'പ്രൊഫ. ജോസഫിന്റെ കൈവെട്ടിയവര്‍ക്ക് സഹിഷ്ണുതയെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും സംസാരിക്കാന്‍ എന്തവകാശം'?

എല്ലാ മുഖ്യധാരാ മുസ്ലിം രാഷ്ട്രീയ, മതസംഘടനകളും സ്വസമുദായത്തിനകത്ത് തുല്യത നിഷേധിക്കുന്നതില്‍ കടുത്ത നിഷ്‌കര്‍ഷ പുലര്‍ത്തുന്നവരാണ്
'പ്രൊഫ. ജോസഫിന്റെ കൈവെട്ടിയവര്‍ക്ക് സഹിഷ്ണുതയെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും സംസാരിക്കാന്‍ എന്തവകാശം'?

പൗരത്വ ഭേദഗതി നിയമാനന്തര ഇന്ത്യയില്‍ പൗരതുല്യതയും ബഹുസ്വരതയും മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അളവില്‍ വിശകലനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കയാണ്. നിയമത്തിനു മുന്‍പാകെ ജാതി മത ലിംഗ ഭാഷാഭേദമെന്യേ എല്ലാ പൗരന്മാരും തുല്യര്‍ എന്ന മതേതര ജനാധിപത്യ സങ്കല്പത്തിനു നിരക്കാത്തതാണ് പുതിയ പൗരത്വ നിയമം എന്നു ന്യായമായി എടുത്തുകാട്ടിയാണ് സെക്യുലര്‍ പാര്‍ട്ടികളെന്നപോലെ മുസ്ലിം രാഷ്ട്രീയ, സമുദായ സംഘടനകളും പ്രതിഷേധിക്കുന്നതും പ്രക്ഷോഭം നടത്തുന്നതും. ജനുവരി ആദ്യവാരത്തില്‍ വിവിധ മുസ്ലിം സംഘടനകള്‍ സംയുക്തമായി കൊച്ചിയിലും കോഴിക്കോട്ടുമൊക്കെ പടുകൂറ്റന്‍ റാലികളും സമ്മേളനങ്ങളും നടത്തുകയുണ്ടായി.

പൗരസമത്വത്തിനും വിവേചനരാഹിത്യത്തിനും വേണ്ടിയുള്ള ഏതു സമരവും സ്വാഗതം ചെയ്യപ്പെടുകയും പിന്തുണയ്ക്കപ്പെടുകയും ചെയ്യേണ്ടതാണെന്ന കാര്യത്തില്‍ ജനാധിപത്യവാദികള്‍ക്കു സംശയമുണ്ടാവില്ല. പക്ഷേ, അവര്‍ക്ക് സംശയം തോന്നാവുന്ന ഒരു മേഖല ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ട്. ജനാധിപത്യമൂല്യങ്ങള്‍ സ്വയം ഉയര്‍ത്തിപ്പിടിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നവരാകണം ജനാധിപത്യ മൂല്യങ്ങള്‍ക്കു വേണ്ടി മുറവിളികൂട്ടേണ്ടത്. സ്വയം ഏകാധിപത്യ പാത പിന്തുടരുന്നവര്‍ക്ക് ജനാധിപത്യാവകാശങ്ങളെക്കുറിച്ച്  സംസാരിക്കാന്‍ അര്‍ഹതയോ അവകാശമോ ഇല്ല. തങ്ങളുമായി ബന്ധപ്പെട്ട സംഘടനകളിലും സമുദായങ്ങളിലുമൊക്കെ ബഹുസ്വരത അംഗീകരിക്കുന്നവര്‍ വേണം മറ്റിടങ്ങളില്‍ ബഹുസ്വരതയ്ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍. അങ്ങനെ ചെയ്യാത്തവര്‍ അപരയിടങ്ങളില്‍ ബഹുസ്വരത ആവശ്യപ്പെടുന്നതിനു ന്യായമേതുമില്ല. അതുപോലെ രാഷ്ട്രത്തില്‍ പൗരതുല്യത വേണമെന്നു പറയുന്നവര്‍ സ്വസമുദായത്തില്‍ അംഗങ്ങള്‍ക്കു തുല്യത ഉറപ്പാക്കണം. സ്വന്തം സമുദായാംഗങ്ങള്‍ക്കു നേരെ ക്രൂരമായ വിവേചനം കാണിക്കുന്നവര്‍ക്ക് രാഷ്ട്രം പൗരന്മാര്‍ക്കെതിരെ പുലര്‍ത്തുന്ന വിവേചനത്തെ വിമര്‍ശിക്കാന്‍ ധാര്‍മ്മികാവകാശമുണ്ടോ?

ഈ ചോദ്യം ഉന്നയിക്കുന്നത് രാഷ്ട്രത്തില്‍ പൗരസമത്വത്തിനുവേണ്ടി ഘോരഘോരം ശബ്ദിക്കുന്നവര്‍ സ്വസമുദായത്തിനകത്ത് സമത്വം (തുല്യത) എന്ന മൂല്യത്തിന് അരക്കാശിന്റെ വില കല്പിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചത്തിലാണ്. ഇന്ത്യയില്‍ 20 കോടിയോളം മുസ്ലിങ്ങളുണ്ട്. അതില്‍ മുക്കാല്‍ കോടിയോളം കേരളീയരാണ്. കേരളം ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന സര്‍വ്വ മുസ്ലിങ്ങളേയും സമഭാവനയോടെ വീക്ഷിക്കുകയും സമുദായാംഗങ്ങള്‍ എന്ന നിലയില്‍ അവരോട് വിവേചനരഹിതമായി പെരുമാറുകയും ചെയ്യുന്ന എത്ര മുസ്ലിം രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകള്‍ രാജ്യത്തുണ്ട്? പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൗരതുല്യത എന്ന മുദ്രാവാക്യമുയര്‍ത്തി പ്രക്ഷോഭം നടത്തുന്ന ഏതെങ്കിലും മുസ്ലിം സംഘടനകള്‍ക്ക് തങ്ങള്‍ സ്വസമുദായാംഗങ്ങളോട് വിവേചനം കാണിച്ചിട്ടില്ലെന്നോ അവരുടെ തുല്യത അംഗീകരിക്കാതിരുന്നിട്ടില്ലെന്നോ  പറയാനാകുമോ?

മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ഇന്ത്യന്‍ നാഷണല്‍ ലീഗും മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമിനും സുന്നി സംഘടനകളും മുജാഹിദ് സംഘടനകളും ഉള്‍പ്പെടെ എല്ലാ മുഖ്യധാരാ മുസ്ലിം രാഷ്ട്രീയ, മതസംഘടനകളും സ്വസമുദായത്തിനകത്ത് തുല്യത നിഷേധിക്കുന്നതില്‍ കടുത്ത നിഷ്‌കര്‍ഷ പുലര്‍ത്തുന്നവരാണ്. സമുദായത്തിനകത്ത് ബഹുസ്വരത അനുവദിക്കുന്നതിലും അതുതന്നെ സ്ഥിതി. മതസംബന്ധ വിഷയങ്ങളില്‍ വിയോജനം രേഖപ്പെടുത്തുന്ന സമുദായാംഗങ്ങളോട് ഒരു സംഘടനയും സഹിഷ്ണുത പുലര്‍ത്തുന്നില്ല. ബഹുസ്വരത മതത്തിനും സമുദായത്തിനുമകത്ത് വേണ്ട, മറ്റിടങ്ങളില്‍ മതി എന്നതത്രേ എല്ലാവരുടേയും മനസ്സിലിരിപ്പ്. മതാശയതലത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും തന്റെ നിലപാടുകള്‍ പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരിലാണ് പി.കെ. മുഹമ്മദ് അബുല്‍ ഹസന്‍ എന്ന ചേകന്നൂര്‍ മൗലവി 1993 ജൂലൈ 29-ന് ഉന്മൂലനം ചെയ്യപ്പെട്ടത്. രാഷ്ട്രതലത്തില്‍ വേണമെന്നു തങ്ങള്‍ ആവശ്യപ്പെടുന്ന തുല്യതയോ ബഹുസ്വരതയോ മൗലവിയുടെ കാര്യത്തില്‍ വകവെച്ചു കൊടുക്കാന്‍ മുസ്ലിം സംഘടനാ നേതൃത്വം തയ്യാറായില്ല.

ആയുധമെടുക്കുന്ന അസഹിഷ്ണുത

ചേകന്നൂര്‍ കൊല്ലപ്പെടുന്നതിന് 46 വര്‍ഷം മുന്‍പ്, 1947 ആഗസ്റ്റ് രണ്ടിനാണ് പെരിന്തല്‍ മണ്ണയ്ക്കടുത്ത് അങ്ങാടിപ്പുറത്തെ ഉണ്ണീന്‍ സാഹിബും സഹോദരനും സഹോദര ഭാര്യയും വധിക്കപ്പെടുന്നത്. ഉണ്ണീന്‍ എന്ന മുസ്ലിം 1946-ല്‍ ഹിന്ദുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തു. രാമസിംഹന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അനുജന്‍ ആലിബാപ്പുവും മതം മാറി നരസിംഹന്‍ എന്ന പേരില്‍ അറിയപ്പെട്ടു. ഇസ്ലാം മതം ഉപേക്ഷിക്കുന്നവരെ വധിക്കണമെന്ന 'മതനിയമ'ത്തിന്റെ പിന്‍ബലത്തിലാണ്  മുസ്ലിം യാഥാസ്ഥിതികര്‍ അവരെ കൊലപ്പെടുത്തിയത്. അമുസ്ലിങ്ങളെ ഇസ്ലാമിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുന്നത് പുണ്യകര്‍മ്മമായി കാണുന്ന ഇസ്ലാമിക യാഥാസ്ഥിതികര്‍ മുസ്ലിങ്ങള്‍ മറ്റു മതങ്ങളിലേയ്ക്ക് മാറുന്നത് വധശിക്ഷയര്‍ഹിക്കുന്ന കുറ്റകൃത്യമായി പരിഗണിക്കുന്നു. ആ നിലപാട് ശരിയല്ലെന്നും ഉണ്ണീന്‍ കുടുംബത്തിന്റെ ഉന്മൂലനം തെറ്റായിരുന്നെന്നും പറയാന്‍ ഇന്നേവരെ മുഖ്യധാര മുസ്ലിം സംഘടനകളുടെ നാവ് പൊങ്ങിയിട്ടില്ല. ബഹുസ്വരതയോടും സഹിഷ്ണുതയോടുമുള്ള ആഭിമുഖ്യം അവര്‍ എഴുത്തിലും പ്രസംഗത്തിലും ഒതുക്കുന്നു.

ചേകന്നൂര്‍ വധം കഴിഞ്ഞ് 23 വര്‍ഷം പിന്നിട്ടപ്പോഴാണ് 2017 മാര്‍ച്ച് 16-ന് കോയമ്പത്തൂരിനടുത്ത് ഉക്കടം സ്വദേശിയായ എച്ച്. ഫാറൂക്ക് മുസ്ലിം തീവ്രവാദികളുടെ കൊലക്കത്തിക്കിരയായത്. മുസ്ലിം സമുദായാംഗമായ ആ 31-കാരന്‍ നാസ്തികനായിരുന്നു. മതനിഷേധം ആരോപിച്ചാണ് തീവ്രവാദികള്‍ ഫാറൂക്കിന്റെ ജീവനെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ തുല്യതയെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും വാചാലരാകുന്ന മുസ്ലിം രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകളുമായി ബന്ധപ്പെട്ട ആരും ആ കൊടുംപാതകത്തെ അപലപിക്കാന്‍ മുന്നോട്ട്  വരികയുണ്ടായില്ല. ഫാറൂഖ് എന്ന സ്വതന്ത്ര ചിന്തകന്‍ അര്‍ഹിച്ചതെന്തോ അതയാള്‍ക്ക് കിട്ടി എന്ന മനോഭാവമത്രേ അന്നുമിന്നും മുസ്ലിം സംഘടനാ മേധാവികളും അവരുടെ അനുയായിക്കൂട്ടങ്ങളും അവലംബിക്കുന്നത്.

മുസ്ലിം സ്ത്രീകളുടെ അനന്തരസ്വത്തവകാശത്തിലേയ്ക്ക് ചെന്നാല്‍ അവിടെയും കാണുന്നത് അനീതിയും മുഴുത്ത വിവേചനവും തന്നെ. സ്വത്തവകാശത്തില്‍ സ്ത്രീകളോട് വിവേചനം പാടില്ലെന്നു ഒരു മുസ്ലിം സംഘടനയും ഇന്നേവരെ പറഞ്ഞിട്ടില്ല. തങ്ങളുടെ ആശയധാരയോടൊപ്പം നില്‍ക്കാത്തവരെ 'പാഠം പഠിപ്പിക്കുന്ന' രീതിയും മുസ്ലിം സമുദായത്തിനകത്തുണ്ട്. മുസ്ലിം പെണ്‍കുട്ടി നൃത്തം അഭ്യസിച്ചതിന്റെ പേരില്‍ കുടുംബത്തിന് ഊരുവിലക്കേര്‍പ്പെടുത്തിയതൊന്നും പഴങ്കഥകളല്ല. തങ്ങള്‍ക്കു രുചിക്കാത്ത നാടകങ്ങളോ മറ്റു കലാവിഷ്‌കാരങ്ങളോ നടത്തുന്നതിനോടുള്ള തീവ്രമായ അസഹിഷ്ണുതയും പലയിടങ്ങളിലും നിലനില്‍ക്കുന്നു. സ്‌കൂള്‍ യുവജനോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട 'കിതാബ്' എന്ന നാടകത്തിനെതിരെ മുസ്ലിം മതമൗലിക സംഘടനകള്‍ ആക്രാമകമായി രംഗത്തിറങ്ങിയത് അടുത്തകാലത്താണ്. ന്യായീകരണ ലേശമില്ലാതെ മതനിന്ദയാരോപിച്ച് അന്യമതത്തില്‍പ്പെട്ടവരെപ്പോലും  വേട്ടയാടുന്ന സ്ഥിതിവിശേഷം നിലവിലുണ്ട്. പ്രൊഫ. ജോസഫിന്റെ കൈവെട്ടിയവര്‍ക്ക് സഹിഷ്ണുതയെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും സംസാരിക്കാന്‍ എന്തവകാശം?

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭരംഗത്തുള്ള മുസ്ലിം സംഘടനകളുടെ കാപട്യം തുറന്നുകാട്ടുന്ന മറ്റൊരധ്യായമാണ് തസ്ലീമ നസ്‌റിന്‍ സംഭവം. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറിയവരില്‍ മുസ്ലിങ്ങളെ മാത്രം ബന്ധപ്പെട്ട നിയമത്തിന്റെ ആനുകൂല്യത്തില്‍നിന്നു ഒഴിച്ചുനിര്‍ത്തുന്നു എന്നതാണ് നവനിയമത്തിന്റെ ദോഷം. അതിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റ് സൃഷ്ടിക്കുന്നവര്‍, കാല്‍നൂറ്റാണ്ട് മുന്‍പ് ബംഗ്ലാദേശില്‍നിന്നു അന്നാട്ടിലെ മുസ്ലിം മതമൗലികവാദികളാല്‍ ആട്ടിയോടിക്കപ്പെട്ട തസ്ലീമ നസ്റിന്‍ ഇന്ത്യയില്‍ അഭയം തേടുകയും ഭാരതീയ പൗരത്വത്തിനു കെഞ്ചുകയും ചെയ്തപ്പോള്‍ ആ എഴുത്തുകാരിയുടെ അഭ്യര്‍ത്ഥനയോട് സ്വീകരിച്ച സമീപനമെന്താണ്? മുഖ്യധാരാ മുസ്ലിം സംഘടനകള്‍ ഒന്നുപോലും നസ്റീന് പൗരത്വം നല്‍കണമെന്നു ആവശ്യപ്പെട്ടില്ലെന്നു മാത്രമല്ല, അങ്ങനെ ചെയ്യരുതെന്ന മനുഷ്യത്വവിരുദ്ധ  നിലപാട് കൈക്കൊള്ളുകയും ചെയ്തു. 'ലജ്ജ' എന്ന നോവലിന്റെ രചയിതാവിനോട് സഹിഷ്ണുതാപരമായ സമീപനം സ്വീകരിക്കാനുള്ള സന്മനസ്സ് മുസ്ലിം രാഷ്ട്രീയ, മത, സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് ഉണ്ടായതേയില്ല. സമുദായത്തിനകത്ത് തുല്യത എന്ന തത്ത്വം അവയുടെ നിഘണ്ടുവില്‍ ഇല്ലെന്നര്‍ത്ഥം.

തസ്ലീമാ വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ മാത്രമല്ല കുറ്റക്കാര്‍. പൗരസമത്വത്തെക്കുറിച്ചും മതനിരപേക്ഷ ജനാധിപത്യത്തെക്കുറിച്ചും  ബഹുസ്വരതയെക്കുറിച്ചും വിയോജന സ്വാതന്ത്ര്യത്തെക്കുറിച്ചും ഗിരിപ്രഭാഷണം നടത്തുന്ന സെക്യുലര്‍ പാര്‍ട്ടികളും അക്കാര്യത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടി കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കേ ഇന്ത്യയില്‍ ശരണാര്‍ത്ഥിയായി വന്ന ബംഗ്ലാദേശി നോവലിസ്റ്റിന് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ അവര്‍ കൂട്ടാക്കിയില്ല. മുസ്ലിം സംഘടനകളുടെ അപ്രീതിക്കു പാത്രമാവുകയും അവരുടെ വോട്ട് നഷ്ടപ്പെടുകയും ചെയ്യുമോ എന്നതായിരുന്നു കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ആധി. സി.പി.എമ്മും അതേ ആധി നിമിത്തം തസ്ലീമയോട് അനീതികാണിച്ചു. തന്റെ രണ്ടാംവീടായി കൊല്‍ക്കത്തയെ കണ്ട ആ എഴുത്തുകാരിക്ക് ആ നഗരത്തില്‍ ജീവിക്കാനായിരുന്നു കൂടുതല്‍ ആഗ്രഹം. അതവര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും 2007-ല്‍ പശ്ചിമ ബംഗാളിലെ മുസ്ലിം പുരോഹിതര്‍ തസ്ലീമ നസ്‌റീനെ കൊല്‍ക്കത്തയില്‍നിന്നു പുറത്താക്കണമെന്നു ഇടതുപക്ഷ സര്‍ക്കാരിനോട് ആവശ്യപ്പെട്ടപ്പോള്‍, മുസ്ലിം വോട്ട് ഭ്രമം മൂലം ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാര്‍ ബംഗ്ലാദേശി എഴുത്തുകാരിയെ പശ്ചിമ ബംഗാളില്‍നിന്നു നിര്‍ദ്ദയം കെട്ടുകെട്ടിച്ചു.

ആ സി.പി.എമ്മും കോണ്‍ഗ്രസ്സുമെല്ലാം ചേര്‍ന്ന് ഇപ്പോള്‍ കേരള നിയമസഭയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയിരിക്കുന്നു. നല്ല കാര്യം. പക്ഷേ, പശ്ചാത്തലത്തില്‍ ഒരു ചോദ്യം തൂങ്ങിനില്‍ക്കുന്നു: മുസ്ലിം അഭയാര്‍ത്ഥിയും പൗരത്വാര്‍ത്ഥിയുമായ തസ്ലീമയ്ക്കുവേണ്ടി, കഴിഞ്ഞ രണ്ടര ദശാബ്ദത്തിനിടയ്ക്ക്, നിയമസഭയില്‍ ഒരു പരാമര്‍ശമെങ്കിലും സി.പി.എം-കോണ്‍ഗ്രസ്സാദികള്‍ നടത്താതിരുന്നതെന്തുകൊണ്ട്? ഒറ്റയാള്‍ വോട്ട് വേണ്ട, കൂട്ടയാള്‍ വോട്ട് മതി എന്നതുകൊണ്ടാണോ?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com