ഉടലിന്റെ ഗാനാലാപം

കഷ്ടകാണ്ഡത്തിന്റെ കാന്‍സര്‍ ദിനങ്ങള്‍ താണ്ടിയ പ്രമുഖ ഇന്ത്യന്‍ നര്‍ത്തകി അലര്‍മേല്‍ വള്ളി തന്റെ നൃത്തസ്വപ്നങ്ങള്‍ വീണ്ടും അരങ്ങിലെത്തിക്കുമ്പോള്‍
ഉടലിന്റെ ഗാനാലാപം

ടരാന്‍ മനസ്സില്ലാതെ ചെന്നൈ മൈലാപ്പൂരിലെ സന്ധ്യയ്ക്ക് ഇക്കഴിഞ്ഞ ഡിസംബര്‍ 25, ക്രിസ്തുമസ് ദിനമായിരുന്നില്ല. കുങ്കുമം ആവോളം വാരിവിതറിയിട്ടും അവള്‍ക്കന്നു പിരിയാന്‍ മനസ്സുവന്നില്ല. അവള്‍ തെരഞ്ഞത് ഏറെ പരിചിതമായ ആ പദനിസ്വനത്തെ. കഴിഞ്ഞ ഒന്നൊന്നര വര്‍ഷക്കാലം ജപിച്ചു മടുത്ത മൗനോപനിഷത്തില്‍നിന്നും കുതറിത്തെറിച്ച ആര്‍ദ്രകല്യാണിയെ. കളമൊഴി ടി മുക്തയുടേയും പന്തനല്ലൂര്‍ ചൊക്കലിംഗം പിള്ളയുടേയും ആരാമത്തില്‍ വിരിഞ്ഞ ആ കുരുക്കുത്തിമുല്ലയെ... അലര്‍മേല്‍വള്ളിയെ... ഇപ്പോള്‍ ആ ലതാഭഗിനി എന്തുചെയ്യുകയായിരിക്കുമെന്ന് ആലോചിച്ചു തപിച്ച് മനസ്സില്ലാമനസ്സോടെ ആ കുങ്കുമസന്ധ്യ ചക്രവാളത്തിന്റെ തിരശ്ശീല മാറ്റി മാഞ്ഞുപോയി.

ഗ്രീന്‍ റൂമിന്റെ വലിയ നിലക്കണ്ണാടിക്കു മുന്നില്‍ നിന്നപ്പോള്‍ വള്ളിക്കും തന്റെ മുഖം ഏറെ പരിചിതമായി തോന്നി. ഇല്ല; തനിക്കൊന്നും സംഭവിച്ചിട്ടില്ല. അകമായും പുറമായും ജ്വലിച്ചുയര്‍ന്ന സംഘകാല കവിതയില്‍ നട്ടുനനച്ച തന്റെ ഹൃദയം കൃഷ്ണമണിയില്‍ നിഴലിക്കുന്നില്ലേ? ഉണ്ട്. പന്തനല്ലൂര്‍ സുബ്ബരായ പിള്ളയുടെ ജതിയില്‍നിന്നും ഉദിച്ചുയര്‍ന്ന മഴവില്ലിന്റെ ദ്യുതികള്‍ കവിളിലിപ്പോഴും തുടുത്തു കിടക്കുന്നില്ലേ? ഉണ്ട്. സംഗീതത്തെ കാണാനും നൃത്തത്തെ കേള്‍ക്കാനും പഠിച്ച അതേ അലര്‍മേല്‍വള്ളിതന്നെയാണ് താന്‍. വള്ളി കാല്‍ച്ചിലങ്കകള്‍ കിലുക്കിനോക്കി. കൈവിരലുകളിലെ അനായാസ വസന്തത്തെ ഒന്നുകൂടി ഉറപ്പുവരുത്തി. അപ്പോള്‍ നിലക്കണ്ണാടിയിലെ പരശ്ശതം രസമുകുളങ്ങളിലൂടെ വള്ളിയുടെ അമ്മ ഉമ മുത്തുകുമാരസ്വാമി പറഞ്ഞു: ''നൃത്തവേദിയില്‍ നീയും ഞാനുമില്ല. ശരീരത്തിലെ ഓരോ അണുവും നൃത്തത്തിലേയ്ക്ക് അലിഞ്ഞലിഞ്ഞുപോകാന്‍ വാതില്‍ തുറന്നുകൊടുക്കുക. അത്രമാത്രം സംശയിക്കാന്‍ നിനക്കൊട്ടും നേരമില്ല മകളേ...'' അപ്പോള്‍ വള്ളിയുടെ കാല്‍ച്ചിലങ്കകള്‍ സിന്ധുഭൈരവിയില്‍ അറിയാതെ കിലുങ്ങി.

പിന്നെ വള്ളി നൃത്തം ചെയ്തു...

നൃത്തവേദി അലിഞ്ഞില്ലാതാവുന്നതും പന്തനല്ലൂരില്‍ വിരിഞ്ഞ എല്ലാ സുമജാലങ്ങളുടേയും പരാഗസമുദ്രത്തില്‍ പ്രേക്ഷകന്‍ നീന്തിത്തുടിച്ചതും

ആരുമേയറിഞ്ഞില്ല... വള്ളിയോ പ്രേക്ഷകനോ ആരും...

18 മാസം നീണ്ട യുദ്ധത്തിനുശേഷം, കാന്‍സര്‍ എന്ന മഹാരോഗത്തെ തോല്‍പ്പിച്ചതിനുശേഷമുള്ള അലര്‍മേല്‍വള്ളിയുടെ നൃത്തമായിരുന്നു അത്. വള്ളിയുടെ ഫാന്‍സും സുഹൃത്തുക്കളും ശുശ്രൂഷിച്ച ഡോക്ടര്‍മാരുമൊക്കെയുള്ള നിറഞ്ഞ സദസ്സ്. കച്ചേരി കഴിഞ്ഞ് ഒരു കൊച്ചുകുട്ടിയെപ്പോലെ ആരാധകര്‍ക്കിടയിലേയ്ക്ക് ഓടിവന്ന വള്ളി ഓരോരുത്തരേയും ഹസ്തദാനം ചെയ്തു; ആലിംഗനം ചെയ്തു. അവര്‍ ഓരോരുത്തരോടും ചോദിക്കുന്നുണ്ടായിരുന്നു താന്‍ നന്നായി നൃത്തം ചെയ്തില്ലേയെന്ന്. ഇതെന്തു ചോദ്യമെന്ന മട്ടില്‍ ഓരോ പ്രേക്ഷകനും അതു തങ്ങളുടെ നൃത്തമായിരുന്നുവെന്നു മാറ്റി വായിച്ചു.
-----

ഈ തിരക്കുള്ള നൃത്തജീവിതത്തിനിടയില്‍ എങ്ങനെയാണ് കാന്‍സര്‍ തിരിച്ചറിഞ്ഞത്? ശരിക്കുമത് ജീവിതത്തെ വല്ലാതെ ഉലച്ചോ?

കാന്‍സറൊന്നുമായിരുന്നില്ല എന്റെ ജീവിതത്തെ വല്ലാതെ ഉലച്ചത്. എന്റെ അമ്മയുടെ വിയോഗമായിരുന്നു. എന്റെ വഴികാട്ടിയും ഗുരുവും ഹൃദയസൂക്ഷിപ്പുകാരിയും നിശിത വിമര്‍ശകയുമൊക്കെയായ അമ്മയുടെ വേര്‍പാട് എന്നെ തകര്‍ത്തു. എന്റെ നൃത്തയാത്രയില്‍ എനിക്കു കവചമായി നിന്നയാള്‍ പൊടുന്നനെയില്ലാതായപ്പോള്‍ തുടിക്കുന്ന ജീവിതം തന്നെ എനിക്കു നഷ്ടമായതായി തോന്നി. ഒരു വര്‍ഷത്തിനുള്ളില്‍ എന്റെ മാറിടത്തില്‍ കാന്‍സര്‍ ബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. എല്ലാ വര്‍ഷവും നടത്താറുള്ള പൊതു ആരോഗ്യ പരിശോധനകളും കാന്‍സര്‍രോഗ പരിശോധനയും 2018 മാര്‍ച്ചില്‍ ഞാന്‍ നടത്തിയതാണ്. എനിക്കു ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് തന്നാണ് എന്റെ റേഡിയോളജിസ്റ്റ് അന്നയച്ചത്. അങ്ങനെ ഏപ്രില്‍-മെയ് മാസങ്ങളില്‍ ഞാന്‍ വിദേശത്ത് നൃത്തപരിപാടികള്‍ അവതരിപ്പിച്ചു. ജൂണ്‍ മാസത്തില്‍ ആയുര്‍വേദ ഉഴിച്ചിലിനു വിധേയമായപ്പോഴാണ് മാറിടത്തില്‍ ഒരു തടിപ്പുള്ളതായി കണ്ടത്. തുടര്‍ന്നുള്ള പരിശോധനയില്‍ കാന്‍സറാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. അതെനിക്കൊരു ഞെട്ടലായിരുന്നു.

മാര്‍ച്ചില്‍ ഡോക്ടര്‍ എനിക്കു ക്ലീന്‍ ചിട്ട് തന്നതിനാല്‍ അടുത്തവര്‍ഷം മാത്രമേ ഞാനീ ആരോഗ്യപരിശോധനയ്ക്കു വിധേയമാവുമായിരുന്നുള്ളൂ. തിരക്കു തുടങ്ങുന്നതിനു മുന്‍പുള്ള ആ ഉഴിച്ചില്‍ എന്റെ രോഗവിവരമെനിക്കു തന്നു. കാന്‍സറിന്റെ ആദ്യ ദശയായിരുന്നു അത്. ദൈവത്തിന്റേയും അമ്മയുടേയും കൃപകൊണ്ട് ഞാനിന്നു രക്ഷപ്പെട്ടു. വിവരമറിയാതെ ഞാന്‍ ഒരുവര്‍ഷം മുന്നോട്ടു പോയിരുന്നുവെങ്കില്‍ അപകടത്തിലെത്തുമായിരുന്നു.

പൊടുന്നനെ നിറം കൊഴിഞ്ഞുപോയ ആ ആഘാതദിനങ്ങള്‍ ഓര്‍മ്മയുണ്ടോ? എങ്ങനെയാണ് ആ ദിവസങ്ങളിലൂടെ കടന്നുപോയത്? വള്ളി ശരിക്കും കാന്‍സറില്‍നിന്നും രോഗമുക്തി പ്രാപിക്കുകയായിരുന്നില്ലല്ലോ, രോഗത്തെ കീഴടക്കുകതന്നെയായിരുന്നല്ലോ. എത്രയോ അര്‍ബ്ബുദരോഗികളാണ് ഈ ഉത്തരം കേള്‍ക്കാനാഗ്രഹിക്കുന്നത്?

ഒറ്റരാത്രികൊണ്ട് എന്റെ ജീവിതം മാറിമറിയുകയായിരുന്നു. മണിക്കൂറുകളോളം നൃത്തക്കളരിയില്‍ അഭ്യസനം നടത്തിയിരുന്ന ഞാന്‍ ആശുപത്രിയില്‍ സമയം തീര്‍ക്കാന്‍ തുടങ്ങി. കോറിയോഗ്രഫിയും കോംപോസിഷനും കീമോതെറാപ്പിക്കും റേഡിയേഷനും വഴിമാറി. അമ്മ മരിക്കുന്നതുവരെ എന്റെ ജീവിതം അനുഗ്രഹീതമായിരുന്നു. ആ ആഘാതത്തിനു പിന്നില്‍ ഈ രോഗം കൂടി വന്നപ്പോള്‍ ഇരുട്ടടിയായി. പക്ഷേ, ഈ മോശം കാലാവസ്ഥ എന്നിലെ എന്നെ കണ്ടെത്താന്‍ സഹായിച്ചു. എന്റെ മനോബലത്തിന്റെ നിലയറിയാന്‍ എന്നെ സഹായിച്ചു. സ്വയം പഴിക്കുന്നതിനോ പരിതപിക്കുന്നതിനോ ഉള്ള സമയമില്ലെന്നും എന്നില്‍ നിര്‍ലോഭം പൊഴിഞ്ഞ അനുഗ്രഹത്തെ തിരിച്ചറിയാനുള്ള സമയമാണെന്നും ഞാന്‍ മനസ്സിലാക്കാന്‍ തുടങ്ങി. മറ്റുള്ളവരിലേയ്ക്കു നോക്കുമ്പോള്‍ ഞാനെത്ര ഭാഗ്യവതിയാണ്! നല്ല ആശുപത്രി, നല്ല ഡോക്ടര്‍മാര്‍, എന്നും കരുത്തു തരുന്ന ചങ്ങാതിമാര്‍, അതിലൊക്കെയുപരിയായി എനിക്കനുഗ്രഹമായി കിട്ടിയ എന്റെ നൃത്തം. നൃത്തത്തിലൂടെ ഒരാള്‍ക്ക് ആഴത്തില്‍ പൂണ്ടുകിടക്കുന്ന സ്വത്വത്തെ തൊടാനാവുമെന്ന് എനിക്കുറപ്പായിരുന്നു. എന്നാല്‍, 12 ആഴ്ചക്കാലത്തെ കീമോ ചികിത്സയില്‍ മൂന്നും നാലും മണിക്കൂര്‍ നീണ്ടുനിന്നിരുന്ന നൃത്ത അഭ്യസനം 45 മിനിട്ടു മാത്രമായി ചുരുങ്ങി. പക്ഷേ, കുറച്ചു സമയമെങ്കില്‍ കുറച്ചു സമയം ഞാന്‍ നിരന്തരം നൃത്തം ചെയ്തു. നൃത്തത്തിന് ഏതു രോഗത്തേയും ഇല്ലാതാക്കാനാവുമെന്ന് എനിക്കിപ്പോള്‍ ഉറപ്പു പറയാനാവും.

അലർമേൽ വള്ളി
അലർമേൽ വള്ളി

ആ ദിവസങ്ങളിലെ മാനസികാവസ്ഥ ഒന്നുകൂടെ വിശദമാക്കാന്‍ കഴിയില്ലേ?

കൈക്കുഞ്ഞു മുതലുള്ള കുട്ടികളെ കീമോ വാര്‍ഡില്‍ കണ്ടത് എന്റെ ഹൃദയം പൊള്ളിച്ചു. എന്റെ വേദനകള്‍ എത്രയോ ചെറുതെന്ന് ഉറപ്പിക്കാന്‍ എനിക്കന്നു കഴിഞ്ഞു. എന്നേക്കാള്‍ അപകടകരമായ അവസ്ഥയില്‍ ജീവിക്കുന്ന എത്രയോ സ്ത്രീകള്‍ സന്തോഷവതികളായിരിക്കുന്നത് എനിക്കവിടെ കാണാന്‍ കഴിഞ്ഞു. അതെന്നെ ഒട്ടൊന്നുമല്ല പ്രചോദിപ്പിച്ചത്. പോസിറ്റീവായി മാത്രം ചിന്തിക്കുക എന്നതായി പിന്നീടെന്റെ മന്ത്രം.

ഭയവും അന്തര്‍മുഖത്വവും യഥേഷ്ടം സമ്മാനിക്കുന്ന കാന്‍സര്‍പോലുള്ള രോഗത്തെ പോസിറ്റീവ് മനോഭാവംകൊണ്ട് നേരിടുക എന്നത് ആദ്യദശയില്‍ വൈഷമ്യമാര്‍ന്നതായിരിക്കും എന്നറിയാഞ്ഞിട്ടല്ല. പക്ഷേ, അത്തരമൊരു മനോഭാവം രോഗപ്രതിരോധശക്തി കൂട്ടുമെന്നതിനു യാതൊരു സംശയവുമില്ല. കീമോതെറാപ്പി വേണമെന്നു ഡോക്ടര്‍മാര്‍ നിശ്ചയിച്ചപ്പോള്‍ ഞാനതിന്റെ ദൂഷ്യഫലത്തെക്കുറിച്ചാലോചിച്ചു വ്യാകുലപ്പെട്ടിരുന്നു. പക്ഷേ, എന്റെ പ്രിയപ്പെട്ട ഒരു ചങ്ങായി എന്നോട് പറഞ്ഞതിതാണ്: ''കിമോ ചികിത്സ തന്റെ ശരീരത്തെ മോശമായി ബാധിക്കാനേ പോകുന്നില്ലെന്ന് ഉറച്ചു വിശ്വസിക്കൂ. വേദാന്ത ക്ലാസ്സുകളില്‍ പോകാറില്ലേ? അഹം ബ്രഹ്മാസ്മിയില്‍ ഉറച്ചു വിശ്വസിച്ചാല്‍ ശരീരത്തിലെ ഓരോ കോശവും തിളങ്ങുന്നത് കാണാനാവും. ഇതു നിരന്തരം തന്നേത്തന്നെ ഓര്‍മ്മിപ്പിക്കുക. നെഗറ്റീവായി ചിന്തിക്കാതിരിക്കുക. പറയാതിരിക്കുക.'' ഇതെനിക്കൊരു പുതിയ പാഠമായിരുന്നു. കീമോ നടക്കുമ്പോള്‍ ഞാന്‍ നിരന്തരമായി വിഷ്ണു സഹസ്രനാമവും ലളിതാസഹസ്രനാമവും രുദ്ര-ഹനുമാന്‍ മന്ത്രങ്ങളും കേള്‍ക്കുമായിരുന്നു. മരുന്നിനൊപ്പം എന്റെ ശരീരത്തിലേയ്ക്ക് ഈ മന്ത്രങ്ങളും പ്രവേശിക്കുന്നുണ്ടെന്നു ഞാന്‍ സങ്കല്പിച്ചു. അവ എന്റെ ഓരോ കോശത്തിലും സുവര്‍ണ്ണദ്യുതി നിറയ്ക്കുന്നുണ്ടെന്നും സങ്കല്പിച്ചു. എന്റെ ശരീരകോശങ്ങള്‍ ആരോഗ്യവതികളായി മാത്രം കഴിയുന്നുവെന്നു ഞാനെന്നോട് നിരന്തരം പറഞ്ഞുറപ്പിച്ചു.

ഇത്തരം ഉറച്ച പോസിറ്റീവ് തീരുമാനങ്ങളും ആസൂത്രിതവും പോഷകം നിറഞ്ഞതുമായ ഭക്ഷണക്രമം, നിരന്തര വ്യായാമം, അക്യുപങ്ചര്‍, പ്രാണിക് ഹീലിംഗ് തുടങ്ങിയ സമാന്തര തെറാപ്പികള്‍ ഇതൊക്കെക്കൊണ്ടാണ് ഈ രോഗത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത്. ഇതിനൊക്കെ പുറമേ, എന്റെ ചങ്ങാതിമാര്‍, കുടുംബക്കാര്‍, ഇവരുടെ പിന്തുണ ഇതൊക്കെ എന്നെ വലിയ തോതില്‍ മുന്നേറാന്‍ സഹായിച്ചു. എന്റെ ശക്തിയും ആരോഗ്യവും യഥാര്‍ത്ഥത്തില്‍ ഇവരായിരുന്നു തന്നത്.

ചികിത്സയ്ക്കുശേഷമുള്ള വള്ളിയെക്കുറിച്ചറിയാന്‍ താല്പര്യമുണ്ട്. ചികിത്സയ്ക്കുശേഷമുള്ള ആ രണ്ടാം വരവിലെ നൃത്തസന്ധ്യയും. ആ അനുഭവങ്ങള്‍കൂടി പറയില്ലേ?

നൃത്തവേദികളില്‍നിന്നും ഞാനിത്രനാളും വിട്ടുനില്‍ക്കുന്നത് ആദ്യമാണ്. 18 മാസത്തെ ഇടവേള വളരെ വലുതുതന്നെയായിരുന്നു. വിശ്രമം, വിശ്രമം, വിശ്രമം. കുട്ടിക്കാലത്തിനുശേഷം ഞാനിത്രയും വിശ്രമിക്കുന്നത് ഇപ്പോള്‍ മാത്രമാണ്. അണുബാധയെ പേടിച്ചു വീട്ടില്‍നിന്നും പുറത്തിറങ്ങിയതേയില്ല; ചില ആശുപത്രി സന്ദര്‍ശനമൊഴിച്ച്. ഞാനെന്റെ പുസ്തകവായനയ്ക്ക് വേഗതകൂട്ടി. കോളേജ് കാലഘട്ടത്തിനുശേഷം ഏറ്റവും കൂടുതല്‍ പുസ്തകം വായിച്ചത് ഇക്കാലത്താണ്. പിന്നെ നെറ്റ് ഫ്‌ലിക്‌സിലെ സിനിമകളും എനിക്കു കൂട്ടായി. പറ്റുന്നതുപോലെ നൃത്തപരിശീലനത്തിന്റെ സമയം വര്‍ദ്ധിപ്പിച്ചുപോന്നു. ഒരു വര്‍ഷത്തിനുള്ളില്‍ എനിക്കെന്റെ പഴയ ഓജസ്സും ഉണര്‍വ്വും തിരിച്ചുകിട്ടുന്നതുപോലെ തോന്നി. വീണ്ടും നൃത്തവേദിയിലെത്തുമ്പോള്‍ ഒട്ടും ഒത്തുതീര്‍പ്പില്ലാത്ത, ഏറ്റവും മികച്ച പ്രകടനംതന്നെ കാഴ്ചവയ്ക്കണമെന്ന് എനിക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു. നിരവധി മാസത്തെ കഠിന പരിശീനത്തിലൂടെ ഞാനെന്നെ ഒരുക്കുകയായിരുന്നു. അവസാനം ഇക്കഴിഞ്ഞ ഡിസംബര്‍ 25-ന് ചെന്നൈ മാര്‍ഗഴി ഫെസ്റ്റിവല്‍ കാലത്ത് ഞാന്‍ ചെയ്ത നൃത്തം യഥാര്‍ത്ഥത്തില്‍ എന്റെ രണ്ടാം വരവിന്റെ ആഘോഷവും എനിക്കു കരുത്തു തന്ന ഈശ്വരനും ചങ്ങാതിമാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാമുള്ള നന്ദിയുമാണ്. ഏറെ വെല്ലുവിളി നിറഞ്ഞ ആ നൃത്തസന്ധ്യ, പന്തനല്ലൂര്‍ മാര്‍ഗ്ഗങ്ങളുടെ അനേകമനേകം വഴിമടക്കുകളിലൂടെ എന്നെ യാത്രയാക്കുന്ന എന്റെ ഗുരുക്കന്മാര്‍ക്കും അമ്മയ്ക്കുമാണ് ഞാന്‍ നല്‍കിയത്. തീര്‍ച്ചയായും എന്റെ അമ്മയ്ക്കു സന്തോഷമായിട്ടുണ്ടാവും.

അലർമേൽ വള്ളിയും അമ്മയും. രണ്ട് കാലങ്ങളിലെ ചിത്രങ്ങൾ
അലർമേൽ വള്ളിയും അമ്മയും. രണ്ട് കാലങ്ങളിലെ ചിത്രങ്ങൾ

രണ്ടാം വരവിലെ അരങ്ങില്‍ എന്തുകൊണ്ടാണ് പുഷ്പവിലാപം പോലൊരു തെലുങ്കു കൃതിയെ പ്രധാന ഇനമായി അവതരിപ്പിച്ചത്? അതിമനോഹരമായ കവിതയില്‍ സ്വരങ്ങളില്‍ പൂവിരിയിച്ച നര്‍ത്തകിയെ പ്രേക്ഷകര്‍ മറക്കില്ല. ഒരു പുഷ്പംതന്നെ നൃത്തത്തെ നയിക്കുന്ന രീതിയായിരുന്നു അത്. പ്രകൃതിതന്നെ നര്‍ത്തകിയുടെ അരങ്ങു തുണയായി അണഞ്ഞതെന്തുകൊണ്ടാണ്?

കുട്ടിക്കാലത്തെ മധ്യവേനലവധിക്കാലം പലപ്പോഴും കൊടൈക്കനാലിലായിരുന്നു. പുസ്തകപ്പുഴുവായിരുന്ന ഞാന്‍ കൊടൈ ക്ലബ് ലൈബ്രറിയില്‍ ചെലവഴിച്ച മണിക്കൂറുകള്‍ക്കു കയ്യും കണക്കുമില്ല. പ്രകൃതിയേയും മൃഗങ്ങളേയും വന്യജീവി സംരക്ഷണത്തേയുമൊക്കെ പ്രതിപാദിക്കുന്ന നിരവധി പുസ്തകങ്ങളാണ് അവിടെയെന്നെ കാത്തിരുന്നത്. ജെറാള്‍ഡ് ഡ്യൂറലിന്റെ പുസ്തകങ്ങളൊക്കെ എന്റെ കണ്ണു തുറപ്പിച്ചത് എനിക്കിപ്പോള്‍ ഓര്‍ക്കാം. മൂടല്‍മഞ്ഞ് മലമുടിയില്‍നിന്നും താഴേക്കിറങ്ങുന്ന സന്ധ്യയില്‍ യൂക്കാലിപ്റ്റസിന്റേയും പൈന്‍ മരത്തിന്റേയും ഇടയില്‍ തടാകക്കരയിലൂടെ അമ്മയുമൊന്നിച്ചു നടക്കുമ്പോള്‍ അനുഭവിച്ച ഒരു വല്ലാത്ത ഗന്ധമുണ്ട്. അതെനിക്ക് ഇപ്പോഴും ഓര്‍ത്തെടുക്കാനാവും. അന്ന് അമ്മ പറഞ്ഞുതന്ന കഥകളിലെ കഥാപാത്രങ്ങളെ ആ കാട്ടിലും താഴ്വരയിലുമൊക്കെ ഞാന്‍ സങ്കല്പിച്ചുണ്ടാക്കിയിരുന്നു. എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഞാനാ പ്രകൃതിയുടെ മടിത്തട്ടിലായിരുന്നു. എന്റെ പല ചിന്തകളും പ്രചോദനവുമൊക്കെ ഉരുത്തിരിഞ്ഞത് അവിടെനിന്നായിരുന്നു. എന്റെ എല്ലാ പ്രവൃത്തികളിലും പ്രകൃതി മൃതസഞ്ജീവിനിപോലെ എന്നെ ഈറനാക്കിയിരുന്നു. പ്രകൃതി നശീകരണത്തിലും വന്യമൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരതകളിലും എന്റെ മനസ്സിനെ തപിക്കാനും കയര്‍ക്കാനും സജ്ജമാക്കിയത് കൊടൈക്കനാല്‍ ജീവിതമായിരുന്നു.

1930-കളില്‍ ജന്ത്യാല പപയ്യ ശാസ്ത്രിയെന്ന തെലുങ്കു കവി രചിച്ച പുഷ്പവിലാപം എന്നില്‍ പലതരത്തില്‍ അലയടിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം മുന്‍പ് ഒരു തെലുങ്കു ഭാഷാവിദഗ്ദ്ധനാണ് എനിക്കീ കവിത ചൂണ്ടിക്കാണിച്ചു തന്നത്. ഞാനും അമ്മയും ആര്‍ത്തിയോടെ ആ കവിതയില്‍ ഉറങ്ങുകയും ഉണരുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ അമ്മ ജീവിച്ചിരിക്കുന്ന കാലത്ത് എനിക്കതിന്റെ നൃത്താവിഷ്‌കാരം ചെയ്യാന്‍ കഴിഞ്ഞില്ല. അവസാനം ഈ രണ്ടാം വരവിലത് സാക്ഷാല്‍ക്കരിക്കുമ്പോള്‍ ഞാനിത് അമ്മയ്ക്കായി സമര്‍പ്പിക്കുകയാണ് ചെയ്തത്.

ഒരു സമ്പൂര്‍ണ്ണ സാഹിത്യകൃതി എന്ന നിലയ്ക്കുമാത്രം എഴുതപ്പെട്ട കവിതകളെ നൃത്തത്തിനായി ഉപയോഗിക്കുന്നത് വെല്ലുവിളി നിറഞ്ഞതുതന്നെയാണ്. കാരണം അതു നൃത്തത്തിനായി എഴുതപ്പെട്ടതല്ല എന്നതുതന്നെ. കവിതകളെ നൃത്തത്തിനായി ഉപയോഗിക്കുമ്പോള്‍ പല നര്‍ത്തകിമാരും പരാജിതരാവുന്നതിനു കാരണം വരികളെ കമ്പോടുകമ്പു വായിക്കുന്ന പദാര്‍ത്ഥാഭിനയത്തിന്റെ ചെടിപ്പിക്കുന്ന രീതി അനുവര്‍ത്തിക്കുന്നതുകൊണ്ടാണെന്നു തോന്നിയിട്ടുണ്ട്. കവിതയ്ക്കു മുകളില്‍ നര്‍ത്തകിയുടെ യഥാര്‍ത്ഥ പ്രയത്‌നമെന്താണ്? പുഷ്പവിലാപത്തെ മുന്‍നിര്‍ത്തി വള്ളിയുടെ രീതി വിവരിച്ചാല്‍ നന്നായിരുന്നു. കവിതയെ പദാര്‍ത്ഥാഭിനയത്തില്‍ വിമലീകരിക്കുന്ന നര്‍ത്തകിമാരുടെ ഗോഷ്ഠികള്‍ കണ്ട് കഷ്ടപ്പെടുന്ന പ്രേക്ഷകന് ഒരു ആശ്വാസം കിട്ടുമോ എന്നു നോക്കാനാണ് ഈ ചോദ്യം?  

വാക്കുകള്‍കൊണ്ടുള്ള കവിതയ്ക്കു ചുറ്റും നൃത്തകവിതകൊണ്ട് അലങ്കരിച്ചാണ് ഞാന്‍ കവിതയെ നൃത്തത്തിലേയ്ക്ക് പരാവര്‍ത്തനം ചെയ്യാറ്. യഥാര്‍ത്ഥ കവിതയുടെ ആത്മാവില്‍ സത്യസന്ധമായി ചുവടുറപ്പിക്കുകതന്നെയാണത്. കവിതയിലേയ്ക്ക് എല്ലാം മറന്നലിയുകയാണ് ഞാനാദ്യം ചെയ്യുന്നത്. വായനയും പുനര്‍വായനയും എത്രയോ തവണ... പിന്നീട് കവിതയേത് ഞാനേത് എന്നു തിരിച്ചറിയാനാവാത്ത സങ്കലനം. ധ്വനികളിലുള്ള വ്യതിയാനങ്ങള്‍, ഭാവാര്‍ത്ഥങ്ങള്‍, ബിംബങ്ങള്‍, സൂചകങ്ങള്‍, സാഹിത്യത്തിലെ ഉപവഴികള്‍ ഇതെല്ലാം ആവേശിച്ചു കിട്ടാനുള്ള ധ്യാനം. അതു പതുക്കെ അതിന്റെ ദൃശ്യവും സംഗീതവുമായ രൂപങ്ങള്‍ മനസ്സിലേയ്ക്ക് ചാച്ചു നിര്‍ത്തും. നൃത്തം ചിട്ടപ്പെടുമ്പോഴെന്നപോലെ സംഗീതം ചിട്ടപ്പെടുമ്പോഴും ഞാന്‍ മുഴുവനായും തന്നെ ഒപ്പമുണ്ടാവും. നൃത്തത്തില്‍ വരുന്ന വ്യതിയാനങ്ങള്‍ സംഗീതത്തേയും ബാധിക്കുമല്ലോ. പുഷ്പവിലാപം ചിട്ടപ്പെടുത്തുമ്പോള്‍ ഒരിടത്ത് ഭക്തന്റെ പീഡകള്‍ വരയ്ക്കുന്നതിനു കൂടുതല്‍ ഉതകുന്നതു ശുദ്ധധന്യാസി രാഗമെന്നതിനാല്‍ ഞാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന മലയമാരുതരാഗം മാറ്റി വായിപ്പിക്കുകയുണ്ടായി. അതുപോലെ മറ്റൊരിടത്ത് നളിനകാന്തിയുള്ള സ്വരങ്ങള്‍ ആലേഖിതമാക്കി.

പുഷ്പവിലാപത്തെ നൃത്തത്തിലേയ്ക്കു മാറ്റി വായിക്കുമ്പോള്‍ നേരിട്ട സംഘര്‍ഷങ്ങളും വെല്ലുവിളികളുമെന്തൊക്കെയായിരുന്നുവെന്ന്  ഒന്നുകൂടി വിശദമാക്കാന്‍ കഴിയില്ലേ?

പുഷ്പവിലാപം വെല്ലുവിളി നിറഞ്ഞതുതന്നെയായിരുന്നു. കാരണം അതിലെ നായകന്‍ ഒരു പുഷ്പമാണെന്നതുതന്നെ. സത്യസന്ധമായി ആ നായകനെ വ്യാഖ്യാനിക്കാന്‍ സാധാരണ രീതികളൊന്നും മതിയാവില്ലായിരുന്നു. പുതിയൊരു ആവിഷ്‌കാരശൈലി കണ്ടെത്തേണ്ടതുണ്ടായിരുന്നു. അതുമാത്രമല്ല, ഗഹനമായ ഒരു മനോനിലയില്‍നിന്നും മറ്റൊന്നിലേയ്ക്കുള്ള വിശ്വാസയോഗ്യമായ ചാഞ്ചാട്ടം ചിത്രീകരിക്കുക വൈഷമ്യവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. ഭക്തന്റെ മാനസപീഡകളില്‍നിന്നും അവന്റെ സംഭ്രമങ്ങളിലേയ്ക്കും നൊമ്പരങ്ങളിലേയ്ക്കുമുള്ള യാത്ര, ഒരു പൂവിന്റെ ഭയം, മനഃപ്രയാസം, കോപം, ദൈന്യം തുടങ്ങിയവയിലൂടെ സഞ്ചരിച്ചു ഭക്തിയുടെ കണ്ണീര്‍ പൊടിയലിലെത്തുക എന്നത് ഏതര്‍ത്ഥത്തിലും വെല്ലുവിളിതന്നെയായിരുന്നു. പൂക്കള്‍ കരയുകയും ചിരിക്കുകയും ചെയ്യുന്നത് എങ്ങനെയായിരിക്കുമെന്നാലോചിച്ച് എനിക്കെത്രയോ നാള്‍ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ, അതുമൊരു തപസ്സാണ്. ഇത്തരം തപസ്സുകളാണ് കവിയുടെ ഹൃദയത്തിലേക്കുള്ള വഴി പറഞ്ഞു തരികയുള്ളൂ.

നൃത്തച്ചുവടിൽ
നൃത്തച്ചുവടിൽ

കവിതയിലും സാഹിത്യത്തിലും വള്ളിക്കുള്ള ഭ്രമം കേട്ടിട്ടുണ്ട്. ഓരോ അരങ്ങിലും നൃത്തത്തിനു മുന്നോടിയായി നൃത്തയിനത്തെക്കുറിച്ചുള്ള വള്ളിയുടെ വിവരണം കാവ്യാത്മകമാണെന്നത് ശ്രദ്ധിച്ചിട്ടുമുണ്ട്. കവിത തുളുമ്പുന്ന രീതിയിലുള്ള വിവരണത്തിനു പിന്നില്‍ ഒരു നല്ല വായനക്കാരിയുണ്ടാവുമല്ലോ. നൃത്തത്തില്‍, സംഗീതത്തിനെന്നപോല്‍ കവിതയ്ക്കും സാഹിത്യത്തിനും പ്രാധാന്യമുണ്ടെന്ന് ഉറപ്പിക്കുന്നതെന്തുകൊണ്ടാണ്? പുസ്തകപ്പുഴുവായ നര്‍ത്തകിയെക്കുറിച്ചറിയാന്‍ താല്പര്യമുണ്ട്?

പുസ്തകങ്ങളില്ലെങ്കില്‍ എന്റെ ജീവിതം അനന്ത ദാരിദ്ര്യമാവും. കവിതയോടും സാഹിത്യത്തോടും ഭ്രമമില്ലാത്ത ഒരു നര്‍ത്തകിയെ ഒരു സമ്പൂര്‍ണ്ണ കലാകാരി എന്നു വിളിക്കാനാവില്ല. എന്റെ ജീവിതത്തില്‍നിന്നും എന്നോ അടര്‍ത്തിമാറ്റപ്പെട്ട ഏതൊക്കെയോ ലോകത്തിലേയ്ക്കുള്ള വഴിയാണ് ഓരോ പുസ്തകം വായിക്കുമ്പോഴും തുറന്നുകിട്ടുന്നത്. എന്റെ ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത വ്യക്തികളേയും ചിന്തകളേയുമാണ് ഞാന്‍ വായനയിലൂടെ കണ്ടുമുട്ടുന്നത്. യഥാര്‍ത്ഥത്തില്‍ സാഹിത്യം ജീവിതത്തെ ആഴത്തില്‍ മനസ്സിലാക്കാനും എന്റെ നൃത്തത്തിലിടപെടുന്ന കഥാപാത്രങ്ങളെ വ്യാഖ്യാനിക്കാനും കരുത്തു തരികയാണ്. ഒരു നര്‍ത്തകിക്ക് ഇത് അത്യാവശ്യമാണെന്നാണ് എനിക്കു തോന്നുന്നത്. അഭിനയത്തിന്റെ നിരവധി അടരുകളില്‍ ജ്വലിക്കുന്ന ഭാവാര്‍ത്ഥത്തെ ഒരുക്കുന്നതിനും ഈ സാഹിത്യപാഠങ്ങള്‍ കരുത്തുനല്‍കും. നൃത്തത്തില്‍ ഭാവാര്‍ത്ഥങ്ങളുടെ സ്ഫുരണത്തിനു സാഹിത്യം എങ്ങനെ വഴികാട്ടിയാവുന്നുവെന്ന് എനിക്കു കാണിച്ചുതന്നത് എന്റെ അമ്മയാണ്. എന്റെ ഭാഷയെ നിരന്തരം നവീകരിക്കാന്‍ അമ്മ യത്‌നിച്ചിട്ടുണ്ട്. പുസ്തകങ്ങള്‍ സമയം കളയാനുള്ള ഉപാധികളല്ല, മറിച്ച് ജീവിതം തന്നെയാണെന്നു പറഞ്ഞുതന്നതും അമ്മയാണ്. ഭാഷയെ ഭാവാര്‍ത്ഥ പൂര്‍ണ്ണമാക്കാന്‍ ആ അധ്യയനത്തിനു സാധിക്കുമെന്നു ഞാനങ്ങനെ മനസ്സിലാക്കി. മികച്ച ലേഖനങ്ങളെഴുതുന്നതിന്റെ അടിസ്ഥാനങ്ങളും അമ്മ എനിക്കു പറഞ്ഞുതന്നു. എഴുതുകയും എഡിറ്റ് ചെയ്യുകയും വീണ്ടും എഴുതുകയും ചെയ്യാനവര്‍ എന്നെ ഒരുക്കി.

സംവദിക്കുമ്പോള്‍ വാചാലതയോടൊപ്പം കൃത്യതയും പ്രധാനമാണെന്നെന്നെ പഠിപ്പിച്ചത് ഞാനിന്നും ജീവിതത്തില്‍ പാലിച്ചുപോരുന്നു. അമ്മ ഒരിക്കല്‍ കാണിച്ചുതന്ന ഭാഷയുടെ ഭംഗിയും തന്നെ കൃത്യമായി അടയാളപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞുതന്നതുമാണ് ഞാനിന്ന് എന്റെ നൃത്തത്തില്‍ പ്രയോഗിക്കുന്നത്. നൃത്തമെനിക്കു കവിതതന്നെയാണ്.

ഇപ്പോള്‍ വായിക്കുന്ന പുസ്തകങ്ങള്‍ ഏതൊക്കെയാണ്?

കുറേ പുസ്തകങ്ങള്‍ ഒരുമിച്ചു വായിക്കുകയാണ്. സംഘകാല കൃതികളുടെ എട്ടു സമാഹാരങ്ങളില്‍ 'കളിതൊഗൈ', 'നട്രിനൈ' എന്നിവ ഗവേഷണാര്‍ത്ഥം വായിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ അരുന്ധതി സുബ്രഹ്മണ്യത്തിന്റെ ഏറ്റവും പുതിയ കാവ്യസമാഹാരമായ 'ലൗ വിതൗട്ട് എ സ്റ്റോറി', ജെയിന്‍ ഓസ്റ്റിന്റെ ആത്മകഥയായ 'ജെയിന്‍ ഓസ്റ്റിന്‍ - എ ലൈഫ്' തുടങ്ങിയവയും ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നു.

കോറിയോഗ്രഫി എന്നത് അലര്‍മേല്‍വള്ളിയെ സംബന്ധിച്ച് എന്താണ്?

നൃത്തഭാഷയില്‍ സ്വകാര്യ കവിതയെഴുതുന്നതിനെയാണ് ഞാന്‍ കോറിയോഗ്രഫി എന്നു പറയുക. ഒരു നല്ല കവിത എഴുതണമെങ്കില്‍ പദസമ്പത്തും ആഴത്തിലുള്ള വ്യാകരണബോധവും ചിന്തകളെ ഖനീഭവിപ്പിക്കാന്‍ പോന്ന കവിതയുടെ അപൂര്‍വ്വാലിംഗനവും വികാരങ്ങളും അനുഭവങ്ങളും വ്യതിരിക്ത രീതിയില്‍ അവതരിപ്പിക്കാനുള്ള കരുത്തുമൊക്കെ വേണമല്ലോ. ഇതെല്ലാം നൃത്താവിഷ്‌കാരത്തിനും ബാധകമാണ്. കലയുടെ സമ്പൂര്‍ണ്ണമായ ആന്തരികവല്‍ക്കരണമാണത്. ആത്മാവില്‍ ആഴത്തില്‍ നിറയാനും പ്രകാശിതമാക്കാനുമുള്ള കഴിവാണത്. സത്യത്തോട് തോള്‍ചേര്‍ന്നുകൊണ്ട് സര്‍ഗ്ഗാത്മകവും വാചാലവുമായ പ്രകാശനം. രണ്ടോ മൂന്നോ വര്‍ഷത്തെ പഠനം മാത്രം കൈമുതലായ ചിലര്‍ കോറിയോഗ്രഫി എന്ന പേരില്‍ നൃത്തത്തെ സമീപിക്കുന്നതിനെ എന്തു വിളിക്കണമെന്നു ഞാന്‍ പറയണോ?

വേണ്ട. ഇത്രയും സമര്‍പ്പണത്തോടെ കവിതയേയും നൃത്തത്തേയും ഒരേ ആകാശത്ത് കൂട്ടിവിളക്കുന്ന പത്മഭൂഷണ്‍ അലര്‍മേല്‍വള്ളി പന്തനല്ലൂര്‍ ശൈലിയുടെ പ്രചരണാര്‍ത്ഥം ലോകരാജ്യങ്ങളില്‍ നൃത്തം ചെയ്യുകയും നിരവധി ശിഷ്യകളെ വാര്‍ത്തെടുക്കുകയുമൊക്കെ ചെയ്യുന്നു. ഭരതനാട്യത്തില്‍ നിരവധി ബാണികള്‍ നിലനില്‍ക്കുന്ന സമയത്ത് പന്തനല്ലൂര്‍ ബാണിയില്‍ ഒരു വള്ളി മാത്രമേയുള്ളൂ. ഒരു കാര്യം ചോദിക്കട്ടെ, വള്ളിക്കുശേഷം പന്തനല്ലൂര്‍ ബാണിയുടെ ഭാവി എന്തായിരിക്കും?

പന്തനല്ലൂര്‍ ചൊക്കലിംഗം പിള്ള പന്തനല്ലൂര്‍ ശൈലി രൂപീകരിക്കുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ ശിഷ്യയായി പഠിക്കാന്‍ കഴിഞ്ഞു എന്നതാണ് എന്റെ ഏറ്റവും വലിയ പുണ്യം. എന്റെ 15-ാം വയസ്സില്‍ സുബ്ബരായ പിള്ളയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്റെ കണ്ണു തുറപ്പിച്ചു. ഈ ബാണിയുടെ ഭംഗിയും വികാസവും ഒതുക്കവും തുടക്കത്തിലേ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതാണ് എന്റെ ഭാഗ്യം. ഈ ഭാഗ്യമാണ് എനിക്ക് അടുത്ത തലമുറയ്ക്കു പകര്‍ന്നു നല്‍കേണ്ടത്. ഒരു നൃത്ത ബാണി എന്നത് ശാഖോപശാഖകളുള്ള വലിയൊരു ആല്‍മരമാണ്. ശാഖകള്‍ ഗുരുക്കന്മാരും. ആ ശാഖകള്‍ താഴേയ്ക്കു വേരുകളെ അഴിച്ചുവിടും. അങ്ങനെയാണ് വൃക്ഷം വളരുന്നതും പടര്‍ന്നു പന്തലിക്കുന്നതും. ഈ വൃക്ഷശ്രേഷ്ഠയുടെ ഒരു ശാഖയാവാന്‍ ഭാഗ്യംകൊണ്ട് എനിക്കു കഴിഞ്ഞു. എന്റെ ശിഷ്യകള്‍ ഇതുപോലെ വളര്‍ന്നു താഴേയ്ക്ക് വേരുകളയയ്ക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് ഒത്തുതീര്‍പ്പുകള്‍ക്കു തലവെച്ചുകൊടുക്കാത്ത പന്തനല്ലൂര്‍ ശൈലിയുടെ ലാവണ്യഹൃദയത്തില്‍ നിന്നുള്ള വേരുകളായിരിക്കുമെന്നും  ഞാന്‍ പ്രതീക്ഷിക്കുന്നു.
ക്ഷണിക ലാഭത്തിനുവേണ്ടി ദുര്‍ബ്ബല കലാസമര്‍പ്പണവേദിയില്‍ മനയോലതേയ്ക്കുന്ന വ്യക്തിയോടാണ് അലര്‍മേല്‍വള്ളി പറഞ്ഞത്, നിങ്ങളുടെ സുരക്ഷിതമില്ലായ്മ നിങ്ങളെ അനുകരണത്തിലേയ്ക്കു തള്ളിയിടുമെന്ന്.

വീണ്ടുമാരോ ചോദിക്കുന്നു; വള്ളീ നൃത്തമെന്നാലെന്താണ്?

ഒന്നുകൂടി ചോദിക്കട്ടെ; വള്ളീ നൃത്തമെന്നാലെന്താണ്?

അതൊരു മുഴുമിപ്പിച്ച ചിത്രമല്ല. പിന്നേയോ? ഓരോ വേദിയിലും വ്യാഖ്യാനിക്കപ്പെടുന്ന നവംനവമായ അനുസ്യൂതിയാണത്.

ആഴത്തിലാഴത്തിലതിനര്‍ത്ഥം  എന്നിലെ എന്റെ പ്രാര്‍ത്ഥനയെന്നാണ്.
ഒന്നുകൂടി പറയൂ... നൃത്തമെന്നാലെന്താണ്?

ഉടലുകൊണ്ടുള്ള ഗാനാലാപത്തെ ഞാന്‍ നൃത്തമെന്നു വിളിക്കുന്നു.
വള്ളീ, ഇതുകൂടി പറയൂ... നൃത്തമെന്നാലെന്താണ്?

ചിറകുതരികയും വ്യോമയാനങ്ങളില്‍ അതിര്‍ത്തി ലംഘിക്കുകയും ചെയ്യുന്ന ദേശാടനമാണത്.
വള്ളീ...,

നോക്കൂ... ഇനി ചോദ്യങ്ങളില്ല. ചോദ്യങ്ങള്‍ക്കു മുന്‍പേ ഞാന്‍ പറന്നുപോയതു കണ്ടില്ലേ?
* * * * *

ഒന്നര വര്‍ഷക്കാലം കാന്‍സര്‍ രോഗവുമായി പോരാടിയ അലര്‍മേല്‍വള്ളി

ഒന്നാം വരവുപോലെതന്നെ ഒരു രണ്ടാം വരവും പ്രഖ്യാപിച്ചു.

ഒന്നാം വരവുപോലെതന്നെ മികച്ച രണ്ടാം വരവ്!

കഷ്ടകാണ്ഡത്തിന്റെ കാന്‍സര്‍ ദിനങ്ങള്‍ താണ്ടിയ നര്‍ത്തകി

തന്റെ നൃത്തസ്വപ്നങ്ങളിലൂടെ കടന്നുപോവുകയാണ്;

താന്‍ ഉടലുകൊണ്ട് പാടുകയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com