തീനാളമായി തിളങ്ങിയ ജീവിതം

സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ ചീഫ് ജസ്റ്റിസ് സ്ഥാനം നഷ്ടപ്പെട്ട വ്യക്തിയാണ് ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയുടെ ജീവിതകഥ
തീനാളമായി തിളങ്ങിയ ജീവിതം

സ്വതന്ത്രവും സ്വാധീനാതീതവും ഭയരഹിതവും ഭരണഘടനാവിധേയത്വം പ്രകടിപ്പിക്കുന്നതുമായ വിധിന്യായങ്ങളാണ് ഒരു ന്യായാധിപനില്‍നിന്നും നാം പ്രതീക്ഷിക്കുന്നത്. മനുഷ്യന്റെ അവസാനത്തെ അത്താണിയായ നീതിപീഠം മേല്‍ അവസ്ഥകളില്‍നിന്നും വ്യതിചലിക്കുമ്പോള്‍ അത് നീതിനിഷേധമായിത്തീരുന്നു. കൂടാതെ നീതിനിര്‍വ്വഹണം വൈകുന്നതും അനീതിക്കു കാരണമായിത്തീരുന്നു.
ഭരണഘടനാസഭയില്‍ 1949 നവംബര്‍ 25-ന് ഡോക്ടര്‍ അംബേദ്കര്‍ ചെയ്ത പ്രഭാഷണത്തില്‍ ഇങ്ങനെ പറയുകയുണ്ടായി:

''ഒരു ഭരണഘടന എത്ര നന്നായാലും അത് നടപ്പാക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ നല്ലവരല്ലെങ്കില്‍ ചീത്തയായിത്തീരുമെന്ന് എനിക്കുറപ്പുണ്ട്. നേരേമറിച്ച് ഭരണഘടന എത്ര മോശമായാലും നടപ്പാക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ നന്നായാല്‍ അത് നല്ലതായിത്തീരാനുമിടയുണ്ട്. ഭരണഘടനയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അതിന്റെ സ്വഭാവത്തെ ആശ്രയിച്ചല്ല. നിയമനിര്‍മ്മാണസഭ, നീതിന്യായ വ്യവസ്ഥ, കാര്യനിര്‍വ്വഹണ വകുപ്പ് എന്നിവയുടെ പ്രവര്‍ത്തനങ്ങളിലൂടെ ഭരണഘടനാവിധേയമായിട്ടാണ് രാജ്യത്തിനു ലഭിക്കുന്നത്. അതു ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ ആശ്രയിച്ചിരിക്കും. ആര്‍ക്കറിയാം ഇന്ത്യന്‍ ജനതയും അവരുടെ പാര്‍ട്ടികളും എങ്ങനെ പെരുമാറുമെന്ന്?''
 
പുതിയകാലത്ത് സംഭവിക്കുന്ന ഭരണഘടനാഭേദഗതികളും വിധിന്യായങ്ങളുമൊക്കെ അംബേദ്കറുടെ സംശയത്തെ ബലപ്പെടുത്തുന്നതാണ്. പരമോന്നത നീതിപീഠത്തില്‍ മുഖ്യനായിരുന്ന ജഡ്ജി വിരമിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യസഭാംഗമാകുന്നതും ജഡ്ജിസ്ഥാനം വഹിക്കവേ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തുന്നതുമെല്ലാം ഒരു ജനാധിപത്യ രാജ്യത്തിലെ നീതിവ്യവസ്ഥയ്ക്ക് ഭൂഷണമല്ല.

ഈ അവസരത്തില്‍ ഇന്ത്യന്‍ ജുഡീഷറിയുടെ മഹത്വം ലോകത്തെ അറിയിച്ച സുപ്രീംകോടതി ജഡ്ജിയായിരുന്ന എച്ച്.ആര്‍. ഖന്നയെപ്പോലുള്ളവരുടെ ധീരമായ വിധിന്യായങ്ങളും പ്രവര്‍ത്തനങ്ങളും ആശ്വാസകരവും തിളക്കമാര്‍ന്നതുമായിത്തീരുന്നു. അടിയന്തരാവസ്ഥയുടെ ഇരുള്‍മൂടിയ കാലത്ത് വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോള്‍, വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടരുതെന്നും അത് അമൂല്യമാണെന്നും പ്രസ്താവിച്ചുകൊണ്ട് തന്നോടൊപ്പമുള്ള ചീഫ് ജസ്റ്റിസടക്കമുള്ള നാലു പേരുടെ അഭിപ്രായത്തില്‍നിന്നും വ്യതിചലിച്ച്, സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ ചീഫ് ജസ്റ്റിസ് സ്ഥാനം നഷ്ടപ്പെട്ട വ്യക്തിയാണ് ജസ്റ്റിസ് എച്ച്.ആര്‍. ഖന്ന.

അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖാപിച്ചപ്പോള്‍ ധാരാളം രാഷ്ട്രീയനേതാക്കള്‍ ജയിലിനുള്ളിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹൈക്കോടതികളില്‍ ധാരാളം ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ ബോധിപ്പിക്കപ്പെട്ടു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ല എന്ന രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ഹൈക്കോടതികളിലുണ്ടായിരുന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളെല്ലാം തള്ളപ്പെടുകയും അതിനെ ചോദ്യം ചെയ്തുകൊണ്ട് ധാരാളം അപ്പീലുകള്‍ സുപ്രീംകോടതി മുന്‍പാകെ വരികയുമുണ്ടായി. ചീഫ് ജസ്റ്റിസായിരുന്ന എ.എന്‍. റോയ്, എച്ച്.എം. ബെഗ്, വൈ.വി. ചന്ദ്രചൂഡ്, പി.എന്‍. ഭഗവതി, എച്ച്.ആര്‍. ഖന്ന എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.

വിയോജിപ്പിന്റെ വഴികള്‍

മനുഷ്യാവകാശത്തെക്കുറിച്ചും വ്യക്തിസ്വതന്ത്ര്യത്തെക്കുറിച്ചും പലപ്പോഴായി വിധിന്യായങ്ങളിലൂടെ സംസാരിച്ചിരുന്ന നാലുപേരും മനുഷ്യാവകാശ ധ്വംസനമടങ്ങിയ ഗവണ്‍മെന്റ് അറ്റോര്‍ണി നിരണ്‍ഡേയുടെ വാദത്തെ അനുകൂലിച്ചപ്പോള്‍ അതിനു വിയോജിപ്പ് പ്രകടിപ്പിച്ചത് ജസ്റ്റിസ് ഖന്ന മാത്രമായിരുന്നു. അദ്ദേഹം നിരണ്‍ഡേയോട് ചോദിച്ചു: ''വ്യക്തി വിരോധത്താല്‍ ഒരു പൊലീസ് ഓഫീസര്‍ ഒരാളെ കൊന്നാല്‍ എന്താണ് പരിഹാരം?'' അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന കാലത്തോളം മറ്റൊരു പോംവഴിയുമില്ലെന്നായിരുന്നു നിരണ്‍ഡേയുടെ മറുപടി.

ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 21 ഇല്ലായിരുന്നുവെങ്കില്‍ ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കപ്പെടുമായിരുന്നു. അന്യായമായ തടവുകളും കൊലപാതകങ്ങളും ചോദ്യം ചെയ്യപ്പെടാതെ പോകും. ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള അവകാശം നിരസിക്കപ്പെട്ടാല്‍ കോടതിക്ക് ഇടപെടാമെന്നായിരുന്നു ഖന്നയുടെ വിധിയുടെ കാതല്‍.

അദ്ദേഹം വിധിന്യായത്തില്‍ എടുത്തുപറഞ്ഞു: ''ഇവിടെ നിയമവാഴ്ച അപകടത്തിലായിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യം എക്സിക്യൂട്ടീവിന്റെ ദയാവായ്പിനു വിധേയമാക്കരുത്. ഇവിടെ വ്യക്തിസ്വാതന്ത്ര്യം തടയപ്പെട്ടിരിക്കുന്നു. നിയമം നടപ്പാക്കാന്‍ ഉത്തരവാദിത്വമുള്ള കോടതികള്‍ മൂകമായി ഇരുന്നുകൂടാ.''
 
ജഡ്ജ്മെന്റ് തയ്യാറാക്കിയതിനുശേഷം അദ്ദേഹം ഭാര്യയും സഹോദരിയും അടുത്തിരിക്കുന്നതായ അവസരത്തില്‍ സഹോദരിയോട് പറഞ്ഞു.

''സഹോദരീ, ഞാനൊരു ജഡ്ജ്മെന്റ് തയ്യാറാക്കിയിരിക്കയാണ്. അത് എന്റെ ചീഫ് ജസ്റ്റിസ് സ്ഥാനം നഷ്ടപ്പെടുത്തും'' (അപ്പോഴത്തെ ചീഫ് ജസ്റ്റിസ് എ.എന്‍. റോയിക്കു ശേഷം അടുത്ത സീനിയര്‍ ഖന്നയായിരുന്നു.) ഖന്നയൊഴികെയുള്ള നാലുപേരുടെ ഭൂരിപക്ഷ വിധിന്യായ പ്രകാരം ഹേബിയസ് കോര്‍പ്പസ് കേസുകള്‍ തള്ളപ്പെട്ടു.

പക്ഷേ, ഖന്നയുടെ തിളക്കമാര്‍ന്ന ജഡ്ജ്മെന്റ് ലോകശ്രദ്ധ പിടിച്ചുപറ്റി.

ഇന്ത്യയിലെ പത്രങ്ങള്‍ പേടിച്ചുവിറച്ച് മൂകമായിരുന്നപ്പോള്‍ Newyork Timesന്റെ എഡിറ്റോറിയല്‍ ഇങ്ങനെ കുറിച്ചു:  ''ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി ഈ 18-ാം വര്‍ഷത്തില്‍ നിലനില്‍ക്കുമ്പോള്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതാണ് ഖന്നയുടെ വിധിന്യായം. സ്വാതന്ത്ര്യത്തിന്റെ ധീരമായ ശബ്ദമുയര്‍ത്തിയ ഖന്നയുടെ പേരില്‍ ആരെങ്കിലും ഒരു സ്മാരകമുയര്‍ത്താതിരിക്കില്ല.'' കുറച്ച് മാസങ്ങള്‍ക്കുശേഷം ഖന്ന പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. തന്റെ ജൂനിയറായ എച്ച്.എം. ബെഗ് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു.

അതേ ദിവസം തന്നെ ജസ്റ്റിസ് ഖന്ന സുപ്രീംകോടതി ജഡ്ജി സ്ഥാനം രാജിവെച്ചു. പിന്നീട് ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കവെ നിരണ്‍ഡേ ഖന്നയോട് പറഞ്ഞു: ''മഹത്തായ ജഡ്ജ്മെന്റ് നല്‍കിയ താങ്കളെ ഞാന്‍ അഭിനന്ദിക്കുന്നു.'' മൂന്ന് മാസങ്ങള്‍ക്കുശേഷം ബീഹാറില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് എം.പി. ഖന്നയോട് പറഞ്ഞു പാര്‍ലമെന്റിലെ പകുതിയിലധികം കോണ്‍ഗ്രസ് എം.പിമാരും ഖന്നയുടെ ജഡ്ജ്മെന്റിനെ പുകഴ്ത്തുകയാണ് ചെയ്തത് എന്നും.

സീനിയോറിറ്റി മറികടന്നുകൊണ്ട് ഖന്നയെ ഒഴിവാക്കി ഡെഗിനെ ചീഫ് ജസ്റ്റിസായി നിയമിച്ചതിന്റെ പേരില്‍ ഇന്ത്യയിലെ പല ബാറുകളും പ്രതിഷേധിച്ചു. ഖന്നയുടെ ധീരമായ നടപടിയെ അനുകൂലിച്ച് പ്രശസ്ത അഭിഭാഷകന്‍ നാനിപണ്‍ക്കിവാല 'Salute to Justice Khanna' എന്ന പേരില്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ ലേഖനമെഴുതുകയുണ്ടായി.

1975-ല്‍ റായ്ബറേലിലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതിന്റെ പേരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ രാജ്നാരായണന്റെ ഹര്‍ജി അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് ജഗമോഹന്‍ സിങ് ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തു. ആ സമയത്ത് സുപ്രീംകോടതിയിലെ വൊക്കേഷണല്‍ ജഡ്ജിയായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മുന്‍പാകെയാണ് ഇന്ദിരാഗാന്ധിയുടെ അപ്പീലിനോടനുബന്ധിച്ചുള്ള സ്റ്റേഹര്‍ജി പിഗണനക്കു വന്നത്. ഇന്ദിരാഗാന്ധിക്ക് 6 മാസം പ്രധാനമന്ത്രിയായി തുടരാമെന്നും പാര്‍ലമെന്റില്‍ വോട്ട് ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു ഇടക്കാല വിധി. തുടര്‍ന്നാണ് 1975 ജൂണ്‍ മാസം 25-ന് അര്‍ദ്ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപനം ഉണ്ടാകുന്നത്.
 
അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടനുബന്ധിച്ചാണ് ആര്‍ട്ടിക്കിള്‍ 21 റദ്ദ് ചെയ്തുകൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവ് വന്നത്. തുടര്‍ന്ന് നിരണ്‍ഡേയുടെ വാദത്തിന് അംഗീകാരം നല്‍കിക്കൊണ്ട് ഖന്നയുടെ വിയോജിപ്പോടെയുള്ള മറ്റു നാല് ജഡ്ജിമാരുടെ വിധിന്യായമുണ്ടാകുകയും ചെയ്തു. സുപ്രീംകോടതിയില്‍നിന്നു വിപരീതമായ വിധിന്യായമാണ് ഞാന്‍ പ്രതീക്ഷിച്ചതെന്നും അത്യുന്നത നീതിപീഠത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ ഞെട്ടിക്കുന്ന വിധിന്യായം പുറപ്പെടുവിച്ചിട്ടില്ലെന്നും മേല്‍പ്പറഞ്ഞ ഭൂരിപക്ഷ ജഡ്ജ്മെന്റിനെക്കുറിച്ച് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പറയുന്നുണ്ട്.
വിധി പറഞ്ഞതിനുശേഷം കുറച്ച് മാസങ്ങള്‍ കഴിഞ്ഞ് ജഡ്ജിമാരൊക്കെ പങ്കെടുത്ത ഒരു ഡിന്നര്‍ പരിപാടിയില്‍വെച്ച് കൃഷ്ണയ്യര്‍ നിരണ്‍ഡേയെ കാണുകയുണ്ടായി. അടിയന്തരാവസ്ഥയെ പിന്തുണച്ച കാര്യത്തെക്കുറിച്ച് നിരണ്‍ഡേ കൃഷ്ണയ്യറോട് ഇങ്ങനെ പറഞ്ഞതായി അദ്ദേഹത്തിന്റെ ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്. (ആത്മകഥ ജ. വി.ആര്‍. കൃഷ്ണയ്യര്‍ പേജ് 20).

'എക്സിക്യൂട്ടീവിന്റെ വ്യക്തിനിഷ്ഠമായ അക്രമത്തെ ജുഡീഷ്യറിയുടെ അധികാരപരിധിക്കു പുറത്താക്കുന്ന പൈശാചികമായൊരു നിയമവും എനിക്കാവശ്യമില്ല. ജഡ്ജിമാരെ ഞെട്ടിച്ച്, മാരകമായ ഈ നിയമത്തോട് അവജ്ഞയുളവാക്കി, മനുഷ്യാവകാശ സംരക്ഷണത്തില്‍ ജുഡീഷ്യറിക്കു താല്പര്യമുളവാക്കുകയെന്ന തന്ത്രമാണ് ഞാന്‍ പ്രയോഗിച്ചത്. നീതിശാസ്ത്രത്തിന്റെ മാനുഷിക മുഖം ധര്‍മ്മരോഷം കൊള്ളണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അപ്പോള്‍ ബെഞ്ചിന്റെ പ്രിഷേധമുയരുമെന്ന പ്രതീക്ഷയില്‍ എന്റെ മനസ്സാക്ഷിക്കെതിരായ പ്രസ്താവന നടത്തി. പൊലീസ് അധികാര ദുര്‍വിനിയോഗം നടത്തിയാല്‍ കോടതി കയ്യുംകെട്ടി നോക്കിയിരിക്കയില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നുമായിരുന്നു എന്റെ വിചാരം. അടിയന്തരാവസ്ഥയിലെ മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ കോടതിയുടെ രോഷം ആളിപ്പടരണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ, ഖന്ന ഒഴികെയുള്ള ജഡ്ജിമാരാരും തന്നെ രോഷം പ്രകടിപ്പിച്ചില്ല. ഒരു നിയമജ്ഞനെന്ന നിലയില്‍ എനിക്ക് ദു:ഖം തോന്നിയെങ്കിലും ഒരു അഭിഭാഷകനെന്ന നിലയില്‍ ഞാന്‍ വിജയം വരിച്ചു. സര്‍, ഞാന്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയായിരുന്നു എന്ന് തുറന്നു പറയട്ടെ. താങ്കളുടെ മനസ്സാക്ഷി ക്ഷോഭിച്ചിരിക്കുമെന്നതിലാണ് ഞാന്‍ ഇകാര്യം താങ്കളെ അറിയിക്കുന്നത്.'' നിരണ്‍ഡെ എന്തുകൊണ്ട് രാജിവെച്ചില്ല എന്ന ചോദ്യം കൃഷ്ണയ്യര്‍ തന്റെ ആത്മകഥയിലൂടെ ചോദിക്കുന്നുണ്ട്. ഉത്തരം വ്യക്തമാണ്, അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും ഭരണഘടനാമൂല്യം സംരക്ഷിക്കാനും ജസ്റ്റിസ് ഖന്നയൊഴിച്ച് മറ്റാരുംതന്നെ മുന്നോട്ട് വന്നില്ല എന്നതാണ് സത്യം. അടിയന്തരാവസ്ഥയുടെ ദുരന്തമുഖമാണ് ഇവിടെ വ്യക്തമാകുന്നത്.

1912 ജൂലൈ മൂന്നിനാണ് ഖന്നയുടെ ജനനം. അമൃതസറിലെ പ്രശസ്തനായ അഭിഭാഷകനായിരുന്നു അച്ഛന്‍. ഡി.എ.വി ഹൈസ്‌കൂളില്‍ 1918-1928 കാലത്ത് സ്‌കൂള്‍ വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസം ഹിന്ദു കോളേജ് അമൃതസറിലും ലോ കോളേജ് ലാഹോറില്‍ നിയമപഠനവും പൂര്‍ത്തിയാക്കി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകനായ അച്ഛനിലൂടെ ദേശീയ നേതാക്കളുടെ സാന്നിദ്ധ്യമറിയാനും അവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാനും ചെറുപ്പകാലത്തുതന്നെ ഖന്നയ്ക്ക് അവസരങ്ങള്‍ ലഭിച്ചു. ജാലിയന്‍വാല ബാഗ് കൂട്ടക്കൊലക്കാലത്ത് അമൃതസര്‍ ബാര്‍ അസോസിയേഷനില്‍ സെക്രട്ടറിയായിരുന്ന അച്ഛനെ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഓര്‍ഡിനന്‍സിനെതിരെ സംസാരിച്ചതിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുമെന്ന് പൊലീസ് താക്കീതു ചെയ്തതായി ഖന്ന തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. 1919-ല്‍ കോണ്‍ഗ്രസ്സിന്റെ 34-ാം സെഷന്‍ അമൃതസറില്‍ നടക്കുന്നതായ അവസരത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിനേയും ലോകമാന്യ ഗംഗാധരതിലകനേയും അടുത്തുകാണാന്‍ സാധിച്ചതില്‍ അദ്ദേഹം അഭിമാനിക്കുന്നു. തിലകന്റെ പ്രസംഗം ആവേശം കൊള്ളിച്ചതായും അനുസ്മരിക്കുന്നുണ്ട്. ജാലിയന്‍വാലാ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കോണ്‍ഗ്രസ് നെഹ്റുവിനേയും സി.ആര്‍. ദാസിനേയും ചുമതലപ്പെടുത്തിയപ്പോള്‍ ഒരു അഭിഭാഷകനെന്ന നിലയില്‍ അവരെ സഹായിച്ചത് ഖന്നയുടെ അച്ഛനായിരുന്നു.

ജാലിയന്‍വാലാബാഗ് സംഭവം ജനങ്ങളില്‍ വിരക്തിയുണ്ടാക്കിയിട്ടില്ലെന്ന് വൈസ്രോയിയുടെ സമ്മര്‍ദ്ദപ്രകാരം അമൃതസര്‍ മുനിസിപ്പല്‍ കമ്മിറ്റിയിലെ 29 പേര്‍ ചേര്‍ന്ന് പ്രമേയം പാസ്സാക്കിയപ്പോള്‍ അതിനെതിരെ വോട്ട് ചെയ്തത് കമ്മിറ്റി മെമ്പറായ ഖന്നയുടെ അച്ഛന്‍ മാത്രമായിരുന്നു എന്നത് അഭിമാനപൂര്‍വ്വം ഖന്ന ഓര്‍മ്മിക്കുന്നു.

പന്ത്രണ്ടാമത്തെ വയസ്സില്‍ അമ്മ മരിച്ചതിനുശേഷം ഖന്നയേയും സഹോദരി സഹോദരന്മാരേയും സംരക്ഷിച്ചത് അമ്മയുടെ അമ്മയായിരുന്നു. 1934-ല്‍ എല്‍.എല്‍.ബി പാസ്സായതിനുശേഷം അച്ഛന്റെകൂടെ അമൃത്സര്‍ ബാറില്‍ പ്രാക്ടീസ് ആരംഭിച്ച ഖന്ന ആ വര്‍ഷം തന്നെ വിവാഹിതനായി. സൈക്കിളിലായിരുന്നു ഓഫീസിലേക്കുള്ള യാത്ര. ആദ്യകാലത്തുതന്നെ ന്യായാധിപന്മാരുടെ പ്രശംസയ്ക്ക് ഖന്ന പലപ്പോഴും അര്‍ഹനായി. 1947-ലെ വിഭജനകാലത്തെ ഓര്‍മ്മകള്‍ തന്റെ ആത്മകഥയിലൂടെ അദ്ദേഹം അനുസ്മരിക്കുന്നുണ്ട്.

വേദനപ്പിക്കുന്ന വിഭജന കാലം

ഖത്രഷേര്‍സിങ് എന്ന മുസ്ലിങ്ങള്‍ കൂടുതലായി താമസിക്കുന്ന ഇടത്തായിരുന്നു ഖന്നയുടെ വീട്. ലഹള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വീട്ടില്‍നിന്നും കുടുംബാംഗങ്ങളെല്ലാം മാറാന്‍ തീരുമാനിച്ച അവസരത്തില്‍ അച്ഛന്‍ വരാന്‍ തയ്യാറായില്ലെന്നും തുടര്‍ന്ന് അയല്‍ക്കാരായ മുസ്ലിങ്ങള്‍ അച്ഛനെ സംരക്ഷിക്കാമെന്ന് ഉറപ്പ് കൊടുത്തതിനാല്‍ ഖന്നയും മറ്റുള്ളവരും വീട് മാറുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ മക്കളേയുമന്വേഷിച്ച് മാറിയ വീട്ടിലേക്ക് വരികയുണ്ടായി.

രണ്ട് മാസങ്ങള്‍ക്കുശേഷം ചില ചെറുപ്പക്കാര്‍ ചേര്‍ന്ന് ഖന്നയുടെ തറവാട് വീട്ടിനു തീ വെക്കാന്‍ തീരുമാനിച്ചിരുന്നു എന്ന വിവരം ഒരു സുഹൃത്തിലൂടെ മനസ്സിലാക്കിയ ഖന്ന ഇംഗ്ലീഷുകാരനായ ഒരു ഡെപ്യൂട്ടി കമ്മിഷണറെ വിവരമറിയിച്ചിട്ടും തടയാനായില്ല. അഗ്‌നിക്കിരയായ വീട്ടിനടുത്തേക്ക് ചെന്നപ്പോള്‍ അവിടുത്തെ മുസ്ലിം സുഹൃത്തുക്കള്‍ ഖന്നയെ സമാധാനിപ്പിക്കുകയും പുറത്തുനിന്ന് വന്ന് അക്രമം നടത്തിയവരെ അപലപിക്കുകയും ചെയ്തു. പിന്നീടൊരിക്കല്‍ കത്തിനശിച്ച വീട്ടിനു മുന്നിലൂടെ യാത്ര ചെയ്യുമ്പോള്‍ ഖന്നയുടെ വീട്ടില്‍ മുന്‍പ് വരാറുള്ള ഒരു മുസ്ലിം ഭിക്ഷക്കാരന്‍ അവിടെ ഇരിക്കുന്നതുപോലെ കാണപ്പെട്ടുവെന്നും വെടിയേറ്റു മരിച്ച ആ മനുഷ്യന്‍ തീപിടിച്ച വീട്ടില്‍ കാവല്‍നില്‍ക്കുകയായിരുന്നുവെന്നും ഖന്ന വേദനയോടെ ഓര്‍മ്മിക്കുന്നു. വിഭജനകാലം വേദനിപ്പിക്കുന്നതായും തനിക്കു ധാരാളം മുസ്ലിം സുഹൃത്തുക്കള്‍ നഷ്ടപ്പെട്ടതായും ഖന്ന പറയുന്നുണ്ട്. സിവില്‍ നിയമത്തില്‍ അഭിഭാഷകനെന്ന നിലയില്‍ പ്രശസ്തിയാര്‍ജ്ജിച്ചു വരുന്ന അവസരത്തിലാണ് 1952-ല്‍ ഫിറോസ്പൂര്‍  അഡീഷണല്‍ ജില്ലാ ജഡ്ജിയായി ഖന്ന നിയമിക്കപ്പെടുന്നത്. ബാറില്‍നിന്നും ബെഞ്ചിലേക്കുള്ള മാറ്റം സന്തോഷകരമായിരുന്നുവെങ്കിലും സുഹൃത്തുക്കളോടും ജോലിയോടും വിടപറയേണ്ടിവന്നതില്‍ അദ്ദേഹത്തിനു ദു:ഖമുണ്ടായിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ലുധിയാനയിലേക്കും പിന്നീട് ജില്ലാ ജഡ്ജിയായി ഫിറോസ്പൂരിലേക്കുതന്നെ തിരിച്ചു വരികയുണ്ടായി. 1956-ല്‍ സിംലയുടെ ചാര്‍ജ് കൂടിയുള്ള അമ്പാല സെഷന്‍സ് ജഡ്ജിയായി ഖന്ന ചാര്‍ജ് ഏറ്റെടുത്തു.

1962-ല്‍ പഞ്ചാബ് ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടുകയും നാലു വര്‍ഷങ്ങള്‍ക്കുശേഷം ഡല്‍ഹി ഹൈക്കോടതി രൂപപ്പെട്ടപ്പോള്‍ അവിടുത്തേക്ക് നിയമനം ലഭിക്കുകയും ചെയ്തു. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കവേയാണ് ഒറീസ മുഖ്യമന്ത്രി ബിജു പട്നായിക്കിന്റെ പേരിലുള്ള അഴിമതി ആരോപണക്കേസിന്റെ അന്വേഷണച്ചുമതല ജസ്റ്റിസ് ഖന്ന ഏല്‍ക്കുന്നത്. മന്ത്രിയായിരിക്കെ ബിജു പട്നായിക്ക് ബന്ധുക്കളേയും മറ്റും വ്യവസായം തുടങ്ങാന്‍ സഹായിച്ചു എന്നതായിരുന്നു കേസ്.

സീസറുടെ ഭാര്യ സംശയത്തിന് അതീതമായിരിക്കണമെന്നും അത് ജനാധിപത്യ രാജ്യത്തില്‍ മന്ത്രിമാര്‍ക്കും ബാധകമാണെന്നും ഖന്നയുടെ റിപ്പോര്‍ട്ടില്‍ പറയുകയുണ്ടായി. 1971-ല്‍ ഖന്ന സുപ്രീംകോടതി ജഡ്ജിയായി. 1973-ലെ കേശവാനന്ദഭാരത് കേസില്‍ 13 ജഡ്ജിമാര്‍ക്കൊപ്പമുള്ള വിധിയില്‍ ഖന്നയുടെ അഭിപ്രായങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താമെന്നും അടിസ്ഥാനപരമായ കാര്യങ്ങളില്‍ മാറ്റങ്ങള്‍ പാടില്ലെന്നും ഭരണഘടനയ്ക്കു മാറ്റം വരുത്താന്‍ പറ്റിയില്ലെങ്കില്‍ ജനങ്ങള്‍ക്കുള്ള പോംവഴി വിപ്ലവം നടത്തുക മാത്രമാണെന്നും ഖന്ന ജഡ്ജ്മെന്റില്‍ രേഖപ്പെടുത്തി. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ എ.എന്‍. റോയിക്കു ശേഷം ചീഫ് ജസ്റ്റിസാകേണ്ടിയിരുന്ന ഖന്നയ്ക്ക് തന്റെ വിവാദ ജഡ്ജ്മെന്റിലൂടെ സ്ഥാനം നഷ്ടപ്പെടുകയും തുടര്‍ന്ന് സ്ഥാനം രാജിവെയ്ക്കുകയുമാണ് ചെയ്തത്. 1977-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് (ജസ്റ്റിസ് സ്ഥാനം രാജിവെച്ചതിനുശേഷം) ഒരു മുന്‍ ചീഫ് മിനിസ്റ്ററും പിന്നീട് ജനതാപാര്‍ട്ടി മന്ത്രിസഭയില്‍ അംഗവുമായിരുന്ന ഒരാള്‍ ഖന്നയെ കാണാന്‍ വന്നതായും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യപ്പെട്ടതായും അതു അപ്പോള്‍ത്തന്നെ നിരസിച്ചതായും ഖന്ന പറയുന്നു.

തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയും സഞ്ജയ്ഗാന്ധിയും പരാജയപ്പെട്ടു. വിജയിച്ച ജനതാ എം.പിമാര്‍ ഡല്‍ഹിയില്‍ വന്നതായ അവസരത്തില്‍ തന്റെ സഹപ്രവര്‍ത്തകനായ കെ.എസ്. ഹെഗ്‌ഡെ അടക്കമുള്ളവര്‍ ജത്മാലിനിയോടൊപ്പം ഖന്നയുടെ വീട്ടില്‍ വന്നതായ അവസരത്തില്‍ ജത്മാലിനി പറഞ്ഞു: ''താങ്കളെ മറികടന്ന് നിയമിതനായ ചീഫ് ജസ്റ്റിസിനോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെടാമെന്നും താങ്കള്‍ ആ സ്ഥാനത്തേക്ക് വരണമെന്നും.''

അത് ശരിയല്ലെന്ന് ഖന്ന അപ്പോള്‍ത്തന്നെ തീര്‍ത്തു പറഞ്ഞു. പിന്നീട് മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോള്‍ ഖന്നയെ വിളിപ്പിക്കുകയും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. അത് ശരിയല്ലെന്നു പറഞ്ഞപ്പോള്‍, അങ്ങനെയൊരു തീരുമാനം മറ്റുള്ളവര്‍ എടുത്തുകഴിഞ്ഞു എന്നായിരുന്നു മൊറാര്‍ജിയുടെ മറുപടി. തുടര്‍ന്ന് ഭരണഘടനയില്‍ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് ഒരു നോട്ട് തയ്യാറാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതു പ്രകാരം ഖന്ന അതു തയ്യാറാക്കി അയച്ചുകൊടുക്കുകയും ചെയ്തു.

പിന്നീട് ഒരവസരത്തില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ചരണ്‍സിങ് ഖന്നയെ കാണാന്‍ വീട്ടില്‍ വരികയും മാരുതി കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സഞ്ജയ്ഗാന്ധിയുടെ പേരിലുള്ള അന്വേഷണ കമ്മിഷന്റെ ചുമതല വഹിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ ഖന്ന ഉടനെതന്നെ അതു നിരസിച്ചു. സുപ്രീംകോടതി ജസ്റ്റിസായി തന്റെ ജൂനിയറെ നിയമിക്കാന്‍ താല്പര്യമെടുത്തത് ഇന്ദിരാഗാന്ധിയാണെന്നും അവരുടെ മകന്റെ പേരിലുള്ള അന്വേഷണം  നീണ്ടുപോകുമ്പോള്‍ അത് ഇന്ദിരയില്‍ ചെന്നെത്തുമെന്നും ഈ കേസില്‍ തന്നെപ്പോലൊരാള്‍ അന്വേഷണം നടത്തുന്നത് ശരിയല്ലെന്നാണ് ചരണ്‍സിങ്ങിനോട് പറഞ്ഞത്. അതിനുശേഷം ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് ധനമന്ത്രി എച്ച്.എം. പട്ടേല്‍ ഫോണിലുടെ 7-ാം ധനകാര്യ കമ്മിഷന്റെ ചെയര്‍മാന്‍ സ്ഥാനം വഹിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് അതിനു കഴിവില്ലെന്നു പറഞ്ഞ് നിരസിക്കുകയാണ് ഖന്ന ചെയ്തത്.

1977 ഡിസംബറില്‍ നിയമമന്ത്രി ശാന്തിഭൂഷന്‍ ലോ കമ്മിഷന്റെ ചുമതല വഹിക്കണമെന്ന് ഖന്നയോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അതു സ്വീകരിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു സമാനമായ പദവിയും തനിക്കു ചില മാറ്റങ്ങള്‍ നിയമ നിര്‍മ്മാണ മേഖലയില്‍ ചെയ്യാന്‍ കഴിയും എന്നുള്ള ബോധവുമാണ് മേല്‍സ്ഥാനം സ്വീകരിക്കാനുള്ള കാരണം.

മുൻ പ്രധാനമന്ത്രി ഐകെ ​ഗുജ്റാളിനൊപ്പം ജസ്റ്റിസ് എച്ആർ ഖന്ന
മുൻ പ്രധാനമന്ത്രി ഐകെ ​ഗുജ്റാളിനൊപ്പം ജസ്റ്റിസ് എച്ആർ ഖന്ന

മനസ്സിനെ അലട്ടിയ മന്ത്രിസ്ഥാനം

1979-ല്‍ മന്ത്രിസഭാ രൂപീകരണം നടക്കുന്നതിനിടയില്‍ മൊറാര്‍ജി ദേശായി ഖന്നയെ ഫോണില്‍ വിളിച്ച് നേരിട്ടു കാണണമെന്ന് ആവശ്യപ്പെട്ടു. പിറ്റേ ദിവസം പത്രത്തില്‍ സഹമന്ത്രിമാരുടെ പേരുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതില്‍ വൈ. ബി. ചവ്വാന്‍, എച്ച്.എന്‍. ബഹുഗുണ തുടങ്ങിയവരുടെ പേരുകള്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്നവഴി ചരണ്‍സിങ്ങിനെ കാണാനിടയായപ്പോള്‍ ചരണ്‍സിങ് പറഞ്ഞു: ''രാജ്യത്തിന്റെ താല്പര്യത്തിന് താങ്കള്‍ നിയമമന്ത്രിയാകണമെന്ന്. അങ്ങനെയൊരു തീരുമാനം പ്രധാനമന്ത്രി എടുത്തുകഴിഞ്ഞു'' എന്നും പറഞ്ഞു. ഖന്നയ്ക്ക് ആദ്യം സന്തോഷം തോന്നിയെങ്കിലും തീരുമാനമെടുക്കുന്നതിനു സമയം വേണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് ആലോചിച്ചപ്പോള്‍ വെറുതെ പ്രശ്നങ്ങളിലേക്ക് എടുത്തുചാടേണ്ട എന്നു തീരുമാനിക്കുകയും ചെയ്തു. ചരണ്‍സിങ് മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ ആദ്യം ചേര്‍ത്തിട്ടുള്ളത് ഖന്നയുടെ പേരായിരുന്നു. മറ്റു മന്ത്രിമാര്‍ ബ്രഹ്മാനന്ദ റെഡ്ഢി, എം.സി. സുബ്രഹ്മണ്യം, ഡോ. കരണ്‍സിങ്, ടി.എ. പൈ തുടങ്ങിയവര്‍.

ഒഴിഞ്ഞുമാറുന്നതിനുവേണ്ടി, താന്‍ ഒരു എം.പി. അല്ലല്ലോ എന്ന് പറഞ്ഞപ്പോള്‍, രാജ്യസഭാ മെമ്പറാക്കാമെന്ന് പറഞ്ഞു. താന്‍ ഡല്‍ഹി വോട്ടറാണെന്നും അതുകൊണ്ട് പറ്റില്ലെന്നും പറഞ്ഞപ്പോള്‍, യു.പിയിലെ വോട്ടറാക്കി രാജ്യസഭയിലയയ്ക്കാമെന്നും പറഞ്ഞു. താന്‍ യു.പിയിലെ വോട്ടറല്ലെന്ന് പറഞ്ഞപ്പോള്‍ ചരണ്‍സിങ് പറഞ്ഞത്, അത്തരം കാര്യങ്ങളിലൊന്നും ഒരു പ്രശ്നവുമില്ലെന്നാണ്. വേണമെങ്കില്‍ മധുരാ നിയോജകമണ്ഡലത്തിലെ മണിറാം ബഗ്റിയെ കൊണ്ട് രാജിവെയ്പിക്കാമെന്നും കൂടാതെ സ്ഥലത്തുണ്ടായിരുന്ന ബഗ്റിയെ വിളിച്ച് സമ്മതിപ്പിക്കുകയും ചെയ്തു. താന്‍ ഒരു രാഷ്ട്രീയക്കാരനല്ലെന്നും തന്നെ ഒഴിവാക്കണമെന്നും പറഞ്ഞപ്പോള്‍ ചരണ്‍സിങ്ങിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''താങ്കളെ ചുമതലപ്പെടുത്തുന്നത് ഒരു നിയമമന്ത്രിയുടെ ഉത്തരവാദിത്വങ്ങളാണ്. രാഷ്ട്രീയമായിട്ടുള്ള മറ്റു കാര്യങ്ങളിലല്ല.'' യാതൊരു നിവൃത്തിയുമില്ലാതെ വന്നപ്പോഴാണ് മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ ഖന്ന തയ്യാറായത്. രാജ് നാരായണനോട് തന്റെ വിഷമസ്ഥിതി പറഞ്ഞപ്പോള്‍ രാജ് നാരായണന്‍ പറഞ്ഞു: ''ഞാന്‍ താങ്കളെ നിര്‍ബന്ധിക്കുന്നില്ല. പക്ഷേ, രാജ്യത്തിന്റെ പുരോഗതിക്ക് താങ്കളുടെ സേവനം ആശ്യമാണ്. ചരണ്‍സിങ്ങിനോട് താങ്കള്‍ തയ്യാറല്ല എന്ന് പറയരുത്.''

ചരണ്‍സിങ്ങിന്റെ കാറില്‍ കയറി പാര്‍ലമെന്റ് മന്ദിരത്തിലേക്ക് യാത്ര തിരിച്ചപ്പോള്‍ കാറില്‍ മിണ്ടാതിരുന്ന ഖന്നയെ നോക്കി ചരണ്‍സിങ് പറഞ്ഞു: ''അറവുകാരന്റെ അടുത്തേക്ക് കൊണ്ടുപോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെയാണ് ഖന്ന ഇപ്പോഴെന്ന്.'' ഒന്നാമതായി ഖന്ന സത്യവാചകം ചൊല്ലി മന്ത്രിസ്ഥാനം ഏറ്റെടുത്തു.

വൈകുന്നേരം ധാരാളം ആളുകള്‍ വീട്ടില്‍ വന്ന് അദ്ദേഹത്തെ അനുമോദിച്ചു. എല്‍.കെ. അദ്വാനി അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു: ''ഏത് നക്ഷത്രത്തില്‍നിന്നാണോ നമുക്കൊക്കെ ആവേശം കിട്ടിയത്, അതിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്ന്.'' തന്നെ വളരെയധികം ബഹുമാനിക്കുന്ന അദ്വാനിയുടെ തുറന്ന അഭിപ്രായമായിരുന്നു അതെന്ന് ഖന്ന ഓര്‍മ്മിക്കുന്നു. ധാരാളം പേര്‍ പിന്നേയും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നപ്പോഴും മനസ്സ് സംഘര്‍ഷഭരിതമായിരുന്നുവെന്നും തനിക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്നും മന്ത്രിസ്ഥാനം രാജി വെച്ചാല്‍ ചരണ്‍സിങ്ങിനെ എങ്ങനെ അഭിമുഖീകരിക്കും എന്ന പ്രശ്‌നം മനസ്സില്‍ അലട്ടിയെന്നും ഒടുവില്‍ രാജി സമര്‍പ്പിക്കാന്‍തന്നെ ഖന്ന തീരുമാനിക്കുകയും ചെയ്തു.

രാജിക്കത്തില്‍ ഖന്ന ഇങ്ങനെ എഴുതി. ''ഏകദേശം 25 വര്‍ഷക്കാലത്തോളം ഞാന്‍ ഒരു ജഡ്ജിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. അങ്ങനെയൊരാള്‍ ഈ പദവി സ്വീകരിക്കുന്നത് ശരിയല്ല. രാഷ്ട്രീയത്തിലെ കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങള്‍ ഒരു മന്ത്രിയെന്ന നിലയില്‍ ഒഴിവാക്കാന്‍ പറ്റുന്നതല്ല. രാഷ്ട്രീയത്തിലെ ഗ്രൂപ്പിസവും കൂറുമാറ്റങ്ങളുമെല്ലാം ദേശീയ രാഷ്ട്രീയത്തില്‍ ആവര്‍ത്തിച്ചു വരികയാണ്. ആരോഗ്യപരമായ പൊതുജീവിതം രാഷ്ട്രീയത്തില്‍ ശുഷ്‌കമായിത്തീരുകയാണ്. ഇതില്‍നിന്നൊക്കെ മോചിതനായി ഒരാള്‍ക്ക് നില്‍ക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. അതിനാല്‍ ഞാന്‍ ഒഴിയുകയാണ്. ഞാന്‍ മന്ത്രിയല്ലെങ്കില്‍പ്പോലും രാജ്യത്തിന്റെ അഭിവൃദ്ധിക്ക് ഉതകുന്ന തരത്തിലുള്ള നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും എന്റെ സേവനം നല്‍കുന്നതാണ്. എന്നെ ഈ മന്ത്രിസ്ഥാനത്തുനിന്നും രാജിവെയ്ക്കാന്‍ അനുവദിക്കുക. ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കുക. പെട്ടെന്ന് മന്ത്രിസഭാലിസ്റ്റും മറ്റും തയ്യാറാക്കിയതിനാലാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനായത്.''

രാജിക്കത്തു നല്‍കിയതിനുശേഷം ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ബിജു പട്നായിക്ക് ഫോണില്‍ ഖന്നയോട് പറഞ്ഞു, ഖന്ന രാജി പിന്‍വലിക്കുന്നതുവരെ അയാളും സഹപ്രവര്‍ത്തകരും ഖന്നയുടെ വീടിന്റെ മുന്നില്‍ സത്യാഗ്രഹം ചെയ്യുമെന്ന്. പക്ഷേ, ഖന്ന തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. അങ്ങനെ മൂന്ന് ദിവസത്തെ മന്ത്രിസ്ഥാനത്തോട് വിടപറഞ്ഞു. 1980-ല്‍ ഇന്ദിരാഗാന്ധി രണ്ടാമതായി അധികാരത്തില്‍ വന്നതായ അവസരത്തില്‍, അന്നത്തെ നിയമമന്ത്രി ശിവശങ്കര്‍, വസന്ത് സാത്തേയോടുകൂടി ഖന്നയുടെ വീട്ടിലേക്കു വരികയും പ്രസ്സ് കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി.

മുന്‍പറഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് തന്റെ നിര്‍ദ്ദേശപ്രകാരം ചെയര്‍മാനായ ഗോസ്വാമി രാജിവെച്ച ഒഴിവിലേക്ക് താന്‍ ചാര്‍ജ് എടുക്കേണ്ടിവരിക എന്നത് ഖന്നയ്ക്ക് സ്വീകാര്യമായിരുന്നില്ല.
1981-ല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് 9 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ആവശ്യപ്പെട്ടു. സെയില്‍ സിങ്ങായിരുന്നു കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി. അസംബ്ലിയിലേയും മെമ്പര്‍മാരുടേയുമെല്ലാം വോട്ടുകള്‍ കൂട്ടിനോക്കുമ്പോള്‍ കോണ്‍ഗ്രസ്സിനാണ് മേല്‍ക്കോയ്മ. തോല്‍ക്കുമെന്നറിഞ്ഞിട്ടും അദ്വാനിയുടേയും ചരണ്‍സിങ്ങിന്റേയും നിര്‍ബന്ധത്തിനു വഴങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. സെയില്‍ സിങ് വിജയിച്ചപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ കുടുംബസമേതം പങ്കെടുത്തതായും ഖന്ന ഓര്‍മ്മിക്കുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗോള്‍ഡ് മെഡല്‍ നേടുകയുണ്ടായി. സ്വതവേ നാണംകുണുങ്ങിയായ ഖന്ന കോളേജിലെത്തിയപ്പോള്‍ കോളേജ് യൂണിയന്‍ അദ്ധ്യക്ഷനായി. വക്കീല്‍ ജീവിതത്തിന്റെ ആദ്യകാലം നിരാശാജനകമാണെങ്കിലും പിന്നീട് വിജയം വരിച്ചു. ജഡ്ജി പദവി ജീവിതത്തില്‍ സുഖവും സന്തോഷവും സുരക്ഷിതത്ത്വവും അന്തസ്സും നല്‍കിയെങ്കിലും എല്ലാവരില്‍നിന്നും ഒഴിഞ്ഞുമാറിയുള്ള ജീവിതമായിരുന്നു അതെന്ന് ഖന്ന ഓര്‍മ്മിക്കുന്നു.

1984 മാര്‍ച്ചില്‍ ഇന്ത്യന്‍ ജുഡീഷറിയെക്കുറിച്ച് ടാഗോര്‍ പ്രഭാഷണ പരമ്പരയുടെ ഭാഗമായി 6 പ്രഭാഷണങ്ങളും 1984 സെപ്തംബറില്‍ പൂന യൂണിവേഴ്സിറ്റിയില്‍ Federal element in Indian constitution എന്ന വിഷയത്തിലുള്ള പ്രഭാഷണങ്ങളും ഖന്നയുടെ നിയമപാണ്ഡിത്യം വിളിച്ചുപറയുന്നതാണ്.

1984 ഒക്ടോബറില്‍ All India Lawyers Union-ന്റെ നിര്‍ദ്ദേശപ്രകാരം ചൈനയിലേക്ക് നിയമ വിദഗ്ദ്ധരുടെ സംഘത്തെ നയിച്ചുള്ള സുപ്രധാന യാത്രയെക്കുറിച്ച് ഖന്ന തന്റെ ആത്മകഥയില്‍ ഓര്‍മ്മിക്കുന്നുണ്ട്. അച്ഛന്റേയും പിന്നീട് തന്റേയും ഗുമസ്തനായ ബാര്‍പൂര്‍സിങ്ങിനേയും ജഡ്ജിയായപ്പോള്‍ തന്റെ ഓര്‍ഡര്‍ലിയായിരുന്ന വിദ്യാറാമിനേയും കുട്ടിക്കാലത്ത് തന്റെ വീടിന്റെ മുന്നിലൂടെ കുട്ടിയേയും ചുമലിലേറ്റി നടന്നുപോയിരുന്ന മഹ്ജയേയും അദ്ദേഹം തന്റെ ആത്മകഥയില്‍ പരിചയപ്പെടുത്തുന്നു. കഴിഞ്ഞകാലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ചിലപ്പോള്‍ വേദനാജനകമായിട്ടും ചിലപ്പോള്‍ സന്തോഷകരമായും തോന്നിയിട്ടുണ്ടെന്നും പലപ്പോഴും അത് രണ്ടും കലര്‍ന്ന രീതിയില്‍ വേദനയോടെയുള്ള സന്തോഷമായിത്തീരുന്നുവെന്ന് ഖന്ന 70-ാം വയസ്സില്‍ അനുസ്മരിക്കുന്നു. അതുകൊണ്ട് തന്നെയാണ് തന്റെ ആത്മകഥയ്ക്ക് പനിനീര്‍പ്പൂവുകളോ മുള്ളുകളോ അല്ല (Neither Roses nor Thorns) എന്ന പേര് നല്‍കിയിട്ടുള്ളത്.

ജീവിതം, കത്തിത്തീര്‍ന്ന ചാരത്തിന്റെ അവശിഷ്ടമായി അവസാനകാലത്ത് തോന്നാമെങ്കിലും താന്‍ ഒരിക്കല്‍ ഒരു തീനാളമായി ജീവിച്ചു എന്ന ഉജ്ജ്വലമായ ഓര്‍മ്മകളുടെ രേഖാചിത്രങ്ങളടങ്ങിയ ജസ്റ്റിസ് ഖന്നയുടെ ആത്മകഥ ഇന്ത്യന്‍ ഭരണഘടനയ്‌ക്കൊപ്പം വെയ്ക്കാവുന്ന ഒരു പുസ്തകം തന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com