'മോഹന്‍ലാല്‍ വാക്കുമാറി; ഞാനത് ചെയ്തില്ല; അതിന് ഒരു കാരണമുണ്ട്'- തുറന്നു പറഞ്ഞ് ശ്രീകുമാരന്‍ തമ്പി

അപൂര്‍വ്വതയാണ് ശ്രീകുമാരന്‍തമ്പി. 270 ഓളം സിനിമകളിലായി 1500 ഓളം ഗാനങ്ങള്‍. ആയിരത്തിലേറെ ലളിതഗാനങ്ങള്‍. 75 തിരക്കഥകള്‍. സംവിധാനം ചെയ്ത 30 സിനിമകള്‍
'മോഹന്‍ലാല്‍ വാക്കുമാറി; ഞാനത് ചെയ്തില്ല; അതിന് ഒരു കാരണമുണ്ട്'- തുറന്നു പറഞ്ഞ് ശ്രീകുമാരന്‍ തമ്പി

സിനിമാചരിത്രത്തിലെ അപൂര്‍വ്വതയാണ് ശ്രീകുമാരന്‍തമ്പി. 270 ഓളം സിനിമകളിലായി 1500 ഓളം ഗാനങ്ങള്‍. ആയിരത്തിലേറെ ലളിതഗാനങ്ങള്‍. 75 തിരക്കഥകള്‍. സംവിധാനം ചെയ്ത 30 സിനിമകള്‍. നിര്‍മ്മാതാവായി 26 സിനിമകള്‍. 42 ഡോക്യുമെന്ററികള്‍ 13 ടി.വി സീരിയലുകള്‍.

 1960-'70കളില്‍ കഥാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ഗാനങ്ങളൊരുക്കാന്‍ പി. ഭാസ്‌കരന്‍-ബാബുരാജ് ടീമിനേയോ  വയലാര്‍-ദേവരാജന്‍ ടീമിനേയോ  ആശ്രയിച്ച കാലത്താണ് ശ്രീകുമാരന്‍തമ്പി 'കാട്ടുമല്ലിക'യിലൂടെ ഗാനരചനാ രംഗത്തെത്തുന്നത്. കഥാമൂല്യമോ കലാമൂല്യമോ അവകാശപ്പെടാനില്ലാത്ത അക്കാലത്തെ പല ചിത്രങ്ങളുടേയും പ്രദര്‍ശന വിജയത്തില്‍ ദക്ഷിണാമൂര്‍ത്തിക്കും എം.കെ. അര്‍ജുനനും എം.എസ്. വിശ്വനാഥനുമൊപ്പം ശ്രീകുമാരന്‍തമ്പി തീര്‍ത്ത മികച്ച ഗാനങ്ങളുമുണ്ടായിരുന്നു.

വി. ദക്ഷിണാമൂര്‍ത്തി, ജി. ദേവരാജന്‍, എം.എസ്. വിശ്വനാഥന്‍, എം.കെ. അര്‍ജുനന്‍, മറ്റു സംഗീത സംവിധായകര്‍... ശ്രീകുമാരന്‍തമ്പിയെന്ന ഗാനകാല സംഗീതത്തെ സാമാന്യമായി ഇങ്ങനെ അടയാളപ്പെടുത്താം. ശ്യാം, ബാബുരാജ്, ആര്‍.കെ. ശേഖര്‍, എ.ടി. ഉമ്മര്‍, ഇളയരാജ, സലില്‍ ചൗധരി  തുടങ്ങി മലയാള ചലച്ചിത്ര സംഗീത സംവിധാനരംഗത്തെ ഒട്ടുമിക്ക മഹാരഥന്മാരും തമ്പിയുടെ ഗാനങ്ങള്‍ക്ക് ഈണമിട്ടു.

'ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ...' കാമുകരുടെ പാട്ടാണ്.  ''കാമുകിയുടെ കവിളില്‍ എത്രയോ സന്ധ്യകളുടെ അരുണിമയും കണ്ണുകളില്‍ എത്രയോ സമുദ്ര ഹൃദന്തങ്ങളുടെ നീലിമയും കണ്ട് അത്ഭുതംകൊള്ളുന്ന യൗവ്വനത്തിന്റെ ഗാനമാണതെന്ന്'' ശ്രീകുമാരന്‍തമ്പിയുടെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ക്കുള്ള അവതാരികയില്‍ ഒ.എന്‍.വി എഴുതി. 'പൊന്‍വെയില്‍ മണിക്കച്ച...' എന്ന ഗാനത്തിന്റെ പേരിലാണ് മലയാളി 'നൃത്തശാല' എന്ന  ചിത്രം ഓര്‍ക്കുന്നതുതന്നെ.

'കാക്കത്തമ്പുരാട്ടി', 'കുട്ടനാട്' ഇങ്ങനെ രണ്ട് നോവലുകള്‍. 'എന്‍ജിനീയറുടെ വീണ', 'നീലത്താമര', 'ശീര്‍ഷകമില്ലാത്ത കവിതകള്‍', 'എന്‍ മകന്‍ കരയുമ്പോള്‍' ഇങ്ങനെ കവിതാ സമാഹാരങ്ങള്‍.

'ഗാനം' (1981) എന്ന സിനിമയ്ക്ക് ജനപ്രീതി നേടിയ ചലച്ചിത്രത്തിനുള്ള  സംസ്ഥാന പുരസ്‌കാരം. 'സിനിമ: കണക്കും കവിതയും' മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ  അവാര്‍ഡ് നേടി. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രേംനസീര്‍ പുരസ്‌കാരം, ജെ.സി. ദാനിയേല്‍ പുരസ്‌കാരം (2018).
സമാനതകളില്ലാത്ത മഹാസര്‍ഗ്ഗസൗധമാണ് ശ്രീകുമാരന്‍തമ്പി.

മാര്‍ച്ച് 16- നു എണ്‍പതാം പിറന്നാള്‍ ആഘോഷിച്ച ശ്രീകുമാരന്‍ തമ്പി തുറന്നു പറയുന്നു:  ഈ നാടിനെക്കുറിച്ച്, തന്റെ ചലച്ചിത്രജീവിതത്തെക്കുറിച്ച്, സ്വകാര്യ ദുഃഖങ്ങളെക്കുറിച്ച്, മറയില്ലാതെ....

എന്തൊക്കെയാണ് പുതിയ പ്രോജക്ടുകള്‍? പിറന്നാള്‍ ആഘോഷങ്ങള്‍?

കവിതകള്‍ മുടങ്ങാതെ എഴുതുന്നുണ്ട്. മിക്ക ആനുകാലികങ്ങളിലും വരുന്നുമുണ്ട്.

2019-ലും രണ്ട് സിനിമകള്‍ക്ക് പാട്ടെഴുതി. ഒന്ന് സ്വര്‍ണ്ണലത സിനിമാസ് നിര്‍മ്മിക്കുന്ന 'എ ഫോര്‍ ആപ്പിള്‍'. എന്റെ മാനേജരായിരുന്ന മധുവും എസ്. കുമാര്‍ എന്ന സുരേഷ് കുമാറുമാണ് സംവിധായകര്‍. രണ്ടാമതായി 'ഓട്ടം' എന്ന സിനിമയുടെ ടൈറ്റില്‍ സോങ്ങ്. തിരുവനന്തപുരം സിറ്റിയെക്കുറിച്ചുള്ള പാട്ടാണ്. മറ്റു ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ആണ്.

2018-ലും രണ്ടു പടങ്ങള്‍ക്ക് പാട്ടെഴുതി. ജയരാജിന്റെ 'ഭയാനക'വും മധുപാലിന്റെ 'കുപ്രസിദ്ധ പയ്യനും'. ഈ വര്‍ഷവും രണ്ടു പടങ്ങള്‍. എണ്‍പതാം വയസ്സിലും കവിതയും പാട്ടുമായി ഞാന്‍ സജീവമാണ്.
എനിക്ക് ആഘോഷങ്ങളില്ല. മകനില്ലാതായശേഷം ഒരു ആഘോഷവും ഞാന്‍ നടത്താറില്ല. എന്റെ സപ്തതി ഒരു ആഘോഷവുമില്ലാതെയാണ് കടന്നുപോയത്. എന്നാല്‍ ജനങ്ങള്‍ എന്റെ എണ്‍പതാം പിറന്നാളിന്റെ ആഘോഷങ്ങള്‍ നടത്തുന്നുണ്ട്.  

മമ്മൂട്ടി , മോഹന്‍ലാല്‍
മമ്മൂട്ടി , മോഹന്‍ലാല്‍

മലയാള  ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ആയി പരിഗണിച്ചിരുന്നതായി കേള്‍ക്കുന്നു. എന്താണ് പറയാനുള്ളത്?

ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ആകണമെന്ന് എന്നോട് ആവശ്യപ്പെടുകയും ആ നിര്‍ദ്ദേശം ഞാന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അതനുസരിച്ച് മാര്‍ച്ച് ഒന്നാം തീയതി മുതല്‍ സ്‌ക്രീനിങ്ങും ഏര്‍പ്പാടാക്കിയിരുന്നുവത്രേ.

ഞാന്‍ പാട്ടെഴുതിയ രണ്ടു പടങ്ങള്‍ ഈ വര്‍ഷത്തെ മത്സരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഉണ്ട്. അവ മത്സരത്തില്‍നിന്നുതന്നെ പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ന്നു. അവാര്‍ഡിനായി മത്സരിക്കുക എന്നത് ചലച്ചിത്ര മേഖലയില്‍ ഉള്ളവരുടെയെല്ലാം വലിയ ആഗ്രഹമാണ്. അവാര്‍ഡ് കിട്ടുന്നോ ഇല്ലയോ എന്നത് വേറൊരു കാര്യം. മത്സരിക്കുക എന്നതും ഒരു അംഗീകാരമാണ്. എനിക്ക് ജൂറി ചെയര്‍മാന്‍ ആകാന്‍വേണ്ടി ആ പടം മത്സരത്തിന് അയക്കരുതെന്ന് ആവശ്യപ്പെടുക അധാര്‍മ്മികമായി ഞാന്‍ കാണുന്നു. അതുകൊണ്ടുതന്നെ അസാദ്ധ്യവുമായിരുന്നു. ഗാനരചനയുടെ അവാര്‍ഡിന് എന്നെ പരിഗണിക്കേണ്ട എന്ന് എനിക്ക് പറയാനാവും. അതേ എനിക്ക് പറയാനാവൂ. അങ്ങനെ ജൂറി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഞാന്‍ സ്വയം പിന്‍വാങ്ങുകയായിരുന്നു.

ഇതിനുമുന്‍പ് 2004-ല്‍ ഒരു തവണ മാത്രമാണ് ഞാന്‍ കേരളത്തിലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ അംഗമാകുന്നത്. അന്നും ഞാനായിരുന്നു ജൂറിയുടെ ചെയര്‍മാന്‍. അന്നു യു.ഡി.എഫ് സര്‍ക്കാരും അനില്‍കുമാര്‍ സാംസ്‌കാരിക മന്ത്രിയും. നല്ല ചിത്രമായി 'അകലെ'യും സംവിധായകനായി ആ ചിത്രത്തിന്റെ ശ്യാമപ്രസാദുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. അക്കാലത്ത് വ്യക്തിപരമായി എനിക്ക് ശ്യാമപ്രസാദിനെ അത്ര ഇഷ്ടവുമായിരുന്നില്ല. മമ്മൂട്ടിയായിരുന്നു നല്ല നടന്‍. മികച്ച നടിയായി അവസാന പരിഗണനയ്ക്കു വന്ന കാവ്യ മാധവനേയും ഗീതു മോഹന്‍ദാസിനേയും മികച്ച നടിമാരായി തീരുമാനിക്കുകയായിരുന്നു.

അതുപോലെ ദേശീയ ജുറിയില്‍ മൂന്നു തവണ ഞാന്‍ അംഗമായിരുന്നിട്ടുണ്ട്.  1987-ല്‍ ഞാന്‍ ജൂറി അംഗമായിരുന്നെങ്കിലും മോനിഷയെ മികച്ച നടിയായി പ്രഖ്യാപിക്കുമ്പോള്‍ ചിക്കന്‍ പോക്സ് ബാധിച്ച് ഞാന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. നല്ല നടനായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ട 1990-ലും സംവിധായകന്‍ കെ.ജി. ജോര്‍ജിനോടൊപ്പം മോഹന്‍ലാല്‍ തെരഞ്ഞെടുക്കപ്പെട്ട 1992-ലും ദേശീയ ഫിലിം അവാര്‍ഡ് ജൂറിയില്‍ ഞാനും അംഗമായിരുന്നു. ഇടപെടലുകള്‍ ഉണ്ടാവുന്നതായി അനുഭവപ്പെട്ടിട്ടില്ല. അവാര്‍ഡ് നിര്‍ണ്ണയം സുതാര്യവും കുറ്റമറ്റതുമാക്കാനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യപ്പെടണം

ജെ.സി. ദാനിയല്‍ അവാര്‍ഡ് 1992-ല്‍ സ്ഥാപിതമായശേഷം 26 പേര്‍ക്ക് അവാര്‍ഡ് ലഭിച്ചു. കെ. രാഘവന്‍, വി. ദക്ഷിണാമൂര്‍ത്തി, ജി. ദേവരാജന്‍, എം. കൃഷ്ണന്‍ നായര്‍, ആറന്മുള പൊന്നമ്മ, മങ്കട രവിവര്‍മ്മ, നവോദയ അപ്പച്ചന്‍, ജോസ് പ്രകാശ്, ശശികുമാര്‍, ഐ.വി. ശശി  ഇങ്ങനെ പലരും പുരസ്‌കാര ജേതാക്കളുടെ കാലാനുക്രമമായ പട്ടികയിലുണ്ട്. ഒടുവില്‍ അങ്ങ്. അതിനുശേഷം നടി ഷീല. എന്ത് തോന്നുന്നു?

2017-ല്‍ ഞാന്‍ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ മധുച്ചേട്ടനായിരുന്നു ജൂറി ചെയര്‍മാന്‍. സത്യന്‍ അന്തിക്കാട്, സിയാദ് കോക്കര്‍ ഇവര്‍ ജൂറി അംഗങ്ങളും. തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു എന്നാണ് മനസ്സിലാക്കിയത്.

എന്തുകൊണ്ട് ഈ അവാര്‍ഡ് ഇത്ര വൈകി എന്നു ചോദിച്ചവര്‍ ധാരാളമുണ്ട്. നിരവധി തവണ പേര് നിര്‍ദ്ദേശിക്കപ്പെട്ടിട്ടും അത് നിഷേധിക്കപ്പെടുകയായിരുന്നു എന്നറിയാം. വേറെ ആളില്ലാതായപ്പോള്‍ തന്നു എന്നുവേണം കരുതാന്‍. എന്തായാലും സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ പരസ്യമായിത്തന്നെ പറയുകയുണ്ടായല്ലോ വര്‍ഷങ്ങള്‍ക്കുമുന്‍പ് ശ്രീകുമാരന്‍തമ്പിക്ക് ലഭിക്കേണ്ടതായിരുന്നു ഈ പുരസ്‌കാരമെന്ന്.

മധുവിനും ശാരദയ്ക്കുമൊപ്പം
മധുവിനും ശാരദയ്ക്കുമൊപ്പം

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ശ്രീകുമാരന്‍തമ്പിക്ക് ഏഴ് വയസ്സ്. പിന്നീട് ഇന്ത്യയുടേയും കേരളത്തിന്റേയും കടന്നുപോയ 73 വര്‍ഷങ്ങള്‍. എന്താണ് തോന്നുന്നത് ?

ഇന്ത്യന്‍ ജനാധിപത്യം ദയനീയ പരാജയമാണ്. സ്വാതന്ത്ര്യം കിട്ടി ഏറെക്കഴിഞ്ഞിട്ടും എന്താണ് ജനാധിപത്യം എന്ന് നമുക്കറിയില്ല. ജനസേവകരാകേണ്ട നേതാക്കന്മാര്‍ രാജാക്കന്മാരെപ്പോലെയല്ലേ പെരുമാറുന്നത്. വോട്ടുകിട്ടി ജയിച്ചുവരുന്ന പഞ്ചായത്ത് മെമ്പര്‍തൊട്ട് എല്ലാവരും ജനസേവകരാണ്. ജനങ്ങളെ ശിക്ഷിക്കുന്ന രാജാക്കന്മാരല്ല. ശരീരഭാഷ കണ്ടാല്‍ അങ്ങനെയാണ് തോന്നുക. എല്ലാ പാര്‍ട്ടിക്കാരുടേയും കാര്യമാണ്.

ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നാട്ടിലുണ്ടാക്കിയ സാമൂഹ്യമാറ്റങ്ങള്‍കൊണ്ടാണ് കേരളം ഇന്നും പിടിച്ചുനില്‍ക്കുന്നത്. ഭൂപരിഷ്‌കരണം കേരളത്തില്‍ മാത്രമാണ് നടപ്പായത്. ബംഗാളില്‍ ജ്യോതിബസുവിനുപോലും അത് സാധിച്ചില്ല. വിദ്യാഭ്യാസബില്‍ വലിയ മാറ്റമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം സൗജന്യമാക്കി; വിദ്യാഭ്യാസം ജനകീയവും സാര്‍വ്വത്രികവുമാക്കി.

എന്നാല്‍ കൃഷിഭൂമി കര്‍ഷകനെന്നു പറഞ്ഞ് ഭൂപരിഷ്‌കരണം നടപ്പാക്കിയ കുട്ടനാട്ടില്‍ എന്തായി? എന്റെ ആത്മകഥയില്‍ അക്കഥയുണ്ട്. പുന്നൂര്‍ കുട്ടനാട്ടിലെ ഞങ്ങടെ വീട്ടുപേരാ. ഇന്നും ആ പാടങ്ങള്‍ക്ക് പുന്നൂര്‍ പോച്ച എന്നാ പറയുക. കുട്ടനാട്ടിലെ പുന്നൂര്‍ പോച്ചയില്‍ ഇന്ന് ഒരു സെന്റ് ഭൂമിപോലും പുന്നൂര്‍ വീട്ടിലെ തമ്പിമാര്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പത്തിനൊന്നു പതം എട്ടിനൊന്നാക്കാന്‍ സമരം ചെയ്ത കര്‍ഷകത്തൊഴിലാളിക്ക് ഭൂമി സ്വന്തമായി കിട്ടിയപ്പോള്‍ അവര്‍ ജന്മിമാരായി. കൃഷി ഉപേക്ഷിച്ച് കേരളത്തിന്റെ വികസനത്തെ സഹായിച്ച മറ്റൊരു ഘടകം ഗള്‍ഫ് മലയാളികളുടെ പണമാണ്. ഗള്‍ഫ് പണം വന്നപ്പോഴാണ് നാട്ടില്‍ പട്ടിണി ഇല്ലാതായത്. കൂലി വര്‍ദ്ധനയ്ക്കായുള്ള സമരങ്ങള്‍ നടന്ന 1970-കളില്‍ തന്നെയായിരുന്നു ഗള്‍ഫ് പണത്തിന്റെ നാട്ടിലേക്കുള്ള ഒഴുക്കു വ്യാപകമായി തുടങ്ങുന്നതും ലേബര്‍ വേജസ് കൂടിയതും. കേരളത്തില്‍ മാത്രമല്ലേ കൂലി വര്‍ദ്ധന ഉണ്ടായത്? 33 വര്‍ഷം ജ്യോതിബസുവും കമ്യൂണിസ്റ്റുകാരും ഭരിച്ച ബംഗാളില്‍ ദിവസവേതനം ഇന്നും 500 രൂപയില്‍ താഴെയല്ലേ? അതുകൊണ്ടല്ലേ അവരും ഇന്ന് കേരളത്തില്‍ പണിക്കെത്തിയത്.

കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ ഇനി ആദിവാസികളുടേയും സ്ത്രീകളുടേയും പരിസ്ഥിതിയുടേയും പ്രശ്‌നങ്ങളാണ് പ്രധാനമായി അഡ്രസ്സ് ചെയ്യേണ്ടത്. ആദിവാസി പ്രശ്നം വേറെയാണ്. അവര്‍ കാടിന്റെ മക്കള്‍ ആണ്. അവരുടെ സംസ്‌കാരം വേറെയാണ്. ജീവിതരീതിയും വേറെയാണ്. കാട് അവര്‍ക്ക് കൊടുക്കണമായിരുന്നു. അവരുടെ കാട് നാം തട്ടിയെടുക്കുകയായിരുന്നു. മറ്റു സമൂഹങ്ങളുമായി ഇടപഴകിയതോടെ വലിയ ചൂഷണത്തിനും അവര്‍ വിധേയരായി. അവിവാഹിതകളായ ഗര്‍ഭിണികളും അച്ഛനില്ലാ കുട്ടികളുടെ അമ്മമാരും ഉണ്ടായി എന്നതാണ് നാളിതുവരെയുള്ള ആദിവാസി സാമൂഹികോദ്ധാരണംകൊണ്ട് നടപ്പായത്.

കേരളത്തിലെ സാംസ്‌കാരിക രംഗത്തെ എങ്ങനെയാണ് വിലയിരുത്തുക?

ലോകത്ത് ഒരു ജനതയും കാണാത്ത ഒരു സ്വപ്നം കണ്ടവനാണ് മലയാളി. എല്ലാവരും ഒരുപോലെ ജീവിക്കുന്ന ഒരുകാലം. അതാണ് മലയാളിയുടെ ഓണം. നന്മനിറഞ്ഞ ആ കാലത്തെ വിഭാവന ചെയ്യുന്നവര്‍. അങ്ങനെ നോക്കിയാല്‍ ഇന്ത്യയില്‍ ജനാധിപത്യം എന്താണെന്നു തിരിച്ചറിഞ്ഞതു മലയാളി മാത്രമായിരുന്നു.

ഉത്സവം എന്നാല്‍ ഉയര്‍ച്ചയ്ക്കുള്ള യജ്ഞം എന്നാണ്. ലോകത്ത് എല്ലായിടങ്ങളിലും കാര്‍ഷികോത്സവങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ത്തന്നെ മറ്റിടങ്ങളില്‍ ആഹ്ലാദിക്കാന്‍ ഹോളിപോലെ നിരവധി ഉത്സവങ്ങള്‍. മലയാളി അല്ലാതെ ഒരിടത്തും സമത്വത്തിനുവേണ്ടി ഒരുത്സവം ആഘോഷിക്കുന്നില്ല. അതുകൊണ്ടാണ് ജനാധിപത്യ പ്രക്രിയയിലൂടെ കേരളത്തില്‍ അധികാരത്തില്‍ വരാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞത്. മലയാളിയുടെ സ്വപ്നം സഫലമായോ എന്നത് മറ്റൊരു ചോദ്യമാണ്.

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റുകാരന്‍ ശ്രീനാരായണഗുരുവാണ്. ഗുരു ഉഴുതുമറിച്ച മണ്ണിലാണ് കമ്യൂണിസ്റ്റുകാര്‍ വിത്തിട്ടു വിളവെടുത്തത്. ഒരു നവകേരളം, അല്ല നവലോകം കെട്ടിപ്പടുക്കാന്‍ ശ്രമിച്ച ജാതിയില്ല മതമില്ല എന്നു പറഞ്ഞ ഗുരുവിനെ ചിലര്‍ സ്വന്തമാക്കി, അവരുടെ മാത്രം സ്വത്താക്കി ചെറുതാക്കിക്കളഞ്ഞു.

നവോത്ഥാനമെന്നത് ശബരിമലയില്‍ ഒതുക്കി രാഷ്ട്രീയവല്‍ക്കരിക്കേണ്ട ഒന്നല്ല. ആണും പെണ്ണും കയ്യില്‍ പിടിച്ചു വഴിയെ നടന്നാല്‍ നവോത്ഥാനം വരില്ല. മനുഷ്യജീവിതത്തിന്റെ അടിത്തട്ടില്‍ പ്രകടമാകേണ്ട മാറ്റമാണത്. അതുകൊണ്ടുതന്നെ എല്ലാക്കാലത്തും ഉണ്ടായിക്കൊണ്ടിരിക്കേണ്ടതും.

ശ്രീകുമാരന്‍തമ്പി ഏതു പക്ഷത്താണ് ?

ഞാന്‍ ചന്ദനക്കുറി തൊടുന്നു. ഹിന്ദുവായി ജീവിക്കുന്നു. യഥാര്‍ത്ഥ ഹിന്ദുവിനു വര്‍ഗ്ഗീയവാദി ആകാന്‍ കഴിയില്ല. അതുകൊണ്ടു ശ്രീകുമാരന്‍തമ്പിക്ക് വര്‍ഗ്ഗീയവാദി ആകാനാവില്ല. ഹിന്ദുമനസ്സ് എന്നും വിശാലമായിരുന്നു. ആ ഹൃദയവിശാലതകൊണ്ടാണ് മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇവിടെ വന്നതും സഹവര്‍ത്തിത്വത്തോടെ ജീവിച്ചതും.

കലാകാരന്റെ ഇടതുപക്ഷ ആഭിമുഖ്യത്തിനു മറ്റുള്ളവര്‍ പരാതി പറഞ്ഞിട്ടു വലിയ കാര്യമില്ല. കലാകാരന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവനാണ്. അവനു ജനപക്ഷത്തേ നില്‍ക്കാനാവൂ. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കവികളും ചിത്രകാരന്മാരും ഗായകരും കലാകാരന്മാരും ഇടതുപക്ഷത്തായിരുന്നു. ഇടതുപക്ഷം ജനപക്ഷം അല്ലാതാവുമ്പോഴാണ് അവര്‍ വിമര്‍ശകരാകുന്നത്.
അതുകൊണ്ടാണ് ഭാസ്‌കരന്‍ മാഷിനോട് ഇടതുപക്ഷം കാട്ടിയ അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ചത്. മാഷിനെ അംഗീകരിക്കുകയല്ല എന്നും അവഗണിക്കുകയും അപമാനിക്കുകയുമായിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നശേഷം ഭാസ്‌കരന്‍ മാസ്റ്ററുടെ ഒരു പ്രതിമ വച്ചു. എന്നാലത് വയലാറിന്റേയും ദേവരാജന്‍ മാസ്റ്ററുടേയും പ്രതിമകള്‍ സ്ഥാപിച്ചശേഷം ആയിരുന്നു. തോപ്പില്‍ ഭാസിയെ ആദരിക്കാന്‍ മറന്ന കമ്യൂണിസ്റ്റുകാര്‍ കെ.എം. മാണിക്ക് സ്മാരക നിര്‍മ്മാണത്തിനു കോടികള്‍ അനുവദിക്കുന്നു എന്നതും കാണാതെ പോകരുത്. കേരളത്തിലെ ഇടതുപക്ഷത്തിന്റെ വളര്‍ച്ചയില്‍ കലാകാരന്മാരുടെ വലിയ സംഭാവനകള്‍ അവര്‍ മറന്നുപോവുന്നു.

'കാട്ടുമല്ലിക'യിലെ 10 ഗാനങ്ങളുമായി 1966-ല്‍ സിനിമാരംഗത്തേക്കു പ്രവേശിക്കുമ്പോള്‍ അങ്ങേക്ക് 26 വയസ്സ്. കഴിഞ്ഞ 54 വര്‍ഷത്തെ ചലച്ചിത്രജീവിതം എങ്ങനെയാണ് നോക്കിക്കാണുന്നത് ?

ചലച്ചിത്രരംഗത്തെ വിവിധ മേഖലകളില്‍ മലയാളത്തിലെന്നല്ല മറ്റൊരിടത്തും ഇത്ര സംഭാവനകള്‍ നല്‍കിയ വേറൊരാള്‍ ഉണ്ടാവാന്‍ ഇടയില്ല. ലോകസിനിമയില്‍ ഇങ്ങനെ ഒരാള്‍ ഉണ്ടാവില്ല. കാരണം ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ സിനിമ ഉണ്ടാക്കുന്ന രാജ്യം. സ്റ്റുഡിയോ ഉടമസ്ഥന്‍ കൂടിയായ കുഞ്ചാക്കോയെ ഈ കണക്കെടുപ്പില്‍ പരിഗണിക്കാനാവില്ല.

'ചന്ദ്രകാന്തം' എന്ന സിനിമയിലൂടെ 1974-ല്‍ നിര്‍മ്മാണരംഗത്തെത്തി. 1986-ല്‍ 'യുവജനോത്സവം'വരെ ഇരുപതോളം സിനിമകള്‍. പിന്നെ 1993-ല്‍ 'ബന്ധുക്കള്‍ ശത്രുക്കള്‍.' ആകെ 26 സിനിമകള്‍. എപ്പോഴോ നിര്‍മ്മാണരംഗത്തുനിന്നുതന്നെ പിന്മാറുന്നു. ഒന്ന് വിശദീകരിക്കാമോ?

1986 വരെ തുടര്‍ച്ചയായി സിനിമകള്‍ എടുത്തു. അതൊരു കാലം. മോഹന്‍ലാല്‍ കോള്‍ ഷീറ്റ് തരാതായപ്പോള്‍ എലിയെ തോല്‍പ്പിച്ച് ഇല്ലം ചുടുകയാണ് ഞാന്‍ ചെയ്തത്. എലി ചാടിപ്പോയി. ഇല്ലം വെന്തും പോയി. വിനയന്‍ ഒക്കെ ചെയ്തതുപോലെ ഞാനും ചെയ്യണമായിരുന്നു. മോഹന്‍ലാല്‍ എനിക്ക് കോള്‍ ഷീറ്റ് തരാമെന്ന് പറയുകയും ഞാന്‍ വിശ്വസിക്കുകയും ലാല്‍ വാക്കു മാറുകയും ചെയ്തപ്പോള്‍ ലാലിനായി കാത്തിരിക്കാതെ മറ്റൊരാളെവച്ച് ഞാന്‍ പടം എടുക്കണമായിരുന്നു. ഞാനതു ചെയ്തില്ല.

അതിനും കാരണം ഉണ്ട്. മദ്രാസിലെ ജിയോ കുട്ടപ്പന്‍ എന്ന ജിയോ പിക്‌ചേഴ്‌സ് ഉടമ എന്റെ സുഹൃത്ത് എന്‍.ജി. ജോണ്‍ ഐപി കൊടുക്കുമ്പോള്‍ മാര്‍വാടികള്‍ക്ക് അദ്ദേഹം കോടികള്‍ കൊടുക്കാന്‍ ഉണ്ടായിരുന്നു. മാര്‍വാടികള്‍ക്ക് ഒരു അസോസിയേഷന്‍ ഉണ്ടായിരുന്നു. മദ്രാസില്‍ ശിവാലയ ബില്‍ഡിങ്ങില്‍ ആയിരുന്നു അവരുടെ ഓഫീസ്. അസോസിയേഷന്‍ കൂടി മലയാളി പ്രൊഡ്യൂസേഴ്‌സിന് ഇനി പണം കടം കൊടുക്കേണ്ടെന്ന് തീരുമാനമെടുത്തു. സത്യത്തില്‍ എന്നെപ്പോലെയുള്ള മലയാളി പ്രൊഡ്യൂസേഴ്‌സിന്റെ ഭാവി തകര്‍ത്തത് പ്രിയ സുഹൃത്തിന്റെ പാപ്പര്‍ ഹര്‍ജി ആയിരുന്നു.

പാരമ്പര്യ സ്വത്തുകൊണ്ട് പടം എടുക്കാന്‍ ഞാനൊരു ധനികന്‍ അല്ലായിരുന്നു. എനിക്ക് റബ്ബര്‍ എസ്റ്റേറ്റും ഇല്ലായിരുന്നു. ബ്ലാക്ക് മണിയുള്ള ആളുമല്ല. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണംകൊണ്ടും കടംവാങ്ങിയ കാശുകൊണ്ടുമായിരുന്നു പടം എടുത്തിരുന്നത്. കടം തരാന്‍ ആളും വേണം. ആ വഴിയാണ് അന്ന് എന്നന്നേക്കുമായി അടഞ്ഞത്.

ഇതിനിടയിലാണ് 1980-കളില്‍ സിനിമയില്‍ നായകന്മാരുടെ പ്രതിഫലത്തുകയില്‍ വലിയ കുതിച്ചുകയറ്റം ഉണ്ടായത്. പതിനായിരത്തില്‍ തുടങ്ങി നാല്‍പ്പതിനായിരം ആയി ഒരു ലക്ഷമായി ഒറ്റയടിക്ക് രണ്ടു കോടിയിലേക്കും നാലുകോടിയിലേക്കും കുതിച്ചുയര്‍ന്നു സൂപ്പര്‍സ്റ്റാറുകളുടെ പ്രതിഫലത്തുക. എന്നെപ്പോലെയുള്ള പ്രൊഡ്യൂസര്‍മാര്‍ക്ക് ആലോചിക്കാന്‍പോലും വയ്യാതെ ഞെട്ടിപ്പോയി. ബ്ലേഡ് കമ്പനിയിലെ കാശുമായും ഗള്‍ഫ് പണവുമായും സിനിമ നിര്‍മ്മിക്കാന്‍ എത്തിയ പുതിയ നിര്‍മാതാക്കള്‍ക്ക് ഇത് വിഷയമല്ലായിരുന്നു. 1980-കളുടെ അവസാനം അതാണ് സംഭവിച്ചത്. സിനിമാ നിര്‍മ്മാണത്തിന്റെ ഘടനയെത്തന്നെ അത് ബാധിച്ചു.

ശ്രീകുമാരൻ തമ്പിയും അർജ്ജുനൻ മാഷും. സമീപം സംവിധായകൻ കമൽ
ശ്രീകുമാരൻ തമ്പിയും അർജ്ജുനൻ മാഷും. സമീപം സംവിധായകൻ കമൽ

ഇന്നിപ്പോള്‍ സൂപ്പര്‍ സ്റ്റാറുകളുടെ കാലം. അങ്ങ് സിനിമ എടുത്തിരുന്ന കാലത്തില്‍നിന്നും ഏറെ വിഭിന്നമായിരിക്കുന്നു ഇന്നത്തെ മലയാള സിനിമ. എന്തൊക്കെയാണ് അങ്ങ് കാണുന്ന മാറ്റങ്ങള്‍?

ഞാന്‍ 26 സിനിമകള്‍ എടുത്ത പ്രൊഡ്യൂസറാണ്. സിനിമാ നിര്‍മ്മാണം തുടങ്ങുന്ന കാലത്ത് മൊത്തം പ്രൊഡക്ഷന്‍ കോസ്റ്റിന്റെ 10 ശതമാനം മാത്രമായിരുന്നു അതിലെ നായകന്റെ പ്രതിഫലത്തുക. രണ്ട് ലക്ഷം രൂപയ്ക്ക് ഞാന്‍ പടം എടുത്തിട്ടുണ്ട്. 12 തിയേറ്ററുകളിലാണ് അന്ന് പടം റിലീസ് ആക്കുക. ഒരു പെട്ടിക്ക് 5000 രൂപ. അങ്ങനെ അറുപതിനായിരം രൂപ. അതും കൂടിയാല്‍ ഏതാണ്ട് രണ്ടര-മൂന്നു ലക്ഷം രൂപയാണ് ഒരു സിനിമയുടെ അന്നത്തെ നിര്‍മ്മാണച്ചെലവ്. നിര്‍മ്മാണച്ചെലവില്‍ അന്നത്തെ നായകന്‍ പ്രേംനസീര്‍ വാങ്ങിക്കുന്നത് 25,000 രൂപ. നിര്‍മ്മാണച്ചെലവിന്റെ 10 ശതമാനത്തില്‍ താഴെ.

ഇന്ന് സൂപ്പര്‍ താരങ്ങള്‍ വാങ്ങുന്നത് ടോട്ടല്‍ പ്രൊഡക്ഷന്‍ കോസ്റ്റിന്റെ അമ്പതു ശതമാനമോ അതിലേറെയോ ആണ്. എങ്ങനെയാണ് വ്യവസായം നിലനില്‍ക്കുക? ഇന്ന് അവരുടെ ചിത്രങ്ങള്‍ 1500-ലേറെ തിയേറ്ററുകളില്‍ റിലീസ് ആകുന്നു. സാങ്കേതികവിദ്യയിലെ പുരോഗതിയും കണക്കിലെടുക്കണം. നിര്‍മ്മാണച്ചെലവിലെ ഈ ഭീമമായ തുക ഒഴിവാകുന്നതുകൊണ്ടാണ് സൂപ്പര്‍ സ്റ്റാറുകള്‍ ഇല്ലാത്ത അപൂര്‍വ്വം ചെറിയ ചിത്രങ്ങള്‍ കുറച്ചു ദിവസം ഓടുമ്പോള്‍പ്പോലും ലാഭകരമായി തീരുന്നത്.

പി. ഭാസ്‌കരന്‍, വയലാര്‍, ഒ.എന്‍.വി, ശ്രീകുമാരന്‍തമ്പി... മലയാള സിനിമയിലെ ഈ ഗാനവസന്തകാലത്തിന്റെ ഓര്‍മ്മകള്‍ എന്തൊക്കെയാണ്?

1950 ജനുവരി 14-ന് പുറത്തുവന്ന 'നല്ലതങ്ക'യാണ് മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ്. കെ.കെ. പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ കെ.വി. കോശിയും കുഞ്ചാക്കോയും കൂടി നിര്‍മ്മിച്ച ചിത്രം. അഭയദേവ് ഗാനരചന നടത്തിയ ചിത്രത്തിലെ 14 ഗാനങ്ങളില്‍ 13-നും സംഗീതം ഒരുക്കിയത് രാമറാവു. ഒരു ഗാനം ദക്ഷിണാമൂര്‍ത്തി സ്വാമിയും. പാട്ടുകളുടെ അനുകരണങ്ങള്‍ക്കിടയിലും പാട്ടുകളും സിനിമയും ഹിറ്റായി. തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ കുറേ നല്ല പാട്ടുകള്‍ എഴുതിയിട്ടുണ്ട്. അഭയദേവിന്റെ സംഭാവനകളും വിസ്മരിക്കാന്‍ ആവില്ല.

ഞാന്‍ പാട്ടെഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് സിനിമയില്‍ ഗാനരചയിതാവായി ഒ.എന്‍.വി എത്തിയെങ്കിലും ഞാന്‍ എഴുതിയ അത്ര ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടില്ല. എന്നാല്‍, ഗാനരചയിതാക്കളുടെ പട്ടിക നിരത്തുമ്പോള്‍ ഇപ്പോഴും ചിലര്‍ എന്റെ പേര് പറയാതെ പി. ഭാസ്‌കരന്‍, വയലാര്‍, ഒ.എന്‍.വി തുടങ്ങിയവര്‍ എന്നാണ് പറയാറ്. ആ 'തുടങ്ങിയവരിലാണ്' ശ്രീകുമാരന്‍തമ്പി.

'ഹൃദയസരസ്സിലെ പ്രണയപുഷ്പമേ' എന്ന ഞാനെഴുതിയ പാട്ട് വയലാര്‍ രചിച്ചതാണ് എന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ റ്റി.ഇ. വാസുദേവന്‍ സാറിന്റെ മുസ്ലിം പശ്ചാത്തലമുള്ള ചിത്രങ്ങളില്‍ ഒഴികെ മിക്കതിലും ഗാനരചന ഞാന്‍ തന്നെയായി. മുസ്ലിം പടങ്ങള്‍ക്ക് ഭാസ്‌കരന്‍ മാഷും.

മഞ്ഞിലാസിന്റേയും സുപ്രിയായുടേയുമൊക്കെ സിനിമകള്‍ അതിലെ വയലാര്‍ - ദേവരാജന്‍ ടീം ഈണമിട്ട പാട്ടുകളിലൂടെ മാത്രമല്ല, അവയുടെ ജീവിതഗന്ധിയായ പ്രമേയത്തിലൂടെയും ഓര്‍മ്മിക്കപ്പെടുന്നു. എന്നാല്‍, 'പിക്ക്‌നിക്കും' 'റസ്റ്റ് ഹൗസും' 'നൃത്തശാല'യുമെല്ലാം പാട്ടുകള്‍കൊണ്ടുമാത്രം ഓര്‍ത്തിരിക്കുന്ന സിനിമകളാണ്.

സ്വന്തം ഗാനങ്ങള്‍ വയലാറിന്റെ പേരില്‍ കുറിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന നിരവധി അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്. എങ്ങനെ പ്രതികരിക്കുന്നു?

ഇതിനുമുന്‍പ് പലകുറി പറഞ്ഞിട്ടുള്ള രണ്ട് അനുഭവം മാത്രം ആവര്‍ത്തിക്കാം. നാലാങ്കല്‍ കൃഷ്ണപിള്ളയുടെ പുസ്തകമാണ് മഹാക്ഷേത്രങ്ങള്‍ക്കു മുന്നില്‍. ആ പുസ്തകത്തിന്റെ രണ്ടാംഭാഗത്തില്‍ പനച്ചിക്കാട് അമ്പലത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്. അതില്‍ അമ്പലത്തില്‍ തൊഴുതു മടങ്ങുമ്പോള്‍ മൈക്കിലൂടെ കേട്ട 'മനസ്സിലുണരൂ ഉഷസന്ധ്യയായ്...' എന്ന ഗാനം വയലാറിന്റേതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെറ്റു കണ്ട അമ്പലപ്പുഴ രാമവര്‍മ്മയുടെ പുത്രന്‍ രാജാ ശ്രീകുമാരവര്‍മ്മ 'മറുനാട്ടില്‍ ഒരു മലയാളി' എന്ന ചിത്രത്തിന്റെ പാട്ടുപുസ്തകവുമായി നാലാങ്കലിനെ കണ്ട് തെറ്റ് ബോധ്യപ്പെടുത്തി. എന്നാല്‍ പുസ്തകം പരിഷ്‌കരിച്ച് പുനഃപ്രസിദ്ധീകരിച്ചപ്പോള്‍പ്പോലും പാട്ട് വയലാറിന്റേതല്ല ശ്രീകുമാരന്‍തമ്പിയുടേതാണ് എന്ന് തിരുത്തുകയല്ല ആ ഭാഗം ലേഖനത്തില്‍നിന്നു നീക്കം ചെയ്യുകയാണ് എന്റെ പിതാവിന്റെ പ്രായമുള്ള നാലാങ്കല്‍ ചെയ്തത്.

അടുത്തകാലത്ത് ഒരു ലേഖനത്തില്‍ 'ബന്ധുവാര് ശത്രുവാര് എന്ന് വയലാര്‍ പണ്ടേ ചോദിച്ചിട്ടില്ലേ...' എന്ന് ഒരു മാന്യന്‍ എഴുതിയത് വായിച്ചിരുന്നു. വയലാര്‍ 1975 ഒക്ടോബര്‍ 27-നു മരിച്ചു. 1993 ജൂലൈ രണ്ടാം തീയതിയാണ് ഞാന്‍ രചിച്ച് സിന്ധുഭൈരവി രാഗത്തില്‍ ഞാന്‍ തന്നെ ഈണം പകര്‍ന്ന ഈ ഗാനവുമായി 'ബന്ധുക്കള്‍ ശത്രുക്കള്‍' എന്ന ചലച്ചിത്രം പുറത്തു വരുന്നത്. 1993-ല്‍  ഞാന്‍ രചിച്ച ഗാനംപോലും 1975-ല്‍ മരിച്ച വയലാറിന്റെ ക്രെഡിറ്റില്‍ കൊള്ളിച്ചാണ് ചില മലയാളികള്‍ ഇപ്പോഴും എന്നോട് കാട്ടുന്ന ആദരം. മറ്റുള്ളവരുടെ പേരില്‍ വന്ന എന്റെ ഗാനങ്ങളെക്കുറിച്ചുമാത്രം ലേഖനങ്ങള്‍തന്നെ പുറത്തുവന്നിട്ടുണ്ട്.

അങ്ങ് പാട്ടെഴുതി ദക്ഷിണാമൂര്‍ത്തി സ്വാമി ഈണമിട്ട ആ പാട്ടുകാലത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

1950-ല്‍ 'നല്ലതങ്ക'യിലെ ''ശംഭോ ഞാന്‍ കാണ്മതെന്താണിദം...'' എന്ന ശ്ലോകത്തിനു സംഗീതം ഒരുക്കിയാണ് ദക്ഷിണാമൂര്‍ത്തി മലയാള ചലച്ചിത്രഗാനങ്ങളുടെ സംഗീത രംഗത്തെത്തുന്നത്. അഭയദേവ് രചിച്ച 14 ഗാനങ്ങളില്‍ ശേഷിച്ച 13-നും സംഗീതം ഒരുക്കിയത് രാമറാവു ആയിരുന്നു. അന്ന് വൈക്കത്തപ്പന്റെ തിരുനടയില്‍ ''കതകിതു ജഗദീശാ തുറക്കില്ലയെന്നോ...'' എന്നു പാടിയ തന്റെ മുന്നില്‍ ഒരിക്കലും ആ കാരുണ്യത്തിന്റെ കതകുകള്‍ അടഞ്ഞില്ല എന്നാണ് തന്റെ സംഗീത ജീവിതത്തെക്കുറിച്ച് സ്വാമി പറഞ്ഞിട്ടുള്ളത്.

അഭയദേവിന്റേയും ഭാസ്‌കരന്‍ മാഷിന്റേയും അപൂര്‍വ്വമായി വയലാറിന്റേയും ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന സ്വാമിയുടെ ശാസ്ത്രീയസംഗീതത്തിന് ചലച്ചിത്രത്തിനായി നവീകരണമുണ്ടായത് ഞങ്ങള്‍ ഒരുക്കിയ ഗാനങ്ങളിലാണ്. 'ഹൃദയസരസിലെ പ്രണയ പുഷ്പമേ' എന്ന പാട്ടോടെ പാട്ടും  ഞങ്ങളുടെ ടീമും പോപ്പുലറായി. സിനിമ മ്യൂസിക്കല്‍ ആവണം എന്നത് റ്റി.ഇ. വാസുദേവന്‍ സാറിന്റെ തീരുമാനമായിരുന്നു.
സ്വാമി സംഗീതത്തില്‍ ഏറെ വ്യത്യസ്തനായിരുന്നു. ഒരു പാട്ടിന് 8-10 ട്യൂണുകള്‍വരെ ഞൊടിയിടയില്‍ തീര്‍ത്ത് സ്വാമി സംഗീതത്തിലെ സകലകലാ വല്ലഭന്‍ ആയി. ആ ഗാനങ്ങള്‍ രാഗനിബദ്ധമായിരുന്നു.  

ദേവരാജന്‍ മാസ്റ്ററുമായി ഇണങ്ങിയും പിണങ്ങിയുമുള്ള സംഗീതകാലം ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ എന്ത് തോന്നുന്നു?

1967-ല്‍ പുറത്തുവന്ന ചിത്രമേളയായിരുന്നു ദേവരാജന്‍ മാസ്റ്ററുമായി ചേര്‍ന്ന ആദ്യ ചിത്രം. ഗാനരചയിതാവ് എന്ന നിലയില്‍ 1966-ല്‍ പുറത്തുവന്ന 'കാട്ടുമല്ലിക'യ്ക്കും 'പ്രിയതമ'യ്ക്കും ശേഷമുള്ള എന്റെ  മൂന്നാമത്തെ സിനിമ. 'മദംപൊട്ടി ചിരിക്കുന്ന മാനം...', 'നീ എവിടെ നിന്‍ നിഴലെവിടെ...' പോലെ യേശുദാസ് പാടിയ എട്ടുഗാനങ്ങളും ഹിറ്റായി. പിന്നീട് 'വെളുത്ത കത്രീന.' 'പനിനീര്‍ കാറ്റില്‍...', 'പ്രഭാതം വിടരും...', 'പൂജാപുഷ്പമേ...' പോലെ എട്ടു സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍.

പിന്നെ 1973-ല്‍ 'കാലചക്രം' വരെ അഞ്ച് വര്‍ഷം പിണക്കങ്ങളുടെ കാലം. കാലചക്രത്തിനു തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതാന്‍ എന്റെ പേര് ശുപാര്‍ശ ചെയ്തത്  ദേവരാജന്‍ മാസ്റ്റര്‍തന്നെ ആയിരുന്നു. ചിത്രത്തിലെ 'രാക്കുയിലിന്‍ രാജസദസ്സില്‍...', 'പ്രേതങ്ങളുടെ താഴ്വര'യിലെ 'മലയാള ഭാഷതന്‍ മാദകഭംഗി...', 'പഞ്ചതന്ത്ര'ത്തിലെ 'ആവണി പൊന്‍പുലരി...', 'സേതുബന്ധന'ത്തിലെ 'പിഞ്ചുഹൃദയം ദേവാലയം...', 'അയല്‍ക്കാരി'യിലെ 'ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു...', 'മിനിമോള്‍' എന്ന സിനിമയിലെ 'കേരളം കേരളം...' ഇതൊക്കെ ഞങ്ങടെ കൂട്ടുകെട്ടില്‍ പിറന്ന മലയാളികളുടെ ഇഷ്ടഗാനങ്ങള്‍ ആണ്. ഇണങ്ങിയും പിണങ്ങിയും പിന്നെയും ഇണങ്ങിയും ആ ബന്ധം നിലനിന്നു. 40 ഓളം ചിത്രങ്ങളില്‍ 200 ഓളം പാട്ടുകള്‍.

യേശുദാസ്, ജയചന്ദ്രൻ
യേശുദാസ്, ജയചന്ദ്രൻ

എം.എസ്. വിശ്വനാഥനു ശ്രീകുമാരന്‍തമ്പിയുമായുള്ള ഹൃദയബന്ധം എങ്ങനെ ഉണ്ടായതാണ്?

മലയാള സിനിമയിലെ നൂറോളം നല്ല പാട്ടുകള്‍ ഞങ്ങള്‍ ഒരുക്കിയതാണ്. 'ലങ്കാദഹനം' ആയിരുന്നു ആദ്യത്തെ ചിത്രം. ട്യൂണിട്ട് പാട്ടെഴുതുന്നതായിരുന്നു എം.എസ്.വിക്ക് താല്പര്യം. എനിക്കാണെങ്കില്‍ ഞാന്‍ എഴുതിയ വരികള്‍ക്ക് ട്യൂണിടുന്നതും. ഒടുവില്‍ പല്ലവിയും അനുപല്ലവിയും ചരണവും ഓരോന്നായി വലിയ കടലാസില്‍ എഴുതിക്കൊടുത്തു. വരികളുടെ അര്‍ത്ഥവും ആവുംവിധം പറഞ്ഞുകൊടുത്തു. പാട്ടിന്റെ അര്‍ത്ഥം മനസ്സിലാക്കി ഈണമിട്ടു കഴിഞ്ഞപ്പോള്‍ എം.എസ്.വി പറഞ്ഞതിങ്ങനെയാ, 'ഇവന്‍ മലയാളത്തിലെ കണ്ണദാസനോ...' എം.എസ്.വിയുടെ ഏര്‍ക്കാട്ടുള്ള വീട്ടില്‍ വെച്ചായിരുന്നു പാട്ടുകളുടെ കമ്പോസിംഗ്. യേശുദാസ് പാടിയ 'ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി...', 'സ്വര്‍ഗ്ഗനന്ദിനി സ്വപ്ന വിഹാരിണി...', 'നക്ഷത്ര രാജ്യത്തെ...', ജയചന്ദ്രന്‍ പാടിയ 'തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു...' പോലെ 'പഞ്ചവടി'യിലെ പാട്ടുകളെല്ലാം ഹിറ്റായി.

കണ്ണദാസനെ പരിചയപ്പെടുത്തിയതും ഇദ്ദേഹമായിരുന്നു. 'പട്ടാഭിഷേകം' എന്ന സിനിമയിലെ ആകാശത്തിനു ഭ്രാന്തുപിടിച്ചു എന്ന പാട്ട് കണ്ണദാസനു വലിയ ഇഷ്ടമായിരുന്നു. മദ്യപിച്ചുകഴിഞ്ഞാല്‍ കണ്ണദാസന്‍ ടെറസ്സില്‍ കയറിയിരുന്ന് ഈ പാട്ടു പാടുമായിരുന്നുവെന്ന് മകന്‍ ഗാന്ധി കണ്ണദാസന്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

പിന്നീട് എം.എസ്.വി സംഗീത സംവിധായകനായ മലയാള ചിത്രങ്ങള്‍ക്ക് ഗാനരചനയ്ക്ക് അദ്ദേഹം എന്നെ ശുപാര്‍ശ ചെയ്യുമായിരുന്നു. എം.ജി.ആറിന്റെ മാനേജരും പില്‍ക്കാലത്ത് എം.ജി.ആര്‍ മന്ത്രിസഭയില്‍ അംഗവുമായിരുന്ന ആര്‍.എം. വീരപ്പന്‍ മലയാളത്തില്‍ നിര്‍മ്മിച്ച 'മന്ത്രകോടി' അങ്ങനെ ഞാന്‍ ഗാനരചന നിര്‍വ്വഹിച്ച ചിത്രമാണ്. ഈ സിനിമയിലെ 'കിലുക്കാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി..., 'അറബിക്കടലിളകി വരുന്നു ആകാശപൊന്നു വരുന്നു...' പോലെയുള്ള ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായി. ചെന്നൈയിലെ എന്റെ പടങ്ങളുടെ പ്രിവ്യൂ കാണാന്‍ മന്ത്രി ആയിരിക്കുമ്പോള്‍പോലും വീരപ്പന്‍ വരുമായിരുന്നു.

'ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍', 'പുഷ്പാഭരണം', 'രാജീവനയനേ', 'സ്വര്‍ഗ്ഗമെന്ന കാനനത്തില്‍...', 'സ്വര്‍ണ്ണഗോപുര നര്‍ത്തകീശില്പം...', 'ആകാശരൂപി...', 'അയല പൊരിച്ചതുണ്ട്...', 'സത്യനായകാ...' ഇങ്ങനെ എന്റെ പാട്ടില്‍ എം.എസ്.വി തീര്‍ത്ത ഹിറ്റുകള്‍.

അര്‍ജുനന്‍ മാസ്റ്ററുമായി ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ എഴുപതുകള്‍ ഒന്ന് ഓര്‍ത്തെടുക്കാമോ?

എം.കെ. അര്‍ജുനന്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന കൈപ്പുണ്യമുള്ള മ്യൂസിക് ഡയറക്ടറായിരുന്നു. എ.ആര്‍. റഹ്മാന്‍ ദിലീപ് കുമാറായിരുന്ന കാലത്ത് റെക്കാര്‍ഡിങ് സ്റ്റുഡിയോയില്‍ കൊണ്ടുപോയതും അയാളുടെ സംഗീതത്തെ കീ ബോര്‍ഡിലേക്കു തിരിച്ചുവിട്ടതും അര്‍ജുനനായിരുന്നു. ജീവിതത്തില്‍ ആദ്യമായി യേശുദാസിന്റെ കൗമാരകാലത്ത് ആ ശബ്ദം ഒരു സ്പൂള്‍ ടേപ്പ് റെക്കോര്‍ഡറില്‍ പകര്‍ത്തിയത് അര്‍ജുനന്‍ മാഷാണ്. കവിതയെ പൂജിക്കുന്ന സംഗീത സംവിധായകനാണ് അര്‍ജുനന്‍. പാട്ടൊരുക്കാന്‍ ഇരിക്കുമ്പോള്‍ എന്റെ മനസ്സിലുള്ള ഈണമെന്തെന്ന് ഇങ്ങോട്ടു ചോദിക്കും. പിന്നെ പാട്ടിനിണങ്ങുന്ന ഈണം താനേ പിറക്കും. എഴുപതുകളില്‍ മലയാളി പാടിയ പാട്ടിലേറെയും ഞാനെഴുതി അര്‍ജുനന്‍ സംഗീതം നല്‍കിയതായിരുന്നു.

ദേവരാജനുമായി വഴക്കിടുമ്പോള്‍ ''നിങ്ങളുടെ ഹാര്‍മോണിസ്റ്റ് സംഗീതം ചെയ്താലും എന്റെ പാട്ടുകള്‍ നന്നാവും'' എന്നു ഞാന്‍ പറഞ്ഞെങ്കിലും, യഥാര്‍ത്ഥത്തില്‍ ആ സമയത്ത് എനിക്ക് ദേവരാജന്റെ ഹാര്‍മോണിസ്റ്റായിരുന്ന എം.കെ. അര്‍ജുനനെ അറിയില്ലായിരുന്നു. പക്ഷേ, ആ ഹാര്‍മോണിസ്റ്റ് പില്‍ക്കാലത്ത് എന്റെ കൂടുതല്‍ പാട്ടുകള്‍ക്ക് ഈണം നല്‍കി. 'റസ്റ്റ്ഹൗസ്' എന്ന സിനിമയുടെ നിര്‍മ്മാതാവായ കെ.പി. കൊട്ടാരക്കരയോട് സംഗീത സംവിധായകനായി അര്‍ജുനനെ ശുപാര്‍ശ ചെയ്തത് ഞാനായിരുന്നു. സിനിമയിലെ ഏഴ് ഗാനങ്ങളും സൂപ്പര്‍ ഹിറ്റായതോടെ ഞങ്ങളുടെ പാട്ടുകള്‍ക്ക് ആവശ്യക്കാരേറെയായി. പിന്നെ അമ്പതോളം ചിത്രങ്ങളിലായി 250 തോളം ഗാനങ്ങള്‍. പിക്നിക്കിലെ ഗാനങ്ങളും വലിയ ജനപ്രീതി നേടി. പാട്ടൊരുക്കിയ പടങ്ങള്‍ പലതും ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ആ പാട്ടുകളിലേറെയും മലയാളികള്‍ ഇന്നും ഏറെ ഇഷ്ടപ്പെടുന്നവയാണ്.

സലില്‍ ചൗധരി സംഗിതം നല്‍കിയ നല്ല മലയാള ചലച്ചിത്രഗാനങ്ങളില്‍ പലതിലും തമ്പിയുടെ കയ്യൊപ്പു പതിഞ്ഞുകിടക്കുന്നു. ഇത് ഹൃദയസരസ്സിന്റെ അവതാരികയില്‍ ഒ.എന്‍.വി കുറിച്ച വാക്കുകളാണ്. ആ കാലം ഒന്ന് ഓര്‍ത്തെടുക്കാമോ?  

സലില്‍ ദാ നല്ല കവിയായിരുന്നു. ശരിക്കും സംഗീത ജീനിയസ്. 1997-ല്‍ 'വിഷുക്കണി' എന്ന സിനിമയ്ക്ക് ഞാനെഴുതിയ പാട്ടുകള്‍ക്ക് സംഗീതമൊരുക്കുന്ന കാര്യം സംവിധായകന്‍ ശശികുമാര്‍ പറയുമ്പോള്‍ ''ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒ.എന്‍.വി മതി.'' എന്നായിരുന്നു സലില്‍ ചൗധരി പറഞ്ഞത്. വയലാര്‍ - സലില്‍ ചൗധരി ടീം ഒരുക്കിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങളുള്ള മദനോത്സവത്തിന്റെ പ്രൊഡ്യൂസര്‍ ആര്‍.എം. സുന്ദരത്തിന്റെ പുതിയ ചിത്രമായിരുന്നു വിഷുക്കണി. അന്ന് വയലാറിനും ഒ.എന്‍.വിക്കുമൊപ്പമേ മലയാളത്തില്‍ സലില്‍ദാ പ്രവര്‍ത്തിച്ചിരുന്നുള്ളു.

ശശികുമാറിന് ആകെ വിഷമമായി. ശ്രീകുമാരന്‍തമ്പിയെ സലില്‍ ചൗധരിക്കു പരിചയമില്ല. എന്നെക്കുറിച്ചു മോശമായ പരിചയപ്പെടുത്തലില്‍ ലഭിച്ച മുന്‍ധാരണയോടെയാണ് സലില്‍ ദാ എത്തിയിരുന്നത്. അങ്ങനെതന്നെയാണ് എന്നെ ആദ്യം കണ്ടതും. ചിത്രത്തിലെ ഏഴു ഗാനങ്ങളില്‍ മലര്‍ക്കൊടിപോലെ എന്ന താരാട്ടാണ് ആദ്യമായി സലില്‍ദാ എന്നെ ഏല്പിച്ചത്. സത്യത്തില്‍ അദ്ദേഹം എന്നെ പരീക്ഷിക്കുകയായിരുന്നു. അദ്ദേഹം പല്ലവി പാടിത്തന്നു. കൂടെക്കൊണ്ടുപോയ കാസറ്റിന്റെ ഒരു സൈഡില്‍ സലില്‍ദാ ഹാര്‍മോണിയത്തില്‍ വായിച്ചുതന്ന ട്യൂണ്‍ മുഴുവന്‍ റെക്കോര്‍ഡ് ചെയ്തു. അതുമായി അദ്ദേഹം താമസിക്കുന്ന സ്യൂട്ടിലെ അടുത്ത മുറിയില്‍ ഇരുന്ന് ഞാന്‍ പാട്ടെഴുതി. കാസറ്റിന്റെ ബി സൈഡില്‍ പല്ലവി അതെ ട്യൂണില്‍ പാടിയിട്ട് അതുമായി സലില്‍ദായുടെ മുറിയില്‍ എത്തി. എഴുതിയ പാട്ട് ചോദിച്ച സലില്‍ദായുടെ കയ്യില്‍ പാട്ടെഴുതിയ കടലാസും കാസറ്റും നല്‍കി. ടേപ്പിലുള്ള പാട്ടു കേട്ട ആദ്ദേഹത്തിനു വരികളുടെ അര്‍ത്ഥവും പറഞ്ഞുകൊടുത്തു.

'മലര്‍ കൊടിപോലെ വര്‍ണത്തുടിപോലെ
മയങ്ങൂ... നീ എന്‍ മടിമേലെ
മയങ്ങൂ... നീ എന്‍ മടിമേലെ
അമ്പിളീ നിന്നെ പുല്‍കി
അംബരം പൂകി ഞാന്‍ മേഘമായ് (2)
നിറസന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്
ഉറങ്ങൂ...
കനവു കണ്ടുണരാനായ്
ഉഷസണയുമ്പോള്‍...

പാട്ടിന്റെ വളരെ ദീര്‍ഘമായ പല്ലവി കേട്ട് അതിന്റെ അര്‍ത്ഥവും മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം ഒരു നിമിഷം നിശ്ശബ്ദനായി. പിന്നെ എഴുന്നേറ്റ് എന്നെ കെട്ടിപ്പിടിച്ചു. ''നിങ്ങളാണ് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ പാട്ട് എഴുതുന്നയാള്‍'' എന്നു പറഞ്ഞ് അഭിനന്ദിച്ചു.

എന്റെ അടുത്ത പടം 'ഏതോ ഒരു സ്വപ്ന'മായിരുന്നു. ഞാന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ചിത്രം. മലയാളത്തിലെ ചെറിയൊരു നിര്‍മ്മാതാവായ തന്റെ ആ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചു. സന്തോഷത്തോടെ സമ്മതിച്ച അദ്ദേഹം എന്റെ ബജറ്റില്‍ ഒതുങ്ങുന്ന തുക പ്രതിഫലമായി നിശ്ചയിച്ചാല്‍ മതിയെന്നും പറഞ്ഞു. 15,000 രൂപയാണ് ഞാന്‍ അന്നു കൊടുത്തത്. കൂടെ വരുന്നവരുടെ യാത്രാച്ചെലവുകള്‍ അടക്കമുള്ള അനാമത്ത് ചെലവുകള്‍ ഒഴിവാക്കാന്‍ റെക്കോര്‍ഡിങ്ങ് മുംബൈയില്‍ ആകണമെന്ന് നിര്‍ദ്ദേശിച്ചതും സലില്‍ദാ തന്നെയായിരുന്നു.

'വിഷുക്കണി'യിലെ 'പൂവിളി പൂവിളി...', 'ഏതോ ഒരു സ്വപ്ന'ത്തിലെ 'ഒരു മുഖം മാത്രം...', 'പൂമാനം പൂത്തുലഞ്ഞേ...' പോലെ  സലില്‍ ചൗധരി ഈണം പകര്‍ന്ന നല്ല മലയാള ഗാനങ്ങളില്‍ പലതും ഞാന്‍ എഴുതിയതാണ്.

യേശുദാസ് എന്ന മഹാഗായകനെപ്പറ്റി?

യേശുദാസിനുവേണ്ടി ഞാന്‍ 501 പാട്ടുകള്‍ എഴുതി. വയലാര്‍ എഴുതിയത് 444 പാട്ടുകള്‍. 415 എണ്ണം ഭാസ്‌കരന്‍ മാസ്റ്റര്‍. യേശുദാസാണ് എന്റെ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടിയിരിക്കുന്നതും. 'നല്ലതങ്ക' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുമായി ദക്ഷിണാമൂര്‍ത്തി സ്വാമിക്കെന്നപോലെ എനിക്കും യേശുദാസിനും മറക്കാനാവാത്ത ചില ഓര്‍മ്മകളും ഉണ്ട്. അഗസ്റ്റിന്‍ ജോസഫും നടനും ഗായകനുമായ വൈക്കം മണിയും അഭിനയിച്ച ചിത്രം. ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്ന ആദ്യചിത്രം. വൈക്കം മണിയാണ് വൈക്കത്തമ്പലത്തില്‍ ഭജനം ഇരിക്കുകയായിരുന്ന സ്വാമിയെ നിര്‍മ്മാതാക്കള്‍ക്ക് പരിചയപ്പെടുത്തിയത്. അന്ന് അഗസ്റ്റിന്‍ ജോസഫിന്റെ മകന്‍ യേശുദാസിനും എനിക്കും പത്ത് വയസ്സ്. യേശുദാസ് മലയാളത്തിലെ മഹാഗായകനായി. വൈക്കം മണിയുടെ മകള്‍ എന്റെ ഭാര്യയുമായി.  

പുതിയ ഗാനരചയിതാക്കളെപ്പറ്റി എന്താണ് അഭിപ്രായം?

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍,  സന്തോഷ് വര്‍മ്മ ഇവരൊക്കെ ഗിരീഷ് പുത്തഞ്ചേരിക്കുശേഷമുള്ള മലയാള സിനിമയിലെ മികച്ച ഗാനരചയിതാക്കള്‍ തന്നെ. ഹരിനാരായണനാണ് കൂടുതല്‍ പാട്ടുകള്‍ എഴുതുന്നത്. ധാരാളം നല്ല പാട്ടുകളും എഴുതുന്നുണ്ട്. അദ്ദേഹം സംഗീത സംവിധായകര്‍ക്ക് കൂടുതല്‍ സ്വീകാര്യനുമാണ്. വിനായക് ശശികുമാര്‍, മനു മഞ്ജിത് ഇങ്ങനെ വേറെയും പുതിയ എഴുത്തുകാര്‍ ഉണ്ട്.

റഫീഖ് അഹമ്മദ് വളരെ നല്ല കവിയാണ്. അടുത്തകാലത്ത് റഫീഖ് അഹമ്മദിനു ലഭിച്ച അയ്യപ്പപ്പണിക്കര്‍ അവാര്‍ഡിന്റെ ജൂറി ചെയര്‍മാന്‍ ഞാനായിരുന്നു. ഗാനത്തിന്റെ മര്‍മ്മവും അദ്ദേഹത്തിനറിയാം. കൃത്രിമത്വം ഇല്ലാത്ത, നാട്യങ്ങളില്ലാത്ത ആളാണ്. റഫീഖ് നന്നായി പ്രസംഗിക്കും. നല്ല കവികള്‍ നല്ല പ്രഭാഷകരും ആണ്. എന്നെപ്പോലെ തുറന്നു സംസാരിക്കും. ആഗ്രഹിക്കുന്നതുപോലെ എഴുതാനാകുന്നില്ല എന്ന് അടുത്തകാലത്ത് തുറന്നു പറഞ്ഞില്ലേ.

റഫീഖും ഹരിനാരായണനും അടക്കം പുതിയ പല ഗാനരചയിതാക്കളും ബന്ധപ്പെടാറുണ്ട്. പാലക്കാട് സ്വരലയ എനിക്ക് നല്‍കിയ വലിയ സ്വീകരണച്ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ റഫീഖ് എത്തിയിരുന്നു.

മമ്മൂട്ടി... മോഹന്‍ലാല്‍...?

ഇരുവരും നല്ല നടന്മാര്‍. പ്രതിഭാശാലികള്‍. ഇവരുടെയെല്ലാം ചലച്ചിത്രജീവിതം അടയാളപ്പെടുത്തുമ്പോള്‍ ചില ഇടങ്ങളില്‍ എന്റെ ചിത്രങ്ങളും ഉണ്ടാവും. ഇരുവരും ദേശീയ അവാര്‍ഡിന് അര്‍ഹരായപ്പോള്‍ ജൂറിയില്‍ ഞാനും അംഗമായിരുന്നു. ഫ്‌ലവേഴ്സ് ടി.വിയുടെ ചടങ്ങില്‍ ''സര്‍ ഞാന്‍ അങ്ങയോട് കടപ്പെട്ടിരിക്കുന്നു'' എന്ന് മോഹന്‍ലാല്‍ പരസ്യമായി പ്രഖ്യാപിച്ചല്ലോ. മമ്മൂട്ടി പരസ്യമായി പറയുന്നില്ലെന്നേയുള്ളു.

ശ്രീവിദ്യ, ജയഭാരതി
ശ്രീവിദ്യ, ജയഭാരതി

ആ കാലഘട്ടത്തിലെ നായികാനടികള്‍?

ഷീലയാണ് എന്റെ അഭിപ്രായത്തില്‍ മലയാളത്തിലെ ഏറ്റവും വെഴ്സറ്റൈല്‍ നടി. ഒരു ഡിറ്റക്റ്റീവ് പടത്തിലേയും ഒരു പെണ്ണിന്റെ കഥയിലേയും വാഴ്വേമായത്തിലേയും നായികയാവാന്‍ അവര്‍ക്ക് കഴിഞ്ഞു. അര്‍ഹിക്കുന്നതൊന്നും അവര്‍ക്ക് ലഭിച്ചിരുന്നില്ല. നാഷണല്‍ അവാര്‍ഡ് എത്രയോ മുന്‍പേ ലഭിക്കേണ്ടതാണ്. ഷീല എന്റെ 'ഏതോ ഒരു സ്വപ്ന'ത്തിലേയും 'ജയിക്കാനായി ജനിച്ചവനി'ലേയും നായിക ആയിരുന്നു. വിവാഹത്തെ തുടര്‍ന്ന് ഷീല അഭിനയം നിര്‍ത്തി. അക്കാലത്താണ് ഞാന്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യുന്നതും.

ഞാന്‍ കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് ലക്ഷ്മിയുടേയും ശ്രീവിദ്യയുടേയും കൂടെയാണ്. വിധുബാലയും എന്റെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മി എന്റെ ഏഴ് പടങ്ങളിലെ നായികയാണ്. ശ്രീവിദ്യ ആറ് പടങ്ങളിലേയും. അന്ന് ലഭ്യമായിരുന്ന ഏറ്റവും നല്ല നടിമാര്‍. ലക്ഷ്മിയുടെ ഗാനത്തിലേയും മോഹിനിയാട്ടത്തിലേയും പെര്‍ഫോമന്‍സ്. അതുപോലെതന്നെ ശ്രീവിദ്യയുടെ എത്ര അവിസ്മരണീയ കഥാപാത്രങ്ങള്‍. ജയഭാരതി നല്ല നടി ആയിരുന്നു. ഞാന്‍ സംവിധാനം ചെയ്ത ആദ്യചിത്രമായ 'ചന്ദ്രകാന്ത'ത്തിലെ നായിക അവരായിരുന്നു.

കുറെ നാടകഗാനങ്ങളും എഴുതിയിട്ടുണ്ട് അല്ലേ?

എഴുതിയിട്ടുണ്ട്. വളരെ കുറവാണ്. ഇടക്കാലത്ത് കെ.പി.എ.സിക്കുവേണ്ടി ഏതാനും ലളിതഗാനങ്ങളും. ഒ.എന്‍.വി മരിച്ചശേഷം അവരുടെ 'കാളിദാസന്‍' എന്ന നാടകമടക്കം മൂന്നു നാടകങ്ങള്‍ക്കും പാട്ടെഴുതി.
കായംകുളം പീപ്പിള്‍സ് തിയറ്റേഴ്‌സിന്റെ നാടകത്തിനുവേണ്ടി ഏതാനും ഗാനങ്ങള്‍ രചിച്ചു. കെ.പി.എ.സിയുടെ ആദ്യ സെക്രട്ടറി ആയിരുന്ന സി.വി. ഗോപിനാഥന്‍ അവരുമായി പിണങ്ങി രൂപീകരിച്ച സമിതിയായിരുന്നു പീപ്പിള്‍സ് തിയറ്റേഴ്‌സ്. അദ്ദേഹത്തിന്റെ മകനാണ് 'സ്ഫടികം' സിനിമയുടെ സംഭാഷണം എഴുതിയ മദ്രാസ് സര്‍വ്വകലാശാലയിലെ മലയാളം വിഭാഗം മേധാവി സി.ജി. രാജേന്ദ്രബാബു. അവരുടെ 'ചിലന്തിവല' എന്ന നാടകത്തിനുവേണ്ടി പാട്ടെഴുതി. ആലപ്പുഴയില്‍നിന്നുള്ള ഒരു നാടകക്കമ്പനിയുടെ യൂദാസിനെക്കുറിച്ചുള്ള വ്യത്യസ്തമായ നാടകത്തിനും ഗാനങ്ങളെഴുതി.

അസഹിഷ്ണതയുടേയും അവിശ്വാസത്തിന്റേയും ഈ പുതിയകാലത്ത് മലയാളികളോട് എന്താണ് പറയാനുള്ളത്?

ഒന്നുരണ്ടു കാര്യങ്ങള്‍ മാത്രം. മലയാളത്തെ സ്‌നേഹിക്കണം. കുറേക്കൂടി ആത്മാര്‍ത്ഥമായി. ഭാഷയെ ആഴത്തില്‍ സ്‌നേഹിക്കണം. പുച്ഛത്തില്‍ സംസാരിക്കരുത്. അത് അമ്മയെ അപമാനിക്കുന്നപോലെയാണ്.
ഹിംസ ഒന്നിനും പരിഹാരമല്ല. ഒരു ഇസത്തിനും തെമ്മാടിത്തം എന്ന അര്‍ത്ഥമില്ല. നേതാക്കള്‍ അത് പറഞ്ഞുകൊടുക്കണം. നിയമത്തെ ലഘിച്ചു നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നവര്‍ ശിക്ഷിക്കപ്പെടുന്നത് ജനാധിപത്യത്തിനുതന്നെ ഭൂഷണമല്ല.

നമുക്ക് അവസാനിപ്പിക്കാം. അതിനുമുന്‍പ്... ?

ജീവിച്ചിരിക്കെ മക്കള്‍ മരിക്കുന്നതാണ് മനുഷ്യന് ജീവിതത്തില്‍ ഉണ്ടാകാവുന്ന ഏറ്റവും വലിയ ദുഃഖം. എല്ലാ സന്തോഷങ്ങളും മായ്ച്ചുകളയുന്നതാണ് ആ ദുഃഖം. ഇപ്പോള്‍ ഞാന്‍ എന്റെ ധര്‍മ്മം ചെയ്യുന്നു. കര്‍മ്മം ചെയ്യുന്നു. ജീവിതം സത്യമാണ്. സ്വപ്നമല്ല. അതുപോലെ മരണവും സത്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com