അടിമകളും അഭയാര്‍ത്ഥികളും

ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ചോദ്യം ചെയ്യപ്പെടുന്ന പൗരത്വ ഭേദഗതി നിയമത്തേയും അഭയാര്‍ത്ഥികളുടെ പലായന ചരിത്രത്തിന്റേയും വെളിച്ചത്തില്‍ നോക്കിക്കാണാന്‍ നാം തയ്യാറാകേണ്ടതാണ്
അടിമകളും അഭയാര്‍ത്ഥികളും

ഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ ഇന്നും നിലനില്‍ക്കുന്ന നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു കഥയുണ്ട്. യൂറോപ്യന്‍ വംശജരും വെള്ളക്കാരുമൊന്നും കറുത്ത ഭൂഖണ്ഡത്തിലേക്ക് കടന്നുചെല്ലാതിരുന്ന ഭൂതകാലത്തിന്റെ രാത്രികളിലെപ്പോഴോ മാനത്തുദിച്ച ചന്ദ്രനെ നോക്കിക്കൊണ്ട് മടിയിലിരുന്ന കുഞ്ഞിന് കഥ പറഞ്ഞുകൊടുക്കുകയായിരുന്നു ഒരമ്മ. അപ്പോഴാണ് ആകാശത്തൊരു ഉല്‍ക്കാവര്‍ഷമുണ്ടായത്. കണ്ണഞ്ചിപ്പിക്കുന്ന ഉല്‍ക്കാപതനം കുറച്ചുനേരം നീണ്ടുനിന്നു. അതവസാനിച്ചപ്പോള്‍ മടിയിലിരുന്ന കുഞ്ഞ് അമ്മയോടു ചോദിച്ചുവത്രേ: ''ആ പ്രകാശത്തില്‍നിന്നും കഥയില്‍ കേട്ട നമ്മുടെ പൂര്‍വ്വികര്‍ നമ്മുടെ നാട്ടിലേക്ക് വീണ്ടും വരുമോ''യെന്ന്. അമ്മയുടെ മറുപടി മറ്റൊന്നായിരുന്നു. അവര്‍ നമ്മുടെ നാട്ടില്‍ മാത്രമല്ല; ആഫ്രിക്കയിലെമ്പാടും അലഞ്ഞുതിരിഞ്ഞുകൊണ്ടേയിരിക്കുമെന്നായിരുന്നു അമ്മ പറഞ്ഞത്. തങ്ങളുടെ നാടുകളില്‍നിന്നും അലയാന്‍ വിധിക്കപ്പെട്ടവരും നിഷ്‌കാസിതരായവരുമെല്ലാം ചിന്നിച്ചിതറുന്നത് അമ്മ ഭൂമിയുടെ മറ്റിടങ്ങളിലാണെങ്കിലും അവരിലെവിടെയോ മണ്‍മറഞ്ഞ നാളുകളുടേയും സ്വപ്നങ്ങളുടേയുമെല്ലാം ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടാകും. ആകാശഗോളങ്ങള്‍ രക്ഷിക്കുന്നതോ ശിക്ഷിക്കുന്നതോ ആണ് ഉല്‍ക്കാപതനങ്ങളെന്ന് വിശ്വസിച്ചിരുന്ന ആഫ്രിക്കന്‍ നാടുകള്‍ക്കുള്ളില്‍നിന്നുമാണ് പ്രവാസ(Diaspora)വും പലായനവുമെല്ലാം ആരംഭിച്ചതും. നൂറ്റാണ്ടുകള്‍ പിന്നിട്ടതോടെ വംശവും കുലവുമെല്ലാം അതിജീവനത്തിന്റേയും വെട്ടിപ്പിടുത്തത്തിന്റേയും വഴിയില്‍ സഞ്ചരിച്ചുതുടങ്ങി. മുളനാട്ടിയ കുടിലുകള്‍ക്കുള്ളില്‍ സന്തോഷത്തിന്റെ കരിന്തിരി അണഞ്ഞു. അതോടെ മനുഷ്യര്‍ അവര്‍ പെറ്റുവീണിടങ്ങളില്‍നിന്നും മറുനാടുകളിലേക്ക് അലയുവാനും ആരംഭിച്ചു.

ഷ്ളോമോ ദോവ് ​ഗൊയ്തെൻ
ഷ്ളോമോ ദോവ് ​ഗൊയ്തെൻ

പ്രവാസവും വ്യവഹാര മാതൃകകളും

പ്രവാസത്തിനു കൃത്യമായ കാലമൊരിക്കലുമുണ്ടായിരുന്നില്ല. എല്ലാം അനുമാനങ്ങള്‍ മാത്രം. പ്രവാസികള്‍ അതിനാല്‍ ദേശ-കാലാതിവര്‍ത്തികളായി സംസ്‌കാരങ്ങളെ ക്രയവിക്രയം ചെയ്തുകൊണ്ടേയിരിക്കുന്നു. അവരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളുമെല്ലാം ഒരു പ്രത്യേക നാട്ടില്‍ മാത്രമൊതുങ്ങുന്നവയല്ല. സാംബിയയില്‍ ഏതോയൊരു കാലത്തുണ്ടായ ഉല്‍ക്കാവര്‍ഷത്തില്‍ ഭൂമിയിലേക്കു നിപതിച്ച ബാഹ്യാകാശത്തുനിന്നും വീണ കഷണങ്ങള്‍പോലെ പല നാടുകളില്‍ പല കാലങ്ങളില്‍ അലയുവാനും ചിതറുവാനുമായി പ്രവാസികള്‍ വിധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മറ്റൊരിടത്ത് താമസമാക്കുമ്പോള്‍ മാത്രമാണ് അവര്‍ പ്രവാസിയാകുന്നതെന്നു മാത്രം. പ്രവാസത്തിന്റെ ഭൂമിക സ്ഥലമാണെങ്കിലും അതിന്റെ ഹൃദയം താമസിക്കുന്നിടമാകുന്നു. അതിസൂക്ഷ്മ വിശകലനങ്ങള്‍ ആവശ്യമായ വസ്തുതകളാണ് സ്ഥലവും വസിക്കുന്ന 'ഇട'വും. ഇന്ന് നിലവിലുള്ള പ്രവാസ സംസ്‌കാരപഠനങ്ങളില്‍ ഇവ രണ്ടും ഇടംപിടിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായും പ്രവാസിയുടെ ബന്ധങ്ങള്‍ പഠിക്കുന്നതിലും അവരുടെ ചരിത്രനിര്‍മ്മിതികളില്‍ നഷ്ടമായ ലിംഗ-സ്വത്വ വ്യവഹാരങ്ങളെ തിരിച്ചറിയുന്നതിനും അവ എത്രകണ്ട് സഹായകരമായിട്ടുണ്ടെന്നത് സംശയമാണ്. പ്രവാസ സംസ്‌കാരമെന്നത് പലപ്പോഴും ആധുനികവും ഉത്തരാധുനികവുമായ ജ്ഞാനവ്യവസ്ഥയ്ക്കുള്ളില്‍ ചില വ്യവഹാര മാതൃകകളുടെ (Discourse Models) രൂപത്തില്‍ പുറത്തുവരിക മാത്രമേയുണ്ടായിട്ടുള്ളു. സാഹിത്യവും കലയുമെല്ലാം അത്തരം വ്യവഹാര മാതൃകകളായിരുന്നെങ്കിലും പലായന ചരിത്രങ്ങളിലെ വ്യതിരിക്തങ്ങളായ പല സന്ദര്‍ഭങ്ങളോടും അവയ്ക്ക് പലപ്പോഴും കൂറുപുലര്‍ത്താന്‍ കഴിയാതെ വന്നു. ചില ദേശങ്ങളിലെ അപൂര്‍വ്വമാളുകളുടെ ജീവിതവും അവരെക്കുറിച്ചെഴുതപ്പെട്ടിട്ടുള്ള ലിഖിതങ്ങളുമെല്ലാം സാഹിത്യത്തിന് ഉപാധികളായപ്പോള്‍ ദേശങ്ങളെ ഒരുമിപ്പിക്കുകയും വ്യത്യസ്ത സംസ്‌കാരങ്ങള്‍ക്ക് ഹേതുവാകുകയും ചെയ്ത മറ്റു ചിലത് വിസ്മരിക്കപ്പെടുകയുമുണ്ടായി. പലായനങ്ങളുടെ ഇതിഹാസങ്ങളില്‍ ഉടനീളം വൈരുധ്യങ്ങള്‍ നിറഞ്ഞിരിക്കുന്നതു കാണാന്‍ വിഷമമുണ്ടാവില്ല. മറ്റൊരര്‍ത്ഥത്തില്‍, എണ്ണത്തില്‍ കൂടുതലാരാണോ അവരുടെ പലായനവും വിഭജനവുമാണ് ചരിത്രത്തില്‍ ഇടം തേടിയത്. എണ്ണങ്ങള്‍ക്കുള്ളിലെ ഒറ്റയാന്‍മാരെ കണ്ടുപിടിക്കാന്‍ വന്‍കരകളും നാടുകളും നദികളുമെല്ലാം കടന്നെത്തിയവര്‍ക്കോ അവരുടെ സഹജീവികള്‍ക്കോ കഴിയാതെ പോയി. ചരിത്രമൊരു മഹാനദിയുടെ പ്രവാഹമായിരുന്നെങ്കില്‍, ആ പ്രവാഹത്തിലൂടെ നദിയുടെ ഇരുകരകളിലും വന്നടിഞ്ഞ ചണ്ഡികളായി മാറിയവരായിരുന്നു അത്തരമാളുകള്‍. അവരില്‍ അടിമകളും അധസ്ഥിതരും ഓര്‍മ്മ നഷ്ടപ്പെട്ടവരും തുരത്തപ്പെട്ടവരുമെല്ലാമായി പല നാടുകളില്‍നിന്നും കടന്നുവന്നവരുണ്ടായിരുന്നു. പലായന ചരിത്രത്തില്‍ കൂട്ടങ്ങളെക്കുറിച്ച് ബോധവാന്‍മാരാകുമ്പോള്‍ത്തന്നെ ഇടങ്ങള്‍ തേടി അന്യനാടുകളിലെത്തിച്ചേര്‍ന്ന പ്രവാസികള്‍ക്ക് അവരുടെ ബോധസഞ്ചയത്തില്‍ ഒറ്റതിരിഞ്ഞവരെക്കുറിച്ചുള്ള ധാരണകളുണ്ടായിരുന്നുവെന്നതും വാസ്തവമാണ്. പ്രവാസത്തിന്റെ പുതിയൊരര്‍ത്ഥത്തിന്റെ പിറവിയാണ് നാമിവിടെ അറിയുന്നത്.

പ്രവാസ സംസ്‌കാരത്തിന്റേയും രീതികളുടേയും പഠനം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പാദത്തോടെ ആരംഭിച്ചതായി കാണുന്നു. ഹംഗറിയില്‍ പുരോഹിത കുടുംബത്തില്‍ ഭൂജാതനായ ഷ്‌ളോമോ ദോവ് ഗൊയ്തെന്‍ (Shlomo Dov Goiten) എഴുതിയ 'മെഡിറ്ററേനിയന്‍ സമൂഹ' (The Meditteranean Socitey) എന്ന പുസ്തകത്തിലാണ് മധ്യേഷ്യയിലേയും ആഫ്രിക്കന്‍ നാടുകളിലേയും അടിമചരിത്രങ്ങളും മനുഷ്യാധ്യാനത്തിന്റെ ക്രയവിക്രയങ്ങളും നാം വായിക്കുന്നത്. ജൂതന്‍മാര്‍, ക്രിസ്ത്യാനികള്‍, അറബികള്‍ എന്നുവേണ്ട ഇന്ത്യക്കാര്‍ കൂടി അദ്ദേഹത്തിന്റെ പഠനങ്ങളില്‍ കടന്നുവരുന്നുണ്ട്. രാജ്യങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന വാണിജ്യബന്ധങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഗ്രന്ഥമല്ല ഗൊയ്തെന്റേത്; മറിച്ച് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വ്യവഹാരങ്ങളുടേയും മതപരിവര്‍ത്തനങ്ങളുടേയും അധിനിവേശത്തിനും മുന്‍പുണ്ടായിരുന്ന കാലങ്ങളുടെയുമെല്ലാം ഉള്‍ച്ചരിത്രങ്ങളുടെ പാഠമായിരുന്നുവത്. ഗൊയ്തെന്‍ സമാഹരിച്ച 'മധ്യകാല ജൂത വ്യാപാരി' (Medieval Jewish Traders)കളെന്ന പുസ്തകം വളരെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. കുരിശുയുദ്ധ കാലങ്ങളില്‍ ആഫ്രിക്കയ്ക്ക് മധ്യേഷ്യയുമായുണ്ടായിരുന്ന വ്യാപാരബന്ധങ്ങളെക്കുറിച്ചുള്ള അറിവുകള്‍ ആ കൃതിയില്‍നിന്നും ലഭിക്കുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ നാടുകളില്‍ പലതും അക്കാലങ്ങളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ടിരുന്നെന്നും വലിയൊരു പലായനം ഇന്ത്യയില്‍നിന്നും കിഴക്കന്‍ ആഫ്രിക്കന്‍ നാടുകളിലേക്ക് ഉണ്ടായിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ അതിലുണ്ട്. ആഫ്രിക്കയില്‍നിന്നും ഇന്ത്യയിലെത്തിയവരാകട്ടെ ചില സാഹചര്യങ്ങള്‍ക്കനുസൃതമായി പലയിടങ്ങളിലും ചിതറുകയാണുണ്ടായത്. നിസ്സംശയമായും ആഫ്രിക്കന്‍ വംശജര്‍ പലായാനന്തരം ഇന്ത്യയില്‍ പല ജാതികളിലേക്ക് മാറ്റപ്പെടുകയുമുണ്ടായി. സമകാലിക നരവംശാധിഷ്ഠിത പഠനങ്ങള്‍ പ്രത്യേകിച്ചും ഇതിന് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്. പ്രകടമായ വര്‍ണ്ണസങ്കരത തെക്കിന്ത്യയില്‍ കണ്ടുവരുന്നതിന്റെ ഒരു കാരണമിതാകാം.
 
പലായനവും പ്രവാസവും തമ്മിലുള്ള പ്രധാന വ്യത്യാസം ഗൊയ്തെന്റെ പഠനങ്ങളില്‍നിന്നും നാം മനസ്സിലാക്കുന്നത് വളരെ ലളിതമാണ്. പലായനത്തിനു പ്രത്യേക കാരണം ആവശ്യമായി വരുന്നില്ല. കാലാവസ്ഥ വ്യതിയാനങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, സാമൂഹികാക്രമണങ്ങള്‍, പട്ടിണിയും ക്ഷാമവും - ഇവയെല്ലാം ആത്യന്തികമായും പലായനത്തിന് വഴിയൊരുക്കുന്ന കാര്യങ്ങളാണ്. എന്നാല്‍, പ്രവാസമാകട്ടെ, തികച്ചും രാഷ്ട്രനിര്‍മ്മിതവും രാഷ്ട്രീയ പ്രേരിതവുമാണ്. കിഴക്കന്‍ മെഡിറ്ററേനിയനില്‍നിന്നും ആരംഭിച്ച പലായന ചരിത്രത്തില്‍ 1492-ന് മുന്‍പുണ്ടായിരുന്ന അറബികളുടെ സ്പെയിന്‍ വരെയുണ്ടായിരുന്നെങ്കില്‍, വംശവെറിയുടെ കഥകള്‍ പറയുന്ന പലായന ചരിത്രമാണ് ജൂതരുടേതെന്ന് 'ജെനിസ റെക്കോര്‍ഡുകള്‍' (ഏലിശ്വമ ഞലരീൃറ)െ പറയുന്നു. ഈജിപ്റ്റിലേക്ക് കുടിയേറിയ ജൂതരിലധികവും പലസ്തീനില്‍നിന്നും വന്നവരായതിനാല്‍ത്തന്നെ അവര്‍ ഒരേസമയം പലായനത്തിന്റേയും പ്രവാസത്തിന്റേയും ചരിത്രസന്തതികളാണ്.

ഗൊയ്തെന്റെ പഠനങ്ങളെ അധികരിച്ചുകൊണ്ട് ചില റെക്കോര്‍ഡുകള്‍ പഠിക്കാനും പരിശോധിക്കാനും സാധിച്ചതിനാല്‍ അധിനിവേശാധിഷ്ഠിത പ്രവാസ രീതിശാസ്ത്രത്തിന്റെ ചില മാതൃകകള്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍നിന്നും ഈജിപ്റ്റിലെ കെയ്‌റോ ഗ്രന്ഥശാലയില്‍നിന്നും എനിക്ക് മനസ്സിലാകുകയുണ്ടായി. അമിതാവ് ഘോഷാകട്ടെ 'ഇന്‍ ആന്‍ ആന്‍ടിക് ലാന്‍ഡ്'  എന്ന കൃതിയില്‍ ഗൊയ്തെന്റെ പഠനങ്ങളെ കുറച്ചുകൂടി ഭാവനാത്മകമായി ചിത്രീകരിച്ചുകൊണ്ട് മലബാറില്‍നിന്നും അടിമയായ ഈജിപ്റ്റിലെത്തിയ ബൊമ്മയെന്ന മനുഷ്യന്റെ ജീവിതം പറയുന്നുണ്ട്. എന്നാല്‍ അതിവിചിത്രമായ ഇന്ത്യന്‍ വ്യാപാരത്തിന്റേയും അടിമക്കഥകളുടേയും ഒപ്പം സങ്കരസംസ്‌കൃതിയുടേയുമെല്ലാം ചരിത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കത്തുകളും ലിഖിതങ്ങളുമാണ് മൗറീഷ്യസ്, സിംഗപ്പൂര്‍, ബ്രിട്ടീഷ് സ്മൃതിശേഖരങ്ങളില്‍ ഉള്ളത്. അതിലേക്കുള്ള ചെറിയൊരു പ്രവേശമാണ് ഈ സംഭാഷണം.

അടിമകളെ ചാപ്പകുത്തുന്നു
അടിമകളെ ചാപ്പകുത്തുന്നു

ഒന്ന്

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയില്‍നിന്നും മൗറീഷ്യസിലേക്കും തെക്കന്‍ ആഫ്രിക്കയിലേക്കും പോയ അടിമകളെക്കുറിച്ചുള്ള വിവരണങ്ങള്‍ സുലഭമാണ്. എന്നാല്‍, ഇവരില്‍ എത്രപേരുടെ ജീവിതങ്ങള്‍ വേണ്ടവിധം രേഖീകൃതമായിട്ടുണ്ടെന്നു ചോദിച്ചാല്‍ ഉത്തരം കിട്ടാതെ നമ്മള്‍ കുഴങ്ങിപ്പോകും. ഹില്‍ഡ കൂപ്പറുടെ 'നറ്റാളിലെ ഇന്ത്യന്‍ ജനത'യെന്ന പുസ്തകവും ബ്രിട്ടീഷ് മ്യൂസിയത്തിലെ റെക്കോര്‍ഡുകളും സിംഗപ്പൂര്‍, ഹോങ്ങ്‌കോങ്ങ് എന്നിവിടങ്ങളിലെ ഗ്രന്ഥാലയങ്ങളില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള അപൂര്‍വ്വം കത്തുകളുമൊഴിച്ചാല്‍ 19-ാം നൂറ്റാണ്ടിലെ അടിമവ്യവസായവും ഭാരതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രമാദമായ മറ്റൊന്നും നമുക്ക് ലഭിക്കുകയില്ല. അമേരിക്കയിലെ അടിമചരിത്ര റെക്കോര്‍ഡുകളിലൊന്നും ഇന്ത്യ ഇടം തേടുന്നുമില്ല. മൗറീഷ്യസിലേക്ക് കടന്നുചെന്ന ഇന്ത്യന്‍ അടമികളെക്കുറിച്ചും ഇതര വംശജരെക്കുറിച്ചുമുള്ള അറിവുകള്‍ കൂപ്പറില്‍നിന്നും ഇതര സ്മൃതിശേഖരങ്ങളില്‍നിന്നും ലഭ്യമാണ്. തെക്കന്‍ ആഫ്രിക്കയിലേക്കു കടന്നെത്തിയ ഇന്ത്യന്‍ അടിമകളെക്കുറിച്ചുള്ള കണക്കുകള്‍ കൂപ്പര്‍ പറയുന്നതിങ്ങനെ: '3200-ഓളം നിര്‍ബ്ബന്ധിത പണിക്കാര്‍ പത്തോ പതിനഞ്ചോ കപ്പലുകളില്‍ ആഫ്രിക്കയില്‍ എത്തുകയുണ്ടായി. അവരില്‍ 31 ശതമാനവും ശൂദ്രര്‍, 27 ശതമാനം തൊട്ടുകൂടാത്തവര്‍/ജാതി നിശ്ചയമില്ലാത്തവര്‍, 9 ശതമാനം ക്ഷത്രിയര്‍, 4 ശതമാനം മുസ്ലിമുകള്‍, 3 ശതമാനം ക്രിസ്ത്യാനികള്‍, 2 ശതമാനം ബ്രാഹ്മണര്‍ എന്നിവരുള്‍പ്പെടുന്നു.'' തെക്കന്‍ ആഫ്രിക്കയും ഇന്ത്യയും തമ്മില്‍ നിലനിന്നിരുന്ന വാണിജ്യ-വ്യാപാര ബന്ധങ്ങളേയും പ്രവാസത്തേയും അധികരിച്ച് ഗവേഷണം നടത്തിയതിനാല്‍ കൂപ്പറുടെ വിവരണം തെറ്റാകാന്‍ വഴിയില്ല. എന്നാല്‍, ഈ വിവരണത്തില്‍ അതിശയിപ്പിക്കുന്നത് 2 ശതമാനം ബ്രാഹ്മണരെക്കുറിച്ചാണ്. ബ്രാഹ്മണരെങ്ങനെ നിര്‍ബന്ധിത ജോലിക്കായി  നിയുക്തരാക്കപ്പെട്ടു? ആരാണവരെ തെക്കന്‍ ആഫ്രിക്കയിലേക്കും ഇതര രാജ്യങ്ങളിലേക്കും അയച്ചത്? നിലനിന്നിരുന്ന ജാതിവ്യവസ്ഥയില്‍നിന്നും കഥനങ്ങളില്‍ നിന്നുമുള്ള വേറിട്ടൊരു അറിവല്ലേ ഇവിടെ ലഭിക്കുന്നത്?

ഒരു പ്രത്യേക ജാതിയിലെ ജനങ്ങള്‍ മാത്രമാണ് നിര്‍ബ്ബന്ധിത സേവനത്തിനും അടിമയാക്കപ്പെടുന്നതിനും വിധേയമായതെന്നുള്ള അറിവുകള്‍ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. തെക്കേഷ്യന്‍ വ്യാപാരമേഖലകളായിരുന്ന സിലോണ്‍ (ശ്രീലങ്ക), മൗറീഷ്യസ്, സിംഗപ്പൂര്‍, ഹോങ്ങ്‌കോങ്ങ്, ചൈന- എന്നിവിടങ്ങളിലെ മാത്രം വ്യാപാരചരിത്രം പരിശോധിച്ചാല്‍ നമുക്കിത് മനസ്സിലാകും. ക്രയവിക്രയ നൂറ്റാണ്ടുകള്‍ മനുഷ്യാദ്ധ്വാനത്തെ നെടുകെയും കുറുകെയും വിഭജിക്കുക വഴി ദേശാതിവര്‍ത്തിതമായ വ്യാപാര സംഹിതകള്‍ സ്ഥാപിക്കുക കൂടിയായിരുന്നു ചെയ്തത്. അടിമകളും നിര്‍ബ്ബന്ധിത തൊഴിലുകള്‍ ചെയ്യുവാന്‍ പ്രേരിതമായി മറുനാടുകളിലേക്ക് കടന്നുചെന്നവരുമെല്ലാം ആ നാടുകള്‍ക്കുള്ളില്‍ത്തന്നെ മറ്റൊരു ദേശനിര്‍മ്മിതി നടത്തുകയായിരുന്നുവെന്ന് കാണുവാന്‍ സാധിക്കും. എന്നാല്‍ എന്തുകൊണ്ടോ ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ പഠനരീതിയില്‍ അന്യരാജ്യങ്ങളിലേക്ക് കടന്നെത്തിയ നാനാജാതികള്‍ അവരുടെ തന്‍മ എങ്ങനെയാണ് പ്രകടിപ്പിച്ചതെന്നതിനെക്കുറിച്ചോ അവര്‍ മറ്റുള്ളവരുമായുണ്ടായിരുന്ന ബന്ധത്തിന്റെ വെളിച്ചത്തില്‍ എങ്ങനെയാണ് മിശ്രസംസ്‌കാരരൂപങ്ങള്‍ ഉരുത്തിരിഞ്ഞതെന്നുള്ളതിനെ കുറിച്ചോ ഉള്ള പഠനങ്ങള്‍ അധികമുണ്ടായിട്ടില്ല. കൂപ്പറുടെ കണക്കുകള്‍ സ്വാഭാവികമായും ശരിയായതിനാല്‍ ഇന്ത്യന്‍ ഡയസ്പോറയില്‍ നാനാജാതികളും പങ്കാളികളായിരുന്നുവെന്നത് സത്യം തന്നെ.

കൊളോണിയല്‍ മൂലധനവും ബന്ധങ്ങളും

മൗറീഷ്യസിലെ നിര്‍ബ്ബന്ധിത വേലയ്ക്ക് കയറ്റി അയയ്ക്കപ്പെട്ടവരില്‍ സദാനന്ദ് എന്നു പേരുള്ള ബംഗാളി ബ്രാഹ്മണനുണ്ടായിരുന്നു. ബ്രിട്ടീഷ് മ്യൂസിയത്തിലെ ചില രേഖകളില്‍നിന്നും അദ്ദേഹത്തെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ലഭിക്കുകയുണ്ടായി. 1830-ലാണ് ബംഗാളില്‍നിന്നും മൗറീഷ്യസിലേക്ക് സദാനന്ദ് കടത്തപ്പെട്ടത്. തികച്ചും വൈഷ്ണവ ഭക്തനായിരുന്ന അയാള്‍ കിഴക്കന്‍ ബംഗാളിന്റെ തീരങ്ങളില്‍ ഭക്തിഗീതങ്ങള്‍ ആലപിച്ചു നടന്നിരുന്ന ഒരാളായിരുന്നു. വ്യാപകമായി അയാളുടെ ഭജനകള്‍ ജനങ്ങള്‍ ശ്രവിച്ചിരുന്നു. എങ്ങനെയാണ് അയാള്‍ അടിമക്കപ്പലിലേക്ക് കയറുവാന്‍ ഇടയായതെന്നതിനെക്കുറിച്ച് വേണ്ടത്ര തെളിവുകളൊന്നും ലഭ്യമല്ല. കപ്പലിനുള്ളില്‍ എണ്ണപ്പെട്ട സദാനന്ദിന്റെ ജീവിതം മറ്റൊന്നായി മാറിത്തീരുകയായിരുന്നു. ദിവസങ്ങളോളം നീണ്ടുനിന്ന യാത്രകളായിരുന്നല്ലോ അക്കാലങ്ങളില്‍. കപ്പലിനുള്ളില്‍ വെച്ചുതന്നെ ഇതര ജാതിക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുവാനും കാറ്റും കോളും നിറഞ്ഞുനിന്ന രാത്രികളില്‍ ഉച്ചസ്തരത്തില്‍ തന്റെ ഗീതങ്ങളാലപിച്ച് മറ്റേതോ ദിക്കിലേക്ക് യാത്രയാക്കപ്പെട്ടവര്‍ക്ക് സാന്ത്വനമേകാനും അയാള്‍ക്ക് കഴിഞ്ഞുവത്രേ. ആഫ്രിക്കന്‍ അടിമകളുടെ പോലെ ദുര്‍ഘടമായിരുന്നില്ല തെക്കേഷ്യന്‍ നാടുകളിലെ അടിമജീവിതങ്ങള്‍. അവരുടെ കാലുകളില്‍ ചങ്ങലകളോ മുതുകില്‍ ചാട്ടവാറടിയേറ്റ പാടുകളോ ഉണ്ടായിരുന്നില്ല. യജമാനന്‍മാരെ സേവിക്കുകയെന്നത് നിര്‍ബന്ധമായും ചെയ്യേണ്ടതാണെന്നും അതിനായി സ്വന്തം നാടുകളില്‍നിന്നും അവരെ സ്‌നേഹത്തോടെ പറഞ്ഞുവിടുന്നതാണെന്നും അവരില്‍ പലരും ധരിച്ചിരുന്നു. ക്രയവിക്രയത്തിലൂടെ നാട്ടുപ്രമാണികള്‍ക്കു ലഭിച്ചിരുന്ന ചക്രത്തുട്ടുകളെക്കുറിച്ചും പരദേശികള്‍ക്ക് അതിലൂടെ കൈവന്നിരുന്ന കൊള്ളലാഭത്തെക്കുറിച്ചുമൊന്നും അവര്‍ ചിന്തിച്ചിരുന്നില്ല. ആഫ്രിക്കന്‍ അടിമകളില്‍നിന്നും വിഭിന്നമായി ഇവരെല്ലാവരും അവരുടെ പേരുകളില്‍ത്തന്നെയാണ് മറുനാടുകളില്‍ അറിയപ്പെട്ടിരുന്നതും.

മൗറീഷ്യസിലെത്തിയ സദാനന്ദിനെ ആദ്യമെത്തിച്ചത് തോട്ടംതൊഴിലാളികളുടെ താഴ്ന്ന ശൃംഖലയിലേക്കായിരുന്നു. അവിടെ അയാള്‍ക്ക് ബ്രാഹ്മണ്യം ത്യജിക്കേണ്ടിവന്നു. സാധാരണക്കാരില്‍ സാധാരണക്കാരായ ജോലിക്കാര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അയാള്‍ക്ക് നല്‍കുകയും വെട്ടിമുറിച്ച തടിക്കഷണങ്ങള്‍ വലിയ ഓടങ്ങളില്‍ എത്തിക്കുവാനും അയാള്‍ക്ക് ശിക്ഷണം നല്‍കുകയുമുണ്ടായി. അവര്‍ ചെയ്തിരുന്ന ജോലികള്‍ നിരീക്ഷിച്ചിരുന്ന കാവല്‍ക്കാര്‍ അവരെ പലപ്പോഴും ശിക്ഷകള്‍ക്ക് വിധേയമാക്കുകയും അവരുടെ ആചാരങ്ങളെ അപ്പാടെ ഹനിക്കുകയും ചെയ്തു. മൗറീഷ്യസിലെ തോട്ടമുടമകളുടെ സമ്പത്ത് ഏറ്റവുമുയര്‍ന്നത് 19-ാം നൂറ്റാണ്ടിലായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. അതുപോലെ മൗറീഷ്യസിന് കരീബിയന്‍ നാടുകളില്‍ നിലവിലുണ്ടായിരുന്ന സേവനവ്യവസ്ഥകളെക്കുറിച്ചും അറിവുണ്ടായിരുന്നതായി ചരിത്രത്തിലുണ്ട്. ഇവയെല്ലാം കാട്ടിത്തരുന്നത് അടിമവ്യാപാരത്തിലും നിര്‍ബ്ബന്ധിത സേവനത്തിലുമെല്ലാം തേക്കേഷ്യന്‍ രാജ്യങ്ങള്‍ക്കുണ്ടായിരുന്ന അടുപ്പമാണ്. കൊളോണിയല്‍ മൂലധന (Colonial Capital)മെന്നത് രാജ്യബന്ധങ്ങളിലൂടെ സൃഷ്ടിച്ചെടുത്തതാണെന്നും ഇതിനാല്‍ മനസ്സിലാക്കാം.

സദാനന്ദ് അനുഭവിച്ച യാതനകളെക്കുറിച്ചൊന്നും കാര്യമായ അറിവുകളില്ല. എന്നാല്‍, അയാള്‍ നാനാവിധ വര്‍ണ്ണ-വര്‍ഗ്ഗങ്ങളുമായും ഇടപെട്ടിരുന്നുവെന്ന് വിവരങ്ങളുണ്ട്. ആഫ്രിക്കയിലെ ക്രിയോളു(CreoSle)കളായിരുന്നു അതില്‍ പ്രധാനപ്പെട്ടവര്‍. ഇന്ത്യയില്‍നിന്നും വന്നവരേക്കാളധികം മൗറീഷ്യസില്‍ ആഫ്രിക്കന്‍ ക്രിയോളുകളുണ്ടായിരുന്നുവെന്നത് സങ്കരസംസ്‌കൃതി (Hybridtiy)യുടെ ഉത്ഭവത്തെക്കൂടിയാണ് വെളിവാക്കുന്നത്.

കാല-ദേശാധിഷ്ഠിതമായ നരവംശശാസ്ത്ര പഠനങ്ങളുടെ വെളിച്ചത്തില്‍ മൗറീഷ്യസിലെ വര്‍ഗ്ഗങ്ങള്‍ക്കുണ്ടായിരുന്ന പ്രത്യേകതകളെല്ലാം ഇന്ത്യന്‍ വംശജരുടേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. പില്‍ക്കാലങ്ങളിലുണ്ടായ പലായനങ്ങളും ഇതര ചരിത്രസംഭവങ്ങളുമെല്ലാം കാട്ടിത്തരുന്നതും മൗറീഷ്യസിന്റെ ഇന്ത്യന്‍ അടുപ്പത്തെക്കുറിച്ചാണ്. ജലത്താല്‍ അകലപ്പെട്ടു കിടക്കുന്ന കരകളായതിനാല്‍ത്തന്നെ ഭൂമിശാസ്ത്രപഠനങ്ങള്‍ തെളിയിക്കുന്നതും ഇത്തരം സാജാത്യങ്ങളാണ്. മൗറീഷ്യസില്‍ നിലനിന്നിരുന്ന ഇതര മതക്കാരെ നോക്കുകയാണെങ്കില്‍, മുസ്ലിമുകള്‍ക്കും ബുദ്ധമതക്കാര്‍ക്കും അവിടെ കിട്ടിയിരുന്ന പ്രാതിനിധ്യം ഹിന്ദുമതക്കാരേക്കാള്‍ വിഭിന്നമായിരുന്നില്ലെന്നു മനസ്സിലാക്കാം. 19-ാം നൂറ്റാണ്ടിന്റെ ഭൂമിശാസ്ത്രപരവും നരവംശപരവുമായ മനനങ്ങളില്‍നിന്നുതന്നെ സദാനന്ദന്റെ പാട്ടുകള്‍ മൗറീഷ്യസിനെ മറ്റൊരു ഇന്ത്യയാക്കി മാറ്റിത്തീര്‍ത്തുവെന്ന് പറഞ്ഞാല്‍ തെറ്റാകില്ല. അടിമയുടെ പാട്ടുകളില്‍നിന്നും ഉയരുന്നത് യാതനയുടെ ലോകങ്ങളായിരിക്കെ, വൈഷ്ണവഭക്തന്‍ കൂടിയായിരുന്ന സദാനന്ദന്റെ പാട്ടുകള്‍ ഒരുകാലത്തും വഴികാട്ടാതിരുന്ന ദൈവങ്ങള്‍ക്കു മുന്‍പിലുള്ള തേങ്ങല്‍ കൂടിയാവുകയായിരുന്നു. ആഫ്രിക്കയില്‍നിന്നുമെത്തിയ ക്രിയോളുകള്‍ക്കോ അവരുടെ സംസാരഭാഷ തന്നെ മറ്റാരോ തട്ടിക്കൊണ്ടുപോയ അനുഭവമാണുണ്ടായിരുന്നത്. അതിക്രൂര പീഡനങ്ങള്‍ക്കിരയായ അവരാകട്ടെ, മറ്റാരോ പാടുന്ന പാട്ടുകളില്‍ അഭയം തേടുകയായിരുന്നു. അവരുടെ പലായനങ്ങളുടെ പല തുറമുഖങ്ങളിലും സാന്ത്വനമേകിയത് മറുനാടന്‍ അടിമകളുടെ ഗീതങ്ങളായിരുന്നു. ആ പാട്ടുകളിലൂടെ അവരന്വേഷിച്ചത് കണ്ണുതുറക്കാത്ത ദൈവങ്ങളെ ആയിരുന്നില്ല; മറിച്ച് അല്പമെങ്കിലും കരുണാരസമരുളുന്ന, മുറിവുകളില്‍ തലോടുന്ന ദൈവങ്ങളെയായിരുന്നു. സദാനന്ദ് ഓടങ്ങളില്‍ തടികള്‍ കയറ്റിവെച്ച് കുഞ്ഞോളങ്ങളേയും പാതി മയങ്ങിയ ചന്ദ്രനേയും നോക്കി രാത്രികളില്‍ ആലപിച്ചിരുന്ന ഗാനങ്ങളില്‍ ഇതര നാടുകളിലെ അടിമകള്‍ അവരുടെ നഷ്ടപ്പെട്ട ഇടങ്ങളേയും ദൈവങ്ങളേയും തിരിച്ചുപിടിക്കുകയായിരുന്നു. സദാനന്ദിലൂടെ അവര്‍ ഇന്ത്യയിലേക്ക് കടന്നെത്തുന്ന മാനസവ്യാപാരികളായി. ത്വക്കിന്റെ നിറമോ ബാഹ്യരൂപമോ ഇല്ലാതെ കാല-ദേശാതീതമായി അടിമകള്‍ സദാനന്ദിന്റെ സംഗീതത്തിലൂടെ തുഴഞ്ഞുകൊണ്ടേയിരുന്നു. സങ്കരസംസ്‌കാരത്തിന്റെ ഉറവിടവും ഇതാണെന്നതില്‍ സംശയമില്ല.

1843-ല്‍ സദാനന്ദ് വീണ്ടും ബംഗാളിലെത്തുകയുണ്ടായെന്ന് രേഖകളില്‍ പറയുന്നു. ആ വര്‍ഷമാണ് മൗറീഷ്യസിലേക്കു കടന്ന അടിമകളെ വിമോചിപ്പിച്ച് സ്വന്തം നാടുകളിലെത്തിക്കാനുള്ള കമ്പനി നീക്കങ്ങളുണ്ടായത്. ഒന്നാമത്തെ കറുപ്പു യുദ്ധം (Opium War) ആരംഭിച്ചത് 1842-ലായിരുന്നുവെന്നതും ഇവിടെ ഓര്‍മ്മിക്കണം. അനന്തരം സദാനന്ദിന്റെ ജീവിതം എന്തായിരുന്നുവെന്ന് രേഖകളില്ല. ആരെങ്കിലും അയാളെ അധിനിവേശാധിഷ്ഠിത ബംഗാളില്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ? അടിമജീവിതം അവസാനിച്ചു തിരിച്ചെത്തിയ ബ്രാഹ്മണനെന്ന നിലയില്‍ ആരെങ്കിലും അയാളെ സ്വന്തം സമൂഹത്തില്‍ വീണ്ടും പ്രവേശിപ്പിച്ചിരിക്കുമോ? അതോ വെറുമൊരു ഹതാശ ഗായകനായി ബംഗാളിന്റെ തീരപ്രദേശങ്ങളില്‍ അയാള്‍ അലഞ്ഞുതിരിയുകയായിരുന്നോ? മനസ്സില്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയരുന്നു. (ഉത്തരം ലഭിക്കില്ലെന്ന ഉത്തമ ബോധ്യത്തോടെ).

സദാനന്ദിന്റെ ജീവിതം വലിയൊരു സംസ്‌കാര സൃഷ്ടിയുടേതാണ്. രേഖകളില്‍നിന്നും ലഭിച്ചതിനപ്പുറമുള്ള അയാളുടെ ജീവിതം ഭാവനാത്മകവും! ഭാവനയും സംസ്‌കാര ചരിത്രത്തിന്റെ മുഖമുദ്രയാണ്.

നൂറ്റാണ്ടുകളിൽ അടിമക്കച്ചവടം നടന്നിരുന്ന ടാൻസാനിയയിലെ സാൻഡിബാറിൽ പണിതീർത്ത സ്മാരകം
നൂറ്റാണ്ടുകളിൽ അടിമക്കച്ചവടം നടന്നിരുന്ന ടാൻസാനിയയിലെ സാൻഡിബാറിൽ പണിതീർത്ത സ്മാരകം

രണ്ട്

18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ വ്യാപകമായി അടിമവ്യാപാരം പുഷ്ടിപ്പെടുകയുണ്ടായി. ഭൂഖണ്ഡങ്ങളെ വ്യാപകമായി അറിഞ്ഞിരുന്നതുതന്നെ അതിന്റെ വെളിച്ചത്തിലായിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ടല്ലോ. പലായനത്തിന്റെ രണ്ടാം ഘട്ടം ഏതാണ്ട് അവസാനിച്ച നാളുകളില്‍ത്തന്നെയാണ് യൂറോപ്യന്‍ ക്രയവിക്രയങ്ങള്‍ പുഷ്ടിപ്പെടുന്നതും. ഒട്ടനവധി ആഫ്രിക്കന്‍ നാടുകളില്‍നിന്നും കരയിലൂടെയും കപ്പലുകളിലൂടെയും അന്യനാടുകളിലേക്ക് കടന്നെത്തിയ അടിമകള്‍ക്ക് സ്വന്തം ദേശത്തെക്കുറിച്ചോ അവരുടെ കുടുംബങ്ങളെക്കുറിച്ചോ പോലും ഓര്‍മ്മകള്‍ അവശേഷിച്ചിരുന്നില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ചിലരാകട്ടെ, പല നാടുകളില്‍ യജമാനര്‍ക്കൊപ്പം സഞ്ചരിച്ചുകഴിഞ്ഞ് അവര്‍ക്കൊപ്പം അറിയാത്ത ഏതോ ഒരു ഉള്‍നാട്ടില്‍ ജീവിതമൊടുക്കും. പ്രായാധിക്യത്താല്‍ കഷ്ടപ്പെടുന്ന യജമാനന്റെ അടിമയ്ക്കായിരിക്കും അയാളോട് ഏറെ വാത്സല്യമുണ്ടാവുക. യജമാനന്‍ മരിച്ചാലും അടിമ മരിക്കുകയോ സ്വതന്ത്രമാവുകയോ ചെയ്യുന്നില്ല. മറ്റു ചില അടിമകള്‍ യജമാനന്‍മാരുടെ ഓര്‍മ്മകളില്‍ ജീവിക്കുന്നവരായിരുന്നുവെന്ന് കരീബിയന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ കാരില്‍ ഫില്ലിപ്സ് ഒരിക്കല്‍ പറയുകയുണ്ടായി. ആഫ്രിക്കന്‍ അടിമകള്‍ ഒരിടത്തും സ്ഥായിയായി നിന്നിരുന്നവരായിരുന്നില്ല. അമേരിക്കയിലേക്ക് കടത്തപ്പെട്ട അടിമകളൊഴികെ.

ആഫ്രിക്കയുടെയുള്ളില്‍ത്തന്നെ ക്രയവിക്രയങ്ങള്‍ വ്യാപകമായതോടെ പലയിടങ്ങളില്‍നിന്നും വന്നവരെ കറുത്തവര്‍ തന്നെ വെള്ളക്കാര്‍ക്ക് പിടിച്ചുകൊടുക്കുകയും ഉണ്ടായിട്ടുണ്ട്. അത്തരം കൈമാറ്റങ്ങളില്‍ വില്‍ക്കപ്പെട്ടവരായി കുടുംബിനികളായിരുന്ന കറുത്ത വനിതകളുമുണ്ടായിരുന്നു. ലിംഗപഠനത്തിന്റെ പുതിയൊരു വഴിത്തിരിവാണ് ഇത്തരം വിവരങ്ങളിലൂടെ ലഭിക്കുന്നത്. ചില ആഫ്രിക്കന്‍ നാടുകളില്‍നിന്നും മറുനാടുകളിലേക്ക് കടന്നുചെന്ന അടിമവനിതകള്‍ മറ്റു പലരില്‍നിന്നും വേറിട്ടുനില്‍ക്കുന്നു. അതിന്റെ കാരണങ്ങള്‍ പലതാണ്. കറുത്ത ആഫ്രിക്കക്കാരനെ വെള്ളക്കാരന്റെ അധ്വാനത്തിനായി ഉപയോഗിച്ചപ്പോള്‍ അടിമവനിതകളില്‍ ചിലര്‍ക്കെങ്കിലും പലയിടങ്ങളിലും ഗാര്‍ഹിക ജോലികളാണ് ചെയ്യേണ്ടിവന്നത്. അവരില്‍ ഭൂരിഭാഗം പേരും ഒന്നുകില്‍ ചെറിയ കുട്ടികളോ അല്ലെങ്കില്‍ അവരുടെ മാതാക്കളോ ആയിരുന്നു. അങ്ങനെ അടിമകളാക്കപ്പെട്ട വനിതകളില്‍ പലരും നേരത്തേ വിവാഹിതരുമായിരുന്നു. അടിമയായ പുരുഷനേക്കാള്‍ ചില തോതിലെങ്കിലും അടിമവനിതകള്‍ക്ക് യജമാനന്‍മാരോടും ഇതര വര്‍ഗ്ഗങ്ങളോടും ഇടപെടുവാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ആഫ്രിക്കയില്‍നിന്നും ഗാര്‍ഹികവൃത്തിക്കായി യൂറോപ്പിലേക്കും ഇതര നാടുകളിലേക്കും കടന്നെത്തിയ കറുത്ത വനിതകളുടെ ചരിത്രങ്ങള്‍ നിരവധിയുണ്ട്. അത്തരമൊരു കറുത്ത വനിതയാണ് ടാന്‍സാനിയയില്‍നിന്നും ഈജിപ്റ്റിലേക്ക് 19-ാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തില്‍ എത്തിച്ചേര്‍ന്ന പലായ.

പലായ എന്ന പേര്‍ ടാന്‍സാനിയയില്‍ വെച്ചാണോ ഈജിപ്റ്റില്‍ വെച്ചാണോ ലഭിച്ചതെന്നതിനെക്കുറിച്ച് തെളിവുകളൊന്നുമില്ല. ടാന്‍സാനിയയില്‍നിന്നും ആയിരത്തിലധികം കറുത്ത വനിതകളെ ഈജിപ്റ്റിലേക്ക് കടത്തിയതായി രേഖകളുണ്ട്. 18-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ വ്യാപകമായ അടിമക്കച്ചവടം മൊറോക്കോവിലും ടാന്‍സാനിയയിലും നിലനിന്നിരുന്നു. ഈജിപ്റ്റ് അക്കാലങ്ങളില്‍ വേറിട്ടൊരു ആഫ്രിക്കന്‍ രാജ്യമായാണ് അറിയപ്പെട്ടിരുന്നത്. ഈജിപ്റ്റില്‍ നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ പൂര്‍ണ്ണമായും അറബികളുടേതായിരുന്നില്ല. യഥാര്‍ത്ഥ ഈജിപ്റ്റുകാരായിരുന്നവരില്‍ പലരും ദീര്‍ഘ പലായനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. യൂറോപ്പിലെ ജ്ഞാനോദയ കാലങ്ങളില്‍ ഈജിപ്റ്റ് സ്വന്തം സംസ്‌കൃതിയെ സംരക്ഷിക്കുന്നതിനുള്ള വ്യഗ്രതയിലായിരുന്നു. എത്തിച്ചേരുന്നവരെ അവരുടെ സംസ്‌കാരത്തില്‍ ലയിപ്പിക്കാനായി ഗാസയിലെ പ്രഭുക്കളും ഏറെ ശ്രമിച്ചിരുന്നു. എന്നാല്‍, മധ്യേഷ്യന്‍ ഭരണക്രമങ്ങള്‍ ഈജിപ്റ്റിനെ അവരുടേതാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. യൂറോപ്പിനും ഈജിപ്റ്റിനും മുകളിലൊരു കണ്ണുണ്ടായിരുന്നു. വ്യത്യസ്ത ഭരണക്രമങ്ങളിലൂടെ കടന്നുപോയ ഈജിപ്റ്റിന്റെ ചായ്വ് അപ്പോഴും ആഫ്രിക്കന്‍ നാടുകളോടായിരുന്നു. ഇത്തരം ചരിത്രസന്ധികളിലാണ് അടിമക്കച്ചവടവും തഴച്ചുവളര്‍ന്നത്.

പലായ കുറച്ചൊക്കെ എഴുത്തും വായനയും അറിയുന്ന വനിതയായിരുന്നു. അടിമ സ്ത്രീകളെ ക്രയവിക്രയം ചെയ്യുന്ന അവസരങ്ങളില്‍ അവരുടെ വളര്‍ച്ച, അറിവ്, വിദ്യാഭ്യാസം, തൊഴില്‍ നിപുണത - ഇവയെല്ലാം ചോദിച്ച് രേഖപ്പെടുത്തുമായിരുന്നത്രെ! പലായയുടെ പ്രായം ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയിലായിരുന്നു. ഈജിപ്റ്റിലെത്തിയ പലായ കെയ്‌റോവിനടുത്തുള്ള ഒരു പ്രഭുവിന്റെ കൊട്ടാരത്തിലാണ് ആദ്യം ജോലി തുടങ്ങിയത്. സ്വാഭാവിക ഗാര്‍ഹിക ജോലികള്‍ക്കു പുറമെ, പ്രഭുവിന്റെ കൊട്ടാരത്തിലെ നിരവധി കൊച്ചുകുട്ടികളെ താലോലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുകകൂടി അവര്‍ ചെയ്യുമായിരുന്നു. ഈജിപ്റ്റിലെ കുട്ടികള്‍ക്ക് പലായയുമായി വലിയൊരടുപ്പം ഉടലെടുക്കുകയുണ്ടായി. ഒട്ടനവധി കഥകള്‍ അവരെ കേള്‍പ്പിച്ചിരുന്നത് പലായയായിരുന്നു. കൊട്ടാരത്തില്‍ അവര്‍ക്കു ചുറ്റും കൂടിയിരിക്കുന്ന കുട്ടികളുടെ രേഖാചിത്രങ്ങള്‍ വരെയുണ്ടെന്നു പറയപ്പെടുന്നു. കൂടാതെ ഈജിപ്ഷ്യന്‍ വനിതകളുടെ വിഷമസന്ധികളില്‍ അവരുടെ പ്രസവമെടുത്തിരുന്നതും പലായയായിരുന്നു. നല്ലൊരു വയറ്റാട്ടി കൂടിയായിരുന്നു പലായ. മാതൃത്വത്തിന്റെ അനേകം കീഴ്മറിച്ചിലുകളിലൂടെ കടന്നുപോയ പ്രഭ്വികള്‍ക്കും അവരുടെ ദാസിമാര്‍ക്കുമെല്ലാം സാന്ത്വനമേകിയിരുന്നതും ഈ അടിമ വനിതയായിരുന്നു. ഒട്ടനവധി പിഞ്ചുകുഞ്ഞുങ്ങള്‍ക്കു മൂലയൂട്ടിയിരുന്നതും പലായ തന്നെ. മുലയൂട്ടലിലൂടെ Surrogate Mother എന്ന കര്‍ത്തൃത്വത്തേക്കാളുമുപരി ഭൗതിക ചോദനകളുടെ ആദിരൂപമായിത്തീരുകയായിരുന്നു പലായ ചെയ്തത്. ടാന്‍സാനിയയില്‍നിന്നും ഈജിപ്റ്റിലെത്തിയ കറുത്ത വനിതയുടെ സന്തതികളായിത്തന്നെ മറ്റൊരര്‍ത്ഥത്തില്‍ ആ കുട്ടികള്‍ മാറിത്തീരുകയായിരുന്നു. വാത്സല്യത്തിന്റെ വഴികളില്‍ ആദ്യം നുണഞ്ഞ അമ്മിഞ്ഞപ്പാല്‍ ഒരു അടിമ സ്ത്രീയുടേതായിരുന്നെന്ന് അറിയുമ്പോള്‍ സ്വമാതാക്കളില്‍നിന്നുമുള്ള സ്വാഭാവിക അകല്‍ച്ചയേക്കാള്‍ മറ്റേതോ പ്രകൃതിയുമായുള്ള താദാത്മ്യവുമാണ് ഇവിടെ വ്യഞ്ജിക്കപ്പെടുന്നത്.

നിസ്സംശയമായും പലായയിലൂടെ ഈജിപ്റ്റ് തിരിച്ചുവിളിച്ചത് എവിടെയോ നഷ്ടമായ ആഫ്രിക്കന്‍ സംസ്‌കൃതിയായിരുന്നു. പലായയെ വേര്‍പിരിയാനാകാതെ അവര്‍ക്ക് ചുറ്റും കൂടിയ കുട്ടികള്‍ കേട്ട കഥകളില്‍ അധികവും ആഫ്രിക്കന്‍ നാടുകളുടേതായിരുന്നു. ഈജിപ്റ്റിന് ആഫ്രിക്കയുമായുള്ള അകല്‍ച്ച തുടങ്ങുന്ന നാളുകളില്‍ ടാന്‍സാനിയയില്‍നിന്നുമൊരു മടക്കയാത്ര സാധ്യമാകുകയായിരുന്നോ എന്നും നാമിവിടെ സന്ദേഹിച്ചുപോകുന്നു. പില്‍ക്കാലങ്ങളില്‍ കിഴക്കിന്റെ അറിവായി കൊട്ടിഘോഷിക്കപ്പെട്ട പല അറിവിടങ്ങളിലും കൊട്ടാരത്തിനുള്ളില്‍ കഥ പറഞ്ഞുകൊടുക്കുകയും മുലയൂട്ടുകയുമെല്ലാം ചെയ്തിരുന്ന പലായയെപ്പോലുള്ള സ്ത്രീകളുടെ പെയിന്റിങ്ങുകള്‍ കാണാം. യൂറോപ്യന്‍ ജ്ഞാനവ്യവസ്ഥയില്‍ അത്തരം പെയിന്റിങ്ങുകള്‍ അത്ഭുതത്തിന്റേയും വിചിത്രതയുടേയും മുദ്രണങ്ങളായിത്തീര്‍ന്നു. പടിഞ്ഞാറില്‍നിന്നും ഉത്ഭവിച്ച 'ഓറിയന്റെലിസ'ത്തിലും ഇതിന്റെ അടയാളങ്ങളുണ്ട്. പക്ഷേ, ഇവിടെയെല്ലാം അടിമസ്ത്രീ എന്തായിരുന്നെന്നും അവരുടെ ദേശ-ഭാവഭേദങ്ങളെന്തൊക്കെ ആയിരുന്നെന്നും നാമറിയുന്നില്ല.

ഈജിപ്റ്റിലെ കൊട്ടാരങ്ങള്‍ക്കുള്ളില്‍ ഗാര്‍ഹികവൃത്തിക്കു പുറമേ മറ്റു പല ജോലികളിലും ഇടപെട്ടിരുന്ന പലായയെക്കുറിച്ചുള്ള രേഖകള്‍ ഈജിപ്റ്റിലെ കൊട്ടാരമെഴുത്തുകാര്‍ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അവ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത് 1978-നു ശേഷമാണെന്ന് റെക്കോര്‍ഡുകള്‍ വ്യക്തമാക്കുന്നു. പലായയുടെ സഹോദരന്‍മാരെ ടാന്‍സാനിയയില്‍നിന്നും അടിമകളായി മറ്റേതോ ദേശത്തേക്ക് കൊണ്ടുപോയതായി അവര്‍ ഓര്‍ക്കുന്നുണ്ട്. എന്നെങ്കിലും പലായ ഈജിപ്റ്റ് വിടുകയുണ്ടായോയെന്ന് നമുക്കറിവില്ല. അടിമസ്ത്രീകളുടെ വേദനാജനകമായ കഥകളില്‍നിന്നും വളരെ വ്യത്യസ്തമായി ഭൂതകാലം അടയാളപ്പെടുത്തിയ പലായയും കാലാതീതമായി മറ്റൊരു സംസ്‌കാരത്തിന്റെ നാന്ദി കുറിക്കുകയായിരുന്നു. വര്‍ണ്ണസങ്കര ഈജിപ്റ്റിനുള്ളില്‍ മറ്റൊരു ആഫ്രിക്കയുടെ സൃഷ്ടി നടത്തുകയാണവര്‍ ചെയ്തത്. ഒടുവില്‍ അപൂര്‍ണ്ണ അടിമചരിത്രത്തിന്റെ ഗഹ്വരങ്ങളില്‍ അവര്‍ മാഞ്ഞുപോയെങ്കിലും.

മൂന്ന്

ഇനി പറയാന്‍ പോകുന്നത് അടിമയുടെ കഥയല്ല. ഒരു അഭയാര്‍ത്ഥിയുടേതാണ്. അതും പേരറിയാത്ത ഏതോ ദേശത്തുനിന്നും സൊമാലിയയിലേക്ക് കഴിഞ്ഞ നൂറ്റാണ്ടില്‍ (1910-24) എത്തിച്ചേര്‍ന്ന ജോദു അല്‍ ലഹായ്ബയെന്ന ജൂതനായൊരു അഭയാര്‍ത്ഥി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ ആഫ്രിക്കന്‍ നാടുകള്‍ ഇങ്ങനെയായിരുന്നെന്ന് അധികം പറയേണ്ടതില്ലല്ലോ. ആഫ്രിക്കയില്‍ വംശവെറിയും വര്‍ണ്ണവിവേചനവും കൊടികുത്തി വാഴുന്ന നാളുകളിലാണ് ഗാന്ധി ആപല്‍ക്കരമായ വിവേചനങ്ങള്‍ക്കിരയായതും അതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചതുമെല്ലാം. എന്നാല്‍, പല നാടുകളില്‍നിന്നും അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ സൊമാലിയയെപ്പോലൊരു തീരെ അപരിഷ്‌കൃതമായൊരിടത്ത് അടിഞ്ഞുകൂടപ്പെട്ട ഒരു അഭയാര്‍ത്ഥിയുടെ ജീവിതത്തിന് ഇതൊന്നുമായിരിക്കില്ല പറയാനുണ്ടാകുക. തെക്കന്‍ ആഫ്രിക്കയില്‍ ഗാന്ധി സംഘടിപ്പിച്ച ഇന്ത്യക്കാരുടെ ജീവിതത്തില്‍ 'പ്രവാസിത്വം' കാണാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. പ്രവാസിയെന്ന വാക്കിന്റെ നിഘണ്ഡു അര്‍ത്ഥത്തില്‍ അവരതായിരുന്നെങ്കിലും പില്‍ക്കാലങ്ങളില്‍ സുനിശ്ചിത അര്‍ത്ഥമുള്ളിടങ്ങളിലേക്ക് അവര്‍ അവരുടെ വാസമുറപ്പിക്കുകയുണ്ടായി. തെക്കന്‍ ആഫ്രിക്ക അഭയാര്‍ത്ഥികള്‍ക്ക് എതിരെ നിന്നിരുന്ന രാജ്യമായിരുന്നെങ്കില്‍, ചുരുക്കം ചില ആഫ്രിക്കന്‍ രാജ്യങ്ങളെങ്കിലും അഭയാര്‍ത്ഥികളെ അവരുടെ ഹൃദയത്തോടടുപ്പിക്കുകയുണ്ടായി. ഇവിടെയാണ് ആഫ്രിക്കന്‍ നാടുകളും ഇന്ത്യയും തമ്മിലുള്ള പാരസ്പര്‍ശ്യമെന്താണെന്ന് നാമറിയുന്നത്.

അപരിഷ്‌കൃത ഭൂമിയായിരുന്ന സൊമാലിയ വെറും മീന്‍പിടുത്തക്കാരുടേയും കപ്പല്‍ക്കവര്‍ച്ചക്കാരുടേയും നാടായാണ് അറിയപ്പെട്ടിരുന്നത്. ഊരേതെന്നറിയാതെ അവിടേക്കെത്തിയ ജോദു അയാളുടെ ജീവിതം ആരംഭിച്ചതും മീന്‍പിടുത്തക്കാര്‍ക്കൊപ്പമാണ്. ചെറു ഓടങ്ങളില്‍ കടലിലേക്കിറങ്ങുന്നവരുടെ കൂട്ടത്തില്‍ അയാളുമുണ്ടായിരുന്നു. പലപ്പോഴും കടലില്‍വെച്ച് കറുത്തവരുടെ വഞ്ചികള്‍ ഇതര നാടുകളിലേയും സ്വന്തം നാട്ടിലേയും വര്‍ഗ്ഗങ്ങളുടെ വഞ്ചികളുമായി ഏറ്റുമുട്ടാറുണ്ട്. പലപ്പോഴും ചതിയിലൂടെയായിരിക്കും അവര്‍ കടല്‍വിഭവങ്ങള്‍ കൈക്കലാക്കുക. മത്സരങ്ങളുടേയും യുദ്ധക്കൊതിയുടേയും ഭീമാകാര ഭൂമികയായി കടല്‍ ജോദുവില്‍ നിറഞ്ഞുനിന്നു. ജോദുവിനെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ഉപയോഗിക്കുകയായിരുന്നു. കാരണം എണ്ണമറ്റ കടല്‍വിഭവങ്ങള്‍ എവിടെ കിട്ടുമെന്ന് കാണാക്കയങ്ങള്‍ നോക്കി അയാള്‍ പറയുമായിരുന്നത്രെ! മത്സ്യത്തിനു പുറമെ ഇതര ദ്രവ്യങ്ങളും വിലപിടിപ്പുള്ള മുത്തുകളുമെല്ലാം ജോദുവിലൂടെ സൊമാലിയയിലെ മീന്‍പിടുത്തക്കാര്‍ക്ക് ലഭിക്കുവാന്‍ തുടങ്ങി. അതോടെ എങ്ങുനിന്നോ അലഞ്ഞൊടുവില്‍ അവിടെയെത്തിച്ചേര്‍ന്ന അയാള്‍ക്ക് 'അറിവുള്ള ജൂത'നെന്നൊരു നാമകരണവുമുണ്ടായി. (ആ പേരിലെ ആക്ഷേപഹാസ്യമെന്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!). ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ മീന്‍പിടുത്തക്കാര്‍ക്കിടയില്‍ ജോദുവിനുവേണ്ടിയുള്ള കിടമത്സരം ആരംഭിച്ചു. ജോദുവിനെ സ്വന്തമാക്കാന്‍ വേണ്ടി അയാള്‍ക്കെന്തും കൊടുക്കുവാന്‍ ചില മത്സ്യബന്ധന ഗ്രൂപ്പുകള്‍ തയ്യാറായി. ജോദുവാകട്ടെ, തികഞ്ഞ ജൂതമനസ്സുള്ളയാളായിരുന്നു. ഒരു സിനഗോഗ് പോലുമില്ലാതിരുന്ന ആ നാടിനുള്ളിലും ദേവാലയത്തിന്റെ ചെറിയൊരു മാതൃരൂപമുണ്ടാക്കി വൈകുന്നേരങ്ങളില്‍ അയാള്‍ പ്രാര്‍ത്ഥിക്കുമായിരുന്നു.

ജൂതനായ അഭയാര്‍ത്ഥിക്ക് അഭയം നല്‍കിയ ആഫ്രിക്കന്‍ നാട് അയാളിലൂടെ വളരാന്‍ ആഗ്രഹിച്ചിരുന്നു. ജോദുവിന്റെ പ്രവൃത്തികളില്‍ ആകൃഷ്ടനായ ഇസ്ലാം ഭരണാധികാരി അയാളെ രാജ്യത്തിന്റെ ചാരവൃത്തിക്കായി നിയുക്തനാക്കി. ആദ്യം ജോദു ചെയ്തത് കടല്‍ക്കരയില്‍ വരുന്ന മറുനാടന്‍ കാപ്പിരികളെ രഹസ്യമായി ബന്ധപ്പെടുകയും പിന്നെ സമര്‍ത്ഥമായി അവരെ ഭരണാധികാരിക്കു മുന്നില്‍ എത്തിക്കുകയുമായിരുന്നു. പിന്നീട് തന്നെ ചതിക്കുവാന്‍ തുനിഞ്ഞ മീന്‍പിടുത്തക്കാര്‍ക്കെതിരെ അയാള്‍ തിരിയുകയുണ്ടായി. അധികം വൈകാതെ ചാരനായി അയാള്‍ എത്യോപ്യയിലേക്കും ഇതര നാടുകളിലേക്കും കടന്നെത്തുകയുമുണ്ടായി. അപ്പോഴേക്കും ആഫ്രിക്കയിലെ ഗോത്രഭാഷകളെല്ലാം അയാള്‍ പഠിച്ചുകഴിഞ്ഞിരുന്നു. ഏതൊരു ദേശത്തു ചെന്നാലും തന്റെ ജൂത തന്‍മ ഉപേക്ഷിക്കാതെ മറ്റുള്ളവരോട് ഇടപെടുവാനും അവസാനം തനിക്കഭയം തന്ന സൊമാലിയന്‍ ഭരണകൂടത്തിനു മുന്നില്‍ എല്ലാം സമര്‍പ്പിക്കുവാനും അയാള്‍ തയ്യാറായി. ഏതോ ആഫ്രിക്കന്‍ ഗോത്രപുരോഹിതനോട് ഒരുനാള്‍ ആഫ്രിക്ക ജൂതരുടേതായി മാറുമെന്നും അയാള്‍ പറയുന്നുണ്ട്. ജൂതരാകട്ടെ, ഇതര മതക്കാരെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ വൈമുഖ്യം കാട്ടിയിരുന്നു. എക്കാലത്തും അത്തരമൊരു വേറിട്ട തന്‍മയുടെ ഭൂമികയില്‍നിന്നാണ് 20-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സ് കഫ്കയെപ്പോലൊരു എഴുത്തുകാരന്‍ തികച്ചും ഒറ്റപ്പെട്ട അസ്തിത്വത്തിന്റെ വേദനകള്‍ ആഖ്യായികകളാക്കിയതും.

ജോദുവിന്റെ ചാരജീവിതത്തിന്റെ ബാഹ്യേതര ജീവിതമായിരിക്കാം ഹിറ്റ്‌ലറിന്റെ കീഴില്‍ ദശലക്ഷത്തിലധികം ജൂതര്‍ അനുഭവിച്ചതെന്നും അനുമാനിക്കാം. ആഷ്വിറ്റ്‌സ്, ബെല്‍സന്‍, ട്രിബ്ലിംക, ദക്കാഖു എന്നീ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൊല്ലപ്പെട്ട ജൂതരിലധികവും ചാരന്‍മാരായിരുന്നുവെന്ന് ഫ്യൂറര്‍ വിശ്വസിച്ചിരുന്നു.

ജോദുവിന്റെ അന്ത്യം ദാരുണമായിരുന്നു. 1924 ഒക്ടോബര്‍ മാസം അയാളുടെ ശരീരം കടല്‍ച്ചൊരുക്കിനൊപ്പം തീരത്തണഞ്ഞു. കനത്ത ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്ന ശരീരത്തിനടുത്തേക്ക് ആരും ചെല്ലുകയുണ്ടായില്ല. ചെമ്പുതകിടില്‍ 'ഞാനിന്നും അലയുന്ന ജൂതനാ' (I am Still a Wandering Jew)ണെന്ന് എഴുതിയ എന്തോ ഒന്ന് അയാളുടെ കഴുത്തില്‍ തൂക്കിയിട്ടിട്ടുണ്ടായിരുന്നു. ജോദു ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കാന്‍ വിഷമമാണ്. പല ജീവിതങ്ങള്‍ ജീവിച്ച് ഒടുവില്‍ ചാരനായി ജീവിക്കേണ്ടിവന്ന ജൂതനെന്ന നിലയില്‍ അയാളുടെ മരണം കൊലപാതകമായിരിക്കാനുള്ള സാധ്യതകളേറെയാണ്. ജൂതനെന്നും അലയുന്നവന്‍ തന്നെയായിരുന്നു.

പിടിക്കപ്പെട്ട ആഫ്രിക്കൻ വംശജരെ അടിമകളാക്കി കപ്പലിൽ കൊണ്ടുപോകുന്നു (1880). ചിത്രകാരന്റെ ഭാവനയിൽ
പിടിക്കപ്പെട്ട ആഫ്രിക്കൻ വംശജരെ അടിമകളാക്കി കപ്പലിൽ കൊണ്ടുപോകുന്നു (1880). ചിത്രകാരന്റെ ഭാവനയിൽ

നാല്

പ്രവാസ സംസ്‌കാരം ഒരുകാലത്തും ഏകരൂപത്തിലുള്ളതായിരുന്നില്ല. പ്രവാസ സംസ്‌കാരത്തിലെ സൂക്ഷ്മ വ്യതിരേകങ്ങള്‍ കാട്ടിത്തരുന്നത് അലയാന്‍ മാത്രം വിധിക്കപ്പെട്ട ഒരുകൂട്ടം ആളുകളുടെ വേദനകളാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍നിന്നും തുടങ്ങിയ ഈ അലച്ചില്‍ ഇന്ന് രോഹിംഗ്യകളിലേക്കും മതവൈരികളിലേക്കും കൂട്ടക്കശാപ്പുകളിലുമെത്തിനില്‍ക്കുന്നു. നമ്മുടെ രാജ്യത്തെ വര്‍ത്തമാന പരിതസ്ഥിതിയില്‍ നാഗരിക ഭേദഗതി ബില്ലി (Citizenship Amendment Act)ലെ നിയമാവലികളില്‍ പുറത്താക്കപ്പെടുന്നവരും അനധികൃതമായി അകത്തു കടക്കുന്നവരും വലിയൊരര്‍ത്ഥത്തില്‍ പ്രവാസ സംസ്‌കാരത്തിന്റെ പരിച്ഛേദങ്ങളാണ്.  

ഇതുവരെ അപഗ്രഥിച്ച നിഗമനങ്ങളില്‍നിന്നുതന്നെ മറ്റൊരു ചോദ്യം ഉയരുന്നുണ്ട്. ആരാണ് പ്രവാസിയെ സൃഷ്ടിക്കുന്നത്? നിലവിലുള്ള ഭൗതിക സാഹചര്യങ്ങളില്‍നിന്നും വേറിട്ടു ചിന്തിക്കുകയാണെങ്കില്‍ ഭൂപടങ്ങള്‍ക്കുള്ളിലോ അതിര്‍ത്തിരേഖകള്‍ക്കുള്ളിലോ നില്‍ക്കാന്‍ ആഗ്രഹിക്കാത്ത പ്രതിബോധങ്ങളാണ് പ്രവാസിയെ സൃഷ്ടിക്കുന്നത്. അത്തരമൊരു പ്രവാസത്തില്‍ അവള്‍/അവന്‍ ഒന്നിലധികം ജീവിതങ്ങള്‍ ജീവിക്കുവാന്‍ ബാധ്യസ്ഥരാകുന്നു. അതിനുള്ളില്‍ അടിമയായും അഭയാര്‍ത്ഥിയായുമെല്ലാം അവള്‍/അവന്‍ പുനര്‍ജ്ജനിച്ചുകൊണ്ടേയിരിക്കുന്നു.

തീവ്രമായ പ്രവാസാനുഭവങ്ങള്‍ മറുനാടുകളില്‍ മാത്രമല്ല നിലനില്‍ക്കുന്നത്. സ്വന്തം രാജ്യത്തിനുള്ളിലും നിയമാവലികളും ഭരണസമ്മര്‍ദ്ദങ്ങളും കുടുക്കിയിടുന്ന അനേകങ്ങളുണ്ട്. അവര്‍ ആന്തരിക പ്രവാസികളായി ജീവിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് കണ്ടുപരിചയിച്ച ഇടങ്ങളോ സഫലമോ പ്രശ്‌നമല്ല. സ്ഥലം തന്നെ ഒരുക്കുന്ന അന്യവല്‍ക്കരണത്തിന്റെ മാതൃകകളാണവര്‍. ഒരു പലായയേയോ ജോദുവിനേയോ അവിടെ കണ്ടെന്നിരിക്കില്ല. ഇന്ത്യയിലെ ഭിക്ഷാടകരുടേയും ഉള്‍നാടന്‍ അഭയാര്‍ത്ഥികളുടേയും കാര്യം മാത്രമെടുത്താല്‍ മതി ഇത് വ്യക്തമാകാന്‍. പാകിസ്താനില്‍നിന്നും ബംഗാള്‍ദേശില്‍നിന്നും വന്നവര്‍ മാത്രമല്ല നമ്മുടെ അഭയാര്‍ത്ഥികള്‍. അതുപോലെ ബംഗാളില്‍നിന്നും കേരളത്തിലെത്തി ഹോട്ടലുകളിലും റെയില്‍വേ ട്രാക്കുകളിലും ജോലി ചെയ്യുന്നവരോ അസമില്‍ നിന്നെത്തിയ കെട്ടിടപ്പണിക്കാരോ മാത്രമല്ല നമ്മുടെ അഭയാര്‍ത്ഥികളായ അനാഥര്‍. ഓരോ വര്‍ഷവും നാമെടുക്കുന്ന സെന്‍സസിനും അപ്പുറത്താണ് ആന്തരിക അഭയാര്‍ത്ഥികളുടെ ജീവിതം. ആന്തരിക പ്രവാസിത്വത്തിന്റെ അനന്തച്ഛായകള്‍ പേറുന്നവയാണ് വര്‍ത്തമാന ലോകത്തിലെ നഗരജീവിതങ്ങളും നാട്ടുജീവിതങ്ങളും.

ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ചോദ്യം ചെയ്യപ്പെടുന്ന പൗരത്വ ഭേദഗതി നിയമത്തേയും അഭയാര്‍ത്ഥികളുടേയും പലായന ചരിത്രത്തിന്റേയും വെളിച്ചത്തില്‍ നോക്കിക്കാണുവാന്‍ നാം തയ്യാറാകേണ്ടതാണെന്ന് എനിക്കു തോന്നുന്നു. മ്യാന്‍മറിലെ ഹിന്ദുക്കളെ അവഗണിക്കുകയും വിരളമായ ജൂതവിഭാഗത്തിന് പ്രാതിനിധ്യം കൊടുക്കാതിരിക്കുകയും അഹമ്മദീയ ഇസ്ലാമിനെ പാര്‍ശ്വവല്‍ക്കരിക്കുകയും ശ്രീലങ്കയില്‍നിന്നും ഇന്ത്യയിലേക്ക് കാലങ്ങളായി കടന്നുവന്നുകൊണ്ടിരിക്കുന്ന തമിഴ് വംശജനെ അകറ്റിനിറുത്തുകയും രോഹിംഗ്യന്‍ അഭയാര്‍ത്ഥികളുള്‍പ്പെടെ ഒട്ടനേകം അഭയാര്‍ത്ഥികളെ പുറംതള്ളുകയും ചെയ്യുന്നതിലൂടെ പ്രവചനാതീതമായ വിവേചനങ്ങള്‍ക്ക് ഇരകളായി അനേകങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. അതിര്‍ത്തികളില്‍നിന്നുപോലും തുരത്തപ്പെടുന്ന ഇക്കൂട്ടര്‍ അനാദികാലങ്ങളായി തുടരുന്ന അഭയാര്‍ത്ഥികളുടെ രൂപത്തില്‍ മറ്റെങ്ങോട്ടോ അലയാന്‍ വിധിക്കപ്പെടുകയാണ് ചെയ്യുന്നത്. അഭയാര്‍ത്ഥികളുടെ നിഴലുകളില്‍നിന്നും മറ്റൊരു രാഷ്ട്രത്തിന്റെ പിറവിക്കായാണ് പൗരത്വ ഭേദഗതി നിയമം സഹായകമാകുന്നതും. എന്നാല്‍, ജോദുവിനെപ്പോലെ പല കാലങ്ങളില്‍ ജീവിക്കുന്ന ഒരു അഭയാര്‍ത്ഥിയെ ഇനി നമുക്ക് കാണാനാവില്ലെന്നതും സത്യമാണ്. അത്തരമൊരു രാഷ്ട്രനിര്‍മ്മിതിയില്‍ നമ്മുടെ നിദ്രയ്ക്കുള്ളില്‍ പേടിപ്പെടുത്തുന്ന സ്വത്വങ്ങളായി അഭയാര്‍ത്ഥികളും അടിമകളും കടന്നുവരികതന്നെ ചെയ്യും. അവര്‍ അവരുടെ ഭൂമിയും സ്വപ്നങ്ങളും നമ്മളോട് ചോദിച്ചുകൊണ്ടേയിരിക്കും. അശാന്തരായ ആ സ്വത്വങ്ങളുടെ മുന്നില്‍ നിസ്സഹായരായി നാം പകച്ചുനില്‍ക്കും.

(കാലിക്കറ്റ് സര്‍വ്വകലാശാല മലയാള വിഭാഗം സംഘടിപ്പിച്ച ('പ്രവാസം: അടിമ കഥനങ്ങളും അഭയാര്‍ത്ഥികളും' എന്ന അന്തര്‍ദ്ദേശീയ സെമിനാറില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗമാണ് ഈ പ്രബന്ധം)

Works Cited:
Anderson, Claire: 'Convict Migration' in Brij V. Lal, Peter Reeves and Rajesh Rai (eds). The Encyclopedia of Indian Diaspora
New Delhi: Oxford Unverstiy Press, 2007
Dubey, Ajay (ed): Indian Diaspora: Global
Perspectives. New Delhi: Kalinga, 2003.
Docker, John: 1492: The Poetics of Diaspora
London: Bloomsbury, 2001
Fersuson, Davie C.E.: The Early History of Indians in Natal. Johannesburg: South African Institute of Race Relations, 1952
Geoghaghan, J.: Note on Emigration form India Calcutta Archives.
Geniza Records and Archives in Egypt (Cairo Universtiy Records)
Jain, Ravindra K.: South Indians on the Plantation Frontier in Malaya.
New Haven: Yale Universtiy Press, 1970
Kondapi, C: Indian Overseas, 1838-1949
Madras: Oxford Universtiy Press, 1951
Kuper, Hilda: Indian People in Natal Westport: Greenwood Press, 1960.
Sahoo, Ajay Kumar and Laxmi Narain Kadekar (eds): Global Indian Diaspora: History, Culture and Indenttiy New Delhi: Rawat, 2012
Tinker, Hugh: A New System of Slavery: The Export of Indian Labour Overseas. 1830-1920. London: Oxford Universtiy Press, 1990.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com