യുഎപിഎ: കേരളത്തിലെ പൊലീസ് സംവിധാനത്തിലെ സംഘ്പരിവാര്‍ സ്വാധീനത്തെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ ന്യായമോ?

മാധ്യമ സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പറഞ്ഞ മറുപടി അവര്‍ ചായകുടിക്കാന്‍ പോയതിനല്ല അറസ്റ്റു ചെയ്യപ്പെട്ടതെന്നും അവരത്ര പരിശുദ്ധന്മാരാണെന്നു കരുതേണ്ടതില്ലെന്നുമാണ്
അലനും താഹയ്ക്കും നീതി നൽകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് നടന്ന അമ്മമാരുടെ പ്രതിഷേധ സമരം/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
അലനും താഹയ്ക്കും നീതി നൽകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് നടന്ന അമ്മമാരുടെ പ്രതിഷേധ സമരം/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

1935-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ഡോക്ട്രിന്‍ ഒഫ് ഫാസിസം എന്ന താത്ത്വിക ഗ്രന്ഥത്തില്‍ ബെനിറ്റോ മുസ്സോളിനി ഫാസിസം എന്ന തന്റെ രാഷ്ട്രീയ സിദ്ധാന്തത്തിന്റെ കേന്ദ്രതത്ത്വങ്ങളായി ചൂണ്ടിക്കാണിക്കുന്ന അഞ്ചു കാര്യങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത് സാമൂഹികവും വ്യക്തിപരവുമായ നമ്മുടെ ജീവിതത്തില്‍ ഒന്നാമതായി വരുന്നത് ഭരണകൂട താല്പര്യങ്ങളായിരിക്കണം എന്നതാണ്, വ്യക്തിയുടെ അവകാശങ്ങള്‍ക്കല്ല എന്നതാണ്. ഫാസിസത്തിന്റെ കാലത്ത് ദേശത്തിനും വ്യക്തിപരമായ അവകാശങ്ങള്‍ക്കും മുകളില്‍ ഭരണകൂടത്തിന്റെ താല്പര്യം പ്രതിഷ്ഠിക്കപ്പെടുന്നു.

ഏതാനും വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് യുഎപിഎ പോലുള്ള കരിനിയമങ്ങളുടെ പ്രയോഗം ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കപ്പെടുന്നത് സൂചിപ്പിക്കുന്നത് 70 വര്‍ഷങ്ങള്‍ക്കു മുന്‍പേ യൂറോപ്പ് വലിച്ചെറിഞ്ഞ ഒരു രാഷ്ട്രീയ വ്യവസ്ഥയിലേയ്ക്ക് പതുക്കെയാണെങ്കിലും ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നതാണ്. ടാഡയായും പോട്ടയായും യുഎപിഎയായും അത്തരമൊരു വ്യവസ്ഥയിലേയ്ക്ക് രാജ്യം നീങ്ങുന്നതിന്റെ ശക്തമായ സൂചനകള്‍ പ്രത്യക്ഷപ്പെടുന്നു. ഭരിക്കുന്നത് യു.പി.എയായാലും എന്‍.ഡി.എയായാലും വ്യക്തിയുടെ അവകാശങ്ങള്‍ക്കു മുകളില്‍ ഭരണകൂടത്തിന്റെ താല്പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന നിയമങ്ങള്‍ കൂടുതല്‍ കാര്‍ക്കശ്യത്തോടെ പ്രയോഗത്തിലാക്കുകയും ചെയ്യുന്നു. 

പലപ്പോഴും നമ്മുടെ മുഖ്യധാരാ കക്ഷികള്‍ ഈ നിയമത്തോട് ചില ഘട്ടങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, എല്ലായ്പോഴും ഈ കരിനിയമത്തിനെതിരെ ഏറ്റവും ശക്തമായി ഉയര്‍ന്നു കേട്ടിട്ടുള്ള ശബ്ദമാണ് സി.പി.ഐ.എമ്മിന്റേത്. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയതും അപകടകരമായ നിയമം എന്നും ബി.ജെ.പിയോട് ആശയപരമായി എതിര്‍പ്പുള്ളവരെ കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കപ്പെടും എന്നും സി.പി.ഐ.എം ആരോപിച്ചതാണ്. യുഎപിഎ പൗരന്മാരുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും ഫെഡറലിസത്തിനും നേരെയുള്ള ആക്രമണമായിട്ടും ആ പാര്‍ട്ടി അതിന്റെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവെന്‍ഷന്‍) അമെന്റ്‌മെന്റ് ബില്ലിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഈ നിയമം വഴി ഗവണ്‍മെന്റ് ഒരു വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കുന്നത് സമൂഹത്തിന്റെ കണ്ണില്‍ അയാളെ മോശക്കാരനാക്കുകയും ജോലിനഷ്ടവും സാമൂഹിക ബഹിഷ്‌കരണവും ഉള്‍പ്പെടെയുള്ള ഭവിഷ്യത്തുകള്‍ അയാള്‍ അനുഭവിക്കേണ്ടിവരുമെന്നും അന്നത്തെ മുഖപ്രസംഗത്തില്‍ സി.പി.ഐ.എം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

മുഖ്യമന്ത്രിയുടെ ന്യായീകരണം 

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തപ്പെടുകയും എന്‍.ഐ.എയ്ക്ക് എറിഞ്ഞു കൊടുക്കപ്പെടുകയും ചെയ്ത അലന്‍, താഹ എന്നീ രണ്ടു യുവജീവിതങ്ങളെക്കുറിച്ച് മാധ്യമ സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പറഞ്ഞ മറുപടി അവര്‍ ചായകുടിക്കാന്‍ പോയതിനല്ല അറസ്റ്റു ചെയ്യപ്പെട്ടതെന്നും അവരത്ര പരിശുദ്ധന്മാരാണെന്നു കരുതേണ്ടതില്ലെന്നുമാണ്. മോദി സര്‍ക്കാര്‍ തുടങ്ങിവെച്ച ഹിന്ദുത്വ രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമായി ആര്‍.എസ്.എസ് മുന്‍പോട്ടു വച്ചിട്ടുള്ള പട്ടികയിലുള്ള ആഭ്യന്തര ശത്രുക്കളെ ഇല്ലായ്മ ചെയ്യാനുള്ള നടപടികളുടെ ഭാഗമായാണ് യുഎപിഎ ഭേദഗതി നിയമം, എന്‍.ഐ.എ ഭേദഗതി നിയമം, കശ്മീരിന്റെ പ്രത്യേകാവകാശം ഉറപ്പാക്കിയ 370-ാം വകുപ്പ് എടുത്തുകളയല്‍, പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടികാ ആസൂത്രണവുമെല്ലാം എന്ന ആരോപണം ശക്തമായിരിക്കെയാണ് കേരളത്തിലെ ഗവണ്‍മെന്റ് സി.പി.ഐ.എം പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തുന്നതും കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നതും. ഇപ്പോള്‍ എന്‍.ഐ.എയുടെ അന്വേഷണപരിധിയിലാണ് കേസ് എങ്കിലും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം സംസ്ഥാന ഗവണ്‍മെന്റിനു തന്നെയാണ്. ആ ഉത്തരവാദിത്വം തന്റെ ഗവണ്‍മെന്റ് കയ്യൊഴിയുന്നില്ലെന്നതുതന്നെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം, അലന്‍-താഹ കേസുകള്‍ എന്‍.ഐ.എ ഏറ്റെടുത്തതില്‍ സി.പി.ഐ.എം പ്രതിഷേധിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ക്രമസമാധാനം സംസ്ഥാന ഗവണ്‍മെന്റിന്റെ ചുമതലയായിരിക്കെ സംസ്ഥാനത്തോട് കൂടിയാലോചിക്കാതെ കേസ് എന്‍.ഐ.എയെ ഏല്പിച്ച കേന്ദ്രഗവണ്‍മെന്റിന്റെ പ്രതിഷേധാര്‍ഹമായ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബ്ബലപ്പെടുത്തുന്നുവെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ആരോപിച്ചതായിട്ടായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കു മുന്‍പേ തന്നെ കേസ് എന്‍.ഐ.എക്ക് കൈമാറുന്നുവെന്നു സൂചിപ്പിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിട്ടും അതു സംബന്ധിച്ച യാഥാര്‍ത്ഥ്യമെന്തെന്ന് സംസ്ഥാന ഗവണ്‍മെന്റോ ഭരണകക്ഷിയോ വെളിപ്പെടുത്തുകയുണ്ടായില്ല. 

എന്നാല്‍, ഈ കേസ് എന്‍.ഐ.എ ഏറ്റെടുക്കാന്‍ കാരണം അലനും താഹയ്ക്കും മേല്‍ സംസ്ഥാനം യുഎപിഎ ചുമത്തിയതാണെന്നു വ്യക്തമാക്കുന്ന കത്ത് പിന്നീട് പുറത്തുവന്നു. യുഎപിഎ ചുമത്തിയതിനാല്‍ കേസ് എന്‍.ഐ.എ നിയമത്തിന്റെ പരിധിയില്‍ വരുമെന്നു ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയ്ക്കും ചീഫ് സെക്രട്ടറി ടോം ജോസിനുമാണ് കത്തയയച്ചത്. അലനും താഹയ്ക്കുമെതിരെ ചുമത്തിയ യുഎപിഎ 2008-ലെ എന്‍.ഐ.എ നിയമപ്രകാരം ഷെഡ്യൂള്‍ഡ് ക്രൈമില്‍ ഉള്‍പ്പെടുന്നതാണ്. കേന്ദ്ര ഗവണ്‍മെന്റിനു നേരിട്ടു ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് സംസ്ഥാന പൊലീസില്‍നിന്നും എന്‍.ഐ.എ കേസ് ഏറ്റെടുത്തത്രേ.

അലൻ ഷുഹൈബ് പൊലീസ് കസ്റ്റഡിയിൽ
അലൻ ഷുഹൈബ് പൊലീസ് കസ്റ്റഡിയിൽ

രാജ്യമെമ്പാടും ബലാബലത്തില്‍ മുന്‍തൂക്കമുള്ള ബി.ജെ.പിയുടെ മുന്നണിയോ അവരെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്സിന്റെ മുന്നണിയോ അല്ല കേരളം ഭരിക്കുന്നത്. ഈ രണ്ടു മുന്നണികള്‍ക്കും ബദലായി ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധസമരത്തിന്റേയും ജന്മിത്വ വിരുദ്ധപ്രക്ഷോഭങ്ങളുടേയും രാഷ്ട്രീയത്തിന്റെ തുടര്‍ച്ച അവകാശപ്പെടാവുന്നതും നവലിബറല്‍-ഹിന്ദുത്വവാഴ്ചയ്ക്ക് ബദലിനുള്ള സാധ്യത മുന്നോട്ടു വെയ്ക്കുന്നതുമായ മുന്നണിയാണ് തങ്ങളുടേത് എന്നാണ് സി.പി.ഐ.എം അവകാശപ്പെട്ടു കേട്ടിട്ടുള്ളത്. രാജ്യമെമ്പാടുമുള്ള പുരോഗമന രാഷ്ട്രീയക്കാര്‍ പൗരത്വബില്ലിനോടുള്ള വിയോജിപ്പ് ശക്തമായി രേഖപ്പെടുത്തിയപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ സി.പി.ഐ.എം ഉണ്ടായിരുന്നു. എന്നാല്‍, അതേ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഒരു സംസ്ഥാന ഗവണ്‍മെന്റ് ആ ഗവണ്‍മെന്റിനെ പിന്തുണയ്ക്കുകയും ആര്‍.എസ്.എസ് രാഷ്ട്രീയത്തെ എതിര്‍ക്കുകയും ചെയ്യുന്ന സ്വന്തം കേഡര്‍മാരെ കരിനിയമങ്ങളില്‍ അകപ്പെടുത്തി ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറുന്നുവെന്ന ആക്ഷേപം ഇപ്പോള്‍ ശക്തമായിരിക്കുന്നു. കേരളത്തിലെ പൊലീസ് മുന്‍കാലങ്ങളിലെ വലതുഭരണത്തില്‍നിന്നു വ്യത്യസ്തമല്ലെന്നും അതിനു കാരണം ഇടതുപക്ഷ നയത്തിനോടു വിയോജിക്കുന്ന ഉദ്യോഗസ്ഥരെ അതിനെ നിയന്ത്രിക്കാന്‍ അനുവദിക്കുന്നതാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

പിടിച്ചടക്കിയ നാട്ടുരാജ്യങ്ങളില്‍ രാജാവിനെ നിലനിര്‍ത്തി അധികാരം തങ്ങളുടെ പ്രതിനിധികളില്‍ നിക്ഷിപ്തമാക്കിപ്പോന്ന കൊളോണിയല്‍ പതിവ് ഇപ്പോഴും നമ്മുടെ നാട്ടില്‍ തുടരുന്നുവെന്നാണ് കരുതേണ്ടത് എന്ന് ഇടതുപക്ഷ ബുദ്ധിജീവിയും എഴുത്തുകാരനുമായ ഡോ. ആസാദ് പറയുന്നു. '2016-ല്‍ അധികാരത്തില്‍ വന്ന സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന് ആദ്യമേ വഴങ്ങേണ്ടിവന്നത് ആ രണ്ടു ശത്രുക്കള്‍ക്കാണ്. അതിന്റെ ഫലമായാണ് സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനേയും ക്രമസമാധാന ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവയേയും ലഭിച്ചത് കേന്ദ്ര താല്പര്യങ്ങളുടെ രണ്ടു ഗവര്‍ണര്‍ ജനറല്‍മാര്‍ തന്നെയാണവര്‍.'' ആസാദ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ''മുന്‍പ് എപ്പോഴെങ്കിലും ഏതെങ്കിലും ഇടതുപക്ഷ സര്‍ക്കാര്‍ നയപരമായി വിയോജിപ്പുള്ളവരെ ഭരണ ആസ്ഥാനത്ത് വിളിച്ചിരുത്തിയിട്ടുണ്ടോ? ഇത് പിണറായിക്കു മേല്‍ മോദി-അമിത് ഷാ കൂട്ടുകെട്ട് അടിച്ചേല്‍പ്പിച്ചതാണ്.'' അദ്ദേഹം ആരോപിക്കുന്നു. 1991 ഡിസംബര്‍ 15-ന് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ പതിനൊന്നുകാരിയായ സിറാജുന്നീസയുടെ കൊലയിലേയ്ക്ക് നയിച്ച വെടിവെയ്പിനു ഉത്തരവിട്ട ഉദ്യോഗസ്ഥനാണ് രമണ്‍ ശ്രീവാസ്തവ. നൂറുപേരുടെ ഒരു സംഘത്തെ സിറാജുന്നീസയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കാന്‍ വന്നുവെന്നായിരുന്നു അന്നു പൊലീസ് ഭാഷ്യം. അന്നു തനിക്ക് മുസ്ലിങ്ങളുടെ ശവശരീരങ്ങള്‍ കാണണമെന്നു അദ്ദേഹം കീഴുദ്യോഗസ്ഥനോടു ആക്രോശിച്ചതായി പിന്നീട് നായനാര്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന വി.സി. കബീര്‍ ആരോപിച്ചിരുന്നു. ബി.ജെ.പി നേതാവ് മുരളീമനോഹര്‍ജോഷിയുടെ ഏക്തായാത്രയുടെ പശ്ചാത്തലത്തിലായിരുന്നു പാലക്കാട്ടെ അന്നത്തെ സംഭവവികാസങ്ങള്‍. 

താഹ പൊലീസ് കസ്റ്റഡിയിൽ
താഹ പൊലീസ് കസ്റ്റഡിയിൽ

''ഒരന്വേഷണവും നടക്കാതെയാണ് അലനേയും താഹയേയും മാവോയിസ്റ്റായി പിണറായി പ്രഖ്യാപിക്കുന്നത്? ഒരന്വേഷണവും നടന്നതായി നമുക്കറിവില്ല. ഒരു കോടതിയും അവര്‍ മാവോയിസ്റ്റുകളാണെന്നു കണ്ടെത്തിയിട്ടില്ല. കോടതികളുടേയോ ജനങ്ങളുടേയോ നീതിബോധത്തെ തൃപ്തിപ്പെടുത്തുന്നതല്ല സംസ്ഥാന ഗവണ്‍മെന്റിന്റെ നിലപാട്. ഇവിടെ പൊലീസ് സര്‍ക്കാരിന്റെ നയം നടപ്പാക്കുകയാണോ അതോ സര്‍ക്കാര്‍ പൊലീസിന്റെ നയം നടപ്പാക്കുകയാണോ ചെയ്യുന്നത്?'' എഴുത്തുകാരനും ചിന്തകനുമായ എം.എന്‍. കാരശ്ശേരി ചോദിക്കുന്നു.

വളരുന്ന പ്രതിഷേധം 

അതേസമയം, അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെയുള്ള പ്രതിഷേധം ഇപ്പോഴും കേരളീയ സമൂഹത്തില്‍ സജീവമായി തുടരുകയാണ്. പൗരത്വ നിയമഭേദഗതിക്കെതിരെ ഉണ്ടായ തോതിലില്ലെങ്കില്‍പ്പോലും. സി.പി.ഐ.എമ്മിലും ഇടതുമുന്നണിയിലും ഈ നടപടികളോട് പൂര്‍ണ്ണമായ യോജിപ്പില്ലെന്ന വസ്തുത പരസ്യമാണ്. അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടിയ്‌ക്കെതിരെ സി.പി.ഐ പരസ്യമായി വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. ''പന്തീരാങ്കാവില്‍ രണ്ടു യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ഭരണഘടന പറയുന്നത് ഒരു കേസില്‍ പ്രതിയോടുതന്നെ അയാള്‍ക്കെതിരായ തെളിവുകള്‍ കൊടുക്കാന്‍ പറയാന്‍ പാടില്ല എന്നാണ്. എന്നാല്‍, യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്താല്‍, നിരപരാധിയാണെന്നു തെളിയിക്കാനുള്ള ബാധ്യത അയാള്‍ക്കാണ്. മറ്റു കേസുകളില്‍ പ്രോസിക്യൂഷനാണ് കുറ്റം തെളിയിക്കാനുള്ള ബാധ്യത. യുഎപിഎ ചുമത്തിയാല്‍ പ്രോസിക്യൂഷന് ഒരു ബാധ്യതയുമില്ല. ആ വകുപ്പ് പ്രകാരം രണ്ടു യുവാക്കള്‍ക്കെതിരെ കേസെടുത്തു. 

അവരുടെ പാര്‍ട്ടി തന്നെ ആദ്യം അവര്‍ നിരപരാധികളാണെന്നു പറഞ്ഞു. പിന്നീട് അപരാധികളാണെന്നും. ഏതു നിലയില്‍ അവര്‍ക്കു നിലപാട് മാറ്റിപ്പറയാനാകും. മറ്റാരെങ്കിലും പറയുമ്പോള്‍ എങ്ങനെ നിലപാട് മാറ്റിയെന്ന് അവര്‍ തുറന്നു പറയണം.'' കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്‍പാകെ മനുഷ്യാവകാശസമിതി നടത്തിയ സമരം ഉദ്ഘാടനം ചെയ്യുന്ന സന്ദര്‍ഭത്തില്‍ സി.പി.ഐയുടെ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്ബാബു പറഞ്ഞതിങ്ങനെ. അലന്റേയും താഹയുടേയും മേല്‍ യുഎപിഎ ചുമത്തിയത് പിന്‍വലിക്കണമെന്ന് അന്നുതന്നെ സി.പി.ഐ ആവശ്യപ്പെട്ടതാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടതാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനെതിരെ ശക്തമായ വികാരമുയര്‍ന്നിരുന്നു. 

തുഷാർ നിർമൽ സാരഥി
തുഷാർ നിർമൽ സാരഥി

മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദം- തുഷാര്‍ നിര്‍മല്‍ സാരഥി 

താഹയേയും അലനേയുംപോലെ 'പരിശുദ്ധരല്ലാത്തവര്‍'ക്കുമേല്‍ ചുമത്താവുന്നതാണ് യുഎപിഎ നിയമമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. താഹയും അലനും തെറ്റ് ചെയ്യാത്തവരല്ലെന്നു പറയുന്ന മുഖ്യമന്ത്രി അവരെന്ത് തെറ്റാണ് ചെയ്തതെന്നു പറയാന്‍ തയ്യാറായില്ല. 

ഇനി മാവോയിസ്റ്റ് പാര്‍ട്ടിയില്‍ അംഗങ്ങളായതുകൊണ്ടുമാത്രം യുഎപിഎ ചുമത്തുന്നതിനു ന്യായമില്ലെന്നുപോലും സുപ്രീംകോടതി 2010-ല്‍ പറഞ്ഞിട്ടുണ്ട്. സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തെ സംബന്ധിച്ച് ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ് താഹ - അലന്‍ കേസില്‍ മുഖ്യമന്ത്രി നിരന്തരം നടത്തുന്ന ന്യായീകരണം. ഒരു ക്രിമിനല്‍ കേസില്‍ വിചാരണ നടത്തി ഒരു നിയമക്കോടതി കുറ്റം ചെയ്‌തെന്നു കണ്ടെത്തിയാല്‍ മാത്രമേ ഒരാള്‍ അപരാധിയാകുന്നുള്ളു. നമ്മുടെ ക്രിമിനല്‍ നിയമവ്യവസ്ഥയുടെ അടിസ്ഥാന നിലപാടുകളിലൊന്നാണിത്. ഇതറിയാത്ത ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നു കരുതാന്‍ ന്യായമില്ല. 

എന്നിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂപ്പര്‍ കോടതി ചമഞ്ഞ് അന്വേഷണം പോലും പൂര്‍ത്തിയാകാത്ത കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ തെറ്റുചെയ്തവരാണെന്നു വിളിച്ചുപറയുന്നത്. അനാവശ്യമായ ഈ അഭിപ്രായപ്രകടനം സംശയാസ്പദമാണ്. രാഷ്ട്രീയ പ്രേരിതമായി നടന്ന അന്വേഷണത്തിലേയ്ക്ക് ഈ പ്രസ്താവനകള്‍ വിരല്‍ചൂണ്ടുന്നു. 

പാര്‍ട്ടി നടത്തിയ അന്വേഷണത്തിനുശേഷം ജില്ലാ നേതാക്കള്‍ പങ്കെടുത്ത് നടത്തിയ വിശദീകരണ യോഗത്തില്‍ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് മാവോയിസ്റ്റ് രേഖകള്‍ കണ്ടെടുത്തതെന്നും താഹയും അലനും മാവോയിസ്റ്റ് ബന്ധമുണ്ടെന്നു പ്രസംഗിച്ചതും ഇതിനോടു ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. 

ആദ്യത്തെ യു.പി.എ ഗവണ്‍മെന്റിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു പോട്ട ഇല്ലാതാക്കല്‍. എന്നാല്‍, പോട്ട ഇല്ലാതാക്കിയെങ്കിലും യുഎപിഎ ശക്തിപ്പെടുത്തുകയും പോട്ടയേക്കാള്‍ അത് മനുഷ്യവിരുദ്ധമാക്കി ഭേദഗതികള്‍ വരുത്തുകയും ചെയ്തു. പിന്നീട് പലതവണ ഇതു ഭേദഗതി ചെയ്തു. ഒടുവിലത്തെ ഭേദഗതിയോട് സി.പി.ഐ.എം എതിര്‍പ്പു പ്രകടിപ്പിച്ചതാണ്. പേരിനുള്ള ആ എതിര്‍പ്പുപോലും മാറ്റിവച്ചാണ് സംസ്ഥാന ഗവണ്‍മെന്റ് ഇതു പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. യുഎപിഎ സംബന്ധിച്ച് ഒരു റിവ്യു കമ്മിറ്റി ഉണ്ടെന്നാണ് പറയുന്നത്. പക്ഷേ, അതൊരു തട്ടിപ്പാണ്. നദീറിന്റേയും കോഴിക്കോട്ടെ രജീഷിന്റേയും കാര്യത്തില്‍ കോടതിയുടെ ഇടപെടലാണ് യുഎപിഎ ഇല്ലാതാക്കിയത്.

കൽപ്പറ്റ നാരായണൻ
കൽപ്പറ്റ നാരായണൻ

കേന്ദ്രതാല്പര്യങ്ങള്‍ സംരക്ഷിക്കാനോ കേരളത്തിലെ പൊലീസ്?- കല്‍പ്പറ്റ നാരായണന്‍ 

ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നിയമമാണ് യുഎപിഎ ഭരണകൂടത്തിനു ഇഷ്ടപ്പെടാത്തവരെ ചോദ്യം ചെയ്യാതെ തടങ്കലില്‍ വയ്ക്കാമെന്നുള്ളതാണ് ഈ നിയമത്തിന്റെ വലിയൊരു സൗകര്യം. രാജ്യദ്രോഹികള്‍ക്കെതിരേയും രാജ്യത്തിന്റെ താല്പര്യത്തിനും വേണ്ടിയാണ് ഈ നിയമം നടപ്പാക്കുന്നത് എന്നാണ് രാജ്യം ഭരിക്കുന്ന കൂട്ടര്‍ പറയുന്നത്. എന്നാല്‍, അവരില്‍നിന്നു വേറിട്ട് രാജ്യദ്രോഹത്തെക്കുറിച്ചും രാജ്യത്തെക്കുറിച്ചും മറ്റൊരു സങ്കല്പമുള്ള ഒരു കൂട്ടര്‍ എന്തിനാണ് സംസ്ഥാനത്ത് ഇതേ യുഎപിഎ നടപ്പാക്കുന്നത് എന്നാണ് എന്റെ ചോദ്യം.

ഒന്നുകില്‍ കേന്ദ്രഭരണത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പൊലീസാണ് കേരളത്തിലുള്ളത് എന്നതായിരിക്കാം കാരണം. അതുമല്ലെങ്കില്‍ ഈ രണ്ടു യുവാക്കളെ ജയിലിലടയ്ക്കുന്നതിനു സംസ്ഥാന ഭരണകൂടത്തിനു പ്രത്യേകം താല്പര്യമുണ്ട്. അതു വ്യക്തമാക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണം. 

നിലവിലുള്ള കേന്ദ്രഭരണകൂടത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് കേരളത്തിലെ പൊലീസിന്റെ ജോലിയെങ്കില്‍ നമ്മള്‍ ഇപ്പോള്‍ നടത്തുന്ന സമരങ്ങള്‍ക്കൊന്നും അര്‍ത്ഥമില്ലെന്നു പറയേണ്ടിവരും. എന്തായാലും ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് ഒരു പ്രതിസന്ധിയിലാണ് എന്നതാണ് വാസ്തവം.

കോഴിക്കോട് നടന്ന അമ്മമാരുടെ സമരത്തിൽ പങ്കെടുക്കാനെത്തിയ താഹയുടെ ഉമ്മ ജമീല
കോഴിക്കോട് നടന്ന അമ്മമാരുടെ സമരത്തിൽ പങ്കെടുക്കാനെത്തിയ താഹയുടെ ഉമ്മ ജമീല

എന്റെ മകന്‍ ഡിവൈഎഫ്‌ഐക്കാരന്‍, രാജ്യദ്രോഹിയല്ല- ജമീല (താഹയുടെ ഉമ്മ)

എന്റെ മകന്‍ കുറ്റക്കാരനല്ല. യുഎപിഎ ചുമത്താനുള്ള ഒരു കുറ്റവും അവന്‍ ചെയ്തിട്ടില്ല. എസ്.എഫ്.ഐയുടേയും ഡി.വൈ.എഫ്.ഐയുടേയുമൊക്കെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു അവന്‍. അല്ലാതെ മറ്റൊരു സംഘടനയിലും അവന്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഒരമ്മ എന്ന നിലയ്ക്ക് എന്റെ മകന്റെ അവസ്ഥയില്‍ എനിക്ക് വലിയ ഉല്‍ക്കണ്ഠയുണ്ട്. 

മുഖ്യമന്ത്രിക്ക് അതു മനസ്സിലാകുമെന്നാണ് തോന്നുന്നത്. തയ്യല്‍ജോലി ചെയ്തു ജീവിക്കുന്ന എനിക്കു വലിയ താങ്ങായിരുന്നു അവന്‍. അവനെ മോചിപ്പിക്കാനാവശ്യമായ ഇടപെടല്‍ ഉണ്ടാകുമെന്നുതന്നെയാണ് ഇപ്പോഴും ഞാന്‍ പ്രതീക്ഷിക്കുന്നത്. യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത എന്റെ കുട്ടികളെക്കുറിച്ച് അവര്‍ പരിശുദ്ധരല്ലെന്നും ചായകുടിക്കാന്‍ പോയതല്ലെന്നുമൊക്കെ മുഖ്യമന്ത്രി പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ല. പ്രദേശത്തെ പാര്‍ട്ടിക്കാര്‍ ഇപ്പോഴും വീട്ടില്‍ മുന്‍പത്തെപ്പോലെ വരാറുണ്ട്. ആശ്വസിപ്പിക്കാറുണ്ട്. എനിക്കു പ്രതീക്ഷയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com