കോപ്പിയടി ഒരേസമയം മോഷണവും വഞ്ചനയുമാണ്

ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ് കോളേജില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിനിക്കുണ്ടായ ദുരനുഭവവും ദുരന്തവും ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്
കോപ്പിയടി ഒരേസമയം മോഷണവും വഞ്ചനയുമാണ്

ദ്യമേ പറയട്ടെ, കോപ്പിയടി ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത അഞ്ജു പി. ഷാജി എന്ന വിദ്യാര്‍ത്ഥിനിയെ ഏതെങ്കിലും വിധത്തില്‍ കുറ്റപ്പെടുത്താനോ ആ കുട്ടിയുടെ കുടുംബാംഗങ്ങളെ മാനസികമായി നോവിപ്പിക്കാനോ ഉള്ള യാതൊരുദ്ദേശ്യവും ഇതെഴുതുന്നവനില്ല. ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ് കോളേജില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിനിക്കുണ്ടായ ദുരനുഭവവും ദുരന്തവും ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. ദീര്‍ഘകാലം കോളേജില്‍ അധ്യാപകനായിരിക്കുകയും പരീക്ഷയുടെ മേല്‍നോട്ടച്ചുമതല വഹിക്കുകയും ചെയ്ത ഒരാളെന്ന നിലയില്‍ കോപ്പിയടി സംബന്ധിച്ച് ചില അനുഭവങ്ങളും ചിന്തകളും പങ്കുവെയ്ക്കുകയാണിവിടെ ചെയ്യുന്നത്.

ഈ ലേഖകന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് (1964'71) ഇന്നത്തേക്കാള്‍ കര്‍ശനമായാണ് കോപ്പിയടിക്കുറ്റം കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന അധ്യാപകര്‍ വല്ല വിദ്യാര്‍ത്ഥിയും കോപ്പിയടിക്കുന്നോ എന്നു കണ്ടുപിടിക്കുന്നതില്‍ സദാ ജാഗ്രത പുലര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അക്കാലത്ത് കോപ്പിയടി നന്നേ കുറവായിരുന്നു എന്നത് വസ്തുതയാണ്. പിടിക്കപ്പെട്ടവരോട് അലിവോ വിട്ടുവീഴ്ചയോ ഒന്നും ആ കാലയളവില്‍ ഉണ്ടായിരുന്നില്ലതാനും. എന്റെ പ്രീഡിഗ്രിക്കാലത്ത് ഞാനിരുന്ന ഹാളില്‍ പരീക്ഷയെഴുതിയ ഒരു കുട്ടി പിടിക്കപ്പെട്ടതോര്‍മ്മയുണ്ട്. യൂണിവേഴ്സിറ്റി ആ വിദ്യാര്‍ത്ഥിയെ മൂന്നു വര്‍ഷത്തേയ്ക്ക് ഡീബാര്‍ ചെയ്തു. അതോടെ അവന്റെ പഠനവും അവസാനിച്ചു. പില്‍ക്കാലത്ത് ആ സുഹൃത്ത് ഗള്‍ഫില്‍ പോവുകയും സാമാന്യം വലിയ പണക്കാരനായി രൂപാന്തരപ്പെടുകയും ചെയ്തത് മറ്റൊരു കാര്യം.

അക്കാലത്ത് നിലവിലിരുന്ന പരീക്ഷാ മേല്‍നോട്ട ജാഗ്രത പിന്നെപ്പിന്നെ കുറഞ്ഞു വന്നതാണനുഭവം. വിശിഷ്യ സര്‍ക്കാര്‍ കലാലയങ്ങളില്‍. അതിനു രണ്ടു കാരണങ്ങളുണ്ട്. എഴുപതുപകളുടെ രണ്ടാം പാതിയോടെ വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തിയും സ്വാധീനവും വര്‍ദ്ധിച്ചു എന്നതത്രേ ഒരു കാരണം. മുഖ്യധാരാ വിദ്യാര്‍ത്ഥി സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ പല കോളേജുകളിലും അധ്യാപകരെ മാത്രമല്ല, പ്രിന്‍സിപ്പല്‍മാരെപ്പോലും ഭരിക്കുന്ന അവസ്ഥ സംജാതമായി. തങ്ങളുടെ സംഘടനയുടെ നേതാക്കളോ സജീവ പ്രവര്‍ത്തകരോ കോപ്പിയടിക്കുന്നത് പിടിച്ചാല്‍ സംഘടനയുടെ രാഷ്ട്രീയ സ്വാധീനം വഴി ആ കേസ് തേച്ചുമായ്ചുകളയാന്‍ വിദ്യാര്‍ത്ഥി സംഘടനാ നേതൃത്വത്തിന് അനായാസം സാധിക്കുമെന്ന സ്ഥിതിവന്നു. അതിനാല്‍ ഇന്‍വിജിലേറ്റര്‍മാരായ പല അധ്യാപകരും ചീഫ് എക്‌സാമിനേഷന്‍ സൂപ്രണ്ടുമാര്‍ കൂടിയായ പ്രിന്‍സിപ്പല്‍മാരും കോപ്പിയടിക്കു നേരെ മൃദുസമീപനം അനുവര്‍ത്തിക്കുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ മാറി.

രണ്ടാമത്തെ കാരണം, കോപ്പിയടി എന്ന ക്രമക്കേട് പിടികൂടുന്ന അധ്യാപകരെ ചില വിദ്യാര്‍ത്ഥികളെങ്കിലും കായികമായി നേരിടുന്ന പ്രവണതയും വളര്‍ന്നുവന്നു. കേരളത്തിനു പുറത്ത് കോപ്പിയടി അനുവദിക്കാതിരുന്ന അധ്യാപകരെ ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവങ്ങള്‍വരെയുണ്ടായിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തും കോപ്പിയടിക്കു നേരെ കര്‍ശന നിലപാടെടുക്കുന്ന അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നു ഭീഷണികളുയര്‍ന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു കാണാം. ഫലം, സ്വജീവന്‍ പണയപ്പെടുത്തുകയോ മനസ്സുഖം കളഞ്ഞുകുളിക്കുകയോ ചെയ്തുകൊണ്ട് കോപ്പിയടി നിയന്ത്രിക്കാന്‍ തുനിയുന്നതെന്തിനെന്ന ചിന്തയ്ക്ക് ഒരു വലിയ വിഭാഗം അധ്യാപകര്‍ വശംവദരായി.

ആ മനഃസ്ഥിതിയിലേക്ക് വീഴാത്ത അധ്യാപകര്‍ മറ്റൊരു സമീപനം സ്വീകരിക്കുകയാണ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പറുകള്‍ നല്‍കിയ ഉടന്‍ അവര്‍ പരീക്ഷാഹാളില്‍ ഒരറിയിപ്പ് നടത്തും. വല്ലവരും കോപ്പിയടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നതാണ് അറിയിപ്പിന്റെ കാതല്‍. അതൊരു വലിയ പരിധിവരെ കോപ്പിയടി തടയാനുതകുന്ന ഘടകമായി പ്രവര്‍ത്തിക്കും. കോപ്പിയടിച്ചു കളയാമെന്നു കരുതിവരുന്ന വിദ്യാര്‍ത്ഥികളില്‍ മിക്കവരും ആ ശ്രമം ഉപേക്ഷിക്കും. എന്നാലുമുണ്ടാകും ചില കോപ്പിയടി വീരന്മാര്‍. അത്തരക്കാര്‍ മിക്കപ്പോഴു ആദ്യത്തെ അരമണിക്കൂറില്‍ത്തന്നെ പിടിക്കപ്പെടും. പക്ഷേ, തുടര്‍ന്നു പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിരോധമില്ലെന്നും കോപ്പിയടിച്ചതില്‍ മാപ്പു ചോദിച്ചുകൊണ്ട് പരീക്ഷാ സൂപ്രണ്ടിന് ഒരപേക്ഷ എഴുതിത്തന്നാല്‍ മതിയെന്നും അധ്യാപകര്‍ അവരെ അറിയിക്കും. വിദ്യാര്‍ത്ഥി അതിനു സമ്മതിച്ചാല്‍ അയാള്‍ എഴുതിക്കൊണ്ടിരുന്ന ഉത്തരക്കടലാസ് തിരിച്ചു വാങ്ങി മറ്റൊന്നു കൊടുക്കും. ഇമ്മട്ടില്‍ കോപ്പിയടി നിയന്ത്രിക്കുന്ന പതിവ് ഞാന്‍ അധ്യാപകനായിരിക്കെ നിലവിലുണ്ടായിരുന്നു.

അടുത്തകാലത്തായി കോപ്പിയടി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമൊതുങ്ങുന്ന പ്രതിഭാസമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ നടത്തുന്ന പരീക്ഷാകേന്ദ്രങ്ങളിലും അതു നടക്കുന്നതായി പത്രറിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമ്പ്രദായിക കോപ്പിയടി ടെക്നോളജിക്കല്‍ കോപ്പിയടിക്ക് വഴിമാറുകയും ചെയ്തിരിക്കുന്നു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുപയോഗിച്ചോ മറ്റുവിധത്തിലോ ശരിയുത്തരങ്ങള്‍ പകര്‍ത്താവുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു. ഏറ്റവും 'വേണ്ടപ്പെട്ടവര്‍'ക്ക് ചോദ്യപേപ്പറുകള്‍ നേരത്തേ ചോര്‍ന്നുകിട്ടുന്ന അനുഭവങ്ങളും അപൂര്‍വ്വമായെങ്കിലുമുണ്ട്. ചോദ്യങ്ങള്‍ക്കുള്ള ഒരുത്തരവും എഴുതാന്‍ കഴിയാത്തവര്‍ പി.എസ്.സിയുടെ റാങ്ക് ലിസ്റ്റില്‍ ഏറ്റവും മുകള്‍ത്തട്ടില്‍ കയറിപ്പറ്റിയ സംഭവം നടന്നത് സമീപകാലത്താണ്.

ഗവേഷണരംഗത്തെ കോപ്പിയടി

വിദ്യാഭ്യാസ ബോര്‍ഡുകളും സര്‍വ്വകലാശാലകളും നടത്തുന്ന പരീക്ഷകളിലെ കോപ്പിയടിക്ക് പുറമെ മറ്റൊരുതരം കോപ്പിയടി നടക്കുന്ന മേഖലയാണ് ഗവേഷണ ബിരുദരംഗം. മാതൃഭാഷയിലോ ഇംഗ്ലീഷിലോ  നാലുവാചകം തെറ്റുകൂടാതെ എഴുതാന്‍ കഴിയാത്തവര്‍പോലും നമ്മുടെ സംസ്ഥാനത്തും പുറത്തും പി.എച്ച്.ഡി സമ്പാദിക്കുന്നുണ്ടെന്നത് അതിശയോക്തിയല്ല. ഗവേഷണ ബിരുദം തരപ്പെടുത്തിക്കഴിഞ്ഞവരെ അവരുടെ സ്വന്തം പഠനമേഖലയില്‍ ഒരു പുനഃപരീക്ഷയ്ക്ക് വിധേയമാക്കാനുള്ള സംവിധാനം ഇപ്പോള്‍ നലവിലില്ല. അങ്ങനെയൊന്നുണ്ടായാല്‍ നമ്മുടെ അക്കാദമികരംഗത്തുള്ള കള്ളനാണയങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ അതുതകും. കോളേജ്-സര്‍വ്വകലാശാല തലങ്ങളില്‍ അധ്യാപകരാകാന്‍ (പ്രമോഷന്‍ ലഭിക്കാന്‍) ഗവേഷണ ബിരുദം വേണമെന്നായപ്പോള്‍ 'തട്ടിക്കൂട്ട് പി.എച്ച്.ഡി' വ്യാപകമാകാന്‍ തുടങ്ങിയിട്ടുണ്ട്. ആര്‍ക്കാണോ ഗവേഷണ ബിരുദം നല്‍കപ്പെടുന്നത് ആ വ്യക്തി തന്നെയാണ് ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം തയ്യാറാക്കിയതെന്ന് നിസ്സംശയം ഉറപ്പിക്കാന്‍ സര്‍വ്വകലാശാലകളില്‍ കുറ്റമറ്റ സംവിധാനം ഉണ്ടാവേണ്ടിയിരിക്കുന്നു. 'കട്ട് ആന്‍ഡ് പേസ്റ്റ്' മാര്‍ഗ്ഗമവലംബിച്ച് ഗവേഷണബിരുദം കീശയിലാക്കുന്ന ഹീനരീതി അവസാനിപ്പിക്കാന്‍ അതു കൂടിയേ തീരൂ.

കോപ്പിയടി ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നതും മാനസികമായി തളര്‍ത്തുന്നതും അത്യാധ്വാനം ചെയ്തു പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെയാണ്. പരീക്ഷ പത്താംക്ലാസ്സിന്റേയോ ബിരുദത്തിന്റേയോ പി.ജിയുടേയോ ഏതുമാവട്ടെ, അതെഴുതാനും മികച്ച വിജയം കരസ്ഥമാക്കാനും നിഷ്ഠയോടെ പഠിക്കുകയും ഏറെ ഊര്‍ജ്ജം ചെലവാക്കുകയും ചെയ്യുന്ന ഒട്ടേറെ വിദ്യാര്‍ത്ഥികളുണ്ട്. അവരെ വിഡ്ഢികളാക്കിക്കൊണ്ട് പരീക്ഷാഹാളില്‍ കോപ്പിയടിക്കുകയും ഉയര്‍ന്ന മാര്‍ക്ക് സ്വന്തമാക്കുകയും ചെയ്യാന്‍ ചിലര്‍ക്ക് അവസരം കൈവരുമ്പോള്‍  ആദ്യം പറഞ്ഞ വിദ്യാര്‍ത്ഥികള്‍ ഹതാശരാവുക മാത്രമല്ല, തങ്ങള്‍ ക്രൂരമായി വഞ്ചിക്കപ്പെട്ടു എന്ന ബോധം അവരെ പിടികൂടുകയും ചെയ്യും. പരീക്ഷകള്‍ പ്രഹസനങ്ങളാണെന്ന തോന്നല്‍ അവരില്‍ ജനിപ്പിക്കുക മൊത്തം വിദ്യാഭ്യാസ സംവിധാനത്തിനു നേരെയുള്ള കടുത്ത അമര്‍ഷവും ഒടുങ്ങാത്ത വെറുപ്പുമാണ്.

നിലവിലുള്ള എഴുത്തുപരീക്ഷ സമ്പ്രദായം ഭാവിയിലും തുടരുമെന്നിരിക്കെ കോപ്പിയടിക്കുള്ള സര്‍വ്വസാധ്യതകളും പരീക്ഷാ നടത്തിപ്പുകാര്‍ തടയേണ്ടതാണ്. പരീക്ഷിതര്‍ക്കിടയില്‍ രണ്ടു നീതിയും രണ്ടു മാനദണ്ഡങ്ങളും പാടില്ല. ഒരു കൂട്ടര്‍ പഠിച്ചു ജയിക്കട്ടെയെന്നും മറ്റൊരു കൂട്ടര്‍ പഠിക്കാതെ ജയിക്കട്ടെയെന്നും സര്‍വ്വകലാശാലകളോ പരീക്ഷാ ബോര്‍ഡുകളോ തീരുമാനിച്ചാല്‍ ആത്യന്തികമായി തോല്‍ക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തന്നെയായിരിക്കും. കോപ്പിയടി ഒരേസമയം മോഷണവും വഞ്ചനയുമാണ്. ഉത്തരവാദപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളോ യൂണിവേഴ്സിറ്റികളോ സര്‍ക്കാരോ മാത്രമല്ല, അക്കാദമിക മണ്ഡലത്തിന്റെ മികവിലും മൂല്യനിഷ്ഠയിലും താല്പര്യമുള്ള സര്‍വ്വ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും കോപ്പിയടിയെന്ന ദുഷ്പ്രയോഗത്തിനെതിരെ ഏകസ്വരത്തില്‍ ശബ്ദിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com