നിരുപാധികം പ്രോത്സാഹിപ്പിക്കപ്പെടേണ്ട ആ ശബ്ദങ്ങളുടെ കഴുത്തിലാണ് ലീഗ്- വെല്‍ഫെയര്‍ ചങ്ങാത്തം കഠാരയിറക്കുന്നത്

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗുമായുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഈ അനുരാഗം ഏറെ അങ്കലാപ്പിലാക്കുക ഷാജിയേയും മുനീറിനേയുമാണ്
നിരുപാധികം പ്രോത്സാഹിപ്പിക്കപ്പെടേണ്ട ആ ശബ്ദങ്ങളുടെ കഴുത്തിലാണ് ലീഗ്- വെല്‍ഫെയര്‍ ചങ്ങാത്തം കഠാരയിറക്കുന്നത്

മൗദൂദിയന്‍ ഇസ്ലാം നിലവില്‍ വന്നത് 1941-ലാണ്. മതേതര ജനാധിപത്യമായിരുന്നു ജമാഅത്തെ ഇസ്ലാമി എന്നറിയപ്പെട്ട ആ നവ ഇസ്ലാമിന്റെ കണ്ണിലെ ഏറ്റവും വലിയ കരട്. പാര്‍ലമെന്ററി ജനാധിപത്യവും തെരഞ്ഞെടുപ്പും സമ്മതിദാന വിനിയോഗവുമൊക്കെ പാഷാണമായിരുന്നു ആ പ്രസ്ഥാനത്തിന്. ഇന്ത്യയില്‍ 1975-ല്‍ അടിയന്തരാവസ്ഥക്കാലത്ത് അതിവര്‍ഗ്ഗീയ സംഘടന എന്ന നിലയില്‍ നിരോധിക്കപ്പെട്ട ശേഷം 1977-ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും വോട്ട് ചെയ്യാനുള്ള അനുമതി ജമാഅത്തെ ഇസ്ലാമി ഹിന്ദ് നല്‍കിയത്.

അടിയന്തരാവസ്ഥാനന്തര കാലത്ത് സ്ഥാനാര്‍ത്ഥികളുടെ 'മൂല്യാധിഷ്ഠിതത്വം' അളന്നു തിട്ടപ്പെടുത്താനുള്ള മാപിനി എന്ന കപടത മുന്നില്‍വെച്ച് വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുക എന്ന അധാര്‍മ്മിക കൗശലത്തിലേക്ക് ജമാഅത്തെ ഇസ്ലാമി നീങ്ങി. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിന് വലതന്മാര്‍ക്കും ഇടതന്മാര്‍ക്കും തരാതരം വോട്ട് ചെയ്ത് നേട്ടം കീശയിലാക്കുകയെന്ന സൃഗാലതന്ത്രം പയറ്റുകയായിരുന്നു മൗദൂദിസ്റ്റ് സംഘടന.

കാലം ചെന്നപ്പോള്‍ മൗദൂദിസ്റ്റുകള്‍ സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടി എന്ന ആശയത്തിലേക്ക് ചുവട് വെച്ചു. ആര്‍.എസ്.എസ്സിന് ബി.ജെ.പി എന്നപോലെ ജമാഅത്തെ ഇസ്ലാമിക്കും ഒരു രാഷ്ട്രീയഹസ്തം അനിവാര്യമാണെന്നവര്‍ക്കു തോന്നി. അതിന്റെ ഫലശ്രുതിയായിരുന്നു 2011 ഏപ്രില്‍ 18-ന് ന്യൂഡല്‍ഹിയിലെ മാവ്ലങ്കര്‍ ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഔപചാരികമായി പിറവിയെടുത്ത വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. പാര്‍ട്ടി അടിമുടി ഇസ്ലാമിസ്റ്റാണെങ്കിലും അതങ്ങനെയല്ല എന്നു വരുത്തിത്തീര്‍ക്കാന്‍ ചില അമുസ്ലിം മുഖങ്ങള്‍ പാര്‍ട്ടി ഭാരവാഹിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടു. ഫാദര്‍ അബ്രഹാം ജോസഫ്, ലളിത നായിക്, രമ പഞ്ചല്‍, പ്രൊഫ. രാമസൂര്യറാവു എന്നിവര്‍ ഉദാഹരണങ്ങളാണ്.

ഗോതമ്പ് കതിരുകള്‍ ആലേഖനം ചെയ്ത ത്രിവര്‍ണ്ണ പതാകയുമായി കളത്തിലിറങ്ങിയ മൗദൂദിസ്റ്റ് രാഷ്ട്രീയപ്പാര്‍ട്ടി ഉദ്‌ഘോഷിച്ചത് മൂല്യാധിഷ്ഠിത രാഷ്ട്രീയമാണെങ്കിലും മൂല്യം എന്ന പദത്തിനും ആശയത്തിനും അവര്‍ വിലയൊട്ടും കല്പിച്ചിരുന്നില്ല. ഒരേ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരും ലീഗുകാരുമൊക്കെയായ വ്യത്യസ്ത സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുകയെന്ന രാഷ്ട്രീയ സര്‍ക്കസില്‍ അവര്‍ ആറാടി.

വ്യക്തികളായ സ്ഥാനാര്‍ത്ഥികളുടെ മൂല്യനിഷ്ഠയ്ക്ക് കക്ഷിരാഷ്ട്രീയത്തില്‍ വലിയ സ്ഥാനമില്ലെന്ന വസ്തുതയ്ക്കു നേരെ അവര്‍ കണ്ണടച്ചു. ബന്ധപ്പെട്ട പാര്‍ട്ടികളുടെ നയങ്ങളും നിര്‍ദ്ദേശങ്ങളും മാത്രമേ ഏതു സ്ഥാനാര്‍ത്ഥിക്കും ജനപ്രതിനിധിക്കും പിന്തുടരാനാവൂ എന്നും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ മൂല്യാധിഷ്ഠിതത്വം വൈയക്തികമല്ല പാര്‍ട്ടിപരമാണെന്നുമുള്ള സരളസത്യം മറച്ചുപിടിക്കുകയായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിക്കാര്‍.

ഈ അഴകൊഴമ്പന്‍ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ തണലിലാണ് കേരളത്തില്‍ 2010-ലും 2015-ലും നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ യഥാക്രമം ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും പലയിടങ്ങളിലും ഇടതുമുന്നണിയോടൊപ്പം നില്‍ക്കുകയും ഏതാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ ഇടംനേടുകയും ചെയ്തത്. മൗദൂദി 'വിഷച്ചെടി' എന്നു വിശേഷിപ്പിച്ച കമ്യൂണിസം പിന്തുടരുന്നവരോട് കൈകോര്‍ക്കുന്നതില്‍ അക്കാലത്ത് ജമാഅത്തെ ഇസ്ലാമിക്കോ വെല്‍ഫെയര്‍ പാര്‍ട്ടിക്കോ മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടുകയുണ്ടായില്ല. മതമൗലികവാദത്തിന്റേയും വര്‍ഗ്ഗീയതയുടേയും അഗ്‌നിപര്‍വ്വതങ്ങളായ അവരുമായി അധികാരം പങ്കിടുന്നതില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുമുണ്ടായില്ല തെല്ലും മനഃപ്രയാസം.

മൗദൂദിയോ മറ്റേതെങ്കിലും ഇസ്ലാമിസ്റ്റ് പണ്ഡിതരോ ഒരുകാലത്തും സ്വീകാര്യമായി കണ്ടിട്ടില്ലാത്തതും മതനിഷേധപരവും ഈശ്വരനിരാസപരവുമെന്ന നിലയില്‍ അവര്‍ അസ്പൃശ്യത കല്പിച്ചതുമായ മാര്‍ക്‌സിസം പിന്തുടരുന്ന പാര്‍ട്ടിയുമായി കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെക്കാലം ജമാഅത്തെ ഇസ്ലാമിയും അതിന്റെ പോഷകസംഘടനകളും സൗഹൃദം പുലര്‍ത്തിയത് (ഭാവിച്ചത്) എന്തുകൊണ്ട് എന്ന ചോദ്യം ഈ പ്രകൃതത്തില്‍ പ്രസക്തമാണ്. സംസ്ഥാനത്തെ ജനസംഖ്യയില്‍ നാലിലൊന്നിലധികം മുസ്ലിങ്ങളാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് ഏറ്റവും വളക്കൂറുള്ള പ്രദേശമായി മൗദൂദിസ്റ്റ് സംഘടന കേരളത്തെ വിലയിരുത്തുന്നു. പക്ഷേ, അവര്‍ക്കു മുന്‍പില്‍ ഒരു വലിയ വിലങ്ങുതടിയുണ്ട്. അതാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്.

ലീഗായാലും ജമാഅത്തെ ഇസ്ലാമിയായാലും ഇരുസംഘടനകള്‍ക്കും മുസ്ലിം സമുദായത്തില്‍നിന്നല്ലാതെ മറ്റൊരിടത്തുനിന്നും അണികളെ കിട്ടാനില്ല. മൗദൂദിസ്റ്റ് സംഘടന വളരണമെങ്കില്‍ മുസ്ലിം ലീഗ് തളര്‍ന്നേ തീരൂ. ലീഗണികളില്‍ ഗണ്യമായ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയിലേക്ക് ഒഴുകണം. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് '80-കളിലും '90-കളിലുമൊക്കെ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തിച്ചുപോന്നത്. അതിതീവ്രവാദ നിലപാട് അനുവര്‍ത്തിക്കുന്നതോടൊപ്പം ലീഗ് രാഷ്ട്രീയത്തെ എതിര്‍ക്കുക കൂടി ചെയ്ത അബ്ദുനാസര്‍ മഅ്ദനിക്ക് മൗദൂദിസ്റ്റുകളുടെ ആശയപരവും മാധ്യമപരവുമായ പിന്തുണ നിര്‍ലോഭം ലഭിച്ചു പോന്നത് ഈ പശ്ചാത്തലത്തിലായിരുന്നു. ലീഗല്ല, മതമൗലിക നിലപാടുള്ള തങ്ങളാണ് മുസ്ലിങ്ങളുടെ മതപരവും ഭൗതികവുമായ താല്പര്യങ്ങളുടെ ഉത്തമ സംരക്ഷകര്‍ എന്നു വരുത്തിത്തീര്‍ക്കാന്‍ മൗദൂദിസ്റ്റുകള്‍ അഹോരാത്രം ശ്രമിച്ചുപോന്നു.

ആ ശ്രമം പക്ഷേ, ഉദ്ദേശിച്ച മട്ടില്‍ വിജയിച്ചില്ല. ആഗോളതലത്തില്‍ ആക്രാമകമായി രംഗപ്രവേശം ചെയ്ത ജിഹാദിസ്റ്റ് ഇസ്ലാമിസത്തിന്റെ പ്രത്യയശാസ്ത്രപരമായ വേരുകള്‍ കിടക്കുന്നത് മൗദൂദി ഉള്‍പ്പെടെയുള്ള ഇസ്ലാമിസ്റ്റ് താത്ത്വികരുടെ ചിന്തകളിലാണെന്ന വസ്തുത വെളിപ്പെട്ടു തുടങ്ങിയപ്പോള്‍ ലീഗണികളില്‍ത്തന്നെ ജമാഅത്ത്വിരുദ്ധ വികാരം വളര്‍ന്നുവന്നു. എം.കെ. മുനീറിനേയും കെ.എം. ഷാജിയേയും പോലുള്ളവര്‍ പരസ്യമായിത്തന്നെ മൗദൂദിസത്തെ തുറന്നുകാട്ടാന്‍ മുന്നോട്ടു വന്നതോടെ ലീഗിലെ യുവചേരിയില്‍പ്പെട്ടവരില്‍ പലരും മാനസികമായി അവരോട് ഐക്യപ്പെടാന്‍ തുടങ്ങി. ഈ സാഹചര്യം നിലനില്‍ക്കേ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലുമുണ്ടായി ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പുനര്‍വിചാരം. ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റ് പ്രസ്ഥാനത്തോടുള്ള പാര്‍ട്ടിയുടെ അടുപ്പം അമുസ്ലിം ജനവിഭാഗങ്ങള്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നു എന്നവര്‍ക്ക് തോന്നിത്തുടങ്ങി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നട്ടെല്ല് ഹിന്ദു സമ്മതിദായകരാണെന്നിരിക്കേ ആ പ്രബല വിഭാഗത്തെ തങ്ങളില്‍നിന്നു അകറ്റാന്‍ മാത്രമേ മുസ്ലിം മൗലികവാദികളോടുള്ള ചങ്ങാത്തം സഹായിക്കൂ എന്ന പരിഭ്രമജനക ധാരണ അവരെ ഗ്രസിച്ചു. പാര്‍ട്ടിയുടെ മുഖപത്രം വഴി ജമാഅത്തെ ഇസ്ലാമിയുടെ തനിനിറം വെളിപ്പെടുത്താനുള്ള ശ്രമം അടുത്തകാലത്ത് അവര്‍ നടത്തിയത് ഇവിടെ ഓര്‍ക്കാം.

ഇത്തരം ഒരു സിനാറിയോ രൂപപ്പെട്ടപ്പോളാണ് മുസ്ലിംലീഗുമായി രാഷ്ട്രീയ സൗഹൃദമുണ്ടാക്കിയേ മതിയാവൂ എന്ന തീരുമാനത്തില്‍ ജമാഅത്തെ ഇസ്ലാമിയും അതിന്റെ രാഷ്ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയും എത്തിയത്. ഇടതുമുന്നണിയുടെ ഇറയത്ത് സ്ഥാനമില്ലെങ്കില്‍പ്പിന്നെ ലീഗിലൂടെ വലതുമുന്നണിയുടെ ഇറയത്തെങ്കിലും എത്തണം. ഇക്കാര്യത്തില്‍ മുസ്ലിംലീഗിന്റെ നിര്‍ണ്ണായക നേതാക്കളില്‍ മിക്കവര്‍ക്കും എതിര്‍പ്പൊട്ടില്ല താനും. തദ്ദേശ തെരഞ്ഞെടുപ്പും അസംബ്ലി തെരഞ്ഞെടുപ്പും വിളിപ്പാടകലെ നില്‍ക്കുന്ന പരിതസ്ഥിതിയില്‍ മൗദൂദിസ്റ്റുകളുടെ വോട്ട് തരപ്പെട്ടാല്‍ ചില പോക്കറ്റുകളില്‍ നേട്ടം കൊയ്യാനാകുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഈ വിഷയം സംബന്ധിച്ച് ഒരു വിഭാഗം അണികളില്‍ മുറുമുറുപ്പുണ്ടെങ്കിലും അത് സാരമാക്കാനില്ലെന്നതത്രേ മേല്‍പ്പറഞ്ഞ നേതാക്കളുടെ വിലയിരുത്തല്‍.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗുമായുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഈ അനുരാഗം ഏറെ അങ്കലാപ്പിലാക്കുക ഷാജിയേയും മുനീറിനേയുമാണ്. താന്‍ നിയമസഭയിലേക്ക് മത്സരിച്ച രണ്ടു സന്ദര്‍ഭങ്ങളിലും തനിക്ക് ജമാഅത്തെ ഇസ്ലാമിയുടേയോ പോപ്പുലര്‍ ഫ്രണ്ടിന്റേയോ വോട്ട് വേണ്ടെന്നു വെട്ടിത്തുറന്നു പറഞ്ഞ രാഷ്ട്രീയക്കാരനാണ് കെ.എം. ഷാജി. മുനീറിന്റെ നിലപാടും വ്യത്യസ്തമല്ല. രണ്ട് പതിറ്റാണ്ടുകളായി തങ്ങള്‍ പ്രത്യയശാസ്ത്രകാരണങ്ങളാല്‍ എതിര്‍ത്തുപോരുന്ന രാഷ്ട്രീയ സ്വരൂപങ്ങളുമായി സ്വന്തം പാര്‍ട്ടി സൗഹൃദമോ സഖ്യമോ ഉണ്ടാക്കുക എന്നതിനര്‍ത്ഥം അവരുടെ ഇതഃപര്യന്തമുള്ള രാഷ്ട്രീയ സമീപനത്തിനു ലീഗ് തൃണവിലപോലും കല്പിക്കുന്നില്ല എന്നതാണ്. മൗദൂദിസത്തേയും അതിന്റെ ഈജിപ്ഷ്യന്‍ രൂപമായ ഖുതുബിസത്തേയും ഇറാനിയന്‍ രൂപമായ അലിശരീ അത്തിസത്തേയും പ്രസംഗവേദികളില്‍ കടന്നാക്രമിക്കുന്ന ഷാജിക്ക് വെല്‍ഫെയര്‍ പാര്‍ട്ടിക്കോ ജമാഅത്തെ ഇസ്ലാമിക്കോ എന്തിന് പോപ്പുലര്‍ ഫ്രണ്ടിനുപോലുമോ എതിരെ കമ എന്നുരിയാടാന്‍ ഇനി സാധിക്കുമോ? ഷാജിയും  മുനീറും തങ്ങളുടെ മൗദൂദിസ്റ്റ് വിരുദ്ധതയുടെ പേരില്‍ മുസ്ലിംലീഗില്‍ വേറിട്ടുനിന്ന ശബ്ദങ്ങളാണ്. നിരുപാധികം പ്രോത്സാഹിപ്പിക്കപ്പെടേണ്ട ആ ശബ്ദങ്ങളുടെ കഴുത്തിലാണ് ലീഗ്-വെല്‍ഫെയര്‍ ചങ്ങാത്തം കഠാരയിറക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com