകാനന്ദ പ്രതിമ ഉദ്ഘാടനം ചെയ്തത് പ്രത്യക്ഷത്തില്‍ ആര്‍.എസ്.എസ് അധീശത്വം ഉറപ്പിക്കുന്നതിന്റെ പ്രത്യക്ഷ ലക്ഷണമായിരുന്നു.

ഒരു ഭരണകൂടവും ജെ.എന്‍.യുവിനെ ഇഷ്ടപ്പെട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജെ.എന്‍.യുവിന്റെ വിശ്വാസ്യത കളയാനാണ് സംഘ്പരിവാര്‍ ശക്തികളുടെ ആദ്യ ശ്രമം. ഭരണകൂടത്തിന്റെ അമിതാധികാരങ്ങള്‍ക്കെതിരെ നിരന്തര ചോദ്യംചെയ്യല്‍ വരുന്നത് ജെ.എന്‍.യുവില്‍ പഠിച്ചവരില്‍നിന്നാണ് എന്നതാണ് അതിനൊരു കാരണം.

ചരിത്രം വളച്ചൊടിക്കുന്ന കാലത്ത് ചരിത്രത്തെ ശാസ്ത്രീയമായി പഠിച്ച് വിശകലനം ചെയ്തവരുടെ വിശ്വാസ്യത നശിപ്പിച്ചാല്‍ അത് സാധ്യമാകും. ഇപ്പോള്‍ വിശ്വാസ്യത കളഞ്ഞാല്‍, മുന്‍കാല പ്രാബല്യത്തോടെ ജെ.എന്‍.യുവിന്റെ എല്ലാ സംഭാവനകളേയും ഇകഴ്ത്താന്‍ കഴിയും. അര്‍ബന്‍ നക്സല്‍, ക്വാണ്ടം, തുക്കഡെ തുക്കഡെ ഗ്യാങ് തുടങ്ങിയ പ്രയോഗങ്ങള്‍ വിശ്വാസ്യത ഇല്ലാതാക്കാന്‍ നടത്തുന്നതാണ്. അങ്ങനെ വിശ്വാസ്യത ഇല്ലാതായാല്‍ സര്‍ക്കാര്‍വിമര്‍ശകനെ എളുപ്പത്തില്‍ ജെ.എന്‍.യു എന്ന് പറഞ്ഞു തരംതാഴ്ത്താം. ബുദ്ധികൊണ്ട് ജയിക്കാന്‍ കഴിയാത്തിടത്ത് അക്രമവും അരാജകത്വവും ഇകഴ്ത്തിക്കാട്ടലും പ്രയോഗിക്കുന്നു.

ആര്‍.എസ്.എസിന്റെ ജ്ഞാനസംഗമം

2017 മാര്‍ച്ചില്‍ രാജ്യത്തെ എഴുന്നൂറോളം വരുന്ന വിദ്യാഭ്യാസ വിദഗ്ദ്ധരുടേയും വൈസ് ചാന്‍സലര്‍മാരുടേയും ഒരു യോഗം ഡല്‍ഹി സര്‍വ്വകലാശാലയില്‍ നടന്നു. സംസ്ഥാന- കേന്ദ്രസര്‍വ്വകലാശാലകളില്‍നിന്നുള്ള മേധാവികള്‍ പങ്കെടുത്ത ഈ ജ്ഞാനസംഗമത്തിലെ പ്രധാന പ്രാസംഗികന്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ആയിരുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനു നേരിടേണ്ടിവരുന്ന സാംസ്‌കാരിക ആക്രമണമായിരുന്നു വിഷയം. ബുദ്ധിജീവികളുടെ കോളനിവല്‍ക്കരണവും ദേശീയതയുടെ ഉണര്‍വ്വുമായിരുന്നു മറ്റൊരു വിഷയം. ആര്‍.എസ്.എസ് സ്ഥാപനമായ പ്രജന്‍ പ്രവാഹ് എന്ന സംഘടനയായിരുന്നു സംഘാടകര്‍. എന്നാല്‍, ആര്‍.എസ്.എസിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു.

കേരളത്തിലും ബംഗാളിലും ജെ.എന്‍.യുവിലുമടക്കം ഇടതുപക്ഷത്തിനുണ്ടായിരുന്ന സാംസ്‌കാരിക മേധാവിത്വം ഇല്ലാതാക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഇതിന്റെ ഭാഗമായാണ് ആ യോഗം കഴിഞ്ഞ് ഒരുമാസം തീരുന്നതിനു മുന്‍പ് ഡല്‍ഹി രാംജാസ് കോളേജില്‍ എ.ബി.വി.പി പ്രശ്‌നമുണ്ടാക്കിയത്. കോളേജില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഉമര്‍ഖാലിദിനെ അനുവദിക്കില്ലെന്നായിരുന്നു എ.ബി.വി.പിയുടെ വാദം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജെ.എന്‍.യു ദേശദ്രോഹികളുടെ താവളമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ആര്‍.എസ്.എസ് ലക്ഷ്യമിട്ടത്. ദേശീയവികാരം ആളിക്കത്തിച്ച് വിമര്‍ശകരെ ദേശവിരുദ്ധരാക്കുന്ന ഇതേ ആശയം നടപ്പാക്കുന്നതില്‍ മോദി-അമിത്ഷാ കൂട്ടുകെട്ട് വിജയിച്ചു.

ചരിത്രം തിരുത്തിയെഴുതി ഹിന്ദുത്വ ആഘോഷമാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് ചരിത്രകാരിയായ റോമിലാ ഥാപ്പര്‍ രംഗത്തുവന്നതോടെയാണ് വിദ്യാഭ്യാസമേഖലയിലെ ഗൗരവമാര്‍ന്ന ഈ വിഷയം ശ്രദ്ധിക്കപ്പെട്ടത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ദിനനാഥ് ബത്രയുടെ ശിക്ഷ സാംസ്‌കൃതി ഉത്തന്‍ ന്യാസ് എന്ന സംഘടന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങിന്റെ പുസ്തകങ്ങളും പരിശീലനപരിപാടിയിലും മാറ്റം വേണമെന്നാവശ്യപ്പെട്ടിരുന്നു. പ്രശ്നം വിവാദമായതോടെ ഒട്ടേറെ പാഠഭാഗങ്ങള്‍ എന്‍.സി.ഇ.ആര്‍.ടിക്കു മാറ്റേണ്ടിവന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ചിന്തകള്‍വരെ പാഠപുസ്തകങ്ങളില്‍നിന്ന് നീക്കം ചെയ്തു.

മുഗള്‍രാജാക്കന്‍മാരുടെ നല്ല പ്രവൃത്തികളെല്ലാം മാറ്റി. ഒമ്പതാംക്ലാസ്സിലെ ചരിത്ര പുസ്തകത്തില്‍നിന്ന് മൂന്ന് അദ്ധ്യായങ്ങള്‍ അപ്പാടെ എന്‍.സി.ഇ.ആര്‍.ടി എടുത്തുമാറ്റി. വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇതൊക്കെ. മികച്ച സ്ഥാപനങ്ങള്‍ക്ക് മേധാവികളാകാന്‍ ആര്‍.എസ്.എസ് ബന്ധം മാത്രമായിരുന്നു യോഗ്യത. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മേധാവിയായി സുദര്‍ശന്‍ റാവുവിന് വേണ്ടത്ര യോഗ്യതയില്ലായിരുന്നു. പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മേധാവിയായത് സീരിയല്‍ താരം ഗജേന്ദ്ര ചൗഹാനായിരുന്നു. സ്ഥാപനങ്ങളെ തകര്‍ക്കാനും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ നടപ്പാക്കാനും കൂടി ലക്ഷ്യമിട്ടായിരുന്നു ഈ നിയമനങ്ങള്‍.
    
 

ചന്ദ്രശേഖർ പ്രസാദ്
ചന്ദ്രശേഖർ പ്രസാദ്

പ്രസാദ് മുതല്‍ ഐഷി വരെ  

ചരിത്രത്തില്‍ ഇതാദ്യമല്ല ജെ.എന്‍.യുവിലെ യൂണിയന്‍ നേതാക്കള്‍ക്കെതിരെ അതിക്രമമുണ്ടാകുന്നത്. ദേശദ്രോഹിയെന്ന എ.ബി.വി.പിയുടെ ആരോപണത്തെത്തുടര്‍ന്നാണ് യൂണിയന്‍ പ്രസിഡന്റായിരുന്ന കന്നയ്യ കുമാര്‍ അറസ്റ്റിലായത്. ഹിന്ദുത്വവാദികള്‍ നടത്തിയ വ്യാജപ്രചരണങ്ങള്‍ക്കൊടുവില്‍ പൊലീസ് കനയ്യയേയും ഉമര്‍ ഖാലിദിനേയും അനിര്‍ബന്‍ ഭട്ടാചാര്യയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന പ്രക്ഷോഭം രാജ്യവ്യാപകമായി. അന്നത്തെ പ്രക്ഷോഭങ്ങള്‍ക്കു സമാനമായി 1997-ല്‍ ഒരു സമരം നടന്നിരുന്നു. ജെ.എന്‍.യുവില്‍ രണ്ടുതവണ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായ ചന്ദ്രശേഖര്‍ പ്രസാദ് കൊല്ലപ്പെട്ടതായിരുന്നു കാരണം. 1997 മാര്‍ച്ച് 31-ന് ഉച്ചയ്ക്ക് ബീഹാറിലെ ജെ.പി. ചൗക്കിലേക്കു പോകുകയായിരുന്ന അദ്ദേഹത്തെ ആര്‍.ജെ.ഡി എം.പി. ഷഹാബുദ്ദീന്റെ മൂന്ന് അനുയായികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. രാഷ്ട്രീയത്തിലെ ക്രിമിനലുകള്‍ക്കെതിരെ പോരാടിയ ചന്ദ്രശേഖര്‍ പ്രസാദ് ആര്‍.ജെ.ഡി നേതാക്കള്‍ക്ക് ശത്രുവായിരുന്നു. ഡല്‍ഹിയിലെ ബീഹാര്‍ നിവാസിലേക്ക് പ്രകടനം നടത്താനാണ് വിദ്യാര്‍ത്ഥികള്‍ ആദ്യം തീരുമാനിച്ചത്. ഈ കൊലപാതകത്തിന് ഉത്തരം പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, പ്രകടനത്തിനു നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ചന്ദ്രശേഖറിനെ വധിച്ച മൂന്നുപേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചെങ്കിലും പ്രധാന പ്രതി  ഷഹാബുദ്ദീന്‍ ശിക്ഷിക്കപ്പെട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com